Prabodhanm Weekly

Pages

Search

2009 അറുപതാം വാര്‍ഷികപ്പതിപ്പ്‌

ഉര്‍ദു മാധ്യമങ്ങളുടെ ചരിത്രം

അബ്ദുര്‍റഹ്മാന്‍ കൊടിയത്തൂര്‍

ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന്റെ ചരിത്രം തുടങ്ങുന്നത് 1780-ലാണെങ്കിലും ആദ്യ മൂന്ന് ദശകങ്ങള്‍ അത് ഇംഗ്ലീഷിലൊതുങ്ങി. 1785-ല്‍ കല്‍ക്കത്ത ഗസറ്റ് എന്ന ഇംഗ്ലീഷ് വാരിക പേര്‍ഷ്യന്‍ ഭാഷയില്‍ ഒരു കോളം ആരംഭിച്ചു. വാര്‍ത്തകളും ഗസലുകളും പരസ്യങ്ങളുമായിരുന്നു ഇതിവൃത്തം. അല്‍പകാലമേ അതിന് നിലനില്‍ക്കാനായുള്ളൂ. കല്‍ക്കത്തയില്‍നിന്ന് പുറത്തിറങ്ങിയിരുന്ന ഹിന്ദുസ്ഥാനി എന്ന പേര്‍ഷ്യന്‍ വാരികയാണ് ഇന്ത്യയിലെ ആദ്യത്തെ ഭാഷാ പത്രം.
1822 മാര്‍ച്ച് 27-നാണ് ആദ്യത്തെ ഉര്‍ദു വാരിക 'ജാമെ ജഹാന്‍ നുമാ' മുന്‍ഷി സദാ സുഖ്‌ലിന്റെ പത്രാധിപത്യത്തില്‍ കല്‍ക്കത്തയില്‍നിന്ന് പ്രസിദ്ധീകരണമാരംഭിച്ചത്. പില്‍ക്കാലത്ത ഉര്‍ദു പത്രശൃംഖലയുടെ ആദ്യത്തെ കണ്ണിയും ചാലകവുമായിരുന്നു ജാമെ ജഹാന്‍ നുമാ.
ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പ്രതിലോമപരമായ നയങ്ങള്‍ ഉര്‍ദു പത്രങ്ങളുടെ വ്യാപനത്തിനും വളര്‍ച്ചക്കും വിഘാതമായി. പൊതുവെ എല്ലാ മാധ്യമങ്ങളെയും അടിച്ചമര്‍ത്തുകയെന്നതായിരുന്നു കമ്പനിയുടെ നയം. സ്വന്തം മെഗാഫോണുകളായ ചില ഇംഗ്ലീഷ് പത്രങ്ങളെ മാത്രമേ കമ്പനി പ്രോത്സാഹിപ്പിച്ചുള്ളൂ. സാങ്കേതിക മികവുള്ള പ്രിന്റിംഗ് പ്രസ്സുകളുടെ അഭാവവും മറ്റും ഭാഷാ പത്രങ്ങളുടെ വളര്‍ച്ചയെ വിപരീതമായി ബാധിച്ചു.
1818 ഏപ്രില്‍ 19-ന് പത്രങ്ങളുടെ മേലുള്ള സെന്‍സര്‍ഷിപ്പ് പിന്‍വലിച്ചതോടെ, സ്വതന്ത്ര പത്രപ്രവര്‍ത്തന രംഗം ഊര്‍ജസ്വലമായി. 1822 അവസാനിക്കുമ്പോള്‍ കല്‍ക്കത്തയില്‍നിന്നു മാത്രം രണ്ട് ബംഗാളി വാരികകളും രണ്ട് പേര്‍ഷ്യന്‍ വാരികകളും പ്രസിദ്ധീകരിക്കുന്നുണ്ടായിരുന്നു. രാജാറാം മോഹന്‍ റോയിയുടെ മിര്‍അതുല്‍ അഖ്ബാറായിരുന്നു ഏറ്റവും പ്രചാരമുള്ളത്.
1823-ല്‍ പുറത്തിറങ്ങിയ മണിറാം ഠാക്കൂറിന്റെ ശംസുല്‍ അഖ്ബാര്‍ ഉര്‍ദു വാരിക അഞ്ചു വര്‍ഷത്തിലേറെക്കാലം മുടങ്ങാതെ പ്രസിദ്ധീകരിക്കപ്പെട്ടു. തുടര്‍ന്ന് ഉര്‍ദു പത്രങ്ങള്‍ മുന്നേറ്റമാരംഭിച്ചു. 1835-ല്‍ ആറും 1850-ല്‍ 28-ഉം 1878-ല്‍ 97-ഉം ആയി അത് വര്‍ധിച്ചു. മൊത്തം സര്‍ക്കുലേഷന്‍ ഒന്നര ലക്ഷമായി ഉയര്‍ന്നു.
1848-ല്‍ ഇന്ത്യയില്‍ മൊത്തം 26 പത്രങ്ങളില്‍ 19-ഉം ഉര്‍ദു ഭാഷയിലായിരുന്നു. ഹിന്ദിയിലും പേര്‍ഷ്യനിലും മൂന്ന് വീതവും ബംഗാളിയില്‍ ഒന്നുമായിരുന്നു ഭാഷാ പത്രങ്ങള്‍. 1852-ല്‍ ഉര്‍ദുവില്‍ 34 പ്രസിദ്ധീകരണങ്ങളുണ്ടായി. ആഗ്രയില്‍നിന്ന് ഏഴും ദല്‍ഹിയില്‍നിന്ന് ആറും ബനാറസില്‍നിന്ന് ഏഴും പുറത്തിറങ്ങി. മീറത്ത്, ലാഹോര്‍, കാന്‍പൂര്‍, ബറേലി, മുള്‍ത്താന എന്നിവിടങ്ങളില്‍നിന്നും ഉര്‍ദു വാരികകള്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങി.
1953-ല്‍ കല്‍ക്കത്തയില്‍നിന്ന് മാത്രം അഞ്ച് ഉര്‍ദു പത്രങ്ങള്‍ പുറത്തിറങ്ങിയിരുന്നു. അവയില്‍ മിക്കതിന്റെയും ഉടമസ്ഥരും പത്രാധിപരും ഹിന്ദുമതക്കാരായിരുന്നുവെന്നത് ശ്രദ്ധേയമാണ്. അക്കാലത്ത് ഏറ്റവും കൂടുതല്‍ സര്‍ക്കുലേഷനുള്ള ഉര്‍ദു പത്രം ലാഹോറിലെ കോഹിനൂര്‍ ആയിരുന്നു. സയ്യിദുല്‍ അഖ്ബാര്‍ രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചു.
വാര്‍ത്തകള്‍ അജ്ഞാതമായിരുന്നു അന്നത്തെ പത്രങ്ങള്‍ക്ക്. കൈയില്‍ കിട്ടുന്ന ഏതു വിവരവും കവിതയോ കത്തോ കഥയോ ആയി പ്രസിദ്ധീകരിക്കുകയായിരുന്നു പതിവ്.
ഒന്നാം സ്വാതന്ത്ര്യ സമരവും ഉര്‍ദു പത്രങ്ങളും
1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ ഉര്‍ദു പത്രങ്ങള്‍ സജീവമായി പങ്കെടുത്തു. പ്രത്യേകിച്ച് ദല്‍ഹി ഉര്‍ദു അഖ്ബാറും സാദിഖുല്‍ അഖ്ബാറും. വാര്‍ത്തകളും വിശകലനങ്ങളും ലേഖനങ്ങളുമായി ജനങ്ങളെ ബോധവത്കരിക്കുന്നതില്‍ ദത്തശ്രദ്ധരായിരുന്നു അവ. അതിന്റെ ഫലമായി ദല്‍ഹി ഉര്‍ദു അഖ്ബാറിന്റെ എഡിറ്റര്‍ മൗലവി മുഹമ്മദ് ബഖറിനെ പോലീസ് വെടിവെച്ചു കൊല്ലുകയും സാദിഖുല്‍ അഖ്ബാറിന്റെ എഡിറ്റര്‍ ജമാലുദ്ദീന് മൂന്നു വര്‍ഷത്തെ ജയില്‍ശിക്ഷ നല്‍കുകയും ചെയ്തു.
1857 ജൂണ്‍ 19-ന് പത്രങ്ങളുടെ മേല്‍ നിയന്ത്രണമേര്‍പ്പെടുത്തുന്ന 15-ാം നമ്പര്‍ ആക്ട് നിലവില്‍ വന്നു. പത്രങ്ങളുടെ നാവടക്കാമെന്ന് ഗവണ്‍മെന്റ് കരുതിയെങ്കിലും ഒരൊറ്റ ഉര്‍ദു പത്രവും അതിനെ ഗൗനിച്ചില്ല. മറുവശത്ത് ഇംഗ്ലീഷ്, ഹിന്ദി പത്രങ്ങള്‍ ഗവണ്‍മെന്റിന്റെ മെഗാഫോണുകളായി. ഗുല്‍ശനെ നൗ ബഹാര്‍, റഈസുല്‍ അഖ്ബാര്‍ തുടങ്ങിയ ഉര്‍ദു പത്രങ്ങള്‍ നിരോധിക്കപ്പെടുകയും എഡിറ്റര്‍മാരെ ജയിലിലടക്കുകയും ചെയ്തു.
1857-നു ശേഷം ഉര്‍ദു പത്രങ്ങളുടെ പുതുയുഗം പിറന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി നിരവധി വാരികകള്‍ പ്രസിദ്ധീകരണമാരംഭിച്ചു. അവദ് അഖ്ബാര്‍ (ലഖ്‌നൗ), തഹ്‌സീബുല്‍ അഖ്‌ലാഖ് (അലീഗഢ്), അക്മലുല്‍ അഖ്ബാര്‍ (ദല്‍ഹി), കശ്ഫുല്‍ അഖ്ബാര്‍ (ബോംബെ), ശംസുല്‍ അഖ്ബാര്‍ (മദ്രാസ്), ഖാസിമുല്‍ അഖ്ബാര്‍ (ബാംഗ്ലൂര്‍), ആസിഫുല്‍ അഖ്ബാര്‍ (ഹൈദറാബാദ്), പഞ്ചാബ് അഖ്ബാര്‍ (ലാഹോര്‍) തുടങ്ങിയവ പ്രസിദ്ധീകരിക്കാനാരംഭിച്ചത് 1857-'60 കാലത്താണ്. പണ്ഡിറ്റ് രത്‌നനാഥ് സര്‍ശാറിന്റെ അവധ് അഖ്ബാര്‍ ഏറെക്കാലം നിലനിന്ന ജനപ്രീതിയാകര്‍ഷിച്ച പത്രമായിരുന്നു. 1858-ല്‍ കല്‍ക്കത്തയില്‍ ആരംഭിച്ച ഉര്‍ദു ഗൈഡാണ് ആദ്യത്തെ ദിനപത്രമെങ്കിലും അവധ് അഖ്ബാറിനോളം അതിന് സര്‍ക്കുലേഷനുണ്ടായിരുന്നില്ല.
1861-ല്‍ പുതുതായി രജിസ്റ്റര്‍ ചെയ്ത 18 ആനുകാലികങ്ങളില്‍ 11-ഉം ഉര്‍ദുവിലായിരുന്നു. ആഗ്രയില്‍നിന്ന് മാത്രം അഞ്ച് പ്രസിദ്ധീകരണങ്ങളാരംഭിച്ചു. അജ്മീര്‍, ഇറ്റാവ, മീറത്ത്, സഹാറന്‍പൂര്‍, കാന്‍പൂര്‍ തുടങ്ങിയ പട്ടണങ്ങളില്‍നിന്ന് ഒന്നും അതിലധികവും പ്രസിദ്ധീകരണങ്ങള്‍ ആരംഭിച്ചത് 1861-ലായിരുന്നു. കൂട്ടത്തില്‍ കാന്‍പൂരിലെ ശോലെ നൂര്‍ ഏറെ പ്രശസ്തമായിരുന്നു. 1869-ല്‍ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയില്‍നിന്ന് മാത്രം 27 പത്രങ്ങള്‍ പുറത്തിറങ്ങിയതില്‍ 16-ഉം ഉര്‍ദുവിലായിരുന്നു.
ഏഴാം ദശകത്തില്‍ ലണ്ടനിലെ പഞ്ച് പത്രത്തെ അനുകരിച്ചുകൊണ്ട് നര്‍മത്തിന് പ്രാമുഖ്യം നല്‍കുന്ന പത്രങ്ങള്‍ ഇറങ്ങി. രാംപൂരിലെ മസാഖ, മദ്രാസ് പഞ്ച്, ബിഹാര്‍ പഞ്ച്, അവധ് പഞ്ച് തുടങ്ങി നിരവധി പത്രങ്ങള്‍ ദേശീയ-അന്തര്‍ദേശീയ വിഷയങ്ങള്‍ നര്‍മഭാവത്തോടെ അവതരിപ്പിച്ചു. അവധ് പഞ്ച് എഡിറ്റോറിയല്‍ ഡസ്‌കില്‍ കാര്‍ട്ടൂണിസ്റ്റുകളെ നിയമിക്കുകയും നിരവധി കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തുകൊണ്ട് നര്‍മത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കി. പത്രങ്ങള്‍ക്ക് സ്വന്തമായ ശൈലിയും ഭാവവും നല്‍കുന്നതില്‍ മുമ്പേ നടന്നതും ഉര്‍ദു ഭാഷാ പത്രങ്ങളായിരുന്നു. കോഹിനൂരും അവധ് അഖ്ബാറുമൊക്കെ അക്കാര്യത്തില്‍ ഏറെ മുന്നോട്ടു പോയി.
1887-ല്‍ മുന്‍ഷി മെഹ്ബൂബ് ആലമിന്റെ പത്രാധിപത്യത്തില്‍ പഞ്ചാബില്‍നിന്ന് പുറത്തിറങ്ങിയ പൈസാ അഖ്ബാറും പണ്ഡിറ്റ് ഗോപിനാഥിന്റെ അഖ്ബാറെ ആമും പത്രപ്രവര്‍ത്തനത്തിന്റെ പുതുയുഗപ്പിറവിക്ക് കാരണമായി. അവയുടെ ന്യൂസ് കവറേജ് ഏറെ വിപുലമായിരുന്നു. മുഖപ്രസംഗങ്ങള്‍ ആരംഭിച്ചതും പരസ്യങ്ങള്‍ക്ക് തുടക്കമിട്ടതും ആ രണ്ട് പത്രങ്ങളായിരുന്നു. അവ വിജയപ്രദമായി അര നൂറ്റാണ്ടിലേറെ കാലം നിലനിന്നു.
ദേശീയ പ്രസ്ഥാനവും
ഉര്‍ദു പത്രങ്ങളും
1885-ല്‍ ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസ് രൂപീകരിക്കപ്പെട്ടപ്പോള്‍ അവധ് പഞ്ച്, ഹിന്ദുസ്ഥാനി തുടങ്ങിയ പത്രങ്ങള്‍ അതിനനുകൂലമായി നിലകൊണ്ടു. എന്നാല്‍ സര്‍ സയ്യിദിന്റെ തഅ്‌സീബുല്‍ അഖ്‌ലാഖും രാജാ ശിവപ്രസാദിന്റെ ഇംറോസും കോണ്‍ഗ്രസ്സിനെ നിശിതമായി എതിര്‍ത്തു.
ഉര്‍ദു പത്രങ്ങളുടെ എണ്ണം 117 ആയി ഉയര്‍ന്നെങ്കിലും ഏറ്റവും ശ്രദ്ധേയമായവ വളരെ കുറവായിരുന്നു. എങ്കിലും അവയില്‍ മിക്കതും ദേശീയ പ്രസ്ഥാനത്തെ അനുകൂലിക്കുകയുണ്ടായി.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഏറ്റവും ജനസമ്മതിയുള്ള പൈസാ അഖ്ബാര്‍, അവധ് അഖ്ബാര്‍, സുല്‍ഹെ കാല്‍ എന്നിവ ദേശീയ പ്രസ്ഥാനത്തിന്റെ ജിഹ്വകളായി വര്‍ത്തിച്ചു. മൗലാനാ മുഹമ്മദലിയുടെ ഹംദര്‍ദ്, മൗലാനാ ആസാദിന്റെ അല്‍ഹിലാല്‍, ഹസ്രത്ത് മോഹാനിയുടെ ഉര്‍ദുയേ മുഅല്ല, സഫര്‍ അലി ഖാന്റെ സമീന്ദാര്‍ എന്നീ വാരികകളും ദേശീയ പ്രസ്ഥാനത്തിന് കരുത്തേകി. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് കരുത്ത് പകരുകയും സാമ്രാജ്യത്വത്തിനെതിരെ ഇന്ത്യന്‍ ജനതയെ പൊതുവിലും മുസ്‌ലിംകളെ പ്രത്യേകമായും ഇളക്കിവിടുകയും ചെയ്തതില്‍ ആസാദിന്റെ തൂലികയും അല്‍ ഹിലാലും പ്രധാന പങ്കുവഹിച്ചു. അല്‍ ഹിലാലിന്റെ സംഭാവനകള്‍ രേഖപ്പെടുത്താതെ സ്വാതന്ത്ര്യ സമര ചരിത്രം പൂര്‍ത്തിയാകില്ല. 1912 ജൂണ്‍ 12-ന് കല്‍ക്കത്തയില്‍നിന്ന് അല്‍ഹിലാല്‍ വാരിക പുറത്തിറങ്ങി. മുസ്‌ലിം പത്രപ്രവര്‍ത്തന രംഗത്ത് വഴിത്തിരിവായിരുന്നു അല്‍ഹിലാലിന്റെ പ്രസിദ്ധീകരണം. അല്‍ഹിലാല്‍ ജനഹൃദയങ്ങളില്‍ സൃഷ്ടിക്കുന്ന ചിന്താകലാപം കണ്ടില്ലെന്ന് നടിക്കാന്‍ ബ്രിട്ടീഷുകാര്‍ക്ക് ആവുമായിരുന്നില്ല. 1915-ല്‍ അവര്‍ അല്‍ഹിലാല്‍ അടച്ചുപൂട്ടി. ആസാദ് അടങ്ങിയിരുന്നില്ല. 1915-ല്‍ തന്നെ അല്‍ബലാഗ് എന്ന പേരില്‍ വാരിക വീണ്ടും തുടങ്ങി. അതിന്നും പക്ഷേ, മാസങ്ങളുടെ ആയുസ്സേ ബ്രിട്ടീഷുകാര്‍ നല്‍കിയുള്ളു. ലാഹോറിലെ ഹിന്ദുസ്ഥാന്‍, ലഖ്‌നൗവിലെ മുസ്‌ലിം ഗസറ്റ്, ദേശ്, ഹംദം, ഇലാഹാബാദിലെ സ്വരാജ്, അമൃതസറിലെ ദീപക് തുടങ്ങിയവ ദേശീയ പ്രസ്ഥാനത്തിന്റെ മുഖപത്രങ്ങളെപ്പോലെയാണ് പ്രസിദ്ധീകരിക്കപ്പെട്ടത്.
കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ്, ഹിന്ദു മഹാ സഭ, ആര്യസമാജ്, ഖിലാഫത്ത് കമ്മിറ്റി, അലീഗഢ് മൂവ്‌മെന്റ് തുടങ്ങിയ ഏതാണ്ടെല്ലാ പ്രസ്ഥാനങ്ങള്‍ക്കും ഉര്‍ദു ഭാഷയില്‍ മുഖപത്രങ്ങളുണ്ടായിരുന്നു. ക്രിസ്ത്യാനികള്‍ അവരുടെ മിഷനറി താല്‍പര്യത്തിനായി അമൃത്‌സറില്‍നിന്ന് നൂറെ അഫ്ഷാന്‍ ഉര്‍ദു വാരിക പുറത്തിറക്കിയിരുന്നു. ഉര്‍ദു പത്രങ്ങള്‍ ദേശീയ പ്രസ്ഥാനത്തിന് മാത്രമല്ല, 1857-നു ശേഷം ഉര്‍ദു സാഹിത്യത്തിന്റെ വളര്‍ച്ചയിലും ഗണ്യമായ പങ്കുവഹിച്ചു.
അബുല്‍ കലാം ആസാദിന്റെ അല്‍ഹിലാല്‍ ഉര്‍ദു സാഹിത്യത്തെ പരിപോഷിപ്പിക്കുന്നതിലും സ്തുത്യര്‍ഹമായ പങ്കുവഹിച്ചിരുന്നു. രാഷ്ട്രീയ നേതാവും ഉര്‍ദു ഗദ്യ സാഹിത്യത്തിലെ അഗ്രഗണ്യനുമായിരുന്ന ആസാദ് നിരവധി കൃതികളുടെ കര്‍ത്താവാണ്. ആസാദ് എഴുതി: 'അല്‍ഹിലാല്‍ നിങ്ങളെ സ്വാതന്ത്ര്യത്തിലേക്ക് ക്ഷണിക്കുന്നു, അല്ലെങ്കില്‍ ആത്മാഭിമാനത്തോടെയുള്ള മരണത്തിലേക്ക്'. ഉര്‍ദു പ്രസിദ്ധീകരണങ്ങളില്‍ ആദ്യമായി ഫോട്ടോയും ഇല്ലസ്‌ട്രേഷനും തുടങ്ങിയത് അല്‍ ഹിലാല്‍ ആയിരുന്നു.
ലാലാ ലജ്പത് റോയിയുടെ ഉര്‍ദു വാരിക ബന്ദേമാതരം സ്വാതന്ത്ര്യ പ്രസ്ഥാനത്തില്‍ വിപ്ലവ പക്ഷത്തെ പ്രതിനിധീകരിച്ചു. ബ്രിട്ടീഷ് രാജിനും ജന്മിത്തത്തിനുമെതിരെ ശബ്ദിച്ച ദീനാനാഥിന്റെ ഹിന്ദുസ്ഥാന്‍ പലതവണ നിരോധിക്കപ്പെട്ടു. ആള്‍ ഇന്ത്യാ കോണ്‍ഗ്രസ് സമ്മേളനത്തില്‍ പൂര്‍ണ സ്വരാജ് നമ്മുടെ ലക്ഷ്യമാക്കണമെന്ന് പ്രമേയം അവതരിപ്പിച്ചിട്ടും, യോഗം തള്ളിക്കളഞ്ഞ അവതാരകന്‍ ഹസ്രത്ത് മോഹാനി തന്റെ ഉര്‍ദുയേ മുഅല്ലയിലൂടെ ഇന്ത്യയുടെ പൂര്‍ണ സ്വാതന്ത്ര്യത്തിനായി അതിശക്തമായി വാദിച്ചു. അതിന്റെ ഓരോ ലക്കവും ക്ഷുഭിത യൗവനത്തിന്റെ ഗര്‍ജനമായിരുന്നുവെന്ന് സ്വാതന്ത്ര്യസമരനായകര്‍ അനുസ്മരിക്കുന്നു.
മഹാത്മാ ഗാന്ധിയുടെ ഹരിജന്‍ പത്രത്തിന് ഉര്‍ദു പതിപ്പിറക്കിയും ജവഹര്‍ലാല്‍ നെഹ്‌റു ലഖ്‌നൗവില്‍നിന്ന് ഖൗമി ആവാസ് എന്ന ഉര്‍ദു ദിനപത്രം പ്രസിദ്ധീകരിച്ചും ദേശീയ പ്രസ്ഥാനത്തിന് ആക്കം കൂട്ടി. അതോടൊപ്പം 1930-കളില്‍ അന്താരാഷ്ട്ര തലത്തില്‍ ഉര്‍ദു ഭാഷാ ദിനപത്രങ്ങള്‍ പ്രസിദ്ധീകരണമാരംഭിച്ചു. ലണ്ടനില്‍നിന്ന് മിലാവ്, പ്രതാപ് എന്നിവയും ബര്‍ലിനില്‍നിന്ന് തല്‍വാറും സാന്‍ഫ്രാന്‍സിസ്‌കോയില്‍നിന്ന് ഹിന്ദുസ്ഥാനിയും പുറത്തിറങ്ങിയതോടെ ഉര്‍ദു പത്രങ്ങള്‍ ബ്രിട്ടീഷ് സര്‍ക്കാറിന്റെ ഉറക്കം കെടുത്തി. 1947-ല്‍ സ്വാതന്ത്ര്യം നേടുമ്പോള്‍ ഹിന്ദിയടക്കമുള്ള മറ്റു ഭാഷാ പത്രങ്ങളേക്കാള്‍ ബഹുദൂരം മുന്നിലായിരുന്നു ഉര്‍ദു പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും.
സ്വാതന്ത്ര്യത്തിനു ശേഷം
സ്വാതന്ത്ര്യാനന്തരം വിഭജിക്കപ്പെട്ട ഇന്ത്യയിലും പാകിസ്താനിലും നിരവധി ദിനപത്രങ്ങളും പ്രസിദ്ധീകരണങ്ങളും പുറത്തിറങ്ങുന്നുണ്ട്. ഇന്ത്യയില്‍ മിക്ക സംസ്ഥാനങ്ങളില്‍നിന്നും ദിനപത്രങ്ങള്‍ പുറത്തിറങ്ങുന്നുണ്ട്.
ദേശീയയോദ്ഗ്രഥനത്തിനും മതസൗഹാര്‍ദത്തിനും വേണ്ടി ശബ്ദിക്കുന്ന, ഭീകരതക്കും വിഘടനവാദത്തിനുമെതിരെ ജനങ്ങളെ ബോധവത്കരിക്കുന്ന ഉര്‍ദു മാധ്യമങ്ങള്‍ പല കാരണങ്ങളാല്‍ വേണ്ടത്ര വളര്‍ച്ച നേടിയിട്ടില്ല. 1972-ല്‍ നിയോഗിക്കപ്പെട്ട ഐ.കെ ഗുജ്‌റാള്‍ കമ്മിറ്റിയും 1990-ല്‍ അലി സര്‍ദാര്‍ ജാഫ്രി കമ്മിറ്റിയും നിര്‍ദേശിച്ച ശിപാര്‍ശകള്‍ നടപ്പിലാക്കാന്‍ തയാറാകാത്തതാണ് മുഖ്യകാരണം. ഉര്‍ദു ജേര്‍ണലിസത്തില്‍ ആധുനിക പ്രവണതകളുള്‍ക്കൊള്ളുന്ന പരിശീലനം, പ്രിന്റിംഗ് ടെക്‌നോളജിയുടെ കാലികമായ വളര്‍ച്ചക്കനുസരിച്ച വിപുലനം, സാമ്പത്തിക പിന്തുണ തുടങ്ങിയ നിര്‍ദേശങ്ങളാണ് ഈ കമ്മിറ്റികള്‍ മുന്നോട്ടുവെച്ചത്.
ഇന്ന് ഇന്ത്യയിലും പാകിസ്താനിലും ബംഗ്ലാദേശിലും മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും നിരവധി പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും പുറത്തിറങ്ങുന്നു. ഇന്ത്യയില്‍നിന്ന് മാത്രം 523 ദിനപത്രങ്ങളടക്കം 2800 ഉര്‍ദു പ്രസിദ്ധീകരണങ്ങള്‍ പുറത്തിറങ്ങുന്നുവെന്നാണ് കണക്ക്. ഖൗമീ ആവാസ്, രാഷ്ട്രീയ സഹാറാ, ഇന്‍ഖിലാബ്, സിയാസത്ത്, മുന്‍സിഫ്, സാലാര്‍, ഇഅ്തിമാദ്, ഹിന്ദുസ്ഥാന്‍ എക്‌സ്പ്രസ്, മുസല്‍മാന്‍, ആഫ്താബ്, നവായേ വഖ്ത്, മിലാവ്, അഖ്ബാറെ മശ്‌രിഖ്, ഉര്‍ദു ടൈംസ് തുടങ്ങിയവയാണ് ഏറെ പ്രചാരമുളള ദിനപത്രങ്ങള്‍. മിലാവ്, ജംഗ്, ഡോണ്‍ തുടങ്ങിയവ പാകിസ്താനില്‍നിന്നും ലണ്ടനില്‍നിന്നും പുറത്തിറങ്ങുന്നു. മൂന്ന് ഉര്‍ദു ദിനപത്രങ്ങള്‍ അമേരിക്കയില്‍നിന്ന് പുറത്തിറങ്ങുന്നു. അവയില്‍ ഉര്‍ദു ടൈംസിന്റെ സര്‍ക്കുലേഷന്‍ പല ഇംഗ്ലീഷ് പത്രങ്ങളേക്കാളുമധികമാണ്. പാകിസ്താനില്‍ പി.പി.പിയുടെ മുസാവാതും മുസ്‌ലിം ലീഗിന്റെ നവായേ വഖ്തും ജമാഅത്തെ ഇസ്‌ലാമിയുടെ ജസാറത്തും വളരെ ശ്രദ്ധേയമാണ്.
ആനുകാലികങ്ങളില്‍ ഉര്‍ദു ഡൈജസ്റ്റിന് വമ്പിച്ച സ്വീകാര്യതയുണ്ട്. അതിന്റെ ചില വിശേഷാല്‍പ്രതികള്‍ അഞ്ചും പത്തും പതിപ്പുകള്‍ പുറത്തിറക്കാറുണ്ട്. അല്‍ത്വാഫ് ഹുസൈന്‍ ഖുറൈശിയാണ് അതിന്റെ സ്ഥാപക പത്രാധിപര്‍. അവിഭക്ത ഇന്ത്യയില്‍ 1930-ല്‍ പ്രസിദ്ധീകരണമാരംഭിച്ച ശായര്‍ ഉര്‍ദു സാഹിത്യരംഗത്ത് കരുത്തുറ്റ സംഭാവനകള്‍ നല്‍കിയ പ്രസിദ്ധീകരണമാണ്. നേരത്തേ ആഗ്രയില്‍നിന്നും ഇപ്പോള്‍ മുംബൈയില്‍നിന്നുമാണ് അത് പ്രസിദ്ധീകരിക്കുന്നത്. കിഷന്‍ ചന്ദര്‍, അലി സര്‍ദാര്‍ ജാഫ്രി തുടങ്ങിയ പുരോഗമന സാഹിത്യ പ്രസ്ഥാനക്കാരുടെ രചനകള്‍കൊണ്ട് സമ്പന്നമായ ശായര്‍ ഇന്നും ഉര്‍ദു സാഹിത്യകാരന്മാരുടെ രചനാ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാണ്.
1918-ല്‍ ബിജ്‌നൂറില്‍നിന്ന് പ്രസിദ്ധീകരണമാരംഭിച്ച നസ്‌റുല്ലാ ഖാന്റെ മദീനാ ത്രൈദിനം, നിയാസ് ഫത്ഹ്പൂരിയുടെ നിഗാര്‍ ലഖ്‌നൗ എന്നിവയും പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നു. 1956-ല്‍ പുറത്തിറങ്ങിയ നിഗാറിന്റെ 'ഖുദാ നമ്പര്‍ സ്‌പെഷല്‍' ഇപ്പോഴും പുനഃപ്രസിദ്ധീകരിച്ചുവരുന്നു. അതിന്റെ എഡിറ്റിംഗ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ പരിഗണിച്ചാണ് നിയാസ് ഫത്ഹ്പൂരിക്ക് ഇന്ത്യന്‍ ഗവണ്‍മെന്റ് പത്മഭൂഷണ്‍ നല്‍കിയത്.
ആധുനിക ഉര്‍ദു കവിതക്കും ഗസലിനും പോപ്പുലാരിറ്റി നല്‍കുന്നതില്‍ ശാഹിദ് അഹ്മദ് ദഹ്‌ലവിയുടെ സാഖീയും മസ്ഹര്‍ ഖൈരിയുടെ ജാമെ നൗവും വഹിച്ചുകൊണ്ടിരിക്കുന്ന പങ്ക് ചെറുതല്ല. ഉര്‍ദു, ഹിന്ദി സിനിമാരംഗത്ത് ശമാ, കഹ്കശാന്‍ തടങ്ങിയ പ്രസിദ്ധീകരണങ്ങളും സജീവമാണ്.
ഇസ്‌ലാമിക പ്രസ്ഥാനവും ഉര്‍ദു പത്രങ്ങളും
ഇസ്‌ലാമികപ്രസ്ഥാനമായ ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപകന്‍ മൗലാനാ അബുല്‍ അഅ്‌ലാ മൗദൂദി വളരെ മുമ്പുതന്നെ പത്രപ്രവര്‍ത്തനത്തില്‍ സജീവ പങ്കുവഹിച്ചിരുന്നു. തന്റെ പതിനഞ്ചാമത്തെ വയസ്സില്‍. 1918-ലാണ് അദ്ദേഹം ബിജ്‌നൂരിലെ അല്‍മദീനയുടെ പത്രാധിപ സമിതിയില്‍ അംഗമായത്. 1920-ല്‍ താജ് വാരികയുടെ പത്രാധിപരായി. ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ ഉര്‍ദു മുഖപത്രമായ മുസ്‌ലിമിന്റെയും തുടര്‍ന്ന് അല്‍ജംഇയ്യത്തിന്റെയും എഡിറ്ററായി ചുമതലയേറ്റു. 1932-ല്‍ സ്വന്തമായി തര്‍ജുമാനുല്‍ ഖുര്‍ആന്‍ തുടങ്ങി. ഈ പ്രസിദ്ധീകരണത്തിലൂടെയാണ് മൗദൂദി തന്റെ ചിന്തകള്‍ ജനങ്ങളിലേക്കെത്തിച്ചത്. പൂര്‍ണാര്‍ഥത്തില്‍ പരിഷ്‌കരണ പ്രവര്‍ത്തനത്തിന് മറ്റുള്ളവരുടെ ഉടമസ്ഥതയിലുള്ള പ്രസിദ്ധീകരണങ്ങളിലൂടെ സാധിക്കാത്തതിനാലാണ് സ്വയം ഒരു പ്രസിദ്ധീകരണം അദ്ദേഹം ആരംഭിച്ചത്.
1941-ല്‍ ജമാഅത്തെ ഇസ്‌ലാമി സ്ഥാപിച്ചതോടെ തര്‍ജുമാനുല്‍ ഖുര്‍ആന്‍ അതിന്റെ മുഖപത്രമായി. പ്രാസ്ഥാനിക ലേഖനങ്ങളും വിജ്ഞാനീയങ്ങളുമായി അതിന്റെ കനപ്പെട്ട ലക്കങ്ങള്‍ നിരവധി വായനക്കാരെ ആകര്‍ഷിച്ചു. വായനക്കാരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്ന 'റസാഇല്‍ വ മസാഇല്‍' എന്ന കോളം മൗദൂദി സാഹിബ് തന്നെയാണ് മരണം വരെ കൈകാര്യം ചെയ്തിരുന്നത്. അതില്‍ ഒട്ടെല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു. പിന്നീട് മൗലാനാ ഖുര്‍ശിദ് അഹ്മദ് പത്രാധിപ സ്ഥാനം ഏറ്റെടുത്തു.
1950-കളില്‍ പാകിസ്താനില്‍ ശക്തിയാര്‍ജിച്ചിരുന്ന സുന്നത്ത് നിഷേധ പ്രവണത, ഗുലാം അഹ്മദ് പര്‍വേസിന്റെ 'ത്വുലൂ എ ഇസ്‌ലാം' എന്ന പ്രസ്ഥാനമായി മാറുകയും അതേ പേരിലുള്ള പ്രസിദ്ധീകരണത്തിലൂടെ അതിന് വമ്പിച്ച പ്രചാരം നല്‍കുകയും ചെയ്തപ്പോള്‍ മൗലാനാ മൗദൂദി അതിനെ പ്രതിരോധിച്ചത് തര്‍ജുമാനുല്‍ ഖുര്‍ആനിലൂടെയായിരുന്നു. അതിന്റെ ഫലമായി സുന്നത്ത് നിഷേധ പ്രസ്ഥാനത്തിന്റെ മുനയൊടിയുകയും ഒരു വമ്പിച്ച വ്യതിയാനത്തില്‍ സമുദായം രക്ഷപ്പെടുകയും ചെയ്തു. 1961-ല്‍ അതിന്റെ ഒരു വിശേഷാല്‍പ്രതി മന്‍സിബെ രിസാലത്ത് നമ്പര്‍ ഇരുപതിനായിരം കോപ്പികള്‍ അച്ചടിച്ചത് ദിവസങ്ങള്‍ക്കകം വിറ്റഴിഞ്ഞു. പിന്നീട് അത് പുസ്തകമായി പ്രസിദ്ധീകരിക്കുകയുണ്ടായി.
വിഭജനശേഷവും തര്‍ജുമാനുല്‍ ഖുര്‍ആന്‍ ലാഹോറില്‍നിന്ന് പ്രസിദ്ധീകരിച്ചുവരുന്നു. പാകിസ്താന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ മുഖപത്രമായ ജസാറത്ത് ഏറെക്കാലം പ്രമുഖ പത്രപ്രവര്‍ത്തകനായ മുഹമ്മദ് സ്വലാഹുദ്ദീന്‍ പത്രാധിപരായി പ്രസിദ്ധീകരിച്ചു. ഇപ്പോഴും അതിന്റെ എഡിഷനുകള്‍ പുറത്തിറങ്ങുന്നു. മുഹമ്മദ് സ്വലാഹുദ്ദീന്‍ പിന്നീട് തുടങ്ങിയ ഇന്റര്‍നാഷ്‌നല്‍ ഉര്‍ദു വീക്ക്‌ലി തക്ബീര്‍ പ്രസ്ഥാനത്തിന്റെ ഔദ്യോഗിക ജിഹ്വയായിരുന്നില്ലെങ്കിലും ഇസ്‌ലാമിക ചിന്തകളുടെ മാധ്യമമായി നിലകൊണ്ടു.
ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ഉര്‍ദു മുഖപത്രം ദഅ്‌വത്ത് ത്രൈദിനമാണ്. ദല്‍ഹിയില്‍നിന്ന് പര്‍വാസ് റഹ്മാനിയുടെ പത്രാധിപത്യത്തില്‍ ഇപ്പോഴും അത് പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു. ഫസ്‌ലുര്‍റഹ്മാന്‍ ഫരീദി പത്രാധിപരായ സിന്ദഗി നൗ ആണ് പ്രസ്ഥാനത്തിന്റെ ഔദ്യോഗിക മാസിക. സയ്യിദ് ഖാസിം റസൂല്‍ ഇല്‍യാസിന്റെ അഫ്കാറെ മില്ലി, അബ്ദുല്‍ മാജിദ് ദരിയാബാദി സ്ഥാപിച്ച സിദ്‌ഖെ ജദീദ് തുടങ്ങിയവ പ്രസ്ഥാനത്തിന്റെ സഹയാത്രികര്‍ നടത്തുന്നവയാണ്.
അബ്ദുര്‍റഹ്മാന്‍ കൊടിയത്തൂര്‍
9447701741
abdurahmankdr@rediffmail.com

Comments

Other Post