Prabodhanm Weekly

Pages

Search

2011 ഗസാലിപ്പതിപ്പ്‌

അബൂ ഹാമിദില്‍ ഗസാലി ജ്ഞാനാന്വേഷണങ്ങള്‍

വി.എ കബീര്‍

തത്ത്വജ്ഞാനി, ആത്മീയാചാര്യന്‍, നവോത്ഥാന ചിന്തകന്‍ എന്നീ നിലകളിലെല്ലാം സ്വന്തവും സ്വതന്ത്രവുമായ വഴിവെട്ടിത്തെളിയിച്ച ഇമാം ഗസാലി ഹിജ്‌റ അഞ്ചാം നൂറ്റാണ്ടില്‍ വലിയൊരു പ്രകാശഗോപുരമായി വിരാജിച്ചു. എല്ലാ മണ്ഡലങ്ങളിലും സ്വീകരിച്ച മധ്യമ നിലപാടുകള്‍ വഴി എക്കാലത്തേക്കും പ്രസക്തമായ മാതൃക സൃഷ്ടിക്കാന്‍ അദ്ദേഹത്തിനു സാധിക്കുകയുണ്ടായി. ധിഷണാശാലികളെയും സാധാരണക്കാരെയും ഒരുപോലെ അഭിസംബോധന ചെയ്യാന്‍ സാധിച്ചു എന്നതാണ് ദര്‍ശനങ്ങളിലെയും ആത്മീയ സരണികളിലെയും കള്ളനാണയങ്ങളെ വേര്‍തിരിച്ചു കാണിച്ച ഈ ചിന്തകന്റെ ഒരു പ്രത്യേകത. ദന്തഗോപുരവാസിയായ ഒരു ദാര്‍ശനികനായല്ല ഗസാലി ചരിത്രത്തില്‍ പ്രതിഷ്ഠ നേടിയത്. അദ്ദേഹത്തിന്റെ മാഗ്നം ഓപ്പസായ ഇഹ്‌യാ ഉലൂമിദ്ദീന്‍ ശീര്‍ഷകം സൂചിപ്പിക്കുന്നതുപോലെ ജ്ഞാന സഞ്ജീവനി തന്നെയാണ്. ഏത് സാധാരണക്കാരനും ഗസ്സാലി അതിലൂടെ പ്രാപ്യമാകുന്നു. യഥാര്‍ഥ ജ്ഞാനത്തിലൂടെ ജീവിത സാക്ഷാത്കാരം സംസിദ്ധമാകുന്നു.

സന്ദേഹത്തില്‍ നിന്ന് തീര്‍പ്പിലേക്ക്
ജ്ഞാനാന്വേഷണങ്ങളുടെ സാക്ഷാത്കാരം തന്നെയായിരുന്നു ഈ സിദ്ധ പ്രതിഭയുടെയും ജീവിതം. സന്ദേഹവാദി (Agnostic)യായിരുന്നു തുടക്കത്തില്‍ ഗസാലിയും. ഭ്രഷ്ടചിന്തകളുടെ ചുറ്റുവഴികളിലൂടെ കുറേകാലം അലഞ്ഞു നടന്ന ശേഷമാണ് ഗസാലി സത്യപാതയില്‍ എത്തിച്ചേരുന്നത്. ചിന്തകളുടെ ആ കുഴമറിച്ചിലുകളെ കുറിച്ച് ആത്മകഥാപരമായ അല്‍മൂന്‍ഖിദു മിനദ്ദലാല്‍( ഭ്രഷ്ട പഥങ്ങളില്‍ നിന്നുള്ള മോചനം) എന്ന കൃതിയില്‍ ഗസാലി വിവരിക്കുന്നുണ്ട്. ചിന്താപരമായ പ്രതിസന്ധികളുടെ ഇത്തരം ഘട്ടങ്ങളെ അഭിമുഖീകരിക്കേണ്ടിവന്ന ജീവിതങ്ങള്‍ വേറെയുമുണ്ട്. 'ഗുരോ എനിക്ക് ദൈവവിശ്വാസത്തില്‍ സന്ദേഹമുണ്ടെന്ന്' സങ്കടപ്പെട്ട ശിഷ്യനോട് ഇമാം ജഅ്ഫര്‍ സാദിഖ് പറഞ്ഞത് 'വത്സാ, നീ സത്യത്തിന്റെ പ്രഥമ ചുവട് വെപ്പിലാണ്' എന്നായിരുന്നുവത്രെ. ഇന്ത്യക്കാരനായ മൗലാനാ അബ്ദുല്‍ മാജിദ് ദര്‍യാബാദിയും ജീവിതത്തിന്റെ ആദ്യകാലത്ത് ഒരു സന്ദേഹവാദിയായിരുന്നു. പാശ്ചാത്യവും പൗരസ്ത്യവുമായ ദര്‍ശനങ്ങളുടെ പിരിയന്‍ വഴികളിലൂടെ അലഞ്ഞു നടന്ന ശേഷമാണ് മൗലാനാ അശ്‌റഫലി ഥാനവിയുടെ ആത്മീയ ശാദ്വലതയില്‍ അദ്ദേഹം വിശ്രാന്തി കണ്ടെത്തുന്നത്. ഇംഗ്ലീഷിലും ഉര്‍ദുവിലും വരിഷ്ടങ്ങളായ രണ്ട് വ്യത്യസ്ത ഖുര്‍ആന്‍ഭാഷ്യങ്ങള്‍ എഴുതാനും പില്‍ക്കാലത്ത് ദര്‍യാബാദിക്ക് സാധിച്ചു. തത്ത്വശാസ്ത്രങ്ങളുടെ വ്യര്‍ഥതയെക്കുറിച്ച് ഇമാം റാസി തന്നെയും പില്‍ക്കാലത്ത് ഖേദിച്ചിട്ടുണ്ട്. ശറഹുല്‍ കബീറില്‍ അദ്ദേഹം ഇങ്ങനെ എഴുതുകയുണ്ടായി:
''ദൈവശാസ്ത്രത്തിലും എല്ലാ തത്ത്വശാസ്ത്രധാരകളിലും എന്റെ ആലോചനകള്‍ വ്യാപരിച്ചിട്ടുണ്ട്. പക്ഷേ, അവയൊന്നും രോഗമുക്തിക്കോ ദാഹശമനത്തിനോ പര്യാപ്തമായി എനിക്ക് അനുഭവപ്പെട്ടിട്ടില്ല. ഈ വിഷയത്തില്‍ യാഥാര്‍ഥ്യത്തോട് ഏറ്റവും സമീപസ്ഥമായി ഞാന്‍ കണ്ടത് ഖുര്‍ആന്റെ മാര്‍ഗമാണ്. എന്റെ ഈ അനുഭവം നേരിട്ടവര്‍ക്കൊക്കെ ഞാന്‍ മനസ്സിലാക്കിയ സത്യം വ്യക്തമാകും.''
അശ്അരി ചിന്താധാരയിലെ ഇമാം ജുവൈനിയുടെയും ഹനഫീ കര്‍മസരണിയുടെ ഉപജ്ഞാതാവായ ഇമാം അബൂ ഹനീഫയുടെയും അനുഭവങ്ങളും റാസിയുടേതിന് സദൃശ്യമായിരുന്നു. 'ഒടുവില്‍ ഞാനിതാ എന്റെ മാതാവിന്റെ വിശ്വാസത്തില്‍ തിരിച്ചുവന്ന് യാത്രയാകുന്നു' (ഹാ അന ദാ അമൂതു അലാ അഖീദതി ഉമ്മീ)എന്ന് ചരമ ശയ്യയില്‍ വെച്ച് ജുവൈനി ചെയ്ത പ്രസ്താവന പ്രസിദ്ധമാണ്.
അബൂ ഹനീഫയും ഈശ്വരവിജ്ഞാനീയത്തിന്റെയും തത്ത്വശാസ്ത്രത്തിന്റെയും മോഹിപ്പിക്കുന്ന വെളിച്ചത്തില്‍ കുറേകാലം കറങ്ങിത്തിരിയുകയുണ്ടായി. പിന്നീടാണ് പ്രായോഗിക ജീവിതവുമായി ബന്ധപ്പെട്ട നിയമ മീമാംസ(ഫിഖ്ഹ്)യിലേക്ക് അദ്ദേഹം ചുവടു മാറുന്നത്. അക്കഥ അദ്ദേഹം വിവരിക്കുന്നത് ഇങ്ങനെ: ''ദൈവശാസ്ത്രത്തില്‍ നല്ല തര്‍ക്കപാടവമുള്ള വ്യക്തിയായിരുന്നു ഞാന്‍. അതില്‍ സംശയിച്ചും അതുപയോഗിച്ച് തര്‍ക്കിച്ചും അതിനെ പ്രതിരോധിച്ചും കുറച്ചുകാലം കടന്നുപോയി. അന്ന് തര്‍ക്കവിശാരദന്മാരുടെ കേന്ദ്രം ബസ്വറയായിരുന്നു. ഇരുപതില്‍ പരം പ്രാവശ്യം ഞാന്‍ ബസ്വറയില്‍ പോവുകയുണ്ടായി. ഏതാണ്ടൊരു വര്‍ഷം, ചിലപ്പോള്‍ അതിലധികവും ചിലപ്പോള്‍ കുറവും അവിടെ തങ്ങും. ഖവാരിജുകളില്‍ പെട്ട ഉബാദിയ്യ, സുഫ്‌രിയ്യ തുടങ്ങിയ വിഭാഗങ്ങളുമായി ഞാന്‍ തര്‍ക്കിച്ചിട്ടുണ്ട്. ദൈവശാസ്ത്രത്തെ ഏറ്റവും വിശിഷ്ടമായ വിജ്ഞാന ശാഖയായിട്ടായിരുന്നു അന്ന് ഞാന്‍ പരിഗണിച്ചിരുന്നത്. അതില്‍ വല്ല നന്മയുമുണ്ടായിരുന്നെങ്കില്‍ സച്ചരിതരായ പൂര്‍വ ഗാമികള്‍ അത് വരിക്കുമായിരുന്നുവെന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്. അങ്ങനെ ആ ചിന്താപദ്ധതി ഞാന്‍ കൈവെടിഞ്ഞു.''
തത്ത്വശാസ്ത്രങ്ങളുടെയും ദൈവശാസ്ത്രങ്ങളുടെയും ആഴങ്ങളില്‍ വിഹരിച്ച ധിഷണശാലിയായിരുന്നു ഗസാലിയും. അരിസ്റ്റോട്ടിലിന്റെയും പ്ലാറ്റോയുടെയും ദര്‍ശനങ്ങളില്‍ മനനം ചെയ്ത ഫാറാബിയുടെയും ഇബ്‌നുസീനയുടെയും തത്ത്വശാസ്ത്ര ചിന്തകളെ മികച്ച രീതിയില്‍ ഗസാലി സമര്‍പ്പിച്ചിട്ടുണ്ട്. ഗസാലിയുടെ 'തത്ത്വശാസ്ത്ര ജാടകളും' (തഹാഫുതുല്‍ ഫലാസിഫ) അതിനെ ഖണ്ഡിച്ചുകൊണ്ട് ഇബ്‌നു റുശ്ദ് രചിച്ച 'ജാടകളുടെ ജാട' (തഹാഫുതു ത്തഹാഫുത്)കളും പ്രസിദ്ധങ്ങളാണ്. വിശ്വാസത്തിന്റെ വിഷയത്തില്‍ ദൈവശാസ്ത്ര സമീപനം ഗസാലിയെ തൃപ്തിപ്പെടുത്തിയില്ല. അദ്ദേഹത്തിന്റെ ജ്ഞാനപദ്ധതി ദൈവശാസ്ത്രകാരന്മാരില്‍ നിന്ന്- മുതകല്ലിമീന്‍-വേറിട്ടുനിന്നു.

ജ്ഞാനാന്വേഷണം
ഗസാലിയുടെ ജ്ഞാനാന്വേഷണത്തിന്റെയും ജ്ഞാന വിശകലനത്തിന്റെയും ദര്‍പ്പണമാണ് അദ്ദേഹത്തിന്റെ മുന്‍ ചൊന്ന 'അല്‍ മുന്‍ഖിദ് മിന ദ്ദലാല്‍' (ഭ്രഷ്ടപഥങ്ങളില്‍ നിന്ന് മോചനം) എന്ന കൃതി. ചിന്താബന്ധുരവും ആപാത മധുരവുമാണ് ജ്ഞാനേന്ദ്രീയങ്ങളുമായുള്ള അതിലെ സംവാദം (വായനക്കാരന്റെ ചിന്തയെയും മനസ്സിനെയും ജാഗ്രത്താക്കി നിര്‍ത്തുന്ന ഈ സംഭാഷണ ശൈലി 'ഖിസ്ത്വാസ്' പോലുള്ള ഇതര കൃതികളിലും കാണാം). വായനക്കാരന് സ്വത്വനാശം സംഭവിച്ച് അവനെ കേവലം ഒരു ശബ്ദലേഖന നാടയാക്കി മാറ്റുമെന്നാണ് കഴിഞ്ഞ നൂറ്റാണ്ടില്‍ ജീവിച്ച ഈജിപ്തിലെ തത്ത്വശാസ്ത്ര ബുദ്ധിജീവിയായ ഡോ. സക്കീ നജീബ് മഹ്മൂദ് 'അല്‍ മുന്‍ഖിദി'ന്റെ വായനാനുഭവത്തെക്കുറിച്ച് വര്‍ണിച്ചിട്ടുള്ളത്. ജ്ഞാനസ്രോതസ്സുകളെ സംബന്ധിച്ച ഗസാലിയുടെ വിശകലനം ചിന്തയുടെ നിരവധി വാതായനങ്ങള്‍ തന്റെ മുന്നില്‍ തുറന്നിട്ടു എന്ന് സക്കീ നജീബ് എഴുതുന്നു.

ജ്ഞാനസ്രോതസ്സുകള്‍
ജ്ഞാന സ്രോതസ്സുകളെ പല പദവികളിലായി ഗസാലി വിഭജിക്കുന്നു. ദൃഢജ്ഞാനത്തിലേക്കുള്ള പടവുകളാണവ. ഒരു നിശ്ചിത വസ്തുവെക്കുറിച്ച് ജനം തലമുറകളായി കേട്ടുപോരുന്ന (മുതവാതിര്‍) ജ്ഞാനമാണ് ഒരു ഇനം. ഈ വസ്തു ഒന്നുകില്‍ ദൃശ്യവസ്തുവാകാം. പക്ഷേ, ശ്രോതാവ് അതിനെ സ്വന്തം ദൃഷ്ടികൊണ്ട് കണ്ടിട്ടില്ല. അല്ലെങ്കില്‍ ശ്രാവ്യ ശബ്ദവുമായി ബന്ധപ്പെട്ടതാവാം. പക്ഷേ, സ്വന്തം ചെവി കൊണ്ട് അവന്‍ അത് കേട്ടിട്ടില്ല. കര്‍ണാ കര്‍ണികയാ ലഭ്യമാകുന്ന ഈ ജ്ഞാന സ്രോതസ്സ് ഏറ്റവും ദുര്‍ബലമായ ജ്ഞാന സ്രോതസ്സായാണ് ഗസാലി പരിഗണിക്കുന്നത്; ജ്ഞാന ശ്രേണിയുടെ ഏറ്റവും താഴേ പടി. തുടര്‍ന്ന് ഈ പടിയില്‍ നിന്ന് ഇമാം തൊട്ട് മുകളിലേക്കുള്ള പടിയിലേക്ക് നീങ്ങുന്നു. പഞ്ചേന്ദ്രിയങ്ങളിലൂടെ ലഭ്യമാകുന്ന ജ്ഞാനമാണത്. ജ്ഞാനത്തെ അതിന്റെ ഉറവിടത്തില്‍ നിന്ന് നേരിട്ട് ഗ്രഹിക്കുകയാണ് ഇവിടെ അന്വേഷകന്‍-ഗ്രഹീതാവ് സ്വന്തം ദൃഷ്ടിയില്‍ നേരിട്ട് കണ്ടോ സ്വന്തം ചെവിയാല്‍ നേരിട്ട് കേട്ടോ അങ്ങനെ; മറ്റുള്ളവര്‍ ഉദ്ധരിച്ചത് കേള്‍ക്കുകയല്ല. ഇതിനും മുകളിലാണ് ബുദ്ധിപരമായ ജ്ഞാനം. ബുദ്ധിപരമായ തെളിവുകളും ന്യായങ്ങളുമാണ് ഈ ജ്ഞാനത്തിന്റെ അടിസ്ഥാനം. ഇതിനു ശേഷം വരുന്നതാണ് സന്ദിഗ്ധതയുടെ യാതൊരു ലാഞ്ഛനയുമില്ലാത്ത ശുദ്ധ ജ്ഞാനം. വെളിച്ചം (നൂര്‍) എന്നാണ് ഗസാലി ഇതിനെ വ്യവഹരിക്കുന്നത്. ദൈവം മനുഷ്യ ഹൃദയങ്ങളില്‍ നിക്ഷേപിക്കുന്ന ജ്ഞാന വെളിച്ചം.
ഗസാലിയുടെ ഈ ജ്ഞാനവര്‍ഗീകരണത്തിന് നമ്മുടെ സമകാല സാംസ്‌കാരിക ജീവിതത്തിന്റെ സുപ്രധാനമായൊരു വശത്തെ സ്പര്‍ശിക്കുന്നുണ്ടെന്നാണ് സകീ നജീബ് മഹ്മൂദ് പറയുന്നത്. ഗസാലി ശരിയായ ജ്ഞാന സ്രോതസ്സായി ആദ്യം പ്രതിഷ്ഠിക്കുന്നത് ജനവര്‍ത്തമാനമാണ്. പിന്നീട് അതിന്റെ പര്യാപ്തിയുടെ അന്വേഷണത്തില്‍ പഞ്ചേന്ദ്രിയാധിഷ്ഠിത ജ്ഞാനത്തിലേക്ക്, അതിന്റെ വിശ്വാസ്യതയിലേക്ക് അദ്ദേഹം നീങ്ങുന്നു. അവയും പൂര്‍ണമായി അവലംബനീയമല്ലെന്ന് അദ്ദേഹം കണ്ടെത്തുന്നു. തുടര്‍ന്ന് 'അനിവാര്യങ്ങള്‍' എന്ന് അദ്ദേഹം വിശേഷിപ്പിക്കുന്ന ബൗദ്ധിക ജ്ഞാന ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. ഗസാലിയുടെ വാക്കുകളിലൂടെ തന്നെ ഈ ജ്ഞാനാന്വേഷണത്തില്‍ നമുക്ക് സഹസഞ്ചാരം ചെയ്യാം.

ജ്ഞാനത്തിന്റെ പൊരുള്‍
''സംഗതികളുടെ പൊരുള്‍ അറിയുകയാണ് എന്റെ ലക്ഷ്യം. അപ്പോള്‍ ആദ്യം അറിയേണ്ടത് അറിവിന്റെ പൊരുളാണ്. എന്താണ് ജ്ഞാനത്തിന്റെ പൊരുള്‍?
''അങ്ങനെ ഞാന്‍ ഇന്ദ്രിയാധിഷ്ഠിത ജ്ഞാനത്തെ കുറിച്ച് അഗാധമായി ചിന്തിക്കാന്‍ തുടങ്ങി; അനിവാര്യമായി ലഭ്യമാകുന്ന ബൗദ്ധിക ജ്ഞാനത്തെക്കുറിച്ച്. എനിക്ക് എന്നെ തന്നെ അതില്‍ സംശയിക്കാമോ എന്നായി എന്റെ ആലോചന. ഉടനീളം സന്ദിഗ്ധതയിലായി ഞാന്‍. ഇന്ദ്രിയാധിഷ്ഠിത ജ്ഞാനങ്ങളിലൂടെ വിശ്വാസ്യത സമ്മതിക്കാന്‍ മനസ്സ് കൂട്ടാക്കാത്തിടത്തോളം ഈ സംശയം വളര്‍ന്നു. സംശയം വികസിച്ചുകൊണ്ടേയിരുന്നു.
''ഇന്ദ്രിയങ്ങള്‍ പകര്‍ന്ന് തരുന്നജ്ഞാനത്തെ എങ്ങനെ വിശ്വസിക്കും? കാഴ്ചബോധമാണ് അവയില്‍ ഏറ്റവും ശക്തം. കണ്ണ് നിഴലിലേക്ക് നോക്കുന്നു. അപ്പോള്‍ നിഴല്‍ നിശ്ചലമായാണ് അത് കാണുന്നത്. അപ്പോള്‍ നിഴലിന് ചലനമില്ലെന്ന് അത് വിധിക്കുന്നു. ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ ദൃശ്യാനുഭവത്തിലൂടെ തന്നെ നിഴല്‍ സ്ഥാനത്ത് നിന്ന് നീങ്ങിയതായി ബോധ്യപ്പെടുന്നു. അപ്പോള്‍ അതിന് ചലനമുണ്ടെന്ന് വ്യക്തമാകുന്നു; പെട്ടെന്നല്ല, ക്രമത്തില്‍. കണ്ണ് നക്ഷത്രങ്ങളെ നോക്കുന്നു. അപ്പോള്‍ ഒരു ദീനാര്‍ നാണയ വലുപ്പത്തില്‍ വളരെ ചെറുതായി അവയെ കാണുന്നു. പിന്നീട് ഗോളശാസ്ത്ര തെളിവുകളിലൂടെ ഭൂമിയേക്കാള്‍ അവക്ക് വലുപ്പമുണ്ടെന്ന് വ്യക്തമാകുന്നു.
''ഇതാണ് ഇന്ദ്രിയ ജ്ഞാനത്തിന്റെ കഥ. ജ്ഞാനേന്ദ്രിയങ്ങള്‍ അവയെക്കുറിച്ച് സ്വന്തം വിധി പ്രസ്താവം നടത്തുന്നു. ബുദ്ധിയുടെ വിധികര്‍ത്താവ് അതിനെ അസത്യപ്പെടുത്തുകയും അതിന്റെ വഞ്ചനാത്മകത തുറന്ന് കാട്ടുകയും ചെയ്യുന്നു.
''അതോടെ ഞാന്‍ ആത്മഗതം ചെയ്തു. ഇന്ദ്രിയ ജ്ഞാനങ്ങളുടെ വിശ്വാസ്യതയും നഷ്ടപ്പെട്ടു. ബൗദ്ധിക ജ്ഞാനങ്ങളായിരിക്കാം ഇനി വിശ്വസനീയം. അവയാണല്ലോ പ്രാഥമികങ്ങള്‍. പത്ത് മൂന്നിനേക്കാള്‍ അധികമാണെന്ന് പറയുന്നത് പോലെ. നിഷേധവും സ്ഥിരീകരണവും ഒരേ വസ്തുവില്‍ ഒന്നിക്കുകയില്ല എന്ന് പറയും പോലെ. ഒരേ വസ്തു പുതുതും പഴയതും ഉള്ളതും ഇല്ലാത്തതും അനിവാര്യവും അസംഭവ്യവുമാകില്ലെന്ന് പറയും പോലെ.
''അപ്പോള്‍ ഇന്ദ്രിയജ്ഞാനങ്ങള്‍ ചോദിച്ചു. ഇന്ദ്രിയജ്ഞാനങ്ങളെക്കുറിച്ചുള്ള വിശ്വാസ്യത പോലെ ബൗദ്ധിക ജ്ഞാനങ്ങളെക്കുറിച്ചുള്ള വിശ്വാസ്യത എങ്ങനെയാണ് താങ്കള്‍ ഉറപ്പ് വരുത്തുക? എന്റെ വിശ്വാസ്യതയില്‍ താങ്കള്‍ക്ക് ഉറപ്പുണ്ടായിരുന്നതാണല്ലോ. പിന്നീട് ബുദ്ധി എന്ന വിധികര്‍ത്താവ് വന്ന് എന്റെ വിശ്വാസ്യതയില്‍ ഭഗ്നമുണ്ടാക്കി. ബുദ്ധിയുടെ തീര്‍പ്പുണ്ടായിരുന്നില്ലെങ്കില്‍ എന്റെ വിശ്വാസ്യത അഭംഗുരം തുടരുമായിരുന്നു. അപ്പോള്‍ ബൗദ്ധിക ജ്ഞാനത്തിന് പിന്നിലും ഒരു വിധികര്‍ത്താവുണ്ടാകാമല്ലോ. അത് വെളിവായാല്‍ ബുദ്ധിയുടെ വിധിയെയും അത് നിഷേധിച്ചേക്കും. ഇന്ദ്രിയജ്ഞാനത്തിന്റെ തീര്‍പ്പില്‍ ബുദ്ധി ഇടപ്പെട്ട പോലെ തന്നെ. അത്തരമൊരു ജ്ഞാനം വെളിപ്പെട്ടിട്ടില്ല എന്നതിനാല്‍ അത് തീര്‍ത്തും അസംഭവ്യമാണെന്ന് വരുന്നില്ല.'' ഇത്രടമെത്തിയപ്പോള്‍ എന്റെ മനസ്സ് ഉത്തരമില്ലാതെ അല്‍പമൊന്ന് സ്തംഭിച്ചു. നിദ്രാവസ്ഥയിലുണ്ടാകുന്ന അതിന്റെ ചില രൂപങ്ങള്‍ക്ക് അത് പിന്‍ബലം നല്‍കുകയും ചെയ്തു. മനസ്സിന്റെ ചോദ്യം ഇങ്ങനെയായി. ''നിദ്രയില്‍ പലതിനെക്കുറിച്ചും താങ്കള്‍ വിശ്വസിക്കുന്നതായി കാണാറില്ലേ? പല അവസ്ഥകളും ഭാവനയില്‍ കാണുന്നു. അവക്ക് സ്ഥിരതയും സ്ഥായീഭാവവുമുണ്ടെന്ന് കരുതുന്നു. അപ്പോള്‍ അതിനെ കുറിച്ച് ഒരു സംശയവുമുണ്ടാവുകയില്ല. എന്നാല്‍, ഉണരുന്നതോടെ ആ ഭാവനകള്‍ക്കും ധാരണകള്‍ക്കുമൊന്നും തന്നെ യാതൊരു അടിസ്ഥാനവും ഫലവുമില്ലെന്ന് നിങ്ങള്‍ക്ക് മനസ്സിലാകുന്നു. ഉണര്‍വില്‍ ബുദ്ധി കൊണ്ടോ ഇന്ദ്രിയ സംവേദനം വഴിയോ വിശ്വസിച്ചതൊക്കെ എന്തടിസ്ഥാനത്തിലാണ് നിങ്ങള്‍ ഉറപ്പിക്കുക? അതും ആ അവസ്ഥകളും സത്യമാണെന്ന് എങ്ങനെ ഉറപ്പിക്കും? എങ്കിലും ചിലപ്പോള്‍ ജാഗ്രത്തില്‍ ഒരുതരം സുപുഷ്തിയും സുഷുപ്തിയില്‍ ഒരുതരം ജാഗ്രത്തുമായ ചില അവസ്ഥകള്‍ നിങ്ങള്‍ക്ക് അനുഭവപ്പെടാറുണ്ടല്ലോ. അത്തരം അവസ്ഥയില്‍ ബുദ്ധി ആലോചനകളായി തോന്നിച്ചതൊന്നും ഉള്ളതായിരുന്നില്ലെന്ന് നിങ്ങള്‍ക്ക് ഉറപ്പാകുന്നു. സൂഫികള്‍ 'ഹാല്‍' എന്ന് വിളിക്കുന്ന അവസ്ഥ തന്നെയാകാം ഇത്. അഗാധമായ മനന ധ്യാനത്തില്‍ മുങ്ങിത്താഴുകയും തങ്ങളുടെ ഇന്ദ്രിയ സംവേദനങ്ങള്‍ തിരോഭവിക്കുകയും ചെയ്യുമ്പോള്‍ തങ്ങള്‍ക്ക് ചില ദൃശ്യങ്ങള്‍ അനുഭവപ്പെടാറുണ്ടെന്ന് അവര്‍ വാദിക്കുന്നു. ആ ദൃശ്യാനുഭവാവസ്ഥകള്‍ ഈ ബൗദ്ധിക ജ്ഞാനങ്ങളുമായി പൊരുത്തപ്പെടുകയില്ലെന്നും അവര്‍ പറയുന്നു. അത് തന്നെയായിരിക്കാം 'ജനം സുഷുപ്തിയില്‍ ആമഗ്നരാണ്, മരിക്കുമ്പോഴാണ് അവര്‍ ഉണരുക' എന്ന് പ്രവാചകന്‍ പറഞ്ഞ മൃതാവസ്ഥ. പാരത്രിക ജീവിതത്തെ അപേക്ഷിച്ച് ഐഹികജീവിതം നിദ്രാവസ്ഥയാകാം. മരിക്കുമ്പോള്‍ ഇവിടെ ദൃശ്യമായതിന് വിപരീതമായി സംഗതികള്‍ അവന് പ്രത്യക്ഷീഭവിക്കുന്നു. ''അപ്രകാരം നാം നിന്റെ ആവരണം നീക്കുന്നു. അതോടെ ഇന്നിതാ നിന്റെ കാഴ്ചക്ക് മൂര്‍ച്ച കൈവന്നിരിക്കുന്നു'' (ഖുര്‍ആന്‍).
''ഇങ്ങനെ ചിന്തിച്ചപ്പോള്‍ മനഃചാഞ്ചല്യമുണ്ടായി. അപ്പോള്‍ അതിന് പ്രതിവിധി കണ്ടെത്താനായി ശ്രമം. പക്ഷേ, എളുപ്പമായിരുന്നില്ല അത്. കാരണം തെളിവോടു കൂടി മാത്രമാണ് അതിന്റെ അവതരണം. പ്രാഥമിക ജ്ഞാനങ്ങളുടെ ഘടനയിലൂടെ മാത്രമാണ് അത് തെളിവ് സ്ഥാപിക്കുന്നത്. അവ സുസമ്മതമല്ലാത്ത പക്ഷം തെളിവ് ആവിഷ്‌കരിക്കാന്‍ സാധ്യമല്ല. ഇതോടെ വിഷമം സങ്കീര്‍ണമായി. രണ്ട് മാസത്തോളം ഈ അവസ്ഥ തുടര്‍ന്നു. അക്കാലമത്രയും ഇന്ദ്രിയ ജ്ഞാനങ്ങളെയും ബൗദ്ധിക ജ്ഞാനത്തെയും കുറിച്ച് സന്ദേഹാവസ്ഥയിലായി ഞാന്‍. തുറന്ന് പറഞ്ഞില്ലെങ്കിലും സന്ദേഹവാദിയായിരുന്നു അന്ന് ഞാന്‍. അങ്ങനെ അല്ലാഹു ഈ രോഗത്തില്‍ നിന്ന് മുക്തി നല്‍കി. മനസ്സ് അതിന്റെ ആരോഗ്യവും സന്തുലിതത്വവും വീണ്ടെടുത്തു. അനുഭവയാഥാര്‍ഥ്യങ്ങളുടെ അനിവാര്യ ജ്ഞാനങ്ങള്‍ സംശയാതീതമാം വിധം വീണ്ടും സ്വീകാര്യവും വിശ്വസനീയവുമായിത്തീര്‍ന്നു. എന്തെങ്കിലും തെളിവിന്റെ അടിസ്ഥാനത്തിലല്ലെന്ന് മാത്രം. ദൈവം മനസ്സിലുദിപ്പിച്ച വെളിച്ചമായിരുന്നു അത്; ജ്ഞാനങ്ങളില്‍ മിക്കതിന്റെയും താക്കോലാണ് ഈ വെളിച്ചം. ജ്ഞാനത്തിന്റെ വെളിപാട് (കശ്ഫ്) സ്വതന്ത്ര തെളിവുകളെ ആസ്പദിച്ചാണ് നില്‍ക്കുന്നതെന്ന് ആരെങ്കിലും ധരിക്കുകയാണെങ്കില്‍ ദൈവത്തിന്റെ വിശാലമായ കാരുണ്യത്തെ സങ്കോചിപ്പിക്കുകയാണ് അയാള്‍.''

ജ്ഞാനത്തിന്റെ പദവികള്‍
വ്യത്യസ്തങ്ങളായ ജ്ഞാനോപാധികളുടെ സാപേക്ഷ മൂല്യത്തെ ഓരോന്നിന്റെയും തനത് പദവികളില്‍ പ്രതിഷ്ഠിച്ചുകൊണ്ടാണ് ഗസാലി ഇവിടെ വിശകലനം ചെയ്യുന്നത്. നാലായി വര്‍ഗീകരിച്ച ഈ ജ്ഞാനോപാധികളില്‍ ഒന്നിന്റെയും അര്‍ഹതപ്പെട്ട പദവിയെ ഇമാം നിഷേധിക്കുന്നില്ല. ജനസംസാരത്തിലൂടെ പകര്‍ന്നു ലഭിക്കുന്ന ജ്ഞാനം ഏറ്റവും വ്യാപകമെങ്കിലും അധഃസ്ഥിതമാണ് ഗസാലിയുടെ ദൃഷ്ടിയില്‍. ഇന്ദ്രിയാധിഷ്ഠിത ജ്ഞാനത്തിലെത്തുമ്പോള്‍ അതിന്റെ നിലവാരം ഒന്നുകൂടി വര്‍ധിക്കുന്നു. തുടര്‍ന്ന് പടിപടിയായി സ്വാഭാവികവും അനിഷേധ്യവുമായ ബൗദ്ധിക സ്രോതസ്സിലേക്കും അവിടെ നിന്ന് യുക്തിബോധത്തിലൂടെ തന്നെ ജ്ഞാനത്തിന്റെ മൗലികമായ ദൈവിക സ്രോതസ്സിലേക്കും ഗസാലി എത്തിച്ചേരുകയാണ്. ഗസാലിയുടെ ഈ ശ്രേണീക്രമത്തെ വിശകലനം ചെയ്തുകൊണ്ട് സക്കീ നജീബ് മഹ്മൂദ് പറയുന്നത് ശ്രദ്ധേയമാണ്. ജ്ഞാനം എന്ന ആശയത്തെ കുറിച്ച ഉയര്‍ന്ന ആകാശവിതാനത്തില്‍ നിന്ന് നടത്തുന്ന വിഹഗ വീക്ഷണമെന്നാണ് ഗസാലിയുടെ നിരീക്ഷണത്തെ അദ്ദേഹം വിശേഷിപ്പിക്കുന്നത്. അതിലൂടെ ജ്ഞാനത്തിന്റെ ആദിമധ്യാന്തങ്ങള്‍ കണ്ടെത്തുകയും സമഗ്രമായ ആശയരൂപവത്കരണം സാധിക്കുകയും ചെയ്യുന്നു ഗസാലി. ജ്ഞാനമാണ് നമ്മുടെ ലക്ഷ്യം എന്ന ഗസാലിയുടെ വാചകത്തിന്റെ മര്‍മ പ്രാധാന്യത്തിലൂന്നിക്കൊണ്ട് ഇക്കാലത്തും ഈ അന്വേഷണരീതി പ്രസക്തമാണെന്ന് സക്കീ മഹ്മൂദ് ചൂണ്ടിക്കാട്ടുന്നു. ഗസാലിയുടെ ജ്ഞാന നിര്‍ണയത്തോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. പക്ഷേ, അത്തരമൊരു നിര്‍ണയം എക്കാലത്തും ആവശ്യമാണ്. മനുഷ്യന്റെ ജ്ഞാന ഭൂപടത്തില്‍ ജ്ഞാനോപാധികള്‍ യഥാവിധി സ്ഥാനപ്പെടുത്തണമെങ്കില്‍ അത്യാവശ്യമാണത്.  ജനജിഹ്വകളിലൂടെയുള്ള പാരമ്പര്യ ജ്ഞാനങ്ങളുടെ പ്രസക്തിയെ ഗസാലി നിഷേധിക്കുന്നില്ല. കേവല യുക്തിയില്‍ തന്നെയുള്ള അതിന്റെ പരിമിതി ബോധ്യപ്പെടുത്തുകയാണ് അദ്ദേഹം. ഗസാലിയുടെ ഈ രീതിശാസ്ത്രം അംഗീകരിച്ചാല്‍ ഇക്കാലത്തും അനേകം തലച്ചുമടുകളില്‍ നിന്ന് ഒഴിവാകാമെന്നാണ് സക്കീ മഹ്മൂദ് ചൂണ്ടിക്കാണിക്കുന്നത്.

പ്രകാശ നിയമം
പഞ്ചേന്ദ്രിയാധിഷ്ഠിത ജ്ഞാനത്തിന്റെ പരിമിതിയെക്കുറിച്ചുള്ള ഗസാലിയുടെ കണ്ടെത്തലിനെയും സക്കീ മഹ്മൂദ് സൂക്ഷ്മമായ അപഗ്രഥനത്തിന് വിധേയമാക്കുന്നുണ്ട്. നിഴലിന്റെയും നക്ഷത്രങ്ങളുടെയും ഉദാഹരണങ്ങളിലൂടെ ഇന്ദ്രിയാര്‍ജിത ജ്ഞാനങ്ങള്‍ പലപ്പോഴും നമ്മെ കബളിപ്പിക്കാമെന്നാണല്ലോ ഗസാലി സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. ബാഹ്യലോകത്തെ വസ്തു യാഥാര്‍ഥ്യങ്ങളെക്കുറിച്ചുള്ള ഇന്ദ്രിയ സംവേദനത്തിന്റെ വീഴ്ചയെക്കുറിച്ച് ആരോപിക്കുമ്പോള്‍ രണ്ട് സംഗതികള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് സക്കീ മഹ്മൂദിന്റെ അഭിപ്രായം. പഞ്ചേന്ദ്രിയങ്ങളില്‍ ഏതെങ്കിലുമൊന്നിലൂടെ നാം തെറ്റായി ധരിച്ചുവശാകുന്നതിനെ തിരുത്തുന്നതും നാം കുറ്റാരോപണം നടത്തുന്ന അതേ ഇന്ദ്രിയം തന്നെയാണന്നതാണ് ഒന്ന്. യഥാര്‍ഥത്തില്‍ പ്രസ്തുത ഇന്ദ്രിയം നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്ന ചിത്രത്തെ കുറിച്ച് ബുദ്ധിപരമായ നിഗമനത്തിലെത്തുന്നതില്‍ നമ്മില്‍ നിന്നുണ്ടാകുന്ന അക്ഷമയാണ് തെറ്റിദ്ധാരണക്ക് കാരണം. ഇതാണ് ശ്രദ്ധിക്കാതെ പോകുന്ന രണ്ടാമത്തെ സംഗതി. ഗസാലി മുന്നോട്ടുവെക്കുന്ന രണ്ട് ഉദാഹരണങ്ങളില്‍ നിന്ന് തന്നെ ഇക്കാര്യം സുതരാം വ്യക്തമാകുന്നതാണ്. നിശ്ചലമായി ആദ്യം കണ്ണ് കണ്ട നിഴലിന്‍ പിന്നീട് രൂപമാറ്റവുമുണ്ടായതായി കാണുന്നതും അതേ കണ്ണ് തന്നെയാണല്ലോ. കണ്ണിന്റെ കാഴ്ചവട്ടത്തിന് ചില പരിധികളുണ്ട്. കാഴ്ചയുടെ പരിവൃത്തത്തേക്കാള്‍ മന്ദഗതിയിലായതിനാലാണ് നിഴലിന്റെ ചലനം ആദ്യം അത് കാണാതെ പോയത്. കാഴ്ചയുടെ പരിധിയില്‍ വരുന്നില്ല എന്നതുകൊണ്ട് മാത്രം ഒരു സംഗതി ഇല്ലാതെ പോവുന്നില്ല. അത് മനസ്സിലാക്കാന്‍ മനുഷ്യന് മറ്റു ചില ഉപാധികളുണ്ടാവാം. ചിലപ്പോള്‍ അത് മനസ്സിലാക്കാനുള്ള ഭൗതിക മാര്‍ഗമേ ഇല്ലെന്നും വരാം.
ഭിന്നമല്ല നക്ഷത്രങ്ങളുടെ സ്ഥിതിയും. നക്ഷത്രങ്ങള്‍ ചെറുതായി കാണുന്നുണ്ടെങ്കില്‍ അതിന് കാരണം വെളിച്ചത്തിന്റെ സിദ്ധാന്തങ്ങളാണ്. വസ്തു അകലും തോറും കാഴ്ചയില്‍ ചെറുതായി വരിക എന്നത് ഇപ്പറഞ്ഞ സിദ്ധാന്തത്തിന്റെ അനിവാര്യതയത്രെ. നക്ഷത്രങ്ങളെ വ്യക്തമായി കാണണമെന്നുണ്ടെങ്കില്‍ ടെലസ്‌കോപ്പ് ഉപയോഗിക്കുകയേ നിര്‍വാഹമുള്ളൂ. ഇവിടെയും തെറ്റ് ദര്‍ശനേന്ദ്രിയത്തിന്റേതല്ല; ദര്‍ശനേന്ദ്രിയം അനാവരണം ചെയ്യുന്ന ജ്ഞാനത്തിന്റെ വിശകലനത്തില്‍ ബൗദ്ധികതലത്തിലുണ്ടായ ധൃതിയാണ്. യാഥാര്‍ഥ്യം കണ്ടെത്തുന്നതില്‍ പഞ്ചേന്ദ്രിയങ്ങളുടെ കഴിവിനെ സംശയിക്കുന്നവരുടെ ചിന്താഗതി അംഗീകരിക്കുകയാണെങ്കില്‍ പ്രകൃതിശാസ്ത്ര വിഷയങ്ങളില്‍ മനുഷ്യന് ഒട്ടും മുന്നേറാന്‍ സാധിക്കുമായിരുന്നില്ല. കാരണം ഈ ശാസ്ത്രങ്ങള്‍ പുതിയ കണ്ടെത്തലുകളിലേക്ക് ചെന്നെത്തുന്നത് പഞ്ചേന്ദ്രിയങ്ങള്‍ സംഭരിക്കുന്ന പ്രാഥമിക ജ്ഞാനങ്ങളിലൂടെയാണ്. തദടിസ്ഥാനത്തില്‍ ആദ്യം സങ്കല്‍പങ്ങളിലൂടെ സഞ്ചരിച്ച് പിന്നീട് സിദ്ധാന്ത രൂപവത്കരണത്തിലേക്ക് അതിലൂടെ എത്തുകയാണ്.

'കോഗിതോ എര്‍ഗോസം'
യഥാര്‍ഥ ജ്ഞാനം സംശയാതീതമായിരിക്കണമെന്നതാണ് ഗസാലിയുടെ വാദം. 'പ്രാഥമികങ്ങള്‍' (അവ്വലിയാത്ത്) എന്നും 'അനിവാര്യങ്ങള്‍' (ദറൂരിയാത്ത്)എന്നും അദ്ദേഹം അതിനെ വിളിക്കുന്നു. പത്ത് മൂന്നിനേക്കാള്‍ അധികമല്ല എന്നതാണ് അതിനദ്ദേഹം നല്‍കുന്ന ഉദാഹരണങ്ങളിലൊന്ന്. ഗസാലി എഴുതുന്നു: നോക്കൂ, ഈ കല്ല് വിരലു കൊണ്ട് സ്പര്‍ശിച്ചാല്‍ എനിക്ക് സ്വര്‍ണമാക്കി മാറ്റാന്‍ കഴിയും, അല്ലെങ്കില്‍ ഈ വടി പാമ്പാക്കി മാറ്റാന്‍ കഴിയും എന്ന് ഒരാള്‍ എന്നോട് പറഞ്ഞെന്നിരിക്കട്ടെ. തുടര്‍ന്ന് അയാള്‍ പറയുന്നു: എന്റെ ഈ സിദ്ധിയുടെ അടിസ്ഥാനത്തില്‍ ഞാന്‍ നിന്നോട് പറയുന്നു- പത്ത് മൂന്നിനേക്കാള്‍ അധികമല്ലെന്ന്.'' അയാള്‍ അങ്ങനെ പറഞ്ഞാലും ഞാനത് വിശ്വസിക്കുകയില്ല. ബുദ്ധിപരമായ അനിവാര്യ യാഥാര്‍ഥ്യത്തിലുള്ള വിശ്വാസം ഞാന്‍ മുറുകെ പിടിക്കും. ശിലയെ സ്വര്‍ണമാക്കുന്നവന്റെ സിദ്ധിയില്‍ ഞാന്‍ വിസ്മയിച്ചേക്കാം. ആ മാന്ത്രിക സിദ്ധിയുടെ യാഥാര്‍ഥ്യം കൂടുതല്‍ അന്വേഷണം ആവശ്യപ്പെടുന്നതാണ്. പക്ഷേ, പത്ത് മൂന്നിനേക്കാള്‍ അധികമാണെന്ന വിശ്വാസത്തില്‍ സംശയം സൃഷ്ടിക്കാന്‍ അത് പര്യാപ്തമല്ല.''
ഗണിതത്തില്‍ ഇന്ന് മാക്‌സിംസ് (Maxims) എന്ന് പറയുന്ന  തിയറി തന്നെയാണ് ഗസാലി ഇവിടെ അവതരിപ്പിക്കുന്നത്. ഇതുതന്നെയാണ് ഗസാലിക്ക് ആറ് നൂറ്റാണ്ടിനു ശേഷം ദക്കാര്‍തെ അവതരിപ്പിച്ച 'കോഗിതോ എര്‍ഗോസം' (corgito ergosum- ഞാന്‍ ചിന്തിക്കുന്നു; അതുകൊണ്ട് ഞാന്‍ ഉണ്ട്) എന്ന യുക്തിവാദ സിദ്ധാന്തവും. ഇതൊക്കെ സ്വയം സിദ്ധ സത്യങ്ങളാണ്. അവക്ക് മറ്റു തെളിവുകളൊന്നും ആവശ്യമില്ല. എങ്കിലും പഞ്ചേന്ദ്രിയങ്ങള്‍ക്ക് തെറ്റ് പറ്റാമെങ്കില്‍ സാധ്യതയുടെ തലത്തില്‍ ബുദ്ധിക്കും അതാവാമല്ലോ എന്നാണ് ഗസാലി ചിന്തിക്കുന്നത്.ഈ ആശയക്കുഴപ്പം തന്നെ കുറേകാലം രോഗഗ്രസ്തനാക്കിയെന്ന് അദ്ദേഹം പറയുന്നു. ഈ ബൗദ്ധിക പ്രതിസന്ധിയില്‍ നിന്ന് അദ്ദേഹം മുക്തി നേടുന്നത് 'ദൈവം മനസ്സിലേക്ക് പ്രക്ഷേപിച്ച വെളിച്ച'ത്തിലൂടെയാണ്. അങ്ങനെ ഇതര തെളിവുകളൊന്നും ആവശ്യമില്ലാത്ത യാഥാര്‍ഥ്യങ്ങളും ഉണ്ടെന്ന 'വെളിച്ച'ത്തില്‍ അദ്ദേഹം എത്തിച്ചേരുന്നു. ഇതാണ് അദ്ദേഹത്തിന്റെ ദൃഷ്ടിയില്‍ സൂഫി (യൗഗിക) ജ്ഞാനം. അതിന്റെ ഏറ്റവും ഉന്നത രൂപമാണ് പ്രവാചകന്മാര്‍ക്ക് ലഭിക്കുന്ന വഹ്‌യ് (വെളിപാട്). മനുഷ്യന്റെ സന്മാര്‍ഗജീവിതത്തിന്റെ യഥാര്‍ഥ ജ്ഞാനം അതാണ്. ഇത് സ്ഥാപിച്ചുറപ്പിക്കുമ്പോഴും ഗസാലിയുടെ മധ്യമ നിലപാട് ശ്രദ്ധേയമാണ്. അതിന്റെ രണ്ടറ്റങ്ങളിലായി ബൗദ്ധിക ജ്ഞാനങ്ങളെ അവ സാധ്യതാ തലത്തിലുള്ള പഞ്ചേന്ദ്രിയാര്‍ജിതങ്ങളാകട്ടെ, ബുദ്ധിയുടെ അസന്ദിഗ്ധമായ പ്രാഥമിക ജ്ഞാനങ്ങളാകട്ടെ, അദ്ദേഹം പ്രതിഷ്ഠിക്കുകയും ചെയ്യുന്നു.

(ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് ചീഫ് എഡിറ്ററാണ് ലേഖകന്‍)
vakabeer@hotmail.com

Comments

Other Post