Prabodhanm Weekly

Pages

Search

2011 ഗസാലിപ്പതിപ്പ്‌

അബൂ ഹാമിദില്‍ ഗസാലി ആത്മനിര്‍മലീകരണം

ശൈഖ് അഹ്മദ് കുട്ടി

മരണക്കിടക്കയിലായിരുന്ന ഇമാം ഗസാലി, അടുത്തു ചെന്ന് അനുഗ്രഹം തേടിയ ഒരു ശിഷ്യന് നല്‍കിയ ഉപദേശം ഇതായിരുന്നു: ''നേര്, നേര്, നേര്.''
ആസന്നമരണനായിട്ടും, 'നേര്' എന്ന് പലവട്ടം ആവര്‍ത്തിക്കുന്നുണ്ടായിരുന്നു അദ്ദേഹം. അതെ, അതാണ് ഇമാം ഗസാലിയുടെ ജീവിതവും കൃതികളും തെളിച്ചുകാണിച്ചുതരുന്ന നടപടിക്രമം. നേര് തേടുക മാത്രമായിരുന്നല്ലോ അദ്ദേഹം. നേരിലേക്കുള്ള വഴി കണ്ടെത്തിയ ഉടനെ രാഗപൂര്‍വം അതിലൂടെയായി അദ്ദേഹത്തിന്റെ പ്രയാണം. അതേ വികാരാവേശത്തോടെ തന്നെ മറ്റുള്ളവരെയും ആ നേരിലേക്കദ്ദേഹം ക്ഷണിച്ചു.

ഖുര്‍ആന്റെയും സുന്നത്തിന്റെയും ചൈതന്യപൂര്‍ണവും പരമ്പരാഗതവുമായ ഇസ്‌ലാമിക സമ്പ്രദായങ്ങളുടെയും ഭദ്രമായ അടിത്തറയിലാണ് ഗസാലി ആത്മശുദ്ധീകരണത്തിനുവേണ്ടിയുള്ള നടപടിക്രമം തെളിച്ചുകാണിച്ചുതരുന്നത്. അതിനുവേണ്ടി അറിവില്‍ ആരംഭിക്കുന്നു അദ്ദേഹം.

അറിവ്
അറിവ് രണ്ടു തരത്തിലുണ്ട്. ശ്രേഷ്ഠവും പ്രയോജനപ്രദവുമായ അറിവ് ഒന്ന്. അങ്ങനെയല്ലാത്തത് വേറൊന്ന്. ശ്രേഷ്ഠവും പ്രയോജനപ്രദവുമായ അറിവിനെ വൈയക്തികം എന്നും സാമൂഹികം എന്നും വിഭജിക്കുന്നു, തുടര്‍ന്ന് ഗസാലി.
ഓരോ വ്യക്തിയും നേടേണ്ട അറിവാണ് വൈയക്തികം (ഫര്‍ദ് ഐന്‍). മോക്ഷം  അഥവാ സ്വര്‍ഗം തേടുന്ന ഓരോ ആണും പെണ്ണും അത് നേടിയേ തീരൂ. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അല്ലാഹുവിനു വേണ്ടി സ്വയം സമര്‍പ്പിക്കേണ്ടത് എങ്ങനയെല്ലാം എന്നു മനസ്സിലാക്കി പ്രവര്‍ത്തിക്കാനാണ് ഓരോ വ്യക്തിയും ആ അറിവ് നേടേണ്ടത്. മുറപ്രകാരം അനുഷ്ഠിക്കേണ്ട എല്ലാ ആരാധനാചരണങ്ങളും ശരീഅത്തനുസരിച്ചുള്ള ജീവിതരീതികള്‍ പിന്തുടരലുമാണ് അത്. അതിനു വേണ്ടി ക്രിയാരീതി ശാസ്ത്രം (ഫിഖ്ഹ്) മെനക്കെട്ടു പഠിക്കേണ്ടതില്ല ഒരാള്‍ എന്നു ഗസാലി നിര്‍ദേശിക്കുന്നു. എന്തുകൊണ്ടെന്നാല്‍, ആത്മാവിന്റെ യാഥാര്‍ഥ്യങ്ങളെക്കുറിച്ചും മനസ്സിനെയും ഹൃദയത്തെയും വിമലീകരിക്കേണ്ടത് എങ്ങനെയെന്നും പഠിച്ചറിയല്‍ നിര്‍ബന്ധമായ കര്‍ത്തവ്യമായെടുക്കുന്ന ഓരോ മുസ്‌ലിമിനും വ്യത്യസ്തവും അനന്യവുമായ 'വ്യക്തിത്വം' അല്ലാഹു നല്‍കിയിട്ടുണ്ട്. മനസ്സ് മലിനമാകുന്നത് എങ്ങനെയെന്നും എന്തുകൊണ്ടെന്നും കണ്ടറിഞ്ഞ് അതിനെ മാലിന്യമുക്തമാക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമ്പോഴല്ലാതെ ആരാധനാചരണങ്ങള്‍ കൊണ്ട് പ്രയോജനമില്ലെന്നും ആത്മസംസ്‌കരണം സാധ്യമല്ലെന്നും അറിയലാണ് ക്രിയാരീതി ശാസ്ത്രവിധികള്‍ പഠിച്ച് അനുഷ്ഠാനങ്ങള്‍ (നമസ്‌കാരവും നോമ്പും മറ്റും) രൂപഭദ്രമാക്കുന്നതിനേക്കാള്‍ ഉത്തമം. ഉദാഹരണമായി നമസ്‌കാരത്തിന്റെ കാര്യമെടുക്കുക. ക്രിയാരീതി ശാസ്ത്രവിധികള്‍ പഠിച്ച് വളരെ ശരിയായിത്തന്നെ വുദൂ ചെയ്തിട്ടുണ്ടെങ്കിലും, റുകൂഉം സുജൂദും മറ്റും ചെയ്യുന്നത് വളരെ ഭംഗിയായി വിധിപ്രകാരം തന്നെയാണെങ്കിലും, ശ്രദ്ധയെ ഏകാഗ്രമാക്കാന്‍ കഴിയുന്നില്ലെങ്കില്‍ മനസ്സ് മലിനപ്പെടും. ഭയഭക്തിയോടെയും മോക്ഷം ലഭിക്കുമെന്ന ആശയോടെയും താന്‍ അഭിമുഖീകരിക്കുന്നത് മഹാമഹിമശാലിയും ജഗന്നിയന്താവുമായ അല്ലാഹുവിനെയാണെന്ന ബോധം നിലനിര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ ശ്രദ്ധ തെറ്റും. അതുകൊണ്ട് ശ്രദ്ധ തെറ്റിക്കുന്ന കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് അറിയലും അതിനെയെല്ലാം ഒഴിവാക്കലുമാണ് പ്രാധാന്യപൂര്‍വം ചെയ്യേണ്ട പ്രവൃത്തി. അങ്ങനെ നമസ്‌കരിക്കാന്‍, ഒരാള്‍ ഒഴിവാക്കാനാവാത്തതെന്നു കരുതപ്പെടുന്ന പലതും വേണ്ടെന്നു വെക്കേണ്ടിവരും. ഉദാഹരണമായി ഒരു സംഭവം ഉദ്ധരിക്കുന്നുണ്ട് ഗസാലി. പ്രമുഖ സ്വഹാബിയായ അബൂതല്‍ഹയുടെ അനുഭവം. ഒരിക്കല്‍, സ്വന്തം തോട്ടത്തില്‍ നമസ്‌കാരം നിര്‍വഹിക്കെ അദ്ദേഹത്തിന് അല്ലാഹുവിങ്കല്‍ ശ്രദ്ധയെഏകാഗ്രമാക്കാന്‍ കഴിയാതെ പോയി. അതിനു കാരണഭൂതമായത് ഒരു കിളി. മരക്കൊമ്പുകളില്‍ പാറിക്കളിക്കുന്ന ആ കിളിയുടെ കളികള്‍ കണ്ടുനിന്നുപോയി ഏതാനും നിമിഷങ്ങള്‍ അദ്ദേഹം. അതിനാല്‍ പ്രവാചകന്റെ അടുക്കല്‍ ചെന്നദ്ദേഹം പറഞ്ഞു: ''തിരുദൂതരേ, എന്റെ തോട്ടം ദാനം ചെയ്യാന്‍ ഞാനാഗ്രഹിക്കുന്നു. ശ്രദ്ധയെ അല്ലാഹുവിങ്കല്‍ ഏകാഗ്രമാക്കിക്കൊണ്ട് നമസ്‌കാരം നിര്‍വഹിക്കാന്‍ സമ്മതിക്കുന്നില്ല അത്.''
ആരാധനകളുടെ അന്തര്‍ഭാവത്തിനാണ് രൂപഭദ്രതക്കല്ല, പ്രാധാന്യം കല്‍പിക്കേണ്ടതെന്ന ഗസാലിയുടെ നിലപാടിന്റെ യുക്തിയും ന്യായവുമെന്തെന്ന് കൂടുതല്‍ വ്യക്തമാവും, നോമ്പിനെക്കുറിച്ച് അദ്ദേഹം പ്രതിപാദിച്ചിട്ടുള്ള കാര്യങ്ങള്‍ മനസ്സിലാക്കിയാല്‍. ആത്മനിയന്ത്രണം പാലിച്ചുകൊണ്ട് അല്ലാഹുവില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണല്ലോ നോമ്പു നോല്‍ക്കുന്ന വ്യക്തി ചെയ്യുന്നത്.

ഖുര്‍ആന്‍
ഖുര്‍ആന്‍ വായനയെക്കുറിച്ചുള്ള ഇമാം ഗസാലിയുടെ വീക്ഷണവും ക്രിയാ രീതിശാസ്ത്രത്തെക്കുറിച്ചുള്ള വീക്ഷണം പോലെത്തന്നെ അംഗീകൃത ഉലമയുടെ മാര്‍ഗത്തില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നു. അല്ലാഹു അരുളുന്നത് കേട്ടു മനസ്സിലാക്കാനും തനിക്ക് പറയാനുള്ളത് അല്ലാഹുവിനെ കേള്‍പിക്കാനുമാണ് ഖുര്‍ആന്‍ എന്ന് ഗസാലി സമര്‍ഥിക്കുന്നു. ഖുര്‍ആന്‍ വായിക്കുമ്പോള്‍, ഖുര്‍ആനിലെ ദൃഷ്ടാന്തങ്ങളില്‍ (ആയത്തുകളില്‍) ദൃഷ്ടിയൂന്നുമ്പോള്‍, എന്നോടാണ് അല്ലാഹു സംസാരിക്കുന്നതെന്ന് എനിക്ക് 'കാണാന്‍' കഴിയണം. അറബിയാണല്ലോ ഖുര്‍ആന്റെ ഭാഷ. ഭാഷാ പ്രയോഗരീതി, പദാര്‍ഥ വിചാരം, ഉച്ചാരണ ശുദ്ധി മുതലായ പ്രായോഗിക പ്രാധാന്യമില്ലാത്ത കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തിയാല്‍, എല്ലാ ഭാഷകളുടെയും സ്രഷ്ടാവും എന്നെ എന്നേക്കാള്‍ നന്നായി അറിയുന്നവനുമായ സ്രഷ്ടാവാണ് എന്നോട് സംസാരിക്കുന്നതെന്ന യാഥാര്‍ഥ്യം ഞാന്‍ ഓര്‍ക്കുകയില്ല.
ഗസാലിയുടെ ഈ ഉദ്‌ബോധനം അല്ലാമാ ഇഖ്ബാലിന്റെ വാക്കുകളിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. ഇംഗ്ലണ്ടിലെ പ്രഭുവൃന്ദം ഇഖ്ബാലിനെ കളിയാക്കും മട്ടില്‍, ഖുര്‍ആനെക്കുറിച്ച് ഇതു ദൈവത്തില്‍ നിന്നുള്ള വെളിപാടാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ എന്നു ചോദിക്കുന്ന സന്ദര്‍ഭം. ഇഖ്ബാല്‍ ഉടനെ മറുപടി കൊടുക്കുന്നത് ഇങ്ങനെ:
''ഉണ്ട്, തീര്‍ച്ചയുണ്ട് എനിക്ക് ഇത് ദൈവത്തില്‍ നിന്നുള്ള വെളിപാട് തന്നെ എന്ന്. കാരണം, ഇതിലൂടെ ദൈവസാമീപ്യം ഞാന്‍ അനുഭവിച്ചറിയുന്നുണ്ട്.''
ഇസ്‌ലാമിലെ ആരാധനാചരണങ്ങളുടെ യാഥാര്‍ഥ്യം വിശദമാക്കിയതില്‍ പിന്നെ സാമൂഹികമായ ഇടപാടുകളും നടപടികളുമാണ് ഗസാലിയുടെ ചര്‍ച്ചാവിഷയം. തിന്നുമ്പോഴും കുടിക്കുമ്പോഴും പാലിക്കേണ്ട പൊതു മര്യാദകള്‍, ആതിഥ്യം വഹിക്കല്‍, കല്യാണം കഴിക്കല്‍, ഭാര്യാഭര്‍തൃബന്ധം, രക്ഷിതാക്കളോടുള്ള കടമ നിര്‍വഹിക്കല്‍, അയല്‍ക്കാര്‍, ചങ്ങാത്തം, യാത്ര തുടങ്ങി നിരവധി വിഷയങ്ങള്‍. സാമൂഹികമായ ഏതു കാര്യത്തിനും വ്യക്തിപരമായ ഒരു മാനമുണ്ടെന്ന വസ്തുതയും വ്യക്തിപരമായ കാര്യങ്ങളുടെ സാമൂഹിക പ്രസക്തിയും വ്യക്തമാക്കുന്ന വിധത്തിലാണ് ഓരോ വിഷയത്തെക്കുറിച്ചുമുള്ള ഗസാലിയുടെ വിശകലനം. വീട്ടിലും പുറത്തും മനുഷ്യന്റെ എല്ലാ ഓരോ ചലനവും ആത്മസംസ്‌കരണത്തിനുവേണ്ടിയുള്ളതാവണം എന്നും അല്ലാഹുവിന്റെ പ്രീതിയും സാമീപ്യവും നേടുക എന്ന വിചാരത്തോടെ വേണം ഏതു പ്രവൃത്തിയും എന്നും ഗസാലി പഠിപ്പിക്കുന്നു.

എന്താണ് മനുഷ്യന്‍?
മനുഷ്യപ്രകൃതിയുടെ യാഥാര്‍ഥ്യത്തെക്കുറിച്ചുള്ളതും വെളിപ്പെട്ട അറിവിന്റെ (ഖുര്‍ആന്റെ) വെളിച്ചം പ്രതിഫലിപ്പിക്കുന്നതുമായ ആത്മബോധം, ഇമാം ഗസാലിയുടെ ആത്മസംസ്‌കരണത്തിനു വേണ്ടിയുള്ള നടപടിക്രമത്തെ അംഗീകൃത ഉലമയുടേതില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. മറ്റു ജീവജന്തുജാലങ്ങള്‍ക്കൊന്നിനുമില്ലാത്ത ഒരു വൈശിഷ്ട്യം മനുഷ്യനുണ്ട്. ആധിദൈവികവും ആധ്യാത്മികവുമായ താല്‍പര്യങ്ങളുള്ള ഒരു ഹൃദയമാണ് അത്. അതിന് മനുഷ്യ ഹൃദയത്തിന്, സ്രഷ്ടാവായ ദൈവത്തെക്കുറിച്ചുള്ള അറിവ് നേടാനും, എന്താണ് ജീവിതമെന്നു ചോദിച്ച്, നേരെന്തെന്നും യാഥാര്‍ഥ്യമെന്തെന്നും ദര്‍ശിക്കാനും അനുഭവിക്കാനും താല്‍പര്യവും കഴിവുമുണ്ട്. ഈ കഴിവിനെ സാക്ഷാത്കരിക്കലാണ് ഓരോ ആണും പെണ്ണും നേടേണ്ട സൗഭാഗ്യം, പരമാനന്ദം.
പ്രവാചകന്‍ അരുളി: ''ശുദ്ധമായ മനുഷ്യപ്രകൃതിയാണ്, ഭൂജാതമാകുന്നഓരോ കുഞ്ഞിന്റേതും. അതിനെ ക്രിസ്ത്യാനിയോ ജൂതനോ ആക്കുന്നത് അതിന്റെ മാതാപിതാക്കള്‍.''
ഈ പ്രവാചക മൊഴിയുടെ പൊരുള്‍, ഗസാലിയുടെ വ്യാഖ്യാനമനുസരിച്ച് ഇതാണ്: നേര് ദര്‍ശിക്കാനുള്ള പ്രാപ്തിയോടെ ഓരോ മനുഷ്യനും ഭൂജാതനാകുന്നു. വളര്‍ച്ചക്കിടയില്‍ ആത്മാവില്‍ അടിഞ്ഞുകൂടുന്ന അസംസ്‌കൃതവും മലിനവുമായ വികാരവിചാരങ്ങളാല്‍, കണ്ണാടി കറകളാലെന്നപോലെ മനുഷ്യ പ്രകൃതി ഇരുണ്ടുപോകുന്നു. നേരിനെ പ്രതിഫലിപ്പിക്കാനുള്ള പ്രാപ്തി അതിന് നഷ്ടപ്പെടുന്നു. അതുകൊണ്ട് ആത്മസംസ്‌കരണം, സ്വഭാവശുദ്ധീകരണം ആവശ്യമായിത്തീരുന്നു.
ആത്മാവിനെ സംസ്‌കരിക്കേണ്ടത്, സ്വഭാവം ശുദ്ധീകരിക്കേണ്ടത്, ഇന്ദ്രിയവിഷയങ്ങളില്‍നിന്നും സാമൂഹികവും മതപരവും മറ്റുമായ കെട്ടുപാടുകളില്‍നിന്നും അകന്നുനിന്നുകൊണ്ടല്ല എന്ന് ഗസാലി ഊന്നിപ്പറയുന്നുണ്ട്. എന്നുവെച്ചാല്‍, ആസ്വദിക്കാനുള്ളതാണ് ഈ ജീവിതം എന്ന്. ഗസാലിയുടെ ഈ നിലപാടിനെ ചിലര്‍ ചോദ്യം ചെയ്യുന്നുണ്ട്. അമ്പരപ്പുളവാക്കുന്നതാണല്ലോ, കളിയും കേളിയുമല്ലാതെ മറ്റെന്താണീ ജീവിതം എന്ന ചോദ്യം (ഖുര്‍ആന്‍). എന്നാല്‍, ഇഹ്‌യാ ആഴത്തില്‍ പഠിച്ചാല്‍ മനസ്സിലാവും ഖുര്‍ആന്റെ വെളിച്ചത്തില്‍ തന്നെയാണ് ഗസാലി ഉറച്ചുനില്‍ക്കുന്നത് എന്ന്, അദ്ദേഹത്തിന്റെ നിലപാടുകളുടെ നേര് എന്താണെന്ന്.

തന്നത്താനറിയല്‍
ആത്മാവിനെ നിര്‍മലീകരിക്കാന്‍, അന്തര്‍ഭാവം വിമലീകരിക്കാന്‍, സ്വഭാവം ശുദ്ധീകരിക്കാന്‍ ആദ്യമായി ഒരാള്‍ തന്നത്താനറിയണം. എല്ലാ അറിവിനും അടിസ്ഥാനമാവേണ്ടത് വ്യക്തിക്ക് അവനവനെക്കുറിച്ചുള്ള അറിവാണ്. പ്രവാചകന്റേതെന്ന് കരുതപ്പെടുന്ന ഒരു പ്രസ്താവം ഉദ്ധരിക്കുന്നുണ്ട് ഇതിന് പിന്‍ബലമേകാന്‍ ഗസാലി പലവട്ടം. അതിങ്ങനെ: ''ആരു തന്നത്താനറിയുന്നോ അവന്‍ തന്റെ നാഥനെ അറിയുന്നു.'' തന്റെ നല്ലതും ചീത്തയുമായ പലവിധ ചായ്‌വുകളെക്കുറിച്ചും ആസക്തികളെക്കുറിച്ചും മനോഭാവങ്ങളെക്കുറിച്ചും നല്ലപോലെ ഗ്രഹിക്കലാണ് തന്നത്താനറിയല്‍. ഖുര്‍ആനിലൂടെ വെളിപ്പെട്ടതുപോലെ, ഒരു നിഗൂഢതയാണല്ലോ, എന്താണ് ആത്മാവ് എന്ന ചോദ്യത്തിനുള്ള ഉത്തരം. എന്നാലും, ആത്മഭാവങ്ങളെക്കുറിച്ച് തിരിച്ചറിവ് നേടാനുള്ള കഴിവ് മനുഷ്യന് അല്ലാഹു നല്‍കിയിട്ടുണ്ട്. അല്ലാഹുവിന്റെ സാമീപ്യം നേടാനുള്ള തിരിച്ചറിവ് ലഭിക്കും ആ കഴിവുപയോഗപ്പെടുത്തുന്ന വ്യക്തിക്ക്.

ഹൃദയരഹസ്യങ്ങള്‍
ഹൃദയം (ഖല്‍ബ്), പ്രാണന്‍ (റൂഹ്), സ്വത്വം (നഫ്‌സ്), പ്രജ്ഞ (അഖ്ല്‍) എന്നീ പേരുകളില്‍ നാം തിരിച്ചറിയുന്ന ആത്മാവ് കുടികൊള്ളുന്ന മനുഷ്യപ്രകൃതി ശുദ്ധമാണെന്നും ആധ്യാത്മിക യാഥാര്‍ഥ്യങ്ങളെക്കുറിച്ചുള്ള അറിവ് നേടാന്‍ അതിനു കഴിയുമെന്നും വ്യക്തമാക്കുന്നുണ്ടല്ലോ 'അല്‍ഫിത്‌റ'യെക്കുറിച്ചുള്ള, അവികലമായ അവബോധത്തെക്കുറിച്ചുള്ള, തിരുമൊഴി. വന്യം, മൃഗീയം, പൈശാചികം, ദൈവികം എന്നീ നാല് സ്ഥിതിവിശേഷങ്ങള്‍ അത് പ്രകടിപ്പിക്കുമെന്ന് ഗസാലി നിരീക്ഷിക്കുന്നു. ഉദാഹരണമായി ക്രോധം വന്യമാണ്, ലൈംഗികാസക്തി മൃഗീയമാണ്, മര്‍ദനം പൈശാചികവും കാരുണ്യം ദൈവികവുമാണ്.
വന്യവും മൃഗീയവുമായ സ്വഭാവങ്ങളില്‍ മതിമറന്ന് ശുദ്ധമായ ആത്മബോധം വീണ്ടെടുക്കാന്‍ കൂട്ടാക്കാത്ത ആളുകള്‍ പിശാചിനെയാണ് പിന്തുടരുന്നത്. അങ്ങനെ അവര്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നു. അക്രമവും അഴിമതിയും പടര്‍ത്തുകയാണല്ലോ പിശാചിന്റെ പരിപാടി. വിഷയാസക്തമാവുന്ന ജഡഭാവത്തിനെ സംസ്‌കരിച്ചെടുക്കാന്‍ കഴിയാതെ പോയാല്‍, നഫ്‌സിനെ നിയന്ത്രിച്ചു നിര്‍ത്താന്‍ കൂട്ടാക്കാതിരുന്നാല്‍, മനുഷ്യാത്മാവിനെ അത് രോഗാതുരമാക്കുന്നു. രോഗാതുരമാകാനുള്ള സാധ്യത എല്ലായിടത്തും എല്ലായ്‌പ്പോഴുമുണ്ട്. അതുകൊണ്ട് ഹൃദയത്തെ, ആത്മാവിനെ, നിര്‍മലീകരിക്കല്‍ നിരന്തരമായ കര്‍ത്തവ്യമാണ്. അതെങ്ങനെ എന്ന് പരിശീലിച്ചേ തീരൂ ഓരോ ആണും പെണ്ണും.

സ്വഭാവ രൂപവത്കരണം
വിശിഷ്ടമായ വ്യക്തിത്വം വളര്‍ത്തിയെടുക്കാന്‍ മുസ്‌ലിമായ ഓരോ വ്യക്തിയും സദാചാര ഗുണങ്ങള്‍ക്ക് സര്‍വ പ്രാധാന്യം നല്‍കണമെന്ന് ഊന്നിപ്പറഞ്ഞുകൊണ്ടുള്ള ഗസാലിയുടെ പരിശീലന പരിപാടിയില്‍ മാതൃകയായി മുന്നില്‍ നില്‍ക്കുന്നത് പ്രവാചകനാണ്-പ്രവാചകന്റെ സല്‍സ്വഭാവം. ഇവിടെ ഒരു ചോദ്യം ഉണ്ടെന്ന് ഗസാലി ഓര്‍മിപ്പിക്കുന്നു: സല്‍സ്വഭാവം എന്നു പറയുമ്പോള്‍ നാമെന്താണ് അര്‍ഥമാക്കുന്നത്? സല്‍സ്വഭാവമെന്നാല്‍ ആത്മാവിന്റെ സുസ്ഥിതിയാണ് ഗസാലിയുടെ വീക്ഷണത്തില്‍, ആത്മാവിന്റെ സുസ്ഥിതി വ്യക്തിയെ സല്‍കൃത്യങ്ങള്‍ മാത്രം ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. എന്നാല്‍, ഒരാളില്‍ നിന്നുണ്ടാവുന്ന സല്‍പ്രവൃത്തികള്‍ അയാളുടെ സല്‍സ്വഭാവത്തിന്റെ ലക്ഷ്യമായെടുക്കുമ്പോള്‍ സൂക്ഷിക്കണം. ജന്മനാ അനുകമ്പാര്‍ദ്രമാകുന്ന ഒരു ഹൃദയമുണ്ടെങ്കിലും കഴിവുകേടു മൂലം ഒരാള്‍ സാധുജനങ്ങളെ സഹായിക്കുന്നില്ലെങ്കില്‍ അയാളെക്കുറിച്ച് സല്‍സ്വഭാവിയല്ലെന്ന് പറയാമോ? അതേപോലെ, കഴിവുണ്ടെന്നു കാണിക്കാന്‍ വേണ്ടി ദാനധര്‍മങ്ങളിലേര്‍പ്പെടുന്നതുകൊണ്ട് ഒരാള്‍ സല്‍സ്വഭാവിയാണെന്ന് വിധിക്കാമോ?
അതുകൊണ്ട്, എന്താണ് സല്‍സ്വഭാവം എന്നു വിശദമാക്കാന്‍ ഖല്‍ഖ്, ഖുലുഖ് എന്നീ അറബിവാക്കുകളുടെ അര്‍ഥവ്യത്യാസത്തെക്കുറിച്ച് ഗസാലി ഓര്‍മിപ്പിക്കുന്നു. ഖല്‍ഖ് ബാഹ്യരൂപമാണ്. അഥവാ പ്രകടമാവുന്ന സ്വഭാവം. ഖുലുഖ് അന്തര്‍ഭാവം. ബാഹ്യരൂപം അഥവാ പ്രകടമാകുന്ന സ്വഭാവം സുന്ദരമായതുകൊണ്ട് ഒരാള്‍ സംസ്‌കൃത ചിത്തനായ സല്‍സ്വഭാവിയാവണമെന്നില്ല. അവികലവും സുന്ദരവുമാകേണ്ടത് അന്തര്‍ഭാവമാണ്. അതുകൊണ്ടാണല്ലോ കണ്ണാടി നോക്കുമ്പോള്‍ പ്രവാചകന്‍ പ്രാര്‍ഥിക്കാറുള്ളത്:
''അല്ലാഹുവേ, നീ എനിക്കു നല്‍കിയ രൂപം പോലെത്തന്നെ അനവദ്യ സുന്ദരമായ ഒരു സ്വഭാവവും പ്രദാനം ചെയ്യേണമേ!''
മനുഷ്യപ്രകൃതിയെക്കുറിച്ച് ശുഭാപ്തി വിശ്വാസമുണ്ടായിരുന്ന ജ്ഞാനിയാണ് ഇമാം ഗസാലി. എത്രമേല്‍ ചീത്തയാണെങ്കിലും സ്വഭാവത്തെ നേരുള്ളതും സുന്ദരവും നന്മനിറഞ്ഞതുമായി മാറ്റിത്തീര്‍ക്കണമെന്ന ദൃഢനിശ്ചയത്തോടെയും പ്രാര്‍ഥനയോടെയും അതിനു വേണ്ടി പരിശ്രമിക്കുന്ന ഒരാള്‍ രക്ഷ നേടുക തന്നെ ചെയ്യും എന്നദ്ദേഹം വിശ്വസിക്കുന്നു. സ്വഭാവം ശുദ്ധീകരിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം, സ്വന്തം ചായ്‌വിനു എതിരായ പ്രവൃത്തി ആവര്‍ത്തിക്കലാണെന്ന് അദ്ദേഹം ഉപദേശിക്കുന്നു. അതായത്, അഹങ്കാരപൂര്‍വം ആളുകളുമായി ഇടപെടുന്നു ഒരാളെങ്കില്‍ അയാളുടെ ആത്മാവിന്റെ രോഗാതുരമായ അവസ്ഥയെയാണ് അത് പ്രതിഫലിപ്പിക്കുന്നത്. അതിനാല്‍ അങ്ങേയറ്റം വിനയാന്വിതനാകുന്നതുവരെ ഏത് പ്രവൃത്തിയിലും എളിമയോടെ ഏര്‍പ്പെടലാണ്, സ്വന്തം നിസ്സാരത്വത്തെക്കുറിച്ച് എല്ലായ്‌പ്പോഴും ബോധവാനായിരിക്കലാണ് അതിനുള്ള ചികിത്സ.
അങ്ങനെ ഒരു ദുശ്‌ചേഷ്ടിതം മാറ്റിയെടുക്കാനുള്ള ചികിത്സ മൂന്നു വിധത്തിലാണ് നടത്തേണ്ടതെന്ന് ഗസാലി വിശദീകരിക്കുന്നു. ആദ്യമായി ദുശ്ശീലം എന്തെന്നും എന്തുകൊണ്ടെന്നും നല്ലപോലെ അറിയണം. അറിഞ്ഞുകഴിഞ്ഞാല്‍ പിന്നെ ഹൃദയത്തെ ബാധിച്ച രോഗത്തിന്റെ കാരണവും ഗൗരവവും മനസ്സിലാക്കിക്കഴിഞ്ഞാല്‍ പിന്നെ അതുകൊണ്ടുള്ള ദോഷവും അതിന്റെ വേരറുക്കുന്നതും അതിനു പകരം വളര്‍ത്തിയെടുക്കാന്‍ കഴിയുന്നതുമായ ഒരു സൗശീല്യം കൊണ്ടുള്ള ഗുണവും അനുഭവിക്കണം. സൂഫികള്‍ 'ഹാല്‍' എന്നു വിളിക്കുന്ന ആത്മീയാവസ്ഥയാണ് ഇത്. പന്നിയുടെ അല്ലെങ്കില്‍ പട്ടിയുടെ അനുഭവം എനിക്കുണ്ടായി എന്നും എന്റെ മനോവിഹായസ്സില്‍ ഒരു മാലാഖ ചിറക് വിടര്‍ത്തി പറന്നു നടന്നു എന്നും മറ്റും ചില സൂഫികള്‍ പറഞ്ഞിരുന്നത് ഈ അര്‍ഥത്തിലാണ്. അങ്ങനെ ഹൃദയത്തിന്റെ രോഗം മാറ്റാനാവശ്യമായ അനുഭവജ്ഞാനം ലഭിച്ചതില്‍ പിന്നെ പ്രായോഗികമായ പ്രവൃത്തികളില്‍, പ്രതിവിധികള്‍ ചെയ്യുന്നതില്‍ ഏര്‍പ്പെടണം. ഉദാഹരണമായി തീറ്റപ്രിയനായ ഒരാളുടെ കാര്യമെടുക്കുക. ഭക്ഷണത്തോട് വിരക്തിയുണ്ടാക്കുകയല്ല അയാള്‍ ചെയ്യേണ്ടത്. പിന്നെയോ? വിശന്നാല്‍ മാത്രമേ ഭക്ഷിക്കൂ എന്ന ഉറച്ച നിലപാടെടുക്കണം ആദ്യം. ഇഷ്ടഭക്ഷണം മുന്നില്‍ വന്നാല്‍ നോക്കിപ്പോകുമെങ്കിലും തൊട്ടുപോകരുത്. ഒരു സുന്ദരിപ്പെണ്ണ് മുന്നില്‍ വന്നു നിന്നാല്‍ നോക്കിപ്പോവുക സ്വാഭാവികം. എന്നാല്‍, അവളുടെ രൂപത്തെ മനസ്സുകൊണ്ടുപോലും സ്പര്‍ശിക്കാതിരുന്നാല്‍ വഴിതെറ്റുകയില്ല. ഹൃദയത്തെ, ആത്മാവിനെ, രോഗാതുരമാക്കുമെന്ന ഭയപ്പെടുന്ന വസ്തുവോ വസ്തുതയോ എന്തായാലും അതിനെക്കുറിച്ച് വിചാരിക്കാതിരിക്കാനും പറയാതിരിക്കാനും അതില്‍ നിന്നു അകന്നു നില്‍ക്കാനും മനസ്സുവെച്ചാല്‍ മനുഷ്യനു കഴിയും. എന്നല്ല, അതിനേ കഴിയൂ; ആ വസ്തുവിനെ അല്ലെങ്കില്‍ വസ്തുതയെ ഇല്ലായ്മ ചെയ്യാന്‍ കഴിയില്ല.

പകയും സ്പര്‍ധയും
അമര്‍ത്തിവെക്കപ്പെടുന്ന അമര്‍ഷങ്ങള്‍ അകത്തേക്കു വലിഞ്ഞു ശുദ്ധരക്തവാഹിനികളായ ഹൃദയധമനികളില്‍ കട്ടപിടിച്ച് ചിന്താശക്തിയെ ബാധിച്ച് പകയായി രൂപാന്തരപ്പെടുന്നു. അങ്ങനെയത് മറ്റു പല ദുഷ്ടതകള്‍ ഉല്‍പാദിപ്പിക്കുന്നു. എട്ടാണ് ആ ദുഷ്ടതകള്‍ എന്ന് ഗസ്സാലി. 1. അസൂയ. 2. പരക്ലേശാനന്ദം അഥവാ മറ്റുള്ളവര്‍ ദുഃഖിക്കുന്നത് കണ്ട് സന്തോഷിക്കല്‍. 3. പുറത്താക്കല്‍ അഥവാ സാമുദായികവും മറ്റുമായ ബന്ധങ്ങളെ വേണ്ടെന്നു വെക്കല്‍-boycott. 4. പരനിന്ദ. 5. രഹസ്യങ്ങള്‍ പരസ്യപ്പെടുത്തല്‍. 6. മറ്റുള്ളവരെ ആക്ഷേപിക്കല്‍. 7. പരദ്രോഹം. 8. അവകാശനിഷേധം.
പകയാണ് ആദിപാപത്തിന് ഹേതുവായതെന്ന് നമുക്കറിയാം: ഹാബീലിന്റെ നേര്‍ക്കു അസൂയപ്പെട്ട്, പകവെച്ചു പുലര്‍ത്തി, ഖാബീല്‍ ഹാബീലിനെ കൊന്നു. തന്മൂലം പാതകികളുടെ പ്രതീകമായാണല്ലോ എക്കാലത്തും എല്ലാവരാലും ഖാബീല്‍ അനുസ്മരിക്കപ്പെടുന്നത്. എന്താണിത് വ്യക്തമാക്കുന്നത്? പകവെച്ചു പുലര്‍ത്തുന്ന വ്യക്തി തന്നത്താന്‍ ദ്രോഹിക്കുകയാണ് ചെയ്യുന്നത് എന്നല്ലേ. അല്ലാഹുവിന്റെ രക്ഷ, സമാധാനം, ലഭിക്കുകയില്ല ഇരുലോകത്തും പകവെച്ചു പുലര്‍ത്തുന്ന ആണിനും പെണ്ണിനും. എന്നാല്‍, നിങ്ങള്‍ പകയ്ക്കുന്നത് ആരെയാണോ ആ വ്യക്തിക്കു ഇഹലോകത്തും പരലോകത്തും അല്ലാഹു രക്ഷ നല്‍കുന്നുണ്ട്. അബുദ്ദര്‍ദാഅ്, അതുകൊണ്ടാണ് ഇങ്ങനെ നിരീക്ഷിച്ചത്:
''മരണത്തെക്കുറിച്ച് വിചാരിക്കല്‍ ശീലമാക്കുന്ന ഒരാള്‍ക്ക് മതിമറന്നാഹ്ലാദിക്കാന്‍ കഴിയില്ല. അങ്ങനെ, അസൂയപ്പെടാന്‍ നേരം കിട്ടാത്ത ഒരവസ്ഥയിലായിത്തീരും അയാള്‍.''
നിങ്ങള്‍ക്ക് ഒരാളോടസൂയ തോന്നിയാല്‍, ഒരാളുടെ നേര്‍ക്കും പകവെച്ചു പുലര്‍ത്താതിരിക്കാന്‍ വിപരീത സ്വഭാവഗുണം വളര്‍ത്തിയെടുക്കുകയാണ് നിങ്ങള്‍ ചെയ്യേണ്ടത്. അസൂയ ആരുടെ നേര്‍ക്കാണോ ആരെയാണോ പകയ്ക്കുന്നത്, അയാളുടെ സ്തുത്യര്‍ഹമായ സ്വഭാവവിശേഷങ്ങള്‍ കണ്ടെത്തലും അവയെ ശ്ലാഘിച്ചു പറയാന്‍ സന്നദ്ധരാവലുമാണ് അത്. അങ്ങനെ വിനീതരാവാന്‍ കഴിയും നിങ്ങള്‍ക്ക്.

ഐഹികാനന്ദം
തെറ്റുകുറ്റങ്ങളും പാപകൃത്യങ്ങളും പെരുകുന്നതിനുള്ള മൂലകാരണം തേടിയാല്‍ അത്, നിങ്ങള്‍ക്ക് ലൗകിക വിഷയങ്ങളിലുള്ള അമിതമായ താല്‍പര്യമാണെന്ന് നിങ്ങള്‍ കണ്ടെത്തും. ഇമാം ഗസാലി ഐഹികാനന്ദത്തെ, ഉപഭോഗാസക്തിയെ ഉപമിക്കുന്നത് ഒരു വിഷകന്യകയോടാണ്. അവളെ കാമിക്കാനും കരവലയത്തിലൊതുക്കാനുമുള്ള തീവ്രമായ അഭിനിവേശം ജനിപ്പിക്കുമാറ് വശ്യമനോഹരമാണ് അവളുടെ ഓരോ ചേഷ്ടയും. അങ്ങനെ നിങ്ങള്‍ അവള്‍ക്കു കീഴ്‌പ്പെടുമ്പോള്‍ കെട്ടിപ്പുണര്‍ന്നു ശ്വാസം മുട്ടിച്ചുകൊല്ലുന്നു നിങ്ങളെ അവള്‍. എന്നുവെച്ച് ഇഹലോകസുഖമൊന്നും വേണ്ടെന്ന നിലപാടെടുത്ത് ഏകാന്തവാസിയാവണമെന്ന് ഗസാലി ഉപദേശിക്കുന്നില്ല. സാമൂഹിക ബന്ധങ്ങളൊന്നുമില്ലാതെയുള്ള ജീവിതം ശരിയല്ലെന്നദ്ദേഹം പറയുന്നു. കാരണം, മനുഷ്യര്‍ക്ക് അനുഭവിക്കാന്‍ വേണ്ടിയാണ് ഈ ലോകം അല്ലാഹു സൃഷ്ടിച്ചത്. ഇവിടെ മനുഷ്യര്‍ സുഖം തേടുകയും നേടുകയും വേണം. എന്നാല്‍, സ്രഷ്ടാവായ ദൈവത്തിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് ഐഹികസുഖങ്ങള്‍ എങ്ങനെയെല്ലാം എത്രത്തോളം ആസ്വദിക്കാമോ അത്രത്തോളം മാത്രമേ ഉപഭോഗതല്‍പരനാകാവൂ സൃഷ്ടിയായ ഓരോ മനുഷ്യനും. പരലോകമാണല്ലോ ഓരോ മനുഷ്യന്റെയും ലക്ഷ്യം. ആ ലക്ഷ്യത്തിലെത്താന്‍ തടസ്സമാവുമെന്ന് കാണുമ്പോള്‍ ഇവിടെ നിങ്ങള്‍ക്ക് ലഭിക്കുന്ന ഏതു സുഖവും വേണ്ടെന്നു വെക്കണം. ഒരു യാത്രക്കാരന്‍/ യാത്രക്കാരി മാത്രമാണ് ഞാന്‍ എന്നും യാത്രക്കിടയിലുള്ള ഇടത്താവളം മാത്രമാണ് ഈ ലോകമെന്നും കണ്ട്, മനസ്സും ഹൃദയവും ആത്മാവും കളങ്കപ്പെട്ടുപോവാതിരിക്കാന്‍ ശ്രദ്ധിച്ചുകൊണ്ട് യാത്ര തുടരലാണ് അത്. ഗസാലി, ഒരു മൃഗത്തിന്റെ പുറത്തുകയറി മണല്‍ക്കാട്ടിലൂടെ സഞ്ചരിക്കുന്ന തീര്‍ഥാടകന്റെ ഉപമ ചൂണ്ടിക്കാട്ടുന്നുണ്ട് ഈ സന്ദര്‍ഭത്തില്‍. തന്നെ ചുമക്കുന്ന മൃഗത്തിനാവശ്യമായ തീറ്റകള്‍ തരപ്പെടുത്തുന്ന കാര്യത്തില്‍ വേണ്ടതിലേറെ ശ്രദ്ധിച്ചു നേരം പോകുന്നതറിയാതെ പോയാല്‍ സാര്‍ഥവാഹക സംഘം അയാളെ ഉപേക്ഷിച്ചു മുന്നോട്ടുപോകും. ഫലമോ മരുഭൂവില്‍ ഒറ്റപ്പെട്ട് കെട്ടുപോകും അയാളുടെ പ്രാണന്‍.

ധനമോഹം
ധനം അഥവാ സമ്പത്ത് ഐശ്വര്യമാണ്. ഐശ്വര്യമെന്നാല്‍ ഈശ്വരഭാവം, അഥവാ അല്ലാഹു കനിഞ്ഞരുളുന്ന അനുഗ്രഹം. ഐശ്വര്യമായ ധനം, സമ്പത്ത്, സമ്പാദിക്കാനുള്ള താല്‍പര്യം നല്ലതാണെന്ന് വെളിപ്പെടുത്തുന്ന ഹദീസുകളുണ്ട്, അതില്‍ അനര്‍ഥങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി വൈരാഗ്യം ജനിപ്പിക്കുന്ന ഹദീസുകളുമുണ്ട്. അതുകൊണ്ട് ഐശ്വര്യസമൃദ്ധിയുടെ വഞ്ചനാത്മകതയെക്കുറിച്ചുള്ള ഉണര്‍ത്തലായിട്ടുവേണം ആ ഹദീസുകളെ ഗ്രഹിക്കല്‍. അതുകൊണ്ടുതന്നെ, സമ്പത്തിനെ, ധനത്തെ, ഒരു വിഷപ്പാമ്പിനെയെന്നപോലെയാണ് ഒരാള്‍ കാണേണ്ടത്. വിഷബാധയേല്‍ക്കുമ്പോള്‍ ചികിത്സിക്കാനുള്ള മരുന്നിനു വേണ്ടി മൂര്‍ഖനെ പിടിക്കാം. ഉഗ്രവിഷമുള്ള സര്‍പ്പത്തിനെയാണ് പിടിക്കുന്നതെന്നും അതിന്റെ കടിയേറ്റാല്‍ കഥകഴിയുമെന്നും അറിഞ്ഞുകൊണ്ടുവേണം പിടിക്കല്‍. സല്‍ക്കാര്യങ്ങള്‍ക്കു വേണ്ടി മാത്രം തനിക്കു വേണ്ടിയും മറ്റുള്ളവര്‍ക്കുവേണ്ടിയും ചെലവഴിക്കലാണ് അതിന്റെ മറുമരുന്നെന്നു ഓര്‍ക്കണം വിഷസര്‍പ്പമായ ധനം സമ്പാദിക്കുന്ന ഒരാള്‍.

അധികാരക്കൊതി
പേരും പെരുമയും നേടാനുള്ള അഭിലാഷത്തിലാണ് അധികാരക്കൊതി മുളക്കുന്നതും മൂക്കുന്നതും. അത് മൂക്കുന്നത് വേര്‍തിരിച്ചറിയാന്‍ അസാധ്യമാം വിധം സങ്കീര്‍ണമായ വഴിയിലൂടെയാകയാല്‍ പ്രവാചകന്‍ അതിനെ ഉപമിച്ചത് ഒരു കരിയുറുമ്പിനോടാണ്- കറുത്ത രാത്രിയില്‍ കരിമ്പാറയില്‍ ഇഴയുന്ന കറുത്ത ഉറുമ്പ്. അധികാരക്കൊതി എന്ന രോഗത്തെ, ദുഷ്പ്രഭാവത്തെ 'എന്റെ വലുപ്പം നാലാള്‍ കാണട്ടെ, അറിയട്ടെ' എന്ന വിചാരത്തോടെയുള്ള വിജൃംഭണത്തെ, എങ്ങനെ ചെറുക്കാമെന്നു മനസ്സിലാക്കിത്തരുന്ന ഉദാഹരണങ്ങള്‍ സ്വഹാബികളുടെ ജീവിതരീതിയിലുണ്ട്. ഒരിക്കല്‍ പ്രസിദ്ധ സ്വഹാബിയായ ഇബ്‌നു മസ്ഊദ്, അദ്ദേഹത്തിന്റെ ചുറ്റും ആദരപൂര്‍വം തടിച്ചുകൂടിയ ആളുകളോട് പറയുന്നു: ''നോക്കൂ, ഈ ഞാന്‍ രഹസ്യത്തില്‍ ചെയ്യുന്നത് എന്താണെന്നറിഞ്ഞാല്‍ പിന്നെ നിങ്ങളിലൊരാള്‍ പോലും എന്നെ ഈവിധം ആദരിക്കുകയില്ല.''
താന്‍ അത്രമേല്‍ കേമനൊന്നുമല്ലെന്ന വിനീതഭാവം നഷ്ടപ്പെട്ടുപോകാതിരിക്കാനുള്ള മുന്‍കരുതലാണ് ഇങ്ങനെ പറയാനദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്.
വലുപ്പ വിചാരമാകുന്ന രോഗം നിങ്ങള്‍ക്കുണ്ടെങ്കില്‍ അത് ചികിത്സിച്ചു മാറ്റുകതന്നെ വേണം ഒട്ടും വൈകാതെ. കാരണം, ആ രോഗം മാറ്റാതിരിക്കുന്ന കാലത്തോളം നിങ്ങളുടെ എല്ലാ വാക്കും പ്രവൃത്തിയും സ്വന്തം കേമത്തം കാണിക്കാന്‍ വേണ്ടിയുള്ളതാവും; അല്ലാഹുവിന്റെ മുന്നില്‍ അങ്ങേയറ്റം വിനീതരാവാന്‍ നിങ്ങള്‍ക്ക് കഴിയാതെ വരും. കാരണം, നിങ്ങള്‍ക്കു ചുറ്റും തടിച്ചുകൂടുന്ന 'ആരാധകവൃന്ദ'ത്തെ ആട്ടിപ്പുറത്താക്കാന്‍ നിങ്ങളുടെ മനസ്സില്‍ നിങ്ങള്‍ നിങ്ങള്‍ക്ക് കല്‍പിക്കുന്ന പ്രാധാന്യം കുറക്കാന്‍ കൂട്ടാക്കുന്നില്ല നിങ്ങള്‍ എന്നതുതന്നെ.  അതുകൊണ്ടാണല്ലോ പണവും പേരും പെരുമയും നേടാനുള്ള കൊതിയെ പ്രവാചകന്‍ ആട്ടിന്‍ പറ്റത്തെ പിടിച്ചു തിന്നാന്‍ പറ്റിക്കൂടുന്ന ചെന്നായ്ക്കൂട്ടത്തോട് ഉപമിച്ചത്.

സദ്ഗുണങ്ങള്‍ വെച്ചു പിടിപ്പിക്കല്‍
ഹൃദയത്തില്‍ നിന്നും മനസ്സില്‍ നിന്നും സ്വന്തം സ്വഭാവത്തില്‍ നിന്നും ഓരോ ദുര്‍ഗുണം പിഴുതെറിയുമ്പോള്‍ തല്‍സ്ഥാനത്ത് ഓരോ സദ്ഗുണം നട്ടുവളര്‍ത്തേണ്ടതുണ്ട്, ആത്മനിര്‍മലീകരണം ശ്രദ്ധാപൂര്‍വം പരിശീലിക്കുന്ന വ്യക്തി. ഉദ്യാനപാലന കലയോട് അതിനെ ഉപമിക്കാം. ആദ്യമായി കളകള്‍-പരിപാലിക്കപ്പെടേണ്ട ഉദ്യാനത്തില്‍ വളര്‍ന്നു കൂടാത്ത എല്ലാ സസ്യങ്ങളും- പറിച്ചെറിയപ്പെടണം. എന്നിട്ട് വേണ്ട വിധം വളം ചേര്‍ത്ത് മണ്ണൊരുക്കണം. പിന്നെ വളര്‍ത്തേണ്ട സത്യലതാദികളുടെ വിത്തിടണം. എന്നിട്ട് വെള്ളവും പോഷക വസ്തുക്കളും ആവശ്യാനുസരണം നല്‍കി ഓരോ ചെടിയെയും വളര്‍ത്തിയെടുക്കണം. അതുപോലെ, ആത്മസംസ്‌കരണം നടത്തുന്ന വ്യക്തി, ശരീരമാകുന്ന ഉദ്യാനത്തിന്റെ പരിപാലകന്‍, വളര്‍ത്തിയെടുക്കേണ്ടത് സദ്ഗുണങ്ങളാണ്. അവ താഴെ പറയുന്നവയാണെന്ന് ഇഹ്‌യാ ഉലൂമിദ്ദീന്‍ വിശദീകരിക്കുന്നു.

തൗബ അഥവാ ആത്മനിര്‍വേദം
അറിഞ്ഞും അറിയാതെയും ചെയ്തിട്ടുള്ള തെറ്റുകുറ്റങ്ങള്‍ ഏറ്റു പറഞ്ഞ് അല്ലാഹുവിനോട് മാപ്പിരക്കുന്നതോടൊപ്പം, വിഷയസുഖങ്ങളുടെ നിസ്സാരത്വത്തെക്കുറിച്ചുള്ള തിരിച്ചറിവോടെ സ്വയം മാറ്റിത്തീര്‍ക്കാനുള്ള പ്രയത്‌നത്തില്‍ ഉറച്ചുനില്‍ക്കുമെന്നു ദൃഢനിശ്ചയം ചെയ്യലാണ് തൗബ അഥവാ ആത്മനിര്‍വേദം. ഒരു തെറ്റും ബോധപൂര്‍വം ചെയ്തിട്ടില്ലെങ്കില്‍ പോലും തൗബ ചെയ്യണം മുസ്‌ലിമായ ഓരോ ആണും പെണ്ണും എന്ന് ഗസാലി ഓര്‍മിപ്പിക്കുന്നു. അതിനു ഗസാലിയെ പ്രേരിപ്പിക്കുന്നത് പ്രവാചകന്‍ വെളിപ്പെടുത്തിയ വസ്തുതയാണ്:
''ചില നേരങ്ങളില്‍ എന്റെ ഹൃദയം വിവര്‍ണമാകുന്നുണ്ട്. അതുകൊണ്ട് രാപ്പകല്‍ പലവട്ടം (എഴുപതുവട്ടം) അല്ലാഹുവിനോട് മാപ്പിരക്കാറുണ്ട് ഞാന്‍.''
വിശുദ്ധ പ്രവാചകന്റെ അവസ്ഥ ഇതായിരിക്കേ ആര്‍ക്കാണ് തൗബ ചെയ്യാതെ പകലും രാത്രിയും കഴിച്ചുകൂട്ടാനാവുക?

ക്ഷമിക്കലും നന്ദി കാണിക്കലും
മൃഗങ്ങള്‍ക്കില്ലാത്ത, മലക്കുകള്‍ക്കു പോലും ഇല്ലാത്ത ഒരു സദ്ഗുണമാണ് ക്ഷമാശീലം. അതുകൊണ്ട് ആത്മനിര്‍മലീകരണ വ്യഗ്രതയില്‍ മനുഷ്യന്‍ ക്ഷമ കൈവിടരുത് ഒരിക്കലും. കാരണം, ഗസാലി പറയുന്നു, രണ്ടുതരം അവസ്ഥാവിശേഷങ്ങളെ നേരിടേണ്ടിവരുന്നുണ്ട് മനുഷ്യര്‍ക്ക്. സ്വന്തം അഭീഷ്ടങ്ങളുമായി ഇണങ്ങിപ്പോകുന്ന കാര്യങ്ങളാണ് ഒന്ന്- ആരോഗ്യം, സമ്പത്ത്, കുടുംബം, സഹചാരികള്‍ തുടങ്ങിയവ. ഇക്കാര്യങ്ങളിലെല്ലാം ക്ഷമാശീലം മനുഷ്യര്‍ക്കു കൂടിയേ തീരൂ. പരീക്ഷണങ്ങളെ നേരിടുമ്പോള്‍ വേണ്ടതിനേക്കാള്‍ സഹനശക്തി സംഭരിക്കണം ആയുരാരോഗ്യ സമ്പല്‍സമൃദ്ധമായ അവസ്ഥകളില്‍. അതുകൊണ്ടാണ് അബ്ദുറഹ്മാനിബ്‌നു ഔഫ് ഒരിക്കല്‍ ഇങ്ങനെ പറഞ്ഞത്: ''പരീക്ഷണങ്ങളെ നേരിടേണ്ടി വന്നപ്പോള്‍ സഹനശക്തിയുള്ളവരായിരുന്നല്ലോ ഞങ്ങള്‍. എന്നാല്‍, വിജയം നേടിയ സന്തോഷിക്കുമ്പോള്‍ ക്ഷമാശീലം ഞങ്ങള്‍ കൈവെടിയുന്നു.''
ആത്മാവിനെ ചെടിപ്പിക്കുന്ന അവസ്ഥയാണ് മനുഷ്യന്‍ രണ്ടാമതായി നേരിടേണ്ടത്. ആ അവസ്ഥക്ക് കാരണമാകുന്ന കാര്യങ്ങളില്‍ ആദ്യത്തേത് അല്ലാഹുവിനോടുള്ള അനുസരണമാണെന്ന് ഗസാലി നിരീക്ഷിക്കുന്നു. എന്തുകൊണ്ടെന്നാല്‍, ഇന്ദ്രിയ സുഖങ്ങളില്‍ ആസക്തി ജനിപ്പിക്കുന്ന മനസ്സിനെയും ശരീരത്തെയും അടക്കിനിര്‍ത്തി സര്‍വാത്മനാ അല്ലാഹുവിന്റെ മുന്നില്‍ സര്‍വസ്വം സമര്‍പ്പിക്കലാണല്ലോ അല്ലാഹുവിനോടുള്ള അനുസരണം. ക്ഷമാപൂര്‍വം എന്തും സഹിക്കാനുള്ള പ്രാപ്തി കൈവരിച്ചാലേ നിങ്ങള്‍ക്കതിനു കഴിയൂ. രണ്ടാമതായി വരുന്നത് അല്ലാഹുവിനെ ധിക്കരിക്കുന്ന പ്രവൃത്തികളാണെന്ന് ഗസാലി പറയുന്നു. കാരണം, ക്ഷമ കൈവിട്ടുപോകുമ്പോഴാണല്ലോ അനുസരണക്കേട് കാണിക്കുക ഒരാള്‍. അതുപോലെ, മൂന്നാമതായി, ബുദ്ധിമുട്ടുകളെയും പരീക്ഷണങ്ങളെയും നേരിടേണ്ടിവരുമ്പോഴും സ്ഥിരപ്രജ്ഞനായി ക്ഷമാപൂര്‍വം നിലകൊള്ളുന്നില്ലെങ്കില്‍, തെറ്റുകളില്‍ അകപ്പെട്ടു മലീമസമായിപ്പോകുന്നു മനുഷ്യന്റെ ആത്മഭാവം.
ഇപ്പറഞ്ഞ ആപത്കരമായ അവസ്ഥകളില്‍ നിന്ന് മുക്തി നേടാന്‍ ഒരാള്‍, സ്വന്തം വികാരവിചാരങ്ങളെ അതികാര്‍ക്കശ്യത്തോടെ തന്നെ, തന്നത്താന്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാതെ, നിയന്ത്രിച്ചു നിര്‍ത്തേണ്ടതുണ്ട്. ഖുര്‍ആനിലൂടെ നിരന്തരം അല്ലാഹുവിന്റെ സാമീപ്യം അനുഭവിച്ചറിയല്‍ പതിവാക്കിയാല്‍ നിങ്ങള്‍ക്കതിനു കഴിയും. ഒപ്പം ദിക്‌റുകള്‍ ഉരുവിടലും സുന്നത്ത് നമസ്‌കാരങ്ങളും മുടക്കാതിരിക്കുകയും വേണം.
നന്ദി കാണിക്കല്‍
അല്ലാഹുവില്‍ വിശ്വസിക്കുന്ന ഒരാള്‍ ക്ഷമിക്കുന്നതും സഹിക്കുന്നതും അല്ലാഹുവിന്റെ പ്രീതി നേടാനാണല്ലോ. നന്ദി കാണിക്കേണ്ടതും അതിനു വേണ്ടിതന്നെ. അതിനാല്‍ കൃതജ്ഞതാഭരിതമായിരിക്കണം നിങ്ങളുടെ ഹൃദയം എല്ലായ്‌പ്പോഴും. വാക്കുകളിലൂടെയും ശാരീരിക ചേഷ്ടകളിലൂടെയും നിങ്ങള്‍ക്ക് കൃതജ്ഞത പ്രകടിപ്പിക്കാം. അല്ലാഹു നല്‍കിയിട്ടുള്ള അനുഗ്രഹങ്ങള്‍ അനുസ്മരിച്ചുകൊണ്ട് അല്ലാഹുവിനെ മഹത്വപ്പെടുത്തലാണ്, സ്തുതിയും സ്‌തോത്രവും അര്‍പ്പിക്കലാണ്, വാക്കുകളിലൂടെയുള്ള കൃതജ്ഞതാ പ്രകടനം. അല്ലാഹുവിന്റെ സൃഷ്ടിജാലങ്ങളെയെല്ലാറ്റിനെയും സന്‍മനോഭാവത്തോടെ കണ്ടുകൊണ്ടുള്ള പ്രവൃത്തികളാണ് ശാരീരിക ചേഷ്ടകളിലൂടെയുള്ള കൃതജ്ഞതാ പ്രകടനം. എന്നാല്‍, പ്രവര്‍ത്തിക്കുമ്പോള്‍ ഒരു കാര്യത്തില്‍ ശ്രദ്ധ വേണം- അല്ലാഹുവിന്റെ വിലക്കുകള്‍ ലംഘിക്കാന്‍ ഇടവരരുത് ഒരിക്കലും. ഉദാഹരണമായി കണ്ണുകള്‍ കൊണ്ടുള്ള പ്രവൃത്തിയുടെ കാര്യമെടുക്കുക. നോക്കാനാണ്, കണ്ടറിയാനാണ്, കണ്ണുകള്‍ നമുക്കല്ലാഹു നല്‍കുന്നത്. എന്നാല്‍, ഒരാള്‍ കാണുന്ന എല്ലാ കാര്യവും നാലാള്‍ അറിയണമെന്നുണ്ടോ? മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും കണ്ടറിഞ്ഞാലും മറച്ചുവെക്കുകയാണ് വേണ്ടത്. കേള്‍വിയുടെ കാര്യവും ഇതുപോലെ തന്നെ. അങ്ങനെ തനിക്കും മറ്റുള്ളവര്‍ക്കും പ്രയോജനം ചെയ്യുന്നതും മനസ്സിനെ മലിനപ്പെടുത്താത്തതുമായ കാര്യങ്ങള്‍ കേള്‍ക്കലും കാണലും അല്ലാഹുവിന്റെ വിധിവിലക്കുകള്‍ അനുസരിച്ചുകൊണ്ടായാല്‍ അതുതന്നെയാണ് കൃതജ്ഞതാ പ്രകടനം.

ഭയവും ആശയും
ആത്മസാക്ഷാത്കാരം തേടി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പറന്നു നടക്കാന്‍ ഒരു സത്യവിശ്വാസി ഉപയോഗപ്പെടുത്തുന്ന രണ്ടു ചിറകുകളാണ് ഭയവും ആശയുമെന്ന് ഗസാലി പറയുന്നു. ആശയെന്നാല്‍ ആവശ്യമായ ഒരു വസ്തുവോ കാര്യമോ കിട്ടുമെന്ന നിശ്ചയമാണ്. എന്നാല്‍ യഥാര്‍ഥവും വിവേകപൂര്‍ണവുമായിരിക്കണം ആ നിശ്ചയം. അങ്ങനെയല്ലെങ്കില്‍ വെറുതേയുള്ള മോഹമാവും അത്. അതുകൊണ്ട് സത്യവിശ്വാസിയെന്നാല്‍ കൊയ്യാമെന്ന നിശ്ചയത്തോടെ വിത്തു വിതച്ച് വിളവെടുക്കാന്‍ പ്രയത്‌നിക്കുന്ന കര്‍ഷകനെപ്പോലെയാണെന്ന് പറയാം. അതിവൃഷ്ടിയാലോ അനാവൃഷ്ടിയാലോ വിളകള്‍ നശിച്ചുപോകാതിരിക്കാന്‍ അല്ലാഹുവിന്റെ സഹായം തേടുന്ന കര്‍ഷകനെപ്പോലെ. ആശിക്കുന്ന സത്യവിശ്വാസിക്കു ഭയമുണ്ട്. അതുകൊണ്ട് ഭയത്തിനു വിപരീതമായ ഭാവമല്ല ആശ. സ്വര്‍ഗം നേടണം എന്ന ആശയുണ്ടെങ്കിലും സല്‍പ്രവൃത്തികള്‍ ചെയ്യുന്നതില്‍ ഉദാസീനനാകുന്ന സത്യവിശ്വാസി വിളകളുടെ കാര്യത്തില്‍ വേണ്ടവിധം ശ്രദ്ധിക്കാത്ത കര്‍ഷകനെപ്പോലെയാണ്. അല്ലാഹുവിന്റെ അപ്രീതിയെ അയാള്‍ ഭയക്കുകതന്നെ വേണം.

(ടൊറണ്ടോ ഇസ്‌ലാമിക് ഇന്‍സ്റ്റിറ്റിയൂട്ടിലെ സീനിയര്‍ ലക്ചററും ഇമാമുമാണ് ലേഖകന്‍)
vpahmadkutty@gamil.com
വിവ: ഹഫ്‌സ

Comments

Other Post