Prabodhanm Weekly

Pages

Search

2009 അറുപതാം വാര്‍ഷികപ്പതിപ്പ്‌

'ഞങ്ങള്‍, മേരിക്കുന്നിലെ സ്വാലിഹീങ്ങള്‍'

ഒ. അബ്ദുല്ല

മധ്യതിരുവിതാംകൂറില്‍നിന്ന് മലബാറിലെ സുന്നി പാതിരാവുകളെ ഉറുദി പറഞ്ഞ് ഉറക്കാന്‍ വന്ന യാഥാസ്ഥിതിക പണ്ഡിതന്റെ വഅ്‌ള് കേട്ടുവന്ന ബന്ധു ബാപ്പയോട് പ്രസ്തുത വഅ്‌ളിനെക്കുറിച്ച് പറഞ്ഞ 'മദ്ഹ്' കൊച്ചുകുട്ടിയായിരിക്കെ മനസ്സിന്റെ മൂലയില്‍ മായാതെ നിന്നു. രണ്ടു 'ഖുല്ലത്ത്' തികയാത്ത ബക്കറ്റില്‍ കൈയിട്ട് വുദൂ എടുക്കുന്നതുതൊട്ട് ജമാഅത്തുകാരോട് കടുത്ത വിരോധം വെച്ചുപുലര്‍ത്തുന്ന ഈ ബന്ധു അത്യാവേശപൂര്‍വം മുസ്‌ലിയാര്‍ പറഞ്ഞതായി ഉദ്ധരിക്കുകയാണ്: 'ജമാഅത്തെ ഇസ്‌ലാമിക്കാര്‍ക്ക് ഒരൊറ്റ ചിന്തയേയുള്ളൂ. ധനം, ധനം, ധനം... കണ്ടില്ലേ അവരുടെ മുഖപത്രത്തിന്റെ പേര് -പ്രഭോ'ധനം'. പ്രഭോ, ധനം തരൂ എന്നല്ലാതെ മറ്റെന്താ ആ വാക്കിന്റെ അര്‍ഥം!' മലബാറുകാര്‍ മൊത്തത്തിലും അവരിലെ മാപ്പിളമാര്‍ വിശേഷിച്ചും അക്ഷരജ്ഞാനമില്ലാത്തവരും പടുവിഡ്ഢികളുമാണെന്ന് മനസ്സിലാക്കിയ മുസ്‌ലിയാര്‍ തട്ടിവിട്ട അസംബന്ധത്തിന്റെ ആഴം മനസ്സിലാവണമെങ്കില്‍ 'പ്രബോധന'ത്തിന്റെ 'സ്‌പെല്ലിംഗ്' അറിയണമായിരുന്നു -എനിക്കന്നത് അറിയാമായിരുന്നില്ല.
'പ്രബോധന'ത്തിന്റെ സ്‌പെല്ലിംഗ് പഠിച്ചത് ഒരു സൈക്കിളിലെ പരസ്യപ്പലകയില്‍നിന്നാണ് എന്നാണോര്‍മ. മലപ്പുറം ജില്ലയുടെ അങ്ങേ അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന എടപ്പാളില്‍നിന്ന് കോഴിക്കോട് ജില്ലയുടെ കിഴക്കന്‍ മലയോരപ്രദേശത്തോട് തൊട്ടുകിടക്കുന്ന ഞങ്ങളുടെ ഗ്രാമത്തിലേക്ക് വെളുത്ത താടിയും വെളുത്ത തൊപ്പിയും വെള്ള പൈജാമയും വെള്ള 'കുര്‍ത്ത'യും ധരിച്ച ഒരാള്‍ ഇടക്കൊക്കെ വരും. അന്ന് അത്യപൂര്‍വ വാഹനമായിരുന്ന സൈക്കിളിലായിരുന്നു ഇദ്ദേഹത്തിന്റെ വരവ് എന്നതിനാല്‍ ഞങ്ങള്‍ മദ്‌റസാ കുട്ടികള്‍ സൈക്കിളിന് ചുറ്റും കൂടിനില്‍ക്കും. സൈക്കിളിന്റെ തണ്ടില്‍ തൂങ്ങിക്കിടക്കുന്ന 'പ്രബോധനം' എന്നെഴുതിയ പരസ്യപ്പലക അന്നത്തെനിലക്ക് ഒരാകര്‍ഷണമായിരുന്നു.
എടപ്പാളില്‍നിന്ന് നൂറിലധികം കിലോ മീറ്റര്‍ ദൂരെ സ്ഥിതിചെയ്യുന്ന ചേന്ദമംഗല്ലൂര്‍ എന്ന ജമാഅത്ത് ഗ്രാമത്തില്‍ ഇടക്കിടെ നടക്കാറുള്ള ഫര്‍ക്കാ സമ്മേളനങ്ങളിലും ത്രൈമാസ സമ്മേളനങ്ങളിലും മറ്റും സംബന്ധിക്കാന്‍ സൈക്കിളിലെത്തുന്ന ഈ മാന്യദേഹം എടപ്പാളിലെ താജുദ്ദീന്‍ സാഹിബായിരുന്നുവെന്ന് മുതിര്‍ന്ന് വലുതായപ്പോള്‍ മനസ്സിലായി. ഈ അനന്തമായ ദൂരദൈര്‍ഘ്യം സൈക്കിള്‍ എന്ന ചവിട്ടുവാഹനത്തില്‍ തരണം ചെയ്യാന്‍, സൈക്കിളില്‍ എഴുതിത്തൂക്കിയ പരസ്യവാക്ക് കടന്നുപോവുന്ന വഴിയോരങ്ങളിലുള്ളവരെ പരിചയപ്പെടുത്തുക എന്നതല്ലാത്ത മറ്റൊരു ലക്ഷ്യവുമുണ്ടായിരുന്നില്ലെന്ന് അറിയുമ്പോഴാണ് ഞെട്ടലനുഭവപ്പെടുന്നത്.
1966-ല്‍ ബാംഗ്ലൂര്‍ നഗരത്തില്‍നിന്നല്‍പം അകലെ വില്‍സണ്‍ ഗാര്‍ഡനില്‍ ഏതാനും ദിവസങ്ങള്‍ താമസിക്കാന്‍ വിധിയുണ്ടായി. മലയാള പ്രസിദ്ധീകരണങ്ങള്‍ വായിക്കാന്‍ കിട്ടാത്തതുകൊണ്ട് ഒരുതരം മനംപിരട്ടല്‍. അന്നേരം പരിചയപ്പെട്ട മലയാളി പയ്യനോട് മലയാള പ്രസിദ്ധീകരണങ്ങള്‍ എവിടെ കിട്ടും എന്ന ചോദ്യത്തിന് വീട്ടില്‍ 'കാജാ ബീഡി' വരുന്നു എന്നായിരുന്നു മറുപടി. ഇതിനകം 'പ്രബോധനം' സബ് എഡിറ്ററായിത്തീര്‍ന്നിരുന്ന എനിക്ക് ആ ബാലന്‍ പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലാക്കാന്‍ പ്രയാസമുണ്ടായില്ല. അവന്റെ വീട്ടില്‍ പോയി ഒരിരിപ്പിന് 'കാജാ ബീഡി' മുഴുവന്‍ വലിച്ചുതീര്‍ത്തു. അന്ന് 'പ്രബോധനം' ഇന്നത്തെ മാതിരി പുസ്തകമായിരുന്നില്ല. ടാബ്ലോയ്ഡ് രൂപത്തിലുള്ള 'പ്രബോധനം' വാരികയുടെ കവര്‍പേജിലെ 'കാജാ ബീഡി'യുടെ പരസ്യം റാപ്പറും കവിഞ്ഞ് പുറത്തേക്ക് തെറിച്ചുനില്‍ക്കുന്ന വിധത്തിലായിരുന്നു. കാജാ ബീഡി എന്ന് മാസ്റ്റര്‍ ഹെഡിനേക്കാളും വലുപ്പത്തില്‍ എഴുതിയ വാരിക തപാല്‍ശിപായി വീട്ടില്‍ കൊണ്ടിടവെ തന്റെ വീട്ടില്‍ വരുന്ന പത്രത്തിന്റെ പേര് കാജാ ബീഡിയാണ് എന്ന് ബാലന്‍ ധരിച്ചുവശായത് സ്വാഭാവികമായിരുന്നു.
നടേപറഞ്ഞ എടപ്പാള്‍ താജുദ്ദീന്‍ സാഹിബിന്റെ പുത്രന്‍ അബ്ദുല്‍ ബാരിയായിരുന്നു എന്നെ കാജാ ബീഡി തന്ന് സല്‍ക്കരിച്ചത്. ആ പഴയ സൈക്കിള്‍ അവിടെങ്ങാനും ചാരിവെച്ചിട്ടുണ്ടോ എന്നറിയാന്‍ കണ്ണുകള്‍ വെമ്പല്‍കൊണ്ടു. താജുദ്ദീന്‍ സാഹിബ് വീട്ടിലുണ്ടായിരുന്നില്ല. അദ്ദേഹം ബേക്കറികളില്‍ ഹല്‍വ കൊടുക്കാന്‍ പോയതാണെന്ന് അബ്ദുല്‍ ബാരി പറഞ്ഞു.
ബാംഗ്ലൂരിലായിരിക്കെ ഞാന്‍ താജുദ്ദീന്‍ സാഹിബിന്റെ വീട്ടിലെ സന്ദര്‍ശകനായി. ഒരുദിവസം ചെന്നപ്പോഴുണ്ട് താജുദ്ദീന്‍ സാഹിബ് മൈദയുമായി മല്ലിടുന്നു. വസ്ത്രം അഴിച്ചുവെച്ച് കുന്തിച്ചിരുന്ന് ഹല്‍വാനിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്ന അദ്ദേഹത്തിന്റെ വെളുത്ത ശരീരത്തില്‍നിന്ന് വിയര്‍പ്പുകണങ്ങള്‍ പുറത്തേക്ക് ചാടാന്‍ വെമ്പല്‍കൊള്ളുന്നു. അവസാനം മൈദ വഴങ്ങി. അത് താജുദ്ദീന്‍ സാഹിബ് ഉദ്ദേശിച്ചവിധം ഒന്നാംതരം ഹല്‍വയായി രൂപാന്തരപ്പെട്ടു. അദ്ദേഹം നെറ്റിയിലെ വിയര്‍പ്പുകണങ്ങള്‍ പുറത്തേക്ക് തുടച്ചുകൊണ്ടു പറഞ്ഞു: 'ആഴ്ചയില്‍ രണ്ടുദിവസമേ ഹല്‍വ നിര്‍മിക്കൂ.' ഞാന്‍ ചോദിച്ചു: 'ബാക്കി ദിവസങ്ങളോ?' 'ബാക്കി ദിവസങ്ങളില്‍ പ്രസ്ഥാനപ്രവര്‍ത്തനമാണ്.' ഹല്‍വ ഉണ്ടാക്കുന്ന ഫാക്ടറിയും ഉടുപ്പ് ഉടുക്കാനും ഉടുത്തത് മാറ്റാനും ഉണ്ണാനും ഉറങ്ങാനും ഒറ്റമുറി വാടകവീടാണ്. കട്ടിലില്‍ ജമാഅത്ത് മാസാന്ത റിപ്പോര്‍ട്ട് എഴുതിവെച്ചിരിക്കുന്നത് ശ്രദ്ധയില്‍പെട്ടു. സ്‌ക്വാഡ് വര്‍ക്കും പ്രബോധനത്തിന് വരിചേര്‍ക്കലുമാണ് മുഖ്യ ഇനം. ഞാന്‍ ചോദിച്ചു: 'ആരാണ് കൂടെ? സ്‌ക്വാഡ് എന്നുപറയണമെങ്കില്‍ കൂടെ ചുരുങ്ങിയത് ഒരാള്‍കൂടി വേണ്ടേ?' ചിരിയായിരുന്നു മറുപടി. എനിക്ക് ചിരിയുടെ അര്‍ഥം പിടികിട്ടിയില്ല. അന്നേരം ആകാശത്തേക്ക് വിരല്‍ചൂണ്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു: 'അവിടെനിന്നുള്ള ഒരുത്തന്‍ സദാ കൂടെ ഉണ്ടാവും.'
പ്രാരാബ്ധം കാരണം പണം കൊടുത്തുവാങ്ങാന്‍ കഴിയാത്തതിനാല്‍ പ്രബോധനം വാള്യം ഒന്ന്, ലക്കം ഒന്ന് തൊട്ട് മുഴുവന്‍ പുസ്തകങ്ങളും കൈപ്പടയില്‍ പകര്‍ത്തിയെഴുതി സൂക്ഷിച്ച ഒരു വിചിത്ര സഹോദരനെ എനിക്കറിയാം. പത്രം തലയില്‍വെച്ച് 25-ഉം 30-ഉം കിലോ മീറ്ററുകള്‍ താണ്ടി പതിവായി വിതരണത്തിനെത്തിയിരുന്ന ഒന്നിലധികം പേരെക്കുറിച്ച് കേട്ടിട്ടുണ്ട്. എന്നാല്‍, താജുദ്ദീന്‍ സാഹിബിന്റേതുപോലെ ത്യാഗത്തിന്റെ വിയര്‍പ്പുകണങ്ങള്‍ പുറത്തേക്ക് ഉരുണ്ടുവീഴാന്‍ സദാ വെമ്പുന്ന ത്യാഗശീലം ഏറെ കണ്ടുമുട്ടിയിട്ടില്ല.
പ്രബോധനം കേവലം ഒരു പത്രമായിരുന്നില്ല; ഒരു ദൗത്യമായിരുന്നു എന്നതാണ് ഒരുപറ്റം ആളുകള്‍ അതിനായി ഊണും ഉറക്കവുമൊഴിച്ച് രംഗത്തിറങ്ങാന്‍ കാരണം. സമുദായം ഉറങ്ങിക്കിടക്കവെ ഇരുട്ടിലായിരുന്നു അതിന്റെ പിറവി. അതും പതിവുരീതികളിലും സാമ്പ്രദായിക വിശ്വാസങ്ങളിലും പലതിനെയും വെല്ലുവിളിച്ചുകൊണ്ടും പലതിനെയും നിരാകരിച്ചുകൊണ്ടും. വളാഞ്ചേരിയിലെ ഒരു മുരുക്കുംപെട്ടിയില്‍ അതിന്റെ പിറവി സംഭവിക്കുമ്പോള്‍ ഇടയന്മാര്‍ പോലും ഉണര്‍ന്നിരുന്നില്ല. പ്രബോധനം പിറന്നുവീണ സമുദായത്തോട് തൊട്ടിലില്‍വെച്ച് സംസാരിച്ചു. അതവരെ പിടിച്ചുകുലുക്കി. അതവരോട് വായിക്കാന്‍ പറഞ്ഞു. എന്തു വായിക്കണം എന്നും എങ്ങനെ വായിക്കണമെന്നും കണിശമായും കൃത്യമായും അത് വിശദീകരിച്ചു. ഇസ്‌ലാം ഇതര മതങ്ങളെപ്പോലെ കേവലം ഒരു മതമല്ല; മുസ്‌ലിംകള്‍ ഇതര സമുദായങ്ങളെപ്പോലെ വെറും ഒരു സമുദായവുമല്ല; അത് സമ്പൂര്‍ണവും സമഗ്രവുമായ ഒരു ജീവിത പദ്ധതിയാണ്; ഇസ്‌ലാമികാധ്യാപനങ്ങള്‍ എപ്രകാരം മതപരവും സദാചാരപരവും സാംസ്‌കാരികവുമായ മണ്ഡലങ്ങള്‍ക്ക് ബാധകമാണോ അപ്രകാരംതന്നെ അത് ജീവിതത്തിന്റെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും രാഷ്ട്രാന്തരീയവുമായ ജീവിതത്തിന്റെ മുഴുവന്‍ മേഖലകള്‍ക്കും ബാധകമാണ്. ഒരു യഥാര്‍ഥ മുസ്‌ലിമിന് മതപരമായി മുസ്‌ലിമും രാഷ്ട്രീയമായി കമ്യൂണിസ്റ്റോ സോഷ്യലിസ്റ്റോ കോണ്‍ഗ്രസ്സോ ഫാഷിസ്റ്റോ മറ്റു വല്ലതുമോ ആവുക സാധ്യമല്ല. ജീവിതത്തെ സമ്പൂര്‍ണമായി ഇസ്‌ലാമീകരിക്കുമ്പോഴാണ് ഒരാള്‍ സമ്പൂര്‍ണ-യഥാര്‍ഥ മുസ്‌ലിമായിത്തീരുന്നത്. ശരിക്കും ഒരു ക്ലസ്റ്റര്‍ ബോംബായിരുന്നു പ്രബോധനം പ്രതിനിധാനം ചെയ്ത ഈ ആശയം. അതിനാല്‍തന്നെ അതിന്റെ അരങ്ങേറ്റം സമുദായത്തില്‍ പ്രതിധ്വനി ഉണ്ടാക്കി. പൗരോഹിത്യം ഹാലിളകി. മഹല്ല് കാരണവന്മാരും നിക്ഷിപ്തതാല്‍പര്യക്കാരും അതിനെതിരെ ഊരുവിലക്കിനായി കൈകോര്‍ത്തു. പള്ളികളിലും പഠനമുറികളിലും പ്രബോധനത്തിന് വിലക്കുവന്നു. പാതിരാപ്രസംഗങ്ങള്‍ പ്രബോധനത്തിനെതിരായ കുരിശുയുദ്ധപ്രഖ്യാപനവേദികളായി. പ്രബോധനം ഉദ്ധരണികള്‍ നിര്‍ബാധം തലയറുത്തും വാലുമുറിച്ചും അവതരിപ്പിക്കപ്പെട്ടു. വളരെ ചുരുങ്ങിയ കാലംകൊണ്ട് പ്രബോധനം എന്ന പദം മുസ്‌ലിം കേരളത്തിന് പരിചിതമായിത്തീര്‍ന്നു. എതിരാളികളാണ് അതിന്റെ പേര്‍ അവിടെയും ഇവിടെയും കൊത്തിവലിച്ചുകൊണ്ടിട്ടത്.
ഉള്ളടക്കത്തിലെന്നപോലെ വായനയുടെ രീതിയിലും അത് വ്യത്യസ്തത പുലര്‍ത്തി. ഒരര്‍ഥത്തില്‍ വായനയിലെ ഒരിടംതിരിവായിരുന്നു അത്. അറബിമലയാളമായിരുന്നുവല്ലോ അതുവരെയും മുസ്‌ലിം കേരളത്തിന്റെ അച്ചടിഭാഷ. അല്‍ ബയാന്‍ എന്ന സുന്നീ പ്രസിദ്ധീകരണവും അല്‍ മുര്‍ശിദ് എന്ന മുജാഹിദ് മാസികയുമെല്ലാം വലത്തുനിന്ന് ഇടത്തോട്ടേക്ക് കണ്ണുകളെ കൂട്ടിക്കൊണ്ടുപോയപ്പോള്‍ പ്രബോധനം വായനയെ ബൈത്തുല്‍ മഖ്ദിസിന് പകരം കഅ്ബയുടെ നേരെ തിരിച്ചുപിടിച്ചു. ഭാഷാപരമായ ഔന്നത്യവും ആദര്‍ശപരമായ ദൃഢതയും ഒത്തുചേര്‍ന്ന, നിലവാരമുള്ള, ഭേദപ്പെട്ട മലയാളത്തില്‍. പരിതാപകരമാംവിധം ദരിദ്രമായിരുന്നു അക്കാലത്തെ ശരാശരി മുസ്‌ലിമിന്റെ വായനാമണ്ഡലം. അറബി-മലയാളത്തിലെഴുതിയ ചില 'കിസ്സ'കളും 'കെസ്സു'കളും. വഴിവാണിഭക്കാരായിരുന്നു അവര്‍ക്ക് വായനക്കുള്ള ഉരുപ്പടികള്‍ എത്തിച്ചുകൊടുത്തിരുന്നത്. 'മാല'കള്‍ക്കും 'കെസ്സു'കള്‍ക്കും പുറമെ ആമിന ബുക്സ്റ്റാളുകാരുടെയോ തിരൂരങ്ങാടിക്കാരുടെയോ വകയായുള്ള ചില 'ആമിനക്കുട്ടി'കളും 'ഫാത്തിമക്കുട്ടി'കളും. വളയും മാലയും സുറുമയും ചീര്‍പ്പും കണ്ണാടിയും വാങ്ങുന്ന കൂട്ടത്തില്‍ 'ഹാദാ അമ്മ ജുസ്ഉം പരിഭാഷയും' ഇമ്മാതിരി ഒരെണ്ണവും. തീര്‍ന്നു; മുസ്‌ലിമിന്റെ വായനാപരിസരത്തിന്റെ ദൂരപരിധി.
പ്രബോധനം വ്യത്യസ്തമായ വായനാനുഭവമായിരുന്നു. മലയാളത്തിലെ നിലവാരമുള്ള ഏതൊരു പ്രസിദ്ധീകരണത്തോടും അത് ഭാഷാപരമായ പ്രൗഢിയിലും ആശയപരമായ അകക്കാമ്പിലും കിടപിടിച്ചു. അത് പ്രതിനിധാനം ചെയ്ത പ്രത്യയശാസ്ത്രത്തിന്റെ ഗരിമ തീര്‍ച്ചയായും ഇതിനൊരു കാരണമായിട്ടുണ്ടാവും. പോരാത്തതിന് പ്രതിഭാധനനും പണ്ഡിതശ്രേഷ്ഠനുമായിരുന്ന പത്രാധിപര്‍ ടി. മുഹമ്മദ് സാഹിബിന്റെ അമരക്കാരനെന്ന നിലക്കുള്ള സാന്നിധ്യം പ്രബോധനത്തെ ധന്യമാക്കി. ജീവിച്ച കാലത്തെ അസാധാരണ പ്രതിഭകളില്‍ ഒരാളും ബഹുഭാഷാ വിദഗ്ധനുമായ ടി.എം വ്യത്യസ്ത വിജ്ഞാനീയങ്ങളുടെ ഒരു പ്രകാശഗോപുരമായിരുന്നു. പ്രബോധനം പ്രതിപക്ഷ പത്രത്തിന്റെ ഓരോ അക്ഷരത്തിലും അതിന്റെ ഓരോ കുത്തിലും കോമയിലും ആ പാണ്ഡിത്യം നിറഞ്ഞുതുളുമ്പി. പദോല്‍സവങ്ങളും വാചകക്കസര്‍ത്തുകളും നടത്തി ആളുകളുടെ കണ്ണില്‍ പൊടിയിടുന്നതിനുപകരം ഗൗരവങ്ങളായ ആശയങ്ങളെ വസ്തുനിഷ്ഠമായും അളന്നുമുറിച്ചും ഉപയോഗിക്കുന്നതില്‍ പ്രബോധനം തുടക്കത്തിലേ നിഷ്ഠ പാലിക്കാന്‍ കാരണം കൊടിഞ്ഞി സ്വദേശിയായ ടി. മുഹമ്മദ് സാഹിബിന്റെ പണ്ഡിതോചിതമായ ഇടപെടലാണ്.
സോഷ്യലിസവും ശാസ്ത്രീയ കമ്യൂണിസവും ഫാഷിസവും നാസിസവും, റൂസോവും നീഷെയും ഫ്രോയിഡും കാന്റും പ്രത്യയ വിശാരദന്മാരുടെ വായനാമുറികളില്‍ ചിതലരിച്ചുറങ്ങുന്നകാലത്ത് അത്തരം ഭൗതിക പ്രത്യയശാസ്ത്രങ്ങളെ മുസ്‌ലിം കേരളത്തിന് പരിചയപ്പെടുത്തിയത് ടി. മുഹമ്മദ് സാഹിബായിരുന്നു. മനുഷ്യനിര്‍മിത സിദ്ധാന്തങ്ങളുടെ പരാജയങ്ങളും പോരായ്മകളും വസ്തുനിഷ്ഠമായി അവതരിപ്പിച്ച് അവക്കുപകരം ദൈവിക ജീവിതപദ്ധതിയായ ഇസ്‌ലാമിനെ അവതരിപ്പിക്കുമ്പോള്‍ ടി.എമ്മിനും അദ്ദേഹം നേതൃത്വം വഹിച്ച പത്രത്തിനും ഒരിക്കല്‍പോലും കാലിടറുകയോ ചങ്കില്‍കെട്ട് അനുഭവപ്പെടുകയോ ഉണ്ടായില്ല എന്നതാണ് ജമാഅത്തെ ഇസ്‌ലാമി മുസ്‌ലിംകളിലെ ബൗദ്ധികമണ്ഡലത്തെയാണ് പ്രതിനിധാനം ചെയ്യുന്നത് എന്ന ധാരണ വ്യാപകമാകാന്‍ കാരണം.
മലപ്പുറം കൂട്ടിലങ്ങാടിയില്‍ ജമാഅത്ത് മേഖലാ സമ്മേളനം. വിശാലമായ പന്തലിന് പുറത്ത് കൊടുംവേനല്‍. പന്തലിന്റെ അടിഭാഗം വൈക്കോല്‍. മുകളില്‍ ഉണങ്ങിയ ഓല. സ്റ്റേജില്‍നിന്ന് ടി. മുഹമ്മദ് സാഹിബിന്റെ വക ഇടക്കിടെ ഓര്‍മപ്പെടുത്തല്‍: 'അടിയില്‍ വൈക്കോലാണ്; മുകളില്‍ ഓലയും. പുകവലിക്കാര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ചാമ്പലാവുന്നത് ഒരു മഹാസമ്മേളനം.' ഞങ്ങള്‍ ശാന്തപുരം വിദ്യാര്‍ഥികള്‍ പ്രതികരിച്ചു: 'അടിയില്‍ മെറ്റീരിയലിസമാണ്; മുകളില്‍ നാസിസവും ഫാഷിസവും. അവ വിജയിച്ചാല്‍ തകരുന്നത് ഇസ്‌ലാമാണ്.' ടി.എമ്മിനെ പ്രത്യയശാസ്ത്രങ്ങളുടെ ഒരു പ്രതീകമോ കലവറയോ ആയല്ലാതെ കാണുക ഞങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് അസാധ്യമായിരുന്നു.
പദങ്ങളെ അദ്ദേഹം സൂക്ഷ്മമായി ഉപയോഗിക്കുകയും വിന്യസിക്കുകയും ചെയ്തു. അത് വിശുദ്ധ ഖുര്‍ആന്‍ വചനങ്ങളാവുമ്പോള്‍ പ്രത്യേകിച്ചും! 'ലം യലിദ്, വലം യൂലദ്' എന്നതിന് അര്‍ഥം പറയാന്‍ ഏതു മദ്‌റസാ എല്‍.പിക്കും കഴിയും. എന്നാല്‍, '(ദൈവം) ജനിതനോ ജനകനോ അല്ല' എന്നുപറയണമെങ്കില്‍ അക്കാലത്ത് അതിന് ടി.എം തന്നെ വേണം. 'നഅ്ജത്തയ്‌നി ഇസ്‌നതൈനി' എന്നെപ്പോലുള്ളവര്‍ക്ക് രണ്ടാടുകളാണ്; ടി.എമ്മിനത് 'മേഷദ്വയ'മാണ്. ആപ്റ്റായ ഒരു മലയാള വാക്കിനായി, അനുയോജ്യമായ ഒരു പര്യായത്തിനായി മണിക്കൂറുകള്‍, ചിലപ്പോള്‍ ദിവസങ്ങള്‍ ചെലവഴിക്കാന്‍ അദ്ദേഹത്തിന് ഒരു മടിയുമുണ്ടായിരുന്നില്ല.
ഒരിക്കല്‍ റൂമിലേക്ക് കടന്നുചെന്ന് സലാം പറഞ്ഞു. ഉടനെ എഴുന്നേറ്റ് സലാം മടക്കാനായി വായിലെ വെറ്റിലടക്ക പുറത്തേക്ക് തുപ്പിക്കൊണ്ട് അദ്ദേഹം പറഞ്ഞു: 'ഞാന്‍ മഹാ ദുഷ്ടനാണ്; പരമദുഷ്ടന്‍!' ഈഗോ എന്താണെന്നറിയാത്ത, പാണ്ഡിത്യമെന്നാല്‍ വിനയമെന്നാണെന്ന് ജീവിതംകൊണ്ട് പരിഭാഷപ്പെടുത്തിയ, ശിശുസഹജമായ നിഷ്‌കളങ്കതകൊണ്ട് സ്വന്തം വലിപ്പവും തൂക്കവും മറന്നുപോയ ടി.എം തമാശ പറയുന്നതില്‍ ഒട്ടും പിന്നിലായിരുന്നില്ല. അതിനാല്‍ താന്‍ ദുഷ്ടനാണെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു: 'അതിപ്പോള്‍ മാത്രമാണോ മനസ്സിലാവുന്നത്?' അന്നേരം അദ്ദേഹം ചുമരില്‍ തൂക്കിയിട്ട കുപ്പായത്തിന്റെ കീശയില്‍നിന്ന് റേഷന്‍ കാര്‍ഡ് പുറത്തെടുത്തുകൊണ്ടു പറഞ്ഞു: 'കഴിഞ്ഞ ആഴ്ച നാട്ടില്‍ചെന്നപ്പോ വീട്ടുകാര്‍ റേഷന്‍ വാങ്ങാന്‍ തന്നേല്‍പിച്ചതായിരുന്നു ഇത്. റേഷന്‍ വാങ്ങിക്കൊടുത്തില്ലെന്നു മാത്രമല്ല, കാര്‍ഡ് കീശയിലിട്ടുപോന്നതുകൊണ്ട് മറ്റാരെെങ്കിലും കൊണ്ടു അവര്‍ അരിവാങ്ങിക്കുന്നത് മുടങ്ങുകയും ചെയ്തു.' റേഷന്‍ വഴിയല്ലാതെ ഒരുമണി അരി വാങ്ങാന്‍ സാധിക്കാത്ത അക്കാലത്ത് അദ്ദേഹത്തിന്റെ അശ്രദ്ധ കുടുംബത്തെ സംബന്ധിച്ചേടത്തോളം തികഞ്ഞ ക്രൂരതതന്നെയായിരുന്നു.
മുസ്‌ലിം ബൗദ്ധികമണ്ഡലത്തെയാണ് പ്രബോധനം അഭിസംബോധന ചെയ്തത് എന്ന് നടേ പറഞ്ഞു. ഒപ്പംതന്നെ അത് സ്വന്തം വായനാപരിസരത്തുള്ള വെറും സാധാരണക്കാരെ നിരന്തരമായ പഠനങ്ങളിലൂടെയും സംവാദങ്ങളിലൂടെയും അസാധാരണക്കാരും നെടിയവരുമാക്കിമാറ്റി. എല്‍.പി സ്‌കൂളിലെ അഞ്ചാംതരം പൂര്‍ത്തീകരിച്ചവരോ വെറും ഡ്രോപ്പ് ഔട്ടുകളോ ആയ ജമാഅത്ത് പ്രവര്‍ത്തകര്‍ നല്ലൊരു ശതമാനത്തെ വായനാശീലരും മുസ്‌ലിം ലോക സംഭവങ്ങളെയും അടിയൊഴുക്കുകളെയും വളരെ അടുത്തുനിന്ന് വീക്ഷിക്കുന്നവരുമായി മാറ്റാന്‍ പ്രബോധനത്തിന് സാധിച്ചു. കോട്ടയത്തുനിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന ചക്കക്കുരു കയറ്റിയ ലോറി ഏതു വളവില്‍വെച്ചാണ് മറിഞ്ഞത് എന്നുചോദിച്ചാല്‍ ഒരു ജമാഅത്ത് പ്രവര്‍ത്തകന്‍ പെട്ടെന്ന് ഉത്തരം പറഞ്ഞില്ലെന്നുവരും. എന്നാല്‍, നൈല്‍ നദി എവിടെയാണെന്നും അതിന്റെ തീരത്തുവെച്ച് സയ്യിദ് ഖുത്വ്ബും അബ്ദുല്‍ ഖാദിര്‍ ഔദയും ഉമര്‍ തിലിംസാനിയും മറ്റനേകം ഇസ്‌ലാമിക പ്രതിഭകളും ജമാല്‍ അബ്ദുന്നാസിറിനാല്‍ എന്തിനാണ് പീഡിപ്പിക്കപ്പെട്ടത് എന്നതിനെക്കുറിച്ചും വ്യക്തമായ വിശദീകരണം നല്‍കാന്‍ പ്രബോധനം വായനാമുറ്റത്തുള്ളവര്‍ക്ക് രണ്ടുവട്ടം ആലോചിക്കേണ്ടിവരില്ല. യു.കെ. ഇബ്‌റാഹീം മൗലവിയും അബ്ദുല്‍ ഹയ്യ് എടയൂരും തളിക്കുളം മുഹമ്മദും നൈലിലെ ഓളങ്ങള്‍ പറഞ്ഞുപോകുന്ന കഥകള്‍ ഏറ്റുവാങ്ങി അതിന്റെ മാറ്റൊലികള്‍ മലയാളികളെ പാടിക്കേള്‍പ്പിച്ചത് പ്രബോധനത്തിലൂടെയാണ്. മുസ്‌ലിംലോകത്തെക്കുറിച്ച പരന്ന വായനയും വിവരവും ജമാഅത്ത് പ്രവര്‍ത്തകന്റെ താടിരോമങ്ങള്‍ക്കു പിറകില്‍ അറിവിന്റെ ഒരു ആറാം ബഹ്‌റ് ഉണ്ടെന്ന ധാരണ സാധാരണക്കാരില്‍ സൃഷ്ടിച്ചു. അവര്‍ പ്രദേശത്തെ ഇതര പാര്‍ട്ടിപ്രവര്‍ത്തകരേക്കാള്‍ എപ്പോഴും പൊതുവിവരത്തിന്റെ കാര്യത്തില്‍ അരപ്പണത്തൂക്കം മുന്നില്‍ നടന്നു.
പ്രബോധനത്തിന്റെ ഭാഷ ലളിതമായിരുന്നില്ല. എന്നല്ല, വായനക്കാരുടെ റേഞ്ച് പരിഗണിക്കുമ്പോള്‍ നല്ല കടുകട്ടിയായിരുന്നു അതിന്റെ ഭാഷ. ഒരുവേള അത് പ്രതിനിധാനം ചെയ്യുന്ന പ്രത്യയശാസ്ത്രത്തിന്റെ ഉള്‍ക്കനം ഉള്‍ക്കൊള്ളാന്‍ അത്തരം ഗൗരവമായ ഭാഷയെ അവലംബിക്കേണ്ടത് ആവശ്യമായി ബന്ധപ്പെട്ടവര്‍ക്ക് തോന്നിക്കാണണം. പത്രലോകത്തെ ഒരു മലപ്പുറം വാര്‍ഡായി അറിയപ്പെടുന്നതിനുപകരം നിലവാരമുള്ള മലാപറമ്പത്തുകാരനായി അറിയപ്പെടാനാണ് അതിഷ്ടപ്പെട്ടത്. ഒരിക്കല്‍ വി.കെ ഹംസയുടെ കഠിനമായ പദപ്രയോഗങ്ങളോടുകൂടിയ ലേഖനം പ്രബോധനത്തില്‍ അച്ചടിച്ചുവന്നു. അത് വായിച്ച കുറ്റിയാടിയിലെ അറിയപ്പെടുന്ന ജമാഅത്ത് സഹകാരിയും പൗരപ്രമുഖനുമായ പുതുക്കുടി ബാവാച്ചി ഹാജി പറഞ്ഞു: 'ഹംസുട്ടിയുടെ മലയാളം വായിച്ചിട്ട് ഒരക്ഷരം മനസ്സിലായില്ല; എങ്കില്‍ ഇവരൊക്കെ ഇംഗ്ലീഷിലെഴുതിയാല്‍ എന്തായിരിക്കും അവസ്ഥ?!'
ഞങ്ങള്‍ ശാന്തപുരം വിദ്യാര്‍ഥികള്‍ക്ക് അക്കാലത്ത് പ്രബോധനം വല്ല ഇക്കണോമിക് ടൈംസോ ന്യൂസ് വീക്കോ മറ്റോ ആയിരുന്നു. പ്രബോധനത്തില്‍ പേര്‍ അച്ചടിച്ചുവന്നാല്‍ കാമ്പസ് ഹീറോ ആയി വിലസാന്‍ മറ്റൊന്നും വേണ്ട. സ്വന്തം പേരില്‍ ലേഖനമയച്ചത് തിരിച്ചുവന്നാലുള്ള ജാള്യം ഓര്‍ത്താവണം അക്കാലത്ത് ഞങ്ങളില്‍ ഒരാള്‍ 'ഒരു വിദ്യാര്‍ഥി, ശാന്തപുരം' എന്ന പേരില്‍ പത്രത്തിലേക്ക് തുടര്‍ ലേഖനം അയച്ചു. അത് അച്ചടിച്ചുവന്നപ്പോള്‍ ലേഖനത്തിന് ഒരുപാട് അവകാശികളായി. കോളേജില്‍ 'ഉഴപ്പി' നടന്ന ഒരു വിദ്യാര്‍ഥി അന്ന് നാട്ടില്‍ചെന്ന് സ്വന്തം മാതാവിനോട് പറഞ്ഞു: 'ഞാന്‍ പഴയ ഉഴപ്പനല്ലെന്നും എന്റെ ഒരു തുടര്‍ ലേഖനം ഇതിനകം പ്രബോധനത്തില്‍ അച്ചടിച്ചുവന്നുകൊണ്ടിരിക്കുന്നുവെന്നും ബാപ്പയോട് പറയണം.' ഇതിനകം ലേഖകന്‍ ആരെന്ന് സ്വന്തം നിലക്ക് മനസ്സിലാക്കിയ ബാപ്പ ഈ വിവരം പറഞ്ഞപ്പോ പറഞ്ഞു: 'അവന്റെ പേര് എന്നുമുതല്‍ക്കാണ് ടി.കെ ഇബ്‌റാഹീം എന്ന് മാറ്റിയത് എന്നു ചോദിക്കൂ!'
പ്രബോധനം ആരെയും അനാവശ്യമായി വിമര്‍ശിച്ചില്ല. എന്നാല്‍, മുഖത്തടിച്ച ആര്‍ക്കും അത് ഇടത്തേ കവിള്‍ വെച്ചുനീട്ടിയതുമില്ല. പ്രബോധനത്തിന്റെ ആദ്യ പത്രാധിപരായിരുന്ന വി.പി മുഹമ്മദലി സാഹിബ് തൊട്ട് തുടങ്ങിയതായിരുന്നു ഈ രീതി. സീതി സാഹിബും സി.എച്ചും എം.സി.സിയും മുതല്‍ ടി.പി കുട്ട്യാമു സാഹിബ് അടക്കമുള്ള ഒട്ടുവളരെ പേര്‍ക്ക് പ്രബോധനം അക്കമിട്ടു മറുപടി പറഞ്ഞിട്ടുണ്ട്. എന്നാല്‍ സ്വന്തം താളുകളെ വിവാദങ്ങളില്‍ കുരുക്കിയിടാതിരിക്കാന്‍ എപ്പോഴും ശ്രദ്ധിച്ചു. കൊട്ടുമ്പോള്‍ നന്നായി കൊട്ടും. മറുപടി കഴിയുന്നത്ര യുക്തിഭദ്രവുമായിരിക്കും.
ഏതു പ്രതികൂല സാഹചര്യത്തിലും വസ്തുതകളുടെ മറുപുറം വായനക്കാരന്റെ മുന്നില്‍ തുറന്നുവെക്കാന്‍ അതാഗ്രഹിച്ചു. ഇന്ത്യാ-പാക് യുദ്ധകാലത്ത് രാജ്യത്തോടുള്ള കൂറും ബഹുമാനവും പരമാവധി നിലനിര്‍ത്തിക്കൊണ്ടുതന്നെ യുദ്ധരംഗത്തെ യഥാര്‍ഥ വസ്തുതകള്‍ വായനക്കാരിലെത്തിക്കാന്‍ പ്രബോധനം അസാധാരണമായ ധീരത പ്രകടിപ്പിച്ചു. കല്‍തുറുങ്കാണ് മുന്നില്‍ എന്നറിഞ്ഞുകൊണ്ടുതന്നെ എങ്ങനെ ഇത്രയും ദൂരം പോവാനായി എന്നാലോചിക്കുമ്പോള്‍ ഇപ്പോള്‍ ഒരുതരം കിടിലം അനുഭവപ്പെടുന്നു.
ഒരുദിവസം പൂനൂരിലെ പ്ലാന്ററായ ആര്‍.പി അബൂബക്കര്‍ ഹാജി മേരിക്കുന്നിലെ ഓഫീസിനുമുന്നില്‍വന്ന് ഹോണ്‍ അടിച്ചു. ഓടിച്ചെന്ന് കാര്യമന്വേഷിച്ചപ്പോള്‍ ചോദിച്ചത് പ്രബോധനത്തിന്റെ അടുത്ത ലക്കത്തിന്റെ അച്ചടി പൂര്‍ത്തിയായോ എന്നാണ്. ഇല്ല, മറ്റന്നാള്‍ മാത്രമേ പൂര്‍ത്തിയാവൂ എന്നുപറഞ്ഞപ്പോള്‍ ആയേടത്തോളം -അകത്തെ നാലുപേജ്- തരാന്‍ പറ്റുമോ എന്നായി അദ്ദേഹം.
മാതൃഭൂമി വീക്ക്‌ലിയില്‍ അക്കാലത്ത് ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചിരുന്ന അബൂ അബ്രഹാമിന്റെ 'തീപിടിച്ച കപ്പല്‍' പരമ്പരയും പ്രബോധനവും ഒരേ ഉദ്വേഗത്തിലാണ് വായിക്കുന്നത് എന്നായിരുന്നു അബൂബക്കര്‍ ഹാജിയുടെ വിശദീകരണം. വെറും പതിനാലായിരമായിരുന്ന പ്രബോധനത്തിന്റെ കോപ്പി അന്ന് നാല്‍പതിനായിരത്തിലേക്കാണ് ഉയര്‍ന്നത്.
ഒരു വൈകുന്നേരം എം.ഇ.എസ് പ്രസിഡന്റ് ഡോ. അബ്ദുല്‍ ഗഫൂറും സംഘവും പ്രബോധനം ഓഫീസില്‍വന്ന് അമീര്‍ കെ.സി അബ്ദുല്ല മൗലവിയുമായി ഏറെനേരം സംസാരിച്ച ശേഷം അമീര്‍ ഞങ്ങളെ വിളിപ്പിച്ചു. എം.ഇ.എസിനെപ്പറ്റി പ്രബോധനത്തില്‍ വന്ന ഒരു ലേഖനവും അതുണ്ടാക്കിയ വ്യാപകമായ പ്രത്യാഘാതങ്ങളുമായിരുന്നു വിഷയം. ഡോ. ഗഫൂര്‍ പറഞ്ഞു: 'ഞങ്ങളെക്കുറിച്ച് മറ്റാരും എന്തെഴുതുന്നതും ഞങ്ങള്‍ക്ക് പ്രശ്‌നമല്ല. ചന്ദ്രിക എം.ഇ.എസിനെ നിരന്തരം വിമര്‍ശിച്ചെഴുതുന്നുണ്ട്. ഞങ്ങള്‍ കണ്ട ഭാവം നടിക്കാറില്ല. എന്നാല്‍, പ്രബോധനം അങ്ങനെയല്ല. നിങ്ങള്‍ എഴുതുന്നതും പറയുന്നതും സമുദായം ശ്രദ്ധിക്കുകയും വിശ്വസിക്കുകയും ചെയ്യും. കാരണം, നിങ്ങള്‍ പറയുന്നത് ഇസ്‌ലാമിന്റെ നിലതറയില്‍നിന്നുകൊണ്ടാണെന്നും ഇസ്‌ലാമികമല്ലാത്ത യാതൊന്നും നിങ്ങളെ സ്വാധീനിക്കുകയില്ലെന്നും സമുദായത്തിനറിയാം. അതിനാല്‍ ഞങ്ങളുടെ ഭാഗത്ത് വല്ല വീഴ്ചയും കണ്ടാല്‍ നിങ്ങള്‍ ഒന്നാമതായി ഞങ്ങളുടെ ശ്രദ്ധയില്‍ പെടുത്തണം. ഞങ്ങള്‍ ഉടനെ തിരുത്തും. തിരുത്തിയില്ലെങ്കിലേ നിങ്ങള്‍ എഴുതാവൂ.' എം.ഇ.എസ് ജേര്‍ണലില്‍ ആയിടെ വന്ന ശരീഅത്തിന്റെ അകക്കാമ്പ് പിളര്‍ത്തിക്കൊണ്ടുള്ള ലേഖനത്തെ വിമര്‍ശിച്ച് ഈയുള്ളവന്‍ എഴുതിയ പ്രതിക്കുറിപ്പ് അബ്ദുറഹ്മാന്‍ ബാഖഫി തങ്ങളും സി.എച്ച് മുഹമ്മദ് കോയയുമടക്കമുള്ളവര്‍ എം.ഇ.എസ് വിട്ടുപോവാനും തുടര്‍ന്ന് ഇരു സംഘടനകളും തുറന്ന പോരിനായി രംഗത്തിറങ്ങാനും കാരണമാക്കിയിരുന്നു. പ്രബോധനം പുറമേക്ക് ശാന്തമാണെങ്കിലും അതിന്റെ വായനാപരമായ ഇംപാക്ട് സമുദായത്തെ സംബന്ധിച്ചേടത്തോളം അതീവ ഗൗരവാവഹമാണെന്ന് വിശദീകരിക്കുന്നതാണീ സംഭവം. സുഊദി അറേബ്യയിലെ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ ടി.ടി.പി അബ്ദുല്ല സാഹിബിന്റെ ന്യായാധിപനായ അളിയന്‍ ഒരിക്കല്‍ ഓഫീസില്‍ വന്നു. ശരീഅത്തിന്റെ പതിവ് ചേരുവക്ക് നിരക്കാത്ത എന്തോ എഴുതിയതിന്റെ പേരില്‍ വാല്‍ ആപ്പില്‍ കുടുങ്ങിയായിരുന്നു ടിയാന്റെ വരവ്. ഇതൊന്നുമറിയാത്ത ഞാന്‍ അദ്ദേഹത്തിന്റെ പക്ഷത്തുനിന്ന് പ്രബോധനത്തില്‍ ഒരു കുറിപ്പെഴുതി. അതോടെ തികഞ്ഞ യാഥാസ്ഥിതികരായ അദ്ദേഹത്തിന്റെ കുടുംബം അദ്ദേഹത്തിനെതിരായ അപ്രഖ്യാപിത ഊരുവിലക്കില്‍ അയവുവരുത്തി. തന്റെ ആശയങ്ങള്‍ക്ക് അനുരോധമായി പ്രബോധനത്തില്‍ ലേഖനം വന്നില്ലായിരുന്നുവെങ്കില്‍ കുടുംബത്തില്‍ താന്‍ ഒറ്റപ്പെടുമായിരുന്നുവെന്ന ആശങ്ക പങ്കുവഹിച്ച ആ ന്യായാധിപന്‍, കുടുംബക്കാരാരും ജമാഅത്തുകാരല്ലെങ്കിലും ജമാഅത്തും അതിന്റെ പത്രവും എപ്പോഴും നേരിന്റെ പക്ഷത്തേ നിലയുറപ്പിക്കൂവെന്നും ആത്മാര്‍ഥമായി വിശ്വസിക്കുന്നവരാണെന്ന് വിശദീകരിച്ചു. പ്രത്യക്ഷത്തില്‍ നിസ്സാരമെന്നു തോന്നിയ ഈയൊരു കാര്യത്തിന് നന്ദി പറയാന്‍ വേണ്ടി മാത്രം തലശ്ശേരിയില്‍നിന്നു വന്നതായിരുന്നു അദ്ദേഹം പ്രബോധനം ഓഫീസില്‍.
മുഹമ്മദീ വിചാരധാരയില്‍നിന്ന് വേര്‍പിരിഞ്ഞ് സ്വന്തം നബിയുടെ പേരില്‍ കൗണ്ടര്‍ തുടങ്ങിയ അഹ്മദി ജമാഅത്തിന്റെ എക്കാലത്തെയും വലിയ ശത്രു ജമാഅത്താണ്. പാകിസ്താനില്‍ സയ്യിദ് മൗദൂദി അഹ്മദിയാക്കള്‍ക്കെതിരെ സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത നിലപാടും അവരെ പ്രത്യേക മതന്യൂനപക്ഷമായി പ്രഖ്യാപിക്കാന്‍ നടത്തിയ പോരാട്ടവുമൊക്കെയാണ് ഈ അടങ്ങാത്ത കലിക്ക് കാരണം. കേരളത്തിലെ അഹ്മദികള്‍ സ്വാഭാവികമായും പ്രബോധനത്തെ അവരുടെ മുഖ്യശത്രുവായി കണ്ടു. 'മേരിക്കുന്ന് സ്വാലിഹീങ്ങള്‍' എന്നായിരുന്നു അവരുടെ മുഖപത്രം ഞങ്ങളെ സദാ വിശേഷിപ്പിക്കാറ്. അസത്യത്തോടും അധര്‍മത്തോടും ഒരുനിലക്കും രാജിയാവാന്‍ കൂട്ടാക്കാത്തതായിരുന്നു ഈ അമര്‍ഷത്തിന് കാരണം. അടുത്തകാലത്ത് നിര്യാതനായ മതപണ്ഡിതന്‍ കൂടിയായ പ്രഫസര്‍ കണ്ടാല്‍ ചോദിക്കും: 'ഈയാഴ്ച അല്ലാഹു എന്തൊക്കെയാണ് ചിന്തിച്ചുവെച്ചിരിക്കുന്നത്.' പ്രബോധനത്തിലെ നിരീക്ഷണക്കുറിപ്പിലും മുഖപ്രസംഗങ്ങളിലും ആനുകാലിക സംഭവങ്ങളെ ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ വിലയിരുത്തുമ്പോള്‍ അത് തങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ക്കും നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കും വിരുദ്ധമായിത്തീരുന്നതുകൊണ്ടുണ്ടാവുന്ന അസഹിഷ്ണുതയായിരുന്നിരിക്കണം ഇത്തരം കമന്റുകള്‍ക്ക് ആസ്പദം.
മേരിക്കുന്നില്‍നിന്ന് സ്വദേശമായ ചേന്ദമംഗല്ലൂരിലേക്ക് അരമണിക്കൂര്‍ ആണ് യാത്രാദൂരം. എന്നാല്‍, ഒന്നോ രണ്ടോ മാസം കൂടുമ്പോഴേ നാട്ടില്‍ പോവൂ. അത്രക്ക് ഹൃദ്യവും ഉല്‍സാഹഭരിതവുമായിരുന്നു മേരിക്കുന്നിലെ ഞങ്ങളുടെ ജീവിതപരിസരം. പുറമെനിന്ന് നോക്കുന്നവര്‍ക്ക് അതിനകം മൂടിക്കെട്ടിയ ഒന്നാണ്. അയല്‍വാസികളായ ചില സ്ത്രീകള്‍ അവരുടെ പെണ്‍മക്കളോട്, പ്രബോധനത്തിന്റെ നേരെ ചൂണ്ടി അതൊരാശ്രമമാണെന്നും വലിയ കളിയും ചിരിയും തമാശയുമൊന്നും അതിനടുത്ത് പാടില്ലെന്നും പറയാറുണ്ടായിരുന്നതായി അറിയാം. എന്നാല്‍, അതിനകത്തെ അന്തേവാസികളെ സംബന്ധിച്ചേടത്തോളം പ്രബോധനത്തിന്റെ നാലുകെട്ട് കളിയും കാര്യവും ചിരിയും ചിന്തയും ഒരുപോലെ ഒത്തിണങ്ങിയ മറക്കാനാവാത്ത ജീവിതാനുഭവമായിരുന്നു. വ്യക്തിപരമായി പറഞ്ഞാല്‍, ജീവിതത്തിന്റെ വസന്തോല്‍സവം.
തികച്ചും യാദൃഛികമായിരുന്നു 'പ്രബോധന'വുമായുള്ള വഴിപിരിയല്‍. ദോഹ-ഖത്തര്‍ എന്ന, അതുവരെ ഞങ്ങളെപ്പോലുള്ളവര്‍ക്കൊക്കെയും തീര്‍ത്തും അപരിചിതമായിരുന്ന ഒരന്യരാജ്യത്ത് പഠിക്കാനുള്ള അവസരം വന്നണഞ്ഞപ്പോള്‍ രണ്ടാമതൊരു ആലോചനപോലുമില്ലാതെ നിരസിക്കുകയായിരുന്നുവല്ലോ ഞാന്‍. മദീന യൂനിവേഴ്‌സിറ്റിയില്‍ ഉപരിപഠനത്തിന് നേരത്തേ ലഭിച്ച അവസരം പാതിവഴിയില്‍ വെച്ചവസാനിപ്പിക്കേണ്ടിവന്നതിന്റെ തിക്താനുഭവമായിരുന്നു ഈ നിരാസത്തിനു പിന്നില്‍. ജമാഅത്തെ ഇസ്‌ലാമിയുടെ സമുന്നത നേതാവും അവരുടെ മുഖപ്പത്രത്തിന്റെ പത്രാധിപരുമായതിന്റെ പേരില്‍ എനിക്ക് യാത്രാരേഖ നിഷേധിച്ച അധികൃത നടപടി രണ്ടാമതൊരു വിദേശയാത്രയെക്കുറിച്ച് ചിന്തിക്കുന്നതുപോലും എന്റെ കാര്യത്തില്‍ അസാധ്യമാക്കിത്തീര്‍ത്തിരുന്നു.
'രണ്ടാലൊരാള്‍ പോവണം, പോവാതെ ഇനിയുള്ള കാലം പിടിച്ചുനില്‍ക്കാന്‍ കഴിയില്ല' എന്ന അബ്ദുര്‍റഹ്മാന്റെ തിരിച്ചറിവാണ് എന്നെ ഖത്തറിലെത്തിച്ചത്. 'പ്രബോധന'ത്തിന്റെ ചുമതല ഒറ്റക്കേറ്റെടുത്താലുള്ള ഭവിഷ്യത്ത് ഓര്‍ത്ത് ഞാന്‍ രണ്ടാള്‍ പോവുന്നതിനെയും എതിര്‍ത്തു. ഒടുവില്‍ അന്നത്തെ അമീര്‍ കെ.സി അബ്ദുല്ല മൗലവിയാണ് മാധ്യസ്ഥനായത്. അദ്ദേഹം പറഞ്ഞു: 'നിങ്ങള്‍ ഇരുവരും പോവണം. സ്വന്തംകാലില്‍ നിന്നുകൊണ്ട് ദീനീസേവനം നടത്തുമ്പോഴേ അത് യഥാര്‍ഥ സേവനമാവൂ.'
ഞാനും അബ്ദുര്‍റഹ്മാനും ഒന്നിച്ച് പ്രബോധനം വിടുകയാണെന്ന വാര്‍ത്ത ജമാഅത്ത്‌വൃത്തങ്ങളില്‍ അമ്പരപ്പുണ്ടാക്കി. പലരും അത് വിശ്വസിച്ചില്ല. കുന്ദമംഗലത്തെ വ്യവസായിയും വ്യാപാരപ്രമുഖനുമായ ഭൂപതി മൊയ്തീന്‍ ഹാജി വിവരം അറിഞ്ഞയുടനെ മേരിക്കുന്നില്‍ പാഞ്ഞെത്തി, കെ.സിയോട് പ്രബോധനം അടച്ചുപൂട്ടാന്‍ തീരുമാനിച്ചോ എന്നാരാഞ്ഞു. അബ്ദുര്‍റഹ്മാനും അബ്ദുല്ലയുമില്ലാത്ത ഒരു 'പ്രബോധന'മോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. കെ.സി പറഞ്ഞു: ''അവര്‍ ഇരുവരും പോയാലും പ്രബോധനം ഒരുലക്കം പോലും മുടങ്ങാതെ ഭംഗിയായി നടക്കുകതന്നെ ചെയ്യും.''
കെ.സിയുടെ വാക്കുകള്‍ പ്രത്യക്ഷരം ശരിയായി പുലര്‍ന്നു. ഒരുലക്കംപോലും മുടങ്ങിയില്ല. ഗൗരവമായ ഉള്ളടക്കം നിലനിര്‍ത്തുന്നതില്‍ അത് പഴയപടി നിഷ്‌കര്‍ഷ പുലര്‍ത്തുന്നുണ്ടോ എന്ന കാര്യത്തില്‍ അഭിപ്രായഭേദമുണ്ടാവാം. എന്നാല്‍, പത്രം കൂടുതല്‍ ജനകീയമായിത്തീര്‍ന്നു എന്നത് വസ്തുതയാണ്. പുതിയ എഴുത്തുകാരില്‍ ചിലര്‍ ഭാഷയില്‍ അപനിര്‍മാണം നടത്തി കാര്യങ്ങള്‍ വളച്ചുകെട്ടിപ്പറയുന്ന രീതി ചിലപ്പോള്‍ അരോചകമായിതോന്നാറുണ്ട് എന്ന് തുറന്നുപറയട്ടെ. മലയാളത്തിലെ ഇസ്‌ലാമിക വ്യവഹാര മേഖലകളില്‍ പ്രബോധനം കത്തിച്ചുവെച്ച കെടാവിളക്ക് ഒരു ജ്വാലയായി ഏറെക്കാലം തുടരുകതന്നെ ചെയ്യുമെന്ന കാര്യം അപ്പോള്‍പോലും അനിഷേധ്യമാണ്.
ഒ. അബ്ദുല്ല 9846295295

Comments

Other Post