Prabodhanm Weekly

Pages

Search

2009 അറുപതാം വാര്‍ഷികപ്പതിപ്പ്‌

മുന്നില്‍ നടന്ന വാരിക

ഒ. അബ്ദുര്‍റഹ്മാന്‍

1964 മെയില്‍ ചേന്ദമംഗല്ലൂര്‍ ഇസ്‌ലാമിയാ കോളേജിലെ (പില്‍ക്കാലത്ത് ഇസ്‌ലാഹിയ കോളേജ്) പഠനം പൂര്‍ത്തിയാക്കി ശാന്തപുരം ഇസ്‌ലാമിയാ കോളേജിലെ ദ്വിതീയ ബാച്ചിനോടൊപ്പം അവസാന പരീക്ഷ എഴുതി ഇനിയെന്ത് എന്നാലോചിച്ചു നടക്കുന്ന സമയം. കുട്ടൂകാരൊക്കെയും അധ്യാപകരായി പലേടത്തും കയറിപ്പറ്റി. കുട്ടികളെ പഠിപ്പിക്കുന്ന പണി നേരാംവണ്ണം എനിക്ക് വഴങ്ങുന്നതല്ലെന്ന് വിദ്യാര്‍ഥിയായിരിക്കെ മദ്‌റസയില്‍ പാര്‍ട്‌ടൈം അധ്യാപകനായിരുന്നപ്പോഴേ ബോധ്യം വന്നിരുന്നതാണ്. താല്‍പര്യം പത്രപ്രവര്‍ത്തനത്തിലായിരുന്നു. പക്ഷേ കിട്ടുന്ന പത്രങ്ങളും ആനുകാലികങ്ങളുമൊക്കെ അരിച്ചുപെറുക്കി വായിച്ചിരുന്നതുകൊണ്ട് മാത്രം പത്രപ്രവര്‍ത്തകനാവാന്‍ പറ്റില്ലല്ലോ. പതിമൂന്നാം വയസ്സില്‍ 'ഹമാരി കിതാബി'ല്‍നിന്ന് മൊഴിമാറ്റം ചെയ്ത കഥ ചന്ദ്രിക ആഴ്ചപ്പതിപ്പിലെ ബാലപംക്തിയിലേക്ക് അയച്ചുകൊടുത്തിരുന്നു; അച്ചടിച്ചുവന്ന അക്കഥ മാത്രമാണ് ഒരേയൊരു കൃതി. വിദ്യാര്‍ഥി ജീവിതകാലത്തുടനീളം കൈയെഴുത്തു മാസികകള്‍ നടത്തിവന്നതും വേണമെങ്കില്‍ പ്രവൃത്തി പരിചയത്തില്‍ പെടുത്താം. എന്നാലും ജേര്‍ണലിസ്റ്റായി ഒരു കൈനോക്കാന്‍ ഇതൊന്നും പോരാ. പഠിക്കാമെന്ന് വെച്ചാല്‍ അക്കാലത്ത് ഇന്നത്തേത് പോലുള്ള ജേര്‍ണലിസം ഇന്‍സ്റ്റിറ്റിയൂട്ടുകളുമില്ല. പൂര്‍ത്തിയാക്കിയ കോളേജ് വിദ്യാഭ്യാസത്തിന് ഒരംഗീകൃത ബിരുദമില്ലെന്നതാണ് മറ്റൊരു കടമ്പ. ഒരവസരം ആരെങ്കിലും തന്നാല്‍ പയറ്റി നോക്കാമെന്ന ആത്മവിശ്വാസം മാത്രമാണ് ആകപ്പാടെയുള്ള കൈമുതല്‍.
അങ്ങനെയിരിക്കെ ഒരു ദിവസം പിതൃതുല്യനായ കെ.സി അബ്ദുല്ല മൗലവി വിളിച്ചുപറഞ്ഞു: 'നീ നാളെ എന്റെ കൂടെ പ്രബോധനത്തിലേക്ക് പോര്. ശമ്പളത്തിന് ജോലി ചെയ്യാനല്ല, പഠിക്കാന്‍.' നിധി കിട്ടിയ സന്തോഷത്തോടെ പിറ്റേന്ന് കെ.സിയോടൊപ്പം മണാശ്ശേരി ബസ് സ്റ്റോപ്പ് വരെ രണ്ടു നാഴിക നടക്കുമ്പോള്‍ ഉത്കണ്ഠയും ആശങ്കയും മനസ്സിനെ മഥിക്കാതെയില്ല. കെ.സി അബ്ദുല്ല മൗലവി, ടി. മുഹമ്മദ് സാഹിബ്, ടി.കെ അബ്ദുല്ല സാഹിബ്, അബുല്‍ ജലാല്‍ മൗലവി തുടങ്ങിയ പ്രാസ്ഥാനിക പണ്ഡിതന്മാരും നായകരുമായിരുന്നു അക്കാലത്ത് പ്രബോധനത്തിലെ പതിവുകാര്‍. ഇടക്ക് 'പ്രോത്സാഹനാര്‍ഥം' എന്ന മുന്‍കൂര്‍ ജാമ്യത്തോടെ ശാന്തപുരം വിദ്യാര്‍ഥികളായിരുന്ന ഒ. അബ്ദുല്ല, കെ. അബ്ദുല്‍ ജബ്ബാര്‍ ഇരിക്കൂര്‍, ടി.കെ ഇബ്‌റാഹീം, എന്‍.എ ശുക്കൂര്‍ എന്നിവരുടെ രചനകളും വെളിച്ചം കണ്ടിരുന്നു. ആ പട്ടികയില്‍ പോലും സ്ഥലം പിടിക്കാതിരുന്ന ഒരുവന്‍ എങ്ങനെ പ്രാസ്ഥാനിക ജിഹ്വയുടെ പത്രാധിപ സമിതിയില്‍ അംഗമാവും? വെള്ളിമാടുകുന്നില്‍ ബസ്സിറങ്ങി കെ.സിക്ക് പിന്നില്‍ നടന്നു ജമാഅത്ത് ഹല്‍ഖാ കേന്ദ്രം കം പ്രബോധനം ആപ്പീസില്‍ വന്നുകയറി. എഡിറ്റോറിയല്‍ റൂമില്‍ കടക്കുമ്പോള്‍ ടി.എം എഴുത്തില്‍ ബദ്ധശ്രദ്ധനാണ്. സലാം മടക്കിയതല്ലാതെ അദ്ദേഹം തല ഉയര്‍ത്തിയില്ല. ടി.കെ അബ്ദുല്ല സാഹിബ് പക്ഷേ സുസ്‌മേരവദനനായി കുശലങ്ങളന്വേഷിച്ചു. ഇരിപ്പിടം കാട്ടിത്തന്നു. മുറിയുടെ മറ്റൊരു ഭാഗത്ത് ചെറിയൊരു അലമാരിയും മേശയും കസേരയും ശ്രദ്ധയില്‍ പെട്ടു. അലമാരി നിറയെ ഇംഗ്ലീഷ് പുസ്തകങ്ങള്‍; മേശമേല്‍ ഇംഗ്ലീഷ് ആനുകാലികങ്ങളും. വി.പി അബ്ദുല്ല സാഹിബ് എഡിറ്ററായ ദ മെസ്സേജിന്റെ ഓഫീസാണ് അതെന്ന് പിന്നീട് മനസ്സിലായി. 1964 ജൂണ്‍ 5-ന് എന്റെ പത്രപ്രവര്‍ത്തക ജീവിതം ആരംഭിക്കുന്നത് ഈ മുറിയില്‍നിന്നാണ്. ആനുകാലിക സംഭവങ്ങളെ ഇതിവൃത്തമാക്കി ടി.കെ എഴുതുന്ന കുറിപ്പുകളും അല്‍പം പ്രാസ്ഥാനിക ചലനങ്ങളും ഒഴിച്ചുനിര്‍ത്തിയാല്‍ ഗഹന ലേഖനങ്ങളും ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ് പംക്തികളും മാത്രം മുഖ്യ ഉള്ളടക്കമായിരുന്ന പ്രബോധനം പാക്ഷികത്തില്‍ എനിക്ക് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. പണി മിക്കവാറും ഉര്‍ദുവില്‍നിന്നുള്ള വിവര്‍ത്തനങ്ങളില്‍ ഒതുങ്ങി. അന്ന് ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി അമീറായിരുന്ന മൗലാനാ അബുല്ലൈസ് നദ്‌വിയുമായി ദഅ്‌വത്ത് ത്രൈദിനം നടത്തിയ മുഖാമുഖങ്ങളോ അദ്ദേഹത്തിന്റെ പ്രസംഗങ്ങളോ കേന്ദ്ര മജ്‌ലിസ് ശൂറാ പ്രമേയങ്ങളോ ആയിരുന്നു മിക്കവാറും മൊഴിമാറ്റം നടത്തേണ്ടിയിരുന്നത്. വീണ്ടും വീണ്ടും തിരുത്തി എഴുതിക്കുന്ന ടി.കെ ഒട്ടൊക്കെ പേടിസ്വപ്നമായിരുന്നെങ്കിലും ആ പരിശീലനം പില്‍ക്കാല മാധ്യമ ജീവിതത്തിന് നല്‍കിയ സംഭാവന ചെറുതല്ല. ആഗസ്റ്റ് 15 ആഗതമായപ്പോള്‍ എഴുതിയ സ്വാതന്ത്ര്യദിന ചിന്തകളായിരുന്നു പ്രഥമ സ്വതന്ത്ര രചന. അതിനിടെ ക്രൈസിസ് മാനേജ്‌മെന്റ് ശേഷി പരീക്ഷിക്കപ്പെട്ട ഒരു സംഭവവും ഉണ്ടായി. സമുന്നത മുഹാജിദ് പണ്ഡിതനും ഇസ്‌ലാഹി പ്രസ്ഥാന നായകനുമായിരുന്ന കെ.എം മൗലവി അത്യാസന്നനിലയില്‍ കാലിക്കറ്റ് നഴ്‌സിംഗ് ഹോമില്‍ കിടക്കെ, ആ ലക്കം പ്രബോധനത്തിന്റെ പൂര്‍ത്തീകരണജോലി എന്നെ ഏല്‍പിച്ചു. ടി.കെ നാട്ടിലേക്ക് പോയി. ടി. മുഹമ്മദ് സാഹിബും സ്ഥലത്തില്ല. പ്രബോധനം നേരത്തെ പ്രസ്സില്‍ കൊടുത്താല്‍ മിക്കവാറും ഉറപ്പായ കെ.എം മൗലവിയുടെ നിര്യാണ വാര്‍ത്തയും അനുസ്മരണവും പത്രത്തില്‍ കയറാതെ പോവും. പിന്നെ രണ്ടാഴ്ച കഴിഞ്ഞേ ചേര്‍ക്കാന്‍ പറ്റൂ. രണ്ടിലൊന്ന് അറിഞ്ഞിട്ടുമതി പത്രമിറക്കാന്‍ എന്ന് തീരുമാനിച്ചാല്‍ നിശ്ചിത സമയത്ത് വിതരണം സാധ്യമല്ലാതെയും വരും. രണ്ടും കല്‍പിച്ച് ചെയ്തത്, അനുസ്മരണക്കുറിപ്പ് നേരത്തെ തയാറാക്കി കമ്പോസ് ചെയ്തുവെക്കുകയായിരുന്നു. ഒടുവില്‍ കെ.എം മൗലവിയുടെ ചരമവാര്‍ത്ത വന്നു. നിമിഷം പാഴാക്കാതെ കുറിപ്പ് രണ്ടാം കവര്‍ പേജില്‍ കയറ്റി പ്രസ്സിലേക്ക് വിടുകയും ചെയ്തു.
പാകിസ്താനില്‍നിന്നുള്ള നവായെ വഖ്ത്, ഏഷ്യ, ആഈന്‍, ഉര്‍ദു ഡൈജസ്റ്റ്, ചിറാഗെ റാഹ്, മീസാഖ്, ഫാറാന്‍ തുടങ്ങിയ പത്രമാസികകളും ദ മെസ്സേജിന് വന്നുകൊണ്ടിരുന്ന വൈവിധ്യമാര്‍ന്ന ഇംഗ്ലീഷ് ആനുകാലികങ്ങളുമായുള്ള നിരന്തര സമ്പര്‍ക്കവുമാണ് നേരു പറഞ്ഞാല്‍ പത്രപ്രവര്‍ത്തന ജോലിയുടെ ദിശനിര്‍ണയിച്ചത്. ഇംഗ്ലീഷില്‍നിന്നുള്ള മൊഴിമാറ്റത്തിന് മറ്റാരും ഇല്ലാതിരുന്നത് ആ ഭാഷ വഴക്കിയെടുക്കാന്‍ നിര്‍ബന്ധിച്ചു. 1964-ലെ അഖിലേന്ത്യാ മുസ്‌ലിം മജ്‌ലിസെ മുശാവറ രൂപവത്കരണ വാര്‍ത്ത സുവിശദമായി റേഡിയന്‍സില്‍നിന്ന് എടുത്തു ചേര്‍ത്തതായിരുന്നു ആദ്യ പരീക്ഷണം. പിന്നീട് മുസ്‌ലിം ന്യൂസ് (കറാച്ചി), മുസ്‌ലിം ഡൈജസ്റ്റ് (ദര്‍ബന്‍) ഇസ്‌ലാമിക് വോയ്‌സ് (കറാച്ചി) തുടങ്ങിയ ആനുകാലികങ്ങളും സ്രോതസ്സുകളായി. പക്ഷേ, താത്ത്വിക സ്വഭാവമുണ്ടായിരുന്ന പ്രബോധനം പാക്ഷികത്തിന്റെ പരിമിതികള്‍ വളര്‍ച്ചക്കും വികാസത്തിനും തടസ്സമായി. പ്രസ്ഥാനത്തിന്റെ പുതിയ തലമുറയാകട്ടെ ദിനപത്രത്തിന് സമയമായില്ലെങ്കില്‍ ഒരു വാരികയെങ്കിലും വേണമെന്ന് തിടുക്കം കൂട്ടുകയും ചെയ്തു. യോഗ്യരായ പത്രപ്രവര്‍ത്തകരുടെ അഭാവവും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ചൂണ്ടിക്കാട്ടി ഹല്‍ഖ ശൂറാ നേരത്തെ നിരാകരിച്ചതായിരുന്നു ഈ ആവശ്യം. എങ്കിലും രണ്ടും കല്‍പിച്ച് ഒരിക്കല്‍കൂടി ടി.കെയുടെ ശ്രദ്ധ വിഷയത്തിലേക്ക് ക്ഷണിച്ചു. അദ്ദേഹം അതിനു മാനസികമായി സന്നദ്ധനായിരുന്നില്ലെങ്കിലും ആവശ്യം ശൂറായുടെ മുമ്പാകെ വെച്ചു. ചര്‍ച്ചകള്‍ക്ക് ശേഷം നിര്‍ദേശം തള്ളിയതായാണ് ഉത്കണ്ഠയോടെയുള്ള കാത്തിരിപ്പിനൊടുവില്‍ ലഭിച്ച പ്രതികരണം. അക്കാലത്ത് ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയാ കോളേജില്‍ അധ്യാപകനായിരുന്ന പി.കെ അബൂബക്കര്‍ നദ്‌വി (പള്ളിക്കര) ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ ലേഖനങ്ങള്‍ എഴുതാറുണ്ടായിരുന്നു. ജ്യേഷ്ഠന്‍ ഒ. അബ്ദുല്ല വടക്കാങ്ങര ഹിദായത്തുസ്സ്വിബ്‌യാന്‍ മദ്‌റസയില്‍ അധ്യാപകനുമായിരുന്നു. രണ്ട് പേരെയും കിട്ടിയാല്‍ വാരിക തുടങ്ങുക ദുഷ്‌കരമല്ലെന്ന് എനിക്ക് തോന്നി. അന്ന് ഐ.പി.എച്ച് ഗ്രന്ഥരചനാ വിഭാഗത്തില്‍ ഹല്‍ഖ കേന്ദ്രത്തിലായിരുന്ന അബുല്‍ ജലാല്‍ മൗലവിയുമായി അഭിപ്രായം പങ്കുവെച്ചപ്പോള്‍ അനുകൂലമായാണ് അദ്ദേഹം പ്രതികരിച്ചത്. എഡിറ്ററായിരിക്കാന്‍ ടി.കെ സന്നദ്ധനല്ലെങ്കില്‍ താന്‍ തയാറാണെന്നും അദ്ദേഹം അറിയിച്ചതോടെ വീണ്ടും ഒരു കൈനോക്കാനുള്ള ധൈര്യമായി. പുരോഗമനപരമായ ഏതു നിര്‍ദേശത്തെയും വരുംവരായ്കകളെക്കുറിച്ച് ഏറെ ആലോചിക്കാതെ പിന്തുണക്കുന്ന കെ.സി അബ്ദുല്ല മൗലവിയുടെ പ്രകൃതത്തിയിലായിരുന്നു പ്രതീക്ഷ മുഴുവന്‍. അങ്ങനെ ഒരിക്കല്‍ കൂടി പ്രബോധനം വാരിക ശൂറായുടെ അജണ്ടയില്‍ സ്ഥലം പിടിച്ചു. ഇത്തവണ പുറത്തുവന്നത് വെളുത്ത പുകയാണ്. വീക്ഷണ പ്രധാനമായ വാരികയായും ഗഹന ലേഖനങ്ങള്‍ ഉള്ളടക്കമായി മാസികയായും ഒരേസമയം പ്രബോധനം പുറത്തിറക്കാമെന്ന ശൂറാ തീരുമാനം അതിരറ്റ ആഹ്ലാദത്തോടെയാണ് എതിരേറ്റത്. ഇനിയൊരു പുനരാലോചന തടസ്സമാവാതിരിക്കാന്‍ ടി.എമ്മും ടി.കെയും നാട്ടില്‍ പോയ തക്കംനോക്കി പാക്ഷികത്തിന്റെ കവര്‍ചട്ടയില്‍ പ്രബോധനം മാസികയും വാരികയുമായി ഇറങ്ങുന്ന വിവരം ധൈര്യപൂര്‍വം അടിച്ചുവിട്ടു. പത്രാധിപന്മാര്‍ തിരിച്ചുവന്നപ്പോള്‍ സ്വാഭാവികമായും ഞാന്‍ പ്രതിക്കൂട്ടില്‍. ആരു പറഞ്ഞിട്ടാണ് പരസ്യം ചെയ്തതെന്ന ചോദ്യത്തിന്, ശൂറാ തീരുമാനമല്ലേ എന്ന നിര്‍ദോഷമായ മറുപടി. അബൂബക്കര്‍ നദ്‌വിയും ഒ. അബ്ദുല്ലയും പ്രബോധനത്തില്‍ വന്നു. എട്ട് പേജ് ടാബ്ലോയ്ഡാണ് പ്ലാനിട്ടത്. അത് വിജയിച്ചാല്‍ പേജ് പന്ത്രണ്ടായി വര്‍ധിപ്പിക്കാമെന്നും ധാരണയായി. മാറ്റര്‍ ക്ഷാമവും വിലയും പ്രശ്‌നമായതാണ് എട്ടില്‍നിന്ന് തുടങ്ങാന്‍ കാരണം. ആവേശഭരിതരായ പ്രസ്ഥാന പ്രവര്‍ത്തകര്‍ നാടാകെ പോസ്റ്റര്‍ പതിച്ചു; നോട്ടീസ് വിതരണം നടത്തി. അങ്ങനെ ഔപചാരിക ചടങ്ങുകളൊന്നുമില്ലാതെ 1964 ഡിസംബര്‍ മൂന്നിന് പ്രബോധനം വാരികയുടെ പ്രഥമ ലക്കം പുറത്തിറങ്ങി. ഒന്നാം പേജില്‍ ആനുകാലിക സംഭവങ്ങളെക്കുറിച്ച അവലോകനവും അവസാനപുറത്ത് മുസ്‌ലിം ലോകവാര്‍ത്തകളുമായിരുന്നു എന്റെ മുഖ്യ ചുമതല. മുഖപ്രസംഗങ്ങള്‍ ടി.കെ ഇല്ലാതിരുന്നപ്പോള്‍ അബ്ദുല്ല രണ്ടാമന്‍ എഴുതി. എരിവും പുളിയുമായിരുന്നു അതിന്റെ പ്രത്യേകത. ലേഖനങ്ങള്‍ക്ക് മിക്കപ്പോഴും ഉര്‍ദു, ഇംഗ്ലീഷ് ആനുകാലികങ്ങളെ ആശ്രയിക്കേണ്ടിവന്നു. 7500 കോപ്പിയില്‍നിന്നുള്ള തുടക്കം വഴിത്തിരിവായത് 1965 സെപ്റ്റംബറിലെ ഇന്ത്യാ-പാക് യുദ്ധത്തോടെയാണ്. കശ്മീര്‍ പ്രശ്‌നത്തെക്കുറിച്ച ഭിന്ന വീക്ഷണങ്ങള്‍ ധീരമായി പ്രസിദ്ധീകരിച്ചത് സര്‍ക്കുലേഷനെ കുത്തനെ ഉയര്‍ത്തി. മുന്‍ കശ്മീര്‍ മുഖ്യമന്ത്രി ശൈഖ് മുഹമ്മദ് അബ്ദുല്ല, ജയപ്രകാശ് നാരായണന്‍ തുടങ്ങിയവരുടെ കാഴ്ചപ്പാടുകള്‍ വായനക്കാര്‍ക്ക് ചിത്രത്തിന്റെ മറുവശം മനസ്സിലാക്കാന്‍ അവസരമൊരുക്കി. യുദ്ധം പെട്ടെന്ന് അവസാനിച്ചുവെങ്കിലും കോപ്പി 12000-ത്തില്‍നിന്ന് താഴ്ന്നില്ല. 1967 ജൂണിലെ അറബ്-ഇസ്രയേല്‍ യുദ്ധം ഗ്രാഫ് വീണ്ടും ഉയര്‍ത്തി. ആത്മവിശ്വാസം കൂടിയപ്പോള്‍ പേജ് പന്ത്രണ്ടായി വര്‍ധിപ്പിച്ചേ തീരൂ എന്നായി. അക്കാര്യത്തിലും ടി.കെയുടെ അഭിപ്രായം അനുകൂലമായിരുന്നില്ലെങ്കിലും ഒടുവില്‍ ശൂറാ പച്ചക്കൊടി കാട്ടി. കളി കാര്യമായപ്പോഴാണ് ഓര്‍ത്തത്, മതിയായ സ്റ്റാഫില്ലാതെ പന്ത്രണ്ട് പേജുകള്‍ നിറക്കുന്നതെങ്ങനെ? എഡിറ്റോറിയല്‍ സ്റ്റാഫിലേക്ക് സി.ടി അബ്ദുര്‍റഹീം കൂടി റിക്രൂട്ട് ചെയ്യപ്പെട്ടു. 1969-ല്‍ ഒരുപാട് മുന്‍കൂര്‍ ജാമ്യവുമായി 'മുജീബ്' ചോദ്യോത്തര പംക്തി ആരംഭിച്ചതോടെ വായനക്കാരുടെ താല്‍പര്യവും എണ്ണവും വര്‍ധിച്ചു. വൈവിധ്യവത്കരണത്തിനായി സംഭവകഥകളും പ്രസിദ്ധീകരിച്ചുതുടങ്ങി. എങ്കിലും മറ്റു പ്രസിദ്ധീകരണങ്ങളില്‍ ലഭിക്കാതിരുന്ന ഉത്തരേന്ത്യന്‍ വിശേഷങ്ങളും മുസ്‌ലിം ലോകവാര്‍ത്തകളുമാണ് പ്രബോധനത്തിന് സവിശേഷ വ്യക്തിത്വം നേടിക്കൊടുത്തത്. സി.എച്ച് മുഹമ്മദ് കോയ സാഹിബ് ചന്ദ്രികയിലെ തന്റെ 'വാര്‍ത്തയും വീക്ഷണവും-എം.കെ അത്തോളി' എന്ന പ്രതിവാര കോളത്തില്‍ പതിവായി പ്രബോധനത്തെ ഉദ്ധരിച്ചത് വലിയ പ്രോത്സാഹനമായി. മറ്റു ആനുകാലികങ്ങള്‍ക്കും പ്രബോധനം അവലംബമായി. ഒപ്പം കടുത്ത വിമര്‍ശനങ്ങളും കുറവായിരുന്നില്ല. മത, രാഷ്ട്രീയ, യുക്തിവാദി വൃത്തങ്ങളില്‍നിന്നുള്ള വിമര്‍ശനങ്ങളോട് പലപ്പോഴും തുല്യനാണയത്തിലാണ് തിരിച്ചടിച്ചത്. വാക്പയറ്റിന് സ്ഥിരം വേദിയൊരുക്കിയത് ചോദ്യോത്തര പംക്തിയായിരുന്നു. 1971-ല്‍ ചേകനൂര്‍ മുഹമ്മദ് അബുല്‍ ഹസന്‍ മൗലവിയും എന്‍.പി മുഹമ്മദ്, മങ്കട അബ്ദുല്‍ അസീസ് മൗലവി മുതല്‍ പേരും ചേര്‍ന്ന് ഇസ്‌ലാം ആന്റ് മോഡേണ്‍ ഏജ് സൊസൈറ്റിക്ക് രൂപം നല്‍കിയപ്പോള്‍ ബൗദ്ധികതലത്തില്‍ മോഡേണിസത്തിനെതിരെ നടത്തിയ പ്രത്യാക്രമണം പ്രബോധനത്തിന് നേടിക്കൊടുത്ത മൈലേജ് ചെറുതല്ല. വിവരവും പക്വതയും വീക്ഷണവും നന്നായി അനുഗ്രഹിച്ച വി.എ കബീര്‍ പത്രാധിപസമിതിയിലേക്ക് കടന്നുവന്നത് നിലവാരമുയര്‍ത്താന്‍ നിമിത്തമായി. 1972 ഒക്‌ടോബറില്‍ ജ്യേഷ്ഠനും ഞാനും തുടര്‍ പഠനത്തിന് ഖത്തറിലേക്ക് ചേക്കേറിയപ്പോള്‍ ഭാരം കബീറിന്റെ തലയിലാണ് കെട്ടിയേല്‍പിച്ചതും. 1987 ജൂണ്‍ വരെയും തന്റെ ചുമതല ഭംഗിയായിത്തന്നെ കബീര്‍ നിറവേറ്റി. അതിനിടെ 1977 ജൂലൈ 4-ന് അടിയന്തരാവസ്ഥയെത്തുടര്‍ന്ന് ജമാഅത്തെ ഇസ്‌ലാമി നിരോധിക്കപ്പെട്ടപ്പോള്‍ പ്രബോധനവും പ്രവര്‍ത്തനരഹിതമായി. നേരത്തേ കെ.എം അബ്ദുല്‍ അഹദ് തങ്ങള്‍ വാങ്ങിവെച്ച ബോധനം ഡിക്ലറേഷനാണ് വിടവ് ഭാഗികമായെങ്കിലും നികത്താന്‍ പ്രയോജനപ്പെട്ടത്. രണ്ടു വര്‍ഷത്തെ ഇടവേളക്കു ശേഷം പ്രബോധനം പുനര്‍ജനിച്ചപ്പോഴും സ്ഥിരം വരിക്കാരോ വായനക്കാരോ നഷ്ടപ്പെട്ടിരുന്നില്ല. 1980 ഒടുവില്‍ പ്രവാസജീവിതത്തിന് വിരാമമിട്ട് ഞാന്‍ നാട്ടില്‍ തിരിച്ചെത്തിയതു മുതല്‍ സ്ഥിരം പംക്തി ഏറ്റെടുക്കുകയും ചെയ്തു. 1987 ജൂണ്‍ ഒന്നിന് മലയാള മാധ്യമലോകത്ത് വിസ്മയവും വെല്ലുവിളിയുമായി മാധ്യമം ദിനപത്രം വെള്ളിമാടുകുന്നില്‍തന്നെ പിറന്നവീണപ്പോള്‍ അതിന് പ്രചോദനവും പശ്ചാത്തല ശക്തിയുമായി വര്‍ത്തിച്ചത് പ്രബോധനം ആയിരുന്നെന്ന് തീര്‍ത്തുപറയാം. പത്രത്തിന്റെ മുഖ്യ ശില്‍പികളത്രയും പ്രബോധനം കളരിയില്‍ പരിശീലനം നേടിയവരായിരുന്നതും അവിചാരിതമല്ല. മാധ്യമത്തിന്റെ വേരുകള്‍ തേടിപ്പോവുന്ന പ്രതിയോഗികള്‍ പത്രത്തിന്റെ സ്വാതന്ത്ര്യവും നിഷ്പക്ഷതയും ചോദ്യം ചെയ്യാന്‍ ഈ വസ്തുത ദുരുപയോഗപ്പെടുത്താറുണ്ടെങ്കിലും മൂല്യാധിഷ്ഠിത പത്രപ്രവര്‍ത്തനത്തിന്റെയും ആര്‍ജവത്തിന്റെയും കൃത്യമായ ദിശാബോധത്തിന്റെയും മുഖമുദ്ര മാധ്യമത്തിന് സമ്മാനിച്ചത് പ്രബോധനമാണെന്ന സത്യം അനിഷേധ്യമായി അവശേഷിക്കുന്നു.

Comments

Other Post