Prabodhanm Weekly

Pages

Search

2011 ഗസാലിപ്പതിപ്പ്‌

അബൂ ഹാമിദില്‍ ഗസാലി പടിഞ്ഞാറ് പകര്‍ത്തിയത്‌

ഡോ. ഹുസൈന്‍ രണ്ടത്താണി

തത്ത്വചിന്തയുടെ ഉത്ഭവകേന്ദ്രം ഗ്രീസാണെന്നത് യൂറോപ്യന്‍ ലോകത്തിന്റെ പൊതു പ്രചാരണമാണ്. അതില്‍നിന്ന് പുറകോട്ട് പോകാന്‍ തയാറാവാത്തത് യൂറോപ്പിന് തത്ത്വചിന്തയുടെ പിതൃത്വം നഷ്ടമാവുമോ എന്ന് ഭയന്നാകണം. ബി.സി ഏഴോ എട്ടോ നൂറ്റാണ്ടാണ് ഗ്രീക്ക് തത്ത്വചിന്തയുടെ കാലം. പക്ഷേ, ഗ്രീക്കുകാര്‍ക്ക് എവിടെ നിന്നാണ് ഇത് ലഭിച്ചതെന്ന് ആരും ചര്‍ച്ച ചെയ്യുന്നില്ല. പൗരസ്ത്യ ലോകത്താണ് ഫിലോസഫി ഉദയം ചെയ്തതെന്ന് പുതിയ ഗവേഷണങ്ങള്‍ തെളിയിക്കുന്നുണ്ട്. മെസൊപൊട്ടോമിയന്‍ സംസ്‌കാരത്തിലാണ് ഫിലോസഫിയുടെ വേര് ചെന്നെത്തി നില്‍ക്കുന്നത്. ബാബിലോണിയയില്‍ ഏകദേശം നാലായിരം വര്‍ഷം മുമ്പ് ജീവിച്ചിരുന്ന ഇബ്‌റാഹീം പ്രവാചകനോളം ഫിലോസഫിക്ക് പഴക്കമുണ്ടെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. അതിനു ശേഷം സൗരാഷ്ട്രിയര്‍ തത്ത്വചിന്തയെ വളര്‍ത്തി. അവര്‍ വഴിയാണ് തത്ത്വചിന്ത ഗ്രീസിലെത്തുന്നത്. സോക്രട്ടീസ്, പ്ലാറ്റോ തുടങ്ങിയവര്‍ ഗ്രീസിലെ ഏതന്‍സ് കേന്ദ്രമാക്കി തത്ത്വചിന്ത വികസിപ്പിച്ചു. പിന്നീട് മുസ്‌ലിംകള്‍ തത്ത്വചിന്തയെ കൂടുതല്‍ ശാസ്ത്രീയമാക്കി. അവരില്‍നിന്ന്  ആധുനിക യൂറോപ്യന്‍ പണ്ഡിതന്മാര്‍ തത്ത്വചിന്ത ഏറ്റെടുക്കുകയായിരുന്നു. ഫിലോസഫിയുടെ വളര്‍ച്ചയില്‍, അതിന്് പുത്തന്‍ നിര്‍വചനവും വിശകലനവും നല്‍കാന്‍ കഴിഞ്ഞു എന്നതാണ് ഇമാം ഗസാലിയുടെ പ്രത്യേകത.
ഗസാലിയുടെ ചിന്തകള്‍ക്ക് മുസ്‌ലിം സ്‌പെയിനിലുണ്ടായിരുന്ന സ്വാധീനം അദ്ദേഹത്തിനെതിരെ അവിടത്തെ ചില കൊട്ടാരം ഖാദിമാര്‍ കൈകൊണ്ട സമീപനത്തില്‍നിന്ന് വ്യക്തമാണ്. പണ്ഡിതന്മാരെയും മത നേതാക്കളെയും രാജാക്കന്മാരെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചതിന് ജീവിതകാലത്ത് തന്നെ ഗസാലി വിമര്‍ശനങ്ങള്‍ നേരിട്ടെന്നു മാത്രമല്ല, അദ്ദേഹത്തിന് നാടുവിടേണ്ടിയും വന്നു. മരണത്തിന് ശേഷം അദ്ദേഹത്തിന്റെ കൃതികള്‍ക്കെതിരെ ഭ്രഷ്ട് കല്‍പിക്കപ്പെട്ടു. കൊര്‍ദോവയിലെ ഖാദി മുഹമ്മദ് ബിന്‍ ഹംദീന്‍ ഗസാലിയുടെ ഗ്രന്ഥങ്ങള്‍ ചുട്ടു കരിക്കാന്‍ ഉത്തരവിട്ടു. ഇഹ്‌യാ ഉലൂമിദ്ദീന്‍ സൂക്ഷിക്കുന്നവരെ അറസ്റ്റ് ചെയ്യാനും പിഴയിടാനും കല്‍പനയുണ്ടായി. എന്നാല്‍, ഈ വിലക്കുകള്‍ അതിജീവിച്ച് സ്‌പെയിനില്‍ വമ്പിച്ച സ്വാധീനം ഇമാം ഗസാലിക്കുണ്ടായി. അറബി പഠിച്ച സ്‌പെയിന്‍ ക്രിസ്ത്യാനികളും യഹൂദന്മാരും ഗസാലിയെ തോളിലേറ്റി. ക്രിസ്തീയര്‍ ഹീബ്രുവിലേക്കും ലത്തീനിലേക്കും ഗസാലീ കൃതികള്‍ തര്‍ജമ ചെയ്തു. സ്പാനിഷ് ഭാഷയിലും ഗസാലി അറിയപ്പെട്ടു.
ഇമാം ഗസാലിയുടെ ചിന്തകള്‍, നേരിട്ടല്ലെങ്കിലും ഒമ്പതാം നൂറ്റാണ്ട് തൊട്ടേ യൂറോപ്പില്‍ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. ഇബ്‌നു റുശ്ദ്, ഇബ്‌നു തുഫൈല്‍ തുടങ്ങിയവരുടെ ഗ്രന്ഥങ്ങള്‍ വഴിയാണ് ആദ്യം ഗസാലിയന്‍ ചിന്തകള്‍ യൂറോപ്പിലെത്തിയത്. ഇബ്‌നു റുശ്ദിന്റെ തഹാഫുതുല്‍ തഹാഫുത് ലത്തീന്‍ ഭാഷയിലെത്തിയപ്പോഴാണ് പടിഞ്ഞാറന്‍ പണ്ഡിതര്‍ ഗസാലിയെ കൂടുതലറിയുന്നത്.
സര്‍ തോമസ് ആര്‍ണള്‍ഡ്, ആല്‍ഫ്രഡ് ഗില്ലോം എന്നീ യൂറോപ്യന്‍ പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയ പോലെ ഗസാലി യൂറോപ്യന്‍ ചിന്തയെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്: ''ഗസാലിയുടെ ആത്മീയയാത്ര രസകരമായ ഒരു കഥയാണ്. അത് ആഴത്തില്‍ തന്നെ പഠിച്ചറിയേണ്ടതാണ്. തത്ത്വചിന്തയുടെയും ദൈവ ശാസ്ത്രത്തിന്റെയും വിവിധ വശങ്ങള്‍ ഗസാലി പുതുതായി പഠിച്ചു എന്നതാണ് നമ്മുടെ കാര്യത്തിലുള്ള അദ്ദേഹത്തിന്റെ പ്രാധാന്യം. തന്റെ കണ്ടെത്തലുകളൊക്കെ കൃതികളില്‍ അദ്ദേഹം കുറിച്ചുവെച്ചു. ന്യായ ശാസ്ത്രം, ഭൗതികം, അഭൗതികം എന്നീ വിഷയങ്ങളിലുള്ള തന്റെ കൃതികളൊക്കെ പന്ത്രണ്ടാം നൂറ്റാണ്ടില്‍ സ്‌പെയിനിലെ ടളീഡോയിലുണ്ടായിരുന്ന വിവര്‍ത്തകരിലൂടെ നമ്മിലേക്കെത്തി (The Legacy of Islam,Oxford, 1931). പതിനാലാം നൂറ്റാണ്ടില്‍ത്തന്നെ ലത്തീന്‍ ലോകത്തിന് ഗസാലിയെ വേണ്ടുവോളം അറിയാമായിരുന്നെന്ന് വൂള്‍ഫ്‌സണ്‍ (Wolfson)രേഖപ്പെടുത്തുന്നു (Harry Austryn Wolfson, Philosophy of Kalam, Harvard, 1976). നിമിത്തം (സബബ്), വിധി (തഖ്ദീര്‍) എന്നിവയെക്കുറിച്ചുള്ള ഗസാലിയുടെ വീക്ഷണം പതിനാലാം നൂറ്റാണ്ടില്‍ തന്നെ സ്‌പെയിനില്‍ പ്രചരിച്ചിട്ടുണ്ടെന്നാണ് വൂള്‍ഫ്‌സണ്‍ പറയുന്നത്.
മരിച്ച് നാല്‍പത് വര്‍ഷത്തിനകം തന്നെ ഗസാലിയുടെ കൃതികളുടെ ലത്തീന്‍-ഹീബ്രു വിവര്‍ത്തനങ്ങള്‍ വരാന്‍ തുടങ്ങി. ടളീഡോയിലെ അവെന്‍ഡെത്ത് (ഇബ്ന്‍ ദാദ്; 1020-1165) ഗസാലിയുടെ ചില കൃതികള്‍ ലത്തീനിലേക്ക് വിവര്‍ത്തനം ചെയ്തിരുന്നു. വിവിധ ലോകങ്ങളെക്കുറിച്ചുള്ള (ആലമുല്‍ മലകൂത്, ജബറൂത്, നാസൂത് തുടങ്ങിയവ) ഗസാലിയുടെ വിശകലനം  യഹൂദി പണ്ഡിതന്മാര്‍  അല്‍ സുഹ്ര്‍ എന്ന പേരില്‍ ഹീബ്രു ഭാഷയിലാക്കി. ഗസാലിയുടെ മിശ്കാതുല്‍ അന്‍വാര്‍ യൂറോപ്യന്‍ പണ്ഡിതന്മാര്‍ക്ക് പരിചിതമായത് പതിനാറാം നൂറ്റാണ്ടില്‍ തസാഖ് അല്‍ ഫാസി എഴുതിയ ലത്തീന്‍ വിവര്‍ത്തനത്തിലൂടെയാണ്.
പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ച സ്‌പെയിനിലെ ക്രിസ്ത്യന്‍ പണ്ഡിതന്‍ റേമോണ്ട് മാര്‍ട്ടിന്‍, ഗസാലിയുടെ തഹാഫത്തുല്‍ ഫലാസിഫ, മീസാനുല്‍ അമല്‍, ഇഹ്‌യാ ഉലൂമിദ്ദീന്‍, മഖാസിദുല്‍ ഫലാസിഫ, മഖ്‌സദുല്‍ അസ്‌ന, മിശ്കാതുല്‍ അന്‍വാര്‍, അല്‍ മുന്‍ഖിദു മിനദ്ദലാല്‍ എന്നീ കൃതികളിലെ ഉദ്ധരണികള്‍ തത്ത്വചിന്തയെ കുറിച്ചുള്ള തന്റെ ലത്തീന്‍ കൃതിയില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു (Hamid Naseem Rafiabadi, Emerging from Darkness, Delhi,2002, p.174).

യഹൂദ ചിന്തകന്മാര്‍
യൂറോപ്യര്‍ക്ക് ഇമാം ഗസാലി ഒരേസമയം ദൈവ ശാസ്ത്രജ്ഞനും തത്ത്വചിന്തകനുമായിരുന്നു. അദ്ദേഹത്തിന്റെ മഖാസിദുല്‍ ഫലാസിഫയാണ് ലത്തീനിലേക്ക് മൊഴി മാറ്റിയ ആദ്യത്തെ കൃതി (Logika et  Philosphia Algazelis Arabic). ഗുണ്ഡിസല്‍വസ് (Gundisalvus)എഴുതിയ ഈ കൃതി വര്‍ഷങ്ങള്‍ക്ക് ശേഷം 1506-ല്‍ വെനീസില്‍നിന്ന് പ്രസിദ്ധീകരിച്ചു. ഹീബ്രു വിവര്‍ത്തനം നേരത്തേ 1292-ല്‍ യഹൂദ ചിന്തകന്‍ ഇസ്ഹാഖ് അല്‍ ബലാഗ് നിര്‍വഹിച്ചുവെങ്കിലും  പ്രസിദ്ധീകരിച്ചത് വൈകിയാണ്. താമസിയാതെ ഗസാലിയുടെ നഫ്‌സുല്‍ ഇന്‍സാനി എന്ന കൃതിയും ലത്തീനില്‍ പുറത്തിറങ്ങി (De Anima Humana). തത്ത്വചിന്ത, ന്യായ ശാസ്ത്രം, സദാചാര ശാസ്ത്രം, സൂഫിസം എന്നീ വിഷയങ്ങളിലുള്ള ഗസാലിയുടെ കൃതികളൊക്കെ ലത്തീനിലേക്കും ഹീബ്രുവിലേക്കും തര്‍ജമ ചെയ്യപ്പെട്ടിരുന്നു. മഖാസിദ് വിവിധ യൂറോപ്യന്‍ ഭാഷകളില്‍ പ്രചരിച്ചു വന്നു. അതിന്റെ ലത്തീന്‍ വിവര്‍ത്തനത്തിന് അതേ ഭാഷയില്‍ തന്നെ പന്ത്രണ്ട് വ്യാഖ്യാനങ്ങളെങ്കിലും ഉണ്ടായിരുന്നത്രേ. പതിനാറാം നൂറ്റാണ്ട് വരെ യൂറോപ്യന്‍ യൂനിവേഴ്‌സിറ്റികളില്‍ ഫിലോസഫിയിലെ ടെക്സ്റ്റ് പുസ്തകമായി മഖാസ്വിദ് അംഗീകരിക്കപ്പെട്ടിരുന്നു. പതിനാറാം നൂറ്റാണ്ടിലെ യഹൂദ കവിയായ മൂസാ ബിന്‍ ഹബീബ് തന്റെ കവിതകള്‍ക്ക് കൂടുതലായും അവലംബിച്ചത് ഗസാലിയുടെ ആശയങ്ങളെയായിരുന്നു.
ഹീബ്രു വിവര്‍ത്തനം അല്‍ മഖാസിദിലെ ന്യായ ശാസ്ത്രവും അഭൗതികതയും മാത്രമേ ചര്‍ച്ച ചെയ്തിരുന്നുള്ളു. അതിനാല്‍ ഹീബ്രുവില്‍ തന്നെ ഇസ്ഹാഖ് ബിന്‍ സോള്‍ഗാര്‍, ഖൂദാ ബിന്‍ സോളമന്‍ എന്നീ യഹൂദ പണ്ഡിതര്‍ മഖാസിദിന് വീണ്ടും വ്യാഖ്യാനങ്ങള്‍ രചിച്ചു. 1340-ല്‍ ഇറങ്ങിയ സോളമന്റെ വിവര്‍ത്തനത്തില്‍ നിന്ന് ഖുര്‍ആന്‍ വചനങ്ങള്‍ ഒഴിവാക്കി. പകരം പഴയ നിയമത്തിലെ  വചനങ്ങള്‍ തുന്നിച്ചേര്‍ത്തു. പതിനാലാം നൂറ്റാണ്ടില്‍ സ്‌പെയിനിലെ യഹൂദ പണ്ഡിതര്‍  തത്ത്വചിന്തയെ വളര്‍ത്തിയത് ഗസാലിയടക്കമുള്ള മുസ്‌ലിം തത്ത്വചിന്തകരുടെ പുസ്തകങ്ങള്‍ അവലംബിച്ചാണ്. ഇവയാണ് ലത്തീന്‍ ഭാഷയിലൂടെ പിന്നീട് യൂറോപ്പില്‍ പ്രചരിച്ചത്. സ്‌പെയിനിലെ ടോളിഡോയില്‍ പതിമൂന്നാം നൂറ്റാണ്ടില്‍ ക്രിസ്ത്യാനികള്‍ സ്ഥാപിച്ച വിവര്‍ത്തന കേന്ദ്രമാണ് ഗസാലിയന്‍ ഗ്രന്ഥങ്ങള്‍ക്ക് ലത്തീന്‍ വിവര്‍ത്തനങ്ങള്‍ കൊണ്ടുവരാന്‍ നേതൃത്വം നല്‍കിയത്. ഫറാബി, ഇബ്‌നു സീന, ഗസാലി, ഇബ്‌നു റുശ്ദ് എന്നിവരില്ലാതെ മധ്യകാല ക്രിസ്ത്യന്‍ ഫിലോസഫി ഉണ്ടാവുമായിരുന്നില്ല എന്നാണ് ആല്‍ഫ്രഡ് ഗീയോം രേഖപ്പെടുത്തുന്നത് (Legacy of Islam). നവോത്ഥാന നേതാവായ സെന്റ് തോമസ് അകൈ്വനസ് ദൈവിക സൗന്ദര്യത്തെയും ഏകത്വത്തെയും വിശദീകരിക്കുന്നതിന് ഗസാലിയന്‍ ചിന്തകളെയാണ് ആശ്രയിച്ചതെന്ന് റാം ലാന്‍ഡോ (Ram Landau) പറയുന്നു. ദൈവശാസ്ത്രത്തിന് ഗസാലി നല്‍കിയ സംഭാവനകള്‍ ക്രിസ്തീയ ദൈവശാസ്ത്രത്തേക്കാള്‍ എത്രയോ മികച്ചതാണെന്ന് ജി.എഫ് മൂര്‍ (G.F Moore) രേഖപ്പെടുത്തിയതും ശ്രദ്ധേയമാണ്. അറിഞ്ഞും അറിയാതെയും ഗസാലിയെ പടിഞ്ഞാറന്‍ ലോകം പിന്തുടരുകയായിരുന്നു. അന്നത്തെ ക്രിസ്തീയ ദൈവശാസ്ത്രങ്ങളൊന്നും ഗസാലിയന്‍ ചിന്തകള്‍ പരാമര്‍ശിക്കാതെ വിട്ടില്ല. ചിലര്‍ പരോക്ഷമായും ചിലര്‍ പ്രത്യക്ഷമായും ഗസാലിയെ പകര്‍ത്തുകയായിരുന്നു. സാന്റിന്‍ ഗവോണ്‍(Sandin Gaon- 892-942), മൈമോണിദീസ് (Maimonides1135-1204), യഹൂദാ ഹലേവി (Yehuda Halewi, (b.1086) ഹസ്ദായ് ക്രെസ്‌കാസ് (Hasdai Crescas, 1340-1410), റേമോണ്ട് മാര്‍ട്ടിനി (Raymond Martini, d.1285), അയ്‌ലിയിലെ പീറ്റര്‍ (Peter of Aily, d.1350), ഓക്കമിലെ ഗീയോം (Guillome of Occam) എന്നിവര്‍ ഗസാലിയെ നേരിട്ട് പകര്‍ത്തിയ യഹൂദ-ക്രൈസ്തവ പണ്ഡിതന്മാരാണ്.
യഹൂദന്മാരായ പാശ്ചാത്യ ചിന്തകരധികവും ഗ്രീക്കു ചിന്തകള്‍ പഠിക്കാന്‍ അറബി ഗ്രന്ഥങ്ങളെയാണ് ആശ്രയിച്ചത്. അറബി പദങ്ങള്‍ അവരുടെ ഗ്രന്ഥങ്ങളില്‍ യഥേഷ്ടം ഉപയോഗിച്ചതായി കാണാം. ഇവര്‍ അറബിയില്‍ തന്നെയാണ്  ഗ്രന്ഥങ്ങള്‍ രചിച്ചതും. സാദിയ ഗുവോണ്‍(ഗയ്ദാ അല്‍ ഫയ്യൂമി), മൈമൂണിദീസ് എന്നീ യഹൂദ ചിന്തകന്മാര്‍ എഴുതിയതൊക്കെ അറബിയില്‍ തന്നെയാണ്. യഹൂദരില്‍ ഗസാലിയുടെ റോള്‍ ഏറ്റെടുത്തത് ടോളിഡോയില്‍ ഏതാണ്ട് 1086-ല്‍ ജനിച്ച യഹൂദാ ഹലേവിയാണ്. ഫിലോസഫി വിശ്വാസത്തെ എതിര്‍ക്കുകയാണെന്ന് ഗസാലിയെ പോലെ ഹലേവിയും സമര്‍ഥിച്ചു. 'കിതാബുല്‍ ഖിസാരി' എന്ന ഗ്രന്ഥത്തില്‍ ഹലേവി തന്റെ വാദങ്ങള്‍ സമര്‍ഥിച്ചു. ഏതാണ്ട് 1140-ല്‍ എഴുതിയ  ഗ്രന്ഥം കിതാബുല്‍ 'ഹുജ്ജ വദ്ദലീല്‍ ഫീ നുസ്‌റതിദ്ദീനിദ്ദലീല്‍' എന്നും അറിയപ്പെടുന്നു. പ്രസ്തുത ഗ്രന്ഥത്തില്‍ ഹലേവി പൂര്‍ണമായും ഗസാലിയെ പിന്തുടരുകയാണ്. ഇതേ നിലപാടാണ് റബ്ബി മോസാ ബിന്‍ മൈമൂനിദും(മൂസബ്‌നു മൈമൂന്‍) സ്വീകരിക്കുന്നത്. തന്റെ കൃതിയില്‍ അദ്ദേഹം പൂര്‍ണമായിത്തന്നെ ഗസാലിയെ അനുകരിക്കുകയാണ്.
മത വിശ്വാസങ്ങളെ തത്ത്വചിന്തയിലൂടെ തന്നെ സമര്‍ഥിക്കാനുള്ള ഗസാലിയുടെ ശ്രമത്തെ പില്‍ക്കാലത്ത് വന്ന ക്രിസ്ത്യന്‍-യഹൂദ പണ്ഡിതന്മാരൊക്കെ അപ്പടി അംഗീകരിക്കുകയാണു ചെയ്തത്. ഇവര്‍, ഖുര്‍ആന് പകരം അവരവരുടെ വിശുദ്ധ ഗ്രന്ഥങ്ങളില്‍ നിന്നുള്ള ഉദ്ധരണികള്‍ ഉപയോഗിച്ചുവെന്ന് മാത്രം. ഗസാലിയുടെ ഇഹ്‌യാ ഉലൂമിദ്ദീന് സമാനമായ കൃതി യഹൂദ പുരോഹിതനായ റബ്ബി മൂസാ രചിച്ചിട്ടുണ്ട്. സ്വഭാവ സംസ്‌കരണത്തിന് ക്രിസ്തീയ പുരോഹിതന്മാരും ഇഹ്‌യായെ അനുകരിച്ച് പുസ്തകം രചിച്ചിരുന്നു. ആല്‍ബര്‍ട്ട് ദി ഗ്രേറ്റ് എന്ന ക്രിസ്തീയ പുരോഹിതനെ ഗസാലിയന്‍ ചിന്തകള്‍ ഏറെ ആകര്‍ഷിച്ചു.
സ്‌പെയിനിലെ ഡൊമിനിക്കന്‍ പാതിരി റേമോണ്ട് മാര്‍ട്ടിനി എഴുതിയ പൂജിയോ ഫിദെയ് (Pugio Fidei), എക്‌സ്‌പ്ലേനേഷ്യോ സിമ്പോലി (Explanatio Simboli) എന്നീ കൃതികളില്‍ ഗസാലിയുടെ ഏതാണ്ടെല്ലാ കൃതികളില്‍ നിന്നും യഥേഷ്ടം ഉദ്ധരിച്ചതായി പലാഷിയോസ് പറയുന്നുണ്ട് ( Palacios, The mystical philosophy of Ibn Masarra and his followers). ഫ്രഞ്ച് ദൈവശാസ്ത്രജ്ഞനായ  നിക്കോളാസ് (മരണം 1350) ഗസാലിയെ എല്ലാവിധേനയും ഉള്‍ക്കൊണ്ടു. കാര്യ കാരണത്തെക്കുറിച്ച ഗസാലിയുടെ വാദങ്ങളാണ് നിക്കോളാസിനെ പ്രധാനമായും ആകര്‍ഷിച്ചത്. അശ്അരീ സിദ്ധാന്തങ്ങളെ നിക്കോളാസ് പ്രത്യേകമായിത്തന്നെ പരാമര്‍ശിക്കുന്നുണ്ട്.
യൂറോപ്യന്‍ പണ്ഡിതന്മാര്‍ നവോത്ഥാന നായകനായി വാഴ്ത്തുന്ന സെന്റ് തോമസ് അകൈ്വനസിനെ ഗസാലി വളരെയേറെ സ്വാധീനിച്ചിരുന്നു. നാപ്ള്‍സ് യൂനിവേഴ്‌സിറ്റിയില്‍ പഠിച്ച അകൈ്വനസ് അവിടെയുള്ള സമ്പന്നമായ അറബി വകുപ്പുമായി ബന്ധപ്പെട്ടാണ് അറബി ചിന്തകളില്‍ ആകൃഷ്ടനായത്. അദ്ദേഹത്തിന്റെ കോണ്ട്ര ജെന്റൈല്‍സ് (Contra Gentiles) ഇതിന് മികച്ച തെളിവാണത്രെ. ദൈവത്തെ യുക്തിപൂര്‍വം അവതരിപ്പിക്കുന്ന ഹെലനിസ്റ്റിക് രീതിയെ ഗസാലിയെപോലെ തന്നെ അദ്ദേഹവും നിരാകരിക്കുന്നു. രണ്ടു പേരുടെയും പഠനങ്ങളെ സി.എഫ് മോര്‍ വിശകലന വിധേയമാക്കിയിട്ടുണ്ട് (History of Religions. Vol II).

ആധുനിക ചിന്തകന്മാര്‍:
പാസ്‌കല്‍ (Pascal)
ആധുനിക പടിഞ്ഞാറന്‍ ചിന്തകന്മാരിലും ഇമാം ഗസാലിയുടെ സ്വാധീനം ഒട്ടും ചെറുതല്ല. തത്ത്വചിന്തയെക്കുറിച്ച് ഏറെ കൃതികള്‍ രചിച്ച അസിന്‍ പലാഷിയോസ് (Asin Palacios), പതിനേഴാം നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ ജീവിച്ച ഗണിതജ്ഞനും ദൈവശാസ്ത്രജ്ഞനുമായിരുന്ന ബ്ലൈസ് പാസ്‌കലിനെ (Blaise Pascal) ഗസാലിയന്‍ ചിന്തകള്‍ എങ്ങനെ സ്വാധീനിച്ചിരുന്നുവെന്ന്  രണ്ട് പേരുടെയും ചിന്തകളെ താരതമ്യപ്പെടുത്തി സമര്‍ഥിക്കുന്നുണ്ട്. 1920-ലാണ് ഇത് സംബന്ധിച്ച പുസ്തകം പലാഷിയോസ് പ്രസിദ്ധീകരിച്ചത്. പരലോക ജീവിതത്തെക്കുറിച്ചുള്ള ചിന്തകളില്‍ (eschatology) ഗസാലിയുടെ വീക്ഷണങ്ങളാണ് പാസ്‌കലും സ്വീകരിച്ചത്. മനുഷ്യന്‍ വഴിപിഴക്കുന്നത് പരലോക ജീവിതത്തെക്കുറിച്ചുള്ള ബോധക്കുറവ് കൊണ്ടാണെന്ന ഗസാലിയുടെ നിലപാട് പാസ്‌കലും സ്വീകരിച്ചു. ഗസാലിയെ പോലെത്തന്നെ ജീവിതലക്ഷ്യം തേടി വിവിധ തത്ത്വശാസ്ത്രങ്ങളില്‍ അഭയം തേടി പരാജയപ്പെട്ട് അവസാനം ആത്മീയതയെ പുണരുന്ന കാഴ്ചയാണ് പാസ്‌കലിന്റെ ജീവിതത്തിലും കാണാന്‍ കഴിയുന്നത്. ജീവിതത്തെയും മരണത്തെയും സ്വപ്നത്തോടുപമിച്ച ഗസാലിയന്‍ വ്യാഖ്യാനവും പാസ്‌കല്‍ അപ്പടി പകര്‍ത്തുകയാണുണ്ടായത്. ഗസാലിയുടെ 'ഹൃദയത്തിന്റെ കണ്ണും'(അയ്‌നുല്‍ ഖല്‍ബ്) പാസ്‌കലിന്റെ 'ഹൃദയത്തിന്റെ ന്യായവും' (Logique do cocur) തമ്മില്‍ വ്യത്യാസമില്ല. വിശ്വാസം, അവിശ്വാസം, പുനര്‍ജന്മം, കപട വിശ്വാസം എന്നീ കാര്യങ്ങളിലൊക്കെ ഗസാലിയുടെ ഇഹ്‌യാ ഉലൂമിദ്ദീനെ പാസ്‌കല്‍ അതേപടി അനുകരിച്ചതായി തോന്നും. അവതരണ ശൈലിക്ക് പോലും മാറ്റം വരുത്തിയിട്ടില്ല. തൊഴില്‍, കച്ചവടം, വ്യവസായം, യാത്ര, മരുന്നുകള്‍ എന്നിവയുടെ വിശകലനത്തിലും ഗസാലിയെത്തന്നെയാണ് പാസ്‌കല്‍ പിന്തുടരുന്നത്. 'ബുദ്ധി വഴിയല്ല ദൈവത്തെ ബോധ്യപ്പെടുക, മറിച്ച് ഹൃദയം വഴിയാണെന്ന' ഗസാലിയുടെ വാക്കുകള്‍ പാസ്‌കലും പകര്‍ത്തുന്നു. ഗസാലിയന്‍ ചിന്തകളെ ഗണിത ശാസ്ത്രത്തിലൂടെ തെളിയിച്ചെടുക്കാന്‍ പാസ്‌കലിന് കഴിഞ്ഞുവെന്നാണ് അസിന്‍ പലാഷിയോസ് പറയുന്നത്.

റെനേ ദേകാര്‍ത് (Rene Descartes)
ഗസാലിയെ ഉള്‍ക്കൊണ്ട മറ്റൊരു യൂറോപ്യന്‍ ചിന്തകനാണ് ദേകാര്‍ത് (1596-1650). അദ്ദേഹത്തിന്റെ ചിന്തകള്‍ക്ക് ഗസാലിയോടെന്ന പോലെ ഇബ്‌നു സീനയോടും കടപ്പാടുണ്ട്. അനുമാനങ്ങള്‍ക്ക് പകരം അതീന്ദ്രിയമായ അനുഭവങ്ങളിലൂടെ ദൈവത്തെ കണ്ടെത്താനുള്ള ഗസാലിയന്‍ ശ്രമങ്ങളെയാണ് ദേകാര്‍തും പിന്തുടരുന്നത്. ധ്യാനം അതിനൊരു പരിശീലനമാക്കി അദ്ദേഹം മാറ്റിയെടുത്തു.  കേവല അനുമാനങ്ങളെയോ ഇന്ദ്രിയാവബോധങ്ങളെയോ മാത്രം വിശ്വസിക്കാന്‍ കൊള്ളില്ലെന്ന ഗസാലിയുടെ നിലപാട്  ദേകാര്‍തും സ്വീകരിക്കുന്നു. ഈ ലോകത്തെ ജീവിതം സ്വപ്നത്തെപ്പോലെയാണെന്നും മരണമാണ് യാഥാര്‍ഥ്യമെന്നുമുള്ള ഗസാലിയന്‍ വിശകലനവും  ദേകാര്‍തും അംഗീകരിക്കുന്നു. നാം കണ്ണുകള്‍ കൊണ്ട് ഒരു നക്ഷത്രത്തെ നോക്കിയാല്‍ അത് ഒരു നാണയത്തിന്റെ വലിപ്പത്തില്‍ മാത്രമാണ് ദൃശ്യമാവുക. യഥാര്‍ഥത്തില്‍ അത് ഭൂമിയേക്കാള്‍ എത്രയോ ഇരട്ടി വലിപ്പമുള്ളതാണല്ലോ. അതാണ് ഇന്ദ്രിയ ഗോചരമായതൊക്കെ വിശ്വസിക്കാന്‍ പറ്റില്ലെന്ന് ഗസാലി ചിന്തിച്ചത്. ഗണിത സംബന്ധിയായ കണക്കുകൂട്ടലുകളെയും ന്യായ ശാസ്ത്രത്തേയുമൊന്നും അപ്പടി വിശ്വസിക്കാന്‍ ഗസാലി തയാറല്ല.  ദേകാര്‍തിന്റെ നിലപാടും ഇതുതന്നെ. ചിന്തിക്കുന്നതൊക്കെ പൂര്‍ണമായി ശരിയാവണമെന്നില്ല. എല്ലാറ്റിലും സംശയമാവുമ്പോള്‍ ഒന്നിനെയും ഉറപ്പാക്കാന്‍ കഴിയാത്ത അവസ്ഥ വരുന്നു. ഇതാണ് ഗസാലിയെ സൂഫിസത്തിലെത്തിച്ചത്. സംശയമുണ്ട് എന്നതില്‍ മാത്രമാണ് സംശയമില്ലാത്തത്. സംശയമുണ്ടാവണമെങ്കില്‍ ചിന്തിക്കണം. ചിന്തിക്കണമെങ്കില്‍ മനസ്സാക്ഷി അഥവാ മനസ്സ് വേണം. അങ്ങനെയാണ് മനസ്സുണ്ട് എന്ന്  ദേകാര്‍ത് ഉറപ്പിച്ചത്. 'ഞാന്‍ ചിന്തിക്കുന്നു, അതുകൊണ്ട് ഞാന്‍ ഉണ്ട്' (cogito ergo sum) –ഇതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.  
ആത്മാവിനെക്കുറിച്ച ഗസാലിയുടെ വിശകലനവും  ദേകാര്‍ത് അംഗീകരിക്കുന്നുണ്ട്. ആത്മാവും ശരീരവും രണ്ടാണ്. ആത്മാവ് ദൈവികമാണ്. അതുകൊണ്ടുതന്നെ അതിന് രൂപവും ഭാവവുമില്ല. ആത്മാവില്ലാതെ ശരീരം പൂര്‍ണമാവില്ല. ശരീരത്തിന് ചലനശേഷിയുമുണ്ടാവില്ല. ശരീരം ജീര്‍ണിച്ച് മണ്ണോട് ചേരും. കാരണം അത് സൃഷ്ടിയാണ്. എല്ലാ സൃഷ്ടികളും നശിക്കും. എന്നാല്‍ ആത്മാവിന് മരണമില്ല. അതിന് സ്വയം ജീവനുണ്ട്. ശരീരത്തെ നന്നാക്കുന്നതും ചീത്തയാക്കുന്നതും ആത്മാവാണ്. മനുഷ്യന്‍ എന്നത് ശരീരവും ആത്മാവും ചേര്‍ന്നതാണ്. ഇത് രണ്ടും രണ്ടു തരത്തിലുള്ള പ്രകൃതിയാണെങ്കിലും രണ്ടും പരസ്പരം ആശ്രയിക്കുന്നതുകൊണ്ട് രണ്ടായി നിലനില്‍പില്ല.
ഗസാലിയുടെ അല്‍ മുന്‍ഖിദു മിനദ്ദലാലും  ദേകാര്‍തിന്റെ ഡിസ്‌കോഴ്‌സും( Discourse de la Methode) ഒരേ രീതിയിലുള്ള ആത്മകഥാ കൃതികളാണ്. പല കാര്യങ്ങളിലും രണ്ടു കൃതികളും സാമ്യം പുലര്‍ത്തുന്നുണ്ടെന്ന് വിശകലനത്തിന് ശേഷം ദക്ഷിണാഫ്രിക്കന്‍ പണ്ഡിതനായ നസീം ഗൂലാന്‍ രേഖപ്പെടുത്തുന്നു (http://www.ghazali.org/articles/codi_v44_a5.pdf).

ഓഗസ്റ്റ് കോന്റ് (Aguste  Comte)
പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ച ഫ്രഞ്ച് ചിന്തകന്‍ ഓഗസ്റ്റ് കോന്റിനെ (1798-1857) ഗസാലിയന്‍ ചിന്തകള്‍ എങ്ങനെ സ്വാധീനിച്ചിരുന്നുവെന്ന് അദ്ദേഹത്തിന്റെ പോസിറ്റീവിസം (positivism)വിലയിരുത്തിക്കൊണ്ട് പലരും സമര്‍ഥിച്ചിട്ടുണ്ട്. എല്ലാ വിവരങ്ങളുടെയും ആധികാരിക രേഖ സാമൂഹിക പ്രാകൃതിക ശാസ്ത്രങ്ങളും ഇന്ദ്രിയാനുഭവങ്ങളും അവയുടെ ന്യായ പരവും ഗണിതപരവുമായ സമീപനങ്ങളുമാണെന്ന് സ്ഥാപിക്കുന്ന കോന്റിന്റെ ന്യായങ്ങളെയാണ് പോസിറ്റീവിസം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അനുമാനങ്ങ (speculation)ള്‍ക്ക് ഒരു സ്ഥാനവും അദ്ദേഹം നല്‍കുന്നില്ല. ശാസ്ത്രങ്ങളൊക്കെ ഒരേ മരത്തിന്റെ കൊമ്പുകളാണെന്നും അവയെ വേര്‍തിരിച്ചു നിര്‍ത്താനാവില്ലെന്നും കോന്റ് പറയുന്നു.  
ചരിത്രശാസ്ത്രമെന്നത് സമൂഹത്തിന്റെ ചലനാത്മകതയാണ് (social dynamism) എന്ന് നിരീക്ഷിക്കുന്ന കോന്റ് ചരിത്ര ഘടകങ്ങള്‍ക്ക് ഫലപ്രാപ്തി വേണമെങ്കില്‍ അവയെ മൂന്ന് ഘട്ടങ്ങളുള്‍ക്കൊള്ളുന്ന ഒരു നിയമം വഴി വ്യാഖ്യാനിക്കണം. ആദ്യത്തേത് ദൈവികഘട്ടമാണ്. ഇതില്‍ ജീവിതത്തെ സുഖപ്രദമാക്കുന്നതിന് മനുഷ്യന്‍ ദൈവങ്ങളെ സൃഷ്ടിക്കുന്നു. ദൈവത്തെ സൃഷ്ടിച്ച സമൂഹത്തിലെ അംഗങ്ങള്‍ തന്നെ സൃഷ്ടിപ്പിനെക്കുറിച്ച് അഭൗതികമായ (metaphysical) സംശയങ്ങളുമായി രംഗത്തുവരുന്നതാണ് അഭൗതികമായ ഘട്ടം. ഇവിടെ മനുഷ്യന്‍ ദൈവികമായ വിശ്വാസങ്ങളെ യുക്തിയിലൂടെ വിലയിരുത്താന്‍ ശ്രമിക്കുന്നു. സാമൂഹികമായി ഇതിനെ പ്രതികൂല ഘട്ടമായാണ് (negative stage) കോംറ്റെ വിലയിരുത്തുന്നത്.  മൂന്നാമത്തേത് ആത്മീയമായ ഘട്ടമാണ്. അതിനെ അനുകൂലമായ ഘട്ടമായാണ് (positive stage) അദ്ദേഹം കാണുന്നത്.  ഈ ഘട്ടത്തില്‍ സമൂഹം പുനഃസംഘടിപ്പിക്കപ്പെടും. ജനം ദൈവഭക്തിയിലേക്കടുക്കും. സദാചാരപരമായ പുനരുദ്ധാരണമുണ്ടാവും. ഒരു പുതിയ ആത്മീയ വിഭാഗം ഇവിടെ നേതൃരംഗത്ത് വരും. ഇവര്‍ക്ക് സ്വാര്‍ഥ താല്‍പര്യങ്ങളുണ്ടാവില്ല. സമൂഹവും ആ വഴിക്ക് നീങ്ങും. യൂറോപ്പിന് ഇങ്ങനെ ഒരു നല്ല കാലം വരാനുണ്ടെന്നാണ് കോന്റ് പ്രതീക്ഷിക്കുന്നത്.
പ്രകൃതി ശാസ്ത്രങ്ങളെയും ഇപ്രകാരം തന്നെയാണ് കോംറ്റെ അവലോകനം ചെയ്യുന്നത്. സാമൂഹിക ശാസ്ത്രമൊഴിച്ചുള്ള എല്ലാ ശാസ്ത്രങ്ങളും അനുകൂല ഘട്ടത്തിന്നായി പാകപ്പെട്ടു കഴിഞ്ഞിട്ടുണ്ടത്രെ. ഗണിത ശാസ്ത്രപരമായ കണക്കുകളുടെ അകമ്പടിയോടെ തെളിയിക്കപ്പെട്ട ഗോളശാസ്ത്രം ശാസ്ത്രീയമാണ്. എന്നാല്‍, ദൈവവിധിയെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയ ജ്യോതിഷവും മിത്തുകളും അസംബന്ധമാണ്. വസ്തുതകള്‍ മാത്രമുണ്ടായാല്‍ പോരാ. അവക്കനുസരിച്ച് തിയറികള്‍ സൃഷ്ടിക്കണം. തിയറികള്‍ക്കനുസരിച്ച് വസ്തുതകളെ വിലയിരുത്തണം. അതിന് ശാസ്ത്രങ്ങളുടെ സഹായം തേടണം. എല്ലാ ശാസ്ത്രങ്ങളുടെയും കൂട്ടായ്മയും}പരസ്പര ബന്ധവുമാണ് അനുകൂലമായ ഘട്ടങ്ങള്‍ സൃഷ്ടിക്കുന്നത്. അതിനുള്ള മാര്‍ഗങ്ങള്‍ തന്റെ തിയറിയിലൂടെ വരച്ചുകാട്ടുകയാണ് കോംറ്റെ. അദ്ദേഹത്തിന്റെ തിയറി വിശകലനം ചെയ്ത ശേഷം പണ്ഡിതനായ നസീം റഫീആബാദി പറയുന്നത്, ഗസാലിയന്‍ വിശകലനത്തിന്റെ തുടര്‍ച്ചയാണ് കോന്റിന്റേത് എന്നാണ്. കാരണം, ഗസാലിയാണ് വിവിധ ശാസ്ത്രങ്ങള്‍ പഠിക്കുന്നതിന് ഒരു പുതിയ രീതിശാസ്ത്രം ആവിഷ്‌കരിച്ചത്. എല്ലാ പാശ്ചാത്യ ചിന്തകന്മാരും ഗസാലിയന്‍ രീതിശാസ്ത്രത്തെ വികസിപ്പിക്കുകയാണ് ചെയ്തത്. ബുദ്ധിവികാസത്തിന്റെ വിവിധ ഘട്ടങ്ങള്‍ ഗസാലി തന്നെ വിവരിച്ചതാണ്. കോന്റും അവസാനം ചെന്നെത്തിയത് ദൈവഭക്തിയിലാണ്. ഗസാലിയുടേതില്‍ ചെറിയ ഭേദഗതി മാത്രമാണ് കോംറ്റെ വരുത്തിയത്.
ഗണിതശാസ്ത്രത്തിന് ഏറെ പ്രാധാന്യം നല്‍കിയ ഗസാലിയുടെ രീതി തന്നെ കോന്റും സ്വീകരിച്ചു. എല്ലാ ശാസ്ത്രങ്ങളുടെയും അടിസ്ഥാനം ഗണിതമാണെന്നും എന്നാല്‍ ഗണിതത്തിന്റെ പ്രകൃതി വെച്ച് നോക്കുമ്പോള്‍ അതിനെ ഒരു ശാസ്ത്രമായി കാണാനൊക്കില്ലെന്നുമുള്ള കോന്റിന്റെ നിലപാട് നേരത്തേ ഗസാലി സ്വീകരിച്ചതാണ്. ശാസ്ത്രത്തെക്കുറിച്ച് ഗസാലി ഇഹ്‌യാ ഉലൂമിദ്ദീനില്‍ പറയുന്നത് 'ജീവിതത്തിന്റെ പുരോഗതിക്കാവശ്യമായ ശാസ്ത്രങ്ങള്‍ പ്രശംസിക്കപ്പെടേണ്ടതുണ്ട്' എന്നാണ്. വൈദ്യശാസ്ത്രം, ഗണിതം തുടങ്ങിയവ പഠിക്കേണ്ടത് സമുദായത്തിന് നിര്‍ബന്ധമാണ്. എന്നാല്‍ ഗണിതശാസ്ത്രത്തിന് അഭൗതികതയുമായി ഒരു ബന്ധവുമില്ല. കോന്റ് ശാസ്ത്രങ്ങളെ വര്‍ഗീകരിക്കുന്നതിന് മുമ്പ് തന്നെ ഗസാലി തന്റെ മഖാസിദുല്‍ ഫലാസിഫയില്‍ അക്കാര്യം ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട്. ഗണിതം, ന്യായ ശാസ്ത്രം, ഭൗതികം, ദൈവശാസ്ത്രം എന്നിങ്ങനെ. ഇവയുടെ ശാഖകളെക്കുറിച്ചും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.  

ഇമ്മാനുവല്‍ കാന്റ ്്
ജര്‍മന്‍ ചിന്തകനായ ഇമ്മാനുവല്‍ കാന്റ് (1724-1804) ഇമാം ഗസാലിയെ അടുത്തറിഞ്ഞിട്ടുണ്ട്. യുക്തി, അതിന്റെ പരിമിതി, വിശ്വാസത്തിന്റെ യുക്തി ,അതിന്റെ പരിമിതി, അതീന്ദ്രീയ ജ്ഞാനം എന്നിവയിലൊക്കെ രണ്ടു പേരും സമാനമായ വീക്ഷണങ്ങളാണ് പുലര്‍ത്തിയത്. ഇക്കാരണങ്ങളാല്‍ തന്നെ ഇമ്മാനുവല്‍ കാന്റിനെ ഇമാം ഗസാലി നന്നായി സ്വാധീനിച്ചിട്ടുണ്ടെന്നാണ് മനസ്സിലാക്കേണ്ടത്.
ഗസാലിയെയും കാന്റിനെയും താരതമ്യം ചെയ്തുകൊണ്ട് എം.എന്‍ റോയ് പറയുന്നത്, ഗസാലി മിസ്റ്റിസിസത്തിലേക്ക് പോയത് അദ്ദേഹം കാലത്തിന് മുമ്പേ സഞ്ചരിച്ചതുകൊണ്ടാണ് എന്നാണ്. ഗസാലി വിചാരിച്ചതുപോലെ ഒരു ശാസ്ത്രവും വികാസം പ്രാപിച്ചിരുന്നില്ല. പരീക്ഷണങ്ങള്‍ വികസിച്ചിരുന്നില്ല. അതിനാല്‍, ചിന്തകളെ പ്രായോഗികമായി തെളിയിക്കാന്‍ അദ്ദേഹത്തിന് കഴിയാതെ പോയി. അതാണ് മിസ്റ്റിസിസത്തില്‍ അദ്ദേഹം അഭയം തേടാനുള്ള കാരണം. ഇത് അദ്ദേഹത്തിന്റെ മഹത്വത്തെ ഒരിക്കലും കുറച്ചുകാണിക്കുന്നില്ല; മറിച്ച് കാന്റ് അദ്ദേഹത്തിന്റെ ബുദ്ധിവൈഭവത്തെ വര്‍ഗപരമായ താല്‍പര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുകയായിരുന്നു (M.N.Roy, The Historical Role of Islam, An Essay on Islamic Culture). കാന്റ് തന്റെ ഫിലോസഫിക്കകത്ത് നിന്നുകൊണ്ട് മാത്രം ചിന്തിച്ചതിന്റെ ഫലമായി ദൈവികജ്ഞാനത്തിനുള്ള സാധ്യത അംഗീകരിച്ചില്ല. എന്നാല്‍ ഫിലോസഫിയുടെ അപ്രമാദിത്വം അംഗീകരിക്കാത്ത ഗസാലിയാവട്ടെ, ദൈവികജ്ഞാനത്തെ നിഷേധിക്കാന്‍ കൂട്ടാക്കിയുമില്ല.  
സാധ്യത(മുംകിന്‍), അസാധ്യത (മുംതനിഅ്), അത്യാവശ്യം (വാജിബ്), പരിമിതി, കാലം, സ്ഥലം  എന്നിവയെക്കുറിച്ചുള്ള വിശകലനത്തില്‍ ഗസാലിയും കാന്റും ഒരേ വീക്ഷണമാണ് പുലര്‍ത്തുന്നത്. ലോകം അഥവാ സൃഷ്ടിപ്പ് ആദ്യം തീരുമാനിക്കപ്പെട്ടതാണോ പിന്നീട് തീരുമാനിക്കപ്പെട്ടതാണോ, അതോ അതിന്റെ സാധ്യത നേരത്തേ ഉറപ്പിച്ചതാണോ തുടങ്ങി തത്ത്വചിന്തകന്മാര്‍ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളില്‍ ഗസാലിയന്‍ ആശയങ്ങള്‍ പടിഞ്ഞാറിനെ നന്നായി സ്വാധീനിച്ചിരുന്നുവെന്ന് കാന്റിന്റെ ഫിലോസഫി നമ്മെ ബോധ്യപ്പെടുത്തുകയാണ്. ദൈവ വിശ്വാസത്തെ അംഗീകരിച്ചുകൊണ്ട് തന്നെയാണ് കാന്റ് തന്റെ തത്ത്വചിന്ത രൂപപ്പെടുത്തുന്നത്. എന്നാല്‍, അതിന്റെ അസ്തിത്വം സ്ഥാപിക്കുന്നതിനുള്ള ഭൗതികവും അഭൗതികവുമായ തെളിവുകള്‍ പോരാ എന്നാണ് അദ്ദേഹത്തിന്റെ വാദം. അതിന് അസ്തിത്വപരമായ പഠനങ്ങള്‍ വേണം. നിലനില്‍ക്കുന്ന വസ്തുക്കളിലൂടെ അപഗ്രഥനം നടത്തി ദൈവത്തെ തെളിയിച്ചു കൊടുക്കണം. മതപരമായ സദാചാര വിഷയങ്ങളെക്കുറിച്ചും അത്തരം പഠനങ്ങള്‍ ആവശ്യമാണ്. അവയുടെ ആവശ്യകത പ്രായോഗികമായി ബോധ്യപ്പെടുത്തണം. കേവലം അനുമാനങ്ങള്‍ പോരാ. യുക്തിയിലൂടെയും പരീക്ഷണങ്ങളിലൂടെയും ബോധ്യപ്പെടുത്താന്‍ ശ്രമിക്കണം. യുക്തിക്കപ്പുറമാണ് ദൈവം എന്ന് പറഞ്ഞാലും മതിയാവില്ല. ഇവിടെയാണ് ഗസാലിയും കാന്റും തമ്മിലുള്ള വ്യത്യാസം. ഗസാലി പ്രവാചകന്മാരുടെയും പുണ്യവാളന്മാരുടെയുമൊക്കെ അതീന്ദ്രീയ അനുഭവങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും ദൈവത്തിന്റെ അസ്തിത്വം തെളിയിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍, ഗസാലിയുടെ കാലത്ത്, അന്നത്തെ ചിന്തകളനുസരിച്ച് അഭൗതികതയെ യുക്തിയുമായി ബന്ധപ്പെടുത്താനെളുപ്പമായിരുന്നില്ല.  എന്നാല്‍, കാന്റ് കുറെക്കൂടി മുന്നോട്ടുപോയി. കുറച്ചു കൂടി ശാസ്ത്ര മുന്നേറ്റങ്ങളുമുണ്ടായി. അതുകൊണ്ടാണ് അഭൗതികതയെ പരീക്ഷണങ്ങളിലൂടെ തെളിയിക്കാനാവുമെന്ന് കാന്റ് അനുമാനിച്ചത്.
ഇമാം ഗസാലിയിലൂടെയാണ് മുസ്‌ലിം തത്ത്വചിന്ത പാശ്ചാത്യ ലോകത്തേക്ക് പ്രവേശിക്കുന്നത്. അതുകൊണ്ടാണ് പാശ്ചാത്യ ചിന്ത ഗസാലിയുടെ ചിന്തകളിലൂന്നി രൂപപ്പെട്ടത്. നിര്‍ഭാഗ്യവശാല്‍ ഈ കടപ്പാട് തുറന്ന് പറയാന്‍ ആധുനിക യൂറോപ്യന്‍ ചിന്തകന്മാര്‍ തയാറായില്ല.  ഗസാലിയെ അപ്പടി പകര്‍ത്തുമ്പോള്‍ തന്നെ കടപ്പാട് രേഖപ്പെടുത്താനുള്ള മനസ്സ് ഈ ചിന്തകന്മാര്‍ കാണിക്കേണ്ടതായിരുന്നു.  അരിസ്റ്റോട്ടിലിനെയും പ്ലാറ്റോയെയും കടപ്പാടോടെ മാത്രം മുസ്‌ലിം ചിന്തകന്മാര്‍ നോക്കിക്കണ്ടപ്പോള്‍ ഈ മനോഭാവം പാശ്ചാത്യ ചിന്തകന്മാരില്‍ പലരും കാണിച്ചില്ല.
(വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം കോളേജ് പ്രിന്‍സിപ്പലായ ലേഖകന്‍ നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്.)
drhussaink@gamil.com

Comments

Other Post