Prabodhanm Weekly

Pages

Search

2009 അറുപതാം വാര്‍ഷികപ്പതിപ്പ്‌

പ്രബോധനം എന്ന ലഹരി

സി. ദാവൂദ്‌

അല്‍ ജുമുഅത്തു ഹജ്ജുല്‍ ഫുഖറാഇ വല്‍ മസാകീന്‍; വ ഈദുല്‍ മുഅ്മിനീന്‍- മുക്രിയുടെ ആ നീട്ടിപ്പറച്ചിലിന്റെ അര്‍ഥം പിന്നീടാണ് മനസ്സിലായത്. വെള്ളിയാഴ്ച പാവങ്ങളുടെ ഹജ്ജും വിശ്വാസികളുടെ ആഘോഷ ദിവസവുമാണെന്ന്. അത് അങ്ങനെത്തന്നെയാണോ എന്നറിയില്ല. എന്നാല്‍ ഞങ്ങള്‍ നാട്ടിന്‍പുറത്തെ കുട്ടികളെ സംബന്ധിച്ചേടത്തോളം വെള്ളിയാഴ്ച ശരിക്കും ആഘോഷ ദിവസം തന്നെയായിരുന്നു. രാവിലെ എഴുന്നേറ്റ് മുഖം കഴുകി; പല്ല് തേച്ചെന്ന് വരുത്തി; മുടി ചീകിയൊപ്പിച്ച് മദ്‌റസയിലേക്ക് കെട്ടും കിതാബുമായി പോകേണ്ടതില്ല എന്നതു തന്നെ. മദ്‌റസയില്‍ പോകേണ്ടതില്ല എന്നതിനേക്കാളും വലിയ ആഘോഷം മറ്റെന്ത്? ഞങ്ങളുടെ മദ്‌റസക്ക് വലിയൊരു പ്രത്യേകതയുണ്ടായിരുന്നു. കേരളത്തില്‍ ഒരുപക്ഷേ, മറ്റൊരു മദ്‌റസക്കുമില്ലാത്ത പ്രത്യേകത. എല്ലാ മതസംഘടനകളുടെയും പാഠപുസ്തകങ്ങള്‍ പാകത്തിന് ചേര്‍ത്ത് തയാറാക്കിയ സാമ്പാര്‍ സിലബസാണ് അവിടെ. ഇ.കെ സുന്നികളുടെ അമലിയാത്ത്, എ.പി സുന്നികളുടെ ദീനിയാത്ത്, മുജാഹിദുകളുടെ അഖ്‌ലാഖ്, ജമാഅത്തുകാരുടെ താരീഖ്... അറബിയും മലയാളവും അറബിമലയാളവും പഠിച്ച് വ്യത്യസ്ത സംഘടനകളുടെ പാഠപുസ്തകങ്ങളിലൂടെ ഞങ്ങള്‍ ദീനിനെക്കുറിച്ച് അറിഞ്ഞു. മദ്‌റസയെന്നത് കുട്ടികള്‍ക്ക് ഓര്‍ക്കുമ്പോള്‍ കിതക്കുന്ന അനുഭവമാണ്. പിന്നെയിപ്പോള്‍ ഇങ്ങനെയൊരു സിലബസ് കൂടിയാവുമ്പോള്‍ ഒന്നാലോചിച്ചുനോക്കൂ. സംഘടനകള്‍ക്ക് അവരുടെ പ്രാതിനിധ്യത്തെക്കുറിച്ച് ഓര്‍ത്ത് അഭിമാനിക്കാം. കല്ലെടുക്കുന്നതോ പാവം തുമ്പികള്‍.
കുട്ടികളുടെ കൃതികള്‍ ഇന്ന് ധാരാളം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അനുഭവക്കുറിപ്പുകള്‍, സ്‌കൂള്‍ ഡയറികള്‍, കഥ, കവിത, യാത്രാ കുറിപ്പുകള്‍, അവയൊന്നുമല്ലാത്തത്...അങ്ങനെ പലതും. സ്‌കൂളിന്റെ ചുറ്റുവട്ടങ്ങള്‍, സ്‌കൂള്‍ മാഷന്മാര്‍, കൂട്ടുകാര്‍ തുടങ്ങിയവയാണ് അവയിലെ പ്രമേയങ്ങള്‍. എന്നാല്‍ മദ്‌റസ ആഹ്ലാദകരമായ അനുഭവമായി ഇത്തരം കൊച്ചു പുസ്തകങ്ങളിലൊന്നില്‍ പോലും കടന്നുവരാത്തതെന്ത്? എത്രയെത്ര മാഷന്മാരെക്കുറിച്ച് കുട്ടികള്‍ കുറിപ്പുകളെഴുതി. ഒരു ഉസ്താദിനെക്കുറിച്ചും ഒരു കുട്ടിയും കുറിപ്പെഴുതിയില്ലല്ലോ. മുതിര്‍ന്നവരുടെ എത്രയെത്ര രചനകളില്‍ സ്‌കൂളിന്റെ മധുരിക്കും ഓര്‍മകള്‍ ഓളം വെട്ടുന്നു. മദ്‌റസയെക്കുറിച്ച അത്തരം ഓര്‍മകള്‍ നമ്മള്‍ വായനക്കാര്‍ക്ക് എന്നെങ്കിലും കിട്ടിയിട്ടുണ്ടോ?
എന്തോ; ഒരു തടങ്കല്‍ പാളയത്തിന്റെ ചൂര് മദ്‌റസകളില്‍നിന്ന് അടിച്ചുവീശുന്നുണ്ടോ? എല്ലാ മദ്‌റസകളും അങ്ങനെയാണോ? അറിയില്ല. എന്തായാലും ഞങ്ങള്‍ വെള്ളിയാഴ്ചയെ ശരിക്കും ആഘോഷ ദിവസമായി കണ്ടു. മുക്രി പറഞ്ഞതെത്ര സത്യം! വിസ്തരിച്ചൊന്നുറങ്ങാന്‍ പറ്റുന്ന അസുലഭ ദിവസം. മുസ്‌ലിം കലണ്ടര്‍ ആയതിനാല്‍ അന്ന് സ്‌കൂളും ഇല്ല. പകല്‍ മുഴുവന്‍ പാടത്തും പറമ്പത്തും കയറിമറിയാനും പുഴയില്‍ മൂങ്ങാന്‍കുഴിയിടാനും അവസരം കിട്ടുന്ന സ്വാതന്ത്ര്യദിനം. എന്നാല്‍ പുളകമേകുന്ന ആ ഓര്‍മയുടെ വസന്തങ്ങളിലേക്ക് മനക്കണ്ണയക്കുമ്പോള്‍ കറുത്ത സാന്നിധ്യമായി കടന്നുവരുന്ന ഒരു കക്ഷിയുണ്ടെനിക്ക്-പ്രബോധനം വാരിക! അത് എങ്ങനെയെന്ന് ചോദിക്കാന്‍ വരട്ടെ. പ്രബോധനത്തിന്റെ ഏജന്റിന്റെ മകന്‍, വിതരണക്കാരന്‍, വായനക്കാരന്‍, പ്രബോധനത്തിലെ എഴുത്തുകാരന്‍ തുടങ്ങിയ അനുഭവങ്ങളുടെ അടരുകളിലാണ് അക്കഥ പിറക്കുന്നത്.
ഒരു പ്രസിദ്ധീകരണ സ്ഥാപനം അറുപതിലെത്തുമ്പോള്‍ പല തരത്തിലുള്ള ഓര്‍മകള്‍ പങ്കുവെക്കപ്പെടും. മുന്‍കാല പത്രാധിപര്‍, പത്രാധിപസമിതിയംഗങ്ങള്‍, മാനേജര്‍മാര്‍, എഴുത്തുകാര്‍ അങ്ങനെ പലരും. പക്ഷേ, എല്ലാ മുഖ്യാധാരാ ഓര്‍മകള്‍ക്ക് പുറത്തും ചെറുനൂലുകളാലാല്‍ നെയ്‌തെടുത്ത ഓര്‍മകളുടെ വലിയൊരു വലക്കൂടുണ്ടാവും. എല്ലാ ചരിത്ര രചനകളില്‍നിന്നും മാറിനില്‍ക്കുന്ന ഒരു ചരിത്രമുണ്ടാവും. ഓരോ ഗൃഹത്തിലും നാട്ടിന്‍പുറത്തും വായനശാലയിലും ഒരു പ്രസിദ്ധീകരണം എങ്ങനെ പെരുമാറി, അതിനോട് അവിടങ്ങളില്‍ ഉള്ളവര്‍ എങ്ങനെ പെരുമാറി എന്നത് അതിന്റെ ചരിത്രത്തില്‍നിന്ന് അടര്‍ത്തിമാറ്റാന്‍ കഴിയാത്ത ഒന്നാണ്. എന്നല്ല; ചരിത്രത്തിന്റെ കാതല്‍ കിടക്കുന്നത് പലപ്പോഴും അവിടെയായിരിക്കും. അയച്ചുകിട്ടിയ പ്രബോധനം കെട്ടിലെ ഒരു കോപ്പി വില്‍പ്പനയാകാതെ വന്നപ്പോള്‍ അത് വില്‍ക്കാനായി മാത്രം കിലോമീറ്ററുകള്‍ നടന്ന് തലശ്ശേരി നഗരത്തിലെത്തിയ ചൊക്ലിയിലെ മുഹമ്മദ്ക്കയെ കുറിച്ച് സദ്‌റുദ്ദീന്‍ വാഴക്കാട് എഴുതിയിട്ടുണ്ട് (മാധ്യമം ദിനപത്രം 2009 ഒക്‌ടോബര്‍ 02). ഏറ്റവും മികച്ച ബിസിനസ് സ്‌കൂളില്‍നിന്ന് മാര്‍ക്കറ്റിംഗില്‍ ബിരുദം നേടി പുറത്തിറങ്ങിയ ഒരു എക്‌സിക്യുട്ടീവിനേക്കാള്‍ പത്രത്തെ മാര്‍ക്കറ്റ് ചെയ്യുന്നത് ഇത്തരം നിസ്വമനസ്‌കരാണ്. മുഹമ്മദ്ക്കയുടെ കാലടിപ്പാടുകളും കൈത്തഴമ്പും വിയര്‍പ്പുപൊടികളുമില്ലാതെ എന്ത് പ്രബോധനം? 1947-ല്‍ ദല്‍ഹിയിലെ ഡര്‍ബാര്‍ ഹാളില്‍ എന്ത് സംഭവിച്ചുവെന്നത് മാത്രമല്ല, അന്നേ ദിവസം പച്ചപ്പാലത്തെ കുറിച്യ കോളനിയിലെ ചരുമ്പി അത് എങ്ങനെ മനസ്സിലാക്കി/ഉള്‍ക്കൊണ്ടു എന്നതും ഇന്ത്യാ ചരിത്രത്തിന്റെ ഭാഗമാവുമ്പോഴേ ചരിത്രരചന പൂര്‍ണതയിലേക്കുള്ള യാത്ര തുടങ്ങുന്നുള്ളൂ.
കുറ്റിയാടി വലകെട്ടില്‍ ഒരു വൃദ്ധന്‍ ജീവിച്ചിരിപ്പുണ്ട്. ആളുടെ പേര് ജമാഅത്ത് കണ്ണന്‍. ആ പേര് വന്നത് ഒരു കഥയാണ്. അടിയന്തരാവസ്ഥ പിന്‍വലിച്ച് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജമാഅത്തിന്റെ നിരോധം നീക്കി. വലകെട്ടില്‍ ഒരു പൊതുയോഗം നടത്താന്‍ തൊട്ടടുത്ത പ്രദേശമായ വേളത്തെ ജമാഅത്തുകാര്‍ തീരുമാനിച്ചു. ലീഗ്/സുന്നി ഭൂരിപക്ഷമുള്ള പ്രദേശത്ത് പൊതുയോഗം നടത്താന്‍ സ്ഥലത്തെ മുസ്‌ലിംകളാരും സ്ഥലം അനുവദിച്ചില്ല. അവസാനം കണ്ണന്‍ രംഗത്തു വന്നു. റോഡരികിലെ തന്റെ സ്ഥലത്ത് പൊതുയോഗം നടത്തിക്കോളൂ എന്നായി. പൊതുയോഗം കണ്ണന്റെ പറമ്പില്‍ നടന്നു. പ്രസംഗിക്കാന്‍ വന്നവര്‍ക്ക് കണ്ണന്‍ ഇളനീര്‍ വെട്ടിക്കൊടുത്തു. ആള് അന്നും ഇന്നും ബി.ജെ.പിക്കാരനാണ്. ജനങ്ങള്‍ അന്നേ കണ്ണന് പേരിട്ടു-ജമാഅത്ത് കണ്ണന്‍. കണ്ണന്‍ എന്നു പറഞ്ഞാല്‍ വലകെട്ടുകാര്‍ക്ക് ആളെ മനസ്സിലായിക്കൊള്ളണമെന്നില്ല. ജമാഅത്ത് കണ്ണന്‍ എന്നു പറഞ്ഞാല്‍ ഏത് കുട്ടിക്കും മനസ്സിലാവും. കണ്ണന്റെ കഥയില്ലാതെ കേരളത്തിന് എന്ത് പ്രസ്ഥാന ചരിത്രം? ഇനി, വേറൊരു കഥ. ഞങ്ങളുടെ നാടിനടുത്ത് യാഥാസ്ഥിക മുസ്‌ലിംകള്‍ക്ക് മൃഗീയ ആധിപത്യമുള്ള പ്രദേശത്ത് ഹമീദ് എന്നൊരു ചെറുപ്പക്കാരന്‍ പുരോഗമന ആശയങ്ങളില്‍ ആകര്‍ഷിക്കപ്പെട്ടു. ആള് ഐ. എസ്. എം (ഇത്തിഹാദു ശൂബ്ബാനില്‍ മുജാഹിദീന്‍) പ്രവര്‍ത്തകനായി. അന്നു മുതല്‍ ഹമീദിന്റെ പേര് ശുമ്പാനമീദ് എന്നായി. ശുമ്പാനമീദ് അനുഭവിച്ച പരിഹാസങ്ങളും അതിന്റെ വേദനയും മധുരവും അലിയിച്ചു ചേര്‍ക്കാതെ ഐ. എസ്. എമ്മിന് ഒരു ചരിത്രം സാധ്യമാവുമോ?
നമുക്ക് വെള്ളിയാഴ്ചയിലെ പ്രബോധനത്തിലേക്ക് വരാം. ജുമുഅ വിട്ടാല്‍, ഫന്‍തശിറൂ ഫില്‍ അര്‍ള് എന്ന് ഖുര്‍ആനില്‍ പറഞ്ഞ മാതിരി ഞങ്ങള്‍ കുട്ടികള്‍ ഒരു പരക്കലാണ്. പാടത്ത്, പറമ്പില്‍, മാവിന്‍കൊമ്പത്ത്, കൊമ്പിന്‍ തുഞ്ചത്ത്; ഗ്രാമ്യ കലപിലകളുടെ ബഹള സമൃദ്ധി. ക്ഷീണിച്ച് കുഴഞ്ഞെന്നാവുമ്പോള്‍ വീട്ടിലേക്ക്. അവിടെ വേവിച്ച് വെച്ച വല്ലതുമുണ്ടെങ്കില്‍ കഴിച്ച് വീണ്ടും കളിയിടങ്ങളിലേക്ക്. എന്നാല്‍ ആ ബഹളാഘോഷത്തില്‍ അതേ പ്രവേഗത്തില്‍ ലയിക്കാന്‍ ആയില്ല എന്നതാണ് എന്റെ ബാല്യകാല നഷ്ടങ്ങളില്‍ ഏറ്റവും വലുത്. കാരണം; പ്രബോധനം! ഉപ്പ ഏജന്റാണ്. ടി. മൂസ എന്ന പേരിലെത്തുന്ന പ്രബോധനം കെട്ട് വെള്ളിയാഴ്ച ജുമുഅ പിരിയുമ്പോഴേക്ക് പള്ളിയില്‍ റെഡി. അത് വരിക്കാരുടെ വീടുകളിലെത്തിക്കുക എന്നത് എന്റെ ചുമതല. വെള്ളിയാഴ്ച കൃത്യസമയത്ത് അത് എത്തിയില്ലെങ്കില്‍ ഉപ്പയുടെ അസ്വസ്ഥതകള്‍ കാണേണ്ടതു തന്നെ. സമയത്തിന് സിഗരറ്റ് കിട്ടാതെ വരുമ്പോള്‍ പുകവലിക്കാരന്‍ കാണിക്കുന്ന അതേ പിരട്ടലുകള്‍. പള്ളിയില്‍ വെച്ചോ വഴിയില്‍ വെച്ചോ അത് വരിക്കാരെ ഏല്‍പിച്ചാല്‍ എന്റെ പണി വേഗം കഴിയും. കളിബഹളങ്ങളിലേക്ക് മറ്റുള്ളവരോടൊപ്പം എനിക്കും ഓടിച്ചേരാം. പക്ഷേ, ഉപ്പാക്ക് അത് പറ്റില്ല. വഴിയില്‍ വെച്ച് ഏല്‍പിച്ചാല്‍, അവര്‍ അത് എവിടെയെങ്കിലും വെച്ച് മറന്നാലോ. അതിനാല്‍ വീടുകളില്‍ തന്നെ എത്തിക്കണം. ഏറ്റവും വേഗം എത്തിക്കണം. മുഴുവന്‍ കോപ്പിയും അസ്വ്‌റിനു മുമ്പ് എത്തേണ്ട മുഴുവന്‍ വീടുകളില്‍ എത്തിയെന്ന് മൂപ്പര്‍ ഉറപ്പ് വരുത്തും. സമയത്തിന് ഭക്ഷണം കഴിച്ചോ എന്ന് ഉപ്പ എപ്പോഴെങ്കിലും ചോദിച്ചതായി ഓര്‍മയില്ല. പക്ഷേ, പ്രബോധനം സമയത്തിന് വരിക്കാര്‍ക്ക് എത്തിയോ എന്ന് ഉറപ്പു വരുത്താതെ മൂപ്പര്‍ക്ക് ഭക്ഷണം കഴിക്കാനാവില്ല. അതിന് മാത്രം ബഹുമാനപ്പെട്ട ഇവന്‍ ആര് എന്ന് ചിന്തിക്കാതെയല്ല. ഒട്ടും ആകര്‍ഷകമല്ലാത്ത, കോലം കെട്ട ഈ സാധനത്തിന്റെ കാര്യത്തില്‍ ഉപ്പ എടുക്കുന്ന ഇത്തരം ടെന്‍ഷനുകള്‍ എന്നെ അസ്വസ്ഥപ്പെടുത്താതെയുമല്ല. സോവിയറ്റ് ലാന്‍ഡ് എന്ന ബഹുവര്‍ണ മിനുസക്കടലാസ് പ്രസിദ്ധീകരണം അന്ന് വീട്ടില്‍ വരാറുണ്ടായിരുന്നു. അതുമായി താരതമ്യം ചെയ്യുമ്പോള്‍ ഒന്നിനും കൊള്ളാത്ത ഒരു ചവറിന് വേണ്ടിയാണല്ലോ ഇങ്ങേര് ഇങ്ങനെ കിടന്ന് ബഹളം വെക്കുന്നത്! (അന്ന് ടാബ്ലോയ്ഡ് രൂപത്തിലായിരുന്നു പ്രബോധനം). എന്തു തന്നെയായാലും ഉപ്പയുടെ ഭീഷണികള്‍ക്ക് വഴങ്ങാതെ വയ്യ. അമര്‍ഷം നിറഞ്ഞ അനുസരണയോടെ എല്ലാ വെള്ളിയാഴ്ചകളിലും ഞാന്‍ വീടുകള്‍ കയറിയിറങ്ങി. ഒപ്പമുള്ള കൂട്ടുകാര്‍ അതത് വീട്ടുകയ്യാലകളിലെ പേരമരങ്ങളില്‍ കയറിയിറങ്ങി. ഉപ്പ ആദരിക്കുന്ന പത്രം എന്നതിലപ്പുറം ഒരു സ്‌കൂള്‍ വിദ്യാര്‍ഥിയുടെ ജീവിതത്തില്‍ അതിന് ഒരു സ്ഥാനവുമുണ്ടായിരുന്നില്ല. സോവിയറ്റ് ലാന്‍ഡ് പോലെയാണെങ്കില്‍ പുസ്തകങ്ങള്‍ പൊതിയാനെങ്കിലും ഉപയോഗിക്കാമായിരുന്നു. പക്ഷേ, സോവിയറ്റ് ലാന്‍ഡിനേക്കാള്‍ വീട്ടില്‍ ആദരവ് പ്രബോധനത്തിനായിരുന്നു. ഒന്നും അടുക്കി സൂക്ഷിച്ചുവെക്കാത്ത-അതിനു സൗകര്യമില്ലാത്ത- ഞങ്ങളുടെ വീട്ടില്‍ പ്രബോധനത്തിന്റെ ഓരോ ലക്കങ്ങളും വൃത്തിയോടെയും ഭവ്യതയോടെയും അടുക്കിവെക്കുമായിരുന്നു, രാജകീയ പരിചരണം.
സ്‌കൂള്‍ കാലം പിന്നിടുന്നു. കൗമാര കൗതുകങ്ങളില്‍ ഗൗരവ ചിന്തകളുടെ നാമ്പുകള്‍ പൊന്തിവരാന്‍ വെമ്പുന്ന സമയം. പ്രീഡിഗ്രികാലം യുക്തിവാദ ചിന്തകളും ആശയങ്ങളും മനസ്സില്‍ ചെറുനോവായി അസ്വസ്ഥകളുണ്ടാക്കുന്നു. വലിയ വലിയ വായനകളില്‍നിന്നല്ല ആ ചിന്തകള്‍ വരുന്നത്. മതത്തോടും മദ്‌റസയോടുമുണ്ടായിരുന്ന അസ്വസ്ഥകരമായ ബന്ധങ്ങളില്‍നിന്ന്. കോഴിക്കോട്ടങ്ങാടിയില്‍നിന്ന് യുക്തിരേഖ എല്ലാ ലക്കവും സംഘടിപ്പിച്ച് വായിക്കണമെന്നത് ഒരു ആവശ്യമായി മാറി. എന്റെ ആദ്യ ലേഖനം അച്ചടിച്ചു പ്രസിദ്ധീകരിക്കപ്പെടുന്നതും യുക്തിരേഖയിലാണ്; ആ പ്രിഡിഗ്രി കാലത്ത്. പ്രത്യക്ഷമായി യുക്തിവാദം പറയാനുള്ള ആത്മധൈര്യമൊന്നുമില്ല. എന്നാല്‍ ബോധപൂര്‍വം നമസ്‌കാരം ഉപേക്ഷിക്കുന്നതിലും മറ്റും ഗൂഡമായ ആഹ്ലാദം കണ്ടെത്തുകയായിരുന്നു. യു. കലാനാഥന്‍ ഫറോക്കില്‍ നടത്തുന്ന പരിപാടികള്‍ ഒളിച്ചു കേള്‍ക്കുന്നതില്‍ ആനന്ദം കണ്ടെത്തിയ നാളുകള്‍. മതത്തെക്കുറിച്ച അസ്വസ്ഥതകള്‍ സ്വയം പേറുന്ന ദിവസങ്ങളില്‍ ഗാംഭീര്യം നിറഞ്ഞൊരു ഗുരുസാന്നിധ്യമായി പ്രബോധനം മുമ്പില്‍ നിവര്‍ന്നു നിന്നു. മുജീബിന്റെ ചോദ്യോത്തര പംക്തിക്കായി ആര്‍ത്തിയോടെ കാത്തിരുന്ന നാളുകള്‍. കള്ളപ്പേരുകളില്‍ മതത്തെക്കുറിച്ച, വിധിയെക്കുറിച്ച സംശയങ്ങള്‍ എഴുതി അയച്ചു; സ്വയം മറുപടി കണ്ടെത്തി; മുജീബിന്റ മറുപടിക്കായി കാത്തിരുന്നു; സ്വയം കണ്ടെത്തിയ മറുപടികളെ മുജീബിന്റെ മറുപടികളുമായി താരതമ്യം ചെയ്തു. അങ്ങനെ ആലോചനകളിലും ചിന്തകളിലും ഒരു കനല്‍ സാന്നിധ്യമായി പ്രബോധനം വന്നുകയറി. പ്രബോധനം സമയത്ത് കിട്ടാതാവുമ്പോള്‍ ഉപ്പ അന്ന് പ്രകടിപ്പിച്ച അസ്വസ്ഥതകള്‍ ഞാനും പ്രകടിപ്പിക്കാന്‍ തുടങ്ങി. സിഗരറ്റ് കിട്ടാതാവുന്ന പുകവലിക്കാരന്റെ അസ്വസ്ഥത. അങ്ങനെ പ്രബോധനം ജീവിതത്തിന്റെയും തോള്‍സഞ്ചിയുടെയും ഭാഗമായി. പി.ജി പഠനത്തിനായി ഹൈദറാബാദിലേക്ക് പോകുമ്പോള്‍ വിശേഷിച്ച് മുന്നൊരുക്കങ്ങള്‍ ഒന്നും നടത്തിയിരുന്നില്ല; ഒന്നൊഴികെ-പ്രബോധനം അവിടത്തെ മേല്‍വിലാസത്തില്‍ കിട്ടാന്‍ പണമടച്ച് രസീതി വാങ്ങിയാണ് പോയത്. വായന വെച്ച നാളുകള്‍ തൊട്ട് ഒരു ലക്കവും ഒഴിയാതെ വായിച്ച ഏതെങ്കിലും പ്രസിദ്ധീകരണം ഈ പ്രപഞ്ചത്തിലുണ്ടെങ്കില്‍ അത് പ്രബോധനം മാത്രമാണ്. ഒരു പ്രസിദ്ധീകരണം ഒരു അഡിക്ഷനാകുന്നതിന്റെ നാള്‍വഴികള്‍.
പിന്നീടാണ് മനസ്സിലാകുന്നത്; നേരത്തേ പറഞ്ഞ യുക്തിവാദ സൂക്കേടുകള്‍ പ്രിഡിഗ്രിക്കാലത്ത് ഒട്ടുവളരെപ്പേര്‍ക്ക് ഉണ്ടായിട്ടുണ്ടെന്ന്. കെ.പി രാമനുണ്ണി അത്തരമൊരു കാലത്തെക്കുറിച്ചും മാനസികാരോഗ്യ ചികിത്സ നടത്തേണ്ടിവന്നതിനെക്കുറിച്ചും വിശദമായി എഴുതിയിട്ടുണ്ട്. യുക്തിവാദം ഒരു പ്രിഡിഗ്രി കാല സിന്‍ഡ്രമായി അന്ന് നിലവിലുണ്ടായിരുന്നു; ഇന്ന് അതുമില്ലെങ്കിലും. ആ സിന്‍ഡ്രം ബാധിച്ചവര്‍ക്കും അല്ലാത്തവര്‍ക്കും, ദൈവത്തെക്കുറിച്ചും മനുഷ്യനെക്കുറിച്ചും ഇസ്‌ലാമിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും അസ്വസ്ഥതയുള്ളവര്‍ക്കെല്ലാം അത്താണിയായി പ്രബോധനം ഉണ്ടായിരുന്നുവെന്ന് പിന്നീട് പലരുമായുള്ള സംസാരങ്ങളില്‍നിന്ന് മനസ്സിലായി. ചെറുപ്പക്കാര്‍ക്ക് ഇസ്‌ലാമിനെക്കുറിച്ചു പഠിക്കാനുള്ള ഏറ്റവും ബൃഹത്തായ പാഠശാലയായി പ്രബോധനം നിലകൊണ്ടു.
അലമ്പു പിടിച്ച ഒരു കുട്ടി വിതരണക്കാരനില്‍നിന്ന് ആദരവോടെ കാത്തിരിക്കുന്ന ഒരു ശിഷ്യനിലേക്കുള്ള പരിണാമം. പ്രബോധനം നമ്മുടെയെല്ലാം ജീവിതങ്ങളില്‍ സംഭവിക്കുകയായിരുന്നു. ആ സംഭവിക്കലിന്റെ ഒരു ഘട്ടത്തിലാണ് പ്രബോധനം ഉള്ളിലെ എഴുത്തുകാരനെയും മാടി വിളിക്കുന്നത്. 'അബ്ദുല്‍ ഖാദിര്‍ ജീലാനി: ഒരു വിപ്ലവകാരിയുടെ ജീവിതം' എന്ന തലക്കെട്ടില്‍ ആ നാളുകളിലൊന്നില്‍ പ്രബോധനത്തില്‍ എന്റെ ആദ്യ ലേഖനം പ്രസിദ്ധീകരിച്ചുവന്നു. ആയിടക്ക് കോളേജ് അവധിക്കാലത്ത് ലക്ഷ്യമില്ലാത്ത ഒരു കറങ്ങലിന് പുറപ്പെട്ടു. ബസ് സ്റ്റാന്റില്‍ ആദ്യം കാണുന്ന ദീര്‍ഘ ദൂര ബസ്സില്‍ കയറുക; അതിന്റെ അവസാനത്തെ സ്റ്റോപ്പിലേക്ക് ടിക്കറ്റെടുക്കുക. അങ്ങനെ പല നാടുകള്‍ കറങ്ങി; പളളികളില്‍ ഉറങ്ങി. തട്ടുകടകളിലെ ഓംലെറ്റും പട്ടാണിക്കടലയും ദേശീയ ഭക്ഷണമായി. യൗവന സാഹസികതയുടെ നാദം വീണമീട്ടുന്ന ദിവസങ്ങള്‍. ഒരു ദിനം കായംകുളത്തെത്തി. അവിടെ ഒരു പാടത്ത് തബ്‌ലീഗുകാരുടെ സമ്മേളനം നടക്കുന്നു. ആദ്യമായാണ് ഇത്രയും വലിയ താടിക്കാരെ ഇത്രയധികം ഒന്നിച്ചു കാണുന്നത്. കൗതുകത്തിന് അങ്ങോട്ടു ചെന്നു. സ്റ്റേജില്‍ പ്രസംഗമോ ഓത്തോ എന്താണന്നറിയാത്ത എന്തെല്ലാമോ നടക്കുന്നു. ആളുകള്‍ ധാരാളം. വശങ്ങളില്‍ ധാരാളം കച്ചവട സ്റ്റാളുകളുണ്ട്. തൊപ്പിക്കട, അത്തറ് കട, മോതിരം, മിസ്‌വാക്ക് കൊള്ളി, കിതാബുകള്‍, കലണ്ടറുകള്‍, ഇടക്ക് പോപ് കോണ്‍; അങ്ങനെ പലതും. അതിനിടയില്‍ മേശയില്ലാത്ത ഒരു സ്റ്റാള്‍ എന്റെ ശ്രദ്ധയില്‍ പെട്ടു. കുര്‍ത്തയും പൈജാമയും തൊപ്പിയുമുള്ള, തബ്‌ലീഗ് യൂനിഫോമില്‍ ഒരാള്‍ അവിടെ ഇരിക്കുന്നു. മുന്നിലെ ഷീറ്റില്‍ എന്തെല്ലാമോ പേപ്പറുകള്‍ ലാമിനേറ്റ് ചെയ്ത് വെച്ചത് കൂട്ടിയിട്ടിരിക്കുന്നു. ഇടക്കൊക്കെ ആളുകള്‍ വന്ന് വാങ്ങിപ്പോകുന്നുണ്ട്. അടുത്തു ചെന്നു നോക്കി. വിവിധ ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങളില്‍ വന്ന ലേഖനങ്ങള്‍ ഫോട്ടോസ്റ്റാറ്റ് കോപ്പികള്‍ എടുത്ത് പോളിത്തീന്‍ സഞ്ചിയില്‍ പാക്ക് ചെയ്ത് വില്‍പനക്ക് വെച്ചതാണ്. പേജ് ഒന്നിന് രണ്ടു രൂപയാണെന്നാണ് ഓര്‍മ. ആ കൂമ്പാരത്തിലേക്ക് ഞാന്‍ കണ്ണോടിച്ചു. കൈകള്‍ പായിച്ചു. ലേഖനങ്ങളില്‍ മഹാഭൂരിപക്ഷവും പ്രബോധനത്തില്‍ പ്രസിദ്ധീകരിച്ചു വന്നവയായിരുന്നു. കൂമ്പാരത്തില്‍ തപ്പുന്നതിനിടയില്‍ അതാ ഒരു ലേഖന സഞ്ചി പുറത്തേക്ക് വന്നു; കണ്ണുകള്‍ അന്ധാളിച്ചു പോയി-ജീലാനിയെക്കുറിച്ച എന്റെ ലേഖനം! സ്വന്തത്തെക്കുറിച്ച് വല്ലാതെ അഭിമാനം തോന്നിപ്പോയ ഒരു കൊള്ളിമീന്‍ നിമിഷം. ഞാന്‍ ആ കച്ചവടക്കാരനെ വിസ്തരിച്ചൊന്നു നോക്കി; അയാള്‍ എന്നെയും. ഈ ലേഖനം എന്റേതാണെന്ന അഹങ്കാരം അയാളുമായി പങ്കുവെക്കണമെന്നുണ്ടായിരുന്നു. പക്ഷേ, ആ ലേഖകന്‍ തന്നെയാണ് ഈ ഞാന്‍ എന്നതിന് എന്ത് തെളിവ്? എങ്കിലും കുറേ നേരം മാറി നിന്ന് ആ കച്ചവടം ഞാന്‍ നോക്കി നിന്നു. പലരും പലതും വാങ്ങിപ്പോകുന്നതില്‍ എന്റെ ലേഖനവും പെട്ടിട്ടുണ്ടാകുമെന്ന് വിശ്വസിക്കുന്നതാണ് എനിക്കിഷ്ടം.
ട്രെയിന്‍ യാത്രകളില്‍ അജ്ഞാതരായ സഹയാത്രികര്‍ എന്റെ ലേഖനം വന്ന പത്രം വായിക്കുന്നത് ചിലപ്പോഴെങ്കിലും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അപ്പോള്‍ അടങ്ങാത്ത കൗതുകത്തോടെ അവരുടെ മുഖത്തേക്ക്, അതിന്റെ ഭാവപ്പകര്‍ച്ചകളിലേക്ക്; വായിക്കുമ്പോഴുള്ള അംഗചേഷ്ടകളിലേക്ക് നോക്കിയിരുന്നിട്ടുണ്ട്. ഒരു എഴുത്തുകാരന്‍ എഴുത്തിന്റെ രതിമൂര്‍ഛ അനുഭവിക്കുന്ന നേരങ്ങളാണത്. എന്നാല്‍ ഉറക്കെ വായിക്കുന്നവരുടെ മുഖഭാവങ്ങള്‍ ഇങ്ങനെ സൂക്ഷ്മമായി നോക്കേണ്ട ആവശ്യമില്ല. മാറിനിന്ന് കേട്ടാല്‍ മതി. അവര്‍ ലേഖനത്തോടൊപ്പം എങ്ങനെ പോവുന്നുവെന്ന് നമുക്ക് മനസ്സിലാവും. ഉപ്പ ഉറക്കെയാണ് വായിക്കുക. വരാന്തയില്‍ ഇരുന്നുള്ള ആ വായന വീടു മുഴുവന്‍ കേള്‍ക്കും. ഖുര്‍ആന്‍ ഓതുന്ന ഏതാണ്ട് അതേ ഭവ്യതയോടെ ഉപ്പ പ്രബോധനം എടുത്ത് നിവര്‍ത്തിപ്പിടിച്ച് വായിച്ചു തുടങ്ങും. ഉമ്മ ഭക്ഷണം തയാറാക്കി വെച്ച് ബഹളം കൂട്ടിയാലും തുടങ്ങിവെച്ചത് അവസാനിപ്പിച്ചേ മൂപ്പര്‍ എഴുന്നേല്‍ക്കൂ. ഇപ്പോള്‍ പഴയ പടിയല്ല. അമര്‍ഷം പൂണ്ട ആ പഴയ വിതരണക്കാരന്റെ ലേഖനങ്ങളും പ്രബോധനത്തില്‍ വരുന്നുണ്ട്. അതും ഉപ്പ ഉറക്കെ വായിച്ചു തുടങ്ങും. കാണാ ദൂരത്ത് ചാരിയിരുന്ന് ഞാന്‍ അത് കേള്‍ക്കും. സ്വന്തം ലേഖനം മറ്റൊരാള്‍ മുഴുകിയിരുന്ന് ഉറക്കെ വായിക്കുന്നത് ബിഥോവന്റെയും മൊസാര്‍ട്ടിന്റെയും സംഗീതം കേള്‍ക്കുന്നതിനേക്കാള്‍ മധുരം നിറഞ്ഞ അനുഭവമാണെന്ന് നാം അറിയുക അപ്പോഴാണ്. ഔപചാരിക വിദ്യാഭ്യാസം അധികമില്ലാത്ത മുഴുസമയ കര്‍ഷകനായ അദ്ദേഹത്തിന് ഭാഷയിലെ പല പുതിയ പ്രയോഗങ്ങളും സങ്കേതങ്ങളും പെട്ടെന്ന് പിടികിട്ടിക്കൊള്ളണമെന്നില്ല. ലേഖന വഴിയില്‍ മനസ്സിലാവാത്ത സന്ദര്‍ഭങ്ങള്‍ വരുമ്പോള്‍ വീണ്ടും വീണ്ടും ആവര്‍ത്തിച്ചു വായിക്കും. മനസ്സിലാക്കിയെടുക്കാന്‍ പ്രയാസപ്പെടുന്നുണ്ടെന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമുക്ക് മനസ്സിലാവും. ഞാന്‍ ഉള്ളാലെ ചിരിക്കും. അന്ന് ഇത് വിതരണം ചെയ്യാന്‍ ഞാന്‍ കുറേ കുഴഞ്ഞതല്ലേ; ഇന്ന് നിങ്ങള്‍ വായിച്ച് കുഴയൂ.
പ്രബോധനത്തിലെ ലേഖനങ്ങള്‍ അറിവ് തേടുന്ന ആളുകള്‍ എപ്പോഴും പിന്നാലെ കൂടി വായിച്ചെടുത്തിട്ടുണ്ട്. സ്ഥിരമായി ജുമുഅക്ക് പോകുന്ന ഒരു സലഫി പള്ളി. രണ്ടാം ഖുത്വുബയില്‍ എപ്പോഴും ഇസ്‌ലാമിക ചരിത്രത്തിലെ ചേതോഹരമായ ഏതെങ്കിലുമൊരു ഏട് ഖത്വീബ് അവതരിപ്പിക്കും. ഒരു നാള്‍ സുഹൃത്ത് എന്നോട് പറഞ്ഞു; അടുത്ത വെള്ളിയാഴ്ച രണ്ടാം ഖുത്വ്ബയില്‍ ഈ കഥയാണ് വരിക. അയാള്‍ പറഞ്ഞ അതേ കഥ വന്നു. അടുത്ത ആഴ്ചത്തെ ഖുത്വ്ബയില്‍ എന്തു വരുമെന്ന് ആ വെള്ളിയാഴ്ച തന്നെ അയാള്‍ പ്രവചിച്ചു. പറഞ്ഞ പോലെ അതും വന്നു. നീയിതെങ്ങനെ അറിഞ്ഞെടാ എന്ന് അന്വേഷിച്ചപ്പോഴാണ് അവന്‍ പ്രബോധനം നിവര്‍ത്തിക്കാണിച്ചുതന്നത്. പ്രബോധനത്തില്‍ അക്കാലത്ത് പരമ്പരയായി വരുന്ന മായാത്ത മുദ്രകള്‍ എന്ന അബൂഅയ്മന്റെ പംക്തി അപ്പടി കാണാപ്പാഠം പറയുകയാണ് ഖത്വീബ്-അബൂ അയ്മന്റെ അതേ വാക്കുകളില്‍. നിങ്ങള്‍ എത്രത്തോളം വിജയിച്ചു എന്നതിന്റെ തെളിവ് നിങ്ങളുടെ വാക്കുകളും പ്രയോഗങ്ങളും നിങ്ങളുടെ എതിരാളികള്‍ എത്രത്തോളം ഉപയോഗിക്കുന്നുവെന്നതിനെ ആശ്രയിച്ചിരിക്കും എന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട്. ആ ന്യായം വെച്ച് നോക്കിയാല്‍ പ്രബോധനം സമ്പൂര്‍ണ വിജയമായിരുന്നു എന്ന് പറയാന്‍ കഴിയും. പ്രബോധനത്തിന്റെ വാക്കുകളും പ്രയോഗങ്ങളും പ്രബോധനത്തെ എതിര്‍പക്ഷത്ത് പ്രതിഷ്ഠിച്ചവര്‍ ഇന്ന് നിര്‍ബാധം ഉപയോഗിക്കുന്നുണ്ട്.
മറ്റേതൊരു പ്രസിദ്ധീകരണത്തിലെഴുതുന്നതിനേക്കാളും പ്രബോധനത്തില്‍ എഴുതുന്നതിന്റെ ആകര്‍ഷണം എന്താണ്? മറ്റൊരു വായനാസമൂഹത്തില്‍നിന്നും ലഭിക്കാത്ത പ്രതികരണങ്ങള്‍; പത്രാധിപര്‍ക്കുള്ള കത്തായി, മറുകുറിപ്പായി, നേരിട്ടുള്ള കത്തായി, ടെലിഫോണ്‍ വിളിയായി, നേരിട്ടുള്ള സംഭാഷണമായി പ്രബോധനം ലേഖകനെ തേടിയെത്തുന്നു. അതിലെ ഓരോ അക്ഷരവും വാക്കും വായനക്കാര്‍ സൂക്ഷ്മ വിശകലനങ്ങള്‍ക്ക് വിധേയമാക്കുന്നു. സൂക്ഷിച്ചേ എഴുതാന്‍ പറ്റൂ, ഇല്ലെങ്കില്‍ വായനക്കാര്‍ കൈകാര്യം ചെയ്യുമെന്ന മുന്‍കൂര്‍ ബോധം പ്രബോധനത്തില്‍ എഴുതുമ്പോള്‍ നന്നായി വേണം. അതില്ലാതെ എഴുതിയാല്‍ കുഴങ്ങിയത് തന്നെ. ഒരു ലേഖനത്തില്‍ അബാബീല്‍ പക്ഷികള്‍ എന്നെഴുതിയതിനെ ഒരു വായനക്കാരന്‍ കൈകാര്യം ചെയ്തതിന്റെ ഞെട്ടല്‍ ഈ ലേഖകന് ഇപ്പോഴും വിട്ടുമാറിയിട്ടില്ല. ആ പ്രയോഗം ഭാഷാപരമായി തെറ്റാണെന്ന് സമര്‍ഥിച്ച് അദ്ദേഹം ശരിക്കും കുടഞ്ഞുവിട്ടു. ആഗോളവല്‍ക്കരണത്തോടുള്ള ഇടതുപക്ഷ സമീപനത്തെ നിരൂപണം ചെയ്തുകൊണ്ട് ഒന്നു രണ്ട് കുറിപ്പുകള്‍ ഈ ലേഖകന്റേതായി പ്രബോധനത്തില്‍ വന്നിരുന്നു. ആഗോളവല്‍ക്കരണത്തെ കേവലം സാമ്പത്തിക അജണ്ട മാത്രമായി കാണുകയും അതിലെ സാംസ്‌കാരിക ഉള്ളടക്കത്തെ നിരൂപണം ചെയ്യുകയും ചെയ്യാത്ത ഇടതുപക്ഷ രീതിയെ വിമര്‍ശിക്കുന്നതായിരുന്നു അവ. അതുമായി ബന്ധപ്പെട്ട് രണ്ട് ചോദ്യങ്ങള്‍ ചിന്ത വാരികയില്‍ വി.എസ് അച്യുതാനന്ദന്‍ ചോദ്യോത്തര പംക്തി കൈകാര്യം ചെയ്യുന്ന സമയത്ത് വന്നിരുന്നു. വെറുമൊരു കോളേജ് വിദ്യാര്‍ഥി ഉന്നയിച്ച വിമര്‍ശത്തെ വി.എസ് അച്യുതാനന്ദനെപ്പോലുള്ള ഒരാള്‍ തന്റെ പംക്തിയില്‍ കൈകാര്യം ചെയ്തുവെന്നതും വലിയൊരു സ്വകാര്യ അഹങ്കാരമായിരുന്നു. പക്ഷേ, ലേഖകന്‍ എന്നതിനെക്കാള്‍ പ്രബോധനത്തിലെ ഒരു പരാമര്‍ശത്തിന് മറ്റ് പ്രസിദ്ധീകരണങ്ങളും പ്രസ്ഥാനങ്ങളും കല്‍പിക്കുന്ന പ്രാധാന്യത്തെയാണ് അത് അടിവരയിടുന്നത്. എസ്.ഐ.ഒവിന്റെ ഉത്തരവാദിത്വങ്ങള്‍ വഹിക്കുന്ന സമയം. കേരളത്തിലെ വിവിധ മതസംഘടനകള്‍ നടത്തുന്ന മതകലാലയങ്ങളിലെ വിദ്യാര്‍ഥികളുമായി ബന്ധപ്പെടാന്‍ ധാരാളം അവസരമുണ്ടായി. അത്തരം കലാലയങ്ങളിലെ കഴിവുറ്റ വിദ്യാര്‍ഥികളുമായി അടുത്ത ബന്ധമുണ്ടാക്കാന്‍ എസ്.ഐ.ഒവിന് സാധിച്ചിരുന്നു. അവിടെയെല്ലാം പൊതുവായി കണ്ട ഒരു യാഥാര്‍ഥ്യമുണ്ട്. ഗൗരവ വായനയുള്ളതും ഉയര്‍ന്നു ചിന്തിക്കുന്നവരുമായ വിദ്യാര്‍ഥികളെല്ലാം, സ്ഥാപനത്തിലെ വിലക്കുകളെ മറികടന്നു പോലും പ്രബോധനത്തിന്റെ സ്ഥിരം വായനക്കാരും അതിനെ കാത്തിരിക്കുന്നവരുമാണ്. എല്ലാ മതിലുകള്‍ക്കുമപ്പുറത്ത് വലിയൊരു ആശയപ്രചാരകനായി കടന്നുചെല്ലാന്‍ പ്രബോധനത്തിന് സാധിച്ചുവെന്നതാണ് അതിന്റെ അറുപത് വര്‍ഷത്തെ ദീപ്തമാക്കുന്നത്. വന്നുമുട്ടുമ്പോള്‍ വായിക്കാനുള്ളതല്ല, കൊതിയോടെ കാത്തിരുന്ന് വായിക്കാനുള്ളതാണ് ഈ വാരികയെന്നത് അതിനെ എപ്പോഴും നിത്യകന്യകയാക്കുന്നു.
വീണ്ടും ഉപ്പയിലേക്ക് വരാം. ഇപ്പോള്‍ വാര്‍ധക്യത്തിന്റെ അവശതകളില്‍ ആത്മഗതമെന്നോണം പഴങ്കഥകള്‍ പറയുന്നതാണ് മൂപ്പരുടെ ശീലം. പലതും ഈ കുറിപ്പുകാരന്‍ പിറക്കുന്നതിന് മുമ്പുള്ള കഥകള്‍. ഇടമുറിഞ്ഞും ആവര്‍ത്തിച്ചും പല കഥകള്‍ പറയുന്ന കൂട്ടത്തില്‍ പലപ്പോഴും വന്നു കയറുന്ന കഥയും പ്രബോധനവുമായി ബന്ധപ്പെട്ടതാണ്. പ്രബോധനത്തിന്റെ ആവശ്യങ്ങള്‍ക്ക് കുറ്റിപ്പുറത്ത് തീവണ്ടിയിറങ്ങി എടയൂരിലേക്ക് നടന്നുപോകുന്നതിന്റെ കഥകള്‍. നാട്ടില്‍ അന്ന് പോസ്റ്റ് ഓഫീസ് ഇല്ല. മൂന്നു നാലു കിലോമീറ്റര്‍ അപ്പുറം ചെറുമോത്ത് ആണ് പോസ്റ്റ് ഓഫീസ്. പ്രബോധനം പ്രതിപക്ഷ പത്രത്തിന്റെ കെട്ട് എല്ലാ മാസവും മൂന്നാം തീയതിയും പതിനേഴാം തീയതിയും അവിടെ വരുമെന്നാണ് കണക്ക്. മൂന്നാം തീയതി തന്നെ അദ്ദേഹം അങ്ങോട്ട് പോകും. പലപ്പോഴും അഞ്ചാം തീയതിയും ആറാം തീയതിയുമാണ് തപാല്‍ ഉരുപ്പടി എത്തുക. എന്നാലും മൂപ്പര്‍ മൂന്നാം തീയതിയും നാലാം തീയതിയുമെല്ലാം കിലോമീറ്ററുകള്‍ നടന്ന് അങ്ങോട്ട് പോകും. അഥവാ എത്തിയിട്ടുണ്ടെങ്കില്‍ അത് വായിക്കാന്‍ വൈകേണ്ടല്ലോ; വായനക്കാര്‍ക്ക് കിട്ടാന്‍ വൈകേണ്ടല്ലോ. ചൊക്ലിയിലെ മുഹമ്മദ്ക്കയെപ്പോലെ ഇങ്ങനെ കുറേ മനുഷ്യരുടെ പ്രാര്‍ഥനയും വിയര്‍പ്പുമുള്ളപ്പോള്‍ ഈ പ്രബോധനത്തിനെങ്ങനെ പിന്നോട്ട് പോകാന്‍ കഴിയും?
cdawud@gmail.com

Comments

Other Post