Prabodhanm Weekly

Pages

Search

2011 ഗസാലിപ്പതിപ്പ്‌

അബൂ ഹാമിദില്‍ ഗസാലി ശാസ്ത്രത്തെ സമീപിച്ചതെങ്ങനെ

ഡോ. ആരിഫ് അലി കൊളത്തെക്കാട്ട്‌

തത്വചിന്തക്ക് കടുത്ത പ്രഹരമേല്‍പിച്ചുവെന്നും ഇസ്‌ലാമിക ചരിത്രത്തില്‍ ശാസ്ത്രപാരമ്പര്യത്തിന്റെ അപചയത്തിന് കാരണക്കാരിലൊരാളായിത്തീര്‍ന്നുവെന്നുമുള്ള ആരോപണം ഇമാം ഗസാലിക്കെതിരെ ഉയര്‍ന്നിട്ടുണ്ട്. ശാസ്ത്ര വികാസത്തിന്റെ മുന്നുപാധിയാണ് യുക്തി ചിന്തയെന്ന വീക്ഷണമനുസരിച്ച്, ഇസ്‌ലാം ഒരു ദൈവശാസ്ത്ര വ്യവസ്ഥയെന്ന നിലയില്‍ യുക്തി ചിന്തയോട് നിഷേധാത്മക സമീപനമെടുക്കുന്നുവെന്ന് ഒരാള്‍ അനുമാനിച്ചെന്നിരിക്കും. ശാസ്ത്രത്തിന്റെ ഉദയത്തിനും വികാസത്തിനും ഇസ്‌ലാം പ്രോത്സാഹനം നല്‍കുന്നില്ലെന്ന് പറഞ്ഞ ഫ്രഞ്ച് ഓറിയന്റലിസ്റ്റായ ഏണസ്റ്റ് റെനാന്‍ (1823-1892), ഇസ്‌ലാമിക പാരമ്പര്യത്തിലുണ്ടെന്നു കരുതപ്പെടുന്ന ഈ അപചയത്തിന് ഗസാലിയെന്ന സ്വാധീനശക്തിയുള്ള മുസ്ലീം ദൈവശാസ്ത്രജ്ഞന് പ്രമുഖ പങ്കുണ്ടെന്നും സൂചിപ്പിക്കുന്നു. അറബ്-ഇസ്‌ലാമിക തത്വചിന്തയെ കുറിച്ച സമഗ്രമായ ആദ്യത്തെ ചരിത്രരചന നടത്തിയ സോളമന്‍ മുങ്ക് (ജര്‍മ്മനിയില്‍ ജനിച്ച ജൂത-ഫ്രഞ്ച് ഓറിയന്റലിസ്റ്റായ അദ്ദേഹത്തിന്റെ കാലം 1803-1867) 1844ല്‍ത്തന്നെ ഈ ചര്‍ച്ചയുടെ ദിശ നിര്‍ണ്ണയിച്ചു. അദ്ദേഹം പറഞ്ഞത്, 'തത്വചിന്തകരുടെ പൊരുത്തക്കേട് ' എന്ന ഗ്രന്ഥത്തിലൂടെ ഗസാലി ''തത്വചിന്തക്കൊരു പ്രഹരം നല്‍കി, കിഴക്ക് ഒരിക്കലും പിന്നീടതില്‍ നിന്ന് രക്ഷപ്പെട്ടില്ല.'' എന്നാണ്. തത്വചിന്തയെ വേട്ടയാടിയ ശത്രുവായി ഏണസ്റ്റ് റെനാന്‍ ഗസാലിയെ വിശേഷിപ്പിച്ചു. ഹംഗേറിയന്‍ ഓറിയന്റലിസ്റ്റ് ഇഗ്നാസ് ഗോള്‍ഡ് സിഹെറുടെ (1850-1921) അഭിപ്രായത്തില്‍ ഇസ്‌ലാമിക ഹൃദയഭൂമികളില്‍ തത്വചിന്തയുടെ പാരമ്പര്യം അത്രയധികം ദുര്‍ബ്ബലമായിത്തീര്‍ന്നതിനാല്‍ അതിനകം തന്നെ രോഗബാധിതമായ ഒരു പാരമ്പര്യത്തിന് അപമാനമായിത്തീര്‍ന്നു ഗസാലിയുടെ 'പൊരുത്തക്കേട്' എന്നാണ്. ഗസാലിയുടെ രചനകളില്‍ മുന്‍വിധിയില്ലാതെ ഒരന്വേഷണം നടത്തിയാല്‍ ഈ ആരോപണങ്ങള്‍ യാഥാര്‍ത്ഥ്യമല്ല എന്നു മനസ്സിലാകും.
പ്രകൃതിശാസ്ത്രങ്ങളും ഇസ്‌ലാമും തമ്മിലുള്ള ബന്ധത്തെക്കുറിച്ച ഗസാലിയുടെ വീക്ഷണങ്ങള്‍ മനസ്സിലാക്കാന്‍, ആ വിഷയത്തില്‍ അദ്ദേഹം നടത്തിയ രചനകളെ അദ്ദേഹത്തിന്റെ മറ്റു രചനകളുടെ ചട്ടക്കൂടില്‍ വെച്ച് പരിശോധിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ അദ്ദേഹത്തിന്റെ പാഠങ്ങളെ ഒറ്റപ്പെടുത്തിയും പശ്ചാത്തലത്തില്‍ നിന്നടര്‍ത്തിമാറ്റിയും വായിക്കുകയെന്ന അപകടം വന്നു ചേരും. അത് തെറ്റായ നിഗമനങ്ങളിലെത്തിചേരുന്നതിനിടയാക്കും. ഗസാലിയുടെ കാര്യത്തില്‍ നിരന്തരമായി ആവര്‍ത്തിക്കപ്പെട്ട കാര്യവുമതുതന്നെയാണ്. ഗസാലിയന്‍ ചിന്തയുടെ ചട്ടക്കൂടില്‍ നിന്ന് കാര്യങ്ങളെ നോക്കിക്കാണുമ്പോള്‍, അദ്ദേഹം 'ഇല്‍മ്' എന്ന് പ്രയോഗിക്കുമ്പോള്‍ അതിനെ ഒരു സമഗ്രമായ പദമായി, എല്ലാ വിഷയങ്ങളെയും സംഗ്രഹിക്കുന്ന പദമായിട്ടാണ് അദ്ദേഹം ഉപയോഗിക്കുന്നത്. ആ പദം മിക്കപ്പോഴും 'ശാസ്ത്രം' എന്നാണ് പരിഭാഷ ചെയ്യപ്പെട്ടത്. പക്ഷേ അറബി പദത്തിന്റെ വ്യക്തമായ ന്യൂനീകരണമാണ് ഈ പരിഭാഷ. തന്റെ പദങ്ങളെ വളരെ ശ്രദ്ധാപൂര്‍വ്വം നിര്‍വ്വചിക്കുന്ന കാര്യത്തില്‍ അങ്ങേയറ്റം ശ്രദ്ധ പുലര്‍ത്തിയിരുന്ന ഗസാലി ''ശാസ്ത്രങ്ങളുടെ സ്വഭാവത്തെപ്പറ്റി'' (അല്‍ കലാം ഫി ഹഖീഖത്തില്‍ ഇല്‍മ്) എന്ന ഒരു മുഴുവന്‍ അദ്ധ്യായം തന്നെ തന്റെ ഉസ്വൂലുല്‍ ഫിഖ്ഹ് എന്ന നിയമതത്വങ്ങളെക്കുറിച്ച പുസ്തകത്തില്‍ അതിനായി മാറ്റിവെച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞു ''ജ്ഞാനത്തെ നിര്‍വ്വചിക്കാനാവില്ല.'' തന്റെ പ്രസ്താവനയെ വിശദീകരിച്ചുകൊണ്ടദ്ദേഹം പറഞ്ഞത്, ജ്ഞാനത്തെ നിര്‍വ്വചിക്കാനുള്ള നമ്മുടെ കഴിവുകേട് അതെക്കുറിച്ചുള്ള നമ്മുടെ അജ്ഞതയെ സൂചിപ്പിക്കുന്നില്ലെന്നും അതിനെ അതിന്റെ ശാഖകള്‍കൊണ്ടും അവയെന്താണെന്നതുകൊണ്ടും നമുക്ക് ലളിതമായി നിര്‍വ്വചിക്കാമെന്നുമാണ്.  നിത്യം(Eternal), യാദൃച്ഛികം(Accidental) എന്നിങ്ങനെയുള്ള ജ്ഞാനത്തിന്റെ വിഭജനമോ, സ്രഷ്ടാവിന്റെ മാത്രം ഗുണമെന്ന നിലയില്‍ നിത്യമായ ജ്ഞാനത്തെ വിശദീകരിച്ചതോ അല്ല പ്രധാനമെന്നും, മറിച്ച് ഒരാള്‍ ജ്ഞാനം സമാര്‍ജ്ജിച്ചു കഴിയുന്നതോടെ വിവിധ ജ്ഞാനശാഖകള്‍ക്കു കീഴില്‍ വ്യത്യാസമില്ലാതാവുകയും ശാസ്ത്രം സ്വയം തന്നെ അത്തരം വ്യത്യാസങ്ങളെ മായ്ച്ചുകളയുകയും ചെയ്യുന്നു എന്ന കാഴ്ചപ്പാടാണ് ഊന്നിപ്പറയേണ്ടത്. ഇസ്‌ലാമിക ജ്ഞാനസിദ്ധാന്തത്തിലേക്കുള്ള ഈ വ്യക്തമായ ഉള്‍ക്കാഴ്ച ഗസാലിയെക്കുറിച്ചുള്ള പഠനങ്ങളില്‍ മിക്കപ്പോഴും കാണാതെ പോകുന്നു.
ഗസാലിയുടെ വീക്ഷണത്തില്‍ ഇസ്‌ലാമിക പാരമ്പര്യം ഉരുത്തിരിഞ്ഞുവന്നത് ഖുര്‍ആനിലൂടെയാണ്. ഇതില്‍ അടിസ്ഥാനപരമായ മൂന്നു ഘട്ടങ്ങളുണ്ട്. ഒന്ന്, തൗഹീദ്. ദൈവത്തെക്കുറിച്ചും അവനുമായി നമ്മുടെ ബന്ധത്തെക്കുറിച്ചുമുള്ള ആശയങ്ങള്‍. രണ്ട്, നുബുവ്വത് അഥവാ പ്രവാചക പരമ്പരകളിലൂടെ പ്രതിഫലിപ്പിക്കപ്പെടുന്ന മതത്തെക്കുറിച്ചുള്ള അടിസ്ഥാനപരമായ ധാരണ. മൂന്ന്, ഖദ്ര്‍ വിധി നിര്‍ണ്ണയത്തെക്കുറിച്ചുള്ള ആശയം. ഈ വിഷയങ്ങളിലെ ആധികാരികന്‍ ദൈവം തന്നെയാണ്. അങ്ങനെ വരുമ്പോള്‍ യഥാര്‍ത്ഥ ജ്ഞാനം ദൈവത്തിങ്കല്‍ തന്നെയാണ്. അതിനര്‍ത്ഥം ഒരാള്‍ക്ക് 'ഇല്‍മി'നെക്കുറിച്ച് യഥാര്‍ത്ഥ ജ്ഞാനമുണ്ടാകുന്നതുവരെ അടിസ്ഥാനഘടകത്തെക്കുറിച്ച് അറിയാന്‍ കഴിയില്ലെന്നാണ്. ഇല്‍മ് എന്നതുകൊണ്ട് കേവലമായ ജ്ഞാനമെന്നാണര്‍ത്ഥമെങ്കില്‍ എങ്ങനെയാണ് മനുഷ്യ വിജ്ഞാനത്തിന് കേവലമായിരിക്കാന്‍ കഴിയുക? മനുഷ്യവിജ്ഞാനത്തെ വേര്‍തിരിച്ചറിയാനായി 'ഫിഖ്ഹ്' എന്ന പദമുപയോഗിക്കുന്നു. അത് കേവലമല്ലെന്നു മാത്രമല്ല വകഭേദങ്ങള്‍ക്കും വ്യതിയാനങ്ങള്‍ക്കും വിധേയവുമാണ്. ഗസാലിയെ സംബന്ധിച്ച് 'ഇല്‍മ്' എന്നത് അറിവാര്‍ജ്ജിക്കുന്നതില്‍ മാത്രമായി ഒതുങ്ങിനില്‍ക്കുന്നില്ല, മറിച്ചത് വിശ്വാസികള്‍ അവരുടെ വിശ്വാസത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നതിനെയും ഇസ്‌ലാം കൈവരിക്കാനുദ്ദേശിക്കുന്ന ലക്ഷ്യങ്ങള്‍ക്കായി പ്രതിബദ്ധത കാട്ടേണ്ടതിനെയും കൂടി ആവശ്യപ്പെടുന്നുണ്ട്. ഉള്‍ക്കാഴ്ചയും സാമൂഹ്യപ്രവര്‍ത്തനവും അതിന്റെ സാമൂഹ്യ ചേരുവകളായുണ്ട്. ഭൗതികവും സാമൂഹ്യവുമായ പ്രതിഭാസങ്ങളെ സംബന്ധിച്ചുള്ള അറിവിന്റെ വിവിധ ശാഖകളുടെ സര്‍വ്വതോന്മുഖമായ വികാസവും, ഇസ്ലാമിക പ്രമാണങ്ങളുടെ ന്യായീകരണത്തിനായുള്ള യുക്തിപരമായ വാദമുഖങ്ങളുന്നയിക്കലും, പ്രവാചകപാരമ്പര്യവും ഖുര്‍ആനികമായ ശാസനകളുമായി ബന്ധപ്പെട്ട് ഇസ്‌ലാമിക നിയമങ്ങളുടെ ഉരുത്തിരിച്ചെടുക്കലും ഇസ്‌ലാമിന്റെ ഇല്‍മ് എന്ന സംജ്ഞയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ഒരു പണ്ഡിതനും അദ്ധ്യാപകനുമെന്ന നിലയില്‍ ഗസാലി ജ്ഞാനത്തിന്റെ വിവിധ മേഖലകളില്‍-  അതിന്റെ സങ്കല്പനങ്ങള്‍, രീതികള്‍, സംവര്‍ഗ്ഗങ്ങള്‍, ലക്ഷ്യങ്ങള്‍ എന്നിവയില്‍- അദ്ദേഹം തല്‍പ്പരനായിരുന്നു. അല്‍-ഗസാലിയുടെ വീക്ഷണത്തില്‍ യഥാര്‍ഥ ജ്ഞാനം ദൈവത്തെക്കുറിച്ച അറിവാണ്; ദൈവത്തിന്റെ ഗ്രന്ഥങ്ങള്‍, അവന്റെ പ്രവാചകന്മാര്‍, സ്വര്‍ഗ്ഗത്തെക്കുറിച്ചും ഭൂമിയെക്കുറിച്ചുമുള്ള അറിവ്, പ്രവാചകനിലൂടെ വെളിവാക്കപ്പെട്ട ശരിഅത്തിനെക്കുറിച്ച അറിവ് എന്നിങ്ങനെ.അത്തരം അറിവുകള്‍ മതകീയ ശാസ്ത്രമാണ്, അതില്‍ ചില ലൗകിക പ്രതിഭാസങ്ങളെക്കുറിച്ച പഠനംകൂടി ഉള്‍പ്പെടുമെങ്കിലും. ഈ ലോകവുമായി ബന്ധപ്പെട്ട വിജ്ഞാനശാഖകളെ- വൈദ്യശാസ്ത്രവും ഗണിതവും പോലുള്ളവ- സാങ്കേതികവിദ്യകളെന്ന നിലയിലാണ് ഗസാലി കാണുന്നത്. അറിവിന്റെ ഉദ്ദേശ്യം മനുഷ്യനെ വിഭവങ്ങള്‍ നേടാന്‍ സഹായിക്കുക, യഥാര്‍ത്ഥ സന്തോഷം (ഇഹലോകത്തിനപ്പുറമുള്ള സന്തുഷ്ടി) കൈവരിക്കാന്‍ സഹായിക്കുക എന്നതാണ്. ദൈവത്തോട് കൂടുതലടുത്തുകൊണ്ടും അവന്റെ കാരുണ്യത്തിലേക്ക് ദൃഷ്ടിപായിച്ചുകൊണ്ടും ഇത് സാധ്യമാകും. പഠിക്കലിന്റെ (അറിയലിന്റെ) മൂല്യം കിടക്കുന്നത് അതിന്റെ ഉപയോഗ്യതയിലും സത്യസ്ഥിതിയിലുമാണ്. അങ്ങനെ നോക്കുമ്പോള്‍ മതപരമായ ശാസ്ത്രങ്ങള്‍ മതേതരശാസ്ത്രങ്ങള്‍ക്കും മേലെയാണെന്നാണ് ഗസാലിയുടെ കണ്ടെത്തല്‍. കാരണം, ഈ കടന്നുപോകുന്ന ലോകത്തിനപ്പുറമുള്ള നിത്യലോകത്തിലെ രക്ഷയെ (വിമോചനത്തെ) ബാധിക്കുന്നതാണത്. ഒപ്പം, അവ മതേതരശാസ്ത്രങ്ങളെക്കാള്‍ ഉയര്‍ന്ന സത്യങ്ങളെ ഉള്‍ക്കൊള്ളുന്നതു കൂടിയാണല്ലോ. ദൈവശാസ്ത്ര തത്വചിന്തക്കുള്ളില്‍ നിന്നു നോക്കുമ്പോഴും മതേതരശാസ്ത്രങ്ങളെ അവഗണിക്കാനാവില്ലെന്ന വശം. അവക്കവയുടെ ഉപയോഗമുണ്ട്, അവ സമൂഹത്തിനാവശ്യമുള്ളവയാണ്.
ഈ പശ്ചാത്തലത്തില്‍, ആദ്യകാല മുസ്‌ലിം ബൗദ്ധിക പാരമ്പര്യം ഈ ഇല്‍മ്-ഫിഖ്ഹ് വ്യതിരിക്തത ശാസ്ത്രീയ കൃതികളെ ഉരുത്തിരിച്ചെടുക്കാന്‍ ഉപയോഗിക്കുന്നതില്‍ ചരിത്രപരമായ തെറ്റ് വരുത്തിയെന്നും, 'കലാ'മിന്റെ തെറ്റായ ഉപയോഗം കൂടിയായതോടെ വ്യവസ്ഥ കൂടുതല്‍ സങ്കീര്‍ണ്ണമായിത്തീര്‍ന്നെന്നുമുള്ള അഭിപ്രായമാണ് ഗസാലിക്കുള്ളത്. അരിസ്റ്റോട്ടിലിന്റെ ജ്ഞാനസിദ്ധാന്തത്തെ ഫിഖ്ഹ് എന്നതിനുപകരം തെറ്റായി ഇല്‍മ് എന്ന് പരിഭാഷപ്പെടുത്തി. തത്വചിന്തയെന്ന പദത്തെ പരിഭാഷപ്പെടുത്താന്‍ കലാം എന്ന് ഉപയോഗിക്കുകയും ചെയ്തു. അടിസ്ഥാനവിവാദം അതിന്റെ അറബ്‌വല്‍കൃത രൂപത്തില്‍ ഗ്രീക്ക് പദമായ ഫല്‍സഫയെചൊല്ലിയാണ്. പ്രാചീനഗ്രീക്കുകാര്‍ക്ക് തത്വചിന്തയെന്നാല്‍ അറിവിനുവേണ്ടിയുള്ള തൃഷ്ണ/ഭ്രമം ആയിരുന്നു. എന്നാല്‍ അരിസ്റ്റോട്ടിലിലെ സംബന്ധിച്ചേടത്തോളം ആ പദത്തിന്  ശാസ്ത്രീയമായ പഠനമെന്ന ധ്വനികൂടിയുണ്ട്. മുസ്‌ലിം ബുദ്ധിജീവികളിലെത്തിച്ചേരുന്നതുവരെ തത്വചിന്തയെക്കുറിച്ചുള്ള പ്രാചീന സങ്കല്പനം തുടര്‍ന്നുപോന്നു. അല്‍-ഫാറാബി, ഇബ്‌നുസീന തുടങ്ങിയ ആദ്യകാല മുസ്ലീം ശാസ്ത്രജ്ഞന്മാരും തത്വചിന്തകരും ഈ അചാരപ്രകാരം ശാസ്ത്രങ്ങളെ വര്‍ഗ്ഗീകരിച്ചു. പ്രത്യേകിച്ചും ലോജിക് (വിചിന്തനശാസ്ത്രം), അതിഭൗതികവാദം, സദാചാരശാസ്ത്രം(ധര്‍മ്മശാസ്ത്രം) എന്നിവയെ ആദ്യ അറേബ്യന്‍ തത്വചിന്തകനായ അല്‍-കിന്തിയടക്കമുള്ളവരെല്ലാം ശാസ്ത്രമായാണ് കണ്ടത്. ശാസ്ത്രങ്ങളുടെ വര്‍ഗ്ഗീകരണത്തെ സംബന്ധിച്ച ഈ വീക്ഷണത്തെ ഗസാലി എതിര്‍ത്തു.
തന്റെ ആദ്യ കൃതികളിലൊന്നായ ''തത്വചിന്തകരുടെ ലക്ഷ്യങ്ങളി''ല്‍ (മഖാസിദുല്‍ ഫലാസിഫ) ഗസാലി വിവേകജ്ഞാനത്തിന്റെ ശാസ്ത്രത്തെ(Science of wisdom) രണ്ടു ഭാഗങ്ങളായിത്തിരിക്കുന്നു. ആദ്യത്തേത് മനുഷ്യന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിക്കുന്നതും പ്രായോഗികശാസ്ത്രം എന്നു വിളിക്കാവുന്നതും. ഈ ജീവിതത്തിലും, ഒപ്പം തന്നെ അടുത്തതിലും, മനുഷ്യന്റെ നന്മക്കുതകുന്ന മാനുഷിക പ്രവര്‍ത്തനങ്ങളെ കണ്ടെത്തുകയെന്നതാണതിന്റെ ലക്ഷ്യം. രണ്ടാമത്തേത് ഉണ്മയുടെ അവസ്ഥാന്തരങ്ങളെക്കുറിച്ചായതിനാല്‍ സൈദ്ധാന്തികശാസ്ത്രം എന്നു വിളിക്കപ്പെടുന്നു. തുടര്‍ന്ന് പ്രായോഗിക ശാസ്ത്രത്തെ മൂന്നായി തരം തിരിക്കുന്നു ഗസാലി. ഒന്നാമത്തേത്, മനുഷ്യന്റെ മറ്റൊരു മനുഷ്യനുമായുള്ള ബന്ധത്തെ കുറിക്കുന്ന ശാസ്ത്രമാണ്; അത് ചെന്നെത്തുന്നത് രാഷ്ട്രതന്ത്ര ശാസ്ത്രത്തിലാണ് (Political Science). രണ്ടാമത്തേത് കുടുംബം, ഭാര്യ, കുട്ടികള്‍, വേലക്കാര്‍ എന്നിവരെ ഭരിക്കുന്നതിന്റെ ശാസ്ത്രമാണ്. മൂന്നാമത്തേത്, സദാചാരശാസ്ത്രം തന്റെ സ്വഭാവത്തിലും ഗുണങ്ങളിലും പുണ്യവും നന്മയും പുലര്‍ത്തുന്നതിന്റെ ശാസ്ത്രം.
ശാസ്ത്രങ്ങളെ വര്‍ഗ്ഗീകരിക്കാന്‍ ഗസാലി ഒരു ഫിഖ്ഹ് രീതിശാസ്ത്രം സ്വീകരിച്ചു. അത് ഗ്രീക്ക് തത്വചിന്താരചനകള്‍ക്കന്യമായ ഒന്നാണ്. ജ്ഞാനത്തിന്റെ വിഭജനത്തെക്കുറിച്ചദ്ദേഹത്തിന് വ്യക്തമായ ഒരു ധാരണയുണ്ടായിരുന്നു; മതവുമായി ബന്ധപ്പെട്ടവയെന്നും (മതപരമായവ), മതവുമായി നേരിട്ടു ബന്ധപ്പെടാത്തവയെന്നും (അതായത് യുക്തിപരമായവ). രണ്ടാമതു പറഞ്ഞവയെ അദ്ദേഹം പുകഴ്ത്തപ്പെടേണ്ടവ, ഇകഴ്ത്തപ്പെടേണ്ടവ, അനുവദനീയമായവ എന്നിങ്ങനെ ഗ്രൂപ്പ് തിരിച്ചു. ലോകത്തിന്റെ പുരോഗതിക്കാവശ്യമായ ശാസ്ത്രങ്ങള്‍ പുകഴ്ത്തപ്പെടേണ്ടവയാണ്. ഈ ഗണത്തില്‍ ഗണിതശാസ്ത്രം, വൈദ്യശാസ്ത്രം തുടങ്ങിയവയൊക്കെ ഉള്‍പ്പെടുന്നു. ഇവ ഫര്‍ദ് കിഫായ, അഥവാ, സമുദായത്തിന് മൊത്തത്തില്‍ ഏറ്റെടുക്കല്‍ നിര്‍ബന്ധമായ സംഗതികളാണ്. ശാസ്ത്രങ്ങളില്ലാതെ ലോകത്തിനു പുരോഗമിക്കാനാവില്ല എന്നത് കൊണ്ടാണിത്. ഒരാളെങ്കിലും ഒരു നഗരത്തില്‍, ഒരു പ്രദേശത്ത്, ഇത്തരമൊരു ശാസ്ത്രം അഥവാ അറിവ് കൈവരിച്ചാല്‍ ആ പ്രദേശം പാപത്തില്‍ നിന്ന് ഒഴിവാക്കപ്പെടും. ഇനിയഥവാ ഒരാള്‍പോലും ഇവ പഠിച്ചില്ലെങ്കില്‍, എല്ലാവരും തെറ്റുകാരായിരിക്കും. ഭരണനിര്‍വ്വഹണം, വ്യവസായം, കൃഷി തുടങ്ങിയവയെല്ലാം ഫര്‍ദ് കിഫായയില്‍പെടുന്നു. പക്ഷേ അത്തരം അറിവില്‍ വിദഗ്ദ്ധനായിരിക്കുക എന്നത് ഫര്‍ദ് കിഫായ അല്ലതാനും. ഇകഴ്ത്തപ്പെടേണ്ട (വിമര്‍ശിക്കപ്പെടേണ്ട) അറിവുകള്‍ മന്ത്രവാദം, കപടശാസ്ത്രം കൊണ്ടുള്ള കളികള്‍, ചൂതാട്ടം മുതലായവയാണ്. അനുവദനീയമായ അറിവുകള്‍. കവിത, ചരിത്രം, ഭൂമിശാസ്ത്രം, ജീവശാസ്ത്രം മുതലായവയാണ്. മതവുമായി ബന്ധപ്പെട്ട എല്ലാ അറിവുകളും പുകഴ്ത്തപ്പെടേണ്ടവയാണ്; എന്നാല്‍ മറ്റേതെങ്കിലും അറിവുകളുമായി കൂട്ടിക്കുഴക്കുമ്പോള്‍ ചിലപ്പോളവ വിമര്‍ശിക്കപ്പെടേണ്ടവയായിത്തീരും. ഈ വിവരണത്തില്‍ ഗസാലി മതപരമായ ശാസ്ത്രങ്ങള്‍, യുക്തിപരമായ ശാസ്ത്രങ്ങള്‍ എന്നീ രണ്ടിന്റെയും ഗുണങ്ങള്‍ ചര്‍ച്ചചെയ്യുന്നു.
ഗസാലിയുടെ അഭിപ്രായത്തില്‍, അവതീര്‍ണ(revealed) ശാസ്ത്രങ്ങളും യുക്തി ശാസ്ത്രങ്ങളും തമ്മില്‍ ഒരു വൈരുധ്യവുമില്ല. വെളിപാടിന്റെ നിര്‍ദ്ദേശങ്ങളും വിവേകയുക്തിയുടെ (reason)  ആവശ്യകതകളും തമ്മില്‍ പ്രത്യക്ഷത്തിലുള്ള സംഘര്‍ഷം ഉടലെടുക്കുന്നത്, സത്യത്തെ എത്തിപ്പിടിക്കാന്‍ അന്വേഷകനുള്ള കഴിവുകേടില്‍ നിന്നും അവതീര്‍ണ നിയമത്തിന്റെ യാഥാര്‍ത്ഥ്യത്തെയോ, യുക്തിയുടെ വിധിനിര്‍ണ്ണയത്തെയോ അയാള്‍ തെറ്റി മനസ്സിലാക്കുന്നതില്‍ നിന്നുമാണ്. യഥാര്‍ത്ഥത്തില്‍, അവതീര്‍ണ ശാസ്ത്രങ്ങളും യുക്തി ശാസ്ത്രങ്ങളും പരസ്പര പൂരകമാണ്. ഒന്ന് മറ്റൊന്നിന് ഒഴിവാക്കാനാവാത്തതുമാണ്. പ്രശ്‌നമെന്താണെന്നു വച്ചാല്‍ അവയെ ഒരുമിച്ചു പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യുകയെന്നത് വലിയ ബുദ്ധിമുട്ടാണെന്നതാണ്. (അസാധ്യമല്ലെന്നുണ്ടെങ്കില്‍) അവ രണ്ടു വേറിട്ട പാതകളെയാണ് രൂപപ്പെടുത്തുന്നത്. ഒന്നില്‍ തല്പരനാകുന്നവന്‍ മറ്റേതില്‍ പരിമിതികളുള്ളവനായിരിക്കും. ഗസാലി ശാസ്ത്രങ്ങളെ അവയുടെ ഉദ്ദേശങ്ങള്‍ അഥവാ ലക്ഷ്യങ്ങള്‍ക്കനുസൃതമായി വര്‍ഗ്ഗീകരിക്കുന്നു. കൊള്ളക്കൊടുക്കലുകളുടെ ശാസ്ത്രം (മനുഷ്യരുടെ സ്വഭാവങ്ങളെയും പ്രവര്‍ത്തനങ്ങളെയും ഭരിക്കുന്നത്-ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും ശാസ്ത്രങ്ങള്‍) എന്നും അവതീര്‍ണ്ണമായ ശാസ്ത്രമെന്നും (വസ്തുക്കളുടെ യാഥാര്‍ത്ഥ്യത്തെയും അന്തസ്സാരത്തെയും മനസ്സിലാക്കുന്നതുമായി ബന്ധപ്പെട്ടത്). രണ്ടാമതു പറഞ്ഞത് ഒരമൂര്‍ത്തശാസ്ത്രമാണ്. ഹൃദയ പ്രകാശത്തിലൂടെ മാത്രമേ അതു നേടിയെടുക്കാനാവൂ. ആ പ്രകാശം അവാച്യമായതും പുസ്തകങ്ങളിലുള്‍ക്കൊള്ളിക്കാനാവാത്തതുമാണ്. അതാണ് ഏറ്റവും സത്യമായ ശാസ്ത്രവും ജ്ഞാനത്തിന്റെ ഏറ്റവും മുഗ്ധ രൂപവും. തന്റെ 'ജവാഹിറുല്‍ ഖുര്‍ആന്‍' (ഖുര്‍ആനിലെ രത്‌നങ്ങള്‍) എന്ന കൃതിയില്‍ അദ്ദേഹം എഴുതുന്നു: ''സംശയത്തില്‍ നിന്നു മുക്തമായ വ്യക്തമായ ഉള്‍ക്കാഴ്ചയില്‍നിന്ന്, ഇനിയും നിലവില്‍ വരാത്തവയായ ശാസ്ത്രങ്ങളും (അവ മനുഷ്യന് എത്തിപ്പിടിക്കാവുന്നവയാണ്) ഒരിക്കല്‍ നിലനിന്നിരുന്നതും ഇപ്പോള്‍ മറഞ്ഞുപോയതുകൊണ്ട് ഭൂമിയുടെ ഉപരിതലത്തില്‍ അവയെക്കുറിച്ചറിയുന്ന ഒരാള്‍പോലുമില്ലാത്തതുമായ ശാസ്ത്രങ്ങളും ഉണ്ടാകാനുള്ള സാധ്യതകളും ശേഷികളും നമുക്ക് വ്യക്തമായിക്കാണാനാകുന്നു. '' ''മനുഷ്യന്റെ കഴിവുകൊണ്ടോ ശേഷികൊണ്ടോ ഒരുതരത്തലും കൈവരിക്കാനോ മനസ്സിലാക്കാനോ കഴിയാത്തവയായ ഇനിയും ചില ശാസ്ത്രങ്ങളുണ്ട്, അവ ദൈവത്തോടടുത്തു നില്‍ക്കുന്ന മാലാഖമാര്‍ക്കു മാത്രമാണ് കൈവശമുള്ളത്. കാരണം മനുഷ്യരുടെ കാര്യത്തിലതിന്റെ സാധ്യത പരിമിതപ്പെട്ടിരിക്കുന്നു, അതേസമയം മാലാഖമാരുടെ കാര്യത്തില്‍ ആപേക്ഷികമായ ഏറ്റവുമുയര്‍ന്ന പരിപൂര്‍ണ്ണതയിലാണത് പരിമിതപ്പെടുത്തപ്പെട്ടിരിക്കുന്നത്'' എന്ന് പറയുമ്പോള്‍ അദ്ദേഹം ഒരു ജ്ഞാനസിദ്ധാന്തവാദപരമായ അവകാശവാദവുമുന്നയിക്കുന്നുണ്ട്. അവിടെയദ്ദേഹം ഒരു ശ്രേണീക്രമത്തെക്കുറിച്ച വ്യക്തമായ പരാമര്‍ശമാണു നടത്തുന്നത്. ''നാം കണക്കാക്കിയതായ ആ ശാസ്ത്ര പ്രമാണങ്ങളും, നമ്മുടെ കണക്കില്‍പെട്ടിട്ടില്ലാത്ത ശാസ്ത്ര പ്രമാണങ്ങളും ഖുര്‍ആനു പുറത്തല്ല, കാരണം എല്ലാ ശാസ്ത്രങ്ങളും ദൈവജ്ഞാനത്തിന്റേതായ കടലുകളില്‍ നിന്ന് കോരിയെടുത്തിട്ടുള്ളതാണ്. എല്ലാ വസ്തുക്കളും, മനുഷ്യ ജ്ഞാനമടക്കം, അവയുടെ നിലനില്പിന് ദൈവികമായതിനെ ആശ്രയിക്കുന്നുവെന്ന സത്താവാദപരമായ ഒരു പ്രസ്താവന നടത്തുകയാണ് ഇവിടെ അദ്ദേഹം.
    ഗസാലിയെ സംബന്ധിച്ച്, വിശുദ്ധ ഖുര്‍ആന്‍ മനസ്സിലാക്കുന്നതിനു വേണ്ട കാതലായ മുന്നുപാധിയാണ് പ്രകൃതി ശാസ്ത്രത്തിന്റെ വിവിധ ശാഖകളിലുള്ള അറിവ്. ഖുര്‍ആനില്‍ ഇബ്‌റാഹീം പ്രവാചകന്‍ പറയുന്ന, ''ഞാന്‍ രോഗിയാകുമ്പോള്‍ അവനാണെനിക്കാരോഗ്യം തിരിച്ചുനല്കുന്നത്'' എന്ന വാക്കുകള്‍ ഉദ്ധരിച്ച് ഗസാലി പറയുന്നു: ''വൈദ്യ ശാസ്ത്രം  പൂര്‍ണ്ണമായി  അറിയുന്നവനുമാത്രമാണ്, രോഗങ്ങളുടെ  എല്ലാ വശങ്ങളേയും, ഒപ്പം അവയുടെ ലക്ഷണങ്ങളെയും അവയുടെ പ്രതിവിധികളെയും ശമനത്തിനുവേണ്ട ഉപാധികളെയും മനസ്സിലാക്കാനാവൂ''. വീണ്ടും, ''ഒരു നിശ്ചിത രീതിയില്‍ സൂര്യനും ചന്ദ്രനും ചലിക്കുന്നു, അവന്‍ ചന്ദ്രനുവേണ്ട ഘട്ടങ്ങള്‍ ക്രമീകരിച്ചതു മൂലം നിങ്ങള്‍ക്ക് വര്‍ഷങ്ങളെ കണക്കുകൂട്ടാനും സമയത്തെ നിര്‍ണ്ണയിക്കാനുമുള്ള രീതി പഠിക്കാന്‍ കഴിയുന്നു'' എന്ന ഖുര്‍ആനിക വചനങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് ഗസാലി പറയുന്നത് ''ഒരു നിശ്ചിത പഥത്തില്‍ സൂര്യനും ചന്ദ്രനും ചലിക്കുന്നതിന്റെ യഥാര്‍ത്ഥ അര്‍ത്ഥവും, രണ്ടിന്റെയും ഗ്രഹണവും, പകലിന്റെ രാത്രിയിലേക്കുള്ള ലയിച്ചു ചേരലും രാത്രിയുടെ പകലിലേക്കുള്ള ലയിച്ചു ചേരലും, മനസ്സിലാക്കാനാവുക ഭൂമിയുടെയും ആകാശങ്ങളുടെയും  ഘടനയെക്കുറിച്ചറിവുള്ളവനുമാത്രമാണ്, ജ്യോതിശ്ശാസ്ത്രത്തിന്റെ ശാസ്ത്രം അറിയുന്നവനാണ്'' എന്നാണ്. ഒരു പക്ഷേ പ്രകൃതി ശാസ്ത്രത്തോടുള്ള ഗസാലിയുടെ മനോഭാവത്തിന്റെ കുറച്ചുകൂടി വ്യക്തമായ ഉദാഹരണവും, എല്ലാ അറിവുകളുടെയും സമന്വയത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ധാരണയും അതേ കൃതിയില്‍ത്തന്നെയുള്ള ഒരു ചെറിയ ഭാഗത്ത് കാണാം. അത് പൂര്‍ണമായി ഉദ്ധരിക്കേണ്ടതുണ്ട്: '' ഹേ, മനുഷ്യ, നിന്റെ കരുണാമയനായ രക്ഷിതാവിനെ സംബന്ധിച്ച് നിന്നെ കബളിപ്പിച്ചതെന്താണ്? ആരാണു നിന്നെ സൃഷ്ടിച്ചത്? ആരാണു നിന്നെ പൂര്‍ണ്ണനാക്കിയത്? ആരാണ് നിന്നെ ശരിയായ അനുപാതത്തില്‍  രൂപപ്പെടുത്തിയത്? അവന്‍ തനിക്കിഷ്ടപ്പെട്ട രൂപത്തില്‍ നിന്നെ രൂപപ്പെടുത്തി,'' എന്നത് അറിയാനാകുക മനുഷ്യന്റെ അവയവഘടനയുടെയും ആന്തരികാവയവങ്ങളുടെയും ശാസ്ത്രം പൂര്‍ണമായി അറിയാവുന്നവനുമാത്രമാണ്. ഖുര്‍ആനില്‍ പലസ്ഥലങ്ങളില്‍ ഇക്കാര്യം  സൂചിപ്പിച്ചിട്ടുണ്ട്. ഇവയെക്കുറിച്ചുള്ള അറിവ് പ്രാചീനരുടെയും ആധുനികരുടെയും ശാസ്ത്രങ്ങളിലുള്‍പ്പെടുന്നു. ഖുര്‍ആനില്‍ പ്രാചീനരുടെ ശാസ്ത്രങ്ങളുടെയും ആധുനികരുടെ ശാസ്ത്രങ്ങളുടെയും ഒരു കൂടിച്ചേരല്‍ കാണാം. അതേ മട്ടില്‍ ''ഞാന്‍ (ആദമിന്റെ) ആകൃതിയെ പൂര്‍ണ്ണമാക്കുകയും അവനിലേക്ക് എന്റെ ചൈതന്യത്തെ സന്നിവേശിപ്പിക്കുകയും ചെയ്തു'' എന്ന ദൈവത്തിന്റെ വാക്കുകള്‍ ആകൃതി, ശ്വാസം, ആത്മാവ് എന്നിവയുടെ പൂര്‍ണ്ണതയെക്കുറിച്ചുള്ള അറിവില്ലാതെ മനസ്സിലാക്കാനാവില്ല. ഇവക്കു പിന്നില്‍ അത്തരം അദൃശ്യമായ ശാസ്ത്രങ്ങളുണ്ട്, ഒട്ടുമിക്കയാളുകളും അവയൊന്നും കണക്കിലെടുക്കാത്തവരാണ്. പലപ്പോഴും ഈ ശാസ്ത്രങ്ങളറിയുന്നവരില്‍ നിന്ന് ഇവ കേള്‍ക്കുമ്പോള്‍ അവരിക്കാര്യം മനസ്സിലാക്കുന്നതില്‍പ്പോലും പരാജയപ്പെടുന്നു. തത്വചിന്തകര്‍ തങ്ങള്‍ മറ്റു ശാസ്ത്രങ്ങളിലെ തങ്ങളുടെ സമരില്‍ നിന്നും തങ്ങളുടെ സഹകാരികളില്‍ നിന്നും ബുദ്ധിപരമായ സവിശേഷ കഴിവും ശേഷിയും ലോജിക്കുമൊക്കെയുള്ളവരെന്ന നിലയില്‍ വേറിട്ടവരാണെന്നവകാശപ്പെടുന്നു. ഈ ബോധം മതപരമായ ശാസ്ത്രങ്ങളിലെ  തങ്ങളുടെ സമന്മാരെക്കാള്‍ തങ്ങള്‍ക്ക് ഉയര്‍ന്നബുദ്ധിയും അറിവുമുണ്ടെന്ന ബോധ്യം അവരിലുണ്ടാക്കുന്നു. അവര്‍ക്ക് പ്രദര്‍ശിപ്പിച്ചുകാട്ടലില്‍ അത്രയേറെ വിശ്വാസമുള്ളതിനാല്‍ വെളിപാടിനോടുള്ള എല്ലാ വിശ്വാസവും നശിക്കുകയും തുടര്‍ന്നങ്ങോട്ട് അതില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ആചാരപരമായ കടമകള്‍ നിര്‍വ്വഹിക്കാതിരിക്കുകയും ചെയ്യുന്നു.
ഗസാലി പ്രവാചകരുടെ  കാര്യത്തില്‍ മാത്രമേ തഖ്‌ലീദ് അംഗീകരിക്കുന്നുള്ളു. വിമര്‍ശനമില്ലാതെ അവരുടെ പഠനങ്ങള്‍ മാത്രമാണ് സ്വീകരിക്കാന്‍ പാടുള്ളത്. മറ്റാരെയെങ്കിലും വിമര്‍ശന രഹിതമായി പിന്തുടരുന്നത് അനിവാര്യമായും എത്തിക്കുക തെറ്റിലേക്കാണ്.
ആ കാലഘട്ടം മുന്നില്‍വെച്ച് നോക്കുമ്പോള്‍, ഗസാലിയുടെ മൊത്തം ജീവിതവും ഇസ്‌ലാമിന്റെ രാഷ്ട്രശരീരത്തെയും അതിന്റെ ആദിമ വിശുദ്ധിയും പുനരുജ്ജീവിപ്പിക്കാനായി സമര്‍പ്പിക്കപ്പെട്ടിരുന്നതായി കാണാം. ഗസാലിയന്‍ ചിന്തയിലെ ഈ പ്രഖ്യാപിത പരിഗണന തന്റെ കാലഘട്ടത്തോടുള്ള ഒരു നേരിട്ടുള്ള പ്രതികരണമായിരുന്നു. ഇസ്‌ലാമിക സമൂഹത്തെ ഉന്മൂലനം ചെയ്യുമെന്ന കുരിശുയുദ്ധ ഭീഷണി ഉയര്‍ന്നു വരികയും ശക്തമായ രാഷ്ട്രീയ - സാമൂഹ്യ- ബൗദ്ധിക സംഘര്‍ഷങ്ങള്‍ ആ രാഷ്ട്ര ശരീരത്തെ പിടിച്ചു കുലുക്കുകയും ചെയ്ത സന്ദര്‍ഭമായിരുന്നു. ഇസ്‌ലാമിക സമൂഹത്തിന്റെ മൊത്തം ക്ഷേമൈശ്വര്യങ്ങളില്‍ ആഴത്തില്‍ തല്പരനായ ഒരാളെന്ന നിലയില്‍ പറ്റാവുന്നത്ര കൃത്യമായി ഓരോ ശാസ്ത്രത്തിനും പരിധി നിശ്ചയിക്കാനും അവയെ വര്‍ഗീകരിക്കാനും താന്‍ നിര്‍ബന്ധിതനാകുന്നതായി ഗസാലിക്ക് ബോധ്യമായി. ഒരു വലിയ ദുരന്തത്തിന്റെ വക്കിലെത്തിനില്ക്കുന്ന ഒരു സമുദായത്തിന്റെ ജീവിതത്തെ ക്രമീകരിക്കുകയെന്ന വ്യക്തമായ ലക്ഷ്യത്തോടെയായിരുന്നു അദ്ദേഹമതിനു പുറപ്പെട്ടത്. അങ്ങനെ, അദ്ദേഹം ഗണിതവും വൈദ്യവും പോലുള്ള ശാസ്ത്രങ്ങളെ ഫര്‍ദ് കിഫായ എന്നു നിര്‍വചിക്കുമ്പോള്‍, വിഭാവനം ചെയ്യുന്നതു പോലുള്ള ഇസ്‌ലാമിക സമുദായത്തിന്റെ ഉദ്ദേശ്യങ്ങളുടെയും ലക്ഷ്യങ്ങളുടെയും വിശാലമായൊരു ചട്ടക്കൂട്ടില്‍ ഈ ശാസ്ത്രങ്ങളുടെ പ്രയോഗത്തെ പ്രതിഷ്ഠിക്കുകയായിരുന്നു യഥാര്‍ഥത്തില്‍ അദ്ദേഹം. അതുകൊണ്ടര്‍ത്ഥമാക്കുന്നത്, ഈ ശാസ്ത്രങ്ങളെ അവഗണിച്ചാല്‍ സമൂഹം പൊതുവില്‍ ഒരു പാപം ചെയ്യുകയായിരിക്കുമെന്നാണ്. അമിതത്വത്തെയും ആണ്ടുമുങ്ങലിനെയും വിമര്‍ശിക്കുമ്പോഴും അതേ ലക്ഷ്യം തന്നെയായിരുന്നു അദ്ദേഹത്തിന്റെ മനസ്സില്‍. പക്ഷേ അദ്ദേഹത്തിന്റെ വിമര്‍ശനം പലപ്പോഴും പ്രകൃതിശാസ്ത്രങ്ങളുടെ വികാസത്തെ എതിര്‍ക്കുന്നതായാണ് മനസ്സിലാക്കപ്പെട്ടത്. ഗസാലി ഇതേ മാനദണ്ഡം വെച്ച് മതപരമായ ശാസ്ത്രങ്ങളില്‍ അമിതമായി ആണ്ടുമുങ്ങുന്നതിനെയും വിമര്‍ശിച്ചിട്ടുണ്ട്. ഇസ്ലാമിക ശാസ്ത്രങ്ങളിലെ റാണിയായ നിയമ- നീതി നിര്‍വ്വഹണതത്വങ്ങളുടെ കാര്യത്തില്‍പ്പോലും അദ്ദേഹം വിമര്‍ശനം ഉയര്‍ത്തി.
    ഭൗതികവും, സാമൂഹ്യവുമായ യാഥാര്‍ത്ഥ്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെയോ മറ്റു പ്രശ്‌നങ്ങളെയോ ഇസ്‌ലാം ഒരിക്കലും അവഗണിച്ചില്ല. വഴിതെറ്റിപ്പോയ പാഷാണ്ഡര്‍ എന്നും അവിശ്വാസികള്‍ എന്നുമുള്ള അപലപനങ്ങളെയും കുറ്റപ്പെടുത്തലുകളെയും സ്വയമേറ്റെടുത്തുകൊണ്ട്, തങ്ങളുടെ സ്വതന്ത്രവും ധീരവുമായ അന്വേഷണങ്ങളിലൂടെ മുസ്‌ലിം ചിന്തകര്‍ മനുഷ്യസംസ്‌കാരത്തിനും ചിന്തക്കും സമ്പന്നമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഇസ്‌ലാമിക വിശ്വാസപ്രമാണങ്ങളില്‍ ഉറച്ച വിശ്വാസികളായ ഗസാലി, ഇബ്‌നു റുഷ്ദ്, അല്‍-ഹൈതം, ഇബ്‌നുല്‍അറബി തുടങ്ങിയവരൊന്നും അന്ധമായ അനുകരണം മാത്രം നടത്തുന്ന വിഭാഗീയവാദികളുടെ കുഫ്ര്‍ ഫത്‌വയില്‍ നിന്നൊഴിവാക്കപ്പെട്ടിരുന്നില്ല. ആ വിഭാഗീയവാദികള്‍ ഇജ്തിഹാദിന്റെ തത്വങ്ങളോടും ഗവേഷണങ്ങളോടും വിമര്‍ശനാത്മകചിന്തയോടും ശത്രുത പുലര്‍ത്തി. തുടര്‍ന്നുവന്ന തലമുറകള്‍ക്ക് തന്റെ ബൗദ്ധികവും ആത്മീയവുമായ യാത്രകളെ ആവേശഭരിതമായ അനുഭവമാക്കിക്കൊണ്ട് ഗസാലി എണ്ണമറ്റ അന്വേഷകരെ തന്റെ വൃത്തത്തിലേക്ക് വലിച്ചടുപ്പിച്ചു. അതിഭൗതികവാദം, ലോജിക്, പ്രകൃതിശാസ്ത്രങ്ങള്‍ തുടങ്ങിയ ജ്ഞാനശാഖകളില്‍ ചര്‍ച്ചചെയ്യപ്പെടുന്ന ഒട്ടേറെ അടിസ്ഥാനപരമായ പ്രശ്‌നങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആശയങ്ങള്‍ ഗൗരവപൂര്‍വം പഠിക്കപ്പെടണം. കാരണം, അദ്ദേഹം പൂര്‍ണമായും ഇസ്‌ലാമിക പാരമ്പര്യത്തില്‍ വേരൂന്നി നില്ക്കുമ്പോള്‍ത്തന്നെ തന്റെ വിഷയവസ്തുവില്‍ അദ്ദേഹം നടത്തുന്ന പരിചരണം അതിനെ ഒരു പുതിയ വിതാനത്തിലേക്കുയര്‍ത്തുകയും അതോടെയത് എല്ലാ വിശ്വാസപാരമ്പര്യങ്ങളിലും യുക്തിചിന്തകളിലും പെട്ടവര്‍ക്ക് അഭികാമ്യമാകുകയും ചെയ്യുന്നു.

(ഒമാനിലെ സുല്‍ത്താന്‍ ഖാബൂസ് യൂനിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ഇ.എന്‍.ടി സര്‍ജനാണ് ഡോ. ആരിഫ് അലി കൊളത്തെക്കാട്ട്. അറിയപ്പെടാത്ത പൗരസ്ത്യ ലോകം എന്ന പുസ്തകം ചിന്താബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.)
 arifalik@hotmail.com

Comments

Other Post