Prabodhanm Weekly

Pages

Search

2009 അറുപതാം വാര്‍ഷികപ്പതിപ്പ്‌

ഖുര്‍ആനിലേക്ക് തുറന്ന വാതില്‍

ജമാല്‍ മലപ്പുറം

പ്രബോധനം പ്രസിദ്ധീകരണം ആരംഭിച്ചകാലത്ത്, മലബാറിലെ മുസ്‌ലിംകളുടെ ദൈനംദിന ജീവിതത്തില്‍ വിശുദ്ധ ഖുര്‍ആന്‍ നിറസാന്നിധ്യമുണ്ടായിരുന്നെങ്കിലും അവരതിനെ കൈകാര്യ ചെയ്തിരുന്ന രീതി പരിതാപകരമായിരുന്നു. പുണ്യലബ്ധിക്കും രോഗശമനത്തിനും വേണ്ടിയുള്ള കേവലമായ പാരായണത്തിലും മറ്റും പരിമിതമായിരുന്നു അത്. വിശുദ്ധ ഖുര്‍ആന്റെ പാരായണംനടക്കാത്ത വീടുകളുണ്ടായിരുന്നില്ല. യാസീനും അര്‍റഹ്മാനും തബാറകയും നിര്‍ബന്ധമായും ഓതുക മുസ്‌ലിം വീട്ടമ്മമാരുടെ ചര്യയുടെ ഭാഗമായിരുന്നു. ഇടത്തരക്കാരും സമ്പന്നരുമായ ആളുകള്‍ പള്ളി ദര്‍സുകളിലെ അധ്യാപകരെയും വിദ്യാര്‍ഥികളെയും (മുസ്‌ലിയാക്കന്മാരെയും മുസ്‌ലിയാരുട്ടികളെയും) വീട്ടില്‍ വിളിച്ചുവരുത്തി ഖുര്‍ആന്‍ ഓതിക്കുമായിരുന്നു. മരണാനന്തരം ഖബ്‌റുകള്‍ക്കുമീതെ പുരകെട്ടി അതിനകത്തിരുന്ന് ഖുര്‍ആന്‍ അനേകം തവണ ഖത്തം തീര്‍ക്കുന്ന സമ്പ്രദായവും ഉണ്ടായിരുന്നു. മഹല്ലുതോറും ഓത്തുപള്ളികളും പള്ളിദര്‍സുകളും ഉണ്ടായിരുന്നു. എന്നാല്‍ ഓത്തിനും മന്ത്രിച്ചൂത്തിനും അപ്പുറത്ത് ഖുര്‍ആന്‍ അജണ്ടയിലുണ്ടായിരുന്നില്ല. അതിന്റെ സന്ദേശം സമുദായത്തിന് പകര്‍ന്നുകൊടുത്ത് ബോധവത്കരിക്കുന്നതിന് ഉതകുമായിരുന്ന രണ്ട് മികച്ച മാധ്യമങ്ങളായിരുന്നു ജുമുഅ ഖുത്വ്ബകളും മതപ്രഭാഷണങ്ങളും. എന്നാല്‍ ആദ്യത്തേത് അറബിഭാഷയിലുള്ള ഒരു പ്രസംഗസമാഹാരത്തിന്റെ (നുബാത്തിയ ഖുത്വ്ബ) നീട്ടിവലിച്ചുള്ള പാരായണവും രണ്ടാമത്തേത് ഒരുതരം കഥാ പ്രസംഗവുമായി തുടരുകയാണുണ്ടായത്.
ആരാധന എന്ന നിലയിലും പുണ്യപ്രതീക്ഷയോടെയും ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് അഭിലഷണീയവും പ്രോത്സാഹിപ്പിക്കപ്പെട്ടതും ആണെങ്കിലും ഖുര്‍ആന്‍ അതിനു മാത്രമുള്ളതല്ലല്ലോ. അതിന്റെ അവതരണോദ്ദേശ്യങ്ങളുടെ എത്ര ശതമാനം വരും അതൊക്കെ?
സത്യവിശ്വാസികള്‍ക്ക് തങ്ങളുടെ മുഴു ജീവിതത്തിന്റെയും ഭരണഘടനയാണ് ഖുര്‍ആന്‍. സര്‍വ മനുഷ്യര്‍ക്കുമുള്ള മാര്‍ഗദര്‍ശനമാണത്. പക്ഷേ, 'ആളുകളെ അന്ധകാരങ്ങളില്‍നിന്ന് പ്രകാശത്തിലേക്ക് നയിക്കാനായി താങ്കള്‍ക്ക് നാം അവതരിപ്പിച്ചു തന്നിട്ടുള്ള വേദഗ്രന്ഥം' (14:2) ആണ് ഖുര്‍ആന്‍ എന്ന കഥയോ കാഴ്ചപ്പാടോ മുസ്‌ലിം സമൂഹത്തിന്റെ മുഖ്യ ധാരയിലുണ്ടായിരുന്നില്ല.
ഉല്‍പതിഷ്ണുക്കളായ അപൂര്‍വം പണ്ഡിതന്മാരുടെ ചിന്തകളും ചലനങ്ങളും ഒറ്റപ്പെട്ടതെങ്കിലും അവിസ്മരണീയം തന്നെ. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെയുള്ള പുരോഗമന പ്രസ്ഥാനങ്ങളുടെ രംഗപ്രവേശത്തോടെ വിശുദ്ധ ഖുര്‍ആന് കുറേ കൂടി പ്രസക്തി കൈവന്നു. കൂട്ടായി അബ്ദുല്ല ഹാജിയെപ്പോലുള്ള പണ്ഡിതന്മാര്‍ ശിര്‍ക്ക്-ബിദ്അത്തുകള്‍ക്കെതിരില്‍ ഖുര്‍ആന്‍ സൂക്തങ്ങളുടെ പ്രവാഹം തന്നെ പ്രസംഗത്തിലൂടെ ഒഴുക്കിവിട്ടിരുന്നുവത്രെ. അദ്ദേഹത്തിന്റെ ഖുര്‍ആന്‍ ഉദ്ധരണങ്ങള്‍ കര്‍ണാനന്ദകരവും കണ്ണുനീരില്‍ കുതിര്‍ന്നവയുമായിരുന്നുവെന്ന് ഈയുള്ളവന്റെ പിതാവ് മര്‍ഹൂം കുഞ്ഞിക്കോയ സാഹിബ് പറയുന്നത് കേട്ടിട്ടുണ്ട്.
എന്നാല്‍ പ്രവാചകനും അനുചരന്മാരും വിശുദ്ധ ഖുര്‍ആനെ ആചരിച്ചും പ്രചരിപ്പിച്ചും അന്നെടുത്തിട്ടുള്ള പണി ഇന്നെടുക്കാന്‍ ബാധ്യതയുള്ള ഒരു വിപ്ലവ പ്രസ്ഥാനമെന്ന നിലക്ക് വിശുദ്ധ ഖുര്‍ആന്റെ കാലികമായ പുനര്‍വായന അനിവാര്യമായിരുന്നു. അതിന് സഹായകമാകുന്ന ഒരു ഖുര്‍ആന്‍ വ്യാഖ്യാനം ഭാഷയിലുണ്ടാവേണ്ടതുമുണ്ടായിരുന്നു.
ഇവിടെയാണ് പ്രബോധനം പ്രതിപക്ഷപത്രം (ദൈ്വവാരിക) പ്രസിദ്ധീകരണം ആരംഭിച്ചതിന്റെ എട്ടാം വര്‍ഷം 1957 ജനുവരിയില്‍ (പുസ്തകം 11 ലക്കം 9) വിശുദ്ധ ഖുര്‍ആന്‍ പരിഭാഷ വ്യാഖ്യാന സഹിതം പ്രസിദ്ധീകരിച്ചു തുടങ്ങിയത്. അത്തരമൊരു വ്യാഖ്യാനം സ്വയം രചിക്കുന്നതിന് പകരം പ്രബോധനം ഭാരവാഹികളുടെ പ്രത്യുല്‍പന്നമതിത്വം, പ്രസ്ഥാനത്തിന്റെ സ്ഥാപക ചിന്തകന്‍ മൗലാനാ മൗദൂദി തന്നെ അതിനകം പ്രസിദ്ധീകരിച്ചുതുടങ്ങിയിരുന്ന തഫ്ഹീമുല്‍ ഖുര്‍ആന്‍, വിവര്‍ത്തനത്തിന് തെരഞ്ഞെടുക്കുകയായിരുന്നു.
1942 ഫെബ്രുവരിയില്‍ എഴുതിത്തുടങ്ങി തന്റെ തര്‍ജുമാനുല്‍ ഖുര്‍ആന്‍ മാസികയിലൂടെ പ്രകാശിപ്പിച്ചുകൊണ്ടിരുന്ന തഫ്ഹീമുല്‍ ഖുര്‍ആന്റെ പുസ്തകരൂപത്തിലുള്ള ഒന്നാം വാള്യം 1949-ല്‍ തന്നെ പുറത്തിറങ്ങിയിരുന്നു. തടവറകളും തൂക്കുമരങ്ങളുമുള്‍പ്പെടെ സംഭവബഹുലമായ മുപ്പത് വര്‍ഷവും നാലു മാസവും പിന്നിട്ട് 1972 ജൂണ്‍ 7-ന് ഗ്രന്ഥകാരന്‍ രചന പൂര്‍ത്തിയാക്കിയപ്പോഴേക്ക് തഫ്ഹീമുല്‍ ഖുര്‍ആന്‍ വിശ്വവ്യാപകമായി ഖ്യാതി നേടുകയും വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടുതുടങ്ങുകയും ചെയ്തിരുന്നു (രചനാപൂര്‍ത്തീകരണത്തോടനുബന്ധിച്ച് ലാഹോറില്‍ നടന്ന പരിപാടികളുടെ റിപ്പോര്‍ട്ട് പാക് പത്രങ്ങളെ അവലംബിച്ച് തയാറാക്കി ബന്ധപ്പെട്ട പേപ്പര്‍ കട്ടിംഗുകളോടൊപ്പം പ്രബോധനത്തിനയച്ചുകൊടുത്തത് അന്ന് മക്കയിലായിരുന്ന ഈ ലേഖകനായിരുന്നു. ''തഫ്ഹീമുല്‍ ഖുര്‍ആന്‍ മുഴുമിച്ചു'' എന്ന തലക്കെട്ടില്‍ പ്രസ്തുത വാര്‍ത്ത കാണാം- പുസ്തകം 8, ലക്കം 21, ജൂലൈ 15, 1972).
പ്രബോധനത്തിലൂടെയുള്ള തഫ്ഹീമിന്റെ വിവര്‍ത്തന പ്രകാശനം പൂര്‍ത്തിയായത് 1998 ഡിസംബര്‍ 19-ന് ആയിരുന്നു. 41 വര്‍ഷവും 11 മാസവും 19 ദിവസവുമെടുത്തു. പത്രം നിരോധിക്കപ്പെട്ടപ്പോള്‍ ഒഴിച്ച് അത്രയും കാലം ഒരിക്കലും മുടങ്ങാതെ ഖുര്‍ആന്‍ സൂക്തങ്ങളുടെ വിവര്‍ത്തനവും വ്യാഖ്യാനവും നല്‍കി വായനക്കാരെ ബോധവത്കരിച്ചുകൊണ്ടിരുന്ന മറ്റേത് പ്രസിദ്ധീകരണമുണ്ട്? വിവര്‍ത്തനത്തിന്റെ രചനയും പ്രകാശനവും പതിനായിരങ്ങളുടെ പതിവായ ഖുര്‍ആന്‍ പഠനപാരായണവും ഒന്നിച്ചു നടക്കുകയായിരുന്നു. ഇങ്ങനെ ഒരു ഖത്തം തീര്‍ക്കല്‍ ലോകത്ത് മറ്റെവിടെ ഉണ്ടായിട്ടുണ്ട്? ഖുര്‍ആന്‍ പ്രചാരണരംഗത്ത് ഇത്ര വലിയ ഒരു സേവനം മറ്റാര്‍ക്കും ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നത് ഒരു റെക്കോര്‍ഡ് വിജയമല്ലേ? അതേ, പ്രബോധനം ചരിത്രത്തില്‍ അതുല്യമായൊരിടം നേടിക്കഴിഞ്ഞിരിക്കുന്നു.
ഭാഷയില്‍ വേറെയും ഖുര്‍ആന്‍ വിവര്‍ത്തനങ്ങളും വ്യാഖ്യാനങ്ങളുമിറങ്ങാന്‍ തഫ്ഹീമിന്റെ പ്രചാരണം പ്രചോദനമോ പ്രലോഭനമോ പ്രകോപനം പോലുമോ ആയിട്ടുണ്ട് എന്നതും ഇവിടെ വരവ് ചേര്‍ക്കേണ്ടതാണ്.
തഫ്ഹീമിന്റെ വിവര്‍ത്തനം പൂര്‍ത്തിയായതോടെ പ്രബോധനം അതിന്റെ ഖുര്‍ആന്‍ കൈകാര്യം അവസാനിപ്പിച്ചില്ല. മൂന്ന് ലക്കങ്ങള്‍ക്കു ശേഷം കൂടുതല്‍ ശ്രമസാധ്യവും ഏറെ ശ്രദ്ധേയവുമായ ഒരു ഖുര്‍ആന്‍ പംക്തിയാരംഭിച്ചു- 1999 ജനുവരി 16-ന് ഖുര്‍ആന്‍ ബോധനമെന്ന പേരില്‍. പ്രബോധനത്തിനു വേണ്ടി അബൂയാസിര്‍ (ടി.കെ ഉബൈദ്) രചിച്ചുകൊണ്ടിരിക്കുന്ന ഖുര്‍ആന്‍ ബോധനം ഖുര്‍ആന്‍ കുറേക്കൂടി ആഴത്തിലും പരപ്പിലും പഠിക്കണമെന്നാഗ്രഹിക്കുന്നവരെ ഇതിനകം ഹഠാദാകര്‍ഷിച്ചുകഴിഞ്ഞിരിക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ക്ക് പഞ്ഞമില്ലാത്ത അറബി ഭാഷയിലേക്കു പോലും മൊഴിമാറ്റം ചെയ്യപ്പെടേണ്ടത് എന്ന് അതിന്റെ വായനക്കിടയില്‍ എന്നെപ്പോലെയുള്ളവര്‍ക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഇപ്പോള്‍ സൂറ യൂനുസില്‍ എത്തിയിട്ടുള്ള ഖുര്‍ആന്‍ ബോധനത്തിന്റെ നാല് ഭാഗങ്ങള്‍ ഇതിനകം പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. പ്രബോധനത്തിന്റെ ഖുര്‍ആനികമായ മറ്റൊരു സമുജ്ജല സംഭാവനയായിരുന്നു 2002 ഏപ്രില്‍ മാസത്തില്‍ പ്രസിദ്ധീകരിച്ച 'ഖുര്‍ആന്‍ വിശേഷാല്‍ പതിപ്പ്'. വായനക്കാരുടെ അഭ്യര്‍ഥന മാനിച്ച് മൂന്ന് തവണ അത് പുനഃപ്രസിദ്ധീകരിക്കേണ്ടിവന്നുവെന്നതു തന്നെ അതിന്റെ മേന്മ വ്യക്തമാക്കുന്നു.
സാധാരണ ലക്കങ്ങളില്‍ തന്നെ ഖുര്‍ആനെ അതായും അതിനായും പരിചയപ്പെടുത്തുന്ന എത്രയോ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുകയുണ്ടായിട്ടുണ്ട്. വിശുദ്ധ ഖുര്‍ആന്റെ വെളിച്ചത്തില്‍ വിവിധ വിഷയങ്ങളെ വിലയിരുത്തുന്ന ലേഖനങ്ങളുടെയും മറ്റും കാര്യം പറയുകയും വേണ്ട.
വിശുദ്ധ ഖുര്‍ആന്റെ പവിത്രത പരിരക്ഷിക്കുന്നതിലും അതിന് പ്രതിരോധം തീര്‍ക്കുന്നതിലും കൂടി പ്രബോധനം എന്നും ബദ്ധശ്രദ്ധമായിരുന്നിട്ടുണ്ട്. സര്‍വോദയ പ്രസ്ഥാനത്തിന്റെ ആചാര്യന്‍ വിനോബ ഭാവെ തയാറാക്കിയ The Essense of Quran എന്ന കൃതി വ്യാപകമായ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നായിരുന്നു. അതിനെ ആത്മസംയമനത്തോടെയും ആധികാരികമായും വിലയിരുത്തി മൗലാനാ സ്വദ്‌റുദ്ദീന്‍ ഇസ്‌ലാഹി രചിച്ച ഖണ്ഡനത്തിന്റെ മലയാള വിവര്‍ത്തനം പ്രബോധനം പ്രസിദ്ധീകരിച്ചത് (പ്രബോധനം മാസിക 1965) പരക്കെ സ്വാഗതം ചെയ്യപ്പെടുകയുണ്ടായത് അനുസ്മരണീയമാണ്.
അല്ലാഹു അന്ത്യ പ്രവാചകന് അറബി ഭാഷയില്‍ അവതരിപ്പിച്ചുകൊടുത്ത ഒരേയൊരു ഖുര്‍ആനേ ഉള്ളൂ. അതിന്റെ ഒരു പരിഭാഷയും ഖുര്‍ആന്‍ ആകുകയില്ല. അതിനാല്‍ തന്നെ ഒരു 'മലയാളം ഖുര്‍ആന്റെ' പരസ്യം വന്നപ്പോള്‍ അതിനെ ഗുണദോഷിച്ചുകൊണ്ട് പ്രബോധനം പ്രസിദ്ധീകരിച്ച കത്ത് അതിന്റെ പിന്നിലെ ചെറുപ്പക്കാരെ അതില്‍നിന്ന് പിന്തിരിപ്പിച്ചത് ഒരു ചെറിയ വലിയ കാര്യമായിരുന്നു.
ഈ വിഷയകമായി നടന്ന ശ്രദ്ധേയമായ ഒരു സംഭവം 1989-ലെ തിരുവരുള്‍ സംവാദമായിരുന്നു. പ്രശസ്ത സാഹിത്യകാരനായ എം.എന്‍ കാരശ്ശേരി 'തിരുവരുള്‍' എന്ന പേരില്‍ ഒരു ഖുര്‍ആന്‍ പരിഭാഷാ പുസ്തകം പുറത്തിറക്കി. 104 പേജുകള്‍ മാത്രമുള്ള ഒരു കൊച്ചു പുസ്തകം. മുന്നരുള്‍, ഖുര്‍ആന്‍ സൂക്തങ്ങള്‍, പിന്നരുള്‍ എന്നിങ്ങനെ അത് മൂന്നായി വിഭജിക്കപ്പെട്ടിരുന്നു. മുന്നരുള്‍ ഗ്രന്ഥകാരന്റെ നയപ്രഖ്യാപനമാണെങ്കില്‍ മുഹമ്മദ് നബി കാലാനുക്രമണിക, വ്യാഖ്യാന കുറിപ്പുകള്‍, ഖുര്‍ആനിലെ അധ്യായങ്ങള്‍, വിഷയസൂചിക എന്നിവയുള്‍പ്പെട്ടതാണ് പിന്നരുള്‍.
പല ഖുര്‍ആന്‍ സൂക്തങ്ങളെയും അവയുടെ സന്ദര്‍ഭങ്ങളില്‍നിന്ന് ഭാഗികമായോ പൂര്‍ണമായോ അടര്‍ത്തിയെടുത്ത് യഥേഷ്ടം തലയും ഉടലും വാലും മുറിച്ച് അവക്ക് സ്വയംകൃതമായ അര്‍ഥധ്വനികള്‍ നല്‍കുകയും വക്രമായി വ്യാഖ്യാനിക്കുകയും ചെയ്തിരിക്കുന്നതായി ഈ ലേഖകന് തോന്നി.
പുസ്തകത്തെക്കുറിച്ച് പ്രഫ. എം. അബ്ദുല്‍അലി എഴുതിയ ഒരു നിരൂപണം, 'ഖുര്‍ആന്റെ സാഹിത്യഭംഗി തേടി' എന്ന തലക്കെട്ടില്‍ പ്രബോധനത്തില്‍ അച്ചടിച്ചുവരികയും ചെയ്തു. ആ കൃതിയെക്കുറിച്ച് സവിസ്തരമായ ഒരു പഠനം തയാറാക്കി പ്രബോധനത്തിലേക്ക് അയച്ചുകൊടുത്തു. തിരുവരുളിന്റെ എഴുതാപ്പുറങ്ങള്‍ എന്ന തലക്കെട്ടില്‍ വാരികയില്‍ അത് വെളിച്ചം കണ്ടു (1989 ജൂലൈ 29, ആഗസ്റ്റ് 5, ആഗസ്റ്റ് 12).
തുടര്‍ന്ന് കഥാകൃത്തും നോവലിസ്റ്റുമായിരുന്ന മര്‍ഹൂം എന്‍.പി മുഹമ്മദിന്റെ 'കത്തിക്ക് വിവേകം അന്യം' എന്ന വിമര്‍ശനം പ്രബോധനത്തില്‍ വന്നു. അതിനു ശേഷം 'കത്തിക്ക് വിവേകം അന്യം തന്നെ' എന്ന് അദ്ദേഹത്തിന്റെ നിലപാടുകളെ നിരൂപണം ചെയ്തുകൊണ്ടും ചര്‍ച്ചയെ നേര്‍വഴിക്കു നയിച്ചുകൊണ്ടും ടി.ഹാദി എഴുതി (സെപ്റ്റംബര്‍ 23, 1989). 'തിരുവരുള്‍ നിരൂപകന്റെ നിലപാട്' എന്ന തലക്കെട്ടില്‍ പ്രഫ. എം. അബ്ദുല്‍ അലി വീണ്ടും രംഗത്തുവന്നു (സെപ്റ്റംബര്‍ 30). 'പരിശുദ്ധ മലയാളവും ശുദ്ധ മലയാളവും' എന്ന തലക്കെട്ടില്‍ ഡോ. എം.എം ബഷീറിന്റെ ഊഴമായിരുന്നു പിന്നീട് (ഒക്‌ടോബര്‍ 21). ഡോ. എന്‍.എ കരീമും 'തിരുവരുള്‍ വിമര്‍ശനത്തിന്റെ യഥാര്‍ഥ പൊരുള്‍' തേടിയിറങ്ങി (നവംബര്‍ 4). 'ഖുര്‍ആനും പ്രവാചകനും നമ്മുടെ സമീപനവും' എന്ന ലേഖനത്തിലൂടെ (ഒക്‌ടോബര്‍ 14) ചര്‍ച്ചയെ സമ്പന്നമാക്കി കെ.പി. അശ്‌റഫ്. ചര്‍ച്ച സജീവമാക്കുന്നതില്‍ വായനക്കാരുടെ കത്തുകളും പങ്കുവഹിച്ചു. ഗ്രന്ഥകാരന്‍ ഹ്രസ്വമായ ഒരു കത്തിലൂടെ 'ഗ്രന്ഥത്തിനു വേണ്ടി ഗ്രന്ഥകാരനല്ല ഗ്രന്ഥമാണ് സംസാരിക്കേണ്ടത്' എന്ന് പ്രതികരിച്ചു.
ഈ ലേഖകന്റെ പ്രതികരണം 'മഹദ്‌വചനങ്ങള്‍ക്ക് മാര്‍ദവമില്ലെങ്കിലും' എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ചുകൊണ്ട് 1989 നവംബര്‍ 24-ന് പത്രാധിപര്‍ ചര്‍ച്ച അവസാനിപ്പിച്ചു. കഥിക്കാന്‍ ഇനിയുമുണ്ടൊട്ടേറെ. ഈ ഖുര്‍ആനിക പ്രബോധനം അതിന്റെ ജൈത്രയാത്ര തുടര്‍ന്നുകൊണ്ടേയിരിക്കും.
jamal.kodiyadan@siemens.com

Comments

Other Post