Prabodhanm Weekly

Pages

Search

2009 അറുപതാം വാര്‍ഷികപ്പതിപ്പ്‌

വിചാരവിപ്ലവത്തിന്റെ മാര്‍ഗദീപം

വി.കെ ഹംസ അബ്ബാസ്‌

ശാന്തപുരം ഇസ്‌ലാമിയാ കോളേജിന്റെയും പരിസരപ്രദേശങ്ങളുടെയും പ്രശാന്തത മുറ്റിനില്‍ക്കുന്ന അന്തരീക്ഷം. ചുറ്റും മലകളും നീരുറവകളും ഹരിതാഭമാര്‍ന്ന വയലേലകളും കൊണ്ട് അനുഗൃഹീതമായ ശാന്തപുരത്തിന്റെ സ്വച്ഛസുന്ദരമായ മാറിടത്തില്‍ നിലകൊള്ളുന്ന കൊച്ചു കെട്ടിടങ്ങളില്‍ വായിച്ചും പഠിച്ചും കളിച്ചും ഉണ്ടും ഉറങ്ങിയും കഴിഞ്ഞ നാളുകള്‍. ഏതൊരു മൂകനെയും വാചാലനാക്കുന്ന, മന്ദബുദ്ധിയെപ്പോലും വിവേകശാലിയാക്കുന്ന മാസ്മരികാന്തരീക്ഷത്തില്‍ കഴിഞ്ഞ ഞങ്ങള്‍ക്ക് വരദാനംപോലെ ലഭിച്ച കഴിവുകള്‍ വികസിപ്പിക്കാനും വളര്‍ത്താനും ഏറ്റവും ഉപകരിച്ച പ്രസിദ്ധീകരണമാണ് പ്രബോധനം.
പതിനൊന്നാം വയസ്സില്‍ ശാന്തപുരം അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയയില്‍ എന്റെ വന്ദ്യ പിതാവിന്റെ കൈപിടിച്ചെത്തുമ്പോള്‍ ഏറെ സ്വപ്നങ്ങളുണ്ടായിരുന്നില്ല. എന്നാല്‍ കുറഞ്ഞ വര്‍ഷംകൊണ്ട് കോളേജായി ഉയര്‍ത്തപ്പെട്ട ആ സ്ഥാപനത്തിലെ അധ്യാപകരുടെയും സതീര്‍ഥ്യരുടെയും കൂട്ടായ്മയാണ് വായിക്കാനും ചിന്തിക്കാനും എഴുതാനുമുള്ള താല്‍പര്യം ഞങ്ങളില്‍ നട്ടുവളര്‍ത്തിയതെന്ന് പറയാം. കഠിനാധ്വാനത്തിലൂടെയും സാഹചര്യത്തിന്റെ അനുകൂലാന്തരീക്ഷം പ്രയോജനപ്പെടുത്തിയും ഞങ്ങളില്‍ ചിലര്‍ വളര്‍ത്തിയെടുത്ത കഴിവുകള്‍ പിന്നീട് വന്‍ സംരംഭങ്ങളുടെ അസ്തിവാരമാക്കിത്തീര്‍ത്തത് പ്രബോധനമാണ്. വാരികയുടെ 60-ാം വാര്‍ഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനവേളയില്‍ അഭിവന്ദ്യനായ ടി.കെ അബ്ദുല്ല സാഹിബ് ഞങ്ങളെ അനുസ്മരിച്ചത് ഓര്‍ത്തുകൊണ്ടാണ് മുകളിലെഴുതിയ വരികള്‍ കുറിച്ചത്.
ശാന്തപുരം വിദ്യാര്‍ഥിയായിരിക്കെത്തന്നെ പ്രബോധനത്തില്‍ എഴുതിത്തുടങ്ങിയിരുന്നു. 1963 ആഗസ്റ്റ് ഒന്നിന് പ്രസിദ്ധീകരിച്ച പ്രബോധനം പ്രതിപക്ഷ പത്രത്തിലാണ് ആദ്യലേഖനം വെളിച്ചംകണ്ടത്. അന്ന് പത്രാധിപരായിരുന്ന ടി.കെ അബ്ദുല്ല സാഹിബിന്റെ പ്രോത്സാഹനവും പ്രേരണയും ഒരിക്കലും മറക്കാനാവില്ല. കുടുംബജീവിതത്തെക്കുറിച്ച് കടലാസില്‍ വായിച്ച അറിവു മാത്രം വെച്ച് ഇസ്‌ലാം വിഭാവന ചെയ്യുന്ന ഉദാത്തമായ കുടുംബജീവിതത്തിന്റെ വിവിധ വശങ്ങള്‍ സ്പര്‍ശിച്ചെഴുതിയ ലേഖനം ടി.കെ ആദ്യം തിരിച്ചയച്ചു, ഒന്നുകൂടി നന്നാക്കി എഴുതാന്‍ ആവശ്യപ്പെട്ട്. ഉറക്കമിളച്ച് വായിച്ചും എഴുതിയും ഒരുവിധം ലേഖനം പുനഃക്രമീകരിച്ച് അയച്ചുകൊടുത്തു. ബഹുഭാര്യാത്വം, കുടുംബജീവിതം, സ്ത്രീസ്വാതന്ത്ര്യം എന്നീ ശീര്‍ഷകങ്ങളില്‍ പല ലക്കങ്ങളിലായി അത് പ്രസിദ്ധീകരിച്ചുവന്നു. കുടുംബജീവിതത്തിന്റെ ബാലപാഠംപോലും അറിയാത്ത പയ്യന്‍ എഴുതിയ ലേഖനം പ്രസിദ്ധീകരണയോഗ്യമാക്കിയെടുത്തതിലൂടെ ഈയുള്ളവനെ ടി.കെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നങ്ങോട്ട് പല ലക്കങ്ങളിലായി നിരവധി ലേഖനങ്ങള്‍ ടി.കെയുടെതന്നെ പ്രോത്സാഹനത്താല്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്. അന്നത്തെ കടുകട്ടിയായ ഭാഷയെക്കുറിച്ച് കുറ്റിയാടിയിലെ ബഹുമാന്യനായ ബാവാച്ചി ഹാജിയുടെ പരാമര്‍ശം ആത്മാര്‍ഥത നിറഞ്ഞ ഫലിതമെന്ന നിലക്ക് ടി.കെ പലപ്പോഴും ഉദ്ധരിക്കാറുണ്ട്. അതോടൊപ്പം കുടുംബജീവിതത്തെക്കുറിച്ച് ലേഖനമെഴുതിയ പയ്യനെ 'പുയ്യാപ്ല'യാക്കാനുള്ള ആഗ്രഹവും ബാവാച്ചിഹാജി മറച്ചുവെച്ചില്ലത്രെ!
ശാന്തപുരം കോളേജില്‍നിന്ന് 1964-ല്‍ കോഴ്‌സ് പൂര്‍ത്തീകരിച്ച് നാട്ടിലെത്തി അധികനാള്‍ കഴിയുംമുമ്പ് പ്രബോധനത്തിലേക്ക് സഹപത്രാധിപരാകാനുള്ള ഓഫറാണ് കിട്ടിയത്. പ്രബോധനം പ്രതിപക്ഷപത്രം മാസികയും വാരികയുമായി വിഭജിച്ച് പ്രസിദ്ധീകരണമാരംഭിച്ചപ്പോഴായിരുന്നു അത്. ജോലി സസന്തോഷം സ്വീകരിച്ചു. ശമ്പളം 50 രൂപ. മാസികയുടെ പത്രാധിപര്‍ ടി. മുഹമ്മദ് സാഹിബിന്റെ സഹപത്രാധിപരാകാനുള്ള സൗഭാഗ്യം എന്റെ ജീവിതത്തില്‍ വഴിത്തിരിവുതന്നെ സൃഷ്ടിച്ചു. വിഷയങ്ങള്‍ ആഴത്തില്‍ പഠിക്കാനും ഗഹനമായി എഴുതാനുമുള്ള ശീലം അദ്ദേഹത്തില്‍നിന്നാണ് ഞാന്‍ ഉള്‍ക്കൊണ്ടത്. മാസികയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലയളവില്‍ പ്രൂഫ് റീഡിംഗ്, അന്യഭാഷാ ലേഖനങ്ങളുടെ പരിഭാഷ എന്നിവയടക്കം പല ജോലിയും എന്നെക്കൊണ്ട് ടി.എം ചെയ്യിക്കുമായിരുന്നു. പ്രതിഭാധനനായ ആ മഹദ് വ്യക്തിത്വത്തിന്റെ തണലില്‍ കുറച്ചുകാലം ജോലിചെയ്യാന്‍ കഴിഞ്ഞത് എന്നിലുണ്ടാക്കിയ ആത്മധൈര്യവും ഉല്‍ക്കര്‍ഷേഛയും പറഞ്ഞറിയിക്കാവുന്നതല്ല. സൗമ്യവും ശാന്തഗംഭീരവുമായ അദ്ദേഹത്തിന്റെ പെരുമാറ്റം വ്യക്തിത്വവികാസത്തിന് ദാഹിച്ചിരുന്ന എന്നെപ്പോലുള്ളവര്‍ക്ക് വലിയ അനുഗ്രഹമായി.
ശാന്തപുരം ഇസ്‌ലാമിയാ കോളേജിലെ കൈയെഴുത്തുമാസികയായ 'സന്ദേശ'ത്തിന്റെ പത്രാധിപത്യം എന്നില്‍ വളര്‍ത്തിയ ആത്മധൈര്യവും ആവേശവുമാണ് പ്രബോധനത്തിന്റെ സഹപത്രാധിപത്യവും പിന്നീട് മാധ്യമത്തിന്റെയും ഗള്‍ഫ് മാധ്യമത്തിന്റെയും ഉത്തരവാദിത്വവും ഏറ്റെടുക്കാന്‍ എനിക്ക് ധൈര്യം നല്‍കിയതെന്ന വസ്തുത വളരുന്ന തലമുറകളുടെ അറിവിലേക്കായി ഇവിടെ കുറിക്കട്ടെ. വിദ്യാര്‍ഥിയായിരിക്കെ അറബി, ഇംഗ്ലീഷ്, ഉര്‍ദു തുടങ്ങിയ അന്യഭാഷാ ഗ്രന്ഥങ്ങളും സാഹിത്യസാംസ്‌കാരിക പ്രസിദ്ധീകരണങ്ങളും ധാരാളമായി വായിക്കുമായിരുന്നു. പ്രമുഖ ഇഖ്‌വാന്‍ നേതാവും വിമോചന ചിന്തകനുമായ ഡോ. സഈദ് റമദാന്റെ അല്‍ മുസ്‌ലിമൂന്‍ അറബി മാസികയും വി.പി അബ്ദുല്ല സാഹിബിന്റെ പത്രാധിപത്യത്തില്‍ കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരിക്കുന്ന 'ദ മെസ്സേജ്' ഇംഗ്ലീഷ് മാസികയും ദല്‍ഹി ആസ്ഥാനമായി പ്രസിദ്ധീകരിക്കുന്ന 'സിന്ദഗി' ഉര്‍ദു മാസികയും മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന ഒട്ടുമിക്ക ആനുകാലികങ്ങളും വായനാപരിധിയില്‍ പെട്ടിരുന്നു. സായാഹ്‌നങ്ങളില്‍ പാറക്കെട്ടുകളിലും മലയോരങ്ങളിലും ചെന്നിരുന്ന് വായിക്കുകയും വൃക്ഷത്തലപ്പുകളെ നോക്കി പ്രസംഗിക്കുകയും ചെയ്യുന്ന ശീലമാണ് പലര്‍ക്കുമുണ്ടായിരുന്നത്. കൈയെഴുത്ത് മാസികകളും സാഹിത്യസമാജങ്ങളും പ്രതിഭകളില്‍ ഉണര്‍വും ഉശിരും പകര്‍ന്നു.
കേരളത്തില്‍നിന്ന് കരുവള്ളി മുഹമ്മദ് മൗലവിയുടെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയിരുന്ന 'അല്‍ ബുശ്‌റ' അറബിമാസികയില്‍ കമ്യൂണിസത്തെക്കുറിച്ച എന്റെ ലേഖനം പ്രസിദ്ധീകരിച്ചതിലൂടെ അറബിയില്‍ കൂടുതല്‍ എഴുതാനുള്ള പ്രചോദനം ലഭിച്ചു. ലഖ്‌നൗ നദ്‌വത്തുല്‍ ഉലമായില്‍നിന്ന് ശൈഖ് അബുല്‍ ഹസന്‍ അലി നദ്‌വിയുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന 'അല്‍ ബഅ്‌സുല്‍ ഇസ്‌ലാമി' എന്ന അറബി മാസികയിലേക്ക് ലേഖനമയക്കാന്‍ ധൈര്യം ലഭിച്ചത് അതിലൂടെയാണ്. 'അല്‍ ബഅ്‌സി'ല്‍ പ്രസിദ്ധീകരിച്ച എന്റെ അറബി ലേഖനങ്ങളെ അബുല്‍ ഹസന്‍ നദ്‌വി പ്രശംസിച്ചുകൊണ്ട് എഴുതിയ കത്ത് കുറേക്കാലം നിധിപോലെ സൂക്ഷിച്ചുവെച്ചിരുന്നു. ഡോ. സഈദ് റമദാന്റെ 'അല്‍ മുസ്‌ലിമൂന്‍'ഉണര്‍ത്തിയ ആവേശമായിരുന്നു ആ അറബി ലേഖനങ്ങള്‍ക്ക് പ്രചോദനം. ടി.കെയും ടി.എമ്മും ഉണര്‍ത്തിയ അതേ ഉത്കര്‍ഷേഛതന്നെയാണ് നദ്‌വി സാഹിബും ഉണ്ടാക്കിയത്.
പ്രബോധനത്തിന്റെ ആദ്യ ശില്‍പിയും കേരള ജമാഅത്തിന്റെ ആദ്യ അധ്യക്ഷനുമായ ഹാജി സാഹിബും എന്റെ നാടായ പഴയങ്ങാടിയും തമ്മിലുള്ള ബന്ധം ഹാജി സാഹിബ് സ്മരണികകളിലൊക്കെ വന്നതാണ്. എന്റെ അഭിവന്ദ്യപിതാവുമായുള്ള അദ്ദേഹത്തിന്റെ ബന്ധം ശാന്തപുരം സന്ദര്‍ശിക്കുമ്പോഴൊക്കെ ഹാജി സാഹിബുമായി അടുക്കാന്‍ ധൈര്യം നല്‍കി. പ്രബോധനത്തിന്റെ കാര്യം വിദ്യാര്‍ഥികളുമായി ഹാജി സാഹിബ് പങ്കുവെക്കുമായിരുന്നു. പ്രബോധനത്തില്‍ ലേഖനം പ്രസിദ്ധീകരിച്ചുകാണുക എന്ന സ്വപ്നം അന്നുമുതല്‍ തുടങ്ങിയതാണ്. നല്ല ഭാഷ സ്വായത്തമാക്കാനുള്ള ശ്രമം അതിന്റെതന്നെ ഫലമായുണ്ടായതാണ്. 60-ാം വാര്‍ഷികാഘോഷ പരിപാടികളുടെ ഉദ്ഘാടന സമ്മേളനത്തില്‍ ഹാജി സാഹിബിനെ അനുസ്മരിച്ചുകൊണ്ട് ടി.കെ പറഞ്ഞ വാക്കുകള്‍ അദ്ദേഹത്തിന്റെ ഘനഗംഭീരമായ വ്യക്തിത്വം കുട്ടികളായ ഞങ്ങളില്‍ വളര്‍ത്തിയ മാസ്മരികാനുഭൂതി ഒന്നുകൂടി അനുസ്മരിപ്പിക്കുന്നതായിരുന്നു.
പ്രബോധനത്തില്‍ വന്ന ലേഖനങ്ങള്‍ തന്നെയായിരിക്കാം മുസ്‌ലിം കേരളത്തിന്റെ സമുന്നത നേതാവായ ടി.പി കുട്ട്യാമു സാഹിബിന്റെ ശ്രദ്ധയില്‍ എന്നെ പെടുത്തിയത്. അദ്ദേഹത്തിന്റെ കാര്‍മികത്വത്തിലും ഇ.കെ മുഹമ്മദ് സാഹിബിന്റെ നേതൃത്വത്തിലും കേരളത്തില്‍ നടന്ന വിവിധ ഇസ്‌ലാമിക് സെമിനാറുകളില്‍ ചില വിഷയങ്ങളവതരിപ്പിക്കാന്‍ വിദ്യാര്‍ഥിയായ എന്നെ ക്ഷണിക്കുന്നതിന് അത് കാരണമായി. പ്രബോധനം സാംസ്‌കാരിക നവോത്ഥാനത്തിനും സാമൂഹിക സംസ്‌കരണത്തിനും മഹത്തായ സംഭാവനകള്‍ അര്‍പ്പിച്ച പ്രസിദ്ധീകരണമാണെന്നതിന് സംശയമൊന്നും വേണ്ട. മുസ്‌ലിം സമുദായത്തിന് തന്നെ ഭാഷയോടും സാഹിത്യത്തോടും താല്‍പര്യം സൃഷ്ടിക്കുന്നതില്‍ പ്രബോധനം മഹത്തായ സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ട്. ഇസ്‌ലാമിനെ ഇതര സമുദായങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതില്‍ പ്രബോധനം വഹിച്ച പങ്ക് നിസ്തുലമാണ്. സംസ്ഥാനത്തിനകത്തും പുറത്തും പ്രസ്ഥാന പ്രവര്‍ത്തകരില്‍ കര്‍മാവേശം സൃഷ്ടിക്കുന്നതോടൊപ്പം മലയാളഭാഷാ പരിജ്ഞാനം വര്‍ധിപ്പിക്കുന്നതിലും പ്രബോധനം മഹത്തായ പങ്കാണ് വഹിച്ചിട്ടുള്ളത്. തെക്കന്‍ കര്‍ണാടകത്തിലെ കന്നട ഭാഷക്കാരായ പ്രസ്ഥാന ബന്ധുക്കളില്‍ മലയാള ഭാഷ പഠിക്കാനുള്ള അഭിവാഞ്ഛ സൃഷ്ടിച്ചത് പ്രബോധനമാണ്. തമിഴ്‌നാട്ടിലും ഇത്തരക്കാരെ കാണാന്‍ കഴിയും.
ആശയ വിനിമയത്തിനും സ്‌നേഹ സംവാദത്തിനും പ്രബോധനം നല്‍കുന്ന പ്രാധാന്യമാണ് ബുദ്ധിജീവികളായ നിരവധി അമുസ്‌ലിം സഹോദരന്മാരെ പ്രബോധനവും പ്രസ്ഥാനവുമായി ബന്ധിപ്പിച്ചത്. ഇന്ന് കേരളത്തിലും കര്‍ണാടകയിലുമായി ഒമ്പത് എഡിഷനുകളും ഗള്‍ഫ് നാടുകളില്‍ ഏഴ് എഡിഷനുകളുമായി ആറ് രാഷ്ട്രങ്ങളില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന മാധ്യമം ദിനപത്രത്തിന്റെയും അനുബന്ധ പ്രസിദ്ധീകരണങ്ങളുടെയും യഥാര്‍ഥ ചാലകശക്തി പ്രബോധനമാണ്. ആരാമം, മലര്‍വാടി, ബോധനം തുടങ്ങി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഗവേഷകര്‍ക്കും വേണ്ടി നടത്തപ്പെടുന്ന മലയാള പ്രസിദ്ധീകരണങ്ങള്‍ക്കും വിദ്യാര്‍ഥി യുവജന വിഭാഗത്തിന്റെ യുവസരണി, സന്മാര്‍ഗം തുടങ്ങിയവക്കും ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചിരുന്ന 'ദ മെസ്സേജ്' മാസികക്കും പിന്നില്‍ പ്രവര്‍ത്തിച്ച യഥാര്‍ഥ പ്രചോദനം പ്രബോധനം തന്നെ. കന്നടയില്‍ സന്മാര്‍ഗ, തമിഴില്‍ സമരസം, തെലുങ്കില്‍ ഗേട്ടുറായ്, മറാഠിയില്‍ സത്യശോധന്‍ തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെയും പ്രചോദനം പ്രബോധനത്തിന്റെ വിജയഗാഥയാണെന്നു തന്നെ പറയാം. അറുപതാണ്ടുകളിലൂടെ ഇന്ത്യയില്‍തന്നെ വിചാരവിപ്ലവം സൃഷ്ടിക്കാന്‍ കാരണമായ പ്രബോധനത്തിന് മാധ്യമവിപ്ലവരംഗത്ത് ഇനിയും ഒരുപാട് സംഭാവനകള്‍ അര്‍പ്പിക്കാന്‍ ജഗന്നിയന്താവ് കരുത്തേകട്ടെ.

Comments

Other Post