Prabodhanm Weekly

Pages

Search

2011 ഗസാലിപ്പതിപ്പ്‌

അബൂ ഹാമിദില്‍ ഗസാലി രാഷ്ട്രവും രാഷ്ട്രീയവും

അശ്‌റഫ് കീഴുപറമ്പ്‌

ആഭ്യന്തര സംഘര്‍ഷങ്ങളുടെയും രാഷ്ട്രീയ അസ്ഥിരതയുടെയും കലുഷമാര്‍ന്ന ഒരു ചരിത്ര ഘട്ടത്തിലാണ് ഇമാം ഗസാലിക്ക് ജീവിക്കേണ്ടിവന്നത്. ഈ ചരിത്രസന്ദര്‍ഭത്തെക്കുറിച്ച് നന്നായി അറിഞ്ഞിരുന്നാല്‍ മാത്രമേ അദ്ദേഹത്തിന്റെ തത്ത്വചിന്തകളെ, പ്രത്യേകിച്ച് രാഷ്ട്രീയ ചിന്തകളെ അവയുടെ മുഴുവന്‍ അര്‍ഥധ്വനികളോടെയും ഉള്‍ക്കൊള്ളാനാവൂ. അബ്ബാസി ഭരണത്തിന്റെ അസ്തമയ കാലമായിരുന്നു ഇമാം ഗസാലി ജീവിച്ച ക്രി. പതിനൊന്നാം നൂറ്റാണ്ടിന്റെ അവസാന പകുതിയും പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആദ്യ ദശകവും. ഹാറൂന്‍ റശീദിന്റെയും മഅ്മൂന്റെയും വിശ്വപ്രതാപത്തിന്റെ ലാഞ്ഛന പോലും മൃതപ്രായമായ അബ്ബാസി ഭരണത്തിന് നഷ്ടപ്പെട്ടിരുന്നു. അബ്ദുല്ല അബൂജഅ്ഫര്‍ ഖാഇംബി അംരില്ല, അബ്ദുല്ല അബുല്‍ ഖാസിം അല്‍ മുഖ്തദി ബി അംരില്ല, അഹ്മദ് അബുല്‍ അബ്ബാസ് അല്‍ മുസ്തള്ഹിര്‍ ബില്ല എന്നീ ദുര്‍ബലരായ അബ്ബാസി ഭരണാധികാരികളുടെ കാലത്തായിരുന്നു ഇമാമിന്റെ ജീവിതം. പേരില്‍ മാത്രമായിരുന്നു അവര്‍ ഖലീഫമാരായിരുന്നത്. അവരുടെ അധികാരപരിധിയും വളരെ പരിമിതപ്പെട്ടുപോയിരുന്നു.
പകരം ഒന്നിലധികം ശക്തികേന്ദ്രങ്ങളും ഇസ്‌ലാമിക ലോകത്ത് ഉയര്‍ന്നുവന്നു. അവരില്‍ ഏറ്റവും ശക്തരാണ് 447/1055-ല്‍ ബഗ്ദാദ് കീഴ്‌പ്പെടുത്തിയ സല്‍ജൂഖി തുര്‍ക്കികള്‍. 447-85/1055-92 വരെയായിരുന്നു ഇവരുടെ പ്രതാപകാലം. അള്ദുദ്ദീന്‍ അബൂ ശുജാഅ അല്‍പ്  അര്‍സലാന്‍, ജലാലുദ്ദീന്‍ അബൂ ഫത്ഹ് മലിക് ഷാ, നാസ്വിറുദ്ദീന്‍ മഹ്മൂദ്, റുക്‌നുദ്ദീന്‍ അബുല്‍ മുസഫര്‍ എന്നിവരായിരുന്നു ഇക്കാലത്തെ പ്രഗത്ഭരായ സല്‍ജൂഖി ഭരണകര്‍ത്താക്കള്‍. മലിക്ഷായുടെ മരണശേഷം പിന്തുടര്‍ച്ചയെ ചൊല്ലി അതിരൂക്ഷമായ ആഭ്യന്തര യുദ്ധങ്ങളാണ് സല്‍ജൂഖി രാജകുമാരന്മാര്‍ തമ്മിലുണ്ടായത്. ഗസാലി മരിക്കുമ്പോള്‍ ആഭ്യന്തര സംഘര്‍ഷങ്ങളാല്‍ ദുര്‍ബലനാക്കപ്പെട്ട ഗിയാസുദ്ദീന്‍ അബൂ ഗുജാഅ മുഹമ്മദ് ആയിരുന്നു സല്‍ജൂഖി സുല്‍ത്താന്‍. ഇമാം മരിച്ച് ഏറെ കഴിയുന്നതിന് മുമ്പ് സല്‍ജൂകി ഭരണം ഇല്ലാതാവുകയും ചെയ്തു.
പേര്‍ഷ്യക്കാരായ ബൂയിദ് അമീറുമാരും പ്രബലരായിരുന്നു. അവരുടെ സൈനിക ശക്തിയുടെ ബലത്തിലാണ് അബ്ബാസികള്‍ പിടിച്ചുനിന്നത്. യഥാര്‍ഥ അധികാരം അബ്ബാസികള്‍ അവര്‍ക്ക് അടിയറവെക്കേണ്ടിവരികയും ചെയ്തു. ഇതെല്ലാം വിശാലമായ അര്‍ഥത്തില്‍ സുന്നി അധികാര കേന്ദ്രങ്ങളായിരുന്നു. അവയെ വെല്ലുവിളിച്ചു കൊണ്ടാണ് കയ്‌റോ ആസ്ഥാനമാക്കി ശീഈ വിഭാഗമായ ഇസ്മാഈലികള്‍ നയിക്കുന്ന ഫാത്വിമി ഭരണകൂടം ശക്തിപ്പെട്ടുകൊണ്ടിരുന്നത്. അപ്പോഴേക്കും സ്‌പെയിനിലും മറ്റും കുരിശ് പോരാളികളുടെ നീക്കങ്ങള്‍ക്ക് ഗതിവേഗം കൈവന്നിരുന്നു. മുസ്‌ലിം ലോകത്തെ ശൈഥില്യവും ചേരിതിരിവും ഈ ബാഹ്യശക്തികള്‍ മുതലെടുക്കുമെന്ന കാര്യത്തില്‍ ഒരാള്‍ക്കും സംശയമുണ്ടായിരുന്നില്ല.
ഇങ്ങനെ വളരെ സങ്കീര്‍ണമായ അധികാര ബന്ധങ്ങളും ശാക്തിക ചേരികളും നിലനിന്ന നിര്‍ണായകമായ ഒരു ചരിത്ര സന്ദര്‍ഭം മുന്നില്‍ വെച്ചേ ഇമാം ഗസാലിയുടെ രാഷ്ട്രീയ ചിന്തകളെ വായിക്കാവൂ. അല്ലാത്തപക്ഷം ഇമാമിന്റെ രാഷ്ട്രീയ ചിന്തകള്‍ അവസരവാദപരമാണ് എന്ന തെറ്റായ ലളിത നിഗമനത്തിലേക്ക് ചിലരെങ്കിലും എത്തിക്കൂടായ്കയില്ല. അമൂര്‍ത്തമായ ഒരു രാഷ്ട്ര-രാഷ്ട്രീയ സങ്കല്‍പം സമര്‍പ്പിക്കുകയായിരുന്നില്ല അദ്ദേഹം. വളരെ യാഥാര്‍ഥ്യ ബോധത്തോടെ, എന്നാല്‍ ഇസ്‌ലാമിന്റെ അടിത്തറകളില്‍ നിന്നുകൊണ്ട് തന്നെ ഇസ്‌ലാമിക സമൂഹത്തിന്റെ ഐക്യവും പിന്തുടര്‍ച്ചയും എങ്ങനെ ഉറപ്പ് വരുത്താം എന്നാണ് അദ്ദേഹം ചിന്തിച്ചത്.

മാവര്‍ദിയും ജുവൈനിയും
ഇമാം ഗസാലിക്ക് തൊട്ടു മുമ്പ് ജീവിച്ച പ്രശസ്ത നിയമജ്ഞനും ഭരണ തത്ത്വങ്ങള്‍ (അല്‍ അഹ്കാമുസ്സുല്‍ത്വാനിയ്യ) എന്ന കൃതിയുടെ കര്‍ത്താവുമാണ് മാവര്‍ദി (മരണം 1058). ഭരണകൂടത്തെക്കുറിച്ച ആദ്യത്തെ ഇസ്‌ലാമിക് ക്ലാസിക്കല്‍ രചനയായിട്ടാണ് ഇത് വിലയിരുത്തപ്പെടുന്നത്. പ്രവാചകന്റെയും നാല് ഖലീഫമാരുടെയും ഭരണകാലമാണ് മാതൃകാപരമെന്നും അനുധാവനം ചെയ്യപ്പെടേണ്ടതെന്നും അദ്ദേഹം സമര്‍ഥിക്കുന്നു. ദിവ്യബോധനത്തിന്റെ അടിസ്ഥാനത്തിലുള്ള ഏക നിയമാനുസൃത ഭരണവും ഇതാണ്. എന്തൊക്കെ പോരായ്മകളുണ്ടെങ്കിലും ഉമവി-അബ്ബാസി ഭരണകൂടങ്ങളെ ഇതിന്റെ തുടര്‍ച്ചയായിട്ടാണ് അദ്ദേഹം കാണുന്നത്. അപ്പോള്‍ ഖലീഫ എന്ന പദവിയിലുള്ളവര്‍ക്കേ നിയമാനുസൃതമുള്ള ഇമാമത്ത് (നേതൃത്വം) ഉള്ളൂ. പക്ഷേ, മാവര്‍ദിയുടെ കാലമായപ്പോഴേക്കും അബ്ബാസികള്‍ ബൂയി അമീര്‍മാരുടെ കൈയിലെ കളിപ്പാവകളായി മാറിക്കഴിഞ്ഞിരുന്നു. അധികാരം നഷ്ടമായ ഖലീഫയെ എങ്ങനെ ഇസ്‌ലാമിന്റെ നിയമാനുസൃത അധികാര കേന്ദ്രമായി കാണും? ഈ പ്രതിസന്ധിയെക്കുറിച്ച് മാവര്‍ദി തീര്‍ത്തും ബോധവാനായിരുന്നെങ്കിലും കൃത്യമായ പ്രായോഗിക പരിഹാര മാര്‍ഗങ്ങളൊന്നും അദ്ദേഹം നിര്‍ദേശിക്കുകയുണ്ടായില്ല.
അതിനാല്‍ തന്നെ മാവര്‍ദിക്ക് ശേഷം വന്ന സുന്നികളിലെ ശാഫിഈ -അശ്അരി ധാരയില്‍ പെടുന്ന നിയമജ്ഞര്‍ക്ക് ഭരണത്തെക്കുറിച്ച ക്ലാസിക്കല്‍ തത്ത്വചിന്തയില്‍ നിന്ന് അല്‍പം വഴിമാറി നടക്കേണ്ടിവന്നു. അവരില്‍ പ്രമുഖനാണ് ഇമാം ഗസാലിയുടെ ഗുരുവും കൂടിയായ അല്‍ ജുവൈനി (ഇമാമുല്‍ ഹറമൈന്‍). ഇദ്ദേഹത്തോടൊപ്പം ചേര്‍ത്ത് പറയേണ്ട പേരാണ് നിയമവിശാരദനും നയതന്ത്രജ്ഞനും ക്രി. 1072 മുതല്‍ 92 വരെ സല്‍ജൂഖ് ഭരണത്തിലെ ശക്തനായ മന്ത്രിയുമായിരുന്ന നിളാമുല്‍ മുല്‍കിന്റേത്. ഈ സല്‍ജൂഖ് മന്ത്രിയുടെ ജ്ഞാനസദസ്സില്‍ അംഗവുമായിരുന്നു ജുവൈനി. രാഷ്ട്രമീമാംസയില്‍ സിയാസത്ത് നാമ എന്ന ഗ്രന്ഥവും നിളാമുല്‍ മുല്‍ക് രചിച്ചിട്ടുണ്ട്. അബ്ബാസി ഭരണം ക്ഷയോന്മുഖമായതിനെത്തുടര്‍ന്ന് നിരവധി സ്വതന്ത്ര ഭരണാധികാരികള്‍ ഉയര്‍ന്നുവന്നു. അവര്‍ 'സുല്‍ത്വാന്‍' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഖിലാഫത്തിനെപ്പോലെ സല്‍ത്വനത്തും (സുല്‍ത്വാന്‍ ഭരണം) മതാനുസൃതമായി സാധുതയുള്ള അധികാര കേന്ദ്രമാണ് എന്ന് സ്ഥാപിക്കുകയാണ് ഈ കൃതിയില്‍. ഈ ആശയത്തിന് കുറെകൂടി ഇസ്‌ലാമിക പിന്‍ബലവും ജനകീയാംഗീകാരവും കിട്ടാന്‍ വേണ്ടിയാവണം അല്‍ജുവൈനിയെയും അദ്ദേഹത്തിന്റെ ശിഷ്യന്‍ ഇമാം ഗസാലിയെയും നിളാമുല്‍ മുല്‍ക്ക് തന്റെ വിജ്ഞാന സദസ്സിന്റെ സാരഥ്യം ഏല്‍പിച്ചത്. നിളാമുല്‍ മുല്‍ക് സ്ഥാപിച്ച നിളാമിയ്യ കലാലയങ്ങളില്‍ ഈ രണ്ട് പണ്ഡിതന്മാരും അധ്യാപകരുമായിരുന്നല്ലോ. നിളാമുല്‍ മുല്‍കിന്റെ ആശയം കുറെയേറെ വികസിപ്പിച്ച്, ഖലീഫക്കും സുല്‍ത്വാനും പരസ്പരം സംഘര്‍ഷത്തിലേര്‍പ്പെടാതെ തന്നെ ഒരേസമയം എങ്ങനെ ശരീഅത്ത് പ്രകാരമുള്ള നിയമസാധുത ലഭിക്കുന്നു എന്നാണ് ഇമാം ഗസാലി അന്വേഷിച്ചത്. അതില്‍ പണ്ഡിതന്മാര്‍ക്കുള്ള (ഉലമ) നിര്‍ണായക പങ്കും അദ്ദേഹം വിശദീകരിച്ചു. അപ്പോള്‍ ഖലീഫ -സുല്‍ത്വാന്‍-ഉലമ ത്രയത്തിന്റെ  പരസ്പര സഹകരണവും അധികാര പങ്കാളിത്തവുമാണ് ഗസാലിയുടെ രാഷ്ട്രീയ ചിന്തകളുടെ കാതല്‍ എന്നു പറയാം.

രാഷ്ട്രീയത്തിന്റെ അടിസ്ഥാനം
അല്‍മുന്‍ഖിദു മിനദ്ദലാല്‍ (വഴിതെറ്റലില്‍ നിന്ന് മോചനം), ഇഹ്‌യാ ഉലൂമിദ്ദീന്‍ (മതശാസ്ത്രങ്ങളുടെ പുനര്‍ജീവനം), സിര്‍റുല്‍ ആലമൈന്‍ (ഇരു ലോകങ്ങളുടെയും രഹസ്യം), ഫാതിഹതുല്‍ ഉലൂം (ശാസ്ത്രങ്ങള്‍ക്ക് ആമുഖം), കീമിയാ സആദ (സൗഭാഗ്യത്തിന്റെ രസതന്ത്രം), കിതാബുല്‍ വജീസ് (ഫിഖ്ഹ് കൈപുസ്തകം), കിതാബുല്‍ ഇഖ്തിസ്വാദ് ഫില്‍ ഇഅ്തികാദ് (വിശ്വാസത്തിലെ മിതത്വം), മുസ്തള്ഹിരി എന്നിവയാണ് ഗസാലിയുടെ രാഷ്ട്രീയ ചിന്തകള്‍ വിശദീകരിക്കപ്പെടുന്ന പ്രധാന കൃതികള്‍. മറ്റു കൃതികളിലും എഴുത്തുകുത്തുകളിലും രാഷ്ട്രീയം പല രീതിയില്‍ കടന്നുവരുന്നുണ്ട്. ഇന്ന് മനസ്സിലാക്കപ്പെടുന്ന അര്‍ഥത്തില്‍ സാമൂഹിക, രാഷ്ട്രീയ ജീവിതം പരിത്യജിച്ച ഒരു സ്വൂഫിയായിരുന്നില്ല അദ്ദേഹം. വിശദാംശങ്ങളോടെ അദ്ദേഹം ചര്‍ച്ച ചെയ്ത അഞ്ച് വിഷയങ്ങളെടുത്താല്‍ അതിലൊന്ന് രാഷ്ട്രമീമാംസ തന്നെയായിരിക്കും. (Sherwani, H.K; 'El-Ghazali on the theory and practice of politics').

രാഷ്ട്രമീമാംസയെ ഒരു മതകീയ ജ്ഞാനശാഖയായി കണക്കാക്കി അതിന് പ്രമുഖ സ്ഥാനം നല്‍കുകയാണ് ഇമാം ചെയ്തത്. മതധാര്‍മികതയാണ് രാഷ്ട്രത്തിനും രാഷ്ട്രമീമാംസക്കും അടിസ്ഥാനമാവേണ്ടത്. മനുഷ്യന്റെ കുടുംബജീവിതവും സാമൂഹികജീവിതവും ചിത്രീകരിച്ചുകൊണ്ട് ഒരു ഭരണകൂടം അനിവാര്യമായിത്തീരുന്നതെങ്ങനെ എന്ന് അദ്ദേഹം ഇഹ്‌യയില്‍ വിശദീകരിച്ചിട്ടുണ്ട്. ഒരു ഭരണകര്‍ത്താവിന്റെയോ കൃത്യമായ ഒരു ഭരണസംവിധാനത്തിന്റെയോ അഭാവത്തില്‍ ഒരു പൗരനും ഇസ്‌ലാമിന്റെ വിധിവിലക്കുകള്‍ പാലിച്ചുകൊണ്ട് സമാധാനപരമായ ജീവിതം നയിക്കാനാവില്ല. അതിനാല്‍ അത്തരമൊരു രാഷ്ട്രീയ സംഘാടനം ഇസ്‌ലാമിന്റെ അടിസ്ഥാന താല്‍പര്യങ്ങളിലൊന്നാണ്. ജനങ്ങള്‍ അനുസരിക്കുന്ന ഒരു ഭരണകര്‍ത്താവില്ലെങ്കില്‍, 'നിരന്തരമായ സംഘര്‍ഷങ്ങള്‍, ഒരിക്കലുമവസാനിക്കാത്ത വാളുകളുടെ സീല്‍ക്കാരങ്ങള്‍, ഇടക്കിടെയുണ്ടാവുന്ന പട്ടിണി മരണങ്ങള്‍, കന്നുകാലി രോഗങ്ങള്‍, വ്യവസായങ്ങളുടെയും കൈതൊഴിലുകളുടെയും തകര്‍ച്ച' (ഇഹ്‌യാ ഉലൂമിദ്ദീന്‍, ഭാഗം മൂന്ന്) എന്നിവയായിരിക്കും ഫലമെന്ന് ഗസാലി മുന്നറിയിപ്പ് നല്‍കുന്നു.

രാഷ്ട്രീയ ചുറ്റുപാടുകള്‍
അബ്ബാസി ഖലീഫമാര്‍ ഏറെക്കുറെ അധികാര ഭൃഷ്ടരായിക്കഴിഞ്ഞിരുന്നു ഗസാലിയുടെ ജീവിതകാലത്ത്. ഒരു മതകീയ മാനം മാത്രമാണ് ആ ഖിലാഫത്തിന് ഉണ്ടായിരുന്നത്. രാഷ്ട്രീയാധികാരങ്ങളെല്ലാം വിവിധ സുല്‍ത്വാന്മാര്‍ കൈയടക്കിയിരുന്നു. ഇതുണ്ടാക്കിയ രാഷ്ട്രീയ -സാമൂഹിക സംഘര്‍ഷങ്ങള്‍ ജനജീവിതം ദുസ്സഹമാക്കി. പണ്ഡിത സമൂഹമാകട്ടെ കൃത്യമായൊരു നിലപാടും എടുക്കാതെ ഇരുപക്ഷത്തുമായി ആടിക്കളിച്ചു. ബാഹ്യശക്തികളുടെ ഭീഷണി പുറമെയും. അഴിമതിയും ആഡംബരവും സ്വജനപക്ഷപാതവും തിമിര്‍ത്താടി. ഈ സാമൂഹിക ജീര്‍ണതകളെ എതിര്‍ക്കുന്നതിന് പകരം അവയുടെ ഭാഗമായിത്തീരുകയായിരുന്നു പണ്ഡിതന്മാര്‍. ഇഹ്‌യായില്‍ ഗസാലി പണ്ഡിതന്മാരെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നത് ഈ പശ്ചാത്തലത്തില്‍ വേണം മനസ്സിലാക്കാന്‍. പണ്ഡിതസമൂഹം ജീര്‍ണിക്കുമ്പോഴാണ് ഭരണാധികാരികള്‍ ജീര്‍ണിക്കുന്നതെന്നും അതൊടുവില്‍ രാഷ്ട്രത്തിന്റെയും ജനതയുടെയും തകര്‍ച്ചക്ക് വഴിവെക്കുമെന്നും ഗസാലി വിശ്വസിച്ചു (ഇഹ്‌യാ ഉലൂമിദ്ദീന്‍, വാള്യം 1, പേജ് 52-73 (കയ്‌റോ).
ഖലീഫ നിര്‍വീര്യനാക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും തിരിച്ചുപിടിക്കുക അദ്ദേഹത്തിന് അസാധ്യമാണെന്നും ഇനി സുല്‍ത്വാന്മാരുടെ കാലമാണെന്നും ഗസാലിക്ക് ബോധ്യപ്പെട്ട് കഴിഞ്ഞിരുന്നു. അതിനാല്‍ ഖിലാഫത്തിന്റെ മതകീയതയെയും സല്‍ത്വനത്തിന്റെ അധികാരശക്തിയെയും പുതിയൊരു വീക്ഷണത്തിലൂടെ കാണേണ്ടതുണ്ടായിരുന്നു. പരമ്പരാഗത സുന്നീ വീക്ഷണമനുസരിച്ച് മതനേതൃത്വവും രാഷ്ട്രീയ നേതൃത്വവും വെവ്വേറെയാകാന്‍ പാടില്ല. സച്ചരിതരായ നാല് ആദ്യകാല ഖലീഫമാരെപ്പോലെ മതകീയവും രാഷ്ട്രീയവുമായ അധികാരങ്ങള്‍ ഒരാളില്‍ സമ്മേളിക്കണം. പക്ഷേ നിലവിലുള്ള രാഷ്ട്രീയത്തില്‍ അത് പ്രയോഗവത്കരിക്കാനാവുമായിരുന്നില്ല. അതേസമയം മതകീയവും രാഷ്ട്രീയവുമായ അധികാര കേന്ദ്രങ്ങള്‍ വേര്‍പിരിഞ്ഞ് പരസ്പരം സംഘര്‍ഷത്തിലേര്‍പെടുന്നത് ഇതിനേക്കാള്‍ വലിയ അനര്‍ഥങ്ങള്‍ക്ക് ഇടയാക്കും. അങ്ങനെയാണ് ഏറെക്കുറെ വേര്‍പ്പെട്ടുപോയ ഖിലാഫത്തിനെയും സല്‍ത്വനത്തിനെയും സമന്വയിപ്പിക്കാന്‍ ഗസാലി ശ്രമിക്കുന്നത്. 'മതവും  അധികാരവും ഇരട്ട സഹോദരിമാരാണ്' എന്ന ഗസാലിയുടെ പ്രസ്താവം അതിലേക്കുള്ള സൂചനയാണ്.

സുല്‍ത്വാനും പണ്ഡിതനും
അബ്ബാസി ഖലീഫ അഹ്മദ് അല്‍മുസ്തള്ഹിര്‍ ബില്ലായുടെ നിര്‍ദേശ പ്രകാരം ഗസാലി എഴുതിയ കിതാബുല്‍ മുസ്തള്ഹിരിയിലും ഇഖ്തിസ്വാദ് ഫില്‍ ഇഅ്തിഖാദ് എന്ന കൃതിയിലുമാണ് ഖലീഫ/ സുല്‍ത്വാന്‍, ദീന്‍/ മുല്‍ക് (അധികാരം) പ്രശ്‌നം മുഖ്യമായും കൈകാര്യം ചെയ്യുന്നത്. ആദ്യത്തെ കൃതിയില്‍ ബാത്വിനി ആശയക്കാരായ ഇസ്മാഈലികളുടെ ഖിലാഫത്ത് സംബന്ധമായ അവകാശവാദങ്ങളെ ഖണ്ഡിക്കുകയും ചെയ്യുന്നുണ്ട്. ഭരണകൂടത്തിന് സൈനികബലം (ശൗകത്ത്) വളരെ അനിവാര്യമാണ്. അതില്ലാത്ത പക്ഷം ഭരണകൂടത്തിന്റെ നിലനില്‍പ് പോലും ഭീഷണിയിലാണ്. ഖലീഫക്ക് സൈനിക ബലമില്ലെങ്കില്‍ അത് മറ്റാരെങ്കിലും നല്‍കണം. അവിടെയാണ് സുല്‍ത്വാന്‍ കടന്നുവരുന്നത്. ഖിലാഫത്തിന്റെ നിലനില്‍പിന് വേണ്ട സൈനികബലം നല്‍കുന്നുവെന്നതിനാല്‍ ഖിലാഫത്തിനുള്ള മതകീയ പിന്‍ബലം സുല്‍ത്വാനിലേക്കും നീളുന്നു. ഭരണാധികാരിയോടൊപ്പം തന്നെ 'അഴിക്കാനും കെട്ടാനും' പ്രാപ്തിയുള്ള അധികാരകേന്ദ്രങ്ങളെ (അഹ്‌ലുല്‍ ഹല്ലി വല്‍ അഖ്ദ്)ക്കുറിച്ചും പണ്ഡിതന്മാര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ആ വിഭാഗത്തിലും സുല്‍ത്വാനെ പെടുത്താവുന്നതാണ്.
സല്‍ജൂഖികളുടെ ഭരണം ഏറെക്കുറെ ഗസാലിയുടെ രാഷ്ട്രീയ വ്യാഖ്യാനങ്ങള്‍ക്കൊത്തായിരുന്നുവെന്ന് കാണാം. അബ്ബാസി ഖിലാഫത്തിനെ എളുപ്പത്തില്‍ പുറത്താക്കാമായിരുന്നിട്ടും അവര്‍ അതിനെ നിലനിര്‍ത്തുകയും അതിന്റെ മേല്‍ക്കോയ്മ അംഗീകരിക്കുകയുമാണ് ചെയ്തത്. ഇബ്‌നു ഖല്‍ദൂന്‍ 'അറിവിന്റെ സാഗരം' എന്ന് വിശേഷിപ്പിച്ച മുഹമ്മദ് ബ്‌നു തൂംറത്ത് (473-524/1080-1130) മഗ്‌രിബിലും അന്തുലൂസിലും മുവഹ്ഹിദ് ഭരണകൂടത്തിന് തുടക്കമിട്ടത് ഗസാലിയന്‍ രാഷ്ട്രീയ ചിന്തകളാല്‍ പ്രചോദിതനായിട്ടായിരുന്നു. കുറച്ചുകാലം ഇബ്‌നു തൂംറത്ത് ബഗ്ദാദില്‍ ഗസാലിയുടെ ശിഷ്യനാവുകയും ചെയ്തിട്ടുണ്ട്. ഇസ്‌ലാമിക മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ ഗോത്രങ്ങളുടെ സംഘശക്തിയെ ഉപയോഗപ്പെടുത്തുകയാണ് ഇബ്‌നു തൂംറത്ത് ചെയ്തത്.
ഖിലാഫത്ത് ഇല്ലാതായിക്കഴിഞ്ഞാലും അതിന് കല്‍പിക്കപ്പെട്ടിട്ടുള്ള ഇസ്‌ലാമിക പിന്‍ബലം തുടര്‍ന്ന് വരുന്ന അധികാര കേന്ദ്രങ്ങള്‍ക്ക് ലഭിക്കണം എന്ന സൂചനയും ഗസാലി നല്‍കുന്നുണ്ട്. അതായത് ഖലീഫ ഇല്ലെങ്കിലും ആ സ്ഥാനത്ത് വരുന്ന സുല്‍ത്വാനെ/ഭരണാധികാരിയെ അനുസരിക്കാന്‍ വിശ്വാസികള്‍ ബാധ്യസ്ഥരാണ്. ഇക്കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നത് രാഷ്ട്രീയ ഛിദ്രതക്ക് വഴിവെക്കും. പില്‍ക്കാലത്ത് അങ്ങനെ സംഭവിച്ചപ്പോള്‍ ആശയക്കുഴപ്പമുണ്ടാകാതിരുന്നതും ഗസാലിയന്‍ ചിന്തകളുടെ സ്വാധീനം കൊണ്ടാവാം.
ഈ അധികാര സന്തുലനത്തിനും വികേന്ദ്രീകരണത്തിനും രാസത്വരകമായി വര്‍ത്തിക്കേണ്ടത് പണ്ഡിതന്മാരാണെന്നും ഗസാലി വിശ്വസിച്ചു. പണ്ഡിതന്മാരുടെ സമവായം/ കൂട്ടായ തീരുമാനം (ഇജ്മാഅ്) പ്രവാചകേഛയെ ആണ് പ്രതിഫലിപ്പിക്കുന്നത്. അതുകൊണ്ടാണ് ഇസ്‌ലാമിക നിയമസംഹിതയില്‍ പണ്ഡിത സമവായത്തിന് നാലാം പ്രാമാണികത കല്‍പിക്കപ്പെടുന്നത്. അതായത് ഖിലാഫത്തിന് ശരീഅത്തിന്റെ പിന്‍ബലമുണ്ടാകുന്നത് പണ്ഡിതന്മാരുടെ അംഗീകാരം അതിന് ലഭിക്കുമ്പോഴാണ്. തുടക്കം മുതലേ ഇസ്‌ലാമിക ന്യായപ്രമാണത്തിന്റെ പിന്‍ബലമില്ലാത്ത ഉമവി-അബ്ബാസി ഖിലാഫത്തുകള്‍ക്ക് എങ്ങനെയാണ് പണ്ഡിതന്മാര്‍ മുഖേന ഇസ്‌ലാമിക പിന്‍ബലം ഉണ്ടാവുക, ഏതെങ്കിലും ഘട്ടത്തിലെ പണ്ഡിതന്മാര്‍ കൂട്ടായി ഈ ഖിലാഫത്തുകളെ പിന്തുണച്ചിരുന്നുവോ തുടങ്ങി ഒട്ടനവധി ചോദ്യങ്ങള്‍ ഇവിടെ ഉയരുന്നുണ്ട്. അതിനൊന്നും തൃപ്തികരമായ മറുപടി ലഭിക്കുന്നില്ല താനും. ഇസ്‌ലാമിക സമൂഹത്തിന്റെ കെട്ടുറപ്പും നൈരന്തര്യവും ഉറപ്പ് വരുത്താന്‍ അങ്ങനെ ചില മാറിച്ചിന്തിക്കലുകള്‍ക്ക് പണ്ഡിത സമൂഹം തയാറാകേണ്ടിവരും എന്ന സൂചനയാണ് ഗസാലി നല്‍കുന്നത്.

ഭരണാധികാരിക്കുവേണ്ട ഗുണങ്ങള്‍
ഇമാം ഗസാലി വളരെ വിസ്തരിച്ച് ഉപന്യസിച്ച വിഷയമാണിത്. ബുദ്ധിസ്ഥിരത, അറിവ്, കാഴ്ചപ്പാട്, ഓരോ കാര്യവും അതിന്റെ ഗൗരവത്തില്‍ കാണാനുള്ള കഴിവ്, ധീരത, പ്രജാസ്‌നേഹം, നയതന്ത്രജ്ഞത, ക്രാന്തദര്‍ശിത്വം, ഇഛാശക്തി തുടങ്ങി ഒട്ടനവധി ഗുണഗണങ്ങള്‍ ഭരണാധികാരിക്ക് ഉണ്ടായിരിക്കണം. നിലവിലുള്ള ലോകത്തെക്കുറിച്ചും മുന്‍കാല രാജാക്കന്മാരെക്കുറിച്ചും നല്ല അറിവ് വേണം. മുന്‍ രാജാക്കന്മാരുടെ അബദ്ധങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് അവരുടെ ചരിത്രം പഠിക്കുന്നത്. ജഡ്ജിമാര്‍, സെക്രട്ടറിമാര്‍, വൈസ്രോയിമാര്‍ എന്നിവരെ നിയന്ത്രിക്കുകയും നിരീക്ഷിക്കുകയും വേണം. അപ്പോഴാണ് ഭരണാധികാരി ഭൂമിയിലെ ദൈവേഛയുടെ മികച്ച നടത്തിപ്പുകാരനായി മാറുന്നത്. കഷ്ടിച്ച് ജീവിച്ച് പോകാനുള്ളതേ ഒരു ഭരണാധികാരിക്ക് നല്‍കാവൂ എന്നും അല്ലാത്ത പക്ഷം അയാള്‍ ധാരാളിയായിത്തീരുമെന്നും ഗസാലി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഭരണാധികാരികള്‍ കുന്നുകൂട്ടി വെച്ച സ്വത്ത് അനധികൃതവും നിയമവിരുദ്ധവുമാണെന്നും അദ്ദേഹം തുറന്നടിക്കുന്നു.
ഉമവി ഖലീഫ ഉമറുബ്‌നു അബ്ദില്‍ അസീസിനെയാണ് ഗസാലി മാതൃകാ ഭരണാധികാരിയായി പലപ്പോഴും ഉയര്‍ത്തിക്കാട്ടുന്നത്. ആ ഭരണാധികാരിയുടെ ജീവിതത്തിലെ ഒട്ടനവധി സംഭവങ്ങള്‍ അദ്ദേഹം എടുത്തുദ്ധരിക്കുന്നുണ്ട്. ഒരു സംഭവം ഇങ്ങനെ. പെരുന്നാള്‍ അടുത്ത് വരികയാണ്. കുട്ടികള്‍ക്ക് പുതുവസ്ത്രം വാങ്ങണം. ഖലീഫ ഉമറുബ്‌നു അബ്ദില്‍ അസീസിന്റെ കൈയിലാണെങ്കില്‍ ചില്ലി കാശ് പോലുമില്ല. അടുത്ത മാസത്തെ ശമ്പളം നേരത്തെ കൈപറ്റിയാല്‍ പുതുവസ്ത്രങ്ങള്‍ക്കുള്ളത് ഒരുവിധം ഒപ്പിക്കാം. ഈ ഉദ്ദേശ്യത്തോടെ ഖലീഫ ഖജനാവ് സൂക്ഷിപ്പുകാരനെ കണ്ടു. ഖജനാവ് സൂക്ഷിപ്പുകാരനും ദൈവഭക്തനായ ഒരു നല്ല മനുഷ്യനായിരുന്നു. അദ്ദേഹം ചോദിച്ചു: അല്ലയോ ഖലീഫ, താങ്കള്‍ അടുത്ത മാസം വരെ ജീവിക്കും എന്നതിന് എന്താണുറപ്പ്? അക്കാര്യം ഓര്‍മപ്പെടുത്തിയതിന് ഖജനാവ് സൂക്ഷിപ്പുകാരനെ അഭിനന്ദിച്ച് ഉമര്‍ ഒന്നും കൈപറ്റാതെ തിരിച്ചുപോരുകയാണ് ചെയ്തത്. ദൈവഭയമുള്ളവര്‍ക്കേ നല്ല ഭരണാധികാരിയാകാനാവൂ എന്നാണ് ഇത്തരം സംഭവങ്ങള്‍ സമൃദ്ധമായി എടുത്ത് ചേര്‍ക്കുന്നതിലൂടെ ഗസാലി സമര്‍ഥിക്കുന്നത്.
ഖുറൈശി ഗോത്രത്തില്‍ പെടുക/ നബികുടുംബ(ഹാശിമി)ത്തില്‍ പെടുക എന്നൊരു ഗുണം കൂടി ഭരണാധികാരിക്ക് ഉണ്ടാവണം എന്ന് ചില പ്രമാണങ്ങള്‍ എടുത്തുദ്ധരിച്ച് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. വംശമഹത്വത്തെ ദ്യോതിപ്പിക്കുന്ന ഇങ്ങനെയൊരു വ്യവസ്ഥ വേണ്ടതില്ലെന്നാണ് വലിയൊരു വിഭാഗം പണ്ഡിതന്മാരുടെയും അഭിപ്രായം. പക്ഷേ, ഇമാം ഗസാലി 'ഹാശിമി'യാവുക എന്ന ഗുണത്തിന് കുറച്ചധികം ഊന്നല്‍ നല്‍കുന്നതായാണ് തോന്നുക. അന്നത്തെ രാഷ്ട്രീയ കാലാവസ്ഥയാണ് അതിന് കാരണം. അബ്ബാസി ഖിലാഫത്തിന് നിയമസാധുത നല്‍കലായിരിക്കാം ഇതിന്റെ ഉദ്ദേശ്യം (നബിയുടെ പിതൃവ്യന്‍ അബ്ബാസിലേക്ക് ചേര്‍ത്താണ് 'അബ്ബാസി' എന്ന പേര്‍ വന്നത്).

സമകാലിക പ്രസക്തി
ഗസാലി ഇസ്‌ലാമികമായി വ്യാഖ്യാനിക്കാന്‍ ശ്രമിച്ച അധികാരബന്ധങ്ങള്‍ ഏറെക്കഴിയുന്നതിന് മുമ്പ് തന്നെ മറ്റു സംവിധാനങ്ങള്‍ക്ക് വഴിമാറി. ഇന്ന് തീര്‍ത്തും വ്യത്യസ്തമായ ഒരവസ്ഥയാണ് മുസ്‌ലിം ലോകത്ത് നിലനില്‍ക്കുന്നത്. അതിനാല്‍ അദ്ദേഹത്തിന്റെ പ്രായോഗിക രാഷ്ട്രീയ ചിന്തകള്‍ ഇന്നത്ര പ്രസക്തമല്ല. രാഷ്ട്രീയ തത്ത്വങ്ങളെ വ്യാഖ്യാനിക്കുന്നതിന് അദ്ദേഹം സ്വീകരിച്ച രീതിശാസ്ത്രത്തില്‍ നിന്ന് നമുക്ക് പലതും പഠിക്കാനുണ്ട്താനും. അമൂര്‍ത്തമായ ഒരു രാഷ്ട്ര സങ്കല്‍പം സമര്‍പ്പിക്കുകയോ മുന്‍ കാലത്ത് നിലനിന്ന മാതൃകാ ഭരണകൂടങ്ങളെ അപ്പടി പുനഃപ്രതിഷ്ഠിക്കണമെന്ന് വാശിപിടിക്കുകയോ അല്ല അദ്ദേഹം ചെയ്തത്. സച്ചരിതരായ നാല് ഖലീഫമാരുടെ ഭരണം മാതൃകാ യോഗ്യമാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. അതിന്റെ അടിസ്ഥാനം ഖുര്‍ആനും സുന്നത്തും തന്നെയായിരുന്നു. പക്ഷേ ആ ഭരണത്തിന്റെ ബാഹ്യരൂപം പ്രവാചകന്റെ അനുയായികള്‍ കൂടിയാലോചനയിലൂടെ രൂപപ്പെടുത്തിയതാണ്. അതിനാല്‍ വളരെ വലിയ രാഷ്ട്രീയ മാറ്റങ്ങള്‍ സംഭവിച്ചുകഴിഞ്ഞ ഒരു പശ്ചാത്തലത്തില്‍ ഖിലാഫത്തുര്‍റാശിദയുടെ രീതികളില്‍ ചില മാറ്റങ്ങളും വ്യാഖ്യാനങ്ങളും ആവശ്യമായിവരും.
ഖിലാഫത്തുര്‍റാശിദയില്‍ മതകീയവും ഭൗതികവുമായ രണ്ടധികാരങ്ങളും ഖലീഫ എന്ന ഒരേ ആളില്‍ നിക്ഷിപ്തമായിരുന്നു. നാം നേരത്തെ കണ്ടത് പോലെ, ഗസാലിയുടെ കാലത്ത് ഖിലാഫത്ത് മതകീയ പിന്‍ബലം മാത്രമുള്ള ഒന്നായി മാറി. അതിന് അധികാരങ്ങളൊന്നുമുണ്ടായിരുന്നില്ല. ഖിലാഫത്തുര്‍റാശിദയില്‍ നിന്ന് ഭിന്നമായി, വ്യത്യസ്ത അധികാര കേന്ദ്രങ്ങള്‍ ഉയര്‍ന്നുവരിക സ്വാഭാവികം. പഴയ മാതൃകാ ഭരണക്രമം മുമ്പില്‍ വെച്ച്, പുതിയ മാറ്റങ്ങളെ അനിസ്‌ലാമികം എന്ന് മുദ്രകുത്തുന്നതിന് പകരം അവയെ ഖുര്‍ആന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ പുനര്‍വ്യാഖ്യാനിക്കാനാണ് ശ്രമിക്കേണ്ടത്. ഭൂതകാലത്ത് കുടുങ്ങിക്കിടക്കരുത് എന്നര്‍ഥം. ഇസ്‌ലാമിക രാഷ്ട്രീയ ചിന്തക്ക് ഗസാലി നല്‍കിയ ഈ വികാസം പില്‍ക്കാല നൂറ്റാണ്ടുകളിലും തുടരണമെന്നാണല്ലോ അതിന്റെ ധ്വനി.
മൗലികമായ ചില ലക്ഷ്യങ്ങള്‍ നേടിയെടുക്കാനാവും വിധമാണ് ഗസാലി തന്റെ രാഷ്ട്രീയ ചിന്തകളെ ക്രമീകരിച്ചത് എന്നതും ശ്രദ്ധിക്കേണ്ടതാണ്. ഇസ്‌ലാമിക സമൂഹത്തിന്റെ ഐക്യമാണ് അതില്‍ പരമപ്രധാനം. സന്ദര്‍ഭവശാല്‍ ഇസ്‌ലാമിക സമൂഹത്തില്‍ ഒന്നിലധികം ശക്തികേന്ദ്രങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ടെങ്കില്‍ അവ പരസ്പരം കീഴടക്കാനും അതിജയിക്കാനുമല്ല നോക്കേണ്ടത്. ഇസ്‌ലാമിക സമൂഹത്തിന്റെ ഐക്യവും നൈരന്തര്യവും ഉറപ്പ് വരുത്തുംവിധം ആ ശക്തികള്‍ തമ്മില്‍ ഒരു ധാരണയും പാരസ്പര്യവും രൂപപ്പെടുകയാണ് വേണ്ടത്. ഗസാലിയുടെ കാലത്തെ അബ്ബാസി-സല്‍ജൂഖി പാരസ്പര്യം തന്നെ അതിന് തെളിവ്. ഈയൊരു വീക്ഷണ കോണിലൂടെയാണ്, ഇമാം അലി(റ) സിറിയയിലെ ശക്തനായ ഗവര്‍ണര്‍ മുആവിയക്കെതിരെ നടത്തിയ സൈനിക നീക്കം തെറ്റായിപ്പോയി എന്ന് ഗസാലി കരുതുന്നത്. മുആവിയയുടെ സൈനിക ശക്തിയെ കൂടി ഉള്‍ക്കൊള്ളുന്ന വിധം അധികാര ബന്ധങ്ങളെ പുനര്‍വ്യാഖ്യാനിക്കാനായിരുന്നു ഇമാം അലി(റ) ശ്രമിക്കേണ്ടിയിരുന്നത്. അലി-മുആവിയ ഏറ്റുമുട്ടല്‍ സമൂഹത്തിലുണ്ടാക്കിയ ശൈഥില്യമാവാം ഈ വിലയിരുത്തലിന് നിദാനം.
ശത്രുക്കളെ തിരിച്ചറിയുക എന്നതാണ് ഗസാലി രാഷ്ട്രീയ ചിന്തകളുടെ മറ്റൊരു അടിസ്ഥാനം. അധിനിവേശത്തിന് ശ്രമിക്കുന്ന ബാഹ്യശക്തികളാണ് ഇതിലൊരു വിഭാഗം. കുരിശ് പോരാളികളെക്കുറിച്ച മുന്നറിയിപ്പുകള്‍ ഗസാലി കൃതികളില്‍ പലയിടങ്ങളിലും കാണാം. കയ്‌റോ ആസ്ഥാനമാക്കി ഭരിച്ചിരുന്ന ഫാത്വിമികളെയും ഗസാലി ശത്രുഗണത്തിലാണ് പെടുത്തിയിരുന്നത്. ശീഈകളിലെ ഇസ്മാഈലികളായിരുന്നു അവരെന്നതാണ് ഇതിന് കാരണം. അബ്ബാസി ഖലീഫ മുസതള്ഹിറിന് വേണ്ടി എഴുതിയ പ്രബന്ധത്തില്‍ ഫാത്വിമികളുടെ ബാത്വിനീ ആശയങ്ങളെ ഗസാലി കടന്നാക്രമിക്കുന്നുണ്ട്. ഇസ്‌ലാമിക ദാര്‍ശനിക പാരമ്പര്യത്തിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഗ്രീക്ക് ഭൗതിക തത്ത്വചിന്തകള്‍ക്കെതിരെ ഗസാലി നടത്തിയ പോരാട്ടത്തിനും രാഷ്ട്രീയ ചുവ ഉണ്ടെന്ന് അര്‍ഥം. ഗസാലിയുടെ രാഷ്ട്രീയ ചിന്തകള്‍ പഠിക്കുന്ന ഏതൊരു വിദ്യാര്‍ഥിക്കും ഇങ്ങനെ വികസിപ്പിക്കാവുന്ന നിരവധി ആശയതലങ്ങള്‍ കണ്ടെടുക്കാന്‍ പ്രയാസമില്ല.

Comments

Other Post