Prabodhanm Weekly

Pages

Search

2011 ഗസാലിപ്പതിപ്പ്‌

അബൂ ഹാമിദില്‍ ഗസാലി വിദ്യാഭ്യാസ ചിന്തകള്‍

എം.എസ്.എ റസാഖ്‌

ഇസ്ലാമിക വിദ്യാഭ്യാസ ദര്‍ശനത്തിന്റെ ശക്തനായ വക്താവായി ഇമാം ഗസാലി പരിഗണിക്കപ്പെടുന്നു. തത്വശാസ്ത്രം, വിദ്യാഭ്യാസ ദര്‍ശനം, സാമൂഹിക പരിഷ്കരണം എന്നീ മേഖലകളില്‍ അരിസ്റോട്ടില്‍, പ്ളാറ്റോ, റൂസ്സോ, പെസ്റലോസി തുടങ്ങിയവരുടെ സമശീര്‍ഷനാണ് ഗസാലി. സാമൂഹിക മാറ്റത്തിന്റെ ചാലകശക്തിയാണ് വിദ്യാഭ്യാസമെന്ന് ഗസാലിയെപോലെ ഇവരും വിശ്വസിച്ചു. ഇഹ്യാ ഉലൂമിദ്ദീന്‍, ഫാതിഹത്തുല്‍ ഉലൂം, അയ്യുഹല്‍ വലദ്, മീസാനുല്‍ അമല്‍ എന്നീ കൃതികളിലൂടെ ഇമാം തന്റെ വിദ്യാഭ്യാസ ചിന്തകള്‍ അവതരിപ്പിക്കുന്നു. 'അയ്യുഹല്‍ വലദ്' എന്ന പുസ്തകം യുനസ്കോ വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിജ്ഞാനത്തിന്റെ പ്രാധാന്യം,  വിജ്ഞാനശാഖകള്‍, വിദ്യാഭ്യാസത്തിന്റെ ശ്രേഷ്ഠത, ലക്ഷ്യം, പാഠ്യപദ്ധതി(ഈൃൃശരൌഹൌാ), പഠനവിഷയം(പാഠ്യവസ്തു), ബോധനരീതിശാസ്ത്രം(ാലവീേറീഹീഴ്യ), അധ്യാപക-വിദ്യാര്‍ഥി ബന്ധം, അധ്യാപകന്റെയും വിദ്യാര്‍ഥിയുടെയും കടമകള്‍, മര്യാദകള്‍ തുടങ്ങി സമഗ്രമായൊരു വിദ്യാഭ്യാസ പദ്ധതി ഇമാം സമര്‍പ്പിച്ചിട്ടുണ്ട്. ഗസാലിയുടെ വിദ്യാഭ്യാസ വീക്ഷണത്തില്‍ ഇസ്ലാമിക മിസ്റിസത്തിന്റെ പ്രതിഫലനങ്ങള്‍ കാണാനാകും. ആധുനിക വിദ്യാഭ്യാസ ദര്‍ശനങ്ങളോടും വിദ്യാഭ്യാസ മനശാസ്ത്രത്തോടും സമരസപ്പെടുന്നു ഇമാമിന്റെ കാഴ്ചപ്പാടുകള്‍.
വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം
വിദ്യാഭ്യാസം വിശിഷ്യാ മതപഠനം എല്ലാവര്‍ക്കും നിര്‍ബന്ധമാണ്. ദൈവസാമീപ്യം നേടാനുള്ള മാര്‍ഗമായിരിക്കണം വിദ്യാഭ്യാസം. ഐഹികവും പാരത്രികവുമായ വിജയം അതിലൂടെ ലഭ്യമാവണം. പഠനം ദൈവാരാധനയുടെ ഭാഗമാണ്. മനുഷ്യന് ഭൂമിയില്‍ ദൈവത്തിന്റെ പ്രാതിനിധ്യം യഥാവിധി നിര്‍വഹിക്കാന്‍ വിദ്യാഭ്യാസം അവനെ പ്രാപ്തനാക്കണം.
സമ്പൂര്‍ണ മനുഷ്യനെ സൃഷ്ടിക്കുകയാണ് വിദ്യാഭ്യാസ-സംസ്കരണത്തിന്റെ ലക്ഷ്യം. ഐഹികവും പാരത്രികവുമായ വിജയത്തിന്റെ ആധാരമാണ് വിദ്യാഭ്യാസം. ചിന്താനൈരന്തര്യം കൊണ്ടേ വിജ്ഞാനം ആര്‍ജിക്കാന്‍ കഴിയൂ.
വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യം ഇമാം ഗസാലിയുടെ വീക്ഷണത്തില്‍, മതാധ്യാപനങ്ങള്‍ അനുസരിക്കുകയും അതിലൂടെ അനശ്വരമായ പരലോക ജീവിതത്തിലെ മോക്ഷം നേടുകയും ചെയ്യുന്ന മനുഷ്യനെ സൃഷ്ടിക്കുകയാണ്. ഐഹിക ജീവിത വിജയത്തിനു കൂടി ഉതകുന്നതാവണം വിദ്യാഭ്യാസമെന്ന് ഇമാം സമര്‍ഥിച്ചു. ചുരുക്കത്തില്‍ ഇഹപര വിജയത്തിന്റെ നിദാനം വിജ്ഞാനമാകുന്നു. അതിനാല്‍ വിജ്ഞാനസമ്പാദനമാണ് ശ്രേഷ്ഠകരമായ കര്‍മം.
പഠനത്തിന്റെ മൂല്യം നിര്‍ണയിക്കപ്പെടുന്നത് അതിന്റെ പ്രയോജനവും സത്യതയും പരിഗണിച്ചാണ്. മതവിജ്ഞാനമാകുന്നു മികച്ചത്. കാരണം, മരണാനന്തര ജീവിതമോക്ഷവുമായി ബന്ധപ്പെട്ടതാകുന്നു അത്. മതേതരവിജ്ഞാനശാസ്ത്രങ്ങളെക്കാള്‍ കൂടുതല്‍ സത്യം അതിലുണ്ട്. ഇതിന്നര്‍ഥം മതേതരശാസ്ത്രങ്ങള്‍ പൂര്‍ണമായും അവഗണിക്കണമെന്നല്ല. ഓരോന്നിനും അതിന്റേതായ സ്ഥാനവും പ്രയോജനവും മുന്‍ഗണനാക്രമവുമുണ്ട്. ഭാഷാപഠനം, വൈദ്യശാസ്ത്രപഠനം പോലുള്ളത് സമൂഹത്തിന് വളരെ അനിവാര്യമാണ്. അവ അവഗണിക്കാന്‍ പാടില്ല.
പാഠ്യപദ്ധതി(Curriculam)
ഇമാം ഗസാലി, വിദ്യാഭ്യാസ ലക്ഷ്യം നിര്‍ണയിച്ചശേഷം അത് കരസ്ഥമാക്കാന്‍ ഉതകുന്ന പാഠ്യപദ്ധതി(Curriculam) ആവിഷ്കരിച്ചു. ആത്മസംസ്കരണത്തിന് പ്രാധാന്യം നല്‍കിയതോടൊപ്പം ഭൌതിക ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കും അര്‍ഹമായ പരിഗണന നല്‍കി.
വിജ്ഞാനത്തെ ഗസാലി മുഖ്യമായും മൂന്ന് വിഭാഗമായി തിരിച്ചു. ഒന്ന്, ഇഹപരലോകത്ത് യാതൊരു പ്രയോജനവുമില്ലാത്തതും ആക്ഷേപാര്‍ഹവുമായ വിജ്ഞാനം. ഉദാഹരണം ആഭിചാരം, ജ്യോതിഷം. രണ്ട്, പ്രശംസനീയമായ വിജ്ഞാനം. ഉദാഹരണം മതപഠനം. മൂന്ന്, സാമാന്യ വിവരം നേടുന്നത് അഭിലഷണീയവും എന്നാല്‍ അതില്‍ അവഗാഹം നേടുന്നത് ദൈവനിഷേധത്തിലേക്കും നിരീശ്വരത്വത്തിലേക്കും കൊണ്ടെത്തിക്കുന്നതുമായ വിജ്ഞാനം. അതിഭൌതിക വിജ്ഞാനം (metaphysics) ഉദാഹരണം.
ഇമാം ഗസാലി വിജ്ഞാനത്തെ സാമൂഹിക ബാധ്യതയും വ്യക്തിബാധ്യതയുമായി തരംതിരിച്ചിട്ടുണ്ട്. ദൈവശാസ്ത്രവും ഫിഖ്ഹും വ്യക്തി ബാധ്യതയാകുമ്പോള്‍ വൈദ്യശാസ്ത്രം, ഗണിതം എന്നിവ സാമൂഹിക ബാധ്യതയാണ്. വിജ്ഞാനത്തെ ശര്‍ഈ വിജ്ഞാനമെന്നും(മതവിജ്ഞാനം) മതപരമല്ലാത്ത വിജ്ഞാനമെന്നും വിഭജിച്ചു. ഇവയില്‍ ഏറ്റവും ഉത്തമം മതവിജ്ഞാനമാണ്. അതിലൂടെ മനുഷ്യന് അല്ലാഹു ഏല്‍പിച്ച അമാനത്ത്-ഉത്തരവാദിത്വം- ഏറ്റെടുക്കാനും ദൈവസവിധത്തില്‍ എത്താനും കഴിയും. ഓരോ വിജ്ഞാനശാസ്ത്രത്തിന്റെയും പ്രാധാന്യവും പ്രയോജനവും പരിഗണിച്ച് മുന്‍ഗണനാ ക്രമത്തില്‍ വിന്യസിച്ചു. വ്യത്യസ്ത വിജ്ഞാനങ്ങള്‍ക്ക് (sciences) വ്യത്യസ്ത മൂല്യമാണുള്ളത്. അവ മനുഷ്യനെ സമ്പൂര്‍ണ ജീവിതം നയിക്കാന്‍ സഹായിക്കുന്നു. ഇതേ വീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍, 19-ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ജീവിച്ച വിദ്യാഭ്യാസ ദാര്‍ശനികനായിരുന്ന ഹെര്‍ബര്‍ട്ട് സ്പെന്‍സര്‍(Herbert spencor) വിജ്ഞാന ശാസ്ത്രശാഖകളെ മുന്‍ഗണനാ ക്രമത്തില്‍ പ്രധാനമായും 5 വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്. ഗസാലിയുടേതിന് സമാനമാണിത്. പക്ഷേ, സ്പെന്‍സര്‍ മത-ആത്മീയവശത്തെ അവഗണിച്ചു. എന്നിരുന്നാലും ഇരുവരും പ്രതിനിധാനം ചെയ്യുന്ന തത്വശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ വിജ്ഞാനശാസ്ത്രങ്ങളെ അവയുടെ പ്രയോജനത്തിന്റെ അടിസ്ഥാനത്തില്‍ മുന്‍ഗണനാക്രമത്തില്‍ ക്രമീകരണം (gradation) നടത്തി. വിജ്ഞാനത്തിന്റെ മൂല്യത്തെയും പ്രയോജനത്തെയും പറ്റി തനിക്ക് മുമ്പ് ആരുംതന്നെ ചിന്തിച്ചിട്ടില്ലെന്ന് സ്പെന്‍സര്‍ തന്റെ വിദ്യാഭ്യാസ ഉപന്യാസത്തില്‍ അഭിമാനത്തോടെ രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, അദ്ദേഹത്തിനു 8 നൂറ്റാണ്ടുമുമ്പുതന്നെ ഇമാം ഗസാലി ഈ വിഷയം സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട് (ഫത്ഹിയ്യ ഹസന്‍ സുലൈമാന്‍ എഴുതിയ 'അല്‍ മദ്ഹബുത്തര്‍ബവീ ഇന്‍ദല്‍ഗസാലി' - ഇമാം ഗസാലിയുടെ വിദ്യാഭ്യാസ ദര്‍ശനം- എന്ന കൃതി, പേ. 30).
പഠനവിഷയം തെരഞ്ഞെടുക്കുന്നതില്‍ വ്യക്തികളുടെ അഭിരുചി(മുശേൌറല), പ്രായം തുടങ്ങിയവ പരിഗണിക്കണം. വളരെ സമഗ്രമായ ഒരു പാഠ്യപദ്ധതിയാണ് ഇമാം സമര്‍പ്പിച്ചത്. അതില്‍ മതപരം, ധാര്‍മികം, സാമൂഹിക ജീവിതത്തിനാവശ്യമായ മാനവിക വിജ്ഞാനങ്ങള്‍(humanities), സംസ്കാരം, ആസ്വാദനം എന്നിവക്ക് സ്ഥാനം നല്‍കി. ധാര്‍മിക-സ്വഭാവ സംസ്കരണത്തിന് ഊന്നല്‍ നല്‍കി. കേവല ഭൌതികതയില്‍ മുഴുകിയാല്‍ മനുഷ്യ മനസ്സില്‍ അജ്ഞതയുടെ തുരുമ്പ് പിടിക്കാന്‍ സാധ്യതയുണ്ട്. ഈ തുരുമ്പ് നീക്കം ചെയ്യാന്‍ സത്യസന്ധവും മാതൃകാപരവുമായ വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധിക്കൂ. പൌരാണിക യവന വിദ്യാഭ്യാസ ചിന്തകനായിരുന്ന പ്ളാറ്റോയുടെ പ്രതിപാദനവും ഇമാം ഗസാലിയുടെ പ്രതിപാദനവും തമ്മില്‍ സാമ്യത കാണാം (Ibid p.28). പ്രയോജനകരമായ വിജ്ഞാനത്തെയും വിജ്ഞാനത്തിന്റെ പ്രായോഗിക മൂല്യത്തെയും ഇമാം പ്രാധാന്യപൂര്‍വം വിശദീകരിച്ചു. പ്രായോഗികതാവാദത്തിന്റെ തത്വത്തോടിത് യോജിച്ചു വരുന്നതായി ഐന്‍ ശംസ് യൂനിവേഴ്സിറ്റിയിലെ വിദ്യാഭ്യാസ വിഭാഗം പ്രഫസറായിരുന്ന ഹത്ഹിയ്യ ഹസന്‍ സുലൈമാന്‍ രേഖപ്പെടുത്തുന്നു(Ibid p. 29).
വിദ്യാഭ്യാസം കേവലം ബൌദ്ധികവ്യാപാരമല്ല. വിവരങ്ങള്‍ പകര്‍ന്നു നല്‍കുകയുമല്ല. പഠിതാവിന്റെ വ്യക്തിത്വ രൂപവത്കരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍- ബുദ്ധിപരം, മതപരം, ധാര്‍മികം, ശാരീരികം- അതില്‍ ഉള്‍ക്കൊണ്ടിരിക്കണം.
വിദ്യാഭ്യാസ ഘട്ടത്തെ ഇമാം ഗസാലി പ്രാഥമിക പഠന ഘട്ടമെന്നും ഉന്നത വിദ്യാഭ്യാസ ഘട്ടമെന്നും രണ്ടായി തിരിക്കുകയും ഓരോ ഘട്ടത്തിലേക്കും അനുയോജ്യമായ പാഠ്യവിഷയങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്തു. കേവലം തത്വം പഠിച്ചതുകൊണ്ടായില്ല. അവ പ്രയോഗിച്ച് പഠിക്കണം. പഠിതാവിന്റെ സ്വഭാവത്തിലും വ്യവഹാരത്തിലും(behaviour) പരിവര്‍ത്തനം സൃഷ്ടിക്കാന്‍ കഴിയുന്നതാവണം പഠനം. പഠനത്തിലൂടെ സമ്പാദിക്കുന്ന (acquired) അറിവുകള്‍ പ്രായോഗിക ജീവിതത്തില്‍ പകര്‍ത്തണം. പഠിതാവിന്റെ ജീവിത സാഹചര്യവുമായി ബന്ധപ്പെട്ടതാവണം അത്. നമസ്കാര-വ്രതാനുഷ്ഠാന പരിശീലനങ്ങള്‍ ഇതിനുദാഹരണമാണ്. അതുപോലെ മനുഷ്യ സമൂഹത്തിന്റെ നിലനില്‍പിനു വേണ്ട നിര്‍മാണ പ്രവര്‍ത്തനങ്ങളിലും വൈദഗ്ധ്യം നേടണം.
ബോധനരീതി
മതവിഷയങ്ങള്‍ പഠിപ്പിക്കുന്നതിനും പൊതുവിഷയങ്ങള്‍ പഠിപ്പിക്കുന്നതിനും പ്രത്യേകം രീതി (method of teaching) ഇമാം ഗസാലി സമര്‍പ്പിച്ചു. കുട്ടികളെ സംസ്കരിക്കുന്നതിനും അവരില്‍ ഉത്തമസ്വഭാവ ഗുണങ്ങള്‍ വളര്‍ത്തുന്നതിനും ഉതകുന്ന മാതൃകാപരമായ ബോധനശാസ്ത്രം മുന്നോട്ടു വെച്ചു. കൂടാതെ ബോധന രീതി ശാസ്ത്രത്തെക്കുറിച്ച് പൊതുവായ ചില നിരീക്ഷണങ്ങള്‍ നടത്തി. അധ്യാപകര്‍ തങ്ങളുടെ കര്‍ത്തവ്യ നിര്‍വഹണത്തില്‍ അത് പിന്‍പറ്റണമെന്നും ആവശ്യപ്പെട്ടു. അധ്യാപക-വിദ്യാര്‍ഥി ബന്ധത്തിന്റെ ഒരു മാര്‍ഗരേഖ അവതരിപ്പിച്ചു. കാരണം വിദ്യാഭ്യാസ പ്രവര്‍ത്തനത്തില്‍ അധ്യാപക-വിദ്യാര്‍ഥി ബന്ധം മുഖ്യസ്ഥാനം അലങ്കരിക്കുന്നു. അവര്‍ക്കിടയില്‍ ഗാഢമായ ബന്ധം നിലനില്‍ക്കണം. അത് പഠന പ്രക്രിയയുടെ വിജയനിദാനമാണ്. അധ്യാപനത്തിലും സാമൂഹിക-വൈകാരിക ബന്ധത്തിലും സ്വീകരിക്കേണ്ട രീതിയെക്കുറിച്ചും ഇമാം സവിസ്തരം പ്രതിപാദിച്ചു. ഇതെല്ലാം തന്നെ ആധുനിക വിദ്യാഭ്യാസ വിചക്ഷണര്‍ മുന്നോട്ടു വെക്കുന്ന സമീപന രീതിയോട് തികിച്ചും യോജിച്ചു വരുന്നതാണ്. (Ibid p. 31)
വിദ്യാഭ്യാസ പ്രവര്‍ത്തനം വിജയിക്കുന്നതിന് അധ്യാപക വിദ്യാര്‍ഥി ബന്ധം ഊഷ്മളമാവണം. അവര്‍ക്കിടയിലെ വൈകാരിക ബന്ധം ഊട്ടിയുറപ്പിക്കണം. അത് വിദ്യാര്‍ഥിക്ക് അധ്യാപകനെ സംബന്ധിച്ച് സംതൃപ്തിയും വിശ്വാസവും മതിപ്പും നിര്‍ഭയത്വവും ജനിപ്പിക്കും. ഈ തലത്തിലേക്ക് വികസിക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ അധ്യാപകന്റെ ക്ളാസില്‍ സജീവസാന്നിധ്യം വഹിക്കും. പഠനത്തില്‍ താല്‍പര്യം കാണിക്കും. സൌഹൃദപൂര്‍ണമായ പഠനാന്തരീക്ഷം സൃഷ്ടിക്കണം. അധ്യാപകര്‍ പഠിതാക്കളുടെ സുഹൃത്തുക്കളും പ്രചോദകരുമാവണം.
അധ്യാപനവൃത്തി ഇമാം ഗസാലിയുടെ വീക്ഷണത്തില്‍ മഹത്തായ ഒരു ദൌത്യമാണ്. ദൈവാരാധനയുടെ ഭാഗവും ദൈവപ്രാതിനിധ്യനിര്‍വഹണത്തിന്റെ ഭാഗവുമാണ്. അധ്യാപകന്റെ സ്ഥാനം അമ്പിയാക്കളുടെ സ്ഥാനത്തോളം മഹോന്നതമാണ്. മനുഷ്യനെ പൂര്‍ണതയിലേക്ക് നയിക്കുന്നു അധ്യാപകന്‍. പഠിതാവിന്റെ മനസ്സ് സംസ്കരിച്ചും ശുദ്ധീകരിച്ചും ദൈവത്തിലേക്ക് അടുപ്പിക്കുന്നു. വിജ്ഞാനം പകര്‍ന്നു നല്‍കുന്ന അധ്യാപകന്‍ സ്വയം പ്രകാശിക്കുകയും മറ്റുള്ളവര്‍ക്ക് പ്രകാശം നല്‍കുകയും ചെയ്യുന്ന സൂര്യനെപ്പോലെയും സ്വയം സുഗന്ധം ഉള്ളതോടൊപ്പം മറ്റുള്ളവര്‍ക്ക് സുഗന്ധം പരത്തുന്ന കസ്തൂരിയെപ്പോലെയുമാണ്.
ബുദ്ധിവികാസം നേടിയവനും ഉത്തമ സ്വഭാവത്തിനുടമയുമായിരിക്കണം അധ്യാപകന്‍. വിജ്ഞാനം പകര്‍ന്നുനല്‍കി തലമുറയെ വാര്‍ത്തെടുക്കുന്നത് അധ്യാപകരാണ്. അധ്യാപകന്‍ പിതാവിനെപോലെയാവണം. പഠിതാക്കളോട് സ്നേഹമസൃണമായി പെരുമാറണം. പിതാവ് സൃഷ്ടികര്‍മം നിര്‍വഹിക്കുന്നു. ഐഹിക ലോകത്തെ സാന്നിധ്യത്തിനു നിമിത്തം പിതാവാണ്. അനശ്വരമായ പരലോകജീവിതത്തിനു നിമിത്തം അധ്യാപകനാണ്.
പഠിതാക്കളുടെ പിഴവുകള്‍ ദയാപുരസ്സരം തിരുത്തണം അധ്യാപകന്‍. ദണ്ഡിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുത്. നിരന്തര ഭര്‍ത്സനം വിദ്യാര്‍ഥികളെ അധ്യാപകനില്‍നിന്നും രക്ഷപ്പെടാന്‍ പ്രേരിപ്പിക്കും. ശിക്ഷണ നടപടികള്‍ കഠിനതരമാവാന്‍ പാടില്ല- ഇമാം ഗസാലി ശക്തമായ ഭാഷയില്‍ പറയുന്നു. അത് വിദ്യാര്‍ഥിയുടെ ഭാവിജീവിതത്തെ തന്നെ സ്വാധീനിച്ചേക്കാം. വിദ്യാര്‍ഥികളെ ശാരീരികമായി പീഡിപ്പിക്കുന്നതും ശിക്ഷിക്കുന്നതും ആധുനിക വിദ്യാഭ്യാസ മനഃശാസ്ത്രപ്രകാരം തെറ്റായ നടപടിയാണ്. പല രാജ്യങ്ങളും ശാരീരിക ശിക്ഷാ രീതി നിയമപരമായി നിരോധിച്ചിട്ടുണ്ടിട്ടുമുണ്ട്. ഇവിടെയാണ് ഇമാം ഗസാലിയുടെ വിദ്യാഭ്യാസ കാഴ്ചപ്പാടുകളുടെ കാലികപ്രസക്തി തിരിച്ചറിയുന്നത്. മറ്റുള്ളവരുടെ മുന്നില്‍വെച്ച് വിദ്യാര്‍ഥികളെ അപമാനിക്കാനും കുറ്റപ്പെടുത്താനും പാടില്ല- ഇമാം നിര്‍ദേശിക്കുന്നു.
പഠിതാക്കളുടെ വ്യക്തിവൈവിധ്യം അധ്യാപകന്‍ മനസ്സിലാക്കണം. അവരുടെ താല്‍പര്യം, അഭിരുചി, പ്രായം, ബൌദ്ധികനിലവാരം, കഴിവുകള്‍, നൈപുണ്യം തുടങ്ങിയവ അറിഞ്ഞിരിക്കണം. പഠിതാവിന്റെ നിലവാരമനുസരിച്ചാവണം അധ്യാപനം. 'പന്നിയുടെ കഴുത്തില്‍ മാണിക്യം ബന്ധിക്കുന്നതുപോലെ'യാവാന്‍ പാടില്ല അധ്യാപനം- ഈസാനബിയുടെ വാക്യമുദ്ധരിച്ചുകൊണ്ട് ഇമാം ഗസാലി വിശദീകരിക്കുന്നു. അതുപോലെ വിദ്യാര്‍ഥികളുടെ മനഃശാസ്ത്രം അധ്യാപകന്‍ അവശ്യം അറിഞ്ഞിരിക്കേണ്ടതിനെക്കുറിച്ച് ഇമാം വിരല്‍ ചൂണ്ടുന്നു. രോഗികളെകുറിച്ച ഡോക്ടറുടെ അജ്ഞത കാരണം തിരിച്ചറിയാനും നിര്‍ണയിക്കാനും കഴിയാതെ വരികയും അത് രോഗിയുടെ മരണത്തിനു നിമിത്തമാവുകയും ചെയ്യാം. ഒരേ ചികിത്സാ രീതി എല്ലാ രോഗികളിലും പ്രയോഗിച്ചാലും വിപരീത ഫലമായിരിക്കും ഉളവാകുക. അതുപോലെ കുട്ടികളുടെ പ്രകൃതവും സ്വഭാവവൈവിധ്യവും മനസ്സിലാക്കാതെ ശരിയായ വിദ്യാഭ്യാസം നല്‍കാന്‍ കഴിയില്ല. പഠിതാക്കളെ അംഗീകരിക്കുകയും മാനിക്കുകയും ചെയ്യണം. അവരെ അനുമോദിക്കുകയും ചെയ്യണം. ഇതേ തത്വമാണ് ആധുനിക വിദ്യാഭ്യാസ മനശാസ്ത്രത്തിലും പറയുന്നത്.
അധ്യാപനം മൂര്‍ത്തമായ സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തിയാവണം. അധ്യാപകര്‍ക്ക് തൊഴില്‍പരമായ പെരുമാറ്റതത്വം(ുൃീളലശീിൈമഹ ലവേശര) ഇമാം ഗസാലി നിശ്ചയിച്ചു. വിദ്യാര്‍ഥികള്‍ക്കുമെന്നതുപോലെ പൊതുസമൂഹത്തിനും മാകൃകയാവണം അധ്യാപകര്‍ (ഡോ. സക്കീമുബാറക്കിന്റെ 'അല്‍ അഖ്ലാഖ് ഇന്‍ദല്‍ഗസാലി' - പേ. 195-197).
ഒഴിവു സമയം ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ പഠിപ്പിക്കുക. വൈകാരിക വിക്ഷോഭം ജനിപ്പിക്കുന്ന തരത്തിലുള്ള സാഹിത്യം വായിക്കുന്നത് ഇമാം നിരുത്സാഹപ്പെടുത്തി. പഠിക്കുന്ന കഥകളും കവിതകളും സംഗീതവും സ്വഭാവദൂഷ്യത്തിലേക്ക് നയിക്കുന്നതായിരിക്കരുത്. ഇതേ കാര്യം പ്ളാറ്റോ തന്റെ 'ദി റിപ്പബ്ളിക്' എന്ന കൃതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ധാര്‍മിക നിലവാരം നിലനിര്‍ത്തുന്നതിനായി എല്ലാതരം സാഹിത്യകൃതികളും പരിശോധനക്ക് വിധേയമാക്കണം.' (ഹത്ഹിയ്യ ഹസന്‍ സുലൈമാന്റെ കൃതി പേ. 59). ആധുനിക വിദ്യാഭ്യാസ ദാര്‍ശനികനും പ്രയോഗവാദത്തിന്റെ(ജൃമഴാമശോ) ശക്തനായ വക്താവുമായിരുന്ന ജോണ്‍ഡ്യൂയി, പാഠശാലകളുടെ മൌലിക ദൌത്യം പരാമര്‍ശിക്കവെ ഇതേകാര്യം വ്യക്തമാക്കിയിട്ടുണ്ട് (കയശറ ു. 60)
അധ്യാപനം പോലെ പഠനവും ആരാധനയുടെ ഭാഗമാണ് ഇമാം ഗസാലിയുടെ വീക്ഷണത്തില്‍. വിജ്ഞാനമണ്ഡലം വിശാലമാണ്. മതമേഖലയില്‍ മാത്രമാവരുത് അറിവ്. സമഗ്രമായ അറിവ് വിദ്യാര്‍ഥികള്‍ സമ്പാദിക്കണം. പഠനത്തിന് മുന്‍ഗണനാക്രമം നിശ്ചയിക്കണം. ഓരോ വിജ്ഞാനവും അതതിന്റെ പ്രാധാന്യവും പ്രസക്തിയും പ്രയോജനവും അനുസരിച്ച് പഠിക്കുക. മതപഠനത്തിന് പ്രഥമസ്ഥാനം നല്‍കണമെന്ന് ഇമാം ഗസാലി പറയുന്നു. ഇതര ശാസ്ത്രങ്ങള്‍ അവഗണിക്കരുത്. പണമോ പദവിയോ സ്ഥാനമാനങ്ങളോ നേടുകയാവരുത് പഠനത്തിന്റെ മുഖ്യലക്ഷ്യം. ജീവിതസംസ്കരണവും പരലോകമോക്ഷവും ആര്‍ജിക്കാനാവണം മുഖ്യപരിഗണന. പഠിതാക്കള്‍ പാലിക്കേണ്ടതായ പത്ത് പഠന മര്യാദകള്‍/ പെരുമാറ്റചട്ടം  ഗസാലി വിശദീകരിക്കുന്നു. (ഡോ. സക്കീ മുബാറക്കിന്റെ കൃതി പേ. 198,199). ഇമാം ഗസാലിയുടെ നിരീക്ഷണങ്ങളും കുട്ടികളുടെ അവകാശങ്ങളെ സംബന്ധിച്ച ഐക്യരാഷ്ട്ര സഭയുടെ മാര്‍ഗരേഖയും, ഇന്ത്യയില്‍ 2010ല്‍ പ്രാബല്യത്തില്‍ വന്ന 'കുട്ടികളുടെ അവകാശ നിയമവും'(വിദ്യാഭ്യാസം പുതിയ ചിന്തകള്‍, കാഴ്ചപ്പാടുകള്‍, പി.കെ അബ്ദുല്‍ഹമീദ്, പ്രതീക്ഷാ ബുക്സ് പേ. 64-80 കാണുക) തമ്മില്‍ താരതമ്യപഠനം നടത്തുന്നത് വിജ്ഞാനപ്രദമായിരിക്കും. എ.ഡി 1056-1111 കാലഘട്ടത്തില്‍ ജീവിച്ച ഇമാം ഗസാലിയുടെ വിദ്യാഭ്യാസ ദര്‍ശനം/ കാഴ്ചപ്പാടുകള്‍ ആധുനിക വിദ്യാഭ്യാസ ചിന്തകളുമായി എത്രമാത്രം ഇഴചേര്‍ന്നു നില്‍ക്കുന്നുവെന്നതില്‍നിന്നും ഗ്രഹിക്കാന്‍ കഴിയും.
വിദ്യാര്‍ഥികള്‍ക്ക് കളിക്കും വിനോദത്തിനും അവസരം നല്‍കണം. ഇത് അധ്യാപകരുടെയും മാതാപിതാക്കളുടെയും ബാധ്യതയാകുന്നു. കളിവിനോദങ്ങളില്‍നിന്ന് തടയുന്നതും നിരന്തരം പഠിപ്പിക്കുന്നതും പഠിതാക്കളില്‍ പഠനത്തോട് വിമുഖത സൃഷ്ടിക്കും. കളികള്‍, ശാരീരികവും ബുദ്ധിപരവുമായ വികാസത്തിനും വളര്‍ച്ചക്കും അത്യാവശ്യമാണ്. വിനോദങ്ങള്‍ക്ക് അവസരം നല്‍കി പഠിതാക്കളെ പഠനത്തിലേക്കാകര്‍ഷിക്കാം.
മക്കളുടെ വിദ്യാഭ്യാസത്തിന്റെ പ്രഥമ ചുമതല രക്ഷാകര്‍ത്താക്കളിലാണ്. മക്കളുടെ സത്യസന്ധതയുടെ ബഹുമതിയും തെറ്റുകളുടെ ഭാരവും പേറേണ്ടത് മാതാപിതാക്കളാണ്. കുട്ടികളെ ചെറുപ്പത്തില്‍തന്നെ മക്തബുകളില്‍(പ്രാഥമിക പാഠശാല) ചേര്‍ക്കണം. അവിടെ പഠിപ്പിക്കപ്പെടുന്ന കാര്യങ്ങള്‍ അവരുടെ ഇളം മനസ്സുകളില്‍ കല്ലുകളില്‍ കൊത്തിവെക്കപ്പെട്ട ലിഖിതങ്ങള്‍ പോലെ എന്നെന്നും നിലനില്‍ക്കും. കുട്ടികളുടെ സ്വഭാവ രൂപവത്കരണത്തില്‍ കുടുംബത്തിനുള്ള പങ്കാളിത്തവും ഇമാം ഗസാലി പ്രതിപാദിച്ചു. മക്കളുടെ വിദ്യാഭ്യാസ-ശിക്ഷണ കാര്യത്തില്‍ മാതാപിതാക്കള്‍ക്കുള്ള 22 ല്‍പരം ഉത്തരവാദിത്വങ്ങള്‍ ഇമാം അക്കമിട്ടു നിരത്തി (ഡോ. സക്കീ മുബാറകിന്റെ കൃതി. പേ. 191-194 കാണുക)
സമാപനം
ഇമാം ഗസാലിയുടെ വീക്ഷണത്തില്‍ വിദ്യാഭ്യാസത്തിലൂടെ സന്തുലിത വ്യക്തിത്വ രൂപവത്കരണം സാധിതമാവണം. കുട്ടികളുടെ ശരീരം, ബുദ്ധി, ആത്മാവ്(body, mind, spirit) എന്നീ തലങ്ങളെ സ്പര്‍ശിക്കുന്നതും അവയുടെ സന്തുലിതവികാസത്തിന് ഉതകുന്നതുമാവണം വിദ്യാഭ്യാസ പദ്ധതികള്‍. മഹാത്മാ ഗാന്ധിയുടെ വിഖ്യാതമായ വിദ്യാഭ്യാസ നിര്‍വചനത്തില്‍ ഇക്കാര്യം പ്രതിപാദിച്ചിട്ടുണ്ട്. ഗസാലി ഇക്കാര്യം തന്റെ കൃതികളില്‍ സവിസ്തരം വിശദീകരിച്ചു. ഇതേകാര്യം ഇമാം ഗസാലിയുടെ മുന്‍ഗാമികളും പിന്‍ഗാമികളുമായ വിദ്യാഭ്യാസ ചിന്തകന്മാരും സാമൂഹിക പരിഷ്കര്‍ത്താക്കളും വിശദീകരിക്കുകയുണ്ടായി. പ്ളാറ്റോ "The Republicepw' അരിസ്റോട്ടില്‍ 'Polictics' ലും റൂസ്സോ 'The Emile'' യിലും ജോഹാന്‍ഹെന്റിച്ച്  പെസ്റലോഡി Leonadrd and Gertrude ജോണ്‍ സൂയി Democracy and Education, The school and society യിലും ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട് (ഫത്ഹിയ്യ ഹസന്‍ സുലൈമാനിന്റെ കൃതി പി. 69).
 
 (ഖത്തര്‍ ആഭ്യന്തരമന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന ലേഖകന്‍ നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്).
msarazak@hotmail.com

Comments

Other Post