Prabodhanm Weekly

Pages

Search

2009 അറുപതാം വാര്‍ഷികപ്പതിപ്പ്‌

'പ്രബോധന' സ്മരണകള്‍

കെ.സി സലീം

കേരളീയ മുസ്‌ലിം സമൂഹത്തില്‍ മുമ്പേ പറക്കുന്ന പക്ഷികളായി പില്‍ക്കാലത്ത് അറിയപ്പെട്ട പ്രഗത്ഭരായ ഏതാനും സുഹൃത്തുക്കളെ കിട്ടുകയും ക്രിയാത്മകമായി കുറേ കാര്യങ്ങള്‍ ആലോചിക്കാനും കഴിഞ്ഞ കാലമായിരുന്നു അടിയന്തരാവസ്ഥക്ക് ശേഷമുള്ള വര്‍ഷങ്ങള്‍. ഇന്ദിരാഗാന്ധി ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു ശേഷം ലഭിച്ച സുഹൃത്തുക്കളായിരുന്നു വി.എ കബീര്‍ സാഹിബ്, പ്രഫ. പി. കോയ, ജമാല്‍ മുഹമ്മദ് മലപ്പുറം, ഇ. അബൂബക്കര്‍ സാഹിബ്, പ്രഫ. കെ.പി കമാലുദ്ദീന്‍, യശശ്ശശരീരനായ തലശ്ശേരിയിലെ ഡോ. അഹ്മദ് തുടങ്ങിയവര്‍. പി.വി സഈദ് മുഹമ്മദും ഞാനും തലശ്ശേരിയില്‍ നിന്ന് ഡോ. അഹ്മദിനോടൊപ്പം മിക്ക ഞായറാഴ്ചകളിലും ഉച്ചക്ക് ശേഷം കോഴിക്കോട്ടെത്തി രാത്രിയാവുന്നതു വരെ പല കാര്യങ്ങളും ചര്‍ച്ച ചെയ്യുകയും ഇബ്‌നു സീനാ ആശുപത്രി, ഹൈക്കലിന്റെ മുഹമ്മദ് പരിഭാഷ, അത് പ്രസിദ്ധീകരിച്ച ഹിറാ പ്രസ്സ് തുടങ്ങി പലതിനും തുടക്കമിടുകയും ചെയ്ത ആ സായാഹ്നങ്ങളിലൊന്നിലാണ് അക്കാലത്ത് എഴുതിത്തുടങ്ങിയിരുന്ന എന്നെ കബീര്‍ സാഹിബ് സ്‌നേഹപൂര്‍വം പ്രബോധനത്തില്‍ എത്തിക്കുന്നത്. 1980-ലായിരുന്നു അത്. 1978-ല്‍ ഡോ. അഹ്മദ് വായിക്കാന്‍ തന്നിരുന്ന ടൈം വാരികയെ ആധാരമാക്കിയെഴുതിയ ഒരു ലേഖനം പ്രബോധനം വാരികയില്‍ ആദ്യമായി അച്ചടിച്ചുവന്നതിന്റെ സന്തോഷം ഒന്ന് വേറെ തന്നെയായിരുന്നു.
പ്രബോധനത്തിലെ ജോലി വായനാതല്‍പരനായ എന്നെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്. അന്ന് പത്രാധിപ സമിതിയിലുണ്ടായിരുന്നത്, മാസികയുടെ കാര്യങ്ങള്‍ക്ക് ടി.കെ ഉബൈദ് സാഹിബും വാരികയുടെ കാര്യങ്ങള്‍ക്ക് കബീര്‍ സാഹിബിന്റെ നേതൃത്വത്തില്‍ വി.കെ അബ്ദുല്‍ ജലീല്‍, വി.എസ് സലീം എന്നിവരുമായിരുന്നു. എനിക്ക് തന്ന ഇരിപ്പിടമാണ് എന്നെ യഥാര്‍ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞത്. പി. കോയ സാഹിബും മലപ്പുറം ജമാല്‍ മുഹമ്മദ് സാഹിബും പി.എം.എ ഖാദര്‍ സാഹിബുമെല്ലാം ഇരുന്ന സ്ഥാനമായിരുന്നു അത്. ആ നിലവാരം കാത്തുസൂക്ഷിക്കാന്‍ വായനയും പഠനവും അത്യാവശ്യമാക്കിയ നാളുകളായിരുന്നു അവ.
വിനോദം നിറഞ്ഞ വിജ്ഞാനസമ്പാദനനാളുകളായിരുന്നു അക്കാലം. എഡിറ്റോറിയല്‍ മുറിയിലെ നര്‍മംനിറഞ്ഞ ചര്‍ച്ചകള്‍, സരസമായും എന്നാല്‍ ഗഹനത ഒട്ടും വിടാതെയും ഏത് വിവരവും നിമിഷനേരം കൊണ്ട് പറഞ്ഞു തരുന്നതില്‍ ഒരുതരം അക്കാദമിക സംതൃപ്തി സദാ കണ്ടെത്തിയിരുന്ന പരേതനായ ടി. മുഹമ്മദ് സാഹിബ്, പണ്ഡിതവര്യരായ ടി. ഇസ്ഹാഖലി മൗലവി, കെ.സി അബ്ദുല്ല മൗലവി, ടി.കെ അബ്ദുല്ലാ സാഹിബ്, കെ.എം അബ്ദുല്‍ അഹദ് തങ്ങള്‍ തുടങ്ങിയവരുടെ സ്ഥിരസാന്നിധ്യം, പഠനത്തിനനുയോജ്യമായ ഗ്രന്ഥപ്പുര. എല്ലാറ്റിനുമുപരി, സ്‌നേഹം നിറഞ്ഞു തുളുമ്പുന്ന ഒരന്തരീക്ഷവും. ഒരു വിശ്വാസിക്ക് ആനന്ദലബ്ധിക്ക് ഇനിയെന്തു വേണം!
അവരുടെ സാന്നിധ്യം ലേഖനങ്ങള്‍ തയാറാക്കുന്നതില്‍ എല്ലായിപ്പോഴും ഒരനുഗ്രഹമായിരുന്നു. ഇക്കൂട്ടത്തില്‍ ഏറ്റവും സ്മരണീയമായത് ഇറാഖ് ഇറാനെ ആക്രമിച്ച അവസരത്തില്‍ ആ ആഴ്ചയിലെ മുന്‍പേജ് ലേഖനം എഴുതേണ്ട നിരീക്ഷകന്‍ ഞാനായിരുന്നു. വര്‍ഷങ്ങളായി ആ രണ്ട് രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ശത്തുല്‍ അറബ് തര്‍ക്കത്തെ സംബന്ധിച്ച് ആധികാരിക വിവരങ്ങള്‍ ലഭിക്കണമായിരുന്നു. ലഭ്യമായ പുസ്തകങ്ങളും മറ്റും അറബിയില്‍. ഇംഗ്ലീഷില്‍ പെട്ടെന്നൊന്നും ലഭിച്ചതുമില്ല. പ്രതിസന്ധിയില്‍ പെട്ട് എവിടെ പോകണമൊലോചിച്ച് നടക്കുമ്പോള്‍ മുമ്പിലതാ ടി. മുഹമ്മദ് സാഹിബ്. ചോദിക്കേണ്ട താമസം, ശത്തുല്‍ അറബ് സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും നിന്ന നില്‍പില്‍ അദ്ദേഹം പറഞ്ഞുതന്നു. ആ വിവരങ്ങള്‍ കൂടി ചേര്‍ത്തതുകൊണ്ടാണ് ലേഖനം നന്നായത്.
മോട്ടോര്‍ വാഹന വര്‍ക്ക്‌ഷോപ്പുകളില്‍ പണി പഠിക്കാനെത്തുന്ന പയ്യന്മാര്‍ക്കുണ്ടാവുന്ന ഒരനുഭവം ഉണ്ടാവുമെന്ന് നിനച്ചതേയില്ലായിരുന്നു. എഡിറ്റോറിയല്‍ വിഭാഗത്തില്‍ എഴുതുകയെന്ന സുഖകരമായ ജോലിക്ക് പുറമെ ഉണ്ടായിരുന്നത് അച്ചടിത്തെറ്റ് തിരുത്താനുള്ള പ്രൂഫ് റീഡിംഗ് ആയിരുന്നു. ഇന്നത്തെ പോലെ കമ്പ്യൂട്ടര്‍ സംവിധാനങ്ങളൊന്നുമില്ലാത്ത അക്കാലത്ത് കല്ലച്ചില്‍ അക്ഷരങ്ങള്‍ കൂട്ടിയോജിപ്പിച്ച് നൂല്‍ കൊണ്ട് കെട്ടി റോളറുരുട്ടി കടലാസില്‍ അവ്യക്തമായെടുത്ത് തരുന്നതാണ് വായിച്ച് തെറ്റ് തിരുത്തേണ്ട പ്രൂഫ്. മൂന്നു തവണ പരിശോധിച്ച് തെറ്റുകള്‍ തിരുത്തി ഏറ്റവും ഒടുവിലാണ് പേജായി മുമ്പിലെത്തുക. അതുംകൂടി പരിശോധിച്ച് കൊടുത്താല്‍ ആ ജോലി കഴിഞ്ഞു. ഈ മുഷിഞ്ഞ ജോലി ഏല്‍പിക്കുക പലപ്പോഴും 'വര്‍ക്ക് ഷോപ്പി'ലെ ജൂനിയറായ എന്നെയും വി.എസ് സലീമിനെയുമായിരുന്നു. പക്ഷേ ആ കരിപുരണ്ട കടലാസുകളിലൂടെയുള്ള തെറ്റന്വേഷണം പില്‍ക്കാലത്ത് വളരെ സഹായകമാവുകയുണ്ടായി.
ഫ്രഞ്ച് വിപ്ലവത്തിന് വോള്‍ട്ടേര്‍ എന്നതു പോലെ ഇറാന്‍ വിപ്ലവത്തിനു ബുദ്ധിപരമായ ചുക്കാന്‍ പിടിച്ച ഡോ. അലി ശരീഅത്തിയുടെ ലേഖനങ്ങള്‍ മലയാളത്തില്‍ ആദ്യമായി പരിഭാഷപ്പെടുത്താനായത് ഇക്കാലയളവിലായിരുന്നു. അദ്ദേഹത്തിന്റെ ഹജ്ജ് എന്ന പുസ്തകത്തിലെ ഒന്നു രണ്ട് അധ്യായങ്ങള്‍ ചേര്‍ത്ത് ഒരെണ്ണമാക്കി പ്രസിദ്ധീകരിച്ചു. അതിലെ 'നിന്റെ ഇസ്മാഈലിനെ ബലിയറുക്കുക' എന്ന വാക്യം കണ്ട് ആവേശം പൂണ്ട പലരും അത് വിവര്‍ത്തനം ചെയ്ത് ചേര്‍ത്തതില്‍ സന്തോഷമറിയിക്കുകയുണ്ടായി.
1963-ല്‍ പേര്‍ഷ്യന്‍ വര്‍ഷം ഖുര്‍ദാദ് 15-ന് ഇറാനില്‍ നടന്ന ഒരു പ്രകടനത്തിനു നേരെ ഷായുടെ പട്ടാളം വെടിവെച്ചതിനെത്തുടര്‍ന്ന് നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടതിന്റെ വാര്‍ഷിക ചടങ്ങില്‍ ഇമാം ഖുമൈനി ചെയ്ത ഒരു പ്രസംഗം പരിഭാഷപ്പെടുത്തി വാരികയില്‍ ചേര്‍ത്തു. 'അവരെന്റെ ജനങ്ങളെ തിളക്കുന്ന എണ്ണയിലിട്ട് ജീവനോടെ പൊരിച്ചത് നിങ്ങളറിഞ്ഞുവോ?' എന്ന ഭാഗം എടുത്തു കാണിച്ച് മുമ്പില്‍ കാണുന്ന ഓരോരുത്തരോടും ഇന്ന് ഈ ലേഖനം വായിച്ചു പോയാല്‍ മതിയെന്ന് ജലീല്‍ സാഹിബ് സ്‌നേഹപൂര്‍വം നിര്‍ബന്ധിച്ചതും ഓര്‍ക്കുന്നു.
ആ കാലയളവില്‍ തന്നെയാണ് പ്രതിഭാധനനായിരുന്ന ഇ.വി അബ്ദു സാഹിബിന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരണമാരംഭിച്ച കുട്ടികള്‍ക്കുള്ള മലര്‍വാടി മാസികയുടെ പത്രാധിപസമിതിയില്‍ അംഗമാവാന്‍ ഭാഗ്യം സിദ്ധിച്ചതും. പ്രബോധനത്തില്‍നിന്ന് 1983-ല്‍ വിരമിക്കുന്നതു വരെ അതുമായി സഹകരിച്ചിരുന്നു.
പ്രസ്ഥാനം സാമ്പത്തികപ്രയാസം അനുഭവിക്കുന്ന കാലഘട്ടമായിരുന്നു അത്. അക്കാലത്ത് പ്രബോധനം ഓഫീസില്‍ കാര്യങ്ങളുടെ ചുക്കാന്‍ പിടിക്കാന്‍ ഏല്‍പിച്ച മാനേജര്‍ ഒ.എമ്മിനെ ഓര്‍ക്കുമ്പോള്‍ ഇതിന് ഇത്രയേറെ യോജിച്ച ഒരാളെ എങ്ങനെ സംഘടിപ്പിച്ചു എന്ന് പലപ്പോഴും തോന്നിയിരുന്നു. വിഷമങ്ങള്‍ക്ക് നടുവിലും സദാ സുസ്‌മേരവദനനായി കണ്ടിരുന്ന അസ്ഗര്‍ അലി സാഹിബും മനോഹരമായ കൈപ്പടയുടെ ഉടമ ലാളിത്യത്തിന്റെ നിറകുടമായ തിരൂരിലെ കുഞ്ഞാലി സാഹിബുമെല്ലാം മനസ്സില്‍ മായാത്ത മുദ്രകള്‍ പതിപ്പിച്ച ഒരിക്കലും മറക്കാനാവാത്ത വ്യക്തികളാണ്.
kcsaleem@journalist.com

Comments

Other Post