Prabodhanm Weekly

Pages

Search

2009 അറുപതാം വാര്‍ഷികപ്പതിപ്പ്‌

'പ്രബോധനം കിടക്കുന്നു; ഇവര്‍ വഞ്ചിക്കില്ല'

എ. സൈനുദ്ദീന്‍ കോയ

പതിനഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് നാട്ടിലെ കെട്ടിട നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന പ്രമുഖ സ്ഥാപനത്തിലേക്ക് ഒരു സംഘം ആളുകള്‍ കയറിവന്നു. അവര്‍ക്ക് വിലക്കുറവും ഗുണമേന്മയും ഉള്ള സാധന സാമഗ്രികള്‍ വേണം. പല കടകളിലും കയറിയിറങ്ങിയാണ് ഇവിടെ എത്തിയത്. കടയില്‍ മേശപ്പുറത്ത് പ്രബോധനം വാരിക കിടക്കുന്നത് കണ്ടു. അപ്പോള്‍, വന്നവരിലൊരാള്‍ മറ്റുള്ളവരോട് പറഞ്ഞു: 'പേടിക്കേണ്ട, ദാ പ്രബോധനം കിടക്കുന്നു; ഇവര്‍ നമ്മെ വഞ്ചിക്കില്ല.' ഇതു കേട്ട പ്രസ്ഥാന ഗുണകാംക്ഷിയായ കടയുടമ അവരോട് കാര്യം തിരക്കി. അവര്‍ പറഞ്ഞു: 'നിങ്ങള്‍ പ്രബോധനം വായിക്കുന്നവരായതുകൊണ്ട് വ്യാപാരത്തില്‍ സത്യസന്ധതയുണ്ടാകുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.'
****
കോളേജ് അധ്യാപകനും അറിയപ്പെട്ട പ്രഭാഷകനുമായിരുന്ന ഒരു വ്യക്തിയെ (ഇപ്പോള്‍ ജീവിച്ചിരിപ്പില്ല) വാരികക്ക് പോസ്റ്റല്‍ വരി ചേര്‍ത്തു. ഏതാനും ആഴ്ച കഴിഞ്ഞ് പ്രതികരണം അറിയാനായി സമീപിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞതിപ്രകാരമാണ്: 'നിങ്ങളെന്തുകൊണ്ട് വളരെ മുമ്പേതന്നെ ഈ വാരിക എനിക്ക് നല്‍കിയില്ല. എന്നെപ്പോലുള്ളവര്‍ക്ക് പരമാവധി ഇതെത്തിക്കണം.' പിന്നീട് മരണം വരെ പ്രബോധനത്തിന്റെ വരിക്കാരനും തന്റെ പ്രഭാഷണങ്ങള്‍ക്ക് വാരിക ഉപയോഗപ്പെടുത്തുന്നയാളുമായിരുന്നു അദ്ദേഹം.
***
ഇടതുപക്ഷ തൊഴിലാളി പ്രസ്ഥാനത്തിന്റെ ജില്ലയിലെ പ്രമുഖനായ ഒരു നേതാവ്, അമുസ്‌ലിം സഹോദരന്‍. ഏതാനും വര്‍ഷമായി വാരികയുടെ സ്ഥിരം വായനക്കാരനാണ്. വരിസംഖ്യ തീര്‍ന്നതിനുശേഷം വരി പുതുക്കാനായി അദ്ദേഹത്തിന്റെ വസതിയില്‍ ചെന്നപ്പോള്‍ അദ്ദേഹമില്ലായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ പ്രതികരിച്ചതിങ്ങനെയാണ്: 'പുതിയ ലക്കങ്ങള്‍ മൂന്നാഴ്ചയായി മുടങ്ങിയിരിക്കുകയാണ്. അതിനാല്‍ ഞങ്ങള്‍ കുടുംബസമേതം പഴയ ലക്കങ്ങള്‍ ആവര്‍ത്തിച്ചു നോക്കാറാണ് പതിവ്.'
***
കഴിഞ്ഞ ഇരുപത്തൊമ്പത് വര്‍ഷമായി വാരികയും മാസികയും മുടങ്ങാതെ വായിക്കുന്ന ഒരാളാണ് ഞാന്‍. അതോടൊപ്പം അതിനു മുമ്പിറങ്ങിയ പഴയ ലക്കങ്ങളും കഴിയുന്നത്ര തേടിപ്പിടിച്ചു വായിച്ചിരുന്നു. പ്രത്യേകിച്ച് ചോദ്യോത്തര പംക്തി. ഇതില്‍ പ്രബോധനം മാസികയിലെ 'പ്രശ്‌നവും വീക്ഷണവും' എന്ന പംക്തിയിലൂടെ അബൂ ശാകിര്‍ എന്ന തൂലികാ നാമത്തില്‍ പ്രഗത്ഭ പണ്ഡിതനായിരുന്ന ടി.ഇസ്ഹാഖലി മൗലവി വ്യത്യസ്ത വിഷയങ്ങളില്‍ പണ്ഡിതോചിതമായ മറുപടികള്‍ നല്‍കിയിരുന്നു. 'പുരുഷന്മാര്‍ക്ക് സ്വര്‍ണം ഹറാമാണോ?' എന്ന ചോദ്യത്തിന്റെ ഉത്തരം വായിച്ചപ്പോള്‍, മൗലാനാ മൗദൂദി ഖത്മുന്നുബുവ്വത്ത് എന്ന കൃതിയില്‍ വിഷയത്തെ യുക്തിപരമായി അപഗ്രഥിച്ച രീതിയാണ് ഓര്‍ത്തുപോയത്. മതമുള്ളവനും ഇല്ലാത്തവനുമുള്‍പ്പെടെ എല്ലാ തലത്തിലുമുള്ള വരെയും തൃപ്തിപ്പെടുത്തുംവിധം യുക്തിഭദ്രവും വൈജ്ഞാനികവുമായിരുന്നു ആ ഉത്തരം. പില്‍ക്കാലത്ത് പല പ്രമുഖ പണ്ഡിതന്മാരും ഇതേ വിഷയത്തിനു മറുപടി നല്‍കിയിട്ടുണ്ടെങ്കിലും മേല്‍പറഞ്ഞതിനോളം സമഗ്രമോ സംതൃപ്തമോ ലളിതമോ അല്ല ആ ഉത്തരങ്ങളൊന്നും.
(20 വര്‍ഷമായി പ്രബോധനം ഏജന്റാണ് കുറിപ്പുകാരന്‍- 9947996775)

Comments

Other Post