Prabodhanm Weekly

Pages

Search

2009 അറുപതാം വാര്‍ഷികപ്പതിപ്പ്‌

അരനൂറ്റാണ്ടിന്റെ ആത്മബന്ധം

ഹൈദറലി ശാന്തപുരം

അര നൂറ്റാണ്ടു കാലത്തെ ആത്മബന്ധമാണ് എനിക്ക് പ്രബോധനവുമായുള്ളത്. വായനക്കാരന്‍, വിതരണക്കാരന്‍, റിപ്പോര്‍ട്ടര്‍, ലേഖകന്‍, പത്രാധിപസമിതിയംഗം എന്നീ നിലകളിലെല്ലാം ആ ബന്ധം തുടര്‍ന്നു.
മുറിഞ്ഞുപോകാതെ നിലനില്‍ക്കുന്നത് വായനാബന്ധമാണ്. മലയാള അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ ശീലിച്ച '50കളില്‍ ആരംഭിച്ചതാണ് പ്രബോധനം വായന. തുടങ്ങിയ നാള്‍ മുതല്‍ ഒരു ലക്കവും വിടാതെ വായിച്ചിട്ടുണ്ട് എന്നാണ് വിശ്വാസം. പത്രം വരുന്നത് ആകാംക്ഷയോടെ കാത്തിരിക്കും. പ്രസിദ്ധീകരിച്ച ഉടനെ കൈയില്‍ കിട്ടണമന്ന താല്‍പര്യം ഇന്നും നില നില്‍ക്കുന്നു. വൈകിയാല്‍ അക്ഷമനാകും. വിതരണക്കാരനെ ശാസിക്കും. മറ്റൊരു പ്രസിദ്ധീകരണത്തിന്റെ കാര്യത്തിലുമില്ലാത്ത അഭിവാഞ്ഛയാണ് പ്രബോധനത്തിന്റെ കാര്യത്തില്‍. എവിടെ പോയാലും പ്രബോധനം ലഭിക്കാനുള്ള മാര്‍ഗമന്വേഷിക്കും. ഇടക്ക് വിട്ടുപോയിട്ടുണ്ടെങ്കില്‍ നഷ്ടപ്പെട്ടത് തേടിപ്പിടിച്ച് വായന 'ഖദാ' വീട്ടും. ശാന്തപുരത്തെ വിദ്യാര്‍ഥി ജീവിതകാലത്ത് കോളേജില്‍ വരുത്തുന്ന കോപ്പികള്‍ കുറവായിരുന്നതിനാല്‍ വിദ്യാര്‍ഥികള്‍ വട്ടമിട്ടിരുന്നായിരുന്നു പലപ്പോഴും വായന.
ഇതര ആനുകാലികങ്ങളില്‍നിന്ന് വ്യതിരിക്തമായ വായനാനുഭവമാണ് പ്രബോധനം പ്രദാനം ചെയ്യുന്നത്. അത് കൈരളിക്ക് പുതിയൊരു വായനാ സംസ്‌കാരം സമ്മാനിക്കുകയുണ്ടായി. ഇസ്‌ലാമിന്റെ സമഗ്രതയും സമ്പൂര്‍ണതയും കാലാതിവര്‍ത്തിത്വവും അനുസ്യൂതം അഭ്യസിപ്പിക്കുന്ന ഗുരുനാഥനാണ് പ്രബോധനം.
1960-കളില്‍ ശാന്തപുരത്തും പരിസര പ്രദേശങ്ങളിലും 'വാരിക' വിതരണം ചെയ്യാന്‍ എനിക്ക് അവസരമുണ്ടായി. 'മാസിക' കെ.കെ മമ്മുണ്ണി(മൗലവി)യും. ഞങ്ങളന്ന് ശാന്തപുരം വിദ്യാര്‍ഥികളായിരുന്നു. ഇന്നത്തെപ്പോലെ വാഹന സൗകര്യമില്ലായിരുന്നു. പതിനഞ്ചും ഇരുപതും കിലോമീറ്റര്‍ കാല്‍നടയായി പോയിട്ടായിരുന്നു വിതരണം. മുന്‍കൂട്ടി വരിസംഖ്യ വാങ്ങുന്ന സമ്പ്രദായമുണ്ടായിരുന്നില്ല. ജമാഅത്ത് ഘടകങ്ങളില്ലാതിരുന്ന പെരിന്തല്‍മണ്ണയിലും അങ്ങാടിപ്പുറത്തും ഡോക്ടര്‍മാര്‍, വക്കീലുമാര്‍, അധ്യാപകര്‍ തുടങ്ങിയ അഭ്യസ്തവിദ്യരെ കണ്ടെത്തിയായിരുന്നു പത്രം നല്‍കിയിരുന്നത്. കേരള ജമാഅത്ത് പ്രസിദ്ധീകരിച്ചിരുന്ന മെസ്സേജ് ഇംഗ്ലീഷ് വാരികയുടെ വിതരണച്ചുമതലയുമുണ്ടായിരുന്നു. എന്ത് ത്യാഗം സഹിച്ചും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സന്ദേശം ജനങ്ങളില്‍ എത്തിക്കാനുള്ള അത്യാവേശത്താല്‍ പലരെക്കൊണ്ടും പത്രം നിര്‍ബന്ധിച്ച് വാങ്ങിപ്പിക്കുമായിരുന്നു. പല പ്രാവശ്യം ചെന്നാലും ചിലര്‍ പത്രത്തിന്റെ കാശ് നല്‍കിയിരുന്നില്ല.
പ്രബോധനം മാസികയും വാരികയുമായി വേര്‍പിരിഞ്ഞപ്പോള്‍ വാരികക്ക് വാര്‍ത്താ ശേഖരണത്തിന് റിപ്പോര്‍ട്ടര്‍മാരെ നിശ്ചയിച്ചിരുന്നു. ശാന്തപുരം റിപ്പോര്‍ട്ടറുടെ ചുമതല എനിക്കായിരുന്നു.
ലേഖകന്‍ എന്ന നിലയില്‍ നാലരപ്പതിറ്റാണ്ടു കാലത്തെ ദൈര്‍ഘ്യമുണ്ട് പ്രബോധനവുമായുള്ള ബന്ധത്തിന്. 1964-ല്‍ പ്രബോധനം മാസികയുടെ പ്രഥമ ലക്കത്തിലാണ് എന്റെ ആദ്യലേഖനം പ്രസിദ്ധീകരിക്കപ്പെട്ടത്; 'അയ്യൂബ് ഗവണ്‍മെന്റും പാകിസ്താന്‍ ജമാഅത്തെ ഇസ്‌ലാമിയും' എന്ന തലക്കെട്ടില്‍. ശാന്തപുരത്തെ വിദ്യാര്‍ഥിജീവിത കാലത്തെഴുതിയ ലേഖനം അച്ചടിച്ചു വന്നപ്പോഴുണ്ടായ ആഹ്ലാദവും ആത്മനിര്‍വൃതിയും അപാരമായിരുന്നു. പ്രവര്‍ത്തന മേഖലകളും സാഹചര്യങ്ങളും തുടര്‍ച്ചയായ എഴുത്തിന് തടസ്സമായി നിലകൊണ്ടു.
1972-'73 കാലത്ത് പ്രബോധനം വാരികയുടെ പത്രാധിപ സമിതിയില്‍ അംഗമായത് യാദൃഛികമായിരുന്നു. വാരിക ആനുകാലിക ലേഖനങ്ങള്‍ക്കും മാസിക വൈജ്ഞാനിക ലേഖനങ്ങള്‍ക്കുമായിരുന്നു പ്രാമുഖ്യം നല്‍കിയിരുന്നത്. പ്രധാനമായും പരിഭാഷ, പ്രൂഫ് റീഡിംഗ് മുതലായ കാര്യങ്ങളാണ് ഞാന്‍ നിര്‍വഹിച്ചിരുന്നത്. ഒരു വര്‍ഷത്തിനുശേഷം ജമാഅത്തിന്റെ സംസ്ഥാന ഓഫീസ് സെക്രട്ടറിയായി നിയമിക്കപ്പെടുന്നതുവരെ പ്രബോധനത്തില്‍ തുടര്‍ന്നു.
ഹൈദറലി ശാന്തപുരം
04933 226715

Comments

Other Post