Prabodhanm Weekly

Pages

Search

2011 ഗസാലിപ്പതിപ്പ്‌

അബൂ ഹാമിദില്‍ ഗസാലി ഖുര്‍ആനെ സമീപിച്ചതെങ്ങനെ

അശ്‌റഫ് കടയ്ക്കല്‍

പ്രശസ്ത മുസ്‌ലിം ചിന്തകന്‍ സിയാവുദ്ദീന്‍ സര്‍ദാറിന്റെ Reading the Quran രണ്ടായിരത്തി പതിനൊന്നിന്റെ ആദ്യ പാദങ്ങളില്‍ പുറത്തിറങ്ങിയ പുസ്തകമാണ്. 'ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ എനിക്ക് ഖുര്‍ആന്‍ എന്താണ്?' എന്ന ചോദ്യത്തിന് അദ്ദേഹം നടത്തുന്ന ആത്മാന്വേഷണത്തിന്റെ ഉത്തരമാണ് ഈ പുസ്തകം. അദ്ദേഹത്തിന്റെ നിഗമനങ്ങളും വിശകലനങ്ങളും പലതും പ്രകോപനപരമാണെങ്കിലും ചിന്തോദ്ദീപകമാണ്.  ഖുര്‍ആന്‍ വായനയിലെ നൂതനസമീപനമാണ് താന്‍ അവലംബിച്ചിട്ടുള്ളത് എന്ന അവകാശവാദവും അദ്ദേഹം ഉന്നയിക്കുന്നുണ്ട്. ഖുര്‍ആന്റെ ആശയപ്രപഞ്ചം സനാതനമാകുന്നത് അതിന്റെ വായന കാലികമാവുമ്പോഴാണ്. അഥവാ, വര്‍ത്തമാനകാല പശ്ചാത്തലത്തിലൂന്നിക്കൊണ്ടുള്ള പാഠവിശകലനത്തിന്റെ അനിവാര്യതയിലേക്കാണ് അദ്ദേഹം നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ പണ്ഡിതനായ ഫരീദ് ഇസാഖും സര്‍ദാറിനോട് സമാനതപുലര്‍ത്തുന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്.  അദ്ദേഹത്തിന്റെ Qur'an, Liberation and Pluralism: An Islamic Perspective; The Quran: A User's Guide എന്നീ ഗ്രന്ഥങ്ങള്‍ സാമൂഹികശാസ്ത്ര ശാഖകളിലെ ആധുനിക പ്രവണതകളെ പാരമ്പര്യ ജ്ഞാനസിദ്ധാന്തങ്ങളുടെ വെളിച്ചത്തില്‍ എങ്ങനെ ഖുര്‍ആന്‍ വായിക്കുന്നതിനും വ്യാഖ്യാനിക്കുന്നതിനും ഉപയുക്തമാക്കാം  എന്ന അന്വേഷണമാണ് നടത്തുന്നത്.
അതേസമയം, പ്രശസ്ത അല്‍ജീരിയന്‍ - ഫ്രഞ്ച് ചിന്തകനായ മുഹമ്മദ് അര്‍കൂന്‍ തന്റെ ഖുര്‍ആന്‍ പഠനങ്ങളില്‍ പൂര്‍ണമായും പാശ്ചാത്യ സിദ്ധാന്തങ്ങളിലധിഷ്ഠിതമായ ഒരു രീതിശാസ്ത്രമാണ് മുന്നോട്ട് വെച്ചിട്ടുള്ളത്. പക്ഷേ, ഇവരെല്ലാം തന്നെ തങ്ങളുടെ ഖുര്‍ആന്‍ പഠനങ്ങളില്‍ സ്വീകരിച്ച വ്യാഖ്യാനശാസ്ത്രം (hermeneutics) രൂപപ്പെടുത്താന്‍ ഇമാം ഗസാലിയെ വിമര്‍ശരൂപേണയോ അല്ലാതെയോ ആശ്രയിക്കുന്നുണ്ട് എന്നത് കൂടുതല്‍ പഠനത്തിന് വിഷയമാക്കേണ്ട സംഗതിയാണ്.  ഇമാം ഗസാലിയെ നിയമജ്ഞനും തത്ത്വചിന്തകനും സൂഫീദാര്‍ശനികനുമായിട്ടെല്ലാം വിലയിരുത്തിക്കൊണ്ടുള്ള ആയിരക്കണക്കിനു ഗവേഷണപഠനങ്ങള്‍ ലോകത്തെമ്പാടും വിവിധഭാഷകളില്‍ നടന്നിട്ടുണ്ട്.  പക്ഷേ, അദ്ദേഹത്തിന്റെ ഖുര്‍ആന്‍ വ്യാഖ്യാനശാസ്ത്രം സാമൂഹിക ശാസ്ത്രത്തിലെ നവസിദ്ധാന്തങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ പ്രസക്തമാവുകയാണ്. ഇംഗ്ലീഷിലുള്ള Rethinking Islam, Islam to Reform or to Subvert എന്നീ കൃതികള്‍ക്കു പുറമെ അര്‍കൂന്‍ അറബി - ഫ്രഞ്ച് ഭാഷകളിലായി നിരവധി പഠനങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പഠനങ്ങള്‍ സൃഷ്ടിച്ച ചിന്താവിസ്‌ഫോടനത്തിന്റെ അനുരണനങ്ങള്‍ അറബ് ലോകത്ത് ഇനിയും സജീവമാകാനിരിക്കുന്നതേയുള്ളൂ.  മാലിക് ബിന്നബിയുടെ ചിന്താപ്രപഞ്ചം അദ്ദേഹത്തിന്റെ മരണശേഷമാണ് മുസ്‌ലിംലോകത്ത് ചര്‍ച്ചചെയ്യപ്പെട്ടതെന്നപോലെ കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ മരണമടഞ്ഞ അര്‍കൂന്റെ ധൈഷണിക ലോകവും മുസ്‌ലിം പണ്ഡിത സമൂഹത്തിന്റെ സജീവ ശ്രദ്ധ ആകര്‍ഷിക്കാനിരിക്കുന്നതേയുള്ളൂ. മതചിന്തയുടെ പരമ്പരാഗത ചട്ടക്കൂടുകള്‍ തകര്‍ക്കുന്ന അര്‍കൂനിയന്‍ പ്രതിഭാസത്തെ പ്രതിരോധിക്കാന്‍ ഒരുവേള ഗസാലിയന്‍ പണിസഞ്ചി (toolkit)യെ തന്നെ ആശ്രയിക്കേണ്ടിവരും. മാനവചരിത്രത്തിലെ എക്കാലത്തെയും വിസ്മയമായ ഇമാം ഗസാലിയുടെ പ്രതിഭാവിലാസം ഒമ്പതു നൂറ്റാണ്ടുകള്‍ക്കു ശേഷവും കാലത്തെ അതിജയിച്ച് തന്നെ നില്‍ക്കുന്നു എന്നതാണ് അതിന് കാരണം.  ഇമാം ഗസാലിയുടെ ധൈഷണിക ജീവിതം വിസ്മയാവഹം എന്നപോലെ തന്നെ പ്രശ്‌നസങ്കീര്‍ണവുമാണ്.  മതമീമാംസ, കര്‍മശാസ്ത്രം, തത്ത്വചിന്ത എന്നീ മണ്ഡലങ്ങളില്‍ വ്യാപരിച്ച ഗസാലിയുടെ വൈജ്ഞാനിക യാനം അവസാനം നങ്കൂരമിട്ടത് സൂഫീദര്‍ശനങ്ങളുടെ ശാദ്വല തീരങ്ങളിലായിരുന്നു.  ഇത് അദ്ദേഹത്തിന്റെ കേവലം ബൗദ്ധികവ്യവഹാരങ്ങളുടെ വികാസപരിണാമങ്ങളായിമാത്രം ചുരുക്കിക്കാണാനാവില്ല. മറിച്ച്, ഗസാലി ജീവിച്ച ചരിത്രഘട്ടത്തിന്റെ കലുഷിതമായ രാഷ്ട്രീയ പശ്ചാത്തലത്തിന്റെ കൂടി സൃഷ്ടിയായിരുന്നു എന്നു വേണം കരുതാന്‍.
പേര്‍ഷ്യക്കാരനായ ഗസാലിക്ക് സല്‍ജൂഖി സുല്‍ത്താനായിരുന്ന മലിക്ഷായുടെ പ്രധാനമന്ത്രി നിളാമുല്‍മുല്‍ക് ത്വൂസിയുമായുണ്ടായിരുന്ന സമ്പര്‍ക്കമാണ് അദ്ദേഹത്തിലെ ചരിത്രപുരുഷനെ രൂപപ്പെടുത്തിയത്.  സുന്നിസത്തിന്റെ ശക്തനായ വക്താവായിരുന്ന നിളാമുല്‍മുല്‍ക്, ഈജിപ്ത്് കേന്ദ്രമായി നിലനിന്നിരുന്ന ഫാതിമി രാജവംശത്തിന്റെ ശീഈ- ഇസ്മാഈലീ ധാരയെ നിരന്തരമായി കടന്നാക്രമിച്ചിരുന്നു.  ഇസ്മാഈലികളുടെ സ്വാധീനം ചെറുക്കുന്നതിനും സുന്നിധാരയെ ബലപ്പെടുത്തുന്നതിനുമായി നിളാമുല്‍മുല്‍ക് രാജ്യത്താകമാനം മദ്‌റസകള്‍ ആരംഭിച്ചു. ഇതാണ് ചരിത്രപ്രസിദ്ധമായ നിളാമിയാ മദ്‌റസകളുടെ ഉത്ഭവപശ്ചാത്തലം.  മന്ത്രിയുടെ നിസാമിയാ പ്രോജക്ടിന്റെ ശക്തി സ്രോതസ്സ് ഇമാംഗസാലിയായിരുന്നു. ഈ കാലഘട്ടം മദ്ഹബ് പക്ഷപാതിത്വത്തിന്റെ പേരില്‍ നടന്ന രക്തരൂഷിതമായ ഏറ്റുമുട്ടലുകള്‍, ഗ്രീക്ക് ചിന്താധാര ഉയര്‍ത്തിയ വെല്ലുവിളി, എല്ലാറ്റിനുമുപരി ഇസ്മാഈലീ പക്ഷത്തു നിന്നുള്ള ഭീഷണി എല്ലാം കൂടി ചേര്‍ന്ന് കലുഷിതമായിരുന്നു. ഇതിനിടയിലാണ് തന്റെ എല്ലാമായിരുന്ന നിളാമുല്‍മുല്‍ക് ഒരു ഇസ്മാഈലീ തീവ്രവാദിയാല്‍ വധിക്കപ്പെടുന്നത്. ഇത് ഗസാലിയെ ഏറെ നിരാശനാക്കി.  അദ്ദേഹം സൂഫീ ചിന്തയിലേക്ക് നീങ്ങി.
നിളാമിയ വിട്ട്, നീണ്ട പതിനൊന്ന് വര്‍ഷങ്ങള്‍ ഒരു അവധൂതനെപോലെ അലഞ്ഞുനടന്നു. ഇതിനിടയിലാണ് ഗസാലിയുടെ രചനകളില്‍ സുപ്രധാനമായതെല്ലാം നടന്നത്.  ഓരോ ഗ്രന്ഥവും സംവദിച്ചത് അതത് കാലഘട്ടത്തിലെ സങ്കീര്‍ണമായ പ്രശ്‌നങ്ങളോടായിരുന്നു. അദ്ദേഹത്തിന്റെ ഖുര്‍ആന്‍ വ്യാഖ്യാനശാസ്ത്രം അവതരിപ്പിച്ചിട്ടുള്ളത് ഈ ഘട്ടത്തിലെഴുതപ്പെട്ട ഗ്രന്ഥങ്ങളിലായിരുന്നു. ഖുര്‍ആനിലെ നിയമപരമായ വിഷയങ്ങള്‍, ഭൗമികവും ഭൗമേതരവുമായ സംഗതികള്‍, പരലോകസംബന്ധിയായ കാര്യങ്ങള്‍ ഇവയെല്ലാം തന്നെ ജ്ഞാനശാസ്ത്രത്തിലൂടെ ധിഷണാപരമായും അതീന്ദ്രീയ ജ്ഞാനത്തിന്റെ വെളിപാടുകളിലൂടെയും എങ്ങനെയൊക്കെ ദിവ്യഗ്രന്ഥം വ്യാഖ്യാനിക്കാമെന്ന് ഗസ്സാലി പരിശോധിക്കുന്നുണ്ട്.
തന്റെ ജീവിതത്തിന്റെ അവസാനപാദങ്ങളിലെഴുതിയ 'ഫൈസ്വലുതഫ്‌രിഖ ബൈനല്‍ ഇസ്‌ലാം വസ്സന്‍ദഖ' (ഇസ്‌ലാമും നിരീശ്വരത്വവും തമ്മിലെ വേര്‍തിരിവിന്റെ മാനദണ്ഡങ്ങള്‍), അല്‍മുസ്തസ്ഫാ മിന്‍ഇല്‍മില്‍ ഉസൂല്‍ (നിയമചിന്തയുടെ അവശ്യസിദ്ധാന്തങ്ങള്‍), ഇഹ്‌യാ ഉലൂമിദ്ദീനിലെ കിതാബു ആദാബി തിലാവത്തില്‍ ഖുര്‍ആന്‍ (ഖുര്‍ആന്‍ പാരായണനിയമങ്ങള്‍), ജവാഹിറുല്‍ ഖുര്‍ആന്‍ തുടങ്ങിയ കൃതികളിലാണ് ഖുര്‍ആന്‍ വ്യാഖ്യാനശാസ്ത്രം സംബന്ധിയായ സിദ്ധാന്തങ്ങള്‍ ഗസാലി അവതരിപ്പിച്ചിട്ടുള്ളത്.
'ഫൈസ്വല്‍' ഇസ്‌ലാമിനും നിരീശ്വരവാദത്തിനുമിടയിലെ വേര്‍തിരിവിന്റെ നിര്‍ണായക മാനദണ്ഡങ്ങളാണ് പ്രധാനമായും ചര്‍ച്ചചെയ്യുന്നത്.  ഫൈസ്വലിന്റെ  രചനോദ്ദേശ്യം പ്രധാനമായും 'കുഫ്‌റി'നെ നിര്‍ണയിക്കലാണ്. ഒപ്പം 'തഅ്‌വീലി'ന്റെ (വ്യാഖ്യാനം) പരിധിയും പരമാവധിയും നിശ്ചയിക്കുന്നുമുണ്ട്.  'അംഗീകൃതവ്യാഖ്യാന പരിധികള്‍ അതിലംഘിക്കുന്നത് സത്യനിഷേധമാണ്' (കുഫ്‌റ്) എന്ന് പ്രസ്താവിക്കുന്നതിലൂടെ വ്യാഖ്യാനശാസ്ത്രത്തിന് ഗസാലി നല്‍കുന്ന പ്രാധാന്യം എത്രത്തോളമെന്ന് വ്യക്തമാണ്. വേദഗ്രന്ഥത്തിന്റെ പാഠവ്യാഖ്യാനത്തിന് സ്വാതന്ത്ര്യം അനുവദിക്കണമെന്നും അതിനോട് സഹിഷ്ണുതാപരമായ സമീപനമാണ് സ്വീകരിക്കേണ്ടതെന്നും പറയുമ്പോഴും നിബന്ധനകള്‍ പാലിച്ചുകൊണ്ടായിരിക്കണമെന്ന് ഗസാലി ശാഠ്യംപിടിക്കുകയും ചെയ്യുന്നുണ്ട്.  ഇവിടെയാണ് നിബന്ധനകള്‍ എന്തെല്ലാമാണ് എന്ന ചോദ്യം ഉയരുന്നത്. ഇതിനുള്ള ഉത്തരം അദ്ദേഹത്തിന്റെ മേല്‍സൂചിപ്പിച്ച മറ്റു ഗ്രന്ഥങ്ങളില്‍ പരതേണ്ടിവരും. 'ഫൈസ്വല്‍' എഴുതിയത് സാമാന്യജനത്തെ ഉദ്ദേശിച്ചായിരിക്കാം. കാരണം, സൂഫീ രീതിശാസ്ത്രം ഇതില്‍  അദ്ദേഹം കൊണ്ടുവരുന്നില്ല.  മറിച്ച്, തര്‍ക്കശാസ്ത്രം, അനുമാന സിദ്ധാന്തം എന്നിവയാണ് നിഴലിച്ച് കാണുന്നത്.  അതേസമയം, ഗസാലിയുടെ മറ്റു ഗ്രന്ഥങ്ങളില്‍ ഖുര്‍ആന്റെ ഉള്‍സാര വ്യാഖ്യാനത്തിന്റെ ചര്‍ച്ചക്കാണ് പ്രാമുഖ്യം നല്‍കിയിട്ടുള്ളത്.
ഒരു കര്‍മശാസ്ത്രവിശാരദന്‍ (ഫഖീഹ്)എങ്ങനെയാണ് വിശുദ്ധഗ്രന്ഥം വ്യാഖ്യാനിക്കേണ്ടത് എന്ന ചര്‍ച്ചയാണ് 'അല്‍മുസ്തഫാ'യിലുള്ളത്. പിഴവില്ലാതെ നിയമങ്ങള്‍ നിര്‍ധാരണം ചെയ്യുന്നതിന്, ഖുര്‍ആനും ഹദീസും ആധാരമാക്കുമ്പോള്‍ സ്വീകരിക്കേണ്ട രീതിശാസ്ത്രത്തെ ഇതില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. 'നിയമചിന്തയുടെ അവശ്യസിദ്ധാന്തങ്ങള്‍' എന്ന് പേരിട്ടിരിക്കുന്ന ഈ കൃതിയുടെ രചനാസാഹചര്യം പരിശോധിച്ചാല്‍ മനസ്സിലാകുന്നത് ഇങ്ങനെയൊരു ഗ്രന്ഥം എഴുതാന്‍ അദ്ദേഹം നിര്‍ബന്ധിതനായി എന്നാണ്.  മരണത്തിന്റെ ഉദ്ദേശം രണ്ടുവര്‍ഷം മുമ്പാണ് 'മുസ്തഫാ' രചിക്കുന്നത്. നിശാപൂരിലെ സംഘര്‍ഷഭരിതമായ ശാഫി- ഹനഫി ബന്ധങ്ങളാണ്, തന്റെ ബൗദ്ധിക ജീവിതത്തില്‍ ഫിഖ്ഹിന് അവധി നല്‍കിയ കാലമായിരുന്നിട്ടും ഇങ്ങനെ ഒരു കൃതി രചിക്കാന്‍ ഗസ്സാലിയെ നിര്‍ബന്ധിതനാക്കിയത് എന്നാണ് പണ്ഡിതപക്ഷം.
ഇമാം ഗസാലിയുടെ ഖുര്‍ആന്‍ വ്യാഖ്യാനശാസ്ത്രത്തിന്റെ സമഗ്രത പ്രകടമാകുന്നത് അദ്ദേഹത്തിന്റെ സൂഫീധാരയിലധിഷ്ഠിതമായ രീതിശാസ്ത്രത്തിലാണ്. ഇവിടെയാണ് ഖുര്‍ആന്റെ ഉള്‍സാര വ്യാഖ്യാനത്തിന്റെ സിദ്ധാന്തങ്ങള്‍ അദ്ദേഹം ആവിഷ്‌കരിച്ചിട്ടുള്ളത്. അലൗകികവും ആധ്യാത്മികവുമായ ആശയലോകമാണ് സൂഫീ പരിപ്രേക്ഷ്യത്തിലുള്ള ഖുര്‍ആന്‍ പഠനത്തിലൂടെ ഗസാലി ലക്ഷ്യമിടുന്നത്. അദ്ദേഹത്തിന്റെ വിഖ്യാതമായ 'ഇഹ്‌യ'യുടെ എട്ടാം പുസ്തകമാണ് ഇത് പ്രധാനമായും ചര്‍ച്ചചെയ്യുന്നത്. 'ആദാബുതിലാവതില്‍ ഖുര്‍ആന്‍, ജവാഹിറുല്‍ ഖുര്‍ആന്‍, മിശ്കാതുല്‍ അന്‍വാര്‍' തുടങ്ങിയ ഇഹ്‌യയുടെ ഖണ്ഡങ്ങളിലാണ് ഈ വിഷയമുള്ളത്.
ദൃശ്യപ്രപഞ്ചവും അദൃശ്യലോകവുമെന്ന പ്രപഞ്ചവീക്ഷണത്തിലെ ദ്വിധ്രുവത (bipolarity) ഗസാലിയുടെ ഈ വ്യാഖ്യാനശാസ്ത്രത്തെ രൂപപ്പെടുത്തുന്നതില്‍ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഗസാലി ദീര്‍ഘമായി ചര്‍ച്ചചെയ്യുന്ന ഈ രണ്ട് ലോകത്തെയും അതിന്റെ ഉള്‍പിരിവുകളെയും വിശേഷിപ്പിക്കാന്‍ വിവിധ സംജ്ഞകള്‍ അദ്ദേഹം ഉപയോഗിക്കുന്നുണ്ട്.  ഖുര്‍ആന്‍ പാഠത്തെയും(text) അതേ അളവുകോല്‍ കൊണ്ടാണ് ഗസാലി വീക്ഷിക്കുന്നത്- ഇതിനെ 'ളാഹിര്‍' (ബാഹ്യം) എന്നും 'ബാത്വിന്‍' (ആന്തരികം) എന്നുമാണ് അദ്ദേഹം വേര്‍തിരിക്കുന്നത്.  ഇത്‌രണ്ടും പരസ്പര പൂരകങ്ങളാണെന്നും ഇവയെ വിരുദ്ധതലങ്ങളില്‍ പ്രതിഷ്ഠിക്കുന്ന സമീപനം അപ്രായോഗികമാണെന്നുമാണ് ഗസാലിയുടെ വീക്ഷണം.
'ഇഹ്‌യയി'ലെ ആദാബ് എന്ന പുസ്തകത്തിന്റെ ആദ്യ മൂന്ന് അധ്യായങ്ങള്‍ ഖുര്‍ആന്‍ പാരായണ സംബന്ധിയായ കാര്യങ്ങളാണ് ചര്‍ച്ചചെയ്യുന്നത്. വ്യക്തിനിഷ്ഠമായ വീക്ഷണങ്ങളുടെ സാധുത വിശകലനം ചെയ്യുന്നുമുണ്ട്.  'തഫ്‌സീര്‍ ബില്‍ റഅ്‌യ്'ന്റെ നിരാകരണമായി ഉദ്ധരിക്കപ്പെടാറുള്ള 'സ്വന്തം അഭിപ്രായഗതിക്കനുസരിച്ച് ഖുര്‍ആന്‍ വ്യാഖ്യാനിക്കുന്നവന്റെ സ്ഥലം നരകമാണ്' എന്ന തിര്‍മിദി ഹദീസ് ഗസാലി പല സ്ഥലങ്ങളിലായി ഉദ്ധരിക്കുന്നുണ്ട്.  പക്ഷേ, സൂഫീപരിപ്രേക്ഷ്യത്തില്‍ ആന്തരികാര്‍ഥം തിരയുന്ന ഒരു വ്യാഖ്യാതാവിന് സ്വന്തം അഭിപ്രായഗതിയെ ആശ്രയിക്കാതെ അത് കണ്ടെത്താനാവില്ല എന്ന നിരീക്ഷണത്തിലൂടെ 'ആദാബിന്റെ' നാലാം അധ്യായത്തില്‍ ഇമാംഗസാലി ഖുര്‍ആന്റെ സൂഫീ വ്യാഖ്യാനത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്.
അപായസൂചനപോലെ വ്യാഖ്യാതാവിനെ നിരായുധനാക്കുന്ന ഈ ഹദീസിന്റെ യഥാര്‍ഥ താല്‍പര്യം എന്ത് എന്ന അന്വേഷണത്തിലൂടെയാണ് ഗസാലി ഇവിടത്തെ പ്രതിബന്ധം മറികടക്കുന്നത്. സ്വന്തം നിരീക്ഷണം സാധ്യമാണെന്നതിന് തെളിവ് സ്വഹാബികള്‍ക്കിടയിലെ സമാന വിഷയങ്ങളിലെ ഭിന്നാഭിപ്രായങ്ങള്‍ തന്നെയാണ് എന്നാണ് ഗസാലി സമര്‍ഥിക്കുന്നത്. അതിനാല്‍, ഖുര്‍ആന് പാരമ്പര്യജ്ഞാനത്തിലധിഷ്ഠിതമായ അഥവാ ഫിഖ്ഹീ ധാരയുടെ അടിസ്ഥാനത്തിലുള്ള വ്യാഖ്യാനം മാത്രമല്ല സാധ്യമാകുന്നത്. തന്നെയുമല്ല, ഖുര്‍ആന്റെ എല്ലാ വ്യാഖ്യാനങ്ങളും ഏകശിലാരൂപത്തിലായിരുന്നില്ല എന്നതിന് ഇബ്‌നു അബ്ബാസ്, ഇബ്‌നു മസ്ഊദ് തുടങ്ങിയ സ്വഹാബാക്കളായ മുഫസ്സിറുകള്‍ സ്വാഭിപ്രായവും വീക്ഷണവും പാഠത്തിന്റെ (text) വ്യാഖ്യാനത്തില്‍ അനുവര്‍ത്തിച്ചിരുന്നു എന്നത് തെളിവായി ഗസാലി ഉദ്ധരിക്കുന്നു. സ്വന്തം ചിന്തയുടെ സ്ഫുരണങ്ങള്‍ പില്‍ക്കാല വ്യാഖ്യാനങ്ങളിലെല്ലാം പ്രതിഫലിച്ചിരുന്നു എന്നത് അനിഷേധ്യ യാഥാര്‍ഥ്യമാണ് എന്ന് ഗസ്സാലി പറയുന്നു. ഖുര്‍ആന്റെ 'തഅ്‌വീല്‍'  (വ്യാഖ്യാനം) ഇബ്‌നു അബ്ബാസി(റ)ന്  പഠിപ്പിച്ച് നല്‍കണമേ എന്ന പ്രവാചകന്റെ പ്രാര്‍ഥനയുടെ  അര്‍ഥം തന്നെ  ഇത്തരം വ്യാഖ്യാനത്തിന്റെ സാധ്യതക്കുള്ള സാധൂകരണമാണ്.
വിശുദ്ധ ഖുര്‍ആനിലെ 'അന്നിസാഅ്' എന്ന അധ്യായത്തിലെ എണ്‍പത്തിമൂന്നാം വചനം വ്യാഖ്യാനിച്ചുകൊണ്ട് 'ഇസ്തിന്‍ബാതി'ന്റെ (നിരീക്ഷണപാടവമുള്ളവര്‍ അതിന്റെ സത്യാവസ്ഥ മനസ്സിലാക്കും) പ്രയോഗം ഖുര്‍ആനിലുമാകാം എന്ന വാദമാണ് ഗസാലി ഉന്നയിക്കുന്നത്. ഖുര്‍ആന്‍ വ്യാഖ്യാനം ഒരാളുടെ 'ഫഹ്മി'നും(ഗ്രാഹ്യശേഷി) 'അഖ്‌ലി'നും (ബുദ്ധിവൈഭവം) അനുസരിച്ച് സാധ്യമാണെന്നും  അത്തരം ഉദ്യമങ്ങള്‍ക്ക് നിയമസാധുതയുണ്ട് എന്നുമാണ് തിര്‍മിദി ഹദീസിന്റെ താല്‍പര്യമെന്ന് അദ്ദേഹം സമര്‍ഥിക്കുന്നു. സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് വേണ്ടിയുള്ള അവസരവാദപരമായ വ്യാഖ്യാനത്തെയാണ് ഈ ഹദീസ് ലക്ഷ്യമിടുന്നതെന്നും പാരമ്പര്യ വ്യാഖ്യാതാക്കളെയും ആധികാരിക 'മുഫസ്സിറു'കളെയും പാടെ തള്ളിക്കൊണ്ടുള്ള സമീപനം അനുവദനീയമല്ലായെന്നും ഗസാലി വിശദീകരിക്കുന്നു. ആധികാരിക മുഫസ്സിറുകളെ അവഗണിക്കുന്നത് അപകടകരമായ പ്രവണതയാണെന്നതാണ് ഗസാലിയുടെ ഉറച്ച സമീപനം. പ്രാമാണിക സ്രോതസ്സുകളെ അവലംബിച്ചോ അല്ലെങ്കില്‍ അത്തരക്കാരില്‍നിന്ന് കേട്ടശേഷമോ മാത്രം വ്യാഖ്യാനത്തിന് മുതിരുക എന്നാണ് ഗസ്സാലിയുടെ ഉപദേശം. അങ്ങനെയാണെങ്കില്‍ സ്വതവേ തെറ്റുവരുത്താന്‍ സാധ്യതയുള്ള വ്യാഖ്യാതാക്കള്‍വരെ കൂടുതല്‍ സുരക്ഷിതമാകും. ബാഹ്യാര്‍ഥം ഗ്രഹിച്ചുകഴിഞ്ഞാല്‍ പിന്നെ ആന്തരാര്‍ഥം ക്ഷിപ്രസാധ്യമാകുമെന്നും അദ്ദേഹം പ്രസ്താവിക്കുന്നു.  
വിശുദ്ധഖുര്‍ആന്റെ ഉള്‍സാരവ്യാഖ്യാനം അഥവാ നിഗൂഢാര്‍ഥം വ്യാഖ്യാനിക്കുന്നതിനുള്ള രീതിശാസ്ത്രമാണ് 'ജവാഹിറില്‍' ഗസാലി നടത്തുന്നത്. അതിനായി വിവിധ വിജ്ഞാനശാഖകളെ അദ്ദേഹം അവലംബിക്കുന്നുമുണ്ട്. ചിന്തയിലും വീക്ഷണത്തിലും സങ്കല്‍പങ്ങളിലുമെല്ലാം ഭൗമികവും അഭൗമികവുമായ ചിന്താതലങ്ങള്‍ ഉള്‍ചേര്‍ന്ന സമീപനത്തിലൂടെ മാത്രമേ യഥാര്‍ഥ പ്രപഞ്ചവീക്ഷണം രൂപപ്പെടുത്താന്‍ സാധിക്കുകയുള്ളൂ എന്ന് ഗസാലി നിരീക്ഷിക്കുന്നു. അല്ലാത്തപക്ഷം അപൂര്‍ണവും അശാസ്ത്രീയവുമായ വിശകലനങ്ങള്‍ മാത്രമേ സാധ്യമാവുകയുള്ളൂ. തന്നെയുമല്ല, ആധ്യാത്മികതയുടെ അഭാവത്തിലുള്ള പദാര്‍ഥലോകവീക്ഷണം അന്വേഷണത്തെ സത്യത്തില്‍നിന്നും ബഹുദൂരം അകറ്റുക മാത്രമേ ചെയ്യുന്നുള്ളൂ. അതിനാല്‍ ഭൗതികതയും ആത്മീയതയും പരസ്പരം ആശ്രിതമായ രണ്ട് ലോകങ്ങളാണെന്ന തരത്തിലുള്ള പ്രപഞ്ചവീക്ഷണം ഖുര്‍ആന്‍ മനസ്സിലാക്കുന്നതിന് അനിവാര്യമാണ്.
ഗസാലിയുടെ വ്യാഖ്യാനശാസ്ത്രത്തിന്റെ ചട്ടക്കൂട് രൂപപ്പെടുന്നതുതന്നെ  ആയത്തുകളുടെ വര്‍ഗീകരണത്തിലൂടെയാണ്. വര്‍ഗീകരിക്കപ്പെട്ട വചനങ്ങളെ സമീപിക്കുന്നതിനുവേണ്ട വിജ്ഞാനശാഖകളെയും അദ്ദേഹം തരംതിരിച്ചിട്ടുണ്ട്. ഈ വര്‍ഗീകരണമാണ് അദ്ദേഹത്തിന്റെ വ്യാഖ്യാന രീതിശാസ്ത്രത്തിന് നിദാനമായി വര്‍ത്തിക്കുന്നത്. ഖുര്‍ആന്‍ വചനങ്ങളെ ആറ് തരത്തിലാണ് ജവാഹിറില്‍ വര്‍ഗീകരിച്ചിട്ടുളളത്.
1. ദൈവത്തിന്റെ ഉണ്മ,സത്ത, സവിശേഷതകള്‍, പ്രവര്‍ത്തനങ്ങള്‍ അഥവാ നടപടിക്രമങ്ങള്‍ സംബന്ധിച്ചുള്ള ആയത്തുകളുടെ ഒരു സംഘാതമാണ് ഒന്നാമത്തേത്.
2. രണ്ടാമത്തേത് സത്യമാര്‍ഗം, സന്മാര്‍ഗം ദൈവസാമീപ്യത്തിന്റെയോ സമര്‍പ്പണത്തിന്റെയോ സരണി അഥവാ സന്മാര്‍ഗം ഏതെന്ന് വിശദീകരിക്കുന്ന  ദൈവവചനങ്ങള്‍. ഈ പറഞ്ഞ ഒന്നുംരണ്ടും വിഭാഗത്തില്‍പെടുന്ന ആയത്തുകളാണ് ഗസാലിയന്‍ രീതിശാസ്ത്രത്തില്‍ ഏറെ പ്രാമുഖ്യം കല്‍പിക്കപ്പെട്ടിട്ടുള്ളത്.
3. വിധിനിര്‍ണായകദിനത്തിലുള്ള മനുഷ്യരുടെ അവസ്ഥാന്തരങ്ങള്‍. ദിവ്യദര്‍ശനത്തിന്റെ ദിനം കൂടിയാണല്ലോ പരലോക വിചാരണയുടെ നാളുകള്‍. അവിടെ വിജയിയുടെ സ്വര്‍ഗപ്രവേശനവും പരാജിതന്റെ നരകത്തിലേക്കുള്ള കൂപ്പുകുത്തലും അടങ്ങിയ 'ആഖിറത്തിന്റെ' ലോകത്തെ പരിചയപ്പെടുത്തുന്ന വചനങ്ങളാണിത്.
ഈ മൂന്നിനത്തില്‍പെടാത്ത വചനങ്ങളെ ഇതിന്റെ ഉപവിഭാഗമായിട്ടാണ് ഗസാലി എണ്ണിയിട്ടുള്ളത്.
4.  ഭൗമികകാര്യങ്ങളുടെ വിശദാംശങ്ങളടങ്ങിയ വചനങ്ങളുടെ കൂട്ടമാണ് നാലാമത്തേത്. അഥവാ ഭൂവാസസംബന്ധിയായ കാര്യങ്ങള്‍. അതില്‍ കുടുംബം, ധനകാര്യം, ഭരണക്രമം തുടങ്ങി ഭൗമികമായതെല്ലാം പരാമര്‍ശ വിഷയങ്ങളാണ്. ഇതാണ് ദൈവസമര്‍പ്പണത്തിന്റെ സഞ്ചാരപഥത്തിലെ ആദ്യപാദം. അതുകൊണ്ടുതന്നെ  ഇതിനെ വിശ്വാസികളുടെ ഭൗതികലോകം എന്നുവേണമെങ്കില്‍ വിശേഷിപ്പിക്കാവുന്നതാണ്.
5. അഞ്ചാമത്തെയിനം ഭൗമികമാണ്, പക്ഷേ, അവിടത്തെ വിഷയം സത്യനിഷേധികളുടെ ലോകമാണ്. കുഫ്‌റിന്റെ തത്ത്വശാസ്ത്രമാണ് അതിന്റെ ഇതിവൃത്തം. ദൈവസങ്കല്‍പത്തിന്റെ വികലമായ കാഴ്ചപ്പാട്, പ്രവാചകനെയും അന്ത്യദിനത്തെയും സ്വര്‍ഗനരകങ്ങളെയും എങ്ങനെയാണ് 'കുഫ്‌റി'ന്റെ ദര്‍ശനം അവതരിപ്പിച്ചിരിക്കുന്നത് എന്ന കാര്യങ്ങളാണ് വിശകലനം ചെയ്യുന്നത്.
6. ഖുര്‍ആന്റെ ചരിത്രഭൂമിയാണ് ആറാമത്തേത്. ആദിമമനുഷ്യന്‍ തന്നെ പ്രവാചകനായിരുന്നു. സത്യമാര്‍ഗം അനുധാവനം ചെയ്തവരുടെയും തിരസ്‌കരിച്ചവരുടെയും കഥപറയുന്ന ആയത്തുകളാണ് ഈ വകഭേദത്തില്‍ കാണുന്നത്. ഈ വര്‍ഗീകരണവും വിഭജനവും പരസ്പരം വെള്ളം കടക്കാത്ത കള്ളികളിലായല്ല ഗസാലി തരംതിരിച്ചിട്ടുള്ളത്.
ഗസാലിയുടെ വ്യാഖ്യാനശാസ്ത്രത്തിന് അനുഗുണമായ തരത്തിലാണ് ഈ വര്‍ഗീകരണം. ഓരോ കാറ്റഗറിയിലും പെട്ട ആയത്തുകള്‍ വിശകലനം ചെയ്യുന്നതിനുള്ള വ്യക്തമായ രീതിശാസ്ത്രവും അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്. ഇതിന് ആനുപാതികവും തദനുസൃതവുമായ വിജ്ഞാന ശാഖയും ഗസാലി ചൂണ്ടിക്കാട്ടുന്നുണ്ട്. ആറായി വകകൊള്ളിച്ച വചനങ്ങളെ സമീപിക്കുന്നതിന് പത്തുതരം വിജ്ഞാനശാഖകളും ഇവിടെ ചേരുംപടിചേര്‍ക്കപ്പെടുന്നുണ്ട്. ഈ ദൈവജ്ഞാനിക ശാഖകളില്‍ പൊതുവെ 'പുറംതോട്' 'അകക്കാമ്പ്' എന്നുള്ള വിഭജനവും അദ്ദേഹം നടത്തുന്നുണ്ട്. തന്റെ കാഴ്ചപ്പാടില്‍ പ്രാധാന്യം ഏറിയതിനെ 'അകക്കാമ്പി'ലും താരതമ്യേന പ്രാധാന്യം കുറഞ്ഞതിനെ പുറംതോടിലുമാണ് ഗസാലി വകയിരുത്തിയിട്ടുള്ളത്. ബാഹ്യതലസ്പര്‍ശിയായത് അഥവാ 'പുറംതോട്', അറബിഭാഷ എന്ന അടിസ്ഥാനശിലയെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. ഇതില്‍ അഞ്ച് പ്രധാന വകഭേദങ്ങളാണുള്ളത്. (1) ഭാഷാശാസ്ത്രം (2) വ്യാകരണം (3) പാരായണശാസ്ത്രം (4) അക്ഷരങ്ങളുടെ ഉച്ചാരണം. അക്ഷരങ്ങളുടെ സ്വരസ്ഥാനം മുതല്‍ ഖുര്‍ആനിലെ നിഗൂഢാക്ഷരങ്ങള്‍വരെ ഈ ഗണത്തില്‍ പെടുന്നവയാണ്.
അഞ്ചാമത്തേത് (5) 'തഫ്‌സീര്‍ ളാഹിര്‍' എന്ന് ഇമാം ഗസാലി വിശേഷിപ്പിക്കുന്ന ഖുര്‍ആന്റെ ബാഹ്യതലവ്യാഖ്യാനമാണ്. പക്ഷേ, പ്രസ്തുത വ്യാഖ്യാന മണ്ഡലം പരിമിതമാണ് എന്നും ഗസാലി അഭിപ്രായപ്പെടുന്നു. തന്നെയുമല്ല, ഈ അഞ്ച് വകഭേദങ്ങളും അദ്ദേഹത്തെ സംബന്ധിച്ചേടത്തോളം ഖുര്‍ആന്റെ അകക്കാമ്പിലേക്ക് അഥവാ ഉള്‍സാരവ്യാഖ്യാനത്തിലേക്ക് കടക്കാനുള്ള ചവിട്ടുപടികള്‍ മാത്രമാണ്.
ഖുര്‍ആന്റെ ആത്മാവിലേക്ക് കടക്കാനുള്ള വിജ്ഞാനശാഖയെ (അകക്കാമ്പിനെ) അതിന്റെ ആപേക്ഷികപ്രാമുഖ്യം പരിഗണിച്ച് ഒരു തരംതിരിവ് കൂടി അദ്ദേഹം നടത്തുന്നുണ്ട്. പത്തായി വകകൊള്ളിച്ച വിജ്ഞാനശാഖയിലെ രണ്ടാംപകുതിയെയാണ് ഗസാലി വീണ്ടും പ്രാധാന്യം കൂടിയത്/ കുറഞ്ഞത് എന്നരീതിയില്‍ പരാമര്‍ശിച്ചിട്ടുള്ളത്. അങ്ങനെ ആറാമത്തേത്, ഖുര്‍ആന്‍ കഥകളും കഥാപാത്രങ്ങളും സംബന്ധിച്ചുള്ള വിജ്ഞാനശാഖയാണ്. നേരത്തേ ഖുര്‍ആന്‍ വചനങ്ങളെ തരംതിരിച്ചതിലെ 6-ാം ഇനത്തില്‍ വകകൊള്ളിച്ചതിന്റെ പഠനസാമഗ്രിയാണിത്. അഥവാ, ഖുര്‍ആന്റെ ചരിത്രരചനാശാസ്ത്രം. ഏഴാമത്തേത് (7) വചനശാസ്ത്രമാണ് അഥവാ 'കലാം.' ഇത് അവിശ്വാസികളുടെയും സത്യനിഷേധികളുടെയും വാദഗതികളെ നേരിടുന്നതിനുള്ള ഉപകരണമാണ്. ഖുര്‍ആന്‍ വചനങ്ങളുടെ വര്‍ഗീകരണത്തിലെ അഞ്ചാം വിഭാഗമായ 'കുഫ്‌റി'ന്റെ തത്ത്വശാസ്ത്രത്തെ നേരിടുന്നതിനുള്ള ഖുര്‍ആന്‍ശാസ്ത്രമാണിത്. എട്ടാമത്തേത് അഥവാ അകക്കാമ്പ് എന്ന ഉപവിഭാഗത്തിലെ മൂന്നാമത്തേത് 'ഫിഖ്ഹ്' അഥവാ കര്‍മശാസ്ത്രമാണ്. ഇത് ഭൗമിക കാര്യങ്ങളെ കൈകാര്യംചെയ്യുന്നതിനുള്ള നിയമസംഹിതയാണ്. ഖുന്‍ആന്‍ വചനങ്ങളുടെ 4/6 ന്റെ ഉപകരണമായിട്ടാണ് ഗസാലി ഈ ശാഖയെ അവതരിപ്പിച്ചിട്ടുള്ളത്. നിയമജ്ഞരും (ഫഖീഹ്) വചനശാസ്ത്രപണ്ഡിതരും (മുതകല്ലിമൂന്‍) വിശ്വാസിസമൂഹത്തിന് ഒഴിച്ചുകൂടാനാവാത്തവരാണെങ്കിലും 'ഖണ്ഡനമണ്ഡനങ്ങളില്‍ നമ്മുടെ സമയത്തിന്റെ സിംഹഭാഗവും പാഴാക്കി' എന്ന് പരിതപിക്കുകകൂടി ചെയ്യുന്നുണ്ട് അദ്ദേഹം.
അകക്കാമ്പില്‍ ഒമ്പതിനും പത്തിനുമാണ് ഗസാലി ഏറെ പ്രാധാന്യം കല്‍പിച്ചിട്ടുള്ളത്. ഇത് രണ്ടും ചേര്‍ന്നാല്‍ ഖുര്‍ആന്‍ വ്യാഖ്യാനശാസ്ത്രത്തിന്റെ മര്‍മം പൂര്‍ത്തിയായി എന്നാണ് ഗസാലി പറയുന്നത്. ഒമ്പതാമത്തേത് (9) സത്യമാര്‍ഗത്തെക്കുറിച്ചുള്ള പരിജ്ഞാനമാണ്. അത് സഞ്ചാരപഥവും പഥികന്റെ ഗതിവേഗവും ശൈലിയുമെല്ലാം അടങ്ങിയതാണ് 'സിറാതുല്‍ മുസ്തഖീം'. അതിന്റെ ശാസ്ത്രീയ പരികല്‍പനകളെല്ലാം അടങ്ങിയ വിജ്ഞാനശാഖയാണിത്.
പത്താമത്തേതാണ് ഏറ്റവും പ്രധാനപ്പെട്ടത്. ദൈവസങ്കല്‍പവും അന്ത്യദിനവും വിഷയമാകുന്ന ഇവിടെയാണ് 'മഅ്‌രിഫ' എന്ന ജ്ഞാനോദയത്തെ ഗസാലി പ്രതിഷ്ഠിച്ചിട്ടുള്ളത്. 'മഅ്‌രിഫ' എന്ന സൂഫീ ജ്ഞാനശാസ്ത്രമാണ് വിജ്ഞാനത്തിന്റെ ആകത്തുകയെന്നും മനുഷ്യന്റെ ദൈവസാമീപ്യത്തെ നിര്‍ണയിക്കുന്നത് 'മഅ്‌രിഫ'യാണെന്നും അതാണ് യഥാര്‍ഥവും സമ്പൂര്‍ണവുമെന്ന പ്രഖ്യാപനത്തോടെയാണ് ഇമാം ഗസാലി തന്റെ വ്യാഖ്യാനശാസ്ത്രം അവതരിപ്പിച്ചിട്ടുള്ളത്.

(ലേഖകന്‍ കേരള സര്‍വകലാശാലയിലെ ഇസ്‌ലാമിക ചരിത്രവിഭാഗം അസി. പ്രഫസറാണ്).
ashrafkadakkal@gmail.com

Comments

Other Post