Prabodhanm Weekly

Pages

Search

2011 ഗസാലിപ്പതിപ്പ്‌

അബൂ ഹാമിദില്‍ ഗസാലി ജ്ഞാന വിസ്മയം

ഡോ. യൂസുഫുല്‍ ഖറദാവി

വൈജ്ഞാനിക-സാംസ്‌കാരിക ചരിത്രത്തിലെ മഹാ പ്രതിഭയായിരുന്ന ഇമാം അബൂ ഹാമിദില്‍ ഗസാലി തന്റെ കാലത്തെ വിജ്ഞാനകോശമായാണ് അറിയപ്പെടുന്നത്. വിജ്ഞാനകോശ സമാനമായ പാണ്ഡിത്യമല്ല ചരിത്രപുരുഷനായ ഇമാം ഗസാലിയില്‍ ഞാന്‍ കാണുന്ന പ്രത്യേകതയും പ്രാധാന്യവും. നമ്മുടെ ചരിത്രത്തില്‍ തന്നെ ധാരാളം പണ്ഡിതന്മാര്‍ ഈ ഗണത്തില്‍ പെടുത്താവുന്നവരായുണ്ട്. പക്ഷേ, അവര്‍ക്കൊന്നും ജനമനസ്സുകളില്‍ ഗസാലിയെപോലെ ഇടം പിടിക്കാനായിട്ടില്ല, അവര്‍ക്കൊന്നും 'ഹുജ്ജത്തുല്‍ ഇസ്‌ലാം' എന്ന സ്ഥാനപ്പേര് ചാര്‍ത്തപ്പെട്ടിട്ടുമില്ല.
മുസ്‌ലിം സമൂഹത്തിലെ മഹാ ഭൂരിപക്ഷവും ഗസ്സാലിയെ ഏറെ സ്‌നേഹിക്കുന്നവരും 'ഹുജ്ജത്തുല്‍ ഇസ്‌ലാം' എന്ന സ്ഥാനപ്പേര് അദ്ദേഹത്തിനു മാത്രം വകവെച്ചു കൊടുക്കുന്നവരുമാണ്. അഞ്ചാം നൂറ്റാണ്ടിലെ 'മുജദ്ദിദാ'യി സമുദായം പരിഗണിച്ചിരിക്കുന്നത് ഗസാലിയെ തന്നെയാണ്. 'ഓരോ നൂറു വര്‍ഷത്തിന്റെയും ആരംഭത്തില്‍ സമുദായത്തിന് അവരുടെ ദീനിനെ പരിഷ്‌കരിച്ചു നല്‍കുന്ന ഒരാളെ അല്ലാഹു നിയോഗിക്കുന്നതാണെ'ന്ന ഹദീസ് (അബൂദാവൂദ്, ഹാകിം, ബൈഹഖി) പ്രകാരം, ആ വിശേഷണം അദ്ദേഹത്തിന് ചേരുമെന്ന് മുസ്‌ലിംലോകം അംഗീകരിച്ചിട്ടുണ്ട്. ഇതെന്തുകൊണ്ടായിരിക്കും?
വിവിധ നൂറ്റാണ്ടുകളുടെ ആരംഭത്തിലെ മുജദ്ദിദുകളെ നിര്‍ണയിക്കുന്നതില്‍ ചരിത്രകാരന്മാരും ഹദീസ് പണ്ഡിതന്മാരും വ്യത്യസ്ത വീക്ഷണക്കാരാണ്. എങ്കിലും ഹിജ്‌റ ഒന്ന്, രണ്ട്, അഞ്ച് നൂറ്റാണ്ടുകളിലെ മുജദ്ദിദുകള്‍ യഥാക്രമം ഉമറുബ്‌നു അബ്ദില്‍ അസീസ്, ഇമാം ശാഫിഈ, ഇമാം ഗസാലി എന്നിവരാണെന്നതില്‍ എല്ലാവര്‍ക്കും യോജിപ്പാണെന്ന് ഇമാം സുയൂത്വി രേഖപ്പെടുത്തിയിരിക്കുന്നു.
ഇസ്‌ലാമിക സമൂഹത്തില്‍ നൂറ്റാണ്ടുകളായി ഇമാം ഗസാലി ചിരസ്മരണീയനായത്, അദ്ദേഹത്തിന്റെ ബൃഹദ് വൈജ്ഞാനിക പ്രവര്‍ത്തനങ്ങളാലോ, ബാത്വിനികളുടെ അപകടത്തെ തുറന്നുകാട്ടിയതിനാലോ, ഗ്രീക്ക് തത്ത്വശാസ്ത്രത്തോട് പോരാടിയതിനാലോ, കിഴക്കും പടിഞ്ഞാറും കിടുങ്ങുമാറ് ശബ്ദത്തോടെ ആ വന്‍വിഗ്രഹത്തെ തകര്‍ത്തതിനാലോ മാത്രമല്ല. പ്രത്യുത, അല്ലാഹു അദ്ദേഹത്തില്‍ നിക്ഷേപിച്ച ആത്മീയ പ്രകാശവും മനഃസ്വാധീനവും കൊണ്ടുകൂടിയായിരുന്നു.
ഗസാലിയുടെ മുമ്പും അതിപ്രഗത്ഭരായ പണ്ഡിത നേതാക്കളുണ്ടായിരുന്നു. ഗസാലിയുടെ തന്നെ ഗുരുവായ ഇമാമുല്‍ ഹറമൈന്‍, അദ്ദേഹത്തിന്റെ ഗുരുവായ ഖാദി ബാഖില്ലാനി, ബാഖില്ലാനിയുടെ ഗുരുവായ അബുല്‍ ഹസനില്‍ അശ്അരി എന്നിവര്‍ ഉദാഹരണം. ഇവരെല്ലാം വലിയ നേതാക്കളായിരുന്നു, കൂരിരുട്ടിലെ ദീപങ്ങളായിരുന്നു. പക്ഷേ, അവരുടെയെല്ലാം സ്വാധീനം സമൂഹത്തിലെ മേല്‍തട്ടില്‍ മാത്രമായിരുന്നു. അവര്‍ സമൂഹത്തിലെ സാധാരണക്കാരെ സ്വാധീനിച്ചിട്ടില്ല. അവരുടെയെല്ലാം വിജ്ഞാനവും ചിന്തകളും സമൂഹത്തിന് പകര്‍ന്നു നല്‍കിയത് ഗസാലിയാണ്. എല്ലാ മുസ്‌ലിം നാടുകളെയും നൂറ്റാണ്ടുകളെയും ആദര്‍ശങ്ങളെയും ചിന്തകളെയും സ്വഭാവങ്ങളെയും പ്രവര്‍ത്തനങ്ങളെയും ഇത്രക്ക് സ്വാധീനിക്കാന്‍ ഇമാം ഗസാലിക്ക് കഴിഞ്ഞതെന്തു കൊണ്ടെന്നത് ചിന്തനീയമാണ്.
ഗസാലിയുടെ ആശയവിവരണശൈലി അയത്‌നലളിതവും വ്യക്തവും അനര്‍ഗളവുമാണ്. ദുര്‍ഗ്രഹമായ ആശയങ്ങള്‍ ലളിതമായും സുഗ്രാഹ്യമായും സോദാഹരണം സമര്‍പ്പിക്കാനും അധ്യാപന വൈഭവത്തോടെ വിഷയങ്ങള്‍ ക്രോഡീകരിച്ചവതരിപ്പിക്കാനും പ്രബോധകന്റെ ഊഷ്മളത നിലനിര്‍ത്താനുമായതിനാലാണ് ഈ അപൂര്‍വ സൗഭാഗ്യം അദ്ദേഹത്തിന് ലഭിച്ചത്.
ധൈഷണികവും ശര്‍ഈപരവുമായ സമകാലിക സംസ്‌കാരത്തെ സ്വാംശീകരിച്ച് ദഹിപ്പിച്ച് രക്തത്തിനും ചാണകത്തിനുമിടയില്‍ നിന്ന് നറുംപാലെന്ന പോലെ, സ്വീകാര്യവും പഥ്യവുമായ വിജ്ഞാനപോഷണം സമൂഹത്തിന് നല്‍കിയതിനാലാണെന്ന് മറ്റു ചിലര്‍ അഭിപ്രായപ്പെടുന്നു.
വൈജ്ഞാനിക-ചിന്താലോകത്ത് പ്രഥമമായും, ആത്മീയ സമരരംഗത്ത് ദ്വിതീയമായും പ്രസിദ്ധനായ ഗസാലിയുടെ നേരെ മനസ്സുകളും മസ്തിഷ്‌കങ്ങളും തുറക്കപ്പെടുകയും അതീവ രുചികരമായ ജലസ്രോതസ്സിനു നേരെ ദാഹാര്‍ത്തര്‍ ഓടിയടുക്കുന്ന പോലെ അവര്‍ അദ്ദേഹത്തില്‍ ആകൃഷ്ടരാവുകയുമായിരുന്നു. ഇത്തരം പ്രസ്താവനകളും പുകഴ്ത്തലുകളും അദ്ദേഹത്തെക്കുറിച്ച് ഏറെ വന്നിട്ടുണ്ട്. ഗസാലിയെ സംബന്ധിച്ചേടത്തോളം അതെല്ലാം ശരിയുമാണ്.
മുസ്‌ലിം സമുദായം ഗസാലിയില്‍ ഇത്രയേറെ ആകൃഷ്ടരാവാന്‍ പ്രസ്താവിത കാരണങ്ങള്‍ക്കു പുറമെ വേറെയും ചില ഘടകങ്ങളുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അല്ലാഹുവിലുള്ള അതീവ നിഷ്‌കളങ്കമായ വിശ്വാസം, അല്ലാഹുവിന്റെ തൃപ്തി നേടാനായി സ്വന്തം താല്‍പര്യങ്ങളുടെ ബലിയര്‍പ്പണം മുതലായവയാണാ ഘടകങ്ങള്‍. ഹൃദയത്തില്‍ നിന്ന് പുറപ്പെടുന്ന വാക്കുകള്‍ ഹൃദയങ്ങളില്‍ തുളച്ചുകയറും. നാവിന്റെ അറ്റത്ത് നിന്ന് പുറപ്പെടുന്ന വാക്കുകള്‍ കാതുകള്‍ കടന്നുപോവില്ല. ഉറ്റ ബന്ധുക്കളുടെ വേര്‍പാടില്‍ കരയുന്നവളും കൂലിക്ക് കരയുന്നവളും ഒരുപോലെയല്ലല്ലോ. ഇതുതന്നെയാണ് ഗസാലിയുടെ കാര്യത്തിലും സംഭവിച്ചത്.
ഗസാലിയുടെ ഏറ്റവും വലിയ മോഹം നിഷ്‌കളങ്കത നേടിയെടുക്കുക എന്നതായിരുന്നു. അദ്ദേഹത്തിന്റെ ജീവിതയാത്രയത്രയും അത് അന്വേഷിച്ചു കൊണ്ടായിരുന്നു. അദ്ദേഹത്തിന്റെ ജീവചരിത്രത്തില്‍ നിന്ന് നമുക്ക് മനസ്സിലാവുന്നത് അത് അദ്ദേഹത്തിന് സ്വായത്തമാക്കാനായി എന്നാണ്. രഹസ്യങ്ങള്‍ ഏറ്റവും നന്നായി അറിയുന്നവന്‍ അല്ലാഹുവാണല്ലോ. മരണാസന്ന ഘട്ടത്തില്‍, മരിക്കുന്നതിന്റെ തൊട്ടു മുമ്പായി അദ്ദേഹം ഒരാളെ ഉപദേശിച്ചത് 'നിഷ്‌കളങ്കത പുലര്‍ത്തുക' എന്നായിരുന്നു. ഇത് ആവര്‍ത്തിച്ചു പറയുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ വിയോഗം (ഇബ്‌നുല്‍ ജൗസി- തന്റെ അല്‍ മുന്‍തളിം (9/170).
ഞാന്‍ ഏറ്റവും ആദ്യം പരിചയപ്പെട്ട ഇമാമാണ് ഗസാലി. എന്റെ ഒരു ബന്ധുവില്‍നിന്ന് ഗസാലിയുടെ മിന്‍ഹാജുല്‍ ആബിദീന്‍, അയല്‍വാസിയില്‍നിന്ന് ഇഹ്‌യാ ഉലൂമിദ്ദീന്‍ എന്നിവ ഞാന്‍ സംഘടിപ്പിച്ച് വായിക്കുകയായിരുന്നു. അന്നെനിക്ക് ഏതാണ്ട് പതിനാല് വയസ്സ് പ്രായമായിരുന്നു. ത്വന്‍ത്വായിലെ ദീനീ വിദ്യാലയത്തില്‍ ചേര്‍ന്ന് അസ്ഹറിലേക്ക് ആദ്യ ചുവടുകള്‍ വെക്കുന്ന ഘട്ടമായിരുന്നു അത്. ഇബ്‌നു തൈമിയ്യയുടെ സമഗ്രമായ ദീനീപരിഷ്‌കരണ ധാരയെ കുറിച്ച് പിന്നീടാണ് ഞാന്‍ മനസ്സിലാക്കിയത്.
സത്യം പറയട്ടെ, ഗസാലി എന്റെ മനസ്സിനെയും മസ്തിഷ്‌കത്തെയും ഒന്നിച്ച് സ്വാധീനിച്ചു. അദ്ദേഹത്തെ ആദ്യമായി എനിക്കും തുടര്‍ന്ന് ജനങ്ങള്‍ക്കും വേണ്ടി ഞാന്‍ പ്രയോജനപ്പെടുത്തി. 'ഇഹ്‌യാ' വായിക്കുമ്പോഴെല്ലാം ഗ്രന്ഥകാരന്റെ ദൈവോന്മുഖമായ നിസ്വാര്‍ഥത എന്നെ പിടിച്ചുലച്ചുകൊണ്ടിരുന്നു. എന്റെ കണ്ണുകള്‍ പലപ്പോഴും ഈറനണിഞ്ഞു. ഹൃദയം ഭയഭക്തി സാന്ദ്രമായി. ദുന്‍യാവ് എന്റെ കണ്ണില്‍ ചെറുതായിച്ചെറുതായി വന്നു. പരലോകം എന്റെ മുമ്പാകെ ഭീമാകാരം പൂണ്ടുവന്നു നിന്നു. ഗ്രന്ഥകാരന് അല്ലാഹുവുമായി പുലര്‍ത്താന്‍ കഴിഞ്ഞ സത്യസന്ധമായ ബന്ധത്തിന്റെ സ്വാഭാവിക പ്രതിഫലനമാണിതെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഗസാലിയുടെ ധാരാളം സവിശേഷതകളിലൊന്നാണിത്. അല്ലാഹുവിന് മാത്രം ഉഴിഞ്ഞുവെച്ച സുശിക്ഷിത ആത്മീയത. 'തീര്‍ച്ചയായും എന്റെ നമസ്‌കാരവും എന്റെ ബലികര്‍മവും എന്റെ ജീവിതവും എന്റെ മരണവും പങ്കുകാരനില്ലാത്ത സര്‍വലോക രക്ഷിതാവിനാകുന്നു' (അല്‍അന്‍ആം 162) എന്ന ഖുര്‍ആന്‍ വാക്യത്തിന്റെ യഥാര്‍ഥ ചിത്രം!
മിക്ക സമകാലീന പണ്ഡിതന്മാരെയും പോലെ ഗസാലിയും ആദ്യകാലത്ത് പ്രശസ്തിയും സ്ഥാനമാനങ്ങളും സംവാദവിജയവും ജനങ്ങളുടെ അംഗീകാരവും മറ്റും പ്രതീക്ഷിച്ചാണ് ജീവിച്ചുപോന്നത്. അവ വലിയ അളവില്‍ അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹത്തിന്റെ ഉള്‍ക്കാഴ്ച തെളിഞ്ഞു. അത്തരം ഭൗതികമോഹങ്ങളെല്ലാം മരീചിക സമാനം മിഥ്യയാണെന്ന് അദ്ദേഹത്തിന് ബോധ്യമായി. പുറം മതവും അകം ദുന്‍യാവുമായ നിലവിലെ ജീവിതരീതി കൈയൊഴിച്ച് ഇഹലോക വിരക്തിയും ഭൗതികമുക്തിയും ദൈവോന്മുഖ നിഷ്‌ക്കളങ്കതയും ആധാരമായ മറ്റൊരു ജീവിതത്തിലേക്ക് അദ്ദേഹം പ്രവേശിച്ചു. അറിവും അധ്യാപനവും ജീവിതവും മരണവും പങ്കുകാരനില്ലാത്ത ലോകരക്ഷിതാവായ അല്ലാഹുവിന് സമര്‍പ്പിക്കപ്പെട്ട ജീവിതം. താജുദ്ദീന്‍ സുബ്കിയുടെ ഗസാലി നിരീക്ഷണം ഏറെ ശ്രദ്ധേയമാണ്: ''ദുന്‍യാവിനെ അദ്ദേഹം പിറകോട്ട് വലിച്ചെറിഞ്ഞു. സ്വകാര്യ-പരസ്യ ജീവിതത്തില്‍ അല്ലാഹുവുമായി ഇടപഴകാനായി മുന്നോട്ടുവന്നു'' (ത്വബഖത്തുശ്ശാഫിഇയ്യ 6/193).
ഇമാം ഗസാലി തന്റെ മാനസികവും ചിന്താപരവുമായ ജീവിതത്തെ വ്യക്തമായും സത്യസന്ധമായും അല്‍ മുന്‍ഖിദുമിനദ്ദലാല്‍ വല്‍ മൂസ്വില ഇലാ ദില്‍ ഇസ്സത്തി വല്‍ ജലാല്‍ എന്ന കൃതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഗസ്സാലിയുടെ ഏറ്റവും വിശിഷ്ടമായ രചനയായാണ് പണ്ഡിതലോകം അതിനെ മനസ്സിലാക്കുന്നത്. എന്റെ ഗുരു ഡോ. മുഹമ്മദ് യൂസുഫ് മൂസാ എഴുതുന്നു: ''ഏതെങ്കിലും ചിന്തകനോ തത്ത്വശാസ്ത്രജ്ഞനോ ഇത്തരമൊരു കൃതിയോ ഇതിനോടടുത്ത് നില്‍ക്കുന്ന കൃതിയോ എഴുതിയതായി എനിക്കറിയില്ല. ആത്മസംഘര്‍ഷങ്ങളും ഹൃദയ-ധൈഷണിക ചലനങ്ങളും നിരത്തിവെച്ചുള്ള സ്വയം സമ്മതങ്ങളും തിരിച്ചറിവുകളുമാണ് അത് നിറയെ. അന്തിമമായി അദ്ദേഹം ഉദ്ദേശിച്ചതെന്തോ, അത് അദ്ദേഹം സാധിച്ചിരിക്കുന്നു'' (ഫസല്‍സഫത്തുല്‍ ഇസ്‌ലാം ഫില്‍ അഖ്‌ലാഖ്, പേജ് 130).
യാഥാര്‍ഥ്യം തേടിയുള്ള സംഭവബഹുലമായ യാത്രക്ക് ശേഷം അദ്ദേഹത്തിന് ചില സത്യങ്ങള്‍ ബോധ്യപ്പെടുകയുണ്ടായി. പാരത്രിക സൗഭാഗ്യമാണ് യഥാര്‍ഥ സൗഭാഗ്യം. തഖ്‌വ വഴിയും ദേഹേഛയെ തടഞ്ഞും മാത്രമേ പാരത്രികമോക്ഷം നേടാനാവൂ. ഇത് സാധ്യമാവാന്‍ ദുന്‍യാവുമായുള്ള ഹൃദയബന്ധം മുറിക്കണം. വഞ്ചനാത്മകമായ ഭൗതികഭ്രമങ്ങളില്‍ നിന്നകന്ന് ശാശ്വത ഗേഹത്തിലേക്ക് അടുക്കണം. നമ്മുടെ എല്ലാ താല്‍പര്യങ്ങളുമായി അല്ലാഹുവിലേക്ക് ഉന്മുഖരാവണം. ഭൗതികമായ കെട്ടുപാടുകള്‍ വിട്ടൊഴിഞ്ഞും ജോലികളില്‍ നിന്ന് മുക്തിനേടിയും വേണം ഇത് സാധിക്കാന്‍.
അദ്ദേഹം തന്നെ പറയുന്നു: ''പിന്നെ ഞാന്‍ എന്റെ അവസ്ഥകളെപ്പറ്റി പര്യാലോചിച്ചു. അപ്പോള്‍ ഞാന്‍ ബന്ധങ്ങളില്‍ മുഴുകിയിരിക്കുകയായിരുന്നു. ബന്ധങ്ങള്‍ എന്നെ നാനാഭാഗത്തുനിന്നും വലയം ചെയ്തിരുന്നു. ഞാന്‍ എന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചു. അവയില്‍ ഏറ്റവും നല്ലത് അധ്യാപനമായിരുന്നു. അത് പക്ഷേ പരലോകപാതയില്‍ ഉപകാരപ്പെടാത്ത വിജ്ഞാനങ്ങളായിരുന്നു. പിന്നെ ഞാന്‍ അധ്യാപനത്തിലെ എന്റെ ചേതോവികാരത്തെക്കുറിച്ച് ചിന്തിച്ചു. അത് അല്ലാഹുവിന്റെ താല്‍പര്യം മാത്രം മുന്‍നിര്‍ത്തിയല്ലെന്ന് എനിക്ക് ബോധ്യമായി. അതിന്റെ പ്രേരകവും പ്രചോദകവുമാകട്ടെ, പ്രശസ്തിമോഹവും സ്ഥാനലബ്ധിയും. ഇടിഞ്ഞുവീഴാറായ ഒരു ഗര്‍ത്തത്തിന്റെ വക്കില്‍ നില്‍ക്കുന്ന ഞാന്‍ നരകത്തില്‍ പതിക്കാറായ അവസ്ഥയിലായിരുന്നു'' (അല്‍ മുന്‍ഖിദ് 139,140).
ഹിജ്‌റ 488 റജബ് മുതല്‍, ആറു മാസത്തോളം ഭൗതിക കാമനകള്‍ക്കും പാരത്രിക പ്രചോദനങ്ങള്‍ക്കുമിടയില്‍ എന്തു ചെയ്യണമെന്നറിയാതെ ഗസാലി അസ്വസ്ഥനായി. ഒടുവില്‍ ഏതെങ്കിലുമൊന്ന് തെരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതനായി. അദ്ദേഹത്തിന് സംസാരിക്കാനോ ഭക്ഷണം ചവക്കാനോ കഴിയാതെയായി. അദ്ദേഹത്തിന്റെ അവസ്ഥ മോശമായി. ശരീരം ക്ഷീണിച്ചു,. ഒടുവില്‍ ഗത്യന്തരമില്ലാതെ അല്ലാഹുവില്‍ അഭയം തേടി. നിലവിലെ ഈ ജീവിതത്തില്‍ നിന്ന് പിന്തിരിയാനുള്ള ഒരു മാര്‍ഗം കാണിച്ചുകൊടുക്കാന്‍ അല്ലാഹുവോട് പ്രാര്‍ഥിച്ചു. പ്രാര്‍ഥന ഫലിച്ചു. നിളാമിയ്യ മദ്‌റസയിലെ അധ്യാപന ജീവിതം മതിയാക്കി അദ്ദേഹം ബഗ്ദാദ് വിട്ടു. തുടര്‍ന്ന് ഹജ്ജിന് പോയി. ശേഷം ദമസ്‌കസ്, ബൈത്തുല്‍ മഖ്ദിസ് മുതലായ നഗരങ്ങളിലും മരുഭൂമിയിലും വിജന പ്രദേശങ്ങളിലുമായി മാറി മാറി സഞ്ചരിച്ചു.
ഈവിധം മതാധ്യാപനമുള്‍പ്പെടെയുള്ള തന്റെ പ്രവര്‍ത്തനങ്ങള്‍ അല്ലാഹുവിന് മാത്രമുള്ള നിഷ്‌കളങ്ക പ്രവര്‍ത്തനമാവുന്നില്ലെന്ന് തോന്നിയ അദ്ദേഹം ഭൗതികജീവിതത്തില്‍ വിരക്തി കാണിച്ചു. മനസ്സിന്റെ പ്രേരണകളെ സംബന്ധിച്ച സത്യസന്ധമായ വിശകലനത്തിന്റെയും ആലോചനയുടെയും ഫലമായിരുന്നു ഈ തീരുമാനം.
പണ്ഡിതന്മാരും ഭരണാധികാരികളും സാമീപ്യം കൊതിക്കുന്ന, എല്ലാ കഴുത്തുകളും ആകാംക്ഷാപൂര്‍വം ശ്രദ്ധിക്കുന്ന, വിരലുകള്‍ ചൂണ്ടിപ്പറയുന്ന, യാത്രാ സംഘങ്ങള്‍ക്ക് വിഷയമായ സാധാരണക്കാര്‍ ഉള്‍പ്പെടെ സമൂഹം മൊത്തം ചര്‍ച്ച ചെയ്യുന്ന, അന്നത്തെ സാഹചര്യത്തില്‍ ലോകപ്രശസ്തനായ ഒരാള്‍ക്ക് അത്രവേഗം അങ്ങനെ ഒരു തീരുമാനമെടുക്കാന്‍ കഴിയുമായിരുന്നില്ല.
ദിഗന്തങ്ങള്‍ മുഴങ്ങിയ പ്രശസ്തിയെ മറികടന്ന് ഗസാലി വൈരാഗ ജീവിതത്തിലേക്ക്, മണ്ണിന്റെ ആകര്‍ഷണീയതയില്‍ നിന്ന് അഥവാ ഭൗതികജീവിതത്തിന്റെ പ്രലോഭനങ്ങളില്‍നിന്ന് ആത്മീയതയുടെ സമുന്നത തലത്തിലേക്ക് പ്രവേശിച്ചു.
ഖാദി അബൂബക്കര്‍ ബ്‌നുല്‍ അറബി ഈ കാലയളവില്‍ താന്‍ കണ്ട ഗസാലിയെക്കുറിച്ച് അനുസ്മരിക്കുന്നതിങ്ങനെ: ''ഇമാം ഗസാലിയെ മരുഭൂമിയില്‍ വെച്ച് ഞാന്‍ കണ്ടു. അദ്ദേഹത്തിന്റെ കൈയില്‍ ഒരു ഊന്നുവടിയുണ്ടായിരുന്നു. കഷ്ണം വെച്ച് തുന്നിയ കുപ്പായം ധരിച്ചിരുന്നു. വെള്ളം സംഭരിക്കാന്‍ കഴുത്തില്‍ ഒരു ചെറു തോല്‍പാത്രം. ബഗ്ദാദിലായിരുന്നപ്പോള്‍ വിദ്യ തേടി നാനൂറോളം പ്രഗത്ഭപണ്ഡിതന്മാര്‍ അദ്ദേഹത്തിന്റെ സദസ്സില്‍ ഉണ്ടാകുമായിരുന്നു. ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു: ഇമാം അവര്‍കളേ, ബഗ്ദാദിലെ അധ്യാപനമല്ലേ ഇതേക്കാള്‍ ഉത്തമം?''
ഗസാലി ഈ നിലയില്‍ പത്ത് വര്‍ഷക്കാലം ജീവിച്ചു. മതാധ്യാപനമുള്‍പ്പെടെയുള്ളവ തെറ്റായ ഉദ്ദേശ്യങ്ങള്‍ക്ക് വിധേയമാണെന്ന് മനസ്സിലാക്കിയതിനാല്‍ ഉപേക്ഷിച്ചു. പക്ഷേ, ഹൃദയങ്ങള്‍ പരമകാരുണികനായ അല്ലാഹുവിന്റെ വിരലുകള്‍ക്കിടയിലാണ്. അത് അവന്‍ ഇഛിക്കും പ്രകാരം മാറ്റിമറിച്ചുകൊണ്ടിരിക്കുന്നു. എല്ലാതരം ജോലികളില്‍നിന്നും ബന്ധങ്ങളില്‍നിന്നും മനസ്സിനെ മുറിച്ചുമാറ്റിയ ഗസാലി പ്രബോധന പ്രവര്‍ത്തനങ്ങളിലേക്കും ദീനിനെ പുനരുജ്ജീവിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളിലേക്കും തിരിച്ചുവരാന്‍ ഉദ്ദേശിച്ചു.
ഗസാലി തന്റെ ചുറ്റുമുള്ള സമൂഹത്തെക്കുറിച്ച് ചിന്തിച്ചു. പ്രവാചകത്വത്തിന്റെ അടിസ്ഥാനം, യാഥാര്‍ഥ്യം, തദനുസൃതമായ പ്രവര്‍ത്തനം, അവയുടെ വ്യാപനം മുതലായവ ഉദാസീനവും മന്ദഗതിയിലുമാണെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടു. ഇതിന്റെ കാര്യങ്ങളെക്കുറിച്ച് പഠിച്ചപ്പോള്‍ തത്ത്വജ്ഞാനികളും സ്വൂഫികളും ചീത്ത പണ്ഡിതന്മാരും ഭരണാധികാരികളും ബാത്ത്വിനികളും മറ്റുമാണ് എല്ലാ പ്രശ്‌നങ്ങളുടെയും കാരണക്കാരെന്ന് അദ്ദേഹത്തിന് വ്യക്തമായി. മതം സാധാരണക്കാര്‍ക്കും, തത്ത്വജ്ഞാനം സമൂഹത്തിലെ ഉപരിവര്‍ഗത്തിനും എന്നതായിരുന്നു സ്ഥിതി. സ്വൂഫികള്‍ തങ്ങള്‍ ഭക്തിയുടെ പരമകാഷ്ഠയിലെത്തിയതിനാല്‍ ഇബാദത്തെടുക്കേണ്ടതില്ലെന്ന് വാദിച്ചു. പൈശാചിക പ്രേരണകള്‍ക്ക് വശംവദരായ ചീത്ത പണ്ഡിതന്മാരും ഭരണാധികാരികളും ജനങ്ങളെ മതത്തില്‍നിന്നകറ്റി. ബാത്വിനികള്‍ പലതരം സംശയങ്ങള്‍ ഇളക്കിവിട്ട് പ്രശ്‌നങ്ങളുണ്ടാക്കി.
പത്ത് വര്‍ഷം നീണ്ട ഏകാന്ത ജീവിതം ഉപേക്ഷിച്ചേ പറ്റൂ എന്ന് ഗസാലി തീരുമാനിച്ചു. 'രോഗം വ്യാപകമാവുകയും ചികിത്സകര്‍ തന്നെ രോഗാതുരരാവുകയും മനുഷ്യന്‍ നാശത്തിന്റെ വക്കിലെത്തിലെത്തുകയും ചെയ്ത സാഹചര്യത്തില്‍ ഏകാന്ത ജീവിതം നയിക്കുന്നത് ശരിയല്ലെന്ന് തീര്‍ച്ചയാക്കി. മേല്‍ വിഭാഗങ്ങളുടെയെല്ലാം സംശയങ്ങള്‍ ദൂരീകരിക്കാന്‍ വളരെയെളുപ്പം സാധിക്കുമെന്ന് അദ്ദേഹത്തിന് ഉത്തമ വിശ്വാസമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍, 'ഒരു മുറുക്ക് വെള്ളം കുടിക്കുന്നതിനേക്കാള്‍ എളുപ്പമായിരുന്നു അവരുടെ വാദങ്ങള്‍ പൊളിക്കല്‍'.
ദീര്‍ഘമായ പര്യാലോചനക്കും ആശങ്കകള്‍ക്കും ശേഷം ഗസാലി തന്റെ ഏകാന്തതയില്‍ നിന്ന് പുറത്തുകടന്നു. ഉള്‍ക്കാഴ്ചയുള്ള വിജ്ഞരുമായി ഇതിനകം അദ്ദേഹം കൂടിയാലോചിച്ചിരുന്നു. എല്ലാവരും ഏകാന്ത ജീവിതം വെടിയാന്‍ അദ്ദേഹത്തെ ഉപദേശിച്ചു. സംതൃപ്തമായ ശര്‍ഈ പരിഗണനകളും സുവാര്‍ത്താദായകമായ സ്വപ്നവും ഓരോ നൂറ്റാണ്ടിന്റെയും തുടക്കത്തില്‍ ഒരു പരിഷ്‌കര്‍ത്താവുണ്ടാവുമെന്ന അല്ലാഹുവിന്റെ വാഗ്ദാനത്തിന്റെ പുലര്‍ച്ചയും എന്ന നിലയില്‍ ഗസാലി ഇസ്‌ലാമിനെ പുനര്‍ജീവിപ്പിക്കാനായി രംഗത്തുവന്നു.
അതൊരു തിരിച്ചുവരവായിരുന്നു. പുതിയൊരു ഹൃദയവും പുതിയൊരു ചൈതന്യവും അദ്ദേഹത്തെ ആവേശിച്ചു. ഗസാലി തന്നെ പറയട്ടെ: ''വിജ്ഞാന പ്രചാരണത്തിലേക്ക് ഞാന്‍ തിരിച്ചുവന്നാല്‍, ഫലത്തില്‍ ഞാന്‍ തിരിച്ചുവന്നിട്ടില്ല. കാരണം, തിരിച്ചെത്തുക എന്നാല്‍ ഉണ്ടായിരുന്നേടത്തേക്ക് തന്നെ എത്തുക എന്നാണ്. അന്ന് ഞാന്‍ പ്രചരിപ്പിച്ചിരുന്നത് സ്ഥാനമാനങ്ങള്‍ നേടാവുന്ന വിജ്ഞാനമായിരുന്നു. എന്റെ വാക്കുകളും പ്രവൃത്തികളും അതിലേക്ക് ക്ഷണിക്കാനായി ഞാന്‍ ഉപയോഗപ്പെടുത്തി. അന്ന് അതായിരുന്നു എന്റെ ഉദ്ദേശ്യം. എന്നാല്‍ ഇപ്പോള്‍ സ്ഥാനമാനങ്ങള്‍ ഉപേക്ഷിക്കാനുള്ള വിജ്ഞാനത്തിലേക്കാണ് ഞാന്‍ ക്ഷണിക്കുന്നത്. ഇപ്പോള്‍ എന്റെ ഉദ്ദേശ്യവും ആഗ്രഹവും അതാണ്. അക്കാര്യം അല്ലാഹുവിന് എന്നേക്കാള്‍ അറിയാം. ഞാന്‍ എന്നെയും അന്യരെയും നന്നാക്കാന്‍ ഉദ്ദേശിക്കുന്നു. എന്റെ ഉദ്ദേശ്യം സഫലമാകുമോ ഇല്ലയോ എന്ന് എനിക്കറിയില്ല. പക്ഷേ, ഞാന്‍ ദൃഢമായി വിശ്വസിക്കുന്നു, മഹാനും മഹോന്നതനുമായ അല്ലാഹുവിനെക്കൊണ്ടല്ലാതെ യാതൊരു ശക്തിയുമില്ല. ഞാന്‍ ചലിച്ചിട്ടില്ല, പക്ഷേ, അവന്‍ എന്നെ ചലിപ്പിക്കുകയായിരുന്നു. ഞാന്‍ പ്രവര്‍ത്തിച്ചിട്ടില്ല, പക്ഷേ, അവന്‍ എന്നെ പ്രവര്‍ത്തിപ്പിക്കുകയായിരുന്നു. അല്ലാഹു ആദ്യമായി എന്നെ നന്നാക്കട്ടെ, തുടര്‍ന്ന് ഞാന്‍ വഴി മറ്റുള്ളവരെയും. അവന്‍ എന്നെ സന്മാര്‍ഗത്തിലാക്കട്ടെ, ഞാന്‍ മുഖാന്തിരം മറ്റുള്ളവരെയും. അവന്‍ എനിക്ക് സത്യം കാണിച്ചുതരട്ടെ. അതിനെ പിന്‍പറ്റാന്‍ അവന്‍ അവസരം തരട്ടെ. അവന്‍ മിഥ്യയെ മിഥ്യയായി കാണിച്ചുതരട്ടെ, അതിനെ വെടിയാന്‍ അവന്‍ അവസരം തരട്ടെ'' (അല്‍ മുന്‍ഖിദ്, പേജ് 157).
ഇമാം ഗസാലിയുടെ ഭൗതികവിരക്തിയും സ്ഥാനമാന ത്യാഗവും, ദൈവിക സാമീപ്യം നേടാനായി അദ്ദേഹം നടത്തിയ ത്യാഗങ്ങളും ഇസ്‌ലാമിക ജീവിതത്തില്‍ ചിന്താപരമായും അവബോധപരമായും സാംസ്‌കാരികമായും അഗാധ വ്യാപ്തമായ സ്വാധീനം ചെലുത്തുകയുണ്ടായി. ഒരാള്‍ പറയുന്നതിനേക്കാള്‍ എത്രയോ പ്രതിഫലനക്ഷമമാവുക അയാളെ നേരിട്ടനുഭവിച്ചറിയുന്നതാവും. 'ഒരാളെ പറ്റി ആയിരം പേര്‍ പറയുന്നതിനേക്കാള്‍ വാചാലമാവുക, ആയിരം പേര്‍ക്കിടയിലെ വ്യത്യസ്തനായ ഒരു മനുഷ്യനായിരിക്കും' എന്നാണല്ലോ മഹദ്വചനം.
ഭൗതിക പ്രശസ്തിയില്‍ നിന്ന് അകന്നൊഴിയാനായി ഏകാന്തതയിലേക്ക് ഓടിപ്പോയ ഇമാം ഗസാലി അമുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള മാനവ ഹൃദയങ്ങളില്‍ വിജ്ഞാനത്തിന്റെയും ചിന്തയുടെയും ഭൗതികവിരക്തിയുടെയും മഹാ മാതൃകയായി ഇന്നും വിരാചിക്കുന്നു. അദ്ദേഹം വിട്ടേച്ചുപോയ വൈജ്ഞാനിക സമ്പത്താകട്ടെ, ഒരു സംഭവം തന്നെയാണ്. ഖുര്‍ആനും ഹദീസ് സമാഹാരങ്ങളും കഴിഞ്ഞാല്‍ ലോക മുസ്‌ലിംകളെ ഏറെ സ്വാധീനിച്ചത് ഗസാലിയുടെ ഇഹ്‌യായാണെന്ന കാര്യം നിസ്തര്‍ക്കമത്രെ. എത്രത്തോളമെന്നാല്‍ ഇഹ്‌യാ ഖുര്‍ആന്‍ ആവാനായിരിക്കുന്നു എന്ന ചൊല്ല് പോലും പ്രചാരത്തിലുണ്ട്.
ഗസാലിയുടെ സ്വാധീനം ഇസ്‌ലാമിക ലോകത്തിന്റെ പരിധികളും കടന്ന് പാശ്ചാത്യ ലോകത്തേക്കും ചെന്നെത്തി. യഹൂദ ദൈവശാസ്ത്രത്തിലെ പല ചിന്തകളും ഗസാലിയുടെ മഖാസ്വിദുല്‍ ഫലാസിഫ, അത്തഹാഫുത്ത്, അല്‍ മുന്‍ഖിദ്, ഇഹ്‌യാ, അല്‍ മീസാന്‍ മുതലായ ഗ്രന്ഥങ്ങളില്‍നിന്ന് ഖണ്ഡികകള്‍ തന്നെ പകര്‍ത്തിയവയാണ്. പേജുകള്‍ തന്നെ അപ്പടി പകര്‍ത്തി എന്നു പറഞ്ഞാലും അതിശയോക്തിയാവില്ല. ക്രി. പതിമൂന്നാം നൂറ്റാണ്ടിലെ തത്ത്വജ്ഞാനികള്‍ക്ക് മറുപടിയായി യഹൂദ -ക്രൈസ്തവ പണ്ഡിതര്‍ ഗസാലിയുടെ കൃതികള്‍ പരിഭാഷപ്പെടുത്തുകയായിരുന്നു. അതുവഴി അദ്ദേഹത്തിന്റെ കൃതികള്‍ക്ക് യൂറോപ്പില്‍ പ്രചാരം ലഭിച്ചു (ദിറാസാത്തുന്‍ ഫീ താരീഖില്‍ ഫല്‍സഫത്തില്‍ അറബിയ്യത്തില്‍ ഇസ്‌ലാമിയ്യ: വരിജാലിഹാ, അബ്ദഃ ശിമാലി, പേജ് 553).
വിശുദ്ധ തത്ത്വശാസ്ത്രജ്ഞര്‍ എന്നറിയപ്പെടുന്ന അക്വിനോ, പാസ്‌ക്കല്‍ മുതലായവര്‍ ഗസാലിയെ ഉപജീവിച്ച യൂറോപ്പിലെ ക്രൈസ്തവ ചിന്തകന്മാരാണ് (അതേ കൃതി, പേജ് 554, താരീഖുല്‍ ഫിക്‌രില്‍ ഫല്‍സഫി ഫില്‍ ഇസ്‌ലാം, അബൂറയ്യാന്‍, പേജ് 509).
ആധുനിക പാശ്ചാത്യ തത്ത്വശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ഡെക്കാര്‍ത്ത് ഗസാലിയുടെ ചിന്തകളാല്‍ സ്വാധീനിക്കപ്പെട്ടിരുന്നു. കൃത്യവും കണിശവുമായ സത്യത്തിലേക്കെത്താന്‍ ഉദ്ദേശിച്ചുള്ള സംശയത്തിന്റെ രീതിശാസ്ത്രം ഡെക്കാര്‍ത്തിന്റെ രീതിശാസ്ത്രത്തില്‍ ഏറെ പ്രകടമായിരുന്നു. ഇരുവരുടെയും രീതിശാസ്ത്രങ്ങള്‍ തമ്മില്‍ വ്യക്തമായ സാദൃശ്യമുണ്ടായിരുന്നു. ഗസാലിയുടെ കൃതികള്‍ യൂറോപ്പിലേക്ക് ഭാഷാന്തരം ചെയ്യപ്പെട്ട സാഹചര്യത്തില്‍ ഡെക്കാര്‍ത്തിനെ ഗസാലി സ്വാധീനിച്ചിട്ടുണ്ടാവുമെന്ന് വ്യക്തം. തുനീഷ്യന്‍ ഗവേഷകനായ പ്രഫസര്‍ ഉസ്മാന്‍ കആക് പാരീസിലെ ഡെക്കാര്‍ത്ത് ലൈബ്രറി സന്ദര്‍ശിച്ചപ്പോള്‍ അവിടെ ഗസാലിയുടെ അല്‍ മുന്‍ഖിദു മിനദ്ദലാല്‍ എന്ന കൃതിയുടെ ഭാഷാന്തരം കണ്ടെന്ന് രേഖപ്പെടുത്തുകയുണ്ടായി. 'സംശയ' സംബന്ധമായി ഗസ്സാലി എഴുതിയ ഭാഗത്ത് 'ഈ രീതിശാസ്ത്രം നമുക്ക് പകര്‍ത്താവുന്നതാണ്' എന്ന് ഡെക്കാര്‍ത്ത് സ്വന്തം കൈപടയില്‍ രേഖപ്പെടുത്തിയത് ശ്രദ്ധേയമാണ് (അല്‍മഹന്‍ഹജുല്‍ ഫല്‍സഫി ബൈനല്‍ ഗസാലി വദീക്കാര്‍ത്ത്, ഡോ. മഹ്മൂദ് സഖ്‌സൂഖ്).
ധാരാളം പൗരസ്ത്യ വിശാരദര്‍ ഗസാലിയെ ചൊല്ലി അത്ഭുതം കൂറിയിട്ടുണ്ട്. ജര്‍മന്‍ ചിന്തകനായ മന്‍ഖ് എഴുതുന്നു: ''പാശ്ചാത്യ തത്ത്വശാസ്ത്രത്തിന്റെ ചരിത്രത്തില്‍ ഗസ്സാലിക്ക് അതുല്യ സ്ഥാനം നേടിക്കൊടുത്തത് അദ്ദേഹത്തിന്റെ 'സംശയ'ത്തില്‍ കേന്ദ്രീകരിച്ച ചിന്തകളായിരുന്നു.'' ഫ്രഞ്ച് ചിന്തകനായ കറാദീവൂ പറയുന്നു: ''ബുദ്ധിയുടെ ബലഹീനതയെക്കുറിച്ച് കാന്റ് അഭിപ്രായപ്പെടുന്നതിന് മുമ്പേ ഗസാലി അതേക്കുറിച്ച് തന്റെ ചിന്തകള്‍ സമര്‍പ്പിച്ചിരുന്നു. ഗസാലിയുടെ അത്തഹാഫുത്ത് ബുദ്ധിയുടെ മൂല്യം പഠിക്കാന്‍ ഏറ്റവും ഉത്തമ രചനയാണ്'' (ദിറാസാത്ത് ഫീ താരീഖില്‍ ഫല്‍സഫ).
സംഭവബഹുലവും സംഭാവനാ സമ്പന്നവുമായ ഗസാലിയുടെ ജീവിതത്തിലെ ഇസ്‌ലാമിക സേവനത്തിന്റെ, പ്രതിയോഗികളെ നേരിട്ടതിന്റെ, അതുവഴി 'ഹുജ്ജത്തുല്‍ ഇസ്‌ലാം' എന്ന സ്ഥാനപ്പേരിന് അര്‍ഹനായതിന്റെ ഏതാനും ചിത്രങ്ങളാണിത്.

(യൂസുഫുല്‍ ഖറദാവിയുടെ അല്‍ഗസാലി ബൈനമാദിഹീഹി വനാഖിദീഹി എന്ന കൃതിയില്‍ നിന്ന്)
വിവര്‍ത്തനം:
അബ്ദുല്ലത്വീഫ് കൊടുവള്ളി

Comments

Other Post