Prabodhanm Weekly

Pages

Search

2011 ഗസാലിപ്പതിപ്പ്‌

അബൂ ഹാമിദില്‍ ഗസാലി ഭരണാധികാരിക്ക് നല്‍കിയ ഉപദേശം

ജോനാഥന്‍ എ.സി ബ്രൗണ്‍

ബഗ്ദാദിലെ നിളാമിയ കോളജിന്റെ തലവനായ അലി കിയാ ഹര്‍റാസി ഹി. 504ല്‍ (1110 എ.ഡി) മരണപ്പെട്ടു. അദ്ദേഹത്തിനു പകരക്കാരനായി സല്‍ജൂക് ഉദ്യോഗസ്ഥരുടെ മുമ്പില്‍ വിഖ്യാത പണ്ഡിതനും ആ കലാലയത്തിന്റെ തന്നെ മുന്‍ തലവനുമായ അബൂഹാമിദില്‍ ഗസാലിയുടേതല്ലാതെ മറ്റൊരു മുഖം തെളിഞ്ഞു വരുമായിരുന്നില്ല. സല്‍ജൂക് വസീറായിരുന്ന മുഹമ്മദ് ബിന്‍ ഫക്റുല്‍ മുല്‍ക്ക് ബിന്‍ നിളാമുല്‍ മുല്‍ക്ക് ഗസാലിയെ നിളാമിയ കോളേജില്‍ പഠിപ്പിക്കാനും സല്‍ജൂക്ക് വസീറായി സേവനമനുഷ്ഠിക്കാനും വേണ്ടി ക്ഷണിച്ചുകൊണ്ട് ഒരു കത്തയച്ചു. തനിക്ക് ലഭിച്ച പദവി നിരസിച്ചുകൊണ്ട് എഴുതിയ മറുപടിക്കത്തില്‍ ഗസാലി വാചാലനാവുന്നത് തന്റെ അന്ത്യം അടുത്തതിനെപ്പറ്റിയും നീതിപൂര്‍വകമായ ഭരണത്തിനുള്ള ആത്മീയ വഴികളെയും ഭരണാധികാരികളുടെ കടമകളെയും പറ്റിയാണ്. ഈ പദവി നിരസിക്കാനുള്ള മനക്കരുത്ത് ഉയിര്‍കൊള്ളുന്നത് കണിശമായി ചിട്ടപ്പെടുത്തിയ സന്യാസ ജീവിതത്തോടുള്ള അര്‍പ്പണബോധത്തില്‍ നിന്നാണ്. തന്റെ ശിഷ്യരോടും ഗാര്‍ഹിക ചുമതലകളോടുമുള്ള തികഞ്ഞ ഉത്തരവാദിത്തബോധവും, ഈ നിരാസത്തിന് പിന്നിലുണ്ട്. മിക്ക സ്വകാര്യ കത്തിടപാടുകളും പോലെ ഈ കത്തും പേര്‍ഷ്യനിലാണ് ഗസാലി എഴുതിയിരിക്കുന്നത്. ഗസാലിയുടെ മരണത്തിനു തൊട്ടുമുമ്പത്തെ വര്‍ഷം ഹി. 504ലാണ് ഈ കത്തിടപാട് നടന്നത് എന്ന് അദ്ദേഹം തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇനി നമുക്ക് ചരിത്രപ്രസിദ്ധമായ ആ കത്തിലൂടെ കടന്നുപോകാം:
"കാരുണ്യവാനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍. അവന്‍ പറയുന്നു: 'ഓരോരുത്തര്‍ക്കും ഞാന്‍ നിശ്ചയിച്ച ഒരു ദിശയുണ്ട്. അതിനാല്‍ നിങ്ങള്‍ നന്മയുടെ ദിശയിലേക്ക് മാത്രം മുന്നേറുക' (വി. ഖു 2:148
അല്ലാഹു അരുളുന്നു: "ഒരു സംഗതി തന്റെ ലക്ഷ്യമാവുന്നത് വരെ, അതവന്റെ ഖിബ്ലയാകുന്നത് വരെ, ഒരു മനുഷ്യനും അതില്‍ മുഴുകിചേരില്ല. അല്ലയോ മനുഷ്യ സമൂഹമേ ഏറ്റവും ഉത്തമം ആയതിലേക്ക് സ്വയം അര്‍പ്പിക്കുകയും അതിലേക്ക് പാഞ്ഞടുക്കുന്നതിനായി മറ്റുള്ളവരുമായി മത്സരിക്കുകയും ചെയ്യുക.'' ചില ലക്ഷ്യങ്ങള്‍ തങ്ങളുടെ ഖിബ്ലയാക്കി മാറ്റിയവര്‍ മൂന്ന് വിഭാഗങ്ങളാണ്. അനവധാനത/അശ്രദ്ധ (ഗഫ്ലത്ത്) നിറഞ്ഞ മ്ളേച്ച ജനവിഭാഗമാണ് (അവ്വാം) ഒന്നാമത്തേത്. ബുദ്ധികൂര്‍മതയും പ്രായോഗിക-ജ്ഞാനവും കൈമുതലാക്കിയ ശ്രേഷ്ഠവിഭാഗമാണ്(ഖവാസ്) രണ്ടാമത്തേത്. ശരിയായ കാഴ്ചപ്പാടും തിരിച്ചറിവുമുള്ളവരാണ് (ബസ്വീറത്ത്) ശ്രേഷ്ഠരില്‍ ശ്രേഷ്ഠരായ (ഖാസ്സുല്‍ ഖവാസ്) അവസാനത്തെ വിഭാഗം.
അശ്രദ്ധ നിറഞ്ഞ വിഭാഗത്തിന്റെ വീക്ഷണം ക്ഷണികമായ ഉല്‍പ്പന്നങ്ങളില്‍ പരിമിതമാണ്. കാരണം, അവരുടെ കാഴ്ചപ്പാടില്‍ സമ്പത്തും അഭിമാനവും നേടിയെടുക്കുന്നതിലൂടെ ഒരുവന് കരസ്ഥമാകുന്ന ഈ ലോകത്തെ അനുഗ്രഹങ്ങളാണ് ഏറ്റവും മഹത്തായത്. ഈ ലക്ഷ്യത്തിലെത്താന്‍ അവര്‍ സ്വയം സമര്‍പ്പിതരാവുന്നു. അങ്ങനെ സമ്പത്തും അഭിമാനവും അവര്‍ക്ക് കണ്‍കുളിര്‍മ നല്‍കുന്ന വിഭവങ്ങളായി മാറുന്നു. പ്രവാചകന്‍ പറഞ്ഞു: "ഒരു ആട്ടിന്‍ പറ്റത്തിലേക്ക് അഴിച്ചുവിടപ്പെട്ട രണ്ട് ചെന്നായ്ക്കളേക്കാള്‍ വിനാശകാരിയാണ് ഒരു സത്യവിശ്വാസിയുടെ വിശ്വാസത്തിലേക്ക് കടന്നുവരുന്ന പണത്തോടും അഭിമാനത്തോടുമുള്ള സ്നേഹം. "അത് കൊണ്ട്തന്നെ ചെന്നായയെ അതിന്റെ ഇരയില്‍നിന്ന് വേര്‍പ്പെടുത്താന്‍ കഴിയാത്തവരായിട്ടാണ് ഇവരെ കണക്കാക്കുന്നത്. ഇവര്‍ തന്നെയാണ് തങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവയെ ഏറ്റവും വെറുക്കപ്പെട്ടവയില്‍നിന്ന് വേര്‍തിരിക്കാത്തവര്‍. അന്തസ്സിനെ നൈരാശ്യബോധത്തിന്റെ പാതയിലേക്ക് തിരിച്ചുവിടുകയും ചെയ്യുന്നു ഇവര്‍. ഈയൊരു ദൌര്‍ഭാഗ്യത്തെപ്പറ്റി പ്രവാചകന്‍ ഒരിക്കല്‍ ഇങ്ങനെ പറയുകയുണ്ടായി: "ദിനാറിന്റെ അടിമകളായവര്‍ക്ക് നാശം, ദിര്‍ഹമിന്റെ അടിമകളായവര്‍ക്ക് നാശം.''
രണ്ടാമത്തെ വിഭാഗമാവട്ടെ, തങ്ങളുടെ ബുദ്ധിശക്തിയിലൂടെയും സൂക്ഷ്മദൃഷ്ടിയിലൂടെയും ലോകത്തിന്റെ പ്രകൃതം ഗ്രഹിച്ചവരും പാരത്രിക ജീവിതത്തിലെ ഉല്‍ക്കര്‍ഷത്തെപ്പറ്റി ഉത്തമബോധ്യം ഉള്ളവരുമാണ്. "പരലോക ജീവിതമാണ് ഏറ്റവും ഉത്തമവും ശാശ്വതവും'' (വി. 87:17) എന്ന വിശുദ്ധ വാക്യം സ്വയം നെഞ്ചേറ്റിയവരാണിവര്‍. പൂര്‍ണ നാശത്തേക്കാളും ഉന്മൂലനത്തേക്കാളും നല്ലത് നിത്യതയാണെന്ന തിരിച്ചറിവിന് തീര്‍ച്ചയായും അല്‍പം ബുദ്ധി ആവശ്യമാണ്. അത്കൊണ്ടവര്‍ ഐഹികജീവിതത്തില്‍നിന്ന് മുഖം തിരിഞ്ഞുനില്‍ക്കുകയും പാരത്രിക ജീവിതം തങ്ങളുടെ ഖിബ്ലയാക്കി മാറ്റുകയും ചെയ്തു. നന്നേ ചുരുങ്ങിയത്, ഭൌതിക ലോകത്തേക്കാള്‍ അല്‍പമെങ്കിലും മെച്ചപ്പെട്ട അവസ്ഥയുമായി താദാത്മ്യത്തിലാണ് യഥാര്‍ഥ നന്മയെ പ്രാപിക്കാതിരിക്കുന്നതിലൂടെ വഴികേടിലകപ്പെട്ട ഈ ജനവിഭാഗം. ശ്രേഷ്ഠരില്‍ ശ്രേഷ്ഠരായ മൂന്നാമത്തെ വിഭാഗമാണ് ശരിയായ തിരിച്ചറിവും അവബോധവും ഉള്ളവര്‍. നന്മയടങ്ങിയ യാതൊന്നും യഥാര്‍ഥ നന്മയാവണമെന്നില്ല എന്ന തിരിച്ചറിവുള്ളവരാണവര്‍. അതിനാല്‍ ദീര്‍ഘദൃഷ്ടിയുള്ള ഒരു വ്യക്തിയും "പൊലിഞ്ഞുപോവുന്നതും ക്ഷണഭംഗുരവുമായ ഇത്തരം വസ്തുക്കളില്‍ ഭ്രമിച്ചു പോവാറില്ല'' (വി.ഖു 6:76). ഈ ലോകവും പരലോകവും സൃഷ്ടിക്കപ്പെട്ടവയാണെന്ന് അവര്‍ മനസിലാക്കുന്നു. ഈ രണ്ട് ലോകത്തെ രണ്ട് നല്ല വശങ്ങളാണ്, മൃഗങ്ങള്‍ പോലും ആസ്വദിക്കുന്ന തീറ്റയും ദാമ്പത്യബന്ധവുമെന്നുള്ള തിരിച്ചറിവും അവര്‍ക്കുണ്ട്. ഇവിടം അവര്‍ക്കൊരിക്കലും മതിയായ സ്ഥാനമല്ല. പരംപൊരുളും ഈ ലോകത്തിന്റെയും പരലോകത്തിന്റെയും സ്രഷ്ടാവുമായ ദൈവമാണ് ഏറ്റവും വലിയ ആശ്രയമെന്ന തിരിച്ചറിവാണ് അതിന് നിദാനം. ഈ വിഭാഗക്കാര്‍ക്ക് മുന്നില്‍ തെളിഞ്ഞ ദൃഷ്ടാന്തമായി നില്‍ക്കുന്നത് "ദൈവമല്ലോ ഉത്തമന്‍, അവനല്ലോ ശാശ്വതന്‍'' (ഖു: 20:73) എന്ന സൂക്തമാണ്. അവര്‍ തെരഞ്ഞെടുത്തതാവട്ടെ സര്‍വവ്യാപിയായ ദൈവത്തിന്റെ സന്നിധാനത്തുള്ള സത്യത്തിന്റെ സഭയില്‍ (ഖു. 54:35) ഒരു സ്ഥാനമാണ്. 'ആ ആരാമത്തിന്റെ കൂട്ടുകാര്‍ എന്നും സന്തോഷഭരിതരാണ്.' (ഖു. 36:55) എന്നത് തന്നെ അതിന് കാരണം. തീര്‍ച്ചയായും 'ദൈവമല്ലാതെ മറ്റൊരു ആരാധ്യന്‍ ഇല്ല' എന്ന പരാമര്‍ശം അത് പോലെ അവര്‍ക്ക് മുന്നില്‍ അനാവരണം ചെയ്യപ്പെട്ടിരിക്കുന്നു. ഒരു വ്യക്തി തന്റെ എല്ലാ ശ്രദ്ധയും ഒരു വസ്തുവില്‍ കേന്ദ്രീകരിക്കുന്നുവെങ്കില്‍ അയാള്‍ അതിനു അടിമയാണെന്നുള്ള വസ്തുതയും അവര്‍ക്കറിയാം. ആ വസ്തു അവന്റെ ദൈവവും ആരാധനാമൂര്‍ത്തിയുമായി മാറും. അതിനാലാണ് പ്രവാചകന്‍ ദിര്‍ഹത്തിനടിമയായിരിക്കുന്നവര്‍ക്ക് നാശം എന്നരുളിയത്. പരമോന്നതനായ ദൈവത്തിനുപരിയായി മറ്റെന്തിനെയും ലക്ഷ്യം വെക്കുന്നവന്‍ ദൈവത്തിന്റെ ഏകത്വം(തൌഹീദ്) പ്രഖ്യാപിക്കുന്നതും ഇത് പോലെയാണ്. അതൊരിക്കലും പൂര്‍ണമല്ല. ദൈവത്തിന് ദൈവാതീത സ്ഥാനം നല്‍കുന്നത് പോലുള്ള തന്ത്രങ്ങളില്‍ നിന്ന് മോചിതരുമല്ല. അത്കൊണ്ട് തന്നെ ഇക്കൂട്ടര്‍ എല്ലാ അസ്തിത്വങ്ങളെയും ദൈവവും ദൈവേതരവുമെന്ന രണ്ട് ദ്വന്ദ്വങ്ങളായി തരം തിരിച്ചിരിക്കുന്നു. ഈ രണ്ട് ദ്വന്ദ്വങ്ങളെയും ഒരു തുലാസിലെ രണ്ട് ദ്വന്ദ്വങ്ങളെന്ന പോലെ പരസ്പരവിരുദ്ധമായിട്ടാണ് അവര്‍ കാണുന്നത്. ഇതിന് മാനദണ്ഡമായി അവര്‍ എടുക്കുന്നതാവട്ടെ അവരുടെ തന്നെ ഹൃദയാന്തരത്തെയാണ്. തങ്ങളുടെ പ്രകൃതത്തിന്റെയും സത്യത്തോടുള്ള വണക്കത്തിന്റെയും ഭാഗമായി ഹൃദയം നല്ല വശത്തേക്ക് ചരിയുമ്പോള്‍ "നല്ല ചെയ്തികളുടെ ത്രാസ് ഭാരമേറിയതാണ്'' എന്ന നിഗമനത്തിലാണ് അവര്‍ എത്തിച്ചേരുക. ഇതിനെതിരായി ഒരു ചരിവ് ഉണ്ടാവുമ്പോള്‍ അവരുടെ നിഗമനം 'ദുഷ്ചെയ്തികളുടെ ത്രാസിന് ഭാരമേറെയാണ്.' ഈയൊരു പരീക്ഷണഘട്ടം കടക്കാത്ത യാതൊന്നും വിധിനിര്‍ണയനാളിലെ പരീക്ഷണം മറികടക്കില്ല എന്ന തിരിച്ചറിവും അവര്‍ക്കുണ്ട്. രണ്ടാമത്തെ വിഭാഗവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഒന്നാമത്തേതിനെ വെറും മ്ളേഛ ജനവിഭാഗമായോ (അവ്വാം) കാണാനാകൂ. അതേപോലെ മൂന്നാമത്തേതിനോട് തുലനം ചെയ്യുമ്പോള്‍ രണ്ടാമത്തെ വിഭാഗം വെറും പ്രാകൃത കൂട്ടമാണ്. തങ്ങള്‍ പറയുന്നതെന്തെന്ന് മനസിലാക്കാനോ 'അത്യുദാരനായ ദൈവത്തിന്റെ വദനത്തെ കടാക്ഷിക്കുക' എന്നതിന്റെ ശരിയായ അര്‍ഥം ഗ്രഹിച്ചെടുക്കാനോ അവര്‍ക്കാവില്ല.
ബഹുമാന്യനായ മന്ത്രി എന്നെ ഒരു താഴ്ന്ന പദവിയില്‍നിന്നും ഉയര്‍ന്ന പദവിയിലേക്ക് വിളിച്ചുകൊണ്ടിരിക്കുന്നതിനാല്‍, ഞാനും അദ്ദേഹത്തെ 'താഴ്ന്നതില്‍ ഏറ്റവും താഴ്ന്നിടത്തു നിന്നും' (വി.ഖു 95:5). 'ഉയര്‍ന്നതില്‍ ഏറ്റവും ഉയര്‍ന്നിടത്തേക്ക്' വിളിക്കുന്നു. ഏറ്റവും താഴ്ന്ന സ്ഥാനം ഒന്നാമത്തെ വിഭാഗക്കാരുടെയും ഏറ്റവും ഉയര്‍ന്ന സ്ഥാനം മൂന്നാമത്തെ വിഭാഗക്കാരുടേതുമാണ്. 'ആര്‍ നിന്നെ തികഞ്ഞ ഔദാര്യത്തോടെ പരിഗണിക്കുന്നുവോ അവനെയും അതേ രീതിയില്‍ പരിഗണിക്കുക' എന്ന് ഒരിക്കല്‍ പ്രവാചകന്‍  പറയുകയുണ്ടായി. പക്ഷേ, ഈയുള്ളവന് അത് പോലൊരു പരിഗണന തരാനുള്ള കെല്‍പ്പിലും താങ്കള്‍ക്ക് താങ്കളുടെ പരിഗണനയ്ക്ക് അതേ രൂപത്തില്‍ തിരിച്ച് എന്തെങ്കിലും തരാനുള്ള നിര്‍വാഹം എനിക്കുമില്ല. ഇത്തരുണത്തില്‍ താഴേക്കിടയിലുള്ള മ്ളേഛ വിഭാഗത്തില്‍നിന്നും ശ്രേഷ്ഠരില്‍ ശ്രേഷ്ഠരായവരുടെ ഉത്തുംഗതയില്‍ എത്താനുള്ള എല്ലാ പരിശ്രമങ്ങളും നടത്താന്‍ താങ്കള്‍ തയാറാവണം. കാരണം തൂസ് മുതല്‍ ബഗ്ദാദ് വരെയുള്ള പാതയും ദൈവത്തിന്റെ സത്യത്തിലേക്കുള്ള പാതയും എല്ലാം ഒന്ന് തന്നെയാണ്. ഒന്ന് മറ്റൊന്നിനേക്കാള്‍ ചെറുതോ വലുതോ അല്ല. എനിക്ക് താങ്കളിപ്പോള്‍ വഗ്ദാനം ചെയ്തിട്ടുള്ള സ്ഥാനവും ഒട്ടും മെച്ചമുള്ളതല്ല.
നാം അറിഞ്ഞിരിക്കേണ്ട ചില സത്യാവസ്ഥകളുമുണ്ട് ഇതില്‍. ഏതെങ്കിലും ഒരു മതപരമായ കടം നിറവേറ്റാതിരുന്നാലോ പരിശുദ്ധ നിയമം വിലക്കിയവയില്‍നിന്ന് ഏതെങ്കിലുമൊരു വന്‍ പാപം ചെയ്താലോ ഏറ്റവും നീചരായ സ്ഥാനത്താണ് താന്‍ എത്തിച്ചേരുക എന്നും അശ്രദ്ധാലുക്കളുടെ ശപിക്കപ്പെട്ട വിഭാഗത്തിലാണ് താനും എണ്ണപ്പെടുക എന്ന കാര്യവും അവന്‍ അറിഞ്ഞിരിക്കണം. തന്റെ ഭരണത്തിനു കീഴില്‍ ഒരാളെങ്കിലും അനീതിക്കിരയാണെന്നറിഞ്ഞിട്ട് സുഷുപ്തിയിലാണ്ടു കഴിയുന്നവന്റെ ഗതിയും മറ്റൊന്നല്ല. അതിനെതിരായി എന്ത് ഒഴികഴിവ് നിരത്തിയാലും. 'ആ അശ്രദ്ധാലുക്കളുണ്ടല്ലോ പരലോകത്ത് അവരാകുന്നു നഷ്ടകാരികള്‍' (വി.ഖു 11:22). അനവധാനതയുടെ/അശ്രദ്ധയുടെ ഈ ദീര്‍ഘനിദ്രയില്‍നിന്ന് വസീറിനെ ഉണര്‍ത്താനും അതുവഴി തന്റെ വിധിയുടെ കടിഞ്ഞാണ്‍ തന്നില്‍നിന്ന് നഷ്ടപ്പെടാതെ തന്റെ നാളെയെക്കുറിച്ച് ചിന്തിക്കാനുള്ള സദ്ബുദ്ധി തോന്നിപ്പിക്കാനും ഞാന്‍ അത്യുദാരനായ നാഥനോട് തേടുന്നു.
ബഗ്ദാദ് മദ്രസയുമായി ബന്ധപ്പെട്ട് മന്ത്രിയുടെ നിര്‍ദേശം അനുസരിക്കാതിരിക്കാനുള്ള എന്റെ ഒഴികഴിവുകള്‍ പറയട്ടെ. ഒരുവന്റെ ജന്മനാട്ടില്‍ നിന്നും അഭയാര്‍ഥിയായി മറ്റൊരു നാട്ടിലേക്ക് പോയി പ്രയാസപ്പെടാന്‍ യാതൊരാളും സന്നദ്ധനാവുകയില്ല. വിശ്വാസത്തിലോ ലൌകിക നേട്ടത്തിലോ എന്തെങ്കിലും വര്‍ധനവ് ഉണ്ടാവുമെന്ന പ്രതീക്ഷയില്ലാതെ. ലൌകിക നേട്ടങ്ങളുടെ കാര്യത്തിലാണെങ്കില്‍ പ്രപഞ്ചനാഥന്റെ കൃപാകടാക്ഷത്താല്‍ അങ്ങനെയൊന്ന് ഗസാലിയുടെ ഹൃദയത്തില്‍നിന്ന് എടുത്ത് കളയപ്പെട്ടിരിക്കുന്നു. ഗസാലിയുടെ അടുക്കലേക്ക്, തൂസിലേക്ക്, ബഗ്ദാദ് കൊണ്ടുവരപ്പെട്ടാലും, അതിന്റെ എല്ലാ അലങ്കാരങ്ങളും ഗസാലിക്കായി പതിച്ചെഴുതപ്പെട്ടാലും അദ്ദേഹത്തിന്റെ ഹൃദയം തെല്ലും ചഞ്ചലമാവില്ല. ഇത്തരം പ്രലോഭനങ്ങളില്‍ വീഴുക എന്നത് ദുര്‍ബല വിശ്വാസികളുടെ വിധിയാണ്. ആയതിനാല്‍ ഈയൊരു പ്രലോഭനത്തിനു മുന്നില്‍ ഞാന്‍ പതറിയാല്‍ എന്റെ ശിഷ്ടദിനങ്ങള്‍ അസ്വസ്ഥജനകമായിരിക്കും. ഒരു സംഭവവും നിസ്സാരമായി എന്നിലൂടെ കടന്നുപോവുകയുമില്ല. വിശ്വാസ വര്‍ധനവിന്റെ കാര്യത്തിലാണെങ്കില്‍, എന്റെ ജീവിതമാണ് സത്യം, എന്റെ ഭാഗത്തു നിന്നുള്ള മാറ്റം അനിവാര്യവുമാണ്. വിശ്വാസത്തില്‍ മുങ്ങിത്താഴുക എന്നത് ബഗ്ദാദില്‍ വളരെ എളുപ്പമുള്ള കാര്യമാണ് എന്ന് നിസ്സംശയം പറയാം. അറിവിലേക്ക് എത്താനുള്ള മാര്‍ഗങ്ങള്‍ അവിടെ കുറച്ചുകൂടെ വിപുലമാണ്. എണ്ണത്തില്‍ കൂടുതലാണ് അവിടെയുള്ള പഠിതാക്കള്‍ എന്നതും വലിയ മെച്ചം തന്നെയാണ്. പക്ഷേ, ഇതിനെല്ലാമിടയില്‍ പാലിച്ചില്ലെങ്കില്‍ നാശത്തിലേക്ക് പതിക്കാവുന്ന ഒഴികഴിവുകളും മതപരമായ കാരണങ്ങളും എനിക്കുണ്ട്. എത്രത്തോളമെന്നാല്‍ ഇത്തരം വര്‍ധനവുകള്‍ക്ക് ഒരിക്കലും ഇത് പോലൊരു മഹാനഷ്ടത്തിനു പരിഹാരമാവാനാവില്ല.
ഇവിടെ, പഠനത്തിരക്കിലും ലൌകികവിരക്തിയിലും മുഴുകിയിരിക്കുന്ന 150 വിദ്യാര്‍ഥികളുണ്ടെന്നതാണ് എന്റെ ഒന്നാമത്തെ ഒഴികഴിവ്. കാരണം, അവരെ ബഗ്ദാദിലേക്ക് മാറ്റുക എന്നതും അവര്‍ക്കവിടെ ജീവനോപാധി കണ്ടെത്തുക എന്നതും ശ്രമകരമായ ദൌത്യമാണ്. മറ്റൊരിടത്ത് കൂടുതല്‍ കൂടുതല്‍ ഉണ്ടാവുമെന്ന പ്രതീക്ഷ, ഒരിക്കലും ഈ കുട്ടികളെ അവഗണിക്കാനോ ഒറ്റപ്പെടുത്താനോ ഉള്ള അനുമതി അല്ല.
വിശുദ്ധ രക്തസാക്ഷി നിളാമുല്‍ മുല്‍ക്ക് എന്നെ ബഗ്ദാദിലേക്ക് വിളിച്ചപ്പോള്‍ കുടുംബത്തെ മറ്റു ബന്ധങ്ങളോ ഇല്ലാത്ത ആളായിരുന്നു ഞാന്‍ എന്നതാണ് എനിക്കുള്ള രണ്ടാമത്തെ ഒഴികഴിവ്. ഇപ്പോഴാവട്ടെ എനിക്ക് അത്തരത്തിലുള്ള ബന്ധങ്ങളും കുട്ടികളും ഉണ്ട്. അവരെ മാറ്റിപ്പാര്‍പ്പിക്കുന്നതോ ഒഴിവാക്കുന്നതോ ഹൃദയങ്ങളെ മുറിപ്പെടുത്തുന്നതോ അതുപോലെ അസ്വീകാര്യവുമാണ്.
489ല്‍ അല്ലാഹുവിന്റെ ആത്മമിത്രമായ ഇബ്റാഹീം നബിയുടെ ഖബ്റിടം സന്ദര്‍ശിച്ച ശേഷം ഞാന്‍ ഇത് വരെ പുലര്‍ത്തിപ്പോരുന്ന ശപഥങ്ങളുണ്ട്. ഇത് തന്നെയാണ് എന്റെ മൂന്നാമത്തെ കാരണവും. ഒരു സുല്‍ത്താന്റെ നാണ്യവും സ്വീകരിക്കുകയില്ല എന്നതാണ് ഒന്നാമത്തെ ശപഥം. ഒരു സുല്‍ത്താനെയും സന്ദര്‍ശിക്കുകയില്ല എന്നതും ഒരു പാണ്ഡിത്യ വാഗ്വാദത്തിലും ഞാന്‍ ഉണ്ടാവുകയില്ല എന്നതുമാണ് രണ്ടാമത്തെയും മൂന്നാമത്തെയും ശപഥം. ഇവയിലേതെങ്കിലുമൊന്ന് നിറവേറ്റപ്പെടാതിരുന്നാല്‍ എന്റെ ഹൃദയം വല്ലാതെ അസ്വസ്ഥമാവാനും ഒരു മതപരമായ ചടങ്ങും പൂര്‍ത്തീകരിക്കാന്‍ കഴിയാതെയും വരും. ബഗ്ദാദില്‍ വാഗ്വാദങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാനോ ഖലീഫയുടെ വസതി സന്ദര്‍ശിക്കാതിരിക്കാനോ സാധിക്കില്ല. സിറിയയില്‍നിന്ന് തിരിച്ച് വന്നതിന് ശേഷമുള്ള കാലയളവിനുള്ളില്‍ ഒരിക്കല്‍ പോലും ഞാന്‍ ബഗ്ദാദിലേക്കു പോയിട്ടില്ല. ഒരു സ്ഥാനം പോലും വഹിക്കാതിരുന്നതിലും ഏകാന്തവാസം അനുഷ്ഠിക്കുന്നതിലും ഞാന്‍ ബദ്ധശ്രദ്ധനായിരുന്നു. ഒരു ജോലി ഏറ്റെടുക്കുന്നതോടെ എന്റെ മനസ് അശാന്തമായി മാറാറാണ് പതിവ്. ഇത്തരം ഏകാന്തവാസം ത്യജിക്കുന്നതിലൂടെ എന്റെ ഹൃദയം ഒരിക്കലും സ്വതന്ത്രമാവില്ല. അതിന് അതിന്റേതായ പ്രത്യാഘാതങ്ങള്‍ ഉണ്ടാവാറുണ്ട്.
ഉപജീവനമാര്‍ഗമാണ് എന്റെ ഒടുവിലത്തെ ഒഴികഴിവ്. സുല്‍ത്താനില്‍നിന്ന് ഒന്നും സ്വീകരിക്കാതിരിക്കുന്നതിനാലും എനിക്ക് ബഗ്ദാദില്‍ യാതൊരുവിധ സ്വത്തോ വസ്തുവകകളോ ഇല്ലാത്തതിനാലും അവിടെയുള്ള എന്റെ ജീവിതമാര്‍ഗം അടഞ്ഞുതന്നെ കിടക്കും. അതിനെല്ലാമുപരി മനസ്സില്‍ ഞങ്ങളുടെ മിതവ്യയത്തിലൂടെയും ഞങ്ങള്‍ക്കുള്ളതില്‍ തൃപ്തരായി ജീവിച്ചതിലൂടെയും മിച്ചമായുള്ള നിസാര സ്വത്ത് ഞങ്ങളുടെ അഭാവത്തില്‍ നശിച്ചു പോവുകയും ചെയ്യും. ഇതൊക്കെയാണ്, ഭൂരിഭാഗം ജനങ്ങള്‍ക്കും അസാധാരണമായി തോന്നുമെങ്കിലും, എന്നെ സംബന്ധിച്ചേടത്തോളം അതീവ പ്രാധാന്യമുള്ള മതപരമായ ഒഴികഴിവുകള്‍.
ബഗ്ദാദിലേക്ക് യാത്രയാവുന്നതിനേക്കാളുത്തമം സമയം അതിക്രമിച്ചതിനാല്‍ വിട ചോദിക്കുന്നതാണ്. മന്ത്രിയെപ്പോലെ സല്‍സ്വഭാവത്താല്‍ ഉദാരനാക്കപ്പെട്ട ഒരാള്‍ ഈ ഒഴികഴിവുകള്‍ സ്വീകരിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അതു മാത്രമല്ല, ഗസാലി ബഗ്ദാദിലേക്ക് വന്നാല്‍ അദ്ദേഹത്തിനായി അല്ലാഹു മാറ്റിവെച്ച കാലയളവ് കടന്നുപോവുമെന്നും വേറൊരു അധ്യാപകനെ കണ്ടെത്താനുള്ള പദ്ധതികള്‍ ഇനിയും ഉണ്ടാവേണ്ടിയിരിക്കുന്നു എന്നും കരുതേണ്ടതായും വരും. അല്ലാഹുവിന്റെ നിര്‍ദേശം പാലിക്കുന്നവരുടെ മേല്‍ അവന്റെ ശാന്തിയും സമാധാനവും ഉണ്ടാവട്ടെ. പ്രതാപവാനായ അല്ലാഹു മന്ത്രിയെ പുറംമോടിക്കതീതരായി നില്‍ക്കുന്ന യഥാര്‍ഥ വിശ്വാസത്തിന്റെ സത്തിനാല്‍ അലങ്കരിക്കുമാറാവട്ടെ. ഈ സത്യം അറിയുന്നവരില്‍ ഒരാളായി അദ്ദേഹം മാറുകയും ചെയ്യട്ടെ- "അവന്‍ തരുന്ന ഓരോ ഔദാര്യത്തിനും അല്ലാഹുവിന് സ്തുതി. അവന്റെ അനുഗ്രഹങ്ങള്‍ പ്രവാചകന്റെയും അവന്റെ കുടുംബത്തിന്റെയും മേല്‍ ഉണ്ടാവട്ടെ. വ്യാമോഹത്തിന്റെ വസതിയോടുള്ള വൈമനസ്യം ദൈവം നമ്മില്‍ നിറയ്ക്കുമാറാവട്ടെ. അവന്റെ കാരുണ്യത്താലും വിശാലമായ ഔദാര്യത്താലും നിര്‍വൃതിയുടെ ഗൃഹത്തില്‍ നമ്മെ എത്തിക്കുമാറാവട്ടെ. തീര്‍ച്ചയായും കാരുണ്യവാനില്‍ ഏറ്റം കാരുണ്യവാന്‍ അവന്‍ തന്നെയാണല്ലോ.''
(The Muslim World. Vol. 9 January 2006 ല്‍ ചിക്കാഗോ യൂനിവേഴ്സിറ്റി അധ്യാപകന്‍ ജോനാഥന്‍ എ.സി ബ്രൌണ്‍ എഴുതിയ ലേഖനത്തില്‍നിന്ന്)
 
വിവര്‍ത്തനം കെ.ഇ മുഹമ്മദ് നാദാപുരം
kemuhammed@gmaiil.com

Comments

Other Post