Prabodhanm Weekly

Pages

Search

2011 ഗസാലിപ്പതിപ്പ്‌

അബൂ ഹാമിദില്‍ ഗസാലി ഉന്നത ചിന്തയുടെ സത്യപ്രകാശനം

മുട്ടാണിശ്ശേരില്‍ കോയാകുട്ടി മൗലവി

ചരിത്രം പരതുമ്പോള്‍ സൂഫിസം ഒരു നൂതന ആശയമാണെന്ന് തോന്നും. എന്നാല്‍, യാഥാര്‍ഥ്യം മനസ്സിലാക്കുമ്പോള്‍ ആദ്യകാല തലമുറകളെല്ലാം ഉയര്‍ന്ന സൂഫികളായിരുന്നു എന്നുകാണാം. അവരുടെ ജീവിതരീതി, സ്വഭാവം, കാഴ്ചപ്പാട്, അവര്‍ കൊണ്ടുവന്ന ആധുനികത, തെറ്റുകള്‍ തിരുത്താനുള്ള അവരുടെ ബാധ്യത എന്നിവയെല്ലാം മികച്ച മേന്മകളായിരുന്നു. മുഹമ്മദ് നബി തന്റെ അനുചരന്മാരെ നക്ഷത്രങ്ങളോട് ഉപമിച്ചത് ഈ കാഴ്ചപ്പാടിനെയാകുന്നു. മികച്ച ചിന്തകള്‍ കൊണ്ട് ബോധത്തിലെ നന്മയെ ഉയര്‍ത്തുകയും വളര്‍ത്തുകയും ചെയ്തവരായിരുന്നു അവര്‍. നമ്മുടെ ബോധമനസിനകത്ത് പ്രവര്‍ത്തിക്കുന്ന യാഥാര്‍ഥ്യത്തോട് കൂടുതല്‍ അടുത്തു നില്‍ക്കുന്ന ഒന്നാണ് സൂഫിസ്റ്റിക് കാലം.
പണ്ഡിതന്മാരെ പരിശോധിക്കുമ്പോള്‍, അവരുടെ ചിന്താമണ്ഡലത്തെ പ്രകാശിപ്പിച്ചിരിക്കുന്നത് കാണുമ്പോള്‍ അവരുടെ സൂഫീ ചിന്തകള്‍ തെളിഞ്ഞുവരും. ഈ അര്‍ഥത്തില്‍ പ്രമുഖരുടെ പട്ടിക പരിശോധിക്കുമ്പോള്‍ ജുനൈദുല്‍ ബഗ്ദാദി, ഹുസൈനുബ്‌നു മന്‍സൂര്‍ ഹല്ലാജ്, ഇമാം ഗസാലി എന്നിവരുടെ തലമുറ ശ്രദ്ധേയമാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ എഴുതാന്‍ കഴിഞ്ഞത് ഗസാലിക്ക് തന്നെയാണ്. എന്നാല്‍, അദ്ദേഹം എഴുതിയ പുസ്തകങ്ങള്‍ പലതും നഷ്ടപ്പെട്ടു. കര്‍മശാസ്ത്ര പണ്ഡിതന്മാരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചുള്ള ഹദീസുകള്‍ മാത്രമല്ല അദ്ദേഹം ഉദ്ധരിച്ചത്. അതുകൊണ്ടുതന്നെ കര്‍മശാസ്ത്രപരമായ പ്രാമാണ്യം അദ്ദേഹം ഉപേക്ഷിച്ചതു കാണാം. ഇതിനാല്‍, അദ്ദേഹത്തിന്റെ സ്വകാര്യ രചനകളില്‍ പലതും നഷ്ടപ്പെട്ടതായി മനസ്സിലാക്കാം. അപ്പോഴും തന്റെ ചിന്തയെ രചനാവൈഭവം കൊണ്ട് ഇമാം ഗസാലി കൃത്യമായി അടയാളപ്പെടുത്തി.
1333-ല്‍ ജനിച്ച് 1407-ല്‍ മരിച്ച ഇബ്‌നു ഖല്‍ദൂന്‍ ഏതാണ്ടെല്ലാ ചിന്താ മണ്ഡലങ്ങള്‍ക്കകത്തുനിന്നും പരിശോധന നടത്തിയ ആളാണ്. വിഷയങ്ങളുടെ വ്യത്യസ്തതകള്‍ക്കപ്പുറത്ത് അതിന്റെ ആഴങ്ങളിലേക്കാണ് അദ്ദേഹം കടന്നുകയറിയത്. ഇതിന് ശേഷം ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വമാണ് ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവി. അദ്ദേഹത്തിന്റെ സരണി കര്‍മശാസ്ത്രപരമാണ്. മാത്രമല്ല, മാര്‍ഗം ശാസ്ത്രീയവും സൂഫിസ്റ്റിക്കുമായിരുന്നു. അദ്ദേഹത്തിന്റെ ചിന്തകളും കര്‍മങ്ങളും കൊണ്ടാണ് 'വലിയ്യുല്ലാഹ്' എന്ന പേരുപോലും സമ്പാദിച്ചത്. ഇമാം ഗസാലിയെയും ഇബ്‌നു ഖല്‍ദൂനെയും മറികടന്ന് ചില വാദങ്ങളുയര്‍ത്തിയ ആളായിരുന്നു ദഹ്‌ലവി. ഇക്കാര്യം അദ്ദേഹം തുറന്ന് പറഞ്ഞിട്ടുമുണ്ട്. ''വസ്തുവിവരണത്തിന്റെ ചൂട് എന്നെ കീഴടക്കിക്കഴിയുന്ന ഘട്ടങ്ങളില്‍ ആ മാനസിക തലം ആവശ്യപ്പെടുന്നതനുസരിച്ച് പല കാര്യങ്ങളും ഞാന്‍ വെട്ടിത്തുറന്ന് പറയും. എന്റെ മുന്നില്‍ വരുന്ന സൂഫീ ചിന്തകരില്‍ ആരും തന്നെ പറഞ്ഞിട്ടില്ലാത്ത കാര്യവും ഞാന്‍ പറഞ്ഞെന്നു വരാം.'' എന്നാല്‍ ഇമാം ഗസാലി സൂഫിസ്റ്റിക് ചിന്തകളുടെ അടുത്തുവന്നു കഴിഞ്ഞാല്‍ 'ഇനി ഇതിനപ്പുറത്തേക്ക് എന്തെങ്കിലും പറയാന്‍ എനിക്ക് അനുവാദമില്ല' എന്നാണ് പറയുക. ഇക്കാര്യം അദ്ദേഹം തന്റെ ഒട്ടേറെ ഗ്രന്ഥങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇമാം ഗസാലി കിത്താബുല്‍ ഇല്‍മില്‍ പറയുന്നു: ''നബിമാര്‍ക്കുള്ള വിജ്ഞാനതലം അവര്‍ക്ക് മാത്രമുള്ളതല്ല. അത് എല്ലാവര്‍ക്കുമുള്ളതാണ്''. എന്നാല്‍, ഇബ്‌നു ഖല്‍ദൂന്‍ ഈ വസ്തുത പറയാതെ ഇതിനെ ഖണ്ഡിക്കുന്നതായി കാണാം. ഖുര്‍ആനില്‍ അവ്യക്ത വാക്യങ്ങളും (മുത്തശാബിഹാത്ത്) മൂലവാക്യങ്ങളുമുണ്ട്. ഇതില്‍ അവ്യക്ത വാക്യങ്ങളെക്കുറിച്ച് ഇബ്‌നു ഖല്‍ദൂന്‍ ചില കാഴ്ചപ്പാടുകള്‍ മുന്നോട്ടുവെക്കുന്നു. ഇക്കാര്യത്തെ പരിശോധിച്ച് അദ്ദേഹം പറയുന്നു ഇതില്‍ നാലു ബോധതലമുണ്ട്.
ഉണര്‍ച്ചയുടെ ബോധതലം, സ്വപ്നതലം എന്നിവയെ പരിചയപ്പെടുത്തിക്കൊണ്ട് ഇതിനെ വിശദീകരിക്കാന്‍ ശ്രമിക്കുന്നു. ഇതിലും താഴെ ബോധതലമുണ്ടെന്ന് അല്ലാമാ ഇഖ്ബാല്‍ തന്റെ ഈസ് റിലീജ്യന്‍ പോസിബ്ള്‍ (Is Religion possible?) എന്ന പ്രഭാഷണത്തില്‍ പറയുന്നു. ഖല്‍ദൂന്‍ പറയുന്ന ബോധ, സ്വപ്നതലങ്ങള്‍ക്കപ്പുറം മരണാനന്തര ബോധ തലമുണ്ടെന്നാണ് ഇഖ്ബാലിന്റെ പക്ഷം. ഇതേക്കുറിച്ച് ശാഹ് വലിയ്യുല്ലാഹി ദഹ്‌ലവി പറയുന്നത് കാണാം. മരണാനന്തര ബോധതലത്തിനും താഴെയുള്ള ഒന്നിനെ ഖല്‍ദൂന്‍ ഊന്നിപ്പറയുന്നു. അതാണ് പ്രവാചകത്വബോധതലം (prophet concious). ഇത് പ്രത്യേക ബോധമണ്ഡലമാണെന്ന് അദ്ദേഹം ഊന്നിപ്പറയുന്നു. പ്രവാചകത്വ ബോധതലം സാധാരണ ബോധതലം പോലെ കാണാന്‍ കഴിയുന്നതല്ല. അല്‍ബയ്യിന എന്ന സൂറയില്‍ കാണാം. 'ബഹുദൈവവിശ്വാസികളും വേദക്കാരും മുമ്പ് ആരാധിച്ചിരുന്ന അവസ്ഥയില്‍ തുടര്‍ന്നിരുന്നു, അവര്‍ക്ക് വ്യക്തമായ തെളിവ് ലഭിക്കും വരെ. പരിശുദ്ധമായ ഏടുകള്‍ ഓതിക്കൊണ്ട് ഒരു റസൂല്‍. ഇതില്‍ വ്യക്തമായ നിയമനിര്‍ദേശങ്ങള്‍ ഉണ്ട്. ഈ നിര്‍ദേശം വന്നിട്ടും വേദക്കാര്‍ പിണങ്ങി', ഇതില്‍ നിന്ന് മനസിലാക്കാന്‍ കഴിയുന്നത് പ്രവാചകന് ലഭിച്ചത് പ്രവാചകത്വബോധതലത്തെ പ്രകാശിപ്പിക്കുന്ന അറിവുകളാണെന്നതാണ്. ഇത് മനസ്സിലാക്കാന്‍ കഴിയുക പ്രവാചകന്മാര്‍ക്ക് മാത്രമാണ്. ഇത് മനസിലാക്കാന്‍ ഗസാലിക്ക് കഴിയുമെന്ന വാദത്തെയാണ് ഖല്‍ദൂന്‍ ഖണ്ഡിക്കുന്നത്. ഖുര്‍ആന്‍ നിത്യസത്യമാണ്. ഏത് കാലത്തിനും ലോകത്തിനുമപ്പുറം സത്യത്തെ നിലനിര്‍ത്തുന്ന ഒന്നാണത്. അതുകൊണ്ടുതന്നെ, പ്രവാചകന്മാര്‍ അതിനെ കൃത്യമായി മനസ്സിലാക്കുന്നു, ജനങ്ങള്‍ക്ക് പ്രകാശിപ്പിക്കുന്നു.
ഇമാം ഗസാലിയുടെ കൃതികള്‍ പരിശോധിക്കുമ്പോള്‍, എഴുതിയ ഗ്രന്ഥങ്ങളില്‍ അധികവും പേര്‍ഷ്യന്‍ ഭാഷയിലായിരുന്നു. പേര്‍ഷ്യന്‍ കലാഭംഗിയും സാഹിത്യ-ഭാഷാ ഭംഗിയും ഏറ്റവും മികച്ച രീതിയില്‍ ഇമാം ഗസാലിയുടെ അറബിയില്‍ പ്രതിഫലിക്കുന്നു. അക്കാലത്തെ അറബിഭാഷാ പണ്ഡിതന്മാരെ കവച്ചുവെക്കുന്ന പാണ്ഡിത്യവും രചനാ പാടവവും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. ഫലിതം, വിനോദം, ആകര്‍ഷണീയത തുടങ്ങി സാഹിത്യത്തിന്റെ ആധുനിക പ്രവണതകളെ ഗസാലി കൃതികളില്‍നിന്ന് നമുക്ക് വായിച്ചെടുക്കാം. ചെറിയ കഥകളിലൂടെ വലിയ ആശയങ്ങള്‍ പ്രകാശിപ്പിച്ച മഹാനായിരുന്നു ഗസാലി. തന്റെ രചനകളിലൂടെ ഉയര്‍ത്തിക്കാട്ടുന്ന തത്ത്വശാസ്ത്ര ബോധത്തെ പരിശോധിക്കുമ്പോള്‍ ലഭിക്കുന്നത് നൂതനമായ ആശയപ്രപഞ്ചത്തെയാണ്, മനുഷ്യനെന്ന ദുര്‍ബല സ്വത്വത്തെ ഉന്നതിയിലേക്ക് ഉയര്‍ത്തുന്ന ശാസ്ത്രത്തെയാണ് ഇമാം ഗസാലി കാട്ടിത്തരുന്നത്.
മനുഷ്യന് സുജൂദ് ചെയ്യാന്‍ അല്ലാഹു മലക്കുകളോട് കല്‍പിച്ച കാര്യത്തെക്കുറിച്ച് ഇമാം ഗസാലി പറയുന്നത് ശ്രദ്ധിക്കുക: റബ്ബ് എന്ന പദത്തിന്റെ അര്‍ഥം ഒരു വസ്തുവിനെ അതിന്റെ ഏറ്റവും താഴത്തെ നിലയില്‍ നിന്ന് പടിപടിയായി വളര്‍ത്തി അതിന്റെ പൂര്‍ണതയില്‍ എത്തിക്കുന്നവന്‍ എന്നാണ്. അതായത്, മണ്ണില്‍ നിന്ന് പൂര്‍ണതയെ കൊണ്ട് വരുന്നതും തീയില്‍ നിന്ന് പൂര്‍ണതയെ കൊണ്ടുവരുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്. അല്ലാഹു എന്ന പദം പൂര്‍ണമായി പ്രകടിപ്പിക്കുന്നത് ഏറ്റവും താണ വസ്തുവില്‍ നിന്ന് ഏറ്റവും ഉയര്‍ന്ന വസ്തു എടുക്കുമ്പോഴാണ്. അതുകൊണ്ടാണ് മലക്കുകളോട് സുജൂദ് ചെയ്യാന്‍ പറഞ്ഞത്. മലക്കുകള്‍ക്ക് അവന്റെ അറിവുകള്‍ പൂര്‍ണമായി സ്വീകരിക്കാന്‍ കഴിയുകയില്ല. അതിനാല്‍ തന്നെ സത്യത്തെ പൂര്‍ണമായും ഉള്‍ക്കൊള്ളുന്നതിനും തടസ്സമുണ്ട്. കാരണം, റബ്ബ് എന്നത് വലിയ ജ്ഞാനമാണ്. ഈ ജ്ഞാനത്തെ തിരിച്ചറിയാനാണ് ശ്രമിക്കേണ്ടത്. അതാണ് അല്ലാഹുവിന്റെ സൃഷ്ടിവൈഭവത്തെ പരിഗണിച്ച് പരിശോധിക്കേണ്ടത്. അല്ലാഹു അവന്റെ സൃഷ്ടിപ്പിനെ അത്ര മനോഹരമായാണ് ഏവര്‍ക്കും കാട്ടിത്തരുന്നത്. ഇത് തിരിച്ചറിയുന്ന അറിവാണ് പ്രധാനം.
അല്ലാഹുവിന്റെ സൃഷ്ടിപ്പില്‍ സ്വര്‍ഗത്തെ അണിയിച്ചൊരുക്കിയതിനെ എത്ര ചിന്തോദ്ദീപകമായിട്ടാണ് ഇമാം ഗസാലി കാണുന്നത്. ''നിനക്ക് എന്തെന്ത് ആസ്വാദനങ്ങളാണ് ഇവിടെ ഒരുക്കിവെച്ചിട്ടുള്ളത്. നിനക്ക് ആവശ്യമുള്ളതെന്തും ഞാന്‍ തരാന്‍ ഒരുക്കമാണ്. കഴിയുന്നതൊക്കെ ചോദിച്ചോ'' എന്ന് പറഞ്ഞാല്‍ അനന്തമായ അവന്റെ സൃഷ്ടി സാധ്യതയെ അല്ലാഹു കാട്ടിത്തരുകയാണ്. സാഗരമനവധി മഷിയായും മരങ്ങള്‍ മുഴുവന്‍ പേനയായും ഉപയോഗിച്ചാലും ദൈവ വചനം തീരില്ലെന്ന് പറഞ്ഞത് ശ്രദ്ധിക്കേണ്ടതാണ്.
സ്വര്‍ഗത്തിന്റെ മനോഹാരിത കാട്ടി സൃഷ്ടിപ്പിന്റെ മഹത്വം പ്രകടിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇത് കാണാനും തിരിച്ചറിയാനും കഴിയാത്തവരാണ് നിര്‍ഭാഗ്യവാന്മാര്‍. ദൗര്‍ഭാഗ്യവാന്മാരാണ് നരകത്തില്‍ പ്രവേശിക്കുന്നത്. ശിക്ഷ കഴിഞ്ഞ് പലരെയും സ്വര്‍ഗത്തിലെത്തിക്കുന്നതുപോലും സൃഷ്ടിപ്പിന്റെ കാഴ്ച കാട്ടാനാണ്. അല്ലാഹുവിനെ അറിയാന്‍ അവന്റെ സൃഷ്ടിപ്പിനെ തന്നെ ശ്രദ്ധിക്കണമെന്നാണ് ഇവിടെ സൂചിപ്പിക്കുന്നത്.
ഈ പ്രപഞ്ചം അല്ലാഹുവിന്റെ പ്രകാശത്തിന്റെ പ്രത്യക്ഷ പ്രകടനമാണ്. ആ പ്രത്യക്ഷ പ്രപഞ്ചത്തിന്റെ മുഴുഭാവങ്ങളെയും ഹൃദയത്തില്‍ പ്രകാശിപ്പിക്കുകയാണ്. മനുഷ്യ മനസ് ഉള്‍ക്കൊള്ളുന്നത് അറിയാനുള്ള അറിവ് മാത്രം. ഇതൊരു പ്രതിഫലന രൂപം മാത്രമാണ്. മധുരിക്കുന്ന വസ്തുവായ പഞ്ചസാര ഒരു ബാഹ്യ സത്യമാണ്. നിന്റെ റബ്ബിന്റെ പേരില്‍ വായിക്കുക എന്ന ഖുര്‍ആന്റെ ആദ്യ പ്രഖ്യാപനത്തിലെ ഇസ്മ് ഉള്‍ക്കൊള്ളുന്ന അര്‍ഥവും ഇതുതന്നെയാണ്. സൂറ അല്‍ബഖറയില്‍ ആദമിനെ അല്ലാഹു എല്ലാ നാമങ്ങളും പഠിപ്പിച്ചു എന്ന പ്രയോഗം ഈ വസ്തുക്കളുടെ വിശദീകരണമായി നമുക്ക് കാണാം. മനുഷ്യന്റെ ധാരണാപരമായ അറിവ് മാത്രം നല്‍കി അതിന്റെ ആഴത്തെ ചൂണ്ടിക്കാണിക്കുകയാണ്. അല്ലാഹുവിനെ കുറിച്ച് അല്ലാഹു തന്നെ പറഞ്ഞുതരുന്ന ഇടമാണ് ഖുര്‍ആന്‍. അതായത്, അല്ലാഹുവിനെക്കുറിച്ച് ഒരാള്‍ സങ്കല്‍പിക്കുന്നതും അല്ലാഹു തന്നെ നേരിട്ട് പറഞ്ഞുതരുന്നതും തമ്മിലുള്ള വലിയ വ്യത്യാസം മനസ്സിലാക്കാവുന്നതേയുള്ളൂ. ഇത് പരിശോധിക്കുമ്പോഴാണ് ഒരു കാര്യം മനസ്സിലാവുക. അല്ലാഹുവിന്റെ വചനങ്ങള്‍ നേരിട്ട് ലഭിച്ച പ്രവാചകന് മാത്രമാണ് തിരിച്ചറിവിന്റെ മാനത്തേക്ക് ഉയരാന്‍ കഴിയുക എന്ന്.
ദൈവത്തെക്കുറിച്ച ഉയര്‍ന്ന ചിന്ത പകര്‍ന്ന ശേഷമാണ് ഇസ്‌ലാം ശാസ്ത്രത്തെക്കുറിച്ച് പറയുന്നത്. ദൈവത്തിന്റെ ആസ്തിക്യ തെളിവുകളാണ് പ്രപഞ്ചത്തിന്റെ സത്യം. മതവും ശാസ്ത്രവും സത്യത്തിന്റെ പ്രത്യക്ഷ പ്രകാശിതങ്ങളാക്കിയാണ് വിജ്ഞാനത്തെ പരിഗണിക്കുന്നത്. വിജ്ഞാന രംഗത്ത് സത്യത്തെ മുന്‍നിര്‍ത്തി ആവിഷ്‌കാരത്തെ എടുത്തുകാട്ടുന്നു. കലയുടെ വികാസിത ഭാവങ്ങളിലും സാഹിത്യത്തിന്റെ സാധ്യതകളിലുമായി ആവിഷ്‌കാരത്തെ സത്യത്തിന്റെ പ്രകാശത്തോടെ കാട്ടിത്തരുന്നു. ഉയര്‍ന്ന കലാ പ്രകടനങ്ങളെ സത്യത്തിന്റെ പ്രകടനങ്ങളാക്കി അനുവാചകന് മുന്നിലെത്തിക്കുകയാണ്. മതത്തെയും ശാസ്ത്രത്തെയും അവതരിപ്പിക്കുന്ന സത്യത്തെ അതേപോലെ പ്രകടിപ്പിക്കുന്നില്ല എന്നതൊഴിച്ചാല്‍ സത്യം.... വിനിമയം ചെയ്യുകയാണിവിടെ. ഏറ്റവും കരുതലോടെ ഇസ്‌ലാം കലാരംഗത്ത് കാല്‍വെച്ചപ്പോള്‍ ഉന്നതമായ ഒരു സ്ഥാനം നേടിയെടുക്കുകയായിരുന്നു. അതുകൊണ്ടാണ് ലോകത്ത് തലയുയര്‍ത്തി നില്‍ക്കുന്ന കലാ സൃഷ്ടികളെ ഇസ്‌ലാം സംഭാവന ചെയ്തത്.
സത്യത്തെ പ്രകാശനം ചെയ്യുന്ന വിജ്ഞാനത്തെയാണ് ഇസ്‌ലാം പ്രസരിപ്പിക്കുന്നത്. ഈ തത്ത്വചിന്തയെ കൃത്യമായി പഠിക്കണമെന്നാണ് ഇമാം ഗസാലി നമുക്ക് തരുന്ന വലിയ പാഠം. സത്യത്തെതന്നെ മൂന്നാക്കുകയാണിവിടെ. പരിപൂര്‍ണ സത്യം, ഏകദേശ സത്യം, ആലങ്കാരിക സത്യം. ഇതില്‍ പരിപൂര്‍ണ സത്യമാണ് ദീന്‍. ഏകദേശ സത്യമാണ് ശാസ്ത്രം. ആലങ്കാരിക സത്യമാകട്ടെ കലയും. ഇങ്ങനെ ഖുര്‍ആന്റെ തണലില്‍ അല്ലാഹുവിന്റെ വൈഭവത്തെ, മനുഷ്യ  ഗുണത്തിനായി തത്ത്വചിന്തയെ വളര്‍ത്തിയാണ് ഇമാം ഗസാലി നമുക്ക് മുന്നില്‍ തെളിഞ്ഞ് നില്‍ക്കുന്നത്.
ചിന്താപരമായി സ്വര്‍ഗത്തെ മനോഹരമായി അവതരിപ്പിച്ചതും സത്യത്തിന്റെ വിവിധ രൂപങ്ങളിലൂടെ ഇസ്‌ലാമിക ചിന്താ മണ്ഡലത്തെ വികസിപ്പിച്ച് കാട്ടിത്തന്നതുമാണ് ഗസാലിയുടെ സവിശേഷത. അദ്ദേഹം തുടങ്ങിവെച്ച ചിന്ത ഇന്നും നിലനില്‍ക്കുകയാണിവിടെ. അദ്ദേഹത്തിന്റെ ചിന്തകളിലൂടെ കടന്നുപോകുമ്പോള്‍ നാം എത്തിച്ചേരുന്ന അറിവിന്റെ, ചിന്തകളുടെ വിശാല ലോകത്താണ്. ഗസാലി ഇന്നും പ്രസക്തമാവുന്നത് തന്നെ ചിന്തകളെ മനോഹരമായി വളര്‍ത്തി എന്നതുകൊണ്ടാണ്. അദ്ദേഹത്തിന്റെ പിറകില്‍ ഉന്നതശ്രേണിയിലുള്ള ഇത്തരം തത്ത്വചിന്തകരില്ലാതായതും ചിന്തകളുടെ വികാസത്തെ ബാധിച്ചു എന്ന് പറയേണ്ടിയിരിക്കുന്നു. ഗസാലി, ഇബ്‌നു ഖല്‍ദൂന്‍, ശാഹ് വലിയ്യുല്ലാഹ് ദഹ്‌ലവി, ഇഖ്ബാല്‍... ഈ പരമ്പര ചിന്തകരില്‍ വേറിട്ട് നില്‍ക്കുന്നു.  
കേട്ടെഴുത്ത്: യു. ഷൈജു
youshaiju@gmail.com

Comments

Other Post