Prabodhanm Weekly

Pages

Search

2009 അറുപതാം വാര്‍ഷികപ്പതിപ്പ്‌

കാലാതീത സത്യവും കാലിക പ്രവണതകളും

ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി

അര നൂറ്റാണ്ടോളമായി ഈ ലേഖകന്‍ പ്രബോധനം വായിക്കാന്‍ തുടങ്ങിയിട്ട്. ആദ്യകാലങ്ങളില്‍ ഒരു ലേഖനം പോലും ഒഴിവാക്കാനാവാതെ വായിക്കുമായിരുന്നു. കാലിക പ്രസക്തിയുള്ള പല വിഷയങ്ങളും പ്രതിപാദിക്കപ്പെടുന്നതും മറ്റുചില പ്രസിദ്ധീകരണങ്ങളെ അപേക്ഷിച്ച് ഭേദപ്പെട്ട ഭാഷാനിലവാരം പുലര്‍ത്തുന്നതുമായിരുന്നു എന്നെ ആകര്‍ഷിച്ച പ്രധാന ഘടകങ്ങള്‍. ഭൗതിക പ്രത്യയശാസ്ത്രങ്ങളെയും രാഷ്ട്രീയ സിദ്ധാന്തങ്ങളെയും വിമര്‍ശനവിധേയമാക്കുന്ന ലേഖനങ്ങള്‍ അക്കാലത്ത് ഏറെ താല്‍പര്യമുണര്‍ത്തിയിരുന്നു. ഏകദേശം നാലു പതിറ്റാണ്ടുകള്‍ക്കു മുമ്പ് ഖബ്‌റാരാധനക്കെതിരില്‍ സുദീര്‍ഘമായ ഒരു ലേഖന പരമ്പര പ്രബോധനത്തില്‍ പ്രസിദ്ധീകരിച്ചു വന്നതും ഓര്‍ക്കുന്നു. ഒരു സുന്നീ പ്രസിദ്ധീകരണത്തിന്റെ ചോദ്യോത്തര പംക്തിയില്‍, ജാറം നിര്‍മാണത്തിന് സൂറത്തുല്‍ കഹ്ഫില്‍ തെളിവുണ്ടെന്ന് എഴുതിയതിലെ തെളിവുകള്‍ അപഗ്രഥിച്ചുകൊണ്ട് ഖണ്ഡിക്കുന്നതായിരുന്നു ആ ലേഖന പരമ്പര. മുസ്‌ലിം രാഷ്ട്രങ്ങളിലെ സമകാലിക സാമൂഹിക-രാഷ്ട്രീയ സംഭവവികാസങ്ങളെ സംബന്ധിച്ച അവലോകനങ്ങളും പ്രബോധനത്തിന്റെ ശ്രദ്ധേയമായ ഒരു സവിശേഷതയായിരുന്നു. ഒരു ലക്ഷണമൊത്ത ഇസ്‌ലാമിക പ്രസിദ്ധീകരണം എന്നതായിരുന്നു കുറേകാലം ഈ ലേഖകന്റെ മനസ്സില്‍ പ്രബോധനത്തിനുള്ള സ്ഥാനം.
പില്‍ക്കാലത്ത്, വിവിധ ഇസ്‌ലാമിക വിഷയങ്ങളില്‍ പ്രബോധനവും ജമാഅത്തെ ഇസ്‌ലാമിയും സ്വീകരിക്കുന്ന നയനിലപാടുകളെ ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ കൂടുതല്‍ സൂക്ഷ്മമായി അപഗ്രഥിച്ചു മനസ്സിലാക്കാന്‍ അവസരം ലഭിച്ചപ്പോഴാണ് ചില പോയന്റുകളില്‍ വിയോജിപ്പ് തോന്നിത്തുടങ്ങിയത്. അവയില്‍ പലതും 'ഇബാദത്ത്-വീക്ഷണങ്ങളുടെ താരതമ്യം' എന്ന കൃതിയില്‍ വിശകലനം ചെയ്തിട്ടുണ്ട്. ഇബാദത്തിനും തൗഹീദിനും ശിര്‍ക്കിനുമെല്ലാം രാഷ്ട്രീയഭാഷ്യം നല്‍കുകയും പ്രവാചകന്മാരുടെയെല്ലാം പ്രബോധനം രാഷ്ട്രീയ പ്രധാനമായിരുന്നു എന്ന് സമര്‍ഥിക്കുകയും ചെയ്യുന്ന ഒട്ടേറെ ലേഖനങ്ങള്‍ പലകാലങ്ങളില്‍ പ്രബോധനത്തില്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്. സ്വേഛാധിപത്യവും ഭൗതിക പ്രമത്തതയും സര്‍വഥാ എതിര്‍ക്കപ്പെടേണ്ടതാണ് എന്നതിനാല്‍ ആദ്യകാലങ്ങളില്‍ ഈ ലേഖനങ്ങള്‍ ആകര്‍ഷകമായി തോന്നിയിരുന്നു.
എന്നാല്‍ മനുഷ്യരുടെ മേല്‍ ഭൗതികമായ അധികാരം സ്ഥാപിച്ചിട്ടുള്ളവരെ എതിര്‍ക്കുന്നതിനേക്കാളേറെ, അവരുടെ മനസ്സുകളില്‍ ആത്മീയമായ മഹത്വം കല്‍പിച്ച് പരമമായ വണക്കം അര്‍പ്പിക്കുന്ന വ്യക്തികളെയും വസ്തുക്കളെയുമാണ് പ്രവാചകന്മാര്‍ എതിര്‍ത്തിട്ടുള്ളത് എന്നത്രെ വിശുദ്ധ ഖുര്‍ആന്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയുന്നത്. ദുഷ്ടരായ ഭരണാധികാരികള്‍ക്ക് ജനങ്ങളെ തെറ്റായ ആശയങ്ങളിലേക്കും നടപടികളിലേക്കും നയിക്കാന്‍ ഒട്ടൊക്കെ സാധിക്കുമെന്നതില്‍ സന്ദേഹത്തിനവകാശമില്ല. എന്നാല്‍ അധികാരഹസ്തങ്ങള്‍ നീണ്ടുചെല്ലുന്ന പരിമിതമായ സ്ഥലകാലങ്ങളില്‍ മാത്രമേ ഭരണകര്‍ത്താക്കളുടെ പ്രഭാവമെത്തുകയുള്ളൂ. വിഗ്രഹങ്ങളുടെയും ആള്‍ദൈവങ്ങളുടെയും അവസ്ഥ ഇങ്ങനെയല്ല. ഭൗതികമായ അധികാര ശക്തിയുടെ പിന്‍ബലം കൂടാതെ തന്നെ വ്യാജദൈവങ്ങള്‍ക്ക് ദിവ്യത്വം ചാര്‍ത്തപ്പെടുകയും ആരാധനയര്‍പ്പിക്കപ്പെടുകയും ചെയ്യുന്നു. അതു വഴിയാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ പ്രപഞ്ചനാഥന്റെ മാര്‍ഗത്തില്‍നിന്ന് തെറ്റിക്കപ്പെടുന്നത്. രാഷ്ട്രീയ അപഭ്രംശങ്ങളെ നിസ്സാരവത്കരിക്കാന്‍ പാടില്ല എന്നതുപോലെത്തന്നെ പ്രധാനമാണ് നരകത്തിലേക്ക് നയിക്കുന്ന വ്യാജ ആത്മീയതയുടെ ഗൗരവം കുറച്ചു കാണാന്‍ പാടില്ല എന്നതും. കപട ആത്മീയത ജനങ്ങളെ രാഷ്ട്രീയമായോ സാമ്പത്തികമായോ ചൂഷണം ചെയ്യുന്നതിനേക്കാള്‍ ഗൗരവമുള്ള വിഷയമാണ് അത് അവരെ ശാശ്വതമായ ദൈവിക ശിക്ഷയിലേക്ക് നയിക്കുന്നു എന്നത്.
സംഘടനകളും പ്രസ്ഥാനങ്ങളും ഏതായാലും ഇസ്‌ലാമിക പ്രബോധകര്‍ ഒരു വിഷയത്തില്‍ തെറ്റുപറ്റാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കാലത്തിന്റെ മുഖമുദ്രകളെയും ഇസ്‌ലാമിക പ്രമാണങ്ങളെയും ബന്ധപ്പെടുത്തുന്ന വിഷയമത്രെ അത്. പ്രബോധകന്‍ ജീവിക്കുന്നത് സ്ഥലകാല സീമകള്‍ക്കുള്ളിലാണ്. സ്ഥലകാലങ്ങളില്‍ ഉരുത്തിരിയുന്ന പ്രവണതകളാല്‍ സ്വാധീനിക്കപ്പെട്ട മനുഷ്യരെയാണ് അവര്‍ക്ക് അഭിസംബോധന ചെയ്യാനുള്ളത്. കാലികമായ ദുഷ്പ്രവണതകളെ തിരുത്താതെ കാലാതീത സത്യത്തിലേക്ക് ആളുകളെ നയിക്കുക പ്രയാസമായിരിക്കും. അതിനാല്‍ എക്കാലത്തെയും പ്രബോധകരുടെ രചനകളിലും പ്രസംഗങ്ങളിലും കാലിക പ്രവണതകളുടെ വിശകലനം അനുപേക്ഷ്യമായിരിക്കും. സോഷ്യലിസവും കമ്യൂണിസവും ക്യാപിറ്റലിസവുമായി ഇസ്‌ലാമിക തത്വങ്ങളെ തുലനം ചെയ്യുന്ന ധാരാളം ലേഖനങ്ങള്‍ ഒരു കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ടതുപോലെയും സ്ത്രീശാക്തീകരണവും സ്വവര്‍ഗരതിയും സാമ്പത്തിക പ്രതിസന്ധിയും മറ്റും ഇപ്പോള്‍ ഇസ്‌ലാമിക ലേഖനങ്ങളിലും ഗ്രന്ഥങ്ങളിലും ചര്‍ച്ചയാകുന്നതു പോലെയും.
ഗ്രീക്ക് തത്വശാസ്ത്രവും അതുമായി ബന്ധപ്പെട്ട തര്‍ക്കശാസ്ത്രവും മുസ്‌ലിം സമൂഹത്തിന്റെ ചിന്താമണ്ഡലത്തെ സ്വാധീനിച്ച അബ്ബാസിയ ഭരണകാലത്ത് കാലികമെന്ന് വിശേഷിപ്പിക്കപ്പെട്ട യവനദര്‍ശനത്തിന്റെ മൂശയില്‍ ഇസ്‌ലാമിക വിജ്ഞാനീയങ്ങളെ വാര്‍ത്തെടുക്കാനുള്ള ഒരു പ്രവണത ദൃശ്യമായിരുന്നു. അക്കാലത്തെ ചില ഗ്രന്ഥകാരന്മാര്‍ തങ്ങളുടെ രചന ഖുര്‍ആനിന്റെയും നബിചര്യയുടെയും അടിസ്ഥാനത്തിലായിരിക്കണമെന്നതിനേക്കാള്‍ മുന്‍ഗണന നല്‍കിയിരുന്നത് തത്വശാസ്ത്രത്തിന്റെയും തര്‍ക്കശാസ്ത്രത്തിന്റെയും സൂത്രവാക്യങ്ങളുമായി സമരസപ്പെടുത്തുന്നതിനായിരുന്നു. ഗസ്സാലിയുടെയും ഇബ്‌നുറുശ്ദിന്റെയും മറ്റും ദാര്‍ശനിക കൃതികളില്‍ ഈ പ്രവണത ഏറെ പ്രകടമാണ്. മുഅ്തസിലികളുടെയും അശ്അരികളുടെയും അഖീദാ ഗ്രന്ഥങ്ങളെയും ഈ പ്രവണത സ്വാധീനിച്ചിട്ടുണ്ട്. ആധുനിക കാലത്ത് ജനജീവിതത്തിന് വെളിച്ചം പകരാന്‍ ഈ ഗ്രന്ഥങ്ങള്‍ മിക്കവാറും ഉപയുക്തമല്ലാതായിട്ടുണ്ട്. കാലിക പ്രവണതകളാല്‍ ഏറെ സ്വാധീനിക്കപ്പെടാതെ പൂര്‍വികര്‍ തയാറാക്കിയ ഖുര്‍ആന്‍-ഹദീസ് വ്യാഖ്യാനങ്ങളാകട്ടെ നിത്യപ്രസക്തമായിത്തന്നെ തുടരുകയാണ്.
പുതിയ ആശയങ്ങളും സിദ്ധാന്തങ്ങളും പ്രവണതകളും രംഗം കൈയടക്കുമ്പോള്‍ ഖുര്‍ആനിനെയും ഹദീസുകളെയും അവക്കൊപ്പിച്ച് വ്യാഖ്യാനിച്ചാല്‍ അനുവാചകരുടെ കൈയടി വാങ്ങുക എളുപ്പമായിരിക്കും. ഇപ്പോള്‍ സര്‍വമത സത്യവാദത്തിനും സ്ത്രീശാക്തീകരണത്തിനും മറ്റും അനുകൂലമായി ഖുര്‍ആനും ഹദീസും വ്യാഖ്യാനിച്ചൊപ്പിക്കുന്ന ചില പണ്ഡിതന്മാരെ ആധുനികര്‍ പ്രശംസിക്കുന്നത് ഇതിന് തെളിവാണ്. പ്രവാചകന്മാരിലൂടെ അല്ലാഹു വെളിപ്പെടുത്തിയ അത്ഭുത സംഭവങ്ങളെ യുക്തിക്കൊപ്പിച്ച് വ്യാഖ്യാനിച്ച ഒരു ഖുര്‍ആന്‍ വ്യാഖ്യാതാവിന് ഒരുകാലത്ത് ധാരാളം അനുവാചകരുണ്ടായിരുന്നു. എന്നാല്‍ ഇതിനൊന്നും സ്ഥായീഭാവമുണ്ടാവില്ല. കാലാതീത പ്രമാണങ്ങള്‍ എന്ന നിലയില്‍ ഖുര്‍ആന്റെയും നബിചര്യയുടെയും മൗലികത നഷ്ടപ്പെടുത്താതെ ലോകത്തിന്റെ മുമ്പില്‍ അവതരിപ്പിക്കുന്നതാണ് കാലഹരണപ്പെടാത്ത പ്രബോധന രീതി. കാലാകാലങ്ങളില്‍ ലോകര്‍ക്ക് സംഭവിക്കുന്ന വ്യതിയാനങ്ങള്‍ എന്തൊക്കെയായിരുന്നാലും അവരെയൊക്കെ സന്മാര്‍ഗത്തിലേക്ക് നയിക്കാന്‍ അടിസ്ഥാന പ്രമാണങ്ങള്‍ ഉദ്ധരിച്ചു കൊണ്ടുള്ള വളച്ചുകെട്ടില്ലാത്ത പ്രബോധനം തന്നെ മതിയാകും. വിശുദ്ധ ഖുര്‍ആന്‍ 25:52 സൂക്തത്തില്‍ പറഞ്ഞ 'ഖുര്‍ആന്‍ കൊണ്ടുള്ള വലിയ ജിഹാദ്' അതു തന്നെയാണ്. ദര്‍ശനങ്ങള്‍ക്കോ പ്രത്യയശാസ്ത്രങ്ങള്‍ക്കോ പ്രവണതകള്‍ക്കോ മുമ്പില്‍ ഉയര്‍ത്തിക്കാണിക്കാന്‍ വേണ്ടി ഇസ്‌ലാമിക പ്രമാണങ്ങള്‍ക്ക് കാലിക ഭാഷ്യങ്ങള്‍ നല്‍കിയാല്‍ ജിഹാദ് ചെറുതാവുകയാണ് ചെയ്യുക.

Comments

Other Post