Prabodhanm Weekly

Pages

Search

2009 അറുപതാം വാര്‍ഷികപ്പതിപ്പ്‌

ചില ഓര്‍മകള്‍

അബൂബക്കര്‍ നദ്‌വി

1964 ജനുവരിയില്‍ ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയാ കോളേജില്‍ അധ്യാപകനായിരിക്കെയാണ് ഞാന്‍ പ്രബോധനം പത്രാധിപസമിതിയില്‍ അംഗമായത്. അവസാന വര്‍ഷ വിദ്യാര്‍ഥിയായിരുന്നു ഒ. അബ്ദുര്‍റഹ്മാന്‍ സാഹിബ്. കോഴ്‌സ് പൂര്‍ത്തിയാക്കിയ ഉടനെ അദ്ദേഹം പ്രബോധനത്തിന്റെ ചാര്‍ജ് ഏറ്റെടുത്തു.
1958 ഫെബ്രുവരി 15-ലെ ലക്കത്തിലാണ് എന്റെ ലേഖനം ആദ്യമായി പ്രബോധനത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടത്. ആലുവാ പുഴയുടെ തീരത്ത് ചേര്‍ന്ന ജമാഅത്തെ ഇസ്‌ലാമിയുടെ എട്ടാം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ട സിമ്പോസിയത്തില്‍ അവതരിപ്പിച്ച ഉപന്യാസമായിരുന്നു അത്. 'ഇന്ത്യയില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വിജയസാധ്യതയും അതിനുള്ള ഉപാധികളും' എന്നതായിരുന്നു ചര്‍ച്ചാ വിഷയം. ഹാജി സാഹിബ് അത് പ്രബോധനത്തില്‍ പ്രസിദ്ധീകരിക്കുമെന്ന സന്തോഷവാര്‍ത്ത അറിയിച്ചു. അന്ന് ഞാന്‍ ആലിയാ അറബിക് കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിയായിരുന്നു. ഹാജി സാഹിബ് കാസര്‍കോട് വരുമ്പോഴെല്ലാം ആലിയ സന്ദര്‍ശിച്ചിരുന്നു. യാത്രയില്‍ പ്രബോധനത്തിന്റെ പ്രചാരണവും ലക്ഷ്യമായിരുന്നു.
ഹാജി സാഹിബിന്റെ ജന്മനാടായ എടയൂരും ഓര്‍മയില്‍ തങ്ങിനില്‍ക്കുന്നു. അന്ന് ജമാഅത്തെ ഇസ്‌ലാമിയുടെ കേന്ദ്ര ഓഫീസ് എടയൂരിലായിരുന്നു. അവിടെ വെച്ചാണ് ആദ്യമായി അബ്ദുല്‍ അഹദ് തങ്ങളെ കണ്ടുമുട്ടുന്നത്. ഒരു പഴയ പീടികയുടെ കോലായിലായിരുന്നു ഓഫീസ്. പിന്നീട് കോഴിക്കോട്ടേക്കും വെള്ളിമാടുകുന്നിലേക്കും മാറ്റി. അന്ന് കെ.സി അബ്ദുല്ല മൗലവിയായിരുന്നു കേരള അമീര്‍. 1964-ല്‍ പ്രബോധനത്തില്‍ സേവനമനുഷ്ഠിക്കുമ്പോഴാണ് ജമാഅത്തെ ഇസ്‌ലാമിയില്‍ അംഗത്വമെടുക്കുന്നത്.
ജമാഅത്ത് വിരുദ്ധ പ്രസംഗങ്ങളും പ്രചാരണങ്ങളും തകൃതിയായി നടക്കുന്ന കാലമായിരുന്നു. ഒരിക്കല്‍ ജമാഅത്ത് ഓഫീസിന് മുമ്പില്‍ റോഡിന്റെ മറുവശത്ത് ഒരു ഖണ്ഡന പ്രസംഗം നടന്നു. അറിയപ്പെടുന്ന ഒരു വാഗ്മിയായിരുന്നു പ്രഭാഷകന്‍. ജമാഅത്ത് സാഹിത്യങ്ങള്‍ വായിക്കുകയും അതുതന്നെ പ്രസംഗിക്കുകയും ചെയ്യുന്ന മാന്യദേഹത്തിന് വിമര്‍ശനം ക്ഷിപ്രസാധ്യമായിരുന്നില്ല. പിറ്റേ ദിവസം മറ്റൊരു പ്രഭാഷകനെ രംഗത്തിറക്കുകയും വിമര്‍ശനം പൊടിപൊടിക്കുകയും ചെയ്തു. വിധിവൈപരീത്യമെന്നു പറയട്ടെ, ഖണ്ഡന പ്രസംഗങ്ങള്‍ നടന്ന സ്ഥലത്താണ് ഇന്ന് മാധ്യമം ഓഫീസ് സ്ഥിതി ചെയ്യുന്നത്!
പ്രബോധനത്തില്‍ ഇദംപ്രഥമമായി പ്രസിദ്ധീകരിക്കപ്പെട്ട ഫോട്ടോ സയ്യിദ് ഖുത്വ്ബിന്റേതായിരുന്നുവെന്നാണ് ഓര്‍മ. ജയിലില്‍നിന്ന് തൂക്കുമരത്തിലേക്ക് കൊണ്ടുപോകുന്നതാണ് രംഗം. 1966 ആഗസ്റ്റ് 29-ന് ആയിരുന്നു അത്. സൈനിക അകമ്പടിയോടെ വിചാരണാ കോടതിയിലേക്ക് കൊണ്ടുപോകുന്ന ദൃശ്യമാണ് പ്രസിദ്ധീകരിക്കപ്പെട്ടിരുന്നത്. അന്നത്തെ പത്രാധിപ സമിതിയില്‍ ലേഖകനെ കൂടാതെ ടി. മുഹമ്മദ് സാഹിബ്, ടി.കെ അബ്ദുല്ല സാഹിബ്, ടി. ഇസ്ഹാഖലി മൗലവി, അബുല്‍ ജലാല്‍ മൗലവി, വി.കെ ഹംസ സാഹിബ്, ടി.കെ ഇബ്‌റാഹീം സാഹിബ് മുതലായവരും ഉണ്ടായിരുന്നു.
അബൂബക്കര്‍ നദ്‌വി 9447286396

Comments

Other Post