Prabodhanm Weekly

Pages

Search

2011 ഗസാലിപ്പതിപ്പ്‌

അബൂ ഹാമിദില്‍ ഗസാലി മനഃശാസ്ത്ര ചിന്തകള്‍

എ.കെ അബ്ദുല്‍ മജീദ്‌

മനഃശാസ്ത്ര(psychology)വും മനഃശാസ്ത്ര ചികിത്സ(psycho therapy)യും അധികം പഴക്കമില്ലാത്ത ശാസ്ത്ര ശാഖകളാണ്. എന്നിരുന്നാലും, പില്‍ക്കാലത്ത് ആ ശാസ്ത്ര ശാഖകളുടെ പിറവിക്ക് നിമിത്തമാവുന്ന വിധത്തിലുള്ള ധൈഷണികമായ നിലയൊരുക്കലുകള്‍ മുന്നേ നടന്നിരുന്നു എന്ന് കാണാവുന്നതാണ്. മനുഷ്യ മനസ്സിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിക്കുന്ന ആലോചനകള്‍ പൂര്‍വ സൂരികളുടെ നിബന്ധങ്ങളില്‍ ധാരാളമായി കാണാന്‍ സാധിക്കും.
മനഃശാസ്ത്ര ചികിത്സ പോലും പൊതുവെ കരുതപ്പെടുന്നതുപോലെ, പാശ്ചാത്യ നാഗരികതയുടെ ഉല്‍പന്നമല്ല എന്നതാണ് നേര്. മനസ്സ് അഥവാ ആത്മാവ് എന്നും മനുഷ്യന്റെ ദാര്‍ശനികാന്വേഷണങ്ങളുടെ കേന്ദ്രമായി വര്‍ത്തിച്ചിട്ടുണ്ട്. മനസ്സ്-ദ്രവ്യം, മനസ്സ്-ശരീരം ഈ ദ്വന്ദങ്ങളെ അധികരിച്ചുള്ള ചിന്തകളും പടിഞ്ഞാറന്‍ നാഗരികതയുടെ ഉദയത്തിനു മുമ്പുള്ള മനുഷ്യചിന്തയുടെ ഭാഗമായിരുന്നിട്ടുണ്ട്. മനസ്സും ശരീരവും പരസ്പരം സ്വാധീനിക്കുന്നതിനെക്കുറിച്ചുള്ള വിചാരങ്ങള്‍ ആധുനിക പൂര്‍വ വൈദ്യശാസ്ത്രത്തിന്റെ ഭാഗമാണ്. ഇസ്‌ലാമിക നാഗരികതയിലെ തത്ത്വചിന്തയും ഭൈഷജ്യവും ഏതാദൃശ ചിന്തകളെയെല്ലാം സ്വാഭാവികമായും അനന്തരമെടുക്കുകയും പോഷിപ്പിക്കുകയും ചെയ്തു.
പൈതൃക ലബ്ധമായ വിജ്ഞാനത്തിനു പുറമെ ഖുര്‍ആനും പ്രവാചകാധ്യാപനങ്ങളും മുസ്‌ലിം മനീഷികളുടെ ചിന്താപഥങ്ങളെ നിര്‍ണായകമായി സ്വാധീനിച്ചു. അന്യപാരമ്പര്യങ്ങളുടെ ഈടുവെപ്പുകളെ സംശോധിക്കുന്നതിനുള്ള കൃത്യതയുള്ള ഏകകങ്ങളാണ് ഖുര്‍ആനും പ്രവാചക ചര്യയും പുതുനാഗരികതയുടെ വിധാതാക്കള്‍ക്ക് പ്രദാനം ചെയ്തത്. എന്നാല്‍, ഈ ഏകകങ്ങള്‍ ഉപയോഗിക്കുന്നതില്‍ വേണ്ടത്ര ജാഗ്രത ഇല്ലാത്ത ഒരു കാലത്തെയാണ് ഇമാം അബൂഹാമിദില്‍ ഗസാലി അഭിസംബോധന ചെയ്തത്. താന്‍ നിലയുറപ്പിച്ച തസ്വവ്വുഫിന്റെ നിലപാടുതറയില്‍ നിന്ന് തന്റെ കാലത്തെ പ്രബല ചിന്താധാരകളെയും വൈജ്ഞാനിക ശാഖകളെയും സമഗ്രമായി പരിശോധിക്കാന്‍ ഇമാം ഗസാലിക്ക് സാധിച്ചു. തികച്ചും അസൂയാവഹമായ പാടവം തന്നെ ഇതിലദ്ദേഹം പ്രദര്‍ശിപ്പിക്കുകയും ചെയ്തു. രാഷ്ട്രതന്ത്രം, സമ്പദ്‌വ്യവസ്ഥ, വിദ്യാഭ്യാസം, മതമീമാംസ എന്നിങ്ങനെ വ്യവഛേദിക്കാവുന്ന വിജ്ഞാനീയങ്ങളിലെന്ന പോലെ മനഃശാസ്ത്രത്തിലും തന്റേതായ മുദ്രകള്‍ ഗസാലി അവശേഷിപ്പിച്ചിട്ടുണ്ട്.
ഇബ്‌നു സീനയെപ്പോലെ തൊഴില്‍ കൊണ്ട് വൈദ്യനല്ലാതിരുന്നിട്ടും ഗസാലി മനഃശാസ്ത്രപരമായ രോഗചികിത്സയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ശുദ്ധ മനഃശാസ്ത്രം മാത്രമല്ല, പ്രയുക്ത മനഃശാസ്ത്രവും ഗസാലിയുടെ വ്യവഹാര മണ്ഡലത്തിലുള്‍പ്പെടുന്നുവെന്നര്‍ഥം.

ശാരീരിക ചോദനകളും മനസ്സും
മനുഷ്യവ്യക്തിത്വം ആധ്യാത്മികവും ശാരീരികവുമായ ഊര്‍ജങ്ങളുടെ ഉദ്ഗ്രഥനഫലമായി രൂപപ്പെടുന്നതാണ്. ഹൃദയത്തെ മനുഷ്യ വ്യക്തിത്വത്തിന്റെ കേന്ദ്രസത്തായി ഗസാലി കാണുന്നു. ആധ്യാത്മികവും മാനസികവുമായ ഗുണങ്ങളെ നിയന്ത്രിക്കുന്ന ജൈവാവയവമായാണ് ഹൃദയത്തെ ഗസാലി കാണുന്നത്. ഈശ്വരോന്മുഖതയാണ് വ്യക്തിത്വത്തിന്റെ ഏറ്റവും ഉന്നതമായ ഭാവം. ഹൃദയം (ഖല്‍ബ്), ആത്മാവ് (റൂഹ്), മനസ്സ് (നഫ്‌സ്), ബുദ്ധി (അഖ്ല്‍) എന്നീ സംപ്രത്യയങ്ങളെ അധികരിച്ചാണ് ഗസാലിയുടെ ചിന്ത വികസിക്കുന്നത്. സത്യാന്വേഷണത്തെ സഹായിക്കുന്ന മാനസികമായ ഇന്ദ്രിയങ്ങളാണിവ. ശാരീരികമായ ആവശ്യങ്ങളുടെ നിര്‍വഹണത്തിന് ശാരീരിക ചോദനകള്‍ ഉള്ളതുപോലെ മാനസികമായ ആവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിനു സഹായിക്കുന്ന മാനസികമായ ചോദനങ്ങളുമുണ്ട്. വിശപ്പും ദ്വേഷവുമാണ് ശാരീരിക ചോദനകളില്‍ മുഖ്യം. വിശപ്പ്, ദാഹം, ലൈംഗിക തൃഷ്ണ തുടങ്ങിയവയെല്ലാം ഇതില്‍ ആദ്യം പറഞ്ഞ വിശപ്പിന്റെ ഗണത്തില്‍ വരുന്നു. പ്രതികാരവാഞ്ഛ, പക, ക്രോധം തുടങ്ങിയവ രണ്ടാമത് പറഞ്ഞ ദ്വേഷത്തിന്റെ ഉപവിഭാഗങ്ങളാകുന്നു. പേശികളിലും ഞരമ്പുകളിലും അനുഭവപ്പെടുന്ന നാഡീ സ്പന്ദനങ്ങളാണ് വിശപ്പിന്റെയും ദാഹത്തിന്റെയും ചോദനകളെ പ്രത്യക്ഷമാക്കുന്നത്. കാഴ്ച, ഗന്ധം, ശ്രവണം, രുചി,സ്പര്‍ശം എന്നീ ശാരീരിക ഇന്ദ്രിയങ്ങള്‍ക്ക് സമാനമായി സാമാന്യബോധം, ഭാവന, ചിന്തനം, സ്മരണ, ഓര്‍മ എന്നിങ്ങനെ അഞ്ച് ആന്തരിക ഇന്ദ്രിയങ്ങളുള്ളതായി ഗസാലി ഉപദര്‍ശിക്കുന്നു. ഈ അഞ്ച് ആന്തരിക ഇന്ദ്രിയങ്ങള്‍ക്കുപരിയായി 'ഖുവ്വത്തുല്‍ ഖയാല്‍', 'ഖുവ്വതുല്‍ വഹ്മ്' എന്നീ മനോ ഇന്ദ്രിയങ്ങളെക്കുറിച്ചും ഗസാലി പരാമര്‍ശിക്കുന്നുണ്ട്. ഒരു വസ്തുവിനെ നോക്കി, കണ്ണടച്ചതിനു ശേഷവും ഓര്‍മയില്‍ ആ വസ്തുവിന്റെ പ്രതിരൂപം തങ്ങിനില്‍ക്കുന്നത് 'ഖയാലി'ന്റെ ഉദാഹരണമാണ്. അമൂര്‍ത്താശയങ്ങളെക്കുറിച്ചുള്ള ധാരണ രൂപപ്പെടുത്താന്‍ സഹായിക്കുന്ന മാനസിക ഇന്ദ്രിയമാണ് ഖുവ്വത്തുല്‍ വഹ്മ്
ചിന്ത(തഫക്കുര്‍)യിലൂടെ ആശയ ചക്രവാളത്തെ സീമാതീതമായി വികസിപ്പിക്കാന്‍ മനുഷ്യനു സാധിക്കുന്നു. പഞ്ചേന്ദ്രിയങ്ങള്‍ വഴി സംലബ്ധമാവുന്ന ജ്ഞാനത്തെ നിലനിര്‍ത്തുന്നത് ഓര്‍മയാണ്. ഇന്ദ്രിയങ്ങള്‍ വഴി ലഭിക്കുന്ന അറിവുകളെ വ്യവച്ഛേദിച്ചു മനസ്സിലാക്കാന്‍ സഹായിക്കുന്ന മനോ-ഇന്ദ്രിയമാണ് സാമാന്യ ബോധം.
പല ആധുനിക മനഃശാസ്ത്രജ്ഞരെയും പോലെ മസ്തിഷ്‌കത്തിന്റെ ഓരോ ഭാഗങ്ങള്‍ ഓരോ ശാരീരിക പ്രവര്‍ത്തനങ്ങളുടെ പ്രഭവ കേന്ദ്രങ്ങളായി ഗസാലിയും കണക്കാക്കിയിരുന്നു. ഓര്‍മ, ഭാവന, ചിന്ത ഇവയെല്ലാം മസ്തിഷ്‌കത്തിന്റെ പ്രത്യേക ഭാഗങ്ങളുടെ പ്രവര്‍ത്തന ഫലമായി സംഭവിക്കുന്നതാണെന്നും ഓരോന്നിന്റെയും നിശ്ചിത സ്ഥാനങ്ങള്‍ ഇന്നവയാണെന്നും അദ്ദേഹം വിശദീകരിച്ചു.

അറിവ്, ബുദ്ധി
അറിവിന് രൂപപരം, അസ്തിത്വപരം എന്നിങ്ങനെ രണ്ട് ഭാവങ്ങളുള്ളതായി ഗസാലി നിരീക്ഷിച്ചു. വസ്തുക്കളുടെയും വസ്തുതകളുടെയും ബാഹ്യവശത്തെക്കുറിച്ച അറിവാണ് രൂപപരമായ അറിവ്. അവയുടെ സാരത്തെ അഥവാ ഉള്ളടക്കത്തെക്കുറിച്ച അറിവാണ് അസ്തിത്വപരമായ അറിവ്. അനുഭവവും ഉള്‍ക്കാഴ്ചയുമാണ് മനുഷ്യന് അറിവ് പ്രദാനം ചെയ്യുന്നത്. അസ്തിത്വപരമായ അറിവിനെ പ്രാതിഭാസികം, ആധ്യാത്മികം എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു. ഭൗതിക ലോകത്തെ സംബന്ധിക്കുന്ന അറിവാണ് പ്രാതിഭാസികമായ അറിവ്. ആധ്യാത്മിക യാഥാര്‍ഥ്യങ്ങളെ സംബന്ധിക്കുന്ന അറിവ് ആധ്യാത്മികമായ അറിവും. ആധ്യാത്മികമായ അറിവാണ് ഏറ്റവും ഉന്നതം. മുകാശഫ അഥവാ ഉള്‍ക്കാഴ്ചയാണ് അതിനടിസ്ഥാനം. ഇത് പ്രതിവ്യക്തി ഭിന്നമായിരിക്കും. ബോധപൂര്‍വവും അനുക്രമവുമായ പരിശീലന(മുജാഹദ)ത്തിലൂടെയും അത് നേടിയെടുക്കാന്‍ സാധിക്കും.
ബുദ്ധി, അറിവിന്റെ വികാസത്തിനുള്ള സാധ്യത തുറന്നിടുന്നു. പക്ഷേ, അതിന് രണ്ട് ഉപാധികളുണ്ട്. ഒന്ന്, ബുദ്ധിവികാസത്തിന് ശാരീരിക വളര്‍ച്ചയുമായി ബന്ധമുണ്ട്. രണ്ട്, ബുദ്ധി സക്രിയമാവാന്‍ ബാഹ്യമായ ഒരു കാരണം അനിവാര്യമാകുന്നു. എല്ലാ ശാസ്ത്രങ്ങളും ബുദ്ധിയില്‍ നിന്നാണ് പിറവികൊള്ളുന്നത്. പുറത്തുനിന്ന് അകത്തേക്കല്ല, അകത്തുനിന്ന് പുറത്തേക്കാണ് അറിവിന്റെ പ്രവാഹം. ഉള്ളിലുള്ള അറിവിനെ സക്രിയമാക്കുമ്പോഴാണ് അറിവ് വികസിക്കുന്നത്. അനുഭവവും ഉള്‍ക്കാഴ്ചയും അറിവിന്റെയെന്ന പോലെ ബുദ്ധിയുടെയും വളര്‍ച്ച ത്വരിതപ്പെടുത്തുന്നു. വസ്തുതകള്‍ ഗ്രഹിക്കുക, സ്വഭാവരൂപവത്കരണത്തിന് മാര്‍ഗദര്‍ശകമാവുക എന്നീ രണ്ട് ഉദ്ദേശ്യങ്ങളാണ് അറിവിനുള്ളതെന്ന പക്ഷമാണ് ഗസാലിയുടേത്.
ബുദ്ധിക്ക് അഥവാ യുക്തിചിന്തക്ക് സൈദ്ധാന്തികം, പ്രായോഗികം എന്നിങ്ങനെ രണ്ടു വശങ്ങളുള്ളതായി ഗസാലി ചൂണ്ടിക്കാണിക്കുന്നു. പ്രാതിഭാസികവും ആധ്യാത്മികവുമായ യാഥാര്‍ഥ്യങ്ങളെക്കുറിച്ചുള്ള അവബോധ രൂപവത്കരണമാണ് ബുദ്ധിയുടെ സൈദ്ധാന്തിക വശം. വസ്തുതകള്‍ മനസിലാക്കുക, പൊതു തത്ത്വങ്ങള്‍ ആവിഷ്‌കരിക്കുക, സംപ്രത്യയങ്ങള്‍ രൂപപ്പെടുത്തുക എന്നിവ ഇതില്‍പെടുന്നു. മൂര്‍ത്തമായതില്‍ നിന്ന് അമൂര്‍ത്തമായതിലേക്കാണ് ഇതിന്റെ വളര്‍ച്ച. ഈ സൈദ്ധാന്തിക യുക്തിചിന്തനമാണ് അലൗകിക യാഥാര്‍ഥ്യങ്ങളെക്കുറിച്ചും ദൈവത്തെക്കുറിച്ചുമുള്ള അറിവിന്റെ ഉറവിടം. സൈദ്ധാന്തിക യുക്തി ചിന്തനത്തിന്റെ അത്യുന്നതമായ തലമാണ് ഉള്‍ക്കാഴ്ച. വിവിധ ശാസ്ത്രങ്ങള്‍ക്ക് ജന്മം നല്‍കിയിട്ടുള്ളത് സൈദ്ധാന്തിക യുക്തിചിന്തനമാണ്.

ആത്മാവ്
മനുഷ്യന് പ്രാണന്‍, ആത്മാവ് എന്നീ രണ്ട് സംഗതികള്‍ ഉണ്ടെന്ന് ഗസാലി പറയുന്നു. പ്രാണന്‍ എല്ലാ ജീവികള്‍ക്കുമുണ്ട്. 'റൂഹുല്‍ ഹയവാനി' (ജീവാത്മാവ്) എന്നാണ് ജീവനെ ഗസാലി വിശേഷിപ്പിക്കുന്നത്. എല്ലാ ജീവികള്‍ക്കുമെന്നപോലെ മനുഷ്യനും ഇതുണ്ട്. എന്നാല്‍, ഇതര ജീവികളില്‍ നിന്ന് വിഭിന്നമായി മനുഷ്യനു മാത്രമുള്ളതാണ് റൂഹുല്‍ ഇന്‍സാനിയ്യ അഥവാ മനുഷ്യാത്മാവ്. വിളക്ക്, തീനാളം, വെളിച്ചം എന്നിവ തമ്മിലുള്ള ബന്ധം എടുത്തുകാട്ടിയാണ് ഗസാലി ഇത് വിശദീകരിക്കുന്നത്. വിളക്ക് ശരീരവും, തീനാളം ജീവനുമാണെങ്കില്‍ വെൡം ആത്മാവാണ്. തീനാളം കെട്ടുപോവുന്നത് മരണത്തിനു തുല്യമാകുന്നു. വിളക്ക് കെടുന്നതോടെ ഇല്ലാതാവുന്നത് ജ്വാല മാത്രമല്ല വെളിച്ചംകൂടിയാണ്. ജ്വാല അണഞ്ഞാലും അവശേഷിക്കുന്ന വെളിച്ചത്തെ സങ്കല്‍പിച്ചാല്‍ ആത്മാവിന്റെ യാഥാര്‍ഥ്യം ഗ്രഹിക്കാനാവുമെന്ന് ഗസാലി പ്രസ്താവിക്കുന്നു.
നിരന്തരമായ പരിശീലനത്തിലൂടെ മനുഷ്യാത്മാവിന് പരിപൂര്‍ണത പ്രാപിക്കാന്‍ സാധിക്കും. വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ തരണംചെയ്തുവേണം പരിപൂര്‍ണതയിലെത്താന്‍.
വൈകാരികം (മഹ്ബൂബാത്ത്), ഭാവനാത്മകം (മുതഖയ്യലാത്), ബുദ്ധിപരം (മഅ്ഖൂലാത്) എന്നീ ഘട്ടങ്ങള്‍ പിന്നിട്ട് ദൈവിക(ഇലാഹീ)മായ ഗുണങ്ങളാര്‍ജിച്ചാണ് ആത്മാവ് പൂര്‍ണത കൈവരിക്കുന്നത്. ഈ ഓരോ ഘട്ടത്തെയും ചില ഉദാഹരണങ്ങളിലൂടെ അദ്ദേഹം വിശദീകരിക്കുന്നുണ്ട്.
വിളക്കത്ത് ചെന്നു വീഴുന്ന പാറ്റയുടേത് വൈകാരികാവസ്ഥയുടെ ഉദാഹരണമാണ്. ഒരിക്കല്‍ അടികിട്ടിയാല്‍ പിന്നീട് വടി കാണുമ്പോള്‍ ഓടിപ്പോവുന്ന ചെറുമൃഗത്തിന്റെ അവസ്ഥക്ക് തുല്യമാണ് ഭാവനാത്മകമായ അവസ്ഥ.
സിംഹത്തെ കാണുമ്പോള്‍ ഭയപ്പെട്ട് രക്ഷപ്പെടുകയും ഒട്ടകത്തെ കാണുമ്പോള്‍ ഭയപ്പെടാതിരിക്കുകയും ചെയ്യുന്ന കുതിരയുടേതിനു സമാനമാണ് മൂന്നാമത് പറഞ്ഞ ജന്മവാസനാപരമായ അവസ്ഥ. ഇതിന്റെ അടുത്ത ഘട്ടമാണ് ബുദ്ധിപരമായ അവസ്ഥ. യുക്തിപരമായി ചിന്തിക്കാനും തെറ്റും ശരിയും മനസ്സിലാക്കാനും കഴിയുന്ന അവസ്ഥയാണിത്. മൃഗങ്ങള്‍ക്കിതില്ല. ഇപ്പറഞ്ഞ അവസ്ഥകള്‍ക്കെല്ലാം അപ്പുറമുള്ളതാണ് ഇന്ദ്രിയാതീതമായ കാര്യങ്ങള്‍ ഗ്രഹിക്കാന്‍ മനുഷ്യനെ പ്രാപ്തനാക്കുന്ന ദൈവികമായ അവസ്ഥ. എന്നാല്‍, ഈ അവസ്ഥ എല്ലാ മനുഷ്യര്‍ക്കും പ്രാപിക്കാന്‍ സാധിക്കുന്നതല്ല. മറിച്ച് പ്രവാചകന്മാര്‍ക്കും ഈശ്വരജ്ഞാനികളായ പുണ്യാത്മാക്കള്‍ക്കും മാത്രം സാധിക്കുന്നതാണ്. ആത്മീയ രഹസ്യങ്ങള്‍ വെളിപ്പെട്ടു കിട്ടുന്നത് ഈ അവസ്ഥയിലാണ്.
ആത്മാവിന്റെ മൂന്ന് അവസ്ഥകള്‍
ഖുര്‍ആനില്‍ നിന്ന് ആത്മാവിന്റെ മൂന്ന് അവസ്ഥകള്‍ ഗസാലി നിര്‍ധാരണം ചെയ്‌തെടുത്തിട്ടുണ്ട്.
ഒന്ന്, അന്നഫ്‌സുല്‍ മുത്വ്മഇന്ന അഥവാ സംതൃപ്തമായ ആത്മാവ്. ആത്മാവ് പൂര്‍ണമായ വിശ്രാന്തി അനുഭവിക്കുന്ന അവസ്ഥയാണിത്. സമതുലിതാവസ്ഥയെ തകര്‍ക്കുന്ന പൈശാചികത, വിദ്വേഷം, ആസക്തി എന്നിവ ഉയര്‍ത്തുന്ന കലാപങ്ങളെ ബുദ്ധി ഉപയോഗിച്ച് മറികടക്കുകയും ഈ വക വികാരങ്ങള്‍ക്ക് പകരമായി ദൈവിക ഗുണങ്ങളെ സ്ഥായിയായി സ്ഥാപിക്കുകയും ചെയ്യുമ്പോഴാണ് ആത്മാവിന് സംതൃപ്തിയുടെ അനുഭവമുണ്ടാവുക. ജന്തുസഹജവും പൈശാചികവുമായ വാസനകളെ ദുര്‍ബലമാക്കി കീഴൊതുക്കുകയും സാത്വിക ഗുണങ്ങളെ സ്വാംശീകരിച്ച് സ്വന്തമാക്കുകയും ചെയ്യുമ്പോള്‍ ആത്മാവ് സംതൃപ്തമായിത്തീരുന്നു.
രണ്ട്, അന്നഫ്‌സുല്‍ അമ്മാറ അഥവാ ദുഷ്‌പ്രേരണക്ക് വശംവദമാകുന്ന ആത്മാവ്. ജന്തുസഹജമായ വാസനകള്‍ ബുദ്ധിയുമായി കലഹിച്ച് സ്വന്തം ആധിപത്യം ഉറപ്പിക്കുന്ന അവസ്ഥയാണിത്. പൈശാചിക പ്രേരണയാല്‍ തിന്മ നന്മയെ അതിജയിക്കുന്നു. യുക്തിബോധം ആസക്തികള്‍ക്ക് വഴിമാറിക്കൊടുക്കുകയും കാമ, ക്രോധാദി വികാരങ്ങള്‍ മുന്‍തൂക്കം നേടുകയും ചെയ്യുന്നു.
മൂന്ന്, അന്നഫ്‌സുല്ലവ്വാമ അഥവാ ശാസിക്കുന്ന ആത്മാവ്. പൈശാചിക പ്രേരണകളുമായി കലഹിക്കുന്ന ആത്മാവിന്റെ അവസ്ഥയാണിത്. തിന്മയെ തോല്‍പിക്കാന്‍ നന്മ നടത്തുന്ന വെമ്പലിനെയാണ് ഇതടയാളപ്പെടുത്തുന്നത്. മനുഷ്യ മനസ്സില്‍ തിന്മയും നന്മയും തമ്മില്‍ നടക്കുന്ന സംഘട്ടനത്തിലേക്ക് ഇത് വിരല്‍ ചൂണ്ടുന്നു. അന്നഫ്‌സുല്‍ അമ്മാറയില്‍നിന്ന് അന്നഫ്‌സുല്‍ മുത്വ്മഇന്നയിലേക്കുള്ള അവസ്ഥാന്തരത്തിന്റെ നോവാണ് അന്നഫ്‌സുല്ലവ്വാമ അനുഭവിക്കുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ തമോഗുണവും സാത്വിക ഗുണവും തമ്മില്‍ മനസ്സില്‍ നടത്തുന്ന വടംവലി കാരണമായി ആത്മാവിനനുഭവപ്പെട്ട ഒരവസ്ഥാവിശേഷമാകുന്നു ശാസനാവസ്ഥ.
പൈശാചിക പ്രലോഭനങ്ങളുടെയും ദൈവിക ഗുണങ്ങളുടെയും പോര്‍നിലമായാണ് ഗസാലി മനുഷ്യ മനസ്സിനെ കാണുന്നത്. പൂര്‍ണമായ ദൈവിക സാക്ഷാത്കാരത്തിലേക്കുള്ള പ്രയാണത്തിന് കരുത്തു പകരുന്നത് ഈ ആന്തരിക സമരമാണ്. ജന്തുസഹജമായ ജന്മവാസനകള്‍ക്കനുസരിച്ചു മാത്രം ജീവിക്കുന്ന മൃഗങ്ങളുടെയോ വിശുദ്ധരായി മാത്രം സൃഷ്ടിക്കപ്പെട്ട മാലാഖമാരുടെയോ അവസ്ഥയല്ല മനുഷ്യന്റേത്. ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാനുള്ള ഇച്ഛാ സ്വാതന്ത്ര്യം മനുഷ്യനുണ്ട്. ബുദ്ധിയോടൊപ്പം ഇച്ഛയും മനുഷ്യനില്‍ സക്രിയമാണ്. അറിവും ബുദ്ധിയും ഉപയോഗിച്ച് ഇച്ഛയെ നിയന്ത്രിച്ചുവേണം മനസ്സിനെ സാത്വികവഴിയില്‍ നടത്താന്‍. അറിവു സമ്പാദിക്കാനുള്ള ആഗ്രഹം പുറത്തുനിന്ന് അടിച്ചേല്‍പിക്കാന്‍ കഴിയുന്നതല്ല. ഉള്ളില്‍നിന്നുതന്നെ വരേണ്ടതാണത്. ആത്മാവില്‍ അന്തഃസ്ഥമായ ദൈവിക ചൈതന്യം ഉണരുമ്പോഴാണ് അറിവു നേടാനുള്ള ആഗ്രഹം ജനിക്കുന്നത്.

ശരീരവും മനസ്സും
ശരിയായ ജ്ഞാനം നേടുക എന്നതാണ് മനുഷ്യജീവിതത്തിന്റെ പ്രധാന ധര്‍മം എന്ന് ഗസാലി കരുതുന്നു. എങ്കിലേ, സൃഷ്ടിപ്പിന്റെ പരമ ലക്ഷ്യമായി അല്ലാഹു പ്രഖ്യാപിച്ച ആരാധന കുറ്റമറ്റരീതിയില്‍ നിര്‍വഹിക്കാനാവുകയുള്ളൂ. ശരിയായ ജ്ഞാനമാണ് ഈശ്വരാനുരാഗം ഉണ്ടാക്കുന്നത്. എന്നാല്‍, ശാരീരികമായ സംവേദനേന്ദ്രിയങ്ങള്‍ വഴിയാണ് ജ്ഞാനം സമ്പാദിക്കാന്‍ കഴിയുക എന്നതിനാല്‍ ശരീരത്തിന്റെയും മനസ്സിന്റെയും സുസ്ഥിതി ഉറപ്പുവരുത്താന്‍ മനുഷ്യന്‍ ബാധ്യസ്ഥനാണ്. ശാരീരികാവശ്യങ്ങള്‍ ലളിതമാണ്. അവ എളുപ്പത്തില്‍ നിറവേറ്റാന്‍ സാധിക്കും. ശാരീരികാവശ്യങ്ങളെ പരിധിവിട്ട് താലോലിക്കുന്നത് ഭൗതിക പ്രമുഖത ഉണ്ടാക്കുകയും മനുഷ്യനെ വെറും ലൗകിക ജീവിയായി തരംതാഴ്ത്തുകയും ചെയ്യുന്നു. ഭോഗ, ഭോജനാദി ശാരീരിക ആവശ്യങ്ങളെ ബുദ്ധിപൂര്‍വകമായി കൈകാര്യം ചെയ്യണം. അല്ലാത്ത പക്ഷം മനസ്സിന്റെ മേല്‍ അവ മേല്‍ക്കൈ നേടുകയും ആത്മീയമായ ജീര്‍ണതയിലേക്ക് അത് നയിക്കുകയും ചെയ്യും.
ആത്മീയോല്‍ക്കര്‍ഷം നേടുക എന്നതാണ് ജീവിതോദ്ദേശ്യം എന്നതിനാല്‍ പടിപടിയായ മാനസിക സംസ്‌കരണം അനിവാര്യമാകുന്നു. ഈശ്വരാനുരാഗം എന്ന സ്വത്വഗുണപാരമ്യത്തിലേക്ക് എത്തിച്ചേരുന്നതിന് വിവിധ മാനസികശേഷികള്‍ ആര്‍ജിക്കേണ്ടതുണ്ട്. അല്‍ മുന്‍ജിയാത്ത് (രക്ഷക ഗുണങ്ങള്‍), അല്‍ ഫദാഇല്‍ (ശ്രേഷ്ഠ ഗുണങ്ങള്‍) എന്നിവയാണ് ധാര്‍മികോന്നമനത്തെ സഹായിക്കുന്ന മാനസിക ശേഷികള്‍.വിനാശകരങ്ങളായ തമോ ഗുണങ്ങള്‍ക്കെതിരെ പോരാടാനുള്ള ധാര്‍മിക ധീരത സ്വായത്തമാക്കാന്‍ ഈ മാനസിക ശേഷികളെ ബോധപൂര്‍വം പോഷിപ്പിക്കേണ്ടിയിരിക്കുന്നു.
രൂപം (ഖല്‍ഖ്), സ്വഭാവം (ഖുല്‍ഖ്) എന്നീ രണ്ട് ഭാവങ്ങള്‍ ചേര്‍ന്നതാണ് മനുഷ്യ വ്യക്തിത്വം എന്ന് ഗസാലി നിരീക്ഷിക്കുന്നു. ഖുല്‍ഖ് അഥവാ സ്വഭാവമാണ് മനുഷ്യന് ആധ്യാത്മികാഭിമുഖ്യം നല്‍കുന്ന ഘടകം. ഏതൊരു മനുഷ്യ  വ്യക്തിയുടെയും അനിച്ഛാപൂര്‍വകമോ അബോധപരമോ ആയ പ്രവര്‍ത്തനങ്ങളുടെ സ്രോതസ്സിനെയാണ് ആ വ്യക്തിയുടെ സ്വഭാവം അഥവാ ഖുല്‍ഖ് എന്നു പറയുന്നത്. അതായത്, ഒരു പ്രശ്‌നത്തോടുള്ള ഒരാളുടെ പെട്ടെന്നുണ്ടാവുന്ന ആദ്യ പ്രതികരണം അയാളുടെ മൗലിക സ്വഭാവത്തെ പ്രത്യക്ഷപ്പെടുത്തുന്നു. അത് നല്ലതോ ചീത്തയോ ആവാം. നല്ലതിനെ നിലനിര്‍ത്തുകയും ചീത്തയെ ത്യജിക്കുകയും ചെയ്യലാണ് സ്വഭാവ സംസ്‌കരണം. എന്നാല്‍, ഒരാളുടെ എല്ലാ സ്വഭാവങ്ങളും അയാളുടെ പ്രവൃത്തിയിലൂടെ വെളിപ്പെട്ടുകൊള്ളണമെന്നില്ല. തന്റെ സ്വഭാവം വെളിപ്പെടുത്താനുതകുന്ന പ്രവര്‍ത്തനാവസരങ്ങള്‍ ലഭിച്ചുകൊള്ളണമെന്നുമില്ല. ദരിദ്രനായ ഒരാള്‍ എത്ര ഉദാരമതിയാണെങ്കിലും ദാനം എന്ന പ്രവൃത്തിയിലൂടെ തന്റെ ഉദാരത വെളിപ്പെടുത്താന്‍ അവസരം കിട്ടിയെന്നു വരില്ല. യഥാര്‍ഥത്തില്‍ ഉദാരനല്ലാത്ത ഒരാള്‍ മറ്റേന്തോ കാര്യസാധ്യത്തിനു വേണ്ടി ഉദാരത നടിച്ചു പണം ചെലവഴിച്ചേക്കാം. അതിനാല്‍, ഒരാളുടെ പ്രവൃത്തി മാത്രം നോക്കി അയാളുടെ സ്വഭാവം ഇന്നതാണെന്നു പ്രസ്താവിക്കാന്‍ സാധ്യമല്ല. പ്രത്യക്ഷത്തില്‍ കാണുന്ന പ്രവൃത്തിയെ മാത്രം ആധാരമാക്കി ഒരാളുടെ സ്വഭാവം നല്ലതാണോ ചീത്തയാണോ എന്ന് വിധിയെഴുതാന്‍ പറ്റുകയില്ല എന്നര്‍ഥം. പ്രവൃത്തിയുടെ ചേതോവികാരം അറിഞ്ഞെങ്കിലേ സ്വഭാവത്തെ ശരിയായി വിലയിരുത്താന്‍ സാധിക്കുകയുള്ളൂ.
മാനസികവും ആത്മീയവുമായ രോഗങ്ങള്‍
ഗസാലിയുടെ വീക്ഷണത്തില്‍ മനുഷ്യന്റെ ശാരീരികവും മാനസികവുമായ സമസ്ത ശേഷികളും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് സ്രഷ്ടാവിനെ അറിഞ്ഞ്, വിശ്വസിച്ച് ആരാധിക്കുക എന്ന ഏക ഉദ്ദേശ്യത്തോടുകൂടിയാണ്. ഈ ലക്ഷ്യത്തില്‍ എത്തിച്ചേരാന്‍ കഴിയാതെയിരിക്കുന്നതിനെ മാനസികമായ വൈകല്യമായാണ് അദ്ദേഹം കാണുന്നത്. അജ്ഞത രോഗമാണ്. ജ്ഞാനമാണ് അതിനുള്ള ചികിത്സ. ശാരീരിക രോഗങ്ങള്‍ ചികിത്സച്ചു ഭേദമാക്കുക താരതമ്യേന എളുപ്പമാണ്. സ്വഭാവത്തെ കളങ്കപ്പെടുത്തുകയും ഈശ്വരോന്മുഖതയില്‍ നിന്ന് മനസ്സിനെ വ്യതിചലിപ്പിക്കുകയും ചെയ്യുന്ന ആത്മീയ രോഗങ്ങളെ കൂടുതല്‍ ഗൗരവമായി കാണേണ്ടതുണ്ട്. വിവിധതരം ആത്മീയ രോഗങ്ങളും അവ ചികിത്സിക്കേണ്ട വിധവും ഗസാലി വിശദീകരിച്ചിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ട ചിലത് താഴെ ചേര്‍ക്കുന്നു
ഒന്ന്, അജ്ഞത അഥവാ ജഹ്‌ല്. എല്ലാ രോഗങ്ങളുടെയും മൂലകാരണം അജ്ഞതയാണ്. അജ്ഞത ഹൃദയത്തെ തമോമയമാക്കുന്നു. ദൈവിക പ്രകാശം ഹൃദയത്തില്‍ പ്രവേശിക്കുന്നതിനുള്ള തടസ്സം അജ്ഞതയാണ്. ഈ രോഗം പിടിപെട്ട ആള്‍ക്ക് സത്യദര്‍ശനം സാധ്യമാവുകയില്ല. അത് യുക്തിയുടെ ശത്രുവാകുന്നു. അജ്ഞത ചിന്താശേഷിയെ നശിപ്പിക്കും. ചിന്തിക്കാനുള്ള കഴിവ് നഷ്ടപ്പെടുത്തുവോളം ഒരാളെ അജ്ഞത ബാധിച്ചാല്‍ അയാളെ രക്ഷപ്പെടുത്തുക സാധ്യമല്ല. സര്‍വ നാശമാണ് അയാളുടെ വിധി.
രണ്ട്, കൊതി അഥവാ ആമാല്‍. അജ്ഞത മൂലമാണ് മനുഷ്യന്‍ കൊതികളുടെ അഥവാ ആഗ്രഹങ്ങളുടെ തടവില്‍ പെടുന്നത്. ആഗ്രഹങ്ങള്‍ പെരുകുന്തോറും മനുഷ്യന്‍ സ്വാര്‍ഥത്തിനടിമപ്പെടുന്നു. കൊതിച്ച സംഗതികള്‍ സ്വന്തമാക്കുന്നതിന് ഏത് ഹീന വൃത്തിയില്‍ ഏര്‍പ്പെടുന്നതിനും കൊതിക്കടിപ്പെട്ടവന്‍ തുനിയാതിരിക്കുകയില്ല. കൊതി പലപ്പോഴും പരവിദ്വേഷത്തിലേക്ക് നയിക്കും. കൊലപാതകം വരെ അത് ചെന്നെത്തുകയും ചെയ്യും.
മൂന്ന്, തന്നിഷ്ടം അഥവാ ഹവാ. ഗുരുതരമായ ഒരാധ്യാത്മിക രോഗവും മനോവൈകല്യവുമാണിത്. മറ്റു പല ആധ്യാത്മിക രോഗങ്ങള്‍ക്കും മനോവൈകല്യങ്ങള്‍ക്കും ഇത് കാരണമാവുന്നു. നന്മകളുടെ വേരറുക്കുന്നതാണ് തന്നിഷ്ടം. തന്നിഷ്ടം താന്‍പോരിമയായി വളരുകയും ദുര്‍വൃത്തികളിലേക്ക് നയിക്കുകയും ചെയ്യുന്നു. സ്വാഭീഷ്ടത്തിനല്ലാതെ മറ്റൊന്നിനും ഈ രോഗത്തിന്നടിപ്പെട്ടവര്‍ വഴങ്ങുകയില്ല.
നാല്, സംശയരോഗം അഥവാ വസ്‌വാസ്. താന്‍ ചെയ്തത് ശരിയായോ താന്‍ ശരിയായ വഴിയിലാണോ എന്നൊക്കെയുള്ള സംശയങ്ങളാണിതിന് അടിസ്ഥാനം. മാനസികമായ ഉറപ്പില്ലായ്മയെയാണിത് സൂചിപ്പിക്കുന്നത്. നിരന്തരമായ സംശയം ഉള്‍ക്കാഴ്ചയെ നഷ്ടപ്പെടുത്തും. സംശയരോഗി സദാ അങ്കലാപ്പിലായിരിക്കും. ക്രമേണ അയാള്‍ വിഷാദ രോഗത്തിനടിപ്പെടുന്നു. വിഷാദം മൂത്ത് ചിത്തഭ്രമം വരെ സംഭവിക്കാം.
അഞ്ച്, അസൂയ അഥവാ ഹസദ്. അത്യധികം മാരകമായ ഒരാത്മീയരോഗമാണിത്. മനസ്സിനെ മുഴുവന്‍ കാര്‍ന്നു തിന്നുന്ന അസൂയ ശരീരത്തെയും ചിലപ്പോള്‍ എരിച്ചുകളയും. കുഷ്ഠം പോലെയാണ് അസൂയ എന്ന് ഗസാലി പറയുന്നു. മറ്റുള്ളവര്‍ക്ക് നന്മ കൈവരുന്നതിലുള്ള അസഹ്യതയും കണ്ണുകടിയുമാണ് അസൂയക്ക് നിമിത്തം. ഇവര്‍ക്ക് തങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തിന് രുചി തോന്നുകയില്ല. ദൈവേച്ഛയിലും വിധിയിലുമുള്ള വിശ്വാസം നഷ്ടപ്പെടുകവഴി ഇവര്‍ ദൈവനിഷേധത്തിലേക്ക് നയിക്കപ്പെടുന്നു.

മനഃസംസ്‌കരണം
മനുഷ്യസ്വഭാവം സ്ഥായിയല്ലെന്നും പരിശീലനത്തിലൂടെ അത് മാറ്റുക സാധ്യമാണെന്നും ഗസാലി ചൂണ്ടിക്കാണിക്കുന്നു. ഖുല്‍ഖ് അഥവാ സ്വഭാവം അകത്തുള്ളതിന്റെ വെളിപ്പെടുത്തലാണ്. അതിനാല്‍, അകം നന്നായെങ്കിലേ പുറം നന്നാകൂ. മനുഷ്യന് ഇച്ഛാ സ്വാതന്ത്ര്യം നല്‍കപ്പെട്ടിട്ടുള്ളതിനാല്‍ അകം നന്നാക്കി സ്വഭാവം മെച്ചപ്പെടുത്താന്‍ മനുഷ്യനു സാധിക്കും. മനഃസംസ്‌കരണം അസാധ്യമായ ഒന്നാണെങ്കില്‍ മതപരമായ വിധിവിലക്കുകള്‍ക്ക് അര്‍ഥമില്ലാതാവും.
മനഃസംസ്‌കരണമാണ് സ്വഭാവസംസ്‌കരണത്തിനടിസ്ഥാനം. മനസിന്റെ ആഭിമുഖ്യങ്ങളെ തീര്‍ത്തും മാറ്റാന്‍ സാധിച്ചുകൊള്ളണമെന്നില്ലെങ്കിലും വലിയൊരു പരിധിവരെ സംസ്‌കരിക്കാന്‍ സാധിക്കും. സംസ്‌കരണത്തെ രണ്ടു സംഗതികള്‍ തടസ്സപ്പെടുത്താം എന്ന് ഗസാലി പറയുന്നു.
ഒന്ന്, ചില വ്യക്തികളില്‍ കാണുന്ന അതിശക്തമായ പാരമ്പര്യ വാസനകള്‍.
രണ്ട്, മുന്‍കാലത്ത് ചില പ്രത്യേക വികാരങ്ങള്‍ക്ക് അമിതമായി വഴങ്ങിക്കൊടുത്തതിനാല്‍ ഉറച്ചുപോയ ശീലങ്ങള്‍.
ആധ്യാത്മികമായി മനുഷ്യന് എത്തിച്ചേരാവുന്ന ഉയര്‍ച്ചക്ക് പരിമിതികളുണ്ട്. തടസ്സങ്ങളെ മറികടന്ന് മുന്നേറാനുള്ള സാധ്യത ഓരോരുത്തരുടെയും മാനസിക ശേഷിയെ ആശ്രയിച്ചാണിരിക്കുന്നത്. നല്ലതും ചീത്തയും തമ്മില്‍ തിരിച്ചറിയാനുള്ള വിജ്ഞാനമോ വിവേകമോ ഇല്ലാത്ത ആളുകളെ പരിവര്‍ത്തിപ്പിക്കുക എളുപ്പമാണെന്നാണ് ഗസാലിയുടെ പക്ഷം. സാധാരണ സുഖഭോഗങ്ങളില്‍ മാത്രം ജീവിതസായൂജ്യം കണ്ടെത്തുന്ന ഇക്കൂട്ടര്‍ക്ക് ശരിയായ ലക്ഷ്യബോധം നല്‍കിക്കഴിഞ്ഞാല്‍ സ്വയം പ്രേരിതരായി അവര്‍ നന്മയുടെ വഴിയില്‍ പ്രവേശിക്കും.
നന്മ തിന്മകളെക്കുറിച്ചുള്ള അറിവും ബോധവും ഉണ്ടായിരിക്കുകയും എന്നാല്‍ പ്രലോഭനങ്ങള്‍ക്കടിപ്പെട്ട് തിന്മയുടെ വഴി തെരഞ്ഞെടുക്കുന്ന ആളുകളുമുണ്ട്. അറിവില്ലാത്തതുകൊണ്ടല്ല ഇവര്‍ തെറ്റു ചെയ്യുന്നത്. സ്വഭാവ പരിവര്‍ത്തനം വരുത്തിയാല്‍ ഇവരെയും നന്മയുടെ വഴിയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധിക്കും. തെറ്റായ ശീലങ്ങള്‍ ത്യജിക്കാനും ശരിയായ ശീലങ്ങള്‍ വരിക്കാനുമുള്ള പരിശീലനം ഇവര്‍ക്കാവശ്യമാണ്.
ബോധപൂര്‍വം തിന്മയുടെ വഴി തെരഞ്ഞെടുക്കുകയും അതാണ് ശരി എന്ന് വിശ്വസിച്ചുകൊണ്ട് അതില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുന്നവരെ മാറ്റുക അസാധ്യമല്ലെങ്കിലും അതീവ ദുഷ്‌കരമാണ്. സത്യം എന്താണെന്ന് അറിവില്ലാത്തവരാണിവര്‍. എന്നാല്‍, തങ്ങള്‍ക്കറിവില്ല എന്ന് അവര്‍ അറിയുന്നുമില്ല. വിവരക്കേടിനെ വിവരമായി കാണുന്നതാണ് ഇവരുടെ കുഴപ്പം.
തങ്ങളുടെ ദുര്‍വൃത്തികളില്‍ അഭിമാനിക്കുകയും ബോധപൂര്‍വം ജനങ്ങളെ വഴിതെറ്റിക്കുകയും ചെയ്യുന്ന ചിലരുണ്ട്. അവരെ ദൈവം തന്നെ മാറ്റേണ്ടിയിരിക്കുന്നു.
ഈശ്വരാരാധന, ഈശ്വരസ്മരണ, ഉപവാസം, ദാനം, ഖുര്‍ആന്‍ പാരായണം, കൃതജ്ഞതാപാലനം എന്നിവ വഴി വ്യക്തിക്ക് തന്റെ മനോഭാവത്തെ ഗുണപരമായി സ്വാധീനിക്കാന്‍ സാധിക്കും. തിന്മയുടെ സ്വാധീനങ്ങളില്‍ നിന്ന് മനസ്സിനെ മുക്തമാക്കാന്‍ സാധിക്കും. മനസ് നിര്‍മലമാവുന്നതോടെ ദിവ്യചൈതന്യം സ്വീകരിക്കാനും പ്രതിഫലിപ്പിക്കാനും സാധിക്കുന്ന അവസ്ഥയിലെത്തും. കണ്ണാടിയുടെ ഉപമയിലൂടെയാണ് ഗസാലി ഈ ആശയം വിശദീകരിക്കുന്നത്. കറ പുരണ്ട കണ്ണാടിക്ക് വെളിച്ചം സ്വീകരിക്കാനോ പ്രതിഫലിപ്പിക്കാനോ ആവുകയില്ല. കറകളെല്ലാം കഴുകി തെളിച്ചം വരുത്തിയ കണ്ണാടിക്ക് വെളിച്ചം സ്വീകരിക്കാനും പ്രതിഫലിപ്പിക്കാനും സാധിക്കും. ഇതാകുന്നു മനുഷ്യമനസിന്റെ അവസ്ഥയും.

മനോവൈകല്യങ്ങള്‍ക്കുള്ള ചികിത്സ
വൈരുധ്യങ്ങളുടെ സംഘര്‍ഷമാണ് മനുഷ്യമനസിനെ കലുഷമാക്കുന്നതെന്ന് നിരീക്ഷിച്ച ഗസാലി വൈരുധ്യങ്ങളില്ലാതാക്കി മനസിന് ശാന്തത കൈവരുത്തുകയാണ് മനോവൈകല്യങ്ങള്‍ക്കുള്ള ശരിയായ ചികിത്സ എന്നഭിപ്രായപ്പെട്ടു. ചിന്തയും പ്രവൃത്തിയും സമന്വയിപ്പിച്ചുവേണം ഇതു സാധിക്കാന്‍.
അടിച്ചമര്‍ത്തപ്പെടുന്ന അഭിലാഷങ്ങള്‍ അബോധമനസ്സില്‍ അടിഞ്ഞുകൂടുന്നതിന്റെ ഫലമായാണ് വൈരുധ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ഉടലെടുക്കുന്നത്. മാനസികമായ അസ്വസ്ഥതയായി ഇത് പ്രത്യക്ഷപ്പെടുന്നു. ഈ അസ്വാസ്ഥ്യം ഇല്ലാതാക്കാന്‍ ഫലപ്രദമായ ഒരു ചികിത്സാ രീതിയും ഗസാലി നിര്‍ദേശിക്കുന്നുണ്ട്. മനസില്‍ രൂപപ്പെടുന്ന ഒരു വൈരുധ്യത്തെ അതിനെതിരായ മറ്റൊരു വൈരുധ്യം സങ്കല്‍പിച്ച് നിര്‍വീര്യമാക്കുന്നതാണ് ഈ രീതി. എതിര്‍ വൈരുധ്യത്തെ ഭാവനയിലൂടെ ഉദ്ദീപിപ്പിച്ചു ബലപ്പെടുത്തുകയും തദനുസൃതമായ ചേഷ്ടകളില്‍ ഏര്‍പ്പെടുന്നതായി ഭാവിക്കുകയും അവയെ മനോചിത്രങ്ങളായി പരിവര്‍ത്തിപ്പിച്ച് അബോധ മനസില്‍ ആദ്യം രൂപപ്പെട്ട വൈരുധ്യത്തെ  നിര്‍വീര്യമാക്കുകയുമാണ് ഈ ചികിത്സാ രീതിയില്‍ ചെയ്യുന്നത് (ആധുനിക ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാമില്‍ വിഷ്വലൈസേഷന്‍ എന്ന പേരില്‍ ഈ സങ്കേതം ഉപയോഗപ്പെടുത്തിവരുന്നത് അത്ഭുതകരമായ ഒരു സാമ്യമാണ്). ഉദാഹരണമായി ഒരാളോട് കലശലായ ദേഷ്യം തോന്നുന്നു എന്നു വിചാരിക്കുക. ഈ ദേഷ്യം ഇല്ലാതാക്കാന്‍ ദേഷ്യത്തിന്റെ എതിര്‍ വികാരമായ സ്‌നേഹം ആ വ്യക്തിയോടു തോന്നുന്നതായി സങ്കല്‍പിക്കുക. അയാളുമായി സ്‌നേഹ സല്ലാപത്തിലേര്‍പ്പെടുന്നതും മറ്റു രീതികളില്‍ സ്‌നേഹം പ്രകടിപ്പിക്കുന്നതുമെല്ലാം ഭാവനയില്‍ കാണുകയും അതിനനുസരിച്ചുള്ള ശാരീരിക ചേഷ്ടകളില്‍ ഏര്‍പ്പെടുന്നതായി ഭാവിക്കുകയും ചെയ്യുക. ഇതാവര്‍ത്തിക്കുന്നതിലൂടെ മനസ്സില്‍ നിന്ന് വെറുപ്പ് ഒഴിഞ്ഞുപോകും. എന്തെങ്കിലും വസ്തുവിനോടുള്ള ഭയവും ഇങ്ങനെ ഇല്ലാതാക്കാം. അബോധ മനസില്‍ നിക്ഷേപിക്കപ്പെട്ട എന്തോ സംഭവമാകാം പ്രസ്തുത വസ്തുവിനോടുള്ള ഭയത്തിനാധാരം. അബോധത്തിലെ ഈ ഭയമാണ് മനസിന്റെ സ്വാസ്ഥ്യം കെടുത്തുന്നത്.  അതിനാല്‍ അബോധമനസില്‍നിന്ന് ഭയത്തെ എടുത്തു പുറത്തുകളഞ്ഞെങ്കിലേ മനഃസ്വാസ്ഥ്യം വീണ്ടെടുക്കാനാവുകയുള്ളൂ. അതിനുള്ള മാര്‍ഗം ആ വസ്തുവിനെ ഭയമില്ലാതിരിക്കുന്ന അവസ്ഥയെ മനസില്‍ സൃഷ്ടിക്കുക എന്നതാണ്. ആ വസ്തുവുമായി ഭയമില്ലാതെ ഇടപെടുന്ന രംഗങ്ങള്‍ മനസില്‍ കാണുകയും അതിനനുസരിച്ചുള്ള ശാരീരിക ചേഷ്ടകളില്‍ ഏര്‍പ്പെടുന്നതായി സങ്കല്‍പിക്കുകയും ചെയ്യുന്നതോടെ അബോധമനസില്‍ പാകപ്പെട്ടിട്ടുള്ള ഭയത്തിന്റെ വിത്ത് അപ്രത്യക്ഷമാകുന്നു. വിദ്വേഷം, അസൂയ, ആര്‍ത്തി തുടങ്ങി മനസ്സിനെ ഗ്രസിക്കുന്ന ദുര്‍ഗുണങ്ങളെയും ഈ വിധം ദൂരീകരിക്കാമെന്നും ഗസാലി പറയുന്നു.
ആത്മ നിര്‍ദേശമാണ് ദുര്‍ഗുണ നിര്‍മാര്‍ജനത്തിന് ഗസാലി നിര്‍ദേശിക്കുന്ന മറ്റൊരുപാധി. ക്ഷമയില്ലാത്ത ഒരാള്‍ 'ഞാന്‍ ക്ഷമാശീലനാണ്' എന്ന് സ്ഥിരമായി സ്വയം പറഞ്ഞുകൊണ്ടിരുന്നാല്‍ മനസ് അതിനനുസരിച്ച് പാകപ്പെടും.
ആത്മീയ വൈകല്യങ്ങളെയും മാനസികാസ്വാസ്ഥ്യങ്ങളെയും ദൂരീകരിക്കുന്നതിന് ചികിത്സകന്റെ സഹായം ആവശ്യമാണ്. ചികിത്സകന്‍ ശൈഖും ചികിത്സ  സ്വീകരിക്കുന്ന ആള്‍ മുരീദുമാവണം. ശൈഖ് ഗുരുവും മുരീദ് ശിഷ്യനുമാണ്. ആത്മാവിന്റെ രോഗങ്ങള്‍ സുഖപ്പെടുത്താന്‍ കഴിയുന്ന ആളായിരിക്കണം ശൈഖ്. വ്യക്തികേന്ദ്രീകൃത ചികിത്സയും സംഘചികിത്സയും ഗസാലിയുടെ ചികിത്സാ രീതികളില്‍ പെടുന്നു.

സ്വഭാവ ശാസ്ത്രം
ചിത്തവൃത്തികളെ അധികരിച്ച് ധാരാളമായി എഴുതിയിട്ടുണ്ട് ഗസാലി. സ്വഭാവശാസ്ത്രം (ഇല്‍മുല്‍ മുആമല) എന്ന ഒരു വിജ്ഞാനശാഖ തന്നെയായി പരിഗണിക്കപ്പെടാന്‍ മാത്രം പ്രസ്തുത വിഷയ സംബന്ധമായി അദ്ദേഹം എഴുതുകയുണ്ടായി. സൈദ്ധാന്തികവും പ്രായോഗികവുമായ വശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഗസാലിയുടെ സ്വഭാവശാസ്ത്ര പഠനങ്ങള്‍.
തസ്‌കിയത്തുന്നഫ്‌സ് (മനഃസംസ്‌കരണം), തഹ്ദീബുല്‍ അഖ്‌ലാഖ് (സ്വഭാവശുദ്ധീകരണം), തത്വ്ഹീറുല്‍ ഖല്‍ബ് (ഹൃദയ ശുദ്ധീകരണം), തസ്ഫിയത്തുന്നഫസ് (ആത്മ ശുദ്ധീകരണം) തുടങ്ങിയ പേരുകളിലാണ് ഗസാലി ഈ വിഷയം ചര്‍ച്ച ചെയ്യുന്നത്. സാരാംശത്തില്‍ ഇവയെല്ലാം ഒന്നുതന്നെ. ആത്മ സംസ്‌കരണത്തിന്റെ താത്ത്വികവും പ്രായോഗികവുമായ വശങ്ങളാണ് ഈ ഉപശീര്‍ഷകങ്ങള്‍ക്കെല്ലാം കീഴില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. ഹിതകരമല്ലാത്ത ചിത്തവൃത്തികളെ നിഷ്‌കാസനം ചെയ്യുകയും ഹിതമായവയെ നിലനിര്‍ത്തി പോഷിപ്പിക്കുകയുമാണ് സ്വഭാവ ശാസ്ത്രത്തിന്റെ ലക്ഷ്യം. വികാരങ്ങളെ ശരിയായ പന്ഥാവിലേക്ക് തിരിച്ചുവിടാന്‍ സഹായിക്കുന്ന കര്‍മങ്ങള്‍ ആണ് സ്വഭാവ ശാസ്ത്രത്തിലൂടെ ഗസാലി മുന്നോട്ടുവെക്കുന്നത്. മനസില്‍ നിന്ന് ദുഷിച്ച വികാരങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതിനെ വൈദ്യവിധി പ്രകാരം നടത്തുന്ന വിരേചന പ്രക്രിയയുമായി ഗസാലി സമീകരിക്കുന്നു. ഉദരത്തിലെ കേടുകള്‍ വിരേചനൗഷധം കഴിച്ചു പുറത്തുകളയുന്നതുപോലെ മനസിലെ അഴുക്കുകളും ദുഷിപ്പുകളും കൗണ്‍സലിംഗ് വഴി പുറത്തുകളയേണ്ടതുണ്ട്. ഈ അഴുക്കുകള്‍ പുറത്തു പോവുന്നതിലൂടെ മനസ് സ്വസ്ഥവും ശാന്തവുമായിത്തീരുന്നു. ശൈഖിനോട് എല്ലാം തുറന്നു പറയുന്ന മുരീദ് അനുഭവിക്കുന്നത് മാനസികമായ ഈയൊരു വിശ്രാന്തിയാണ്.
സ്വഭാവ സംബന്ധമായി ശ്രദ്ധേയമായ ചില നിരീക്ഷണങ്ങള്‍ ഗസാലി നടത്തുന്നുണ്ട്.
ഒന്ന്, സല്‍സ്വഭാവം പുറത്തുനിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല. ഉള്ളില്‍ നിന്ന് സ്വയം രൂപപ്പെട്ടുവരേണ്ടതാണ്. ശാരീരികേച്ഛകള്‍ക്കും ഭൗതികപ്രലോഭനങ്ങള്‍ക്കും വഴങ്ങാതെ ഉള്ളിലെ നന്മയെ ജാഗ്രതയോടെ സംരക്ഷിക്കണം.
രണ്ട്, ആന്തരിക വിശുദ്ധി കൈവരിക്കുന്നതിന് പ്രകൃതിപരമായ വാസനകളെയോ താല്‍പര്യങ്ങളെയോ നിഗ്രഹിക്കേണ്ടതില്ല. ആരോഗ്യമുള്ള മനസ്സിന് ആരോഗ്യമുള്ള ശരീരം വേണം. ശാരീരികാവശ്യങ്ങളെ യുക്തിയുടെ ചൊല്‍പടിയില്‍ നിര്‍ത്തുകയാണ് വേണ്ടത്. പൂര്‍ണമായി നിഷേധിക്കുകയല്ല.
മൂന്ന്, മനുഷ്യ മനസില്‍ വിരുദ്ധശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പൈശാചികമായ ചോദനകളും ദൈവികമായ ചോദനകളുമാണത്. ബോധപൂര്‍വമായ ആധ്യാത്മിക പരിശ്രമ(മുജാഹദ)ങ്ങളിലൂടെ ദൈവിക ചോദനകളെ ശക്തിപ്പെടുത്തുകയും പൈശാചിക ചോദനകളെ നിര്‍വീര്യമാക്കുകയുമാണ് വേണ്ടത്.
നാല്, സ്വഭാവ പൊരുത്തമനുസരിച്ചാണ് ആളുകള്‍ പരസ്പരം ഇഷ്ടപ്പെടുന്നത്. കള്ളന് കൂട്ട് കള്ളനും മാന്യന് കൂട്ട് മാന്യനുമായിരിക്കും.
അഞ്ച്, സ്ഥാനമാനങ്ങളോടുള്ള ഇഷ്ടം (ഹുബ്ബുല്‍ ജാഹ്) കാപട്യത്തിനു കാരണമാവുന്നു. ജനങ്ങളുടെ അംഗീകാരം നേടുന്നതിനുവേണ്ടി നേതൃമോഹികള്‍ക്ക് ഇല്ലാത്തതു ഭാവിക്കേണ്ടിവരും. ഇതവരെ കപടരാക്കുന്നു.

(ആര്‍.ഇ.സി ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപകനായ ലേഖകന്‍, മരണം-ആത്മീയത-പരലോകം, ശാസ്ത്രം ഇസ്‌ലാമിക നാഗരികതയില്‍, ജിന്ന വ്യക്തിയും രാഷ്ട്രീയവും തുടങ്ങിയ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്).
abdulmajeedak@gmail.com

Comments

Other Post