Prabodhanm Weekly

Pages

Search

2011 ഗസാലിപ്പതിപ്പ്‌

അബൂ ഹാമിദില്‍ ഗസാലി ജീവിത രേഖ

അബ്ദുര്‍റഹ്മാന്‍ മുന്നൂര്

പാണ്ഡിത്യത്തിന്റെ അപാരത കൊണ്ടും ചിന്തയുടെ മൗലികതകൊണ്ടും ജീവിതത്തിന്റെ വിശുദ്ധി കൊണ്ടും ഇസ്‌ലാമിക ചരിത്രത്തില്‍ അഗാധമായ സ്വാധീനം ചെലുത്തിയ മഹദ് വ്യക്തിത്വമാണ് ഇമാം അബൂഹാമിദ് അല്‍ ഗസാലി. സമകാലീനര്‍ അദ്ദേഹത്തെ 'ഇസ്‌ലാമിന്റെ പ്രമാണം' (ഹുജ്ജത്തുല്‍ ഇസ്‌ലാം) എന്നും ദീനിന്റെ അലങ്കാരം (സൈനുദ്ദീന്‍) എന്നും ബഹുമാനപൂര്‍വം വിളിച്ചു. തത്ത്വചിന്തകനെന്നും ദൈവശാസ്ത്രകാരനെന്നും സൂഫിവര്യനെന്നും അവരവരുടെ അഭിരുചിക്കൊത്ത് പലരും അദ്ദേഹത്തെ വിശേഷിപ്പിച്ചു. എന്നാല്‍, വിജ്ഞാനത്തിന്റെ അനേക മണ്ഡലങ്ങളില്‍ വ്യാപരിക്കുകയും കടന്നുചെന്ന മേഖലകളിലെല്ലാം സ്വന്തം വ്യക്തിത്വത്തിന്റെ ഉജ്വല മുദ്രകള്‍ അവശേഷിപ്പിക്കുകയും ചെയ്ത ഇമാം ഗസാലിയെ ഇത്തരം വിശേഷണങ്ങള്‍ കൊണ്ട് പരിചയപ്പെടുത്താനാവുകയില്ല. വിശേഷണങ്ങളിലൊതുങ്ങാത്ത വ്യക്തിത്വമായിരുന്നു ഇമാം ഗസാലി.

ജനനം, വിദ്യാഭ്യാസം
അബ്ബാസികളുടെ പതനത്തിനു ശേഷം ഛിന്നഭിന്നമായിപ്പോയ ഇസ്‌ലാമിക ലോകത്തെ വീണ്ടുമൊരു വിശാല സാമ്രാജ്യത്തിനു കീഴില്‍ ഏകോപിപ്പിച്ചത് സല്‍ജൂഖി ഭരണകൂടമാണ്. സല്‍ജൂഖി ഭരണാധികാരികളില്‍ ഏറ്റവും പ്രഗത്ഭനായിരുന്നു സുല്‍ത്താന്‍ മലിക് ഷാ (ഭരണകാലം 465/1072-485/1092). അദ്ദേഹത്തിന്റെ പ്രധാനമന്ത്രി നിസാമുല്‍ മുല്‍ക് തൂസി വിദ്യാഭ്യാസ മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച വിജ്ഞാന സ്‌നേഹിയായിരുന്നു. 'മദ്‌റസത്തുന്നിസാമിയ്യ' എന്ന പേരില്‍ പ്രധാന നഗരങ്ങളെ കേന്ദ്രമാക്കി ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ ഒരു വലിയ ശൃംഖല അദ്ദേഹം കെട്ടിപ്പടുക്കുകയുണ്ടായി. ഉന്നത വിദ്യാഭ്യാസത്തിനുള്ള ഇസ്‌ലാമിക ചരിത്രത്തിലെ തന്നെ ആദ്യത്തെ വ്യവസ്ഥാപിത സംവിധാനമായാണ് അവ അറിയപ്പെടുന്നത്. അക്കാലത്തെ മതപരവും മതേതരവുമായ എല്ലാ വിജ്ഞാനശാഖകള്‍ക്കും നിസാമിയ്യ സര്‍വകലാശാലകളുടെ പാഠ്യപദ്ധതിയില്‍ ഇടം നല്‍കപ്പെട്ടിരുന്നു. നൂതനമായ ഈ പാഠ്യപദ്ധതിയുടെ സന്തതിയായിരുന്നു ഇമാം ഗസാലി.
ഖുറാസാനിലെ തൂസ് ജില്ലയില്‍ പെട്ട തബറാനിലാണ് ഗസാലിയുടെ ജനനം, 450/1058-ല്‍. ഇന്നത്തെ മശ്ഹദ് പട്ടണത്തിനടുത്താണ് ഈ പ്രദേശം. ദരിദ്രമായ കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. എന്നാല്‍, പാണ്ഡിത്യത്തിലും വിശുദ്ധിയിലും അത് സമ്പന്നമായിരുന്നു. ഗസാലിയുടെ വലിയമ്മാവന്‍ പ്രഗത്ഭനായ ദൈവശാസ്ത്രപണ്ഡിതനും കര്‍മശാസ്ത്ര വിശാരദനുമായിരുന്നു. അബൂ ഹാമിദ് അല്‍ ഗസാലി എന്നു തന്നെയാണ് അദ്ദേഹത്തിന്റെയും പേര്. പിന്നീട് വലിയ ഗസാലി (ഗസാലി അല്‍ കബീര്‍) എന്ന് വിളിക്കപ്പെട്ടു അദ്ദേഹം. ഗസാലിയുടെ പിതാവ് വിശുദ്ധമായ ജീവിതം നയിച്ചിരുന്ന ഒരു പരിവ്രാജകനായിരുന്നു. സ്വന്തം കൈകള്‍ കൊണ്ട് അധ്വാനിച്ചു നേടിയതല്ലാതെ മറ്റൊന്നും അദ്ദേഹം ഭക്ഷിക്കാറുണ്ടായിരുന്നില്ലത്രെ. സൂഫികളോടൊപ്പം സമയം ചെലവഴിക്കുകയായിരുന്നു അദ്ദേഹത്തിന് ഏറ്റവും താല്‍പര്യമുള്ള കാര്യം. ഗസ്സാലിയുടെ സഹോദരന്‍ അഹ്മദ് അല്‍ ഗസാലിയും പ്രഗത്ഭനായ ഒരു സൂഫി വര്യനായിത്തീര്‍ന്നു.
ഗസാലിയുടെ പിതാവ് തന്റെ രണ്ടു മക്കളുടെയും ശിക്ഷണച്ചുമതല ഒരു സൂഫി സുഹൃത്തിനെ ഏല്‍പിച്ച്, ഏറെ കഴിയാതെ മരണമടഞ്ഞു. പിതാവ് ഗുരുവിനെ ഏല്‍പിച്ച പണം തീരുന്നത് വരെ രണ്ടുപേരും അദ്ദേഹത്തിന്റെ കൂടെ താമസിച്ചു പഠിച്ചു. തുടര്‍ വിദ്യാഭ്യാസത്തിനായി ജുര്‍ജാനിലേക്കു പോയ ഗസാലി, അവിടെ ഇമാം അബൂനസ്ര്‍ അല്‍ ഇസ്മാഈലിന്റെ ശിഷ്യത്വം സ്വീകരിച്ചു. ജുര്‍ജാനിലെ പഠനം കഴിഞ്ഞ് തൂസില്‍ തിരിച്ചെത്തിയ അദ്ദേഹം അല്‍പകാലം ശൈഖ് യൂസുഫ് അന്നസ്സാജിയുടെ ശിക്ഷണത്തില്‍ സൂഫി മാര്‍ഗം പരിശീലിച്ചു.
ജുര്‍ജാനില്‍ നിന്ന് മടങ്ങുന്ന വഴി ഒരു കൊള്ളക്കാരന്‍ ഗസാലിയെ ആക്രമിച്ച് കൈയിലുള്ളതെല്ലാം തട്ടിയെടുത്തു. ഗസാലിയുടെ വിലപ്പെട്ട നോട്ട് പുസ്തകങ്ങളും അക്കൂട്ടത്തിലുണ്ടായിരുന്നു. താന്‍ പഠിച്ചതെല്ലാം ആ പുസ്തകങ്ങളിലാണെന്നും അവ തിരിച്ചുതരണമെന്നും ഗസാലി കെഞ്ചിയപേക്ഷിച്ചു: 'ഏതാനും കീറക്കടലാസുകള്‍ നഷ്ടപ്പെടുന്നതോടെ ഒലിച്ചുപോകുന്നതാണോ താന്‍ പഠിച്ച വിദ്യ' എന്ന് പരിഹാസപൂര്‍വം ചോദിച്ചുകൊണ്ട് കൊള്ളക്കാരന്‍ അവ ഗസാലിക്ക് എറിഞ്ഞുകൊടുത്തു. അതില്‍ പിന്നെ പഠിക്കുന്നതെല്ലാം മനഃപാഠമാക്കാന്‍ ഗസാലി ഉറച്ച തീരുമാനമെടുത്തു. വീട്ടിലെത്തിയ ശേഷം ആ കുറിപ്പുകളിലുള്ളതെല്ലാം ഹൃദിസ്ഥമാക്കിക്കൊണ്ട് അതിന് തുടക്കം കുറിക്കുകയും ചെയ്തു.

നിസാമിയ്യയില്‍
നിശാപൂരിലെ നിളാമിയ്യ സര്‍വകലാശാലയില്‍ അബുല്‍ മആലി അബ്ദുല്‍ മലിക് അല്‍ ജുവൈനി എന്ന പ്രഗത്ഭനായ പണ്ഡിതനാണ് അന്ന് പ്രധാന ഗുരുനാഥന്‍. ഭരണാധികാരികളുമായുള്ള അഭിപ്രായ ഭിന്നതമൂലം നാടുവിട്ട് മക്കയിലും മദീനയിലും സേവനമനുഷ്ഠിച്ച ശേഷം, ഭരണം മാറിയപ്പോള്‍ തിരിച്ചുവന്ന് നിസാമിയ്യയുടെ ചുമതല ഏറ്റെടുത്തതായിരുന്നു അദ്ദേഹം. വിശുദ്ധ നഗരങ്ങളായ മക്കയിലെയും മദീനയിലെയും പള്ളികളില്‍ ഇമാമായിരുന്നത് കൊണ്ട് 'ഇമാമുല്‍ ഹറമൈനി' എന്ന പേരിലും അദ്ദേഹം വിശ്രുതനാണ്. അശ്അരി ദൈവശാസ്ത്ര സരണിയിലെ ആചാര്യ പദവിയുള്ള പണ്ഡിതനും ഒട്ടേറെ ഗ്രന്ഥങ്ങളുടെ കര്‍ത്താവുമാണ് അദ്ദേഹം. ദൈവശാസ്ത്രം, തത്ത്വചിന്ത, കര്‍മശാസ്ത്ര മീമാംസ, തര്‍ക്കശാസ്ത്രം, വാദപ്രതിവാദം, ഭൗതികശാസ്ത്രം തുടങ്ങിയ വൈവിധ്യമാര്‍ന്ന വിഷയങ്ങളാണ് നിസാമിയ്യയില്‍ പഠിക്കാനുണ്ടായിരുന്നത്. പ്രതിഭാ സമ്പന്നനും ഊര്‍ജസ്വലനുമായ ഗസാലിയുടെ ധൈഷണിക വികാസത്തിന് ഏറ്റവും അനുയോജ്യമായിരുന്നു അവിടത്തെ വൈജ്ഞാനിക അന്തരീക്ഷം. സ്വതന്ത്ര ചിന്തക്കും സ്വതന്ത്രമായ ആശയപ്രകാശനത്തിനും പൂര്‍ണ സ്വാതന്ത്ര്യം ഇമാമുല്‍ ഹറമൈനി വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ചിരുന്നു. ചര്‍ച്ചകളും വാദപ്രതിവാദങ്ങളും സംഘടിപ്പിച്ചുകൊണ്ട് വിദ്യാര്‍ഥികളുടെ വൈജ്ഞാനികവും ചിന്താപരവുമായ വളര്‍ച്ചക്ക് അദ്ദേഹം സാഹചര്യങ്ങളൊരുക്കിക്കൊടുത്തു. വാദപ്രതിവാദങ്ങളില്‍ ഗസ്സാലി ഏറെ മിടുക്ക് കാണിച്ചു. പാണ്ഡിത്യം കൊണ്ട് ഗുരുവിനെപ്പോലും അദ്ദേഹം അത്ഭുതപ്പെടുത്തി. 'നിറസാഗരം' എന്നാണ് ഗസാലിയെ അദ്ദേഹം വിശേഷിപ്പിച്ചിരുന്നത്. അഞ്ഞൂറോളം വരുന്ന തന്റെ ശിഷ്യന്മാരില്‍ ഗസാലിയെ അദ്ദേഹം ഏറ്റം ഇഷ്ടപ്പെട്ടു. മറുവശത്ത്, ഇമാമുല്‍ ഹറമൈനിയുടെ പാണ്ഡിത്യവും സ്വഭാവമഹിമകളും ഗസാലിയുടെ വ്യക്തിത്വ രൂപവത്കരണത്തിലും വലിയ പങ്ക് വഹിച്ചു. സത്യാന്വേഷണ താല്‍പര്യം, അഭിപ്രായ ധീരത, തിന്മകളോടുള്ള എതിര്‍പ്പ് തുടങ്ങിയ ഇമാമുല്‍ ഹറമൈനിയുടെ വ്യക്തിത്വ സവിശേഷതകള്‍ പതിന്മടങ്ങ് തീക്ഷ്ണതയോടെ ഗസാലിയിലും പ്രതിഫലിച്ചു. ഇരുപതാമത്തെ വയസ്സിലാണ് ഗസാലി നിളാമിയ്യയില്‍ എത്തിയത്. എട്ടു വര്‍ഷം ഇമാമുല്‍ ഹറമൈനിയുടെ കീഴില്‍ വിദ്യയഭ്യസിച്ചു. അതിനിടയില്‍ ചില വിദ്യാര്‍ഥികളെ പഠിപ്പിക്കാനുള്ള ചുമതല ഗുരുനാഥന്‍ ഗസാലിയെ ഏല്‍പിച്ചു. അക്കാലത്ത് തന്നെ അദ്ദേഹം ഗ്രന്ഥങ്ങള്‍ രചിക്കാനും തുടങ്ങി.
അബൂ അലി അല്‍ഫര്‍മാദി എന്ന ഒരു സൂഫി ശൈഖിന്റെ ശിഷ്യത്വം സ്വീകരിച്ച് സൂഫി മാര്‍ഗം പരിശീലിക്കാനും നിശാപൂരിലെ താമസക്കാലത്ത് ഗസാലി സമയം കണ്ടെത്തി. സൂഫി സിദ്ധാന്തങ്ങളിലും അനുഷ്ഠാനങ്ങളിലും കൂടുതല്‍ അവഗാഹം സമ്പാദിക്കാന്‍ അത് അവസരം നല്‍കി. കഠിനമായ ചില സാധനമുറകളും ഗസാലി അനുഷ്ഠിച്ചിരുന്നു. എന്നാല്‍, ആനന്ദമൂര്‍ഛയും ആത്മവിസ്മൃതിയും അനുഭൂതമാകുന്ന പദവിയോളം ഉയരാന്‍ തനിക്കു സാധിക്കുകയുണ്ടായില്ലെന്ന് അദ്ദേഹം തന്നെ പില്‍ക്കാലത്ത് അനുസ്മരിക്കുന്നുണ്ട്.
ഗസാലിയുടെ ധിഷണയില്‍ ചോദ്യങ്ങളും സംശയങ്ങളും ഫണം വിടര്‍ത്താന്‍ തുടങ്ങിയ കാലമായിരുന്നു അത്. ചോദ്യം ചെയ്യപ്പെടാത്ത സിദ്ധാന്തങ്ങളും പ്രമാണങ്ങളും അദ്ദേഹത്തില്‍ അസംതൃപ്തി സൃഷ്ടിച്ചു. അന്ധമായ അനുകരണത്തില്‍ നിന്ന് സ്വയം കുതറി പുറത്തുവന്നു. ദൈവശാസ്ത്രം അദ്ദേഹത്തിന്റെ താര്‍ക്കിക ബുദ്ധിയെ ഒട്ടും തൃപ്തിപ്പെടുത്തിയില്ല. സൂഫിസത്തോടായിരുന്നു പിന്നെയും അല്‍പം ആഭിമുഖ്യം.
അടുത്തടുത്ത വര്‍ഷങ്ങളിലായി ഗസാലിയുടെ രണ്ട് ഗുരുക്കന്മാരും ലോകത്തോട് വിട പറഞ്ഞു. അല്‍ഫര്‍മാദി 477/1084-ലും ഇമാമുല്‍ ഹറമൈനി 478/1085-ലും. ഗസാലിക്ക് അപ്പോള്‍ പ്രായം 28. അതിനകം അദ്ദേഹത്തിന്റെ കീര്‍ത്തി ഇസ്‌ലാമിക ലോകത്തിന്റെ നാനാദിക്കുകളിലും പരന്നുകഴിഞ്ഞിരുന്നു. ആരെയും കൊതിപ്പിക്കുന്ന കീര്‍ത്തിയും ഐശ്വര്യവും സാമൂഹിക പദവിയും പണ്ഡിതന്മാര്‍ക്ക് ലഭിക്കുന്ന കാലം. വിശേഷിച്ചും നിളാമുല്‍ മുല്‍ക് തൂസിയെപ്പോലെ, പണ്ഡിതന്മാരെ കൈമറന്ന് സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകുയം ചെയ്യുന്ന ഒരു വിജ്ഞാന സ്‌നേഹി പ്രധാനമന്ത്രിയായി വാഴുന്ന കാലം. സ്വന്തം പാണ്ഡിത്യ മികവില്‍ മതിപ്പും അഭിമാനവുമുള്ള ഗസാലി നിളാമുല്‍ മുല്‍കിന്റെ കൊട്ടാരം ലക്ഷ്യമാക്കിയത് സ്വാഭാവികം മാത്രം. പ്രഗത്ഭരായ പണ്ഡിത നക്ഷത്രങ്ങളാല്‍ സമുജ്വലമായിരുന്നു നിസാമുല്‍ മുല്‍കിന്റെ വിദ്വല്‍ സദസ്സ്. പേര്‍ഷ്യന്‍ മഹാകവിയും ഗണിതശാസ്ത്രജ്ഞനും ചിത്രകാരനുമെല്ലാമായ ഉമറുല്‍ ഖയ്യാം അതില്‍ അംഗമായിരുന്നു. തന്റെ നാട്ടുകാരനും നിസാമിയ്യയിലെ പ്രഗത്ഭനായ വിദ്യാര്‍ഥിയുമായ ഗസാലിയെക്കുറിച്ച് നിളാമുല്‍ മുല്‍കിന് നേരത്തെ അറിവുണ്ടായിരിക്കണം. അതുകൊണ്ടുതന്നെ വല്ലാതൊന്നും ബുദ്ധിമുട്ടാതെ അദ്ദേഹത്തിന്റെ പണ്ഡിതസഭയില്‍ ഗസാലിക്ക് അംഗത്വം ലഭിച്ചു. കൊട്ടാരത്തില്‍ ഇടക്കിടെ സംഘടിപ്പിക്കാറുള്ള വാദപ്രതിവാദങ്ങള്‍ പണ്ഡിതന്മാര്‍ക്ക് അവരുടെ മികവ് പ്രകടിപ്പിക്കാനുള്ള വേദിയായിരുന്നു. വാദപ്രതിവാദത്തില്‍ മിടുക്കനായ ഗസാലി ആ അങ്കത്തട്ടില്‍ അനായാസ വിജയം നേടി മുപ്പതാമത്തെ വയസ്സില്‍ തന്നെ സ്വന്തം ധൈഷണികമേധാവിത്വം ഉറപ്പിച്ചു.
നിളാമിയ്യ സര്‍വകലാശാലകളുടെ കൂട്ടത്തില്‍ ഏറ്റവും വലുതായിരുന്നു ബഗ്ദാദിലെ മദ്‌റസ. 458/1067ലാണത് സ്ഥാപിതമായത്. ഗസാലിയുടെ പാണ്ഡിത്യത്തില്‍ ആകൃഷ്ടനായ നിസാമുല്‍ മുല്‍ക് 184/1091-ല്‍ ഗസാലിയെ അതിന്റെ മേധാവിയായി നിയമിച്ചു. അക്കാലത്തെ പണ്ഡിതന്മാര്‍ക്ക് ആഗ്രഹിക്കാവുന്ന ഏറ്റവും വലിയ പദവിയായിരുന്നു അത്. 34-ാമത്തെ വയസ്സിലാണ് ഗസാലി ആ പദവിയില്‍ നിയമിക്കപ്പെടുന്നത്. അത്രയും ചെറിയ പ്രായത്തില്‍ അതിന് മുമ്പോ ശേഷമോ ആരും പ്രസ്തുത പദവിയില്‍ നിയമിക്കപ്പെട്ടിട്ടില്ലെന്ന് പറയപ്പെടുന്നു.
അധ്യാപകന്‍ എന്ന നിലക്ക് പൂര്‍ണ വിജയമായിരുന്നു ഗസാലി. അദ്ദേഹത്തിന്റെ വിജ്ഞാനസദസ്സുകളിലേക്ക് ആയിരക്കണക്കിന് വിജ്ഞാന കുതുകികള്‍ ഒഴുകിയെത്തി. വലിയ വലിയ പണ്ഡിതന്മാര്‍ മുതല്‍ ഉന്നത സ്ഥാനീയരായ ഉദ്യോഗസ്ഥരും ഭരണകര്‍ത്താക്കളും വരെ അക്കൂട്ടത്തിലുണ്ടായിരുന്നു. സാധാരണക്കാരായ ആളുകള്‍ക്കായി അദ്ദേഹം പ്രത്യേക സദസ്സുകള്‍ ഒരുക്കിയിരുന്നു. നാലു വര്‍ഷത്തിനു ശേഷം ബഗ്ദാദിനോട് വിടപറയുന്ന സമയത്ത് 3000 വിദ്യാര്‍ഥികള്‍ അദ്ദേഹത്തിനുണ്ടായിരുന്നു.
പണ്ഡിതന്മാര്‍ പരസ്പരവും വിവിധ കക്ഷികള്‍ തമ്മിലുമുള്ള സംവാദങ്ങളുടെയും തര്‍ക്കവിതര്‍ക്കങ്ങളുടെയും ഒരു ഉഷ്ണമേഖലയായിരുന്നു ബഗ്ദാദ് പട്ടണം. പണ്ഡിതന്മാരുടെ ഉപയോഗത്തിനു വേണ്ടി 35 ഗ്രന്ഥശാലകള്‍ അക്കാലത്ത് നഗരത്തിലുണ്ടായിരുന്നു. വിവിധ കക്ഷികളിലും ചിന്താസരണികളിലും പെട്ട ആളുകള്‍ പണ്ഡിതന്മാരുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ വേണ്ടി അവിടെ ചേക്കേറിയിരുന്നു. മുഅ്തസിലകള്‍, ശീഈകള്‍ തുടങ്ങിയ അവാന്തര വിഭാഗങ്ങല്‍ക്ക് പുറമെ യഹൂദ, ക്രൈസ്തവ പണ്ഡിതന്മാര്‍, യുക്തിവാദികള്‍, നിരീശ്വരവാദികള്‍, ഗൂഢാര്‍ഥവാദികള്‍ തുടങ്ങിയവരുടെയും തത്ത്വചിന്തയിലെയും ദൈവശാസ്ത്രത്തിലെയും സൂഫിസത്തിലെയും വിവിധ സരണികളുടെയും ആശയങ്ങള്‍ ബഗ്ദാദിന്റെ വൈജ്ഞാനികാകാശത്ത് പരസ്പരം കൂട്ടിയിടിച്ച് ശബ്ദമുഖരിതമായ അന്തരീക്ഷം സൃഷ്ടിച്ചു. വാദപ്രതിവാദ പ്രിയനായ ഗസാലി ഈ സംവാദങ്ങളില്‍ സജീവമായി ഇടപെടുകയും പ്രതിയോഗികളെ മുട്ടുകുത്തിച്ച് കീര്‍ത്തി നേടുകയും ചെയ്തു. അദ്ദേഹത്തിന്റെ പാണ്ഡിത്യവും വാഗ്മിത്വവും വാദപ്രതിവാദ വൈദഗ്ധ്യവും എല്ലാവരാലും അംഗീകരിക്കപ്പട്ടു. അശ്അരി സരണിയിലെ ഏറ്റവും പ്രഗത്ഭനായ തത്ത്വചിന്തകനായി ഗസാലി വാഴ്ത്തപ്പെട്ടു. തര്‍ക്കങ്ങളില്‍ അദ്ദേഹം മധ്യസ്ഥനായി. മതപരവും രാഷ്ട്രീയവുമായ പ്രശ്‌നങ്ങളില്‍ തീര്‍പ്പുകള്‍ തേടി ആളുകളെത്തി. സല്‍ജൂഖി സുല്‍ത്താനും അബ്ബാസി ഖലീഫക്കുമിടയില്‍ ഗസാലി ഒരു പാലമായി. രാജ്യത്തിലെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥന്റേതിന് തുല്യമായ സ്വാധീനശക്തി അദ്ദേഹത്തിന് കൈവന്നു.

ആത്മസംഘര്‍ഷം
ഭൗതികമായ സുഖൈശ്വര്യങ്ങളുടെ നിറവിലും ഗസാലി കഠിനമായ ആത്മസംഘര്‍ഷത്തിലകപ്പെട്ടു. അദ്ദേഹത്തിന്റെ മനസ്സിലെ പഴയ ആ സന്ദേഹി വീണ്ടും ഉന്മിഷത്തായി. തനിക്ക് തന്നെ ഉറച്ച ബോധ്യമില്ലാത്ത അറിവുകളാണ് വിജ്ഞാനകുതുകികളായ ശിഷ്യന്മാര്‍ക്ക് താന്‍ പകര്‍ന്നുകൊടുക്കുന്നതെന്ന മനസ്സാക്ഷിക്കുത്ത് അദ്ദേഹത്തെ അലട്ടി. പാണ്ഡിത്യത്തെ ഭൗതികനേട്ടങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്ന ചെയ്തി അദ്ദേഹത്തിന് ആത്മനിന്ദയുളവാക്കി. വിശദാംശങ്ങളില്‍ ചുറ്റിക്കറങ്ങി വിതണ്ഡവാദങ്ങള്‍ നടത്തുന്ന കര്‍മശാസ്ത്രത്തിന്റെ അകക്കാമ്പില്ലായ്മ അദ്ദേഹത്തിന് സംതൃപ്തി നല്‍കിയില്ല. ദൈവശാസ്ത്രത്തിന്റെ അടിസ്ഥാനരീതിശാസ്ത്രം യുക്തിഭദ്രതയില്ലാത്തതാണെന്ന് അദ്ദേഹം കണ്ടു. കാരണം, തെളിവുകള്‍കൊണ്ട് സ്ഥാപിക്കപ്പെടാത്ത ചില പ്രാഥമിക തത്ത്വങ്ങളെ ചോദ്യം ചെയ്യാതെ അംഗീകരിക്കുന്നതിനെ ആശ്രയിച്ചാണത് നിലനിന്നിരുന്നത്. ആ പ്രാഥമിക തത്ത്വങ്ങളുടെ കാര്യത്തില്‍ തന്നെയായിരുന്നു ഗസാലിക്ക് സംശയം. ദൈവശാസ്ത്രകാരന്മാരുടെ ആശയത്തര്‍ക്കങ്ങള്‍ മതദൃഷ്ട്യാ യാതൊരു പ്രയോജനവുമില്ലാത്ത കേവലം വിതണ്ഡാവാദങ്ങളാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. വീണ്ടുമൊരിക്കല്‍ കൂടി തത്ത്വശാസ്ത്ര പഠനത്തിലേക്ക് അദ്ദേഹം ശ്രദ്ധതിരിച്ചു. കൂടുതല്‍ അഗാധവും കൂലങ്കശവുമായ പഠനമായിരുന്നു അത്. യുക്തിചിന്തയെഅടിസ്ഥാനമാക്കുന്ന തത്ത്വചിന്തക്കും ഭദ്രമായ അടിത്തറയില്ലെന്ന് ആ പഠനം ബോധ്യപ്പെടുത്തി.യുക്തി നല്ലത് തന്നെയെങ്കിലും പരമമായ സത്യത്തിലേക്ക് അത് നയിക്കുകയില്ല. ആത്മസംഘര്‍ഷത്തിന്റെ കടുത്ത ചൂടില്‍ ഗസാലിയുടെ മനസ്സ് വെന്തുനീറി. അത് ശരീരത്തെ കൂടി രോഗാതുരമാക്കിത്തീര്‍ത്തു. ഭക്ഷണത്തോട് താല്‍പര്യമില്ലാതായി. ദഹന ശേഷി തകരാറിലായി. ശരീരം തളര്‍ന്നു. സംസാരശേഷി പോലും നഷ്ടപ്പെട്ടു. ആറുമാസം ആ ദുരവസ്ഥ തുടര്‍ന്നു.

ദേശസഞ്ചാരം
അന്നത്തെ മാനസിക സംഘര്‍ഷത്തെ ഗസാലി അനുസ്മരിക്കുന്നു: ''ദൈവപ്രീതിക്കുള്ള നിഷ്‌കളങ്ക സമര്‍പ്പണമല്ല, പദവിക്കും പ്രശസ്തിക്കും വേണ്ടിയുള്ള അതിമോഹമാണ് അധ്യാപനവൃത്തിക്ക് എന്റെ പ്രചോദനമെന്ന് അതേക്കുറിച്ചാലോചിച്ചപ്പോള്‍ എനിക്ക് ബോധ്യപ്പെട്ടു. ഞാനൊരു ഗര്‍ത്തത്തിന്റെ വിളുമ്പിലാണ്. ഉടനെയൊരു മാറ്റമുണ്ടായില്ലെങ്കില്‍ നിത്യനരകത്തില്‍ ഞാന്‍ ആപതിക്കും. വളരെ നാള്‍ ഈ ചിന്ത എന്നെ അലട്ടിക്കൊണ്ടിരുന്നു. സര്‍വവും ഉപേക്ഷിച്ച് ബഗ്ദാദിനോട് വിട പറയാന്‍ ഞാന്‍ തീരുമാനിച്ചു'' (അല്‍ മുന്‍ഖിദ്). പക്ഷേ, ആ തീരുമാനവും ആയാസരഹിതമായിരുന്നില്ല. ഭരണാധികാരികള്‍ അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. പലതരം ബന്ധനങ്ങള്‍ അദ്ദേഹത്തെ വരിഞ്ഞുമുറുക്കി. രാവിലെയും വൈകുന്നേരവും തീരുമാനങ്ങള്‍ മാറ്റിക്കൊണ്ടിരിക്കേണ്ട സന്ദിഗ്ധാവസ്ഥ. ''ഒരു വശത്ത് ഭൗതികമോഹങ്ങള്‍ അതിന്റെ ചങ്ങലകള്‍ മുഖേന ബഗ്ദാദില്‍ തന്നെ താമസിക്കാന്‍ നിര്‍ബന്ധിച്ചു. മറുവശത്ത് 'പുറപ്പെടുക, പുറപ്പെടുക' എന്ന് വിശ്വാസം മാടിവിളിച്ചുകൊണ്ടിരുന്നു'' (അല്‍ മുന്‍ഖിദ്). ഒടുവില്‍ ഹി. 488 ദുല്‍ഹജ്ജ്/ 1098 നവംബര്‍ മാസത്തില്‍ ബഗ്ദാദിനോട് അദ്ദേഹം വിടപറഞ്ഞു.
സിറിയയിലേക്കാണ് ആദ്യം പോയത്. ദമസ്‌കസിലെ ഉമവി പള്ളിയുടെ പടിഞ്ഞാറെ ഗോപുരത്തിനു ചുവടെ രണ്ടു വര്‍ഷക്കാലം കടുത്ത ഏകാന്തവാസം അനുഷ്ഠിച്ചു. പിന്നെ കുറച്ചുകാലം ഫലസ്ത്വീനിലെ ഉമറുബ്‌നുല്‍ ഖത്ത്വാബ് മസ്ജിദിലും ഖുബ്ബത്തുസ്വഖ്‌റയിലും ധ്യാനനിരതനായി കഴിഞ്ഞു. ഈ ഏകാന്തവാസങ്ങളില്‍, നേരത്തെ സൂഫി ഗുരുക്കന്മാരില്‍നിന്ന് അനുശീലിച്ച ആത്മസംസ്‌കരണ മുറകളില്‍ അദ്ദേഹം തീവ്ര സാധന ചെയ്തു. തുടര്‍ന്ന് ഹിബ്‌റോണിലുള്ള ഇബ്‌റാഹീം നബിയുടെ മഖ്ബറ സന്ദര്‍ശിച്ച ശേഷം ഹജ്ജ് തീര്‍ഥാടനം ലക്ഷ്യമാക്കി പുറപ്പെട്ടു. മക്കയും മദീനയും കണ്ട ശേഷം പുണ്യ സ്ഥലങ്ങളും പള്ളികളും സന്ദര്‍ശിച്ചു. വനങ്ങളിലും മരുഭൂമികളിലും അലഞ്ഞും കുറേക്കാലം സഞ്ചരിച്ചു. അതിനിടയില്‍ ഈജിപ്ത്, അലക്‌സാണ്ട്രിയ, മൊറോക്കോ തുടങ്ങിയ ദേശങ്ങളിലും യാത്രചെയ്തു. ഹജ്ജിനായി പുറപ്പെടുന്നതിന് മുമ്പ് ഇബ്‌റാഹീം നബിയുടെ മഖ്ബറയില്‍ വെച്ച് മൂന്ന് പ്രതിജ്ഞകള്‍ ഗസാലി എടുത്തിരുന്നു. 1. ഒരു ഭരണാധികാരിയുടെയും കൊട്ടാരം സന്ദര്‍ശിക്കുകയില്ല. 2. ഒരു ഭരണാധികാരിയില്‍ നിന്നും സമ്മാനം സ്വീകരിക്കുകയില്ല. 3. ഒരുവിധ വാദപ്രതിവാദങ്ങളിലും പങ്കെടുക്കുകയില്ല.
ബഗ്ദാദിലെ ഗസാലിയുടെ വിജ്ഞാന സദസ്സിന്റെ പകിട്ടും പത്രാസ്സും മുമ്പ് കണ്ടിട്ടുള്ള ഒരാള്‍ ദരിദ്ര വേഷത്തില്‍ അലഞ്ഞു നടക്കുന്ന ഗസാലിയെ കണ്ട് വിസ്മയ പൂര്‍വം ഒരിക്കല്‍ ചോദിച്ചു: ആ പഴയ അധ്യാപന വൃത്തിയേക്കാള്‍ മികച്ചതാണോ ഈ ദേശസഞ്ചാരങ്ങള്‍? ''രണ്ടുവരി കവിതയായിരുന്നു ഗസ്സാലിയുടെ മറുപടി:
'ലൈലയോടും സുഅ്ദായോടുമുള്ള മോഹം
ഞാന്‍ കൈവെടിഞ്ഞു
എന്റെ ആദ്യഗേഹം ശുദ്ധീകരിക്കാനുള്ള
ശ്രമത്തിലാണ് ഞാനിപ്പോള്‍'
ഭൗതികമായ അതിമോഹങ്ങളാല്‍ പ്രചോദിതമായിരുന്ന പഴയ ജീവിതസപര്യയിലെ തെറ്റുകള്‍ തിരുത്തുകയാണെന്നാണ് ഗസാലി അതുകൊണ്ട് അര്‍ഥമാക്കിയത്. ആത്മശുദ്ധീകരണത്തിനായുള്ള ആ പരിശ്രമം 11 വര്‍ഷം നീണ്ടുനിന്നു. 499/1105ല്‍ അദ്ദേഹം നാട്ടില്‍ തിരിച്ചെത്തി. മനസ്സിലെ സന്ദേഹങ്ങളെല്ലാം നീങ്ങി ശാന്തത കൈവന്നിരുന്നു. തന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ വിജയിച്ച സംതൃപ്തി അദ്ദേഹത്തിനുണ്ടായിരുന്നു. ദൈവിക വെളിപാടുകളിലൂടെ ലഭിക്കുന്നത് മാത്രമാണ് സംശയരഹിതമായ സത്യമെന്ന ദൃഢബോധ്യവും, പ്രവാചകന്റെ പ്രാമാണികതക്കും ഖുര്‍ആനിലൂടെ അവതീര്‍ണമായ സത്യത്തിനുമുള്ള സമ്പൂര്‍ണ സമര്‍പ്പണവുമായിരുന്നു ആ സത്യാന്വേഷണ പരീക്ഷണങ്ങളുടെ അന്തിമ സാഫല്യം.
ദീര്‍ഘകാലം ജനങ്ങളില്‍നിന്നും ലോകത്ത് നിന്നും അകന്നു കഴിഞ്ഞ ഗസാലി ഒടുവില്‍ ജനങ്ങളിലേക്കും ലോകത്തിലേക്കും തിരിച്ചുവരാന്‍ തീരുമാനിച്ചു. തൗറാത്ത് സ്വീകരിക്കാന്‍ സീനാ പര്‍വതത്തിലേക്ക് കയറിപ്പോയ മൂസാ നബി ഇസ്രയേല്‍ മക്കളുടെ മോചന ദൗത്യം ഏറ്റെടുത്ത് ഈജിപ്തിലേക്ക് മടങ്ങി വന്നത് പോലെ; ഹിറാ ഗുഹയിലെ ഏകാന്ത ധ്യാനത്തില്‍ നിന്ന് വിശുദ്ധ ഖുര്‍ആന്റെ വെളിച്ചവുമായി മുഹമ്മദ് നബി മക്കയില്‍ തിരിച്ചെത്തുകയും കഅ്ബക്കു ചുറ്റും പടര്‍ന്ന അജ്ഞാനാന്ധകാരം തുടച്ചുനീക്കുകയും ചെയ്തതു പോലെ; അല്ലാഹുവിലേക്ക് യാത്രയാവുന്ന സൂഫി ലോകത്തിലേക്ക് തിരിച്ചുവന്ന് ജനങ്ങള്‍ക്കിടയില്‍ ഒരു പ്രബോധകനായി പുതിയൊരു ജീവിതം ആരംഭിക്കേണ്ടതുണ്ട്. നാട്ടില്‍ തിരിച്ചെത്തിയ ഗസാലി, നിറഞ്ഞുനില്‍ക്കുന്ന തിന്മകള്‍ക്കും അധര്‍മങ്ങള്‍ക്കും എതിരായ പോരാട്ടം തന്റെ ദൗത്യമായി ഏറ്റെടുത്തു. നീണ്ട ആലോചനകള്‍ക്കും സൂഫി സുഹൃത്തുക്കളുമായുള്ള മുശാവറക്കും ശേഷമായിരുന്നു ഈ തീരുമാനം.
''ഞാന്‍ അധ്യാപന വൃത്തിയിലേക്ക് തിരിച്ചുവന്നു. പക്ഷേ, പഴയ ജോലിയിലേക്കുള്ള തിരിച്ചുവരവായി അതിനെ വിശേഷിപ്പിക്കരുത്. പൂര്‍ണാര്‍ഥത്തില്‍ അത് ശരിയല്ല. രണ്ടിനുമിടയില്‍ വ്യത്യാസത്തിന്റെ ഒരു ലോകം തന്നെയുണ്ട്. നേരത്തെ, കീര്‍ത്തിയും സ്ഥാനമാനങ്ങളും നേടാനുതകുന്ന വിജ്ഞാനങ്ങളാണ് ഞാന്‍ പഠിപ്പിച്ചിരുന്നത്. വാക്കിലൂടെയും പ്രവൃത്തിയിലൂടെയും വിദ്യാര്‍ഥികളെ ആ ദിശയിലേക്കാണ് ഞാന്‍ നയിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ ധനവും പദവിയും ഉപേക്ഷിക്കാന്‍ സഹായിക്കുന്ന വിജ്ഞാനം പഠിപ്പിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇതാണ് എന്റെ ഒരേയൊരു ഉദ്ദേശ്യമെന്ന് അല്ലാഹുവിന് നന്നായറിയാം. എന്റെ പുതിയ ജോലി എന്റെ ആത്മാവിന്റെയും ജനങ്ങളുടെ ആത്മാവിന്റെയും ശുദ്ധീകരണത്തിലേക്ക് നയിക്കണമെന്നാണ് എന്റെ ഒരേയൊരാഗ്രഹം'' അല്‍മുന്‍ഖിദില്‍ പുതിയ ദൗത്യത്തെക്കുറിച്ച് ഗസ്സാലി വിവരിക്കുന്നു.
എന്നാല്‍, നിളാമുല്‍ മുല്‍ക് തൂസിയുടെ പുത്രന്‍ ഫഖ്‌റുല്‍ മുല്‍ക് നിശാപൂരിലെ നിളാമിയ്യ സര്‍വകലാശാലയുടെ ചുമതല ഏറ്റെടുക്കാന്‍ ഗസാലിയോട് ആവശ്യപ്പെട്ടു. അല്‍പം മടിച്ച ശേഷം ഹി. 499/1106ല്‍ അദ്ദേഹം പ്രസ്തുത ക്ഷണം സ്വീകരിച്ചു. പക്ഷേ, അധികകാലം അവിടെ തുടരാന്‍ അദ്ദേഹത്തിന് സാധിക്കുകയുണ്ടായില്ല. നാട്ടിലേക്ക് തിരിച്ചുവന്ന് വീടിന്റെ തൊട്ടടുത്ത് ഒരു മദ്‌റസ സ്ഥാപിച്ച് ദൈവശാസ്ത്രവും തസ്വവ്വുഫും പഠിപ്പിക്കാന്‍ തുടങ്ങി. 1500ല്‍ പരം വിദ്യാര്‍ഥികള്‍ അവിടെ ഗസ്സാലിയുടെ ക്ലാസ്സുകളില്‍ പങ്കെടുത്തിരുന്നു. അതിനിടെ ബഗ്ദാദിലെ പണ്ഡിതന്മാരും സാധാരണക്കാരും ബഗ്ദാദിലെ നിളാമിയ്യ സര്‍വകലാശാലയുടെ ചുമതലയേല്‍ക്കാന്‍ ഗസാലിയെ ക്ഷണിക്കണമെന്ന് ഭരണകര്‍ത്താക്കളില്‍ സമ്മര്‍ദം ചെലുത്തിക്കൊണ്ടിരുന്നു. പ്രധാനമന്ത്രി ഖവാമറുദ്ദീന്‍ നിളാമുല്‍ മുല്‍ക്, ഈ ആവശ്യമുന്നയിച്ചുകൊണ്ട് നേരിട്ട് തന്നെ അദ്ദേഹത്തിന് കത്തയച്ചു. ഖലീഫയുടെ കൊട്ടാരത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ മുഴുവന്‍ അതില്‍ ഒപ്പുവെച്ചിട്ടുണ്ടായിരുന്നു. പക്ഷേ, ആദരപൂര്‍വം പ്രസ്തുത ക്ഷണം നിരസിക്കുകയാണ് ഗസാലി ചെയ്തത്. പ്രധാനമന്ത്രിക്ക് അയച്ച സുദീര്‍ഘമായ മറുപടിക്കത്തില്‍ അതിനുള്ള കാരണങ്ങള്‍ അദ്ദേഹം അക്കമിട്ട് വിശദീകരിച്ചിരുന്നു. തൂസിലെ തന്റെ ക്ലാസ്സുകളില്‍ പങ്കെടുക്കുന്ന 1500 ഓളം വരുന്ന വിദ്യാര്‍ഥികള്‍ക്ക് താന്‍ ബഗ്ദാദിലേക്ക് പോകുന്നത് പ്രയാസമുണ്ടാക്കും. ബഗ്ദാദില്‍ ചെന്നാല്‍ വീണ്ടും പഴയപോലെ വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെടേണ്ടിവരും. അത്തരം പാഴ്‌വേലകളില്‍ സമയം കളയുകയില്ലെന്ന് മക്കയില്‍ വെച്ച് താന്‍ പ്രതിജ്ഞ എടുത്തിട്ടുണ്ട്. മാത്രമല്ല, കൊട്ടാരം സന്ദര്‍ശിക്കുകയോ ഖലീഫയില്‍ നിന്ന് പാരിതോഷികങ്ങള്‍ സ്വീകരിക്കുകയോ ഇല്ലെന്നും തീരുമാനിച്ചിട്ടുണ്ട്. ബഗ്ദാദില്‍ തനിക്ക് സ്വന്തമായി വീടോ സ്വത്തോ ഇല്ലാത്തതിനാല്‍ കുടുംബത്തെ അവിടെ കൊണ്ടുവന്ന് പാര്‍പ്പിക്കാനും പ്രയാസമാണ്. ഇതെല്ലാമായിരുന്നു അതിലെ പ്രധാന ഒഴികഴിവുകള്‍. അബ്ബാസി ഖലീഫയും സല്‍ജൂഖി സുല്‍ത്താനും കഴിവിന്‍പടി ശ്രമിച്ചിട്ടും ഗസാലിയുടെ തീരുമാനത്തില്‍ മാറ്റം വരുത്താന്‍ സാധിക്കുകയുണ്ടായില്ല.

അന്ത്യം
ജീവിതത്തിന്റെ അവസാനകാലത്ത് ഹദീസ് പഠനത്തിന് ഗസാലി കൂടുതല്‍ സമയം കണ്ടെത്തി. ഹാഫിസ് അംറുബ്‌നു അബില്‍ ഹസന്‍ അര്‍റവാസി എന്ന പണ്ഡിതന്റെ കീഴില്‍ സ്വഹീഹുല്‍ ബുഖാരിയില്‍ 'ഇജാസത്ത്' നേടുകയും ചെയ്തു. ഹി. 505 ജമാദുല്‍ അവ്വല്‍ 14/1111 ഡിസംബര്‍ 19നായിരുന്നു ഗസാലിയുടെ അന്ത്യം. അതൊരു തിങ്കളാഴ്ച ദിവസം. ഗസാലി പുലര്‍ച്ചെ എഴുന്നേറ്റ് വുദൂ എടുത്ത് സുബ്ഹി നമസ്‌കരിച്ച ശേഷം, തന്റെ മയ്യിത്ത് തുണി കൊണ്ടുവരാന്‍ പറഞ്ഞു. അതെടുത്ത് ചുംബിച്ചു. കണ്ണുകളില്‍ അമര്‍ത്തി 'എന്റെ നാഥന് ഞാനെന്നെ സമര്‍പ്പിച്ചിരിക്കുന്നു' എന്ന് പറഞ്ഞുകൊണ്ട് കാലുകള്‍ നീട്ടി ഖിബ്‌ലക്ക് അഭിമുഖമായി മലര്‍ന്നു കിടന്നു. അങ്ങനെ താനേറ്റവും സനേഹിക്കുന്ന, തന്റെ നാഥന്റെ അരികിലേക്ക് ശാന്തമായ മനസ്സോടെ അദ്ദേഹം യാത്രയായി.

(ഐ.പി.എച്ച് പ്രസിദ്ധീകരിക്കുന്ന ഇസ്‌ലാമിക വിജ്ഞാനകോശം എഡിറ്ററാണ് ലേഖകന്‍)
rahmanmunnur@gmail.com

Comments

Other Post