Prabodhanm Weekly

Pages

Search

2011 ഗസാലിപ്പതിപ്പ്‌

അബൂ ഹാമിദില്‍ ഗസാലി സാമ്പത്തിക ചിന്തകന്‍

എം.വി മുഹമ്മദ് സലീം

സാമ്പത്തിക ശാസ്ത്രത്തിന്റെ ഉപജ്ഞാതാക്കള്‍ യൂറോപ്യരാണെന്നും 19-ാം നൂറ്റാണ്ട് മുതലാണ് ഈ ശാസ്ത്രശാഖ രൂപംകൊണ്ടതെന്നുമാണ് പൊതു ധാരണ. ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവായി ആദംസ്മിത്തിനെയാണ് പരിചയപ്പെടുത്താറുള്ളത്. എന്നാല്‍, ഇതിനെത്രയോ മുമ്പ് (ഒമ്പതാം നൂറ്റാണ്ടില്‍) മുസ്‌ലിം പണ്ഡിതന്മാര്‍ സാമ്പത്തിക ശാസ്ത്രത്തിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ സവിശദം പ്രതിപാദിച്ചിരുന്നു. ഇമാം അബൂയൂസുഫ് രചിച്ച കിതാബുല്‍ ഖറാജ്, മുഹമ്മദുബ്‌നു ഹസനുശ്ശൈബാനിയുടെ അല്‍ ഇക്തിസാബ് ഫിര്‌രിസ്ഖില്‍ മുസ്തത്വാബ്, യഹ്‌യബ്‌നു ഉമറിന്റെ അഹ്കാമുസ്സൂഖ്, അബൂഉബൈദുല്‍ ഖാസിമിന്റെ അല്‍ അംവാല്‍, ഇബ്‌നു ഖല്‍ദൂന്റെ മുഖദ്ദിമ എന്നിവ ചില പ്രസിദ്ധ സാമ്പത്തിക ശാസ്ത്രകൃതികളാണ്.
സാമ്പത്തിക ശാസ്ത്രം സവിശദം ചര്‍ച്ച ചെയ്ത പണ്ഡിതന്മാരില്‍ അഗ്രഗണ്യനാണ് ഇമാം ഗസാലി. അദ്ദേഹത്തിന്റെ വിഖ്യാത ഗ്രന്ഥമായ ഇഹ്‌യാ ഉലൂമിദ്ദീന്‍ സാമ്പത്തിക രംഗത്ത് പുതിയ ഒരു ദര്‍ശനം സമര്‍പ്പിക്കുന്നുണ്ട്.

അവതരണ പാടവം
ഇമാം ഗസാലിയുടെ സാമ്പത്തിക പഠനങ്ങള്‍ക്ക് ഏറെ സവിശേഷതകളുണ്ട്. അവ വേര്‍തിരിച്ച് പഠിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ വ്യക്തമായി ഗ്രഹിക്കാനാവുക. ഒന്നാമതായി, സമ്പത്തിനെ ഒറ്റക്കു ചര്‍ച്ച ചെയ്യുന്ന രീതിയല്ല ഗസാലി സ്വീകരിച്ചിട്ടുള്ളത്. മനുഷ്യജീവിതത്തെ ഒരു സാകല്യമായി കാണുകയും അതിലെ വ്യത്യസ്ത മേഖലകളെ പരസ്പര പൂരകങ്ങളായി വിശദീകരിക്കുകയുമാണ് അദ്ദേഹം. ജീവിതത്തെ മതപരം, ഭൗതികം എന്ന വിഭജനത്തിനു വിധേയമാക്കരുത്. ഭൗതികമായതെല്ലാം ആത്മീയ നന്മക്കായി ഉപയോഗിക്കാനുള്ളതാണ്. ഈ അടിത്തറയില്‍ ഊന്നി നിന്നുള്ള അദ്ദേഹത്തിന്റെ ചിന്തകള്‍ അനേകം പൗരസ്ത്യ പാശ്ചാത്യ ബുദ്ധിജീവികളെ ഹഠാദാകര്‍ഷിക്കുകയുണ്ടായി.

 സാമ്പത്തിക ചിന്തയുടെ അടിത്തറകള്‍

ഇസ്‌ലാമിക പ്രമാണങ്ങളായ വിശുദ്ധ ഖുര്‍ആനും തിരുചര്യയുമാണ് സാമ്പത്തിക വ്യവസ്ഥയുടെ അലംഘനീയമായ അടിസ്ഥാനങ്ങള്‍. അവയുടെ അടിസ്ഥാനത്തില്‍ നിര്‍ധാരണം ചെയ്‌തെടുത്ത നിരീക്ഷണങ്ങളാണ് ഇമാം സമര്‍പ്പിച്ചത്. അവ പുതുമയുള്ളതും സാര്‍വകാലീനവും പ്രായോഗികവുമായത് ഈ അടിസ്ഥാനങ്ങളുടെ സവിശേഷതയാണ്. മനുഷ്യന്‍, സമ്പത്ത്, സമൂഹം എന്നിവയുടെ നേരെ സവിശേഷ വീക്ഷണമാണ് വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും സമര്‍പ്പിക്കുന്നത്. അവ സംക്ഷിപ്തമായി ചുവടെ കുറിക്കാം. മനുഷ്യജീവിതം ഭൂമിയില്‍ പരിമിതമല്ല. എല്ലാ നിയമങ്ങളിലും ഈ യാഥാര്‍ഥ്യം പരിഗണിക്കപ്പെടണം. ഈ ഭൂമിയിലുള്ള ജീവിതത്തിന്റെ തുടര്‍ച്ചയായി മരണാനന്തരം ശാശ്വതമായ ജീവിതമാരംഭിക്കുന്നു. പാരത്രിക ജീവിതം പരിഗണിച്ചുകൊണ്ട് വേണം ഐഹിക ജീവിതം ചിട്ടപ്പെടുത്തേണ്ടത്.
മനുഷ്യന്‍ ഭൂമിയില്‍ ജീവിക്കുന്നത് മഹത്തായ ഒരു ദൗത്യ നിര്‍വഹണത്തിനു വേണ്ടിയാണ്. സ്രഷ്ടാവും രക്ഷിതാവുമായ സാക്ഷാല്‍ യജമാനന്റെ കല്‍പനകള്‍ ശിരസ്സാവഹിച്ച് അനുസരണയുള്ള അടിമയാവുക എന്നതാണാദൗത്യം. ദൈവാനുസരണം (ഇബാദത്ത്) ജീവിത ലക്ഷ്യമാക്കിയാണ് സാമൂഹികവും സാമ്പത്തികവുമായ എല്ലാ ഇടപാടുകളും നിര്‍വഹിക്കേണ്ടത്. ഈ പരിഗണനയില്ലാതെ നിയമനിര്‍മാണം നടത്തുന്നത് സ്വീകാര്യമല്ല.
ഭൂമി മനുഷ്യവാസത്തിനു വേണ്ടി സ്രഷ്ടാവ് സജ്ജീകരിച്ചിട്ടുള്ളതാണ്. ഇനിയുള്ള വിഭവങ്ങളെല്ലാം മനുഷ്യനുവേണ്ടിയുള്ളതാണ്. അതില്‍ മറ്റുള്ളവരുടെ വിഹിതം തട്ടിയെടുക്കാനോ നശിപ്പിക്കാനോ ആര്‍ക്കും അധികാരമില്ല, അവകാശവുമില്ല. ഒരു സമൂഹത്തിന്റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനും വിഭവങ്ങള്‍ ഉപയോഗിക്കാനും അനിവാര്യമായതെല്ലാം സജ്ജീകരിക്കേണ്ടത് സാമൂഹിക ബാധ്യതയാണ്. അതില്‍ വീഴ്ചവരുത്തുന്നത് പാപമാണ്.
മനുഷ്യ സമൂഹം വിവിധ തട്ടുകളാണ്. ഈ വൈവിധ്യം ഒരു സാമൂഹികാവശ്യമാണ്. താഴെ തട്ടുകളിലുള്ളവരെ പരിഗണിക്കാന്‍ മേല്‍തട്ടിലുള്ളവര്‍ ബാധ്യസ്ഥരാണ്. ആത്മീയമായ ഉന്നതി ഭൗതികമായ സ്ഥാനങ്ങള്‍ക്കതീതമാണ്.

സൂഫിചിന്തയില്‍ തിരുത്ത്
ഇമാം ഗസാലി ഇസ്‌ലാമിനെ ഒരു സമ്പൂര്‍ണ ജീവിത വ്യവസ്ഥയായി അവതരിപ്പിക്കുന്നു. ആത്മീയതക്കും ഭൗതികതക്കുമിടയില്‍ കൃത്രിമമായ മതില്‍കെട്ടില്ലെന്ന് സമര്‍ഥിക്കുന്നു. ജീവിതത്തെ ഐഹികം, പാരത്രികം എന്നിങ്ങനെ വിഭജിക്കുന്നതിന് അദ്ദേഹം ഒരു പുതിയ വ്യാഖ്യാനം നല്‍കുന്നുണ്ട്. അതനുസരിച്ച് ഏത് കാര്യവും ഭൗതികമാവാം, ഏതു കാര്യവും ആത്മീയമാവാം. ഒരാള്‍ ഇസ്‌ലാമിക വിജ്ഞാനം കരസ്ഥമാക്കുന്നത് ഭൗതികതാല്‍പര്യങ്ങള്‍ മുന്നില്‍ വെച്ചാകുമ്പോള്‍ ആ വിജ്ഞാന സമ്പാദനം ഭൗതികമാണ്. ഒരാള്‍ പാരത്രിക മോക്ഷം ലക്ഷ്യം വെച്ച് കച്ചവടം ചെയ്ത് ലാഭമുണ്ടാക്കി ദാനധര്‍മങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ അദ്ദേഹത്തിന്റെ  കര്‍മങ്ങളെല്ലാം പാരത്രികമാണ്. അതിനാല്‍ വിഭവങ്ങളുടെ ഉല്‍പാദനം, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, വികസന പ്രക്രിയകള്‍, ആതുര പരിചരണ പരിപാടികള്‍ എന്നു വേണ്ട, എല്ലാ ഐഹികവൃത്തികളും പാരത്രിക കര്‍മങ്ങളാകാമെന്നദ്ദേഹം സമര്‍ഥിക്കുന്നു. പരലോക മോക്ഷത്തിനുള്ള ഏക പോംവഴി ഈ ലോക പരിത്യാഗമാണെന്ന സൂഫിചിന്ത, ഇസ്‌ലാമിക ശിക്ഷണങ്ങളുടെ വെളിച്ചത്തില്‍ തിരുത്തുകയാണ് ഇമാം ചെയ്തത്. ഈ വിഷയം ശക്തമായവതരിപ്പിക്കുമ്പോള്‍ ഇസ്‌ലാമിലെ സാമൂഹിക ബാധ്യത (ഫര്‍ദ് കിഫായ) എന്ന സാങ്കേതിക പ്രയോഗത്തില്‍ വലിയ അര്‍ഥ വ്യാപ്തിയുണ്ടെന്നദ്ദേഹം സമര്‍ഥിക്കുന്നു. രോഗികളെ ചികിത്സിക്കാനറിയുന്ന ഭിഷഗ്വരന്മാര്‍ ഓരോ സമൂഹത്തിലും ഉണ്ടാവണം. അതില്‍ വീഴ്ചവരുത്തിയാല്‍ സമൂഹം ഒന്നടങ്കം കുറ്റക്കാരാണ്. പാര്‍പ്പിട നിര്‍മാണത്തിന് നേതൃത്വം നല്‍കുന്ന എഞ്ചിനീയര്‍ ഓരോ സമൂഹത്തിലും വേണം. വാസ്തുവിദ്യയറിയുന്ന ആരും സമൂഹത്തിലില്ലെങ്കില്‍ സമൂഹം ധാര്‍മികമായി കുറ്റം ചെയ്തവരാണ്. ഇത്ര സുതാര്യമായി ആത്മീയതയെ ഭൗതിക ജീവിതവുമായി കോര്‍ത്തിണക്കിയ ഇസ്‌ലാമിക ദര്‍ശനം മറ്റാരെങ്കിലും വിശദീകരിച്ചിട്ടുണ്ടോ എന്നു സംശയം!

സാമ്പത്തിക ദര്‍ശനം
ഐഹിക ജീവിതത്തെ കുറിച്ചുള്ള പ്രത്യേക കാഴ്ചപ്പാട് ഇമാം ഗസാലിയുടെ വൈജ്ഞാനിക ഗവേഷണത്തെ ദിശാബോധമുള്ളതാക്കി. അദ്ദേഹത്തിന്റെ ദര്‍ശനം ഭൗതിക മാത്രമായി ചിന്തിക്കുന്നവര്‍ക്ക് തൃപ്തികരമായില്ലെന്ന് വരാം. എന്നാല്‍, ഗസാലി ദര്‍ശനങ്ങള്‍ ഗ്രഹിക്കാനും ദഹിക്കാനും ആത്മീയ വീക്ഷണം അനിവാര്യമാണ്. അതിന്റെ അഭാവത്തില്‍ ദര്‍ശനം അപൂര്‍ണമാണെന്ന് ധരിച്ചുവശായേക്കും!
ഭൂമിയില്‍ സംതൃപ്തമായ ജീവിതം നയിക്കാന്‍ സമൂഹത്തിലെ സകല വ്യക്തികള്‍ക്കും സൗകര്യം ലഭിക്കുന്ന ഒരു  വ്യവസ്ഥയാണ് ഇസ്‌ലാം സമര്‍പ്പിക്കുന്നത്. സമ്പത്തിന്റെ സമാഹരണവും വിതരണവും സാമൂഹിക ക്ഷേമം ലക്ഷ്യമാക്കിക്കൊണ്ടാവണം. ഭരണീയരുടെ ക്ഷേമം ഉറപ്പുവരുത്തേണ്ടത് ഭരണാധികാരികളുടെ ബാധ്യതയാണ്. സാമ്പത്തികമായ ഈ കാര്യങ്ങളത്രയും നിര്‍വഹിക്കുന്നത് ശാശ്വതമായ പാരത്രിക മോക്ഷം ലഭിക്കണമെന്ന ആത്യന്തിക ലക്ഷ്യം മുന്നില്‍ വെച്ചായിരിക്കണം.
ജീവിതത്തെക്കുറിച്ചും മനുഷ്യന്റെ സാമൂഹിക ബാധ്യതകളെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചുമുള്ള സമഗ്രമായ കാഴ്ചപ്പാടാണ് ഇമാം ഗസാലിയുടെ സാമ്പത്തിക ചിന്തകള്‍ക്ക് തിളക്കമേകുന്നത്.
ഇമാം ഗസാലി പരാമര്‍ശിച്ച ഉദാഹരണങ്ങള്‍ പോലും പില്‍ക്കാലത്ത് പ്രശസ്തനായ ആദംസ്മിത്ത് കടമെടുത്തിട്ടുണ്ടെന്ന് നിരീക്ഷകര്‍ പറയുന്നു. ഇസ്‌ലാമിക വീക്ഷണത്തില്‍ വിജ്ഞാനം പ്രചരിപ്പിക്കാനുള്ളതാണ്; പൂഴ്ത്തിവെക്കാനുള്ളതല്ല. അതിനാല്‍ സ്മിത്തും മറ്റു യൂറോപ്യരും ഇമാം ഗസാലിയുടെ അധ്യാപനങ്ങള്‍ അംഗീകരിച്ചും പ്രചരിപ്പിച്ചും ഈ വിജ്ഞാനം പ്രയോജനപ്പെടുത്തിയത് ശ്ലാഘനീയമാണ്. എന്നാല്‍, ഗസാലിയുടെ തിളക്കമാര്‍ന്ന ചിന്തകള്‍ സാമൂഹിക ക്ഷേമം ലക്ഷ്യം വെച്ചുള്ളതാണ്. അവ ആദംസ്മിത്ത് എടുത്തുപയോഗിച്ചത് മുതലാളിത്ത സാമ്പത്തിക ചിന്തക്ക് അടിത്തറ പാകാനാണ്. ഇമാം ഗസാലിയുടെ ഗുരുനാഥന്‍ അബുല്‍ മആലി അല്‍ ജുവൈനി(റ) സാമ്പത്തിക ദര്‍ശനത്തില്‍ ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. ഗിയാസുല്‍ ഉമം (സമൂഹത്തിന്റെ സഹായവര്‍ഷം) എന്നാണാ ഗ്രന്ഥത്തിനദ്ദേഹം നാമകരണം ചെയ്തത്. ഈ ഗ്രന്ഥം അവലംബമാക്കി ആദംസ്മിത്ത് മറ്റൊരു രചന നടത്തി. അതിനദ്ദേഹം പേരിട്ടത് ദി വെല്‍ത്ത് ഓഫ് നേഷന്‍ (സമൂഹത്തിന്റെ സമ്പത്ത്) എന്നാണ്. മുസ്‌ലിം പണ്ഡിതന്മാരുടെ ദാര്‍ശനിക ചിന്തകള്‍ ജനക്ഷേമ പ്രധാനമായിരുന്നു. പാശ്ചാത്യരുടെ കൈയില്‍ അവ നിഷ്പ്രഭങ്ങളായതിന്റെ സ്പഷ്ടമായ ഒരുദാഹരണമാണ് മുകളില്‍. ഭൗതികതയുടെ അതിപ്രസരം പാശ്ചാത്യരെ ആഴത്തില്‍ ബാധിച്ചിരിക്കുന്നുവെന്നത് വ്യക്തം.

വ്യതിരിക്തമായ കാഴ്ചപ്പാടുകള്‍
ഇഹ്‌യാ ഉലൂമിദ്ദീനില്‍ ധനസമ്പാദന മര്യാദകള്‍ വിശദീകരിക്കുന്ന ഒരു ഭാഗമുണ്ട്. മുസ്‌ലിം പണ്ഡിതന്മാരധികവും ധനവിതരണ മര്യാദകളും നിയമങ്ങളും വിശദീകരിക്കുന്നതിലാണ് ശ്രദ്ധിക്കാറ്. ഇതില്‍ നിന്ന് വ്യത്യസ്തമായി ധനം സമ്പാദിക്കുന്നതില്‍ ഊന്നിക്കൊണ്ടാണ് ഇമാം ചര്‍ച്ച തുടങ്ങുന്നത്. ഇതില്‍ ഒരു തലവാചകം 'ധനസമ്പാദനത്തിന്റെ ശ്രേഷ്ഠത, അതിനുള്ള പ്രചോദനം' എന്നാണ്. ഇസ്‌ലാം ധനസമ്പാദനം പ്രോത്സാഹിപ്പിക്കുന്നുവെന്നത് ഖുര്‍ആന്റെയും സുന്നത്തിന്റെയും വെളിച്ചത്തില്‍ സ്ഥാപിക്കുകയാണ് ഇമാം ഗസാലി ഈ ഗ്രന്ഥത്തില്‍.
ഇസ്‌ലാം ദാരിദ്ര്യത്തെ പ്രോത്സാഹിപ്പിക്കുകയും ധനസമ്പാദനത്തെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നുവെന്ന ഒരു തെറ്റിദ്ധാരണയുണ്ട്. വിശുദ്ധ ഖുര്‍ആന്റെയും തിരുസുന്നത്തിന്റെയും ചില പരാമര്‍ശങ്ങള്‍ ഉപരിപ്ലവമായി വ്യാഖ്യാനിച്ചതാണ് ഈ അബദ്ധ ധാരണക്ക് കാരണം. മനുഷ്യന്റെ ഭൗതിക സൗകര്യങ്ങള്‍ ആത്മീയ ചിന്തയെ സ്ഫുടം ചെയ്‌തെടുക്കാന്‍ എങ്ങനെ പ്രയോജനകരമാക്കാമെന്ന അറിവാണ് ഇസ്‌ലാം പ്രദാനം ചെയ്യുന്നത്. ഒരു തിരുവചനത്തില്‍ ഇങ്ങനെ കാണാം: ഒരിക്കല്‍ രണ്ട് സഹോദരന്മാര്‍ തിരുമേനിയെ സന്ദര്‍ശിച്ചു. 'ഞങ്ങള്‍ക്ക് മൂന്നാമതൊരു സഹോദരനും കൂടിയുണ്ട്.' അവര്‍ തിരുമേനിയെ അറിയിച്ചു. 'അദ്ദേഹം രാത്രി മുഴുവന്‍ നമസ്‌കാരത്തിലും ദൈവിക ചിന്തയിലും കഴിച്ചുകൂട്ടും. പകല്‍ നോമ്പനുഷ്ഠിക്കും.' 'അദ്ദേഹത്തിന് ഭൗതികാവശ്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതാരാണ്?' തിരുമേനി അന്വേഷിച്ചു. 'അത് ഞങ്ങള്‍ രണ്ടുപേരുമാണ്.' 'എങ്കില്‍ നിങ്ങളാണ് അദ്ദേഹത്തേക്കാള്‍ അല്ലാഹുവിന്റെ പ്രതിഫലമര്‍ഹിക്കുന്ന ദാസന്മാര്‍'- തിരുമേനി അരുള്‍ ചെയ്തു.
അനേകം സ്വഹാബിമാരുടെ അഭിപ്രായങ്ങളുദ്ധരിച്ച്, സമ്പാദിക്കുന്നത് ശ്ലാഘനീയമാണെന്ന് സമര്‍ഥിക്കുകയാണ് ഇമാം ഗസാലി ഇഹ്‌യാ ഉലൂമിദ്ദീനില്‍.

സാമ്പത്തിക ചിന്തയുടെ മൂലശിലകള്‍
ഇസ്‌ലാമിക പ്രമാണങ്ങള്‍ ആധാരമാക്കിയുള്ള സാമ്പത്തിക ചിന്തക്ക് അഞ്ച് മൂലശിലകളിലധിഷ്ഠിതമായ ഒരു ദര്‍ശനമാണ് ഗസാലി സമര്‍പ്പിക്കുന്നത്. വിശ്വാസത്തിലൂന്നിയ ജീവിത വ്യവസ്ഥ (ദീന്‍), ജീവിതം, സന്താനം, സമ്പത്ത്, ബുദ്ധി എന്നിവയാണ് ഈ മൂലശിലകള്‍! സാമൂഹിക ക്ഷേമത്തിലൂന്നി മനുഷ്യന്റെ അത്യാവശ്യം, ആവശ്യം, ആഡംബരം എന്നിവ പരിഗണിച്ചുള്ളതാണ് പ്രസ്തുത ദര്‍ശനം. സമ്പത്ത് ധൂര്‍ത്തടിക്കുന്നതും കഠിനമായ പിശുക്ക് കാണിക്കുന്നതും ഒരുപോലെ അപലപനീയമാണ്.

പരലോക വിശ്വാസവും ധനസമ്പാദനവും
മനുഷ്യന്റെ സമ്പാദിക്കാനുള്ള അവസരമാണ് ഐഹിക ജീവിതം. ഇഹലോക സുഖത്തോടൊപ്പം പരലോകവിജയവും ലക്ഷ്യമിടുന്ന ജീവിതവ്യവസ്ഥയാണിസ്‌ലാം. അതിനാല്‍ ഐഹിക ജീവിതത്തില്‍ നിര്‍വഹിക്കുന്ന ഏതൊരു കര്‍മവും പരലോകത്ത് പ്രയോജനകരമാവണമെന്നതാണ് ഇസ്‌ലാമിക കാഴ്ചപ്പാട്. മറ്റൊരു വീക്ഷണത്തില്‍, പരലോക മോക്ഷം സാധ്യമാവാന്‍ ഐഹിക ജീവിതം അനിവാര്യമാണ്. പരലോക വിശ്വാസവും ഐഹിക ജീവിതവും അടിസ്ഥാനമാക്കി ഇമാം ഗസാലി മനുഷ്യരെ മൂന്നായി തരംതിരിക്കുന്നു. 1. ഐഹിക ചിന്തയില്‍ മുഴുകി പരലോകം പാടെ വിസ്മരിക്കുന്നവര്‍. നാശമാണവരുടെ പരിണാമം. 2. ഐഹിക സുഖങ്ങള്‍ പരിത്യജിച്ച് പരലോക വിജയം മാത്രം ലക്ഷ്യമാക്കി ജീവിക്കുന്നവര്‍- അവര്‍ക്ക് വിജയം കൈവരിക്കാനായേക്കാം. 3. ഐഹിക ജീവിതത്തില്‍ ശ്രദ്ധിച്ച് ഭൗതിക പുരോഗതിയും സാമ്പത്തിക സുസ്ഥിതിയും കൈവരിക്കുകയും ഇസ്‌ലാമിക നിയമങ്ങള്‍ കണിശമായി പാലിച്ച് ജീവിക്കുകയും ചെയ്യുന്നവര്‍. ഇവരാണ് സാക്ഷാല്‍ മോക്ഷം കൈവരിച്ച ഉത്തമര്‍. സാമ്പത്തിക സുസ്ഥിതി അഭിലഷണീയമാണ്. പരലോകത്ത് ഉന്നത സ്ഥാനീയനാകാന്‍ സമ്പത്ത് പ്രയോജനപ്പെടുത്താനാവും. ഇതാണ് ഇമാം ഗസാലി സമര്‍ഥിക്കുന്നത്. ഒരു സമൂഹത്തിന്റെ ക്ഷേമവും ഐശ്വര്യവും ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുകയെന്നത് സാമൂഹിക ബാധ്യതയാണ്. ഈ ബാധ്യത നിര്‍വഹിക്കാനാവശ്യമായ അറിവും പരിശീലനവും നേടിയെടുക്കുന്നതും സാമൂഹിക ബാധ്യതയാണ്. അഥവാ സമൂഹത്തില്‍ അറിവും കഴിവും നേടിയ ആരുമില്ലെങ്കില്‍ സമൂഹം അതിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുക്കണം. സമൂഹത്തിലെ ഓരോ അംഗവും ഈ വീഴ്ചയുടെ കുറ്റം പേറേണ്ടിവരും. സാമ്പത്തിക മേഖലയില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട പ്രാഥമികാവശ്യങ്ങളുണ്ട്. അവ പൂര്‍ത്തീകരിക്കാനാവശ്യമായ ആസൂത്രണം നടത്തേണ്ടതും സമൂഹത്തിന്റെ ബാധ്യതയാണ്.
1. ഓരോ വ്യക്തിക്കും സ്വയം പര്യാപ്തത കൈവരിക്കാനും ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനും സൗകര്യമുണ്ടാവുക.
2. സന്താനങ്ങള്‍ക്കും ആശ്രിതര്‍ക്കും ക്ഷേമ ജീവിതം നയിക്കാനുള്ള സാമ്പത്തിക അടിത്തറയുണ്ടാവുക.
3. സമൂഹത്തിലെ ആവശ്യക്കാര്‍ക്ക് അനിവാര്യമായ സഹായം ലഭിക്കാനുള്ള സൗകര്യമുണ്ടാവുക.
ഈ മൂന്ന് മേഖലയിലും സ്വയം സമ്പൂര്‍ണത കൈവരിക്കാതിരിക്കുന്നത് സമൂഹത്തിന്റെ കുറ്റകരമായ അനാസ്ഥയാണെന്ന് ഇമാം ഗസാലി തെളിവുകള്‍ നിരത്തി സമര്‍ഥിക്കുന്നു. സാമ്പത്തിക സുസ്ഥിതി നിരുത്സാഹപ്പെടുത്തുന്നവരെ ലളിതമായി നിരൂപണം നടത്തി അബദ്ധം ബോധ്യപ്പെടുത്തുകയാണദ്ദേഹം: ''ജനങ്ങള്‍ ജീവന്‍ നിലനില്‍ക്കാന്‍ മാത്രം മതിയാവുന്ന ആഹാരം കഴിച്ചാല്‍ ശരീരം ദുര്‍ബലമാകും; മരണം പെരുകും, അധ്വാനിക്കാന്‍ ആളുകള്‍ കുറയും, തൊഴില്‍ ശാലകള്‍ അടക്കും, സമൂഹം നശിക്കും, സര്‍വോപരി മതവിശ്വാസം അപകടത്തിലാവും. ഈ നാശങ്ങളെല്ലാം മതവിശ്വാസത്തിന്റെ ഫലമാണെന്നായിരിക്കുമല്ലോ ജനങ്ങള്‍ ധരിച്ചുവശാവുക. പരലോകത്തിന്റെ വിളനിലമാണ് ഇഹലോകം. അത് നശിച്ചാല്‍ പാരത്രിക മോക്ഷവും അവതാളത്തിലാകും. അതിനാല്‍ കഷ്ടിച്ചു കഴിഞ്ഞുകൂടുക എന്ന രീതി വര്‍ജ്യമാണ്. ആര്‍ക്കെങ്കിലും നിര്‍ബന്ധമാണെങ്കില്‍ അത് ഒറ്റക്ക് പരീക്ഷിക്കാം. സമൂഹം ഒരിക്കലും ആ രീതി സ്വീകരിക്കാന്‍ പാടില്ല.''
ഈ വിശദീകരണത്തില്‍ നിന്ന് ഇമാം ഗസാലി ആഡംബര ജീവിതത്തെ പ്രോത്സാഹിപ്പിക്കുകയായിരുന്നുവെന്ന് ധരിക്കരുത്. ദാരിദ്ര്യ നിര്‍മാര്‍ജനവും സാമ്പത്തിക സുസ്ഥിതിയും ലക്ഷ്യമിടുന്ന മധ്യമ നിലപാടാണദ്ദേഹം സമര്‍പ്പിക്കുന്ന അഭിലഷണീയ രീതി.

സാമ്പത്തികമായ ആവശ്യങ്ങള്‍
മൂന്ന് അടിസ്ഥാനാവശ്യങ്ങള്‍ക്കാണ് സമ്പത്ത് ഉപയോഗിക്കുന്നത്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം. ഈ അടിസ്ഥാനാവശ്യങ്ങളുടെ സങ്കല്‍പം വ്യത്യസ്തമാവാം. ഓരോ സമൂഹത്തിന്റെയും കാലഘട്ടത്തിന്റെയും പ്രത്യേകതയനുസരിച്ച് ഭക്ഷ്യ വിഭവങ്ങള്‍, വസ്ത്രങ്ങള്‍, വീട്ടുപകരണങ്ങള്‍ എന്നിവയിലെല്ലാം വ്യത്യസ്ത വീക്ഷണങ്ങളുണ്ടാവാം. അതിനാല്‍ അടിസ്ഥാനാവശ്യങ്ങള്‍ തന്നെ പല തട്ടുകളിലാണെന്ന് ഗ്രഹിക്കാന്‍ പ്രയാസമില്ല. വീട്ടുപകരണങ്ങള്‍, ആചാര രീതികള്‍ തുടങ്ങിയവയിലെ വ്യത്യാസവും സാമ്പത്തികമായി സ്വാധീനം ചെലുത്തും. ഓരോ സമൂഹത്തിന്റെയും അടിസ്ഥാനാവശ്യങ്ങള്‍ ഇതെല്ലാം പരിഗണിച്ചാണ് കണക്കാക്കേണ്ടത്.
ഉപഭോഗത്തിന്റെ അളവും പ്രത്യേകം പഠിക്കണം. ഇമാം ഗസാലി ഉപഭോഗത്തിന് മൂന്ന് നിലവാരങ്ങള്‍ കാണുന്നു: ഏറ്റവും താണ നിലവാരം, മധ്യമ നിലവാരം, ഉയര്‍ന്ന ഉപഭോഗം. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടമെന്ന അടിസ്ഥാനാവശ്യങ്ങളിലേതും ഇങ്ങനെ വ്യത്യസ്ത നിലവാരങ്ങളില്‍ പൂര്‍ത്തീകരിക്കാം. അത്യാവശ്യം, ആവശ്യം, ആഡംബരം എന്നീ മൂന്ന് നിലവാരങ്ങളില്‍ ഏതിലും ഉപഭോഗമാവാമെന്നര്‍ഥം.

സമ്പന്നരും ദരിദ്രരും
ധനസമ്പാദനവും ദാരിദ്ര്യവും ഒരു പ്രത്യേക കാഴ്ചപ്പാടിലൂടെയാണ് ഇമാം കാണുന്നത്. അദ്ദേഹം നല്‍കുന്ന വിശദീകരണമിതാ: മനുഷ്യന്റെ സമ്പാദിക്കാനുള്ള ശീലം പ്രകൃതിദത്തമാണ്. അത് അധിക്ഷേപാര്‍ഹമല്ല. ഉയര്‍ന്ന ജീവിതനിലവാരം കൊതിക്കുന്നതും അതിനു വേണ്ടി പ്രവര്‍ത്തിക്കുന്നതും സ്വാഭാവികമാണ്. അദ്ദേഹം കുറച്ചുകൂടി വിശദീകരിക്കുന്നു. അനേകം അഭിലാഷങ്ങളുടെ ഉടമയാണ് മനുഷ്യന്‍. കൈവശമുള്ള സമ്പത്ത് ആവശ്യങ്ങള്‍ക്ക് മതിയാകാതെ വരുമെന്ന് അവന്‍ ഭയപ്പെടുന്നു. അതിനാല്‍ കൂടുതല്‍ സമ്പത്ത് നേടാന്‍ ശ്രമിക്കുന്നു. എന്നാല്‍, ഈ ഭയം അവസാനിക്കുന്നില്ല. എത്ര സമ്പത്ത് കൈയില്‍ വന്നാലും ആശങ്ക അവശേഷിക്കും. ഭൂമിയിലുള്ളതെല്ലാം ഒരാള്‍ക്ക് ലഭിച്ചാല്‍ പോലും! മനുഷ്യന്റെ ഈ സമ്പാദനവാഞ്ഛയും അജ്ഞാതമായ ഭാവിയെക്കുറിച്ചുള്ള ആശങ്കയുമാണ് അവന്റെ സാമ്പത്തിക ചിന്തയെ സ്വാധീനിക്കുന്ന പ്രധാന ഘടകം.
കൃത്രിമമായ ഒരു സാമ്പത്തിക സമീകരണം ഇമാം ഗസാലി അംഗീകരിക്കുന്നില്ല. മനുഷ്യപ്രകൃതിയുമായി അതൊത്തുപോകാന്‍ വളരെ പ്രയാസമാണ്. അങ്ങേയറ്റം ഭക്തരായ ഏതാനും പേര്‍ക്ക് ചിലപ്പോള്‍ അത് പ്രായോഗികമാവാം. വളരെ ഉയര്‍ന്ന പരലോക ചിന്ത അതിനനിവാര്യമാണ്. ഉള്ളവനില്‍ നിന്ന് ശേഖരിച്ച് ഇല്ലാത്തവര്‍ക്ക് നല്‍കി എല്ലാവരെയും ഒരേ തട്ടിലാക്കാനുള്ള പദ്ധതി സ്വാര്‍ഥികളായ അധികാരിവര്‍ഗത്തിന് അന്യായമായി സമ്പത്ത് പിടിച്ചെടുക്കാനും സമൂഹത്തെ ചൂഷണം ചെയ്യാനും അവസരം നല്‍കും.
സാമ്പത്തിക അസമത്വങ്ങള്‍ക്ക് പരിഹാരമായി ഇസ്‌ലാമിക സാഹോദര്യത്തിന്റെ അടിസ്ഥാനത്തില്‍ സമ്പത്ത് പരസ്പരം പങ്കുവെച്ചനുഭവിക്കണമെന്നതാണ് ഗസാലിയുടെ നിര്‍ദേശം. ഈ പ്രക്രിയ അദ്ദേഹം സ്വതസിദ്ധമായ ശൈലിയില്‍ ചിത്രീകരിക്കുന്നു. സാഹോദര്യത്തിന്റെ അടിസ്ഥാനത്തില്‍ സമ്പത്ത് പങ്കുവെക്കുന്നത് മൂന്ന് നിലവാരമുണ്ട്. അതില്‍ ഏറ്റവും എളിയത് സഹോദരനെ എന്റെ ജോലിക്കാരന്റെ സ്ഥാനത്ത് നിര്‍ത്തി അയാളുടെ ആവശ്യങ്ങള്‍ നിവൃത്തിച്ചുകൊടുക്കുകയാണ്. തൊട്ടു മുകളിലെ നിലവാരം സഹോദരനെ തന്നെപ്പോലെ കാണുകയെന്നതാണ്. ഏറ്റവും ഉന്നതമായ നിലവാരം സ്വന്തം ആവശ്യത്തെക്കാള്‍ സഹോദരന്റെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക എന്നതത്രെ.

ധൂര്‍ത്തും ലുബ്ധും
ഇസ്‌ലാം വിഭാവനം ചെയ്യുന്ന സഹാനുഭൂതിയും സഹകരണവും ഇല്ലാതാകുമ്പോള്‍ പകരം ധൂര്‍ത്തും ലുബ്ധും സ്ഥാനം കൈയേറും. ചിലര്‍ അനാവശ്യമായി ധനം ധൂര്‍ത്തടിക്കുമ്പോള്‍ മറ്റു ചിലര്‍ അത്യാവശ്യങ്ങള്‍ക്കു പോലും ചെലവഴിക്കാതെ പിശുക്കു കാണിക്കും. ഇസ്‌ലാമിക നിയമങ്ങള്‍ക്ക് നിരക്കാത്ത എല്ലാ ചെലവും ധൂര്‍ത്താണ്. സമ്പത്ത് സഹജീവികള്‍ക്ക് പ്രയോജനപ്പെടാതെ നശിപ്പിച്ചുകളയുന്നത് ധൂര്‍ത്താണ്. മിതവ്യയം ആളും അവസ്ഥയും കണക്കിലെടുത്ത് നിര്‍ണയിക്കണം. ഒരാളുടെ മാസാന്ത വരുമാനം ആയിരം രൂപയാണെന്ന് സങ്കല്‍പിക്കുക. കുടുംബം പുലര്‍ത്താന്‍ ആ വരുമാനം കഷ്ടിച്ചേ മതിയാവുകയുള്ളൂ. ഈ വ്യക്തി ഒരു പൊതു സദ്യ സംഘടിപ്പിക്കുന്നെങ്കില്‍ അത് ധൂര്‍ത്താണ്. തന്റെ ആശ്രിതര്‍ക്ക് ആവശ്യമായത് നല്‍കാതെ ദാനധര്‍മങ്ങള്‍ നല്‍കുന്നതുപോലും ധൂര്‍ത്താണെന്നാണ് ഇമാം ഗസാലി സമര്‍ഥിക്കുന്നത്. സാമൂഹിക പ്രതിബദ്ധതയെ കുറിച്ചുള്ള അത്യുന്നമായ കാഴ്ചപ്പാടാണ് അദ്ദേഹത്തിനുള്ളത്.
പണം ധൂര്‍ത്തടിക്കുന്നതുപോലെ അപലപനീയമാണ് ചെലവഴിക്കാതെ പിശുക്ക് കാണിക്കുന്നത്. പണത്തിന് ജീവിതത്തില്‍ അതിപ്രധാനമായ ഒരു സ്ഥാനമുണ്ട്. അടിസ്ഥാനാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ അതനിവാര്യമാണ്. അത് ആവശ്യങ്ങള്‍ക്ക് ചെലവഴിക്കാതെ കെട്ടിപ്പൂട്ടി വെക്കാന്‍ പാടില്ല. ഇസ്‌ലാം നിര്‍ദേശിക്കുന്ന മാര്‍ഗങ്ങളില്‍ ചെലവഴിക്കണം. സമൂഹം അംഗീകരിക്കുന്ന നാട്ടുനടപ്പനുസരിച്ചും പണം ചെലവഴിക്കേണ്ടിവരും. പണം ചെലവഴിക്കാതെ സൂക്ഷിക്കുന്നതിനെക്കാള്‍ സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്ക് ചെലവഴിക്കുന്നതാണ് ഉത്തമമെന്നതില്‍ രണ്ടു പക്ഷമില്ല.

സാമ്പത്തിക ശാസ്ത്രത്തിന് വിലപ്പെട്ട സംഭാവനകള്‍
ആധുനിക സാമ്പത്തിക ശാസ്ത്രം വളരെ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യുന്ന പല ചിന്തകള്‍ക്കും ഇമാം ഗസാലി തുടക്കം കുറിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വ്യാപാരം, അന്താരാഷ്ട്ര വിപണി എന്നിവ ലളിതവും ബോധ്യം വരുന്നതുമായ ശൈലിയില്‍ അദ്ദേഹം വിശദീകരിച്ചു. ഒരു പ്രദേശത്ത് ഉല്‍പാദനം അവിടത്തെ ആവശ്യത്തില്‍ കൂടുതലാകുമ്പോള്‍ അടുത്ത പ്രദേശത്തെ ആവശ്യക്കാര്‍ക്ക് മിച്ചമുള്ള ഉല്‍പാദനം വില്‍ക്കുന്നു. ഒരു രാജ്യത്ത് ഉല്‍പന്നം മിച്ചം വരുമ്പോള്‍ അതടുത്ത രാജ്യത്തെ ആവശ്യക്കാര്‍ക്ക് വില്‍ക്കുന്നു. അവരുടെ നാട്ടില്‍ മിച്ചമുള്ള വസ്തുക്കള്‍ വാങ്ങി കച്ചവടക്കാരന്റെ നാട്ടില്‍ കൊണ്ടുവന്ന് വിറ്റഴിക്കുന്നു. ഇങ്ങനെയാണ് രാജ്യാന്തര വ്യാപാരം ഉടലെടുത്തത്. ആവശ്യക്കാര്‍ക്ക് ഉല്‍പന്നങ്ങള്‍ തേടിപ്പിടിക്കാന്‍ എളുപ്പമുണ്ടാക്കാനാണ് പ്രാദേശിക 'ചന്തകള്‍' രൂപപ്പെടുത്തിയത്. ഇതുപോലെ രാജ്യാന്തര വിപണികള്‍ രൂപപ്പെട്ടപ്പോള്‍ അവ വലിയ ചന്തകളായി. ആഗോള സാമ്പത്തിക ഘടനയെ ആഴത്തില്‍ സ്വാധീനിക്കുന്നതാണ് രാജ്യാന്തര വ്യാപാരം. ഇതിന്റെ ആവശ്യകതയും സല്‍ഫലങ്ങളും വളരെ ലളിതമായി ഇമാം ഗസാലി അവതരിപ്പിച്ചിട്ടുണ്ട്.

മൂലധനവും അധ്വാനവും
സാമ്പത്തിക വളര്‍ച്ചയുടെ അടിസ്ഥാന ശിലകളാണ് മൂലധനവും അധ്വാനവും. അധ്വാനം വിഭവങ്ങളെ ഉപയോഗ യോഗ്യമാക്കുന്നു. അസംസ്‌കൃത വസ്തുക്കള്‍ അധ്വാനഫലമായി ആവശ്യപൂര്‍ത്തിക്ക് അനുയോജ്യമാക്കുന്ന പ്രക്രിയയാണല്ലോ ഉല്‍പാദനത്തില്‍ പ്രധാനം. അധ്വാനം കൂടുതല്‍ ഫലപ്രദമാക്കാനുള്ള മാര്‍ഗങ്ങള്‍ ഇമാം ഗസാലി വിശദീകരിക്കുന്നു. ചില പ്രത്യേക ജോലികളില്‍ നൈപുണ്യം നേടിയാല്‍ അധ്വാനം കൂടുതല്‍ പ്രയോജനകരമാക്കാം. വിദഗ്ധ തൊഴിലാളികള്‍, സ്‌പെഷലൈസേഷന്‍ തുടങ്ങിയ ആധുനിക ചിന്തകള്‍ക്ക് ബീജാവാപം നല്‍കുന്നു ഇമാമിന്റെ വിശദീകരണം.
സാമ്പത്തിക വളര്‍ച്ചക്ക് സാഹചര്യം അനുകൂലമായിരിക്കണം. സുരക്ഷിതത്വവും സമാധാനവും വികസനത്തിനനിവാര്യമാണ്. രാജ്യാന്തര വ്യാപാരത്തില്‍ സഞ്ചാര യോഗ്യമായ പാതകള്‍, അവയെ കൊള്ളക്കാരില്‍നിന്ന് സുരക്ഷിതമാക്കാനുള്ള സംവിധാനം എന്നിവ വളരെ പ്രധാനമാണ്. ഇതെല്ലാം അക്കമിട്ട് വിവരിച്ച് സാമ്പത്തിക പുരോഗതിയും ക്രമസമാധാനവും പരസ്പര പൂരകങ്ങളാണെന്ന് അദ്ദേഹം സമര്‍ഥിക്കുന്നു.
ആധുനിക സാമ്പത്തിക ശാസ്ത്രത്തില്‍ ആവശ്യം, ലഭ്യത, വില എന്നിവ ആനുപാതികമായി ബന്ധപ്പെടുന്നുവെന്ന ഒരടിസ്ഥാന തത്ത്വമുണ്ട്. ലഭ്യത കുറയുകയും ആവശ്യം കൂടുകയും ചെയ്താല്‍ വില കൂടും. ആവശ്യം കുറയുകയും ലഭ്യത കൂടുകയും ചെയ്യുമ്പോള്‍ വില കുറയും. ഉല്‍പാദനം, വിപണനം എന്നീ സാമ്പത്തിക പ്രക്രിയകളില്‍ പ്രധാന പങ്കുവഹിക്കുന്ന സിദ്ധാന്തമാണിത്. മുതലാളിത്ത രാഷ്ട്രങ്ങള്‍ വില പിടിച്ചുനിര്‍ത്താന്‍ പല കടുംകൈകളും ചെയ്ത് വിപണിയെ നിയന്ത്രിക്കുന്നു. ആയിരക്കണക്കിന് ഹെക്ടര്‍ ഗോതമ്പ് വയലില്‍ വെച്ച് ചുട്ടുകളഞ്ഞ അമേരിക്കയുടെ നടപടി കുപ്രസിദ്ധമാണ്. ആവശ്യവും ലഭ്യതയും തമ്മിലുള്ള അനുപാതം ഇമാം ഗസാലി വിശദീകരിക്കുന്നുണ്ട്. വിപണിയിലെ ലഭ്യതയും ആവശ്യക്കാരുടെ ആധിക്യവും വിലയെ എങ്ങനെ ബാധിക്കുന്നുവെന്നദ്ദേഹം വ്യക്തമാക്കുന്നു. ഒരു പടികൂടി മുന്നോട്ടു കടന്ന് ഇമാം അവതരിപ്പിക്കുന്ന തത്ത്വം ആകര്‍ഷകമാണ്. വിഭവങ്ങള്‍ ഉപയോഗിക്കുന്നതിലുള്ള വിരക്തി ജനങ്ങളെ ദുര്‍ബലരാക്കും. അപ്പോള്‍ ഉല്‍പാദനം കുറയും, ഫാക്ടറികള്‍ അടച്ചുപൂട്ടേണ്ടിവരും. സമൂഹം ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തും. ജനങ്ങളുടെ വിശ്വാസം അവതാളത്തിലാകാന്‍ ഇത് കാരണമാകും! ഐഹിക സുഖങ്ങളിലുള്ള വിരക്തിയെ നിരുത്സാഹപ്പെടുത്തി ആത്മീയ ചിന്തകളെ ശരിയായ ദിശയിലേക്ക് തിരിച്ചുവിടാനാണ് അദ്ദേഹം ഇക്കാര്യം ഊന്നിപ്പറഞ്ഞത്.
വിഭവങ്ങള്‍, ഉപഭോഗം, ഉല്‍പാദനം, വില എന്നിവയെല്ലാം പരസ്പര ബന്ധിതമാണെന്നദ്ദേഹം സമര്‍ഥിക്കുന്നു. വിലയെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ ലാഭത്തിന്റെ വിശദീകരണം വരുന്നു. കച്ചവടം നിലനില്‍ക്കാനാവശ്യമായ ഒരു ഘടകമാണ് ലാഭം. കച്ചവടം ഒരു വലിയ സാമൂഹിക സേവനമാണ്. അത് നിലനില്‍ക്കേണ്ടതാവശ്യമാണ്. അതിനാല്‍ ലാഭമെടുക്കുന്നതും അനിവാര്യമായി വരുന്നു. എന്നാല്‍, ലാഭത്തിനു വേണ്ടിയാവരുത് കച്ചവടം. വിപണിയിലെ ലാഭക്കണ്ണ് മാത്രം പോരാ വ്യാപാരിക്ക്. കച്ചവടം ഒരു വലിയ പുണ്യകര്‍മമാണ്. അതിലൂടെ പരലോകത്തെ വിപണിയില്‍ ലാഭം കൊയ്യാന്‍ സാധിക്കുമാറാകണം. അതിനായി അദ്ദേഹം ചില നിയന്ത്രണങ്ങള്‍ അനുശാസിക്കുന്നുണ്ട്.
വിപണിയില്‍ മൂല്യബോധവും ധര്‍മനിഷ്ഠയും അനിവാര്യമാണ്. ചതി, വഞ്ചന, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍, പൂഴ്ത്തിവെപ്പ്, ഇടനിലക്കാര്‍, ചൂഷണം, ചൂതാട്ടം തുടങ്ങിയവ ഒന്നും പാടില്ല. വിപണിയില്‍ വില്‍ക്കുന്നവന്നും വാങ്ങുന്നവന്നും പെരുമാറ്റച്ചട്ടമുണ്ട്. വില്‍ക്കുന്നവന്‍ അമിത ലാഭമെടുക്കരുത്; അധിക വിലയ്ക്ക് വാങ്ങാന്‍ ആവശ്യക്കാരന്‍ ഒരുക്കമാണെങ്കിലും. വിപണിയില്‍ വില നിലവാരം പിടിച്ചുനിര്‍ത്താന്‍ കച്ചവടക്കാര്‍ പരസ്പരം സഹകരിക്കണം. വില കുത്തനെ ഉയരുന്നത് സാമൂഹിക പ്രശ്‌നങ്ങളുണ്ടാക്കും.
വാങ്ങുന്നവര്‍ പാലിക്കേണ്ട ചട്ടങ്ങളുമുണ്ട്. വിപണിയില്‍ ചെറിയ കച്ചവടക്കാരെ സമ്മര്‍ദമുപയോഗിച്ച് വില കുറച്ചുവില്‍ക്കാന്‍ നിര്‍ബന്ധിക്കരുത്. അവരോട് സൗമ്യമായി ഇടപെടണം. കച്ചവടം റദ്ദാക്കുമ്പോള്‍ വില്‍ക്കുന്നവന്റെ വികാരം മാനിക്കണം. റദ്ദാക്കാനുള്ള ന്യായങ്ങള്‍ വിവരിക്കുമ്പോള്‍ കച്ചവടക്കാരനെ അധിക്ഷേപിക്കുന്ന ശൈലി സ്വീകരിക്കരുത്. കടം വാങ്ങിയവര്‍ കൃത്യസമയത്ത് ബാധ്യത അടച്ചുതീര്‍ക്കണം.

ഉല്‍പാദനം
ഉല്‍പാദന പ്രക്രിയ ആവശ്യം പരിഗണിച്ചാവണം, ലാഭം ലാക്കാക്കിയാവരുത്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവക്കാണ് യഥാക്രമം മുന്‍ഗണന കല്‍പിക്കേണ്ടത്. അതിനാല്‍ കാര്‍ഷികോല്‍പന്നങ്ങള്‍, മൃഗസംരക്ഷണം, മത്സ്യബന്ധനം തുടങ്ങിയ മേഖലകള്‍ പ്രത്യേകം ശ്രദ്ധിക്കപ്പെടണം. നെയ്ത്ത്, വസ്ത്രനിര്‍മാണം തുടങ്ങിയ മേഖലകളും ശ്രദ്ധയര്‍ഹിക്കുന്നു. കെട്ടിട നിര്‍മാണത്തിനാവശ്യമായ വസ്തുക്കള്‍ തയാറാക്കുന്ന വ്യവസായ ശാലകള്‍ വേണം. ഇങ്ങനെ അടിസ്ഥാനാവശ്യങ്ങള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞ ശേഷമേ സൗകര്യങ്ങളും ആഡംബരവും പരിഗണിക്കാന്‍ പാടുള്ളൂ. ഈ തത്ത്വം പരിഗണിച്ചിരുന്നെങ്കില്‍ ഇന്ന് ലോകത്തെവിടെയും ഭക്ഷ്യ ക്ഷാമം ഉണ്ടാകുമായിരുന്നില്ല.
വ്യവസായശാലകളുടെ ആവശ്യകത അദ്ദേഹം വിവരിക്കുന്നത് നോക്കൂ! കര്‍ഷകന്‍ ധാന്യങ്ങള്‍ ഉല്‍പാദിപ്പിക്കുന്നു. അതിനാവശ്യമായ ആയുധങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുന്നത് കൊല്ലനാണ്. ധാന്യങ്ങള്‍ ഉമി കളയാനും പൊടിക്കാനും മില്ലുകള്‍ വേണം. അവ നിര്‍മിക്കാന്‍ വലിയ ഫാക്ടറി ആവശ്യമാണ്. മില്ലില്‍ നിന്ന് മാവ് ലഭിച്ചാല്‍ റൊട്ടിയാക്കി മാറ്റാന്‍ ബേക്ക് വേണം. ഉല്‍പാദനം ഒരു സങ്കീര്‍ണ പ്രക്രിയയാണെന്നും അതിന് അനേകം ഘടകങ്ങള്‍ അനിവാര്യമാണെന്നും പഠിപ്പിക്കുന്ന കൂട്ടത്തില്‍ വ്യവസായശാലകളുടെഅനിവാര്യതയും ഊന്നിപ്പറയുകയാണദ്ദേഹം.
ആധുനിക സാമ്പത്തിക ശാസ്ത്രത്തിന് പ്രയോജനകരമായിത്തീര്‍ന്ന അനേകം തത്ത്വങ്ങള്‍ വികസിപ്പിച്ചെടുത്ത ഒരു നിസ്തുല പ്രതിഭയായിരുന്നു ഇമാം ഗസാലി. പാശ്ചാത്യ സാമ്പത്തിക ചിന്തകര്‍ പ്രധാനമായും അവലംബമാക്കിയത് ഇദ്ദേഹത്തിന്റെ ദര്‍ശനങ്ങളാണ്. ചിലരത് തുറന്നു പറയാന്‍ മടിച്ചു. ഡെബ്ല്യു. മോണ്ടുഗോമറി വാട്ടിന്റെ ഭാഷയില്‍ 'ഈ മഹാത്മാക്കള്‍ മാനവരാശിയുടെ ബുദ്ധിപരമായ വളര്‍ച്ചക്കര്‍പ്പിച്ച സംഭാവനകള്‍ ഇനിയും പൂര്‍ണമായി അംഗീകരിക്കപ്പെട്ടിട്ടില്ല'.
ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പിന്റെ ഇക്കാലത്ത് ഗസാലിയന്‍ ചിന്തകള്‍ ഏറെ പ്രസക്തവും പ്രയോജനകരവുമാണ്.

 
msaleemmv@gmail.com

Comments

Other Post