Prabodhanm Weekly

Pages

Search

2009 അറുപതാം വാര്‍ഷികപ്പതിപ്പ്‌

വായന , വിമര്‍ശനം

പ്രഫ. എ.പി അബ്ദുല്‍ വഹാബ്‌

കുട്ടിക്കാലത്താണ് വൈലോപ്പിള്ളിയുടെ 'മാമ്പഴം' ആദ്യമായി ചൊല്ലിക്കേള്‍ക്കുന്നത്. ഉണ്ണികള്‍ വിരിയും മുമ്പേ മാവിന്‍ പൂവൊടിച്ചു കളഞ്ഞ കുസൃതിക്കുരുന്നിനെ അമ്മ ശകാരിച്ചതും വീര്‍ത്ത മുഖവുമായി അവന്‍ പിണങ്ങിപ്പോയതും അകാലത്തില്‍ മരണം അവനെ റാഞ്ചിയെടുത്തതും നിറഞ്ഞ കണ്ണുകളോടെ കേട്ടിരുന്നത് ഇന്നുമോര്‍ക്കുന്നു. പിന്നീടെത്ര തവണ ആ കവിത ചൊല്ലുകയും ചൊല്ലിക്കേള്‍ക്കുകയും ചെയ്തുവെന്നതിന് ഒരു തിട്ടവുമില്ല. വൈലോപ്പിള്ളിക്കവിതകളോട് തന്നെ എന്തെന്നില്ലാത്ത ഒരു താല്‍പര്യമുണ്ടാക്കിയത് തീര്‍ച്ചയായും 'മാമ്പഴ'മാണ്.അതേ പ്രകാരം മനസ്സിനെ ഉലച്ചുകളഞ്ഞ മറ്റൊരു വായനയായിരുന്നു ഡോ. തകാഷിയുടെ 'ഹിരോഷിമ'. സാമ്രാജ്യത്വത്തിന്റെ കിരാതത്വത്തത്തോട് കടുത്ത വെറുപ്പ് തോന്നിപ്പിച്ചത് മറ്റെന്തിനേക്കാളുമാദ്യം 'ഹിരോഷിമ'യായിരുന്നു. വായനക്ക് ആഴത്തില്‍ സ്വാധീനമുണ്ടാക്കാനാവുമെന്നത് തികച്ചും അനുഭവിച്ചറിഞ്ഞ സത്യം. കഥാകുലപതിയായ ആര്‍.കെ നാരായണന്‍ അക്കാര്യം ചൂണ്ടിക്കാണിക്കുന്നുണ്ട്. തന്റെ ആത്മകഥാ കുറിപ്പില്‍. ഗ്രാമത്തില്‍ പ്രധാനാധ്യാപകനായിരുന്ന അഛന്‍ സഞ്ചിയിലിട്ട് കൊണ്ടുവരുന്ന തപാലുരുപ്പടി(പത്രമാസികകളും പുസ്തകങ്ങളും)കളത്രയും ഓരോ രാത്രിയും വായിച്ചുതീര്‍ക്കുന്ന പതിവ് ശീലത്തിലൂടെയാണ് എഴുത്തിന്റെ തലത്തിലേക്ക് അദ്ദേഹത്തിന്റെ മഹാ പ്രതിഭ നടത്തമാരംഭിച്ചത്. വായിച്ചുതീര്‍ക്കുന്ന പുസ്തകങ്ങളില്‍ പലതും ഹൃദയത്തില്‍ ആഴത്തില്‍ പതിയുന്നവയായിരുന്നു.
അക്ഷരങ്ങള്‍ വായിച്ചെടുക്കുന്നത് മാത്രമല്ലല്ലോ വായന. ആശയങ്ങള്‍ ഗ്രഹിക്കുന്നതും ആളെ മനസ്സിലാക്കുന്നതും വേദിയില്‍ ദൃശ്യം കാണുന്നതും സ്‌ക്രീനില്‍ കണ്ണും കാതും പതിക്കുന്നതും വായനയാണ്. വായന എന്ന സംജ്ഞയുടെ വ്യത്യസ്ത അര്‍ഥതലങ്ങളാണിവ. ഈ പ്രക്രിയയാകട്ടെ, വ്യക്തികള്‍ക്കനുസരിച്ച് വ്യത്യസ്ത തോതും മാനവും സ്വീകരിക്കുന്നവയുമാണ്. ഓരോ കൃതിയും ഓരോ തരം വായനക്കാരനെ മുന്നില്‍ കാണുന്നുണ്ട്. സ്വന്തം വായനക്കാരന് വസ്തുതകളെ വിശകലനം ചെയ്യാനുള്ള ഓരോ തരം 'ഫ്രെയി'മുകളാണ് ഓരോ കൃതിയും നല്‍കുന്നത്. ഈ ഫ്രെയിമുകളുപയോഗിച്ചുകൊണ്ടാണ്, വായനക്കാരന്‍ പുസ്തകത്തെ/ പ്രസിദ്ധീകരണത്തെ 'വായിച്ചെടുക്കു'ന്നത്. വായിക്കപ്പെടുന്നതില്‍ സത്യമുണ്ടെന്നും മറിച്ചും മാന്യവായനക്കാരന്‍ നിഗമനത്തിലെത്തുന്നതും ഈ ഫ്രെയിമുകളുപയോഗിച്ചുകൊണ്ടുതന്നെ. ഫ്രഞ്ച് വിമര്‍ശകനായ റൊളാണ്ട് ബാര്‍ത്ത് അഞ്ചു 'കോഡു'കളായി ഇവയെ വിശദീകരിച്ചിട്ടുണ്ട്- പ്രൊരറ്റിക് കോഡ്, ഹെര്‍മന്യൂട്ടിക്ക് കോഡ്, കള്‍ച്ചറല്‍ കോഡ്, സെമിക് കോഡ്, സിംബോളിക് കോഡ്- ഈ വിശകലനത്തെ അംഗീകരിച്ചാലും ഇല്ലെങ്കിലും വായിക്കപ്പെടുന്നതിന്റെ സ്വീകാര്യതയെ നിര്‍ണയിക്കുന്നതില്‍ വായനക്കാരന്‍ ഒരു പ്രധാന ഘടകമാണെന്ന് വരുന്നു.
അതുകൊണ്ടാണ്, എപ്രകാരമാണ് വായന എന്ന ചോദ്യം പ്രസക്തമാവുന്നത്. ശാരീരികവും ബൗദ്ധികവും വൈകാരികവുമായ ഒരു പ്രക്രിയയാണ് വായന. ഈ മൂന്ന് തലങ്ങളില്‍ ഏതവഗണിക്കപ്പെട്ടാലും 'ശരിയായ വായന' സംഭവിക്കാതെ പോകുന്നു. ഉത്തമ വായനക്ക് നാലു ഉപാധികളുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തെരഞ്ഞെടുക്കല്‍ (selection), ഉദ്ദേശ്യം (purpose), സമീപനം (stratagies), സന്ദര്‍ഭോചിതമായ അര്‍ഥഗ്രാഹ്യത(contextual understanding). ഈ ഉപാധികളംഗീകരിക്കാതെ വാരിവലിച്ച് വായിക്കുമ്പോള്‍ അത് അപവായനയോ അധമവായനയോ ആയി മാറും. മുന്‍വിധികള്‍ വെച്ചുകൊണ്ടും ഉള്‍ക്കൊള്ളരുതെന്നുദ്ദേശിച്ചുകൊണ്ടും നടത്തുന്നവയാണ് വക്ര വായനയായും പ്രതിവായനയായും മാറുന്നത്. ഏത് മാനദണ്ഡമെടുത്താലും ഇത്തരം വായനകളൊന്നും ഉത്തമ വായനകളല്ല.
പ്രബോധനത്തെപ്പോലെയുള്ള മലയാളത്തിലെ ഒരു സംശുദ്ധ പ്രസിദ്ധീകരണത്തെ വായിക്കാനൊരുമ്പെടുമ്പോള്‍ തീര്‍ച്ചയായും ഉത്തമ വായനയുടെ ഉപാധികള്‍ പാലിച്ചേ മതിയാകൂ. കാരണം, നിരീക്ഷണാത്മകമായ നിലപാടുകളെ സ്വയം വെളിപ്പെടുത്തുന്ന ഒരു സോദ്ദേശ്യ പ്രസിദ്ധീകരണമായാണ് പ്രബോധനം നിലകൊള്ളുന്നത്. കടുത്ത വിമര്‍ശനശൈലിയോ വെട്ടിനിരത്തല്‍ രീതിയോ അതിനന്യമാണ്. ആശയവൈജാത്യങ്ങളെ മുഴുവന്‍ തല്ലിയുഴിഞ്ഞോ അല്ലാതെയോ സമീകരിക്കുന്ന ഒരു അനുരൂപകാരന്‍ (conformist) ആയോ എതിരഭിപ്രായങ്ങളെ മുഴുവന്‍ അടിച്ചു നിലംപരിശാക്കുന്ന(Refute) കില്ലാഡിയായോ അല്ല പ്രബോധനം വര്‍ത്തിക്കുന്നത്. അതിന്റെ സൗമ്യമായ ശൈലി അന്വേഷണാത്മകമായ ജിജ്ഞാസ(Inquisitive)യുടേതാണ്. ആര്‍ക്കും തള്ളുകയോ കൊള്ളുകയോ ചെയ്യാവുന്ന സ്വാതന്ത്ര്യം വായനക്കാരന് വകവെച്ചുകൊടുക്കുന്നുണ്ട് പ്രബോധനം (ഇത് ഒരുതരം ട്രാപ്പിംഗ് തന്ത്രമാണെന്ന് വിമര്‍ശിക്കുന്നവരുമുണ്ട്). വായനക്കാരന് അനുവദിച്ചുകിട്ടുന്ന ഈ സംവേദന സ്വാതന്ത്ര്യമാണ് വാരികയുടെ ഏറ്റവും വേറിട്ട വ്യക്തിത്വം. സ്വന്തക്കാരും അല്ലാത്തവരുമായി വലിയൊരു വായനാ വ്യൂഹം പ്രബോധനത്തിനുണ്ടായതും ഇതുകൊണ്ടുതന്നെ.
എഴുതിത്തുടങ്ങിയ ആദ്യകാലത്തു തന്നെ ഒരു നിരീക്ഷണാത്മക ലേഖനം തയാറാക്കി പ്രബോധനത്തിന് അയച്ചുകൊടുത്തതും അത് പ്രസിദ്ധീകരിച്ചതും ഓര്‍ക്കുന്നു. മാല്‍ത്തൂസിയന്‍ ധനതത്ത്വശാസ്ത്രത്തിലെ ജനസംഖ്യാ പ്രശ്‌നമായിരുന്നു വിഷയം. കോളേജിലെ വളരെയേറെ പേര്‍ അത് വായിച്ചിട്ടുണ്ടായിരുന്നു. പ്രബോധനത്തിന്റെ സരള ഗംഭീരമായ ശൈലിയെ പലരും പ്രശംസിക്കുന്നത് കേട്ടിട്ടുണ്ട്. ലേഖനമല്ല പ്രബോധനമാണ് പലര്‍ക്കും ഇഷ്ടമായത്. പ്രതിപാദ്യമോ ശൈലിയോ ഏതെങ്കിലുമൊന്ന് വായനക്കാരനെ സ്വാധീനിക്കാതെ പോകാറില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ വായിക്കപ്പെടുന്നത് (text) വായനക്കാരനുമായി നേരിട്ട് സംസാരിക്കുന്ന/സല്ലപിക്കുന്ന അനുഭവമുണ്ടാകും. എഴുത്തുകാരന് (Author) പുറമെ മറ്റൊരാള്‍-implied author അല്ലെങ്കില്‍ narrator അതുമല്ലെങ്കില്‍ വായനക്കാരന്റെ മനസ്സാക്ഷിയായിരിക്കും ഈ സംസാരിക്കുന്നയാള്‍. വായനക്കാരന്‍ ആഖ്യാതവുമായി താദാത്മ്യപ്പെടുന്ന അപൂര്‍വാവസരമാണിത്; 'ഉള്ളില്‍ തട്ടി'യെന്നും 'ഹൃദയത്തിലേക്കിറങ്ങി'യെന്നും തോന്നുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്.
വിമര്‍ശനാത്മക വായന ഒരപരാധമല്ല. പകരം അന്വേഷണ ചിന്തകള്‍ക്ക് ഒരനിവാര്യതയാണ്. വായിക്കപ്പെടുന്നതിനോട് (text) നിരന്തരവും ബുദ്ധിപൂര്‍വകവുമായ സമീപനം വേണമെന്നു മാത്രം. എഴുത്തുകാരനെ മുന്നില്‍ നിര്‍ത്തി പ്രതിപാദ്യത്തോട് യുദ്ധം ചെയ്യുന്ന രീതിയാണ് പല വിമര്‍ശനപഠനങ്ങളും സ്വീകരിച്ചുപോരുന്നത്. ഓരോ പ്രസിദ്ധീകരണവും ഓരോതരം കളപ്പേരു(brand)കളെ പ്രതിനിധീകരിക്കുന്നവയായതിനാല്‍ വിമര്‍ശനമുനകള്‍ ഈ ബ്രാന്റുകളിലേക്കും ചെന്നുകയറുന്നു. വിമര്‍ശനങ്ങള്‍ക്ക് അക്കാദമീയ ഔചിത്യം നഷ്ടപ്പെടുന്നു എന്നതാണ് ഫലം. മെച്ചപ്പെട്ട വിമര്‍ശനം ബുദ്ധിപരമായ ഒരു ഉയര്‍ന്ന സംഭാവനയാണെന്ന് മാത്രമല്ല മൂലകൃതി(original text)ക്ക് അനുബന്ധം കുറിക്കുന്ന ഉപകൃതി(aditional text) കൂടിയാണ്. അങ്ങനെ, ടെക്സ്റ്റിനെ വീണ്ടും വീണ്ടും വലുതാക്കാന്‍ സാധിക്കുന്നു വിമര്‍ശനപഠനങ്ങള്‍ക്ക്. വിമര്‍ശനങ്ങളെ ഇപ്രകാരം സോദ്ദേശ്യപരമാക്കാന്‍ പൊതുവെ നമുക്ക് സാധിക്കുന്നില്ല. ക്ഷണത്തില്‍ കക്ഷിവത്കരിക്കപ്പെടുന്നു നമ്മുടെ നിലപാടുകളെന്നതാണ് ഏറ്റവും വലിയ ദൗര്‍ബല്യം. മറ്റേത് പ്രസിദ്ധീകരണത്തെയും പോലെ പ്രബോധനത്തിനുമുണ്ട് ഈ പോരായ്മ. പക്ഷേ, മറ്റാരേക്കാളും മുമ്പേ പ്രബോധനത്തിനത് മാറ്റിയെടുക്കാനാവും. കലയുടെ സൗന്ദര്യവും സാഹിത്യത്തിന്റെ ആസ്വാദ്യതയും അന്വേഷണത്തിന്റെ ജിജ്ഞാസയും സംവേദനത്തിന്റെ നിഷ്‌കളങ്കതയും ഒന്നിച്ചാവാഹിക്കപ്പെടുന്ന ഉദാത്തമായ വ്യക്തിത്വം ഏതൊരു പ്രസിദ്ധീകരണത്തിനുണ്ടോ അത് വായനക്കാരന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടായിരിക്കും. വിട്ടുപിരിയാനാവാത്ത ആത്മബന്ധമായിരിക്കും വായനക്കാരനുമായി പ്രസിദ്ധീകരണത്തിനുണ്ടാവുക. വായനക്കാരന്റെ വ്യക്തിത്വത്തെ നിര്‍ണയിക്കുന്നതില്‍ പോലും അപ്പോള്‍ പ്രസിദ്ധീകരണം പങ്കുവഹിക്കുന്നു. വിശാലാര്‍ഥത്തില്‍ വായനക്കാരന്‍ തന്നെ മറ്റൊരു ടെക്സ്റ്റ് ആയി മാറുന്നു.
പ്രാസ്ഥാനീകൃതമാണ് മലയാളത്തിലെ മിക്ക മുഖ്യധാരാ മുസ്‌ലിം പ്രസിദ്ധീകരണങ്ങളും. പ്രസ്ഥാന വാര്‍ത്തകള്‍, അറിയിപ്പുകള്‍, പ്രസ്ഥാന പരസ്യങ്ങള്‍ തുടങ്ങിയ സ്വന്തം സംഘടനക്ക് നീക്കിവെക്കുന്ന പേജുകള്‍ കൊണ്ടുതന്നെ നിറയുന്നു അവ. അവശേഷിക്കുന്ന പേജുകള്‍ കൊണ്ടു വേണം പ്രസ്ഥാന ഘടനയിലൊന്നും പെടാത്ത വായനക്കാരനും പ്രസിദ്ധീകരണം സ്വന്തമെന്ന് കരുതാന്‍. ഹൃദയം തുറന്ന സംവേദനങ്ങള്‍ക്ക് സ്ഥലമില്ലാതെ പോകുന്നത് വാസ്തവത്തില്‍, ഹൃദയം തന്നെ തകര്‍ക്കാന്‍ പോന്നതാണ്. കൃത്യമായ ക്രമം പാലിച്ചുകൊണ്ടിറക്കാവുന്ന വാര്‍ത്താബുള്ളറ്റിനുകള്‍ കൊണ്ട് പരിഹരിക്കപ്പെടാവുന്നതാണ് പ്രസ്ഥാന വിഷയങ്ങളത്രയും. അല്ലാത്തപക്ഷം പ്രസിദ്ധീകരണത്തിന് മുഖം നഷ്ടമാവും. സമസ്ത നിയോഗവുമേറ്റെടുക്കാന്‍ (ചുമപ്പിക്കാന്‍) ഒരു വാരികയോ ദൈ്വവാരികയോ എന്ന അവസ്ഥ മാറി ഉത്തമ സാഹിത്യത്തിന്റെ ഉയര്‍ന്ന നിലവാരം പുലര്‍ത്താനാവുന്ന തലത്തിലേക്ക് നമ്മുടെ പ്രസിദ്ധീകരണങ്ങള്‍ക്ക് ഉയരാന്‍ കഴിയണം.

Comments

Other Post