Prabodhanm Weekly

Pages

Search

2009 അറുപതാം വാര്‍ഷികപ്പതിപ്പ്‌

നവോത്ഥാന ചരിത്രത്തിന്റെ പൊളിച്ചെഴുത്ത്‌

ടി.കെ അലി അശ്‌റഫ്‌

ഒരഞ്ചു വര്‍ഷം മുമ്പ് കേരള മുസ്‌ലിം നവോത്ഥാനത്തെപ്പറ്റി ഒരു ചര്‍ച്ച നടക്കുന്നുവെങ്കില്‍, അതില്‍ ഉന്നയിക്കാന്‍ പാടില്ലാത്ത ഒരു ചോദ്യമുണ്ട്: കേരള മുസ്‌ലിം നവോത്ഥാനത്തില്‍ ജമാഅത്തെ ഇസ്‌ലാമി, മുജാഹിദ് വിഭാഗങ്ങളുടെ പങ്കെന്ത് എന്നതാണത്.
എന്നാല്‍ അത്തരത്തില്‍ രണ്ട് സൂചനകള്‍ കൂടി ഉന്നയിച്ചുകൊണ്ടാണ് പ്രബോധനം ഈ സെമിനാറിന്റെ ദിശ നിര്‍ണയിച്ചിട്ടുള്ളത്. ഒന്നാമത്തെ സൂചന, ജമാഅത്ത്, മുജാഹിദ് വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ നേട്ടകോട്ടങ്ങള്‍. രണ്ട്, കേരള മുസ്‌ലിംകളുടെ വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക പുരോഗതിയില്‍ ജമാഅത്തെ ഇസ്‌ലാമിയും മുജാഹിദ് സംഘടനകളും വഹിച്ച പങ്ക്.
നവോത്ഥാനം സംബന്ധിച്ച ചര്‍ച്ചകള്‍ ഇപ്പോള്‍ മുമ്പത്തേതുപോലെ അത്ര സുഖകരമായ ഒരേര്‍പ്പാടല്ല. നവോത്ഥാന ചരിത്രത്തില്‍നിന്ന് മാറ്റിനിര്‍ത്തപ്പെട്ട മുസ്‌ലിം ഭൂരിപക്ഷ വിഭാഗത്തിന് അക്കാര്യത്തില്‍ വിലപ്പെട്ട പങ്കാളിത്തമുണ്ടെന്ന് ഇതിനകം സമ്മതിക്കപ്പെട്ടിട്ടുണ്ട്. അതിലപ്പുറം നവോത്ഥാന ചരിത്രത്തിന്റെ അഗ്രിമ സ്ഥാനത്തുനിന്ന് സയ്യിദ് സനാഉല്ലാ മക്തി തങ്ങള്‍ നീക്കം ചെയ്യപ്പെടുകയും പകരം പതിനാറാം നൂറ്റാണ്ടിന്റെ പ്രാരംഭഘട്ടത്തില്‍ പൊന്നാനിയിലെ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍ നടത്തിയ ത്യാഗപരിശ്രമങ്ങള്‍ അടയാളപ്പെടുത്തപ്പെടുകയും ചെയ്തുകഴിഞ്ഞിരിക്കുകയാണ്.
നവോത്ഥാന ചരിത്രത്തില്‍ വന്ന ഈ അലകും പിടിയും മാറ്റങ്ങള്‍ ആരുടെയും വിജയപരാജയങ്ങളായി എഴുതപ്പെടേണ്ടതല്ല എന്നാണെന്റെ പക്ഷം. കാലം നമുക്ക് നല്‍കിയ സൗകര്യങ്ങളും സ്വാതന്ത്ര്യബോധവും വെച്ചുകൊണ്ട് ചരിത്രത്തില്‍ നടത്തിയ സത്യസന്ധമായ ഒരന്വേഷണത്തിലൂടെയാണ് നവോത്ഥാന ചരിത്രം തിരുത്തപ്പെട്ടത്.
രാജഭക്തരോ സാമ്രാജ്യപക്ഷപാതികളോ സമ്പന്ന വിഭാഗങ്ങളുടെ കാര്യവിചാരിപ്പുകാരോ ആധുനികതയുടെ കുത്തൊഴുക്കില്‍ പകച്ചുനിന്നുപോയവരോ നിസ്സാരമായ തര്‍ക്കങ്ങളിലൂടെ പുരുഷായുസ്സ് തുലച്ചുകളഞ്ഞവരോ ഒക്കെയായിരുന്നു ഒരുകാലത്ത് നവോത്ഥാന നായകന്മാരായി വാഴ്ത്തപ്പെട്ടവര്‍. സത്യത്തില്‍ അന്ധമായ ഒരനുകരണം നവോത്ഥാന ചരിത്രവായനയുടെ കാര്യത്തിലുണ്ടായി. മുമ്പെ ഗമിക്കും ഗോവര്‍ കഴുതകള്‍ക്ക് പിന്നാലെ വലിയ വലിയ അക്കാദമീഷ്യന്മാര്‍ പോലും പുനര്‍വിചിന്തനങ്ങളില്ലാതെ സഞ്ചരിച്ചു. നവോത്ഥാന ചരിത്രം ഒരു പകര്‍പ്പെഴുത്തുതന്നെയായി. ലജ്ജാകരമായിരുന്നു ഈ സ്ഥിതി. ഇത്ര ശുഷ്‌കിച്ചുപോയ ചിന്താപദ്ധതികളുമായിട്ടാണോ കേരളത്തിലെ മുസ്‌ലിം സമൂഹം ഒരുപാട് കാലം സഞ്ചരിച്ചത് എന്നാരെങ്കിലും ചോദിച്ചാല്‍ മറുപടി പറയാനില്ലാത്ത ദുഃസ്ഥിതി.
സ്വതന്ത്രനായിരിക്കാനുള്ള മനുഷ്യന്റെ അഭിവാഞ്ഛയും അതിനായുള്ള തീവ്രപരിശ്രമങ്ങളുമാണ് നവോത്ഥാനത്തിന്റെ ആകത്തുക. എങ്ങനെ ചിന്തിച്ചാലും ഇതിനപ്പുറം നവോത്ഥാനത്തിന് മറ്റൊരര്‍ഥമില്ല. തടിച്ച ഗ്രന്ഥങ്ങളില്‍നിന്നുള്ള കൂറ്റന്‍ ഉദ്ധരണികളോ ഇംഗ്ലീഷുകാരന്റെയോ ജര്‍മന്‍കാരന്റെയോ വാക്കുകളോ ഇല്ലാതെത്തന്നെ വിസ്തരിക്കാവുന്നതാണിത്. ലാഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുര്‍റസൂലുല്ലാഹ് എന്നതാണ് നവോത്ഥാനത്തിന്റെ അടിസ്ഥാന മുദ്രാവാക്യം. സൃഷ്ടികളുടെ അടിമത്തത്തില്‍നിന്ന് സ്രഷ്ടാവിന്റെ അടിമത്തത്തിലേക്ക് മാത്രമായിട്ടുള്ള തിരിച്ചുപോക്കാണത്. പ്രവാചകന്മാര്‍ സ്ഥാപിച്ച നവോത്ഥാനമാണത്. മനുഷ്യനെ മെരുക്കാനും ഒതുക്കാനും വന്ന ശക്തികള്‍ക്ക് മേല്‍ മനുഷ്യന്‍ വരിച്ച അത്യുജ്ജ്വല വിജയത്തിന്റെ ചരിത്രമാണ് ഇസ്‌ലാമിന്റെ ചരിത്രം. മനുഷ്യന്‍ മാത്രമല്ല, അവന്‍ ജീവിക്കുന്ന പ്രകൃതിയെ കൂടി ചൂഷകന്മാരുടെ കൈകളില്‍നിന്ന് മോചിപ്പിച്ചെടുത്തതാണ് ഇസ്‌ലാമിക നവോത്ഥാനത്തിന്റെ ചരിത്രം.
മനുഷ്യന് ഒരേയൊരു ഉടമസ്ഥന്‍ മാത്രം; അതവന്റെ സ്രഷ്ടാവാണ്. എന്നാല്‍ പ്രവാചകന്മാരാണോ മനുഷ്യന്റെ ഉടമസ്ഥന്മാര്‍? അതുമല്ല; അതുകൊണ്ടാണ് മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതനാണെന്ന് പറയുന്നത്. തലകുനിക്കാത്ത മനുഷ്യരുടെ വര്‍ത്തമാനങ്ങളാണ് ഇസ്‌ലാം മുന്നോട്ടുവെച്ചിട്ടുള്ളത് എന്നര്‍ഥം.
ഇതു വെച്ചുനോക്കിയാല്‍ ജീവിതപരിസരങ്ങളെ മാറുന്ന ലോകവുമായി ഇണങ്ങുംവിധം പരിവര്‍ത്തനവിധേയമാക്കാനുള്ള ത്വരയുമായി ഓടിനടന്നവരെ നവോത്ഥാന നായക സ്ഥാനത്തിരുത്താമോ? കാലത്തെ അതിവര്‍ത്തിക്കുകയാണ് നവോത്ഥാനത്തിന്റെ താല്‍പര്യം. ഒത്തുതീര്‍പ്പല്ല നവോത്ഥാനം. ഒത്തുതീര്‍പ്പും ക്ഷമാപണ മനഃസ്ഥിതിയുമാണ് സാമ്പ്രദായിക നവോത്ഥാന ചരിത്രത്തിന്റെ അന്തസ്സത്തയെന്ന് ആര്‍ക്കും ബോധ്യമാവും. മക്തി തങ്ങളുടെ ബ്രിട്ടനോടുള്ള നിലപാടെന്തായിരുന്നു? മലബാര്‍ കലക്ടറുടെ നിര്‍ദേശപ്രകാരം മലബാറിലെങ്ങും നടന്ന് ബ്രിട്ടീഷ് രാജിനെ താങ്ങിനിര്‍ത്താന്‍ വേണ്ടി ജനങ്ങളെ ഉദ്‌ബോധിപ്പിക്കുകയായിരുന്നു അദ്ദേഹം.
'രാജഭക്തിയും ദേശാഭിമാനവും' എന്ന ലേഖനം മക്തി തങ്ങള്‍ എഴുതി പ്രസിദ്ധീകരിച്ചത് ഭരണകൂടത്തെ അനുസരിക്കണമെന്നും അവരുടെ നിര്‍ദേശങ്ങള്‍ക്ക് വഴങ്ങി വിദ്യാഭ്യാസവും സര്‍ക്കാര്‍ ജോലിയും സ്വീകരിക്കണമെന്നും ഉപദേശിക്കാനാണ്. മാത്രമല്ല, 1896-ലെ മലബാര്‍ കലാപത്തിനു ശേഷം ചങ്ങനാശ്ശേരിയിലായിരുന്ന മക്തി തങ്ങളെ അധികാരികള്‍ വിളിച്ചുവരുത്തി. എന്നിട്ട് കലാപത്തിനെതിരെ മലപ്പുറത്തും ചുറ്റുപാടും പ്രഭാഷണങ്ങള്‍ വെച്ചു. അധീശപ്രത്യയശാസ്ത്രത്തെയോ അതിന്റെ ഉറവിടത്തെയോ തിരിച്ചറിയാന്‍ കഴിയാതിരുന്നയാളാണ് മക്തി തങ്ങള്‍. കെ.എം മൗലവിയെ പോലെ കലാപത്തിന്റെ ഭവിഷ്യത്ത് ഏറ്റുവാങ്ങേണ്ടിവന്നവരുടെ പുനര്‍വിചിന്തനങ്ങളോ, മക്തി തങ്ങളെയോ കെ.എം സീതി സാഹിബിനെയോ പോലെ അതത് കാലത്തെ അധികാരകേന്ദ്രങ്ങളുമായി ചങ്ങാത്തത്തിലേര്‍പ്പെട്ടതോ, വക്കം മൗലവിയെപ്പോലെയൂറോപ്യന്‍ പുരോഗതി കണ്ട് ഭ്രമിച്ചുപോയ മുഹമ്മദ് അബ്ദുവിനെപ്പോലുള്ള ആധുനികവാദികളുടെ ചിന്താ പ്രത്യയശാസ്ത്രങ്ങളില്‍ കുടുങ്ങിപ്പോയവരോ ആയിരുന്നു സാമ്പ്രദായിക നവോത്ഥാന ചരിത്രം എടത്തുവെക്കുന്ന നായകന്മാരിലധികവും. ആധുനിക മുതലാളിത്തത്തിന്റെ ആവിര്‍ഭാവത്തോടു കൂടിയുണ്ടായ അധഃപതനമായിരുന്നു ഇത്. മുതലാളിത്തം ഉല്‍പാദിപ്പിക്കുന്ന മൂല്യവ്യവസ്ഥയെ പിന്തുണച്ചുകൊണ്ട് ചൂഷണത്തെയും ലാഭകേന്ദ്രിത വ്യവസ്ഥകളെയും പിന്തുണക്കുന്ന സ്ഥിതിവരെ അവരില്‍ പലര്‍ക്കുമുണ്ടായി. കെ.എം മൗലവിയുടെ ഹീലത്തുര്‍രിബ ഓര്‍ക്കുക. കെ.എം സീതി സാഹിബടക്കമുള്ളവര്‍ അതിനെ പിന്തുണക്കുക മാത്രമല്ല, തികഞ്ഞ സാമ്രാജ്യപക്ഷപാതിത്വം തിരിച്ചറിഞ്ഞ മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ ഇതിനെതിരില്‍ അല്‍ അമീനിലൂടെ ശബ്ദിച്ചതിന്റെ പേരില്‍ സീതി സാഹിബ് മരിക്കുന്നതു വരെ അബ്ദുര്‍റഹ്മാന്‍ സാഹിബിനോട് വിരോധം വെച്ചു നടന്നു എന്നുപോലും ചരിത്ര രേഖകളിലുണ്ട്. ഉപരിവര്‍ഗത്തോടും ഉപരിവര്‍ഗ പദ്ധതികളോടും കെട്ടുപിണഞ്ഞുകൊണ്ടായിരുന്നു നവോത്ഥാന പ്രസ്ഥാനമായി വിവരിക്കപ്പെടുന്ന ഐക്യസംഘത്തിന്റെ നില്‍പ് തന്നെ. പ്രഭു കുടുംബങ്ങളുടെ പിണക്കം തീര്‍ക്കാനാണ് അതിന്റെ ആദ്യ രൂപമായ നിഷ്പക്ഷസംഘം ശൈഖ് ഹമദാനി തങ്ങളുടെ അധ്യക്ഷതയിലും വക്കം മൗലവിയുടെ കാര്‍മികത്വത്തിലുമായി രൂപം കൊണ്ടത്. പിന്നീട് 'പലിശ' ഹലാലാക്കി. മതിലകത്ത് ബാങ്ക് സ്ഥാപിച്ചു. അല്‍അമീന്‍ ശക്തമായി ആഞ്ഞടിച്ചു. ബാങ്ക് മാത്രമല്ല, ഐക്യസംഘവും പൂട്ടി.
അന്ന് പൂട്ടിയെങ്കിലും രൂപം മാറ്റി പിന്നെയും ആ നേതാക്കള്‍ സംഘടിച്ചു. മുസ്‌ലിം മജ്‌ലിസ് ഉണ്ടാക്കി. അതിലും സാമ്രാജ്യപക്ഷപാതികള്‍, നാട്ടുപ്രമാണിമാര്‍, അഭ്യസ്ഥവിദ്യര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിവരെല്ലാമായിരുന്നു ഉണ്ടായിരുന്നത്. ജന്മിത്വതാല്‍പര്യങ്ങള്‍ക്കായിരുന്നു മജ്‌ലിസില്‍ മുന്‍തൂക്കം (മുഹമ്മദ് അബ്ദുര്‍റഹ്മാന്‍- എഡിറ്റര്‍ എസ്.കെ പൊറ്റക്കാട്, പേജ് 272). പേരു കേട്ട മുസ്‌ലിം മോഡേണിസ്റ്റുകളൊക്കെയും പലിശക്കു വേണ്ടി ശബ്ദിച്ചവരായിരുന്നു. സര്‍ സയ്യിദ് അഹ്മദ് ഖാന്‍ ഒരു ഉദാഹരണം മാത്രം.
ഇംഗ്ലീഷ് വിദ്യാഭ്യാസം, സ്ത്രീ വിദ്യാഭ്യാസം തുടങ്ങിയ വാദങ്ങളൊന്നും തന്നെ നിസ്സാരങ്ങളല്ല. മുസ്‌ലിം സമൂഹത്തിന്റെ അധോഗതി തുടച്ചുമാറ്റാനായി എടുത്തിട്ട പദ്ധതികള്‍ എന്നതിലപ്പുറം ഇവക്കൊക്കെ പിന്നില്‍ സാമ്രാജ്യത്വ അജണ്ടകളുണ്ട്. സുഖമുള്ള ഇവ പ്രായോഗികതലത്തില്‍ അത്ര സുഖകരമായ സ്ഥിതിയല്ല ഉണ്ടാക്കിയത്. ഉസ്മാനിയ ഖിലാഫത്തിനെ ദുര്‍ബലപ്പെടുത്താനായി കെട്ടഴിച്ചുവിട്ടിട്ടുള്ള പദ്ധതികളുടെ തുടര്‍ച്ചയായിരുന്നു അത്. മുഹമ്മദുബ്‌നു അബ്ദുല്‍ വഹാബിനെ പടിഞ്ഞാറന്‍ ലോബി ഇരുത്തിച്ചെയ്യിപ്പിച്ച കാര്യങ്ങളുടെ ബാക്കി തന്നെയായിരുന്നു ഇതൊക്കെയും. കമാല്‍ പാഷയുടെ തേര്‍വാഴ്ചയുമായി ഇവക്കൊക്കെ ബന്ധങ്ങളുണ്ട്. ആധുനികവത്കരണത്തിന്റെ മുഖ്യ ഉപാധിയായിരുന്നു ഇംഗ്ലീഷ് വ്യാപനത്തിനായുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍. യൂറോപ്പില്‍ വിദ്യാഭ്യാസം നേടി തിരിച്ചെത്തിയവരും അവരുടെ പടിഞ്ഞാറന്‍ ആശയങ്ങളില്‍ ആകൃഷ്ടരായവരുമാണ് ഇത്തരം കാര്യങ്ങളില്‍ മുന്‍കൈയെടുത്തത്. യൂറോപ്പില്‍ മുസ്‌ലിംകളില്ലാത്ത ഇസ്‌ലാമിനെയും ഇസ്‌ലാമിക രാജ്യങ്ങളില്‍ ഇസ്‌ലാമില്ലാത്ത മുസ്‌ലിംകളെയുമാണ് കാണാന്‍ കഴിയുന്നത് എന്ന് വിവരിക്കുന്നേടത്തോളം വിധേയമായിരുന്നു മുഹമ്മദ് അബ്ദുവിനെപ്പോലുള്ള മോഡേണിസ്റ്റുകളുടെ മനസ്സുകള്‍. അബ്ദുവിന്റെ അരുമ ശിഷ്യനായിരുന്നു ഖാസിം അമീന്‍. അറബ് ലോകത്തെ ആദ്യത്തെ സ്ത്രീവാദി. അതേ അബ്ദുവിന്റെ ശിഷ്യനാണ് റശീദ് രിദാ. ഖാസിം അമീനോളം വളര്‍ന്നില്ലെങ്കിലും ഗുരുവിന്റെ നിഴല്‍ തന്നെയായിരുന്നു രിദായും. അദ്ദേഹത്തിന്റെ അല്‍മനാര്‍ പത്രമാണ് വക്കം മൗലവിക്കും മറ്റും പ്രചോദനം. അബ്ദു തുറന്നുവിട്ട ഭൂതം പിന്നെ ഇസ്‌ലാമിക ലോകത്തേക്ക് മോഡേണിസത്തിന്റെ മലവെള്ളപ്പാച്ചില്‍ തന്നെയായിരുന്നു സൃഷ്ടിച്ചത്. ഉപരിവര്‍ഗ മനഃസ്ഥിതികളോടും മുതലാളിത്ത മൂല്യങ്ങളോടുമുള്ള അവരുടെയൊക്കെ കടപ്പാട് ഒരു ചെറിയ പ്രബന്ധത്തിലൊതുങ്ങില്ല. ഈ ആധുനികതയുടെ തീവ്ര മതേതര രൂപമായിരുന്നു തുര്‍ക്കിയില്‍ കണ്ടത്; മുസ്ത്വഫാ കമാല്‍ പാഷയുടെ നേതൃത്വത്തില്‍.
സാമ്പ്രദായിക നവോത്ഥാന ചരിത്രം പലപ്പോഴും നായകസ്ഥാനത്ത് നിര്‍ത്തുന്നയാളാണ് സര്‍ സയ്യിദ് അഹ്മദ് ഖാന്‍. തികഞ്ഞ പാശ്ചാത്യ ഭക്തനായിരുന്നു ഖാന്‍. ഇസ്‌ലാമിനെ ശാസ്ത്രത്തിനനുസരിച്ച് വിശദീകരിക്കുന്നതായിരുന്നു സര്‍ സയ്യിദിന്റെ വാദങ്ങള്‍. മനുഷ്യന്റെ സ്വാതന്ത്ര്യത്തിനായുള്ള അഭിവാഞ്ഛയും അതിനായുള്ള ത്യാഗപരിശ്രമങ്ങളുമാണ് നവോത്ഥാനത്തിന്റെ ആത്മാവെങ്കില്‍, സാമ്രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളാണതിന്റെ ഹൃദയവികാരമെങ്കില്‍, ആയിരത്തിത്തൊള്ളായിരത്തി ഇരുപതുകളില്‍ നവോത്ഥാനത്തെ തളച്ചിടുന്നത് ശരിയല്ല.
പ്രഥമ കോളനിശക്തികളായ പറങ്കികള്‍ക്കെതിരെ കേരളത്തിലെ പള്ളിമിമ്പറുകളില്‍ സമരഘോഷം മുഴങ്ങിയ ഒരു കാലമുണ്ട്. സ്വതന്ത്രരായ നമ്മളെന്തിന് അന്യനാട്ടുകാര്‍ക്ക് നികുതി കൊടുക്കണമെന്ന ചോദ്യം പള്ളിദര്‍സുകളുടെ മൂലയില്‍നിന്ന് ഉത്ഭവിച്ച ഒരു കാലമുണ്ട്. ജന്മിമാര്‍ക്ക് മുമ്പില്‍ പഞ്ചപുഛമടക്കി നില്‍ക്കാന്‍ നമ്മളാരാ അവരുടെ അടിമകളോ എന്ന് മമ്പുറത്തു നിന്ന് കേട്ടൊരു കാലമുണ്ട്. കൊള്ളപ്പലിശക്കും ചൂഷണത്തിനുമെതിരെ വട്ടത്തലേക്കെട്ടുകാര്‍ ധര്‍മസമരം വിളിച്ചൊരു കാലമുണ്ട്. അവിടം മുതലാണ് നമ്മുടെ നവോത്ഥാന ചരിത്രം തുടങ്ങേണ്ടത്. രാഷ്ട്രീയത്തിലെ ആത്മീയ കലാപങ്ങളുടെ കാലം മാത്രമല്ല അത്. അക്കാലഘട്ടത്തിലെ മനുഷ്യരാശിയുടെ ഹൃദയാന്തരാളത്തില്‍ കൂടി ആത്മീയ കലാപം സൃഷ്ടിച്ച കാലമായിരുന്നു അത്. സൂഫിസം അനിസ്‌ലാമികമാണെന്ന് പറയാന്‍ നമുക്കെളുപ്പമാണ്. പക്ഷേ അതുയര്‍ത്തിവിട്ട അഗ്നിസ്ഫുലിംഗങ്ങളെ അവഗണിക്കാനാവില്ല. സൂഫിസം എന്ന പേരില്‍ വഴിപിരിഞ്ഞുപോയ നവീനവാദങ്ങളെ കണ്ട് സൂഫിസം അനിസ്‌ലാമികമാണെന്ന് ഫത്‌വയെഴുതാന്‍ തിടുക്കമാണ് പലര്‍ക്കും. മഖ്ദൂം, മമ്പുറം തങ്ങന്മാര്‍, ഉമര്‍ ഖാദി തുടങ്ങി വലിയൊരു കൂട്ടം നവോത്ഥാന നായകന്മാരെ ഇസ്‌ലാമില്‍നിന്ന് പുറത്താക്കിയാണ് പലപ്പോഴും നവോത്ഥാനത്തിന്റെ കാലം തൊള്ളായിരത്തി ഇരുപതുകളില്‍ തന്നെ തളച്ചിടാനുള്ള ശ്രമങ്ങളുണ്ടായത്. ഇസ്‌ലാമിക പ്രബോധനരംഗത്ത് സൂഫിസത്തിന്റെ പങ്ക് തോമസ് ആര്‍നോള്‍ഡ് എടുത്തുപറഞ്ഞിട്ടുണ്ട്. സൂഫി കാലഘട്ടങ്ങളെപ്പോലെ മതസഹിഷ്ണുതയുടെ മകുടോദാഹരണമായ മറ്റൊരു കാലഘട്ടമുണ്ടായിട്ടില്ല. ഇന്നും ഇതര മതസ്ഥരില്‍ ഇസ്‌ലാമിനെ കുറിച്ച് എന്തെങ്കിലും മതിപ്പു തോന്നുന്നുവെങ്കില്‍ അത് മഖ്ദൂമുമാരും മമ്പുറം തങ്ങന്മാരും ഖാദി മുഹമ്മദുമൊക്കെ ഉയര്‍ത്തിവിട്ട അര്‍ഥവത്തായ മതസഹിഷ്ണുതയുടെ അനന്തരഫലം മാത്രമാണ്. മമ്പുറം തങ്ങളുടെ ജാറത്തില്‍ ഇന്നും ഇതര മതസ്ഥര്‍ അണമുറിയാത്ത സന്ദര്‍ശകരാണ്.
അറബികളുടെ വാണിജ്യപാതകള്‍ക്കു മേല്‍ പടിഞ്ഞാറിന്റെ പിടുത്തം മുറുക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്ന ഘട്ടമായിരുന്നു അത്. ഷാജഹാന്റെയും ജഹാംഗീറിന്റെയുമൊക്കെ അരമനകളില്‍ പോര്‍ച്ചുഗീസുകാര്‍ക്ക് പരവതാനി വിരിക്കുന്നതിന്റെ ഒരു നൂറ്റാണ്ടു മുമ്പാണ് കടന്നുവരുന്നത് കടല്‍ക്കൊള്ളക്കാരാണെന്ന് മഖ്ദൂമുമാര്‍ വിളിച്ചു പറയുന്നത്. അവരുടെ ആഹ്വാനം ചെവിക്കൊണ്ടിരുന്നെങ്കില്‍ ഏഷ്യയുടെയും ആഫ്രിക്കയുടെയും ചരിത്രം മറ്റൊന്നാകുമായിരുന്നു. 17,18, 19 നൂറ്റാണ്ടുകളില്‍ രണ്ടു വന്‍കരകളുടെ ചരിത്രംതന്നെ മാറ്റിയെഴുതിയ പടിഞ്ഞാറന്‍ അധിനിവേശം ആ വന്‍കരകളുടേതായ എല്ലാമെല്ലാം പിച്ചിച്ചീന്തിയെറിഞ്ഞു. ഗാഢനിദ്രയിലായിപ്പോയ സമൂഹങ്ങള്‍ക്ക് മേല്‍ കാലം കൊണ്ടിട്ട പ്രഹരങ്ങള്‍ തന്നെയായിരുന്നു ഇതൊക്കെ. അന്ന് ഉണര്‍ന്നിരുന്ന, സ്വന്തം സമൂഹത്തെ ആന്തരികമായും ബാഹ്യമായും പ്രതിരോധസജ്ജരാക്കിയ ഈ പണ്ഡിതന്മാരുടെ പര്‍ണശാലകളില്‍നിന്നാണ് നവോത്ഥാന ചരിത്രം എഴുതപ്പെടേണ്ടത്.
1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന് എത്രയോ മുമ്പ് സ്വന്തം സമൂഹത്തില്‍ സ്വാതന്ത്ര്യബോധത്തിന്റെ, ചൂഷണത്തിനെതിരെയുള്ള പ്രതിരോധത്തിന്റെ തീപ്പന്തം കത്തിച്ചവരെ നവോത്ഥാനത്തിന്റെ അഗ്രിമ സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ നാം കാണിക്കുന്ന വിമുഖത ചരിത്രമെഴുത്തില്‍ നമ്മെ പിന്തുടരുന്ന പാശ്ചാത്യാനുകരണത്തെയാണ് വെളിച്ചത്തുകൊണ്ടുവരുന്നത്.
മുസ്‌ലിംകള്‍ക്ക് വേണ്ടി മാത്രമായിരുന്നില്ല അവരുടെ പ്രവര്‍ത്തനം. കര്‍ഷകര്‍ക്കും കീഴാള വിഭാഗങ്ങള്‍ക്കും അവര്‍ നട്ടെല്ല് നല്‍കി. മതം അധികാരവ്യവസ്ഥയുടെ പുറം ചൊറിഞ്ഞുകൊടുക്കലാണെന്ന ധാരണ അവര്‍ സ്വന്തം കര്‍മം കൊണ്ട് തിരുത്തിക്കുറിച്ചു. അനുഷ്ഠാനങ്ങള്‍ക്കപ്പുറം മതത്തിന്റെ വലിയൊരു ഭാഗം ആത്മീയതയിലും ഭൗതികതയിലും ഒരുപോലെ കാലൂന്നി നില്‍ക്കുന്നുവെന്നവര്‍ കാലത്തെ ബോധ്യപ്പെടുത്തി. സാമ്രാജ്യത്തിനുള്ളിലെ സാമ്രാജ്യം(Imperium in Imperio) എന്നാണ് കലക്ടര്‍ കൊണോലി മമ്പുറം തങ്ങളെ വിശേഷിപ്പിച്ചത്. ഇസ്‌ലാമിക പാരമ്പര്യത്തില്‍ അതിജീവനത്തിന്റെ ആശയമുണ്ടെന്നതിന് ഇതിലപ്പുറം എന്തിന് തെളിവുകള്‍ തെരയണം? എല്ലാം ഇസ്‌ലാമിനകത്തു തന്നെയുണ്ട്. എക്കാലവും സ്തംഭിച്ചുപോവും വിധമുള്ള പുരോഗമന നിലപാടുകള്‍ അവര്‍ എവിടെനിന്നും കടംകൊണ്ടതല്ല എന്നത്, പാശ്ചാത്യ വിദ്യാഭ്യാസത്തിലൂടെയേ പുരോഗതിയുണ്ടാവൂ എന്നു വിശ്വസിച്ചുപോയവര്‍ ഓര്‍ത്തിരിക്കാനിടയില്ല.
കൊള്ളപ്പലിശക്ക് കടംകൊടുക്കുന്ന ഒരൊറ്റ തമ്പ്രാന്മാര്‍ക്കും മമ്പുറം തങ്ങളുടെ കാലത്ത് പൊറുതികിട്ടിയില്ല. അത്തരം ജന്മിമാരുടെ ജാതിയും മതവും ഏതാണെന്ന് ആ വിപ്ലവകാരികള്‍ വിലയിരുത്തിയിട്ടില്ല. കൊളത്തൂര്‍, മട്ടന്നൂര്‍ കലാപങ്ങളുടെയൊക്കെ നിമിത്തം ഇതാണ്.
ഉള്ളിലുറയുന്ന ആത്മീയതയാണ് അടിമകളാകാന്‍ ഇവരെ അനുവദിക്കാതിരുന്നത്. പ്രബുദ്ധതയുടെ കാറ്റും വെളിച്ചവും കടന്ന പള്ളിദര്‍സുകളായിരുന്നു ഇവരുടെ കേന്ദ്രങ്ങള്‍. ഉള്ളില്‍നിന്നേ അഴിച്ചുപണി തുടങ്ങിയ മഹാത്മാക്കളായിരുന്നു അവര്‍. സ്വന്തം ഇഷ്ടാനിഷ്ടങ്ങളെയും അനുഭൂതികളെയും ആത്മീയതയുടെ ഉരകല്ലില്‍ മാറ്റുരച്ച ആ പണ്ഡിതന്മാര്‍ ആത്മീയതയും ഭൗതികതയും അനുഷ്ഠാനവും ചേര്‍ന്ന സമഗ്ര ഇസ്‌ലാമിന്റെ വക്താക്കള്‍ തന്നെയായിരുന്നു.
സ്വന്തം അന്ധവിശ്വാസങ്ങളും തര്‍ക്കവിതര്‍ക്കങ്ങളുമുണ്ടായിരുന്നു ഐക്യ സംഘമെന്ന കൊടുങ്ങല്ലൂര്‍ പ്രസ്ഥാനത്തിന്. തൊള്ളായിരത്തി ഇരുപതില്‍ ആധുനിക മുസ്‌ലിം നവോത്ഥാന പ്രസ്ഥാനം എന്ന ഓമനപ്പേരില്‍ വാണരുളിയ പ്രസ്ഥാനത്തിന്റെ കൈയിലിരുപ്പറിയാന്‍ പില്‍ക്കാലത്ത് അതിന് വന്നിട്ടുള്ള പരിണാമങ്ങളും അതു വരുത്തിയിട്ടുള്ള പരിഷ്‌കാര ദുരന്തങ്ങളും അത് വെച്ചു പുലര്‍ത്തിയിരുന്ന അന്ധവിശ്വാസങ്ങളും അതിന്റെ പരിമിതികളും കൂടി പഠിക്കണം.
മനുഷ്യന് ചന്ദ്രനില്‍ കാലുകുത്താനാവും എന്നു പറഞ്ഞതിന് മറ്റൊരു പരിഷ്‌കാരിയായ സി.എന്‍ അഹ്മദ് മൗലവിയെ ഭര്‍ത്സിച്ച പ്രസ്ഥാനമാണ് കൊടുങ്ങല്ലൂര്‍ പ്രസ്ഥാനം എന്ന വഹാബി പ്രസ്ഥാനം. സ്വന്തം അന്ധവിശ്വാസങ്ങള്‍ അതിനുണ്ടായിരുന്നുവെന്ന് പറയാന്‍ കാരണമിതാണ്. 1959-ലാണ് സി.എന്‍ അല്‍മനാറില്‍ ഇത്തരത്തിലുള്ള ഉള്ളടക്കത്തോടെ ഒരു ലേഖനമെഴുതുന്നത്. പിന്നെ പത്തു കൊല്ലം കഴിഞ്ഞ് 1969-ല്‍ അമേരിക്കക്കാരന്‍ നീല്‍ ആംസ്‌ട്രോംഗ് ചന്ദ്രനില്‍നിന്ന് ലോകത്തിന് നേരെ കൈവീശിയെന്നത് സത്യം. ആംസ്‌ട്രോംഗ് ചന്ദ്രനില്‍ പോയില്ല എന്നാരോ പറഞ്ഞപ്പോള്‍ അതിന് ചുട്ടൂപിടിക്കാന്‍ മുന്‍പന്തിയിലുണ്ടായിരുന്നത് കൊടുങ്ങല്ലൂര്‍ പ്രസ്ഥാനത്തിന്റെ വാലറ്റമായിരുന്നു.
പിന്നെ, വളരെ നിസ്സാരമായ തര്‍ക്കങ്ങള്‍. ഖുനൂത്ത്, കൂട്ടപ്രാര്‍ഥന, തറാവീഹിന്റെ റക്അത്തുകളുടെ എണ്ണം, അല്ലാഹുവിനെയല്ലാതെ വിളിക്കരുത് തുടങ്ങി ഒരുപാട് കാര്യങ്ങള്‍. മുസ്‌ലിംസമുദായത്തിന്റെ ഊര്‍ജം ഇമ്മാതിരി തര്‍ക്കങ്ങളില്‍ ഒരുപാട് വ്യയം ചെയ്തുവെന്നല്ലാതെ ഒരു കാര്യവുമുണ്ടായില്ല. പിന്നെ മുസ്‌ലിം പള്ളികളോട് ചേര്‍ത്ത് മൂത്രപ്പുരകള്‍ പോലെ മാറ്റിക്കെട്ടിയ പ്രത്യേക ഇടങ്ങളില്‍ സ്ത്രീകളെ കൊണ്ടുവന്ന് പാര്‍ട്ടിവത്കരിക്കല്‍ ഒരു പ്രധാന വഴിപാടായിരുന്നു. സ്ത്രീയുടെ കഴുത്തില്‍ പാര്‍ട്ടി വിധേയത്വത്തിന്റെ ചങ്ങലകള്‍ കുരുക്കാനുള്ള തന്ത്രമാണിതെന്ന് പിന്നീടാണ് പൊതുസമൂഹത്തിന് ബോധ്യമായത്. എസ്. ശാരദക്കുട്ടിയും ഹമീദ് ചേന്ദമംഗല്ലൂരുമൊക്കെ പിന്നീടിക്കാര്യം തുറന്നെഴുതി.
നിസ്സാര കാര്യങ്ങള്‍ ഊതിപ്പെരുപ്പിച്ചെടുത്ത ഇത്തരം ശണ്ഠകളില്‍ മുജാഹിദ് വിഭാഗങ്ങളായിരുന്നു ഏറെ മുന്നില്‍ പോയത്. അതും അവരിലെ തീവ്ര വിഭാഗങ്ങള്‍. വക്കം മൗലവിയെയും കെ.എം മൗലവിയെയും പൂര്‍ണമായും അനുധാവനം ചെയ്യുന്ന ഔദ്യോഗിക വിഭാഗം. ഇപ്പോഴും സുഊദി അറേബ്യയിലും മറ്റും ജോലിചെയ്യുന്ന ഇവരുടെ ആശയം അംഗീകരിക്കാത്ത മലയാളികളെ അവിടത്തെ ഭരണകൂടത്തെ തെറ്റിദ്ധരിപ്പിച്ച് ഉപജീവനം മുടക്കുകയും ജയിലില്‍ കുടുക്കുകയും ചെയ്യുന്ന 'നവോത്ഥാന പ്രവര്‍ത്തനം' നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഭരണകൂടം വക ഇസ്‌ലാം നടപ്പില്‍ വരുത്തുകയാണെന്നര്‍ഥം.
സാമ്രാജ്യത്വവുമായുള്ള ബന്ധം ഇന്നും നിര്‍ബാധം തുടരുന്ന കാഴ്ചയും വിരളമല്ല. സ്ത്രീകള്‍ ശിരോവസ്ത്രം ധരിക്കേണ്ടതില്ലെന്ന് വാദിച്ചുകൊണ്ട് ഒരു അമേരിക്കന്‍ അതിഥി നേരത്തെ കേരളത്തില്‍ വന്നത് വലിയ വിവാദമായി. ഇപ്പോള്‍ അമേരിക്കന്‍ വിദേശകാര്യ വകുപ്പ് നടത്തിയ ഇഫ്ത്വാറില്‍ പ്രധാന ക്ഷണിതാക്കളായത് മുജാഹിദുകളാണെന്നത് മറ്റൊരു സത്യം.
മാത്രമല്ല, തൊള്ളായിരത്തി ഇരുപതുകള്‍ക്കു ശേഷം വീക്ഷണത്തില്‍ തന്നെ ഒരുപാട് സങ്കുചിതത്വങ്ങള്‍ ഈ വിഭാഗങ്ങള്‍ക്കുണ്ടായി. ഇവരൊക്കെ മുന്നില്‍നിന്ന് കെട്ടിപ്പടുക്കുകയും പിന്നില്‍ നിന്ന് പിന്തുണക്കുകയും ചെയ്ത രാഷ്ട്രീയ പ്രസ്ഥാനമാണ് മുസ്‌ലിം ലീഗ്. ബ്രിട്ടന്‍, അമേരിക്ക, മുസ്‌ലിം ലീഗ് എന്നിങ്ങനെയാണ് ഈ വിഭാഗത്തിന്റെ യജമാനന്മാരുടെ ക്രമം. ഖാഇദെ മില്ലത്തിന്റെ കാലത്ത് ലീഗിനുണ്ടായിരുന്ന വിശാലവീക്ഷണം പോയി. പൊതുസമൂഹത്തിന്റെ പ്രശ്‌നങ്ങളില്‍ നിന്നത് പിന്മാറി. സാധാരണക്കാരായ തമിഴന്റെ ഹൃദയത്തില്‍ ഖാഇദെമില്ലത്തിനുണ്ടായിരുന്ന സ്ഥാനം പിന്നീടൊരു ലീഗ് നേതാവിനും ഉണ്ടായില്ല. പോകട്ടെ, യാഥാസ്ഥിതികരായ ബാഫഖി തങ്ങള്‍ക്കും പൂക്കോയ തങ്ങള്‍ക്കും ഇതര മതസമൂഹങ്ങള്‍ക്കിടയിലുണ്ടായ സ്ഥാനമൊന്നും മറ്റു നേതാക്കള്‍ക്കുണ്ടായില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് വരെ തലകുനിച്ചു സമ്മതിക്കേണ്ടിവന്ന പ്രമേയങ്ങള്‍ പാസ്സാക്കിയിരുന്നു ലീഗ്. ഇരുപതുകള്‍ക്കുശേഷം എന്തുസംഭവിച്ചുവെന്ന കണക്കെടുപ്പ് നടത്തുമ്പോള്‍ ഇതൊക്കെ എണ്ണിത്തിട്ടപ്പെടുത്തണം.
വീട്ടുവൈദ്യവും നാട്ടുവൈദ്യവും കൈയിലുണ്ടായിരുന്ന മുസ്‌ലിം സ്ത്രീകള്‍, ആണുങ്ങളുടെ തിണ്ണബലത്തിലല്ലാതെ സ്വന്തം കൈവേല ചെയ്തു ജീവിച്ച സ്ത്രീകള്‍, സ്ത്രീധനം തീരെയില്ലാത്തൊരു കാലം, നബി ചെയ്യാത്തതൊന്നും ചെയ്തുകൂടാ എന്ന പുത്തന്‍ വാദമില്ലാത്ത കാലം. ഇതൊക്കെ തൊള്ളായിരത്തി ഇരുപതിനു മുമ്പ് കഴിഞ്ഞുപോയി.
ഇന്ന് ഖുര്‍ആന്‍ ഒരു സാദാ പുസ്തകം, ആര്‍ക്കും വായിക്കാവുന്നത്, വിശദീകരിക്കാവുന്നത്. ജീവിച്ചു കൈമാറിയ മഹാഗ്രന്ഥം ഇന്ന് വായിച്ചു കൈമാറുന്നു. ഹൃദയത്തിന്റെ ഭാഷയില്‍ അധഃസ്ഥിതനോട് സംസാരിച്ച സൂഫിയുടെ ഫലം അച്ചടി ഭാഷയില്‍ സംസാരിക്കുന്ന ആധുനിക മുസ്‌ലിം മധ്യവര്‍ഗ പ്രസ്ഥാനങ്ങള്‍ക്ക് കിട്ടുന്നില്ല.
മുഅ്ജിസത്തുകള്‍ (പ്രവാചകന്മാരുടെ അസാധാരണ കഴിവുകള്‍) എന്നു പറയാന്‍ തന്നെ പേടി. ചന്ദ്രന്‍ പിളര്‍ന്നതും നൈല്‍ നദി പിളര്‍ന്നതും ഉമര്‍ ഖാദി ജയിലില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടതുമൊക്കെ പറയുമ്പോള്‍ നാലുപാടും നോക്കും. വല്ലാത്തൊരു ചമ്മലും അപകര്‍ഷതയും നട്ടെല്ലില്ലായ്മയും ആധുനികത ബാധിച്ച പ്രസ്ഥാനങ്ങളുടെ വരവിനു ശേഷം ഉണ്ടായതാണ്. നബിയുടെ ശിഷ്യന്മാരെക്കുറിച്ച് പറയും. നബിയുടെ പ്രഭാവലയത്തില്‍ കഴിഞ്ഞ വല്ലാത്ത ആത്മശക്തി നേടിയ മഹത്തുക്കളെ കുറിച്ച് പറയുമ്പോള്‍ ഒരാത്മവിശ്വാസക്കുറവ്. ഗുരുമുഖത്തിരുന്നുകൊണ്ട് ഗുരുവിനെ അപ്പടി പകര്‍ത്തിക്കൊണ്ട് പോന്ന കഴിഞ്ഞ തലമുറയെപ്പറ്റി പറയുമ്പോള്‍ ജാള്യം. വിജ്ഞാനകോശം പോലെ വെളിപ്പെടുന്ന ഒരു പണ്ഡിതനെപ്പറ്റി പറയുമ്പോള്‍ നൂറ് നാക്ക്. ആദ്യത്തെയാള്‍ക്കേ മാറ്റങ്ങള്‍ വരുത്താനാവൂ എന്നത് മറ്റൊരു കാര്യം. പറ്റേ ദുര്‍ബലരായ ജനതയായി മുസ്‌ലിംകള്‍ പരിണമിച്ചത് ഇരുപതുകള്‍ക്കു ശേഷമാണ്.
ജനസേവനം ദഅ്‌വത്തിന്റെ ഭാഗമാണോ എന്ന് നമ്മില്‍പെട്ട ഒരു കൂട്ടര്‍ സംശയമുന്നയിച്ചത് ഈ പരിഷ്‌കൃത യുഗത്തിലല്ലേ? ദഅ്‌വത്ത് കടമയാണോ എന്ന് മറ്റൊരു വിഭാഗം ചോദിച്ചതും ഇക്കാലത്തുതന്നെ. രണ്ടും കൊടുങ്ങല്ലൂര്‍ പ്രസ്ഥാനത്തില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടവര്‍. യുവനിര മരം നടീല്‍ കാമ്പയിന്‍ കാര്യം ചെന്ന് പറഞ്ഞപ്പോള്‍ അങ്ങനെയാണെങ്കില്‍ കക്ഷം വടിക്കല്‍ കാമ്പയിനും നടത്തിക്കൂടേ എന്നു ചോദിച്ചത് തൊള്ളായിരത്തി ഇരുപതുകള്‍ക്കു മുമ്പോ ശേഷമോ? വഴിതെറ്റിപ്പോയ ഒരു സമുദായമാണ് മുസ്‌ലിംകള്‍. ആത്മാവില്ലാത്ത, ആത്മീയതയില്ലാത്ത, ദ്രവ്യകേന്ദ്രിതമായ, ലാഭകേന്ദ്രിതമായ, ടെക്‌നോളജിക്കപ്പുറം മറ്റൊരു ദൈവമില്ലാത്ത പടിഞ്ഞാറുനിന്നാണോ ഇനിയും നാം വിമോചനത്തിന്റെ മാനദണ്ഡങ്ങള്‍ കൊണ്ടുവരുന്നത്? ആ പടിഞ്ഞാറന്‍ കാറ്റത്താണോ ഇനിയും നാം കിടക്കുന്നത്? എങ്കില്‍ നമ്മളായിരിക്കും ഈ ഭൂമിയിലെ അഭിശപ്തര്‍ എന്ന് പറയാന്‍ അനുവദിക്കുക. ഉള്ളില്‍നിന്ന് മനുഷ്യനെ അഴിച്ചുപണിയുന്ന, ആഗ്രഹങ്ങളുടെ അനുഭൂതികളുടെ തടവറയില്‍നിന്ന് അവനെ മോചിപ്പിച്ചെടുക്കുന്ന, ആത്മീയതയും ഭൗതികതയും അനുഷ്ഠാനപരതയും മേളിച്ച പ്രസ്ഥാനങ്ങള്‍ക്ക് ഇനിയും ചരിത്രം സൃഷ്ടിക്കാനാവും. സ്വയം നവീകരിക്കാനുമാവും.
ടി.കെ അലി അശ്‌റഫ് 9961765599 aliasraftk@gmail.com

Comments

Other Post