Prabodhanm Weekly

Pages

Search

2011 ഗസാലിപ്പതിപ്പ്‌

അബൂ ഹാമിദില്‍ ഗസാലി സൂഫീ മാര്‍ഗം

ഡോ. അബ്ദുല്‍ഹഖ് അന്‍സാരി

പൊതുധാര്‍മികത, സാമൂഹിക രാഷ്ട്രീയ വ്യവസ്ഥ തുടങ്ങിയവ വിശദമായി വിശകലനം ചെയ്യുകയും ഇസ്‌ലാമിക വിശ്വാസങ്ങളെ കാലഘട്ടത്തിനനുസരിച്ച് വ്യാഖ്യാനിക്കുകയും ചെയ്തുകൊണ്ട് അവ ഇസ്‌ലാമിക ശരീഅത്തിന്റെ വെളിച്ചത്തില്‍ എവ്വിധം നടപ്പാക്കാമെന്ന് വിശദീകരിക്കുകയും ചെയ്ത പരിഷ്‌കര്‍ത്താവായിരുന്നു ഇമാം ഗസാലി.
ഇമാമിന്റെ പ്രകൃതത്തില്‍ ഒളിഞ്ഞിരുന്നതും ഇടക്കിടെ അസ്വസ്ഥപ്പെടുത്തിയിരുന്നതുമായ ഇല്‍മുല്‍ ഹഖീഖി(യഥാര്‍ഥജ്ഞാനം) യോടുള്ള അടങ്ങാത്ത അഭിനിവേശമാണ് അദ്ദേഹത്തെ സൂഫീമാര്‍ഗത്തിലെത്തിച്ചത്. 'അല്‍ മുന്‍ഖിദുമിനദ്ദലാല്‍' എന്ന ആത്മകഥയില്‍ ഇമാം കുറിച്ചതിങ്ങനെ:
'ഇരുപതാം വയസ്സില്‍തന്നെ ആളുകള്‍ കേവലമായി പറയുന്നതില്‍ വിശ്വാസമര്‍പ്പിക്കുന്ന സ്വഭാവം ഞാന്‍ ഉപേക്ഷിച്ചിരുന്നു. കാരണം, മദ്ഹബീ പക്ഷപാതിത്വവും കക്ഷിത്വവും അവരുടെ വാദങ്ങളെ സംശയഗ്രസ്തമാക്കി മാറ്റിയിരുന്നു. സംശയങ്ങള്‍ക്കതീതമായതും എതിരഭിപ്രായം സങ്കല്‍പിക്കാന്‍ പോലുമാവാത്തതുമായ സത്യത്തെയാണ് ഞാന്‍ തേടിയിരുന്നത്. സ്വന്തം വിശ്വാസത്തെ ഈ ഉരക്കല്ലിലുരച്ച് ഞാന്‍ പരിശോധിച്ചു. പക്ഷേ, അത് മാറ്റുള്ളതായി കാണാന്‍ സാധിച്ചില്ല. നിരീക്ഷിച്ചറിഞ്ഞ വിജ്ഞാനം സത്യമാണെന്ന് തോന്നിയെങ്കിലും ആഴത്തിലറിഞ്ഞപ്പോള്‍ കുറ്റമറ്റതായി കണ്ടില്ല. ബുദ്ധി കണ്ടെത്തിയ കാര്യങ്ങള്‍ പോലും അടുത്തെത്തിയതോടെ സംശയഗ്രസ്തമായി. എന്നിട്ടും, നിരാശനാകാതെ സത്യാന്വേഷണത്തില്‍ മുമ്പോട്ട് പോയി. സൂഫികളുടെ കശ്ഫുകളില്‍(ജാഗ്രദ് ദര്‍ശനം) തെളിഞ്ഞ സത്യത്തെക്കുറിച്ച ജ്ഞാനത്തിനുള്ള സാധ്യതകള്‍ കാണാനായി. പക്ഷേ, ആ വഴി തീര്‍ത്തും അപരിചിതമായിരുന്നു. സംശയങ്ങളുടെ നിഴലിലൂടെ രണ്ട് മാസത്തോളം ആ വഴിയിലൂടെ സഞ്ചരിച്ചു. ഒടുവില്‍ ഹൃദയത്തിന് വെളിച്ചം ലഭിച്ചു. വിശ്വാസ ദാര്‍ഢ്യത കൈവന്നു.''(1)
ജാമിഅ നിളാമിയയിലെ അധ്യാപനത്തിനിടെ 'തഹാഫതുല്‍ ഫിലാസിഫ' രചിച്ചതോടെ കേവലം ബുദ്ധി കൊണ്ട് അല്ലാഹുവില്‍ ചെന്നെത്തുക സാധ്യമല്ലെന്ന് ഇമാം ഗസാലി മനസ്സിലാക്കി. തുടര്‍ന്ന്, സൂഫി ഗ്രന്ഥങ്ങളുടെ പഠനത്തില്‍ മുഴുകി. അബൂത്വാലിബ് മക്കി, ഹാരിസ് മഹാസബി എന്നിവരുടെ രചനകളും ജുനൈദ്, ശിബ്‌ലി, അബൂയസീദ് ബിസ്വ്താമി തുടങ്ങിയവരുടെ വചനങ്ങളും പഠനവിധേയമാക്കിയതോടെ പഠനമല്ല, കര്‍മമാണ് തസ്വവ്വുഫിന്റെ മാര്‍ഗമെന്ന് ഗസാലി തിരിച്ചറിഞ്ഞു. ആത്മപരിശോധനക്ക് സ്വയം വിധേയമാക്കിയപ്പോഴാണ്, തന്റെ പ്രവര്‍ത്തനങ്ങളുടെ യഥാര്‍ഥ പ്രചോദനം അല്ലാഹുവിന്റെ പ്രീതിയായിരുന്നില്ല, പ്രശസ്തിയും ഒന്നത്യവുമായിരുന്നുവെന്ന് കാണാനായത്. ഈയവസ്ഥയില്‍നിന്ന് മോചനം നേടാനാണ് അദ്ദേഹം ദേശാടനവും ഏകാന്തവാസവും സ്വീകരിച്ചത്. യാത്ര കഴിഞ്ഞ് തൂസിലേക്ക് തിരിച്ചപ്പോള്‍, 'ഞാനന്വേഷിച്ചുകൊണ്ടിരുന്ന ജ്ഞാനം എനിക്കു ലഭിച്ചു(2) വെന്ന് അദ്ദേഹം പറഞ്ഞു.
സ്വൂഫീ മാര്‍ഗം
സ്വൂഫീ ത്വരീഖത്തിനെക്കുറിച്ച് ഇമാം എഴുതിയതിന്റെ ചുരുക്കം ഇപ്രകാരമാണ്. 'ഈ മാര്‍ഗത്തില്‍ പ്രവേശിക്കും മുമ്പേ, ദൈവസാമീപ്യം കാംക്ഷിക്കുന്നയാള്‍ നാലുകാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. സ്വത്ത് വഹകളില്‍ അത്യാവശ്യത്തിന് മാത്രമുള്ളതെടുത്ത് ബാക്കി കൈയൊഴിക്കുക. മഹനീയ സ്ഥാനമാനങ്ങള്‍ ഉപേക്ഷിക്കുക, മദ്ഹബീ പക്ഷപാതിത്വമുപേക്ഷിച്ച് അല്ലാഹുവിന്റെയും റസൂലിന്റെയും കല്‍പനകള്‍ മാത്രം സ്വീകരിക്കുക, കഴിഞ്ഞ കാലത്തു ചെയ്ത എല്ലാ പാപങ്ങളിലും തിന്മകളിലും പശ്ചാതപിച്ച് മേലില്‍ പാപങ്ങളോടും തെറ്റുകളോടും അടുക്കില്ലെന്ന് പ്രതിജ്ഞ ചെയ്യുക എന്നിവയാണ് ഈ നാലു കാര്യങ്ങള്‍.
'ഈ ഉപാധികളംഗീകരിച്ചു കഴിഞ്ഞാല്‍ തുടര്‍ന്ന് നാല് ഘട്ടങ്ങളിലൂടെ മുമ്പോട്ടുപോകാം. ഏകാന്തത, മൗനം, വിശപ്പ്, രാത്രി ഉറങ്ങാതിരിക്കല്‍ എന്നിവയാണവ. ഏകാന്തത അയാളെ പാപങ്ങളില്‍നിന്ന് രക്ഷിക്കും; മറ്റു പ്രവര്‍ത്തനങ്ങളില്‍ നിന്നൊഴിഞ്ഞു അല്ലാഹുവിന്റെ സ്മരണയിലും ജപത്തിലും മുഴുകാന്‍ പ്രേരിപ്പിക്കും. മൗനം ഏകാന്ത ജീവിതം എളുപ്പമാക്കുന്നു. വിശപ്പാകട്ടെ ഹൃദയസാന്നിധ്യം ഉറപ്പുവരുത്തുന്നു. രാത്രി ഉറക്കമിളക്കുന്നതിലൂടെ നിരീക്ഷണത്വം വര്‍ധിക്കുന്നു. എന്നാല്‍ അയാള്‍ ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്. സ്വത്തുക്കള്‍ ഉപേക്ഷിക്കുന്നത് കൊണ്ടും ഏകാന്തതകൊണ്ടും ദൈവ സാമീപ്യം ലഭിക്കുകയില്ല; അവയെപ്പറ്റിയുള്ള ചിന്ത മനസ്സിലേക്ക് കടക്കാന്‍ തന്നെ അനുവദിക്കരുത്. തെറ്റുകുറ്റങ്ങള്‍ ചെയ്യാതിരുന്നാല്‍ പോരാ, അവയെപ്പറ്റിയുള്ള ചിന്ത തന്നെ ഹൃദയത്തിലേക്ക് കടന്നുവരരുത്. 'സാലിക്' എങ്ങനെയാവണമെന്ന് അബൂയസീദ് ബുസ്ത്വാനി പറഞ്ഞതിങ്ങനെയാണ്. 'മനസ്സില്‍ ഒന്നിനെക്കുറിച്ചുമുള്ള ആഗ്രഹം കടന്നുവരരുതെന്നാണ് എന്റെ ആഗ്രഹം.'
''ഈ ഘട്ടത്തിലൂടെ പ്രവേശിച്ചു കഴിഞ്ഞാല്‍ പൂര്‍ണമായും ദൈവചിന്തയിലും ദിക്‌റിലും മുഴുകണം. നിര്‍ബന്ധ നമസ്‌കാരങ്ങളും, റവാതിബുമല്ലാതെ ഖുര്‍ആന്‍ പാരായണം പോലും പാടില്ല. ദിക്‌റുകള്‍ തന്നെ പലതാവരുത്. ഒരു ദിക്‌റ് മാത്രം. അല്ലാഹുവല്ലാതെ മനസ്സിലുണ്ടാവരുത്. ഇമാം ശിബ്‌ലി തന്റെ ശിഷ്യന്‍ ഹസ്വരിയോട് ഇങ്ങനെ പറഞ്ഞിട്ടുണ്ട്. 'നീ എല്ലാ വെള്ളിയാഴ്ചയും എന്റെയടുത്ത് വരുന്നുണ്ടല്ലോ. രണ്ട് വെള്ളിയാഴ്ചകള്‍ക്കിടയില്‍ അല്ലാഹുവിനെക്കുറിച്ചല്ലാതെ നീ മറ്റെന്തെങ്കിലും ചിന്തിച്ചിട്ടുണ്ടെങ്കില്‍ പിന്നെ എന്റെയടുത്ത് വരേണ്ടതില്ല.'
തുടര്‍ന്ന് ദിക്‌റില്‍ മുഴുകണം. 'അല്ലാഹ്, അല്ലാഹ്' എന്നോ 'സുബ്ഹാനല്ലാഹ്, സുബ്ഹാനല്ലാഹ്, എന്നോ ശൈഖ് പറഞ്ഞു തരുന്ന ദിക്‌റ് ഇടതടവില്ലാതെ, നിരന്തരമായി ഉച്ചരിച്ചുകൊണ്ടിരിക്കുമ്പോള്‍ നാവിന്റെ ചലനം ഇല്ലാതാവുകയും ദിക്‌റ് തുടരുകയും ചെയ്യും. പിന്നെ ദിക്‌റിന്റെ പദവിന്യാസം ഇല്ലാതായി ഹൃദയാന്തരാളത്തില്‍ അതിന്റെ മാറ്റൊലി മാത്രം അവശേഷിക്കും. ഒടുവില്‍ ആ അവസ്ഥ ഇല്ലാതായി ഹൃദയത്തില്‍ ദിക്‌റിന്റെ ആശയം മാത്രം നിലനില്‍ക്കുന്ന സ്ഥിതി കൈവരുകയും ഹൃദയം പൂര്‍ണമായി ദൈവത്തില്‍ വിലയം പ്രാപിക്കുകയും ചെയ്യും. അതോടെ സത്യത്തിന്റെ പ്രകാശ വലയത്തില്‍ അയാള്‍ ഉള്‍ചേരുന്നു.''(3)
ഈ വഴിയിലൂടെ ഇമാം പ്രയാണം നടത്തി. ഇക്കാര്യം 'മീസാനുല്‍ അമല്‍' എന്ന കൃതിയില്‍ അദ്ദേഹം വിവരിക്കുന്നു:
''അന്വേഷണത്തിന്റെ പാതയിലേക്ക് ഞാന്‍ കാലെടുത്തുവെക്കാനുദ്ദേശിച്ചപ്പോള്‍ ഉന്നത ശീര്‍ഷനായ സൂഫിവര്യനോട് ഞാന്‍ ചോദിച്ചു. ഖുര്‍ആന്‍ പാരായണം തുടര്‍ന്ന് കൊള്ളട്ടേ. അദ്ദേഹം പറഞ്ഞു: 'പാടില്ല; സൂഫി മാര്‍ഗമെന്നാല്‍ ഭൗതികമായ എല്ലാറ്റിനെയും വര്‍ജിക്കലാണ്. ഭാര്യ, മക്കള്‍, സമ്പത്ത്, സ്വദേശം, ജ്ഞാനം, വിലായത്ത് ഇത്യാദി ഒന്നിലും ശ്രദ്ധ പതിയാന്‍ പാടില്ല. അവ ഉള്ളതും ഇല്ലാത്തതും തമ്മില്‍ യാതൊരു വ്യത്യാസവും കല്‍പിക്കരുത്. തുടര്‍ന്ന് ഏകാന്തമായ ഒരിടത്ത്, നിര്‍ബന്ധ ഇബാദത്തുകളും റവാതിബും മാത്രം നിര്‍വഹിച്ചു കൊണ്ട് നാവു കൊണ്ടുള്ള ദിക്‌റില്‍ മുഴുകണം. ഹൃദയവും മനസ്സും സന്നിധിയില്‍ വരുത്തി അല്ലാഹ് എന്ന് ഉരുവിടുക. നാവു ചലിക്കാതാവും വരെ തുടരുക. അപ്പോള്‍ ഹൃദയത്തില്‍ അതിന്റെ ആശയം നിലനിര്‍ത്തുക, പദത്തെപ്പറ്റി പോലും ചിന്തിക്കരുത്. ശ്രദ്ധ പൂര്‍ണമായും ഹൃദയത്തില്‍ കേന്ദ്രീകരിക്കുക.
ഇനി മുമ്പോട്ടുള്ള യാത്ര താങ്കള്‍ വിചാരിച്ചാലും സാധിക്കയില്ല. മനസ്സിലേക്ക് ഒരുവിധ ചിന്തയും കടന്നുവരാതിരിക്കാന്‍ ദത്ത ശ്രദ്ധനാവുക, ദൈവസഹായത്തെ പ്രതീക്ഷിക്കുക, അവന്‍ അമ്പിയാക്കള്‍ക്കും ഔലിയാക്കള്‍ക്കും കനിഞ്ഞേകിയ സഹായത്തിനായി കാത്തിരിക്കുക. അത് കടന്നുവരിക മിന്നല്‍ പിണര്‍ പോലെയായിരിക്കും. ഒരുനിമിഷത്തേക്ക് കടന്നുവരും അടുത്തനിമിഷം അണഞ്ഞുപോകും. ചിലപ്പോള്‍ ഏറെ വൈകാം വളരെ നേരം നീണ്ടു നില്‍ക്കാം; ഇല്ലാതിരിക്കാം; തുടര്‍ച്ചയായി വരാം, ഒരുപാട് സഹായങ്ങള്‍ ലഭിച്ചേക്കാം. അല്ലാഹുവിന്റെ ഔലിയാക്കള്‍ക്ക് ലഭിക്കുന്ന സ്ഥാനമാനങ്ങള്‍ക്ക് കൈയും കണക്കുമില്ല. അവരുടെ ഔന്നത്യവും യോഗ്യതയും കര്‍മവുമനുസരിച്ചാണ് അതു ലഭിക്കുക.'' (4)
യാത്രയുടെ അന്ത്യം
ആത്മീയയാത്രയുടെ ഒടുക്കം സൂഫികള്‍ എവിടെയെത്തിച്ചേരുമെന്ന് ഇമാം പലേടത്തും വിവരിച്ചിട്ടുണ്ട്. മിശ്കാതുല്‍ അന്‍വാറില്‍നിന്ന് ഉദ്ധരിക്കട്ടെ.
''യാഥാര്‍ഥ്യത്തിന്റെ വാനലോകത്തെത്തിയ ആരിഫീങ്ങള്‍ അല്ലാഹുവിന്റെ സത്തയല്ലാതെ ഒന്നും തന്നെയില്ലെന്ന കാര്യത്തില്‍ ഏകാഭിപ്രായക്കാരാണ്. അവരില്‍ ചിലര്‍ക്ക് ഇത് വൈജ്ഞാനികമായ അറിവാണെങ്കില്‍ മറ്റു ചിലര്‍ക്ക് അനുഭവ വേദ്യമായ ജ്ഞാനമാണ്. അവര്‍ക്ക് ഏകത്വമല്ലാതെ ബഹുത്വം കാണാനാവില്ല. അവരതില്‍ ലയിച്ചു ചേര്‍ന്നിരിക്കയാല്‍ ബുദ്ധി പ്രവര്‍ത്തനക്ഷമമല്ലാതായിപ്പോകുന്നു. എന്നല്ല, ആ ബുദ്ധിയും നിരീക്ഷണ വിധേയമാകുന്നു. ദൈവിക സത്തയല്ലാതെ അവരുടെ ബോധത്തില്‍ ഒന്നുമില്ല. എത്രത്തോളമെന്നാല്‍, സ്വന്തം ഉണ്മയെക്കുറിച്ചുള്ള ബോധം പോലും അവര്‍ക്കുണ്ടാവില്ല. ബുദ്ധി പ്രവര്‍ത്തനക്ഷമമല്ലാതാകുന്നതോടെ ചിലര്‍ 'അനല്‍ഹഖ്' (ഞാനാണ് ദൈവം) എന്ന് ജല്‍പിക്കുന്നു. മറ്റു ചിലര്‍ 'സുബ്ഹാനീ അഅ്‌ളമു ശഅ്‌നീ(ഞാനേറെ പരിശുദ്ധന്‍, എന്റെ മഹത്വം അത്യുന്നതം) എന്നാണ് പറയുക. ഇനിയും വേറെ ചിലര്‍ പറയുന്നത് 'ജുബ്ബതീ ഇല്ലല്ലാഹ്' (എന്റെ ഉടയാടക്കകത്ത് അല്ലാഹുവല്ലാതെ ഒന്നുമില്ല) എന്നായിരിക്കും.
'പിന്നെ ഭക്തിലഹരിയില്‍ കാമുകന്റെ വാക്കുകള്‍ ഇല്ലാതാകുന്നു. ലഹരി വിട്ടൊഴിയുന്നതോടെ ദൈവത്തിന്റെ ഭൂമിയിലെ തുലാസായ ബുദ്ധി പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നു. ഇപ്പോള്‍ മനസ്സിലാവുന്നു യഥാര്‍ഥത്തില്‍ വിലയം സംഭവിച്ചിട്ടില്ല; സംഭവിച്ചുവെന്ന തോന്നല്‍ മാത്രമാണ് സംഭവിച്ചത്. പ്രേമാതിരേകത്താല്‍ ഒരു കാമുകന്‍ പറഞ്ഞുവല്ലോ 'ഞാനും പ്രേമഭാജനവും ഒന്നാണ് ഞങ്ങള്‍ ദ്വന്ദ്വങ്ങളല്ല' എന്ന്.
''ഈ ഒരവസ്ഥയിലൂടെ മുന്നേറി സാലിക്, സ്വയം 'ഫനാഉല്‍ ഫനാ' എന്ന ഇല്ലായ്മയുടെ അവസ്ഥ പ്രാപിക്കുന്നു. എത്രത്തോളമെന്നാല്‍ അവന് സ്വന്തം പ്രഭാവത്തെപ്പറ്റിയെന്നല്ല അഭാവത്തെപ്പറ്റിയുള്ള ബോധവും ഇല്ലാതാകുന്നു. കാരണം ഒരാള്‍ക്ക് താന്‍ ഇല്ലെന്ന ബോധമുണ്ടാവുകയെന്നാല്‍ അതും തന്നെ സംബന്ധിച്ച ബോധമാണല്ലോ. അതിനാല്‍, ആ ബോധം പോലും ഇല്ലാത്ത അവസ്ഥ കൈവരുന്നു. അതിനെ ആലങ്കാരികമായി സാകല്യമെന്നും യാഥാര്‍ഥ്യമായി ഏകത്വം(തൗഹീദ്) എന്നും വിളിക്കാം.'' (5)
ഇമാം ഗസാലി 'അല്‍ മഖ്‌സ്വദുല്‍ അസ്‌നാ ഫീ ശറഹി അസ്മാഇല്ലാഹില്‍ ഹുസ്‌നാ' എന്ന കൃതിയുടെ അവസാനഭാഗത്ത് എഴുതി:
''ശൈഖ് അബൂഅലി ഫാര്‍മിദി സ്വന്തം ശൈഖായ അബുല്‍ ഖാസിം ജുര്‍ജാനി പറയുന്നത് കേട്ടിട്ടുണ്ട് 'അല്ലാഹുവിന്റെ 'ശ്രേഷ്ട നാമങ്ങള്‍ സാലികിന്റെ ഗുണങ്ങളായി മാറുന്നു. അത് യാഥാര്‍ഥ്യമായി അനുഭവപ്പെടുകയും ചെയ്യുന്നു.'
ജുര്‍ജാനിയുടെ ഈ വചനത്തെ ഇമാം ഗസ്സാലി വിശദീകരിച്ചിട്ടുണ്ട്. ഈ വചനത്തിന് അഞ്ച് വ്യാഖ്യാനങ്ങളുണ്ട്. അവയില്‍ ഒന്നു മാത്രമാണ് ശരിയായിട്ടുള്ളത്. ബാക്കി നാലും അബദ്ധമാണ്.
* അല്ലാഹുവിന്റെ ഗുണങ്ങള്‍ ദൈവികസത്തയില്‍നിന്ന് സാലികിന്റെ സത്തയിലേക്ക് മാറ്റപ്പെടുക.
* സാലികിന്റെ സത്ത ദൈവിക സത്തയുമായി ചേരുന്നതിന്റെ ഫലമായി ദൈവിക ഗുണങ്ങള്‍ സാലികിന്റെ ഗുണങ്ങളായി മാറുക.
* അല്ലാഹുവിന്റെ സത്ത അടിമയുടെ സത്തയില്‍ വിലയം പ്രാപിക്കുക വഴി ദൈവിക ഗുണങ്ങള്‍ അടിമയുടെ സത്തയിലുള്‍ച്ചേരുക.
* അല്ലാഹുവിന്റെ ഗുണങ്ങളില്‍ ചിലത് സാലികിന്റെ സത്തയില്‍ ഉണ്ടാവുക. അവ ഭാഗികമായല്ല, പൂര്‍ണമായി അനുഭവപ്പെടുക. ഉദാഹരണമായി സാലികിന്റെ ജ്ഞാനം ആകാശ ഭൂമികളിലെ ഓരോ വസ്തുവിനെയും ചൂഴ്ന്നു നില്‍ക്കുക; ചില വസ്തുക്കളില്‍ മാത്രമായല്ല.
* ഈ സാധര്‍മ്യം ഭാഗികം മാത്രമാവുക; പൂര്‍ണമാകാതിരിക്കുക. ഉദാഹരണത്തിന് സാലികിന്റെ കഴിവ് ചില വസ്തുക്കളില്‍ മാത്രം പരിമിതമാവുക.(6)
ഏറ്റവും ഒടുവില്‍ പറഞ്ഞതിന്റെ സാധ്യത മാത്രമാണ് ഇമാം അംഗീകരിച്ചത്. മറ്റുള്ളവയൊക്കെ നിരാകരിക്കുയാണ് അദ്ദേഹം ചെയ്യുന്നത്.
സൂഫീ ജല്‍പനങ്ങള്‍
'ഇഹ്‌യാ ഉലൂമിദ്ദീനി'ല്‍ സൂഫീ വചനങ്ങളുടെ രണ്ടിനങ്ങളെ ഇമാം ഗസ്സാലി പരിചയപ്പെടുത്തുന്നു. അവയിലൊന്ന് ദൈവികസത്തയോടുള്ള പ്രേമവും സംഗമവും കാരണമായി സൂഫികള്‍ ജല്‍പിക്കുന്ന ചില വചനങ്ങളാണ്. അങ്ങനെ ചിലര്‍ വിലയം പ്രാപിക്കുക, മറയില്ലാതെ വെളിപ്പെടുക, നിരീക്ഷണം സാധിക്കുക, നേരിട്ട് കണ്ട് സംസാരിക്കുക തുടങ്ങിയ വാദങ്ങള്‍ നിരത്തുന്നു. ചിലര്‍ പറയും 'എന്നോട് ഇങ്ങനെ പറഞ്ഞു ഞാന്‍ അങ്ങനെ പറഞ്ഞു' എന്ന്. സാന്ദര്‍ഭികമായി ഇമാം ഗസാലി ഹുസൈന്‍ ബ്‌നു മന്‍സൂര്‍ ഹല്ലാജിന്റെ 'അനല്‍ഹഖും' അബൂയസീദ് ബുസ്ത്വാമിയുടെ 'സുബ്ഹാനീ....'യും ഉദ്ധരിച്ചുകൊണ്ട് എഴുതി ''ഇത്തരം ഉദ്ധരണികള്‍ മൂലം സാധാരണ ജനങ്ങളില്‍ വളരെ മോശമായ പ്രതിഫലനമാണുണ്ടാവുക. അത്തരം ജല്‍പനങ്ങള്‍ നടത്തുന്നവരെക്കുറിച്ച് അല്ലാഹുവിന്റെ ദീനിന്റെ വിധി അവരെ ജീവിക്കാനനുവദിക്കാതെ കൊന്നുകളയണമെന്നാണ്'' എന്ന്. ഹല്ലാജിന്റെ വചനങ്ങളെക്കുറിച്ച് പറയുമ്പോള്‍ ബുസ്ത്വാമിയുടേതിനെക്കുറിച്ച്, അദ്ദേഹത്തിന്റേതല്ല ഈ വചനങ്ങളെന്നും അദ്ദേഹത്തോട് ചേര്‍ത്ത് പറഞ്ഞതാണെന്നും ഇമാം പറയുന്നു. ഇനി അദ്ദേഹത്തിന്റേതാണെന്ന് വരുകില്‍ അല്ലാഹുവിന്റെ വചനങ്ങളെ ഉദ്ധരിക്കുകയാണ് അദ്ദേഹം ചെയ്തത്. നിശ്ചയം ഞാന്‍ അല്ലാഹുവാണ്, ഞാനൊഴികെ ഇലാഹില്ല, എനിക്ക് ഇബാദത്ത് ചെയ്യുക' എന്ന അല്ലാഹുവിന്റെ വചനം ഉദ്ധരിക്കുന്നത് പോലെത്തന്നെ ഈ വചനവും അദ്ദേഹം ഉദ്ധരിക്കുകയായിരുന്നു എന്നാണ് ഇമാമിന്റെ പക്ഷം.
നിരര്‍ഥകമായ ജല്‍പനങ്ങളാണ് രണ്ടാമത്തേത്. അവ പ്രത്യക്ഷത്തില്‍ ഭംഗിയുള്ളതാവാമെങ്കിലും ആന്തരികമായി നിരര്‍ഥകവും ഭയാനകവുമായിരിക്കും. പറയുന്നവന്‍ തന്നെ അത് മനസ്സിലാക്കി പറയുകയല്ല, അല്ലെങ്കില്‍ പറയാനുദ്ദേശിച്ചതല്ല അയാളുടെ നാവില്‍നിന്ന് പുറത്ത് വരുന്നത്. ഇതിനെ കൂടുതല്‍ വിശദീകരിക്കുന്നത് പോലും അനാവശ്യവും അധരവ്യായാമവുമാണ്. (7)

നവോത്ഥാനം
1097ല്‍ ഹജ്ജ് നിര്‍വഹിച്ച ശേഷം ഇമാം ഗസാലി ബഗ്ദാദിലേക്ക് പോകുന്നതിന് പകരം സ്വദേശമായ ത്വൂസിലേക്കാണ് തിരിച്ചത്. ശിഷ്ട ജീവിതം ചെലവഴിച്ചത് അവിടെയാണ്. അവിടെ മതപാഠശാല സ്ഥാപിച്ചു. തന്നെത്തേടി വന്ന പഠിതാക്കള്‍ക്ക് വിജ്ഞാനം പകര്‍ന്നു. ദമസ്‌കസില്‍നിന്നാരംഭിച്ച ദൈവസ്മരണയും ചിന്തയും ഇബാദത്തും തുടര്‍ന്നുവെങ്കിലും ഏകാന്തജീവിതം അവസാനിപ്പിച്ചു. ഗ്രന്ഥരചനയെക്കുറിച്ച ചിന്ത ശക്തമായതോടെ അതിനായി ഏറെ സമയം ചെലവഴിച്ചു.
ബഗ്ദാദില്‍ താമസിക്കവെ, ഗ്രീക്ക് ചിന്തയുടെ അടിവേരിന് കോടാലി വെച്ചു, ബാത്വിനിയ ദര്‍ശനങ്ങളെ തുറന്നുകാട്ടുകയും ചെയ്തു. അപ്പോള്‍ ഇസ്‌ലാമിക വിശ്വാസങ്ങളിലും മൂല്യങ്ങളിലും ജീവിത ദര്‍ശനത്തെ സുദൃഢമായ അസ്തിവാരങ്ങളില്‍ കെട്ടിപ്പടുക്കുകയാണാവശ്യം. ഒപ്പം തത്ത്വങ്ങളും ചട്ടങ്ങളും വ്യക്തമാകണം. വ്യക്തിഗതവും സാമൂഹികവുമായ ജീവിതത്തെ ശരിയായ ഇസ്‌ലാമികാടിത്തറയില്‍ കെട്ടിപ്പൊക്കണം. ഈ മഹത്തായ ദൗത്യം ഇഹ്‌യാ ഉലൂമിദ്ദീന്‍ എന്ന ഗ്രന്ഥത്തിലൂടെ അദ്ദേഹം നിര്‍വഹിച്ചു. ഇസ്‌ലാമിക ചിന്തയുടെ സംഘാതരൂപമാണത്. സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ അതിന്റെ ചുരുക്കം, അറബിയില്‍ 'കിതാബുല്‍ അര്‍ബഈന്‍ ഫീ ഉസൂലുദ്ദീന്‍' എന്ന പേരിലും പേര്‍ഷ്യനില്‍ 'കേമിയായെ സആദത്ത്' എന്ന പേരിലും ക്രോഡീകരിച്ചു.
ബഗ്ദാദിലെ ജീവിതത്തില്‍ ഗ്രീക്ക് തത്ത്വശാസ്ത്രത്തെ വിമര്‍ശന വിധേയമാക്കിക്കൊണ്ടാരംഭിച്ച ഇസ്‌ലാമിക നവോത്ഥാന പുനരുജ്ജീവന പ്രവൃത്തികള്‍ ജീവിതാവസാനം വരെ ഇമാം ഗസ്സാലി തുടര്‍ന്നു പോന്നു. ഏറ്റവുമൊടുവില്‍ വിരചിതമായ ഗ്രന്ഥം മരണത്തിന്റെ കേവലം രണ്ടാഴ്ച മുമ്പ് മാത്രമാണ് പൂര്‍ത്തീകരിച്ചത്. 'അല്‍ജാമുല്‍ അവാം അന്‍ഇല്‍മില്‍ കലാം' എന്നാണ് ഈ ഗ്രന്ഥത്തിന്റെ പേര്.

റഫറന്‍സ്:
1. അല്‍ മുന്‍ഖദ് മിനദ്ദലാല്‍ പേജ് 5-11
2. കയശറ പേജ് 43-50
3. ഇഹ്‌യാ ഉലൂമിദ്ദീന്‍ വാല്യം 4 ശുറൂതുല്‍ ഇറാദഃ
4. മീസാനുല്‍ അമല്‍ പേജ് 222-223
5. മിശ്കാതുല്‍ അന്‍വാര്‍ പേജ് 57-58
6. അല്‍ മഖ്‌സദുല്‍ അസ്‌നാ.... പേജ് 45
7. ഇഹ്‌യാ ഉലൂമിദ്ദീന്‍ ഭാഗം 1 പേജ് 42-43

(മുജദ്ദിദീനെ ഉമ്മത്ത് ഔര്‍ തസവ്വുഫ്
എന്ന കൃതിയില്‍ നിന്ന്)
വിവ: അബ്ദുര്‍റഹ്മാന്‍ കൊടിയത്തൂര്‍

Comments

Other Post