Prabodhanm Weekly

Pages

Search

2011 ഗസാലിപ്പതിപ്പ്‌

അബൂ ഹാമിദില്‍ ഗസാലി മുസ്‌ലിം ലോകം സ്വീകരിച്ചവിധം

ഹുസൈന്‍ കടന്നമണ്ണ

അന്തലൂസ് എന്ന് വിളിക്കപ്പെട്ടിരുന്ന സ്‌പെയിനില്‍ മുസ്‌ലിം ആധിപത്യം സര്‍വ പ്രതാപത്തോടെ ചിറകു വിടര്‍ത്തിയാടുന്ന കാലം. ഒരു ദിവസം കൊര്‍ദോവാ നഗരത്തിന്റെ ഹൃദയഭാഗത്ത് ജനം കൂടിനില്‍ക്കുന്നു. കൂട്ടത്തില്‍ കേമനായൊരുത്തന്‍ എണ്ണ പുരട്ടിയ ഒരു പുസ്തകപ്രതി ഉയര്‍ത്തിക്കാട്ടി. ജനകണ്ഠങ്ങളില്‍ നിന്ന് കൂക്കുവിളികളും കുത്തുവാക്കുകളുമുയരവെ ഒരുവന്‍ ആ പുസ്തകത്തിന് തീ കൊളുത്തി. സ്‌പെയിനില്‍ വന്നെത്തിയ ഇഹ്‌യാ ഉലുമിദ്ദീന്‍ എന്ന പുകള്‍പെറ്റ ഗസാലീ കൃതിയുടെ ആദ്യപ്രതി അങ്ങനെ ചാമ്പലായി! ഭരണാധികാരി അലിയ്യുബ്‌നു യൂസുഫിന്റെ കല്പനപ്രകാരമായിരുന്നു ആ ചുട്ടെരിക്കല്‍. അവിടത്തെ ഖാദിയായിരുന്ന ഇബ്‌നു ഹമദൈന്‍ നേത്തെ തന്നെ ഗ്രന്ഥത്തെയും ഗ്രന്ഥകാരനെയും രൂക്ഷമായി വിമര്‍ശിച്ച് സാധാരണക്കാരെ പ്രകോപിതരാക്കിയിരുന്നു.
വിജ്ഞാനഗേഹം (ദാറുല്‍ ഉലൂം) എന്നറിയപ്പെട്ട, എഴുത്തിനെയും എഴുത്തുകാരെയും താലോലിച്ച, സാംസ്‌കാരിക നഗരിയായ കൊര്‍ദോവയില്‍ എന്തുകൊണ്ട് ഗസാലീ കൃതി അഗ്നിക്കിരയായി? പുറമേക്ക് പല വിചിത്ര ന്യായങ്ങളും എഴുന്നള്ളിക്കപ്പെട്ടെങ്കിലും ശാഫിഈ മദ്ഹബുകാരനായ ഗസാലി മാലികീ മദ്ഹബുമായി ഇടയുന്ന വീക്ഷണങ്ങള്‍ പലതും പ്രകടിപ്പിച്ചതിലുള്ള അരിശമായിരുന്നത്രെ യഥാര്‍ഥ കാരണം. മുസ്‌ലിം ലോകത്തെ ഒരു വിഭാഗം ഇമാം ഗസാലിയെ എങ്ങനെ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം.
ഇസ്‌ലാമിക നാഗരികത ജന്മമേകിയ അതുല്യ പ്രതിഭാശാലികളിലൊരാളായ ഗസാലിയെ മുസ്‌ലിം ലോകം ഭിന്ന രീതികളിലാണ് സ്വീകരിച്ചത്. ഒരു വിഭാഗം അദ്ദേഹത്തെയും പുസ്തകങ്ങളെയും വാനോളം പുകഴ്ത്തി. അഞ്ചാം നൂറ്റാണ്ടിന്റെ മുജദ്ദിദ് (പരിഷ്‌കര്‍ത്താവ്) ആയി വാഴിച്ചു. 'ഹുജ്ജത്തുല്‍ ഇസ്‌ലാം' (ഇസ്‌ലാമിന്റെ ന്യായപ്രമാണം) എന്ന അതുല്യ കിരീടം ചാര്‍ത്തി ആദരിച്ചു. ഇഹ്‌യാ ഉലുമിദ്ദീന്‍ പോലുള്ള കൃതികളെ അതിരറ്റ് വാഴ്ത്തി. 'കാദല്‍ ഇഹ്‌യാഉ യകുനു ഖുര്‍ആന്‍' (ഇഹ്‌യാഇന്റെ സ്ഥാനം ഖുര്‍ആനോളമെത്താറായിരിക്കുന്നു) എന്നുവരെ പുകഴ്ത്തിപാടിയവര്‍ നിസ്സാര ഗസാലി വിമര്‍ശനങ്ങളെപ്പോലും അസഹിഷ്ണുതയോടെ അടിച്ചിരുത്തി. രചനകള്‍ പ്രസിദ്ധീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും ദൈവസാമീപ്യത്തിന് നിമിത്തമാകുന്ന സുകൃതമായി പരിഗണിക്കപ്പെട്ടു.
മറ്റൊരു വിഭാഗം ഗസാലിയെ ഏറെ ഇകഴ്ത്തി. നൂറ്റാണ്ടിന്റെ നെറുകയിലിരിക്കാന്‍ മാത്രമുള്ള നിറവ് അദ്ദേഹത്തിനില്ലെന്നു വിധിച്ചു. 'ഇസ്‌ലാമിന്റെ ന്യായപ്രമാണ'മല്ല അദ്ദേഹം, മറിച്ച് ഇസ്‌ലാംവിരുദ്ധരുടെ ന്യായപ്രമാണമാണെന്ന് പറഞ്ഞ് തിരിസ്‌കരിച്ചു. ഇഹ്‌യാ ഉലൂമിദ്ദീനിലൂടെ സംഭവിച്ചത് യഥാര്‍ഥത്തില്‍ ദീനീവിജ്ഞാനീയങ്ങളുടെ പുനരുജ്ജീവനമല്ല, ദീനീവിജ്ഞാനങ്ങളുടെ അറുകൊല(ഇമാത്തഃ)യാണെന്ന് വാദിച്ചു. ഗസാലി രചനകള്‍ കത്തിച്ച് ദൈവസാമീപ്യം നേടാന്‍ മത്സരിച്ചു.
ഇനിയുമൊരു വിഭാഗം മുകളില്‍ പറഞ്ഞ രണ്ട് തീവ്ര നിലപാടുകള്‍ക്കും മധ്യേ ഗസാലിയെ വസ്തുനിഷ്ഠമായി പഠിക്കുകയും അദ്ദേഹത്തിന്റെ വൈജ്ഞാനിക സംഭാവനകളെ വിലമതിക്കുകയും ചെയ്തു. ഇസ്‌ലാമിക സമൂഹത്തിന്റെ പൊതുമനസ്സ് അദ്ദേഹത്തിന് കല്‍പിച്ച താരമൂല്യം അംഗീകരിച്ചതോടൊപ്പം വീഴ്ചകള്‍ വിനയപൂര്‍വം ചൂണ്ടിക്കാട്ടി. ആ യുഗപ്രഭാവന്റെ സംഭവബഹുലമായ ജ്ഞാനയാത്രക്കിടെയുണ്ടായ സ്ഖലിതങ്ങള്‍ അദ്ദേഹത്തിന്റെ മാറ്റ് ഒട്ടും കുറക്കുകയില്ലെന്ന് പ്രഖ്യാപിച്ചു. സ്വതന്ത്ര ചിന്താനുരാഗിയും അന്വേഷണകുതുകിയുമായ ഒരു ജ്ഞാനയോഗി ഗവേഷണപ്പടവുകള്‍ കയറിപോകുമ്പോഴുണ്ടാവുന്ന വഴുതലുകള്‍ അദ്ദേഹത്തിനലങ്കാരമാണെന്ന നിലപാട് സ്വീകരിച്ചു.
'വല്ലതുമെഴുതിയവന്‍ വിമര്‍ശിക്കപ്പെടാതിരിക്കില്ല' എന്നു പഴമക്കാര്‍ പറയാറുണ്ട്. ഗസാലിയുടെ കാര്യം  പിന്നെ പറയണോ? കതിര്‍ക്കനമുള്ള അറുപതിലേറെ കൃതിശില്‍പങ്ങള്‍ ലോകത്തിന് സമര്‍പ്പിച്ച, പലര്‍ക്കും കാലിടറിയ ജ്ഞാനമേഖലകളില്‍ ധീരമായി പ്രവേശിച്ച് വിജയശ്രീലാളിതനായ, പടപ്പുകളെയും നടപ്പുകളെയും പേടിക്കാതെ സത്യം വിളിച്ചുപറഞ്ഞ, സ്വതന്ത്ര ചിന്തയെ നെഞ്ചേറ്റിയ പ്രതിഭാധനനായ ആ പരിഷ്‌കര്‍ത്താവ് എങ്ങനെ വിമര്‍ശിക്കപ്പെടാതിരിക്കും?!
ഏറെ വിമര്‍ശിക്കപ്പെട്ടിട്ടും മുസ്‌ലിം പൊതുമനസ്സ് എപ്പോഴും ഗസാലിയെ അതിരറ്റ് സ്‌നേഹിച്ചു. അഥവാ അദ്ദേഹത്തോട് പിരിശമുള്ളവര്‍ അരിശമുള്ളവരെ അപേക്ഷിച്ച് എന്നും ഭൂരിപക്ഷമായിരുന്നു. തന്റെ ഗുരുനാഥരും സതീര്‍ഥ്യരും ശിഷ്യരും സമകാലികരും പില്‍ക്കാലരുമൊക്കെയായ നിരവധി പണ്ഡിതന്മാര്‍ അദ്ദേഹത്തിന്റെ കഴിവുകളെ പ്രകീര്‍ത്തിച്ചും സേവനങ്ങളെ മാനിച്ചും പ്രസ്താവനകളിറക്കിയിട്ടുണ്ട്.
'ഗസാലി ഒരു വിജ്ഞാനസാഗരം തന്നെ' - ഗുരുനാഥനായ ഇമാമുല്‍ ഹറമൈന്‍ അല്‍ ജുവൈനി.
'ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും ന്യായപ്രമാണമാണ് ഗസാലി. മതനേതാക്കളുടെ നേതാവാണ് ഗസാലി. വാചാലത, വിശദീകരണ പാടവം, ഉച്ചാരണസ്ഫുടത, ഭാവനാ ചാതുരി, ധൈഷണിക വൈഭവം, ശുദ്ധ പ്രകൃതം തുടങ്ങിയ കാര്യങ്ങളില്‍ ഗസാലിക്ക് തുല്യരില്ല'- സതീര്‍ഥ്യന്‍ അബുല്‍ ഹസന്‍ അബ്ദുല്‍ ഗാഫിര്‍ അല്‍ ഫാരിസി.
'ഗസാലി, അദ്ദേഹം ഇമാം ശാഫിഈ രണ്ടാമനാണ്' - ശിഷ്യന്‍ ഇമാം മുഹമ്മദുബ്‌നു യഹ്‌യ.
'കര്‍മശാസ്ത്ര പണ്ഡിതരുടെ അനിഷേധ്യനായകന്‍. സമുദായത്തിലെ സര്‍വാംഗീകൃത ആത്മീയാചാര്യന്‍. അബുല്‍ ഹസന്‍ അശ്ശാദ്‌ലി, അബുല്‍ അബാസ് അല്‍ മിര്‍സി പോലുള്ള കിടയറ്റ സൂഫി ആചാര്യരില്‍ ഒരാള്‍'- ഇബ്‌നു നജ്ജാര്‍.
'ഒട്ടേറെ വിജ്ഞാനീയങ്ങളില്‍ അദ്ദേഹം വ്യുല്‍പത്തി നേടി. വിവിധ വിജ്ഞാനശാഖകളില്‍ ഗ്രന്ഥങ്ങള്‍ രചിച്ചു. കൈകാര്യം ചെയ്ത വിഷയങ്ങളിലത്രയും താന്‍ വിശ്വോത്തര ധിഷണയാണെന്ന് തെളിയിച്ചു. യൗവനത്തില്‍തന്നെ നേതൃനിരയിലേക്കുയരുകയും 34-ാം വയസ്സില്‍ ബഗ്ദാദിലെ പ്രശസ്തമായ നിളാമിയ്യ കോളേജില്‍ അധ്യാപകനാവുകയും ചെയ്തു. പണ്ഡിത കേസരികള്‍ അവിടെ അദ്ദേഹത്തിന്റെ ശിഷ്യരായെത്തി. ഹമ്പലി മദ്ബഹിലെ പേരുകേട്ട പണ്ഡിതന്മാരായ അബുല്‍ ഖത്വാബ്, ഇബ്‌നു ഉഖൈല്‍ തുടങ്ങിയവര്‍ അക്കൂട്ടത്തിലുണ്ടായിരുന്നു. ഗസാലിയുടെ ഭാഷാ മികവും പരന്ന ജ്ഞാനവും കണ്ട് അവര്‍ അത്ഭുതം കൂറി'- ഹാഫിള് ഇബ്‌നു കസീര്‍, അല്‍ ബിദായ വന്നിഹയയില്‍.
'പണ്ഡിത നാമങ്ങള്‍ക്കൊപ്പം ഓരോരുത്തരുടെയും പാടവം തെളിഞ്ഞ വിജ്ഞാനശാഖയും നമ്മുടെ ഓര്‍മയില്‍ വരുന്നു. ഇബ്‌നുസീന, ഫാറാബി എന്നിവരുടെ നാമങ്ങള്‍ ഉച്ചരിക്കപ്പെട്ടാല്‍ രണ്ട് മഹാന്മാരായ മുസ്‌ലിം തത്ത്വചിന്തകരുടെ ചിത്രം മനസ്സിലെത്തും. ബുഖാരി, മുസ്‌ലിം, അഹ്മദ് തുടങ്ങിയ വിശ്രുത നാമങ്ങള്‍ക്കൊപ്പം മനഃപാഠം, സത്യസന്ധത, വിശ്വസ്തത, സൂക്ഷ്മത, നിവേദകപരമ്പര തുടങ്ങിയവയില്‍ അഗ്രഗണ്യരായ മഹാന്മാരുടെ ചിത്രം തെളിയുന്നു. എന്നാല്‍ ഇമാം ഗസാലിയുടെ പേരിനൊപ്പം തത്ത്വചിന്തകന്‍, കര്‍മശാസ്ത്ര പണ്ഡിതന്‍, സൂഫി ആചാര്യന്‍, പരിഷ്‌കര്‍ത്താവ് തുടങ്ങി ഒട്ടേറെ ചിത്രങ്ങള്‍ ഒരേസമയം തെളിയുന്നു'- അല്‍ അസ്ഹര്‍ സര്‍വകലാശാലയുടെ റെക്ടര്‍ ആയിരുന്ന മുസ്ത്വഫ അല്‍ മറാഗി.
'കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ക്കിടയിലെ തത്ത്വചിന്തകന്‍, കര്‍മശാസ്ത്ര ശാഖകളില്‍ ഗഹനമായ പാണ്ഡിത്യമുള്ളയാള്‍, ഈശ്വരവിജ്ഞാനീയം, തത്ത്വചിന്ത എന്നിവയേക്കാള്‍ ഗസാലി ധന്യമാക്കിയത് കര്‍മശാസ്ത്രത്തെയാണ്'- അല്ലാമാ അബൂസഹ്‌റ.
'കര്‍മശാസ്ത്ര പണ്ഡിതന്‍, ദൈവശാസ്ത്ര വിജ്ഞാനീയന്‍, സൂഫി എന്നീ വിശേഷണങ്ങള്‍ക്കെല്ലാം മുമ്പായി അദ്ദേഹത്തിന് ചേരുക തത്ത്വചിന്തകന്‍ എന്ന വിശേഷണമത്രെ. തത്ത്വചിന്തയുടെ അഖില ഉപകരണങ്ങളും വിശദമാക്കിയ പ്രതിഭ. ഏകാന്തവാസത്തിലും ലൗകികത്യാഗത്തിലും കഴിയുന്ന തത്ത്വചിന്തകന്‍'-അബ്ബാസ് മഹ്മൂദ് അല്‍ അഖാദ്.
'ഇസ്‌ലാമിക മനഃശാസ്ത്രത്തിന്റെ ഉപജ്ഞാതാവാണ് അദ്ദേഹം'-ഡോ. അഹ്മദ് ഫുആദ് അല്‍ അഹ്‌വാനി.
'എഴുത്തുകാരെയും നിരൂപകരെയും അതിശയിപ്പിച്ച അപൂര്‍വ വ്യക്തിത്വം'- ഡോ. സുലൈമാന്‍ ദന്‍യാ.
'നിഗൂഢതാവാദികളുടെ ഗൂഢാലോചനകളെയും തത്ത്വചിന്തകരുടെ നിരര്‍ഥക വാദങ്ങളെയും യുക്തിവാദികളുടെ വിശ്വാസവിരുദ്ധതയെയും സമ്പൂര്‍ണമായി ഒതുക്കാന്‍ കാലം നിയോഗിച്ച വ്യക്തിത്വം'-ഡോ. അബൂറയ്യാന്‍.
'ദീനിന്റെ പുനരുജ്ജീവനത്തിലും നവീകരണത്തിലും മഹത്തായ പങ്കുവഹിച്ച അപൂര്‍വം പ്രതിഭാശാലികളില്‍ ഒരാളാണ് ഗസാലി'-ഇമാം അബുല്‍ അഅ്‌ലാ മൗദൂദി.
'ഇസ്‌ലാമിന്റെ അത്യുജ്ജ്വല ധിഷണാശാലികളില്‍ ഒരാള്‍. നവോത്ഥാന ചിന്തക്ക് നെടുനായകത്വമേകിയ മഹാചാര്യന്മാരില്‍ ഒരാള്‍. എത്രതന്നെ പരാമര്‍ശ വിമര്‍ശങ്ങള്‍ക്കിരയായിരുന്നാലും ആ മഹാപുരുഷന്റെ ആത്മാര്‍ഥത സംശയാതീതം'- മൗലാനാ അബുല്‍ ഹസന്‍ അലി നദ്‌വി.

തത്ത്വചിന്താ വിമര്‍ശം
ഗ്രീക്കുതത്ത്വചിന്തയുടെ അവിഭാജ്യ ഘടകമായിരുന്ന അന്ധവിശ്വാസങ്ങളും വിചിത്രമായ ആധ്യാത്മിക ധാരണകളും ഇസ്‌ലാമിക വിശ്വാസത്തിന്റെ  തെളിമയിലേക്ക് കടന്നുകയറി കുഴപ്പം സൃഷ്ടിച്ച ചരിത്ര സന്ധിയിലാണല്ലോ ഗസാലി ജീവിച്ചത്.
അര്‍ഥപൂര്‍ണവും സഫലവുമായ തത്ത്വചിന്താ വിമര്‍ശത്തിലൂടെയാണ് ഗസാലി കിഴക്കും പടിഞ്ഞാറും താരമായത്. ഇസ്‌ലാമിക ലോകത്ത് ഒരു വിമോചകന്റെ പരിവേഷത്തോടെ അദ്ദേഹം സ്വീകരിക്കപ്പെടാന്‍ കാരണവും അതുതന്നെ. ഇസ്‌ലാമിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഖുദ്‌സ് വിമോചകനായ സ്വലാഹുദ്ദീന്‍ അയ്യൂബിക്കുള്ള സ്ഥാനമാണ് ഇസ്‌ലാമിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ ഇമാം ഗസാലിക്കുള്ളത്.
ഗ്രീക്ക് തത്ത്വചിന്തക്കെതിരെ പ്രതിരോധം തീര്‍ക്കുന്നതില്‍ മുഅ്തസിലുകളുള്‍പ്പെടെയുള്ള മുഴുവന്‍ മുസ്‌ലിം ചിന്താസരണികളുടെയും വൈജ്ഞാനിക സ്രോതസ്സുകള്‍ ഗസാലി ഉപയോഗിച്ചത് മാതൃകാപരമായിരുന്നു. 'ഇതര ചിന്താസരണികള്‍ നാമുമായി വിശദാംശങ്ങളില്‍ വിയോജിക്കുന്നുണ്ടാവാം. പക്ഷേ, ഇക്കൂട്ടര്‍ (ഗ്രീക്ക് തത്ത്വചിന്തകരും അവരെ പിന്തുണക്കുന്നവരും) മതത്തിന്റെ അടിസ്ഥാനങ്ങളെ എതിര്‍ക്കുന്നവരാണ്. അതുകൊണ്ടു നമുക്ക് കൂട്ടായി അവരെ നേരിടാം. പ്രതിസന്ധിഘട്ടങ്ങളില്‍ വിയോജിപ്പുകള്‍ അപ്രത്യക്ഷമാവുന്നു'-ഗസാലിയുടെ നിലപാട് ഇതായിരുന്നു. ഇന്നത്തെ ഇസ്‌ലാമിക സമൂഹം ഉള്‍ക്കൊള്ളേണ്ട പാഠമാണിതെന്ന് പണ്ഡിതന്മാര്‍ അനുസ്മരിച്ചിട്ടുണ്ട്.
ഗസാലിയുടെ തത്ത്വചിന്താവിമര്‍ശത്തില്‍ അതൃപ്തി രേഖപ്പെടുത്തിയ വിഭാഗവും ചെറുതല്ല. വലിയ പണ്ഡിതന്മാര്‍ തന്നെയുണ്ട് കൂട്ടത്തില്‍. 'തത്ത്വചിന്തകരുടെ വൈരുധ്യങ്ങള്‍' (തഹാഫതുല്‍ ഫലാസിഫ) എന്ന ഗ്രന്ഥത്തിലൂടെ യുക്തിചിന്തയുടെ മേല്‍ വിശ്വാസത്തിന് വിജയം നേടിക്കൊടുക്കുകയാണ് ഗസാലി ചെയ്തത് എന്ന ആക്ഷേപം ചിലര്‍ ഉന്നയിച്ചിട്ടുണ്ട്. മുസ്‌ലിംലോകത്തെ സ്വതന്ത്ര നിഷ്പക്ഷ നിരപേക്ഷ ചിന്തകരായി നടക്കുന്ന ചിലരാണ് ഇങ്ങനെ വാദിക്കുന്നത്. മഹാന്മാരുടെ അഭിപ്രായങ്ങള്‍ ശോധന കൂടാതെ വിഴുങ്ങുന്ന അനുകരണവാഞ്ഛക്കെതിരെ സ്വതന്ത്ര നിരൂപണധിഷണയെ പിന്തുണക്കുകയാണ് സത്യത്തിലദ്ദേഹം ചെയ്തതെന്ന് വിമര്‍ശകര്‍ തിരിച്ചറിഞ്ഞില്ലെന്ന മറുവിമര്‍ശവും നിലവിലുണ്ട്.
തത്ത്വചിന്തയെ സമ്പൂര്‍ണമായി എതിര്‍ക്കുന്നതിനു പകരം തരംതിരിച്ച് ആധ്യാത്മിക രംഗത്തുള്ള വിചിത്ര ധാരണകളെ മാത്രം എതിര്‍ത്തതിലായിരുന്നു ചിലര്‍ക്ക് പരിഭവം. ഇന്ന് സ്വതന്ത്ര സ്വത്വങ്ങളായിത്തീര്‍ന്നിട്ടുള്ള ഗണിതശാസ്ത്രം, തര്‍ക്കശാസ്ത്രം, പ്രകൃതിശാസ്ത്രം തുടങ്ങിയവ അക്കാലത്ത് തത്ത്വചിന്തയുടെ ഭാഗമായിരുന്നു. ഗസാലി അവയെ എതിര്‍ത്തില്ല. അവയൊന്നും മതവുമായി ഏറ്റുമുട്ടുന്നില്ലെന്നും അതിനാല്‍ എതിര്‍ക്കുന്നതിന് പകരം പിന്തുണക്കുകയാണ് വേണ്ടതെന്നും അദ്ദേഹം സമര്‍ഥിച്ചു. ഇസ്‌ലാമിന്റെ പ്രതിരോധകരും പാവങ്ങളുമായ എന്നാല്‍, അറിയാതെ ദുഷ്ടന്റെ ഫലം ചെയ്യുന്ന ചിലരെ ഈ നിലപാട് പ്രകോപിപ്പിച്ചു. അവരുടെ അഭിപ്രായത്തില്‍ അദ്ദേഹം തത്ത്വചിന്തയെ പൂര്‍ണമായി എതിര്‍ക്കേണ്ടിയിരുന്നു.
വിമര്‍ശിക്കാനായി തത്ത്വചിന്തയെ ആഴത്തില്‍ പഠിച്ച ഗസാലിയെയും തത്ത്വചിന്ത സ്വാധീനിച്ചുവെന്നും അദ്ദേഹത്തിന്റെ തുടര്‍ജീവിതത്തിലുടനീളം ആ സ്വാധീനം നിലനിന്നുവെന്നുമാണ് മറ്റൊരാക്ഷേപം. 'നമ്മുടെ ഗുരു അബൂഹാമിദ് തത്ത്വചിന്തകരെ മുഴുവന്‍ വിഴുങ്ങി. പിന്നീട് അവരെ അപ്പാടെ ഛര്‍ദിച്ചുകളയാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല'- ഗസാലിയുടെ ശിഷ്യന്‍ ഖാദി അബൂബക്കറുബ്‌നുല്‍ അറബി പ്രസ്തുത സ്വാധീനത്തെ വ്യംഗ്യമായി വിമര്‍ശിക്കുന്നു.
തത്ത്വചിന്താവിമര്‍ശത്തിന് മുഅ്തസിലുകളുള്‍പ്പെടെയുള്ള ചിന്താസരണികളെ കൂട്ടുപിടിച്ചതിനെ ആക്ഷേപിച്ചവരുണ്ട്. ഇമാം ഇബ്‌നു തൈമിയ്യയെയും ഗസാലിയെയും താരതമ്യം ചെയ്തുകൊണ്ട് ഡോ. മുഹമ്മദ് റശാദ് സാലിം എഴുതിയ ഗ്രന്ഥത്തില്‍  അത്തരം ആക്ഷേപങ്ങള്‍ കാണാം.
ഗസാലി തത്ത്വശാസ്ത്ര വിമര്‍ശനത്തിനു തന്നെ മുതിരേണ്ടതുണ്ടായിരുന്നില്ല എന്നു വാദിച്ചവരും ഉണ്ട്. അവരുടെ അഭിപ്രായത്തില്‍ ഗ്രീക്ക് തത്ത്വചിന്താ വാദങ്ങളെ അവഗണിച്ച് ഒറ്റപ്പെടുത്തുകയായിരുന്നു വേണ്ടിയിരുന്നത്. ചുറ്റുപാടും എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് യഥാവിധി നിരീക്ഷിക്കാത്തവരോ, ഗസാലിയോട് മനുഷ്യസഹജമായ അസൂയ തോന്നുകയോ ചെയ്തവരാണ് അദ്ദേഹത്തിന്റെ മഹത്വമംഗീകരിക്കുന്നതിന് പകരം കുറ്റങ്ങളും കുറവുകളും എടുത്തുപറഞ്ഞ് വിമര്‍ശിക്കുന്നതെന്ന് മറുവിമര്‍ശവുമുയര്‍ന്നിട്ടുണ്ട്.
ഇസ്‌ലാമിക സമൂഹത്തിന്റെ നാഗരികമായ പിന്നാക്കാവസ്ഥക്കും വൈജ്ഞാനിക അധോഗതിക്കും ഉത്തരവാദി ഗസാലിയാണെന്നു വാദിച്ചുകൊണ്ടിരിക്കുന്ന ഒരു വിചാരധാര എന്നും മുസ്‌ലിംകള്‍ക്കിടയില്‍ സജീവമാണ്. ഗസാലിതൂലികയുടെ അതിശക്തമായ കടന്നാക്രമണത്തില്‍ തകര്‍ന്നുപോയ ഗ്രീക്ക്തത്ത്വശാസ്ത്രത്തിന്റെ വക്താക്കളും പ്രണേതാക്കളും അറബ്‌ലോകത്തെ സ്വതന്ത്ര ചിന്തയുടെ അപ്പോസ്തലന്മാരായി ചമയുന്നവരുമാണ് ഈ വിചാരധാരയെ നയിക്കുന്നതെന്ന് പറയപ്പെടുന്നു. ഗസാലി സ്വതന്ത്ര ചിന്തയുടെ മുരടില്‍ കത്തിവെച്ചുവെന്നും അതോടെ ഇസ്‌ലാമിക സമൂഹത്തിന്റെ സര്‍ഗാത്മകത കൂമ്പടയുകയും അധോഗതി ആരംഭിക്കുകയും ചെയ്തുവെന്നുമാണ് അവരുടെ വാദം. 'അറബികളും സാങ്കേതികരംഗത്തെ വെല്ലുവിളികളും' എന്ന ഗ്രന്ഥത്തില്‍ അന്റോണിയോസ് കെറം ഈ വാദം നിരത്തുന്നതു കാണാം. ഗസാലിയോട് ഇക്കൂട്ടര്‍ക്കുള്ള പകയാണ് യഥാര്‍ഥത്തില്‍ ആരോപണത്തിനു പിന്നിലെന്ന് പറഞ്ഞ യൂസുഫുല്‍ ഖറദാവിയെപ്പോലുള്ള പണ്ഡിതന്മാര്‍ അതിന് സമുചിതം മറുപടി കൊടുത്തിട്ടുണ്ട്.
ഗസാലി തര്‍ക്കശാസ്ത്രത്തിന് അമിത പ്രാധാന്യം നല്‍കിയതും മുസ്‌ലിം ലോകത്തെ ചില പണ്ഡിതന്മാര്‍ക്ക് രസിച്ചില്ല. തര്‍ക്കശാസ്ത്രപഠനം സമുദായത്തിന്റെ പൊതുബാധ്യത (ഫര്‍ദ് കിഫായ)യാണെന്നു വാദിച്ച ഗസാലി അത് പണ്ഡിതന്മാരുടെ യോഗ്യതയുടെ മാനദണ്ഡമായി നിശ്ചയിച്ചു. തര്‍ക്കശാസ്ത്രമറിയാത്ത പണ്ഡിതന്‍ പണ്ഡിതനല്ലെന്നു സാരം. 'മിഅ്‌യാറുല്‍ ഇല്‍മ്' (The Standard Measure of Knowledge), മിഹക്കുന്നള്‌രി ഫില്‍ മന്‍തിഖ് (The Touchstone of Proof in Logic), അല്‍ ഖിസ്ത്വാസുല്‍ മുസ്ത്വഖീം (The Just Balace) തുടങ്ങിയ ഗ്രന്ഥങ്ങളിലൂടെ അദ്ദേഹം ഈ വാദം സമര്‍ഥിച്ചപ്പോള്‍ വ്യത്യസ്ത വിചാരധാരകളില്‍ പെട്ട പണ്ഡിതന്മാര്‍ കോപിക്കുകയും അതിനെ ചോദ്യം ചെയ്യുകയുമുണ്ടായി. ഇബനു സ്വലാഹ് മുതല്‍ അരിസ്റ്റോട്ടിലിയന്‍ തര്‍ക്കശാസ്ത്രത്തിനു ഉള്‍ക്കനമുള്ള വിമര്‍ശമെഴുതിയ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യ വരെ കോപിച്ചവരില്‍ പെടുന്നു.

സൂഫിയായ ശേഷം
55 വര്‍ഷത്തോളം ജീവിച്ച ഗസാലി തന്റെ നാല്‍പതുകളില്‍ സൂഫിസം സ്വീകരിച്ച് അതിന്റെ ആചാര്യന്മാരിലൊരാളായി മാറിയതോടെ പൂര്‍വാധികം വിമര്‍ശങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കുമിരയായി.
സൂഫിയായ ഗസാലിക്ക് വിമര്‍ശകരേറാന്‍ കാരണം സൂഫിസത്തിന്റെ തകരാറുകളായിരുന്നുവെന്നാണ് നിരീക്ഷണം. അഥവാ വിമര്‍ശകര്‍ക്കു സൂഫിസത്തോടുള്ള ദേഷ്യം ഗസാലിയോടുള്ള ദേഷ്യമായി മാറുകയാണുണ്ടായത്. വിവരമില്ലാതെ, ഭക്തിജാഡകളുമായി ഊരുചുറ്റുന്ന 'സൂഫീവര്യന്മാരെ' കാണുമ്പോള്‍ യഥാര്‍ഥ മതവിശ്വാസികള്‍ക്ക് സൂഫിസത്തോടും സൂഫികളോടും അരിശം കയറുക സ്വാഭാവികം. എന്നാല്‍ ഗസാലി അത്തരം സൂഫിയായിരുന്നില്ല. വ്യര്‍ഥമായ ജീവിതത്തെ സാര്‍ഥകമാക്കുന്നതിലും മതത്തിന്റെ പുറംമോടിയില്‍ അഭിരമിക്കുന്നതിനു പകരം അകക്കാമ്പിന്റെ രുചി ആസ്വദിക്കാനുമാണ് അദ്ദേഹം സൂഫിസം തെരഞ്ഞെടുത്തതെന്ന് ഗസാലിയെ പുകഴ്ത്തുന്നവര്‍ വിശദീകരിക്കുന്നു.
തന്നെയുമല്ല, സൂഫിസത്തിലെത്തിയ ഗസാലി അവിടെ വെറുതെയിരിക്കുകയായിരുന്നില്ലെന്നും അവര്‍ പറയുന്നു. 'നിശിത നിരൂപകനെ'ന്ന തന്റെ അടിസ്ഥാന ഗുണം അവിടെയും അതിശക്തമായി പുറത്തുചാടിയെന്നത് വളരെ ശരിയാണ്. സൂഫികളുമായുള്ള നീണ്ട സഹവാസത്തിനിടക്ക് അവരുടെ സകല തകരാറുകളും അദ്ദേഹത്തിന് ബോധ്യമായി. അനുഭവത്തിന്റെ തീച്ചൂളയില്‍ കുരുത്ത ആ ബോധ്യം അദ്ദേഹത്തെ സൂഫിസത്തിന്റെ ശുദ്ധീകരണ ദൗത്യമേറ്റെടുക്കാന്‍ നിര്‍ബന്ധിതനാക്കി.
സൂഫിസത്തെ ശുദ്ധീകരിക്കാനിറങ്ങിയ ഗസാലിയുടെ ബൃഹത്തായ സംഭാവനകള്‍ പൊതുവെ മാനിക്കപ്പെടുന്നുവെങ്കിലും 'സൂഫിസത്തെക്കുറിച്ച അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ പില്‍ക്കാലത്ത് അദൈ്വതവാദികള്‍ക്കും അഹംബ്രഹ്മാസ്മികള്‍ക്കും പാതയൊരുക്കി'യെന്ന, ഡോ. മുഹമ്മദ് റശാദ് സാലിമിനെപ്പോലുള്ളവര്‍ നടത്തിയ നിരീക്ഷണം നിലനില്‍ക്കുന്നു.
ഇഹ്‌യാഉള്‍പ്പെടെയുള്ള ഗ്രന്ഥങ്ങളുടെ രചനയിലൂടെ ഗസാലി കര്‍മശാസ്ത്രത്തെ സൂഫിവത്കരിച്ചുവെന്നും അല്ല, സൂഫിസത്തെ കര്‍മശാസ്ത്രവത്കരിച്ചതാണെന്നും വിരുദ്ധാഭിപ്രായങ്ങളുയര്‍ന്നിട്ടുണ്ട്. രണ്ട് അഭിപ്രായങ്ങളും പരിശോധിച്ച പണ്ഡിതന്മാര്‍ 'കര്‍മശാസ്ത്രവും സൂഫിസവും തമ്മിലുള്ള വിടവ് നികത്തുകയും ശത്രുതയകറ്റുകയുമാണ് വാസ്തവത്തില്‍ ഗസാലി ചെയ്തതെന്ന' നിഗമനത്തിലാണെത്തിയത്.
ഏതായിരുന്നാലും സൂഫിസം സ്വീകരിച്ചിട്ടും ഗസാലിയുടെ അടിസ്ഥാന ഗുണങ്ങള്‍ ചോര്‍ന്നുപോയില്ലെന്നതാണ് സത്യം. സമയത്തിന്റെ വില മനസ്സിലാക്കിക്കൊണ്ടുള്ള കഠിനാധ്വാനമായിരുന്നു അതിലൊന്നാമത്തേത്. പഠനം, ഗവേഷണം, അധ്യാപനം, ഗ്രന്ഥരചന, നിശിത നിരൂപണം തുടങ്ങിയ ദൗത്യങ്ങള്‍ സൂഫിയായിട്ടും നിര്‍വിഘ്‌നം തുടര്‍ന്നു.
രണ്ടാമത്തെ ഗുണം അനന്യമായ, ആരെയും കൂസാത്ത ഇഛാശക്തിയായിരുന്നു. തത്ത്വചിന്താവിമര്‍ശത്തിനു ഇറങ്ങിപ്പുറപ്പെടാനും തീവ്രമായ ആത്മവിചാരണക്ക് തുനിയാനും തല്‍ഫലമായി സൂഫിസം സ്വീകരിക്കാനും ഒടുവില്‍ സൂഫിസം നിലനിര്‍ത്തിക്കൊണ്ടുതന്നെ ഭൗതികവ്യവഹാരങ്ങളിലേക്ക് തിരിച്ചുവരാനും അദ്ദേഹത്തിന് കെല്‍പ്പേകിയത് വരദാനമായി ലഭിച്ച ആ ഇഛാശക്തി തന്നെ.
തന്റെ കഴിവുകളെക്കുറിച്ച തികഞ്ഞ ബോധ്യവും അതില്‍ നിന്നുളവായ ആത്മവിശ്വാസവുമായിരുന്നു മൂന്നാമത്തെ ഗുണം. 'താന്‍ ഈ ദൗത്യം ഏറ്റെടുക്കുന്നില്ലെങ്കില്‍ അത് അനാഥമായി തന്നെ തുടരും. മറ്റാരും അതിനു മുതിരില്ല' എന്ന തോന്നല്‍ അത്തരം ആത്മവിശ്വാസത്തില്‍ നിന്ന് ഉടലെടുക്കുന്നതാണ്. നവോത്ഥാന ശില്‍പികളുടെ ജനിതക ഗുണമാണത്. സൂഫിസം സ്വീകരിച്ച ശേഷം വീണ്ടും ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചുവരുന്നത് നൂറ്റാണ്ടിന്റെ പരിഷ്‌കര്‍ത്താവ് പദവിയിലവരോധിതനാവാനുള്ള മോഹം വ്യംഗ്യമായി സൂചിപ്പിച്ചുകൊണ്ടാണെന്നതും ശ്രദ്ധേയമാണ്.

മറ്റു വിമര്‍ശങ്ങള്‍
ഗസാലിക്കെതിരെ ചെറുതും വലുതുമായ ആക്ഷേപങ്ങള്‍ വേറെയുമുണ്ട്. ഹദീസ് നിദാനശാസ്ത്രത്തില്‍ അദ്ദേഹത്തിനു പ്രാവീണ്യം കുറവാണെന്നാണ് കൂട്ടത്തിലൊന്ന്. അത് ഗസാലി തന്നെ സമ്മതിച്ചതും തന്റെ കുറവായി എടുത്തുപറഞ്ഞ കാര്യവുമാണ്.
തന്റെ രചനകളില്‍ അന്യ ഉദ്ധരണികള്‍ സ്രോതസ്സിന്റെ ഊരും പേരും പറയാതെ സ്വന്തം വാചകങ്ങളെന്ന പോലെ എടുത്തുചേര്‍ത്തുവെന്നാണ് മറ്റൊരു വിമര്‍ശം. അത് അന്നത്തെ ഗ്രന്ഥരചനാരീതിയുടെ ഭാഗമായി സംഭവിച്ചതാവാം. അല്ലെങ്കില്‍ നിരന്തരവായനക്കും പഠനത്തിനുമിടക്ക് ആശയം ഓര്‍മയില്‍ തങ്ങുകയും ആശയസ്രോതസ്സ് മറക്കുകയും പിന്നീടത് സ്വന്തം പേരില്‍ എഴുതുകയും ചെയ്തതാവാം. നൂറുക്കണക്കിന് പൂക്കളില്‍ നിന്ന് മധുനുകരുന്ന തേനീച്ച എല്ലാ പൂക്കളെയും ഓര്‍ത്തുകൊള്ളണമെന്നില്ലല്ലോ.
എന്നാല്‍, ഗസാലിക്കെതിരെ ഉയര്‍ന്ന ഏറെ ശ്രദ്ധേയമായ വിമര്‍ശം കുരിശുയോദ്ധാക്കള്‍ നടത്തിയ കടന്നാക്രമണത്തിനു നേരെ അദ്ദേഹം മൗനം പാലിച്ചുവെന്നതാണ്. കുരിശുയോദ്ധാക്കള്‍ മുസ്‌ലിം പ്രദേശങ്ങള്‍ ഒന്നൊന്നായി കീഴടക്കിയശേഷം ബൈത്തുല്‍ മഖ്ദിസ് കൈയേറുകയും അവിടെ അറുപതിനായിരത്തിലധികം ആളുകളെ കൊല്ലുകയും ചെയ്തപ്പോള്‍ എവിടെയായിരുന്നു ഗസാലി? ശ്രദ്ധിക്കപ്പെടുന്ന ശബ്ദത്തിന്റെ ഉടമയും ഉജ്ജ്വല വാഗ്മിയുമായിട്ടും അദ്ദേഹം എന്തുകൊണ്ട് ശബ്ദിച്ചില്ല? എന്തുകൊണ്ട് പില്‍ക്കാലത്ത് ഇബ്‌നു തൈമിയ്യ ചെയ്തതുപോലെ ജിഹാദിന് ആഹ്വാനം ചെയ്യുകയും ബഹുജനത്തെ യുദ്ധോത്സുകരാക്കുകയും ചെയ്തില്ല? യഥാര്‍ഥത്തില്‍ ആരെയും ആശയക്കുഴപ്പത്തിലാക്കുന്ന ചോദ്യങ്ങളാണിവ.
കര്‍മശാസ്ത്ര പണ്ഡിതനായ ഗസാലിയെ സൂഫിയായ ഗസാലി അതിജയിച്ചതാവുമോ കാരണം? ആയിരിക്കാം. ഗസാലി സൂഫിസം സ്വീകരിച്ച് സന്യാസജീവിതത്തിലേക്ക് തിരിഞ്ഞതും കുരിശാക്രമണം ആരംഭിച്ചതും ഒരേ വര്‍ഷത്തില്‍ (ഹി. 488) ആയിരുന്നുവെന്നത് യാദൃഛികമല്ല. പക്ഷേ, സന്യാസജീവിതം അവസാനിപ്പിച്ച് തിരിച്ചുവന്നിട്ടും ഒന്നും ഉരിയാടിയില്ലെന്നത് അദ്ദേഹത്തോടൊപ്പം സൂഫിസത്തെയും പ്രതിക്കൂട്ടിലാക്കുന്നു. വഴിവിട്ട ജീവിതം നയിക്കുന്ന മുസ്‌ലിംകള്‍ക്കുള്ള ദൈവികശിക്ഷയായിട്ടാണ് സൂഫികള്‍ കുരിശാക്രമണത്തെ പരിഗണിച്ചിരുന്നത്. അതുകൊണ്ട് അവര്‍ ജിഹാദിനോട് പുറംതിരിഞ്ഞു. ഏതായിരുന്നാലും ഈ നിഷേധാത്മകനയം മുസ്‌ലിംലോകത്ത് ഗസാലി ഏറെ വിമര്‍ശിക്കപ്പെടാനിടയാക്കി.
മുസ്‌ലിംലോകം സുന്നീ-ശീഈ ധാരകളായും മദ്ഹബുകളായും മുഅ്തസിലികള്‍, അശ്അരികള്‍ പോലുള്ള ചിന്താപ്രസ്ഥാനങ്ങളായും അഭിപ്രായാന്തരങ്ങള്‍ പുലര്‍ത്തവെ രംഗപ്രവേശം ചെയ്ത ഗസാലിക്ക് ലഭിച്ച പുരസ്‌കാരത്തിലും തിരസ്‌കാരത്തിലും തീര്‍ച്ചയായും നിലനിന്നിരുന്ന സാഹചര്യത്തിന്റെ സ്വാധീനമുണ്ടായിരുന്നു. യാഥാസ്ഥിതികര്‍, സലഫികള്‍, ഇഖ്‌വാനികള്‍ തുടങ്ങി വ്യത്യസ്ത പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇക്കാലഘട്ടത്തിലും ഗസാലി വിലയിരുത്തപ്പെടുന്നത് സംഘടനാ കണ്ണുകളിലൂടെയാണ്.
സുന്നിയായ ഗസാലിയെ സുന്നികള്‍ സ്വീകരിച്ചു, ശീഈകള്‍ സ്വീകരിച്ചില്ല. വിശ്വാസ കാര്യത്തില്‍ അശ്അരി വിചാരധാരക്കാരനായ ഗസാലിയെ മുഅ്തസിലികളും മറ്റും തിരസ്‌കരിച്ചു. കര്‍മശാസ്ത്രപരമായി ശാഫിഈ മദ്ഹബുകാരനായ ഗസാലിയെ ഇതര മദ്ഹബുകാര്‍ അവഗണിച്ചു. സൂഫിയായ ഗസാലിയെ സൂഫീവിരുദ്ധര്‍ രൂക്ഷമായി വിമര്‍ശിച്ചു. ഗ്രീക്ക് തത്ത്വചിന്തയെ നിഷ്‌കരുണം നിരൂപണം നടത്തിയ ഗസാലിയെ ഗ്രീക്ക് സ്വാധീനമുള്ള മുസ്‌ലിം തത്ത്വചിന്തകര്‍ സ്വതന്ത്ര ചിന്താവിരുദ്ധനായി മുദ്രകുത്തി. സ്വതന്ത്ര ചിന്തക്കും ആഴത്തിലുള്ള പഠന-മനന-ഖനനങ്ങള്‍ക്കും പ്രോത്സാഹിപ്പിച്ച ഗസാലിയെ അനുകരണാനുരാഗികള്‍ വെറുത്തു. തര്‍ക്കശാസ്ത്രത്തില്‍ അതിയായി ഊന്നിയ ഗസാലിയെ കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ വേണ്ടത്ര ഇഷ്ടപ്പെട്ടില്ല. നിഗൂഢതാവാദികളുടെ തനിനിറം തുറന്നുകാട്ടിയ ഗസാലിയെ തീവ്ര ശീഈ ചിന്താഗതിക്കാര്‍ ഉന്നം വെച്ചു. അശ്അരികളെയും സൂഫികളെയും എതിര്‍ക്കുന്ന സലഫികള്‍  ഗസാലിയോട് വിവിധ നിലപാടുകള്‍ സ്വീകരിച്ചു. ഒരു വിഭാഗം അദ്ദേഹത്തിന്റെ മഹത്വവും വൈജ്ഞാനിക സംഭാവനകളും അംഗീകരിച്ചപ്പോള്‍ മറ്റൊരു വിഭാഗം മിതമായും മൃദുവായും വിമര്‍ശിച്ചു. വേറൊരു വിഭാഗമാവട്ടെ, വിമര്‍ശത്തിന്റെ കൂരമ്പുകളെയ്തു. സൂഫിസത്തോടനുരാഗമുള്ള യാഥാസ്ഥിതികര്‍ക്ക് ഗസാലി വിമര്‍ശനാതീതനായ ഇതിഹാസ നായകനാണ്. കര്‍മശാസ്ത്രപരമായ അഭിപ്രായ ഭേദങ്ങളോട് സര്‍ഗാത്മക നിലപാട് സ്വീകരിക്കുന്ന നവോത്ഥാനദാഹികളായ ഇഖ്‌വാന്‍ ധാര ഗസാലിയെ ഏറെ ആദരിക്കുകയും അദ്ദേഹത്തിന്റെ വൈജ്ഞാനിക സേവനങ്ങളെ നന്ദിപൂര്‍വം അനുസ്മരിക്കുകുയം ചെയ്യുമ്പോള്‍ തന്നെ വീഴ്കള്‍ ഹൃദയപൂര്‍വം ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു.
ഓരോ വിഭാഗവും അവരവരുടെ നിലപാടുകളില്‍ സംതൃപ്തിയടയുമ്പോഴും ഏവര്‍ക്കും മീതെ ഗസാലിയെന്ന അനുപമ -ആഗോളവ്യക്തിത്വം തിളങ്ങിനില്‍ക്കുന്നു. രൂക്ഷമായി വിമര്‍ശിക്കുന്നവരും അദ്ദേഹത്തിന്റെ രചനകളെ ഉപയോഗപ്പെടുത്തുന്നു.
കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ ഗസാലിയുടെ ബസീത്വ്, വസീത്വ്, വജീസ്, ഖൂലാസ്വ തുടങ്ങിയ ഗ്രന്ഥങ്ങളെ ഉപജീവിക്കുന്നു. നിദാനശാസ്ത്ര വിശാരദന്മാര്‍ക്ക് അദ്ദേഹത്തിന്റെ അല്‍ മന്‍ഖുല്‍, അല്‍ മുസ്ത്വസ്ഫാ മിനല്‍ ഇല്‍മില്‍ ഉസ്വൂല്‍ തുടങ്ങിയ ഗ്രന്ഥങ്ങളെ അവഗണിക്കാനാവില്ല. തത്ത്വചിന്തകര്‍ക്കും തര്‍ക്കശാസ്ത്ര വിദഗ്ധര്‍ക്കും ഈശ്വരവിജ്ഞാനീയക്കാര്‍ക്കും അദ്ദേഹത്തിന്റെ മഖാസ്വിദുല്‍ ഫലാസിഫ, തഹാഫതുല്‍ ഫലാസ്വിഫഃ, അല്‍ മുന്‍ഖിദു മിനദ്ദലാല്‍, അല്‍ ഇഖ്തിസാദു ഫില്‍ ഇഅ്തിഖാദ് തുടങ്ങിയ ഗ്രന്ഥങ്ങള്‍ ഉത്തമ റഫറന്‍സുകളാണ്. സൂഫി ചിന്തകര്‍ക്കും ബോധനശാസ്ത്ര പണ്ഡിതന്മാര്‍ക്കും അദ്ദേഹത്തിന്റെ ഇഹ്‌യാ ഉലൂമിദ്ദീന്‍, മിന്‍ഹാജുല്‍ ആബിദീന്‍, ബിദായത്തുല്‍ ഹിദായഃ, മീസാനുല്‍ അമല്‍, മിഅ്‌റാജുസ്സാലികീന്‍ തുടങ്ങിയ ഗ്രന്ഥങ്ങള്‍ പഠിക്കാതെ നിവൃത്തിയില്ല. മത മീമാംസയില്‍ താല്‍പര്യമുള്ളവര്‍ക്ക് അദ്ദേഹത്തിന്റെ അല്‍ ഖൗലുല്‍ ജമീല്‍ ഫിര്‍റദ്ദി അലാ മന്‍ ഗയ്യറല്‍ ഇഞ്ചീല്‍, ഫദാഇഹുല്‍ ബാത്വിനിയ്യ, ഹുജ്ജത്തുല്‍ ഹഖ്, മഫ്‌സ്വലുല്‍ ഖിലാഫ് തുടങ്ങിയ ഗ്രന്ഥങ്ങള്‍ ആശ്രയമാണ്. സാമൂഹിക ശാസ്ത്ര -മനഃശാസ്ത്ര വിദ്യാര്‍ഥികള്‍ക്ക് ഇഹ്‌യാ ഉള്‍പ്പെടെയുള്ള മുന്‍ചൊന്ന ഗ്രന്ഥങ്ങളില്‍ മികച്ച വിഭവങ്ങളുണ്ട്. സാമ്പത്തിക ശാസ്ത്രത്തില്‍ പോലും ഗസാലിയുടെ രചനകളെ ആശ്രയിക്കാമെന്നാണ് വിവരമുള്ളവര്‍ പറയുന്നത്. നാണയങ്ങളെക്കുറിച്ചും അവയുടെ ലക്ഷ്യങ്ങളെക്കുറിച്ചും മധ്യകാലഘട്ടത്തിലുണ്ടായ ഏറ്റവും മികച്ച രചനകളിലൊന്ന് ഇഹ്‌യാഇലെ 'അശ്ശൂകര്‍' എന്ന ഭാഗമാണെന്നാണ് ഒരു സാമ്പത്തിക വിദഗ്ധന്‍ അഭിപ്രായപ്പെട്ടത്.
അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ഗസാലി സ്മൃതികള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. പ്രസിദ്ധീകരണാലയങ്ങള്‍ അദ്ദേഹമെഴുതിയതും അദ്ദേഹത്തെക്കുറിച്ചെഴുതിയതുമായ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചുകൊണ്ടേയിരിക്കുന്നു. ലോകം അദ്ദേഹത്തെ വായിച്ചുകൊണ്ടേയിരിക്കുന്നു. എല്ലാം ചേര്‍ത്തുവെക്കുമ്പോള്‍ തെളിയുന്നത് വര്‍ണനകള്‍ക്ക് ഉള്‍ക്കൊള്ളാനാവാത്ത മഹാമനീഷിയായ നവോത്ഥാനശില്‍പിയുടെയും പരിഷ്‌കര്‍ത്താവിന്റെയും ചിത്രമാണ്.

(ലേഖകന്‍ ഖത്തര്‍ ഗവണ്‍മെന്റ് സര്‍വീസില്‍ ട്രാന്‍സ്‌ലേറ്ററായി ജോലി ചെയ്യുന്നു).
hussainkdm@yahoo.com

Comments

Other Post