അബൂ ഹാമിദില്‍ ഗസാലി നവോത്ഥാനത്തിലെ ഇടം

വൈജ്ഞാനിക ചിന്താ കര്‍മമണ്ഡലങ്ങളില്‍ അസാധാരണമായ പ്രതിഭാശേഷി പ്രദര്‍ശിപ്പിക്കുകയും ശാശ്വതമായ ചില മുദ്രകള്‍ ചരിത്രത്തില്‍ അടയാളപ്പെടുത്തുകയും ചെയ്ത പണ്ഡിതന്മാരും ചിന്തകന്മാരും ആക്ടിവിസ്റ്റുകളും ധാരാളമായി ഇസ്ലാമിക സമൂഹത്തിന്റെ ചരിത്രത്തില്‍ കഴിഞ്ഞുപോയിട്ടുണ്ട്. അവരില്‍ പലരുടെയും ബഹുമുഖമായ പ്രവര്‍ത്തനങ്ങള്‍ തങ്ങള്‍ ജനിച്ച കാലഘട്ടത്തില്‍ ഇസ്ലാമിക സമൂഹത്തിന്റെ നവജാഗരണത്തിലും നവോത്ഥാനത്തിലും ചെറുതല്ലാത്ത സ്വാധീനം ചെലുത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത്തരം പ്രതിഭകള്‍ എല്ലാവരും മുജദ്ദിദുകളായോ (നവോത്ഥാന നായകര്‍) പരിഷ്കര്ത്താക്കളായോ ആയി എണ്ണപ്പെടാറില്ല. സ്വന്തം വ്യക്തിത്വവും പ്രവര്‍ത്തനങ്ങളും കൊണ്ട് തങ്ങള്‍ ജീവിച്ച കാലഘട്ടത്തെയും വരും കാലഘട്ടങ്ങളെയും നിര്‍ണായകമായി സ്വാധീനിക്കുകയും ലോകത്തിന്റെ വൈജ്ഞാനികവും നാഗരികവും സാംസ്കാരികവുമായ വികാസം ഇസ്ലാമിക സമൂഹത്തില്‍ സൃഷ്ടിച്ച സൈദ്ധാന്തികവും പ്രായോഗികവുമായ സംഘര്‍ഷങ്ങളെ ഫലപ്രദമായി നേരിട്ടുകൊണ്ട് സാമൂഹിക മാറ്റത്തിന്റെ ചാലകമോ രാസത്വരകമോ ആയി ഇസ്ലാമിന്റെ ചിന്താ കര്‍മ വ്യവസ്ഥയെ പരിവര്‍ത്തിക്കുകയും ചെയ്ത അപൂര്‍വം വ്യക്തിത്വങ്ങളെ മാത്രമേ ഇസ്ലാമിക ചരിത്രം നവോത്ഥാന നായകന്മാരും പരിഷകര്ത്താക്കളുമായി നിരാക്ഷേപം അംഗീകരിച്ചിട്ടുള്ളൂ. കാലഘട്ടത്തെ യഥോചിതം തിരിച്ചറിഞ്ഞുകൊണ്ട് അതില്‍നിന്ന് കൊള്ളേണ്ടതിനെ കൊണ്ടും തിരസ്കരിക്കേണ്ടതിനെ തിരസ്കരിച്ചും ഇസ്ലാമിന്റെ നിത്യ നൂതനത്വവും സമകാലികതയും ചരിത്രത്തില്‍ ഉറപ്പിക്കപ്പെട്ടത് ഇത്തരം നവോത്ഥാന നായകരിലൂടെയാണ്. അബൂ ഹാമിദുല്‍ ഗസാലി അത്തരം പരിഷ്കര്‍ത്താക്കളില്‍ ഒരാളാണ്.
ഇമാം ഗസാലി നിര്‍വഹിച്ച നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ സ്വഭാവവും ഇസ്ലാമിക സമൂഹത്തിലുണ്ടാക്കിയ അതിന്റെ സ്വാധീനവും മനസ്സിലാക്കണമെങ്കില്‍ അദ്ദേഹം ജീവിച്ച ചരിത്ര സന്ദര്‍ഭത്തെയും അത് ഇസ്ലാമിക ചിന്താ കര്മവ്യവസ്ഥക്കെതിരെ ഉയര്‍ത്തിയ താത്ത്വികവും പ്രായോഗികവുമായ വെല്ലുവിളികളെയും കുറിച്ച് സാമാന്യ ധാരണയെങ്കിലും ആവശ്യമാണ്.
ഗ്രീക്ക് തത്ത്വചിന്ത ഹിജ്റ 2-ാം നൂറ്റാണ്ടോടു കൂടി തന്നെ മുസ്ലിം ധിഷണയെ സ്വാധീനിക്കാന്‍ തുടങ്ങിയിരുന്നു. പ്രമാണങ്ങളേക്കാള്‍ യുക്തിക്ക് പരിഗണന നല്കുന്ന മുഅ്തസിലി വീക്ഷണം അതിന്റെ ഫലമായിരുന്നു. വിശ്വാസപരമായ ചില വ്യതിയാനങ്ങള്‍ക്ക് അത് കാരണമായിത്തീരുകയും ചെയ്തു. ഇമാം അബുല്‍ ഹസന് അശ്അരിയുടെ പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ മുഅ്തസിലി സ്വാധീനത്തില്‍ നിന്ന് ഇസ്ലാമിക സമൂഹത്തെ മോചിപ്പിക്കുന്നതില്‍ ഒരളവോളം വിജയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മുഅ്തസിലികള്‍ക്ക് ബദലായി ഇമാം അബുല്‍ ഹസന് അശ്അരി ഉയര്‍ത്തി കൊണ്ടുവന്ന ദൈവ ശാസ്ത്രം പില്കാലത്ത് അദ്ദേഹത്തിന്റെ അനുകര്‍ത്താക്കള്‍ മാത്രമായ അനുയായികളുടെ കൈയാല്‍ ജീര്‍ണിച്ചതോടെ മുസ്ലിം ധിഷണക്ക് മേല്‍ തത്ത്വചിന്ത അതിന്റെ സ്വാധീനം പൂര്‍വാധികം ശക്തിയോടു കൂടി വീണ്ടെടുത്തു. അബ്ബാസി ഖലീഫ മഅ്മൂന്റെ പ്രത്യേക താല്പര്യ പ്രകാരം അറബിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ഗ്രീക്ക് തത്ത്വശാസ്ത്ര ഗ്രന്ഥങ്ങളാല്‍ സ്വാധീനിക്കപ്പെട്ട മുഅ്തസിലി ചിന്തയില്‍ മാത്രം പരിമിതമായിരുന്നില്ല ഈ സ്വാധീനം. മറിച്ച് ഗ്രീക്ക് തത്ത്വ ചിന്തയെ ജ്ഞാനത്തിന്റെ അന്തിമവും ആധികാരികവുമായ ഉറവിടമായി കാണുന്ന ഒരു കൂട്ടം ബുദ്ധിജീവികള്‍ മുസ്ലിംകളില് നിന്ന് തന്നെ ആ കാലത്ത് ഉയര്‍ന്നുവന്നത് പ്രശ്നത്തെ കൂടുതല്‍ സങ്കീര്‍ണമാക്കി.
മുഅ്തസിലികളെ ഗ്രീക്ക് തത്ത്വ ചിന്ത സ്വാധീനിച്ചിരുന്നുവെങ്കിലും അവര്‍ ഒരിക്കലും അതിന്റെ വക്താക്കളോ അതിനെ ജ്ഞാനത്തിന്റെ അവസാന വാക്കായി കരുതുന്നവരോ ആയിരുന്നില്ല. അവര്‍ തികഞ്ഞ മതബോധമുള്ളവരും തങ്ങളുടെ കാഴ്ചപ്പാടനുസരിച്ച് മത പ്രബോധനം നിര്‍വഹിക്കുന്നവരുമായിരുന്നു. എന്നാല്‍ മുസ്ലിംകളില്നിന്ന് പുതുതായി ഉയര്‍ന്ന് വന്ന ഈ നവീന ബുദ്ധിജീവികള്‍ മതത്തേക്കാളും വിശ്വാസത്തേക്കാളും തത്ത്വചിന്തക്ക് പ്രാമുഖ്യം കല്പ്പിക്കുന്നവരും ദൈവിക വെളിപാടിലൂടെ ലഭിക്കുന്ന പ്രവാചക ജ്ഞാനത്തെ വെല്ലുവിളിക്കുന്ന ഗ്രീക്ക് തത്ത്വചിന്തയിലെ എല്ലാ ആശയങ്ങളെയും കലവറ കൂടാതെ പിന്തുണക്കുന്നവരും ന്യായീകരിക്കുന്നവരുമായിരുന്നു. മുസ്ലിം അരിസ്റ്റോട്ടിലിയന്മാരും പ്ലേറ്റോമാരുമായിട്ടാണ് അവരില്‍ പലരും അറിയപ്പെട്ടത് തന്നെ. തത്ത്വചിന്താപരമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി ഇഖ്വാനുസ്സ്വഫ എന്ന പേരില്‍ ഒരുപറ്റം യുവ ബുദ്ധിജീവികളുടെ ഒരു സംഘടനയും അക്കാലത്ത് ബഗ്ദാദില്‍ നിലവില്‍ വരികയുണ്ടായി. മതത്തിന്റെ അടിസ്ഥാന വിശ്വാസ പ്രമാണങ്ങളെയും ദൈവിക വെളിപാടിനെയും തത്ത്വചിന്താപരമായി വ്യാഖ്യാനിക്കാനും വിശദീകരിക്കാനുമാണവര് ശ്രമിച്ചിരുന്നത്. ഗ്രീക്ക് തത്ത്വചിന്തയിലെ തത്ത്വങ്ങള്‍ക്കും നിഗമനങ്ങള്‍ക്കും വിരുദ്ധമായ ഒരു വിശ്വാസവും അവര്‍ക്ക് സ്വീകാര്യമായിരുന്നില്ല. ഇഖ്വാനുസ്സ്വഫ പ്രസിദ്ധീകരിച്ച റസായിലു ഇഖ്വാനുസ്സ്വഫ എന്ന ലഘുലേഖാ സമാഹരത്തിലെ ഒരു പരാമര്‍ശം ഇപ്രകാരമാണ്: ''വിവരദോഷികളുടെയും വഴിപിഴച്ചവരുടെയും കൈകടത്തലുകളാല്‍ ഇസ്ലാമിക ശരീഅത്ത് മലിനമായിരിക്കുന്നു. തത്ത്വശാസ്ത്രത്തിലൂടെ മാത്രമേ ഈ മാലിന്യം ശുദ്ധീകരിക്കാന്‍ കഴിയൂ. കാരണം വിശ്വാസപരമായ എല്ലാ ജ്ഞാനവും നന്മയും പൂര്‍ണമായി തന്നെ തത്ത്വശാസ്ത്രത്തില്‍ അടങ്ങിയിരിക്കുന്നു. ചുരുക്കത്തില്‍ ഗ്രീക്ക് തത്ത്വശാസ്ത്രത്തിന്റെയും മുഹമ്മദീയ ശരീഅത്തിന്റെയും സംയോജനത്തിലൂടെ മാത്രമേ സംപൂര്‍ണത കൈവരിക്കാനാവൂ'' (റസായിലു ഇഖ്വാനുസ്സവഫ).
ആചാരാനുഷ്ഠാനങ്ങളില്‍ നിന്നും ജീവിത വ്യവഹാരങ്ങളെ നിയന്ത്രിക്കുകയും ചിട്ടപ്പെടുത്തുകയും ചെയ്യുന്ന നിയമശാസനകളില് നിന്നും മുക്തമായ ഒരു തത്ത്വശാസ്ത്രമായി ഇസ്ലാമിനെ അവതരിപ്പിക്കാനാണ് ഈ നവീന ബുദ്ധിജീവികള്‍ ശ്രമിച്ചത്. ഗ്രീക്ക് തത്വ സ്വാധീനം മൂലം ഉരുവം കൊണ്ട മുസ്ലിം തത്വ ചിന്ത ഇസ്ലാമിക ലോകത്തിന്റെ ഭൗതിക ശാസ്ത്ര വളര്‍ച്ചക്കും വികാസത്തിനും കാരണമായിട്ടുണ്ടെന്ന വസ്തുത അംഗീകരിച്ചേ തീരൂ. എന്നാല്‍ അതിന്റെ പഠന മേഖല ഭൗതികശാസ്ത്ര മേഖലയില്‍ മാത്രം ഒതുങ്ങാതെ വിശ്വാസപരമായ കാര്യങ്ങള്‍ വ്യാഖ്യാനിക്കാനും വിശദീകരിക്കാനും പ്രമാണങ്ങളെ വിട്ട് തത്ത്വചിന്തയിലെ ഊഹങ്ങളെയും നിഗമനങ്ങളെയും ആധാരമാക്കിയതാണ് അപകടമായത്. വിശ്വാസപരമായ കാര്യങ്ങള്‍ക്ക് അടിസ്ഥാനം തെറ്റാന്‍ സാധ്യതയില്ലാത്ത ദൈവിക വെളിപാടുകളാണ്. അതേസമയം തത്ത്വചിന്തയിലെ ജ്ഞാനത്തിന്റെ അടിസ്ഥാനം തെറ്റാനും ശരിയാവാനും ഒരു പോലെ സാധ്യതയുള്ള മനുഷ്യന്റെ ഊഹങ്ങളും നിഗമനങ്ങളും മാത്രമാണ്.അതിനാല്‍ ദൈവിക ജ്ഞാനവും തത്ത്വ ചിന്തയിലെ ജ്ഞാനവും പരസ്പരം നിഷേധിക്കാത്ത രണ്ട് സമാന്തരരേഖയിലൂടെയാണ് വികസിക്കേണ്ടത്. ഈ വസ്തുത അവഗണിച്ച് തത്ത്വചിന്ത ദൈവശാസ്ത്ര മേഖലയിലേക്ക് കൂടി കടന്നുകയറിയത് കാരണം മുസ്ലിം ലോകത്ത് വ്യാപകമായ തോതില്‍ മത നിരാസവും കര്‍മരാഹിത്യവും പ്രകടമാവുകയും പ്രവാചകത്വത്തിന്റെ വിലയിടുകയും മതനിന്ദ അലങ്കാരമായിത്തീരുകയും ചെയ്തു. മത വിഷയങ്ങളില്‍ അവഗാഹം കുറഞ്ഞ പ്രബുദ്ധരായ യുവാക്കളെയാണ് ഇത് കൂടുതല്‍ സ്വാധീനിച്ചത്.
പ്രതിരോധം
തത്ത്വശാസ്ത്രം അഴിച്ചുവിട്ട ഈ നിഷേധാത്മക പ്രവണതയെ അക്കാലത്ത് നേരിട്ടത് രണ്ട് കൂട്ടരാണ്. മുഹദ്ദിസുകള്‍, ഫുഖഹാക്കള്‍ എന്നീ പേരുകളില്‍ അറിയപ്പെട്ട പരമ്പരാഗത മത പണ്ഡിതന്മാരായിരുന്നു ഒരു വിഭാഗം.ബൗദ്ധിക വിജ്ഞാനീയങ്ങളെ കുറിച്ച് ഇവര്‍ക്ക് ഒന്നും അറിയില്ലെന്ന് മാത്രമല്ല തങ്ങള്‍ക്കുള്ളതായി കരുതപ്പെടുന്ന മത വിജ്ഞാനീയങ്ങളില്‍ പോലും അവര്‍ മുന്‍ഗാമികളുടെ അനുകര്‍ത്താക്കള്‍ മാത്രമായിരുന്നു. മത വിജ്ഞാനത്തിന്റെ ഊര്‍ജസ്വലതയും ചൈതന്യവും നില നിര്‍ത്തുന്ന ഇജ്തിഹാദിനെ അവര്‍ എന്നോ കൈവിട്ട് കളഞ്ഞിരുന്നു. മത വിജ്ഞാനം അവരെ സംബന്ധിച്ചേടത്തോളം പണം സമ്പാദിക്കാനുള്ള ഉപാധി മാത്രമായിരുന്നു. ഇജ്തിഹാദിനൊന്നും മെനക്കെടാതെ തങ്ങളുടെ ചൊല്‍പ്പടിക്ക് നില്ക്കുന്ന പണ്ഡിതന്മാരെയാണ് ഭരണകൂടത്തിന് മുഫ്തിമാരായും ഖാദിമാരായും ആവശ്യമുണ്ടായിരുന്നത്.
ഇജ്തിഹാദ് ഉപേക്ഷിച്ചതോടെ അവരുടെ വൈജ്ഞാനിക പ്രവര്‍ത്തനം മതത്തില്‍ ധാരാളം അഭിപ്രായ ഭിന്നതകള്‍ക്ക് പഴുതുള്ള ശാഖാപരമായ ഭിന്നതകളില്‍ കേന്ദ്രീകരിക്കപ്പെട്ടു. അനാവശ്യമായ സംവാദങ്ങളെയും തര്‍ക്കങ്ങളെയും ചൂടു പിടിപ്പിച്ച ഈ വൈജ്ഞാനിക പ്രവര്‍ത്തനം ഇസ്ലാമിക സമൂഹത്തിന്റെ ഐക്യം തകര്‍ത്ത കക്ഷിവഴക്കുകള്‍ക്കും വിഭാഗീയതക്കുമാണ് വഴിമരുന്നിട്ടത്. നിസ്സാരമായ അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ പോലും പുതിയ പല കക്ഷികളും ഉദയംകൊള്ളുകയും അവര്‍ പരസ്പരം കാഫിറാക്കുകയും ചെയ്തു. ഭിന്ന ചേരിയില്‍ അണിചേര്‍ന്ന് പരസ്പരം പോരടിച്ചിരുന്ന പണ്ഡിതന്മാര്ക്ക് തത്ത്വചിന്ത മതവിശ്വാസങ്ങള്‍ക്ക് നേരെ ഉയര്‍ത്തിയ വെല്ലുവിളിയെ നേരിട്ട് ഇസ്ലാമിനെ കാലഘട്ടത്തിന്റെ ഭാഷയില്‍ സമര്‍ഥിക്കാന്‍ എങ്ങനെ കഴിയാനാണ്? അവരുടെ പ്രതിരോധം കുഫ്റ് ഫത്വയില് മാത്രം ഒതുങ്ങി. തീരെ ചെറിയ അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍പോലും കൂടെയുള്ളവരെ കാഫിറാക്കാന്‍ മടിക്കാത്ത ഇവരുടെ കുഫ്റാരോപണം സമൂഹത്തില്‍ ഒരു പ്രതികരണവും ഉളവാക്കില്ലെന്ന കാര്യം ഉറപ്പാണല്ലോ.
തത്ത്വചിന്തയെ പ്രതിരോധിച്ച മറ്റൊരു കൂട്ടര് ഇമാം അബുല്ഹസന് അശ്അരിയുടെ പിന്‍ഗാമികളായ മുത്തകല്ലിമുകള് എന്ന പേരില്‍ അറിയപ്പെട്ട ദൈവശാസ്ത്ര പണ്ഡിതന്മാരായിരുന്നു. അവരും തങ്ങളുടെ മുന്‍ഗാമികളെപ്പോലെ ഉയര്‍ന്ന ചിന്തയോ ഗവേഷണ പാടവമോ അവകാശപ്പെടാനില്ലാത്ത കേവലം അനുകര്‍ത്താക്കള്‍ മാത്രമായിരുന്നു. ഇസ്ലാമിന്റെ വിശ്വാസപരമായകാര്യങ്ങളെ ബുദ്ധിപരമായി സ്ഥാപിക്കാനെന്ന പേരില്‍ അവര്‍ നടത്തിയ പല സമര്‍ഥനങ്ങളും വ്യാഖ്യാനങ്ങളും പ്രമാണബന്ധിതമോ യുക്തിപരമോ ആയിരുന്നില്ല. പ്രമാണങ്ങളുടെ കാര്യം പോകട്ടെ യുക്തിയുടെ കണ്ണില്‍പോലും യാതൊരു വിലയുമില്ലാത്ത ഇത്തരം വ്യാഖ്യാനങ്ങളെ ചോദ്യം ചെയ്യാന്‍ പാടില്ലാത്ത ശാശ്വത സത്യമായി അവര്‍ പ്രചരിപ്പിക്കുകയും അത് അംഗീകരിക്കാന്‍ കൂട്ടാക്കാത്തവരെ അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തില്‍നിന്ന് പുറത്താക്കുകയും ചെയ്തു.
ഭരണകൂടത്തിന്റെ കൊള്ളരുതായ്മ, തത്ത്വചിന്ത പ്രസരിപ്പിച്ച വിശ്വാസ വ്യതിയാനം, മത പണ്ഡിതന്മാരുടെ ബുദ്ധിപരമായ പാപ്പരത്തവും കക്ഷി പക്ഷപാതിത്വവും തുടങ്ങിയവ മുസ്ലിം പൊതുസമൂഹത്തിന്റെ ധാര്‍മികവും സാമൂഹികവുമായ ജീവിതത്തെ ശിഥിലമാക്കുകയും താറുമാറാക്കുകയും ചെയ്തു. സമൂഹത്തിന് നേതൃസ്ഥാനമലങ്കരിക്കുന്ന പണ്ഡിതന്മാരുടെയും നേതാക്കളുടെയും വിശ്വാസ്യത നഷ്ടപ്പെടുന്നതോടെ പൊതു സമൂഹം ജീര്‍ണിക്കുമെന്ന പൊതു തത്ത്വത്തിന് അപവാദമായിരുന്നില്ല ഇമാം ഗസ്സാലി ജീവിച്ച അഞ്ചാം നൂറ്റാണ്ടിലെ സാമൂഹികജീവിതവും. അതിനാല്‍ ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളെയും പരിഷ്കരിക്കാന്‍ ഉതകുന്ന സമഗ്രമായ ഒരു പരിഷ്കരണ പദ്ധതിയിലൂടെ മാത്രമേ അക്കാലത്ത് ഇസ്ലാമിനെ ജീവിതം അഭിമുഖീകരിച്ചിരുന്ന സ്തംഭനാവസ്ഥയെ മറികടക്കാന്‍ കഴിയുമായിരുന്നുള്ളൂ. അത്തരം ഒരു പരിഷ്കരണ പദ്ധതി അവതരിപ്പിച്ചുവെന്നതാണ് ഗസ്സാലിയുടെ നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ കാതല്‍.
നവോത്ഥാന പ്രവര്‍ത്തനങ്ങള്‍
മുസ്ലിംകളുടെ മതവിശ്വാസത്തില്‍ കളങ്കം ചാര്‍ത്തിയ ഗ്രീക്ക് തത്ത്വശാസ്ത്രത്തെ നിരൂപണം ചെയ്തുകൊണ്ട് അതിന്റെ അടിസ്ഥാന ദൗര്‍ബല്യങ്ങള്‍ പുറത്തുകൊണ്ടുവന്നതാണ് ഇമാം ഗസാലിയുടെ പ്രധാന ധൈഷണിക പ്രവര്‍ത്തനം. ഊഹങ്ങളുടെയും നിഗമനങ്ങളുടെയും അടിസ്ഥാനത്തിലുള്ള തത്ത്വശാസ്ത്ര വിജ്ഞാനങ്ങള്‍ക്ക് ശാശ്വത സത്യമായ ദൈവികവെളിപാടിനോടൊപ്പം നില്ക്കാന് യാതൊരു യോഗ്യതയുമില്ലെന്ന് ഇമാം ഗസാലി യുക്തിഭദ്രമായി സമര്‍ഥിച്ചു. ഗസ്സാലിയുടെ മഖാസിദുല്‍ ഫലാസിഫ, തഹാഫതുല്‍ ഫലാസിഫ തുടങ്ങിയ തത്ത്വശാസ്ത്ര നിരൂപണങ്ങള്‍ അക്കാലത്ത് മുസ്ലിം ബുദ്ധിജീവികളെയും യുവാക്കളെയും ഗ്രീക്ക് ചിന്തകളുടെ മാനസികാടിമത്തത്തില്നിന്ന് മോചിപ്പിച്ച് കളങ്കമറ്റ വിശ്വാസത്തിന്റെ രാജപാതയിലേക്ക് നയിച്ച പഠനങ്ങളത്രെ. ഖുര്‍ആന്റെയും സുന്നത്തിന്റെയും അധ്യാപനങ്ങളെ ഗ്രീക്ക് തത്ത്വശാസ്ത്രത്തിലെ വീക്ഷണങ്ങള്‍ക്ക് അനുരൂപമാക്കിയാലല്ലാതെ അതിന് യാതൊരു നിലനില്പുമില്ലെന്നായിരുന്നു അക്കാലം വരെ മുസ്ലിം ബുദ്ധിജീവികള്‍ കരുതിയിരുന്നത്. ഗസാലിയുടെ തത്ത്വശാസ്ത്രനിരൂപണം മുസ്ലിം രാജ്യങ്ങളില്‍ മാത്രമല്ല, യൂറോപ്പില്‍ പോലും അതിന്റെ സ്വാധീനം ചെന്നെത്തുകയുണ്ടായി. ഗ്രീക്ക് തത്ത്വചിന്തയില്‍നിന്ന് വ്യത്യസ്തമായ ഒരു നവീന വിമര്‍ശന ശൈലി ആധുനിക യൂറോപ്പില്‍ രൂപപ്പെട്ടതിനു പിന്നില്‍ ഗസ്സാലിയുടെ സ്വാധീനമുള്ളതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
ഗ്രീക്ക് തത്ത്വശാസ്ത്രത്തില്‍ വേണ്ടത്ര അവഗാഹമില്ലാതെ അവരുടെ ഭാഷയും ശൈലിയും കടമെടുത്ത് ഇസ്ലാമിന്റെ കേസ് വാദിച്ചതിനാല്‍ മുസ്ലിം ദൈവശാസ്ത്രകാരന്മാര് ചെന്നുചാടിയ അപകടങ്ങളും ചതിക്കുഴികളും ചൂണ്ടിക്കാണിച്ചുകൊണ്ട് ഇസ്ലാമിക വിശ്വാസപ്രമാണങ്ങള്‍ക്ക് യുക്തിഭദ്രവും കാലോചിതവുമായ വ്യാഖ്യാനം അദ്ദേഹം നല്കി. അതോടൊപ്പം ഇസ്ലാമിക ശരീഅത്തിന്റെയും വിധിവിലക്കുകളുടെയും ഇബാദത്തുകളുടെയും രഹസ്യങ്ങളും താല്പര്യങ്ങളും വ്യക്തമാക്കികൊണ്ട് ഇസ്ലാമിനെ ഒരു ചിന്താ കര്‍മ പദ്ധതിയായി അദ്ദേഹം അവതരിപ്പിച്ചു. ഇക്കാര്യത്തില്‍ ഇജ്തിഹാദിനെ സമര്‍ഥമായി ഉപയോഗപ്പെടുത്തുകയും ചെയ്തു. കാലഘട്ടത്തില്‍ സ്തംഭിച്ചുനില്‍ക്കാതെ ഇസ്ലാമിന് മുന്നോട്ടുപോകാന്‍ പാതയൊരുക്കിയത് ഈ പ്രവര്‍ത്തനമാണ്.
തന്റെ കാലഘട്ടത്തില്‍ മുസ്ലിംകള്‍ക്കിടയിലുണ്ടായിരുന്ന എല്ലാ കക്ഷികളെയും അവര്‍ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങളുടെ സ്വഭാവത്തെയും നന്നായി പഠിച്ച് കുഫ്റിനും ഇസ്ലാമിനുമിടയിലുള്ള അതിര്‍ത്തിരേഖ നിര്‍ണയിക്കുകയും ഏതൊക്കെ വിഷയത്തില്‍ അഭിപ്രായ ഭിന്നതയാകാമെന്നും ഏതൊക്കെ വിഷയത്തില്‍ ആയിക്കൂടെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. ശാഖാപരമോ വ്യാജനിര്മിതമോ ആയ പ്രശ്നങ്ങളുടെ പേരിലുള്ള കുഫ്റ് ഫത്വകള് തടഞ്ഞ് ഇസ്ലാമിലെ ചിന്താസ്വാതന്ത്ര്യം വീണ്ടെടുക്കുകയായിരുന്നു ഉദ്ദേശ്യം. ഖുര്‍ആന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിലുള്ള ഇജ്തിഹാദിനെ പ്രോത്സാഹിപ്പിച്ച അദ്ദേഹം അന്ധമായ അനുകരണ ഭ്രമത്തെയും ബോധശൂന്യമായ മതബോധത്തെയും എതിര്‍ത്ത്, ചിന്തക്കും മനസ്സിനും തുറവി നല്കുന്ന യഥാര്‍ഥ മതബോധം പുനരുജ്ജീവിപ്പിച്ചു.
ചൈതന്യ രാഹിത്യവും ചിന്താമരവിപ്പും പ്രദാനം ചെയ്ത നിലവിലുള്ള വിദ്യാഭ്യാസ പദ്ധതിയെ വിമര്‍ശനവിധേയമാക്കി ഒരു നവീന വിദ്യാഭ്യാസ ക്രമം അദ്ദേഹം നിര്‍ദേശിച്ചു.
ധാര്‍മിക പരിഷ്കരണം
ഭരണകൂടം, പണ്ഡിതന്മാര്, സമ്പന്നന്മാര്, പൊതുജനം തുടങ്ങി സമൂഹത്തിന്റെ എല്ലാ തലത്തിലുള്ളവരെയും ബാധിച്ച പലതരം ജീര്‍ണതകള്‍ ഓരോന്നായി എടുത്തുകാണിച്ച് അവയുടെ പരിഷ്കരണത്തിനുതകുന്ന സമ്പൂര്‍ണമായ ഒരു സംസ്കരണ പാക്കേജ് സമര്‍പ്പിച്ചതാണ് ഇമാം ഗസാലിയുടെ നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ മുഖ്യമായത്. അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസ് എന്ന് കരുതപ്പെടുന്ന ഇഹ്യാ ഉലൂമിദ്ദീന്‍ എന്ന ഗ്രന്ഥത്തിലാണ് ഈ പാക്കേജ് അദ്ദേഹം സമര്‍പ്പിക്കുന്നത്. പൊതു സമൂഹത്തിന്റെ ധാര്മികാധപതനത്തിന് കാരണം ഭരണകൂടത്തിന്റെ കൊള്ളരുതായ്മകളും ജീര്‍ണതകളുമാണ്. അതിന് കാരണമാകട്ടെ, അക്രമത്തെയും അനീതിയെയും എതിര്‍ക്കാന്‍ ചങ്കൂറ്റം കാണിക്കാതെ ഭരണകൂടത്തിന്റെ പാദസേവകരായി കഴിയുന്ന പണ്ഡിത നേതൃത്വമാണെന്നും അദ്ദേഹം തുറന്നടിച്ചു. പണ്ഡിതന്മാര് ഭൂമിയിലെ ഉപ്പാണ്. പക്ഷേ, വസ്തുക്കളെ അജീര്ണമാക്കുന്ന ഉപ്പുതന്നെ ജീര്‍ണിച്ചാല്‍ പിന്നെന്തുചെയ്യും? അദ്ദേഹം ഓര്‍മിപ്പിച്ചു. അക്രമിയായ ഭരണാധികാരിയുടെ മുമ്പില്‍ സത്യം തുറന്നുപറയുന്നത് ഏറ്റവും വലിയ ജിഹാദാണെന്ന് പണ്ഡിതന്മാരെ ഓര്‍മിപ്പിച്ച ഇമാം ഗസാലി ധൈര്യസമേതം അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തു.
രാഷ്ട്രീയ നിലപാട്
ഭരണകൂടത്തിന്റെ സമ്പത്തില്‍ ജനങ്ങളില്‍നിന്ന് അന്യായമായി പിരിച്ചെടുക്കുന്ന നികുതികളും ലെവികളും ഉള്‍പ്പെട്ടതിനാല്‍ തന്റെ കാലത്തെ ഭരണാധികാരികളില്‍നിന്ന് പാരിതോഷികങ്ങള്‍ സ്വീകരിക്കുന്നത് ഹറാമാണെന്ന് അദ്ദേഹം ഫത്വ പുറപ്പെടുവിക്കുകയുണ്ടായി. അമുസ്ലിം ന്യൂനപക്ഷത്തോട് ഭരണകൂടം അനുവര്‍ത്തിക്കുന്ന വിവേചനത്തെയും അദ്ദേഹം ചോദ്യം ചെയ്തു. രാജവാഴ്ചക്കു പകരം ഇസ്ലാമിക ഖിലാഫത്ത് പുനഃസ്ഥാപിക്കപ്പെടണമെന്ന് അദ്ദേഹം ആത്മാര്‍ഥമായി ആഗ്രഹിച്ചിരുന്നു. അത്തരം ചില നീക്കങ്ങളെ അദ്ദേഹം പിന്തുണക്കുകയും ചെയ്തു. സ്പെയ്നില്‍ ഒരു മാതൃകാ ഇസ്ലാമിക ഭരണത്തിന് അടിത്തറ പാകിയ മുഹമ്മദ് ഇബ്നു തുംറത്ത് ഇമാം ഗസാലിയുടെ ശിഷ്യനായിരുന്നു. ഇമാം ഗസാലിയുടെ പ്രോത്സാഹനവും പിന്തുണയുമായിരുന്നു മുറാബിത് ഭരണകൂടത്തെ അട്ടിമറിച്ച് മുവഹ്ഹിദ് ഭരണം സ്ഥാപിക്കാന്‍ അദ്ദേഹത്തിന് ശക്തിപകര്‍ന്നത്. ഇമാം ഗസ്സാലിയുടെ ആഗ്രഹപ്രകാരം മുവഹ്ഹിദ് ഭരണകൂടം ഏറെക്കുറെ ഇസ്ലാമികമായിരുന്നുവെന്ന് ഇബ്നു ഖല്ദൂനെപ്പോലുള്ളവര് ചൂണ്ടികാട്ടിയിട്ടുണ്ട്.
പരിമിതികള്‍
മറ്റേതൊരു പരിഷ്കര്‍ത്താവിനെയും പോലെ ഇമാം ഗസാലിയുടെ നവോത്ഥാന ചിന്തകള്‍ക്കും ചില പരിമിതികളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കാലശേഷമാണ് സ്വാഭാവികമായും ആ പരിമിതികള്‍ തിരിച്ചറിയപ്പെടുന്നത്. തത്ത്വചിന്തയോടുള്ള ഗസാലിയുടെ നിലപാട് തന്നെയാണ് പില്ക്കാലത്ത് ചിന്താമണ്ഡലത്തില്‍ ചില പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്. തത്ത്വചിന്തക്കെതിരെയുള്ള ഗസാലി വിമര്‍ശം അങ്ങേയറ്റം പ്രത്യാക്രമണപരമായിരുന്നു. മുസ്ലിം ധിഷണയെ ഗ്രീക്ക് തത്ത്വചിന്തയുടെ മാനസികാടിമത്തത്തില്‍ നിന്ന് മോചിപ്പിക്കാന്‍ അന്നത്തെ സാഹചര്യത്തില്‍ പ്രസ്തുത ശൈലി ചരിത്രപരമായ ഒരനിവാര്യതയായിരുന്നുവെന്ന കാര്യത്തില്‍ സശയമില്ല. കാരണം, ഗസാലിക്ക് മുമ്പും പലരും ഗ്രീക്ക് തത്ത്വചിന്തയെ വിമര്‍ശിക്കുകയും അതിന്റെ അപകടത്തെ കുറിച്ച് മുസ്ലിംകളെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ അവര്‍ക്കൊന്നും ഗ്രീക്ക് തത്ത്വചിന്തയുടെ അടിസ്ഥാനങ്ങളെ കുറിച്ചോ അത് രൂപപ്പെട്ട പശ്ചാത്തലത്തെക്കുറിച്ചോ ഒന്നും അറിയുമായിരുന്നില്ല. അതിനാല്‍ തന്നെ നേരത്തെ സൂചിപ്പിച്ചതുപോലെ അവരുടെ തത്ത്വചിന്താ വിമര്‍ശം പാമര ജനങ്ങളില്‍ സ്വാധീനമുണ്ടാക്കിയെങ്കിലും അഭ്യസ്ത വിദ്യരെയും ബുദ്ധിജീവികളെയും ലവലേശം പോലും സ്വാധീനിക്കുകയുണ്ടായില്ല.
എന്നാല്‍, ഗ്രീക്ക് തത്ത്വചിന്തയെ ആഴത്തില്‍ പഠിച്ച് മനസ്സിലാക്കിക്കൊണ്ടുള്ള ഗസ്സാലിയുടെ പ്രത്യാക്രമണ ശൈലിയിലുള്ള തത്ത്വചിന്താ വിമര്‍ശനം ബുദ്ധിജീവികളെയും അഭ്യസ്ത വിദ്യരെയുമാണ് കൂടുതല്‍ സ്വാധീനിച്ചത്. എന്തൊക്കെ കോട്ടങ്ങളുണ്ടെങ്കിലും അന്വേഷണത്വരയും ചോദ്യം ചെയ്യാനുള്ള വാസനയും തത്ത്വചിന്തയുടെ ഒരു ഗുണാത്മക മൂല്യം തന്നെയായിരുന്നു. ഇസ്ലാമിന്റെ സുവര്‍ണകാലത്ത് ശാസ്ത്ര സാങ്കേതിക മണ്ഡലത്തില്‍ ഇസ്ലാമിക ലോകം വമ്പിച്ച കുതിച്ചു ചാട്ടം നടത്തിയത് തത്ത്വചിന്ത പ്രസരിപ്പിച്ച ഈ ഗുണാത്മക മൂല്യം മുസ്ലിം ധിഷണ നെഞ്ചേറ്റിയതോടു കൂടിയാണ്. എന്നാല്‍ ഗസാലിയുടെ തത്ത്വചിന്താ വിമര്‍ശനം മുസ്ലിം ബുദ്ധിജീവികളുടെ ഗവേഷണ ത്വരയെയും ധൈഷണികമായ അന്വേഷണങ്ങളെയും കാര്യമായി ബാധിച്ചു. ഗസാലിക്കു ശേഷം തത്ത്വചിന്തയുടെ മേഖലയില്‍ മൗലികമായ ഗവേഷണങ്ങളും അന്വേഷണങ്ങളും കൂമ്പടഞ്ഞ് പോയതായിരുന്നു. അതിന്റെ സ്വാഭാവിക ഫലം ഗസാലിയുടെ വിമര്‍ശനം ചിന്താമണ്ഡലത്തിലുണ്ടാക്കിയ ഭയത്തിന്റെ അന്തരീക്ഷമായിരുന്നു. അതിന്റെ കാരണം ഗസാലിയുടെ തത്ത്വചിന്ത വിമര്‍ശന കൃതിയായ തഹാഫത്തുല്‍ ഫലാസിഫ പുറത്ത് വന്നതിനു നൂറ് വര്‍ഷത്തിനു ശേഷം മാത്രമാണ് മുസ്ലിം ലോകത്ത് നിന്ന് അതിനൊരു ഖണ്ഡനം എഴുതപ്പെടുന്നത്. ഇബ്നു റുശ്ദിന്റെ തഹാഫത്തു തഹാഫുത്തായിരുന്നു അത്. ഇബ്നു റുശ്ദിന്റെ ഈ വിമര്‍ശം ഉള്‍ക്കൊള്ളാനുള്ള ശേഷി പക്ഷേ, അപ്പോഴേക്കും മുസ്ലിം ധൈഷണിക മണ്ഡലത്തിന് നഷ്ടമായിക്കഴിഞ്ഞിരുന്നു. അതിനാല്‍ പാശ്ചാത്യലോകത്ത് അവറോസ് എന്ന പേരില്‍ അറിയപ്പെട്ട ഇബ്നു റുശ്ദിന്റെ ഗസാലി വിമര്‍ശനം മുസ്ലിം ലോകത്തേക്കാള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുകയും പ്രയോജനപ്പെടുത്തപ്പെടുകയും ചെയ്തത് പാശ്ചാത്യ ലോകത്താണ്. യൂറോപ്യന്‍ നവോത്ഥാനത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച മുസ്ലിം ദാര്ശനികന് ഇബ്നു റുശ്ദാണെന്ന് നിരീക്ഷിക്കപ്പെടുന്നത് അതുകൊണ്ടാണ്.
(ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ് അസിസ്റ്റന്റ് ഡയറക്ടറാണ് ലേഖകന്‍)
ktmhussain@yahoo.co.in
Comments