Prabodhanm Weekly

Pages

Search

2009 അറുപതാം വാര്‍ഷികപ്പതിപ്പ്‌

നിസ്കാരപായയും പറക്കുംപരവതാനിയും

താഹാ മാടായി

''എന്റെ നാഥാ,
എത്ര ലളിതമാണ് അങ്ങയുടെ ഭാഷണം. എന്നാല്‍ അങ്ങയോട് സംസാരിക്കുന്നവരുടെ ഭാഷ എത്രയും സങ്കീര്‍ണവും.''
(രവീന്ദ്രനാഥ ടാഗോര്‍)
ഒരു മലയാളി മുസ്‌ലിമെന്ന നിലയില്‍ എന്നില്‍ ആദ്യം പതിഞ്ഞ ശബ്ദം ഏതായിരിക്കും? എന്റെ സ്വത്വത്തെ അതിരടയാളപ്പെടുത്തിയ ആദ്യത്തെ ശബ്ദം? സംശയമില്ല, ഉപ്പ കാതില്‍ മന്ത്രിച്ച ബാങ്കും ഇഖാമത്തും തന്നെയാണ് ഞാന്‍ ആദ്യം കേട്ടിരുന്നത്. ഉമ്മയുടെ ഗര്‍ഭപാത്രത്തില്‍നിന്ന് പുറത്തുവരുമ്പോഴുണ്ടാവുന്ന എന്റെ തന്നെ നിലവിളിക്കിടയില്‍ മറ്റു ശബ്ദങ്ങളൊന്നും കേട്ടിരിക്കില്ല. ഖിബ്‌ലയിലേക്കെന്റെ മുഖം തിരിച്ച് ഉപ്പ ബാങ്കും ഇഖാമത്തും കൊടുത്തു എന്ന് മുതിര്‍ന്നപ്പോഴാണ് മനസ്സിലാക്കുന്നത്. ശിശുവായിരുന്ന എന്നെ ഏത് പള്ളിയിലേക്കായിരിക്കാം ഉപ്പ ക്ഷണിച്ചിട്ടുണ്ടാവുക? നിന്നില്‍ ബുദ്ധിയുദിക്കുന്ന കാലം നീ ഈ വിളികള്‍ക്കുത്തരം നല്‍കണമെന്ന ആഗ്രഹ ചിന്തകള്‍ കൊണ്ടു തന്നെയാവണം ഉപ്പ അങ്ങനെ ചെയ്തിട്ടുണ്ടാവുക. ശിശുക്കള്‍ക്കും ദൈവത്തിനുമിടയില്‍ സ്വപ്നമാണ് വിനിമയ ഭാഷ. സ്വപ്നത്തില്‍ കുട്ടി ചിരിക്കുന്നു, വിതുമ്പുന്നു, നടുങ്ങുന്നു. പിന്നീടൊരിക്കല്‍ ആലോചിച്ച് ഓര്‍ത്തെടുക്കാന്‍ കഴിയാത്ത അത്രയും ദീര്‍ഘമായ സ്വപ്നങ്ങള്‍ ഓരോ കുട്ടിയും പ്രപഞ്ചത്തില്‍ ഉപേക്ഷിക്കുന്നുണ്ട്. അങ്ങനെ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള സ്വപ്നങ്ങള്‍ പരലോകത്ത് നിവര്‍ത്തപ്പെടുമെന്ന് പറയപ്പെടുന്ന ആ പുസ്തകത്തില്‍ ഉണ്ടാവുമോ? സ്വപ്നങ്ങളുടെ മതമേതാണ്? സ്വപ്നങ്ങളുടെ ജാതി? മുതിര്‍ന്നപ്പോള്‍ സങ്കീര്‍ണമായ ഈ ഒരു വിഷയത്തിന് ഉത്തരം ആരായുകയുണ്ടായി. ചോദ്യങ്ങള്‍, ഉപേക്ഷിക്കപ്പെട്ട സ്വപ്നങ്ങള്‍ പോലെത്തന്നെ ഉത്തരമില്ലാതെ പ്രപഞ്ചത്തില്‍ അനാഥമായി. എന്റെ മതചിന്ത ഏതൊരു മുസ്‌ലിമിനെ പോലെയും സംശയ രഹിതമായിട്ടാണ് തുടങ്ങിയത്. തികച്ചും നിഷ്‌കളങ്കമായ ഒരു ഭയത്തില്‍നിന്നുള്ള തുടക്കമായിരുന്നു അത്. ഞാന്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നു. എന്തിനാണ് അല്ലാഹുവിനെ വിശ്വസിക്കുന്നത്? നരകത്തില്‍ പോകാതിരിക്കാന്‍, ഞാന്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നു. മദ്‌റസയില്‍ നിന്ന് ഞാന്‍ ആദ്യം പഠിച്ച ബൈത്ത് അതാണ്:
ഇസ്‌ലാം കാര്യം അഞ്ചാണ്
ഈമാന്‍ കാര്യം ആറാണ്
അവകള്‍ അറിയല്‍ ഫര്‍ളാണ്
ഈമാനിസ്‌ലാം അറിഞ്ഞില്ലെങ്കില്‍,
നരകം അവരുടെ വീടാണ്.
നരകം ഒരു വീടായിത്തീരാന്‍ ഏതു മനുഷ്യന്‍ ആഗ്രഹിക്കും? നരകം എന്ന വാക്കില്‍ തന്നെയുണ്ട് ഒരു ‘നരകം.’ വോള്‍ട്ടേജ് കമ്മിയായ കാലമായതിനാല്‍ രാത്രിയില്‍ ചിമ്മിണി കത്തിച്ചുവെക്കുമായിരുന്നു. പഠനത്തിനിടയില്‍ നേരം പോക്കിന് വിരല്‍ കൊണ്ട് ചിമ്മിണിത്തിരിയെ സ്പര്‍ശിക്കാന്‍ ശ്രമിക്കും. ചെറുതിരിയിലൂടെ ചൂണ്ടുവിരലും നടുവിരലും ചേര്‍ത്ത് ഒരു വിരലോട്ടം. ചെറുതിരി വിരലില്‍ തട്ടുമ്പോള്‍ തന്നെയറിയാം പൊള്ളുന്ന അനുഭവം. അപ്പോള്‍ നരകം എത്രമേല്‍ വലിയ തീയായിരിക്കും? ആ തീയില്‍ വീഴാതിരിക്കാന്‍ ഞാന്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നു. ഒരു കുട്ടിക്കും ദൈവത്തിനുമിടയില്‍ ഭയപ്പെടുത്തുന്ന ഒരു വാക്യം ചെറുപ്പത്തിലേ രൂപപ്പെടുന്നു, നരകം. പൂക്കളെ കുറിച്ചും ശലഭങ്ങളെ കുറിച്ചും കേള്‍ക്കേണ്ട പ്രായത്തില്‍ ഞാന്‍ കൂടുതലും കേട്ടിരിക്കാനിടയുള്ളത് നരകം, നരകം എന്ന ആ വാക്കു തന്നെയായിരുന്നു. നരകത്തെ പേടിച്ച് ഞാന്‍ അല്ലാഹുവിനെ ആരാധിക്കാന്‍ തുടങ്ങി. ആ ആരാധന ഒരു കുട്ടിയുടെ തീര്‍ത്തും നിഷ്‌കളങ്കമായ ഒരു ഭയത്തിന്റെ ഉല്‍പാദനം മാത്രമായിരുന്നു. ആരാധിക്കപ്പെടേണ്ടപ്പോള്‍ തന്നെ സ്‌നേഹിക്കപ്പെടാന്‍ ഏറ്റവും അര്‍ഹന്‍ ദൈവമാണ് എന്ന ബോധം മദ്‌റസാ വിദ്യാഭ്യാസ കാലത്ത് കുട്ടികള്‍ക്ക് കിട്ടുന്നുണ്ടോ? സംശയമുണ്ട്. കൈയില്‍ ലോഹ ദണ്ഡുമായി നില്‍ക്കുന്ന ഒരു പരുക്കന്‍ മൗലവിയുടെ ചിത്രമാണോ ദൈവത്തെ കുറിച്ച് കുട്ടിക്ക് പകര്‍ന്നുനല്‍കേണ്ടത്? ഖുര്‍ആനിലെ ഓരോ അധ്യായവും കരുണാമയനായ അല്ലാഹുവിന്റെ നാമത്തില്‍ ആരംഭിക്കുന്നു. ഖുര്‍ആന്‍ പഠിപ്പിച്ച മൗലവിമാര്‍ എന്നാല്‍ എത്രമാത്രം കരുണാമയരാണ് കുട്ടികളോട്? ഉസ്താദിനെ കാണുമ്പോള്‍തന്നെ മൂത്രശങ്ക തോന്നുന്ന ചില കുട്ടികളുണ്ടായിരുന്നു എന്നോടൊപ്പം മദ്‌റസാ ക്ലാസ്സില്‍. കൈത്തലത്തില്‍ അടിയുടെ ചുവന്ന മുദ്രയുമായി കരഞ്ഞുവീര്‍ത്ത കണ്ണുകളോടെ വീട്ടിലേക്ക് എപ്പോഴും തിരിച്ചുപോയ കുട്ടികള്‍. പ്രാകൃത ശിക്ഷാവിധികളുടെ തടവറയായിരുന്നു പണ്ടു കാലങ്ങളില്‍ മദ്‌റസകള്‍. ഉസ്താദുമാര്‍ ചോദ്യം ചെയ്യപ്പെടാത്ത വിചാരകരായിത്തീര്‍ന്ന മദ്‌റസകളില്‍ ഒരു കുട്ടിയുടെ സ്വപ്നം കാണാനുള്ള എല്ലാ അവകാശങ്ങളും റദ്ദു ചെയ്യപ്പെട്ടിരുന്നു. കുട്ടിക്കും ദൈവത്തിനുമിടയിലുള്ള ഗുരുതരമായ ഒരു മാര്‍ഗതടസ്സമാണ് മദ്‌റസാ ഉസ്താദുമാരെന്ന് പില്‍ക്കാലത്ത് എനിക്ക് തോന്നിയിട്ടുണ്ട്. വളരെ ചുരുക്കം ചിലരൊഴിച്ച് മറ്റെല്ലാവരും വിവേകശൂന്യരും മത വിവേചനബോധം നഷ്ടപ്പെട്ടവരുമായിരുന്നു. മതത്തിന്റെ പേരില്‍ കുട്ടികളെ അവര്‍ മൃതപ്രായരാക്കി. ദൈവത്തെ ‘അഗ്നികുണ്ഡങ്ങളുടെ നായകനാ’ക്കി അവര്‍ ചുരുക്കി. സ്‌നേഹിക്കുന്ന, നന്മയുള്ള ദൈവം കുട്ടിയുടെ മുമ്പില്‍ വിദൂരമായ ഒരു സ്വപ്നം മാത്രമായിത്തീര്‍ന്നു. പഴയ ഏതൊരു മുസ്‌ലിം കുട്ടിയെയും പോലെ ഈയൊരു പശ്ചാത്തലത്തില്‍ കൂടി തന്നെയാണ് എന്റെയും മദ്‌റസാ വിദ്യാഭ്യാസം കടന്നുപോകുന്നത്. മദ്‌റസാ വിദ്യാഭ്യാസ കാലത്തുണ്ടായ പ്രധാനപ്പെട്ട ഒരോര്‍മ, ഉസ്താദ് ചോദിച്ച ഒരു ചോദ്യമാണ്. കണ്ണുകള്‍ക്ക് പകരം ഗോലികളായിരുന്നെങ്കില്‍ നമുക്ക് കാഴ്ചയുണ്ടാവുമായിരുന്നോ? കൃഷ്ണമണിക്ക് പകരം അവിടെ രണ്ട് ഗോട്ടികളായിരുന്നെങ്കില്‍? ആ ആലോചനയില്‍ തന്നെ ഞാന്‍ കുരുടനായതുപോലെ തോന്നി. കൃഷ്ണമണികള്‍ക്ക് പകരം ഗോട്ടി തരാത്ത അല്ലാഹുവിനാണ് എല്ലാ സ്തുതിയും. ഏറ്റവും ലളിതമായ ആ ഒരു വിശദീകരണത്തിലൂടെ ദൈവം മനുഷ്യരോട് കാണിച്ച അനുഗ്രഹങ്ങളെ വിശകലനം ചെയ്യുകയായിരുന്നു ഉസ്താദ്. ഇതേ ഉസ്താദ് തന്നെയാണ് കുട്ടികളുടെ കൈമുട്ടിന്‍മേല്‍ അടിയുടെ മുറിവടയാളങ്ങള്‍ പതിപ്പിച്ചത്. നീര്‍ത്തുകെട്ടിയ കൈമുട്ടുമായി ഓരോ കുട്ടിയും വീട്ടിലേക്ക് മടങ്ങിപ്പോയി. പടച്ചവന്റെ നന്മ എന്തുകൊണ്ടാണ് ഉസ്താദില്‍ പ്രവര്‍ത്തിക്കാത്തത്? കുട്ടിക്ക് വേദനിക്കുമെന്ന് ഉസ്താദിന് അറിയാന്‍ പാടില്ലേ? ഞാന്‍ ഉസ്താദുമാരെയും നരകത്തെയും ഒരുപോലെ ഭയന്നു തുടങ്ങി. നരക ഭയങ്ങളുടെ ആ കുട്ടിക്കാലത്തിന്റെ മറ്റൊരോര്‍മ: മദ്‌റസയിലെ സദര്‍ മൗലവിയെ നോക്കി ഒരിക്കല്‍ ചിരിച്ചു. ചിരിക്കു പകരം കിട്ടിയത് മുഖമടച്ചൊരു അടിയായിരുന്നു. കവിളില്‍ കൈ അടയാളവുമായി വീട്ടിലേക്കു മടങ്ങി. ഒന്ന് കരയാന്‍ പോലും കഴിയാത്തത്ര നിസ്സഹായമായിരുന്നു ആ അവസ്ഥ. ഹൊ! ഉസ്താദിനോട് ചിരിക്കാന്‍ അവനത്രക്ക് വളര്‍ന്നോ എന്ന ഭാവമായിരുന്നു സഹപാഠികളുടെ മുഖത്ത്. മദ്‌റസയില്‍ നിന്ന് ഞാന്‍ പിന്നീട് ഉസ്താദിനോട് ചിരിച്ചിട്ടേയില്ല. അപ്പോഴും കുട്ടികളോട് സഹാനുഭൂതിയുള്ള ചിലരുണ്ടായിരുന്നു എന്ന് ഓര്‍ക്കാതെ വയ്യ. ദൈവം അവരില്‍ മറ്റേതോ രീതിയിലാണു പ്രവര്‍ത്തിച്ചത്. അവരില്‍ സ്‌നേഹം വളരെ കൂടുതലുണ്ടായിരുന്നു. ജ്ഞാനം വളരെ കുറവുമായിരുന്നു. അല്ലാഹുവിന്റെ അത്ഭുതങ്ങളേക്കാള്‍ ഔലിയാക്കളുടെ കഥ പറഞ്ഞ് അവര്‍ കുട്ടികളെ രസിപ്പിച്ചു. ‘ക്ലാസില്‍ നിന്ന് ചുട്ട കോഴിയെ പറപ്പിച്ചു’. അല്ലാഹുവേക്കാള്‍ ഔലിയാക്കളെ ഭയക്കുന്ന ചില ഉസ്താദുമാരെയും എനിക്കറിയാമായിരുന്നു. മദ്‌റസ ഒരു തരത്തില്‍ സര്‍ഗാത്മക ഭാവനകളെ കരിച്ചുകളഞ്ഞ ഇടമായിരുന്നു. നബിദിനാഘോഷങ്ങളില്‍ മൈക്കിന് മുമ്പില്‍ നിന്ന് പാട്ടുപാടാനും പ്രസംഗിക്കാനുമുള്ള ഒരു ദിവസം ഒഴിച്ച് മറ്റെല്ലാ ദിവസവും കഠിനമായ മര്‍ദന മുറകളുടെ ദിനങ്ങള്‍ തന്നെയായിരുന്നു. ചുരുക്കമിതാണ്, മദ്‌റസയില്‍നിന്നും പഠിച്ചത് മറന്നു. അടിയുടെ ഓര്‍മകള്‍ ചുവന്ന വടുക്കളായി മനസ്സില്‍ അവശേഷിക്കുന്നു, മിക്കവാറും കുട്ടികള്‍ക്ക്.
എപ്പോഴാണ് അല്ലാഹുവെ ഏറ്റവും അഗാധമായ വായനക്ക് വിധേയമാക്കുന്നത്? മദ്‌റസ വിദ്യാഭ്യാസ കാലത്തെല്ലെന്നു തീര്‍ച്ച. പഴയൊരോര്‍മയിലേക്ക് തന്നെ മടങ്ങുന്നു. മാര്‍ക്ക കല്യാണത്തിന്റെ രാത്രി തുണിയുടെ അറ്റത്ത് പഴയ മൂന്ന് രൂപാ നാണയവും ചുരുട്ടിക്കെട്ടി ഒരു കൊച്ചു കൂടാരം പോലെ വെള്ള മുണ്ട് ശരീരത്തിന് മേല്‍ താഴ്ത്തി കെട്ടിയിരിക്കുന്നു. കൂടാരത്തിന്റെ കയററ്റം മച്ചിന്‍ പലകയിലെ ആണിയില്‍ ബന്ധിച്ചിരിക്കുന്നു. ‘സലവാത്തി’യായി കിടക്കുന്ന ആ ദിവസങ്ങളില്‍ ഞാന്‍ അല്ലാഹുവിനെ ആദ്യമായി കാണാന്‍ ആഗ്രഹിച്ചു. അക്കാലത്ത് വീട്ടിലെ നിത്യ സന്ദര്‍ശകനായിരുന്നു വി.കെ ഹംസ അബ്ബാസ് (ഗള്‍ഫ് മാധ്യമത്തിന്റെ ഇപ്പോഴത്തെ എഡിറ്റര്‍). പൂക്കോയ എന്ന ഞങ്ങളുടെ ഒരു ബന്ധുവിനോടൊപ്പമാണ് ഹംസ സാഹിബ് ഉപ്പയെ കാണാന്‍ വന്നുകൊണ്ടിരുന്നത്. ഉപ്പ വിട്ടുവീഴ്ചയില്ലാത്ത ഒരു സുന്നീ പാരമ്പര്യവാദിയാണ്. ഇസ്‌ലാമിക ചരിത്രത്തിലും ഖുര്‍ആനിലും അഗാധമായ അറിവുണ്ട്. ഹംസ സാഹിബാവട്ടെ ‘പുത്തന്‍ പ്രസ്ഥാന’ത്തിന്റെ വക്താവാണ്. ‘പഴയ’ ഹംസയും ‘പുതിയ’ ഹംസയും തമ്മില്‍ തര്‍ക്കിക്കുന്നത് മാര്‍ക്ക കൂടാരത്തിനകത്തു കിടന്ന് ഞാന്‍ കേട്ടുകൊണ്ടിരുന്നു. സംവാദത്തിനുശേഷം ഇശാ നിസ്‌കരിച്ച് അവര്‍ പിരിഞ്ഞു. രണ്ടിലൊരു ഹംസ മാറിമാറി ഇമാമായി നില്‍ക്കും. എന്റെ വീട്ടില്‍ വരികയും ഉപ്പയോട് ദീര്‍ഘകാലം സംസാരിക്കുകയും ചെയ്ത ഈ ഹംസ സാഹിബ് മാധ്യമത്തിന്റെ എഡിറ്റര്‍ ആയത് പില്‍ക്കാല ചരിത്രം. സൗമ്യനും മിതഭാഷിയുമാണ് ഹംസ സാഹിബ്. തന്റെ ആശയങ്ങള്‍ ചെറുചിരിയോടെ മാത്രമേ അദ്ദേഹം അവതരിപ്പിച്ചിരുന്നുള്ളൂ. പില്‍ക്കാലത്ത് പുതിയങ്ങാടിയില്‍ പ്രസംഗിക്കുമ്പോള്‍ അദ്ദേഹത്തിന് മത്തിച്ചല്ല് കൊണ്ട് ഏറുകിട്ടിയിരുന്നു. അപ്പോഴും അദ്ദേഹത്തിന്റെ ചുണ്ടില്‍നിന്ന് ചിരി മാഞ്ഞിരുന്നില്ല. അദ്ദേഹം ആരില്‍നിന്നും ഓടിയൊളിക്കാന്‍ ശ്രമിച്ചില്ല. ഉപ്പയും ഹംസ സാഹിബും തമ്മിലുള്ള സംസാരത്തില്‍ ചരിത്രവും ആരാധനാ ക്രമവുമൊക്കെ വിഷയമായിരുന്നു. എന്നാല്‍ അവരുടെ സംസാരത്തില്‍ കുറച്ചുമാത്രം കേട്ട വാക്ക് നരകം എന്നായിരുന്നു. നരകത്തെ കുറിച്ച് അവര്‍ ബോധവാന്മാരേ ആയിരുന്നില്ല എന്നു തോന്നി, അവരുടെ വര്‍ത്തമാനം കേട്ടപ്പോള്‍ നരകം എവിടെപ്പോയി? മാര്‍ക്ക കൂടാരത്തിനകത്തു കിടന്ന് ഞാനാലോചിച്ചു. ഉപ്പക്കും ഹംസ സാഹിബിനും ഈമാന്‍ കാര്യവും ഇസ്‌ലാം കാര്യവും അറിയുന്നതുകൊണ്ടായിരിക്കും അവര്‍ നരകത്തെ ഭയക്കാതിരുന്നത്. എനിക്കുമറിയാം ഈമാന്‍ കാര്യവും ഇസ്‌ലാം കാര്യവും. ഇസ്‌ലാം കാര്യം അഞ്ച്, ഞാന്‍ മനസ്സില്‍ പതുക്കെ എണ്ണി നോക്കി:
ഒന്ന് കലിമ, രണ്ട് നമസ്‌കാരം, മൂന്ന് സകാത്ത്, നാല് വ്രതാനുഷ്ഠാനം, അഞ്ച് ഹജ്ജ് തുടര്‍ന്ന് ഈമാന്‍ കാര്യവും എണ്ണിനോക്കി:
അല്ലാഹുവില്‍ വിശ്വസിക്കുക. രണ്ട്, അവന്റെ മലക്കുകളില്‍ വിശ്വസിക്കുക. മൂന്ന്, വേദങ്ങളില്‍ വിശ്വസിക്കുക, നാല്, പ്രവാചകന്മാരില്‍ വിശ്വസിക്കുക. അഞ്ച്, അന്ത്യദിനത്തില്‍ വിശ്വസിക്കുക. ആറ്, നന്മ തിന്മകളുടെ അടിസ്ഥാനം അല്ലാഹുവില്‍ നിന്നാണെന്ന് വിശ്വസിക്കുക.
മാര്‍ക്ക കൂടാരത്തില്‍ കിടന്ന് ഓരോ രാത്രിയും ഇവ ഞാന്‍ ആവര്‍ത്തിച്ചു എണ്ണി തിട്ടപ്പെടുത്തി. ഒന്നും മറന്നിട്ടില്ല എന്നു വിശ്വസിച്ച് കണ്ണടച്ച് സുഖമായി കിടന്നുറങ്ങി. ഈമാന്‍ കാര്യവും ഇസ്‌ലാം കാര്യവും അറിഞ്ഞാല്‍ പിന്നെ നരകം നമ്മുടെ വീടല്ലല്ലോ. ഉപ്പയും ഹംസ സാഹിബും തമ്മിലുള്ള സംസാരത്തില്‍ സത്യത്തില്‍ അന്ന് എനിക്ക് പിടികിട്ടുന്നതായി ഒന്നുമുണ്ടായിരുന്നില്ല. നരകത്തെ കുറിച്ച് വല്ലതും പറയുന്നുണ്ടോ എന്നതേ ഞാന്‍ ശ്രദ്ധിച്ചിരുന്നുള്ളൂ. പില്‍ക്കാലത്ത് ഞാനത് ആലോചിച്ചപ്പോള്‍ മനസ്സിലായ ഒരേ ഒരു സംഗതി ഇതാണ്: ചിന്തിക്കുന്നവര്‍ക്ക് മതം വലിയൊരാശയമാണ്. ചിന്തിക്കാന്‍ കഴിയാത്തവര്‍ക്ക് അത് വെറുമൊരു അനുഷ്ഠാനം മാത്രമാണ്. ബുദ്ധിയുടെ ഒരു ഉറവിടം മതത്തിലുണ്ട്, എന്നാല്‍ അത് കണ്ടെത്താന്‍ സര്‍ഗാത്മകമല്ലാത്ത ഒരു മനസ്സിന് സാധിക്കുകയില്ല. ദൈവാസ്തിത്വം എന്നത് തന്നിലേക്കു തന്നെ തിരിഞ്ഞുനോക്കാനുള്ള ഒരു പൗരധര്‍മമായി കാണേണ്ടതുണ്ട്. ഉള്ളിലൊരു ഖിബ്‌ലയുണ്ട്. ഇഹത്തില്‍ അയാള്‍ ഒരു പൗരനാണ്. ഈ പൗരന്റെ ധര്‍മബോധം മതകീയമായ ഒരു പാരമ്പര്യത്തില്‍നിന്ന് ആര്‍ജിക്കുന്നതുമാണ്. രവീന്ദ്രനാഥ ടാഗോറിന് പഴയ നിയമത്തിലെ ദൈവത്തെ ഇഷ്ടമല്ലായിരുന്നു. പഴയ നിയമത്തില്‍ ദൈവം ചട്ടമ്പിത്തരത്തോടെ പ്രവര്‍ത്തിക്കുന്ന എത്രയോ സന്ദര്‍ഭങ്ങളുണ്ട്. മനുഷ്യരെ വേദനിപ്പിക്കുന്നതില്‍ ആഹ്ലാദിക്കുന്ന ഒരു ദൈവമായിരുന്നു പഴയ നിയമത്തില്‍. ഇസ്‌ലാമിക പാഠങ്ങളില്‍ ദൈവം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്? കൈയില്‍ ലോഹ ദണ്ഡുമായി നില്‍ക്കുന്ന അഗ്നികുണ്ഡങ്ങളുടെ നായകന്‍ തന്നെയാണോ ഇസ്‌ലാമില്‍ അല്ലാഹു? മുതിര്‍ന്നപ്പോള്‍ അല്ലാഹുവിനെ ഞാനൊരു സ്വതന്ത്ര വായനക്ക് വിധേയനാക്കി. ഒരിക്കല്‍ സക്കറിയ പറഞ്ഞു; ഖുര്‍ആനില്‍ യുദ്ധത്തിനും രക്തച്ചൊരിച്ചിലിനുമുള്ള ആഹ്വാനം വളരെ കുറവാണ്.
ഒരു രാത്രിയാണ് അത് സംഭവിച്ചത്. ജി. കുമാരപ്പിള്ളയുടെ ഒരു കവിത വായിച്ചപ്പോഴുണ്ടായ അത്ഭുതകരമായ ഒരു പരിവര്‍ത്തനമായിരുന്നു അത്. ആ കവിത ദൈവത്തെ കുറിച്ചുള്ളതല്ലെങ്കിലും. ഒരിക്കല്‍ ഒരു ദീര്‍ഘയാത്ര കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയതായിരുന്നു. ഒരുപാടു കൂട്ടുകാരുമൊത്തുള്ള സല്ലാപം നിറഞ്ഞ സംവാദങ്ങള്‍ക്കു ശേഷമാണ് ഞാന്‍ വീട്ടിലെത്തുന്നത്. മുറിയുടെ ജനാല തുറന്ന് പുറത്തേക്ക് നോക്കി. വിജനവും വിശാലവുമായ വയല്‍. രാത്രി എന്നോടൊന്നും പ്രത്യേകിച്ച് പറയാനില്ലാത്തത്രയും നിശ്ശബ്ദമായി കിടന്നു. അപ്പോള്‍ ആന്തരികമായ ഒരു ഏകാന്തതയുടെ ദൃഢമായ പിരിമുറുക്കം ഞാന്‍ അനുഭവിക്കാന്‍ തുടങ്ങി. ജി. കുമാരപ്പിള്ളയുടെ നാലു വരികള്‍ നീരാവിയായി എന്റെയുള്ളില്‍ നിന്ന് പുറത്തേക്ക് വരുന്നതായി തോന്നി.
ആളുകളൊഴിഞ്ഞു പോയ്
ആരവമൊടുങ്ങവേ
ഞാനുമീ നീയും മാത്രം
നീയെനിക്കാരാണാവോ?
അത്രമേല്‍ അടുത്തൊരാത്മ സുഹൃത്തിനെ പോലെ തോന്നി ദൈവത്തെ കുറിച്ചുള്ള വിചാരമപ്പോള്‍. ഒരു പ്രിയ സുഹൃത്തിനോടെന്നപോലെ ദൈവത്തോട് പലതും പറയാനുള്ളതുപോലെ തോന്നി. ‘പ്രിയ സുഹൃത്തേ’ എന്ന് ദൈവത്തെ വിളിക്കാനുള്ള ഒരു വെമ്പല്‍ മനസ്സില്‍ അഗാധമായി. അപ്പോള്‍ തന്നെ പിറകിലോട്ടൊരു കൊളുത്തുവലിയുണ്ടായി. മനസ്സാക്ഷിക്കുത്ത് എന്ന കൊളുത്തുവലി. സര്‍വശക്തനായ തമ്പുരാനെ സുഹൃത്തേ എന്ന് അഭിസംബോധന ചെയ്യാമോ? പഴയ മദ്‌റസാ വിദ്യാര്‍ഥിയുടെ തൊപ്പി വെച്ച സംശയം. പിന്നീട് ഒന്നുകൂടി ഉറപ്പിച്ച്, യാതൊരു സങ്കീര്‍ണതയുമില്ലാതെ, നാഥാ നിന്നോട് എനിക്ക് യാതൊരു സങ്കീര്‍ണതയുമില്ലാതെ സംസാരിക്കാമല്ലോ എന്ന ആത്മബോധത്തില്‍ ഞാന്‍ തിരിച്ചെത്തുകയും ചെയ്തു. എല്ലാ രാത്രിയും ഇഹലോകത്തിന്റെ ആകാശത്തിലേക്കിറങ്ങുന്ന ദൈവത്തെ കുറിച്ച് ഞാന്‍ ഹദീസില്‍ വായിച്ചിരുന്നു. എന്നിട്ട് അല്ലാഹു ചോദിക്കും, പ്രാര്‍ഥിക്കുന്നവനായ് ആരെങ്കിലുമുണ്ടോ?- ഞാനവന് പ്രത്യുത്തരം നല്‍കാന്‍. ജനാലയ്ക്കരികില്‍ നില്‍ക്കുമ്പോള്‍ മറ്റൊരാലോചനയുമുണ്ടായിരുന്നില്ല എന്റെ മനസ്സില്‍. മതനിയമത്തിന്റെ സങ്കീര്‍ണമായ വശങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള പരിജ്ഞാനം തീര്‍ച്ചയായും എനിക്കില്ല. എന്നാല്‍ ദൈവശാസ്ത്രപരമായ വേരുകള്‍ തേടി പോകാനും ചില വസ്തുക്കളില്‍ ശ്രദ്ധ പതിപ്പിക്കാനും ഞാന്‍ ഊന്നല്‍ നല്‍കിയിരുന്നു. മതത്തിന്റെ പേരിലുള്ള പക്ഷപാതങ്ങളുടെയും വിവേചനങ്ങളുടെയും അവസാന അവശിഷ്ടങ്ങള്‍ തുടച്ചു നീക്കപ്പെടുന്നതുവരെ ദൈവം ഒരു വിശ്വാസ സമൂഹത്തിന്റെ മേലും സംപ്രീതനായിരിക്കില്ല. കരുണയോ നന്മയോ ഇല്ലാത്ത ഒരു ബദല്‍ നിയമസംഹിത ദൈവം ഒരിക്കലും ആവിഷ്‌കരിച്ചിട്ടില്ല. പക്ഷേ മതം എത്രമാത്രം നമുക്ക് ബദലായി തീരുന്നുണ്ട്? വിവേചനശേഷിയുള്ള ഒരാത്മബോധത്തെ എത്രമാത്രം ഉണര്‍ത്തിക്കൊണ്ടുവരുന്നുണ്ട് മതബോധം? ഹിറ തീര്‍ച്ചയായും ഒരു പ്രതീകമാണ്. നിങ്ങള്‍ ഒരു ഗുഹയില്‍ അകപ്പെട്ടിരിക്കുന്നു. ഉണരാന്‍ തയാറുണ്ടെങ്കില്‍ അത്തരമൊരു സന്നദ്ധതയിലേക്ക് ഉണര്‍ത്തുന്ന ഘടകങ്ങള്‍ മതത്തിലുണ്ട്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പരസ്പരാശ്രിതത്വത്തിന്റെ ഒരു തലം തന്നെയാണ് ദൈവവും മനുഷ്യനും പ്രകൃതിയും തമ്മിലുള്ളത്. നിര്‍ഭയമായ ഒരു നീതിബോധവും വിട്ടുവീഴ്ചയില്ലാത്ത നന്മയും ഒരു പൗരനില്‍നിന്ന് ദൈവം തിരിച്ചാവശ്യപ്പെടുന്നുണ്ട്. എത്രമേല്‍ സാധിക്കും അങ്ങനെയൊരു തുറസ്സായ ആത്മാവിഷ്‌കാരം? ഞാന്‍ ആയിരത്തിയൊന്ന് രാവുകള്‍ വായിച്ചു തീര്‍ത്ത സന്ദര്‍ഭം. കഥകളിലെല്ലാം രഹസ്യങ്ങള്‍ ഒളിപ്പിച്ചുവെച്ചിരുന്നു. ദൈവം ഒരു വലിയ കഥ പറച്ചിലുകാരനാണെന്ന് എനിക്കപ്പോള്‍ തോന്നി. ‘പൊന്നു ദൈവമേ’ എന്ന് വിളിച്ച് ഓരോ കഥ വായിച്ചു തീരുമ്പോഴും അല്ലാഹുവിനെ കെട്ടിപ്പിടിച്ച് ഉമ്മ വെക്കാന്‍ ഞാനതിയായി ആഗ്രഹിച്ചു. നിസ്‌കാരപ്പായ യഥാര്‍ഥത്തില്‍ പറക്കും പരവതാനിയാണ് എന്നൊരു ബോധ്യം പിന്നീടാണുണ്ടാവുന്നത്. നിസ്‌കാരപ്പായയില്‍ തല കുനിച്ചു നിന്നപ്പോള്‍ പ്രാര്‍ഥനകള്‍ക്ക് ചിറകു വെക്കാന്‍ തുടങ്ങി. അഞ്ചുനേരവും അസംഖ്യം മനുഷ്യര്‍ ഈ പരവതാനിയില്‍ ദൈവത്തിലേക്ക് പറക്കുന്നു. അല്ലാഹു മുസ്‌ലിമിനു നല്‍കിയ പറക്കും പരവതാനിയാണ് നിസ്‌കാരപ്പായ. തന്റെ ഉമ്മത്തിന് മാത്രമേ ദൈവം ഇത്ര വിശിഷ്ടമായ ഒരു സമ്മാനം നല്‍കിയിട്ടുള്ളൂ.
വീട്ടിനടുത്തെ നടവരമ്പിലൂടെ മുതലക്കുളത്തിലേക്ക് പോവുകയായിരുന്നു ഞാന്‍. തെങ്ങുകള്‍ മാത്രം നിറഞ്ഞ ഇരുണ്ട അനേകം പറമ്പുകള്‍ കടന്നുവേണം നടന്നുവരാന്‍. രാത്രി ഭയപ്പെടുത്തുന്ന ഒരോര്‍മയാണ് ആ നടത്തം. അപ്പോഴൊക്കെ ഞാന്‍ പ്രാര്‍ഥിക്കാറുണ്ടായിരുന്നത് ഖുര്‍ആനിലെ അല്‍ ഫലഖ് എന്ന അധ്യായമാണ്.
''പറയുക: പ്രഭാതത്തിന്റെ നാഥനോട് ഞാന്‍ അഭയം തേടുന്നു. അവന്‍ സൃഷ്ടിച്ചവയുടെ ദ്രോഹത്തില്‍ നിന്ന്. ഇരുള്‍ പരന്നു വരുമ്പോഴുള്ള രാത്രിയുടെ ദ്രോഹത്തില്‍ നിന്ന്. കെട്ടുകളില്‍ ഊതുന്നവരുടെ ദ്രോഹത്തില്‍ നിന്ന്. അസൂയാലു അസൂയ കാണിക്കുമ്പോഴുള്ള ദ്രോഹത്തില്‍ നിന്ന്.''
ഏതോ പിശാചിനെതിരെയുള്ള എന്റെ പരിചയായിരുന്നു ആ സൂക്തങ്ങള്‍. മതസംഘടനകള്‍ തമ്മില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയവും ചിന്താപരവുമായ അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടയില്‍ ഇടപെടുമ്പോഴും ഒരു മലയാളി മുസ്‌ലിം എന്ന നിലയിലുള്ള എന്റെ സ്വത്വത്തെ ഞാന്‍ തിരിച്ചറിയുന്നുണ്ട്. മാര്‍ക്കകൂടാരത്തിനകത്തു നിന്ന് പുറത്തുകടന്ന ഒരു കുട്ടി മുതിരുമ്പോള്‍ എത്ര കുടഞ്ഞാലും ഉപേക്ഷിക്കാന്‍ കഴിയുന്ന ഒന്നല്ലല്ലോ അവന്റെ മതം. ദൈവം തീര്‍ച്ചയായും അഗ്നികുണ്ഡങ്ങളുടെ ഒരു നായകന്‍ മാത്രമല്ല, ദൈവത്തെ കുറിച്ച് അങ്ങനെയും ആലോചിക്കാവുന്നതാണ്. എന്നാല്‍ മദ്‌റസ വിട്ട് ഈ ലോകത്തിന്റെ വിശാലതയിലേക്ക് കടന്ന ഒരാള്‍ ദൈവത്തെ ഒരു മദ്‌റസാ ഉസ്താദിന്റെ നിലയിലേക്ക് ചുരുക്കിക്കൊണ്ടുവരേണ്ടതുണ്ടോ? തീര്‍ച്ചയായും അത്തരമൊരു പതനം ദൈവം ആഗ്രഹിക്കുന്നുണ്ടാവില്ല. പ്രവാസിയായ എന്റെ ജ്യേഷ്ഠന്‍ ഇദ്‌രീസ് ചൂണ്ടിക്കാട്ടിയ ഒരു കാര്യം ഓര്‍ത്തുപോകുന്നു: ‘അല്ലാഹു ഒരു പാറയാണെന്ന് ചിലര്‍ കരുതുന്നു’. അവന്‍ പറഞ്ഞു: ‘അതൊരു നീരുറവയാണ് എന്നു കരുതിയാല്‍ പിന്നെ പ്രശ്‌നമില്ല’. ഞാന്‍ അപ്പോള്‍ അവനോട് ചിരിച്ചുകൊണ്ട് പറഞ്ഞു: 'ദൈവം പാറയോ നീരുറവയോ ഒന്നുമല്ല. ദൈവം, ദൈവം മാത്രമാണ്.'
താഹാ മാടായി 9846009822

Comments

Other Post