Prabodhanm Weekly

Pages

Search

2009 അറുപതാം വാര്‍ഷികപ്പതിപ്പ്‌

കേരളീയ മുസ്‌ലിങ്ങളുടെ വായനാവിശേഷം

എന്‍.പി ഹാഫിസ് മുഹമ്മദ്‌

ഈയിടെ കോഴിക്കോട് സ്ഥിരതാമസമാക്കിയ ഒരാളിന്റെ പുതിയ വീട്ടില്‍ സുഹൃത്തിനോടൊപ്പം പോയി. മലബാര്‍ മുസ്‌ലിം. വിദേശത്ത് കുറച്ചുകാലമായി ജോലിയെടുക്കുന്ന ആള്‍. വീട് കാണ്‍കെ, മുകള്‍ നിലയില്‍ ഒരിടത്ത് മുന്നില്‍ മനോഹരമായ ഒരു ചില്ലലമാര. ചില വിലപിടിച്ച കട്ട് ഗ്ലാസ് അലങ്കാര വസ്തുക്കള്‍ക്കൊപ്പം ഭംഗിയായി പുസ്തകങ്ങള്‍ അടുക്കിവെച്ചിരിക്കുന്നു. വിലപിടിച്ച പുസ്തകങ്ങള്‍. ദൊസ്തയേവ്‌സ്‌കിയുടെ ഒരു പുസ്തകത്തിന്റെ ഡീലക്‌സ് എഡിഷന്‍. ആദരവോടെ ആ ഗ്രന്ഥം ഞാന്‍ എടുത്തു. പേജുകള്‍ മറിച്ചു. വീട്ടുടമസ്ഥന്റെ ചോദ്യം: 'ഓ, നിങ്ങളീ പുസ്തകം വായിച്ചിട്ടുണ്ടോ?' ഞാന്‍ ചിരിച്ചു. അപ്പോള്‍ അയാള്‍ പറഞ്ഞു: 'അലമാരയുണ്ടാക്കിയപ്പോള്‍ ആര്‍ക്കിടെക്ട് പറഞ്ഞു. ഇത്ര സൈസിലുള്ള ചില പുസ്തകങ്ങള്‍ വാങ്ങിവെക്കണമെന്ന്. ഞാന്‍ ദല്‍ഹിയില്‍ പോയപ്പോള്‍ കുറച്ച് പുസ്തകങ്ങള്‍ വാങ്ങിച്ച് പാര്‍സലാക്കി.'
പുസ്തകം അലങ്കാരവസ്തുവാക്കുന്നതില്‍നിന്ന് വായനയുടെ സൗരഭമുണരുന്നില്ല. വായനക്കാരുടെ സ്പര്‍ശത്തില്‍നിന്നാണ് പുസ്തകവും അതിലെ അക്ഷരങ്ങളും ഉണരുന്നത്; ഉയരുന്നതും. വായന ഒരു ബാഹ്യസ്പര്‍ശമല്ലതാനും. അത് അക്ഷരങ്ങള്‍ക്ക് മീതെ ഒരു ഓട്ടപ്രദക്ഷിണവുമല്ല. അക്ഷരങ്ങളില്‍നിന്നും ചിത്രങ്ങളില്‍നിന്നുമുള്ള ഉണര്‍ച്ചയാണ് വായനയുടെ സാഫല്യം.
ഒരാള്‍ വായനയിലൂടെ വൈകാരികവും വിചാരപരവുമായ നേട്ടങ്ങള്‍ ഉണ്ടാക്കുമ്പോള്‍ അത് വ്യക്തിയുടെ വികാസമായി പരിണമിക്കുന്നു. വായിക്കുന്നയാളിന്റെ ആന്തരികലോകവും ബാഹ്യലോകവും തമ്മിലുള്ള ദൂരം കുറയുന്നു. ഒരു ആഡംബര വസ്തുപോലെയോ, അലങ്കാര വസ്തുപോലെയോ അല്ല പുസ്തകം. 'പുസ്തകം വായിക്കുന്നയാള്‍ പുസ്തകത്തില്‍ ജീവിക്കുകയാണ് ചെയ്യുന്നത്. അലങ്കാരവസ്തുക്കളോടുള്ള താല്‍പര്യം പോലെയല്ല, പുസ്തകത്തോടുള്ളത്. അവിടെ യാഥാര്‍ഥ്യത്തിന്റെ കാഴ്ചയേയുള്ളൂ. പുസ്തകത്തിലൂടെ യാഥാര്‍ഥ്യങ്ങളെ കാണുകയല്ല, അനുഭവിക്കുകയാണ് ചെയ്യുന്നത്.' ('വായിക്കൂ, വായിക്കൂ,' വായനയുടെ ഉപനിഷത്ത്, ബാലചന്ദ്രന്‍ വടക്കേടത്ത്, ഡി.സി ബുക്‌സ്, കോട്ടയം, 1999 പേജ് 29). ഗൃഹാലങ്കാരത്തിന് ഉപയോഗിക്കുന്ന വസ്തുവിന് ആന്തരിക ഭാവമുണ്ട്. എന്നാലവക്ക് ഒരാളിന്റെ ആഴങ്ങളെ ചലിപ്പിക്കാനുള്ള തീവ്രതയില്ല. വായന ആന്തരികതയെ ഉയര്‍ത്തുന്നു. ചിന്തിക്കാനും വിശകലനം ചെയ്യാനും സംവദിക്കാനും പ്രേരിപ്പിക്കുന്നു.
വായന: സമൂഹ
വികാസത്തിലെ നാഴികക്കല്ല്
ഒരു സമൂഹമെന്ന നിലയില്‍ സ്വരൂപിച്ച വളര്‍ച്ചയിലെ നാഴികക്കല്ലാണ് വായന. കേള്‍വിയിലൂടെ സാമൂഹികതയും സാംസ്‌കാരികതയും രൂപപ്പെടുത്തിയ നൂറ്റാണ്ടുകളുടെ ജീവിതം വലിയൊരു വ്യതിയാനത്തിന് കാരണമാകുന്നത് അക്ഷരങ്ങളുടെയും വാക്കുകളുടെയും നിര്‍മിതിയോടെയാണ്. അക്ഷരലോകം ഒരു സംഘത്തെ പൊതുവായി സംവേദനം നടത്തിത്തുടങ്ങി. വായന മനുഷ്യരുടെ വികാസത്തില്‍ അത്യപൂര്‍വമായ ഒരു ചലനമായി. അത് അറിവുകളുടെ കൈമാറ്റത്തിനും സമ്പാദനത്തിനും പുതുമാര്‍ഗമായി. അറിവ് സൂക്ഷിക്കാനുള്ള ഫലവത്തായ ശേഖരമായി. മനുഷ്യസമൂഹം അത്ഭുതകരമായ ഒരു വികാസത്തിന് പാത്രീഭവിക്കുകയായിരുന്നു.
മനുഷ്യരുടെ മുന്നോട്ടുള്ള നീക്കത്തില്‍ വായന അനിവാര്യമാവുകയായിരുന്നു. കാലഘട്ടങ്ങളും തലമുറകളും വിവിധ സമൂഹങ്ങളും നേടിയെടുത്ത സംസ്‌കൃതിയെ സ്വാംശീകരിക്കാതെ മുന്നോട്ട് പോവുകയെന്നത് സമൂഹങ്ങള്‍ക്ക് അസാധ്യമായിത്തീര്‍ന്നു. വായനാ സംസ്‌കാരം ഒരു സമൂഹത്തിന്റെ വളര്‍ച്ച സ്വരൂപിക്കുന്നതിനുള്ള സൂചകമായി മാറിയതങ്ങനെയാണ്. അതുകൊണ്ടുതന്നെ വായനയെ നിരാകരിക്കുന്ന ഒരു സമുദായമോ സമൂഹമോ വായനോപാധിയായ പുസ്തകത്തെയോ സി.ഡിയെയോ കാഴ്ചവസ്തുവാക്കുമ്പോള്‍ സ്വന്തം വളര്‍ച്ചയെ നിരാകരിക്കുകയാണ് ചെയ്യുന്നത്.
കാലാനുസൃതമായ മാറ്റങ്ങള്‍ വായനയിലും വന്നിട്ടുണ്ട്. പതിനാറാം നൂറ്റാണ്ടിന്റേതല്ല, പത്തൊമ്പതാം നൂറ്റാണ്ടിന്റേത്. പത്തൊമ്പതാം നൂറ്റാണ്ടോടെ വായനക്കുള്ള ഉപാധികള്‍ ഏറെ സാങ്കേതികവല്‍ക്കരിക്കപ്പെട്ടു. അക്ഷരങ്ങള്‍ രേഖപ്പെടുത്താനും സൂക്ഷിക്കാനും കഴിയുന്ന കാലം വന്നതോടെ തലസ്ഥാനങ്ങളില്‍ സ്ഥാപിച്ച ഗ്രന്ഥാലയങ്ങള്‍, വ്യവസായവല്‍ക്കരണാനന്തരം കൂടുതല്‍ ജനകീയമായി. വായന കുറച്ചുപേരില്‍നിന്ന് അനേകം പേരിലെത്തി. ആധുനിക വിദ്യാഭ്യാസത്തിന്റെ വളര്‍ച്ചയും നഗരവല്‍ക്കരണവും വായനയെ വളര്‍ത്തി, ഉയര്‍ത്തി. കടലാസും അച്ചടിയും സമന്വയിക്കുന്നതോടെ വായന സാധാരണക്കാരിലേക്കും വ്യാപിച്ചു. സാങ്കേതിക വിദ്യയുടെ വികാസപരിണാമങ്ങള്‍ വായനയുടെ ലോകത്തിന്റെ വിസ്തൃതികള്‍ കൂട്ടി.
വായനക്ക് സാമൂഹികമായ തലങ്ങള്‍ രൂപപ്പെട്ടുതുടങ്ങിയിരുന്നു. ഒരു സമൂഹത്തിലെ വായന മറ്റൊരു സമൂഹത്തിലെ വായനയെ ഭാഗികമായോ പൂര്‍ണമായോ നിരാകരിച്ചു. ഓരോ സമൂഹവും അവരുടേതായ ഒരു വായനാ സംസ്‌കാരം രൂപപ്പെടുത്തി. അവര്‍ നല്‍കിയിരുന്ന പ്രാധാന്യവും ഭിന്നമായിരുന്നു. നഗരസമൂഹം വായനക്ക് നല്‍കിയ പ്രാധാന്യം കര്‍ഷക സമൂഹങ്ങള്‍ നല്‍കിയിരുന്നില്ല. പുതിയ തൊഴില്‍ സംസ്‌കാരങ്ങള്‍ സമൂഹഭിന്നമായ വൈജാത്യവിശേഷങ്ങളുണ്ടാക്കി. കച്ചവടക്കാരും കര്‍ഷകരും വായനക്ക് നല്‍കിയ സ്ഥാനം അധ്യാപകരോ ഉദ്യോഗസ്ഥരോ അടങ്ങുന്ന വര്‍ഗങ്ങളേക്കാള്‍ ചെറുതായിരുന്നു. ഒരേ സമൂഹത്തില്‍ തന്നെ വ്യത്യസ്ത വായനാ സംസ്‌കാരങ്ങള്‍ ഉണ്ടാവാന്‍ കാരണമായതങ്ങനെയാണ്. സമുദായങ്ങളും ഇക്കാര്യത്തില്‍ വിഭിന്ന പാതകള്‍ തേടി.
വ്യക്തികേന്ദ്രീകൃത ജീവിതം ആധുനിക സമൂഹത്തിന്റെ ഭാഗമായതോടെ വായനയില്‍ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് പ്രാധാന്യമേറി. അറിവ് നേടാനുള്ള വായനയും ആസ്വാദനത്തിനുള്ള വായനയും ഉണ്ടായി. ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള വായനയും സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള വായനയും നിലവില്‍വന്നു.
വായനയും മതങ്ങളും
സംഘടിത മതങ്ങള്‍ വായനയെ ഒരിക്കലും നിരാകരിച്ചിട്ടില്ല. പുണ്യഗ്രന്ഥ പാരായണത്തില്‍നിന്ന് അറിവിലേക്കുള്ള വായനയെ ആധുനിക മതങ്ങള്‍ പരിപോഷിപ്പിച്ചു. ഇന്ത്യന്‍ സമൂഹങ്ങളുടെ മതാവസ്ഥ വായനയെയും സ്വാധീനിച്ചു. വായന ചില ജാതിവിഭാഗങ്ങളില്‍ മാത്രം കേന്ദ്രീകരിക്കുകയായിരുന്നു. വായനയിലൂടെയുണ്ടായ ബൗദ്ധിക വളര്‍ച്ച ചില ജാതികള്‍ക്ക് വായനയെ കുത്തകയാക്കാനുള്ള പ്രേരണ നല്‍കി. വിചാരപരമായ വളര്‍ച്ചയും സൗന്ദര്യാസ്വാദനവും വായനയെ ഒരു വരേണ്യവര്‍ഗ അവകാശമാക്കി. കീഴാള ജാതികളില്‍നിന്ന് വായനയെ പൂര്‍ണമായും എടുത്തുമാറ്റി. വായിക്കുന്നത് മാത്രമല്ല കേള്‍ക്കുന്നതുപോലും നിഷിദ്ധമാക്കുകവഴി ബൗദ്ധിക വികാസം ചില ജാതികളുടെ കുത്തകയാക്കി മാറ്റി; കീഴാളജാതികള്‍ക്ക് അതൊരു പാപവുമാക്കിത്തീര്‍ത്തു.
ജൂത-ക്രൈസ്തവ-ഇസ്‌ലാം മതങ്ങളുടെ വളര്‍ച്ച വായനയെ കുറച്ചൊന്നുമല്ല സ്വാധീനിച്ചിട്ടുള്ളത്. വിചിന്തനത്തിനും വിശകലനത്തിനും ആസ്വാദനത്തിനും പ്രാധാന്യമേകി. ഈ മതങ്ങളുടെ വളര്‍ച്ചയോടൊപ്പം ഗ്രന്ഥാലയങ്ങളും ഉണ്ടായത് മറ്റൊന്നുകൊണ്ടല്ല. ക്രിസ്ത്യാനികളിലൂടെ യൂറോപ്യന്‍ രാജ്യങ്ങളിലും, പിന്നീട് അവരുടെ കോളനി രാജ്യങ്ങളിലും വായന സാധാരണക്കാരിലേക്ക് നീങ്ങി. മിഷനറിമാര്‍ മതപ്രബോധനത്തിന് അക്ഷരങ്ങളുടെ സാധ്യതകള്‍ പരമാവധി ഉപയോഗിച്ചു. പല പ്രാദേശിക ഭാഷകളുടെയും ഭാഷകളിലെ ഗ്രന്ഥങ്ങളുടെയും ആരംഭത്തിന് അവര്‍ കാരണമായി. യൂറോപ്യന്‍ രാജ്യങ്ങളുടെ കോളനികളില്‍ വിദ്യാഭ്യാസ പ്രവര്‍ത്തകരും മിഷനറിമാരും പുസ്തക പ്രചാരണത്തിന് ഊന്നല്‍ നല്‍കി. മിഷനറിമാരുടെ വിദ്യാഭ്യാസ, ക്ഷേമ, മതപ്രബോധന പ്രവര്‍ത്തനങ്ങള്‍ ഭരണത്തിന്റെ ഭാഗമായി. പല ഏഷ്യന്‍-ആഫ്രിക്കന്‍- ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും പിന്നീട് മിഡില്‍ ഈസ്റ്റ്, സൗത്ത് ഈസ്റ്റ് രാജ്യങ്ങളിലും ഒരു ജനകീയ വായനാ സംസ്‌കാരം രൂപപ്പെടുന്നത് അങ്ങനെയാണ്.
'വായിക്കുക, നിന്റെ രക്ഷകര്‍ത്താവിന്റെ നാമത്തില്‍' എന്ന ആദ്യ വാചകവുമായി അവതരിപ്പിക്കപ്പെട്ട ഖുര്‍ആന്‍ ആദ്യം അറേബ്യന്‍ രാജ്യങ്ങളിലും പിന്നീട് മറ്റ് പലപ്രദേശങ്ങളിലും ഒരു പുതിയ സംസ്‌കൃതിക്ക് കാരണമാക്കി. ആദ്യകാലത്ത് കേള്‍വിയിലൂടെയും ചൊല്ലലിലൂടെയും, പിന്നീട് ലിഖിത ഭാഷകളിലൂടെയും അത് കൈമാറ്റം ചെയ്യപ്പെട്ടു. പില്‍ക്കാലത്ത് വായനക്ക് സ്ഥാപനവല്‍ക്കരണം നടന്നു. പ്രശസ്തങ്ങളായ ഗ്രന്ഥാലയങ്ങളുടെ നിര്‍മിതിയുണ്ടായി. ഇത്തരം ഗ്രന്ഥശേഖരങ്ങള്‍ സാംസ്‌കാരിക തലത്തില്‍ അത്യുന്നതമായ വികാസപരിണാമത്തെ പ്രതിനിധാനം ചെയ്യുകയായിരുന്നു. വായനയും വിചിന്തനവും ലോകത്തിന്റെ പലഭാഗങ്ങളിലുമെത്തി.
മുസ്‌ലിം സമൂഹങ്ങളുടെ വിഭിന്ന വായനകള്‍
ഇസ്‌ലാം വിളംബരം ചെയ്യുന്ന അടിസ്ഥാന പ്രമാണങ്ങള്‍ ഏത് ദേശത്തും ഒന്നാണെങ്കിലും മുസ്‌ലിം സമൂഹങ്ങള്‍ക്ക് ആഗോളാടിസ്ഥാനത്തില്‍ എമ്പാടും വൈജാത്യങ്ങളുണ്ട്. വിശ്വാസ പ്രമാണങ്ങളില്‍ ഐക്യരൂപം പ്രതിനിധാനം ചെയ്യുന്ന ഒരേ സമൂഹത്തിലെ മുസ്‌ലിംകള്‍ പോലും പലപ്പോഴും ആചാരങ്ങളില്‍ വേറിട്ടു നില്‍ക്കുന്നു. ഭൂമിശാസ്ത്രപരമോ സാമൂഹികമോ സാംസ്‌കാരികമോ ആയ ഘടകങ്ങള്‍ ഈ വൈജാത്യത്തിന് കാരണമാകുന്നു. ഇസ്‌ലാം സ്വീകരിക്കപ്പെട്ട സമൂഹങ്ങള്‍ അവരുടെ മുന്‍കാല സാമൂഹിക ജീവിതത്തിന്റെ പല സ്വഭാവ വിശേഷങ്ങളും പിന്‍പറ്റിപ്പോരുകയായിരുന്നു. ചിലപ്പോള്‍ പ്രാദേശികമായ സത്തകളെ ഇസ്‌ലാമിക ജീവിതവുമായി ബന്ധിപ്പിച്ചു. ചിലര്‍ സംയോജിപ്പിച്ചു. മുസ്‌ലിം സമുദായങ്ങളിലെ ജീവിതരീതികളിലെ വ്യത്യാസം പോലെ, ബൗദ്ധിക വ്യാപാരങ്ങളിലും വായനയിലും വ്യത്യാസങ്ങള്‍ ഉണ്ടായി. പ്രാദേശികവും വര്‍ഗപരവുമായ സ്വഭാവവിശേഷങ്ങള്‍ വായനയിലെ ഈ വ്യത്യാസപ്പെടുത്തലിന് ആക്കം കൂട്ടി.
പണ്ഡിതരോ പ്രബോധകരോ ഉള്‍ക്കൊള്ളുന്ന വര്‍ഗത്തിലും തുകല്‍പ്പണിയോ ലോഹപ്പണിയോ കൃഷിയോ നടത്തുന്ന വര്‍ഗങ്ങളിലും വായനക്ക് വ്യത്യസ്ത രൂപപരിണാമങ്ങളുണ്ടായി. ഇന്ത്യയില്‍ രൂപംകൊണ്ട മുസ്‌ലിം സമുദായങ്ങളിലും എഴുത്തിലും വായനയിലും ചിന്തയിലും വ്യത്യസ്ത ഭാവങ്ങള്‍ പ്രകടിപ്പിച്ചു. അവര്‍ക്കിടയിലെ വിവിധ വിഭാഗങ്ങള്‍ തൊഴില്‍ സംസ്‌കാരങ്ങള്‍ സ്വാംശീകരിച്ചു. തൊഴില്‍പരമായ വിദ്യാഭ്യാസം വായനയെ സ്വീകരിക്കാനോ നിരാകരിക്കാനോ കാരണമാക്കി. പ്രബോധകരും അധ്യാപകരുമടങ്ങുന്ന വര്‍ഗത്തിന് വായനയും പഠനവും സ്വീകാര്യമായി. ചെരുപ്പു പണിക്കാര്‍ക്കോ പടയാളികള്‍ക്കോ കൃഷിപ്പണിക്കാര്‍ക്കോ പരിചാരകര്‍ക്കോ കുലത്തൊഴിലിന്റെ പരിശീലനമായിരുന്നു പ്രഥമ വിദ്യാഭ്യാസം. ഇന്ത്യന്‍ മുസ്‌ലിംകളില്‍ പുസ്തകോപയോഗത്തിനും വായനക്കും സമുദായ ഭിന്നമായ ഒരു സാമൂഹികാന്തരീക്ഷം ഉണ്ടാവാന്‍ ഇത്തരം ചരിത്രപരവും സമൂഹശാസ്ത്രപരവുമായ ഘടകങ്ങള്‍ പ്രേരണയായി. നീണ്ട നാടുവാഴി-രാജഭരണവും ജന്മിത്ത വ്യവസ്ഥയും ബൗദ്ധിക വ്യവഹാരങ്ങളിലെ വൈജാത്യത്തിന് ദൃഢതയേറ്റി. ഭൂരിപക്ഷ മുസ്‌ലിംകളുടെ വായന പരിശുദ്ധാക്ഷരങ്ങളിലൂടെ മതവിശ്വാസത്തിലേക്കുള്ള പ്രവേശം മാത്രമായിരുന്നു. ഇന്ത്യന്‍ മുസ്‌ലിംകളില്‍ ന്യൂനാല്‍ ന്യൂനപക്ഷം മാത്രമേ ആധുനിക വിദ്യാഭ്യാസവും അതിലേക്കുള്ള ആവശ്യകതയായി വായനയും സ്വീകരിച്ചിട്ടുള്ളൂ. ദീര്‍ഘകാല വിദേശഭരണവും മിഷനറി പ്രവര്‍ത്തനങ്ങളും കൊണ്ട് ഇന്ത്യയിലെ മുസ്‌ലിംകളുടെ ഈ സാമൂഹിക സ്ഥിതിയില്‍ സാരമായ മാറ്റങ്ങളൊന്നുമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. മുസ്‌ലിംകളുടെ വായനാലോകത്ത് വരേണ്യവര്‍ഗവും കീഴാള വര്‍ഗങ്ങളും ജാതിസ്വഭാവങ്ങളോടെ നിലവില്‍വന്നു. വന്‍നഗരങ്ങളിലെ ബ്രിട്ടീഷ് സംസര്‍ഗം ചിലരുടെ ബൗദ്ധിക വ്യാപാരങ്ങളില്‍ മാറ്റം വരുത്തി. എന്നാല്‍ മൃഗീയഭൂരിപക്ഷം എഴുത്തിന്റെയും വായനയുടെയും ലോകത്ത് മുരടറ്റ് കിടന്നു. സാരമായ മാറ്റങ്ങളില്ലാതെ ഇവരുടെ സ്ഥിതി ഇപ്പോഴും തുടര്‍ന്നുപോരുന്നു.
കേരള മുസ്‌ലിംകള്‍
വായനയിലെ വര്‍ഗീകരണം
കേരളത്തില്‍ ഇസ്‌ലാം സമാധാനത്തിന്റെ സാഗരപാതയിലൂടെയാണ് വന്നെത്തിയത്. നൂറ്റാണ്ടുകളുടെ വ്യാപാര ബന്ധത്തിന്റെ ഉപോല്‍പ്പന്നമായാണ് മതസംസ്ഥാപനം കേരളക്കരയില്‍, പ്രത്യേകിച്ച് മലബാര്‍ ഭാഗങ്ങളില്‍ നടക്കുന്നത്. അക്കാലത്തെ മഹാരാജാവിനെപ്പോലും മാറ്റിയെടുക്കുന്നതിന് ഇസ്‌ലാം കാരണമായി. പിന്നീട് മലബാറിലെ രാജാക്കന്മാരുടെ സഹായങ്ങളോടെ മുസ്‌ലിം സമുദായം തീരപ്രദേശങ്ങളില്‍ വേരുകള്‍ പായിച്ചു തുടങ്ങി; തീരപ്രദേശത്തെ വ്യാപാര സംസ്‌കാരത്തോടിണങ്ങിക്കിടന്നു. പതിനേഴാം നൂറ്റാണ്ടുവരെ അടിസ്ഥാനപരമായി കച്ചവടസമൂഹത്തോട് ചേര്‍ന്ന തൊഴില്‍ വര്‍ഗങ്ങളായാണ് കേരളത്തിലെ മുസ്‌ലിംകള്‍ കഴിഞ്ഞുപോന്നത്. കച്ചവടം, നാവികസേന, മത്സ്യബന്ധനം എന്നീ മേഖലകളിലാണ് മുഖ്യമായും അവരുടെ സാമൂഹിക ജീവിതം കെട്ടിപ്പടുത്തിരുന്നത്. പതിനെട്ടാം നൂറ്റാണ്ടിലെ മൈസൂര്‍ രാജാക്കന്മാരുടെ വരവ് പുതിയൊരു ഫ്യൂഡല്‍ വ്യവസ്ഥ ഉത്തരകേരളത്തിലുണ്ടാക്കി. കേരളത്തിലെ കര്‍ഷക സമൂഹങ്ങളിലേക്ക് ഇസ്‌ലാമിനെ വ്യാപകമായി കൊണ്ടുചെന്നെത്തിക്കുന്നത് അപ്പോഴാണ്. മുസ്‌ലിം ജന്മികളും കര്‍ഷകത്തൊഴിലാളികളും അതിനു മുമ്പെ പിറന്ന കച്ചവടക്കാരും വായനക്ക് പുതിയൊരു ഭാഷയുണ്ടാക്കി. വാമൊഴിക്ക് മലയാളവും വായനക്ക് അറബിയക്ഷരങ്ങളുമൊരുക്കി ഒരു പുതിയ സങ്കരഭാഷ. മതപരമായ വായനക്ക് മാത്രമാണ് അറബിമലയാളം ഉപയോഗിച്ചത്. ദര്‍സുകളിലും പിന്നീട് മദ്‌റസകളിലും മതപഠനത്തിനുള്ള അറബി മലയാള വായന നടന്നു. പിന്നീട് കിതാബുകളും പാട്ടുകളും കിസ്സകളുമെല്ലാം രചിക്കപ്പെട്ടുവെങ്കിലും മുസ്‌ലിംകള്‍ പരക്കെ അത് വായിച്ചിരുന്നില്ല. ബൈത്തുകള്‍ ചൊല്ലിക്കൈമാറി മനഃപാഠമാക്കി സ്വീകരിച്ചെങ്കിലും ബൗദ്ധികമായ തലങ്ങളില്‍ ഇടപെടല്‍ നടത്തുന്ന ഒരു വായനക്ക് അറബിമലയാള കൃതികള്‍ കാരണമാക്കിയില്ല. ചെറിയൊരു ന്യൂനപക്ഷത്തില്‍ മാത്രമേ വിചിന്തനത്തിനും വിശകലനത്തിനും ലിഖിത ഭാഷ ഉപയോഗിച്ചിരുന്നുള്ളൂ; അതും മതപരമായ കാര്യങ്ങളില്‍ മാത്രം.
വൈദേശിക ഭരണത്തോടും ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തനങ്ങളോടുമുള്ള മനോഭാവം കേരള മുസ്‌ലിംകളെ ആധുനിക വിദ്യാഭ്യാസത്തില്‍നിന്നും അകറ്റിനിര്‍ത്താന്‍ കാരണമാക്കി. ഇംഗ്ലീഷ് വിദ്യാഭ്യാസം നിഷിദ്ധമാക്കപ്പെട്ടു. ബ്രിട്ടീഷ് ഭരണം കേരള മുസ്‌ലിംകളെ മുഖ്യധാരാ സമൂഹത്തില്‍നിന്ന് വേര്‍പ്പെടുത്താന്‍ വഴിയൊരുക്കി. 1921-ലെ മലബാര്‍ കലാപം ഈ വേര്‍തിരിവ് കൂടുതലാക്കി. ഇംഗ്ലീഷും മലയാളം പോലും ഭൂരിപക്ഷ മുസ്‌ലിംകളില്‍നിന്നും അന്യമായി കിടന്നു. ഒടുവില്‍ ബ്രിട്ടീഷ് ഭരണകാര്യങ്ങളില്‍ സംസര്‍ഗം വെച്ച് പുലര്‍ത്തിയിരുന്ന വരേണ്യവര്‍ഗത്തില്‍ മാത്രമാണ് പുതിയ വിദ്യാഭ്യാസത്തിന്റെ അലയൊലികളെത്തുന്നത്. ഭൂരിപക്ഷ സമുദായം അവരെ 'കാഫിറാ'ക്കി മുദ്രകുത്തി. വായനയുടെ സ്പര്‍ശവും അതിലേക്കുള്ള സാഹസിക സഞ്ചാരവും മുസ്‌ലിം ഭൂരിപക്ഷത്തിന് അപ്പോഴും നിഷിദ്ധമായി കിടന്നു.
കേരളമുസ്‌ലിംകളുടെ
വായനാമാറ്റം
കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയില്‍ പുസ്തകങ്ങളും വായനയും മെല്ലെ കേറിക്കൂടുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങള്‍ കഴിഞ്ഞാണ്. മുസ്‌ലിം നവോത്ഥാന പ്രസ്ഥാനത്തിന്റെ ശ്രമങ്ങളാലുണ്ടായ ഉണര്‍ച്ച ഇതിന് പ്രധാന പ്രേരണയായി. 1930-കളോടെ മലയാള ഭാഷയോടും ഇംഗ്ലീഷ് ഭാഷയോടും കേരള മുസ്‌ലിംകള്‍ വെച്ചുപുലര്‍ത്തിയിരുന്ന അയിത്താചരണത്തിന് മാറ്റം വന്നുതുടങ്ങി. ഇത് പൊതുവായ ഒരു മാറ്റമായിരുന്നില്ല. എന്നാല്‍ പല പ്രദേശങ്ങളിലും സമുന്നതരായ ചില നേതാക്കളാലും സ്വാധീനമേറെയുള്ള പ്രാദേശിക നേതാക്കളാലും ചിലര്‍ക്കിടയിലെങ്കിലും മാറ്റങ്ങളുണ്ടാക്കി. മലയാളമെഴുത്ത് മുസ്‌ലിംകള്‍ സ്വീകരിച്ചുതുടങ്ങി. ഇംഗ്ലീഷ് വായനയും അംഗീകരിക്കപ്പെട്ടു. ദേശീയ പ്രസ്ഥാനത്തിലെ മുസ്‌ലിം നേതൃത്വം ഇക്കാര്യത്തില്‍ ചെയ്ത സേവനം ശ്രദ്ധേയമാണ്. മക്തി തങ്ങള്‍, വക്കം മൗലവി, മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബ്, കെ.എം സീതി സാഹിബ്, സി.എന്‍ അഹ്മദ് മൗലവി തുടങ്ങിയവരുടെ വിവിധ മേഖലകളിലുള്ള പരിശ്രമങ്ങള്‍ കേരളീയ മുസ്‌ലിംകളുടെ സാംസ്‌കാരികതയിലുണ്ടാക്കിയ മാറ്റങ്ങള്‍ക്ക് അവിസ്മരണീയങ്ങളായ അടയാളപ്പെടുത്തലുകളായി.
'കാടത്തത്തില്‍നിന്ന് നാഗരികതയിലേക്ക്' കൈപിടിച്ചുയര്‍ത്താനെന്ന ആശയവുമായി ബ്രിട്ടീഷ് സര്‍ക്കാര്‍ മലബാര്‍ കലാപാനന്തരം ഉത്തരകേരളത്തില്‍ പലഭാഗങ്ങളിലും മാപ്പിള സ്‌കൂളുകള്‍ തുടങ്ങി. മദ്‌റസാ അധ്യാപകര്‍ക്ക് പരിശീലനം കൊടുക്കാനുള്ള ശ്രമങ്ങളുണ്ടായി. പൊതുവിദ്യാഭ്യാസത്തിന്റെ മതനിരപേക്ഷ തലങ്ങളിലേക്ക്, മുസ്‌ലിംകള്‍ സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലാണ് പ്രവേശിച്ചു തുടങ്ങുന്നത്; അതും ചെറിയൊരു ശതമാനം മുസ്‌ലിംകള്‍. അവര്‍ക്കിടയില്‍പോലും വിദ്യാഭ്യാസത്തിനപ്പുറം വായനയെ ഉയര്‍ത്തിയെടുക്കാനോ വായനയുടെ ഉദാത്തലോകത്തേക്ക് കൊണ്ടുപോകാനോ സാധിച്ചിരുന്നില്ല.
1950-കളോടെ സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പുരോഗമന മുസ്‌ലിം സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍, മുസ്‌ലിം എഴുത്തുകാര്‍, മുസ്‌ലിം സംഘടനകളുടെ പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയവയാണ് കേരളത്തിലെ മുസ്‌ലിംകളുടെ വായനയെ വളര്‍ത്താന്‍ ഏറെ കാരണമായിട്ടുള്ളത്. യാഥാസ്ഥിതിക വിഭാഗങ്ങളില്‍പോലും മാറ്റങ്ങള്‍ക്ക് ഈ പ്രവര്‍ത്തനങ്ങള്‍ വഴിയൊരുക്കി. മലയാള പ്രസിദ്ധീകരണങ്ങള്‍, വാരികയും മാസികയുമായി ഇന്ന് ധാരാളം. മുസ്‌ലിം സംഘടനകള്‍ മതപ്രബോധനത്തിനപ്പുറം ആശയവിനിമയത്തിനായി ദിനപത്രങ്ങള്‍, ആഴ്ചപ്പതിപ്പുകള്‍, വനിതാമാസികകള്‍, കുട്ടികള്‍ക്കുള്ള മാസികകള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു തുടങ്ങിയത് കഴിഞ്ഞ കാല്‍നൂറ്റാണ്ട് കാലത്തിനിടക്കാണ്. മതവിഭാഗങ്ങള്‍ക്കൊക്കെയും പ്രത്യേകമായ പുസ്തകപ്രസാധന പരിപാടികളുണ്ട്. വിജ്ഞാനഗ്രന്ഥങ്ങളും ജീവചരിത്രങ്ങളും ബാലസാഹിത്യകൃതികളും നോവലുകളും പുറത്തിറങ്ങുന്നു. സമ്മേളനങ്ങളോടൊപ്പം പുസ്തക പ്രകാശനം നിര്‍ബന്ധ പരിപാടിയായി മാറിയിരിക്കുന്നു. പൊതുവെ കേരളത്തിലുള്ള മുസ്‌ലിംകളുടെ വായനയും കഴിഞ്ഞ നാല് ദശകങ്ങള്‍ക്കുള്ളില്‍ ക്രമാനുസൃതമായ വളര്‍ച്ച സ്വരൂപിച്ചിരിക്കുന്നു.
കേരള മുസ്‌ലിംകളുടെ
വായനാസംസ്‌കാരം
കേരളത്തിലെ മുസ്‌ലിംകളുടെ വായനാ വിശേഷത്തെക്കുറിച്ച് ഗൗരവപ്പെട്ട പഠനങ്ങള്‍ നടന്നിട്ടില്ല. അനൗപചാരിക സ്ഥിതി വിവരക്കണക്കുകളോ ശ്രദ്ധേയമായ, വസ്തുനിഷ്ഠാപരമായ നിരീക്ഷണങ്ങളോ നടന്നിട്ടില്ല. എന്നാല്‍ വായനക്ക് മുസ്‌ലിംകള്‍ നല്‍കുന്ന സ്ഥാനം ഈ അനാസ്ഥ തന്നെ വെളിവാക്കുന്നു. കേരളത്തിലെ, പ്രത്യേകിച്ച് വലിയ ശതമാനം മുസ്‌ലിംകള്‍ ഭാഗമായ പ്രദേശങ്ങളിലെ വായനയോടുള്ള മനോഭാവം നിരാശാജനകമാണ്.
പൊതുഗ്രന്ഥാലയങ്ങള്‍ക്ക് മുസ്‌ലിംകള്‍ പ്രാധാന്യം നല്‍കിയിട്ടില്ല. കോട്ടയത്തോ കൊല്ലത്തോ തിരുവനന്തപുരത്തോ കോഴിക്കോട്ടോ ഉള്ള വിധം ഒരു പബ്ലിക് ലൈബ്രറി മലപ്പുറത്ത് സ്ഥാപിക്കാനുള്ള ആലോചനപോലും നടന്നതായറിവില്ല. മുസ്‌ലിംകള്‍ താമസിക്കുന്ന പ്രദേശങ്ങളിലെ ഗ്രന്ഥാലയങ്ങളില്‍ മുസ്‌ലിം പ്രാതിനിധ്യം സംഘാടകരായും വായനക്കാരായും കുറവാണ്. ഹൈന്ദവ-ക്രൈസ്തവ സഹോദരങ്ങളുടെ ഔദാര്യംകൊണ്ടോ കോണ്‍ഗ്രസ്-കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പ്രവര്‍ത്തനം കൊണ്ടോ ആണ് മുസ്‌ലിംകള്‍ കൂടി താമസിക്കുന്ന പ്രദേശങ്ങളില്‍ പൊതുവായനശാലകളും ഗ്രന്ഥാലയങ്ങളും സജീവമായി പ്രവര്‍ത്തിക്കുന്നത്. ഗ്രന്ഥശാലാസംഘം, ലൈബ്രറി കൗണ്‍സില്‍ തുടങ്ങിയവയും സര്‍ക്കാര്‍ ഫണ്ടും ഇല്ലെങ്കില്‍ പല പ്രാദേശിക ലൈബ്രറികളിലും പുസ്തകങ്ങള്‍ വാങ്ങുക എന്നത് ഒരപൂര്‍വ സംഭവമായിരിക്കും. വായനശാലകള്‍ ബൗദ്ധികമായ വളര്‍ച്ചക്കുതകുന്ന പ്രകടനമോ ഊര്‍ജ വിനിയോഗമോ കാര്യമായി നടത്താറില്ല. മറ്റ് പലവിധ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം കൊടുക്കുന്ന മുസ്‌ലിംകളുടെ ഉദാരമനസ്‌കത വായനയുടേയോ ചിന്തയുടേയോ ലോകത്തേക്ക് നീങ്ങുന്നില്ല.
ലൈബ്രറിയിലെ അംഗത്വ രജിസ്റ്റര്‍ വായനയിലെ മുസ്‌ലിം വൈമുഖ്യം വ്യക്തമാക്കും. സൗകര്യങ്ങളുണ്ടായിട്ടുപോലും മുസ്‌ലിം വിദ്യാര്‍ഥികളില്‍ ലൈബ്രറി ഉപയോഗം കുറവാണ്. ഉയര്‍ന്ന മാര്‍ക്ക് നേടി മെച്ചപ്പെട്ട കലാലയങ്ങളിലെത്തുന്ന വിദ്യാര്‍ഥികളില്‍ മഹാഭൂരിപക്ഷത്തിന് കലാലയ ലൈബ്രറി അംഗത്വമല്ലാതെ പൊതു ലൈബ്രറികളില്‍ അംഗത്വമില്ല. പാഠപുസ്തകത്തിനോ പഠനാവശ്യത്തിനോ അപ്പുറമുള്ള വായന ഭൂരിപക്ഷ കേരള മുസ്‌ലിം യുവതക്ക് പോലും അന്യമെന്ന് സാരം. അഥവാ കോളേജ്-സ്‌കൂള്‍ ലൈബ്രറികളില്‍ അംഗത്വമുണ്ടെങ്കില്‍ തന്നെ അവ എത്രത്തോളം ഉപയോഗിക്കുന്നുവെന്നതും കണ്ടെത്തേണ്ട കാര്യം തന്നെ.
മഹല്ല് തലങ്ങളിലോ പള്ളികളിലോ പുസ്തക ശേഖരങ്ങളൊരുക്കുന്നത് അടുത്തകാല പ്രവര്‍ത്തനമാണ്. കഴിഞ്ഞ കാല്‍നൂറ്റാണ്ട് കാലത്തിനിടക്ക് പലയിടങ്ങളിലും തുടങ്ങിയ ഇത്തരം സംരംഭങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് മുസ്‌ലിം സംഘടനകളാണ്. സംഘടനാപരമായ പരിമിതികളും സങ്കുചിതത്വവും സഹോദര സംഘടനകളുടെ മെച്ചപ്പെട്ട ഗ്രന്ഥങ്ങള്‍പോലും ഈ ശേഖരത്തിലേക്ക് മുതല്‍ക്കൂട്ടാന്‍ തടസ്സം നില്‍ക്കുന്നു. പലപ്പോഴും നിരുത്സാഹപ്പെടുത്തുകയാണ് ചെയ്യുന്നത്. സംഘടനകളുടെ ആശയങ്ങള്‍ക്കപ്പുറം ഒരുലോകം കൈമാറ്റം ചെയ്യാന്‍ ഈ ഗ്രന്ഥശേഖരം മാര്‍ഗമാവുന്നില്ല. ചിലപ്പോള്‍ ഈ ഗ്രന്ഥശേഖരം സഹോദര സംഘടനകള്‍ക്കെതിരെയുള്ള അഭിപ്രായരൂപീകരണത്തിനാണ് വിനിയോഗിക്കുന്നത്; നടത്തിപ്പുകാര്‍ ലക്ഷ്യമാക്കുന്നതും മറ്റൊന്നല്ല. മറ്റൊരര്‍ഥത്തില്‍ ഇത്തരം ഗ്രന്ഥശേഖരങ്ങള്‍ സങ്കുചിതത്വം വളര്‍ത്തിയെടുക്കുകയും വായനയുടെ അനന്തമായ സാധ്യതകള്‍ നിരാകരിക്കാനിടവരുത്തുകയും ചെയ്യുന്നു. വ്യത്യസ്ത ആശയങ്ങളും ചിന്താസരണികളും വായനയില്‍നിന്ന് സ്വാംശീകരിച്ച് മികവുറ്റ സംഘാടകരോ എഴുത്തുകാരോ ചിന്തകരോ ആക്കി മാറ്റാന്‍ പള്ളി-മഹല്ല് ഗ്രന്ഥശേഖരങ്ങള്‍ക്ക് സാധിക്കുന്നില്ല. മുഖ്യധാരയിലേക്ക് പ്രവേശിച്ച് ആരുമായും അഭിമുഖീകരിക്കാനുള്ള കുറച്ചുപേരെയെങ്കിലും വാര്‍ത്തെടുക്കാനും ഇതുകൊണ്ട് കഴിയുന്നില്ല. ഇത്തരം മുസ്‌ലിം പ്രാദേശിക ഗ്രന്ഥശേഖരങ്ങള്‍ സമുദായത്തിന്റെ വിശാല തലങ്ങളിലെ വികസനം സാധ്യമാക്കാത്ത ഒരുതരം സങ്കുചിത സാക്ഷരതയെയാണ് പൊതുവെ നിര്‍മിച്ചു കൊണ്ടിരിക്കുന്നത്.
സംഘടനാ
പ്രസിദ്ധീകരണങ്ങളുടെ വായന
മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ ആഗോളാടിസ്ഥാനത്തിലുള്ള മുസ്‌ലിം പ്രശ്‌നങ്ങളും ദേശീയാടിസ്ഥാനത്തിലുള്ള ന്യൂനപക്ഷ പ്രശ്‌നങ്ങളും അറിയിക്കുന്നതിന് സഹായകമാവുന്നു. സാമ്രാജ്യത്വവിരുദ്ധ നിലപാട് എടുക്കുന്നതിന് ഈ വായന വഴിവെക്കുന്നു. എന്നാല്‍ മുസ്‌ലിം രാഷ്ട്രങ്ങളെക്കുറിച്ചുള്ള സ്വതന്ത്രമായ ഒരു വിശകലനം പലകാരണങ്ങളാല്‍ ഈ പ്രസിദ്ധീകരണങ്ങള്‍ നല്‍കുന്നില്ല. പ്രസിദ്ധീകരണങ്ങളുടെ ഈ മൗനം വായനക്കാര്‍ മനസ്സിലാക്കാനും മുതിരാറില്ല. ഇത്തരം പ്രസിദ്ധീകരണങ്ങള്‍ക്ക് രാഷ്ട്രീയവും സംഘടനാപരവുമായ കാരണങ്ങളാല്‍ ഐക്യഭാവം പ്രകടിപ്പിക്കാറില്ല. ഇത്തരം കാര്യങ്ങളില്‍ മുസ്‌ലിം വായനയിലൂടെ സംഘടനാ വിദ്യാഭ്യാസം മാത്രമാണ് നല്‍കപ്പെടുന്നത്. വൈകാരികമായ വിധേയത്വം വെച്ചുപുലര്‍ത്തുന്ന ആശ്രിത സംസ്‌കാരത്തെയാണ് പൊതുവെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നത്. വായനയുടെ ഉന്നതസാധ്യതകള്‍ സ്പര്‍ശിക്കാതെ കിടക്കുന്നു.
വായന: മുസ്‌ലിം മനോഭാവം
മുസ്‌ലിം വീടുകളില്‍ വായനക്കോ പഠനത്തിനോ പ്രത്യേകമായ മുറികളോ സ്ഥലമോ നല്‍കാറില്ല. പുതിയ കാലത്തെ ഗൃഹനിര്‍മാണത്തില്‍, സാമ്പത്തികമായി സാധിക്കുന്നവര്‍പോലും വായനക്കൊരിടം വേണമെന്നോ പുസ്തകങ്ങള്‍ സൂക്ഷിക്കാന്‍ അലമാരവേണമെന്നോ നിര്‍ദേശിക്കാറില്ലെന്ന് ആര്‍ക്കിടെക്ടുകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഹോം ലൈബ്രറി എന്ന സങ്കല്‍പം പൊതുവെ കേരളീയര്‍ക്കില്ല. മുസ്‌ലിംകള്‍ക്ക് ഒട്ടുമില്ല. കുട്ടികള്‍ ജനിക്കും മുമ്പെ കളിപ്പാട്ടങ്ങളും ഉടുപ്പുകളും വാങ്ങിവെക്കുന്നവര്‍, കുട്ടികള്‍ വളര്‍ന്ന് വരുമ്പോള്‍ പോലും ഹോം ലൈബ്രറിയെക്കുറിച്ച് ആലോചിക്കാറില്ല. ഒരുപക്ഷേ, ഇരുപത്തഞ്ചോളം നല്ല ബാലസാഹിത്യ കൃതികള്‍ കുട്ടികളില്‍ വായനാതാല്‍പര്യം ഉണര്‍ത്താന്‍ മതിയാകുമെന്ന് പലരക്ഷിതാക്കള്‍ക്കുമറിയില്ല. ഭക്ഷണത്തിനും വസ്ത്രത്തിനും ആഭരണങ്ങള്‍ക്കും കേരള മുസ്‌ലിംകള്‍ ചെലവഴിക്കുന്ന തുകയുടെ നൂറിലൊരംശം പുസ്തകങ്ങള്‍ക്ക് ചെലവഴിച്ചിരുന്നെങ്കില്‍ നിലംപതിച്ച് കിടക്കുന്ന വായനാ സംസ്‌കാരത്തില്‍ ചെറിയൊരു മാറ്റമെങ്കിലും ഉണ്ടാക്കാനാവുമായിരുന്നു.
കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ സമ്മാനമായി നല്‍കുന്ന സമ്പ്രദായം മുസ്‌ലിം സ്‌കൂളുകളില്‍ പോലും അപൂര്‍വമാണ്. കുട്ടികള്‍ പഠനത്തിലോ മറ്റ് കാര്യങ്ങളിലോ മികവ് കാണിക്കുമ്പോള്‍ അവര്‍ക്ക് നല്‍കാനാവുന്ന ഉചിതമായ സമ്മാനം പുസ്തകങ്ങളാണെന്ന് രക്ഷിതാക്കളും കണക്കാക്കുന്നില്ല. വായനാസംസ്‌കാരം വളര്‍ത്താന്‍ ഇനി അഥവാ ആരെങ്കിലും പുസ്തകങ്ങള്‍ സമ്മാനമായി കൊടുത്താല്‍ കുട്ടികള്‍ക്കോ രക്ഷിതാക്കള്‍ക്കോ ആഹ്ലാദകരമായ ഒരനുഭവമല്ല.
പുസ്തകങ്ങള്‍ വാങ്ങി വായിക്കുകയും സുഹൃത്തുക്കള്‍ക്കിടയിലോ കുടുംബാംഗങ്ങള്‍ക്കിടയിലോ കൈമാറ്റം നടത്തുകയും ചെയ്യുന്ന ഒരു ജീവിതശൈലി കേരളീയര്‍ക്കില്ല. ഇത്തരം സംരംഭങ്ങള്‍ മഹല്ല് തോറും തുടങ്ങേണ്ടതിന്റെ ആവശ്യകത ഏറെയാണ്. പ്രത്യേകിച്ച് കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമുള്ള ഗ്രന്ഥങ്ങളുടെ വിതരണം മുസ്‌ലിം പ്രദേശങ്ങളുടെ ഒരനിവാര്യതയാണ്. പുതിയ വിദ്യാഭ്യാസ സമ്പ്രദായത്തിന് അനുയോജ്യമായ വിധം വായനയിലൂടെ ഒരനുശീലനം സാധ്യമാക്കുക എന്നതാണ് പ്രധാനം.
വായനക്ക് വിനിയോഗിക്കുന്ന സമയം മുസ്‌ലിം വീടുകളില്‍ വളരെ പരിമിതമാണ്. കല്യാണം, ആഘോഷങ്ങള്‍, സല്‍ക്കാരങ്ങള്‍ എന്നിവക്ക് നല്‍കുന്ന സമയവും താല്‍പര്യവും വായനക്കോ പഠനത്തിനോ നല്‍കാറില്ല. ദിനചര്യയെ ചിട്ടപ്പെടുത്തുമ്പോള്‍ വായനക്ക് സമയം കുറിക്കാറില്ല. ടെലിവിഷന്‍ ചാനലുകള്‍, കമ്പ്യൂട്ടര്‍ ഗെയിമുകള്‍ തുടങ്ങിയവ ഗൃഹാന്തരീക്ഷം കീഴടക്കിയതോടെ വായനാ നിരാകരണം പൂര്‍ണമായിത്തീരുന്നു.
മുസ്‌ലിംകളുടെ വായന: സവിശേഷ സ്വഭാവങ്ങള്‍
ഈ സാഹചര്യങ്ങളും ജീവിത ശൈലിയും പരിശോധിക്കുമ്പോള്‍ മുസ്‌ലിംകളുടെ വായനയുടെ ചില സവിശേഷ സ്വഭാവങ്ങള്‍ കാണാനാവുന്നു:
1. ന്യൂനാല്‍ ന്യൂനപക്ഷമേ നോവല്‍, കഥ, കവിത, നാടകം തുടങ്ങിയ മേഖലകളിലെ ഗ്രന്ഥങ്ങള്‍ വായിക്കുന്നുള്ളൂ. കവിതകള്‍ വളരെ വിരളമായി വായിക്കുന്നു. പ്രചുര പ്രചാര വാരികകളിലെയോ മാസികകളിലെയോ രചനകളാണ് പ്രധാനമായും വായിക്കുന്നത്.
2. വായനയുടെ ഫലവത്തായ ഒരു പരിണതി മുസ്‌ലിം വായനക്കാര്‍ക്ക് പൊതുവെ ഉണ്ടാക്കാനാവുന്നില്ല. കഥകളും നോവലുകളും വായിക്കുന്ന മുസ്‌ലിംകള്‍ പരമാവധി വായിച്ചത് ബഷീര്‍, തകഴി കൃതികളാണ്. അവരുടെ തന്നെ അധികം ഗ്രന്ഥങ്ങള്‍ വായിച്ചിട്ടില്ല. വൈവിധ്യപൂര്‍ണമായ ഒരു കഥാവായന ഇക്കൂട്ടര്‍ക്കില്ല. ആധുനിക സാഹിത്യത്തിലേക്ക് വായന പ്രവേശിക്കുന്നേയില്ല. നിരൂപണങ്ങളോ വിമര്‍ശന കൃതികളോ വായിക്കാറേയില്ല.
3. പുത്തന്‍ തലമുറയിലുള്ള വായനക്കാര്‍, കഴിഞ്ഞ രണ്ട് തലമുറകളിലുള്ള വായനക്കാരേക്കാള്‍ പിന്നോട്ട് പോകുന്നത് കാണാനാവുന്നു. വായനയെ വ്യക്തിത്വ വികസനത്തിന്റെ ഒരു പ്രധാന ഘടകമായി പുതിയ തലമുറ പൊതുവെ കണക്കാറില്ല. അവര്‍ക്ക് ഓര്‍മയില്‍ സൂക്ഷിക്കാന്‍ അഞ്ച് ഗ്രന്ഥങ്ങളുടെ പേരുകള്‍ പോലും ഇല്ല.
4. വിദ്യാഭ്യാസ കാലത്തെ പാഠപുസ്തകങ്ങളോ റഫറന്‍സ് ഗ്രന്ഥങ്ങളോ ആണ് ഭൂരിപക്ഷ മുസ്‌ലിംകളുടെയും വായനാവിഭവം. അതിനപ്പുറമുള്ള വായന പ്രധാനമായും മതസംഘടനകള്‍ പ്രസിദ്ധീകരിക്കുന്ന ഗ്രന്ഥങ്ങളാണ്. മതഗ്രന്ഥങ്ങള്‍ക്കപ്പുറം മുസ്‌ലിം രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന ഗ്രന്ഥങ്ങളാണ് സംഘടനകള്‍ പ്രസിദ്ധീകരിക്കുന്നത്.
5. മലയാളികള്‍ ദിനപത്ര വായന മുടങ്ങാതെ നടത്തുന്നുണ്ട്. മുസ്‌ലിംകളില്‍ ഭൂരിപക്ഷം ഒന്നോ രണ്ടോ ദിനപത്രങ്ങള്‍ വായിക്കുന്നു. ഏറെപ്പേരും വായിക്കുന്നത് മുസ്‌ലിം സംഘടനകള്‍ പ്രസിദ്ധീകരിക്കുന്ന ഏതെങ്കിലുമൊരു ദിനപത്രമാണ്.
6. വാരികകളും മാസികകളും മുസ്‌ലിംകള്‍ പൊതുവെ വായിക്കുന്നുണ്ട്. എന്നാല്‍ വായന പ്രധാനമായും മുസ്‌ലിം സംഘടനകള്‍ പ്രസിദ്ധീകരിക്കുന്ന വാരികകളോ മാസികകളോ ആണ്. ഗൗരവപ്പെട്ട വായനക്ക് മറ്റ് ആഴ്ചപ്പതിപ്പുകളോ മാസികകളോ ഉപയോഗിക്കുന്നവര്‍ വിരളമാണ്.
7. മതനിരപേക്ഷ വിഷയങ്ങള്‍, ശാസ്ത്രസാങ്കേതിക മേഖലകളിലെ വിശകലനങ്ങള്‍, കലാസാഹിത്യ നിരൂപണങ്ങള്‍ തുടങ്ങിയവ ഭൂരിപക്ഷ മുസ്‌ലിംകളും വായിക്കാറില്ല.
8. വിജ്ഞാനഗ്രന്ഥങ്ങള്‍, ജീവചരിത്ര കൃതികള്‍ എന്നിവ താരതമ്യേന കേരള മുസ്‌ലിംകളില്‍ പലരും വായിക്കുന്നുണ്ട്. എന്നാല്‍ ഒരു തൊഴില്‍ നേടുന്നതോടെ ഈ വായനയും കുറയുകയോ ഇല്ലാതാവുകയോ ചെയ്യുന്നു.
9. വായനയെ വളര്‍ത്തിയെടുക്കുന്നതിനോ പ്രോത്സാഹിപ്പിക്കുന്നതിനോ ഉതകുന്ന സംരംഭങ്ങള്‍ മുസ്‌ലിം വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലോ നടത്താറില്ല. ബുക് ക്ലബ്, റീഡേഴ്‌സ് ക്ലബ്, വായനാ മത്സരം തുടങ്ങിയവക്ക് പാഠ്യേതര വിഷയങ്ങളില്‍ വലിയ പ്രാധാന്യം കൊടുക്കാറില്ല. മുന്‍കാലങ്ങളിലുണ്ടായിരുന്ന കൈയെഴുത്തു മാസികാ പ്രവര്‍ത്തനം പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പാടെ നിലച്ചിരിക്കുന്നു.
10. ഇലക്‌ട്രോണിക് മാധ്യമങ്ങളിലൂടെ വായന മുസ്‌ലിംകള്‍ക്കിടയില്‍ കൂടുന്നുണ്ട്. വിദ്യാര്‍ഥികള്‍ ഇ-റീഡിംഗ് അസൈന്‍മെന്റുകളുടെയും പ്രോജക്ടുകളുടെയും ഒരുക്കൂട്ടലിനാണ് ഉപയോഗിക്കുന്നത്. ഇസ്‌ലാമിനെക്കുറിച്ചുള്ള വാര്‍ത്തകളോ വിശേഷങ്ങളോ ആണ് ഇന്റര്‍നെറ്റിലൂടെ കൂടുതല്‍ കൈമാറ്റം ചെയ്യപ്പെടുന്നത്. ഇത്തരം ഫോര്‍വേര്‍ഡഡ് മെസേജുകള്‍ പലപ്പോഴും വായിക്കാതെ മെയില്‍ ബോക്‌സുകളില്‍ കെട്ടിക്കിടക്കുന്നു. സ്വതന്ത്രമായ വിശകലനത്തിന് ഇന്റര്‍നെറ്റ് പൊതുവെ ഉപയോഗിക്കപ്പെടുന്നില്ല.
വസ്തുനിഷ്ഠാപരമായ അന്വേഷണം കേരള മുസ്‌ലിംകളുടെ വായനാസംസ്‌കാരത്തെ കുറിച്ച് നിരാശപ്പെടുത്തുന്ന ചിത്രമാണ് വെളിപ്പെടുത്തുന്നത്. അറുപതുകളില്‍ പ്രതീക്ഷ നല്‍കി ശേഷം ആശാവഹമായ തലങ്ങളിലേക്ക് ഉയര്‍ന്നിട്ടില്ല. ഗള്‍ഫിലേക്കുള്ള കേരള മുസ്‌ലിംകളുടെ തൊഴില്‍പരമായ കുടിയേറ്റം പുതിയൊരു വായനാസംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ കാരണമാക്കിയിട്ടില്ല. പല മേഖലകള്‍ക്കും അനുകൂലമായ മാറ്റത്തിന് വഴികുറിച്ച ഗള്‍ഫ് സമ്പന്നത പുതിയ തലമുറയുടെ പോലും വായനയെ പരിപോഷിപ്പിക്കാന്‍ തക്ക ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിയിട്ടില്ല.
അധികം വായിച്ചാല്‍ 'തല തിരിഞ്ഞു' പോകുമെന്നുള്ള പ്രമാണങ്ങള്‍ കേരളീയ മുസ്‌ലിംകള്‍ക്കിടയില്‍ പല പ്രദേശങ്ങളിലും നിലനിന്നിരുന്നു. വായനയോടുള്ള ഒരു സമുദായത്തിന്റെ മനോഭാവം ഈ ധാരണകളില്‍ വ്യക്തമാണ്. വായിക്കുന്നവരോട്, വായനയിലൂടെ മനനം നടത്തുന്നവരോട് മുസ്‌ലിം യാഥാസ്ഥിതികത പ്രോത്സാഹനാജനകമായ നിലപാട് വെച്ചു പുലര്‍ത്തിയിട്ടില്ല. ഈ മനോഭാവത്തിന് മാറ്റം വരാതെ മുസ്‌ലിം സമുദായത്തിലേക്ക് പുസ്തകങ്ങളുടെ നൂതനലോകം പ്രവേശിക്കാനിടയില്ല. ഒരു വ്യക്തിയുടെ ആന്തരിക വളര്‍ച്ചക്ക് വായനയും വിചിന്തനവും ആവശ്യമാണെന്ന തിരിച്ചറിയലില്‍നിന്നേ സാരമായ മാറ്റങ്ങളുടെ സമാരംഭം കുറിക്കപ്പെടൂ. ഇത്തരമൊരു പിന്നാക്കാവസ്ഥയെ കുറിച്ച്, ദുര്‍ബല വശത്തെക്കുറിച്ച് വെളിപ്പെടുത്തുന്നതിനെ അതിവൈകാരികതയോടെയോ പുഛത്തോടെയോ സമീപിക്കുന്ന മനസ്സ് വായനാരഹിതമായ ഒരവസ്ഥയുടെ സൃഷ്ടി കൂടിയാണ്. മുഖ്യധാരാ സമൂഹത്തില്‍ മറ്റ് സമുദായങ്ങളോട് താരതമ്യ വിശകലനം നടത്തുമ്പോഴായിരിക്കും സാംസ്‌കാരിക രംഗത്തെ മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥ മനസ്സിലാക്കാനാവുക. ആത്മവിശകലനത്തിന് മുതിരാതിരിക്കുകയും തിരുത്തലുകള്‍ നടത്താതിരിക്കുകയും ചെയ്യുന്നതും വായനയുടെ ഉന്നതസംസ്‌കാരം കേരളത്തിലെ മുസ്‌ലിംകള്‍ നേടിയെടുക്കാത്തതുകൊണ്ടാണ്.
എന്‍.പി ഹാഫിസ് മുഹമ്മദ് 9847553763
nphafiz@gmail.com

Comments

Other Post