Prabodhanm Weekly

Pages

Search

2009 അറുപതാം വാര്‍ഷികപ്പതിപ്പ്‌

ഓര്‍മയുടെ വഴിയില്‍ അല്‍പനേരം

കലീം

സല്‍മാ അഥവാ കര്‍ബലാ യുവതി, തുര്‍ക്കി വിപ്ലവം, മന്ത്ര കിണറ്റിലെ സുന്ദരി, കടുവയെ പിടിച്ച കിടുവ തുടങ്ങിയ 'മഹല്‍' കൃതികള്‍ വായിച്ചുകൊണ്ട് വായനയുടെ കൗതുകലോകത്ത് പ്രവേശിച്ച കാലത്താണ് പ്രബോധനം കൈയില്‍ കിട്ടുന്നത്. ആള്‍താമസമില്ലാത്ത തട്ടിന്‍പുറത്ത് പൊടിപിടിച്ചു കിടക്കുന്ന പ്രസിദ്ധീകരണങ്ങള്‍ക്കിടയില്‍ പ്രബോധനം പ്രതിപക്ഷപത്രം എന്നു കണ്ടപ്പോള്‍ കുറച്ചാശയക്കുഴപ്പമുണ്ടായിരുന്നു. അത്തരം ഗൗരവമുള്ള കാര്യങ്ങള്‍ ചിന്തിക്കുന്ന പ്രായമല്ല. പ്രതിപക്ഷം എന്നു പറഞ്ഞാല്‍ പ്രതിപക്ഷത്തിന്റെ പത്രം എന്നായിരുന്നു ധാരണ. എടയൂരില്‍നിന്നുള്ള പ്രിന്റ് ലൈന്‍. ഉള്ളടക്കം മിക്കപ്പോഴും നിലവിലിരിക്കുന്ന വ്യവസ്ഥയെ വിമര്‍ശിക്കുന്നതായതിനാല്‍ പ്രതിപക്ഷത്തിന്റെ ജിഹ്വ എന്ന ധാരണ ഉറക്കുകയും ചെയ്തു. ജ്ഞാനോദയമുണ്ടാവുകയും മാസത്തില്‍ രണ്ടു വീതം ഇറക്കുന്ന ജമാഅത്തെ ഇസ്‌ലാമിയുടെ മുഖപത്രമാണ് മാഗസിന്‍ സൈസിലുള്ള സാധനം എന്നു മനസ്സിലാവുകയും ചെയ്തത് പിന്നീടാണ്. ആ പഴയ കടലാസുകള്‍ക്കിടയില്‍നിന്നാണ് അന്‍സാരിയുടെ പഴയ ലക്കങ്ങളും 'അത്ഭുതബാലന്‍', 'അവളാണ് പെണ്ണ്' തുടങ്ങിയ 'മാസ്റ്റര്‍ പീസുക'ളും കണ്ടെടുക്കുന്നതും.
അപ്പോഴൊന്നും ജമാഅത്തെ ഇസ്‌ലാമിയോ ഇസ്‌ലാമോ തലയില്‍ കയറിയെന്നു പറഞ്ഞുകൂടാ. മൗദൂദികളെ പരിഹസിച്ചുകൊണ്ട് ഉമ്മയുടെ ചില പരാമര്‍ശങ്ങള്‍ ബോധമണ്ഡലത്തില്‍ എവിടെയോ ഒളിഞ്ഞിരുന്നതാവും കാരണം. വാപ്പ ആദ്യം തൊട്ടേ വായനാപ്രിയനും ജമാഅത്തനുഭാവിയുമായിരുന്നു. അമ്പതുകളിലെ അവസാനത്തിലോ മറ്റോ നൂരിഷാ ത്വരീഖത്തിന്റെ ആചാര്യനായ അഹ്മദ് മുഹ്‌യിദ്ദീന്‍ ജീലാനിയും സുന്നി നേതാവായ കുട്ടി ഹസന്‍ ഹാജിയും കാരന്തൂരില്‍ വന്നു കാടിളക്കി നടത്തിയ മതപ്രസംഗത്തില്‍ പിതാവിനെയും പത്രപ്രവര്‍ത്തകനായ അഹ്മദ് ശരീഫിന്റെ പിതാവ് അബൂബക്കര്‍ക്ക അടക്കമുള്ള 'മൗദൂദി'കളെയും കാഫിറാക്കിയത് ഓര്‍മയായി നിന്നിരുന്നു. കാരണവന്മാരുടെ സമ്മര്‍ദം കാരണം വല്യുപ്പ മകനെ കുറച്ചു നാള്‍ വീട്ടില്‍നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ഭര്‍ത്താവിനെ പുറത്താക്കിയതില്‍ കുപിതയായ ഉമ്മ പിന്നീട് മൗദൂദികളെ പരിഹസിക്കുന്നത് നിര്‍ത്തി എന്നതാണ് ബഹിഷ്‌കരണം കൊണ്ടുണ്ടായ ഗുണം.
വായന തന്നെയായിരുന്നു പ്രധാന ജോലി. മകന്‍ നോവല്‍ ബുക്കുകള്‍ വായിക്കുന്നതിന്റെ അപകടം സുഹൃത്തുക്കള്‍ ഉമ്മയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കാറുണ്ടായിരുന്നെങ്കിലും വാപ്പ അതില്‍ വളരെ അസ്വസ്ഥനായതായി കണ്ടിട്ടില്ല. അസ്വസ്ഥനായത് മകന്‍ വായിച്ചു വായിച്ചു യുക്തിവാദത്തിലേക്ക് തിരിയുന്നു എന്നു കണ്ടപ്പോഴാണ്. പ്രീഡിഗ്രി കാലത്താണല്ലോ ചെറുപ്പക്കാര്‍ സര്‍വജ്ഞ പീഠം കയറുന്നത്. അതിന്റെ ഔന്നത്യത്തിലാണ് ആത്മസുഹൃത്തുക്കളെ ഡി.എന്‍.എ പറഞ്ഞു ഭയപ്പെടുത്താന്‍ ശ്രമിച്ചതും ചില സംശയങ്ങള്‍ ഉന്നയിച്ചു എം.സി ജോസഫിനു കത്തെഴുതിയതും. ജോസഫ് പകരം യുക്തിവാദി മാസികയിലെ ചില ഭാഗങ്ങള്‍ അടയാളപ്പെടുത്തി അയച്ചുതന്നതില്‍ സംതൃപ്തി തോന്നിയില്ല.
പിന്നീട് രണ്ടോ മൂന്നോ വര്‍ഷമായിരുന്നു യുക്തിവാദ പര്‍വം. അതിനിടക്ക് സെന്റ് ജോസഫ്‌സ് കോളേജ് യുക്തിവാദി യൂനിറ്റ് പാസാക്കിയ ഒരു പ്രമേയം ഇപ്പോഴും ഓര്‍മയുണ്ട്. കോളേജിലെ പോര്‍ട്ടിക്കോയില്‍ ചേര്‍ന്ന 10-15 പേര്‍ പങ്കെടുത്ത മഹാ സമ്മേളനത്തില്‍ വെച്ച് അങ്ങാടിപ്പുറം മുസ്‌ലിം പള്ളിക്ക് സമീപമുള്ള പുറമ്പോക്കിലെ കാടുപടലങ്ങള്‍ വെട്ടിമാറ്റി ക്ഷേത്രം പണിയാനുള്ള ശ്രമം പൊതുജനങ്ങളുടെ മലമൂത്ര വിസര്‍ജനത്തെ തടസ്സപ്പെടുത്തുന്നതിനാല്‍ അവ അപ്പടി നിലനിര്‍ത്തണമെന്നു സര്‍ക്കാറിനോടഭ്യര്‍ഥിക്കുന്നതായിരുന്നു പ്രമേയം. വിദ്യാര്‍ഥികള്‍ പ്രമേയത്തെ കൈയടിച്ചു പാസ്സാക്കിയെന്നു പറയേണ്ടതില്ലല്ലോ.
അതിനിടക്ക് പ്രബോധനം വീണ്ടും ജീവിതത്തിലേക്ക് കടന്നുവന്നു. പഴയ മാഗസിന്‍ സൈസ് മാറി ടാബ്ലോയിഡ് വാരിക ആയതോടെ അതിന് ചൂരും ചൊടിയും കൂടിയിരുന്നു. പതുക്കെ ഇസ്‌ലാമും ജമാഅത്തെ ഇസ്‌ലാമിയും ബൗദ്ധിക വ്യാപാരത്തിന്റെ ഭാഗമായതോടെ പ്രബോധനം വായിക്കാതെ നില്‍പ്പുറക്കാതായി. അതിനൊരു നിമിത്തമായത് 1967-ല്‍ കൊണ്ടോട്ടിയില്‍ വെച്ച് നടന്ന വിദ്യാര്‍ഥി-യുവജന ക്യാമ്പാണ്. രണ്ടു ദിവസം വീട്ടില്‍നിന്ന് വിട്ടുനില്‍ക്കുക എന്നതായിരുന്നു ക്യാമ്പില്‍ പങ്കെടുക്കാനുള്ള പ്രധാന പ്രേരണ. നല്ലൊരനുഭവമായിരുന്നു ക്യാമ്പ്. അവിടെ വെച്ചാണ് വെളുത്തു മെലിഞ്ഞ ഒരു ശാന്തപുരം വിദ്യാര്‍ഥി ഭാഷാ ചാരുതകൊണ്ട് സര്‍വരെയുമാകര്‍ഷിച്ച ഒരു പ്രബന്ധം വായിച്ചത്. പിന്നീട് സുഹൃത്തുക്കള്‍ കബീറാജി എന്നു വിളിക്കുന്ന വി. അബ്ദുല്‍ കബീര്‍ ആയിരുന്നു വിദ്യാര്‍ഥി. ശൈഖ് മുഹമ്മദ് കാരകുന്ന് തീപ്പൊരി പ്രസംഗകനായി വളരുന്നതിന്റെ തീപ്പൊരികള്‍ അന്നത്തെ പ്രസംഗത്തിലും കണ്ടിരുന്നു.
ഒ. അബ്ദുര്‍റഹ്മാന്‍, ഒ. അബ്ദുല്ല തുടങ്ങി പല പ്രതിഭാശാലികളും വ്യവസ്ഥകളെ വിമര്‍ശിച്ചുകൊണ്ട് ക്ഷമാപണത്തിന്റെ മനം മടുപ്പിക്കുന്ന കൊഞ്ചലില്ലാതെ എഴുതുന്ന ലേഖനങ്ങളും മുഖപ്രസംഗങ്ങളും അക്കാലത്തെ യുവതയുടെ ചിന്തകള്‍ അടയാളപ്പെടുത്തുന്നതായിരുന്നു. ഇസ്‌ലാമിനെ പറ്റി ആധികാരികതയുടെ മുഴക്കമുള്ള പഠനങ്ങള്‍ പ്രബോധനത്തിന്റെ ശക്തിയായി. വ്യാഴാഴ്ച രാത്രിയായിരുന്നു സാധാരണ പ്രബോധനം കാരന്തൂരിലെത്തിയിരുന്നത്. ഭൂപതി അബൂബക്കര്‍ ഹാജി മേപ്പാടിയിലേക്കുള്ള ചരക്കുകള്‍ വാങ്ങി വാനില്‍ വരുമ്പോള്‍ പ്രബോധനവുമെടുക്കും. അന്നുതന്നെ വായിച്ചുതീര്‍ക്കാറാണ് പതിവ്. പ്രബോധനം ഒരു ദിവസം വൈകിക്കിട്ടിയാല്‍ ഒരു വിമ്മിട്ടം.
അന്നൊന്നും എഴുതുന്ന ശീലമുണ്ടായിരുന്നില്ല. ഇപ്പോള്‍ ദേശാഭിമാനി വാരികയുടെ മേല്‍നോട്ടം വഹിക്കുന്ന പി.പി മുഹമ്മദ് കോയയുമായി ദേവഗിരിയില്‍ വെച്ചുണ്ടായ അടുത്ത സൗഹൃദമാണതിനു വഴിവെച്ചത്. പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരു ശാസ്ത്ര ലേഖനമെഴുതിയതിനു സര്‍ക്കാര്‍ ഏജന്‍സിയായ വിജ്ഞാനഭവന്റെ ആശ്വാസ സമ്മാനം നേടിയതും മലയാളത്തില്‍ അത്യാവശ്യം നല്ല മാര്‍ക്ക് കിട്ടുന്നതുമൊന്നും എഴുതാന്‍ വലിയ ആത്മവിശ്വാസം നല്‍കിയിരുന്നില്ല. ചെലവൂര്‍ വേണുവിന്റെ 'സൈക്കോ'യില്‍ മുഹമ്മദ് കോയയും പി. കോയയും ചേര്‍ത്തി 'കോയാ മുഹമ്മദ്' എന്ന തൂലികാനാമത്തില്‍ ഒരു കുറിപ്പെഴുതിയത് ആദ്യ സംഭവം. വേണുവിന്റെ സുഹൃത്തായിരുന്നു മുഹമ്മദ് കോയ. അതിനിടെ കോളേജ് യൂനിയന്റെ ഒരു കാമ്പസ് വാര്‍ഷികം കൈകാര്യം ചെയ്തതും ഞങ്ങള്‍ രണ്ടു പേരുമായിരുന്നു. അത് അടിച്ചത് പ്രബോധനത്തില്‍. അത്യാവശ്യം ധൈര്യം വന്നപ്പോള്‍ വീണ്ടും രണ്ടു പേരും ചേര്‍ന്നു മിഡിലീസ്റ്റിനെ പറ്റി പ്രബോധനത്തിലേക്ക് ആവശ്യപ്പെടാത്ത ഒരു ലേഖനം വെച്ചു കാച്ചി. അത് പ്രസിദ്ധീകരിക്കുകയും ചെയ്തു.
ഒരു ക്ലിഷേ ഉപയോഗിച്ചാല്‍ പിന്നീട് ഒരു തിരിഞ്ഞുനോട്ടമുണ്ടായിട്ടില്ല. പ്രബോധനത്തില്‍ ഇടക്ക് ലേഖനങ്ങളെഴുതും. പലപ്പോഴും വിവര്‍ത്തനങ്ങള്‍. പ്രബോധനം സന്ദര്‍ശനം ഏതാണ്ടൊരു ശീലമായി. ഒ. അബ്ദുല്ല, വി.എ കബീര്‍, ജമാല്‍ മലപ്പുറം, വി.കെ അലി, അബ്ദുല്ല ഹസന്‍ തുടങ്ങിയവരൊക്കെ സുഹൃത്തുക്കളായി. വിവാദങ്ങളുടെ കാലമായതിനാല്‍ വാരിക വായിക്കുന്നത് കൂടുതല്‍ ആവേശം പകരുന്ന അനുഭവമായി. എന്‍.പി മുഹമ്മദും ചേകനൂര്‍ മൗലവിയും മുസ്‌ലിം സമുദായത്തെ പരിഷ്‌കരിക്കാന്‍ ഇസ്‌ലാം ആന്റ് മോഡേണ്‍ ഏജ് സൊസൈറ്റിയുടെ മേല്‍വിലാസത്തില്‍ രംഗത്തിറങ്ങിയപ്പോള്‍ രാമബാണമയച്ചു ആ ശ്രമം തകര്‍ത്തത് പ്രബോധനമാണ്. വി.എ കബീര്‍ എഴുതിയ ഓറിയന്റലിസം എന്ന പരമ്പര ആ മേഖലയില്‍ മലയാളത്തില്‍ വന്ന ഏറ്റവും നല്ല പഠനങ്ങളിലൊന്നായിരുന്നു. എഡ്വേര്‍ഡ് സഈദും സിയാഉദ്ദീന്‍ സര്‍ദാറും എഴുതിയ പഠനങ്ങള്‍ ബുദ്ധിജീവികളുടെ സായാഹ്ന ചര്‍ച്ചകളുടെ വിഷയമാവുന്നതിനു എത്രയോ മുമ്പാണ് സംഭവം എന്നതോര്‍ക്കണം. ജാലകങ്ങള്‍ തുറന്നുവെക്കുന്നതില്‍ ഒട്ടും മടിയില്ലാത്ത പ്രബോധനത്തിന്റെ സ്വഭാവമായിരുന്നു അതിന്റെ കടുംകാതല്‍. ഇസ്‌ലാമിക ലോകത്തിന്റെ പുതിയ പ്രതിഭകളെ പരിചയപ്പെടുത്തുന്നതില്‍ അതിനുണ്ടായിരുന്ന കഴിവ് അസാധാരണമായിരുന്നു.
ഇറാനിലെ ഷാ തന്റെ ഇല്ലാത്ത ചരിത്രത്തിന്റെ 2500-ാമാണ്ട് ആഘോഷിച്ചപ്പോള്‍ ആയത്തുല്ലാ ഖുമൈനി അതിനെതിരെ പുറപ്പെടുവിച്ച പ്രസ്താവന പ്രസിദ്ധീകരിച്ചപ്പോള്‍ പ്രബോധനം പോലും ഇറാനിലെ രാഷ്ട്രീയമായ അടിയൊഴുക്കുകളെപ്പറ്റി അറിഞ്ഞുകാണില്ല. അങ്ങനെയിരിക്കെ എം.എ പൂര്‍ത്തിയാക്കി ചേന്ദമംഗല്ലൂരില്‍ ഇംഗ്ലീഷ്, ചരിത്രം, സാമ്പത്തിക ശാസ്ത്രം എന്നിവ പഠിപ്പിക്കാന്‍ തുടങ്ങി. ഇസ്‌ലാഹിയാ കോളേജില്‍ അന്നുണ്ടായിരുന്നത് ഒരു ക്രീമിലേയര്‍ ഫാക്കല്‍റ്റിയായിരുന്നു. ഫാറൂഖ് കോളേജില്‍ എം.ഐ ഷാനവാസിനെ തോല്‍പിച്ച് ചെയര്‍മാനായ ജയന്റ് കില്ലര്‍ കെ.പി കമാലുദ്ദീന്‍, ആധുനിക അറബി ഭാഷയുടെ അലകും പിടിയുമറിയുന്ന ജമാല്‍ മലപ്പുറം, നേതൃ പാടവം നന്നായുണ്ടായിരുന്ന ഉസ്മാന്‍ തറുവായി, സാമ്പത്തിക വിദഗ്ധനായ സി.കെ മൊയ്തു എന്നിവര്‍ക്കൊപ്പം കളിച്ചും പഠിച്ചും കഴിഞ്ഞിരുന്ന കാലം. ജിഞ്ചര്‍ ഗ്രൂപ്പ് എന്നായിരുന്നു കെ.സി അബ്ദുല്ല മൗലവി ഞങ്ങളെ വിളിച്ചിരുന്നത്. പ്രബോധനവുമായുള്ള ബന്ധം അപ്പോഴും തുടര്‍ന്നു.
ജമാല്‍ മലപ്പുറം തുടങ്ങിവെച്ച 'വാര്‍ത്തകള്‍ക്കു പിന്നില്‍', ഇടക്ക് മുങ്ങിയും ഇടക്ക് പൊങ്ങിയും വന്നുകൊണ്ടിരിക്കുന്ന 'വായനക്കിടയില്‍' തുടങ്ങിയ പംക്തികള്‍കൊണ്ട് സമ്പുഷ്ടമായിരുന്നു വാരിക. അടിയന്തരാവസ്ഥക്കു മുമ്പുള്ള പ്രക്ഷുബ്ധവും പ്രതീക്ഷാ നിര്‍ഭരവുമായ കാലം. മഹാറാണിയായി വാഴുന്ന ഇന്ദിരാഗാന്ധിയോടുള്ള വിരോധമായിരുന്നു സ്ഥായീഭാവം. ചേന്ദമംഗല്ലൂരില്‍ ലോകം പൊക്കുന്ന കാര്യങ്ങള്‍ സംസാരിക്കുകയും ജമാല്‍ മലപ്പുറം കൊണ്ടുവരുന്ന വാരികകള്‍ മുറതെറ്റാതെ വായിക്കുകയും ചെയ്യുന്ന കാലത്താണ് പ്രബോധനത്തില്‍ ചേരാനുള്ള നിര്‍ദേശം വരുന്നത്. കബീറാജിയായിരുന്നു അതിന് മുന്‍കൈയെടുത്തത്. ഉദ്വേഗജനകമായ ഒരുപാട് സാധ്യതകള്‍ കണ്ട് ഇസ്‌ലാഹിയ വിട്ട് നേരെ വെള്ളിമാടുകുന്നിലേക്ക് ബസ് കയറി. കബീറാജിക്കു പുറമെ വി.കെ അലി, അബ്ദുല്ല ഹസന്‍, ഹൈദറലി ശാന്തപുരം തുടങ്ങിയവര്‍ ഡസ്‌ക്കില്‍. ജൂനിയര്‍ 'ആര്‍ട്ടിസ്റ്റാ'യതിനാല്‍ പ്രൂഫ് നോട്ടവും ലേഖനമെഴുത്തുമാണ് ജോലി. 'വാര്‍ത്തകള്‍ക്കിടയിലും' 'വായനക്കിടയിലും' കൈകാര്യം ചെയ്യും. പില്‍ക്കാലത്ത് ജമാഅത്തെ ഇസ്‌ലാമിയുടെ നയങ്ങള്‍ രൂപീകരിക്കുന്നതില്‍ പരോക്ഷമായി സ്വാധീനിച്ച നജാത്തുല്ല സിദ്ദീഖിയുടെ 'ജമാഅത്തെ ഇസ്‌ലാമി മതേതര ഭാരതത്തില്‍' പരിഭാഷ ചെയ്തത് അക്കാലത്താണ്.
കബീറാജിയുടെ ആരോഗ്യ സംരക്ഷണത്തിനായി പ്രിയ പത്‌നി ആഇശ ഇരിക്കൂറില്‍നിന്ന് കൊടുത്തയക്കുന്ന ലേഹ്യങ്ങള്‍ പല ന്യായങ്ങളും പറഞ്ഞ് അകത്താക്കുന്നതിനായി ഒരവിശുദ്ധ സഖ്യം ഡസ്‌ക്കില്‍ രൂപപ്പെട്ടിരുന്നു. അതിനു പുറമെ ധൈഷണിക തലത്തില്‍ ഒരുപാട് വിനിമയങ്ങള്‍ക്കു അക്കാലം സാക്ഷിയായിട്ടുണ്ട്. മുസ്‌ലിം ലീഗുമായുണ്ടായ ചൂടുപിടിച്ച വിവാദമാണ് ഒന്ന്. ആയിടെ ടി.പി കുട്ട്യാമു സാഹിബ് എ.എസ് എന്ന പേരില്‍ എഴുതിയ മുസ്‌ലിംലീഗിന്റെ നിലപാടുകള്‍ വിശദീകരിക്കുന്ന ഒരു ലേഖനം ചന്ദ്രികയില്‍ വന്നു. കൊട്ടു പ്രധാധമായും ജമാഅത്തിനായിരുന്നു. ഒ. അബ്ദുര്‍റഹ്മാന്‍ അക്കമിട്ടു മറുപടി ദോഹയില്‍നിന്നയക്കും. ഇടക്ക് കുട്ടിയമ്മു സാഹിബിന് ഒരബദ്ധം പറ്റി. മുസ്‌ലിം ലീഗിന്റെ ബാംഗ്ലൂര്‍ യോഗത്തില്‍ വെച്ച് സോഷ്യലിസം പ്രത്യയശാസ്ത്രമായി സ്വീകരിച്ച കാര്യം എ.ആര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അങ്ങനെയൊന്നുണ്ടായിട്ടില്ലെന്നു കട്ടായമായി പറഞ്ഞു. പ്രബോധനത്തിന്റെ പക്കല്‍ പ്രമേയത്തിന്റെ കോപ്പിയില്ല. ചന്ദ്രികയില്‍ അതു സംബന്ധിച്ച റിപ്പോര്‍ട്ട് വരികയും ചെയ്തിരുന്നു. ചന്ദ്രികയില്‍നിന്ന് അതിന്റെ പ്രസക്ത ഭാഗം എങ്ങനെ പകര്‍ത്തിക്കിട്ടും? ചന്ദ്രിക ഫയല്‍ അവര്‍ കാണിച്ചുതരുമോ? എനിക്കായിരുന്നു ദൗത്യം. ഞാന്‍ ഒരു കത്തുമായി പത്രാധിപര്‍ വി.സി അബൂബക്കറെ കാണുന്നു. പട്ടാങ്ങുകാരനായ വി.സി പഴയ വര്‍ഷത്തെ ഫയല്‍ പരിശോധിക്കാന്‍ സമ്മതം നല്‍കുന്നു. അതാ കിടക്കുന്നു, പിറ്റേ ആഴ്ചത്തെ പ്രബോധനത്തില്‍ പ്രമേയത്തെ സംബന്ധിച്ച ചന്ദ്രികാ റിപ്പോര്‍ട്ട്. കമഴ്ന്നു വീണതോടെ എ.എസ് സംവാദം അവിടെയവസാനിപ്പിച്ചുവെന്നാണോര്‍മ.
'വായനക്കിടയില്‍' ചില അത്യാഹിതങ്ങളുണ്ടായിരുന്നു. ആമിനാ ബുക്സ്റ്റാള്‍ ഇഹ്‌യാ ഉലൂമിദ്ദീന്‍ സംബന്ധിച്ച് പത്രങ്ങളില്‍ കാല്‍പേജ് പരസ്യം കൊടുത്തു വില്‍പന പൊടിപൊടിച്ചുകൊണ്ടിരിക്കുമ്പോള്‍ വിവര്‍ത്തനത്തില്‍ നടക്കുന്ന അറുകൊലയെ പറ്റി 'വായനക്കിടയില്‍' ഒരു ഖണ്ഡനമെഴുതി. പ്രസാധകന്‍ ക്ഷുഭിതനായതോടൊപ്പം പുസ്തക വില്‍പന തല്‍ക്കാലം അവസാനിക്കുകയും ചെയ്തു.
അതുപോലെ ഒന്നായിരുന്നു സമീപകാലത്ത് എയിഡ്‌സിനു ഒറ്റമൂലി വിറ്റു കോടിക്കണക്കില്‍ പണം പിടുങ്ങിയ ഒരാള്‍ ഫെയര്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ് എന്ന പേരില്‍ ഒരു പലിശരഹിത നിക്ഷേപ സ്ഥാപനം തുടങ്ങിയതിനെ പറ്റി എഴുതിയ കുറിപ്പും. ബ്ലേഡ് കമ്പനിയുടെ മറ്റൊരു പേരാണ് ഫെയര്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ് എന്നു കണ്ടതോടെ ജനങ്ങള്‍ പിന്‍വാങ്ങി.
ടാബ്ലോയ്ഡിന്റെ രൂപം തന്നെ പ്രക്ഷോഭത്തിനും പ്രചാരണത്തിനും ചേര്‍ന്നതാണ്. താരതമ്യേന അലങ്കാരങ്ങളില്ലാതെ കാര്യം പറയുന്ന രീതിയാണ് പ്രബോധനം സ്വീകരിച്ചിരുന്നത്. യുക്തിഭദ്രമായ വാദമുഖങ്ങള്‍ അവതരിപ്പിക്കുന്നതിലും വാരിക ശ്രദ്ധിച്ചിരുന്നു. പ്രതിപക്ഷ ബഹുമാനം ഒരു വിശ്വാസ പ്രമാണമായി സ്വീകരിക്കുകയും ചെയ്തിരുന്നു. തായാട്ട് ശങ്കരന്‍ തന്റെ ഒരു പുസ്തകത്തില്‍ വി.എ കബീറിന്റെ ഒരു ലേഖനവും മറുപടിയും അനുബന്ധമായി കൊടുത്തത് അതുകൊണ്ടാണ്. മൂസ എ. ബേക്കറുടെ മോഡേണിസത്തെ ന്യായീകരിക്കുന്ന ഒരു കുറിപ്പ് അപ്പടി കൊടുത്തതില്‍ അദ്ദേഹം സന്തുഷ്ടനായതും ഓര്‍മയുണ്ട്.
വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും പത്രപ്രവര്‍ത്തനത്തിലേക്ക് തിരിച്ചുവന്നപ്പോള്‍ ഹ്രസ്വകാലത്തെ പ്രബോധന ജീവിതത്തില്‍നിന്നും പഠിച്ച പാഠങ്ങള്‍ നന്നായുപകരിച്ചുവെന്നു പറയാം.

Comments

Other Post