Prabodhanm Weekly

Pages

Search

2009 അറുപതാം വാര്‍ഷികപ്പതിപ്പ്‌

പത്ത് നിയോഗങ്ങള്‍

ശൈഖ് മുഹമ്മദ് കാരകുന്ന്

നദ്‌വത്തുല്‍ മുജാഹിദീനോടും മുസ്‌ലിം ലീഗിനോടുമുള്ള ആഭിമുഖ്യവുമായാണ് ഫറോക്ക് റൗദത്തുല്‍ ഉലൂം അറബി കോളേജില്‍ പഠിക്കാനെത്തിയത്. ജ്യേഷ്ഠ സഹോദരന്‍ അഹ്മദ് കുട്ടി ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകര്‍ കൊടുക്കുന്ന പുസ്തകങ്ങള്‍ വായിക്കാറുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അനുഭാവവും അടുപ്പവും ജമാഅത്തിനോടായിരുന്നു. അത് ഞങ്ങള്‍ക്കിടയില്‍ പലപ്പോഴും വിവാദങ്ങള്‍ക്ക് കാരണമായി. ഞാനും ഉപ്പയും ഒരു ഭാഗത്തും ജ്യേഷ്ഠന്‍ മറുഭാഗത്തുമായി ഇടക്കിടെ ചര്‍ച്ചകളും തര്‍ക്കങ്ങളും നടക്കുമായിരുന്നു.
റൗദത്തിലെത്തി ഏതാനും മാസങ്ങള്‍ പിന്നിട്ടപ്പോള്‍ മസ്ജിദുല്‍ അസ്ഹറില്‍ വെച്ച് ഒത്ത ശരീരവും കറുത്ത താടിയുമുള്ള ഒരു ചെറുപ്പക്കാരന്‍ അടുത്തുവന്നു പരിചയപ്പെട്ടു. അരീക്കോട് സ്വദേശി പൂവ്വഞ്ചേരി മുഹമ്മദ് സാഹിബായിരുന്നു അത്. അദ്ദേഹം ഫാറൂഖ് കോളേജ് വിദ്യാര്‍ഥിയായിരുന്നു. പരിചയപ്പെട്ടതു മുതല്‍ മിക്ക ദിവസവും വന്നുകാണും. ആദ്യമൊക്കെ ഇസ്‌ലാമും മുസ്‌ലിംകളും അഭിമുഖീകരിക്കുന്ന പൊതുപ്രശ്‌നങ്ങളെ സംബന്ധിച്ചാണ് സംസാരിച്ചുകൊണ്ടിരുന്നത്. പിന്നെ, വര്‍ത്തമാനം മുസ്‌ലിം സമുദായത്തിന്റെ ഉത്തരവാദിത്വത്തെ സംബന്ധിച്ചായി. പെരുമാറ്റ നൈര്‍മല്യവും സ്വഭാവ വൈശിഷ്ട്യവും സംസാരത്തിലെ ആധികാരികതയും ആത്മാര്‍ഥതയും ക്രമേണ എന്നെ അദ്ദേഹത്തിലേക്കടുപ്പിച്ചു. ഒരു ദിവസം സംസാരം അവസാനിപ്പിച്ച് പിരിഞ്ഞുപോകുമ്പോള്‍ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ സത്യസാക്ഷ്യം എന്ന പുസ്തകം തന്നു. അടുത്ത ദിവസം കാണുമ്പോള്‍ വായിച്ച് അഭിപ്രായം പറയണമെന്നാവശ്യപ്പെടുകയും ചെയ്തു. വായന ആരംഭിച്ചത് വാക്കുപാലിക്കാനാണ്. എന്നാല്‍ ഏതാനും പേജുകള്‍ പിന്നിട്ടതോടെ പുസ്തകം താഴെ വെക്കാനാവാത്തവിധം അതിലാകൃഷ്ടനായി. അങ്ങനെ പൂവ്വഞ്ചേരിയുമായുള്ള പരിചയം യുഗപ്രഭാവനായ സയ്യിദ് മൗദൂദിയുടെ രചനകളുമായി പരിചയപ്പെടാനും ആത്മബന്ധം സ്ഥാപിക്കാനും ഇടയാക്കി. അദ്ദേഹം രണ്ടാമതായി തന്ന പുസ്തകം മൗദൂദിയുടെ ജമാഅത്തെ ഇസ്‌ലാമിയുടെ സന്ദേശമായിരുന്നു.
ആദര്‍ശധീരതയിലും സമര്‍പ്പണസന്നദ്ധതയിലും കര്‍മോത്സുകതയിലും സംഘാടനത്തിലും ഏവര്‍ക്കും അനുകരണീയമായ ഉത്തമ മാതൃകയായിരുന്നു പൂവ്വഞ്ചേരി. അദ്ദേഹം വെറുതെ അടങ്ങിയിരിക്കുന്ന ഒരു നിമിഷം പോലും കണ്ടിട്ടില്ല. സ്വഭാവമേന്മ കൊണ്ടും പെരുമാറ്റ നന്മ കൊണ്ടും അദ്ദേഹം പരിചയപ്പെടുന്നവരെയെല്ലാം തന്നിലേക്കടുപ്പിച്ചു. ഫാറൂഖാബാദില്‍ ജമാഅത്തിന് ആഴത്തില്‍ വേരോട്ടം ലഭിച്ചത് അദ്ദേഹത്തിലൂടെയാണ്. കര്‍മനൈരന്തര്യത്തിന്റെയെന്ന പോലെ വിനയത്തിന്റെയും കരുത്തിന്റെയും കാണപ്പെടുന്ന രൂപമായിരുന്നു അദ്ദേഹം. പൂവ്വഞ്ചേരി വിദ്യാര്‍ഥി ജീവിതത്തോടു വിടവാങ്ങിയപ്പോഴേക്കും ഫാറൂഖാബാദില്‍ ജമാഅത്തിന്റെ വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന കരുത്തുറ്റ ഒരു വിദ്യാര്‍ഥി ഹല്‍ഖ രൂപപ്പെട്ടുകഴിഞ്ഞിരുന്നു.
പ്രബോധനം ഏജന്റ്
സ്‌കൂള്‍ പഠനകാലത്ത് ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങളില്‍ അല്‍മനാര്‍ മാസികയുമായി മാത്രമേ ബന്ധമുണ്ടായിരുന്നുള്ളൂ. റൗദത്തുല്‍ ഉലൂമില്‍ വിദ്യാര്‍ഥിയായിരിക്കെ ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധം സ്ഥാപിച്ചതോടെ പ്രബോധനത്തിന്റെ വായനക്കാരനായി. അന്നൊക്കെ ബുധനാഴ്ചയാണ് പ്രബോധനം കൈയില്‍ കിട്ടിയിരുന്നത്. വാരിക കൈയിലെടുത്താല്‍ ആദ്യം മുതല്‍ അവസാനം വരെ വായിച്ച ശേഷമേ താഴെ വെച്ചിരുന്നുള്ളൂ. ആധുനികലോകത്ത് ഏറെ സ്വാധീനം നേടിയ ഭൗതിക ദര്‍ശനങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും ദൗര്‍ബല്യങ്ങളും ദുരന്തങ്ങളും ബോധ്യമായത് പ്രബോധനത്തിന്റെ താളുകളില്‍നിന്നാണ്. ഇസ്‌ലാമിന്റെ സാധ്യതയെയും സാധുതയെയും സംബന്ധിച്ച പ്രതീക്ഷ വളര്‍ത്തുന്നതിലും ഇസ്‌ലാമിനെ സംബന്ധിച്ച അപകര്‍ഷബോധമകറ്റി അഭിമാനബോധം ശക്തിപ്പെടുത്തുന്നതിലും പ്രബോധനം അനല്‍പമായ പങ്കുവഹിച്ചു. ഉള്ളടക്കം പോലെ അതിന്റെ ഭാഷയും ശൈലിയും ഏറെ ആകര്‍ഷകമായി അനുഭവപ്പെട്ടു. വായന ആരംഭിച്ച് അധികകാലം കഴിയും മുമ്പേ അതിന്റെ പ്രചാരകനായി മാറി.
കേരളത്തിലെ ജമാഅത്ത്-മുജാഹിദ് സംഘടനകള്‍ക്കിടയിലെ ബന്ധത്തില്‍ വളരെ വ്യക്തവും വ്യത്യസ്തവുമായ രണ്ടവസ്ഥകളുണ്ട്. ചരിത്രപരമായി അടിയന്തരാവസ്ഥക്ക് മുമ്പും ശേഷവുമെന്ന് അതിനെ വേര്‍തിരിക്കാം. മറ്റൊരു തലത്തില്‍ സല്‍സബീല്‍ മാസികയുമായും അതിനെ ബന്ധപ്പെടുത്താം. രണ്ടായാലും വലിയ അന്തരമില്ല.
1975-ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുകയും ജമാഅത്തെ ഇസ്‌ലാമി നിരോധിക്കപ്പെടുകയും ചെയ്യുന്നതിന് മുമ്പ് ഇരു സംഘടനകള്‍ക്കുമിടയില്‍ എത്രയൊക്കെ വീക്ഷണ വ്യത്യാസങ്ങളുണ്ടായിരുന്നുവെങ്കിലും ഊഷ്മള ബന്ധമാണ് നിലനിന്നിരുന്നത്. അതുകൊണ്ടാണ് മൗലാനാ അബുസ്സ്വബാഹ് അഹ്മദലി മരണമടഞ്ഞ ദിവസം റൗദത്തുല്‍ ഉലൂമിന്റെ നിയന്ത്രണത്തിലുള്ള മസ്ജിദുല്‍ അസ്ഹറില്‍ ഖുത്വ്ബ നിര്‍വഹിക്കാന്‍ ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ കെ.സി അബ്ദുല്ല മൗലവിയെ ചുമതലപ്പെടുത്തിയതും അദ്ദേഹമത് ഭംഗിയായി നിര്‍വഹിച്ചതും. നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന സെക്രട്ടറി എ.കെ അബ്ദുല്ലത്വീഫ് മൗലവി, അബുസ്സ്വലാഹ് മൗലവി, നന്മണ്ട അബൂബക്കര്‍ മൗലവി പോലുള്ളവര്‍ ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയാ കോളേജില്‍ അക്കാലത്ത് അധ്യാപകരായി സേവനമനുഷ്ഠിക്കുകയുണ്ടായി. റൗദത്തുല്‍ ഉലൂമില്‍ വിദ്യാര്‍ഥിയായിരിക്കെ ജമാഅത്ത് പ്രവര്‍ത്തകനായ ഞാന്‍ അധ്യാപകരായ അബുസ്സ്വലാഹ് മൗലവിയെ പ്രതിനിധീകരിച്ച് ബേപ്പൂരിലെ മുജാഹിദ് പള്ളിയിലും അബ്ദുല്‍ കരീം തങ്ങളെ പ്രതിനിധീകരിച്ച് നല്ലളം മുജാഹിദ് മസ്ജിദിലും മൂന്നു വര്‍ഷം ഖുത്വ്ബ നിര്‍വഹിച്ചിട്ടുണ്ട്. വിദ്യാര്‍ഥിയായിരിക്കെ ഫാറൂഖാബാദിലെ മസ്ജിദുല്‍ അസ്ഹറിലും എടവണ്ണ ഇസ്‌ലാഹിയാ ഓറിയന്റല്‍ ഹൈസ്‌കൂളില്‍ അധ്യാപകനായിരിക്കെ 1970-കളുടെ ആരംഭത്തില്‍ ഒന്നിലേറെ തവണ അവിടത്തെ മുജാഹിദ് പള്ളിയിലും ഖുത്വ്ബ നിര്‍വഹിക്കുകയുണ്ടായി. ഒരിക്കല്‍ പത്തപ്പിരിയം പള്ളിയിലെത്തിയപ്പോള്‍ അവിടത്തെ ഖത്വീബ് ഇപ്പോഴത്തെ കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.പി അബ്ദുല്‍ ഖാദിര്‍ മൗലവി ഖുത്വ്ബ നിര്‍വഹിക്കാന്‍ എന്നെ നിര്‍ബന്ധിക്കുകയും അത് ഏറ്റെടുക്കേണ്ടിവരികയും ചെയ്തു. എ.പി അബ്ദുല്‍ ഖാദിര്‍ മൗലവി പള്ളിയിലുണ്ടായിരിക്കെയായിരുന്നു അത്. സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയെ വധശിക്ഷക്ക് വിധിച്ചപ്പോള്‍ എ.പി അബ്ദുല്‍ ഖാദിര്‍ മൗലവി അദ്ദേഹത്തിന്റെ മോചനത്തിനായി ഖുനൂത്ത് ഓതുകയും പ്രത്യേക പ്രാര്‍ഥന നടത്തുകയും ചെയ്തിരുന്നു. മൗദൂദി സാഹിബ് മരണമടഞ്ഞപ്പോള്‍ പത്തപ്പിരിയം പള്ളിയില്‍ ഖാദിയായ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ജനാസ നമസ്‌കാരവും നടക്കുകയുണ്ടായി.
ഈ നല്ല കാലം അവസാനിക്കാന്‍ തുടങ്ങിയത് അടിയന്തരാവസ്ഥയോടെയാണ്. ജമാഅത്തെ ഇസ്‌ലാമി നിരോധിക്കപ്പെടുകയും അതിന് പ്രവര്‍ത്തനാനുമതി നിഷേധിക്കപ്പെടുകയും ചെയ്ത അവസരമുപയോഗിച്ച് മുജാഹിദ് മൗലവിമാര്‍ അതിനെതിരെ രൂക്ഷമായ ആക്ഷേപങ്ങളും ആരോപണങ്ങളും വിമര്‍ശനങ്ങളും ഉന്നയിക്കാന്‍ തുടങ്ങി. ഒന്നിനും മറുപടി പറയാനോ വിശദീകരണം നല്‍കാനോ നിര്‍വാഹമുണ്ടായിരുന്നില്ല. ഏകപക്ഷീയമായി ഒന്നര വര്‍ഷത്തോളം ഈ അവസ്ഥ തുടര്‍ന്നതിനാല്‍ മുജാഹിദ് മൗലവിമാരുടെയും പ്രവര്‍ത്തകരുടെയും എഴുത്തുകളുടെയും പ്രസംഗങ്ങളുടെയും ശൈലി ശക്തമായ ജമാഅത്ത് വിമര്‍ശനത്തിന്റേതായി മാറി. അടിയന്തരാവസ്ഥക്കൊടുവില്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജമാഅത്ത് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ്സിനും സഖ്യകക്ഷികള്‍ക്കുമെതിരെ, അഥവാ അടിയന്തരാവസ്ഥക്കും അത് പ്രഖ്യാപിച്ച് നടപ്പാക്കിയവര്‍ക്കുമെതിരെ വോട്ട് രേഖപ്പെടുത്തുക കൂടി ചെയ്തതോടെ സാമുദായിക രാഷ്ട്രീയ സംഘടനയുടെ ചിറകിനടിയില്‍ കഴിയുന്ന മതസംഘടനകളുടെ എതിര്‍പ്പും ശത്രുതയും ഗണ്യമായി വര്‍ധിച്ചു.
റൗദത്തുല്‍ ഉലൂമില്‍ പഠിച്ചുകൊണ്ടിരിക്കെ അതിനകത്തുപോലും ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുവിധ തടസ്സവുമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രബോധനവും ഐ.പി.എച്ച് കൃതികളും ധാരാളമായി പ്രചരിപ്പിക്കാനും ഇസ്‌ലാമിക പ്രസ്ഥാനത്തെ വിശദമായിത്തന്നെ പരിചയപ്പെടുത്താനും സാധിച്ചു. റൗദത്തുല്‍ ഉലൂമിലെ പ്രബോധനം ഏജന്റായിരുന്നു ഈ ലേഖകന്‍. 1970-ല്‍ പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുമ്പോള്‍ സ്ഥാപനത്തില്‍ പ്രബോധനത്തിന് ഇരുപത്തി രണ്ട് വരിക്കാരുണ്ടായിരുന്നു. അധ്യാപകരായിരുന്ന സി.പി അബൂബക്കര്‍ മൗലവിയും അബുസ്സ്വലാഹ് മൗലവിയും ഇത്തരം പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുമായിരുന്നു. മൗലവി പി. മുഹമ്മദ് കുട്ടശ്ശേരിക്കും മൊയ്തുണ്ണി മൗലവിക്കും അബ്ദുല്‍ കരീം തങ്ങള്‍ക്കും ഏറ്റവും പ്രിയപ്പെട്ടവര്‍ ജമാഅത്ത് പ്രവര്‍ത്തകരായ വിദ്യാര്‍ഥികളായിരുന്നു. പഠനത്തിലും സ്വഭാവത്തിലും പെരുമാറ്റത്തിലും ജീവിതരീതികളിലും മറ്റുള്ളവരെ അപേക്ഷിച്ച് അവര്‍ പുലര്‍ത്തിയിരുന്ന സവിശേഷതകളായിരുന്നു അതിനു കാരണം. പ്രിന്‍സിപ്പല്‍ അബുസ്സ്വബാഹ് മൗലവി ജമാഅത്തെ ഇസ്‌ലാമിയോട് വളരെ മതിപ്പ് പുലര്‍ത്തിയ പണ്ഡിതശ്രേഷ്ഠനാണ്. റൗദത്തുല്‍ ഉലൂമിന്റെ ചരിത്രത്തില്‍ പ്രബോധനത്തിന് ഏറ്റവും കൂടുതല്‍ കോപ്പികളുണ്ടായിരുന്നത് 1968-'70 കാലത്തായിരുന്നുവെന്ന് കരുതപ്പെടുന്നു.
ചന്ദ്രികയില്‍നിന്ന്
പ്രബോധനത്തിലേക്ക്
റൗദത്തുല്‍ ഉലൂമില്‍ വിദ്യാര്‍ഥിയായിരിക്കെ പണ്ഡിതനും എഴുത്തുകാരനുമായ വന്ദ്യഗുരു മൗലവി പി. മുഹമ്മദ് കുട്ടശ്ശേരി സാഹിത്യസമാജത്തിലെ പ്രസംഗവും പ്രബന്ധ വായനയും കേള്‍ക്കാനിടയായി. അതേത്തുടര്‍ന്ന് പ്രത്യേകം ശ്രദ്ധിക്കാന്‍ തുടങ്ങി. പിതൃ നിര്‍വിശേഷമായ സ്‌നേഹത്തോടെ സദാ പിന്തുടര്‍ന്നു. നല്ല പുസ്തകങ്ങള്‍ തെരഞ്ഞെടുത്തു തന്നു വായിക്കാന്‍ നിര്‍ദേശിച്ചു. വായിച്ചു കഴിഞ്ഞാല്‍ ഉള്ളടക്കത്തെ സംബന്ധിച്ച് ചര്‍ച്ച നടത്തുക പതിവായിരുന്നു. കാലമേറെ കഴിയുംമുമ്പെ എഴുതിത്തുടങ്ങാന്‍ പ്രേരിപ്പിച്ചു. കുട്ടശ്ശേരി മൗലവിയുടെ സ്‌നേഹപൂര്‍വമായ നിര്‍ബന്ധവും പ്രേരണയും മാര്‍ഗനിര്‍ദേശവുമാണ് പേനയെടുക്കാന്‍ പ്രചോദനമായത്. അച്ചടി മഷി പുരണ്ട ആദ്യ ലേഖനം പ്രത്യക്ഷപ്പെട്ടത് അല്‍ ഇര്‍ശാദ് മാസികയിലാണ്. കൊടുങ്ങല്ലൂരിലെ അഴീക്കോട്ടുനിന്നാണത് പ്രസിദ്ധീകരിച്ചിരുന്നത്. അതേ പേരിലുള്ള അവിടത്തെ അറബി കോളേജിന്റെ ഉടമസ്ഥതയിലാണ് അത് നടത്തിക്കൊണ്ടിരുന്നത്. പതിനേഴാം വയസ്സില്‍ 1967-ലായിരുന്നു അത്. തൊട്ടടുത്ത വര്‍ഷമാണ് ചന്ദ്രികയില്‍ എഴുതാന്‍ തുടങ്ങിയത്. ആദ്യ ലേഖനം പ്രസിദ്ധീകരിച്ചത് ആഴ്ചപതിപ്പിലാണ്. അത് അച്ചടിച്ചുവന്നത് ആദ്യം കണ്ടത് മുഹമ്മദ് കുട്ടശ്ശേരി മൗലവിയാണ്. അദ്ദേഹം സ്റ്റാഫ് റൂമിലേക്ക് വിളിപ്പിച്ച് അത് കാണിച്ചുതരികയും ഹൃദയപൂര്‍വം അഭിനന്ദിക്കുകയും ചെയ്തു. പിന്നീട് മറ്റു വിദ്യാര്‍ഥികളുടെ മുന്നില്‍ വെച്ച് പ്രശംസിച്ചു സംസാരിച്ചു. തുടര്‍ന്ന് റൗദത്തിനോട് വിടപറയും വരെ എഴുത്തിലും പ്രസംഗത്തിലും അദ്ദേഹം നല്‍കിയ സഹായവും പ്രോത്സാഹനവും വളരെ വലുതാണ്. ഒരിക്കല്‍ പ്രസംഗ-പ്രബന്ധ മത്സരങ്ങളില്‍ ഒന്നാമനായപ്പോള്‍ നല്‍കിയ സമ്മാനത്തോടൊപ്പമുള്ള കത്തില്‍ കുറിച്ചിട്ട വാചകങ്ങള്‍ ഒരധ്യാപകന് വിദ്യാര്‍ഥിക്ക് നല്‍കാവുന്ന പ്രശംസയുടെ പാരമ്യമാണ്. അത് ഇന്നും വിലമതിക്കാനാവാത്ത സമ്മാനമായി സൂക്ഷിക്കുന്നു. രണ്ട് വ്യത്യസ്ത സംഘടനകളിലാണെന്നതോ പല വിഷയങ്ങളിലും വീക്ഷണ വ്യത്യാസങ്ങളുണ്ടെന്നതോ ഞങ്ങളുടെ ആത്മബന്ധത്തിന് ഒരു പോറലുമേല്‍പിച്ചിട്ടില്ല. പിതാവിനെപ്പോലെ ആദരിക്കാന്‍ ശ്രമിക്കാറുണ്ടെങ്കിലും അദ്ദേഹം അടുത്ത സുഹൃത്തിനെപ്പോലെയാണ് പെരുമാറുക.
1968-ല്‍ എഴുതിത്തുടങ്ങുമ്പോള്‍ ചന്ദ്രിക ആഴ്ചപതിപ്പ് പ്രതിഫലമായി നല്‍കിയിരുന്നത് അഞ്ചു രൂപയാണ്. അന്നത് വലിയൊരനുഗ്രഹമായിരുന്നു. കടലാസിന്റെ വിലയും തപാല്‍ ചാര്‍ജും കഴിച്ചുള്ള സംഖ്യ മറ്റു പ്രാഥമികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കും.
ഏഴു വര്‍ഷത്തിലേറെക്കാലം ചന്ദ്രിക ആഴ്ചപ്പതിപ്പിലും വാരാന്തപ്പതിപ്പിലും തുടര്‍ച്ചയായി ലേഖനമെഴുതിക്കൊണ്ടിരുന്നു. കാനേഷ് പൂനൂരിന്റെയും കെ.പി കുഞ്ഞിമൂസ സാഹിബിന്റെയും പ്രേരണയും പ്രോത്സാഹനവും അതിന് ഏറെ പ്രചോദനമേകി. 1976-ല്‍ അടിയന്തരാവസ്ഥക്കാലത്ത് നാടിനടുത്ത് പത്തപ്പിരിയത്തുവെച്ച് മുജാഹിദ് സുഹൃത്തുക്കള്‍ അടിയന്തരാവസ്ഥയെ പ്രശംസിച്ചും ജമാഅത്തെ ഇസ്‌ലാമിയെ നിരോധിച്ചതിനെ അഭിനന്ദിച്ചും പ്രസംഗിച്ചു. അതിനു മറുപടി പറയവെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെയും അത് ചെയ്ത കോണ്‍ഗ്രസ്സിനെയും വിമര്‍ശിച്ചു. അതിനെ പിന്തുണച്ചവരുടെ നിലപാടുകളെ നിശിതമായി ചോദ്യം ചെയ്തു. അന്ന് സഹപ്രസംഗകന്‍ മഞ്ചേരിയിലെ അബ്ദുര്‍റഹ്മാന്‍ കുരിക്കളായിരുന്നു. അതില്‍ പ്രകോപിതരായ മുജാഹിദ്-ലീഗ് പ്രവര്‍ത്തകര്‍ ഇടപെട്ട് ചന്ദ്രികയില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടഞ്ഞു. ആഴ്ചപ്പതിപ്പില്‍ ശഹീദ് അബ്ദുല്‍ ഖാദിര്‍ ഔദയുടെ 'മതം ദുര്‍ബല ഹസ്തങ്ങളില്‍' എന്ന കൃതിയും വാരാന്തപ്പതിപ്പില്‍ 'മായാത്ത മുദ്രകളും' പ്രസിദ്ധീകരിച്ചുവരികയായിരുന്നു. ഇടപെടല്‍ കാരണം ഇടക്കു വെച്ച് രണ്ടിന്റെയും പ്രസിദ്ധീകരണം നിര്‍ത്തി. പിന്നീട് രണ്ടും പുസ്തകങ്ങളായി പ്രസിദ്ധീകൃതമായി. അതിനു ശേഷം ചന്ദ്രികയില്‍ ഉത്തരവാദപ്പെട്ട പത്രാധിപര്‍ ആവശ്യപ്പെടുമ്പോള്‍ മാത്രമേ എഴുതാറുള്ളൂ. എഴുതി പരിചയിക്കുന്നതില്‍ മറ്റു പലര്‍ക്കുമെന്ന പോലെ എനിക്കും ചന്ദ്രിക വളരെയേറെ ഉപകരിച്ചിട്ടുണ്ടെന്ന് നന്ദിയോടെ ഓര്‍ക്കുന്നു. കേരളത്തിലെ പ്രമുഖരായ പല സാഹിത്യകാരന്മാരുമായി ബന്ധപ്പെടാന്‍ ചന്ദ്രികയിലെ എഴുത്ത് സഹായകമായി. അതിനു വഴിയൊരുക്കിയ കാനേഷും കുഞ്ഞിമൂസാ സാഹിബും മറ്റുമായുള്ള ഉറ്റ സ്‌നേഹബന്ധം ഇപ്പോഴും അഭംഗുരം തുടരുന്നു.
എഴുതിത്തുടങ്ങിയ കാലത്തുതന്നെ പ്രബോധനത്തിലേക്ക് എട്ടു പത്ത് ലേഖനങ്ങള്‍ അയച്ചിരുന്നു. ഒന്നും വെളിച്ചം കണ്ടില്ല. അപ്പോഴും നിരാശയോ പ്രയാസമോ തോന്നിയില്ല. മറിച്ച് അഭിമാനമാണ് അനുഭവപ്പെട്ടത്. ചന്ദ്രികയില്‍ നിരന്തരം എഴുതുന്ന എന്റെ ലേഖനങ്ങള്‍ പ്രസിദ്ധീകരണാര്‍ഹമല്ലാത്തവിധം നിലവാരമുള്ളതാണ് എന്റെ പ്രസ്ഥാനത്തിന്റെ പത്രം എന്ന ചിന്ത വലിയ സന്തോഷവും സംതൃപ്തിയുമാണ് എന്നിലുണ്ടാക്കിയത്. അതിനാലാണല്ലോ എഴുത്ത് ചന്ദ്രികയിലായിരുന്നിട്ടും പ്രബോധനത്തിന്റെ ഏജന്റും പ്രചാരകനുമായത്. ഒരു ലേഖനത്തിനു പോലും മറുപടിയോ പ്രതികരണമോ കിട്ടാതിരുന്നപ്പോള്‍ പ്രബോധനത്തില്‍ സേവനമനുഷ്ഠിക്കുന്നവരെല്ലാം വലിയ ജോലിത്തിരക്കു കാരണം സമയമില്ലാതെ പ്രയാസപ്പെടുന്നവരായിരിക്കുമെന്ന് കരുതി സമാധാനിച്ചു. എന്നാലും കത്തുകള്‍ക്ക് മറുപടി അയക്കണമെന്നാണ് ഈയുള്ളവന്റെ അഭിപ്രായം. കത്തയക്കുന്നവര്‍ എത്ര നിസ്സാരന്മാരും സാധാരണക്കാരുമാണെങ്കിലും.
ചന്ദ്രികയില്‍ എഴുത്ത് മുടങ്ങിയ കാലത്ത് പ്രബോധനം ഉണ്ടായിരുന്നില്ല. ജമാഅത്തെ ഇസ്‌ലാമിയുടെ നിരോധത്തെത്തുടര്‍ന്ന് പ്രബോധനവും അടച്ചുപൂട്ടിയിരുന്നു. എന്നാല്‍ അടിയന്തരാവസ്ഥയുടെ ആ ഇരുണ്ട നാളുകളിലും അബ്ദുല്‍ അഹദ് തങ്ങളുടെ അസാധാരണമായ ഇഛാശക്തിയും ആദര്‍ശധീരതയും സഹപ്രവര്‍ത്തകരുടെ കലവറയില്ലാത്ത സഹകരണവും ഒത്തുചേര്‍ന്നപ്പോള്‍ പ്രബോധനത്തിനു പകരം ബോധനം ഡൈജസ്റ്റ് രൂപം കൊണ്ടു. 1976 മെയ് മാസത്തില്‍ അതിന്റെ ആദ്യലക്കം പുറത്തിറങ്ങി. എഡിറ്ററും പ്രിന്ററും പബ്ലിഷറുമെല്ലാം തങ്ങള്‍ തന്നെയായിരുന്നു. വി.എ കബീറാണ് പത്രാധിപരുടെ ചുമതല വഹിച്ചിരുന്നത്. ഉള്ളടക്കത്തിലും കെട്ടിലും മട്ടിലും മെച്ചപ്പെട്ട നിലവാരം പുലര്‍ത്തിയ ബോധനം ഡൈജസ്റ്റ്, പ്രബോധനം മാസികയെയാണ് പ്രതിനിധീകരിച്ചിരുന്നത്. അതില്‍ ഈയുള്ളവന്‍ ആദ്യമെഴുതിയ ലേഖനം ഹസ്രത്ത് ഹുസൈ(റ)ന്റെ രക്തസാക്ഷിത്വത്തെ സംബന്ധിച്ചായിരുന്നു.
1977 മാര്‍ച്ചില്‍ അടിയന്തരാവസ്ഥ പിന്‍വലിക്കപ്പെടുകയും ജമാഅത്തിന്റെ നിരോധം നീങ്ങുകയും ചെയ്തതിനാല്‍ ഏപ്രില്‍ ലക്കത്തോടെ ബോധനം ഡൈജസ്റ്റ് താല്‍ക്കാലികമായി പ്രസിദ്ധീകരണം നിര്‍ത്തി. മെയ് ലക്കം മുതല്‍ പ്രബോധനം പുനരാരംഭിക്കുകയും ചെയ്തു. തുടര്‍ന്ന് ഇടക്കിടെ പ്രബോധനത്തില്‍ ലേഖനങ്ങളെഴുതിക്കൊണ്ടിരുന്നു.
പ്രബോധനം ആസ്ഥാനത്ത്
ഹൈദറാബാദില്‍ നടന്ന ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ സമ്മേളനത്തില്‍ വെച്ച് ഇന്റര്‍നാഷ്‌നല്‍ ഇസ്‌ലാമിക് ഫെഡറേഷന്‍ ഓഫ് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍സ് (IIFSO) ജനറല്‍ സെക്രട്ടറി ഡോ. മുസ്ത്വഫാ ത്വഹാനുമായി പരിചയപ്പെടാന്‍ അവസരം ലഭിച്ചു. അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് സ്‌കൂളില്‍നിന്ന് ലീവെടുത്ത് 'ഇഫ്‌സോ'യുടെ പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്തുകൊണ്ടിരിക്കെയാണ് 1982-ല്‍ ജമാഅത്തെ ഇസ്‌ലാമി അംഗമായതും തൊട്ടുടനെത്തന്നെ കേരള മജ്‌ലിസ് ശൂറായിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതും. ഉടനെ 'ഇഫ്‌സോ'യുടെ ചുമതല ഒഴിവായി. വീണ്ടും എടവണ്ണ ഇസ്‌ലാഹിയാ ഓറിയന്റല്‍ ഹൈസ്‌കൂള്‍ അധ്യാപകനായി. ഏറെ കഴിയും മുമ്പേ സംസ്ഥാന ശൂറ 1983 ആദ്യത്തില്‍ സംസ്ഥാന സമ്മേളനം നടത്താന്‍ തീരുമാനിച്ചു. മലപ്പുറത്തെ സമ്മേളന നഗരിയില്‍ ചുരുങ്ങിയത് പത്ത് പുസ്തകങ്ങളെങ്കിലും പ്രകാശനം ചെയ്യണമെന്ന് നിശ്ചയിക്കുകയും അതിനായി ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസിന്റെ ചുമതല ഏറ്റെടുക്കാനാവശ്യപ്പെടുകയും ചെയ്തു. എന്റെ കഴിവുകേടും പരിമിതികളും ശൂറയെ ബോധ്യപ്പെടുത്താന്‍ പരമാവധി ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. 1982 ഡിസംബറില്‍ ഐ.പി.എച്ചിന്റെ ചുമതല ഏറ്റെടുക്കേണ്ടിവന്നു. വെള്ളിമാടുകുന്നില്‍ പ്രബോധനത്തിന്റെയും ഐ.പി.എച്ചിന്റെയും ആസ്ഥാനം ഒന്നുതന്നെയായിരുന്നു. അന്നൊക്കെ ജമാഅത്തെ ഇസ്‌ലാമി കേരള ഘടകത്തിന്റെ കേന്ദ്ര ഓഫീസും അവിടെത്തന്നെയായിരുന്നു. അങ്ങനെ പ്രബോധനം ആസ്ഥാനത്തെത്തി. അതിന്റെ അണിയറ ശില്‍പികളുമായി അടുത്തിടപഴകാന്‍ അവസരം ലഭിച്ചു. പ്രബോധനത്തിന്റെ ദൈനംദിന കാര്യങ്ങള്‍ നേരില്‍ കാണാനും മനസ്സിലാക്കാനും ചിലപ്പോഴൊക്കെ അതില്‍ പങ്കുവഹിക്കാനും സാധിച്ചു. 2007-ല്‍ ജമാഅത്തിന്റെ അസിസ്റ്റന്റ് അമീറായി നിശ്ചയിക്കപ്പെട്ട് ഐ.പി.എച്ച് ചുമതല ഒഴിയുന്നതുവരെയുള്ള കൃത്യം കാല്‍നൂറ്റാണ്ടുകാലം പ്രബോധനത്തിന്റെ നാഡിമിടിപ്പുകള്‍ അടുത്തുനിന്ന് അനുഭവിച്ചറിയുകയായിരുന്നു. ആനുകാലികങ്ങളുടെ വായന പ്രബോധനത്തിന്റെ എഡിറ്റോറിയല്‍ മുറിയില്‍ വെച്ചായിരുന്നു. അടുത്തകാലം വരെ വെള്ളിമാടുകുന്ന് ഐ.എസ്.ടി ബില്‍ഡിംഗില്‍ വായനക്ക് പ്രത്യേക ഇടം ഉണ്ടായിരുന്നില്ല. പ്രബോധനം എഡിറ്റോറിയല്‍ സ്റ്റാഫിനോടൊന്നിച്ചുള്ള ദീര്‍ഘകാലത്തെ ഇടപഴകല്‍ വൈജ്ഞാനിക വളര്‍ച്ചയില്‍ വഹിച്ച പങ്ക് വളരെ വലുതാണ്. മണിക്കൂറുകളാവശ്യമുള്ള വായനയിലൂടെ ലഭിക്കുന്ന അറിവ് ഏതാനും മിനിറ്റുകള്‍ കൊണ്ട് പകര്‍ന്നുകിട്ടുകയായിരുന്നു. ഈ ലേഖകന്‍ വെള്ളിമാടുകുന്നിലെത്തിയതു മുതല്‍ അവിടത്തെ ജോലിയില്‍നിന്ന് വിരമിക്കുന്നതുവരെ പ്രബോധനം പത്രാധിപ സമിതിയില്‍ തുടര്‍ച്ചയായി ഉണ്ടായ ഏക വ്യക്തി ടി.കെ ഉബൈദ് സാഹിബാണ്. അദ്ദേഹം ഇപ്പോഴും പ്രബോധനത്തില്‍ തുടരുന്നു.
1982-ല്‍ വെള്ളിമാടുകുന്നിലെത്തുമ്പോള്‍ ഐ.പി.എച്ചില്‍ ടി. മുഹമ്മദ് സാഹിബും പ്രബോധനത്തില്‍ ടി. ഇസ്ഹാഖലി മൗലവിയുമുണ്ടായിരുന്നു. ഖുര്‍ആന്‍, ഹദീസ്, കര്‍മശാസ്ത്രം, ഇസ്‌ലാമിക ചരിത്രം തുടങ്ങി ഏതു വിഷയത്തിലുമുണ്ടാവുന്ന സംശയങ്ങളുടെ നിവാരണത്തിന് അന്നൊക്കെ മുഖ്യ അവലംബം അവരിരുവരുമായിരുന്നു. ടി. മുഹമ്മദ് സാഹിബില്‍നിന്ന് പകര്‍ന്നുകിട്ടിയ അനുഭവങ്ങളും അറിവിന്റെ മുത്തുകളും അമൂല്യങ്ങളത്രെ. അവരിരുവര്‍ക്കും ശേഷം മിക്ക വിഷയങ്ങളിലും മുഖ്യമായി അവലംബിച്ചത് ടി.കെ ഉബൈദ് സാഹിബിനെയാണ്. പൊതുവിഷയങ്ങളില്‍ ഒ. അബ്ദുര്‍റഹ്മാന്‍ സാഹിബിനെയും.
പത്രാധിപര്‍
ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ശൂറാ തീരുമാനമനുസരിച്ച് 1987 മുതല്‍ പ്രബോധനത്തിന്റെ പത്രാധിപസമിതി അംഗമായി. എഡിറ്റോറിയല്‍ സ്റ്റാഫും ഒ. അബ്ദുര്‍റഹ്മാന്‍ സാഹിബും ഈ ലേഖകനുമായിരുന്നു പുനഃസംഘടിപ്പിക്കപ്പെട്ട പത്രാധിപസമിതിയിലുണ്ടായിരുന്നത്.
1990 മാര്‍ച്ച് മുതല്‍ പ്രബോധനത്തിന്റെ പത്രാധിപ ചുമതല ഏറ്റെടുക്കാന്‍ ജമാഅത്ത് സംസ്ഥാന കൂടിയാലോചനാ സമിതി ആവശ്യപ്പെട്ടു. ടി.കെ അബ്ദുല്ല സാഹിബ് പത്രാധിപ ചുമതലയില്‍നിന്ന് ഒഴിവായതിനാല്‍ ആ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.
പത്ത് നിയോഗങ്ങള്‍
പ്രബോധനത്തിന് പ്രധാനമായും പത്ത് മഹത്തായ നിയോഗങ്ങള്‍ നിര്‍വഹിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.
1. നമ്മുടേത് ഒരു ബഹുസ്വര സമൂഹമാണ്. ഇത്തരമൊരു സമൂഹത്തില്‍ ഇസ്‌ലാമിന്റെ യഥാര്‍ഥ പ്രതിനിധാനം മുസ്‌ലിം സമുദായത്തിന്റെ ബാധ്യതയാണ്. എന്നാല്‍ മുസ്‌ലിംകള്‍ ഒരടഞ്ഞ സമൂഹമായാണ് ഗണിക്കപ്പെട്ടിരുന്നത്. സാധാരണ ജീവിതത്തില്‍ ഇതര സമൂഹങ്ങളുമായി ഇടപഴകുകയും ആശയവിനിമയം നടത്തുകയും ചെയ്തിരുന്നുവെങ്കിലും ഇസ്‌ലാമിനെ സംബന്ധിച്ച് അവരോട് സംസാരിക്കാനുള്ള ഭാഷയോ ശൈലിയോ മുസ്‌ലിംകള്‍ക്കുണ്ടായിരുന്നില്ല. 1949-ല്‍ പ്രബോധനം ആരംഭിക്കുമ്പോള്‍ പരിഷ്‌കരണ പ്രസ്ഥാനമായി അറിയപ്പെട്ടിരുന്നവരുടെ പ്രസിദ്ധീകരണങ്ങള്‍ പോലും അറബിമലയാള ലിപിയിലായിരുന്നു. അതുകൊണ്ടുതന്നെ അവയൊന്നും സഹോദര സമൂഹങ്ങളുമായി സംവദിച്ചിരുന്നില്ല. അത്തരമൊരു അവസ്ഥയിലാണ് പ്രബോധനം ഏവര്‍ക്കും വായിക്കാവുന്ന ഭാഷയിലും ശൈലിയിലും ലിപിയിലും പ്രസിദ്ധീകരണമാരംഭിച്ചത്. അതുവഴി പ്രബോധനത്തിന് ഒരു പരിധിയോളമെങ്കിലും സഹോദര സമുദായാംഗങ്ങള്‍ക്ക് ഇസ്‌ലാമിനെ സംബന്ധിച്ചുണ്ടായിരുന്ന തെറ്റുധാരണകളും അജ്ഞതകളും ഇല്ലാതാക്കാനും അതിനെ അവര്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കാനും സാധിച്ചു. അങ്ങനെ പൊതുസമൂഹവുമായി ആശയ സംവാദത്തിന്റെ നിരവധി വാതിലുകള്‍ തുറന്നിടാന്‍ പ്രബോധനത്തിന് കഴിഞ്ഞു.
2. മുസ്‌ലിംകളെ ഒരു പാരമ്പര്യ ജാതി എന്ന അവസ്ഥയില്‍ നിന്ന് ഒരാദര്‍ശ പ്രബോധക സംഘമാക്കി മാറ്റുകയായിരുന്നു പ്രബോധനം. അത് അവരില്‍നിന്ന് അപകര്‍ഷബോധമകറ്റി അവരില്‍ ആത്മവിശ്വാസം വളര്‍ത്തി. ക്ഷമാപണ ശൈലിക്ക് അറുതിവരുത്തി അഭിമാനത്തോടെ ഇസ്‌ലാമിനെ പ്രതിനിധീകരിക്കാന്‍ പ്രാപ്തരാക്കി. അവരില്‍നിന്ന് അവിശ്വാസവും മതനിേഷധവും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പറിച്ചെറിയാന്‍ ഒരു പരിധിയോളം അതിനു സാധിച്ചു.
3. ഇസ്‌ലാമെന്നത് കേവലം ചില ആചാരങ്ങളും അനുഷ്ഠാനങ്ങളുമാണെന്ന ധാരണ തിരുത്തി അത് മനുഷ്യന്റെ ഐഹിക ക്ഷേമവും പരലോക രക്ഷയും ഉറപ്പുവരുത്തുന്ന ഒരു സമ്പൂര്‍ണ ജീവിതക്രമവും വ്യവസ്ഥയുമാണെന്ന ബോധം വളര്‍ത്തി. ഭൗതിക ദര്‍ശനങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും ദൗര്‍ബല്യങ്ങളും അപ്രായോഗികതയും മനുഷ്യവിരുദ്ധതയും തെളിയിച്ചു കാണിച്ച് അവയിലകപ്പെട്ടിരുന്ന പലരെയും മോചിപ്പിച്ചു. അവയുടെ മുമ്പില്‍ പകച്ചുനിന്നിരുന്ന സമുദായ നേതാക്കള്‍ക്കും പണ്ഡിതന്മാര്‍ക്കും ആത്മവിശ്വാസം പകര്‍ന്നുകൊടുത്തു. ഇസ്‌ലാമിന്റെ സാധ്യതയും സാധുതയും തെളിയിച്ചു കാണിച്ച് വിദ്യാസമ്പന്നരായ ആയിരങ്ങളെ അതിന്റെ പ്രബോധകരും പ്രചാരകരുമാക്കി.
4. മുസ്‌ലിംകളുള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങളും മറ്റു പിന്നാക്ക വിഭാഗങ്ങളും അനുഭവിക്കുന്ന നീതിനിഷേധങ്ങളുടെയും ക്രൂരമായ വിവേചനങ്ങളുടെയും മര്‍ദന, പീഡനങ്ങളുടെയും കഥകള്‍ വെളിച്ചത്തുകൊണ്ടുവന്ന് നീതിയുടെ കാവലാളായി നിലകൊണ്ടു. ഇരകളുടെ പോരാളിയും മര്‍ദിതരുടെ മോചകനും നാവില്ലാത്തവരുടെ നാവും വാദിക്കാനാളില്ലാത്തവരുടെ വക്കീലും ആയി വര്‍ത്തിച്ചു. മുസ്‌ലിം പ്രശ്‌നങ്ങളെ സാമുദായിക പ്രശ്‌നങ്ങളെന്ന നിലക്ക് അവതരിപ്പിക്കുന്നതിനുപകരം മാനവിക പ്രശ്‌നമായും ദേശീയ പ്രശ്‌നമായും സമൂഹത്തിന്റെ മുമ്പില്‍ സമര്‍പ്പിച്ചു. അങ്ങനെ അത്തരം പ്രശ്‌നങ്ങളില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും അവര്‍ഗീയരായ മുഴുവന്‍ മനുഷ്യ സ്‌നേഹികളുടെയും പിന്തുണ അവര്‍ക്ക് നേടിക്കൊടുക്കാന്‍ കഴിഞ്ഞു.
5. മദ്യം, മയക്കുമരുന്ന്, അശ്ലീലത, നിര്‍ലജ്ജത, അക്രമം, അനീതി, അധര്‍മം, ചൂഷണം, മോഷണം, കൊള്ള, കൊല പോലുള്ള കുറ്റകൃത്യങ്ങള്‍ക്കെതിരെ സമൂഹത്തെ ബോധവത്കരിക്കാന്‍ നിരന്തരം ശ്രമിച്ചുപോന്നു. സാംസ്‌കാരിക-സാമൂഹിക ഉച്ചനീചത്വങ്ങള്‍ക്കും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു.
6. മുസ്‌ലിംകളുടെ വൈജ്ഞാനിക, കലാ, സാഹിത്യ വളര്‍ച്ചക്കും വികാസത്തിനും വഴിയൊരുക്കി. അവരിലെ സര്‍ഗ കഴിവുകള്‍ പോഷിപ്പിക്കാന്‍ പരമാവധി ശ്രമിച്ചു.
7. സങ്കുചിതമായ സാമുദായികതക്കും വര്‍ഗീയതക്കും ഫാഷിസത്തിനും അക്രമരാഷ്ട്രീയത്തിനും ഏകാധിപത്യത്തിനും സ്വേഛാധിപത്യത്തിനുമെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു. അഴിമതിക്കും സ്വജനപക്ഷപാതിത്വത്തിനുമെതിരെ ധീരമായി പൊരുതി.
8. മുസ്‌ലിം ലോകത്തെയും ലോക ഇസ്‌ലാമിക ചലനങ്ങളെയും ആധുനിക ഇസ്‌ലാമിക പ്രസ്ഥാനങ്ങളെയും പ്രസ്ഥാന നായകന്മാരെയും പണ്ഡിതന്മാരെയും കേരളീയ സമൂഹത്തിനു പരിചയപ്പെടുത്തി.
9. പൂര്‍വികരും ആധുനികരുമായ ഇസ്‌ലാമിക പണ്ഡിതന്മാരുടെ രചനകളെ മലയാളിസമൂഹത്തിനു പരിചയപ്പെടുത്തി. അവയുമായി ബന്ധപ്പെടാന്‍ അവസരമൊരുക്കി.
10. ഇസ്‌ലാമിക ചരിത്രത്തിലെ മഹദ് വ്യക്തികളെയും സംഭവങ്ങളെയും വായനക്കാരുടെ മുമ്പില്‍ സമര്‍പ്പിച്ചു. എല്ലാ അര്‍ഥത്തിലും കേരളത്തിലെ ഇസ്‌ലാമിക നവോത്ഥാനത്തിലും മുസ്‌ലിം സമൂഹത്തിന്റെ ബഹുമുഖ വളര്‍ച്ചയിലും നിര്‍ണായക പങ്കുവഹിക്കാനും മഹത്തായ സ്വാധീനം ചെലുത്താനും പ്രബോധനത്തിനു സാധിച്ചു. പിന്നിട്ട ആറു പതിറ്റാണ്ടിലെ അതിന്റെ താളുകള്‍ പരതുന്ന ഏവര്‍ക്കും സമുദായത്തിന്റെ ക്രമാനുഗതമായ വളര്‍ച്ചയുടെയും ഉയര്‍ച്ചയുടെയും ഇസ്‌ലാമിക മുന്നേറ്റത്തിന് അത് വഴിതെളിച്ചതെങ്ങനെയെന്ന് വ്യക്തമായി വായിക്കാനാവും. സമുദായത്തിന് മുന്നോട്ടു ഗമിക്കാന്‍ എങ്ങനെയാണ് അത് പടവുകളൊരുക്കിയതെന്നും ബോധ്യമാകും. അതോടൊപ്പം പിന്നിട്ട പാതയിലെ സമുദായത്തിന്റെ പാതമുദ്രകളും അവയില്‍ തെളിഞ്ഞുകാണാം.
പ്രബോധനം കഴിഞ്ഞ കാലങ്ങളിലെല്ലാം സമുദായത്തിനും അതിലെ വിവിധ വിഭാഗങ്ങളുടെ പ്രസിദ്ധീകരണങ്ങള്‍ക്കും ദിശാബോധം നല്‍കി മുന്നില്‍ നടക്കുകയായിരുന്നു. ഉള്ളടക്കത്തിലെന്നപോലെ ഭാഷയിലും ശൈലിയിലും കെട്ടിലും മട്ടിലും അത് മാതൃകയാവുകയായിരുന്നു. പ്രബോധനത്തിന്റെ ഏറ്റവും വലിയ സംഭാവനയും അതുതന്നെ.
ശൈഖ് മുഹമ്ദ് കാരകുന്ന് 9447426247

Comments

Other Post