Prabodhanm Weekly

Pages

Search

2009 അറുപതാം വാര്‍ഷികപ്പതിപ്പ്‌

വ്യതിരിക്തതയുള്ള പ്രസിദ്ധീകരണം

ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

അച്ചടി മനുഷ്യകുലത്തിന് വരുത്തിയ മാറ്റത്തിന് തുല്യതയില്ല. അക്ഷരവിപ്ലവമെന്നൊക്കെ നമ്മള്‍ പറയാറുള്ളതും വെറുതെയല്ല. ഇസ്‌ലാമിക വൈജ്ഞാനിക രംഗത്ത് പ്രബോധനം കടന്നുവന്ന നാളുകളില്‍ കാര്യമായ പ്രസിദ്ധീകരണങ്ങള്‍ തന്നെയുണ്ടായിരുന്നില്ല. അല്‍മുര്‍ശിദ്, അല്‍ബയാന്‍ തുടങ്ങിയ ചില പ്രസിദ്ധീകരണങ്ങള്‍ മാത്രമായിരുന്നു അന്നുണ്ടായിരുന്നതെന്ന് ഓര്‍ക്കുന്നു. ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങള്‍ക്ക് മുമ്പില്‍ പ്രബോധനം വേറിട്ടൊരു സരണി വെട്ടിത്തുറക്കുകയായിരുന്നു.
പ്രസിദ്ധീകരണ രംഗം പണമുണ്ടാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമായി ഉപയോഗപ്പെടുത്തുകയും ദൗത്യനിര്‍വഹണത്തെ പറ്റി യാതൊരു ഉത്തരവാദിത്വവും ഏറ്റെടുക്കാതിരിക്കുകയും ചെയ്യുന്നു എന്നത് ഈ രംഗത്തെ ഏറ്റവും ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ഭക്ഷണത്തില്‍ വിഷം കലര്‍ത്തുന്നതുപോലെയോ അതിലപ്പുറമോ ആണ് അക്ഷരത്തില്‍ വിഷം പുരട്ടുന്നതെന്ന സത്യം അറിഞ്ഞിട്ടും പലപ്പോഴും നാം നിസ്സംഗത കാട്ടുന്നു. ഇവിടെ വേറിട്ടൊരു പ്രസിദ്ധീകരണമായി പ്രബോധനം നിലകൊള്ളുന്നു എന്ന് പറയുന്നതില്‍ സന്തോഷമുണ്ട്.
കഴിഞ്ഞ 30 വര്‍ഷമായി പ്രബോധനം വാരികയുടെ കൂട്ടുകാരനാണ് ഞാന്‍. ഒരുകാലത്ത് സ്ഥിരം വായനക്കാരനായിരുന്നു. ഇപ്പോള്‍ തിരക്ക് കൂടുതലായതുകൊണ്ട് പതിവ് പോലെ എല്ലാ ലക്കവും മുടങ്ങാതെ വായിക്കാന്‍ കഴിയാറില്ല. എങ്കിലും മിക്കതും വായിക്കാറുണ്ട്.
പ്രബോധനം ഞാന്‍ ഇഷ്ടപ്പെടുന്നതിന്റെ പ്രധാന കാരണങ്ങള്‍ ഇവയാണ്:
1. ഇസ്‌ലാമിനെ ഒരു പ്രത്യയശാസ്ത്രം എന്ന നിലയില്‍ വായനക്കാര്‍ക്ക് പരിചയപ്പെടുത്തുന്നതില്‍ എടുത്ത മഹത്തായ സമീപനം.
2. ലോകത്തിന്റെ ഏതൊരു കോണില്‍ നടക്കുന്ന ഇസ്‌ലാമിക ചലനങ്ങളെയും മലയാള വായനക്കാര്‍ക്കിടയില്‍ എത്തിച്ച റിപ്പോര്‍ട്ടിംഗ് ശൈലി.
3. സാമ്രാജ്യത്വത്തിന്റെ വ്യത്യസ്തങ്ങളായ കടന്നുകയറ്റങ്ങളെ വിശകലനം ചെയ്തുകൊണ്ടുള്ള കവര്‍ സ്റ്റോറികള്‍.
4. വളച്ചുകെട്ടലുകളില്ലാത്ത ചോദ്യോത്തരപംക്തി.
5. ചര്‍ച്ചകള്‍ക്കായി തെരഞ്ഞെടുക്കുന്ന വിഷയങ്ങളുടെ കാലിക പ്രസക്തിയും പ്രയോജനാത്മകതയും ചര്‍ച്ചകളില്‍ കാണിക്കുന്ന മാന്യതയും
6. ഖുര്‍ആന്‍, ഹദീസ് പഠനങ്ങള്‍ ഒരു പാഠാവലിയായി വായനക്കാര്‍ക്ക് നല്‍കുക വഴി ചെയ്യുന്ന ദഅ്‌വാ പ്രവര്‍ത്തനങ്ങള്‍.
എന്റെ ലൈബ്രറിയില്‍ രണ്ട് വലിയ വാള്യങ്ങളായി പ്രബോധനം ബൈന്‍ഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്. രണ്ട് പ്രസിദ്ധീകരണങ്ങള്‍ മാത്രമേ ഞാന്‍ ബൈന്‍ഡ് ചെയ്ത് സൂക്ഷിച്ചിട്ടുള്ളൂ. ഒന്ന് മുസ്‌ലിം വേള്‍ഡ് ലീഗ് ജേര്‍ണലാണ്. മറ്റേത് പ്രബോധനവും. ഏതോ കാലത്ത് വെറുതെ ബൈന്‍ഡ് ചെയ്ത് സൂക്ഷിച്ചതല്ല, ഇടക്കിടെ അത് റഫര്‍ ചെയ്യാറുമുണ്ട്. അടുത്ത കാലത്തും റഫര്‍ ചെയ്തിട്ടുണ്ട്. പല സെമിനാറുകളിലും പ്രസംഗിക്കേണ്ടിവരുമ്പോള്‍ പ്രബോധനം റഫര്‍ ചെയ്യാറുണ്ട്. ഇസ്‌ലാമിനെ പ്രത്യയശാസ്ത്രമായി അവതരിപ്പിക്കാനും സാമ്രാജ്യത്വം, അധിനിവേശം, മുസ്‌ലിം ലോകചലനങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ പഠിക്കുന്നതിനും പ്രബോധനം ഒരു റഫറന്‍സായി ഉപയോഗപ്പെട്ടിട്ടുണ്ട്.
മറ്റൊരു സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന ആള്‍ക്കു പോലും വാങ്ങി വായിക്കാനും സൂക്ഷിക്കാനും പറ്റുന്ന ഒരു പ്രസിദ്ധീകരണമായി നിലനില്‍ക്കുന്നുവെന്നതാണ് പ്രബോധനത്തിന്റെ പ്രത്യേകത. നമ്മളുമായി അഭിപ്രായ വ്യത്യാസമുള്ള, നമ്മുടേതല്ലാത്ത ഒരു സംഘടനയുടെ പത്രം വാങ്ങി വായിക്കുമ്പോള്‍ പല പ്രയാസങ്ങളും ഉണ്ടാകാറുണ്ട്. അങ്ങനെയൊരു പ്രയാസം പ്രബോധനത്തില്‍നിന്ന് അനുഭവിക്കേണ്ടിവന്നിട്ടില്ല. വിയോജിപ്പുകള്‍ ഉണ്ടായിട്ടുണ്ട്; പലര്‍ക്കും. ടി.പി കുട്ട്യാമു സാഹിബ് ചന്ദ്രികയുടെ പത്രാധിപരായിരുന്ന സമയത്ത് ഒരു സംവാദം തന്നെ ഉണ്ടായിരുന്നു, പ്രബോധനവും ചന്ദ്രികയുമായി. കുട്ട്യാമു സാഹിബും ഒ. അബ്ദുര്‍റഹ്മാന്‍ സാഹിബും തമ്മില്‍, മാന്യത നിലനിര്‍ത്തിക്കൊണ്ട്, പക്വതയോടെയുള്ള സംവാദമായിരുന്നു അത്.
നമ്മുടെ നാട്ടില്‍ ധാരാളം പ്രസിദ്ധീകരണങ്ങള്‍ ഉണ്ട്. അവയൊക്കെ അവയുടേതായ ദൗത്യം നിര്‍വഹിക്കുന്നുമുണ്ട്. പക്ഷേ, പ്രബോധനം വാരികക്ക് അതിന്റേതായ ഇടം മലയാള വായനക്കാര്‍ക്കിടയിലുണ്ട്. ഇസ്‌ലാമിനെ ഒരു ജീവിത വ്യവസ്ഥയായി അവതരിപ്പിക്കുന്നതില്‍ പ്രബോധനം നിര്‍വഹിച്ച ധിഷണാപരമായ പങ്ക് വലുതാണ്. അതിന് തുല്യതയുണ്ടോ എന്ന് ചോദിച്ചാല്‍, ഇന്ന് ഉണ്ടാകാം. പക്ഷേ, ഇസ്‌ലാമിക പ്രത്യയശാസ്ത്രത്തെ വളരെ മനോഹരമായി ലോകത്തിന് മുമ്പില്‍ പ്രബോധനം അവതരിപ്പിച്ചു. ലോകത്തിന്റെ ഏതൊരു കോണില്‍ ഒരു ഇസ്‌ലാമിക ചലനം ഉണ്ടാവുകയാണെങ്കിലും, ഇസ്‌ലാമിക് മൂവ്‌മെന്റ് പീഡിപ്പിക്കപ്പെടുകയാണെങ്കിലും അടിച്ചമര്‍ത്തപ്പെടുകയാണെങ്കിലും അത് ലോകത്തെ അറിയിക്കുന്നതില്‍ വലിയ പങ്ക് പ്രബോധനം വഹിച്ചിട്ടുണ്ട്. അധിനിവേശ ശക്തികളുടെ അപകടങ്ങളും സാമ്രാജ്യത്വത്തിന്റെ കൊടുംക്രൂരതകളും മനസ്സിലാക്കാന്‍, ശരിക്കു പറഞ്ഞാല്‍ ഒരു ഹാന്‍ഡ് ബുക്ക് എന്ന നിലയില്‍ പ്രബോധനം ഉപയോഗപ്പെട്ടിട്ടുണ്ട്.
ഇന്ന് നിരവധി പ്രസിദ്ധീകരണങ്ങള്‍ മുസ്‌ലിംകളുടേതായി ഇറങ്ങുന്നുണ്ട്. ഒരു പത്രത്തിലെ ഒരു പേജ് എത്ര വിലപ്പെട്ടതാണ്. പക്ഷേ, എത്ര മോശമായിട്ടാണ് അവയിലൂടെ പരസ്പരം ശകാരിക്കുന്നത്. വളരെയേറെ വേദനിപ്പിച്ച വിഷയമാണിത്. ഇതെല്ലാം പലരും വാങ്ങി വായിക്കുന്നുമുണ്ട്. പുറത്ത് വാങ്ങാന്‍ കിട്ടുന്നവയാണല്ലോ എല്ലാ പ്രസിദ്ധീകരണങ്ങളും. അങ്ങനെ വായിക്കുമ്പോള്‍, ഇസ്‌ലാമിനെക്കുറിച്ച് തെറ്റായ ചിന്താഗതി വെച്ചുപുലര്‍ത്തുന്ന ആളുകള്‍ക്ക് ആ തെറ്റുധാരണ കൂട്ടാന്‍ എന്തിനാണ് മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ എന്ന് പലപ്പോഴും വേദനയോടു കൂടി ചിന്തിച്ചിട്ടുണ്ട്. ഖേദകരമായ സംഗതിയാണിത്.
അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം. പക്ഷേ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരിക്കെത്തന്നെ ഇസ്‌ലാമിക തത്ത്വത്തിന്റെ പേരില്‍ യോജിച്ചു നില്‍ക്കേണ്ട ആളുകള്‍ പരസ്പരം വിമര്‍ശിക്കുകയും അതിരൂക്ഷമായി ചീത്ത പറയുകയും വളരെ മോശമായ ഭാഷ ഉപയോഗിക്കുന്ന പ്രവണത വളര്‍ന്നുവരികയും ചെയ്യുന്നതിനെതിരെ നല്ല മനസ്സുള്ള എല്ലാവരും ചിന്തിക്കണം. പരസ്പരം ചെളിവാരി എറിയേണ്ട സമുദായമല്ല ഇത്. ഞാന്‍ സന്തോഷപൂര്‍വം ഓര്‍ക്കുന്നു; അത്തരമൊരു ദുര്‍വ്യയം, അപകടകരമായ ഒരു സമീപനം, പ്രബോധനം വാരിക ചെയ്തിട്ടില്ല എന്ന് എനിക്ക് വിശ്വാസമുണ്ട്. ഒരു പ്രസിദ്ധീകരണം വായിച്ചുകഴിഞ്ഞാല്‍ മനസ്സില്‍ ഒരുപാട് വിഷലിപ്തമായ ചിന്താഗതികള്‍, വെറുപ്പ്, വിദ്വേഷം വിതക്കാന്‍ എന്തിനാണ് നമുക്ക് പ്രസിദ്ധീകരണങ്ങള്‍?

Comments

Other Post