Prabodhanm Weekly

Pages

Search

2009 അറുപതാം വാര്‍ഷികപ്പതിപ്പ്‌

സ്മൃതിതലങ്ങളില്‍ സുഗന്ധം

വി.കെ ജലീല്‍

1974 ഏപ്രില്‍ 14-ാം തീയതി ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍നിന്ന് അവസാന പരീക്ഷ എഴുതി ഒരു മാസം തികഞ്ഞതേയുള്ളൂ, പ്രബോധനത്തില്‍ ചെല്ലാന്‍ പ്രസ്ഥാന നേതൃത്വത്തില്‍നിന്ന് കത്ത് ലഭിച്ചു. അങ്ങനെ ഒരു നിയമനം പ്രതീക്ഷിച്ചിരുന്നില്ല. കാരണം വിദ്യാര്‍ഥി ജീവിതകാലത്ത് രചനാരംഗത്ത് ശ്രദ്ധേയമായി ഒന്നും ചെയ്തിരുന്നില്ല. പി.എം അബുല്‍ ജലാല്‍ മൗലവിയുടെ പത്രാധിപത്യത്തില്‍ പെരിന്തല്‍മണ്ണയില്‍നിന്ന് പുറത്തിറങ്ങിയിരുന്ന സന്മാര്‍ഗം ദൈ്വവാരികയില്‍ ഏതാനും ലേഖനങ്ങള്‍ പ്രകാശിതമായിരുന്നു എന്നു മാത്രം.
അന്ന് മേരിക്കുന്നിലായിരുന്നു കേരള ജമാഅത്തെ ഇസ്‌ലാമിയുടെ ആസ്ഥാനം. ഷെഡ്ഡുകളെന്ന് വിളിക്കാവുന്ന ഓടുമേഞ്ഞ മൂന്ന് കൊച്ചു കെട്ടിടങ്ങളും ഇപ്പോഴും കാണപ്പെടുന്ന കോണ്‍ക്രീറ്റ് കെട്ടിടവുമായിരുന്നു ആകെ ഉണ്ടായിരുന്ന സൗകര്യം. അവയില്‍ ഒന്ന് ഭക്ഷണശാലയായിരുന്നു. ജമാഅത്ത് ഓഫീസ്, അമീറിന്റെ ആസ്ഥാനം, പ്രബോധനം ഓഫീസുകള്‍, പ്രസ്, ഐ.പി.എച്ച്, അന്തേവാസികളുടെ ഹോസ്റ്റല്‍ തുടങ്ങി എല്ലാം അതിനകത്താണ്.
അങ്ങോട്ട് കയറിച്ചെല്ലാന്‍ ഒട്ടും അപരിചിതത്വം തോന്നിയില്ല. കാരണം ശാന്തപുരത്ത് വര്‍ഷങ്ങളോളം ഒന്നിച്ചുകഴിഞ്ഞവരായിരുന്നു അവിടെ ഉണ്ടായിരുന്നവരില്‍ അധികപേരും.
അമീര്‍ ടി.കെ അബ്ദുല്ല സാഹിബ്, അബ്ദുല്‍ അഹദ് തങ്ങള്‍, ടി. മുഹമ്മദ് സാഹിബ്, ടി. ഇസ്ഹാഖലി മൗലവി തുടങ്ങിയവരുടെ മഹനീയ സാന്നിധ്യം കൊണ്ട് അനുഗൃഹീതമായ ഒരിടംതന്നെയായിരുന്നു അത്. മാധ്യമരംഗത്ത് കേരള ജമാഅത്തെ ഇസ്‌ലാമിയുടെ മാത്രമല്ല പ്രബുദ്ധ മുസ്‌ലിം കേരളത്തിന്റെ തന്നെ ഏക ആദര്‍ശ-ധൈഷണിക പ്രതിനിധാനമായിരുന്ന പ്രബോധനത്തിന്റെ നിലവാരത്തിനൊത്തുയരാന്‍ എനിക്കാവുമോ? ഈ ആശങ്ക ഹൈദറലി സാഹിബുമായി പങ്കുവെച്ചു. അദ്ദേഹം പറഞ്ഞു: ''ഇവിടെ ആവശ്യമുള്ളത് നമുക്കറിയില്ല. നമുക്കറിയുന്നത് ഇവിടെ ആവശ്യവുമില്ല. ഇതുതന്നെയായിരുന്നു കുറച്ചുനാള്‍ എന്റെയും അനുഭവം. അതൊരു താല്‍ക്കാലികാവസ്ഥ മാത്രമാണ്.'' ടി.കെ ഇബ്‌റാഹീം സാഹിബ് നന്നായി പ്രോത്സാഹിപ്പിച്ചു. പ്രബോധനത്തിന്റെ മുഖ്യ ചുമതലക്കാരനും ഉറ്റ സുഹൃത്തുമായ വി.എ കബീറിന്റെ നിര്‍ലോഭമായ സഹകരണം കൂടി ആയപ്പോള്‍ ജോലിയുമായി വേഗത്തില്‍ ഇണങ്ങി.
ടാബ്ലോയ്ഡ് ടൈപ്പില്‍ അച്ചടിക്കപ്പെട്ടിരുന്ന 12 പേജുകളാണ് വാരികക്ക് ഉണ്ടായിരുന്നതെങ്കിലും അതിന്റെ അംഗീകാരം അതുല്യവും പ്രചാരം കിടയറ്റതുമായിരുന്നു. മൂന്നര ദശകങ്ങള്‍ക്കപ്പുറം പ്രസിദ്ധീകൃതമായിരുന്ന അംഗുലീപരിമിതമായ മുസ്‌ലിം പത്രപ്രസിദ്ധീകരണങ്ങളുമായി പ്രബോധനം ചേര്‍ത്തുവെച്ച് പഠിക്കുമ്പോഴേ എത്ര വലിയ ചരിത്ര ദൗത്യമാണ് വാരിക അനുസ്യൂതം നിര്‍വഹിച്ചുവന്നത് എന്ന് യഥോചിതം മനസ്സിലാക്കാനാവൂ. അന്ന് ഏതോ വാദപ്രതിവാദത്തില്‍ മുജാഹിദുകളെ തറപറ്റിച്ചെന്ന സന്തോഷത്തില്‍ പ്രസ്തുത സംഭവം റിപ്പോര്‍ട്ട് ചെയ്ത പ്രമുഖ സുന്നീ വാരിക കൊടുത്ത തലക്കെട്ട് 'മുജാഹിദുകളുടെ മേഗ്‌നാകോട്ട തകര്‍ത്തു' എന്നായിരുന്നു!
സ്വന്തം പ്രസ്സിന് ചില തകരാറുകള്‍ സംഭവിച്ചതു കാരണം പ്രബോധനം മഷി പുരട്ടാന്‍ ഒരു സഹോദര സംഘടനയുടെ പ്രസ്സിന്റെ സഹായം തേടിയപ്പോള്‍ വാരികയുടെ പ്രചാരം അവരില്‍ വിസ്മയമുണ്ടാക്കിയതും ഓര്‍ത്തുപോകുന്നു. ഒരു കാര്യവും കൂടെ സൂചിപ്പിക്കട്ടെ: അന്ന് മറ്റു പ്രസിദ്ധീകരണങ്ങളില്‍ തുടര്‍ച്ചയായി എഴുതിയിരുന്ന പലരും പ്രബോധനത്തിലേക്ക് സൃഷ്ടികളയക്കാന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നില്ല.
അങ്ങനെ ഒരു വര്‍ഷം കഴിഞ്ഞു. ഖത്തറില്‍നിന്ന് വാര്‍ഷികാവധിയില്‍ വന്ന ഒ. അബ്ദുര്‍റഹ്മാന്‍ സാഹിബ് സംസാരമധ്യേ ഞങ്ങളോട് ചോദിച്ചു: ''നിങ്ങള്‍ ശ്രീമതി ഇന്ദിരാ ഗാന്ധിക്കെതിരായ തെരഞ്ഞെടുപ്പ് കേസ് ഫോളോ ചെയ്യാറുണ്ടോ? ഇംഗ്ലീഷ് പത്രങ്ങള്‍ നന്നായി കവര്‍ ചെയ്യുന്നുണ്ട്.'' താമസിയാതെ കേസിന്റെ വിധി വന്നു. 1975 ജൂണ്‍ 12-ാം തീയതി ഇലാഹാബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് ജഗ്‌മോഹന്‍ലാല്‍ സിന്‍ഹ ഇന്ദിരയുടെ ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് അസാധുവാക്കി. ആറു വര്‍ഷത്തേക്ക് ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കരുതെന്ന് വിലക്കി. വിധി നടപ്പാക്കുന്നതിന് 20 ദിവസത്തെ സ്റ്റേ അനുവദിക്കുകയും ചെയ്തു. ഇന്ദിര അധികാരമൊഴിയുന്നതിനെതിരെ തന്ത്രങ്ങള്‍ മെനഞ്ഞു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ഇന്ദിരയില്‍ വിശ്വാസം രേഖപ്പെടുത്തിക്കൊണ്ട് അധികാരത്തില്‍ തുടരാന്‍ അവരോട് അഭ്യര്‍ഥിച്ചു. 1975 ജൂണ്‍ 25-ാം തീയതി രാഷ്ട്രപതി ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഭരണഘടനയുടെ 14,21,22 വകുപ്പുകള്‍ ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ നടപ്പാക്കിക്കിട്ടുന്നതിനു കോടതിയെ സമീപിക്കാനുള്ള പൗരന്മാരുടെ അവകാശം സസ്‌പെന്റ് ചെയ്തു. രാജ്യം സ്വേഛാധിപത്യത്തിന്റെ കരാള ദംഷ്ട്രങ്ങളില്‍ അമരുന്നത് ജനാധിപത്യ വിശ്വാസികള്‍ നെടുവീര്‍പ്പോടെ നോക്കിനിന്നു.
1975 ജൂലൈ 2-ാം തീയതി കെ.സി അബ്ദുല്ല മൗലവി പ്രബോധനം സ്റ്റാഫിന്റെ അടുത്ത് വന്ന് ചിരിച്ചുകൊണ്ട് ചോദിച്ചു: 'അല്ല, എങ്ങോട്ടാണീ പോക്ക്, നമ്മളൊക്കെ അകത്തുപോകേണ്ടിവരുമോ?' ചില തമാശകള്‍ കൂടി പങ്കിട്ട് കെ.സി പോയപ്പോള്‍ ഞാന്‍ പറഞ്ഞു: 'പാസ്‌പോര്‍ട്ടും മറ്റു വിലപിടിപ്പുള്ള സാധനങ്ങളും വീട്ടിലെത്തിക്കാനാണ് എന്റെ തീരുമാനം. വീട്ടില്‍ പോകാന്‍ പറ്റാത്തവര്‍ അവ മരക്കാര്‍ ഹാജിയുടെ വീട്ടിലെങ്കിലും കൊണ്ടുപോയി വെക്കുന്നതാവും നന്നാവുക' (പ്രബോധനത്തിന്റെ ഉറ്റ ബന്ധുവും അയല്‍വാസിയുമായിരുന്നു ജമാഅത്ത് പ്രവര്‍ത്തകനായിരുന്ന മരക്കാര്‍ ഹാജി). പിറ്റേന്ന് ഞാന്‍ വീട്ടിലേക്ക് പോരുകയും ചെയ്തു. അതിനടുത്ത ദിവസം ജൂലൈ 4-ാം തീയതി ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി അടക്കം 26 സംഘടനകളെ നിരോധിച്ചുകൊണ്ടുള്ള വാര്‍ത്ത വന്നു. മേരിക്കുന്നില്‍ അപ്പോഴുണ്ടായിരുന്നവരില്‍ ടി.കെ ഉബൈദ് ഒഴികെയുള്ളവരെയെല്ലാം പോലീസ് പിടിച്ചുകൊണ്ടുപോയി. പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകളും അവര്‍ പിടിച്ചെടുത്തു. ഓഫീസിന് കാവലേര്‍പ്പെടുത്തി. വീട്ടിലായിരുന്നതിനാല്‍ ആ രംഗത്തിന് സാക്ഷിയാകാന്‍ എനിക്ക് കഴിഞ്ഞില്ല.
അടിയന്തരാവസ്ഥയില്‍ നിയമസഭകളുടെയും ലോക്‌സഭയുടെയും കാലാവധി ആറു വര്‍ഷമായി നിശ്ചയിച്ചിരുന്നു. ലോക്‌സഭയുടെ കാലാവധി ഒരു തവണകൂടി ദീര്‍ഘിപ്പിച്ചിരുന്നതിനാല്‍ 1978 മാര്‍ച്ച് 18-നേ അവസാനിക്കുമായിരുന്നുള്ളൂ. എന്നാല്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് പൊതു തെരഞ്ഞെടുപ്പ് നടത്താന്‍ 1977 ജനുവരി 19-ാം തീയതി ഇന്ദിരാഗാന്ധി ഗവണ്‍മെന്റ് തീരുമാനം കൈക്കൊണ്ടു. തെറ്റായ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ നല്‍കിയ അമിതമായ ആത്മവിശ്വാസമായിരുന്നു കാരണം. 1977 മാര്‍ച്ച് 16-ാം തീയതി ലോക്‌സഭയിലേക്ക് തെരഞ്ഞെടുപ്പ് നടന്നു. കോണ്‍ഗ്രസ് പൊതുവിലും ശ്രീമതി ഇന്ദിരാ ഗാന്ധി വ്യക്തിപരമായും പരാജയപ്പെട്ടു. ജനതാ പാര്‍ട്ടി അധികാരത്തില്‍ വന്നു. മാര്‍ച്ച് 21-ാം തീയതി അടിയന്തരാവസ്ഥ പിന്‍വലിക്കപ്പെട്ടു. മാര്‍ച്ച് 22-ാം തീയതി നിരോധിത സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം തിരിച്ചുകിട്ടി. ജമാഅത്തും പ്രവര്‍ത്തനക്ഷമമായി. 1977 ഏപ്രില്‍ 14-ാം തീയതിയായിരുന്നു എന്റെ വിവാഹം. അന്ന് വീട്ടില്‍ വന്ന ടി.കെ പറഞ്ഞു: 'വേഗം മേരിക്കുന്നിലെത്തണം. പ്രബോധനത്തില്‍ കബീര്‍ മാത്രമേ ഉള്ളൂ.' ദിവസങ്ങള്‍ക്കകം മേരിക്കുന്നിലെത്തി. ആദ്യതവണ പ്രബോധനത്തില്‍ കാലുകുത്തിയ മനസ്സായിരുന്നില്ല അപ്പോള്‍. ഒരു സമരം ജയിച്ച ആവേശം ഹൃദയത്തില്‍ തിരതല്ലുകയായിരുന്നു. 1982 ഫെബ്രുവരിയില്‍ ജോലിയാവശ്യാര്‍ഥം വിദേശത്ത് പോകുന്നതു വരെ പ്രബോധനത്തില്‍ തുടര്‍ന്നു. വാരികക്ക് മുഖപ്രസംഗം തയാറാക്കുകയായിരുന്നു ആ കാലയളവില്‍ പ്രത്യേക ചുമതല.
ജീവിതപാതയിലൂടെ സഞ്ചരിച്ച് എത്തിയ അറ്റത്തുനിന്ന് തിരിഞ്ഞുനോക്കുന്നതും നിറവും മണവുമുള്ള ഓര്‍മകളെ ഓമനിക്കുന്നതും ആരും ഇഷ്ടപ്പെടുന്ന കാര്യമാണ്. പ്രബോധനത്തില്‍ ചെലവിട്ട വര്‍ഷങ്ങള്‍ ജീവിതാനുഭവങ്ങളില്‍ ചാലിച്ചു ചേര്‍ത്ത സൗരഭ്യം ഇന്നും സ്മൃതിതലങ്ങളെ സുഗന്ധപൂരിതമാക്കുന്നു.
വി.കെ ജലീല്‍
9447782404

Comments

Other Post