Prabodhanm Weekly

Pages

Search

2009 അറുപതാം വാര്‍ഷികപ്പതിപ്പ്‌

മതസാഹിത്യ നവീകരണം

എം.വി മുഹമ്മദ് സലീം

1950-കളില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് പരിചയപ്പെട്ടു തുടങ്ങിയതാണ് പ്രബോധനം. ആദ്യത്തെ രണ്ടോ മൂന്നോ ലക്കങ്ങളൊഴിച്ച് ബാക്കിയെല്ലാം ജ്യേഷ്ഠന്റെ ഗ്രന്ഥ ശേഖരത്തിലുണ്ടായിരുന്നു. അക്കാലത്ത് വായിക്കാന്‍ കൂടുതല്‍ പ്രിയം അല്‍ഫാറൂഖ്, ചിന്തകന്‍, ന്യൂ അന്‍സാരി തുടങ്ങിയ ആനുകാലികങ്ങളും മുഹമ്മദ് അമാനി മൗലവിയുടെ സൂറത്ത് യൂസുഫിന്റെ മലയാള വിവര്‍ത്തനവും മറ്റുമായിരുന്നു.
ജ്യേഷ്ഠന്‍ താല്‍പര്യപൂര്‍വം വായിക്കുന്നതു കണ്ട് പ്രബോധനവും എടുത്ത് വായിച്ചുനോക്കും. ഏഴാം ക്ലാസ്സുകാരന്റെ ഗ്രാഹ്യശക്തിക്ക് വഴങ്ങുന്ന വര്‍ത്തമാനങ്ങളൊന്നും അതില്‍ ഉണ്ടാകുമായിരുന്നില്ല. പുറംചട്ടയില്‍ പ്രബോധനം-പ്രതിപക്ഷപത്രം എന്നു കണ്ടു. പ്രബോധനം വെറും പേരാണല്ലോ. അതിന്റെ അര്‍ഥത്തെക്കുറിച്ച് ചിന്തിച്ചതേയില്ല. ന്യൂ അന്‍സാരിയും അതുപോലൊരു പേരല്ലേ? പ്രതിപക്ഷ പത്രം എന്ന പ്രയോഗമാണ് ആകെ കുഴക്കിയത്. അതെന്താണെന്ന് അവസാനം അന്വേഷിച്ച് കണ്ടെത്തി. അപ്പോഴാണ് ഭരണപക്ഷത്തിന്റെ മറുഭാഗത്തുള്ള പ്രതിപക്ഷമല്ല ഇതെന്ന് മനസ്സിലായത്.
അക്കാലത്ത് വിഖ്യാത വാഇളായ പതി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ ഒരു വഅ്‌ള് പരമ്പര മൊറയൂരില്‍ സംഘടിപ്പിച്ചിരുന്നു. ഉച്ചഭാഷിണിയുണ്ടായിരുന്നതിനാല്‍ ഞങ്ങളുടെ വീട്ടിനുമുകളിലെ കുന്നിന്‍പുറത്ത് കയറിയിരുന്നാല്‍ പ്രസംഗം കേള്‍ക്കാം. മാതാവിന് പേടിക്ക് എന്നെയും കൂട്ടി. ഞങ്ങള്‍ പ്രസംഗം കേട്ടു. ഖണ്ഡന ശൈലിയിലായിരുന്നു പ്രസംഗം. പിന്നെ പുത്തന്‍ പ്രസ്ഥാനക്കാരായ വഹാബി മൗദൂദികളെക്കുറിച്ച് പല വിമര്‍ശനങ്ങളും. മൗദൂദികളെ വിമര്‍ശിച്ച ഭാഗമാണ് എനിക്ക് രസകരമായി തോന്നിയത്. പതി പറഞ്ഞ വലിയ കാര്യങ്ങളൊന്നും മനസ്സിലാക്കാന്‍ അന്നെനിക്കാവുമായിരുന്നില്ല- മൗദൂദികളുടെ ലക്ഷണം ഇങ്ങനെ: ''കത്രിമാര്‍ക്ക് താടി, ഹാഫ് മീശ, സ്റ്റഡി ക്ലാസ് നമസ്‌കാരം.'' ഞാനീ വാചകം ഹൃദിസ്ഥമാക്കി ഉരുവിടുന്നത് ഉമ്മ ശ്രദ്ധിച്ചു. 'ജ്യേഷ്ഠനെക്കുറിച്ചാണാ പ്രയോഗം. ഓര്‍മ വേണം'- ഉമ്മ താക്കീത് ചെയ്തു. മൗദൂദി വിമര്‍ശനത്തിന്റെ ഓര്‍മയുള്ള മറ്റൊരു വാചകം: 'പ്രഭോ ധനം! ഇതാണിവരുടെ ലക്ഷ്യം.'' പ്രബോധനമെന്ന വാക്ക് പരിചയമില്ലാത്ത ആയിരങ്ങളോടാണ് പ്രസംഗം. എന്റെ മാതാവിനെപ്പോലെ അക്ഷരജ്ഞാനമില്ലാത്ത സ്ത്രീകളാണ് ഭൂരിപക്ഷം ശ്രോതാക്കള്‍! അവര്‍ക്കെല്ലാം- കുട്ടിയായ എനിക്കും- പതിയുടെ പരിഭാഷ മനസ്സിലായി; 'പ്രഭോ, ധനം!'
മലയാള ഭാഷയുമായി ഒരകലം സൂക്ഷിച്ചിരുന്ന മതപണ്ഡിതന്മാര്‍ മൊഴിമാറ്റത്തിന് 'അറബി മലയാളം' ഉപയോഗിച്ചുവന്നു. ഇടത്തുനിന്ന് വലത്തോട്ടെഴുതുന്ന മലയാളവും വലത്തുനിന്നിടത്തോട്ടെഴുതുന്ന അറബി ഭാഷയും എഴുത്തില്‍ സമന്വയിക്കാന്‍ പ്രയാസം. അതിനാല്‍ വലത്തുനിന്നിടത്തോട്ട് എഴുതുന്ന അറബി മലയാളം ഖുര്‍ആനും ഹദീസും പരിഭാഷപ്പെടുത്താനും വിശദീകരിക്കാനും വേണ്ടി കണ്ടെത്തിയ പരിഹാരമായിരുന്നു. മലയാള ഭാഷ പഠിക്കാന്‍ മതപണ്ഡിതന്മാര്‍ക്ക് അവസരമുണ്ടായിരുന്നില്ല. അതിനാല്‍ നാടന്‍ ശൈലിയും പദങ്ങളുമാണ് സമൂഹത്തില്‍ നിലനിന്നിരുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ അറബി ഭാഷ പഠിക്കാനാണ് മിക്ക മുസ്‌ലിം കുട്ടികളെയും പ്രേരിപ്പിച്ചിരുന്നത്.
അറബിമലയാളത്തില്‍ ഒരു വലിയ സാഹിത്യശേഖരമുണ്ട്: കവിതകള്‍, ഗാനസമാഹാരങ്ങള്‍, ഖുര്‍ആന്‍-ഹദീസ് പരിഭാഷകള്‍ എന്നിവക്കു പുറമെ അറബി വ്യാകരണം, ഭാഷാ ശാസ്ത്രം മുതലായവ ഗഹനമായി പഠിക്കാനുതകുന്ന മഹദ് ഗ്രന്ഥങ്ങളും അറബിമലയാളത്തില്‍ കാണാന്‍ സാധിക്കും. ദൗര്‍ഭാഗ്യവശാല്‍ പുതിയ തലമുറക്ക് അന്യം നില്‍ക്കുന്ന ഈ സ്രോതസ്സ് ഇന്ന് അഗണ്യകോടിയില്‍ തള്ളപ്പെട്ടിരിക്കുന്നു.
മലയാളക്കരയില്‍ മാത്രം പ്രകടമായ ഒരു പ്രതിഭാസമല്ല അറബിലിപികളുടെ ഈ സവിശേഷ പ്രയോഗം. തുര്‍ക്കി ഭാഷ ഔദ്യോഗികമായി അറബിലിപിയിലേക്ക് മാറി നൂറ്റാണ്ടുകള്‍ നിലനിന്നു. കമാല്‍ പാഷയുടെ കുപ്രസിദ്ധ വിപ്ലവത്തിനു ശേഷമാണ് അറബി ലിപി മാറ്റി ലാറ്റിന്‍ ലിപി നിര്‍ബന്ധമാക്കിയത്. മലേഷ്യന്‍ യാത്രയില്‍ ശ്രദ്ധയില്‍ പെട്ട ഒരു കാര്യം റോഡുകളുടെയും മറ്റും പഴയ സൈന്‍ ബോഡുകള്‍ അറബിലിപികളിലായിരുന്നുവെന്നതാണ്. പല ആഫ്രിക്കന്‍ രാജ്യങ്ങളിലും ഭാഷക്ക് ലിപിയുണ്ടായിരുന്നില്ല. അവര്‍ അറബി ലിപി ഉപയോഗിച്ചു. ആദര്‍ശപരമായ ശത്രുത കോളനി വാഴ്ചക്കാരെ ഇത്തരം ലിപികള്‍ മാറ്റാന്‍ പ്രേരിപ്പിച്ചു.
കമ്പ്യൂട്ടറിന്റെ പുതിയ സാധ്യതകളുപയോഗിച്ച് അറബിമലയാളം 'ഫോണ്ടു'കള്‍ ഉണ്ടാക്കാനും അറബിമലയാള കൃതികള്‍ കമ്പ്യൂട്ടറില്‍ ഇന്റര്‍നെറ്റിലൂടെ ലഭ്യമാക്കാനും ഒരു ശ്രമം നടക്കുന്നത് മരിക്കാറായ ഈ സാഹിത്യ-ഭാഷാ ശാഖയെ വീണ്ടെടുത്ത് സംരക്ഷിക്കാന്‍ സഹായകമാവും. എന്നാല്‍ മുസ്‌ലിംകള്‍ പ്രബോധിതരുടെ ഭാഷയില്‍ ശക്തമായി ആശയപ്രചാരണം നടത്താന്‍ കഴിവുറ്റവരാകണം. ഈ വിപ്ലവം സാധിക്കുന്നതില്‍ അനിഷേധ്യമായ പങ്കുവഹിച്ച പ്രസിദ്ധീകരണമാണ് പ്രബോധനം. പാക്ഷിക പത്രമായി ആരംഭിച്ച് കനപ്പെട്ട ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചുകൊണ്ട് മുസ്‌ലിംകളുടെ ഭാഷാ ജ്ഞാനവും പൊതു ദീനീവിജ്ഞാനവും വര്‍ധിപ്പിക്കുന്നതില്‍ അതെന്നും മുന്നില്‍നിന്നു. മലയാള ഭാഷ താരതമ്യേന ദുര്‍ബലമായ മലബാര്‍ പ്രദേശത്തു നിന്ന് ഇത്ര നിലവാരമുള്ള ഒരു പ്രസിദ്ധീകരണം ഉണ്ടായത് തെക്കന്‍ കേരളത്തില്‍ പല ഭാഷാ പ്രേമികളെയും ആഹ്ലാദഭരിതരാക്കിയിട്ടുണ്ട്. ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസും പ്രബോധനവും മുസ്‌ലിംകളുടെ ഭാഷാപുരോഗതിയില്‍ അനിഷേധ്യമായ പങ്കുവഹിച്ചു.
പ്രബോധനത്തില്‍ ജോലി ചെയ്യുന്ന കാലത്ത് ആലപ്പുഴയില്‍ ഒരു നബിദിന യോഗത്തില്‍ സംബന്ധിക്കാനിടയായി. പിറ്റേന്ന് തിരിച്ചുവരുമ്പോള്‍ കൂടെയുണ്ടായിരുന്ന കരുവള്ളി മുഹമ്മദ് മൗലവി എറണാകുളത്ത് ഒരാളെ സന്ദര്‍ശിക്കാമെന്ന് പറഞ്ഞു. പ്രസിദ്ധ വ്യവസായ പ്രമുഖന്‍ മര്‍ഹൂം ഇ.കെ മുഹമ്മദ് സാഹിബിന്റെ വസതിയിലേക്കാണ് ഞങ്ങള്‍ പോയത്. ''രാത്രി തിരുവനന്തപുരത്തുനിന്നും മടങ്ങുമ്പോള്‍ ഞാന്‍ കാര്‍ നിര്‍ത്തി നബിദിനയോഗത്തിലെ പ്രസംഗം ശ്രദ്ധിച്ചു. സ്ഫുടമായ മലയാളം. ആരാണ് പ്രാസംഗികനെന്ന് തിരക്കി. 'ഏതോ കോഴിക്കോട്ടുകാരനാണ്.' ജനം പ്രതികരിച്ചു. 'എങ്കില്‍ അയാള്‍ ജമാഅത്തുകാരനായിരിക്കും'- ഞാന്‍ അഭിപ്രായപ്പെട്ടു.'' ഇ.കെ കരുവള്ളിയോട് പറഞ്ഞു. 'താങ്കളുടെ നിഗമനം തെറ്റിയിട്ടില്ല'- കരുവള്ളി പ്രതികരിച്ചു. മുസ്‌ലിംകള്‍ മാതൃഭാഷ സ്ഫുടമായും സുന്ദരമായും കൈകാര്യം ചെയ്യണമെന്ന സന്ദേശം സമുദായത്തിന് നല്‍കുന്നതില്‍ പ്രബോധനവും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സാഹിത്യങ്ങളും വിജയിച്ചു. 'ഒരു സമഗ്ര ജീവിതവ്യവസ്ഥ' എന്ന പ്രയോഗം തെറ്റാണെന്ന് ധരിച്ച് ഒരു പണ്ഡിതന്‍ വിമര്‍ശിച്ചതോര്‍ക്കുകയാണ്. അദ്ദേഹം സമഗ്രമെന്നത് സമം+ അഗ്രം എന്നാണെന്ന് ധരിച്ചുവശായി. സം+ അഗ്ര-പൂര്‍ണമായ, തികഞ്ഞ എന്ന അര്‍ഥം അദ്ദേഹം ഗ്രഹിച്ചില്ലെന്ന് ചുരുക്കം. ഈ അവസ്ഥ മാറി. നല്ല തിളക്കമുള്ള സാഹിത്യത്തില്‍ ഇസ്‌ലാമിക കൃതികള്‍ ഇന്ന് അനേകം സ്രോതസ്സുകളില്‍നിന്ന് പ്രസിദ്ധീകരിക്കുന്നുണ്ട്. പ്രബോധനത്തില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖന പരമ്പര ഹൃദിസ്ഥമാക്കി തെക്കന്‍ കേരളത്തില്‍നിന്നൊരു പ്രസംഗകന്‍ ആയിരങ്ങള്‍ തിങ്ങിക്കൂടിയ സുന്നീ സദസ്സുകളെ രോമാഞ്ചം കൊള്ളിച്ചു. പ്രസ്തുത ലേഖന പരമ്പര ഗ്രന്ഥരൂപത്തില്‍ ഐ.പി.എച്ച് പ്രസിദ്ധീകരിച്ചിരുന്നു; 'പുതുയുഗത്തിന്റെ പടിവാതില്‍ക്കല്‍' എന്ന പേരില്‍.
വിമര്‍ശിക്കാനെന്ന പേരില്‍ പ്രബോധനം വായിച്ച് അതിലെ പല ഭാഗങ്ങളും ഹൃദിസ്ഥമാക്കി പ്രസംഗത്തിനു മാറ്റുകൂട്ടുന്ന ധാരാളം മതപണ്ഡിതന്മാരുണ്ട്. ഇവരുടെ ഭാഷാ സ്ഫുടതക്ക് ഒരു വലിയ അളവില്‍ സംഭാവനകളര്‍പ്പിച്ചത് പ്രബോധനമാണെന്നത് നിസ്തര്‍ക്കമത്രെ. മലയാളഭാഷാ പഠനം നിഷിദ്ധമാണെന്ന് ധരിച്ചിരുന്ന ഒരു കാലത്ത് മുസ്‌ലിംകളെ സുഭാഷികളാക്കാന്‍ പ്രബോധനം കാണിച്ച ആര്‍ജവം എക്കാലത്തും സ്മരിക്കപ്പെടേണ്ടതാണ്. മുസ്‌ലിംകളുടെ പരമപ്രധാനമായ ബാധ്യതയാണ് 'പ്രബോധനം'. ഈ മഹത്തായ ആശയം പത്രത്തിന്റെ പേരില്‍തന്നെ ഉള്‍ക്കൊള്ളിക്കാന്‍ സാധിച്ചത് ഒരു ദൈവാനുഗ്രഹമാണ്. ഇസ്‌ലാം ജന്മനാ അനന്തരാവകാശമായി ലഭിക്കുന്നതല്ലാതെ പ്രചാരണത്തിലൂടെ ജനങ്ങള്‍ സ്വീകരിക്കുന്നതിനെക്കുറിച്ച് വികലമായ സങ്കല്‍പങ്ങള്‍ നിലനിന്നിരുന്ന കാലം. രോഗശമനത്തിനും മറ്റും നേര്‍ച്ച നേര്‍ന്നും, പ്രേമിച്ച പെണ്ണിനെ കല്യാണം ചെയ്യാനും മതം മാറുന്നവരെ- മാര്‍ഗത്തില്‍ കൂടിയവര്‍- എന്ന വിശേഷണം നല്‍കി രണ്ടാംതരം മുസ്‌ലിംകളായി ഗണിച്ചിരുന്ന സമുദായത്തെ മതപ്രബോധനം ജീവിതധര്‍മമാണെന്ന് മനസ്സിലാക്കിക്കൊടുക്കാന്‍ വലിയ പാടുപെടേണ്ടിവന്നു. പാരമ്പര്യ മുസ്‌ലിംകളേക്കാള്‍ അല്ലാഹുവിങ്കല്‍ ഉന്നത സ്ഥാനീയരാണ് ഇസ്‌ലാം ആശ്ലേഷിക്കുന്നവരെന്ന വസ്തുത ഇനിയും പലരും ഉള്‍ക്കൊണ്ടിട്ടില്ല. ഒരു സമുദായത്തിന്റെ കുത്തകയാണെന്ന് ധരിച്ച 'ഇസ്‌ലാം' മനുഷ്യരാശിയുടെ പൊതുസ്വത്താണെന്നും എല്ലാവര്‍ക്കും അര്‍ഹതയുള്ള സത്യപാന്ഥാവ് കാണിച്ചുകൊടുക്കുന്നത് ജീവിതത്തില്‍ നേടാവുന്ന ഏറ്റവും വലിയ പുണ്യമാണെന്നും മുസ്‌ലിംകള്‍ ശരിയാംവണ്ണം മനസ്സിലാക്കാത്തതിനാല്‍ പ്രബോധനരംഗത്ത് ഇനിയും പ്രതിബന്ധങ്ങളേറെയുണ്ട്. എന്നാലും ഇന്നത്തെ അവസ്ഥ അരനൂറ്റാണ്ട് മുമ്പുള്ളതിനോട് താരതമ്യം ചെയ്യാനാവില്ല. മതവിദ്വേഷവും വൈരാഗ്യവും മതവര്‍ഗീയതയും സിരകളിലൂടെ പ്രവഹിച്ചിരുന്ന കാലത്ത് പ്രബോധനം എന്ന ആശയം സുഗ്രാഹ്യമല്ലല്ലോ. ഈ പ്രതികൂല സാഹചര്യത്തിലാണ് പ്രബോധനം എന്ന പേരില്‍ ഒരു പാക്ഷിക പത്രം ഇസ്‌ലാമിനെ തനതായ രൂപത്തില്‍ പരിചയപ്പെടുത്തുന്നത്.
എടയൂരില്‍നിന്ന് പ്രസിദ്ധീകരിച്ചു തുടങ്ങിയ പ്രബോധനം സൈക്കിളില്‍ വിതരണം ചെയ്താരംഭിച്ച മഹായജ്ഞം അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താല്‍ ഇലക്‌ട്രോണിക് മീഡിയയിലൂടെ ലോകത്തെവിടെയും ലഭ്യമാകുന്ന സവിശേഷ സ്ഥിതി പ്രാപിച്ചു. ഇതിന്റെ പിന്നില്‍ നീണ്ട ആറു ദശകങ്ങള്‍ ആയിരങ്ങളുടെ നിര്‍ലോഭ സഹായവും നിസ്വാര്‍ഥ സേവനവും ഒരുമിച്ചു നിന്ന മഹനീയ ത്യാഗമുണ്ട്. കടന്നുപോയ വഴികളെക്കുറിച്ച് ഉത്തരവാദപ്പെട്ടവര്‍ ഉപന്യസിക്കും. മുസ്‌ലിം സമുദായത്തില്‍ സാധിച്ചെടുത്ത വൈജ്ഞാനിക വിപ്ലവമാണ് നാമിവിടെ ഊന്നുന്ന വിഷയം. പ്രബുദ്ധ മുസ്‌ലിം കേരളത്തിന്റെ ആത്മീയ നവജാഗരണത്തിന് തുടക്കം കുറിച്ചതും ശക്തിപകര്‍ന്നതും ദിശാബോധമുണ്ടാക്കിയതും പ്രബോധനമാണ്. പാക്ഷിക പത്രമായും മാസികയായും വാരികയായും വിവിധ രൂപങ്ങള്‍ സ്വീകരിച്ചപ്പോഴെല്ലാം മുസ്‌ലിം സമുദായത്തിന് മാര്‍ഗദര്‍ശനമേകാന്‍ പത്രത്തിന് സാധിച്ചിട്ടുണ്ട്. ഒരു സമുദായം എന്നതിലുപരി ഒരു പ്രബോധക സമുദായമായി മുസ്‌ലിംകളില്‍ ഒരു വലിയ വിഭാഗം മാറിയതില്‍ പ്രബോധനത്തിന്റെ ശില്‍പികള്‍ക്കഭിമാനിക്കാം.
ഇന്ന് മിക്ക ആനുകാലികങ്ങളും പ്രബോധനത്തിന്റെ ഭാഷയും ശൈലിയും അനുകരിക്കുന്നു. ഭാഷാ മേന്മയില്‍ ഒരുപടി മുന്നില്‍ നടക്കാന്‍ ശ്രമിക്കുന്നവയും ധാരാളമുണ്ട്. മുസ്‌ലിംകളല്ലാത്ത അനേകം അനുവാചകരുള്ള ഒരു ഇസ്‌ലാമിക പ്രസിദ്ധീകരണമായി പ്രബോധനം ദൗത്യനിര്‍വഹണം സാധിക്കുന്നു. ഭാഷാ പ്രശ്‌നത്തില്‍ കേരളീയര്‍ അനുഗൃഹീതരാണ്. ഇവിടെ മുസ്‌ലിംകളും അല്ലാത്തവരും ഒരേ ഭാഷ സംസാരിക്കുന്നു. കേരളത്തിനു പുറത്ത് പലേടത്തും സ്ഥിതി ഇതല്ല. ഉദാഹരണമായി ഹൈദറാബാദെടുക്കാം. ഉര്‍ദുവാണ് അവിടെ മുസ്‌ലിംകളുടെ ഭാഷ. അവര്‍ക്ക് പ്രാദേശിക ഭാഷ അറിയില്ല. അതിനാല്‍ അമുസ്‌ലിംകളില്‍ പ്രബോധനം അവര്‍ക്കേറെ ദുഷ്‌കരമാണ്. പ്രബോധിതര്‍ക്ക് ഉര്‍ദു അറിയില്ല. പ്രബോധകര്‍ക്ക് തെലുങ്കും വശമില്ല. ഹിന്ദു ബെല്‍ട്ടിലുള്ള മുസ്‌ലിംകളും നേരത്തേ ഇതേ പ്രയാസം അനുഭവിച്ചിരുന്നു. ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത് യു.പിയില്‍നിന്ന് വന്ന ഒരു തബ്‌ലീഗ് സംഘവുമായി ഞാന്‍ പരിചയപ്പെട്ടു. അന്ന് ഹിന്ദി മാത്രമേ എനിക്കറിയൂ. സംഘത്തലവനുമായി സംസാരിച്ചുതുടങ്ങിയപ്പോഴാണ് അവര്‍ക്ക് ഹിന്ദി മനസ്സിലാവുകയില്ലെന്ന് ബോധ്യമായത്. വിദ്യാര്‍ഥി പോലുള്ള സംസ്‌കൃത പദങ്ങളൊന്നും അവര്‍ക്കറിയില്ല. ഇത് മതപ്രബോധനരംഗത്ത് വലിയ പ്രയാസമുണ്ടാക്കുന്നതിനാല്‍ ഇസ്‌ലാമിക പ്രസ്ഥാനം ഹിന്ദിയില്‍ കാന്തി എന്ന വാരികയും മാസികയും അനേകം സാഹിത്യങ്ങളും ഖുര്‍ആന്‍ പരിഭാഷയും പ്രസിദ്ധീകരിക്കുന്നു.
തികച്ചും വിപരീതമായ മറ്റൊരു പ്രവണതയുണ്ട്. ജന്മനാ മുസ്‌ലിമായ സമൂഹത്തെ ഇസ്‌ലാമില്‍നിന്നകറ്റാന്‍ കാരണമാണാ പ്രവണത. ഉര്‍ദു പൂര്‍ണമായും വര്‍ജിക്കുകയും തല്‍സ്ഥാനത്ത് ഹിന്ദിയെ പ്രതിഷ്ഠിക്കുകയും ചെയ്യുക. ഗള്‍ഫില്‍ ജോലിക്ക് വന്ന ചില സഹോദരങ്ങള്‍ പേരില്‍ മുസ്‌ലിംകള്‍, ഉര്‍ദു അറിയില്ല. അറബി അക്ഷരങ്ങളോ വിശുദ്ധ ഖുര്‍ആനോ അറിയില്ല. ഹിന്ദി അറിയാം! അവര്‍ എന്തായി മാറിയെന്ന് പറയേണ്ടതില്ലല്ലോ! ഈ ഉര്‍ദു വിരോധവും ചെറുക്കപ്പെടേണ്ടതാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ഇസ്‌ലാമിക സാഹിത്യമുള്ള ഭാഷകളിലൊന്നായ ഉര്‍ദു നഷ്ടപ്പെട്ടുപോകാതെ നാം കാത്തുസൂക്ഷിക്കേണ്ടതാണ്.
ഉര്‍ദുഭാഷയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ബൃഹത്തായ പല പഠനങ്ങളും കൈരളിക്ക് പരിചയപ്പെടുത്തിയത് പ്രബോധനമാണ്. ഏറ്റവും കൂടുതല്‍ ഉര്‍ദു കൃതികളുടെ പരിഭാഷ പ്രസിദ്ധീകരിച്ച പത്രം പ്രബോധനമാണെന്ന് പറയാം. അതിനാല്‍ ഉര്‍ദുവിന്റെ സ്ഥാനം പ്രബോധനം വായനക്കാര്‍ക്ക് പറഞ്ഞറിയിക്കേണ്ടതില്ല.
പരിഭാഷയാണ് മലയാളിയുടെ വിജ്ഞാനാവലംബം. അറബിയില്‍നിന്നുള്ള വിവര്‍ത്തനങ്ങള്‍ കൂടുതല്‍ സ്വതന്ത്രമാവുകയും മൂലവാക്യത്തിന്റെ ആശയം ചോര്‍ന്നുപോവുകയും ചെയ്യുന്നത് ചിലപ്പോഴെല്ലാം ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. പ്രബോധനത്തിന്റെ അണിയറ ശില്‍പികള്‍ ഇത്തരം അബദ്ധങ്ങള്‍ വരാതെ ശ്രദ്ധിക്കണമെന്ന് അപേക്ഷിക്കുന്നു. വിഷയങ്ങള്‍ കണ്ടെത്തുമ്പോഴും ചില വശങ്ങളിലേക്കുള്ള അമിതമായ ചായ്‌വ് ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. പ്രബോധനത്തിന് ഒരു വ്യക്തിത്വമുണ്ട്. പിന്നില്‍ നടക്കുന്നവര്‍ അത് വികലമാക്കാതെ ശ്രദ്ധിക്കണം.
കേരള മുസ്‌ലിംകള്‍ക്ക് ഒരു വിജ്ഞാന സ്രോതസ്സായി നിലനില്‍ക്കുന്നതോടൊപ്പം ദേശീയവും അന്തര്‍ദേശീയവുമായ പ്രശ്‌നങ്ങളില്‍ ബോധവത്കരണം നടത്തുന്ന പ്രബോധനത്തിന്റെ ഉയര്‍ന്ന ശൈലി മാറാതെ നില്‍ക്കണമെന്നാണ് വായനക്കാരുടെ ആഗ്രഹം. വിജ്ഞാനത്തിന്റെ പ്രകാശഗോപുരമായി കൈരളിക്ക് അനര്‍ഘങ്ങളായ സാഹിതീ സംഭാവനകളര്‍പ്പിക്കാന്‍ പ്രബോധനത്തിന് എന്നെന്നും സാധിക്കുമാറാകട്ടെ.
എം.വി മുഹമ്മദ് സലീം 9746202597 saleemmv@gmail.com

Comments

Other Post