Prabodhanm Weekly

Pages

Search

2011 ഗസാലിപ്പതിപ്പ്‌

അബൂ ഹാമിദില്‍ ഗസാലി അറിവിന്റെ വര്‍ഗീകരണം

ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി

സ്വൂഫീവര്യന്‍, തത്വചിന്തകന്‍, കര്‍മശാസ്ത്രജ്ഞന്‍, ദാര്‍ശനികന്‍, ഖുര്‍ആന്‍ പണ്ഡിതന്‍, വിദ്യാഭ്യാസ വിചക്ഷണന്‍ തുടങ്ങി ബഹുതല സ്പര്‍ശിയായ ജീവിതമാണ് ഇമാം ഗസാലി നയിച്ചിരുന്നത്.
 ഉസ്മാനിയ ഭരണകാലത്ത്  കൊട്ടിഘോഷിക്കപ്പെട്ട ഗ്രീക്ക്-അറബിക് തര്‍ജമ വിപ്ലവം ബാക്കി വെച്ച മുസ്‌ലിം-ഗ്രീക്ക് ദാര്‍ശനിക സംഘട്ടനങ്ങളുടെ മറുപടിയായാണ് ആത്മീയതയുടെ മൂശയില്‍ സ്ഫുടം ചെയതെടുത്ത ഇസ്‌ലാമിക ദര്‍ശനങ്ങളുമായി ഇമാം ഗസാലിയുടെ രംഗപ്രവേശം. ഗ്രീക്ക് തത്വചിന്തകളും ജൂത ക്രൈസ്തവ ആശയങ്ങളും ഇസ്‌ലാമിക ദര്‍ശനങ്ങളെ വ്രണപ്പെടുത്താന്‍ തുടങ്ങുകയും ഫാറാബി, ഇബ്‌നുസീനാ തുടങ്ങിയ പ്രസിദ്ധര്‍ പോലും ഇസ്‌ലാമിക ദര്‍ശനങ്ങള്‍ക്ക് വഴിതെറ്റിയ ആശയങ്ങളുടെ പിന്‍ബലം തേടുകയും ചെയ്തപ്പോള്‍ ഇമാം ഗസാലിയുടെ സൂഫിസത്തിന്റെ കാലൊച്ചകള്‍ സമകാലിക സമസ്യകളുടെ പരിഹാരങ്ങളായി മാറി.
പണ്ഡിതകേസരിയായ ഇമാമുല്‍ഹറമൈനിയെ ഗുരുവര്യനായി സ്വീകരിച്ച ഗസാലി അദ്ദേഹത്തില്‍ നിന്നാണ് തിയോളജിയിലും ഫിലോസഫിയിലും ലോജിക്കിലും സൂഫിസത്തിലും മറ്റു വിവിധ വിജ്ഞാനശാഖകളിലും ആഴം നേടിയത്. അതിമഹത്തായ രചനാവൈഭവം തെളിയിച്ച ഇമാം ഗസാലി(റ) ഇമാമുല്‍ഹറമൈനി(റ)യുടെ ശിക്ഷണത്തില്‍ ആയിരിക്കെ തന്നെ നിരവധി ഗ്രന്ഥങ്ങള്‍ വിവിധവിഷയങ്ങളില്‍ രചിക്കുകയുണ്ടായി. ഇമാം ഗസാലി വിഖ്യാതമായ 'അല്‍മന്‍ഖൂല്‍' എന്ന നിദാനശാസ്ത്രഗ്രന്ഥം രചിച്ചപ്പോള്‍ ശിഷ്യന്റെ പാടവം മനസ്സിലാക്കിയ ഗുരു ഇമാമുല്‍ഹറമൈനി(റ) പറഞ്ഞുവത്രെ: 'ജീവിച്ചിരിക്കെ എന്നെ നീ മരിച്ചവന് തുല്യനാക്കി. ഞാന്‍ മരിക്കുന്നത് വരെ നിനക്ക് സാവകാശം കാണിച്ചുകൂടായിരുന്നോ?'
വിദ്യാഭ്യാസത്തിന്റെ മഹത്വത്തെക്കുറിച്ചും, ഇസ്‌ലാമിക സമൂഹത്തിന്റെ നിലനില്‍പിലും അതിജീവനത്തിലുമെല്ലാം അത് നിര്‍വഹിക്കുന്ന വര്‍ധിത പങ്കിനെക്കുറിച്ചും ശരിക്ക് ഉള്‍ക്കൊണ്ടിരുന്നു ഇമാം ഗസാലി. തന്റെ മാസ്റ്റര്‍പീസ് രചനയായ 'ഇഹ്‌യാഉലൂമിദ്ദീ'ന്റെ ആദ്യഅധ്യായം തന്നെ ജ്ഞാനത്തിനു വേണ്ടി നീക്കിവെച്ചത് ഇക്കാരണത്താലാണെന്ന് പല നിരൂപകരും നിരീക്ഷിച്ചിട്ടുണ്ട്. വിജ്ഞാനത്തിന്റെ മാഹാത്മ്യത്തെക്കുറിച്ചും അധ്യാപക- വിദ്യാര്‍ത്ഥികളുടെ നിലവാരത്തെക്കുറിച്ചും വിദ്യാഭ്യാസത്തിന്റെ ലക്ഷ്യബോധത്തെക്കുറിച്ചുമെല്ലാം സവിസ്തരം പ്രതിപാദിക്കുന്ന പ്രസ്തുത അധ്യായം ജ്ഞാനാഭ്യാസത്തിന്റെ ഇസ്‌ലാമിക മാനം വിവരിക്കുന്ന നല്ലൊരു പഠനമായി നൂറ്റാണ്ടുകള്‍ക്ക് ശേഷവും നിലനില്‍ക്കുന്നത് ഈയൊരു ഉദ്ദേശ്യശുദ്ധിയുടെ അനന്തരഫലമാണെന്ന് ദര്‍ശിക്കാനാവും.
വിജ്ഞാനീയങ്ങളെ മതം, മതേതരം എന്നിങ്ങനെ വേര്‍തിരിക്കുന്ന പതിവുരീതിയില്‍ നിന്ന് വ്യത്യസ്തമായി മുഴുവന്‍ ജ്ഞാനങ്ങളെയും ഇസ്‌ലാമികം എന്നാണ് ഇമാം ഗസാലി വ്യവഹരിച്ചിരിക്കുന്നത്. അതേസമയം, ഇസ്‌ലാമിക ജ്ഞാനത്തെ മതബന്ധി, ഭൗതികബന്ധി എന്നിങ്ങനെയും വിഭജിച്ചിരിക്കുന്നു. പ്രഥമദൃഷ്ട്യാ മതകീയമല്ലെങ്കില്‍ പോലും മതപരമായ സാമൂഹ്യ ബാധ്യത (ഫര്‍ദ് കിഫായ) മുന്‍നിറുത്തിയാണ് ഭൗതിക ജ്ഞാനങ്ങളെയും ഇസ്‌ലാമികജ്ഞാനമായി മഹാനവര്‍കള്‍ നിര്‍വചിച്ചിരിക്കുന്നത്.
ഗസാലിയന്‍ വിദ്യാഭ്യാസ ദര്‍ശനങ്ങളെക്കുറിച്ചുള്ള സൂക്ഷ്മതലത്തിലെ വിശകലനം മഹാനവര്‍കള്‍ സമന്വയ വിദ്യാഭ്യാസത്തിന്റെ വക്താവായിരുന്നു എന്ന വസ്തുതയിലേക്കാണ് നമ്മെ കൊണ്ടെത്തിക്കുക. വഹ്‌യ് മുഖേന ലഭ്യമായ മതവിജ്ഞാനീയങ്ങളും ഗണിതം, ശാസ്ത്രം തുടങ്ങിയ ഭൗതിക വിജ്ഞാനീയങ്ങളും സന്തുലിതമായ രീതിയില്‍ അഭ്യസിപ്പിക്കപ്പെടുമ്പോഴേ ക്രിയാത്മകമായൊരു ഇസ്‌ലാമിക സമൂഹം ജനിക്കുകയുള്ളൂവെന്ന് പ്രമാണനിബദ്ധമായി ഗസാലി അടിവരയിടുന്നു.
മതേതര വിദ്യാഭ്യാസത്തെക്കാളേറെ മതവിദ്യാഭ്യാസത്തിനു തന്നെയാണ് ഇമാം ഗസാലി ഊന്നല്‍ നല്‍കുന്നത്. മതവിദ്യാഭ്യാസത്തിലുപരി ഭൗതിക വിദ്യാഭ്യാസത്തിന്റെ വക്താവായിരുന്നു മഹാനവര്‍കള്‍ എന്ന തല്‍പര കക്ഷികളുടെ ജല്‍പനങ്ങള്‍ വസ്തുതകളോട് നീതി പുലര്‍ത്താത്തവയാണ്. ഇതര പണ്ഡിതരില്‍ നിന്ന് വിഭിന്നമായി ഭൗതിക വിദ്യാഭ്യാസത്തിനും മഹാനവര്‍കള്‍ പരിഗണന നല്‍കുന്നു എന്നതായിരിക്കണം ഇത്തരം തെറ്റായ ധാരണകള്‍ക്ക് വേരോട്ടം ലഭിച്ചതിനു പിന്നിലെ നിദാനം.
ഫര്‍ദ് ഐന്‍, ഫര്‍ദ് കിഫായ എന്നീ തലങ്ങളിലൂടെയാണ് ജ്ഞാനാഭ്യാസത്തെ ഗസാലി വിശകലനം ചെയ്യുന്നത്. യഥാക്രമം വൈയക്തിക- സാമൂഹ്യ തലങ്ങളില്‍ നിര്‍ബന്ധ ബാധ്യതയാകുന്ന വിദ്യാഭ്യാസമാണ് ഇതുകൊണ്ടുള്ള വിവക്ഷ. പ്രാഥമികവും അടിസ്ഥാനപരവുമായ  മത വിജ്ഞാനീയങ്ങള്‍ ആദ്യ ഗണത്തിലും ബാക്കിയുള്ളവയെല്ലാം രണ്ടാം ഗണത്തിലുമാണ് കടന്നുവരിക. നമസ്‌കാരം, നോമ്പ്, ഹജ്ജ് തുടങ്ങിയ വൈയക്തിക നിര്‍ബന്ധ ബാധ്യതകളെക്കുറിച്ചുള്ള പ്രാഥമിക ജ്ഞാനം കരസ്ഥമാക്കല്‍ വൈയക്തിക ബാധ്യതയാണ്. അതേസമയം ഇവയെക്കുറിച്ചെല്ലാം ആഴത്തിലുള്ള പരിജ്ഞാനം സാമൂഹിക തലത്തില്‍ മാത്രമേ ബാധ്യതയാവുകയുള്ളൂ- നാട്ടിലെ ഒരാള്‍ പഠിച്ചെടുത്താല്‍ തന്നെ മറ്റുള്ളവരുടെയെല്ലാം ബാധ്യത നീങ്ങും; ആരും പഠിച്ചില്ലെങ്കില്‍ എല്ലാവരും കുറ്റക്കാരുമാകും.
വഹ്‌യ് മുഖേന ലഭ്യമായ മുഴുവന്‍ വിജ്ഞാനീയങ്ങളെയും 'ശര്‍ഇയ്യ' എന്നാണ് ഗസാലി വ്യവഹരിക്കുന്നത്. 'മഹ്മൂദ' അഥവാ പ്രശംസനീയമായിരിക്കും ഈ ഗണത്തിലെ മുഴുവന്‍ വിജ്ഞാനീയങ്ങളും. എന്നാല്‍ വഹ്‌യേതര മാര്‍ഗങ്ങളിലൂടെ ലഭ്യമായ മതേതര വിജ്ഞാനീയങ്ങള്‍ പ്രശംസനീയം, അഭിശംസനീയം, അനുവദനീയം (യഥാക്രമം മഹ്മൂദ, മദ്മൂമ, മുബാഹ്) എന്നിങ്ങനെ മൂന്നു രീതിയിലേക്ക് വിഭജിതമാവും. വൈദ്യശാസ്ത്രം, ഗണിതശാസ്ത്രം എന്നിവ പ്രശംസനീയ വിഭാഗത്തിന്റെ ഉദാഹരണങ്ങളാണ്. മാരണം, ജ്യോത്സ്യം തുടങ്ങിയവയാണ് അഭിശംസനീയ ഗണത്തിലെ മാതൃകകള്‍. വൈദ്യശാസ്ത്രത്തിലും ഗണിത ശാസ്ത്രത്തിലുമെല്ലാം ആഴത്തില്‍ പരിജ്ഞാനം നേടുന്നത് അനുവദനീയമാണെന്നും ഗസാലി സമര്‍ത്ഥിക്കുന്നു.
വൈദ്യശാസ്ത്രം, ഗണിതശാസ്ത്രം തുടങ്ങിയ ശാസ്ത്ര മേഖലകള്‍ മതവിജ്ഞാനത്തിന്റെ ഭാഗമായി വരുന്നില്ല എന്നതിന്റെ പേരില്‍ ഒരുനിലക്കും മാറ്റിനിര്‍ത്തപ്പെടരുതെന്ന് ഗസാലി അടിവരയിട്ടു പറയുന്നുണ്ട്. ഇത്തരം മേഖലകളില്‍ സമൂഹത്തിലാരെങ്കിലും അവഗാഹം നേടിയിരിക്കേണ്ടത് സാമൂഹ്യബാധ്യതയാണെന്നും അദ്ദേഹം സമര്‍ത്ഥിക്കുന്നുണ്ട്. ഇത്തരം വിജ്ഞാനീയങ്ങളില്‍ ഇസ്‌ലാമിക സമൂഹത്തില്‍ നിന്നാരെങ്കിലും അവഗാഹം നേടിയാല്‍ സമൂഹത്തിന്റെ ഉത്തരവാദിത്വം നിറവേറ്റപ്പെടും; ആരും അവഗാഹം നേടിയില്ലെങ്കില്‍ സമൂഹമൊന്നടങ്കം ദൈവിക വിചാരണ നേരിടേണ്ടിവരികയും ചെയ്യും.
മതവിജ്ഞാനീയങ്ങള്‍ അടിസ്ഥാനപരം, ശാഖാപരം, ആമുഖങ്ങള്‍, പൂരകങ്ങള്‍ എന്നിങ്ങനെ നാലു തരത്തിലാണ് ഗസാലിയന്‍ വീക്ഷണപ്രകാരം വിഭജനം സ്വീകരിക്കുക (ഇഹ്‌യ: 1/27). അടിസ്ഥാനപരമായ കാര്യങ്ങള്‍ നാലു ഘടകങ്ങളാണ്: ഖുര്‍ആന്‍, ഹദീസ്, ഇജ്മാഅ്, സ്വഹാബികളുടെ ചര്യ എന്നിവ. അടിസ്ഥാന കാര്യങ്ങളില്‍ നിന്ന് നേര്‍ക്കുനേര്‍ മനസ്സിലാക്കാനാവാത്ത ഘടകങ്ങളാണ് ശാഖാപരമായ കാര്യങ്ങളില്‍ കടന്നുവരിക. ഭാഷാശാസ്ത്രം, വ്യാകരണം തുടങ്ങിയ ഉപകരണാത്മക വിജ്ഞാനങ്ങളാണ് ആമുഖങ്ങള്‍. കര്‍മാനുഷ്ഠാനപരമായ വിഷയങ്ങളുടെ നിദാനശാസ്ത്രം, ഖുര്‍ആന്‍ നിദാന ശാസ്ത്രം തുടങ്ങിയവ പൂരകങ്ങളായി വര്‍ത്തിക്കുന്നു.
ഇതര പണ്ഡിതന്മാരില്‍ നിന്നെല്ലാം വ്യത്യസ്തമായി കര്‍മശാസ്ത്ര വിജ്ഞാനീയങ്ങളെ ഭൗതിക ജ്ഞാനമായാണ് ഇമാം ഗസാലി വ്യവഹരിക്കുന്നത്. ചോദ്യോത്തര രൂപത്തില്‍ ഇതിനു പിന്നിലെ ചേതോവികാരവും മഹാനവര്‍കള്‍ വിശദീകരിക്കുന്നു: 'മനുഷ്യവംശത്തിനുള്ള പാഥേയമായാണ് ഇഹലോകത്തിനെ നാഥന്‍ സംവിധാനിച്ചിരിക്കുന്നത്. നീതിയുക്തമായി ഇഹലോകത്ത് പെരുമാറിയാല്‍ തര്‍ക്കങ്ങളില്‍ നിന്നെല്ലാം മുക്തരായിരിക്കും അവര്‍; അങ്ങനെ കര്‍മശാസ്ത്രജ്ഞര്‍ തൊഴില്‍ രഹിതരായിത്തീരും! എന്നാല്‍ ശാരീരികേച്ഛകളുമായി അവരതിനെ ബന്ധപ്പെടുത്തിയപ്പോള്‍ തര്‍ക്കങ്ങള്‍ ഉടലെടുക്കുകയും തര്‍ക്കപരിഹാരത്തിനായി ഭരണാധികാരിയുടെ ആവശ്യമുണ്ടാവുകയും ചെയ്തു. പ്രസ്തുത ഭരണാധികാരിയാവട്ടെ, കര്‍മശാസ്ത്രജ്ഞനെ ആവശ്യമുള്ളയാളായിത്തീര്‍ന്നു. ഇക്കാരണത്താല്‍ തന്നെ ഇഹലോകത്തെ മധ്യവര്‍ത്തിയാക്കിയാണ് കര്‍മശാസ്ത്രജ്ഞന്‍ മതവുമായി ബന്ധം പുലര്‍ത്തുന്നത്!' (ഇഹ്‌യ: 1/28). കര്‍മശാസ്ത്ര പഠനം ഏതെങ്കിലുമൊരു മദ്ഹബില്‍ മാത്രം കേന്ദ്രീകൃതമാകുന്നതിനെയും ഗസാലിയിലെ വിദ്യാഭ്യാസ വിചക്ഷണന്‍ നിശിതമായി വിസമ്മതിച്ചിട്ടുണ്ട്.
നിര്‍ബന്ധ ബാധ്യതയായ മതവിജ്ഞാനം മാത്രം നേടുന്നതിനെ ഇമാം ഗസാലി ഒരിക്കലും അനുകൂലിക്കുന്നില്ല. ഭൗതിക വിദ്യാഭ്യാസത്തോടൊപ്പമാണ് മതവിജ്ഞാനീയങ്ങളുടെ പൂര്‍ണാര്‍ത്ഥത്തിലുള്ള നിലനില്‍പെന്ന് അര്‍ത്ഥശങ്കക്കിടമില്ലാത്തവിധം മഹാനവര്‍കള്‍ വിശദീകരിക്കുന്നുണ്ട്. കേരളത്തില്‍ പരമ്പരാഗതമായി നിലനിന്നുവരുന്ന പള്ളിദര്‍സുകളില്‍ ഗണിതശാസ്ത്രം, ഗോളശാസ്ത്രം തുടങ്ങിയ ഭൗതികവിജ്ഞാനങ്ങളെല്ലാം മതവിഷയങ്ങളോടൊപ്പം അധ്യാപനം നടത്തപ്പെടുന്നത് ഇതിന്റെ അനുരണനമായി നിരീക്ഷിക്കാവുന്നതാണ്. ശരീരത്തെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമായ ഭക്ഷണങ്ങള്‍ പോലെയാണ് വിദ്യാര്‍ത്ഥിക്ക് മതവിദ്യാഭ്യാസം. മരുന്നുകളുടെ സ്ഥാനത്ത് ഭൗതിക വിദ്യാഭ്യാസവും കടന്നുവരുന്നു. രണ്ടും അനുപേക്ഷണീയമാണെന്ന് വ്യക്തം.
സമന്വയ ദര്‍ശനത്തെ കൂടാതെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഗസാലിയന്‍ വീക്ഷണങ്ങളുടെ സുപ്രധാന തന്തു ജ്ഞാന- കര്‍മങ്ങളുടെ മിശ്രണമാണ്. അറിവിനെയും അതനുസരിച്ചുള്ള പ്രവൃത്തിയെയും പരസ്പര പൂരകങ്ങളായാണ് അദ്ദേഹം നിരീക്ഷിക്കുന്നത്; രണ്ടും സമ്മിശ്രവും സന്തുലിതവുമായി കൂടിച്ചേരുമ്പോഴേ ആരോഗ്യകരമായ അനന്തര ഫലങ്ങള്‍ ഉളവാകുകയുള്ളൂ. ജ്ഞാനമില്ലാത്ത കര്‍മവും കര്‍മം ഉള്‍ച്ചേരാത്ത ജ്ഞാനവും ഫലരഹിതമാണെന്ന് ചരിത്ര സാക്ഷ്യങ്ങളോടെ താന്‍ സമര്‍ത്ഥിക്കുന്നുണ്ട്.
ഈ സമന്വിത രീതിയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പണ്ഡിതന്മാര്‍ക്കുള്ള ഗസാലിയുടെ ഉപദേശങ്ങള്‍ ഇങ്ങനെ: ജ്ഞാനം കൊണ്ട് ഇഹലോകം ലക്ഷീകരിക്കുന്നവരാവരുത് പണ്ഡിതവൃന്ദം/ ജ്ഞാനം മൂലം പരലോകവിജയം നേടുന്നതിലാവണം പണ്ഡിതന്റെ ശ്രദ്ധ; തര്‍ക്കങ്ങളിലും വാദപ്രതിവാദങ്ങളിലും മാത്രം കേന്ദ്രീകരിക്കുന്നതിലല്ല/ ഭക്ഷണത്തിലും വസ്ത്രത്തിലും മറ്റും മധ്യനില പാലിക്കുകയും ആഡംബരം ഉപേക്ഷിക്കുകയും ചെയ്യുക/ ഭരണാധികാരികളില്‍ നിന്ന് അകന്നുനില്‍ക്കുക/ ഫത്‌വ നല്‍കുന്നതില്‍ വ്യഗ്രത കാണിക്കരുത്; പരമാവധി അതില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുക/ ആരാധനാകര്‍മങ്ങളിലെ വീഴ്ചകളെക്കുറിച്ച് ഗവേഷണങ്ങള്‍ നടത്തുക...
കേവലം സിദ്ധാന്തങ്ങളും വിചാരപ്പെടലുകളുമായി ഒതുങ്ങുന്നതിനു പകരം പ്രവൃത്തി പഥത്തില്‍ കൊണ്ടുവരാനായി എന്നതാണ് ഗസാലിയന്‍ വിദ്യാഭ്യാസ ചിന്തകളുടെ ഏറ്റവും വലിയ മേന്മ. പരലോക കേന്ദ്രീകൃതമാവണം വിദ്യാഭ്യാസത്തിന്റെ മുഴുവന്‍ ലക്ഷ്യങ്ങളുമെന്ന മൗലിക തത്വം സ്വന്തം ജീവിതത്തിലൂടെയാണ് ഇമാം ഗസാലി വിശദീകരിച്ചിരുന്നത്. ദശവര്‍ഷക്കാലം നീണ്ടുനിന്ന നിരന്തര യാത്രകള്‍ക്കു ശേഷം നൈസാപൂരില്‍ തിരിച്ചെത്തിയ കഥാപുരുഷന്‍ പില്‍ക്കാലത്ത് പ്രാവര്‍ത്തികമാക്കി വിജയപഥത്തിലെത്തിച്ചതും തന്റെ അതുല്യ പാഠ്യപദ്ധതിയെത്തന്നെ.

(ചെമ്മാട് ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈസ്ചാന്‍സ്‌ലറാണ് ലേഖകന്‍)
vc@dhiu.info

Comments

Other Post