Prabodhanm Weekly

Pages

Search

2011 ഗസാലിപ്പതിപ്പ്‌

അബൂ ഹാമിദില്‍ ഗസാലി തസ്വവ്വുഫിലെ വഴികള്‍

കെ.പി.എഫ് ഖാന്‍

അഭ്യസിച്ച വിജ്ഞാനശാഖകളില്‍ ഒന്നില്‍ നിന്നും മനഃസംതൃപ്തി ലഭിക്കുകയോ സന്ദേഹങ്ങള്‍ തീര്‍ന്നു കിട്ടുകയോ ചെയ്യാത്ത ഇമാം ഗസാലി അവസാന ആശ്രയമായി തസ്വവ്വുഫിലെത്തിയെന്നു തോന്നിക്കുന്ന ഒരു പ്രസ്താവം നടത്തിയിട്ടുണ്ട്, 'അല്‍ മുന്‍ഖിദുമിനദ്ദലാലില്‍.' ഗസാലിയെപ്പറ്റി എഴുതിയ പലരും അതാണ് അദ്ദേഹം തസ്വവ്വുഫ് സ്വീകരിക്കാന്‍ ഇടയാക്കിയതെന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍, പൂര്‍ണമായും അത് വസ്തുതാപരമല്ല; ഭാഗികമായേ അത് ശരിയാകുന്നുള്ളൂ. ഇല്‍മുല്‍ കലാമിലെ മടുപ്പും തത്ത്വശാസ്ത്രത്തെക്കുറിച്ചുള്ള നിരാശയുമൊക്കെയാണ് തസ്വവ്വുഫില്‍ അഭയം കണ്ടെത്താന്‍ പ്രേരകമെന്ന നിഗമനത്തിലെത്താന്‍ തടസമുണ്ടാക്കുന്ന കുറേ സാഹചര്യങ്ങള്‍ നിലനിന്നിരുന്നു. നേരത്തേ ഉണ്ടായിരുന്ന സാഹചര്യങ്ങള്‍ക്കുപരി തസ്വവ്വുഫിലെത്താന്‍ അവസാനമുണ്ടായ പ്രേരകമായിരിക്കാം തന്റെ ആത്മീയാന്വേഷണ യാത്രയുടെ സ്വന്തം ആഖ്യാനത്തില്‍ കാണുന്നത്.
ഒന്നാമതായി, അദ്ദേഹത്തിന്റെ പിതാവ് സ്വന്തം പ്രയത്‌നഫലം മാത്രം ഭക്ഷിച്ചിരുന്ന സാത്വികനായ ഒരു ദര്‍വേശായിരുന്നു. കുട്ടിക്കാലത്തുതന്നെ അനാഥനായിത്തീര്‍ന്നപ്പോള്‍ പിതാവിന്റെ സ്‌നേഹിതനായിരുന്ന സാത്വികനായ ഒരു സ്വൂഫിയാണ് മുഹമ്മദുല്‍ ഗസാലിയെയും സഹോദരന്‍ അഹ്മദുല്‍ ഗസാലിയെയും പോറ്റിയത് (സഹോദരന്‍ അഹ്മദുല്‍ ഗസാലി, മരണം 520/1026). ജ്യേഷ്ഠന്റെ പിന്നില്‍ നമസ്‌കരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇമാം ഗസാലിക്ക് ജ്യേഷ്ഠന്റെ മനസ്സിലെ ചിന്തകള്‍ വായിച്ചെടുക്കാന്‍ കഴിഞ്ഞതിനെ സംബന്ധിച്ച് സൂഫികള്‍ക്കിടയില്‍ ഒരു കഥ പ്രചാരത്തിലുണ്ട്. തന്റെ ഗുരുവായ ഇമാമുല്‍ ഹറമൈനിയുടെ കീഴിലും ഗസാലി തസ്വവ്വുഫ് പഠിച്ചിരിക്കാനിടയുണ്ട്. ഇമാമുല്‍ ഹറമൈനിയാകട്ടെ, നുഐമുല്‍ ഇസ്ഫഹാനി (മരണം 430/1038) എന്ന പ്രസിദ്ധ സൂഫിയുടെ ശിഷ്യനും. ഇത്രയും സൂഫീ സ്വാധീനമുണ്ടായിരുന്നതുകൊണ്ടായിരിക്കാം അതിന്റെ തുടര്‍ച്ചയെന്നോണം മനഃസംതൃപ്തി നേടാനും സന്ദേഹമകറ്റാനും തസ്വവ്വുഫില്‍ ഗസാലി അഭയം തേടിയത്. ദൈവശാസ്ത്ര പ്രശ്‌നങ്ങള്‍ക്ക് തത്ത്വശാസ്ത്രപരമായ പരിഹാരം കണ്ടെത്തുന്നതിലെ പരാജയമല്ല, അദ്ദേഹത്തെ സൂഫിസത്തിലെത്തിച്ചത്. ഗസാലിയുടെ സൂഫീ സമ്പ്രദായത്തെ അദ്ദേഹത്തിന്റെ ദൈവശാസ്ത്രം സ്വാധീനിച്ചതുപോലെ അദ്ദേഹത്തിന്റെ തത്ത്വശാസ്ത്രവും സമഗ്രമായി സ്വാധീനിച്ചിട്ടുണ്ട്. അവസാന വിശകലനത്തില്‍ ഗസാലിയുടെ തസ്വവ്വുഫ് തത്ത്വജ്ഞാനിയുടെയും ദൈവശാസ്ത്രജ്ഞന്റെയും തസ്വവ്വുഫായി വിലയിരുത്താം. സ്വന്തം തത്ത്വശാസ്ത്രത്തിലാണ് അധിഷ്ഠാപിതമെങ്കിലും തനതു സ്വൂഫീസിദ്ധാന്തങ്ങളില്‍ യവന ചിന്തയുടെ ശ്രദ്ധേയമായ ഒരു ലാഞ്ഛന കാണാം. നവപ്ലാറ്റോണിസത്തിന്റെ അധ്യാപനങ്ങളുടെ അടയാളങ്ങള്‍ പോലും സൂഫിസത്തില്‍ ദൃശ്യമാണ്. അദ്ദേഹത്തിന്റെ കാലത്തെ സൂഫിസത്തിന്റെ അന്തര്‍ധാരകളാണതിനു കാരണമെന്ന് ന്യായമായും ഊഹിക്കാം.
സ്വതന്ത്രമായ മൂന്നു ചിന്താധാരകള്‍ തസ്വവ്വുഫിന്റെ നിര്‍ഝരിയെ പോഷിപ്പിക്കുക മാത്രമല്ല ചെയ്തത്, തസ്വവ്വുഫിന്റെ ഉള്ളടക്കവും സ്വഭാവവും നിര്‍ണയിക്കുക കൂടി ചെയ്യുകയുണ്ടായി.
1. ഇസ്‌ലാം പ്രോത്സാഹിപ്പിച്ച, മരുഭൂവിനിണങ്ങുന്നതും നഗര ജീവിതത്തോടും സുഖഭോഗങ്ങളോടുമുള്ള വെറുപ്പ് അടങ്ങുന്നതുമായ ജീവിത ശൈലികള്‍ (പരിത്യാഗം/ ഭൗതിക വിരക്തി) തസ്വവ്വുഫിന്റെ ആദ്യകാല രൂപമായി സൂഫികള്‍ വാഴ്ത്തുന്നുണ്ട്. അബൂദര്‍റുല്‍ ഗിഫാരി, സല്‍മാനുല്‍ ഫാരിസി, താബിഇയായ ഹസന്‍ ബസ്വരി, താബിഇയായി എണ്ണപ്പെടുന്ന ഉവൈസുല്‍ ഖര്‍നി തുടങ്ങിയവരുടെ തസ്വവ്വുഫാണിത്. അക്കാലത്ത് തസ്വവ്വുഫ്, സൂഫി എന്നീ സംജ്ഞകള്‍ അജ്ഞാതങ്ങളായിരുന്നു. അവര്‍ക്ക് ത്വരീഖത്തുകളുമുണ്ടായിരുന്നില്ല.
2. ഇസ്‌ലാമിന്റെ ഉദയത്തിനു മുമ്പ് സഹസ്രാബ്ദങ്ങളോളം സമീപ പൂര്‍വദേശത്ത് ആദ്യം ജൂതായിസത്തിലും പിന്നെ ക്രൈസ്തവതയിലും കടന്നുകൂടി ആധിപത്യം ചെലുത്തിയിരുന്നു പൈതഗോറിയന്‍ യവന സിദ്ധാന്തവും അലക്‌സാണ്ട്രിയന്‍ ബ്രഹ്മജ്ഞാന സിദ്ധാന്തവും. സമീപ പൂര്‍വദേശങ്ങളിലെയും ഉത്തരാഫ്രിക്കയിലെയും ബഹുജനങ്ങള്‍ ഇസ്‌ലാം ആശ്ലേഷിച്ചപ്പോള്‍ അവര്‍ കൂടെ കൊണ്ടുവന്നിരുന്ന ആത്മീയ ആന്ധ്യങ്ങളില്‍ മേല്‍ പറഞ്ഞ സിദ്ധാന്തങ്ങളും ആശയങ്ങളും ഉണ്ടായിരുന്നു. ആത്മാവും പദാര്‍ഥവും, ഇരുട്ടും വെളിച്ചവും, വിണ്ണും മണ്ണും ദ്വന്ദങ്ങളെ സംബന്ധിച്ച ആശയങ്ങള്‍ എങ്ങും വ്യാപിച്ചിരുന്നു. യവനരുടെ ബ്രഹ്മജ്ഞാന സിദ്ധാന്ത(ഇത് പില്‍ക്കാലത്ത് സൂഫി ഭാഷയില്‍ മഅ്‌രിഫത്ത് ആയി)ത്താല്‍ സ്വാധീനിക്കപ്പെട്ട രണ്ടു ഈജിപ്തുകാര്‍ ഈ പ്രവാഹത്തെ സ്വദേശീയമായ, ദൈവേപ്രമ പ്രചോദിതമായ പരിത്യാഗത്തിന്റെ  അറേബ്യന്‍ പ്രവാഹത്തോടു കലരാന്‍ പ്രയത്‌നിക്കുകയുണ്ടായി. ഇവരിലൊരാള്‍ അല്‍ഹാരിസിബ്‌നുല്‍ മുഹാസിബി (മ. 222/838)യും അപരന്‍ ദുന്നൂല്‍ മിസ്‌രി (മ. 246/861)യുമാണ്. ഇവരിലൊന്നാമന്‍ ഇശ്‌റാഖ് (ജ്ഞാനോദയ) സിദ്ധാന്തമാണ് പഠിപ്പിച്ചത്. ദ്വിതീയനാകട്ടെ, ആത്മാവില്‍ ദൈവവുമായി പുനഃസംഗമത്തിന്റെ സാധുതയും അഭിലഷണീയതയുമാണ് പ്രബോധനം ചെയ്തത്- ധാര്‍മിക വിശുദ്ധിയിലൂടെയും ധ്യാനത്തിലൂടെയും ആത്മാവിന് അവിടേക്ക് ഉയരാനാകുമെന്നും.
3. ഇസ്‌ലാം ജയിച്ചടക്കിയ ഏഷ്യയിലെ മിക്ക പ്രദേശങ്ങളിലും ആധിപത്യമുണ്ടായിരുന്ന ബുദ്ധമതം നടേ പറഞ്ഞ വിരക്തി ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നതായി കാണാം. ധ്യാനത്തിനും പരിത്യാഗജീവിതത്തിനും വേണ്ടി ലോകദ്വേഷം-ബുദ്ധന്മാരുടെ ലോകദ്വേഷം, സര്‍വ സംഗ പരിത്യാഗ ജീവിതത്തിന്റെ മാതൃക- ബല്‍ഖീല അമീറായിരുന്ന ഇബ്‌റാഹീമുബ്‌നു അദ്ഹമില്‍ കാണാന്‍ കഴിയും.
നിന്റെ സംതൃപ്തി നേടാന്‍
ഞാനെന്റെ സമ്പത്താകെ കൈവെടിഞ്ഞു
നിന്റെ ദര്‍ശനം കാംക്ഷിച്ചു
എന്റെ കുടുംബത്തെ അനാഥമാക്കി
നിന്നോടുള്ള അനുരാഗത്തിന്റെ കാര്യത്തില്‍
എന്നെ കഷണം കഷണമാക്കിയാലും
എന്റെ ഹൃദയം നിന്നെയല്ലാതെ വാഞ്ഛിക്കുകയില്ല
അബൂയസീദില്‍ ബിസ്ത്വാമി (260/875) ഹൈന്ദവ-ബൗദ്ധ സിദ്ധാന്തമായ നിര്‍വാണത്തെ ജീവിത ലക്ഷ്യമായി, അല്‍ഫനാഉഫില്ലാഹി ആയും (അഹംബോധ നാശം), ശേഷം അല്‍ബഖാഉബില്ലാഹി ആയും പരിചയപ്പെടുത്തി. ഹിജ്‌റ രണ്ടാം ദശകം കഴിയുവോളം മുസ്‌ലിംകള്‍ക്ക് അപരിചിതമായിരുന്ന യവന-ബൗദ്ധാശയങ്ങള്‍ മുസ്‌ലിം ലോകത്ത് പുതിയ വേഷത്തില്‍ പ്രചരിതമായി. ജുനൈദുല്‍ ബഗ്ദാദി(296/910)യാകട്ടെ, അറബിസുഹ്ദിനെ ദൈവസ്‌നേഹത്തിന്റെ പ്രവാഹവുമായി യോജിപ്പിച്ച് ഇസ്‌ലാമിക-ഖുര്‍ആനികമായതുതന്നെ- സാങ്കേതിക ശബ്ദങ്ങള്‍ സ്ഥാപിച്ചു. ഇവിടം മുതല്‍ക്കിങ്ങോട്ടു മൂന്നു ധാരകളും ഒന്നായി കരുത്തുള്ള ഒറ്റപ്രവാഹമായി.
ഈ പ്രസ്ഥാനം സുഹ്ദില്‍നിന്ന് സ്വൂഫിസത്തിലേക്കു വളര്‍ന്നപ്പോള്‍ അഖീദയുടെയും ശരീഅയുടെയും പരിധികളെ ഭേദിക്കുകയാണുണ്ടായത്. ഈ വളര്‍ച്ചയില്‍ അവര്‍ ആവിഷ്‌കരിച്ചതാണ് ത്വരീഖത് (അനുഷ്ഠാന സമ്പ്രദായം). മറ്റൊന്ന് പ്രത്യയശാസ്ത്രമാണ്. യവന-ബൗദ്ധ-ഹൈന്ദവ ദൈവശാസ്ത്രങ്ങളുടെ സ്വാധീനം സ്വൂഫീ പ്രത്യയശാസ്ത്രത്തില്‍ ഉണ്ടായിട്ടുണ്ട്. മറ്റൊരാവിഷ്‌കാരമാണ് സാഹോദര്യ സംഘടന. ഓരോ സംഘടനക്കും അതിന്റേതായ സവിശേഷ പരിപാടിയുണ്ട്. മറ്റൊന്നാണ് ഓരോ ത്വരീഖത്തിന്റെയും തനതായ ആരാധനാ സമ്പ്രദായം. സംഘത്തില്‍ ചേരാനുദ്ദേശിച്ചു ചെല്ലുന്നയാള്‍ മുരീദാണ്. പള്ളി മൂലകളില്‍നിന്ന് ഇറങ്ങേണ്ട സാഹചര്യമുണ്ടായപ്പോള്‍ സന്യാസാശ്രമങ്ങളോ മഠങ്ങളോ പോലുള്ള സ്ഥാപനങ്ങളുണ്ടാക്കി. സാവിയ/തകിയ/രിബാത്വ് എന്നീ പേരുകളില്‍ അവ അറിയപ്പെട്ടു. അല്‍പാഹാരികളും കമ്പിളി വസ്ത്രധാരികളുമായി സമൂഹത്തില്‍നിന്ന് വേറിട്ടു കഴിയേണ്ടിവന്നു. പില്‍ക്കാലത്ത് സുല്‍ത്താന്മാരും സമ്പന്നരും ത്വരീഖതുകളുടെ സംരക്ഷണം ഏറ്റെടുത്തപ്പോള്‍ ആശ്രമങ്ങളും മറ്റും അവര്‍ പണിയിച്ചുകൊടുക്കുകയോ മുമ്പുണ്ടായിരുന്നവക്കു വസ്തുവകകള്‍ വഖ്ഫായി നല്‍കുകയോ ചെയ്യുക സാധാരണമായി. അങ്ങനെ മിക്ക സാവിയകളിലും തകിയകളിലും സമ്പത്ത് കുമിഞ്ഞുകൂടിയത് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനിടയാക്കി.
ആര്‍ക്കും സൂഫീസംഘാംഗമാകാമെങ്കിലും അതിനു ചില നിബന്ധനകളും വ്യവസ്ഥകളുമുണ്ടായിരുന്നു. 1. ചേരാനുള്ള തീരുമാനം സ്വാഭീഷ്ട പ്രകാരമായിരിക്കണം. 2. സ്വന്തമായുള്ള വസ്തുവകകളൊക്കെ കൈയൊഴിയണം- ഒന്നുകില്‍ അനന്തരാവകാശികള്‍ക്ക് വിട്ടുകൊടുക്കുക. അല്ലെങ്കില്‍ സാധുക്കള്‍ക്കു വിതരണം ചെയ്യുക 3. സംഘത്തലവനായ ശൈഖി(മൂപ്പന്‍/ഗുരു)നെ ചോദ്യം ചെയ്യാതെ(നിരുപാധികം) അനുസരിക്കണം. തന്റെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാന്‍ ഗുരു നിയോഗിക്കുന്ന ആളിനെയും അപ്രകാരം അനുസരിക്കണം. 4. അതേ മുരീദിനും ആ പരീക്ഷാകാലം നിശ്ചയിക്കപ്പെട്ടിരിക്കും. ഈ കാലഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയ വ്യക്തിയെ സംഘാംഗമാക്കും. അതിന്റെ അടയാളമായി ഒരു കമ്പിളി വസ്ത്രം നല്‍കപ്പെടും. ഓരോ ത്വരീഖത്തിനും ഈ വസ്ത്രത്തിന് ഓരോ പ്രത്യേക നിറമാണുണ്ടാകുക.
ഇനി അയാള്‍ക്ക് പലഘട്ടങ്ങള്‍ തരണം ചെയ്യാനുണ്ട്. ആദ്യം മുരീദാകും. സ്വൂഫിസ പരിശീലനാര്‍ഥിയേ അപ്പോള്‍ ആകുന്നുള്ളൂ. എന്നിട്ടയാള്‍ സാലിക് ആകും- അഥവാ സഹയാത്രികന്‍. സാവിയയില്‍ വേണ്ടത്രകാലം യഥാവിധി ചെലവഴിച്ചിട്ടുണ്ടെങ്കില്‍ അയാളൊരു മജ്ദൂബായി- സ്വൂഫീ മാര്‍ഗത്തില്‍ ആകൃഷ്ടനായവന്‍. പിന്നീടയാള്‍ ഒരു മുതദാറക് അതായത് തിന്മകളില്‍നിന്നും ഭൗതിക പ്രലോഭനങ്ങളില്‍ നിന്നും രക്ഷപ്പെട്ടവന്‍ (വീണ്ടെടുക്കപ്പെട്ടവന്‍) ആകുന്നു.
ത്വരീഖത്തിലെ അംഗങ്ങള്‍ സ്വയം ഇങ്ങനെ വര്‍ഗീകരിക്കപ്പെട്ടിരിക്കുന്നു: അല്‍മുബ്തദീ(തുടക്കക്കാരന്‍) അല്‍മുതദര്‍രിജ് (പരിശീലനത്തില്‍ വിജയിയായവന്‍), അശ്ശൈഖ്(ഗുരു, ആചാര്യന്‍/മൂപ്പന്‍, ആശ്രമത്തലവന്‍), അല്‍ഖുത്വ്ബ്(അച്ചുതണ്ട്), സര്‍വശാഖകളുമുള്‍പ്പെടെയുള്ള തരീഖയുടെ പരമാധികാരി.
സൂഫിയുടെ ജീവിതം ഒരുതരം യാത്രയായിട്ടാണ് പരിഗണിക്കപ്പെട്ടിരുന്നത്. യാത്രയില്‍ കുറെ സ്റ്റേഷനുകള്‍(മഖാമാത്) തരണം ചെയ്യേണ്ടതുണ്ട്. സംഘാംഗത്തിന്റെ ആത്മാവ് അല്ലെങ്കില്‍ മനസ്സ് അവസ്ഥകളുടെ(അഹ്‌വാല്‍) ഒരു ശ്രേണിയിലൂടെ മുന്നേറേണ്ടതുണ്ട്, സൂഫീ പരിശീലനം വിജയകരമെന്ന് തെളിയിക്കുന്നതോടു കൂടി. മഖാമാതുകള്‍ അഥവാ ശരിയായ സ്വൂഫിയുടെ സവിശേഷതകള്‍ ഏഴാണ് 1. തൗബ(പശ്ചാതാപം) 2. വറഅ്(ജീവിത സൂക്ഷ്മത) 3. സുഹ്ദ്(പരിത്യാഗം/ഭൗതിക വിരക്തി) 4. ഫഖ്ര്‍(അരിഷ്ടജീവിതം) 5. സ്വബ്ര്‍(സഹനം, ക്ഷമ) 6. തവക്കുല്‍(ദൈവാര്‍പ്പണം) 7. രിദാ(സംതൃപ്തി/ചാരിതാര്‍ഥ്യം) 8. ഖുര്‍ബ്(സാമീപ്യം) 9. മഹബ്ബത്(സ്‌നേഹം). 10 ഖൗഫ്(ഭയം) 11. റജാ(പ്രതീക്ഷ/പ്രത്യാശ) 12. ശൗഖ്(വാഞ്ഛ) 13. മുശാഹദ(പരസ്പര ദര്‍ശനം) യഖീന്‍(ദൃഢ ബോധ്യം)
ഓരോ ത്വരീഖത്തിനും അവരുടെതായ അനുഷ്ഠാനമുറകളുണ്ട്. ഈ അനുഷ്ഠാനമുറകളാണ് ഒരു ത്വരീഖത്തിനെ മറ്റൊന്നില്‍നിന്ന് വേര്‍തിരിക്കുന്നത്. എല്ലാ ത്വരീഖത്തുകള്‍ക്കുമുള്ള പൊതുവായ ചടങ്ങാണ് ദിക്ര്‍. ഓരോ വിഭാഗവും ദിക്ര്‍ ചൊല്ലുന്നതിനും പ്രത്യേകം സമ്പ്രദായമുണ്ട്. ദിക്ര്‍ ചൊല്ലുന്നതിനിടയിലെ ധ്യാന രീതിയും വ്യത്യസ്തം. ചിലര്‍ പൊക്കിളില്‍നിന്ന് ധ്യാനം ആരംഭിക്കും. മറ്റു ചിലര്‍ ഹൃദയത്തില്‍നിന്ന് തുടങ്ങി മൂര്‍ധാവിലെത്തിച്ച് വലതു പാര്‍ശ്വത്തില്‍ അവസാനിപ്പിക്കുന്നു. ദിക്ര്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഹരം കയറി പരിസര ബോധം നഷ്ടപ്പെട്ട് ലഹരി ബാധിതരെ പോലെ ആകുവോളം തുടരും. 'അല്ലാഹു'വെന്ന നാമം സാവകാശത്തിലും ത്വരിത വേഗത്തിലും മധ്യവേഗത്തിലും മൃദുസ്വരത്തില്‍ ആരംഭിച്ച് ആവുന്നത്ര ഉച്ചത്തില്‍ ചൊല്ലും. അല്ലാഹുവിന്റെ വിശിഷ്ട നാമങ്ങള്‍ കോര്‍ത്തിണക്കിയ ശീലുകളായിരിക്കും ചിലപ്പോള്‍. അബോധാവസ്ഥയിലെത്തുവോളം ദിക്ര്‍ ചൊല്ലുന്നവരുണ്ടായിരുന്നു. കൂട്ടത്തോടെ ആവര്‍ത്തിച്ചു ചൊല്ലാന്‍ ക്രമപ്പെടുത്തിയ ദിക്‌റുകളാണ് റാത്തീബുകള്‍. ഓരോ ത്വരീഖത്തിനും വെവ്വേറെ റാത്തീബുകളുണ്ടായിരുന്നു.
ആത്മീയാനന്ദ ലഹരിക്കുള്ള അനുഷ്ഠാനങ്ങളിലൊന്നാണ് സമാഅ് (ശ്രവണമെന്നര്‍ഥം). ശ്രുതിമധുരമായ ഖുര്‍ആന്‍ പാരായണം, സ്വൂഫീ പ്രാര്‍ഥനകള്‍, സൂഫീ ഗാനങ്ങള്‍(ഗിനാഅ്) സംഗീതം (മൂസീഖാ) എന്നിവ സാകൂതം ശ്രവിക്കുക മിക്ക ത്വരീഖത്തുകളിലും നിലനിന്നിരുന്നു. സംഗീത ലഹരിയില്‍ താളത്തില്‍ നൃത്തം വെക്കുന്ന(റഖ്‌സ്വ്) പതിവുമുണ്ടായിരുന്നു. ത്വറബ്(ആനന്ദതുന്ദിലത) നശ്‌വ(നിര്‍വൃതി) ഗൈബ(ഐഹികലോക വിസ്മൃതിയിലൂടെ അതീന്ദ്രിയ യാഥാര്‍ഥ്യ പ്രാപ്തി) എന്നിവയായിരുന്നു ലക്ഷ്യം വെച്ചിരുന്നത്. തന്റെ യോഗാത്മകാനുഭവങ്ങളില്‍ സൂഫീ, ഐന്ദ്രികലോകത്ത് നിന്നുയര്‍ന്ന്, അലൗകിക പൂര്‍ണതയുമായി ലയിക്കുന്നതായി സൂഫിക്കു തോന്നും. ഈ ആരാധനാ-ധ്യാനച്ചടങ്ങുകളിലൂടെ ആത്മീയാനുഭവം അതീന്ദ്രിയാനുഭവമുണ്ടാകുന്നില്ലെങ്കില്‍ അവര്‍ ദ്രാക്ഷാരസം പാനം ചെയ്‌തോ മയക്കുമരുന്നുപയോഗിച്ചോ യോഗാത്മകപരമായ അനുഭവം നേടിയിരുന്നു. ഈ മയക്കുമരുന്നിന് അവര്‍ 'ബന്‍ജുല്‍ അസ്‌റാര്‍'(സ്വര്‍ഗീയ രഹസ്യങ്ങളുടെ ബോധനാശകം)എന്ന നാമമാണ് നല്‍കിയത്. സൂഫീ അനുഭവങ്ങളിലൂടെ ലക്ഷ്യം നേടാന്‍ അവര്‍ കൈക്കൊണ്ട മറ്റൊരു മാര്‍ഗമാണ് ആത്മഹനനം. നിരന്തരോപവാസം, ശരീരത്തില്‍ അത്യുഷ്ണവും അതിശൈത്യവും ഏല്‍പിക്കുക, പരുക്കന്‍ വസ്ത്രധാരണം തുടങ്ങി സ്വമേധയാ സ്വശരീരത്തില്‍ കഠിനവേദന ഏല്‍പിക്കുന്നതുപോലും മറുലോകത്തെ സ്വാതന്ത്ര്യവുമായി താരതമ്യം ചെയ്യുമ്പോള്‍ തടവറയായി പരിഗണിക്കപ്പെടുന്ന ഈ ലോകത്തില്‍നിന്നുള്ള പുറപ്പാടില്‍ ആത്മശിക്ഷണത്തിനുള്ള മാര്‍ഗമായിട്ടാണ് അവര്‍ എണ്ണിയത്. പട്ടിണികിടന്നും തുടര്‍ച്ചയായി നോമ്പനുഷ്ഠിച്ചും അസ്ഥിമാത്രശേഷരായും അനാനിയ്യത്(അഹംബോധം) ഇല്ലാതാക്കാനും 'ഫനാ' എന്ന അവസ്ഥ വരുത്തി സായൂജ്യമടയാമെന്നായിരുന്നു അക്കാലത്തെ പൊതുധാരണ. പൊരിവെയിലത്ത് നഗ്നപാദരായും നഗ്നശിരസ്‌കരായും കഴിച്ചുകൂട്ടുന്നതും അതിശൈത്യത്തില്‍ വെളിമ്പ്രദേശത്ത് വെറും തറയില്‍ കിടന്ന് ശരീരത്തിനു പീഡകളേല്‍പിക്കുന്നതും സ്വാത്മത്തെ മെരുക്കാനായിരുന്നു!
സൂഫിസം ഈ നിലയിലെത്തി നില്‍ക്കുന്ന കാലത്താണ് ഇമാം ഗസാലിയുടെ രംഗപ്രവേശം. സ്വഗേഹത്തില്‍നിന്നും സ്വദേശത്തുനിന്നും തസ്വവ്വുഫ് സംബന്ധമായി ഏകദേശ പരിജ്ഞാനം നേടിയിരുന്നു ഗസാലി.
പാണ്ഡിത്യ ഗരിമയും ശിഷ്യ സമ്പത്തും പ്രശസ്തിയും രാഷ്ട്രീയ സ്വാധീനവും ഇമാമിനെ തൃപ്തനാക്കിയില്ല. പഴയ സന്ദേഹങ്ങളും സംശയാലുത്വവും പിന്നെയൊരിക്കല്‍ കൂടി അദ്ദേഹത്തെ വേട്ടയാടാന്‍ തുടങ്ങി. താന്‍ അഭ്യസിപ്പിച്ച അതേ വിഷയങ്ങളെപ്പറ്റി രൂക്ഷമായ വിമര്‍ശനം നടത്തി. ഫിഖ്ഹിന്റെ തലനാരിഴ കീറി നിയമത്തിലെ ശരിയും തെറ്റും പരിശോധിക്കുന്നതിലെ പൊള്ളത്തരം അദ്ദേഹത്തിനു ബോധ്യമായി. മുത്തകല്ലിമുകളുടെ തത്ത്വങ്ങള്‍ക്ക് ധൈഷണികമായ യാതൊരു സുനിശ്ചിതത്വവുമില്ല. അവരും തഖ്‌ലീദിന്റെ പിടിയിലാണ്. സിദ്ധാന്തങ്ങളിലുള്ള അവരുടെ അള്ളിപ്പിടുത്തം അദ്ദേഹത്തില്‍ വെറുപ്പുളവാക്കി; കാരണം യാഥാസ്ഥിതികത്വത്തിന്റെയും വരട്ടു തത്ത്വവാദങ്ങളുടെയും ചട്ടക്കൂട്ടിലേക്കു ദീനിനെ ചുരുക്കിക്കൊണ്ടുവരുന്നതായി അദ്ദേഹത്തിനു തോന്നി. പണ്ഡിതന്മാര്‍ക്കിടയിലുള്ള മത്സരം കേവലം ചില വാക്കുകളെ ചുറ്റിപ്പറ്റിയുള്ള തര്‍ക്കവിതര്‍ക്കങ്ങളാണെന്നും മതവുമായി അവക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വിലയിരുത്തി. ഇത്തരുണത്തില്‍ ഗസാലി വീണ്ടുമൊരിക്കല്‍ കൂടി തത്ത്വശാസ്ത്ര പഠനത്തിനു മുതിര്‍ന്നു. ശുഷ്‌കാന്തിയോടുകൂടി സമഗ്രമായ പഠനം തുടര്‍ന്നുവെങ്കിലും ബുദ്ധിയിലോ യുക്തിയിലോ മാത്രമായി വേദാന്തം കെട്ടിപ്പടുക്കാനാവില്ലെന്നു വേഗം ബോധ്യമായി. ബുദ്ധിയിലൂടെ പരമോന്നതവും ആത്യന്തികവുമായ സത്യത്തെ പ്രാപിക്കാനാവില്ല. ബുദ്ധിക്ക് ദൈവശാസ്ത്രം കല്‍പിച്ചിരിക്കുന്ന അതിരുകളെക്കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്നതിനാല്‍ സന്ദേഹമനസ്‌കനായി സംശയാലുത്വത്തിന്റെ പിടിയിലായി; മനസ്സമാധാനം നഷ്ടപ്പെടുകയും ചെയ്തു. യാഥാസ്ഥിതികമായ അധ്യാപനത്തിന്റെ കാപട്യം അസഹനീയമാകുകയും അതിന്റെ നിലപാട് പിഴച്ചതായിരുന്നെന്ന് തോന്നുകയും ചെയ്തു. മനസ്സാകെ തളര്‍ന്നെങ്കിലും തസ്വവ്വുഫിലൂടെ കരകയറാമെന്ന ഒരാശാകിരണത്തിന്റെ നേരിയ വെളിച്ചം ബാക്കിനിന്നിരുന്നു. യാഥാര്‍ഥ്യവുമായി ആഭിമുഖ്യം സ്ഥാപിക്കാമെന്ന പ്രതീക്ഷ ഈ സന്ദര്‍ഭത്തിലുണ്ടായതല്ല. ഈ പ്രത്യാശയെ കുറെയേറെ വര്‍ഷങ്ങളായി അദ്ദേഹം മനസ്സില്‍ താലോലിക്കുന്നുണ്ടായിരുന്നു. അദ്ദേഹം സൂഫിസത്തെ താത്ത്വികമായി പഠിച്ചിട്ടുണ്ടായിരുന്നല്ലോ. സൂഫി രിയാദഃ(അഭ്യാസമുറ) കള്‍ക്കു ഒരുമ്പെട്ടിറങ്ങിയിട്ടുണ്ടെങ്കിലും അതില്‍ അധികം പുരോഗതി നേടിയിരുന്നില്ല. ഭൗതിക വിരക്തി, ആത്മപരിത്യാഗം, ദീര്‍ഘിച്ചതും ആഴത്തിലുമുള്ള ധ്യാനം എന്നിവയിലൂടെ സൂഫീമാര്‍ഗത്തില്‍ സ്വയം അര്‍പ്പിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അദ്ദേഹം കാംക്ഷിച്ചിരുന്ന പ്രകാശം ലഭിച്ചേനെ.
ഹി. 488 ദുല്‍ഖഅദില്‍/ 1095 നവംബര്‍ മക്കയിലേക്കു ഹജ്ജിനായി പോകുന്ന മട്ടില്‍ ബഗ്ദാദു വിട്ട ഗസാലി, യഥാര്‍ഥത്തില്‍ പോയത് ഏകാന്ത ജീവിതം നയിക്കാന്‍ വിജനതയിലേക്കാണ്. പരിത്യാഗ ജിവിതം നയിച്ച് സൂഫീ ശിക്ഷണങ്ങള്‍ പാലിക്കാനും തദ്വാരാ മനസ്സിനു യഖീന്‍ ലഭിക്കാനുമാണ് ഏകാന്തവാസം വരിച്ചത്. ദമസ്‌കസിലെ ഉമവികളുടെ പള്ളിയുടെ ഒരു മിനാരത്തില്‍ 488/1095 മുതല്‍ രണ്ടു വര്‍ഷക്കാലം ശരീഅത്തു വിധികള്‍ കൃത്യമായി പാലിച്ചും പരിത്യാഗ ജീവിതത്തിന്റെ ക്ലിഷ്ടതകള്‍ സഹിച്ചും കഴിച്ചുകൂട്ടി. പിന്നെ ബൈത്തുല്‍ മുഖദ്ദസിലെത്തി ഉമറിന്റെ മസ്ജിദിലും ഖുബ്ബതുസ്സഖ്‌റയിലും കുറെക്കാലം ധ്യാനനിരതനായി ജീവിച്ചു. ഹെബ്‌റോനില്‍ ഇബ്‌റാഹീം നബിയുടെ ഖബ്ര്‍ സന്ദര്‍ശിച്ച ശേഷം ഹജ്ജിനായി പുറപ്പെട്ടു. മക്കാ-മദീനാ സന്ദര്‍ശനങ്ങള്‍ക്കു ശേഷം മരുപ്രദേശത്ത് അലഞ്ഞുതിരിഞ്ഞും വിവിധ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ചും പള്ളികളില്‍ താമസിച്ചും നീണ്ടകാലം ചെലവഴിച്ചു. പതിനൊന്നു വര്‍ഷങ്ങള്‍ക്കുശേഷം പണ്ഡിത ശിരോമണിയായ ഈ ദര്‍വീശിന്റെ സഞ്ചാരം അവസാനിച്ചു.
തസ്വവ്വുഫിനെ ശരിയായ വിധത്തില്‍ ഉള്‍ക്കൊണ്ടിരുന്ന ഇമാം ഗസാലി ഏതെങ്കിലും ആശ്രമവുമായോ സൂഫീസംഘവുമായോ ബന്ധം പുലര്‍ത്തിയതായി കാണുന്നില്ല. സൂഫികളുടെ സമാഇനെയും(സംഗീതശ്രവണം)റഖ്‌സ്വിനെയും(നൃത്തം) സംബന്ധിച്ച് 'ഇഹ്‌യാ'യില്‍ വാചാലനാകുന്നുണ്ടെങ്കിലും അത്തരം സൂഫി അനുഷ്ഠാനങ്ങളിലൊന്നും ഇമാം ഗസാലി പങ്കെടുത്തതായി  പറയുന്നില്ല.
സൂഫിസത്തിന്റെ ആ കാലഘട്ടത്തിലെ അവസ്ഥ വെച്ചു നോക്കുമ്പോള്‍ വിചിത്രമായിത്തോന്നാം, ഇമാമിന്റെ തസ്വവ്വുഫ് വൈദികവിധിയുടെ അതിര്‍ത്തികളില്‍ നിബദ്ധമായിരുന്നെന്ന സംഗതി. മറ്റുവാക്യങ്ങളില്‍ പറഞ്ഞാല്‍ സ്വബോധം നഷ്ടപ്പെടാത്തതാണ് അദ്ദേഹത്തിന്റെ തസ്വവ്വുഫ്. വിശ്വദേവതാസിദ്ധാന്തപരമെന്നോ അദൈ്വതപരമെന്നോ(അല്‍ഹഖ്ഖും അല്‍ഖല്‍ഖും തമ്മില്‍ അഭേദ്യം കല്‍പിക്കാത്തത്) വിശേഷിപ്പിക്കപ്പെടാവുന്ന സര്‍വ അത്യുക്തികളെയും ഗസാലി ഒഴിച്ചു നിര്‍ത്തി. ലഹരി ബാധിതനെപ്പോലെ അത്യാവേശം പൂണ്ട സൂഫിയുടെ ഹര്‍ഷോന്മാദവേളയിലെ ഉദീരണങ്ങളെ വിമര്‍ശിച്ചിട്ടുണ്ട് ഗസാലി. ഒരുവശത്ത് തസ്വവ്വുഫിനെ വൈദികവിധിക്കനുസൃതമാക്കാനും മറുവശത്ത് വൈദികപാരമ്പര്യത്തെ തസ്വവ്വുഫിന് അനുരൂപമാക്കാനും ഇമാം യത്‌നിച്ചു. അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ ദീനിലെ തസ്വവ്വുഫീ മൂലകങ്ങളാണ് ഏറ്റവും സജീവമായ അംശം. അതാണ് ദീനീ ജീവിതത്തെ സജീവമാക്കുന്നത്. തത്ത്വജ്ഞാനികളെയും പണ്ഡിത ശ്രേഷ്ഠരായ വേദാന്തിക(മുതകല്ലിം)കളെയും ബോധ്യപ്പെടുത്തിയ വസ്തുത, ദീന്‍ ആവശ്യപ്പെടുന്ന ദൃഢബോധ്യത്തിന്റെ അടിസ്ഥാനം നേരിട്ടുള്ള ദൈവികാനുഭവമാണ് എന്നായിരുന്നു.
ഇമാം തസ്വവ്വുഫ് പഠനത്തിന് ആധാരമാക്കിയ ഗ്രന്ഥങ്ങളില്‍ പ്രധാനപ്പെട്ടതാണ് അബൂത്വാലിബില്‍ മക്കീ(മ.386/996)യുടെ ഖൂത്തുല്‍ഖുലൂബ്. ഹാരിഥുല്‍ മുഹാസിബി(മ.243/857)യുടെ രചനകളും അബുല്‍ഖാസിമില്‍ ഖുറൈശിയുടെ(മ. 465/1063) അര്‍രിസാലതുല്‍ ഖുശൈരിയ്യയും മറ്റും പ്രധാന ഗ്രന്ഥങ്ങളാണ്. ഇവയ്ക്കുപുറമെ അശ്ശിബ്‌ലി(മ. 334/945)യുടെയും ജുനൈദുല്‍ ബഗ്ദാദിയുടെയും അബൂയസീദില്‍ ബിസ്ത്വാമിയുടെയും മറ്റും 'നുബ്ദ'(നുറുങ്ങ്)കളും പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഇമാമിന്റെ കൃതികളില്‍ പ്രാമാണികരായ പല സൂഫികളെയും പരാമര്‍ശിച്ചിട്ടുണ്ട്.
ഇമാമിന്റെ തസ്വവ്വുഫ് അധ്യയനം സംബന്ധിച്ച് ഇങ്ങനെയുമൊരു റിപ്പോര്‍ട്ടുണ്ട്: ചെറുപ്പത്തില്‍ ജന്മദേശത്തുവെച്ച് ശൈഖ് അഹ്മദ്ബ്‌നു മുഹമ്മദ് തൂസിയുടെ കീഴിലെ പഠനശേഷം ജുര്‍ജാനില്‍ ചെന്ന് ഇമാം അബൂ നസ്വ്ര്‍ അല്‍ഇസ്മാഈലിയുടെ കീഴില്‍ പഠനം പൂര്‍ത്തിയാക്കി. എന്നിട്ട് തൂസിലെ യൂസുഫ് അന്നസ്സാജിന്റെ പക്കല്‍നിന്ന് സൂഫിസം പഠനമാരംഭിച്ചു. ഒരുവേള ഇമാം ഗസാലി നസ്സാജില്‍നിന്ന് സൂഫീ പരിശീലനവും നേടിയിരിക്കണം. ഏതാണ്ട് 20 വയസ്സായപ്പോഴാണ് നിളാമിയ്യാ വിദ്യാപീഠത്തില്‍പഠനത്തിനെത്തിയത്. നിളാമിയ്യ പാഠ്യപദ്ധതിയില്‍ ദൈവശാസ്ത്രം മുതല്‍ പ്രകൃതിശാസ്ത്രങ്ങള്‍ വരെയും അവക്കെല്ലാം പുറമെ തസ്വവ്വുഫും ഇടം പിടിച്ചിരുന്നു.
ഗസാലിയുടെ നിഷാപൂരിലെ വാസക്കാലത്ത് തൂസുകാരനായ അലിയ്യുല്‍ ഫദ്ല്‍ ഇബ്‌നു മുഹമ്മദിബ്‌നി അലിയെന്ന സൂഫിയുടെ ശിഷ്യത്വം സ്വീകരിച്ചിരുന്നു. ഇദ്ദേഹം ഗസാലിയുടെ പിതൃവ്യനായ വലിയ ഗസാലിയുടെയും പ്രസിദ്ധനായ സൂഫി അബുല്‍ ഖാസിമില്‍ ഖുശൈരിയുടെയും ശിഷ്യനാണ്. അലിയ്യുല്‍ ഫദ്‌ലില്‍നിന്ന് ഗസാലി സൂഫിസത്തിന്റെ സിദ്ധാന്തങ്ങളും പ്രയോഗങ്ങളും കൂടതലായി അഭ്യസിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നിര്‍ദേശങ്ങളനുസരിച്ച്, ഇസ്‌ലാമിലെ സുഹ്ദും(ഭൗതികവിരക്തി) തസ്വവ്വുഫും പരിശീലനങ്ങളും പഠിച്ചിട്ടും കാര്യമായ പ്രയോജനമുണ്ടായില്ല. അദ്ദേഹം വിവരിക്കുന്നതനുസരിച്ച് സൂഫികള്‍ക്ക് ഇല്‍ഹാം ലഭിക്കാനാരംഭിക്കുന്ന ഘട്ടത്തെ പ്രാപിക്കാന്‍ കഴിഞ്ഞില്ല.
അദ്ദേഹത്തിന്റെ തസ്വവ്വുഫിന്റെ അന്തര്‍ധാര മിശ്കാത്തുല്‍ അന്‍വാര്‍(സൂറത്തുന്നൂറിലെ ആയത്തുന്നൂറിന്റെ വ്യാഖ്യാനം), അല്‍മആരിജുല്‍ അഖ്‌ലിയ്യ, മുകാശഫാതുല്‍ ഖുലൂബ് എന്നിങ്ങനെ അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങള്‍ സവിശേഷമായി കൈകാര്യം ചെയ്യുന്ന ഗ്രന്ഥങ്ങളോടു ചേര്‍ത്തുവെച്ച് പഠിക്കേണ്ടതുണ്ട്. ഈ കൃതികളില്‍ അവതരിപ്പിച്ചിട്ടുള്ള സിദ്ധാന്തം ദൈവശാസ്ത്രീയം അഥവാ വേദാന്തിക തസ്വവ്വുഫാണ്, ഇത് മുതകല്ലിമുകള്‍ക്കു അംഗീകരിക്കാന്‍ കഴിയുന്ന തസ്വവ്വുഫത്രെ. ഇത് ശരിയാം വണ്ണം ഗ്രഹിക്കാന്‍, ദൈവപ്രകൃതിയെ കുറിച്ചും മനുഷ്യാത്മാവിനെക്കുറിച്ചും ഇമാമിനുള്ള പ്രത്യേക വീക്ഷണം മനസ്സിലാക്കണം.
തസ്വവ്വുഫ് അറിവും പ്രവര്‍ത്തനവും ചേര്‍ന്നതായിരിക്കണമെന്ന് ഇമാം ഗസാലി സമര്‍ഥിക്കുന്നുണ്ട്. ഒറ്റയടിക്ക് സൂഫി അനുഭവം പ്രാപിക്കുമെന്ന് വിചാരിക്കുന്നവരെ ഉള്ളില്‍ തട്ടി വേദനിപ്പിക്കുംവിധം ഇത് ഓര്‍മിപ്പിക്കുന്നുണ്ട് അദ്ദേഹം. സ്വൂഫിഅനുഭവങ്ങളിലൂടെ ദിവ്യസത്തയില്‍ വിലയം പ്രാപിച്ചോ സത്തയുമായി ഐക്യപ്പെട്ടോ ദൈവത്തെ പ്രാപിക്കാമെന്ന അവകാശവാദത്തെ അദ്ദേഹം ദൈവദൂഷണമായിട്ടാണ് പരിഗണിച്ചത്. ദൈവത്തെ കുറിച്ചുള്ള ഗ്രാഹ്യം, സര്‍വാതിശായിയായ ഒരുണ്മയുടെ സാന്നിധ്യം ആജ്ഞാകാരിയായ ഒരു സത്തയായി ഗ്രഹിക്കുക എന്നതാണ്. അവനെക്കുറിച്ചുള്ള ജ്ഞാനം അവന്റെ സത്തയെ കുറിച്ചുള്ള ജ്ഞാനമല്ല, എന്നാല്‍ അവന്റെ ഇച്ഛയെ കുറിച്ചുള്ള ജ്ഞാനമത്രെ. അതിനാല്‍ ഹല്ലാജിന്റെ പ്രചാരണത്തെ ഇമാം അംഗീകരിക്കുന്നില്ല. ഹല്ലാജാകട്ടെ സ്വന്തം സൂഫീ അനുഭവങ്ങളിലൂടെ താനും ദൈവവവും ഒന്നായിത്തീര്‍ന്നെന്ന് അവകാശപ്പെട്ടുകൊണ്ട് ബഗ്ദാദില്‍ ചുറ്റിക്കറങ്ങിയിരുന്നു.
ഇസ്‌ലാം ഉദ്ദേശിക്കുന്നത് പ്രവര്‍ത്തനമാണെന്ന് ആവര്‍ത്തിച്ച് ഉറപ്പിച്ചു പറഞ്ഞതുവഴി ഇമാം ഉദ്ദേശിച്ചത് സന്യാസജീവിതവും സമൂഹത്തില്‍നിന്ന് പിന്‍വാങ്ങലും  ഉപദേശിച്ച സൂഫികളുടെ വാദത്തെ ഖണ്ഡിക്കുകയാണ്. ഏതെങ്കിലും തരത്തിലുള്ള പരിത്യാഗമോ ആത്മഹനനമോ അല്ലെങ്കില്‍ അനുഷ്ഠാന കര്‍മങ്ങളെ നിഷേധിക്കുന്നതോ അതുമല്ലെങ്കില്‍ ശരീഅത്തിലെ നിയമങ്ങള്‍ പാലിക്കല്‍ നിര്‍ബന്ധമല്ലെന്ന് വിശ്വസിക്കുന്നതോ തസ്വവ്വുഫിന്റെ വകയല്ലെന്നു അദ്ദേഹം സമര്‍ഥിച്ചു. ഇമാം തസ്വവ്വുഫിനെ ആദരണീയവും ഇസ്‌ലാമിന്റെ ചൈതന്യത്തിനു നിരക്കുന്നതുമാക്കാന്‍ ശ്രമിച്ചു.
അദൈ്വതവാദ ഖണ്ഡനം
അല്‍ഹഖ്ഖും(ബ്രഹ്മം) അല്‍ഖല്‍ഖും(ചരാചരം) ഒന്നാണെന്ന അദൈ്വത അഥവാ വിശ്വദേവതാ സിദ്ധാന്തം സ്വൂഫിസത്തില്‍ രൂഢമൂലമായിരുന്ന കാലമായിരുന്നു ഗസാലിയുടേത്. സൂഫിയുടെ ദൈവാനുഭവ പാരമ്യത്തില്‍ സായൂജ്യം, താദാത്മ്യപ്രാപ്തി(ഇത്തിഹാദ്) അഥവാ വുസ്വൂല്‍(സാലോക്യം) അല്ലെങ്കില്‍ അന്തര്‍ലീനത്വം(ഹുലൂല്‍) എന്നീ വിധത്തില്‍ പരമാനന്ദപ്രദമായ വിഹംഗമനത്താല്‍ സാധിച്ചെടുക്കാമെന്ന സൂഫിയുടെ അവകാശവാദം ഭോഷ്‌ക്കും മാര്‍ഗഭ്രംശവും വൃഥാ ഭ്രമവുമാണെന്നും അദ്ദേഹം സ്പഷ്ടമാക്കിയിട്ടുണ്ട്. നന്നെക്കവിഞ്ഞാല്‍ ദൈവത്തോട് ഒരു സാമീപ്യമോ സവിധത്വമോ (ഖുര്‍ബ്) സൂഫിക്ക് അവകാശപ്പെടാം; അതിനപ്പുറം ഒന്നും സാധ്യമല്ല. എന്നാല്‍ വിചിത്രമെന്നുപറയാം, ആത്മാവിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സിദ്ധാന്തത്തില്‍ ദൈവവും ആത്മാവും രണ്ടും സത്തയി(ദാത്ത്)ലും ഗുണങ്ങളി(സ്വിഫാത്ത്)ലും തമ്മില്‍ യാതൊരു ഭേദവും കഷ്ടിയായിട്ടുപോലും നിലനില്‍ക്കുന്നില്ലെന്ന മട്ടില്‍ അദ്ദേഹം ആത്മാവിനെ ദൈവസദൃശമാക്കുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്ന സംഗതി. ഇത് തെറ്റിദ്ധരിക്കപ്പെടുമെന്ന് ബോധവാനായ ഇമാം ഖണ്ഡിതമായി സ്ഥാപിക്കുന്നു, അത് ദൈവത്തിനു മാത്രമുള്ള ഒരു സവിശേഷ ഗുണം മുഖേനയാണെന്നും, അതുമുഖേനയാണ് ആര്‍ക്കും അതില്‍ പങ്കുചേരാനാവാത്തതെന്നും. അതാണ് സ്വയം ഭൂതിത്വമെന്നും. അല്ലാഹു സ്വയം ഭൂവാണ്(ഖയ്യൂം). അതേസമയം അവനല്ലാത്ത സര്‍വവും അവനിലൂടെ നിലനില്‍ക്കുന്നു. അവയുടെ സ്വന്തം അസ്തിത്വം മുഖേനയല്ല നിലനില്‍ക്കുന്നത്. മറ്റൊന്നില്‍ നിന്നവയ്ക്കു വായ്പയെന്നോണമാണ് അസ്തിത്വം ലഭിക്കുന്നത്. വസ്തുക്കള്‍ക്ക് അവയുടെ സ്വസത്ത മുഖേന യാതൊന്നും ലഭിക്കുന്നില്ല, ലഭിക്കുന്നതോ അഭാവം മാത്രം. എന്നാല്‍ ഇത്തരമൊരു പ്രസ്താവനയില്‍, തര്‍ക്കശാസ്ത്രാതിര്‍ത്തിയിലേക്കു നീട്ടുകയാണെങ്കില്‍, വിശ്വദേവതാവാദ(ഹഖ്ഖും ഖല്‍ഖും വിഭിന്നമല്ലെന്ന വാദം) ത്തിന്റെ ഒരപകടം പതിയിരുന്നേക്കും. ലോകത്തിന്റെ അനിശ്ചിതാവസ്ഥക്ക് ഊന്നല്‍ നല്‍കപ്പെട്ടാല്‍ തനിയായിട്ടോ മറ്റോ യാതൊരു യാഥാര്‍ഥ്യമോ വാസ്തവികതയോ ഇല്ലാത്ത നിഴലാട്ടത്തെക്കാള്‍ കൂടുതലായ ഒന്നുമായിരിക്കയില്ല. എല്ലാ യാഥാര്‍ഥ്യങ്ങളും ദൈവസത്തയാല്‍ ഗ്രസിക്കപ്പെട്ടിരിക്കും. ഈ നിഗമനം വഴി അത് അവനല്ലാതെ മറ്റൊന്നുമല്ല(ലാ ഹുവ ഇല്ലാഹുവ) എന്ന അദൈ്വത സൂത്രവാക്യത്തിന് ഗസാലിയുടെ അംഗീകാരം വഴി സ്ഥിരീകരണം ലഭിക്കുന്നു. അദ്ദേഹത്തിന്റെ ഈ വരുന്ന പ്രസ്താവന കൂടി ചേര്‍ത്തു വായിക്കാം: ''അവന്‍ സര്‍വവുമാകുന്നു. അവന്‍ തന്നെയാണവന്‍. അവനല്ലാതെ ആര്‍ക്കുമില്ല അസ്തിത്വമോ അനന്യതയോ(മിശ്കാത്തുല്‍ അന്‍വാര്‍). ഇതോടൊപ്പം ചില സംഗതികള്‍ കൂടി ചേര്‍ത്തു വായിക്കുമ്പോള്‍ പ്രത്യക്ഷമായും അദൈ്വതപരമായ ഉദീരണങ്ങളോടു ഇമാം വളരെ മൃദുവായ നിലപാട് കൈക്കൊണ്ടുവോ എന്ന് സംശയിച്ചുപോകും. അവ അബദ്ധങ്ങളാണെന്ന് ഒരിടത്ത് പറഞ്ഞെങ്കിലും മറ്റൊരിടത്ത് അവയെ ന്യായീകരിക്കുകയാണെന്നു തോന്നും: ''അനല്‍ ഹഖ്ഖ്(അഹം ബ്രഹ്മാസ്മി) എന്ന ഹല്ലാജിന്റെ പ്രഖ്യാപനവും ഞാനെത്ര പരിശുദ്ധന്‍, എന്റെ അവസ്ഥ എത്ര മഹത്തരം 'ഈ ഉടുപ്പിനുള്ളിലുള്ളത് അല്ലാഹുതന്നെ എന്നീ അബൂയസീദില്‍ ബിസ്ത്വാമിയുടെ പ്രഖ്യാപനവും ഇമ്മട്ടിലുള്ള ഇതര സ്വൂഫീ പ്രസ്താവനകളും അര്‍ഥമാക്കുന്നത് സ്വയം ദൈവീകരണത്തെയാണ്. അവയെപ്പറ്റിയുള്ള ഗസാലിയുടെ നിരൂപണം ആ ഉദീരണങ്ങളുടെ സാഹചര്യത്തെ ന്യായീകരിച്ചുകൊണ്ടാണ്. ഹര്‍ഷോന്മാദത്തില്‍ അല്ലെങ്കില്‍ ആനന്ദമൂര്‍ച്ഛയില്‍ ഉല്‍ക്കടപ്രേമികളുടെ വാക്കുകള്‍ അടക്കി വെക്കേണ്ടതും അതേപ്പറ്റി ഉരിയാടാതിരിക്കേണ്ടതുമാണ്. ഇത്തരം പ്രസ്താവങ്ങള്‍ തത്ത്വശാസ്ത്രപരമായി കര്‍ശനമായി എടുക്കാവതല്ല. എന്നാല്‍ വൈകാരിക പ്രകടനങ്ങളായി, ആന്തരികമായ ആഴത്തിലുള്ള അനുഭവത്തിന്റെ സൂചനയായി എടുത്താല്‍ കുഴപ്പമില്ല. അവയ്ക്ക് പലഭാവങ്ങളും അവസ്ഥകളും അവയുടേതായ ഭാഷയും യുക്തിയുമൊക്കെയുണ്ട്.'' സൂഫിയുടെ ഈയവസ്ഥയിലെത്തിയവര്‍ക്ക് ഇമാം അവര്‍കള്‍ കര്‍ശനമായി നല്‍കിയ നിര്‍ദേശങ്ങള്‍ ചിലപ്പോള്‍ അദ്ദേഹം തന്നെ മറക്കുന്നതായി കാണാം- അതായത് അവര്‍ അവാച്യങ്ങളായവ പറയാന്‍ ശ്രമിക്കരുതെന്നും ഈ കവി വാക്യം പിന്തുടരണമെന്നുമാണ് നിര്‍ദേശിച്ചത്:
''ഞാന്‍ അനുഭവിക്കുന്നത് പറഞ്ഞറിയിക്കാന്‍ ഞാന്‍ ശ്രമിക്കയില്ല,
എന്നെ ആഹ്ലാദിയെന്ന് വിളിച്ചാലും, കൂടുതലൊന്നും മേലില്‍ ചോദിക്കരുത്!''
(അല്‍മുന്‍ഖിദു മിനദ്ദലാല്‍)
നിലവിലുണ്ടായിരുന്ന സൂഫീ അനുഷ്ഠാനങ്ങളിലൊന്നാണ് സംഗീത ശ്രവണം. സമാഇന്റെ പ്രധാനോദ്ദേശ്യം (ജീവാത്മാവ് പരമാത്മാവിനോട്)

Comments

Other Post