Prabodhanm Weekly

Pages

Search

2009 അറുപതാം വാര്‍ഷികപ്പതിപ്പ്‌

പ്രബോധനവും ഞാനും എന്റെ വേവലാതികളും

എ.പി കുഞ്ഞാമു

മതവിഷയങ്ങള്‍ ചെറുപ്പത്തില്‍ എന്റെ വായനയുടെ ഭാഗമേ ആയിരുന്നില്ല; മദ്‌റസയിലെ ദീനിയ്യാത്തും അമലിയ്യാത്തും, പിന്നീട് രാത്രി ദര്‍സിലെ നഹ്‌വും സര്‍ഫും, പള്ളി ഹൗളിന് ചുറ്റും കൂടിനിന്നു'വായില്‍ വെള്ളം കയറ്റികുലുക്കുഴിയലും, മൂക്കില്‍ വെള്ളം ചീറ്റിക്കേറ്റലു'മായി സമയം പോക്കുന്ന വയസ്സന്മാരും, മൊയ്‌ല്യാരുട്ടികള്‍ തൊട്ട് ഉമ്മ വരെയുള്ള സകലമാന സദാചാര സൂക്ഷിപ്പുകാരുടെയും മതം പഠിപ്പിക്കലും - ഒക്കെകൂടിയായപ്പോള്‍ ഇസ്‌ലാം ദീന്‍ തീരെ അനാകര്‍ഷകമായ ഒന്നായാണ് അനുഭവപ്പെട്ടത്. മതകാര്യങ്ങള്‍ പ്രതിപാദിക്കുന്ന ചില പ്രസിദ്ധീകരണങ്ങള്‍ വീട്ടില്‍ കാണാറുണ്ടായിരുന്നു. പക്ഷേ, അവ മറിച്ചുനോക്കാന്‍ പോലും താല്‍പര്യമില്ലായിരുന്നില്ല എനിക്ക്. അപ്പുറത്ത് കഥകളുടെ ഒരു വിസ്മയ ലോകം കിടക്കുന്നു; ബഷീറും എം.ടിയും പൊറ്റക്കാട്ടും ഉറൂബും മുട്ടത്തു വര്‍ക്കിയും മറ്റും മാടിവിളിച്ചുകൊണ്ടേയിരുന്നു. ആ പ്രലോഭനങ്ങള്‍ക്കിടയിലെവിടെ പ്രബോധനത്തിന് കടന്നുവരാനൊരു വാതില്‍? സത്യമായും വായന നിത്യജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞപ്പോഴേക്കും മതം പോലെയുള്ള വിഷയങ്ങള്‍ക്കു നേരെ ഞാന്‍ 'നോ എന്‍ട്രി' ബോര്‍ഡ് വെച്ചുകഴിഞ്ഞിരുന്നു.
കോളേജ് വിദ്യാഭ്യാസ കാലത്താണ് പ്രബോധനം വായിച്ചുതുടങ്ങിയത്. പ്രധാനമായും അതിനു കാരണക്കാരന്‍ പൂവഞ്ചേരിയാണ്. ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തകനായിരുന്നു അന്ന് വിദ്യാര്‍ഥിയായിരുന്ന പൂവഞ്ചേരി മുഹമ്മദ് (അദ്ദേഹം അകാലത്തില്‍ മരിച്ചുപോയി). indefatigable എന്ന ഇംഗ്ലീഷ് പദം പൂവഞ്ചേരിക്ക് ശരിക്കും ചേരും. തളര്‍ത്താന്‍ സാധ്യമല്ലാത്ത ആത്മവീര്യത്തിന്റെയും പരിശ്രമശീലത്തിന്റെയും ഉടമയായ പൂവഞ്ചേരി പ്രബോധനം എന്റെമേല്‍ കെട്ടിയേല്‍പിക്കുകയും എന്നെക്കൊണ്ട് വായിപ്പിക്കുകയും ചെയ്യുമായിരുന്നു. അതിനുമുമ്പേതന്നെ നാട്ടില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുകയും ഉടന്‍തന്നെ അതിന്നെതിരില്‍ വ്യാപകമായ ഖണ്ഡന പ്രസംഗങ്ങളും മറ്റും നടക്കുകയും ചെയ്തിരുന്നു. വെറും കൗതുകത്തോടെയാണ് അതൊക്കെ നോക്കിനിന്നതെങ്കിലും വാണിയമ്പലം അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാരുടെയും മറ്റും പ്രസംഗങ്ങളില്‍ പ്രബോധനം ഉടനീളം പ്രതിപാദിക്കപ്പെട്ടു; അപ്പോള്‍ പ്രബോധനം വായിക്കാന്‍ താല്‍പര്യമുണ്ടായി. ക്രമേണ പ്രബോധനം എന്റെ വായനാ മണ്ഡലത്തിലേക്ക് കടന്നുവന്നു; മറ്റു മതപ്രസിദ്ധീകരണങ്ങളും കുറച്ചൊക്കെ അക്കാലത്ത് വായിച്ചു തുടങ്ങിയിരുന്നു. എങ്കിലും മതത്തിലെ തര്‍ക്കവിഷയങ്ങള്‍ എന്റെ 'കണ്‍സേണ്‍' ആയിരുന്നില്ല.
പ്രബോധനം എന്നെ ആകര്‍ഷിച്ചത് അതിലെ ലേഖനങ്ങളുടെയും ചര്‍ച്ചകളുടെയും മറ്റും ഊന്നല്‍ ശാഖാപരമായ തര്‍ക്കങ്ങളിലല്ലായിരുന്നു എന്നതിനാലാണ്. ഇസ്‌ലാം മതത്തിന്റെ രാഷ്ട്രീയമായ ഉള്ളടക്കത്തിലാണ് പ്രബോധനം ശ്രദ്ധവെച്ചത്. ജമാഅത്തെ ഇസ്‌ലാമി മുന്നോട്ടുവെക്കുന്ന പൊളിറ്റിക്കല്‍ ഇസ്‌ലാം, അന്നേതന്നെ വ്യതിരിക്തമായ ഒരാശയമായി എനിക്കനുഭവപ്പെട്ടു, എനിക്കതിനോട് മമതയില്ലായിരുന്നുവെങ്കിലും. 'പ്രതിപക്ഷ പത്രം' എന്നായിരുന്നു അന്ന് പ്രബോധനം സ്വയം അവകാശപ്പെട്ടത്. പക്ഷം എന്നാല്‍ രണ്ടാഴ്ച. രണ്ടാഴ്ചയിലൊരിക്കല്‍ പുറത്തുവരുന്ന പത്രം എന്ന അര്‍ഥത്തില്‍ പാക്ഷികം എന്നും പ്രതിപക്ഷ പത്രം എന്നും പറയാമല്ലോ. പ്രബോധനത്തിന്റെ പ്രവര്‍ത്തകര്‍ രണ്ടാമത്തേതാണ് തെരഞ്ഞെടുത്തത്. പക്ഷേ, എനിക്ക് തോന്നിയത് പ്രബോധനം, മുഖ്യപക്ഷത്തിന്റെ എതിര്‍പക്ഷത്ത് നില്‍ക്കുന്നു എന്ന അര്‍ഥധ്വനികൂടി ആ പ്രയോഗത്തിനുണ്ടായിരുന്നു എന്നാണ്. മുഖ്യധാരാ ഇസ്‌ലാമിന്റെ പ്രതിപക്ഷത്തായിരുന്നു പ്രബോധനം പരിചയപ്പെടുത്തിയ ഇസ്‌ലാം. മുഖ്യധാരയില്‍ സ്ഥാനം പിടിച്ച ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ എതിര്‍പക്ഷത്തായിരുന്നു പ്രബോധനത്തിലൂടെ അവതരിപ്പിക്കപ്പെട്ട രാഷ്ട്രീയ ദര്‍ശനം. ഈ എതിര്‍ നിലപാടാണ് എനിക്ക് പ്രബോധനത്തിന്റെ മൗലികത ബോധ്യപ്പെടുത്തിയത്. മറ്റു ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങള്‍ക്ക് ഇല്ലാതിരുന്നതും ഇതുതന്നെ.
അക്കാലത്തെ ഒട്ടുമുക്കാലും പ്രസിദ്ധീകരണങ്ങള്‍ തീരെ അനാകര്‍ഷകമായിരുന്നു. ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങളുടെ കാര്യം പറയാനുമില്ല. പ്രബോധനവും വ്യത്യസ്തമായിരുന്നില്ല. അച്ചടിയും സാങ്കേതിക വിദ്യയും അക്കാലത്ത് അത്രയൊക്കെയേ വളര്‍ന്നിരുന്നുള്ളൂ എന്നതാണ് അതിനു കാരണം; ഇടക്കെപ്പോഴോ പ്രബോധനം ടാബ്ലോയ്ഡ് രൂപത്തിലേക്ക് മാറി. ടാബ്ലോയിഡ് രൂപത്തില്‍ പുറത്തിറങ്ങിയ പ്രബോധനമായിരുന്നു എനിക്ക് ഏറെ ഇഷ്ടം; ഒരുപക്ഷേ, അതാവാം പത്രത്തിന്റെ പുഷ്‌കലകാലം. ക്രമേണ ഉള്ളടക്കത്തിലും പ്രബോധനത്തിന് കാലികത വന്നുതുടങ്ങി. ഇസ്‌ലാമിന്റെ രാഷ്ട്രീയദര്‍ശനത്തെ സാമാന്യമായി അവതരിപ്പിക്കുന്നതിനപ്പുറത്തേക്ക് കടന്നു കൊണ്ട് ദേശീയ-അന്തര്‍ദേശീയ-പ്രാദേശിക രാഷ്ട്രീയം വിശകലനം ചെയ്യുന്ന കുറിപ്പുകളും ലേഖനങ്ങളും മുഖപ്രസംഗങ്ങളും പ്രത്യക്ഷപ്പെട്ടു. ചോദ്യോത്തരങ്ങള്‍ക്ക് മൂര്‍ച്ച കൂടി. കത്തുകളുടെ പംക്തി സജീവമായി. മതത്തെ അതിന്റെ സമൂര്‍ത്തതയില്‍ തളച്ചിടാതെ ഒരു സമകാലികാനുഭവമായി പ്രത്യക്ഷപ്പെടുത്തുന്ന സമീപനമാണ് പ്രബോധനം വാരിക സ്വീകരിച്ചത്. മാസിക വേറെയുമുണ്ടായിരുന്നു. അത് കുറേകൂടി കനപ്പെട്ട ഉള്ളടക്കം തേടിപ്പോയി.
പ്രബോധനത്തിന്റെ ഒരു പ്രത്യേകത അതിന്റെ മുഖമുദ്രയായിത്തീര്‍ന്ന നിരീക്ഷണങ്ങളുടെ മുനക്കൂര്‍പ്പായിരുന്നു. മുസ്‌ലിം രാഷ്ട്രീയത്തില്‍ കേരളത്തില്‍ മേല്‍ക്കൈ മുസ്‌ലിം ലീഗിനായിരുന്നുവല്ലോ. ലീഗിനെ തൊടാന്‍ മതസംഘടനകള്‍ക്കൊക്കെ പേടിയാണ് അക്കാലത്ത്. മുസ്‌ലിം ലീഗിന്റെ നയങ്ങള്‍ക്കെതിരായി എഴുതാന്‍ പ്രബോധനം ധൈര്യംകാട്ടി. അതേപോലെ ഇസ്‌ലാം ആന്‍ഡ് മോഡേണ്‍ ഏജ് സൊസൈറ്റി പോലെയുള്ള പ്രസ്ഥാനങ്ങള്‍ക്കെതിരായും ശക്തമായ യുദ്ധം നടത്താന്‍ പ്രബോധനത്തിന് സാധിച്ചു. ഇത്തരം യുദ്ധങ്ങള്‍, സമൂഹത്തില്‍ ആശയപരമായ സംവാദം വളര്‍ത്തിയെടുക്കുന്നതിന് എത്രത്തോളം സഹായിച്ചിട്ടുണ്ട് എന്നൊക്കെ ഇന്ന് ആലോചിക്കുമ്പോള്‍ സംശയം തോന്നുന്നുണ്ടെങ്കിലും ഇസ്‌ലാമിന്റെ കേസ് തങ്ങളുടെ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ ശക്തമായി വാദിക്കാന്‍ പ്രബോധനത്തിനു കഴിഞ്ഞു എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. പ്രബോധനത്തിന്റെ പ്രസക്തി ഇതുതന്നെയാണ്. മറ്റു മതപ്രസിദ്ധീകരണങ്ങളേക്കാള്‍ പ്രബോധനത്തിന് സ്വീകാര്യതയുണ്ടാവാന്‍ നിലപാടുകളില്‍ പ്രകടമാക്കപ്പെട്ട ഈ കരുത്ത് കാരണമായിത്തീര്‍ന്നിരിക്കണം.
ഇതര ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പ്രബോധനത്തില്‍ വന്ന രചനകളുടെ ഭാഷ മെച്ചപ്പെട്ടതായിരുന്നു. തുടക്കത്തില്‍ സംസ്‌കൃതാഭിമുഖ്യം അല്‍പം കൂടുതലായിരുന്നുവെങ്കിലും ക്രമേണ പച്ച മലയാളത്തിലേക്ക് പ്രബോധനം കളംമാറിച്ചവിട്ടിത്തുടങ്ങി. ഇതേപ്പറ്റി ഒരു കഥയുണ്ട്. ഒരിക്കല്‍ ഏതോ ജമാഅത്ത് പ്രവര്‍ത്തകനോട് ഒരു സംഘടനാ നേതാവ് താന്‍ പ്രബോധനത്തിലെഴുതിയ ഒരു ലേഖനത്തെപ്പറ്റി അഭിപ്രായം ചോദിച്ചുവത്രെ. കടുകട്ടിയായ ഭാഷയില്‍ എഴുതിയ ഒരു ലേഖനമായിരുന്നു അത്. ഭവ്യതയോടെ പ്രവര്‍ത്തകന്‍ ഇങ്ങനെ പറഞ്ഞു: 'നന്നായിട്ടുണ്ട്, പക്ഷേ, അതിന്റെ പരിഭാഷയും കൂടി കൊടുത്തിരുന്നുവെങ്കില്‍ കൂടുതല്‍ നന്നായേനെ...' ആദ്യകാലത്ത് തര്‍ജമകൂടി ആവശ്യപ്പെടുന്ന ഇത്തരം ലേഖനങ്ങളായിരുന്നു പലപ്പോഴും അച്ചടിച്ചു വന്നിരുന്നതെങ്കിലും പില്‍ക്കാലത്ത് ആ പരിമിതി പ്രബോധനം മറികടന്നു. ഓജസ്സുള്ള ഭാഷയിലാണ് മതകാര്യങ്ങള്‍ പത്രത്തില്‍ പ്രതിപാദിച്ചിരുന്നത്. അറിവും വായനയും എഴുതാന്‍ ശേഷിയുമുള്ള ചെറുപ്പക്കാര്‍ ധാരാളമായി പ്രബോധനത്തിന്റെ അമരത്തിരിക്കാന്‍ തുടങ്ങിയതോടെ മറ്റേതു മുഖ്യധാരാ പ്രസിദ്ധീകരണത്തിന്റെയും നിലവാരം പ്രബോധനത്തിന്റെ ഭാഷക്കും കൈവന്നു എന്നുപറയാം. ഇപ്പോള്‍, മിക്കവാറും ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങളെല്ലാം ഈ അവസ്ഥയിലേക്ക് എത്തിച്ചേര്‍ന്നിട്ടുണ്ട്.
ഭാഷയില്‍ മാത്രമല്ല ഉള്ളടക്കത്തിലും ഈ മാറ്റം പ്രകടമാക്കാന്‍ പ്രബോധനത്തിനു കഴിഞ്ഞു. മുസ്‌ലിം സമൂഹത്തിന്റെ ശ്രദ്ധ ആവശ്യപ്പെടുന്ന വിഷയങ്ങളെ പൊതുചര്‍ച്ചക്ക് വിധേയമാക്കാന്‍ പ്രബോധനം താല്‍പര്യപ്പെട്ടു തുടങ്ങിയത് അങ്ങനെയാണ്. പ്രബോധനം ഒരു ഘട്ടത്തില്‍ പുറത്തിറക്കിയ 'ശരീഅത്ത് പതിപ്പ്' ഓര്‍ക്കുക. മുസ്‌ലിം വ്യക്തിനിയമത്തില്‍ മാറ്റങ്ങള്‍ വരുത്തേണ്ട ആവശ്യകതയെപ്പറ്റിയുള്ള ലേഖനങ്ങള്‍ മുമ്പും പ്രബോധനത്തില്‍ അച്ചടിച്ചുവന്നിരുന്നുവെങ്കിലും 'ശരീഅത്ത് പരിഷ്‌കരണം' എന്ന വിഷയത്തെ മാത്രം ആസ്പദമാക്കി ഒരു പതിപ്പ് എന്നത് എടുത്തുപറയാവുന്ന കുതിച്ചുചാട്ടമായിരുന്നു. മുസ്‌ലിം വ്യക്തിനിയമവുമായി ബന്ധപ്പെട്ട പല മിഥ്യാ ധാരണകളെയും ഈ പതിപ്പിലെ ചില ലേഖനങ്ങള്‍ തുറന്നുകാട്ടുകയും മുസ്‌ലിംകള്‍ക്കിടയില്‍ ശരീഅത്ത് പരിഷ്‌കരണവുമായി ബന്ധപ്പെട്ട മുന്‍വിധികളില്ലാത്ത ചര്‍ച്ചകള്‍ക്ക് അത് വഴിതുറക്കുകയും ചെയ്തു. എന്നാല്‍ പില്‍ക്കാലത്ത് ഈ ദിശയില്‍ പ്രബോധനം മുന്നോട്ടുപോയില്ല. എന്നുമാത്രമല്ല, മുസ്‌ലിം പൊതുസമൂഹത്തിന്റെ അനിഷ്ടത്തിന് വഴിവെച്ചേക്കാവുന്ന ചര്‍ച്ചകള്‍ വേണ്ടെന്നുവെക്കുകയാണ് പ്രബോധനം ചെയ്തത്; യഥാര്‍ഥത്തില്‍ ഈ സമീപനം മുസ്‌ലിം സമുദായത്തിന്റെ ഉള്ളില്‍ വളര്‍ന്നുവരേണ്ട ആശയപരമായ ചര്‍ച്ചകളെ നിരുത്സാഹപ്പെടുത്തുന്ന അവസ്ഥയിലാണ് എത്തിച്ചേര്‍ന്നത്. പ്രബോധനത്തിന്റെ പിന്നാക്കം പോക്കായി മാത്രമേ അതിനെ വിലയിരുത്താന്‍ കഴിയുകയുള്ളൂ.
മുസ്‌ലിം സമുദായത്തില്‍ ഇന്ന് നടക്കുന്ന ആശയപരമായ അന്തഃക്ഷോഭങ്ങളെ അഭിമുഖീകരിക്കുന്നതില്‍ പ്രബോധനത്തിന്റെ ദൗത്യം എത്രത്തോളമാണ് എന്നാലോചിക്കുമ്പോള്‍, വളരെയൊന്നും അഭിമാനകരമായ റോള്‍ ഇല്ല എന്നു പറയേണ്ടിവരുന്നു. ഒരു സംഘടനാ പത്രത്തിന്റെ പരിമിതികള്‍ ദുര്‍ബലപ്പെടുത്തിയ പ്രബോധനമാണ്, കെട്ടിലും മട്ടിലും ആകര്‍ഷകമാകാന്‍ വെമ്പിക്കൊണ്ടിരിക്കുന്നതെങ്കിലും, ഇന്ന് നമുക്ക് മുമ്പാകെയുള്ളത്. ആശയസംവാദത്തിന്റെ മേഖലകള്‍ തുറന്നിടാന്‍ ശ്രമിക്കുന്ന ഒരു പ്രസിദ്ധീകരണം അനുവദിക്കുന്ന തുറവി പലപ്പോഴും പ്രബോധനത്തില്‍ ഇന്ന് കാണാനില്ല. മറിച്ച്, മത-രാഷ്ട്രീയ മണ്ഡലങ്ങളില്‍ ജമാഅത്തെ ഇസ്‌ലാമി ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടുകളെ പ്രതിരോധിക്കുക എന്ന ബാധ്യതയാണ് മിക്കപ്പോഴും അതു നിറവേറ്റിക്കൊണ്ടിരിക്കുന്നത്. ലേഖനങ്ങളുടെ കാര്യമിരിക്കട്ടെ, പത്രാധിപര്‍ക്കുള്ള കത്തുകള്‍ പോലും, സംഘടനാ താല്‍പര്യത്തിന്റെ കത്രികകൊണ്ട് വെട്ടിക്കളഞ്ഞാണ് പ്രസിദ്ധപ്പെടുത്തുന്നതെന്ന് വായനക്കാര്‍ (എഴുത്തുകാരും) കരുതുന്നതില്‍ ന്യായമുണ്ട്. അതുകൊണ്ടുതന്നെ ഇസ്‌ലാമിക ലോകത്ത് നടക്കുന്ന ആശയസംവാദങ്ങള്‍ക്ക് അതര്‍ഹിക്കുന്ന ഗൗരവത്തോടെ പ്രബോധനം ഇടം നല്‍കാറില്ല. രാഷ്ട്രീയ ഇസ്‌ലാമിന്റെ പരിമിതികളെ ഉല്ലംഘിക്കാന്‍ പത്രം ശ്രമിക്കാറില്ലെന്നല്ല പറയുന്നത്. എന്നാല്‍ ഇസ്‌ലാം പുതിയ കാലത്ത്, അമ്പരപ്പിക്കുന്ന തരത്തില്‍ പുതിയ വ്യാഖ്യാനങ്ങളിലേക്കും ധാരകളിലേക്കും സഞ്ചരിക്കുന്നുണ്ട്. ഈ ധാരകളെ കേരളത്തിലെ മുസ്‌ലിം സമൂഹത്തിന് പരിചയപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ പ്രബോധനത്തില്‍ കമ്മിയാണ്. യാഥാസ്ഥിതികമെന്ന് വിളിക്കപ്പെടുന്ന ചില പ്രസിദ്ധീകരണങ്ങള്‍ സഞ്ചരിക്കുന്ന ദൂരങ്ങള്‍ പോലും പ്രബോധനത്തിന് പലപ്പോഴും അപ്രാപ്യമാണ്; പ്രതിപക്ഷ പത്രമല്ല, മുഖ്യധാരാ പത്രമാണ് പ്രബോധനം എന്ന നിഗമനത്തിലേക്കാണ് അതു നമ്മെ നയിക്കുക. അറുപതാം വര്‍ഷത്തില്‍ എത്തിനില്‍ക്കുമ്പോള്‍, ഒരു പ്രസിദ്ധീകരണത്തിന് അതിന്റെ മൗലികതയില്‍ ചോര്‍ച്ച വന്നിട്ടുണ്ടോ എന്ന കാര്യം ഗൗരവത്തോടെ തന്നെ പുനരാലോചനക്ക് വിധേയമാക്കേണ്ടതുണ്ടല്ലോ.
ചെറിയൊരു ഉദാഹരണം മാത്രം പറയാം - ഈയിടെ പ്രബോധനത്തില്‍ ഒരു ചര്‍ച്ച നടന്നു. 'മഴവില്‍ ലോകത്തെ ഇസ്‌ലാം' എന്ന വിഷയത്തെ ആധാരമാക്കി നടന്ന ഈ ചര്‍ച്ചയുടെ ആമുഖലേഖനം തൊട്ട് അച്ചടിച്ചുവന്നവയില്‍ ഒട്ടുമുക്കാലും, ഒട്ടും ഗൗരവത്തോടെയല്ലാതെ വിഷയത്തെ സമീപിച്ച അലസരചനകളായിരുന്നു. സ്വയം വിശ്വാസമില്ലാത്ത കാര്യങ്ങള്‍ മറ്റേതോ നിര്‍ബന്ധത്താലെന്നോണം ആവര്‍ത്തിക്കുകയായിരുന്നു ഏതാണ്ടെല്ലാവരും. അതിനാല്‍ ആമുഖ ലേഖകന്‍ മുന്നോട്ടുവെച്ച തീമിനെ നിരാകരിക്കുന്ന, അബ്ദുല്ലത്വീഫ് കൊടുവള്ളിയുടെയും മുഹമ്മദ് കാടേരിയുടെയും രചനകളാണ്, അവയുടെ കൃത്യതകൊണ്ടും നിരീക്ഷണങ്ങളിലെ വ്യക്തതകൊണ്ടും മുന്നിട്ടുനിന്നത്. ഇത് അവധാനതയുടെ മാത്രം പ്രശ്‌നമല്ല, പ്രബോധനമുണ്ടാക്കിയ വായനാ സംസ്‌കാരത്തിന്റെ ഉല്‍പന്നങ്ങളായ എഴുത്തുകാരുടെ ഭാഗത്തുനിന്ന് അതതു വിഷയങ്ങളെ സമീപിക്കുന്നതില്‍ സംഭവിക്കുന്ന നിലവാരത്തകര്‍ച്ചയുടെ കൂടി സൂചനയാണ്. അതിനാല്‍ അറുപതാണ്ടുകള്‍ക്കു ശേഷവും, ശക്തമായ ചില പൊളിച്ചെഴുത്തുകള്‍ പ്രബോധനം ആവശ്യപ്പെടുന്നു എന്നു തന്നെ പറയണം. ഒരുപക്ഷേ, എല്ലാ പ്രസിദ്ധീകരണങ്ങളും നേരിടുന്ന പ്രശ്‌നമാവാം ഇത്. ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളും അഭിമുഖീകരിക്കുന്ന 'പൈങ്കിളിവല്‍ക്കരണ'ത്തിന്റെ പ്രശ്‌നം തന്നെ. മതപ്രസിദ്ധീകരണങ്ങളെയും അതു ബാധിക്കുന്നു എന്ന വേവലാതി മാത്രമേ ഈ കുറിപ്പിനു പിന്നിലുള്ളൂ കെട്ടോ!

Comments

Other Post