Prabodhanm Weekly

Pages

Search

2011 ഗസാലിപ്പതിപ്പ്‌

അബൂ ഹാമിദില്‍ ഗസാലി പുതു കാലത്തെ പ്രസക്തി

മുജീബൂര്‍റഹ്മാന്‍ കിനാലൂര്‍

ലോകചരിത്രത്തില്‍ നീതിയുടെ സമ്പൂര്‍ണ സംസ്ഥാപനം സാധ്യമാവുകയും മനുഷ്യവംശം ജീവിതസാക്ഷാത്കാരം നേടുകയും ചെയ്യുന്നത് കമ്യൂണിസത്തിന്റെ വ്യാപനത്തോടുകൂടിയായിരിക്കും എന്ന ചിന്ത കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പ്രബലമായിരുന്നു. അനേകം രാജ്യങ്ങളില്‍ കമ്യൂണിസ്റ്റു പ്രത്യയശാസ്ത്രം വേരൂന്നിയപ്പോള്‍ ആ പ്രതീക്ഷ പടര്‍ന്നു കയറി. അറബ്-മുസ്‌ലിം രാജ്യങ്ങളില്‍ പോലും തങ്ങളുടെ രക്ഷകനെ തേടി കമ്യൂണിസത്തിലേക്ക് ജനങ്ങള്‍ ആകൃഷ്ടരായ കാലം വന്നു. എന്നാല്‍, അത്തരത്തിലുള്ള എല്ലാ പ്രതീക്ഷകളെയും മുച്ചീട്ടുകൊട്ടാരം പോലെ തകര്‍ത്തുകൊണ്ടാണ്, സോവിയറ്റ് യൂനിയന്റെ പതനം സംഭവിച്ചത്. കമ്യൂണിസം വിഭാവന ചെയ്യുന്ന സ്ഥിതി സമത്വവും തൊഴിലാളി വര്‍ഗ സാമ്രാജ്യവും കേവലം ഉട്ടോപ്യയാണെന്ന തിരിച്ചറിവിലേക്കാണ് ഗോര്‍ബച്ചേവിന്റെ പരിഷ്‌കാരങ്ങള്‍ സോവിയറ്റ് യൂനിയനെ കൊണ്ടെത്തിച്ചിരുന്നത്.
കമ്യൂണിസത്തിന്റെ ഏറ്റവും വലിയ പരിമിതി അത് മനുഷ്യനെ കേവലം ഒരു ഭൗതിക ജീവി എന്ന നിലയില്‍ മാത്രം അഭിവീക്ഷിക്കുന്നു എന്നുള്ളതാണ്. മനുഷ്യന്റെ ആന്തരികമായ ഒട്ടേറെ സമസ്യകള്‍ പൂരിപ്പിക്കാന്‍ കമ്യൂണിസ്റ്റ് ദര്‍ശനം അശക്തമായിരുന്നു. ഒരു ജീവി എന്ന നിലയിലുള്ള കേവല ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നതോടെ, മനുഷ്യാസ്തിത്വത്തിന്റെ മഹത്തായ മാനങ്ങള്‍ സാക്ഷാത്കരിക്കപ്പെടുമോ എന്ന ചോദ്യത്തിന് കൃത്യമായ ഒരു ഉത്തരം നല്‍കുന്നതില്‍ കമ്യൂണിസ്റ്റു ദര്‍ശനം പരാജയപ്പെട്ടു. സോവിയറ്റ് യൂണിയന്റെ പതനത്തിന്റെ പശ്ചാത്തലത്തില്‍ ജീവിതത്തിന്റെ സൂക്ഷ്മഭാവങ്ങളെ സംബോധന ചെയ്യുന്നതില്‍ കമ്യൂണിസത്തിന് സംഭവിച്ച പിഴവുകള്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. ഭൗതികമായ എല്ലാ ആവിഷ്‌കാരങ്ങള്‍ക്കുമപ്പുറം ആത്മീയ സായൂജ്യത്തിന്റെ ഒരു ദാഹം മനുഷ്യനെ പിന്തുടരുന്നുണ്ട് എന്നും പ്രധാനപ്പെട്ട ഈ വശം മാര്‍ക്‌സിസ്റ്റ് തത്വചിന്തയില്‍ പരിഗണിക്കപ്പെടുന്നില്ലെന്നും പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട് (എം പി പരമേശ്വരന്റെ 'നാലാം ലോകം' എന്ന പുസ്തകത്തില്‍ 'ആത്മീയത'യെ സംബന്ധിച്ച് ഉയര്‍ത്തിയ സംവാദം സ്മരിക്കുക)
മനുഷ്യന്റെ ഭൗതികമോഹങ്ങള്‍ പരമാവധി ത്വരിപ്പിക്കുകയും ശമിപ്പിക്കുകയുമാണ് മുതലാളിത്തത്തിന്റെ ലക്ഷ്യം. ആസക്തികളും വ്യാമോഹങ്ങളും പെരുപ്പിക്കുന്ന പ്രചാരണോപാധികള്‍ ഒരു ഭാഗത്തും, അത്യാഢംബരത്തിന്റെയും സുഖാനുഭവങ്ങളുടെയും പുത്തന്‍ ഉല്പന്നങ്ങള്‍ മറുഭാഗത്തും വെച്ചുനീട്ടുകയാണ് കാപ്പിറ്റലിസം. മനുഷ്യന്റെ അധ്വാനം കുറയ്ക്കുകയും പരമാവധി സുഖാനുഭൂതി നല്‍കുകയുമാണ് മുതലാളിത്തം. ഇവിടെ മാനവികമോ നൈതികമോ ആയ മൂല്യങ്ങള്‍ അശേഷം അത് പരിഗണിക്കുന്നില്ലെന്നു മാത്രം. കാര്‍ഷിക-വ്യാവസായിക വിപ്ലവത്തിന്റെയും ശാസ്ത്ര സാങ്കേതിക വളര്‍ച്ചയുടെയും വിവര സാങ്കേതിക വിസ്‌ഫോടനത്തിന്റെയുമൊക്കെ ആത്യന്തിക ലക്ഷ്യം, മനുഷ്യന്റെ അധ്വാനഭാരം കുറച്ച് ജീവിതസുഖം നല്‍കുക എന്നതാണ്. കമനീയമായ നഗരങ്ങളും വേഗതയേറിയ വാഹനങ്ങളും മികച്ച റോഡുകളും ഗതാഗത സൗകര്യങ്ങളും ആശയ വിനിമയോപാധികളുമെല്ലാം കൊണ്ട്  സമൃദ്ധമായ രാഷ്ട്രവും നഗരവുമാണ് മുതലാളിത്തം വിഭാവന ചെയ്യുന്നത്. കമ്യൂണിസവും ഫലത്തില്‍ മുതലാളിത്തത്തിന്റെ അതേ വികസന മാതൃകയും വളര്‍ച്ചാരീതിയും തന്നെയാണ് സ്വീകരിച്ചത് എന്നതാണ് വസ്തുത. ഭൗതിക ദര്‍ശനങ്ങളുടെ അന്തസ്സാര ശൂന്യതയെയാണിത് കാണിക്കുന്നത്. അധ്വാനഭാരം ലഘൂകരിക്കപ്പെടുന്നതോടെ കൈവരുന്ന മിച്ച സമയം എന്തിനുവേണ്ടിയാണ് എന്ന ചോദ്യം ഭൗതിക ദര്‍ശനങ്ങള്‍ക്കു മുന്നില്‍ പ്രഹേളികയായി തുടരുന്നു.
ശാസ്ത്ര സാങ്കേതിക വിദ്യക്കോ ആധുനിക കണ്ടുപിടുത്തങ്ങള്‍ക്കോ അതിനൂതന വിജ്ഞാനങ്ങള്‍ക്കോ മനുഷ്യന്റെ ആന്തരിക പ്രകൃതത്തെ ഒട്ടും  സ്പര്‍ശിക്കാന്‍ കഴിയുന്നില്ലെന്നതാണ് നമ്മുടെ അനുഭവം. മനുഷ്യന്റെ എല്ലാ നേട്ടങ്ങള്‍ക്കും മാനവികമായ ഉള്ളടക്കം നല്‍കുന്നത്, അവന്റെ ആന്തരിക ഭാവങ്ങളാണെന്നിരിക്കേ അതു മാറ്റിനിര്‍ത്തിക്കൊണ്ടുള്ള ഭൗതിക വളര്‍ച്ചകളെല്ലാം ഉപരിപ്ലവം മാത്രമായിരിക്കും. ആധുനിക മനുഷ്യനെ ഏറ്റവും ആശങ്കാകുലമാക്കുന്നത് ഈ പ്രശ്‌നമാണ്. ഭൗതിക ജീവിത സുഖങ്ങളുടെ സമൃദ്ധി നുരഞ്ഞുപൊങ്ങുമ്പോഴും, അന്തരത്തില്‍ അസഹ്യമായ ശൂന്യത മനുഷ്യനെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് നാം ഇമാം ഗസാലിയുടെ സമകാലിക പ്രസക്തി ചര്‍ച്ച ചെയ്യുന്നത്.
ഇമാം ഗസാലി താര്‍ക്കിക ദര്‍ശനങ്ങളുമായി ദീര്‍ഘകാലം മല്‍പ്പിടുത്തം നടത്തിയ അസാധാരണ  പണ്ഡിതനും ദാര്‍ശനികനുമായിരുന്നു. അസ്തിത്വത്തിന്റെ നിഗൂഢ രഹസ്യങ്ങള്‍ തേടിയുള്ള ദാര്‍ശനിക സപര്യകള്‍ക്കുവേണ്ടി ജീവിതത്തിന്റെ ദീര്‍ഘകാലം അദ്ദേഹം ഉഴിഞ്ഞുവെച്ചു. ആ അന്വേഷണമാണ് ആധ്യാത്മികമായ ഉള്‍പ്പൊരുളുകളിലേക്ക് അദ്ദേഹത്തെ നയിച്ചത്. അഞ്ഞൂറോളം കൃതികളുടെ കര്‍ത്താവായ ലോകോത്തര പണ്ഡിതനായ ഇമാം, ആത്മജ്ഞാനമാണ് സാക്ഷാല്‍ വിജ്ഞാനം എന്നാണ്  തന്റെ ജീവിതംകൊണ്ട് ഉപസംഹരിച്ചത്. ഗസാലി ചിന്തകളുടെ സമകാലിക പ്രസക്തിയും ഇതുതന്നെയാണ്.
ബൃഹദും നിഗൂഢവും സങ്കീര്‍ണവുമായ ആഖ്യാനസംവാദങ്ങളില്‍ നിന്ന് ലളിതവും തെളിച്ചമുള്ളതുമായ ആശയാവലികളിലേക്കുള്ള തിരിച്ചുനടത്തമാണ് ഉത്തരാധുനിക കാലത്തിന്റെ ദാര്‍ശനിക  സവിശേഷത. അധികാരികളും പ്രഭുക്കളും പ്രമാണിവര്‍ഗവുമാണ് ചരിത്രത്തിന്റെ നിര്‍മാതാക്കളാകാന്‍ യോഗ്യരെന്ന് വിശ്വസിക്കപ്പെട്ട ഒരു യുഗത്തിന്റെ അന്ത്യകാലമാണിത്. ഭരണാധികാരികള്‍ക്കു പകരം ഭരണീയരും പ്രമാണികള്‍ക്കു പകരം ദരിദ്രരും മേല്‍ ജാതി വര്‍ഗങ്ങള്‍ക്കു പകരം കീഴാളരും തങ്ങളുടെ ചരിത്ര ഭാഗധേയം തിരിച്ചറിയുകയും അതു പ്രഖ്യാപിക്കുകയും ചെയ്യുന്ന ഒരു കാലം. ജ്ഞാനമണ്ഡലങ്ങളെ കുത്തകയാക്കുകയും സ്വകാര്യസ്വത്താക്കുകയും ചെയ്ത മധ്യകാല പൗരോഹിത്യ രാജഭരണ അച്ചുതണ്ടിനെതിരെ പട നയിച്ച ഇമാം ഗസാലിയുടെ വഴി കൂടുതല്‍ മിഴിവോടെ വായിക്കപ്പെടേണ്ട കാലം ഇതു തന്നെയാണ്.
ആദര്‍ശ വാക്യങ്ങളിലും കനത്ത മുദ്രാവാക്യങ്ങളിലും വിശ്വാസം നഷ്ടപ്പെട്ട ഒരു സമൂഹമാണ് പുതിയ കാലത്ത് ജീവിക്കുന്നത്. മതവേദങ്ങളുടെയും മഹാമനീഷികളുടെയും പാരമ്പര്യവും പൈതൃകവും ഉയര്‍ത്തിപ്പിടിച്ച് സ്ഥാപിതമായ പ്രത്യയശാസ്ത്രങ്ങളും പ്രസ്ഥാനങ്ങളും പരിഹാസ്യ കഥാപാത്രങ്ങളായി അധപ്പതിക്കുന്നു. വായുവില്‍ പ്രകമ്പനം കൊള്ളുന്ന ആദര്‍ശമുദ്രാവാക്യങ്ങള്‍ക്കു വേണ്ടിയല്ല, അതിന്റെ ജീവിത മാതൃകകള്‍ക്കു വേണ്ടിയാണ് കാലം പരതുന്നത്. സമാനമായ ഒരു സന്ദര്‍ഭം തന്നെയായിരുന്നു, ഇമാം ഗസാലിയും അഭിമുഖീകരിച്ചത്. ജീവിത ബാഹ്യമായ തര്‍ക്കയുക്തികളുടെ കലാപമായി മതം തരംതാണ ആ കാലത്ത് മതവിജ്ഞാനത്തിന് ജീവല്‍ഭാഷ നല്‍കുകയായിരുന്നു അദ്ദേഹം  ഏറ്റെടുത്ത മുഖ്യദൗത്യം. ഗസാലിയുടെ ക്ലാസിക് രചനയായ 'ഇഹ്‌യാ ഉലുമിദ്ദീന്‍', മത വിജ്ഞാനീയങ്ങളെ ഉജ്ജീവന ഊര്‍ജമായി പരിവര്‍ത്തിക്കുന്ന അത്ഭുതകരമായ പരീക്ഷണമാണ് ചരിത്രത്തില്‍ നിര്‍വഹിച്ചത്. 'ഇഹ്‌യാ'യുടെ രചനയിലേക്കു നിര്‍ബന്ധിച്ച സാഹചര്യം ഇമാം വിശദീകരിക്കുന്നുണ്ട്: ''കാലം ദുഷിച്ചു. പണ്ഡിതന്മാരുടെ നിലവാരം മോശമായി. നാമമാത്ര പണ്ഡിതന്മാര്‍ മാത്രം അവശേഷിച്ചു. അവരുടെ മേല്‍ പിശാച് ആധിപത്യം വാണു. അവര്‍ സ്വാര്‍ഥ തല്പരരായി. നന്മയെ തിന്മയായും തിന്മയെ  നന്മയായും കണ്ടു. യഥാര്‍ഥ മതജ്ഞാനം അപ്രത്യക്ഷമായി. സന്മാര്‍ഗ ദീപം നിഷ്പ്രഭമായി. വിജ്ഞാനം മൂന്നു കാര്യങ്ങളില്‍ മാത്രം ഒതുങ്ങി; സര്‍ക്കാര്‍ താല്പര്യം സംരക്ഷിക്കാനുള്ള ഫത്‌വയില്‍, പ്രതിയോഗിയുടെ മേല്‍ വിജയം നേടാനുള്ള വാദപ്രതിവാദത്തില്‍, സാധാരണക്കാരെ സ്വാധീനിക്കാനുള്ള പ്രാസ നിബദ്ധമായ പ്രസംഗത്തില്‍...''
ഇമാം ഗസാലിയെ ഉല്‍ക്കണ്ഠപ്പെടുത്തിയ സാഹചര്യം ഇന്നും മൂര്‍ത്തമായി തന്നെ നിലനില്‍ക്കുന്നുവെന്ന് സമകാലിക ലോകം സാക്ഷ്യപ്പെടുത്തുന്നു. സുഖലോലുപതയില്‍ ആറാടുകയും ഭൂമിയില്‍ പീഡിപ്പിക്കപ്പെടുന്ന മനുഷ്യന്റെ നോവുകള്‍ വിസ്മരിക്കുകയും ചെയ്യുന്ന ഏകാധിപതികളുടെ കൊട്ടാരങ്ങളിലിരുന്ന് ഫത്‌വ എഴുതുന്ന 'ഔദ്യോഗിക മുഫ്തി'കളുടെ കാലം അവസാനിച്ചിട്ടില്ലല്ലോ. ദൈവവിശ്വാസത്തെയും ആചാരാനുഷ്ഠാനങ്ങളെയും അതിന്റെ ഹൃദയത്തില്‍ നിന്ന് പറിച്ചെടുത്ത്, അലങ്കരിച്ച വേദികളില്‍ കീറിമുറിച്ച് പ്രദര്‍ശിപ്പിക്കുന്ന വ്യായാമങ്ങളായി തന്നെ ഇന്നും മതപ്രഭാഷണങ്ങള്‍ തുടരുന്നു. വേദവാക്യങ്ങളുടെ അര്‍ഥസാരങ്ങള്‍ മറച്ചുപിടിച്ച്,  പ്രഭാഷണമികവില്‍ മാത്രം ആഹ്ലാദം കൊള്ളുകയാണ് മത പ്രബോധകര്‍.
അറിവും ജ്ഞാനവും അധികാരത്തിന്റെ മറ്റൊരു രൂപമാണ്. വേദജ്ഞാനികള്‍, അത് മറ്റുള്ളവര്‍ക്ക് നിഷേധിക്കുകയും ജ്ഞാനത്തെ ഉപയോഗിച്ച് സമൂഹത്തില്‍ സ്വന്തം അധികാര മണ്ഡലം സ്ഥാപിക്കുകയും ചെയ്യും. ചെറുപ്രായത്തില്‍ തന്നെ വിശ്രുതനായ ഒരു പണ്ഡിതനും ചിന്തകനുമായി മാറിയ ഇമാം ഗസാലിക്ക് ജ്ഞാനം അധികാരത്തിന്റെ ആയുധമായി മാറുന്നത് സ്വയം അനുഭവിച്ചറിയാന്‍ സാധിച്ചിരുന്നു. ഗുരു എന്ന നിലയില്‍ രൂപപ്പെട്ടു വന്ന ശിഷ്യവൃന്ദത്തിന്റെ സ്തുതി കീര്‍ത്തനങ്ങളും ഭവ്യഭാവങ്ങളും അദ്ദേഹത്തെ ഭയപ്പെടുത്തി. സ്തുതിപാഠകനെ തിരിച്ചറിയുന്നവനാണ് ജ്ഞാനി എന്ന് അദ്ദേഹത്തിന് വെളിപ്പെട്ടു. തന്റെ ആത്മകഥയായ 'അല്‍മുന്‍ഖിദു മിനള്ളലാല്‍' എന്ന ഗ്രന്ഥത്തില്‍ ഇമാം, ജീവിതത്തിലുണ്ടായ ഈ വഴിത്തിരിവ് വികാര തീവ്രതയോടെ വിശദീകരിക്കുന്നുണ്ട്.
മനുഷ്യന്റെ സകലമാന അസ്വസ്ഥതകള്‍ക്കും അസമാധാനത്തിനും കാരണം ഭൗതിക യുക്തികളിലുള്ള അന്ധമായ വിശ്വാസമാണെന്ന് ഗസാലിയുടെ കൃതികള്‍ വിശദീകരിക്കുന്നുണ്ട്. ഭൗതിക യുക്തികളെയും കാര്യകാരണങ്ങളെയും തിരസ്‌കരിക്കാതെ തന്നെ അതിലുള്ള അമിതമായ ആലംബം അപകടകരമാണെന്ന തത്വമാണ് ഗസാലി മുന്നോട്ടുവെക്കുന്നത്. പ്രാപഞ്ചിക പ്രതിഭാസങ്ങളുടെ വിശദീകരണത്തിന് കേവല ഭൗതികനിയമങ്ങളെ ആശ്രയിക്കുന്നതിലെ മൗഢ്യം അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. ഭൗതിക ബലതന്ത്രങ്ങള്‍ക്കെല്ലാമുപരിയായ അന്തിമ പരാശക്തിയിലുള്ള അടിയുറച്ച വിശ്വാസം ജീവിതത്തെക്കുറിച്ച് പതിന്മടങ്ങ് പ്രതീക്ഷ വര്‍ധിപ്പിക്കുകയും ആത്മ വിശ്വാസമുണര്‍ത്തുകയും ചെയ്യും. മറിച്ചാകുമ്പോള്‍, നിരാശയുടെ മേഘങ്ങള്‍ ജീവിതത്തില്‍ നിരന്തരം കരിനിഴല്‍ വീഴ്ത്തിക്കൊണ്ടിരിക്കും.
അധികാരവും ആര്‍ത്തിയും വ്യാമോഹങ്ങളും മനുഷ്യജീവിതം നരകത്തിലേക്ക് ആനയിക്കും. അതിനാല്‍ പാരത്രിക ജീവിതത്തിലെ വിജയം മുന്‍നിര്‍ത്തി ഭൗതിക ആര്‍ത്തികളെ നിയന്ത്രിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്യുന്നു. ആധ്യാത്മിക മാര്‍ഗത്തിലൂടെ ആത്മീയ ആനന്ദം കണ്ടെത്താന്‍ സഹായിക്കുന്ന, അദ്ദേഹത്തിന്റെ 'കീമിയാ ഉസ്സആദ' ഇന്നും വളരെ പ്രസക്തമാണ്. സൗഭാഗ്യത്തിന്റെ രസതന്ത്രം ആത്മീയ ജീവിതത്തിലാണെന്ന് ഇമാം ഗസാലി സ്വന്തം സാധനയിലൂടെ ബോധ്യപ്പെടുത്തുന്നു. രാജാവായ അബുല്‍ ഹസന്‍ മസ്ഊദിന് എഴുതിയ ഒരു കത്തില്‍  അദ്ദേഹം ഇപ്രകാരം പറയുന്നു: ''ഭൗതിക മോഹങ്ങള്‍ വര്‍ജിക്കുകയും ഗുണകരമായ അറിവിനു വേണ്ടി അപ്രധാന സംഗതികള്‍ ത്യജിക്കുകയും പദവി അവഗണിക്കുകയും ചെയ്യുന്നതുവരെ പ്രബുദ്ധത കൈവരിക്കുകയില്ല. ബുദ്ധി കൊണ്ട് മാത്രം അളക്കാന്‍ കഴിയുന്നതല്ല മനുഷ്യന്റെ മൂല്യം. ആത്മീയമായ പവിത്രതയിലാണ് ആ മൂല്യം കുടികൊള്ളുന്നത്.''
രാഷ്ട്രീയാധികാരം മനുഷ്യ വ്യവഹാരങ്ങളിലെ സുപ്രധാന ഭാഗമാണെന്ന് ഇമാം ഗസാലി നന്നായി മനസ്സിലാക്കിയിരുന്നു. അദ്ദേഹം ജീവിച്ച കാലത്തെ ഭരണാധികാരികളോടെല്ലാം സൗഹൃദം നിലനിര്‍ത്താനും അദ്ദേഹം ശ്രമിച്ചിരുന്നു. എന്നാല്‍, ആ സൗഹൃദം ഒരു വിധേയത്വമാകരുതെന്ന നിര്‍ബന്ധം അദ്ദേഹം കാത്തുസൂക്ഷിച്ചു. ഭരണാധികാരികളെ നേര്‍വഴിക്കു നടത്താനുള്ള ആജ്ഞാശക്തി മതപണ്ഡിതന്മാര്‍ക്ക് കൈമോശം വന്നുകൂടെന്ന് അദ്ദേഹം ശഠിച്ചു. അതിനാല്‍, അധികാരികളുടെ വിനീത വിധേയന്മാരാകുന്നതില്‍ നിന്ന് പണ്ഡിതരെ അദ്ദേഹം കര്‍ശനമായി വിലക്കി. രാജകൊട്ടാരങ്ങള്‍ സന്ദര്‍ശിക്കുകയോ ഭരണകൂടത്തില്‍ നിന്ന് ശമ്പളമായി ഒന്നും സ്വീകരിക്കുകയോ ഇല്ലെന്നും അത് ജനസേവനത്തിന്റെ വിശ്വാസ്യത ഇല്ലാതാക്കുമെന്നും ഇമാം പ്രതിജ്ഞ എടുത്തിരുന്നു. ആ പ്രതിജ്ഞ വിവിധ സന്ദര്‍ഭങ്ങളില്‍, അദ്ദേഹം ഓര്‍ത്തുകൊണ്ടിരുന്നു.
'അയ്യുഹല്‍ വലദ്' എന്ന ഗസാലിയുടെ പ്രഖ്യാത ഗ്രന്ഥത്തില്‍ പണ്ഡിത സമൂഹത്തിനു നല്കുന്ന ഉപദേശം ഇതാണ്: ''ഭരണാധികാരികളില്‍ നിന്നും രാജാക്കന്മാരില്‍ നിന്നും അകന്നു ജീവിക്കണം. അവരുടെ കൂടെ കഴിയരുത്. അവരെ കാണരുത്. കാരണം അവരെ കാണുന്നതും കൂടെ ഇരിക്കുന്നതും അവര്‍ക്കൊപ്പം കഴിയുന്നതും വലിയ അപകടം വരുത്തും. എന്നാല്‍ ഇക്കാര്യങ്ങള്‍ ചെയ്യാന്‍ നീ നിര്‍ബന്ധിതമായാല്‍ അവരെ പ്രശംസിക്കുകയോ പുകഴ്ത്തുകയോ അരുത്. തെമ്മാടിയും അക്രമിയും വാഴ്ത്തപ്പെടുന്നത് അല്ലാഹുവിന് കോപമുണ്ടാക്കും... ഭരണാധികാരികളുടെയും രാജാക്കന്മാരുടെയും സാമ്പത്തിക സഹായങ്ങളും പാരിതോഷികങ്ങളും സ്വീകരിക്കരുത്. അവ അനുവദനീയ ധനത്തില്‍ നിന്നാണെന്ന് നിനക്ക് അറിയാമെങ്കില്‍ പോലും.'' ബുദ്ധിജീവികളും പണ്ഡിതന്മാരും മതാധ്യക്ഷന്മാരും, സാമ്രാജ്യത്വത്തിനും ഭരണകൂടങ്ങള്‍ക്കും കൂലിവേല ചെയ്യുകയും അധികാര വ്യാപനത്തിന് അനുകൂല സൂത്രവാക്യങ്ങള്‍ പാകം ചെയ്തുകൊടുക്കുകയും ചെയ്യുന്ന സമീപകാല ലോകസാഹചര്യത്തില്‍ ഇമാം ഗസാലിയുടെ നിലപാട് പ്രസക്തമായിത്തീരുന്നു.
അധികാരിവര്‍ഗത്തിനു നേരെ ചോദ്യമുന്നയിക്കുകയും ജനരോഷമുയര്‍ത്തി, ജനവിരുദ്ധ സമീപനങ്ങളെ തിരുത്തുകയും ചെയ്യുന്ന പൗരസമൂഹമോ, സിവില്‍ രാഷ്ട്രീയമോ അചിന്ത്യമായിരുന്ന ഒരു  കാലഘട്ടത്തിലാണ് ഇമാം ഗസാലി ജീവിച്ചിരുന്നത്. എന്നാല്‍, ഒരു ജനകീയ പ്രതിപക്ഷത്തെ സംബന്ധിച്ച ആശയങ്ങള്‍ അദ്ദേഹത്തിന്റെ കൃതികളിലും ചിന്തകളിലും വായിച്ചെടുക്കാന്‍ സാധിക്കും. ജനവിരുദ്ധ നടപടികളിലൂടെ കുപ്രസിദ്ധനായ മുജീറുദ്ദീനെ താക്കീതു ചെയ്ത് ഇമാം എഴുതിയ കത്തുകള്‍, അനീതിയോടുള്ള കര്‍ക്കശ നിലപാടന്റെ പ്രതിഫലനമാണ്. ഒരിക്കല്‍ ഇമാം എഴുതി: ''മുന്‍ മന്ത്രിമാരൊന്നും ചീത്ത പ്രവര്‍ത്തികള്‍ക്ക് താങ്കളുടെയത്ര കുപ്രസിദ്ധരായിരുന്നില്ല എന്ന കാര്യം ഞാന്‍ താങ്കളെ ഓര്‍മിപ്പിക്കേണ്ടി വന്നിരിക്കുന്നു. താങ്കളുടെ ഭരണകൂടം ചെയ്യുന്ന ജനദ്രോഹത്തിന് കയ്യും കണക്കുമില്ല. എന്നിട്ടും ത്വൂസിലെ ജനങ്ങളോട് അല്പം പോലും ദയ താങ്കള്‍ക്കില്ല. മുമ്പ് ഏറെ അനുഭവിച്ചവരാണവര്‍. താങ്കള്‍ക്കെതിരായ ഈ സംഗതികള്‍ പറയുന്നത് ഇഷ്ടമല്ലെന്നറിയാം. പക്ഷെ, വിചാരണ നാളില്‍ തെറ്റു ചെയ്തവര്‍ മാത്രമല്ല ശിക്ഷിക്കപ്പെടുകയെന്ന് പ്രവാചകന്‍ അരുളിയിട്ടുണ്ട്. കഴിയുന്നത്ര വേഗം അഴിമതിയും സ്വജനപക്ഷപാതവും അനീതിയും കൈക്കൂലിയും ക്രൂരതയും നിര്‍മാര്‍ജനം ചെയ്യുക. ജനങ്ങളാണ് നമ്മുടെ രാഷ്ട്രത്തിന്റെ കീര്‍ത്തിയും ധനത്തിന്റെ സ്രോതസ്സും. ജനങ്ങളുടെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി താങ്കള്‍ക്കറിയില്ല. നാട്ടില്‍ വിളയാടുന്ന അരാജകത്വത്തെക്കുറിച്ചും താങ്കള്‍ക്കൊരു രൂപവുമുണ്ടാകില്ല. അഴിമതിക്കാരായ റവന്യൂ ഉദ്യോസ്ഥന്മാര്‍ ജനങ്ങളുടെ അജ്ഞത ചൂഷണം ചെയ്ത് ലാഭമുണ്ടാക്കുന്നു. നികുതികളും മറ്റു സര്‍ക്കാര്‍ വിഹിതങ്ങളും അവര്‍ പൊതു ഖജനാവില്‍ അടയ്ക്കുന്നില്ല.
പ്രജകളെ കുറിച്ചു ചിന്തിക്കുക. ദാരിദ്ര്യവും കഷ്ടപ്പാടും നിമിത്തം അവരുടെ ജീവിതം തകര്‍ന്നിരിക്കുകയാണ്. ശോഷിച്ച് കൈകാലുകള്‍ വിറയ്ക്കുന്ന അവസ്ഥയിലാണവര്‍. നീണ്ട ഉത്ക്കണ്ഠ അവരെ വെറും അസ്ഥി കൂടങ്ങളാക്കി രൂപാന്തരപ്പെടുത്തിയിരിക്കുന്നു. അതേ സമയം താങ്കള്‍ നിസ്സംഗ ആര്‍ഭാടത്തില്‍ രമിക്കുന്നു. ഖുറാസാനും ഇറാഖും നശിക്കുകയാണെങ്കില്‍ അത് അവയുടെ ഭരണച്ചുമതല ഏല്പിക്കപ്പെട്ട മന്ത്രിമാര്‍ നിമിത്തമായിരിക്കും.''
ഭൗതിക വിഭവങ്ങള്‍ കൊണ്ട് സമ്പന്നമാണ് ആധുനിക ജീവിതം എന്ന പ്രതീതി ലോകനഗരങ്ങള്‍ പ്രേഷണം ചെയ്യുന്നുണ്ട്. മാളുകളും വന്‍കിട വിപണന കേന്ദ്രങ്ങളും പണത്തിന്റെ പളപളപ്പ് പ്രകടമാക്കുന്ന ആര്‍ഭാടങ്ങളും നിറഞ്ഞതാണ് ഓരോ നഗരക്കാഴ്ചയും. രാഷ്ട്രങ്ങളുടെ അഭിമാന ചിഹ്‌നങ്ങളായി ഇത്തരം നഗരങ്ങളാണ് ഉയര്‍ത്തപ്പെടുന്നതും. എന്നാല്‍ ലോകജനസംഖ്യയുടെ മുക്കാല്‍ പങ്കും കടുത്ത പട്ടിണിയിലും വിഭവ ശോഷണത്തിലും നടുവൊടിഞ്ഞിരിക്കുകയാണെന്ന പരമ സത്യം മറച്ചുവെക്കപ്പെട്ടിരിക്കുന്നു. ആഗോളവത്കരണാനന്തരം നിലവില്‍ വന്ന നവലിബറല്‍ സമൂഹത്തില്‍ ധനികര്‍ വീണ്ടും തടിച്ചു കൊഴുക്കുകയും ദരിദ്രര്‍ കൂടുതല്‍ ദരിദ്രവത്കരിക്കപ്പെടുകയുമാണ് ചെയ്യുന്നത്. ലോകത്തിന്റെ മൊത്തം വിഭവ സമ്പത്തിന്റെ മഹാപങ്ക് ഏതാനും ചില കോടീശ്വരന്മാരുടെ കൈകളിലാണെന്നതും അനിഷേധ്യമാണ്. ലോകം ഇന്നനുഭവിക്കുന്ന ഭക്ഷ്യക്കമ്മി, ജലക്കമ്മി, ഇന്ധനക്ഷാമം, പോഷകക്കുറവ്, വര്‍ധിച്ചുവരുന്ന രോഗങ്ങള്‍, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം അധികാരത്തിന്റെയും ധനത്തിന്റെയും കുത്തകവത്കരണവുമായി ബന്ധപ്പെട്ടതാണ്. ഭൗതിക വിഭവങ്ങളുടെ അമിത ചൂഷണത്തെയും ദുര്‍വ്യയത്തെയും പേര്‍ത്തും പേര്‍ത്തും വിമര്‍ശിക്കുന്ന നിരവധി താക്കീതുകള്‍ ഗസാലി പഠനങ്ങളില്‍ നിറഞ്ഞുനില്ക്കുന്നതുകാണാം. ജീവിത ലാളിത്യവും മോഹങ്ങളുടെ നിയന്ത്രണവും ത്യജിക്കാനും സഹിക്കാനുമുള്ള മനോഭാവവും വളര്‍ത്തിയെടുത്തുകൊണ്ടല്ലാതെ ലോത്തിന്റെ വിഭവക്കമ്മിയെയും അസന്തുലിതത്വത്തെയും ആത്യന്തികമായി നിര്‍മൂലനം ചെയ്യാനാകുകയില്ല എന്നതാണ് ഗസാലി ചിന്തകള്‍ മുന്നോട്ടു വെക്കുന്നത്. 'ഇഹ്‌യ'യില്‍ ധാരാളം അധ്യായങ്ങള്‍ ജീവത്യാഗത്തിലൂടെ കൈവരുന്ന ആത്മധന്യതയുടെ മാധുര്യം അനുഭവിപ്പിക്കുന്നുണ്ട്.
ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ വായനക്കാരെ ആകര്‍ഷിക്കുന്നത് പ്രത്യയശാസ്ത്ര കൃതികളോ ദര്‍ശനങ്ങളോ ശാസ്ത്ര കൃതികളോ അല്ല. മറിച്ച് ധനാത്മക ചിന്ത (positive thought) ഉണര്‍ത്തുന്നതും ആത്മാനുഭൂതി പകരുന്നതുമായ രചനകളാണ്. ആത്മീയാനന്ദ രസം പകരുന്ന  ബ്രസീലിയന്‍ എഴുത്തുകാരന്‍ പൗലോ കൊയ്‌ലോയുടെ നോവലുകളും രചനകളും ഒരേ സമയം നിരവധി ലോക ഭാഷകളില്‍ പുറത്തിറങ്ങുന്നത്, പുതിയ കാലത്തിന്റെ വായനാ പ്രവണതയെയും ലോകമനസ്സിന്റെ അനുഭൂതി മണ്ഡലത്തെയുമാണ് അടയാളപ്പെടുത്തുന്നത്. തീര്‍ച്ചയായും ഇമാം ഗസാലിയുടെ കൃതികള്‍, ഇത്തരമൊരു സന്ദര്‍ഭത്തില്‍ പുനരവതരിപ്പിക്കപ്പെടേണ്ടതുണ്ട്. ഇഹ്‌യാ ഉലുമിദ്ദീനും കീമിയാ ഉസ്സആദയുമൊക്കെ വായനക്കാരില്‍ സൃഷ്ടിക്കുന്ന ആത്മാനുഭൂതി അവാച്യമാണ്. മനുഷ്യവികാരങ്ങളും ചോദനകളും ആത്മീയ സംത്രാസങ്ങളും ശാശ്വത ഭാവമുള്ളതാണ്. മനുഷ്യന്റെ ആധ്യാത്മിക അനുഭൂതികളെ ഉണര്‍ത്തുന്ന അതിശക്തമായ ചിന്തകള്‍ എന്ന നിലയില്‍, മനുഷ്യരാശിയെ  വിമോചനത്തിലേക്ക് വഴികാട്ടുന്ന ധ്യാനസപര്യ എന്ന നിലയില്‍ ഇമാം ഗസാലിയുടെ കൃതികള്‍ പുതിയ കാലത്തും സൂര്യവെളിച്ചമായി ഉദിച്ചുനില്‍ക്കുന്നു.

(ഐ.എസ്.എം സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍)
kinalur@gmail.com

Comments

Other Post