Prabodhanm Weekly

Pages

Search

2009 അറുപതാം വാര്‍ഷികപ്പതിപ്പ്‌

കൊളോണിയല്‍ ആധുനികതയും ഇസ്‌ലാമിക നവോത്ഥാനവും

മുജീബുര്‍റഹ്മാന്‍ കിനാലൂര്‍

ഉത്തരാധുനികതയുടെ ജ്ഞാനവിശകലനപദ്ധതികള്‍ വാര്‍പ്പുബോധ മാതൃകകളെ തകര്‍ത്തുകൊണ്ടാണ് മുന്നേറുന്നത്. 'ആധുനികത' എന്ന ആശയാവലി തന്നെ കടുത്ത വിമര്‍ശനവിധേയമായിരിക്കുന്നു. ആധുനികത ആശയ തലത്തിലും പ്രായോഗിക തലത്തിലും സംജാതമാക്കിയ ലോകപരിസരം, സാംസ്‌കാരിക ബഹുലതയുടെയും മാനവികതയുടെയും അര്‍ഥമണ്ഡലങ്ങളെ സമ്പൂര്‍ണമായി സാക്ഷാത്കരിക്കുന്നതില്‍ പരാജയപ്പെട്ടു എന്നതാണ് ഇത്തരം വിമര്‍ശനങ്ങളുടെ മുഖ്യ ഊന്നല്‍. ആധുനികതയെ ഭൗതികമായി സാക്ഷാത്കരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ശാസ്ത്രവും സാങ്കേതിക വിദ്യയും യാന്ത്രികയുക്തികളെയാണ് ആധാരമാക്കിയതെന്നും ഇന്ന് ലോകം അനുഭവിക്കുന്ന ഉപഭോഗ ദുരയുടെയും പാരിസ്ഥിതിക പ്രതിസന്ധികളുടെയും ആരോഗ്യത്തകര്‍ച്ചയുടെയുമെല്ലാം മൂലകാരണമതാണെന്നും ഉത്തരാധുനിക പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഈ വിമര്‍ശനങ്ങള്‍ മുഖവിലക്കെടുക്കേണ്ടതു തന്നെയാണ്. ലാഭക്കൊതിയുടെ മുകളില്‍ പണിതുയര്‍ത്തപ്പെട്ട ആഗോളവത്കരണത്തിന്റെ സാമൂഹിക രാഷ്ട്രീയ പ്രത്യയശാസ്ത്രവും ആധുനികതയാണ് സംഭാവന ചെയ്തതെന്നത് തീര്‍ച്ചയായും അംഗീകരിച്ചേ മതിയാകൂ.
മോഡേണ്‍ ഫാക്ടറിയും മോഡേണ്‍ അഗ്രിക്കള്‍ച്ചറും മോഡേണ്‍ മെഡിസിനും മോഡേണ്‍ എജുക്കേഷനുമെല്ലാം ഈ രംഗങ്ങളിലെ മുഖ്യധാരയായിത്തീര്‍ന്നപ്പോള്‍, ഇതേ രംഗങ്ങളില്‍ ഓരോ രാജ്യത്തും സാംസ്‌കാരിക സമൂഹങ്ങളിലും ആയിരത്താണ്ടുകളായി നിലനില്‍ക്കുന്നതും വിനിമയം ചെയ്യപ്പെടുന്നതുമായ അറിവനുഭവങ്ങള്‍ പാര്‍ശ്വവത്കരിക്കപ്പെട്ടു. അവ സമാന്തരമോ ആള്‍ട്ടര്‍നേറ്റോ ആയി മാറി. എന്നു മാത്രമല്ല, ഇത്തരം തദ്ദേശീയ അറിവനുഭവങ്ങള്‍ 'പ്രാകൃതവും' 'അപരിഷ്‌കൃതവും' 'പഴഞ്ചനു'മായി മുദ്രകുത്തപ്പെട്ടു. ജൈവവും പ്രകൃതിസൗഹൃദപരവും മാനവിക മൂല്യാധിഷ്ഠിതവുമായ നാടന്‍ അറിവനുഭവങ്ങള്‍ക്കു പകരംവെക്കപ്പെട്ട ആധുനികതയുടെ ജ്ഞാനാടിത്തറയാകട്ടെ, താല്‍ക്കാലിക ലാഭമോഹങ്ങളെ ശമിപ്പിക്കുന്നതും പ്രപഞ്ചത്തിന്റെയും പ്രകൃതിയുടെയും താളനിയമങ്ങളെ തകര്‍ക്കുന്നതും മാനവികവിമുഖവുമായിരുന്നു. ആധുനിക ജ്ഞാനശാസ്ത്രങ്ങള്‍ സ്വയം 'ആധികാരികത' ചമയുകയും സാംസ്‌കാരികവും ഭൂശാസ്ത്രപരവുമായ വൈവിധ്യങ്ങളുടെ കലവറയായ തദ്ദേശീയ വൈവിധ്യങ്ങളെ നിരാകരിക്കുകയും വഴി, സാംസ്‌കാരികവും രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ അധിനിവേശം സ്ഥാപിച്ചു. ഈ വസ്തുതകളൊക്കെ ന്യായമായും ഉത്തരാധുനിക വിമര്‍ശനങ്ങള്‍ക്ക് സാധൂകരണമാണ്.
ഉത്തരാധുനിക വിമര്‍ശന പഠനങ്ങളെ അതിന്റെ ചരിത്രസന്ദര്‍ഭത്തില്‍നിന്ന് അംഗീകരിക്കുമ്പോള്‍ തന്നെ, അതേ ചരിത്രപരതയുടെ ആനുകൂല്യം ആധുനികതക്കും നല്‍കേണ്ടതുണ്ട്. ആധുനികത ശൂന്യതയില്‍നിന്നുണ്ടായതല്ല. അതൊരു കാലഘട്ടത്തിന്റെ ചരിത്രാനുഭവങ്ങളില്‍നിന്ന് ഉടലെടുത്ത അതിജീവന ശ്രമം തന്നെയായിരുന്നു. കൊളോണിയല്‍ യുഗത്തിന്റെ ജഡാവസ്ഥയില്‍നിന്നും വിമോചിതമായ ഒരു ഘട്ടത്തില്‍, അതിവേഗതയില്‍ വളര്‍ച്ചയും പുരോഗതിയും വികസനവും നേടാനുള്ള വ്യഗ്രതയാണ് ആധുനികതയുടെ പ്രണേതാക്കളാക്കി നമ്മെ മാറ്റിയത്. ഇന്ത്യ സ്വാതന്ത്ര്യം നേടിയ അര്‍ധരാത്രിയില്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗത്തില്‍ ഈ വ്യഗ്രതയുടെ ആഴം വ്യക്തമാകും. ത്വരിത വ്യവസായവത്കരണവും ഹരിതവിപ്ലവവും ഉള്‍പ്പെടെയുള്ള പഞ്ചവത്സര പദ്ധതികളുടെ പിന്നിലും ഈ ആവേശം കാണാം. വാസ്തവത്തില്‍ കൊളോണിയല്‍ അധിനിവേശത്തെ പൊരുതിത്തോല്‍പിച്ച ജനത തന്നെ, കൊളോണിയല്‍ ജ്ഞാനശാസ്ത്രമാണ് ഏറ്റവും പുരോഗമനപരമെന്ന് വിശ്വസിക്കുകയായിരുന്നു. അന്നത്തെ ലോകസാഹചര്യമായിരുന്നു ഈ വിശ്വാസത്തിന്റെ അടിസ്ഥാനം. ദീര്‍ഘകാലം രാഷ്ട്രീയവും മാനസികവുമായി അടിച്ചമര്‍ത്തപ്പെട്ടു കഴിഞ്ഞുപോരുന്ന ഒരു ജനതയുടെ ചരിത്രപരമായ സ്തംഭനാവസ്ഥ കാണാതിരിക്കരുത്. നിരന്തരമായ മാറ്റങ്ങള്‍ക്കു വിധേയമായി, വിനിമയങ്ങളിലൂടെ പുഷ്ടിപ്പെടുകയും കരുത്താര്‍ജിക്കുകയും ചെയ്യാതെ, കൈവശാവകാശമായിക്കിട്ടിയ പൈതൃകങ്ങളും ജ്ഞാനരൂപങ്ങളും അതിജീവനക്ഷമമല്ലെന്ന് അവര്‍ കരുതിയെങ്കില്‍ അതില്‍ കുറ്റം കാണാനാവില്ലല്ലോ. മെഡിക്കല്‍ ഗവേഷണങ്ങളും സര്‍ജറിയും ദ്രുതശമനികളുമൊക്കെ പ്രചാരം നേടിയ ഒരു സന്ദര്‍ഭത്തില്‍, ഗോത്രചികിത്സാരീതികളും പച്ചമരുന്നുകളും കൊണ്ട് മതിയാക്കാന്‍ അവര്‍ക്കാകുമായിരുന്നില്ലെന്നും കണ്ടേ മതിയാകൂ. അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ദീര്‍ഘദര്‍ശനം ചെയ്യാന്‍ അന്നവര്‍ക്കായില്ലെന്നത് സ്വാഭാവികമായിരുന്നുതാനും.
ഉത്തരാധുനിക വിമര്‍ശനങ്ങള്‍, ബൃഹദ് ആഖ്യാനങ്ങളെ നിഷ്‌കരുണം ആക്രമിച്ചു. പ്രതിഷ്ഠിതമായ വിഗ്രഹങ്ങളെ അത് വെല്ലുവിളിച്ചു. ആധുനികതയുടെ ആശയാവലികള്‍ സംഭാവന ചെയ്ത ജ്ഞാനോദയത്തെയും നവോത്ഥാന പ്രക്രിയയെയും പുനര്‍വായിക്കുവാനും പുനരാഖ്യാനം നടത്തുവാനുമുള്ള ശക്തമായ ശ്രമങ്ങള്‍ ഈ പദ്ധതിയുടെ ഭാഗമായി വിപുലമായി നടന്നുകൊണ്ടിരിക്കുന്നു. യൂറോ കേന്ദ്രിതമായ ഒരു ലോകവീക്ഷണത്തെ കരുപ്പിടിപ്പിക്കുകയും കൊളോണിയല്‍ മൂല്യങ്ങളെ ആന്തരീകരിക്കുകയും ചെയ്യുന്ന ആധുനികതയുടെ അടിവേരുകള്‍ ദൈവവിരുദ്ധവും മതരഹിതവും കേവല യുക്തിയധിഷ്ഠിതവുമാണെന്ന വിശകലനങ്ങള്‍ പ്രചാരപ്പെടുന്നത് ഈ സാഹചര്യത്തിലാണ്.
പതിനാലാം നൂറ്റാണ്ടില്‍ ആരംഭിച്ച് പതിനെട്ടാം നൂറ്റാണ്ടോടെ ഒരു പ്രസ്ഥാനരൂപമാര്‍ജിച്ച ജ്ഞാനോദയം, യാഥാസ്ഥിതിക ക്രൈസ്തവമതവും കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിമാരും തമ്മിലുള്ള ആശയസംഘര്‍ഷങ്ങളുടെ ഫലമായിരുന്നു എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ക്രൈസ്തവ മതം, ധിഷണാവ്യാപാരങ്ങളെയും ശാസ്ത്രീയാന്വേഷണങ്ങളെയും മനുഷ്യസ്വാതന്ത്ര്യത്തെയും കടിഞ്ഞാണിടുകയും ഒട്ടേറെ തത്വജ്ഞാനികളെയും ശാസ്ത്രജ്ഞന്മാരെയും കൊല ചെയ്യുകയും ചെയ്ത പശ്ചാത്തലത്തില്‍, മതത്തെയും ഭൗതിക വ്യവഹാരങ്ങളെയും വേര്‍പ്പെടുത്തിക്കൊണ്ടുള്ള 'സെക്യുലറിസം' രൂപം കൊണ്ടു. ഈ സെക്യുലറിസത്തിലേക്ക് നയിച്ച ബോധപരമായ ഉണര്‍വായിരുന്നു 'നവോത്ഥാനം' അഥവാ ജ്ഞാനോദയം. പതിനെട്ടാം നൂറ്റാണ്ടില്‍ സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ഉടമയായിത്തീര്‍ന്ന ബ്രിട്ടന്റെയും ആ സാമ്രാജ്യത്തെ നയിച്ച വിക്‌ടോറിയന്‍ ഭരണകൂടത്തിന്റെയും ലോകസങ്കല്‍പത്തെ ആകൃതിപ്പെടുത്തിയത് ഈ 'നവോത്ഥാന'മായിരുന്നു. ഡാര്‍വിനിസമടക്കം, ക്രിസ്റ്റിയാനിറ്റിയെയും സൃഷ്ടിവാദത്തെയും ചോദ്യം ചെയ്ത യുക്തിചിന്താപ്രസ്ഥാനത്തിന്റെ സുവര്‍ണ കാലം കൂടിയായിരുന്നു ഇത്.
പത്തൊമ്പത്, ഇരുപത് നൂറ്റാണ്ടിലെ മുഴുവന്‍ സാമൂഹിക-രാഷ്ട്രീയ-ധൈഷണിക വ്യവഹാരങ്ങളെയും ജ്ഞാനോദയ സിദ്ധാന്തം ശക്തമായി സ്വാധീനിക്കുകയുണ്ടായി. മതരഹിത സമൂഹങ്ങളെ സൃഷ്ടിക്കുന്നതിനേക്കാള്‍ കൂടുതല്‍ മതാധിഷ്ഠിത സമൂഹങ്ങളെ നവീകരിക്കുകയാണ് ഇക്കാലത്ത് നവോത്ഥാന പ്രതിഭാസം ചെയ്തത്. മനുഷ്യവ്യക്തിത്വത്തിനും തുറന്ന ചിന്തക്കും ശാസ്ത്രീയ പഠനങ്ങള്‍ക്കും ജനാധിപത്യമൂല്യങ്ങള്‍ക്കും അനിതരമായ പ്രാധാന്യവും പ്രാബല്യവും അനുവദിച്ചുകൊടുത്തു എന്നതാണ് ജ്ഞാനോദയ പ്രസ്ഥാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഗുണവശം. അതേസമയം തന്നെ ഹ്യൂമനിസവും റാഷനലിസവും സെക്യുലറിസവും ഒരളവോളം ഡെമോക്രസിയുമെല്ലാം തന്നെ ലോകത്തിന്റെ മൂല്യകേന്ദ്രമായി മനുഷ്യനെ പ്രതിഷ്ഠിച്ചു എന്നതും ശരിയാണ്. 'ശാസ്ത്രീയ യുക്തി'കള്‍ക്കു വഴങ്ങാത്തവയും ടെസ്റ്റ്ട്യൂബുകളില്‍ പരീക്ഷണവിധേയമാക്കി തെളിയിക്കാനാവാത്തവയും അന്ധവിശ്വാസങ്ങളും പ്രാകൃതവിശ്വാസങ്ങളുമാണെന്ന ഒരു പൊതുബോധം ദൃഢീകരിക്കുന്നതില്‍ 'നവോത്ഥാനവാദ'ത്തിന് പങ്കുണ്ട്. 'ആധുനിക കാലത്ത്' ദൈവത്തിന് പ്രസക്തിയില്ലെന്ന് പലരും കണ്ടെത്തിയത് അങ്ങനെയാണ്.
നവോത്ഥാനത്തിന്റെ കൊടുങ്കാറ്റ് അതിവേഗം ആഞ്ഞടിച്ച ഇരുപതാം നൂറ്റാണ്ടില്‍ ഇസ്‌ലാമിക സമൂഹവും അതിന്റെ ഭാഗമായിത്തീരുകയായിരുന്നു. ഇസ്‌ലാമിക സമൂഹത്തിന്റെ സാന്നിധ്യമുള്ള എല്ലാ രാജ്യങ്ങളിലും നവോത്ഥാനത്തിന്റെ അനുരണനങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ചിലേടങ്ങളില്‍ അതിന്റെ തോത് കുറഞ്ഞതായിരുന്നുവെങ്കില്‍ മറ്റു ചിലേടങ്ങളില്‍ അതിശക്തമായിരുന്നു. അറബ്-മുസ്‌ലിം രാജ്യങ്ങളില്‍ നവോത്ഥാന പ്രവണതകള്‍ സജീവമായി കാണപ്പെട്ടത് ഈജിപ്തിലാണ്. ജമാലുദ്ദീന്‍ അഫ്ഗാനി, മുഹമ്മദ് അബ്ദു, റശീദ് രിദ എന്നിവരാണ് ഈജിപ്ഷ്യന്‍ നവോത്ഥാനത്തിന്റെ ശില്‍പികളായി അറിയപ്പെടുന്നത്.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദം മുതലാണ് ഈജിപ്തില്‍ നവോത്ഥാനപ്രക്രിയ ആരംഭിക്കുന്നത്. ഒരര്‍ഥത്തില്‍ മുകളില്‍ വിശദീകരിക്കപ്പെട്ട ജ്ഞാനോദയാനന്തര കാലത്തോട് ഇസ്‌ലാമിന്റെ അഭിമുഖീകരണം സാധ്യമാക്കുകയാണ് അവര്‍ ചെയ്തത്. ഈജിപ്ഷ്യന്‍ നവോത്ഥാന പ്രക്രിയയെ സമഗ്രമായി പഠനവിധേയമാക്കിയാല്‍, അതിന്റെ സവിശേഷതകള്‍ വേര്‍തിരിച്ചെടുക്കാന്‍ കഴിയും. ദൈവവിശ്വാസത്തിലും ദൈവിക ഏകത്വത്തിലും ഉറപ്പിച്ചു നിര്‍ത്തി മുസ്‌ലിം സമൂഹത്തെ ആധുനിക വെല്ലുവിളികള്‍ നേരിടുന്നതിന് രാഷ്ട്രീയവും വൈജ്ഞാനികവും സാമൂഹികവുമായി സജ്ജമാക്കാനുള്ള പ്രവര്‍ത്തനമായിരുന്നു അത്.
ഉസ്മാനിയ ഖിലാഫത്തിന്റെ തകര്‍ച്ചക്കുശേഷം ഇസ്‌ലാമിക സമൂഹം അകപ്പെട്ട ദയനീയമായ ദുര്‍ബലാവസ്ഥയാണ് ജമാലുദ്ദീന്‍ അഫ്ഗാനിയെ ആകുലപ്പെടുത്തിയ പ്രധാന ഘടകം. 'മുസ്‌ലിം ഉമ്മത്ത്' എന്ന സങ്കല്‍പത്തെ, കോളനിവത്കരണത്തെ പരാജയപ്പെടുത്താനുള്ള സമരായുധമായി പ്രയോജനപ്പെടുത്താമെന്ന് അദ്ദേഹം കണക്കുകൂട്ടി. അല്‍ ഉര്‍വത്തുല്‍ വുസ്ഖ എന്ന അദ്ദേഹത്തിന്റെ പത്രവും 'അല്‍ജാമിഅത്തുല്‍ ഇസ്‌ലാമിയ്യ' എന്ന പാനിസ്‌ലാമിസ്റ്റ് ആശയവും ആ സങ്കല്‍പത്തിന്റെ നിദര്‍ശനങ്ങളാണ്. മതപരവും രാഷ്ട്രീയവുമായ കാരണങ്ങള്‍ കൊണ്ട് ഭിന്നിക്കുകയും ശിഥിലമാകുകയും ചെയ്ത ഇസ്‌ലാമിക സമൂഹത്തെ ഏകീകരിക്കാനുള്ള ശ്രമങ്ങള്‍ക്ക് അദ്ദേഹം മുന്‍തൂക്കം നല്‍കി. ഇസ്‌ലാമിക സമൂഹത്തിന്റെ പുരോഗതിയും മുന്നേറ്റവും അന്തസ്സും നിലനിര്‍ത്താനുള്ള മുന്നുപാധി ഐക്യമാണെന്ന് അദ്ദേഹം സിദ്ധാന്തിച്ചു. മുഹമ്മദ് അബ്ദുവിനെ വൈജ്ഞാനികരംഗത്തെ മുസ്‌ലിംകളുടെ പരിതാവസ്ഥയാണ് കൂടുതല്‍ ആകുലനാക്കിയത്. ലോകത്തിന്റെ മാറ്റത്തിനനുസൃതമായി വിജ്ഞാനരംഗത്തും ധിഷണാരംഗത്തും പരിവര്‍ത്തിതമായില്ലെങ്കില്‍ പുതിയ ലോകത്ത് ഇസ്‌ലാം നിഷ്‌കാസിതമാകുമെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. ഖിലാഫത്ത് കാലത്ത് നിലനിന്നിരുന്ന വിദ്യാഭ്യാസ രീതികളെയും പഠനസമ്പ്രദായങ്ങളെയും അടിമുടി പരിഷ്‌കരിക്കാന്‍ അദ്ദേഹം തയാറായി. തന്റെ മുന്‍ഗാമികളുടെ, രാഷ്ട്രീയവും സാമൂഹികവും വൈജ്ഞാനികവുമായ ചിന്തകളെ ഏകോപിപ്പിച്ചുകൊണ്ട് പ്രായോഗിക പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുകയാണ് സയ്യിദ് റശീദ് രിദ ചെയ്തത്.
ഈജിപ്തിലെ നവോത്ഥാന പ്രവര്‍ത്തന പദ്ധതിയെ ഇങ്ങനെ ക്രോഡീകരിക്കാം: ഒന്ന്, കോളനി വാഴ്ചക്കെതിരെ ഇസ്‌ലാമിക ഖിലാഫത്തിന്റെ പുനഃസ്ഥാപനം. രണ്ട്, ആഭ്യന്തര ശൈഥില്യങ്ങളില്‍നിന്ന് മോചിപ്പിച്ച് ഇസ്‌ലാമിക സമൂഹത്തിന്റെ ഐക്യം. മൂന്ന്, ആധുനിക വിദ്യാഭ്യാസത്തിന്റെയും ശാസ്ത്രത്തിന്റെയും പ്രചാരണം. നാല്, സ്ത്രീകളുടെ വിമോചനത്തിനും ഉന്നമനത്തിനും വേണ്ടിയുള്ള ശ്രമങ്ങള്‍. അഞ്ച്, ഇസ്‌ലാമിക പഠന ഗവേഷണങ്ങളുടെ ത്വരിതവത്കരണവും ജാമിഅ അല്‍ അസ്ഹര്‍ അടക്കമുള്ള സ്ഥാപനങ്ങളുടെ നവീകരണവും. ഈ പ്രവര്‍ത്തനങ്ങളുടെ നിര്‍വഹണത്തിന് അവര്‍ അവലംബിച്ചത്, വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തുമായിരുന്നുവെന്ന വസ്തുത അടിവരയിട്ട് മനസ്സിലാക്കേണ്ടതാണ്. മദ്ഹബിന്റെ പേരിലുള്ള കക്ഷിത്വത്തെ എതിര്‍ക്കുകയും ഇമാമുകളെ ആദരിക്കുകയും ചെയ്ത അവര്‍, 'അഹ്‌ലുസ്സുന്ന വല്‍ ജമാഅ' എന്ന ആശയത്തെ ഇസ്‌ലാമിക ഏകീകരണത്തിനുള്ള അടിസ്ഥാന പ്രമാണമായി വിവക്ഷിച്ചു. ആധുനിക ശാസ്ത്രവും വിജ്ഞാനങ്ങളും പ്രചരിപ്പിച്ച അവര്‍, അതേ വിജ്ഞാനങ്ങളെ തന്നെ ദൈവനിഷേധത്തെ തകര്‍ക്കാനും യുക്തിവാദങ്ങളെ നേരിടാനുമുള്ള ആയുധമാക്കി. പ്രവാചകത്വത്തിനും ദൈവിക വെളിപാടിനുമെതിരെ ജ്ഞാനോദയ വാദ പരിസരത്തുനിന്ന് ഉയര്‍ന്നുവന്ന ആക്ഷേപങ്ങളെ അതേ യുക്തികള്‍ കൊണ്ടുതന്നെ അരിഞ്ഞുവീഴ്ത്തുകയായിരുന്നു അവര്‍. മുഹമ്മദ് അബ്ദുവിന്റെ പ്രശസ്തമായ രിസാലത്തുത്തൗഹീദും റശീദ് രിദയുടെ അല്‍വഹ്‌യുല്‍ മുഹമ്മദി യും മാത്രം മതി ഇതിനു സാക്ഷ്യമായി.
എന്നാല്‍, ഈജിപ്ഷ്യന്‍ നവോത്ഥാന നായകന്മാര്‍ പില്‍ക്കാലത്ത് നിശിതമായി വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അവര്‍ മാസോണിസ്റ്റുകളും യുക്തിവാദികള്‍ പോലുമാണെന്ന വാദങ്ങളുയര്‍ന്നു! ഉത്തരാധുനിക കാലഘട്ടത്തില്‍ അത്തരം വിമര്‍ശനങ്ങള്‍ക്ക് മൂര്‍ച്ച കൂടിയിട്ടുണ്ട്. അവരൊക്കെ ബ്രിട്ടീഷ് ഏജന്റുമാരായിരുന്നുവെന്നും ബ്രിട്ടീഷ് സഹായത്തോടെ അവര്‍ക്ക് ഗുമസ്തന്മാരെ സൃഷ്ടിക്കുകയും അവരുടെ ലോകവീക്ഷണമുള്ള സമൂഹത്തെ വാര്‍ത്തെടുക്കുകയുമായിരുന്നു അവരുടെ ലക്ഷ്യമെന്നും ആക്ഷേപിക്കപ്പെട്ടിരിക്കുന്നു. അത്യധികം പ്രതിഷേധാര്‍ഹവും നീതിരഹിതവുമാണ് ഈ ആക്ഷേപങ്ങള്‍.
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് സൂര്യപ്രതാപമുള്ള ഒരു കാലത്താണ് ഈജിപ്തില്‍ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് മറക്കരുത്. അന്ന് ബ്രിട്ടീഷ് കോളനിക്കെതിരെ ആഞ്ഞടിക്കാനുള്ള ആര്‍ജവം കാട്ടിയ മഹാനായിരുന്നു അഫ്ഗാനി. അദ്ദേഹത്തിന്റെ രാഷ്ട്രീയമായ ആശയം തന്നെ പാശ്ചാത്യവിരോധത്തില്‍നിന്നുളവായതാണ്. അബ്ദുവും രിദയുമൊക്കെ അടിസ്ഥാനപരമായി ബ്രിട്ടീഷ് വിരുദ്ധ മനോഭാവമാണ് പുലര്‍ത്തിയിരുന്നത്. എന്നിരിക്കെ, ഭരണവര്‍ഗം എന്ന നിലയില്‍ കോളനി അധികാരികള്‍ അനുവദിച്ച ചില സൗകര്യങ്ങള്‍ തങ്ങളുടെ ഇസ്‌ലാമിക ലക്ഷ്യങ്ങള്‍ സഫലീകരിക്കാന്‍ ഉപയുക്തമാക്കി എന്നതിന്റെ പേരില്‍ അവരെ ക്രൂശിക്കുന്നത് ചരിത്രവിരുദ്ധമാണ്. ഒരു ചിന്തകനെയോ പ്രസ്ഥാനത്തെയോ വിമര്‍ശിക്കുമ്പോള്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ ചികഞ്ഞെടുത്ത് പര്‍വതീകരിക്കുകയല്ല നീതി. പ്രത്യുത, അവരുടെ ആശയലോകത്തെ സമഗ്രമായി വിലയിരുത്തുകയാണ്.
ജ്ഞാനോദയവാദം ഉയര്‍ത്തിപ്പിടിച്ച മാനവികതയെ ജ്ഞാനോദയം ഉണ്ടാകുന്നതിനും നൂറ്റാണ്ടുകള്‍ക്കു മുമ്പ് ലോകത്ത് ഏറ്റവും ശക്തമായി ഉന്നയിക്കുകയും അത് ചരിത്രത്തില്‍ ആദ്യമായി സാക്ഷാത്കരിക്കുകയും ചെയ്ത മതമാണ് ഇസ്‌ലാം. മനുഷ്യന്റെ അന്തസ്സിനും അഭിമാനത്തിനും സ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കും വേണ്ടിയും വിവേചനമുക്തവും സമത്വസമ്പൂര്‍ണവുമായ ഒരു ലോകത്തിനു വേണ്ടിയുമുള്ള ആഹ്വാനമുയര്‍ത്തുന്ന ഒരേയൊരു മതവും ഇസ്‌ലാമാണ്. അടിമ-ഉടമ, തൊഴിലാളി-മുതലാളി, വെളുത്തവന്‍-കറുത്തവന്‍, ആണ്‍-പെണ്‍ തുടങ്ങിയ വിരുദ്ധ ദ്വന്ദ്വങ്ങളെയെല്ലാം നിരപ്പാക്കി മനുഷ്യന്‍ എന്ന വിശാലമായ ഒരു മാനദണ്ഡം, സ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കുമുള്ള ആധാരമാക്കി സ്ഥാപിച്ചത് ഇസ്‌ലാമാണെന്ന് ആധുനിക ചരിത്രകാരന്മാര്‍ പോലും സമ്മതിച്ചിട്ടുണ്ട്. ഒരുവേള, ജ്ഞാനോദയ വാദം വിഭാവനം ചെയ്ത 'ആധുനിക ലോക'ത്തിന്റെ അടിസ്ഥാന മൂല്യങ്ങളെല്ലാം ഇസ്‌ലാം സംഭാവന ചെയ്തതായിരുന്നുവെന്നതും സത്യം. ധിഷണക്കും ചിന്തക്കും യുക്തിബോധത്തിനും മനുഷ്യവ്യവഹാരങ്ങളിലുള്ള പ്രാമുഖ്യം ആവര്‍ത്തിച്ചു പ്രഖ്യാപിച്ച ഒരു വേദഗ്രന്ഥം ഖുര്‍ആനല്ലാതെ മറ്റേതാണ്? ക്രൈസ്തവ സഭയാകട്ടെ, മനുഷ്യന്റെ യുക്തിബോധത്തെയും അന്വേഷണവാഞ്ഛയെയും തുറന്ന ചിന്തയെയും കൂച്ചുവിലങ്ങിടുകയാണ് ചെയ്തത്. ചര്‍ച്ചിനുള്ളില്‍, പൗരോഹിത്യത്തിനെതിരെ ഉയര്‍ന്നുവന്ന നവീകരണ പ്രസ്ഥാനത്തെ അബോധത്തില്‍ സ്വാധീനിച്ചത് ഇസ്‌ലാമാണെന്ന് വിഖ്യാത ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടിയത് അതുകൊണ്ടാണ്. അബ്ബാസിയ ഖിലാഫത്തും ഫാത്വിമിയ ഖിലാഫത്തുമൊക്കെ നിലനിന്ന കാലഘട്ടത്തിലും കൊര്‍ദോവയുടെ പ്രതാപ കാലത്തുമൊക്കെ ചിന്താരംഗത്തും ശാസ്ത്രീയ അന്വേഷണ രംഗത്തും ചരിത്രപഠനരംഗത്തും കല, വാസ്തുശില്‍പം, തത്വചിന്ത, സാഹിത്യം തുടങ്ങിയ അനേകം വൈജ്ഞാനിക പഠനരംഗങ്ങളിലും അനന്യമാതൃകകള്‍ ലോകത്തിനു കാഴ്ചവെച്ചിരുന്നു. അത്, അറബ്-ഇസ്‌ലാമേതര വിജ്ഞാന, സംസ്‌കാര ധാരകളുമായി ആദാനപ്രദാനം നടത്തിക്കൊണ്ടുമായിരുന്നു. ആ മഹത്തായ പൈതൃകത്തെ കടമെടുത്ത് പുനരുജ്ജീവിപ്പിച്ചതാണ് പതിനെട്ടാം നൂറ്റാണ്ടിലുണ്ടായ ജ്ഞാനോദയ പ്രസ്ഥാനം എന്നു നിരീക്ഷിക്കുന്നതില്‍ ഒട്ടും അതിരു കവിച്ചിലില്ല. എന്നാല്‍, ഇസ്‌ലാമികപ്രചോദിതമായ ഉത്ഥാന പ്രവണതയുടെ അടിസ്ഥാനമായി വര്‍ത്തിച്ച ലോകവീക്ഷണത്തെയും ആത്മീയ അന്തര്‍ധാരയെയും യൂറോപ്പ് വെട്ടിമാറ്റി എന്നത് ഒരു വാസ്തവമാണ്. യൂറോസെന്‍ട്രിക്കായ ആധുനികത ഏറ്റവും മാനവവിരുദ്ധമായി കലാശിച്ചതിന്റെ സുപ്രധാന കാരണവും അതുതന്നെയാണ്.
മതനിരപേക്ഷമായി കൊളോണിയല്‍ ആധുനികത അവതരിപ്പിച്ച മാനവിക മൂല്യങ്ങളെ, അതിന്റെ ശരിയായ അര്‍ഥത്തിലും ഇസ്‌ലാമിക ഉള്ളടക്കത്തോടെയും പുനരുജ്ജീവിപ്പിക്കുകയായിരുന്നു ഇരുപതാം നൂറ്റാണ്ടിലെ നവോത്ഥാന നായകന്മാര്‍ ചെയ്തത്. ദൈവിക മതത്തിന്റെ ഭൂമികയില്‍നിന്നുകൊണ്ടുതന്നെ മനുഷ്യാവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും കുറിച്ച് സംവദിക്കാനാവുമെന്നാണ് അവര്‍ തെളിയിച്ചത്. ഈ യാഥാര്‍ഥ്യങ്ങളെ മുന്നില്‍ വെച്ചുകൊണ്ടാണ്, ഇസ്‌ലാമിക നവോത്ഥാന പ്രസ്ഥാനങ്ങളെ പുനര്‍വിചാരണ ചെയ്യേണ്ടത്. അപ്പോള്‍ മാത്രമേ അതു വസ്തുനിഷ്ഠവും ചരിത്രപരവുമാവുകയുള്ളൂ. ഇതിനര്‍ഥം, ഇസ്‌ലാമിക നവോത്ഥാന ചിന്തയെ പ്രതിനിധാനം ചെയ്ത എല്ലാ ചരിത്രപുരുഷന്മാരും വിമര്‍ശനരഹിതരാണെന്നല്ല. അവരുടെ എല്ലാ ചിന്തകളും സമീപനങ്ങളും സമ്പൂര്‍ണമായി ശരിയായിക്കൊള്ളണമെന്നുമില്ല. ഗ്രീക്ക് തത്വചിന്തയുമായി ഇസ്‌ലാമിക ധിഷണ ഏറ്റുമുട്ടിയപ്പോള്‍ ചില അനാവശ്യ വാദങ്ങളും വഴിതെറ്റിയ വ്യാഖ്യാനങ്ങളും കടന്നുവന്നിട്ടുണ്ട്. 'തഹാഫുത്തുല്‍ ഫലാസിഫ'യും 'തഹാഫുത്തുത്തഹാഫുത്തു'മൊക്കെ ഓര്‍മിക്കുക. എന്നാല്‍ ഇത്തരം വ്യവഹാരങ്ങളില്‍ പങ്കുചേര്‍ന്ന ഇമാം ഗസ്സാലി അടക്കമുള്ള മഹാപണ്ഡിതന്മാര്‍ തന്നെ അതില്‍ പുനശ്ചിന്ത നടത്തുകയും സ്വയം തിരുത്തലുകള്‍ വരുത്തുകയും ചെയ്തിരുന്നുവെന്നത് ചരിത്രം. ഇതേ പോലെ കൊളോണിയല്‍ ആധുനികതയുടെ കൊടുങ്കാറ്റടിച്ച കാലത്ത്, ഇസ്‌ലാമിക ധിഷണ ഏറ്റെടുത്ത നവോത്ഥാന വ്യവഹാരങ്ങളിലും ചില അതിരു കവിച്ചിലുകളും യുക്തിയുടെ അമിതാശ്ലേഷ വ്യഗ്രതയുമൊക്കെ വന്നുപോയിരിക്കാം. ഈജിപ്ഷ്യന്‍ നവോത്ഥാന കാലത്തെ എഴുത്തുകാരുടെ ചില രചനകള്‍ ഇതിന് തെളിവായി ഹാജരാക്കാനുമാവും. എന്നാല്‍ അവയൊക്കെ സാഹചര്യത്തിന്റെ ആനുകൂല്യമര്‍ഹിക്കുന്നുണ്ട്. അവയെ ചരിത്രവത്കരിക്കുകയാണ് അപവാദങ്ങളെ പെരുപ്പിക്കുന്നതിനു പകരം പുതിയ കാലം ചെയ്യേണ്ടത്.
ഇന്ത്യയില്‍ സര്‍ സയ്യിദ് അഹ്മദ് ഖാനും കേരളത്തില്‍ മക്തി തങ്ങള്‍, വക്കം മൗലവി തുടങ്ങിയവരുമൊക്കെ പ്രതിനിധാനം ചെയ്യുന്ന ഇസ്‌ലാമിക നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്കും, മുകളില്‍ വിശദീകരിച്ച ചരിത്രസാന്ദര്‍ഭികത ബാധകമാണ്. മഹത്തായ ഒരു ഭൂതകാലമുള്ള മുസ്‌ലിം സമുദായം തുല്യതയില്ലാത്ത വിധം ദയനീയമായ ഒരു പതനത്തിലെത്തിയ ഘട്ടത്തില്‍, സമുദായത്തെ ആധുനീകരിക്കുകയായിരുന്നു അവരുടെ പ്രധാന ലക്ഷ്യം. അന്ന് ആധുനികതയുടെയും നവീകരണത്തിന്റെയും സകല സാമഗ്രികളും കൊളോണിയലിസ്റ്റുകളുടെ കൈകളിലായിരുന്നു. ഈ സാഹചര്യത്തില്‍, വികാരാേവശിതരായ സമുദായത്തെ സാമ്രാജ്യത്വവുമായുള്ള ആത്മഹത്യാപരമായ ഏറ്റുമുട്ടലിനുപകരം വിവേകപൂര്‍ണമായ സമരത്തിന് സജ്ജമാക്കുകയാണ് വേണ്ടതെന്ന് അവര്‍ ചിന്തിച്ചു. ആ ചിന്തയുടെ ഫലമായിരുന്നു ഇന്ത്യന്‍ മുസ്‌ലിംകളുടെ വൈജ്ഞാനിക ഉത്ഥാനത്തിന് കരുത്തേകിയ അലീഗഢ് പ്രസ്ഥാനം. അലീഗഢിന്റെ സന്തതികള്‍ തന്നെയാണ് പില്‍ക്കാലത്ത് ബ്രിട്ടീഷ് കോളനിവിരുദ്ധ സമരത്തിന് ബുദ്ധിപരമായ നേതൃത്വം നല്‍കിയതെന്നത് ശ്രദ്ധേയമാണ്. കേരളത്തിലും ഈ ചരിത്രം ആവര്‍ത്തിച്ചു. മലബാര്‍ കലാപത്തിന്റെ അന്ത്യഘട്ടത്തില്‍ നവോത്ഥാന നായകന്മാര്‍ ആര്‍ജിച്ച തിരിച്ചറിവിലൂടെ, അന്ധവും വികാരാവേശിതവുമായ ഏറ്റുമുട്ടലില്‍നിന്ന് വിദ്യാഭ്യാസത്തിന്റെയും നവോത്ഥാനത്തിന്റെയും പാതയിലേക്ക് മുസ്‌ലിം സമുദായം പുനര്‍നയിക്കപ്പെട്ടു. ആ തലമുറയാണ് പിന്നീട് ബ്രിട്ടീഷ് വിരുദ്ധ രാഷ്ട്രീയത്തിന്റെ മുന്നണിപ്പോരാളികളായി മാറിയത്.
മലബാറില്‍ ഒരു നൂറ്റാണ്ടുകാലം നീണ്ട നവോത്ഥാനപ്രയാണത്തിന്റെ പുതുമഴയേറ്റ് കണ്ണുമിഴിച്ചവര്‍, തങ്ങളുടെ ഭൂതകാലത്തെ ശിശിരനിദ്ര മറന്നുകളയുന്നത് പരിഹാസ്യമാണ്. അക്ഷരമെഴുത്തും ഇംഗ്ലീഷ് പഠിത്തവും ശാസ്ത്രവിദ്യാഭ്യാസവുമെല്ലാം വിലക്കപ്പെട്ട ഒരു കാലത്ത്, സമുദായത്തെ വിജ്ഞാനാഭിമുഖരാക്കിയത് നവോത്ഥാന പ്രസ്ഥാനം മാത്രമാണ്. നവോത്ഥാന നായകന്മാര്‍, ആധുനീകരണത്തിന്റെയും പരിഷ്‌കരണത്തിന്റെയുമൊക്കെ ആധാരമാക്കി ഉയര്‍ത്തിപ്പിടിച്ചത് മതരഹിതമായ യൂറോപ്യന്‍ ജ്ഞാനോദയത്തിന്റെ പാഠങ്ങളായിരുന്നില്ല; വിശുദ്ധ ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ തന്നെയായിരുന്നു. ഇതിനുവേണ്ടി സംഘടന, സ്‌കൂള്‍, കോളേജ് തുടങ്ങിയ ആധുനിക സ്ഥാപനമാതൃകകളെ അവര്‍ സ്വീകരിച്ചുവെന്നത് ശരിയാണ്. ഇതവര്‍ക്ക് ഒഴിവാക്കാവുന്നതായിരുന്നോ? ഈ സ്ഥാപനമാതൃകകളായിരുന്നില്ലേ, പില്‍ക്കാലത്ത് സമുദായ ശാക്തീകരണത്തിന്റെ അടിത്തൂണുകളായി വര്‍ത്തിച്ചത്?
മലബാറിന്റെ മാപ്പിള പൈതൃകത്തില്‍ അഭിമാനിക്കുന്നവരായിരുന്നു നവോത്ഥാന നായകരെല്ലാം. അവരുടെ ഭാഷയും വേഷവും സമീപനങ്ങളുമെല്ലാം അതിനു സാക്ഷ്യം പറയും. കുമാരനാശാനെയോ സഹോദരന്‍ അയ്യപ്പനെയോ മന്നത്തു പത്മനാഭനെയോ പോലെ 'പരിഷ്‌കാരി'കളായ ബാരിസ്റ്റര്‍മാരെ അനുകരിക്കാനുള്ള യാതൊരു ശ്രമവും ഇസ്‌ലാമിക നവോത്ഥാന വാദികളുടെ പെരുമാറ്റത്തില്‍ കാണാനാവില്ല. അവര്‍ തീര്‍ത്തും സാത്വികമായ ഇസ്‌ലാമിക ജീവിതം നയിച്ചവരായിരുന്നു. മാപ്പിള സംസ്‌കാര മുദ്രകളും പാട്ടുകളും അറബിയും അറബിമലയാളവും അവരുടെ ജീവിതത്തിന്റെ ഇശലുകള്‍ മെനഞ്ഞു. എന്നാല്‍ ചരിത്രത്തിന്റെ പ്രയാണത്തിനിടയില്‍, മാപ്പിളത്തം പലതും നഷ്ടപ്പെട്ടു എന്നത് സത്യമാണ്. അതിന്റെ ഉത്തരവാദിത്വം നവോത്ഥാനത്തിനു മാത്രമാണോ? അതിജീവനക്ഷമതയില്ലാത്തതു നശിച്ചുപോകുമെന്ന പ്രകൃതിനിയമത്തിന് സംസ്‌കാരവും വിധേയമാണ്; ഭാഷകളും. എത്ര സര്‍വകലാശാലകള്‍ സ്ഥാപിച്ചിട്ടും സംസ്‌കൃതത്തെ ഒരു ജീവല്‍ഭാഷയാക്കി നിലനിര്‍ത്താനാവാത്തത് അതുകൊണ്ടാണ്. എന്നിരിക്കെ, അറബിമലയാള ലിപി കാലഹരണപ്പെട്ടതില്‍ അതിശയിക്കാനേതുമില്ല. അതിന്റെ പേരില്‍, സമുദായത്തെ വെളിച്ചം കാണിച്ച മഹാമനീഷികളെ ക്രൂശിക്കുന്നത് അവിവേകമാണ്, ചരിത്രം പൊറുക്കാത്ത കുറ്റം.
മുജീബുര്‍റഹ്മാന്‍ കിനാലൂര്‍ 9847616278
kinalur@gmail.com

Comments

Other Post