Prabodhanm Weekly

Pages

Search

2009 അറുപതാം വാര്‍ഷികപ്പതിപ്പ്‌

ഇണങ്ങിയും പിണങ്ങിയും അരനൂറ്റാണ്ട്‌

കെ.പി കുഞ്ഞിമ്മൂസ്സ

ജമാഅത്തെ ഇസ്‌ലാമിക്ക് സെക്യുലര്‍സമൂഹത്തില്‍ സ്ഥാനമില്ലെന്ന വിശ്വാസത്തോടുകൂടിയാണ് ഞാന്‍ പ്രബോധനം വായിച്ചുതുടങ്ങിയത്. എന്റെ സ്വദേശമായ മയ്യഴിക്കടുത്ത പുന്നോലിലെ കുടുംബസുഹൃത്തായ അബ്ദുല്ല മാസ്റ്റര്‍ പ്രബോധനം എത്തിക്കും. ജമാഅത്തെ ഇസ്‌ലാമിയെ പഠിക്കാന്‍ ജമാഅത്ത് സാഹിത്യങ്ങള്‍ വായിക്കാന്‍ അദ്ദേഹം പ്രേരിപ്പിക്കും. പക്ഷേ പ്രബോധനത്തിലെ 'വാര്‍ത്തയും വീക്ഷണവു'മല്ലാതെ തുടക്കത്തില്‍ മറ്റൊന്നിലും താല്‍പര്യം ഉണ്ടായിരുന്നില്ല.
ജ്യേഷ്ഠ സഹോദരന്മാരായ പോക്കുട്ടിയും ഉമ്മര്‍കുട്ടിയും അബ്ദുല്ല മാസ്റ്ററോട് തര്‍ക്കിക്കുന്നത് കേള്‍ക്കാറുണ്ട്. അബ്ദുല്ല മാസ്റ്ററോടുള്ള സൗഹൃദം നിധിപോലെ സൂക്ഷിക്കുന്ന സഹോദരന്മാര്‍ കൃത്യസമയം വരിസംഖ്യ നല്‍കി പ്രബോധനം മുടങ്ങാതെ വരുത്തിയിരുന്നു. ജീവിതത്തിന്റെ തിരക്കുകളില്‍ പലപ്പോഴും വിസ്മരിക്കപ്പെട്ടുപോവുന്ന അനിഷേധ്യ യാഥാര്‍ഥ്യങ്ങളെ അവതരിപ്പിക്കുന്ന കാര്യത്തില്‍ മറ്റു പ്രസിദ്ധീകരണങ്ങളെ അപേക്ഷിച്ച് പ്രബോധനം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പരനിന്ദയും ആത്മപ്രശംസയും കൊടികുത്തിവാഴുന്ന കാലമായതുകൊണ്ട് ദീനിലില്ലാത്ത ബിദ്അത്തുകളും അനാചാരങ്ങളും പ്രത്യക്ഷപ്പെടുകയും ദീനിന്റെ അടിസ്ഥാന മൂല്യങ്ങളും സുപ്രധാന സവിശേഷതകളും വേണ്ടത്ര ഗൗരവത്തോടെ പ്രചരിക്കാതിരിക്കുകയും ചെയ്തു. വിദ്യാഭ്യാസ കാര്യത്തിലും സാംസ്‌കാരികവും സാമൂഹികവുമായ ഉയര്‍ച്ചയുടെ കാര്യത്തിലും അക്കാലത്ത് ചലനം സൃഷ്ടിച്ചത് ആനുകാലിക പ്രസിദ്ധീകരണങ്ങളും പൊതുജന വായനശാലകളുമായിരുന്നു. ഉന്നതമായൊരു സംസ്‌കാരത്തിന്റെയും ഉദാത്തമായ പാരമ്പര്യത്തിന്റെയും അവഗണിക്കാനാവാത്ത ഗുണപാഠങ്ങള്‍ പ്രഭാഷണങ്ങളിലൂടെയും മനസ്സിലാക്കാനായി. പരമ്പരാഗത ധാരണകളെ മാറ്റാനും നവീന ചിന്താസരണി സ്വീകരിക്കാനും മടിച്ചുനില്‍ക്കുന്ന സമൂഹത്തില്‍ വസ്തുനിഷ്ഠമായ ഒരു പുനര്‍വിചിന്തനം അനിവാര്യമായി വന്നിരുന്നു. ശുദ്ധാത്മാക്കളും നിര്‍മലഹൃദയരും സച്ചരിതരും നിസ്വാര്‍ഥരുമായ ഗ്രാമീണര്‍ ദീനിനെ അതിന്റെ യഥാര്‍ഥ നിലപാടില്‍നിന്ന് തെറ്റിക്കാനോ അന്യചിന്താഗതിക്കൊപ്പിച്ചു വ്യാഖ്യാനിക്കാനോ മുതിര്‍ന്നില്ല എന്നതാണ് എന്റെ നാട്ടിന്റെ അന്നത്തെ പ്രത്യേകത.
നാല് പതിറ്റാണ്ടു മുമ്പ് പത്രപ്രവര്‍ത്തകനായി മാറിയപ്പോള്‍ വ്യക്തവും സംശയരഹിതവുമായ ഭാഷയിലുള്ള പ്രബോധനത്തിന്റെ അവതരണം ഇഷ്ടപ്പെട്ടുതുടങ്ങി. അക്കാലത്ത് പ്രബോധനത്തിലെ 'വീക്ഷണവിശേഷങ്ങള്‍' പാര്‍ട്ടി പത്രത്തിന്റെ എഡിറ്റോറിയല്‍ ഡസ്‌കില്‍ ചര്‍ച്ചാവിഷയമായി. നുസ്രത്തുല്‍ അനാം, അന്നസീം തുടങ്ങിയ സുന്നീ പ്രസിദ്ധീകരണങ്ങളിലെ ലേഖനങ്ങളോടുള്ള പ്രബോധനത്തിന്റെ വിയോജിപ്പിനോട് അശേഷം യോജിക്കാനായിരുന്നില്ല. എന്നാല്‍ എതിര്‍പ്പിനോടുള്ള മാന്യതയെ കണ്ടില്ലെന്ന് നടിക്കാനുമായില്ല. എടുത്തു പറയത്തക്ക മറ്റൊരു സവിശേഷത കാലിക സംഭവങ്ങളിലെ പ്രതികരണത്തില്‍ പ്രബോധനം കാണിച്ച സൂക്ഷ്മതയും ശ്രദ്ധയുമാണ്. മോഡേണിസത്തിനെതിരിലുളള പ്രബോധനത്തിന്റെ അച്ചുനിരത്തല്‍ ശ്രദ്ധേയമായി തോന്നി.
കോഴിക്കോട്ട് ചേര്‍ന്ന അഖിലേന്ത്യാ മുസ്‌ലിം വിദ്യാഭ്യാസ സമ്മേളനത്തിന്റെ റിപ്പോര്‍ട്ടും കേന്ദ്ര മന്ത്രി യൂനുസ് സലീമിന്റെയും കേരള ഡെവലപ്‌മെന്റ് കമീഷണര്‍ പി.കെ അബ്ദുല്ല സാഹിബിന്റെയും പ്രസംഗങ്ങളും ഒരു സമ്പൂര്‍ണ ദിനപത്രത്തിന്റെ സ്റ്റാഫ് ലേഖകനുപോലും സാധിക്കാത്ത തരത്തില്‍ പ്രബോധനം റിപ്പോര്‍ട്ട് ചെയ്തിരുന്നത് മറക്കാനാവില്ല.
അഖിലേന്ത്യാ മുസ്‌ലിം വിദ്യാഭ്യാസ സമ്മേളനത്തിലെ സിമ്പോസിയത്തില്‍ ഞാന്‍ സംബന്ധിച്ചതോര്‍ക്കുന്നു. 'മുസ്‌ലിംകളും ഉന്നത വിദ്യാഭ്യാസവും' എന്ന വിഷയമാണ് ചര്‍ച്ച ചെയ്യപ്പെട്ടത്. സിമ്പോസിയം ഉദ്ഘാടനം ചെയ്തത് പി.പി ഹസന്‍ കോയയായിരുന്നു. ഇസ്‌ലാമിക തത്വങ്ങള്‍ വ്യാഖ്യാനിക്കാനുള്ള അവകാശത്തിന്റെ കുത്തക യാഥാസ്ഥിതിക മതപുരോഹിതന്മാരിലായതുകൊണ്ട് വിദ്യാഭ്യാസ പുരോഗതി തടസ്സപ്പെടുകയാണെന്ന് ഹസന്‍ കോയ അഭിപ്രായപ്പെട്ടതിനെ സമുദായ പത്രങ്ങള്‍ തമസ്‌കരിച്ചു. സ്ഥാപിത താല്‍പര്യക്കാരും അധികാരിവര്‍ഗവും വിദ്യാഭ്യാസത്തെ മലിനപ്പെടുത്തുകയാണെന്നും ഹസന്‍ കോയ പറഞ്ഞിരുന്നു. വിഷയം അവതരിപ്പിച്ച പ്രഫസര്‍ സയ്യിദ് മുഹ്‌യിദ്ദീന്‍ ഷാ, സമുദായ നേതാക്കള്‍ ഉന്നതവിദ്യാഭ്യാസത്തിന് നല്‍കിയ പ്രോത്സാഹനത്തെ അനുസ്മരിപ്പിച്ചതാണ് എനിക്ക് നന്നായി തോന്നിയത്. ഫാറൂഖ് കോളേജിന്റെ പ്രഥമ പ്രിന്‍സിപ്പലും മടപ്പള്ളി ഗവണ്‍മെന്റ് കോളേജില്‍ പഠിക്കുമ്പോള്‍ എന്റെ പ്രിന്‍സിപ്പലും നല്ലൊരു ചരിത്രകാരനും പ്രഭാഷകനുമായിരുന്ന പ്രഫ. സയ്യിദ് മുഹ്‌യിദ്ദീന്‍ ഷായുടെ പ്രസംഗം ഞാന്‍ ഫ്‌ളാഷ് ചെയ്തപ്പോള്‍ ആ പ്രസംഗത്തിന് വേണ്ടത്ര പരിഗണന പ്രബോധനം നല്‍കിയില്ല. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സ്‌ലര്‍ പ്രഫ. മുഹമ്മദ് ഗനി 'മതമില്ലാത്ത മനുഷ്യന്‍ ഗുണങ്ങളില്ലാത്ത ജീവിയായിരിക്കും' എന്ന് പ്രഖ്യാപിച്ചുകൊണ്ട് ചെയ്ത ഉഗ്രന്‍ പ്രഭാഷണവും വേണ്ടത്ര പരിഗണിക്കപ്പെടാതെ പോയി. ഇത് പ്രബോധനത്തിന്റെ വീഴ്ചയോ കുറ്റമോ ആയി ചൂണ്ടിക്കാണിച്ചാല്‍ തന്നെ അന്താരാഷ്ട്ര മുസ്‌ലിം സമ്മേളനങ്ങള്‍ക്ക് പ്രബോധനം നല്‍കിയ പ്രാധാന്യത്തിന്റെ കുത്തൊഴുക്കില്‍ ഈ ആരോപണങ്ങളൊക്കെ ഒലിച്ചുപോകുന്നു.
അക്കാലത്ത് തന്നെയാണെന്നാണോര്‍മ. അജിത് ഭട്ടാര്‍ജിയുടെ ഒരു ലേഖനം പ്രബോധനത്തില്‍ പ്രസിദ്ധീകരിച്ചത് മുറിച്ചെടുത്ത് യു.എ ബീരാന്‍ സാഹിബ് എനിക്കെത്തിച്ചു. പാര്‍ലമെന്റിന്റെ അന്തസ്സും ഗൗരവവും പാര്‍ലമെന്ററി മര്യാദകളുടെ നിലവാരവും തകര്‍ന്നുകൊണ്ടിരിക്കുന്നതിലെ ആപത്ത് വിളിച്ചോതുന്ന പ്രസ്തുത ലേഖനം ദിനപത്രത്തില്‍ എടുത്തുചേര്‍ത്തുകൂടേ എന്ന സംശയവും അസി. എഡിറ്ററായിരുന്ന ബീരാന്‍ സാഹിബിനുണ്ടായി. ദേശീയ പ്രശ്‌നങ്ങളെക്കുറിച്ച് അവധാനതയോടും വ്യവസ്ഥാപിതമായും ചര്‍ച്ചകള്‍ നടത്തി ജനങ്ങളുടെ അഭിപ്രായങ്ങളെ പ്രതിനിധീകരിക്കേണ്ട പ്രതിനിധികള്‍ ചുമതലകള്‍ ശരിയാംവണ്ണം നിര്‍വഹിക്കുന്നുണ്ട് എന്നത് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട പത്രക്കാര്‍ അറിയണമല്ലോ. ജാമിഅ മില്ലിയ്യയിലെ എ.എ.കെ സോസിന്റെ പ്രൗഢഗംഭീരമായ ഒരു ലേഖനം സി.എച്ച് മുഹമ്മദ് കോയ സാഹിബാണ് ശ്രദ്ധയില്‍ പെടുത്തിയത്. ജമാഅത്തെ ഇസ്‌ലാമിയെ ആശയപരമായി ശക്തമായി വിമര്‍ശിക്കുമ്പോഴും പ്രബോധനം മുടങ്ങാതെ വായിക്കുകയും അതിന്റെ അവതരണശൈലിയെയും മുഖപ്രസംഗത്തിലെ ഘടനയെയും മൂല്യത്തെയും ചര്‍ച്ചക്ക് വിധേയമാക്കിയവരുമായിരുന്നു എന്റെ ഗുരുഭൂതന്മാര്‍. രാജ്യത്തെയും സമൂഹത്തെയും മാറ്റിമറിക്കാന്‍ കെല്‍പുള്ള സത്യങ്ങളെ മൂടിവെക്കാനാവില്ലെന്ന് പ്രബോധനം മുഖപ്രസംഗങ്ങളിലൂടെ തെളിയിച്ചു. ചൂഷക വ്യവസ്ഥയെ താങ്ങിനിര്‍ത്താന്‍ വരികള്‍ കൂട്ടുനിന്നതുമില്ല.
വിമര്‍ശിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ കാതലാണെന്നിരിക്കെ സോദ്ദേശ്യമായ വിമര്‍ശനം നിര്‍ഭയം എന്നതുപോലെ നിര്‍ദയവുമായിരിക്കണം എന്ന അഭിപ്രായക്കാരായിരുന്നു പാര്‍ട്ടി പത്രത്തിലെ സഹപ്രവര്‍ത്തകര്‍. അതുകൊണ്ടുതന്നെ അതിശക്തമായി ജമാഅത്തെ ഇസ്‌ലാമിയെ, അക്ഷരാര്‍ഥത്തില്‍ നിര്‍ദയമായി തന്നെ വിമര്‍ശിച്ചുകൊണ്ടിരുന്നു. ഇതിന് മധുരമായ പ്രതികരണമെന്നോണം മൗലാനാ മൗദൂദിയുടെ 'ജമാഅത്തെ ഇസ്‌ലാമിയുടെ ചരിത്രം' ഖണ്ഡശ്ശ പ്രസിദ്ധീകരിക്കുകയായിരുന്നു പ്രബോധനം. മാത്രമല്ല പൊതു പ്രശ്‌നങ്ങള്‍ വരുമ്പോള്‍ എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവെച്ച് പാര്‍ട്ടി പത്രത്തോട് സഹകരിക്കാന്‍ പ്രബോധനം മുന്നോട്ടുവരികയും ചെയ്തു. പ്രബോധനം മാസികയാണെങ്കില്‍ ചരിത്രവും ചലനങ്ങളും വീക്ഷണങ്ങളും കുടുംബരംഗവും കൊണ്ട് വായനക്കാരെ വിരുന്നൂട്ടുകയും ചെയ്തു.
ഇസ്‌ലാമിക് കോണ്‍ഫറന്‍സില്‍ ലിബിയന്‍ രാഷ്ട്രത്തലവന്‍ കേണല്‍ മുഅമ്മര്‍ ഖദ്ദാഫിയുടെ പ്രസംഗം നന്നായി പ്രസിദ്ധീകരിക്കാന്‍ ന്യൂസ് എഡിറ്റര്‍ പി.എം അബൂബക്കര്‍ സാഹിബ് എടുത്തുതന്ന കമ്പി കൃത്യാന്തരബാഹുല്യങ്ങളാല്‍ ഫയലില്‍ കുടുങ്ങി. പ്രബോധനം വാരിക പുറത്തിറങ്ങിയപ്പോഴാണ് എന്റെ നിരുത്തരവാദിത്വം ബോധ്യപ്പെട്ടത്. ഇസ്‌ലാം കമ്യൂണിസത്തേക്കാള്‍ പുരോഗമനപരമായ ജീവിതവ്യവസ്ഥയാണെന്ന കേണല്‍ ഖദ്ദാഫിയുടെ പ്രഖ്യാപനം ഇസ്‌ലാം പിന്തിരിപ്പന്‍ മതമാണെന്ന ആരോപണങ്ങളുടെ മുനയൊടിക്കുന്നതായിരുന്നു. മുപ്പത്തിനാല് മുസ്‌ലിം പത്രങ്ങളെ കരിമ്പട്ടികയില്‍ പെടുത്തി പത്രങ്ങള്‍ക്കെതിരെ കേസെടുത്ത സന്ദര്‍ഭത്തിലും ഭയപ്പെടാതെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ പ്രബോധനം മുന്നോട്ടുവന്നതും മറന്നുകൂടാ. ഐ.കെ ഗുജ്‌റാള്‍ വാര്‍ത്താ പ്രക്ഷേപണ വകുപ്പ് മന്ത്രിയായിരുന്ന കാലത്ത് ഉര്‍ദു പത്രങ്ങളുടെയും മുസ്‌ലിം പത്രങ്ങളുടെയും അഭിവൃദ്ധിക്കായി സ്വീകരിക്കേണ്ട മാര്‍ഗങ്ങളെ സംബന്ധിച്ച സമഗ്രമായ സ്‌കീം പ്രസിദ്ധീകരിച്ചതും പ്രബോധനമായിരുന്നു എന്ന് തോന്നുന്നു.
സെക്യുലര്‍ പാര്‍ട്ടികള്‍ വര്‍ഗീയ ശക്തികളെ കൂട്ടുപിടിക്കുന്നതിനെ 1971-ല്‍ വിനാശകരമായ പ്രവണതയായി പ്രബോധനം ചൂണ്ടിക്കാട്ടുകയുണ്ടായി. ലോക്‌സഭാ തെരഞ്ഞെടുപ്പു കാലത്ത് നിരീക്ഷകന്റെ കോളം മുഖപ്രസംഗമെഴുതാനും എഡിറ്റോറിയല്‍ പേജിലെ ലേഖനത്തിനും വളരെ സഹായകരമായിരുന്നിട്ടുണ്ട്.
ഖാദിയാനികള്‍ മുസ്‌ലിംകളാണെന്നും ഇസ്‌ലാംമതത്തില്‍നിന്ന് വ്യതിചലിച്ചവരല്ലെന്നും കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ വിധി പ്രസ്താവിച്ചപ്പോള്‍ സുദീര്‍ഘമായ ഒരു ലേഖനം പ്രബോധനത്തില്‍ പ്രസിദ്ധീകരിച്ചത് ഏറെ പഠനാര്‍ഹമായിരുന്നു. 'ഖത്മുന്നുബുവ്വത്ത്' എന്ന മലയാള പുസ്തകം തേടിപ്പിടിച്ച് വായിക്കാന്‍ പ്രചോദനം നല്‍കിയത് പ്രബോധനത്തിലെ എ.ആറിന്റെ ലേഖനമായിരുന്നു. വളപട്ടണം അബ്ദുല്ല സാഹിബിന്റെ ചിന്തകന്‍ മാസികയില്‍ ഞാനെഴുതിക്കൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. ചിന്തകന് അഹ്മദിയാക്കളുമായുള്ള സഹവാസം ഖാദിയാനി വിമര്‍ശനത്തിന് മയംവരുത്തിയിരുന്നു. ആ അവസരത്തിലാണ് ശ്രദ്ധേയമായ കോടതി വിധികളെ നിരത്തി പ്രബോധനത്തില്‍ ലേഖനം വരുന്നത്. പാകിസ്താനിലെ ഖാദിയാനികളുടെ സ്വന്തം പത്രമായ അഫ്‌സല്‍ ഉള്‍പ്പെടെ വരുത്തി തയാറാക്കിയ പ്രബോധനം ലേഖനം കണ്ണൂരിലെ സത്യദൂതന് അന്ന് വലിയ തലവേദനയായി ഭവിച്ചു. കോഴിക്കോട് വലിയ ഖാദി സമര്‍പ്പിച്ച ഒരു റിവിഷന്‍ ഹരജി തള്ളിക്കൊണ്ടായിരുന്നു ജസ്റ്റിസ് കൃഷ്ണയ്യരുടെ വിധി. അതിനെതിരെ ശക്തമായി പ്രബോധനം പ്രതികരിച്ചു. എന്നു മാത്രമല്ല, ഖാദിയാനികളുമായി വിവാഹബന്ധത്തിലേര്‍പ്പെടുന്നതിനെ സൂക്ഷിക്കാന്‍ പരസ്യമായി ആഹ്വാനം നല്‍കുകയുമുണ്ടായി.
പ്രബോധനത്തിലെ മറ്റൊരു ആകര്‍ഷക ഘടകം ടി.പി കുട്ട്യാമു സാഹിബിന്റെ പഠനാഹര്‍ങ്ങളായ ലേഖനങ്ങളായിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ കാര്യക്ഷമമാക്കാനും ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വഴി തൊഴില്‍ സംരംഭങ്ങള്‍ നടത്താനും പൊതുമേഖലയിലെ വലുതും ചെറുതുമായ ഉദ്യോഗങ്ങള്‍ക്ക് മുസ്‌ലിം ചെറുപ്പക്കാരെ തയാറാക്കാനും വ്യാപാരവും കച്ചവടവും ശാസ്ത്രീയമായ രീതിയില്‍ പരിഷ്‌കരിക്കാനും സ്ത്രീകള്‍ക്ക് കുടില്‍ വ്യവസായത്തിലൂടെ വരുമാനമുണ്ടാക്കാനും കുട്ട്യാമു സാഹിബ് അവതരിപ്പിച്ച പ്രവര്‍ത്തനങ്ങളുടെ രൂപരേഖക്ക് സ്ഥിരം കോളങ്ങളായിരുന്നു പ്രബോധനം നല്‍കിയത്.
പ്രബോധനത്തെ വ്യക്തിപരമായി ശക്തിയായി അധിക്ഷേപിക്കാനിടയാക്കിയ സന്ദര്‍ഭമായിരുന്നു എം.ഇ.എസ്സും മുസ്‌ലിം ലീഗും തമ്മിലുണ്ടായ വടംവലി കാലം. പ്രബോധനം എം.ഇ.എസ്സിന്റെ അനൗദ്യോഗിക പത്രമെന്നു പോലും എനിക്ക് വിശേഷിപ്പിക്കേണ്ടിവന്നിരുന്നു.
എം.ഇ.എസ് സംഘടിപ്പിച്ച സ്റ്റാര്‍നൈറ്റ് പരിപാടിക്ക് പാര്‍ട്ടി പത്രം അമിത പ്രാധാന്യം നല്‍കിയിരുന്നു. എന്റെ വിവാഹവുമായി ബന്ധപ്പെട്ട് ലീവില്‍ പോയ സന്ദര്‍ഭത്തിലാണ് (1969 മാര്‍ച്ച്-ഏപ്രില്‍) പ്രബോധനം സ്റ്റാര്‍നൈറ്റിനെതിരെ പ്രതികരിച്ചത്. ഇതിന്റെ ലക്കങ്ങള്‍ എന്റെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല. ശരീഅത്ത് നിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് എം.ഇ.എസ് ജേര്‍ണല്‍ മുഖപ്രസംഗമെഴുതിയപ്പോള്‍ തെറ്റ് തിരുത്താനാവശ്യപ്പെട്ട് പ്രബോധനമാണ് വിട്ടുവീഴ്ചയില്ലാത്ത സ്വരത്തില്‍ പ്രതികരിച്ചത്. ഇതിന്റെ കോപ്പികള്‍ അന്നത്തെ സംസ്ഥാന മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി അഡ്വ. ടി.എം സാവാന്‍ കുട്ടി സാഹിബാണ് എന്നെ ഏല്‍പിച്ചത്. ഇസ്‌ലാമിലെ തിരുത്തല്‍വാദം കേരളത്തില്‍ തലപൊക്കുന്നതിനെ നിരുത്സാഹപ്പെടുത്താന്‍ പലരും മടിച്ചുനിന്നപ്പോഴും പ്രബോധനം ധൈര്യം കാണിച്ചിട്ടുണ്ട്. പക്ഷേ, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ എന്ന പണ്ഡിത സംഘടനയെ യഥാസ്ഥിതിക സംഘടനയെന്ന് അധിക്ഷേപിച്ചെഴുതിയത് മനോവേദന ഉളവാക്കിയിരുന്നു. രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയില്‍ മുസ്‌ലിം ലീഗ് അവസരോചിതമായെടുക്കുന്ന നിലപാടുകളെ സ്ഥാനത്തും അസ്ഥാനത്തും പ്രബോധനം വിമര്‍ശിക്കുന്നതും സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഇത്തരം വിയോജിപ്പുകള്‍ മാറ്റിവെച്ചുകൊണ്ടുതന്നെ വായന തുടര്‍ന്നതിന്റെ കാരണം പഠിക്കാനും പകര്‍ത്താനുമുള്ള ലേഖനങ്ങളുടെ രംഗപ്രവേശമാണ്. ഇഹ്‌യാ ഉലൂമിദ്ദീനിലെ 'ആത്മാവില്ലാത്ത ഹജ്ജുകള്‍' പ്രബോധനം പ്രസിദ്ധീകരിച്ചത് മൂന്നരപ്പതിറ്റാണ്ടിന്റെ പഴക്കമുണ്ടെങ്കിലും ഇന്നും മനസ്സില്‍ തുടികൊട്ടുന്നു.
പി.കെ ഉമര്‍ ഖാന്‍ ഹജ്ജ് വളണ്ടിയറായി പോയ കാലത്ത് തപാല്‍വഴി അയക്കുന്ന വാര്‍ത്തകള്‍ കൊണ്ട് ദാഹം തീര്‍ക്കാറുള്ള ദിനപത്ര വായനക്കാരെ ഓര്‍ത്തുപോവുന്നു. അന്ന് മദീനാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയിലെ മലയാളി വിദ്യാര്‍ഥികളുടെ വകയായുള്ള 'മദീനാകത്ത്' പ്രബോധനത്തില്‍ വരുമ്പോള്‍ അസൂയ തോന്നിപ്പോയിട്ടുണ്ട്.
ജമാഅത്തെ ഇസ്‌ലാമിയുടെയോ പ്രബോധനത്തിന്റെയോ ഔദ്യോഗിക വീക്ഷണഗതിയായി കണക്കാക്കരുതെന്ന മുന്‍കൂര്‍ ജാമ്യത്തോടെ 'മുജീബ്' കൈകാര്യം ചെയ്ത ചോദ്യോത്തര പംക്തി പ്രബോധനവുമായി നിഷ്പക്ഷമതികളെ അടുപ്പിക്കുന്ന ഒരിനമായിരുന്നു. ഒരു പ്രബോധകന്റെ ഓര്‍മക്കുറിപ്പുകളും ഉര്‍ദു പത്രമായ ദഅ്‌വത്തില്‍നിന്നുള്ള ലേഖനങ്ങളും ഹിന്ദി വാരികയായ കാന്തിയില്‍നിന്നുള്ള കുറിപ്പുകളും പ്രബോധനത്തിന് അക്കാലത്ത് അലങ്കാരമായി.
ഐഡിയല്‍ സ്റ്റുഡന്‍സ് ലീഗിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ പ്രബോധനം പ്രസിദ്ധീകരിച്ചിരുന്നത് മുസ്‌ലിം വിദ്യാര്‍ഥി ഫെഡറേഷന്റെ സാരഥിയായിരുന്ന എനിക്ക് നെഞ്ചിടിപ്പ് വര്‍ധിപ്പിച്ചിരുന്നു. എം.എസ്.എഫിന്റെ പല സജീവ പ്രവര്‍ത്തകരും ഐ.എസ്.എല്‍ ഭാരവാഹികളായി മാറിയെങ്കിലും അവരുടെ സൃഷ്ടികള്‍ വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിക്കുന്നതില്‍ യാതൊരു വൈമനസ്യവും കാണിച്ചിരുന്നില്ല. അങ്ങനെ എഴുതിത്തെളിഞ്ഞവരെ പിന്നീട് കണ്ടുമുട്ടിയപ്പോഴുള്ള ആഹ്ലാദവും, ഇന്നും ചിലര്‍ ആനുകാലികങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നതിലുള്ള സന്തോഷവും സന്ദര്‍ഭോചിതമായി പങ്കുവെക്കട്ടെ. തെരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ച് അക്കാലത്ത് പ്രബോധനം നടത്തിയ വിശകലനവും നക്‌സലൈറ്റ് ഭീഷണിയെക്കുറിച്ചുള്ള മുന്നറിയിപ്പും ഇന്നും ഓര്‍മയിലുണ്ട്. കമ്യൂണിസമാണ് നക്‌സലൈറ്റ് എന്ന ബലി പ്രസ്ഥാനത്തിന്റെ പ്രചോദനം എന്ന് പ്രബോധനം വിശേഷിപ്പിച്ചതും മറന്നിട്ടില്ല.
പാലക്കാട് എം.എസ്.എഫ് സമ്മേളനത്തില്‍ യു.പിയിലെ ലീഗ് അഡ്‌ഹോക് കമ്മിറ്റി ജനറല്‍ സെക്രട്ടറി ബശീര്‍ അഹ്മദ് ഖാന്‍ പ്രസംഗിച്ചിരുന്നു. സേട്ട് സാഹിബും ഇ. അഹ്മദ് സാഹിബുമൊക്കെ പങ്കെടുത്ത സമ്മേളനത്തിലെ അധ്യക്ഷന്‍, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനായ ഞാനായിരുന്നു. കാല്‍ ലക്ഷം പേര്‍ മുസ്‌ലിം ലീഗില്‍ അംഗങ്ങളായി ചേര്‍ന്ന കാര്യം ബശീര്‍ അഹ്മദ് ഖാന്‍ പറഞ്ഞപ്പോള്‍ സദസ്സില്‍ നീണ്ടുനിന്ന ഹര്‍ഷാരവം മറച്ചുവെച്ച് അദ്ദേഹത്തെ മുസ്‌ലിം മജ്‌ലിസില്‍നിന്ന് പുറത്താക്കിയ കാര്യമാണ് പ്രബോധനം അന്ന് റിപ്പോര്‍ട്ട് ചെയ്തത്. മാത്രമല്ല, ലീഗിന്റെ പേരും പതാകയും ചിഹ്നവുമൊക്കെ ഉത്തര്‍പ്രദേശുകാര്‍ക്ക് അരോചകമാണെന്നും ഡോ. എ.ജെ ഫരീദി മുസ്‌ലിം മജ്‌ലിസ് ഉണ്ടാക്കിയത് ഈ കാരണത്താലാണെന്നും വരുത്തിത്തീര്‍ക്കാന്‍ പ്രബോധനം പാടുപെട്ടിരുന്നു. മുസ്‌ലിം ലീഗിന്റെ പോഷക സംഘടനയായ മുസ്‌ലിം വിദ്യാര്‍ഥി ഫെഡറേഷന് മാതൃസംഘടനയെ താറടിക്കുന്ന ഇത്തരം സന്ദര്‍ഭങ്ങളില്‍ അടങ്ങിയിരിക്കാനാവുമായിരുന്നില്ല. അതുകൊണ്ടുതന്നെ കഠിനമായ വിമര്‍ശനങ്ങള്‍ക്ക് പ്രബോധനത്തെ അക്കാലത്ത് വിധേയമാക്കിയിട്ടുണ്ട്. ഈ നിലപാടിനോട് പൂര്‍ണമായും ഭാഗികമായും യോജിക്കാത്ത നേതാക്കളും ഉണ്ടായിരുന്നു.
ഒരു സമ്പൂര്‍ണ വാരികക്ക് ആവശ്യമായ ചില ഘടകങ്ങളുടെ കുറവ് ഓരോ കാലത്തും പ്രബോധനം പരിഹരിച്ചിട്ടുണ്ട് എന്നെനിക്കറിയാം. കഥകള്‍ സ്ഥലം പിടിക്കുകയും കവിതകള്‍ പ്രത്യക്ഷപ്പെടുകയും പൗരവേദിയിലൂടെ ആശയവിനിമയത്തിന് സൗകര്യമൊരുക്കുകയും പലിശരഹിത പരസ്പര സഹായനിധിയെ പരിചയപ്പെടുത്തുകയും മൗലാനാ അബുല്‍ കലാം ആസാദിന്റെയും അബുല്‍ ഹസന്‍ അലി നദ്‌വിയുടെയും മറ്റും ലേഖനങ്ങള്‍ തേടിപ്പിടിച്ച് ഭാഷാന്തരം ചെയ്യുകയുമുണ്ടായി. അവസരം കിട്ടുമ്പോള്‍ 'മനം മടുപ്പിക്കുന്ന രാഷ്ട്രീയത്തെ' വിമര്‍ശിക്കുകയും ചെയ്യും. സത്യസന്ധതയില്ലാത്ത രാഷ്ട്രീയം ജനജീവിതത്തെ ദുസ്സഹമാക്കുന്നത് പ്രബോധനത്തിന് പലപ്പോഴും സഹിച്ചിട്ടില്ല.
ജമാഅത്തെ ഇസ്‌ലാമിയുടെ പേരില്‍ എ.ഐ.സി.സി ആരോപണം ഉന്നയിച്ചപ്പോള്‍ അക്കമിട്ട് പ്രബോധനം പറഞ്ഞ മറുപടി സാരസമ്പൂര്‍ണമായിരുന്നു. അന്ന് കോണ്‍ഗ്രസ് നേതാവ് ഇ. മൊയ്തു മൗലവി ജമാഅത്തെ ഇസ്‌ലാമിയുടെ രക്ഷക്കെത്തിയത് കൗതുകം പരത്തുകയുണ്ടായി. ആര്‍.എസ്.എസ്സിനെയും ജമാഅത്തെ ഇസ്‌ലാമിയെയും നിയന്ത്രിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഈ രണ്ടു സംഘടനകളേക്കാളും കൂടുതല്‍ ആപത്കാരികളായി വളര്‍ന്നു കഴിഞ്ഞ ശിവസേനയെയും മുസ്‌ലിം ലീഗിനെയും ഒഴിച്ചുനിര്‍ത്തുന്നത് രാഷ്ട്രീയ സ്റ്റണ്ടായാണ് മൊയ്തു മൗലവി വിശേഷിപ്പിച്ചത്. ഹുകൂമത്തെ ഇലാഹി അബദ്ധപൂര്‍ണമായ പ്രഖ്യാപനമായി മൗലവി കണ്ടില്ല. ജയ്പൂര്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് അന്നത്തെ കോണ്‍ഗ്രസ് പ്രസിഡന്റ് പട്ടാഭി സീതാ രാമയ്യ ഹുകൂമത്തെ ഇലാഹിയെ അനുകൂലിച്ചു സംസാരിച്ചത് മൊയ്തു മൗലവി ഉദ്ധരിച്ചിരുന്നു. കോഴിക്കോട്ടു നിന്ന് പുറപ്പെട്ട സായാഹ്ന പത്രമായ അല്‍അമീന്‍, മൗലവി സാഹിബിന്റെ പ്രസ്താവന പൂര്‍ണ രൂപത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. അന്ന് അല്‍അമീന്‍ പത്രാധിപരായിരുന്ന വി. സുബൈര്‍ ഇതു സംബന്ധിച്ച് ഒട്ടേറെ നേരം സംസാരിച്ചു. മൗലവിയുടെ പ്രസ്താവന വന്ന പ്രബോധനത്തിന്റെ കോപ്പി വെച്ച് അതിലെ മറ്റു മാറ്ററുകളിലെ പുതുമ സുബൈര്‍ വിവരിച്ചിരുന്നു.
മുസ്‌ലിം ലോക വാര്‍ത്തകള്‍ കൊണ്ട് മലയാളി മുസ്‌ലിംകള്‍ക്ക് ഹരം പകര്‍ന്നത് ഒരു കാലത്ത് ചന്ദ്രിക ദിനപത്രം മാത്രമായിരുന്നു. വി. അബ്ദുല്‍ ഖയ്യൂം സാഹിബാണ് ഇതിന് അമ്പതുകളില്‍ തുടക്കമിട്ടത്. അറുപതുകളില്‍ യു.എ ബീരാന്‍ സാഹിബും പെരിന്തല്‍മണ്ണ സ്വദേശിയും ചന്ദ്രികയുടെ പ്രഥമ പത്രാധിപരായിരുന്ന കെ.കെ മുഹമ്മദ് ശാഫി സാഹിബിന്റെ സഹോദരനുമായ കല്ലിങ്കല്‍ അബ്ദു സാഹിബും പാലാട്ട് മൂസക്കോയയും മുസ്‌ലിം ലോകവാര്‍ത്തകള്‍ തേടിപ്പിടിക്കുന്നതില്‍ താല്‍പര്യം കാണിച്ചു. കോഴിക്കോട് വലിയ ഖാദി സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ മുതല്‍ തലശ്ശേരിയിലെ പി.എ അബ്ദുര്‍റഹ്മാന്‍ സാഹിബ് വരെ മുസ്‌ലിം ലോകവാര്‍ത്തകള്‍ വഴി ചന്ദ്രികക്ക് കനത്ത സംഭാവനകള്‍ നല്‍കി. അതില്‍പിന്നെ മുസ്‌ലിം ലോക വാര്‍ത്തകള്‍ക്ക് വലിയ പ്രാമുഖ്യം നല്‍കിയത് പ്രബോധനമായിരുന്നു എന്ന് നിസ്സംശയം പറയാം.
അറബികള്‍ തമ്മില്‍തല്ലി നശിക്കുന്നതിലെ വിനാശകരമായ പ്രത്യാഘാതങ്ങള്‍ പ്രബോധനം അക്കമിട്ടു നിരത്തി. തുര്‍ക്കിസ്താനിലെ ചീനയുടെ ക്രൂരതകള്‍ പുറംലോകത്തെ അറിയിച്ചു. സോവിയറ്റ് റഷ്യയുടെ വഞ്ചന തുറന്നുകാട്ടി. മുറിവുണങ്ങാത്ത ഫലസ്ത്വീനിനെയും ആധുനിക തുര്‍ക്കിയെയും പാകിസ്താനിലെ രാഷ്ട്രീയത്തെയും പൂര്‍വ പാകിസ്താനിലെ അഭയാര്‍ഥികളെയും കുറിച്ച് പ്രബോധനത്തില്‍ വന്ന കുറിപ്പുകള്‍ അറിവുകള്‍ പകര്‍ന്നു.
ഭരണഘടനാനുസൃതമായ പ്രവര്‍ത്തനം കാഴ്ചവെക്കുന്ന സാംസ്‌കാരിക സംഘടനയായി തമിഴ്‌നാട് മുസ്‌ലിം ലീഗ് ജമാഅത്തെ ഇസ്‌ലാമിയെ വിലയിരുത്തിയിരുന്നു. ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബിന്റെ അധ്യക്ഷതയില്‍ 1970ജൂലൈയില്‍ ചേര്‍ന്ന തമിഴ്‌നാട് മുസ്‌ലിംലീഗ് യോഗ പ്രമേയം ചന്ദ്രികയില്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച കാലത്താണ് ഒരിക്കലും മറക്കാനാവാത്ത ഒരനുഭവമുണ്ടായത്.
ജമാഅത്തെ ഇസ്‌ലാമിയെ പൊതുവേദിയില്‍ വെച്ചുപോലും എതിര്‍ക്കാറുള്ള മാപ്പിള മഹാകവി ടി. ഉബൈദ് ജമാഅത്ത് സാഹിത്യങ്ങള്‍ വായിക്കുന്നതില്‍ പ്രത്യേക താല്‍പര്യം കാണിച്ചിരുന്നു. ചന്ദ്രിക ലേഖകനായിരുന്ന ഉബൈദ് സാഹിബിന് സാഹിത്യങ്ങളും സ്റ്റഡി ക്ലാസ്സുകളും പ്രഭാഷണങ്ങളും വഴി ധാര്‍മികവും ആധ്യാത്മികവുമായ പരിവര്‍ത്തനത്തിനു വേണ്ടി അധ്വാനിക്കുന്നവരെ ഏറെ ഇഷ്ടമായിരുന്നു. വര്‍ഗീയമെന്ന വാക്കിന് സുസമ്മതമായ നിര്‍വചനം ഇതേവരെ ആരും പറഞ്ഞിട്ടില്ലെന്ന് ഉബൈദ് സാഹിബ് ചൂണ്ടിക്കാട്ടിയിരുന്നു. മതാടിസ്ഥാനത്തിലുള്ള സംഘടനകള്‍ വര്‍ഗീയ സംഘടനകളാണെങ്കില്‍ ക്രൈസ്തവ സംഘടനകളും പട്ടികജാതി ഫെഡറേഷനും എന്‍.എസ്.എസ്സും എസ്.എന്‍.ഡി.പിയും മറ്റും ആ ഇനത്തില്‍ പെടുന്നില്ലേ എന്നു ഉബൈദ് സാഹിബ് ചോദിക്കും. വിജ്ഞാന തുറകളിലുള്ള നേട്ടങ്ങള്‍ ലോകത്തിന് കാഴ്ചവെച്ച ഇസ്‌ലാമിനെക്കുറിച്ച് എടുത്തുകാണിക്കുന്ന പ്രസിദ്ധീകരണങ്ങള്‍ മുസ്‌ലിം വിദ്യാര്‍ഥികള്‍ വായിക്കണമെന്ന് ഉബൈദ് സാഹിബ് ശഠിച്ചു പറയുമ്പോള്‍ അദ്ദേഹത്തിന്റെ കക്ഷത്തില്‍ അന്ന് പ്രബോധനവും ഉണ്ടായിരുന്നു.
ഗര്‍ഭഛിദ്രത്തെയും ലോട്ടറിയെയും കൃത്രിമ ദൈവങ്ങളെയും അനിസ്‌ലാമിക സംസ്‌കാരത്തെയും പണം വെക്കാത്തതും വെച്ചതുമായ ചീട്ടുകളികളെയും ഭ്രൂണഹത്യയെയും പലിശയെയും തിന്മകളുടെ പ്രചാരണത്തെയും മദ്യപാനത്തെയും അതിനിശിതമായി വിമര്‍ശിച്ചുകൊണ്ടുള്ള പ്രബോധനത്തിന്റെ ലക്കങ്ങള്‍ വായിച്ചതിന്റെ ഓര്‍മ ഇന്നും മനസ്സില്‍ പച്ചപിടിച്ചുനില്‍ക്കുന്നു. മതത്തിന്റെ അര്‍ഥഗാംഭീര്യം അനാവരണം ചെയ്യുന്ന പ്രതിഭാസമ്പന്നരുടെ പഠന ലേഖനങ്ങള്‍ ബഹുമുഖ വിജ്ഞാനമാണ് വായനക്കാര്‍ക്ക് സമ്മാനിച്ചത്. അതേയവസരത്തില്‍ മുസ്‌ലിം ലീഗിന്റെ പുനരുജ്ജീവനത്തെ എതിര്‍ത്തുകൊണ്ടുള്ള ഉത്തരേന്ത്യന്‍ വീക്ഷണത്തെ പൊലിപ്പിച്ചുകാട്ടാനും കോണ്‍ഗ്രസ്സിന്റെയും മുസ്‌ലിം ലീഗിന്റെയും 'അധികാരമോഹത്തെ' പെരുപ്പിച്ചുകാട്ടാനും സെക്യുലരിസ്റ്റുകളുടെയും ദേശീയവാദികളുടെയും ലീഗ് വിരോധം മിനക്കെട്ട് ഭാഷാന്തരം ചെയ്ത് സമര്‍പ്പിക്കാനും പ്രബോധനം കാണിച്ച ആവേശം പരിപക്വത പ്രാപിച്ചിട്ടില്ലാത്ത ഒരു വിഭാഗം പത്രാധിപ സമിതിയംഗങ്ങള്‍ക്ക് ക്ഷന്തവ്യമായി കരുതാം. എന്നാല്‍ നടത്തിപ്പുകാര്‍ അതിന് അരുനില്‍ക്കരുതായിരുന്നു. നിലവാരമുള്ള രചനകള്‍ ഉള്‍ക്കൊള്ളിക്കുക എന്ന പ്രഖ്യാപിതനയം പ്രാവര്‍ത്തികമാക്കിയിരുന്നെങ്കില്‍ അപാകതകള്‍ ഒഴിവാക്കാനാവുമെന്ന് ഇന്നും ഈ പഴയ വായനക്കാരന്‍ നടത്തിപ്പുകാരോട് നിര്‍ദേശിക്കട്ടെ.
പല പ്രസിദ്ധീകരണങ്ങളെയും സ്ഥിരമായി വഴക്കു പറയുന്ന പ്രകൃതക്കാരനായ ഈ ലേഖകന് പലരുടെയും വഴക്കങ്ങളില്‍ ശ്രദ്ധേയവും ആരോഗ്യകരവുമായ വ്യതിയാനം വരുത്താന്‍ സാധിച്ചതിലുള്ള ചാരിതാര്‍ഥ്യത്തോടെയാണ് ഇത്രയും എഴുതിയത്.
സത്യത്തിലും നീതിയിലും വിശ്വസിക്കുന്ന കര്‍ത്തവ്യബോധമുള്ള ശക്തിയാക്കി തലമുറയെ രൂപപ്പെടുത്താന്‍ പ്രബോധനത്തിന്റെ കോളങ്ങള്‍ വഴിമരുന്നാവണം. ആഴമുള്ള വിഷയങ്ങളായിട്ട് പോലും പ്രതീക്ഷിച്ചത്ര ഉള്‍ക്കട്ടി കിട്ടാതെ പോവുന്ന ലേഖനങ്ങള്‍ ഒഴിവാക്കണം. വായനക്കാരുടെ അന്വേഷണ ചക്രവാളങ്ങള്‍ വികസിപ്പിക്കുന്നതിന് പ്രബോധനം ശ്രമിക്കണം.
മതപ്രസിദ്ധീകരണങ്ങളെ സംബന്ധിച്ചേടത്തോളം പുതുമകളാദ്യം വിരിയുന്ന മണ്ണായിരുന്നു തലശ്ശേരിയുടേത്. ആനുകാലികങ്ങളുടെ പുതിയ പൂക്കള്‍ മലയാളത്തിലുണ്ടായത് തലശ്ശേരിയിലാണ്. എന്റെ ജന്മനാടിനെക്കുറിച്ച് ഇതൊന്നും ഞാന്‍ പറയാറില്ല. തലശ്ശേരിയില്‍നിന്നും കോഴിക്കോട്ടേക്ക് പറിച്ചുനട്ട പല പ്രസിദ്ധീകരണങ്ങളുമുണ്ട്. കോഴിക്കോട്ടെ പ്രസിദ്ധീകരണങ്ങളെക്കുറിച്ച് പറയുമ്പോഴൊക്കെ തലശ്ശേരിക്കാരും മറ്റു പല പ്രദേശത്തുകാരുമായ പലരെപ്പറ്റിയും പറയാനുണ്ടാവും. പലരും സാംസ്‌കാരികമായി ഭിന്നിച്ചുനില്‍ക്കുകയും പണി വീതിച്ച് സന്തോഷിക്കുകയും ചെയ്യേണ്ടിവന്നവരാണ്.
പ്രബോധനത്തിന്റെ നിലനില്‍പ് ഒരു പ്രസ്ഥാനത്തിന് വേണ്ടിയുള്ളതാണല്ലോ. ആ പ്രസ്ഥാനം സങ്കുചിത വീക്ഷണം വെച്ചുപുലര്‍ത്തുന്നു എന്ന വ്യാപകമായ പരാതി നിലനില്‍ക്കുന്നു. പ്രസ്ഥാനത്തെ നഖശിഖാന്തം വിമര്‍ശിച്ച് ഗ്രന്ഥരചന നടത്തി അവാര്‍ഡ് വാങ്ങിച്ച സുഹൃത്തും പത്രപ്രവര്‍ത്തകനാണ്. പ്രബോധനത്തിന്റെ യഥാര്‍ഥ പ്രവര്‍ത്തനങ്ങള്‍ പുറത്തറിയാതെ പോവുന്നതിന്റെ കാരണങ്ങളില്‍ ഒന്ന് ഈ സങ്കുചിതത്വമല്ലേ എന്ന് തോന്നിപ്പോവാറുണ്ട്. പുതിയ പുതിയ പ്രസിദ്ധീകരണങ്ങള്‍ക്കു വേണ്ടി പ്രബോധനത്തെ ഇകഴ്ത്താന്‍ പലരും ശ്രമിച്ചിട്ടുണ്ട്. ഒരുതരം കാമ്പയിന്‍ പോലും മുന്‍കാലത്തുണ്ടായതായി എനിക്കറിയാം. പത്രവിസ്മയങ്ങളുടെ ലോകമാണിന്ന് കോഴിക്കോട്. ഇവിടെ എത്തുന്നവരുടെ മനസ്സ് പഴയ കാലത്തേക്ക് ചിറകടിച്ചുപോവും. വിപ്ലവകരമായ അറുപതാണ്ടുകള്‍ പിന്നിടുന്ന പ്രബോധനത്തെ തേടി സില്‍വര്‍ ഹില്‍സില്‍ എത്തിയാല്‍ ചരിത്രവും വിസ്മയവും ഉത്സാഹഭരിതമാക്കിയ താളുകള്‍ പൂത്തുലഞ്ഞുനില്‍ക്കുന്നതായും കാണാം.
പത്രപ്രവര്‍ത്തകനായ ഒരു വായനക്കാരന്റെ ദുരന്ത സ്പര്‍ശമുള്ള ഒരു കഥയായി ഈ എഴുത്തിനെ വ്യാഖ്യാനിക്കുന്നവരുണ്ടാവാം. പാര്‍ട്ടിയുടെ പുതിയ ചുറ്റുപാടുകളിലും കെട്ടുപാടുകളിലും ഒതുങ്ങാന്‍ വിസമ്മതിക്കുന്ന വ്യക്തികള്‍ പടരാന്‍ ഇടമില്ലാത്ത ചെടികളുടെ അവസ്ഥയെയാണ് അനുസ്മരിപ്പിക്കുക. ആരെന്ത് പറഞ്ഞാലും ഒരു സഹജീവിയെ വിലയിരുത്തല്‍ മാത്രമായി ഈ ലേഖനം കണക്കിലെടുത്താല്‍ മതി.
കെ.പി കുഞ്ഞിമ്മൂസ്സ
9847584843

Comments

Other Post