Prabodhanm Weekly

Pages

Search

2009 അറുപതാം വാര്‍ഷികപ്പതിപ്പ്‌

മലയാളികള്‍ക്ക് ഇസ്‌ലാം പഠിപ്പിച്ച വാരിക

പ്രഫ. ഓമാനൂര്‍ മുഹമ്മദ്‌

1960-ല്‍, സ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് മലയാള പ്രസംഗത്തില്‍ ഒന്നാം സ്ഥാനം നേടിയതിന് സ്‌കൂള്‍ വാര്‍ഷികത്തില്‍വെച്ച് സമ്മാനമായി ലഭിച്ച പുസ്തകങ്ങളുടെ കൂട്ടത്തില്‍ മൗലാനാ മൗദൂദിയുടെ 'ബുദ്ധിയുടെ വിധി'യും, രിസാലെ ദീനിയ്യാത്തിന്റെ ഇംഗ്ലീഷ് പരിഭാഷയുമുണ്ടായിരുന്നു. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ജമാഅത്ത് സാഹിത്യങ്ങളുമായി പരിചയപ്പെടാന്‍ തുടങ്ങിയത് അന്നുമുതല്‍ക്കാണ്. അന്നുതൊട്ട് ഇന്നു വരെ ജമാഅത്ത് പ്രസിദ്ധീകരണങ്ങള്‍ വായിക്കുന്നതില്‍ ഞാന്‍ പിശുക്ക് കാട്ടാറില്ല. കേരളത്തില്‍, മലയാള ഭാഷയില്‍ ഇസ്‌ലാമിക സാഹിത്യങ്ങള്‍ക്ക് ഏറെ പ്രചാരം നല്‍കുന്നതില്‍ പ്രബോധനം വാരികയും പാക്ഷികവും മാസികയും ഏറെ സഹായിച്ചിട്ടുണ്ട്.
ഇന്ന് മുസ്‌ലിം സമുദായത്തില്‍ സമസ്ത, മുജാഹിദ്, ജമാഅത്ത് തുടങ്ങിയ മുഖ്യവിഭാഗങ്ങള്‍ക്കും അല്ലാത്തവര്‍ക്കും ധാരാളം പ്രസിദ്ധീകരണങ്ങളുണ്ട്. നദ്‌വത്തിന്റെ 'ഇസ്‌ലാഹ്' പോലെയുള്ള പ്രസിദ്ധീകരണങ്ങള്‍ ഒന്നാംതരം 'സറ്റയറു'കളാണ്; അതിലെ ലേഖനങ്ങള്‍ വായിക്കുമ്പോള്‍ ആംഗല കവികളായ അലക്‌സാണ്ടര്‍ പോപ്പിന്റെ 'ഡണ്‍സിയാഡും' ജോണ്‍ ഡ്രൈഡന്റെ 'മാക്ക് ഫ്‌ളെക്ക്‌നോ'യും മൊക്കെ വായിക്കുമ്പോഴുണ്ടാകുന്ന അനുഭൂതിയാണ് ലഭിക്കുന്നത്. കഠിനമായ ഹാസ്യ വിമര്‍ശനങ്ങളിലൂടെ വീക്ഷണ വ്യത്യാസമുള്ള വ്യക്തികളെയും സംഘടനകളെയും 'വഴിക്ക്' കൊണ്ടുവരാനാണ് ഇത്തരം പ്രസിദ്ധീകരണങ്ങള്‍ ശ്രമിക്കുന്നതെന്ന് തോന്നുന്നു.
എന്നാല്‍ ഈ നിലപാടില്‍നിന്നും ഏറെ ഭിന്നമാണ് പ്രബോധനത്തിന്റെ ശൈലി എന്നത് ശുഭോദര്‍ക്കമാണ്. വിമര്‍ശനത്തിന് മുതിരുമ്പോള്‍ പ്രതിപക്ഷ ബഹുമാനവും മാന്യതയും പുലര്‍ത്താന്‍ പ്രബോധനം വളരെയേറെ ശ്രദ്ധിക്കുന്നുണ്ട്. മുസ്‌ലിംകളുടെ മിക്ക പ്രസിദ്ധീകരണങ്ങളിലും ഇസ്‌ലാമിക ചരിത്രവും കര്‍മശാസ്ത്രവിധികളും അനാവരണം ചെയ്തുകൊണ്ടുള്ള ലേഖനങ്ങളാണ് പ്രസിദ്ധീകരിച്ചുവരാറുള്ളത്. മതപരമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ളതും എന്നാല്‍ വളരെയൊന്നും വിശ്വസനീയമല്ലാത്തതുമായ പല കഥകളും നമ്മുടെ പ്രസിദ്ധീകരണങ്ങള്‍ വെളിച്ചത്ത് കൊണ്ടുവരാറുണ്ട്. മുസ്‌ലിം വായനക്കാരെ സംബന്ധിച്ചേടത്തോളം ഇത് പലപ്പോഴും ദോഷം ചെയ്യാറില്ല. എന്നാല്‍ അമുസ്‌ലിംകളായ വായനക്കാര്‍ക്ക് ഇസ്‌ലാമിനെ ശരിയാംവിധം മനസ്സിലാക്കുന്നതിന് ഇത്തരം ലേഖനങ്ങള്‍ ഏറെ പ്രയോജനപ്പെടുന്നില്ലെന്നതാണ് വസ്തുത. ഈ കുറവ് പരിഹരിക്കുന്നതിന് പ്രബോധനം ഏറെ സഹായിച്ചിട്ടുണ്ട്. പ്രബോധനത്തിലെ ലേഖനങ്ങളും പ്രമേയങ്ങളും മുസ്‌ലിംകള്‍ക്കെന്നപോലെ മറ്റുള്ളവര്‍ക്കും പ്രയോജനപ്പെടുന്നവയാണ്. ഇസ്‌ലാമിന്റെ ആത്മീയവശം വരച്ചുകാട്ടുന്ന ലേഖനങ്ങള്‍ മാത്രമല്ല, അതിന്റെ പ്രാസ്ഥാനിക സ്വഭാവം വിവരിക്കുന്ന ലേഖനങ്ങളും പ്രബോധനം ധാരാളം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മറ്റു സംഘടനകളെ അമിതമായി വിമര്‍ശിച്ചും ഗുണദോഷിച്ചും പേജുകള്‍ വെറുതെ കളയുന്ന പ്രവണത പ്രബോധനം അധികമൊന്നും സ്വീകരിച്ചിട്ടില്ല.
വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് മുജീബ് നല്‍കുന്ന മറുപടികളിലൂടെ വാരിക അതിന്റെ നയം വിശദീകരിക്കാറുണ്ട്. മുജീബിന്റെ മറുപടികളോട് ചിലപ്പോള്‍ വിയോജിപ്പ് തോന്നാറുണ്ടെങ്കിലും ചോദ്യങ്ങള്‍ക്ക് ഉചിതമായ മറുപടികള്‍ നല്‍കിക്കൊണ്ട് വാരികയുടെ ദൗത്യം യുക്തിബന്ധുരമായിത്തന്നെ നിര്‍വഹിക്കാന്‍ മുജീബിന് സാധിച്ചിട്ടുണ്ട്.
ആഴ്ചതോറും പ്രസിദ്ധീകരിച്ചുവരുന്ന ഖുര്‍ആന്‍ ബോധനവും പ്രയോജനപ്രദമാണ്. ഇന്നത്തെ ലോകത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് ഖുര്‍ആനും നബിചര്യയും എന്ത് പരിഹാരം നിര്‍ദേശിക്കുന്നുവെന്നത് മുസ്‌ലിംകളല്ലാത്ത വായനക്കാര്‍ക്ക് ഹൃദ്യമായ ശൈലിയില്‍ അവതരിപ്പിക്കാന്‍ സാധിച്ചിട്ടുള്ള മലയാളത്തിലെ ഏക്രപസിദ്ധീകരണമായി പ്രബോധനം തിളങ്ങി നില്‍ക്കുന്നു. ഇത് പറയാനുള്ള കാരണം മറ്റു പ്രസിദ്ധീകരണങ്ങളധികവും ഇസ്‌ലാമിനെക്കുറിച്ച് മുസ്‌ലിംകള്‍ക്ക് മാത്രം പഠിക്കാനും മനസ്സിലാക്കാനും പറ്റുന്ന ലേഖനങ്ങളാണ് പ്രസിദ്ധീകരിച്ചുവരുന്നത് എന്നതുകൊണ്ടാണ്. മുസ്‌ലിംകളല്ലാത്തവര്‍ക്ക് ഇസ്‌ലാമിനെ മനസ്സിലാക്കാനുള്ള പ്രസിദ്ധീകരണങ്ങളും പുസ്തകങ്ങളും ഇന്നും വിരളമാണ്. ഈ കുറവ് നികത്തുന്നതില്‍ പ്രബോധനം കുറേയൊക്കെ വിജയിച്ചിട്ടുണ്ട്. പ്രബോധനം ജമാഅത്തെ ഇസ്‌ലാമിയുടെ ഔദ്യോഗിക ജിഹ്വയാണെന്ന വസ്തുത വിസ്മരിച്ചുകൊണ്ടല്ല ഇതെഴുന്നത്. 'ആരെങ്കിലും അണുത്തൂക്കം നന്മ ചെയ്താല്‍ അതവര്‍ കാണും' എന്ന ഖുര്‍ആനിക തത്ത്വത്തിന്റെ വെളിച്ചത്തിലാണ് ഇത് പറയുന്നത്. നന്മയുടെ പക്ഷത്തുള്ള ആരുടെ പ്രവര്‍ത്തനവും ശ്ലാഘിക്കപ്പെടേണ്ടതാണ്.
ചില മുസ്‌ലിം മാസികകളും വാരികകളും ഇന്നും അവയുടെ അധിക പുറങ്ങളും ചെലവഴിക്കുന്നത് മുസ്‌ലിംകള്‍ക്ക് ഏകദൈവ വിശ്വാസം പഠിപ്പിക്കാനാണ്! മുഹമ്മദ് നബി വന്ന് 14 നൂറ്റാണ്ട് പിന്നിട്ടിട്ടും മുസ്‌ലിംകള്‍ തൗഹീദ് (ഏകദൈവവിശ്വാസം) പഠിച്ചിട്ടില്ല എന്ന അതിശയോക്തിപരമായ ആശയത്തെ ചുറ്റിപ്പറ്റി നാളുകള്‍ തള്ളിനീക്കുകയാണ് അവര്‍ ചെയ്യുന്നത്. ഈ രീതി ഇസ്‌ലാമിക പ്രബോധനത്തിന് തടസ്സം സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല. വിരസമായ ഈ വിവാദം വായിക്കാന്‍ ഇസ്‌ലാം മതകലാലയങ്ങളില്‍ പഠിച്ച ഒരാള്‍ക്ക് മാത്രമേ സഹിഷ്ണുതയും ക്ഷമയും ഉണ്ടാവുകയുള്ളൂ. അമുസ്‌ലിംകള്‍ക്ക് ഇത്തരം ലേഖനങ്ങളുടെ വായന 'കഠോര കുഠാരം' തന്നെയായിരിക്കും. നമ്മുടെ പ്രസിദ്ധീകരണങ്ങള്‍ ഈ വസ്തുത മനസ്സിലാക്കേണ്ടതുണ്ട്.
പ്രബോധനം ചിലപ്പോള്‍ മുസ്‌ലിം വായനക്കാര്‍ക്ക് ചിന്തോദ്ദീപകങ്ങളായ ചില കാഴ്ചപ്പാടുകളും നല്‍കാറുണ്ട്. നീല്‍ ആംസ്‌ട്രോംഗ് ചന്ദ്രനില്‍ ഇറങ്ങിയ കാലത്താണ് പ്രബോധനം ഒരു ഖുര്‍ആന്‍ വിശേഷാല്‍ പതിപ്പ് ഇറക്കിയത്. ചന്ദ്രന്‍ നാലാം ആകാശത്താണെന്നും അങ്ങോട്ട് കടക്കാന്‍ ആര്‍ക്കും സാധ്യമല്ലെന്നും ഉല്‍ക്കകള്‍കൊണ്ടുള്ള ഏറ് കിട്ടുമെന്നും ചിലര്‍ പ്രസംഗിച്ചുകൊണ്ടിരുന്ന കാലത്ത് 'സൂറത്തുര്‍റഹ്മാനി'ലെ 'യാമഅ്ശറല്‍ ജിന്നി....' എന്ന് തുടങ്ങുന്ന സൂക്തം ഗോളാന്തരയാത്രക്ക് തെളിവായി ഉദ്ധരിച്ചുകൊണ്ടുള്ള ഒരു ലേഖനം പ്രബോധനം പ്രസിദ്ധീകരിക്കുകയുണ്ടായി. ഒരു കൗതുകവീക്ഷണം എന്ന നിലക്ക് മാത്രമാണ് അന്ന് ആ ലേഖനം പ്രസിദ്ധീകരിച്ചത്. അന്ന് അതിനെ പലരും എതിര്‍ത്തിരുന്നു. പക്ഷേ ഇന്ന് ഗോളാന്തര യാത്രക്ക് തെളിവായി ഈ സൂക്തം പലരും ഉദ്ധരിക്കാന്‍ മടികാണിക്കുന്നില്ല.
ഈയിടെ 'ഇസ്‌ലാമില്‍ സ്ത്രീയുടെ പദവിയും, അവകാശങ്ങളും' വിവരിച്ചുകൊണ്ടുള്ള റാശിദുല്‍ ഗനൂശിയുടെ ലേഖനത്തില്‍ അതിരുകവിഞ്ഞ ഒരു വീക്ഷണം വാരികയില്‍ പ്രസിദ്ധീകരിച്ചത് ഓര്‍ക്കുന്നു. സ്ത്രീകള്‍ക്കും പ്രവാചകത്വ പദവി നല്‍കപ്പെട്ടിട്ടുണ്ടെന്നും മര്‍യമും ആസിയയും പ്രവാചികമാരാണെന്നുമാണ് ഗനൂശി അഭിപ്രായപ്പെട്ടത്. ഇത് ഇസ്‌ലാമിന്റെ പരമ്പരാഗത വിശ്വാസത്തിന് വിരുദ്ധമാണ്.
ദജ്ജാലിനെക്കുറിച്ചുള്ള നബിയുടെ വീക്ഷണങ്ങള്‍ ഊഹങ്ങള്‍ മാത്രമാണെന്നും അവ വഹ്‌യിന്റെ അടിസ്ഥാനത്തിലുള്ളവയല്ലെന്നുമുള്ള മൗദൂദിയുടെ വീക്ഷണം പ്രബോധനം പ്രസിദ്ധീകരിക്കുകയുണ്ടായി. ഇത് പക്ഷേ മുസ്‌ലിംകളില്‍ ചിന്താപരമായ ഉണര്‍വല്ല, വൈകാരികമായ പ്രകോപനമാണ് സൃഷ്ടിച്ചത്. ''നബി വഹ്‌യിന്റെ വെളിച്ചത്തിലല്ലാതെ ഊഹത്തിന്റെ അടിസ്ഥാനത്തില്‍ ഒന്നും പറയില്ല'' എന്ന ഖുര്‍ആന്‍ സൂക്തത്തിന് പ്രത്യക്ഷത്തില്‍ മൗദൂദിയുടെ അഭിപ്രായം എതിരാണ്. അതുപോലെ അമ്പിയാഇന്റെ ജഡവും മണ്ണുതിന്നുമെന്ന പ്രബോധനത്തിന്റെ അഭിപ്രായവും പലരെയും പ്രകോപിതരാക്കിയിട്ടുണ്ട്. എങ്കിലും സാധാരണക്കാര്‍ക്ക് ഗ്രാഹ്യമായ നിലയില്‍ ഇസ്‌ലാമിനെ അവതരിപ്പിക്കുന്നതില്‍ പ്രബോധനം കാണിച്ചുവരുന്ന ജാഗ്രതയും ഔത്സുക്യവും പ്രശംസനീയമാണ്.
കഴിഞ്ഞ രണ്ടു മൂന്ന് നൂറ്റാണ്ടുകളായി ഇസ്‌ലാം മതപ്രബോധനം കാര്യമായി നടക്കുന്നില്ല. മതേതരത്വത്തിന്റെ ചുറ്റുപാടില്‍ മതപ്രചാരണം അസ്വാരസ്യം സൃഷ്ടിക്കുമെന്ന കാഴ്ചപ്പാടിന് ഇന്ന് പലരും ഊന്നല്‍ നല്‍കിവരുന്നുണ്ട്. മുസ്‌ലിംകള്‍ മതപ്രഭാഷണ പരമ്പരകള്‍ തന്നെ നടത്തിവരാറുണ്ട്. പക്ഷേ അതുവഴി മുസ്‌ലിംകളെ ഇസ്‌ലാം മതം പഠിപ്പിക്കാനുള്ള ശ്രമം മാത്രമാണ് നടത്തുന്നത്. പക്ഷേ അതുകൊണ്ട് മാത്രം നമുക്ക് തൃപ്തിപ്പെട്ടുകൂടാ. ഇസ്‌ലാം അല്ലാഹു നല്‍കിയത് ലോകത്തിനുള്ള മതമായിട്ടാണ്. അതുകൊണ്ട് എല്ലാവര്‍ക്കും ഇസ്‌ലാം മനസ്സിലാക്കാനുതകുന്ന പ്രസിദ്ധീകരണങ്ങള്‍ ധാരാളമായി ഉണ്ടാവേണ്ടതുണ്ട്. അംഗബലത്തില്‍ ജമാഅത്തെ ഇസ്‌ലാമി മറ്റു മുസ്‌ലിം സംഘടനകളുടെ പിറകിലാണെങ്കിലും ഇസ്‌ലാമിക പ്രസിദ്ധീകരണരംഗത്ത് കേരളത്തില്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്നത് ജമാഅത്തെ ഇസ്‌ലാമിയാണെന്ന് തോന്നുന്നു.
പ്രഫ. ഓമാനൂര്‍ മുഹമ്മദ് 9495072388

Comments

Other Post