Prabodhanm Weekly

Pages

Search

2009 അറുപതാം വാര്‍ഷികപ്പതിപ്പ്‌

സ്നേഹ സന്ദേശം

ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍

ചെറുപ്പം മുതല്‍ മുസ്‌ലിം സഹോദരന്മാരുമായി വളരെയേറെ ഇടപഴകാന്‍ അവസരം ലഭിച്ച ജീവിതമായിരുന്നു എന്റേത്. അഛന്‍ വക്കീലായതിനാല്‍ നിരവധി മുസ്‌ലിം കക്ഷികളുണ്ടായിരുന്നു. എന്റെ വീട്ടില്‍ അവര്‍ നിത്യ സന്ദര്‍ശകരായിരുന്നു. ഹിന്ദുക്കളെപ്പോലെ അവര്‍ക്കും വീട്ടില്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ടായിരുന്നു. ഇത് നല്ലൊരു സാഹോദര്യ ബന്ധം വളരാന്‍ സഹായകമായി.
മലബാര്‍ കലാപത്തില്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍ മുസ്‌ലിംകളെ ധാരാളമായി വെടിവെച്ചുകൊന്നു. വര്‍ഗീയ കലാപം ഉണ്ടാക്കി, നമ്പൂതിരിമാരെയും മറ്റും കൊന്നു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി അനവധി മുസ്‌ലിംകളെ പ്രതികളാക്കി പലതരം കേസുകള്‍ വന്നു. മലബാര്‍ കലാപവുമായി ബന്ധപ്പെട്ട് കേസുകള്‍ മഞ്ചേരി മുന്‍സിഫ് കോടതിയിലായിരുന്നു. എന്നാല്‍ മഞ്ചേരി മുന്‍സിഫ് കോടതിയെ അഡീഷണല്‍ മുന്‍സിഫ് കോടതിയായി കൊയിലാണ്ടിയിലേക്ക് മാറ്റി. ഇത് മുസ്‌ലിംകള്‍ക്ക് വളരെ പ്രയാസകരമായി. ഈ കേസുകള്‍ കൈകാര്യം ചെയ്തത് അഛന്‍ രാമയ്യരാണ്. അതിനാല്‍ വീട്ടില്‍ എപ്പോഴും മുസ്‌ലിംകളുണ്ടാകും. കേസില്‍ അകപ്പെട്ടവരില്‍ പലരും ദരിദ്രരായതിനാല്‍ സൗജന്യമായാണ് അഛന്‍ കേസുകള്‍ നടത്തിയിരുന്നത്. ഇത് മുസ്‌ലിംകള്‍ക്ക് അഛനോടും വീടിനോടും ബന്ധം ദൃഢമാകാന്‍ കാരണമായി. എന്റെ കുടുംബത്തില്‍ മുസ്‌ലിംകളുമായുള്ള വൈവാഹിക ബന്ധങ്ങളുമുണ്ട്. ഇപ്പോള്‍ എന്റെ അനുജന്‍ ലക്ഷ്മി നാരായണന്‍ അമേരിക്കയില്‍ താമസിക്കുന്നത് മരുമകന്‍ അലിയുടെ കൂടെയാണ്.
കേസുകളുമായി ബന്ധപ്പെട്ട അഛന്റെ ജീവിതം കോഴിക്കോട്ടും തലശ്ശേരിയിലുമായതിനാല്‍ എന്റെ പ്രാഥമിക വിദ്യാഭ്യാസം മലബാറില്‍ തന്നെയായിരുന്നു. വിദ്യാഭ്യാസം പൂര്‍ത്തിയാക്കി വക്കീല്‍ പണി ആരംഭിച്ചതും തലശ്ശേരിയിലായത് മലബാറിലെ മുസ്‌ലിം ജീവിതത്തെ അടുത്തറിയുന്നതിന് ഏറെ സഹായകമായി. അതിന്റെ മനോഹരമായ ഓര്‍മകള്‍ എനിക്കുണ്ട്. സഹോദരതുല്യനായ ഒരാളാണ് എനിക്ക് വെസ്റ്റേണ്‍ പ്ലൈവുഡിന്റെ എ.കെ ഖാദര്‍കുട്ടി. ആദ്യകാലത്ത് അദ്ദേഹത്തിന്റെ കേസുകള്‍ കൈകാര്യം ചെയ്തിരുന്നത് ഞാനാണ്. അത് പിന്നീട് ഇഴമുറിയാത്ത ദൃഢബന്ധമായി. തലശ്ശേരിയിലെ വീട് വിറ്റതിനു ശേഷം തലശ്ശേരിയില്‍ പോകുമ്പോള്‍ താമസിക്കാറുള്ളത് ഖാദര്‍ കുട്ടിയുടെ അമ്മാവന്‍ കുഞ്ഞിമായിന്‍ ഹാജിയുടെ വീട്ടിലാണ്. അതെന്റെ സ്വന്തം വീടുപോലെയാണ്. എല്ലാ സ്വാതന്ത്ര്യവും അവിടെയുണ്ട്.
1952-ല്‍ ഞാന്‍ നിയമസഭയിലേക്ക് ആദ്യമായി മത്സരിക്കുന്നത് തലശ്ശേരിയില്‍ നിന്നാണ്. അസംബ്ലി മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പ് വിജയത്തില്‍ ലീഗിന്റെ സഹായവും ഉണ്ടായിരുന്നു. ലീഗിന്റെ നിലപാടുകളോട് യോജിപ്പില്ലായിരുന്നു. അന്ന് ലീഗ് നേതാവ് സീതി സാഹിബാണ്. തലശ്ശേരി കൊടതിയില്‍ ഞങ്ങള്‍ ഒന്നിച്ചാണ് വര്‍ക്ക് ചെയ്തിരുന്നത്. സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞപ്പോള്‍ സീതി സാഹിബ് എന്നോട് പറഞ്ഞു; നിങ്ങളോട് ഞങ്ങള്‍ക്ക് യാതൊരു വിരോധവുമില്ല. നിങ്ങള്‍ ആവശ്യപ്പെട്ടാല്‍ ലീഗ് പിന്തുണക്കാം. ഞാന്‍ പിന്തുണ ആവശ്യപ്പെട്ടുകൊണ്ട് ലീഗിന് കത്തെഴുതുകയും അവര്‍ പൂര്‍ണമായി എന്നെ പിന്തുണക്കുകയും ചെയ്തു. ലീഗ് എന്നെ പിന്തുണച്ചപ്പോള്‍ സി.പി.ഐയിലെ തീവ്രവാദക്കാരായ കുറച്ച് ചെറുപ്പക്കാര്‍ പറഞ്ഞു; ഇയാളെ തോല്‍പിക്കണം. കാരണം ഇയാള്‍ വര്‍ഗീയവാദികളില്‍നിന്ന് സഹായം തേടിയിരിക്കുന്നു. അവര്‍ അത്തരത്തിലുളള പ്രചാരണവും നടത്തി. അങ്ങനെ എന്റെ വീട്ടില്‍ വലിയ ഒരു യോഗം നടന്നു. കമ്യൂണിസ്റ്റുാകാരെല്ലാവരും പങ്കെടുത്ത യോഗത്തില്‍ എ.കെ ഗോപാലന്‍ പ്രസംഗിച്ചു. അദ്ദേഹം പറഞ്ഞു: ''കൃഷ്ണയ്യര്‍ മാര്‍ക്‌സിസ്റ്റ് നേതാവല്ല, സ്വതന്ത്ര സ്ഥാനാര്‍ഥിയാണ്. അദ്ദേഹത്തിന് ആരുടെ സഹായവും സ്വീകരിക്കാം. അതിന് സി.പി.ഐ എതിരല്ല.'' അതോടെ അവരുടെ വാദങ്ങളുടെ മുനയൊടിഞ്ഞു. ലീഗുകാര്‍ തെരഞ്ഞെടുപ്പിന്റെ ഒടുവില്‍ ലീഗിന്റെ പൊതുസമ്മേളനത്തില്‍ സംസാരിക്കാന്‍ ക്ഷണിച്ചു. ഞാന്‍ അത് സ്വീകരിക്കുകയും പ്രസംഗിക്കുകയും ചെയ്തു. ഇതും കടുംപിടുത്തക്കാരായ കമ്യൂണിസ്റ്റുകള്‍ക്ക് ദേഷ്യമുണ്ടാക്കിയിരുന്നു. എന്നിട്ടും ഞാന്‍ ജയിച്ചു. തന്റെ പാര്‍ട്ടിക്കാരിലെ മുസ്‌ലിംകള്‍ പോലും കൃഷ്ണയ്യര്‍ക്ക് വോട്ട് ചെയ്തുവെന്ന് പിന്നീട് കെ.കെ. കുറുപ്പ് തന്റെ ആത്മകഥയില്‍ എഴുതിയിട്ടുണ്ട്.
എന്റെ സഹോദരതുല്യനായ ആളാണ് ജസ്റ്റിസ് ഖാലിദ്. അദ്ദേഹം സുപ്രീം കോടതിയുടെ ജഡ്ജാകുന്നതില്‍ എനിക്കും പങ്കുണ്ട്. ശാന്തിഭൂഷണ്‍ ഒരിക്കല്‍ എന്നോട് ചോദിച്ചു; കശ്മീര്‍ ഹൈകോര്‍ട്ടില്‍ ഒരു മുസ്‌ലിം ചീഫ് ജസ്റ്റിസിനെ നിയമിക്കണം. അനുയോജ്യനായ ആളുണ്ടോ എന്ന്. ഞാന്‍ പറഞ്ഞു; സംശയിക്കേണ്ട, ഖാലിദിനെ നിശ്ചയിച്ചോളൂ. അന്ന് ഖാലിദ് കേരള ഹൈക്കോടതിയിലെ ജഡ്ജിയാണ്. അങ്ങനെയാണ് ഖാലിദ് കശ്മീര്‍ ചീഫ് ജസ്റ്റിസ് ആകുന്നതും പിന്നീട് സുപ്രീം കോടതി ജഡ്ജിയാകുന്നതും.
എനിക്ക് വളരെ പ്രിയപ്പെട്ട സുഹൃത്തുക്കളിലൊരാളാണ് താഹിര്‍ മഹ്മൂദ്. വലിയ പണ്ഡിതനാണ് അദ്ദേഹം. അലീഗഢ് യൂനിവേഴ്‌സ്റ്റി അദ്ദേഹത്തിന് ഡോക്റ്ററേറ്റ് കൊടുക്കാന്‍ ക്ഷണിച്ചത് എന്നെയാണ്. ഫാമിലി ലോയെ കുറിച്ച് മനോഹരമായ പുസ്തകം അദ്ദേഹം എഴുതിയിട്ടുണ്ട്. അതില്‍ ഒരു അധ്യായം തദ്‌വിഷയത്തിലുളള എന്റെ ജഡ്ജ്‌മെന്റിനെ കുറിച്ചാണ്.
ഇസ്‌ലാമിന് ഒരുപാട് ഗുണങ്ങളുണ്ടെങ്കിലും ലോകത്ത് മുസ്‌ലിം സമൂഹം ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട സംഘമാണ്. അതിന് രാഷ്ട്രീയമായ കുറേ കാരണങ്ങളുണ്ട്. മുസ്‌ലിംകളെ തെറ്റിദ്ധരിക്കുന്നതില്‍ യാഥാസ്ഥിതികരായ മതപണ്ഡിതരുടെ ഇസ്‌ലാമിക വിധികളെ കുറിച്ചുളള വ്യാഖ്യാനങ്ങളും നിലപാടുകളും വലിയ പങ്ക് വഹിക്കുന്നുണ്ട്. അതിനുദാഹരണമാണ് ബഹുഭാര്യാത്വവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍. ഇന്ന് ലോകം പൊതുവെ അംഗീകരിക്കുന്നത് ഏക പത്‌നീ രീതിയാണ്. ഇതിനെ ചോദ്യം ചെയ്താല്‍ ഹിന്ദുക്കളും ക്രിസ്ത്യാനികളും എതിരാകും. അവര്‍ മനസ്സിലാക്കാത്ത ഒരു കാര്യമുണ്ട്; പ്രവാചകന്റെ കാലത്ത് ആണുങ്ങള്‍ ധാരാളം സ്ത്രീകളെ വിവാഹം കഴിക്കുകയും വിവാഹമോചനം നടത്തുകയും പതിവായിരുന്നു. ഖുര്‍ആനും പ്രവാചകനും അതിലിടപെട്ടുകൊണ്ട് പറഞ്ഞത് ധാരാളം സ്ത്രീകളെ വിവാഹം ചെയ്യാന്‍ അനുവദിക്കില്ല എന്നാണ്. ഗോത്രങ്ങള്‍ തമ്മിലുള്ള യുദ്ധത്തില്‍ ധാരാളം പുരുഷന്മാര്‍ കൊല്ലപ്പെടുകയും സ്ത്രീകള്‍ നിസ്സഹായരായിത്തീരുകയും ചെയ്യും. ഇത്തരം സാഹചര്യങ്ങളില്‍ സ്ത്രീകളെ സഹായിക്കുന്നതിന് വിവാഹം ചെയ്യാവുന്ന സ്ത്രീകളുടെ എണ്ണം; രണ്ട് അല്ലെങ്കില്‍ മൂന്ന്, പരമാവധി നാല് എന്നാക്കി ചുരുക്കുകയാണ് ചെയ്തത്. അതോടൊപ്പം അല്ലാഹുവിന് ഏറ്റവും വെറുക്കപ്പെട്ടത് വിവാഹമോചനമാണെന്ന് പറയുകയും ചെയ്തു. ഇതിന്റെ അന്തസ്സത്ത മനസ്സിലാക്കാത്തതിനാലാണ് യഥാസ്ഥിതികരായ മതപണ്ഡിതര്‍ ബഹുഭാര്യാത്വം അവകാശമാണന്ന രീതിയില്‍ പറയുന്നതും തെറ്റുധാരണകള്‍ക്ക് ഇടവരുത്തുന്നതും.
നിയമജ്ഞന്‍ എന്ന നിലക്ക് ഇസ്‌ലാമിന്റെ നിയമങ്ങള്‍ പലതും ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. അതില്‍ പുരോഗമനപരമായ ഒന്നാണ്് സ്ത്രീക്ക് വിവാഹമോചനത്തിന് അവകാശമുണ്ടെന്നത്. ഞങ്ങള്‍ക്ക് യാതൊരു കാരണവശാലും യോജിച്ച് പോകാന്‍ സാധ്യമല്ലെന്നും വിവാഹമോചനം വേണമെന്നും സ്ത്രീ ആവശ്യപ്പെട്ടാല്‍ ഇസ്‌ലാമില്‍ വിവാഹമോചനം നിയമപരമായി അനുവദിച്ചുകൊടുക്കണം. ഹിന്ദുക്കളുടെ ഇടയില്‍ ഇത്തരം നിയമം ഉണ്ടായിരുന്നില്ല. ഇപ്പോഴാണത് വന്നത്. കോഴിക്കോട്ടു നിന്ന് ഒരു മുസ്‌ലിം സ്ത്രീയുടെ കേസ് വന്നിരുന്നു. അവര്‍ ഭര്‍ത്താവുമായി പൊരുത്തപ്പെട്ടു ജീവിക്കാന്‍ സാധ്യമല്ലന്നു വാദിച്ചു. ആ വാദം അംഗീകരിച്ചുകൊണ്ട് സ്ത്രീക്ക് വിവാഹമോചനത്തിന് അവകാശമുണ്ടെന്ന് വിധിച്ചു. അതാണ് സൗരവ്ഭാസ് കേസ്. വിധിക്ക് ശേഷം എല്ലാവരും ചോദിച്ചു; സ്ത്രീക്ക് വിവാഹമോചനത്തിന് എങ്ങനെയാണ് അധികാരമുണ്ടാകുകയെന്ന്. ഞാന്‍ വിശദീകരിച്ചു; പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. വധൂവരന്മാര്‍ പരസ്പരം പൊരുത്തപ്പെടാന്‍ കഴിയില്ല എന്ന് പറഞ്ഞാല്‍, രണ്ട് കൂട്ടരില്‍നിന്നും മധ്യസ്ഥരെ നിശ്ചയിക്കണം. അവര്‍ കൂടിയാലോചിച്ച് വിവാഹമോചനം തീരുമാനിച്ചാല്‍ നടപ്പാക്കണം. ഇത് ഞാന്‍ എന്റെ വിധിന്യായത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഹിന്ദു സ്ത്രീകള്‍ക്ക് ഇത്തരമൊരവകാശം വളരെ അടുത്തകാലത്താണ് ലഭിക്കുന്നത്.
നീതി പ്രായോഗികമാക്കുന്നതില്‍ ഇസ്‌ലാം പുലര്‍ത്തിയ നിഷ്‌കര്‍ഷ അത്ഭുതകരമാണ്. പ്രവാചകന്‍ മുഹമ്മദ് ജഡ്ജിയായി ഒരാളെ നിയമിക്കുമ്പോള്‍ നല്‍കിയ ഉപദേശം ഞാന്‍ വായിച്ചിട്ടുണ്ട്. നീതി പാലിക്കുന്നതിലും നിയമം നടപ്പാക്കുന്നതിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പ്രവാചകന്റെ ജാഗ്രതയും യുക്തിയും ഇന്നും പഠിക്കപ്പെടേണ്ടതാണ്. പ്രവാചകന്റെ സാമൂഹിക പരിഷ്‌കരണങ്ങള്‍ ഇന്നും പ്രസക്തമാണ്. ആധുനിക കാലത്തും അവക്ക് പ്രാധാന്യമുണ്ട്. സെബാസ്റ്റ്യന്‍ വെല്ലോപ്പിള്ളി ഒരു പുസ്തകം എഴുതിയിട്ടുണ്ട്. മുസ്‌ലിം ലോ പ്രോഗ്രസ്സീവാെണന്ന്, നീതിന്യായ വ്യവഹാരത്തില്‍ കൊണ്ടുവന്നത് ഞാനാണെന്ന് അതില്‍ സമര്‍ഥിക്കുന്നുണ്ട്. ആ പുസ്തകം സമര്‍പ്പിച്ചിരിക്കുന്നതും എനിക്കാണ്. ബര്‍ട്രന്റ് റസ്സലിനെയും -യുക്തിവാദത്തിന്റെ അങ്ങേയറ്റമാണ് ആള്‍, നോബല്‍ പ്രൈസും ലഭിച്ചിട്ടുണ്ട്- പ്രവാചകന്‍ മുഹമ്മദിനെയും താരതമ്യപ്പെടുത്തിക്കൊണ്ട് പ്രവാചകന്‍ മുഹമ്മദ് പറഞ്ഞത് തന്നെയാണ് റസ്സലും പറഞ്ഞതെന്ന എന്റെ ജഡ്ജ്‌മെന്റ് ആ പുസ്തകത്തില്‍ ഉദ്ധരിക്കുന്നുണ്ട്. മുസ്‌ലിം സമൂഹത്തിലെ ഏറ്റവും പുരോഗമനവാദിയും മികച്ച യുക്തിവാദിയുമാണ് പ്രവാചകന്‍ മുഹമ്മദ് എന്നും എഴുതിയിട്ടുണ്ട്. മാനവികതയാണ് പ്രവാചകന്‍ മുഹമ്മദ് ഉദ്‌ഘോഷിച്ചത്. മനുഷ്യരുടെ ശവത്തിനുപോലും ആദരവ് നല്‍കണമെന്ന മഹത്തായ പാഠം പകര്‍ന്ന് കിട്ടിയവരാണ് മുസ്‌ലിംകള്‍. ഇന്ന് മുസ്‌ലിംകള്‍ നിര്‍വഹിക്കേണ്ട ദൗത്യം യഥാര്‍ഥ മുസ്‌ലിമാകുകയെന്നതാണ്. യഥാര്‍ഥ മുസ്‌ലിമായാല്‍ നിങ്ങള്‍ ഭീകരനല്ല, സമുന്നതനായ മനുഷ്യനാണെന്ന് എല്ലാവരും അംഗീകരിക്കും. അങ്ങനെയായാലേ നിങ്ങള്‍ യഥാര്‍ഥ മുസ്‌ലിമാവുകയുള്ളൂ. ഇത് മുസ്‌ലിംകള്‍ തിരിച്ചറിയുകയാണ് വേണ്ടത്.
ബാബരി മസ്ജിദ് പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന് കരുതിയിരുന്ന ആളായിരുന്നു ഞാന്‍. പള്ളി പൊളിക്കുന്നതിനു മുമ്പ് സ്വാമി അഗ്‌നിവേശ്, ബി.ജി വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് ഒരു കമ്മിറ്റിയുണ്ടാക്കുകയും പ്രശ്‌നപരിഹാരത്തിന് ഒരു ഫോര്‍മുല രൂപപ്പെടുത്തുകയും ചെയ്തിരുന്നു. അയോധ്യയില്‍ അമ്പലവും പള്ളിയും ഒന്നിച്ച് പണിയുക. വാസ്തുവിദ്യയിലെ ഒരത്ഭുതം പോലെ വലിയ വെണ്ണക്കല്ലില്‍ തീര്‍ത്ത മനോഹരമായ അശോകചക്രം പള്ളിയെയും അമ്പലത്തെയും ഒരേസമയം വേര്‍തിരിക്കുകയും ഒരുമിച്ച് ചേര്‍ക്കുകയും ചെയ്യുന്ന രീതിയില്‍ പണിയുക, അതിനു മുമ്പില്‍ മനോഹരമായ പൂന്തോട്ടമുണ്ടാക്കുക എന്നതായിരുന്നു ഫോര്‍മുലയുടെ കാതല്‍. ഇത് മതസൗഹാര്‍ദത്തിന്റെ ചിഹ്നമാകണമെന്നാണ് എന്റെ സ്വപ്നം. അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജിയെയും പ്രധാനമന്ത്രിയടക്കം പല മന്ത്രിമാരെയും ഇതിനുവേണ്ടി കണ്ടിരുന്നു. എന്റെ ഫോര്‍മുല സോളി സൊറാബ്ജി അംഗീകരിച്ചു. പിന്നീടാണ് അദ്വാനിയുടെ രഥയാത്രയുണ്ടാകുന്നതും ആകെ നശിപ്പിക്കപ്പെടുകയും ചെയ്തത്. അതിലൂടെയാണ് ഇന്ത്യ കൂടുതല്‍ വര്‍ഗീയമാകുന്നതും പള്ളി പൊളിക്കുന്നതടക്കമുള്ള സംഭവങ്ങള്‍ അരങ്ങേറുന്നതും.
ബാബരിമസ്ജിദ് തകര്‍ച്ചയെ തുടര്‍ന്ന് ഇന്ത്യയില്‍ ശക്തമായ വര്‍ഗീയ അന്തരീക്ഷം ലഘൂകരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാന്‍ ഞാന്‍ സന്നദ്ധനായിരുന്നു. ആ സമയത്താണ് ജസ്റ്റിസ് താര്‍കുണ്‌ഡേയുടെ നേതൃത്വത്തില്‍ എഫ്.ഡി.സി.എ രൂപീകരിക്കുന്നത്. അതിന്റെ പിറകില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ആളുകളുണ്ടെന്ന് അറിയാമായിരുന്നു. ജമാഅത്തെ ഇസ്‌ലാമി നിരോധനത്തെ ഞാന്‍ എതിര്‍ത്തിരുന്നു. ജമാഅത്തെ ഇസ്‌ലാമി വര്‍ഗീയപാര്‍ട്ടിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നുമില്ല. അതിനാല്‍ എഫ്.ഡി.സി.എയില്‍ സന്തോഷത്തോടെയാണ് പ്രവര്‍ത്തിച്ചത്. കണ്ണൂരിലെ അക്രമ രാഷ്ട്രീയം ദാരുണമായ അവസ്ഥയിലേക്ക് വഴിമാറിയ സാഹചര്യത്തില്‍ കണ്ണൂരിനെ സമാധാനത്തിലേക്ക് കൊണ്ടുവരുന്നതിന് എഫ്.ഡി.സി.എ ശക്തമായി ഇടപെട്ടിരുന്നു. വയനാട് മുത്തങ്ങയിലെ ആദിവാസി ഭൂപ്രശ്‌നത്തിലും ക്രിയാത്മകമായി ഇടപെട്ടിരുന്നു. കേരളത്തില്‍ മാറാട് അടക്കം വിവിധ വര്‍ഗീയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സജീവമായി ഇടപെട്ടിട്ടുണ്ട്. അതില്‍ സന്തോഷവുമുണ്ട്.
വര്‍ഗീയതക്കും ഫാഷിസത്തിനുമെതിരായ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സംഘ്പരിവാറിന് എന്നോട് എതിര്‍പ്പായിരുന്നു. പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും ഞാനത് നിരസിച്ചു. ഞാന്‍ സ്ഥാനാര്‍ഥിയാകണമെന്ന് ഇ.എം.എസ് നിര്‍ബന്ധിച്ചെങ്കിലും കഴിയില്ല എന്ന നിലപാടില്‍ ഉറച്ചുനിന്നു. പിന്നീട് മുഴുവന്‍ പ്രതിപക്ഷത്തിന്റെയും യോഗം വിളിച്ചുചേര്‍ത്തുകൊണ്ട്് എല്ലാവരും ഒന്നിച്ചാവശ്യപ്പെട്ടു. കോണ്‍ഗ്രസ്സിനെതിരില്‍ നല്ല ഒരു സ്ഥാനാര്‍ഥിയെ കിട്ടിയില്ല എന്ന ഗതികേട് വരരുതെന്ന് പറഞ്ഞപ്പോഴാണ് മത്സരത്തിനു നിന്നത്. തോല്‍ക്കുമെന്ന് അറിഞ്ഞുകൊണ്ടുള്ള മത്സരം. കരുണാനിധിയടക്കം എല്ലാവരും വോട്ട് ചെയ്തു. പക്ഷേ പ്രതിപക്ഷത്തായിരുന്നിട്ടും അദ്വാനിയുടെ പാര്‍ട്ടി വോട്ട് ചെയ്തില്ല. പ്രതിപക്ഷം മുഴുവന്‍ എനിക്ക് വോട്ട് ചെയ്യുമെന്ന് വാക്ക് നല്‍കിയിട്ട് നിങ്ങള്‍ വോട്ട് ചെയ്തില്ലല്ലോ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ റഷ്യക്കാരുടെ സ്റ്റ്യൂജ് ആണ് എന്നാണ് മറുപടി അയച്ചത്. ബി.ജെ.പിയും ഞാനും തമ്മില്‍ വളരെ മുമ്പേ അകല്‍ച്ചയില്‍ തന്നെയാണ്. അവര്‍ വര്‍ഗീയ പാര്‍ട്ടിയാണ്. ഒരു ഭൂരിപക്ഷപാര്‍ട്ടി വര്‍ഗീയപാര്‍ട്ടിയാകുന്നത് ശരിയല്ല. ന്യൂനപക്ഷപാര്‍ട്ടിയും വര്‍ഗീയമാകാന്‍ പാടില്ല. പക്ഷേ ന്യൂനപക്ഷ പാര്‍ട്ടി അങ്ങനെയാകുന്നത് മാപ്പിനര്‍ഹമാണ്. എന്നാല്‍ ഭൂരിപക്ഷ പാര്‍ട്ടി വര്‍ഗീയമാകുന്നത് അക്ഷന്തവ്യമാണ്. ഇതാണ് എന്റെ വീക്ഷണം.
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന നാരായണ ഗുരുവിന്റെ തത്വമാണ് എന്റെയും തത്വം. മതേതരത്വം മതത്തിന് എതിരല്ല. secularism is above religion ആണ്. മതത്തിന് അതീതമായ ഒന്ന്. മനുഷ്യത്വത്തിന്റെയും മാനവികതയുടെയും അടിസ്ഥാനത്തില്‍ മനുഷ്യനെ കാണുക എന്നതാണ് പ്രധാനം. വിവേകാനന്ദന്‍ പറഞ്ഞത് മനുഷ്യനിലെ ദൈവികതയാണ് മതമെന്നാണ്. നിങ്ങള്‍ മുസ്‌ലിം ആയാലും നിങ്ങളില്‍ ദൈവികതയുണ്ട്. ഞാന്‍ ഹിന്ദുവാണങ്കിലും എന്നിലും ദൈവികതയുണ്ട്. ഈ ദൈവികതയിലാണ് നാം യോജിക്കുന്നത്. ഇത് മനസ്സിലാക്കലാണ് മതേതരത്വം. കുറച്ച് ദിവസങ്ങള്‍ക്കു മുമ്പ് എനിക്ക് ഒരാള്‍ ഒരു പുസ്തകം തന്നു. ഞാനത് സി.കെ രാമചന്ദ്രന് കൊടുത്തു. ഒരു ഉപനിഷത്തുണ്ട്. അല്ലാഉപനിഷത്ത്. അതില്‍ പറയുന്നു: ഇസ്‌ലാമടക്കം എല്ലാ വേദങ്ങളും പഠിപ്പിക്കുന്നത് ഈശ്വരനില്‍ വിശ്വസിക്കാനാണ്. അതിന്റെ അര്‍ഥമെന്താണ്; ഈശ്വരനില്‍ വിശ്വസിക്കുമ്പോള്‍ നാം വിശ്വസിക്കുന്നത് മനുഷ്യന്‍ ദിവ്യമാണ് എന്നാണ്. മനുഷ്യനിലെ ദൈവികത അംഗീകരിച്ചിട്ടുള്ളവയാണ് യഥാര്‍ഥ മതം. എല്ലാ മതങ്ങളുടെയും ആത്മസത്ത ഇതാണ്. ഈ അര്‍ഥത്തില്‍ മതവും മതേതരത്വവും തമ്മില്‍ വൈരുധ്യമില്ല. ഇത് മനസ്സിലാക്കാന്‍ കഴിയുമ്പോള്‍ മതം വര്‍ഗീയമാണന്ന് പറയാന്‍ സാധിക്കുകയില്ല. മതങ്ങള്‍ തമ്മില്‍ വഴക്കില്ല.
മനുഷ്യന് മനുഷ്യനോടുള്ള അടുത്ത ബന്ധം. അവനെ സഹായിക്കണമെന്ന മനസ്സ്. ഞങ്ങള്‍ ഒന്നാണ് എന്ന ചിന്ത. അതാണ് ദൈവികത. അതാണ് മതം. മതത്തെ ഇങ്ങനെ മാനവികമായി കാണുകയും ജനങ്ങളോടുള്ള അനുകമ്പ വളര്‍ത്തുകയും ചെയ്യുന്ന സംഘങ്ങള്‍ക്കും ആളുകള്‍ക്കും സാമൂഹിക മണ്ഡലത്തിലും രാഷ്ട്രീയത്തിലും സജീവമായി ഇടപെടാന്‍ കഴിയേണ്ടതുണ്ട്. അതിനെ അംഗീകരിക്കുകയും ചെയ്യേണ്ടതുണ്ട്. അത്തരം സാമൂഹിക-രാഷ്ട്രീയ ഇടപെടലുകളെ വര്‍ഗീയമെന്ന് വിളിക്കുന്നത് തെറ്റാണ്. ഇത് രാഷ്ട്രീയത്തെ ശുദ്ധീകരിക്കുകയാണ് ചെയ്യുക. അതിനെ വര്‍ഗീയമെന്ന് വിളിക്കുന്നുവെങ്കില്‍ പിന്നെ ഗാന്ധിജിക്ക് സ്ഥാനമില്ല. അദ്ദേഹം സത്യത്തിനു വേണ്ടി നിലകൊണ്ട ആളാണ്. സത്യവും ദൈവികതയും പരസ്പരം ഉള്‍ചേര്‍ന്നതാണ്. മേല്‍ പറഞ്ഞ ദൈവികത അംഗീകരിച്ചുകൊണ്ട് അവര്‍ഗീയവും മാനവികതയെ നിലനിര്‍ത്തുന്നതിനുവേണ്ടിയുമുള്ള മതത്തിന്റെ രാഷ്ട്രീയ ഇടപെടലുകളെ ഞാന്‍ പിന്തുണക്കുന്നു. ഗാന്ധിജി നിര്‍വഹിച്ചത് അതാണ്. രാഷ്ട്രീയത്തിലെ ക്രിമിനല്‍ ആധിക്യവും അഴിമതിയും ശുദ്ധീകരിക്കുന്നതിന് അത്തരം സംഘങ്ങളും വ്യക്തികളും സഹായകരമായിരിക്കും. ഇന്ന് നാം കാണുന്ന അരാജകത്വത്തിനും അവ്യസ്ഥിതികള്‍ക്കും കാരണം ധാര്‍മികമൂല്യങ്ങള്‍ക്ക് പ്രസക്തി നഷ്ടപ്പെട്ടതാണ്.
ആത്മീയതക്ക് സാമൂഹിക ഇടപെടലുകളില്‍ വലിയ സ്ഥാനമുണ്ട്. റോബര്‍ട്ട് ഇംഗര്‍സോഗ് പറഞ്ഞിരിക്കുന്നു; ദൈവത്തിലല്ലെങ്കിലും നിങ്ങള്‍ സത്യത്തില്‍ വിശ്വസിക്കണം. യഥാര്‍ഥ ശാസ്ത്രജ്ഞന്‍ മതവിശ്വാസിയായിരിക്കും. കാരണം അദ്ദേഹം സത്യത്തോട് പ്രതിബദ്ധതയുളളവനാണ്. മനുഷ്യന്റെ ചിന്താശക്തിയെ തടയുന്ന, മനുഷ്യമനസ്സിന്റെ വികാസത്തിനു വിഘാതമായിത്തീരുന്ന മതം മനുഷ്യനെതിരാണ്. മതങ്ങളുടെ ഈ വശത്തെ നിരാകരിക്കുക തന്നെ വേണം. എന്നാല്‍ എല്ലാറ്റിന്റെയും ആന്തരികമായ ഏകതയെ ദര്‍ശിക്കുന്ന ആത്മീയതക്ക് ജീവിതത്തില്‍ ക്രിയാത്മകമായ പങ്കാണുളളത്. മതത്തിന്റെ ആഴത്തില്‍ മതേതരത്വമാണുള്ളത്. മതേതരത്വത്തിന്റെ അന്തസ്സത്ത മതാത്മകതയും.
ആത്മീയതയും സാമൂഹികതയും തമ്മിലുള്ള ലയനം എന്ന ചിന്ത ആധുനിക പടിഞ്ഞാറന്‍ ചിന്തകള്‍ക്ക് വിരുദ്ധമാണ്. പൗരസ്ത്യ ചിന്തകളോടാണ് അതിന് സാമ്യമുള്ളത്. പാശ്ചാത്യ ചിന്ത പദാര്‍ഥ കേന്ദ്രീകൃതമാണ്. വിശ്വാസമെന്നത് പദാര്‍ഥാതീതമാണ്. അവതിന്റെ വെളിച്ചമാണ് ഉന്നത മൂല്യങ്ങളെ സൃഷ്ടിക്കുന്നത്. ഇത്തരം വിഷയങ്ങള്‍ ഞാന്‍ ഇ.എം.എസുമായി സംസാരിച്ചിട്ടുണ്ട്. അതില്‍ അദ്ദേഹത്തിന്റെ നിലപാടുകളുമായി എനിക്കുള്ള വിയോജിപ്പുകള്‍ പറയുകയും ചെയ്തിട്ടുണ്ട്. ആത്മീയതയെ കുറിച്ചുള്ള എന്റെ ഉറച്ച ബോധ്യം ഇതാണ്: ആത്മീയതയും ഭൗതികതയും മഹത്തായ സൃഷ്ടിപ്പിന്റെ രണ്ട് ഭാവങ്ങളാണ്. സര്‍വ സൃഷ്ടികളും ദൈവത്തില്‍നിന്നാണ്. സ്രഷ്ടാവില്ലാതെ സൃഷ്ടിയുണ്ടാവുക സാധ്യമല്ല. അത് ദൈവത്തില്‍ വിശ്വസിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. ആ സൃഷ്ടിപ്പ് നടത്തിയവനാണ് ദൈവം. ദൈവത്തിന്റെ പേര് പറയുകയൊന്നും വേണ്ട. പക്ഷേ അവനുണ്ട്. സ്രഷ്ടാവില്ലാതെ സൃഷ്ടിയുണ്ട് എന്ന വാദം യുക്തിരഹിതമാണ്.
മരണാനന്തരജീവിതത്തെ കുറിച്ചും ആത്മാവിന്റെ അനശ്വരതയെ കുറിച്ചും ഇരുപത്തിയഞ്ചിലധികം വര്‍ഷമായി പഠിച്ചുകൊണ്ടിരിക്കുന്നു. മരണത്തിനുശേഷം ഒരു ലോകം ഉണ്ടാകുമെന്നും അതില്‍ ആത്മാവും ശരീരവും വീണ്ടും യോജിക്കുമെന്നുമുള്ള വീക്ഷണം ഞാനും അംഗീകരിക്കുന്നതാണ്. മരണം ഒരു മതിലല്ല; അഭൗമതലത്തില്‍ മറ്റൊരു ലോകത്തിലെ അസ്തിത്വത്തിലേക്കുളള കവാടം മാത്രമാണ്. ആത്മാവുമായി ഭൂമിയില്‍ വെച്ച് സംസാരിക്കാമെന്നും ഞാന്‍ ശാരദയുമായി സംസാരിച്ചുവെന്നും പ്രചരിപ്പിക്കപ്പെട്ടത് എന്റെ വീക്ഷണം കൃത്യമായി മനസ്സിലാകാത്തതിനാലാണ്. മരണാനന്തരം പരസ്പരം കണ്ടുമുട്ടാന്‍ സാധിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. മരണം ജീവത്തിന്റെ അവസാനമല്ല, മറ്റൊരു ലോകത്തേക്കുള്ള പ്രവേശനമാണ്. അതിജീവിനത്തിന്റെ മറ്റൊരു രീതിയാണ്. മരണാനന്തര ജീവിതത്തില്‍ വിശ്വസിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഭൂമിയിലെ ജീവിതം അര്‍ഥരഹിതമാകും. മരണാനന്തര ജീവിതമെന്ന വിഷയം ഇങ്ങനെ ആവര്‍ത്തിച്ചുറപ്പിച്ച് പറയുന്നതെന്തിനാണെന്നറിയാമോ? മരണം അവസാനവാക്കല്ല എന്ന ആശയം പ്രിയപുത്രന്റെ വേര്‍പാടില്‍ ദുഃഖിച്ചിരിക്കുന്ന അഛനമ്മമാര്‍ക്ക് എത്രയോ ആശ്വാസം പകരും. ചെറുപ്രായത്തില്‍തന്നെ ഭാര്യയെ നഷ്ടപ്പെട്ടയാളാണ് ഞാന്‍. വേര്‍പാടിന്റെ തീവ്രവേദന എനിക്ക് നന്നായി അറിയാം.
തയാറാക്കിയത്
പി.ഐ നൗഷാദ് 9961123453

Comments

Other Post