Prabodhanm Weekly

Pages

Search

2011 ഗസാലിപ്പതിപ്പ്‌

അബൂ ഹാമിദില്‍ ഗസാലി പരിഷ്‌കര്‍ത്താവ്‌

സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി

ഖലീഫ ഉമറുബ്‌നു അബ്ദില്‍ അസീസിനു ശേഷം മുസ്‌ലിം സമൂഹത്തിന്റെ ഭരണവും രാഷ്ട്രീയവും ജാഹിലിയ്യത്തിന്റെ കരങ്ങളിലെത്തിപ്പെടുകയും ഉമവികളും അബ്ബാസികളും തുര്‍ക്കി സുല്‍ത്താന്മാരും അധികാരത്തില്‍ വരികയും ചെയ്തു. ഗ്രീക്ക്-റോമന്‍ തത്ത്വചിന്തകള്‍ മുസ്‌ലിംകള്‍ക്കിടയില്‍ പ്രചരിപ്പിച്ചുവെന്നതാണ് ഇവര്‍ ചെയ്ത 'സേവന'ങ്ങളിലൊന്ന്. മറുവശത്ത് വിജ്ഞാനം, കല, നാഗരികത, ജീവിതം എന്നീ മേഖലകളില്‍ പൗരാണിക ജാഹിലിയ്യത്തിന്റെ സകല തിന്മകളും തങ്ങളുടെ അധികാരവും കരുത്തും ഉപയോഗിച്ച് മുസ്‌ലിംകള്‍ക്കിടയില്‍ അവര്‍ വ്യാപിപ്പിക്കുകയും ചെയ്തു. മതവിജ്ഞാനം ഒട്ടുമില്ലാത്ത ഭൗതികവാദികളുടെ കൈകളില്‍ അധികാരം എത്തിപ്പെട്ടുവെന്നതാണ് അബ്ബാസികളുടെ അവസാന കാലത്തുണ്ടായ ഏറ്റവും വലിയ പതനം. അനര്‍ഹരാണ് നീതിന്യായ രംഗത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അത് പാടില്ലെന്ന ബോധം പോലും നഷ്ടപ്പെട്ടവരായിരുന്നു ഇക്കൂട്ടര്‍. സ്വന്തം അജ്ഞതയും അലംഭാവവും മൂലം ശര്‍ഈ വിധികള്‍ ദുര്‍ബലര്‍ക്ക് മീതെയാണ് അടിച്ചേല്‍പിച്ചത്. അന്ധമായ അനുകരണമായിരുന്നു പല നടപടികളുടെയും അടിസ്ഥാനം. ഭൗതിക പ്രമത്തരായ പണ്ഡിതന്മാര്‍ മതകീയ തര്‍ക്കവിതര്‍ക്കങ്ങള്‍ക്ക് എരിവ് പകര്‍ന്നു. പിന്നീട് സുഖാഢംബരപ്രിയരായ രാജാക്കന്മാര്‍ കൂടി വന്നതോടെ മുസ്‌ലിം നാടുകളില്‍ മുഴുക്കെ വിഭാഗീയതയുടെയും അഭിപ്രായ ഭിന്നതയുടെയും രോഗം കൂടുതല്‍ പടര്‍ന്നു. കോഴികൊത്ത് വിനോദം കണക്കെയാണ് സുല്‍ത്താന്മാര്‍ മതകീയ തര്‍ക്കങ്ങള്‍ ആസ്വദിച്ചത്. എന്നാല്‍, തങ്ങളുടെ മതപരമായ ഏകതക്കു കത്രികവെക്കുന്ന നോവായാണ് പൊതുമുസ്‌ലിം സമൂഹത്തിന് അത് അനുഭവപ്പെട്ടത്. ഇങ്ങനെ ഹിജ്‌റ അഞ്ചാം നൂറ്റാണ്ടിലെത്തുമ്പോഴേക്കും മുസ്‌ലിം സമൂഹം എത്തിപ്പെട്ട അവസ്ഥ താഴെ പറയും വിധം സംഗ്രഹിക്കാം:
1. ഗ്രീക്ക് തത്ത്വചിന്തയുടെ വ്യാപനം മുഖേന ഇസ്‌ലാമികാദര്‍ശത്തിന് ഊനം സംഭവിച്ചു. ഹദീസ് പണ്ഡിതരും കര്‍മശാസ്ത്രജ്ഞരും ബൗദ്ധിക വിജ്ഞാനങ്ങളെ സംബന്ധിച്ച് അറിവില്ലാത്തവരായിരുന്നതിനാല്‍ ദീനീ നിയമങ്ങള്‍ കാലത്തിന്റെ തേട്ടമനുസരിച്ച് ബുദ്ധിപൂര്‍വകമായ ശൈലിയില്‍ മനസ്സിലാക്കാന്‍ അവര്‍ക്ക് ത്രാണിയുണ്ടായില്ല. വിമര്‍ശനങ്ങളും ആക്ഷേപങ്ങളും ഉന്നയിച്ചാണ് ആദര്‍ശ വ്യതിയാനത്തെ അടിച്ചിരുത്താന്‍ അവര്‍ ശ്രമിച്ചത്. ബൗദ്ധിക വിജ്ഞാനത്തില്‍ കീര്‍ത്തിപെറ്റവര്‍ക്കാകട്ടെ, മതവിജ്ഞാനങ്ങളെപ്പറ്റി യാതൊരു കാഴ്ചപ്പാടുമില്ലായിരുന്നു. എന്നല്ല, അവരുടെ വിഹാരരംഗത്ത് അവര്‍ അതികായന്മാരായി ഉയര്‍ന്നതുമില്ല. അത്രത്തോളം ഗ്രീക്ക് തത്ത്വചിന്തയുടെ അടിമകളായിത്തീര്‍ന്നിരുന്നു അവര്‍. ഉള്‍ക്കാഴ്ചയുടെ അടിത്തറയില്‍ നിന്നുകൊണ്ട് നിരൂപണ ബുദ്ധിയോടെ ആ തത്ത്വചിന്തയെ വിശകലന വിധേയമാക്കുന്ന ഒരാള്‍ പോലും അവരില്‍ നിന്ന് രംഗത്തുവന്നില്ല. ഗ്രീക്ക് അവബോധങ്ങളെ അന്തിമ സത്യമായി അംഗീകരിച്ചുപോന്ന അവര്‍ ദിവ്യബോധനങ്ങളെ(വഹ്‌യ്) പരാജിത മനസ്സോടെ കണ്ടുതുടങ്ങി. ഗ്രീക്ക് തത്ത്വചിന്തക്ക് മുമ്പില്‍ ഇസ്‌ലാമിക ചിന്തയുടെ സ്തംഭനാവസ്ഥക്കാണ് ഇത് വഴിവെച്ചത്. ദീന്‍ എന്നാല്‍ ഒരു ബൗദ്ധികാതീത വസ്തുവാണെന്ന ധാരണ സാധാരണ മുസ്‌ലിംകളില്‍ പ്രചരിക്കുകയായിരുന്നു ഇതിന്റെ ഫലം. അതിലെ ഓരോ കാര്യവും അവര്‍ സംശയദൃഷ്ടിയോടെ വീക്ഷിക്കാന്‍ തുടങ്ങി. ബൗദ്ധികതയുടെ ചെറിയൊരു പരിക്കേല്‍ക്കുന്നതോടെ മറിഞ്ഞുവീഴുന്ന, കെല്‍പില്ലാത്ത മരം പോലെയാണ് തങ്ങളുടെ മതമെന്നും അവര്‍ ധരിച്ചു. ഇമാം അബുല്‍ ഹസന്‍ അശ്അരിയും അനുചരന്മാരും ഈ ഗതി മാറ്റിപ്പണിയാന്‍ ശ്രമിച്ചെങ്കിലും ദൈവശാസ്ത്രകാരന്മാരുടെ ബൗദ്ധികതക്കു മുമ്പാകെ വൈജ്ഞാനികരംഗത്ത് അവര്‍ക്ക് വേണ്ടത്ര പിടിച്ചുനില്‍ക്കാനായില്ല. ആദര്‍ശ വ്യതിചലന പ്രവാഹത്തെ പൂര്‍ണമായും തടുത്തു നിര്‍ത്താനും സാധിച്ചില്ല. മുഅ്തസിലുകള്‍ക്കെതിരില്‍ അവര്‍ സ്വീകരിച്ച ചില സമീപനങ്ങളാവട്ടെ, ദീനീ ആദര്‍ശത്തില്‍ പെടുന്നതുമായിരുന്നില്ല.
2. അജ്ഞരായ ഭരണാധികാരികളുടെ സ്വാധീന ഫലമായി മതത്തില്‍ ഇജ്തിഹാദിന്റെ ഉറവ വറ്റിവരണ്ടു. അന്ധമായ അനുകരണ ഭ്രമത്തിന്റെ ആധിയാണെങ്ങും പടര്‍ന്നുപിടിച്ചത്. മദ്ഹബി അഭിപ്രായ വ്യത്യാസങ്ങള്‍ പയ്യെ പയ്യെ തിടംവെച്ച് വളര്‍ന്ന് ശാഖാപരമായ വിഷയങ്ങളില്‍ നവംനവങ്ങളായ വിഭാഗങ്ങള്‍ പെറ്റുപെരുകി. അവര്‍ തമ്മിലെ കലഹം മുസ്‌ലിംസമൂഹത്തെ നരകകുണ്ടിന്റെ വക്കിലെന്ന സ്ഥിതിയിലെത്തിച്ചു.
3. ഒറ്റ കൂട്ടരും രക്ഷപ്പെടാത്തവിധം കിഴക്ക് തൊട്ട് പടിഞ്ഞാറുവരെ മുസ്‌ലിം ലോകത്ത് ധാര്‍മികാധപതനം സംഭവിച്ചു. ഖുര്‍ആന്റെയും സുന്നത്തിന്റെയും വെളിച്ചത്തില്‍ നിന്ന് മുസ്‌ലിം സാമൂഹികജീവിതം പൂര്‍ണമായും അകന്നുപോയി. ദിവ്യഗ്രന്ഥത്തിലേക്കും പ്രവാചക ചര്യയിലേക്കുമാണ് മുഴുവന്‍ കാര്യങ്ങളിലും അന്തിമവിധി തേടിച്ചെല്ലേണ്ടതെന്ന വസ്തുത പണ്ഡിതരും ഭരണകര്‍ത്താക്കളും പൊതുജനവും വിസ്മരിച്ചുകളഞ്ഞു.
4. രാജാക്കന്മാര്‍, ഉന്നത കുലജാതര്‍, ഭരണകര്‍ത്താക്കള്‍ എന്നിവരുടെ സുഖഭോഗജീവിതവും സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയുള്ള അവരുടെ ഏറ്റുമുട്ടലും മൂലം പ്രജകളുടെ ജീവിതം തകര്‍ന്നു. അന്യായമായ നികുതിഭാരം അവരുടെ മുതുകൊടിച്ചു. നാഗരികതയുടെ യഥാര്‍ഥ ഗുണഫലം നല്‍കേണ്ട വിജ്ഞാനങ്ങള്‍ തകര്‍ച്ചയാണ് അടയാളപ്പെടുത്തിയത്. ഏറെ വൈകും മുമ്പ് പൊതുജനം തകര്‍ന്നില്ലാതാവുമെന്ന സൂചനകളായിരുന്നു എങ്ങും നിലനിന്നത്.
ഈ സന്നിഗ്ധഘട്ടത്തിലാണ് ഹിജ്‌റ അഞ്ചാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ഇമാം ഗസാലിയുടെ ജനനം. അക്കാലത്ത് ഭൗതിക കരുത്ത് ആര്‍ജിക്കാന്‍ പര്യാപ്തമായ അറിവാണ് തുടക്കത്തില്‍ അദ്ദേഹവും സമ്പാദിച്ചത്. മാര്‍ക്കറ്റില്‍ ആവശ്യമായ എല്ലാ വിജ്ഞാനങ്ങളിലും അദ്ദേഹം പൂര്‍ണതയാര്‍ജിച്ചു. എന്നല്ല അതിന്റെ ചെന്നത്താവുന്ന എല്ലാ ഉന്നത പദവികളിലും വിരാജിച്ചു. മറ്റൊരാള്‍ക്കും എത്തിപ്പെടാന്‍ കഴിയാത്ത ഉന്നതങ്ങളിലായിരുന്നു പ്രസ്തുത പ്രയാണം. ലോകതലത്തില്‍ അന്ന് ഏറ്റവും പ്രധാനപ്പെട്ട ബഗ്ദാദിലെ നിസാമിയ സര്‍വകലാശാലയുടെ റെക്ടറായി നിയമിക്കപ്പെട്ടു ഗസാലി. നിസാമുല്‍ മുല്‍ക് ത്വൂസി, സല്‍ജൂകി സുല്‍ത്താന്‍, ബഗ്ദാദ് ഖലീഫ എന്നിവരുടെ ദര്‍ബാറുകളില്‍ വിശ്വാസ്യത ആര്‍ജിച്ചെടുത്തു. സല്‍ജൂഖി ഭരണാധികാരിയും അബ്ബാസി ഖലീഫയും തമ്മിലുണ്ടായ അസ്വാരസ്യം അവസാനിപ്പിക്കാനുള്ള നായകത്വം ഏറ്റെടുത്തതിലൂടെ കാലഘട്ടത്തിന്റെ രാഷ്ട്രീയ ഭൂമികയിലും ഗസ്സാലി സ്വാധീനമുറപ്പിച്ചു.
ഭൗതികമായി ഇത്രയേറെ ഉയര്‍ച്ച പ്രാപിച്ചതിനു ശേഷമാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ പരിവര്‍ത്തനം പ്രകടമാവുന്നത്. തന്റെ കാലത്തെ വൈജ്ഞാനിക, സാംസ്‌കാരിക, രാഷ്ട്രീയ, നാഗരിക ജീവിതങ്ങളെ ഗഹനമായി പഠിച്ചിട്ടും അദ്ദേഹത്തിന്റെ മനസ്സിന്നകത്ത് അവയോട് ഒരുതരം വിരോധമാണ് രൂപം കൊണ്ടത്. അഴുകിയ സമുദ്രത്തില്‍ നീന്തുന്നതിനു പകരം മറ്റൊരു അനിവാര്യ ദൗത്യമാണ് തന്റെ ബാധ്യതയെന്ന തിരിച്ചറിവ് മാനസിക സംഘര്‍ഷങ്ങള്‍ക്കിടെ അദ്ദേഹത്തിന് ബോധ്യപ്പെട്ടു. അവസാനം സകല പദവികളും സ്ഥാനമാനങ്ങളും ഉപേക്ഷിച്ച് ഫഖീറായി ലോകസഞ്ചാരത്തിന് ഇമാം ഗസാലി ഇറങ്ങി നടന്നു. വിജനതയിലും ഏകാന്തതയിലും ഇരുന്ന് ചിന്തകളില്‍ മുഴുകി. പലയിടങ്ങളില്‍ ചുറ്റിക്കറങ്ങി മുസ്‌ലിം പൊതുജീവിതത്തിന്റെ അവസ്ഥ കണ്ടറിഞ്ഞു. നീണ്ടകാലത്തെ സ്വപരിശ്രമം കൊണ്ട് ആത്മാവിനെ വിമലീകരിച്ചു. 38-ാം വയസ്സില്‍ ആരംഭിച്ച ഈ പ്രയാണം പത്തു വര്‍ഷത്തിനു ശേഷം 48-ാം വയസ്സില്‍ അവസാനിപ്പിച്ച് സ്വദേശത്ത് തിരിച്ചെത്തി. നീണ്ട ചിന്തകള്‍ക്കും അനുഭവങ്ങള്‍ക്കും ശേഷം അദ്ദേഹം ചെയ്ത കാര്യങ്ങള്‍, രാജാക്കന്മാര്‍ക്ക് നടത്തിയ സേവകളില്‍ പശ്ചാത്തപിക്കുക, തര്‍ക്കവിതര്‍ക്കങ്ങളില്‍ നിന്ന് പൂര്‍ണമായും അകന്നു നില്‍ക്കുമെന്ന പ്രതിജ്ഞ പുതുക്കുക എന്നിവയായിരുന്നു. അതിനു ശേഷം സര്‍ക്കാര്‍ അധീനതയിലുള്ള വൈജ്ഞാനിക സ്ഥാപനത്തില്‍ ജോലി ചെയ്യാന്‍ ഗസാലി വിസമ്മതിച്ചു. പകരം ത്വൂസില്‍ സ്വന്തമായൊരു വൈജ്ഞാനിക സൗധം സ്ഥാപിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ഇവിടെ നിന്ന് അറിവ് പകര്‍ന്നു നല്‍കി പുറത്തിറക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം പക്ഷേ വേണ്ടത്ര വിജയിച്ചില്ല. കാരണം അഞ്ചാറ് വര്‍ഷത്തിനപ്പുറം ഈ ഉദ്യമം നടത്താനുള്ള അവസരം അദ്ദേഹത്തിന് ലഭ്യമായില്ല.
ഇമാം ഗസാലിയുടെ നവോത്ഥാന പ്രവര്‍ത്തനങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം:
1. ഗ്രീക്ക് തത്ത്വചിന്തയെ വളരെ ഗഹനമായി അപഗ്രഥിച്ചാണ് അദ്ദേഹം പഠനവിധേയമാക്കിയത്. അതുവഴി മുസ്‌ലിംകള്‍ക്കിടയില്‍ പ്രസ്തുത തത്ത്വചിന്തയെ പറ്റി നിലനിന്നിരുന്ന ഭീതിയകന്നു. ഖുര്‍ആനും പ്രവാചകചര്യയും മുന്നില്‍ വെച്ച് ദാര്‍ശനിക തലത്തില്‍ അതിനെ നേരിടുകയായിരുന്നു അദ്ദേഹം. ഗസാലിയുടെ ഈ അപഗ്രഥനം മുസ്‌ലിം നാടുകളില്‍ മാത്രമല്ല യൂറോപ്പിലും ആന്ദോളനം സൃഷ്ടിക്കുകയും അവിടെയും പ്രസ്തുത ദര്‍ശനത്തെ കീഴ്‌മേല്‍ മറിച്ച് പുതിയ അപഗ്രഥനയുഗത്തിന്റെ വിജയകവാടം തുറക്കാനും ഇമാമിന് സാധിച്ചു.
2. ഇസ്‌ലാമിക ദര്‍ശനത്തിന്റെ സംരക്ഷണാര്‍ഥം ഭൗതിക വിജ്ഞാനങ്ങളില്‍ ഗഹനമായ അറിവ് ആര്‍ജിക്കാതെ ദൈവശാസ്ത്രകാരന്മാര്‍ക്കെതിരെ പ്രയോഗിച്ച കാര്യങ്ങളിലെ പിഴവുകള്‍ ഇമാം ഗസാലിയാണ് തിരുത്തിയത്. പില്‍ക്കാലത്ത് യൂറോപ്യന്‍ പുരോഹിതന്മാര്‍ ചെയ്ത വിവരദോഷം തന്നെയാണ് ഇക്കാര്യത്തില്‍ അന്നത്തെ മുസ്‌ലിംകളില്‍ നിന്നുണ്ടായത്. അഥവാ മതത്തിന്റെ യുക്തിപരമായ ഭദ്രത സ്ഥാപിക്കാന്‍ വേണ്ടി ചില കാര്യങ്ങളെ ആദ്യം തന്നെ അടിസ്ഥാനമായി നിശ്ചയിക്കുകയും, അവയെ വിഷയത്തിന്റെ അടിത്തറയാക്കി അവതരിപ്പിക്കുകയുമായിരുന്നു അവര്‍. പിന്നീടവയെ ഇസ്‌ലാമിന്റെ അടിസ്ഥാന ആദര്‍ശത്തിനകത്ത് തന്നെ കൊണ്ട് വന്ന് സന്നിവേശിപ്പിക്കുകയും അതിന്റെ വക്താക്കളാകാത്തവരെ മുഴുക്കെ മതനിഷേധികളാക്കുന്ന പ്രവണതയുമാണ് ഉടലെടുത്തത്. ഇത്തരം കൃത്രിമ അടിത്തറകള്‍ തെറ്റാണെന്ന് വിവക്ഷിക്കുന്ന മറ്റു തെളിവുകളെയും അനുഭവങ്ങളെയും അവര്‍ ദീനിനു തന്നെ ഭീഷണിയായും കണ്ടു. ഇതാണ് യൂറോപ്പിനെ അവസാനം നിരീശ്വരവാദത്തിലേക്കും മുസ്‌ലിം നാടുകളെ ആദര്‍ശ വ്യതിയാനത്തിലേക്കും കൊണ്ടെത്തിച്ചത്. പ്രസ്തുത പ്രശ്‌നത്തിലിടപെട്ടുകൊണ്ട് ഗസാലി മുസ്‌ലിംകളോട് പറഞ്ഞതിങ്ങനെ: അയുക്തിക അടിത്തറകള്‍ കൊണ്ടല്ല നിങ്ങളുടെ മതത്തിന്റെ ഭദ്രത സംരക്ഷിക്കേണ്ടത്. അതിന് യുക്തിബന്ധുരമായ ന്യായപ്രമാണങ്ങള്‍ തന്നെ നിലവിലുണ്ട്. അതിനാല്‍ ഇക്കാര്യത്തിലെ കാര്‍ക്കശ്യം അനാവശ്യമാകുന്നു.
3. ഇസ്‌ലാമികാദര്‍ശവും അടിത്തറയും സ്ഥാപിക്കാന്‍ ഗസാലി മുന്നോട്ടുവെച്ച യുക്തിഭദ്രമായ സമര്‍ഥനം ആ നൂറ്റാണ്ടിലും തുടര്‍ന്ന് നിരവധി നൂറ്റാണ്ടുകളിലും അങ്ങനെ തന്നെ നിലനിന്നു. അതിനെതിരെ വിമര്‍ശനമൊന്നും ഉയര്‍ന്നില്ല. അതോടൊപ്പം ശരീഅത്ത് വിധികള്‍, ആരാധനാനുഷ്ഠാനങ്ങള്‍ എന്നിവയുടെ അന്തര്‍ധാരകളും അവയുടെ നന്മകളും അദ്ദേഹം വിശദീകരിച്ചിരുന്നു. അതുവഴി മതത്തെ സംബന്ധിച്ച് നിലനിന്ന അനവധി തെറ്റിദ്ധാരണകള്‍ ദൂരീകരിക്കാന്‍ സാധിച്ചു. ബുദ്ധിപരമായ പരീക്ഷണങ്ങളെ അതിജയിക്കാന്‍ ഇസ്‌ലാമിന് കഴിയുമെന്ന യാഥാര്‍ഥ്യം വ്യക്തമാക്കപ്പെട്ടു.
4. തന്റെ കാലത്തെ മുഴുവന്‍ മതവിഭാഗീയതകളെയും പുനഃപരിശോധിച്ച ഗസാലി അവയെ അപഗ്രഥന വിധേയമാക്കിക്കൊണ്ട്, ഇസ്‌ലാമും സത്യനിഷേധവും തമ്മില്‍ വേര്‍തിരിയുന്ന അതിര്‍ത്തി ഏതെന്നും, ഏതെല്ലാം അതിര്‍വരമ്പുകള്‍ക്കകത്ത് നിന്നുകൊണ്ട് അഭിപ്രായ പ്രകടനങ്ങള്‍ക്കും വ്യാഖ്യാനത്തിനും സ്വാതന്ത്ര്യമുണ്ടെന്നും വ്യക്തമാക്കി. ഇസ്‌ലാമിക വൃത്തത്തിന്റെ പുറത്തു പോകുന്ന പരിധിയേത്, ഇസ്‌ലാമിന്റെ അടിസ്ഥാന ആദര്‍ശങ്ങള്‍ ഏവ, അവയില്‍ കൂട്ടികലര്‍ത്തിയവ ഏവ എന്നിവയും അദ്ദേഹം വരച്ചുകാണിച്ചു. ഈ അന്വേഷണം പരസ്പരം പോരടിക്കുകയും കുഫ്ര്‍ ഫത്‌വ പുറപ്പെടുവിക്കുകയും ചെയ്യുന്നവരുടെ താവളങ്ങളില്‍ നിന്ന് അനേകം തെറ്റിദ്ധാരണകള്‍ മായ്ചുകളഞ്ഞു. ജനങ്ങള്‍ക്കിടയില്‍ വിശാല വീക്ഷണം രൂപപ്പെടാന്‍ അവ രംഗമൊരുക്കി.
5. ദീനറിവുകളെ ഇമാം ഗസാലി നവീകരിച്ചിട്ടുണ്ട്. കടുത്ത മദ്ഹബ് പക്ഷപാതിത്വത്തെ അദ്ദേഹം വിമര്‍ശിച്ചു. അന്ധമായ അനുകരണത്തെ ശക്തമായ ഭാഷയില്‍ കൈകാര്യം ചെയ്തു. ജനങ്ങളെ ഖുര്‍ആന്റെയും സുന്നത്തിന്റെയും ശീതളഛായയിലേക്ക് മടക്കിക്കൊണ്ടുവന്നു. ഇജ്തിഹാദ് പുനരുജ്ജീവിപ്പിച്ചു. തന്റെ കാലഘട്ടത്തിലെ മുഴുവന്‍ ഗ്രൂപ്പുകളെയും നിഷ്പക്ഷ നിരൂപണത്തിന് വിധേയമാക്കി, എല്ലാവരെയും പൊതുനന്മയില്‍ ഒന്നിപ്പിക്കാന്‍ അദ്ദേഹം കഠിനാധ്വാനം നടത്തി.
6. ജീര്‍ണിച്ച് ഉപയോഗ ശൂന്യമായ വിദ്യാഭ്യാസ വ്യവസ്ഥയെ ഇമാം ഗസാലി നിരൂപണം ചെയ്യുകയും പുതിയൊരു വിദ്യാഭ്യാസ നയം ആവിഷ്‌കരിക്കുകയും ചെയ്തു. മുസ്‌ലിംകള്‍ക്കിടയില്‍ നിലവിലുണ്ടായിരുന്ന വിദ്യാഭ്യാസ വ്യവസ്ഥക്ക് രണ്ട് ദൂഷ്യങ്ങള്‍ പ്രകടമായിരുന്നു. മതവിജ്ഞാനം വേറെ ഭൗതിക വിജ്ഞാനം വേറെ എന്ന വികല കാഴ്ചപ്പാടായിരുന്നു അതിലൊന്ന്. ഇസ്‌ലാമിക വീക്ഷണത്തില്‍ തീര്‍ത്തും അടിസ്ഥാനരഹിതമായ ഈ വീക്ഷണം മുഖേന, മതത്തെ രാഷ്ട്രീയത്തില്‍ നിന്ന് വേര്‍പ്പെടുത്തി കണ്ട ജീവിത വീക്ഷണമാണ് നിലനിന്നത്. ശര്‍ഈ പ്രാധാന്യമില്ലാത്ത ചില കാര്യങ്ങള്‍ക്ക് ശര്‍ഇലെ അടിസ്ഥാന കാര്യങ്ങളുടെ പ്രാധാന്യം ലഭിച്ചിരുന്നുവെന്നതാണ് രണ്ടാമത്തെ ദൂഷ്യം. തദ്വാരാ ജനങ്ങളുടെ മതവീക്ഷണം വികലമാക്കപ്പെട്ട് ചില അപ്രധാന കാര്യങ്ങളെ അവന്‍ പ്രാധാന്യപൂര്‍വം കണക്കിലെടുത്തത് വിഭാഗീയതക്ക് വിത്ത് പാകി. ഈ ദൂഷ്യങ്ങളെ കൈകാര്യം ചെയ്ത ഇമാം ഗസാലി പകരം ഉന്നതമായൊരു വിദ്യാഭ്യാസ പദ്ധതി മുന്നോട്ടുവെച്ചു. സമകാലികര്‍ ആ പദ്ധതിക്കെതിരെ കടുത്ത വിമര്‍ശമുയര്‍ത്തിയെങ്കിലും പിന്നീട് മുഴുവന്‍ മുസ്‌ലിം നാടുകളിലും വിദ്യാഭ്യാസ വ്യവസ്ഥയുടെ അടിസ്ഥാനമായി മാറിയത് ഇമാം ഗസാലിയുടെ ഈ വീക്ഷണമാണ്. ഒപ്പം പിന്നീടുണ്ടായ മുഴുവന്‍ പുതുവിദ്യാഭ്യാസ വ്യവസ്ഥകളുടെയും കരട്, ഇമാം മുന്നോട്ടുവെച്ച ഈ വിദ്യാഭ്യാസ രേഖയുമായിരുന്നു. ഇന്നും അറബി വിജ്ഞാനകേന്ദ്രങ്ങളുടെ പാഠ്യപദ്ധതിയുടെ രൂപരേഖ ഇമാം ഗസാലിയുടേത് തന്നെയാണ്.
7. പൊതുസമൂഹത്തിന്റെ ധാര്‍മികാവസ്ഥകളെയും ഇമാം ഗസാലി വിശകലന വിധേയമാക്കിയിട്ടുണ്ട്. പണ്ഡിതര്‍, ശൈഖുമാര്‍, സുല്‍ത്താന്മാര്‍, ഭരണാധികാരികള്‍, പൊതുജനങ്ങള്‍- എല്ലാവരുടെയും ജീവിതത്തെ വായിച്ചെടുക്കാന്‍ നിരവധി അവസരം അദ്ദേഹത്തിന് ലഭിച്ചിരുന്നു. പൗരസ്ത്യ നാടുകളിലെ മിക്കയിടങ്ങളും തന്റെ പര്യടനത്തില്‍ അദ്ദേഹം കണ്ട് മനസ്സിലാക്കി. ഈ മനുഷ്യവായനയുടെ ഫലമായാണ് അദ്ദേഹം തന്റെ ഇഹ്‌യാ ഉലൂമിദ്ദീന്‍ എന്ന ഗ്രന്ഥം തയാറാക്കിയത്. അതില്‍ എല്ലാ വിഭാഗം ജനങ്ങളെയും അദ്ദേഹം വിശകലനം ചെയ്തിട്ടുണ്ട്. ഓരോ തിന്മയുടെയും വേര് കണ്ടെത്തി അതിന്റെ മനഃശാസ്ത്രപരവും ഭൗതികവുമായ കാരണങ്ങള്‍ അന്വേഷിക്കുന്ന രീതിയിലാണ് ആ ഗ്രന്ഥം രൂപപ്പെടുത്തിയിട്ടുള്ളത്. ഇസ്‌ലാമിന്റെ യഥാര്‍ഥ ഉന്നത ഗുണമൂല്യങ്ങളെ സമര്‍പ്പിക്കാനുള്ള പരിശ്രമമാണ് പ്രസ്തുത ഗ്രന്ഥം.
8. ഭരണവ്യവസ്ഥയെ പൂര്‍ണ സ്വാതന്ത്ര്യത്തോടെയാണ് ഇമാം ഗസാലി വിശകലനം ചെയ്തത്. ഭരണാധികാരികളെ മുഖാമുഖം അഭിമുഖീകരിച്ച് അവരില്‍ നന്മയോട് പ്രതിപത്തി സൃഷ്ടിച്ചെടുക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. അക്രമവും സ്വേഛാധിപത്യവും വഴിയുള്ള അടിച്ചമര്‍ത്തലുകളെ നിര്‍വികാരം ക്ഷമിച്ച് അംഗീകരിക്കുന്ന നയം കൈക്കൊള്ളരുതെന്ന് പൊതുജനങ്ങളോടും അദ്ദേഹം അഭ്യര്‍ഥിച്ചു. സ്വാതന്ത്ര്യ വാഞ്ഛ ഉയര്‍ത്തിപിടിക്കാനായിരുന്നു ഗസാലിയുടെ ആഹ്വാനം. ''നമ്മുടെ കാലഘട്ടത്തിലെ ഭരണാധികാരികളുടെ പക്കലുള്ള സമ്പാദ്യം മുഴുക്കെ അല്ലെങ്കില്‍ അതില്‍ മിക്കതും നിഷിദ്ധ ധനമാണ്'', ഇഹ്‌യാഇല്‍ ഒരിടത്ത് അദ്ദേഹം എഴുതി. മറ്റൊരിടത്ത്, ''അക്രമികളോടുള്ള വിദ്വേഷം മനുഷ്യരില്‍ എന്നും അന്തര്‍ലീനമാണ്. അത്തരക്കാരുടെ നിലനില്‍പ് അവര്‍ ഇഷ്ടപ്പെടുന്നില്ല. അവരുടെ സ്തുതിപാടകരാവാനും ആരെയും കിട്ടില്ല. അവരുടെ ചെയ്തികളോട് ഒരു ബന്ധവും അവര്‍ പുലര്‍ത്തുന്നുമില്ല. അവരെ പിന്‍പറ്റുന്ന സകലരില്‍ നിന്നും അകന്നാണ് ജനമുള്ളത്'' എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
രാജദര്‍ബാറുകളില്‍ നിലവിലുണ്ടായിരുന്ന അടിമത്തപരമായ അഭിവാദന രീതികളെ വിമര്‍ശിക്കുകയും അത്തരം ഭരണാധികാരികളെ തെരഞ്ഞെടുക്കുന്ന സമൂഹത്തെ ആക്ഷേപിക്കുകയും ചെയ്യുന്നു ഗസാലി. ഭരണാധികാരികളുടെ വീടകങ്ങള്‍, ഉടയാടകള്‍ മോടികള്‍- എല്ലാറ്റിനെയും അശുദ്ധം (നജ്‌സ്) എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അവിടെയും നില്‍ക്കാതെ തന്റെ കാലഘട്ടത്തിലെ ഭരണാധികാരികള്‍ക്ക് അയച്ച കത്തില്‍ തീര്‍ത്തും ഇസ്‌ലാമിക ഭരണക്രമം നിലനിര്‍ത്താനുള്ള ആഹ്വാനമാണ് ഇമാം മുഴക്കിയത്. ഭരണാധികാരികള്‍ ഉത്തരവാദിത്വബോധമുള്ളവരാകണം. സ്വന്തം രാജ്യത്ത് സ്വയം ചെയ്യുന്നതും ഭരണാധികാരികളുടെ ഉദ്യോഗസ്ഥര്‍ ചെയ്യുന്നതുമായ ദ്രോഹത്തിനും അക്രമത്തിനും പൂര്‍ണ ഉത്തരവാദിത്വം ഭരണാധികാരിക്കായിരിക്കുമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. ഒരിക്കല്‍ നിര്‍ബന്ധിതനായി രാജകൊട്ടാരത്തില്‍ പോകേണ്ടിവന്നപ്പോള്‍ ഭരണാധികാരിയോട് പറഞ്ഞതിങ്ങനെ: ''നിന്റെ കുതിരകളുടെ കഴുത്തുകള്‍ സ്വര്‍ണാഭരണങ്ങളിട്ട് ഒടിഞ്ഞുതൂങ്ങിയിട്ടുണ്ടാവില്ല. പക്ഷേ, നിരന്തര പട്ടിണിമൂലം മുസ്‌ലിംകളുടെ പിരടി ഒടിഞ്ഞുതൂങ്ങിയിരിക്കുന്നു.'' ജീവിതാവസാനകാലത്ത് നിരവധി മന്ത്രിമാര്‍ അടുത്തടുത്തായി അവരോധിതരായപ്പോള്‍ അവര്‍ക്കെല്ലാവര്‍ക്കും ഗസാലി കത്തയച്ചിട്ടുണ്ട്.
പ്രജകളുടെ ദുരിതമായിരുന്നു അവയുടെ ഉള്ളടക്കം. കൂട്ടത്തില്‍ ഒരാള്‍ക്ക് എഴുതിയതിങ്ങനെ: ''സ്വന്തം കണ്ണുകൊണ്ട് കാണേണ്ടിവന്ന അക്രമം എത്രയോ അതിര് കവിഞ്ഞിരിക്കുന്നു. കരുണവറ്റിയവരും നിര്‍ലജ്ജരുമായ അക്രമി ഭരണാധികാരികളുടെ ചെയ്തികള്‍ കാണുന്നതില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി ഒരു വര്‍ഷം ത്വൂസില്‍ നിന്ന് മാറി താമസിക്കാന്‍ ഒരുങ്ങുകയാണ് ഞാന്‍.''
ലോകത്തിന്റെ ഏതെങ്കിലും മൂലയില്‍ പൂര്‍ണ ഇസ്‌ലാമികാടിത്തറയില്‍ കെട്ടി പടുത്ത ഒരു ഇസ്‌ലാമിക ഭരണക്രമത്തിന് ഇമാം ഗസ്സാലി ഏറെ ആഗ്രഹിച്ചിരുന്നുവെന്നാണ് ഇബ്‌നു ഖല്‍ദൂന്റെ വിവരണത്തില്‍ നിന്ന് വ്യക്തമാവുന്നത്. മൊറോക്കോവില്‍ മുവഹ്ഹിദുകളുടെ ഒരു സല്‍ത്വനത്ത് അദ്ദേഹത്തിന്റെ ഈ ആഗ്രഹ പ്രകാരം ഗസാലിയുടെ തന്നെ ഒരു ശിഷ്യന്‍ സ്ഥാപിച്ചിരുന്നെങ്കിലും, ആ ഭരണത്തില്‍ ഇപ്പറഞ്ഞ രാഷ്ട്രീയ വര്‍ണം വേണ്ടത്ര തെളിഞ്ഞുവന്നില്ല. രാഷ്ട്രീയ വിപ്ലവത്തിനുവേണ്ടി ഒരു വ്യവസ്ഥാപിത പ്രസ്ഥാനം ശിഷ്യന് കെട്ടിപ്പടുക്കാനോ നിലവിലെ ഭരണവ്യവസ്ഥയില്‍ നേരിയ തോതിലെങ്കിലും സ്വാധീനം ചെലുത്താനോ പറ്റിയില്ല. അനിസ്‌ലാമിക ഭരണവ്യവസ്ഥയില്‍ മുസ്‌ലിം അവസ്ഥ കൂടുതല്‍ ദുരിതപൂരിതമായി തുടരുകയായിരുന്നു ഇതിന്റെ ഫലം. ഒടുവില്‍ ഒരു നൂറ്റാണ്ടിന് ശേഷം താര്‍ത്താരികളുടെ ആക്രമണം മുസ്‌ലിംനാടുകളെ ചിന്നഭിന്നമാക്കുകയും അവരുടെ സംസ്‌കാരമത്രയും നശിപ്പിക്കുകയുമാണുണ്ടായത്.
ഇമാം ഗസാലിയുടെ നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ ചിന്താ-വൈജ്ഞാനിക രംഗത്ത് പോരായ്മകളും ഉണ്ടായിട്ടുണ്ട്. പ്രധാനമായും അവ മൂന്നെണ്ണമാണ്. ഹദീസ് വിജ്ഞാനീയങ്ങളിലെ ദൗര്‍ബല്യം മൂലമുണ്ടായ പ്രശ്‌നമാണൊന്ന് (അഥവാ, ഇഹ്‌യാ ഉലൂമിദ്ദീനില്‍ അദ്ദേഹം ഉദ്ധരിച്ച നിരവധി ഹദീസുകള്‍ക്ക് സനദ് ലഭ്യമല്ലെന്ന് ഇമാം സുബുകി ത്വബഖാതുശ്ശാഫിഇയ്യയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്). മനസ്സില്‍ ബുദ്ധിപരമായ കാര്യങ്ങളുടെ അമിതത്വമാണ് അദ്ദേഹത്തിനുണ്ടായ രണ്ടാമത്തെ ദൗര്‍ബല്യം. ആവശ്യത്തിലധികം സ്വൂഫിസത്തിലേക്ക് തിരിഞ്ഞതു മൂലമുണ്ടായ പോരായ്മകളാണ് മൂന്നാമത്തെ ഇനം. ഈ പോരായ്മകള്‍ക്കെല്ലാമുപരി അദ്ദേഹത്തിന്റെ ചിന്താ വൈജ്ഞാനിക സംഭാവനകളെയും മാര്‍ഗഭ്രംശങ്ങളില്‍നിന്ന് സമൂഹത്തെ രക്ഷിക്കാനുള്ള ശ്രമത്തെയും ഊതികാച്ചിയെടുത്ത്, പിന്നീട് അതിന്റെ അലയൊലികള്‍ ഉയര്‍ത്തിവിട്ടത് ഇമാം ഇബ്‌നു തൈമിയ്യയാണ്.
(സയ്യിദ് മൗദൂദിയുടെ തജ്ദീദ് വ ഇഹ്‌യാ എ ദീന്‍ എന്ന ഗ്രന്ഥത്തില്‍ നിന്ന്)
ഭാഷാന്തരം: റഫീഖുര്‍റഹ്മാന്‍ മൂഴിക്കല്‍

Comments

Other Post