Prabodhanm Weekly

Pages

Search

2009 അറുപതാം വാര്‍ഷികപ്പതിപ്പ്‌

കേരളീയ മുസലിം പത്രപ്രവര്‍ത്തന ചരിത്രം

അബ്ദുര്‍റഹ്മാന്‍ മങ്ങാട്‌

1847 ജൂണ്‍ മാസത്തില്‍ തലശ്ശേരിക്കടുത്ത നെട്ടൂരിലെ ഇല്ലിക്കുന്ന് ബാസല്‍ മിഷന്‍ ബംഗ്ലാവിന്റെ വരാന്തയിലാണ് കേരളത്തിലെ-മലയാളത്തിലെ- പ്രഥമ പത്രം പിറന്നുവീണത്. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച പ്രതിഭ നിത്യസ്മരണീയനായ ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് (1814-1898) ആയിരുന്നു. പത്രത്തിന്റെ പേര് രാജ്യസമാചാരം. റോയല്‍ സൈസില്‍ ആറു പേജില്‍ പ്രസിദ്ധീകരിച്ച പത്രം, 1850 ഡിസംബര്‍ വരെ 42 ലക്കങ്ങള്‍ പുറത്തിറങ്ങി. പൂര്‍ണമായും മിഷനറി താല്‍പര്യത്തോടെയുള്ള പ്രസിദ്ധീകരണമായിരുന്നു അത്.
ആധുനിക വാര്‍ത്താ വിനിമയോപാധികളും പള്ളികളും പള്ളിക്കൂടങ്ങളും ക്രൈസ്തവ മിഷനറി പ്രവര്‍ത്തനത്തിനും വിദ്യാഭ്യാസ പ്രവര്‍ത്തനത്തിനുമായി ഒരുവിഭാഗം ഉപയോഗിച്ചപ്പോള്‍ മുസ്‌ലിം ജനസാമാന്യം അതില്‍നിന്ന് പുറം തിരിഞ്ഞു നില്‍ക്കുകയായിരുന്നു. അതിന്റെ കാരണങ്ങള്‍ പലതായിരുന്നു. ''സമുദായത്തില്‍ അഭ്യസ്തവിദ്യരുടെ സംഖ്യ കുറവും, അതില്‍തന്നെ പത്രം വായിക്കുവാന്‍ കഴിവുള്ളവരുടെ എണ്ണം വളരെ കുറവും, അങ്ങനെ കഴിവുള്ളവരില്‍ തന്നെ പത്രം വായിക്കുവാന്‍ താല്‍പര്യമുള്ളവരുടെ സംഖ്യ വളരെ വളരെ കുറവുമായിരുന്ന ഒരു കാലഘട്ടത്തിലാണ് മുസ്‌ലിം പത്രപ്രവര്‍ത്തനത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. സഹോദരസമുദായം പത്രപ്രവര്‍ത്തനത്തില്‍ വളരെ മുന്നോട്ടു പോയിരുന്നു. പരിഷ്‌കൃതമായ വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ അവരുടെ കുത്തകയായിരുന്നു. അതിനാല്‍ പരസ്യക്കാരുടെ അനുഗ്രഹവും അവര്‍ക്കാണ് ലഭിച്ചത്. മുസ്‌ലിംകളുടെ കൂട്ടത്തില്‍ പത്രത്തില്‍ എഴുതിത്തെളിഞ്ഞ ലേഖകന്മാരും വളരെ വിരളമായിരുന്നു'' ('കേരള മുസ്‌ലിം ഡയറക്ടറി' 1960, സി.എച്ച് മുഹമ്മദ് കോയ പേജ് 461).
മുസ്‌ലിം പത്രപ്രവര്‍ത്തന ചരിത്രം എഴുതുമ്പോള്‍ വിഷയത്തെ രണ്ടായി വിഭജിക്കേണ്ടിവരും: 1) അറബി മലയാള പ്രസിദ്ധീകരണങ്ങള്‍ 2) ഭാഷാ പ്രസിദ്ധീകരണങ്ങള്‍.
കേരള മുസ്‌ലിംകളില്‍ ശ്രദ്ധേയമായ സ്വാധീനം നേടിയ ഒന്നാമത്തെ അറബിമലയാള മാസിക മമ്പുറം സയ്യിദ് അലവി തങ്ങളുടെ ദ്വിതീയ പുത്രന്‍ സയ്യിദ് അലവിക്കോയ തങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിരുന്ന ഹിദായത്തുല്‍ ഇഖ്‌വാന്‍ ആണെന്ന് കെ.എം മൗലവി രേഖപ്പെടുത്തുന്നു (അല്‍മുര്‍ശിദ് പു-1 ലക്കം 1). 1908-ല്‍ അബ്ദുല്ലക്കോയ തങ്ങള്‍ അന്തരിച്ചു. തിരൂരങ്ങാടി ചാലിലകത്ത് അഹ്മദ് നടത്തിയിരുന്ന 'ആമിറുല്‍ ഇസ്‌ലാം ഫീ മഅ്ദിനില്‍ ഉലൂം' എന്ന പ്രസ്സില്‍നിന്നായിരുന്നു പ്രസ്തുത മാസിക മുദ്രണം ചെയ്തിരുന്നത്. ചാലിലകത്ത് ഖുസയ്യ് ഹാജിയും അദ്ദേഹത്തിന്റെ പുത്രന്‍ അലിഹസന്‍ മൗലവിയും പത്രാധിപരെ സഹായിച്ചിരുന്നു. മൂന്നു വര്‍ഷത്തോളം പ്രസ്തുത മാസിക നടന്നു. മാപ്പിളമാര്‍ക്കിടയില്‍ ദീനീവിജ്ഞാനം പ്രചരിപ്പിക്കാനും ബ്രിട്ടീഷ് വിരുദ്ധ കലാപങ്ങളില്‍നിന്ന് മാറിനില്‍ക്കാനും മുസ്‌ലിംകളെ പ്രസ്തുത മാസിക ഉദ്‌ബോധിപ്പിച്ചിരുന്നു.
ആലപ്പുഴയിലെ പ്രസിദ്ധ പണ്ഡിതനും എഴുത്തുകാരനും യൂനാനി വൈദ്യ വിശാരദനും വക്കം മുഹമ്മദ് അബ്ദുല്‍ ഖാദിര്‍ മൗലവിയുടെയും കൊച്ചിയിലെ മൗലവി അബ്ദുര്‍റഹ്മാന്‍ ഹൈദ്രോസ് എന്ന അടിമ മുസ്‌ലിയാരുടെയും ഗുരുനാഥനുമായ സുലൈമാന്‍ മൗലവി സ്ഥാപിച്ചതാണ് മണിവിളക്ക് അറബിമലയാള വാരിക. ഹിജ്‌റ 1312 (എ.ഡി 1894)ല്‍ ആലപ്പുഴയില്‍ അദ്ദേഹം ആമിറുല്‍ ഇസ്‌ലാം എന്ന പേരില്‍ ഒരു ലിത്തോ പ്രസ്സ് സ്ഥാപിച്ചു. ഹി. 1317 (എ.ഡി 1899)ല്‍ പ്രസ്തുത പത്രം പുറത്തിറങ്ങി. മൂന്നുവര്‍ഷത്തോളം മുടങ്ങാതെ നടന്നു. പി.എസ് മുഹമ്മദ് സാഹിബ്, സയ്യിദ് സനാഉല്ലാ മക്തി തങ്ങള്‍, ശൈഖ് മുഹമ്മദ് മാഹിന്‍ ഹമദാനി തങ്ങള്‍, എന്‍.എ മുഹമ്മദ് കുഞ്ഞ് സാഹിബ് (ആലപ്പുഴ) മുഹമ്മദ് കണ്ണ്, വക്കം മൗലവി തുടങ്ങിയവര്‍ അതിലെ എഴുത്തുകാരായിരുന്നു.
കേരള മുസ്‌ലിം നവോത്ഥാന നായകരില്‍ അഗ്രേസരനായിരുന്ന സയ്യിദ് സനാഉല്ലാ മക്തി തങ്ങള്‍ (1847-1912) കൊച്ചിയില്‍നിന്ന് ഹിജ്‌റ 1312 (എ.ഡി 1894)ല്‍ തുഹ്ഫതുല്‍ അഖ്‌യാര്‍ വഹിദായതുല്‍ അശ്‌റാര്‍ എന്ന പേരില്‍ ഒരു അറബിമലയാള പാക്ഷികം പ്രസിദ്ധപ്പെടുത്തി. ചേനവളപ്പില്‍ സയ്യിദ് അബ്ദുര്‍റഹ്മാന്‍ ഹൈദ്രോസ് എന്ന അടിമ മുസ്‌ലിയാര്‍(കൊച്ചി), അണിയാപുറത്ത് അമ്മുസാഹിബ് (തലശ്ശേരി), അറക്കല്‍ കുഞ്ഞഹമ്മദ് മൗലവി (കൊച്ചി) എന്നിവരായിരുന്ന പത്രാധിപസമിതി അംഗങ്ങള്‍.
''അടുക്കള വിട്ടുപോയില്ല
അറിവുള്ളോരെ കണ്ടില്ല
കിതാബൊന്നും പഠിച്ചില്ല
ഫത്‌വാക്കൊന്നും മുട്ടില്ല.''
പത്രത്തിന്റെ ഈ മുഖലിഖിതത്തില്‍നിന്നുതന്നെ പത്രത്തിന്റെ ശൈലി മനസ്സിലാക്കാവുന്നതാണ്. ഒരു വര്‍ഷത്തോളം മാത്രമേ പ്രസ്തുത പാക്ഷികം നിലനിന്നുള്ളൂ.
കേരള മുസ്‌ലിം വൈജ്ഞാനിക വിദ്യാഭ്യാസ മേഖലകളില്‍ പ്രഗത്ഭനായ തിരൂര്‍ സി. സൈതാലിക്കുട്ടി മാസ്റ്റര്‍ (1856-1917) ഒരു മലയാള പത്രം നടത്താനായി 'സ്വലാഹുല്‍ ഇഖ്‌വാന്‍ കമ്പനി' സ്ഥാപിച്ചു. താഴെപറയുന്നവരായിരുന്നു ഡയറക്ടര്‍മാര്‍: 1) മുഹമ്മദ് അക്‌റം സാഹിബ് 2) പാട്ടത്തില്‍ മൊയ്തീന്‍ സാഹിബ് 3) മണ്ടകത്തില്‍ മൊയ്തീന്‍കുട്ടി സാഹിബ് 4) അണിയാപുറത്ത് അമ്മുസാഹിബ് 5) സി. സൈതാലിക്കുട്ടി മാസ്റ്റര്‍ 6) കിഴക്കാം കുന്നത്ത് അഹ്മദ് സാഹിബ്. ഹിജ്‌റ 1317 (എ.ഡി 1899)ല്‍ സ്വലാഹുല്‍ ഇഖ്‌വാന്‍ പത്രം തിരൂരില്‍നിന്ന് പുറത്തിറങ്ങി. മാസത്തില്‍ രണ്ടും മൂന്നും ലക്കങ്ങള്‍ വീതമാണ് പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നത്. എട്ടുവര്‍ഷത്തോളം പ്രസ്തുത പത്രം നിലനിന്നു. ബഹുഭാഷാ പണ്ഡിതനായ സൈതാലിക്കുട്ടി മാസ്റ്റര്‍ മുസ്‌ലിംകളില്‍ ശാസ്ത്രാഭിമുഖ്യം വളര്‍ത്തുന്നതിന് സുദീര്‍ഘമായ ലേഖനങ്ങളെഴുതി. അല്‍മുഅയ്യദ്, റിവ്യു ഓഫ് റിലീജ്യന്‍സ് ഹെല്‍ത്ത് മാഗസിന്‍ തുടങ്ങിയ അറബ്-ഇംഗ്ലീഷ് പത്രങ്ങളില്‍നിന്ന് ലേഖനങ്ങള്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചു. തുര്‍ക്കി ഖിലാഫത്തിലെ ഭരണവാര്‍ത്തകള്‍ക്ക് പ്രത്യേക കോളം നീക്കിവെച്ചിരുന്നു. ചാലിലകത്ത് അബ്ദുല്ല മുസ്‌ലിയാര്‍, ആമിനുമ്മാന്റകത്ത് പരീക്കുട്ടി മുസ്‌ലിയാര്‍ (താനൂര്‍), മലപ്പുറം മേല്‍മുറി മാടമ്പി അലവി മുസ്‌ലിയാര്‍, സനാഉല്ലാ മക്തി തങ്ങള്‍, മൊയ്തുണ്ണി മുസ്‌ലിയാര്‍ (കോക്കൂര്‍), ഹമദാനി ശൈഖ് തുടങ്ങിയ അക്കാലത്തെ പ്രമുഖരെല്ലാം സലാഹുല്‍ ഇഖ്‌വാനില്‍ എഴുതിയിരുന്നു. പിന്നീട് 1327 (ക്രി. 1909) ല്‍അറബിമലയാളത്തില്‍ റഫീഖുല്‍ ഇസ്‌ലാം എന്ന പേരില്‍ ഒരു വാരിക അദ്ദേഹം പ്രസിദ്ധീകരിച്ചു. ആ വിജ്ഞാന വാരിക നാലുവര്‍ഷം നിലനിന്നു. മൗലാനാ കുഞ്ഞഹമ്മദ് ഹാജി, അദ്ദേഹത്തിന്റെ മാതുലനായ ചാലിലകത്ത് അബ്ദുല്ല മുസ്‌ലിയാര്‍ (സി.എ മുഹമ്മദ് മൗലവിയുടെ പിതാവ്) മുതലായവര്‍ റഫീഖുല്‍ ഇസ്‌ലാമില്‍ തുടര്‍ ലേഖനങ്ങള്‍ എഴുതിയിരുന്നു.
അറബിമലയാളത്തിലെ മറ്റൊരു കനപ്പെട്ട പ്രസിദ്ധീകരണമാണ് വക്കം മുഹമ്മദ് അബ്ദുല്‍ ഖാദിര്‍ മൗലവി (1873-1932)യുടെ നേതൃത്വത്തില്‍ കായിക്കരയില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന അല്‍ ഇസ്‌ലാം മാസിക. ഹി. 1336 റജബ് മാസത്തില്‍ (1917) പ്രഥമ ലക്കം പുറത്തിറങ്ങി. 'സൂറതുല്‍ ഫാതിഹ'യുടെ വ്യാഖ്യാനം, തൗഹീദ്, സ്ത്രീ വിദ്യാഭ്യാസം മുതലായ വിഷയങ്ങളെ സംബന്ധിച്ച് പഠനാര്‍ഹങ്ങളായ ലേഖനങ്ങളും ഫത്‌വകളും അല്‍ഇസ്‌ലാഹില്‍ പ്രസിദ്ധീകരിച്ചു. പത്രാധിപര്‍ക്കു പുറമെ, എ. മുഹമ്മദ് യൂസുഫ് തങ്ങള്‍ (തിരുവനന്തപുരം), ഇ. മൊയ്തു മൗലവി തുടങ്ങിയവര്‍ അല്‍ ഇസ്‌ലാമിലെ സ്ഥിരം ലേഖകരായിരുന്നു. അഞ്ചു ലക്കങ്ങള്‍ മാത്രം പ്രസിദ്ധീകരിച്ച പ്രസ്തുത പത്രവും ചരിത്രത്തിന്റെ ഭാഗമായി.
കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ രൂപീകരണത്തെ തുടര്‍ന്ന് കൊടുങ്ങല്ലൂരിലെ ഏറിയാട്ടു നിന്ന് ഹി. 1342 റമദാനില്‍ (1923)ല്‍ അല്‍ ഇര്‍ശാദ് അറബിമലയാള മാസിക പ്രസിദ്ധീകരണമാരംഭിച്ചു. ഇ.കെ മൗലവി പത്രാധിപരും മണപ്പാട്ടു കുഞ്ഞഹമ്മദ് ഹാജി പ്രസാധകനുമായിരുന്നു. അല്‍ഇര്‍ശാദിന്റെ പതിനാലു ലക്കങ്ങള്‍ മാത്രമേ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളൂ. അല്‍ഇര്‍ശാദ് പ്രഥമ ലക്കത്തിലെ പ്രസ്താവനയില്‍നിന്ന്: ''ലോകത്തുള്ള എല്ലാ മുസ്‌ലിംകളും ഒരുവിധമല്ലെങ്കില്‍ മറ്റൊരുവിധം കഷ്ടനഷ്ടങ്ങളും ക്ലേശങ്ങളും അനുഭവിച്ചുവരുന്നുണ്ടെന്ന് ഇന്നത്തെ ലോകവൃത്താന്തങ്ങള്‍ നമ്മെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്നു. വിശിഷ്യാ കേരള മുസ്‌ലിംകള്‍ അവരുടെ സര്‍വശ്രേയസ്സിനും കാരണമായ മതതത്വങ്ങളെ വിസ്മരിച്ചുകൊണ്ട് പരസ്പരം കലഹിക്കുന്നു. സഹോദരങ്ങളുടെ നാശക്കുഴി കുഴിപ്പാന്‍ സര്‍വവിധ പരിശ്രമങ്ങളും ചെയ്യുന്നു. മറ്റു സമുദായങ്ങളുടെ ഉയര്‍ച്ചയും അഭിവൃദ്ധിയും കണ്ടിട്ട് യാതൊരു വികാരങ്ങളും അവരുടെ ഹൃദയങ്ങളില്‍ അങ്കുരിക്കുന്നില്ല. അവര്‍ സഹോദരന്റെ തുഛമായ അഭിവൃദ്ധിയില്‍ അസൂയപ്പെടുന്നു. അവന്റെ നാശത്തിനുള്ള മാര്‍ഗങ്ങളെ കണ്ടുപിടിക്കുന്നതിന് ഒരു വലിയ തത്വജ്ഞാനിയുടെ ചിന്താശക്തി പ്രയോഗിക്കുന്നു.''
അക്കാലത്ത് തന്നെ കൊടുങ്ങല്ലൂരില്‍നിന്ന് അല്‍ഇസ്‌ലാഹ് എന്ന ഒരു വാരികയും പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ പത്രാധിപര്‍ ഇ. മൊയ്തു മൗലവി സാഹിബായിരുന്നു. 1347 റബീഉല്‍ അവ്വല്‍ (1928 സെപ്റ്റംബര്‍) മുതല്‍ അല്‍ ഇസ്‌ലാഹ് മാസികയായി പ്രസിദ്ധീകരിച്ചു. അല്‍ ഇര്‍ശാദിന്റെ തുടര്‍ച്ചയായതുകൊണ്ട് ഇര്‍ശാദിന്റെ വരിക്കാര്‍ക്ക് ഇനിമുതല്‍ അല്‍ ഇസ്‌ലാഹ് ലഭിക്കുന്നതാണെന്ന് ഒന്നാം ലക്കത്തില്‍ പറഞ്ഞിട്ടുണ്ട്. ഇ.കെ മൗലവി, കെ.എം മൗലവി, ഇ. മൊയ്തു മൗലവി, ടി.കെ മുഹമ്മദ് മൗലവി(പാനൂര്‍), എം. അബ്ദുല്ലക്കുട്ടി മൗലവി തുടങ്ങിയവര്‍ ഇരുമാസികകളിലും പഠനാര്‍ഹമായ ധാരാളം ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.
കെ.സി കോമുക്കുട്ടി മൗലവിയുടെ ശ്വശുരനായ മലപ്പുറം ഇരിമ്പിളിയം സ്വദേശി ഹൈദര്‍ വൈദ്യര്‍ സ്ഥാപിച്ചതാണ് ഹൈദരിയ്യ പ്രസ്സ്. അവിടെനിന്ന് രണ്ട് അറബിമലയാളം മാസികകള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഒന്ന് ഹൈദര്‍ വൈദ്യരുടെ പത്രാധിപത്യത്തില്‍ അല്‍ഹിദായ മാസിക 1929 ഒക്‌ടോബര്‍ (ഹി. 1348 റബീഉല്‍ അവ്വലില്‍) പ്രസിദ്ധീകരണമാരംഭിച്ചു. പ്രഥമലക്കത്തില്‍ എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവി, എം. അബ്ദുല്ലക്കുട്ടി മൗലവി, ഉണ്ണി മുഹ്‌യിദ്ദീന്‍ കുട്ടി മൗലവി, പി. കോയക്കുട്ടി(മയ്യഴി) തുടങ്ങിയവരുടെ ലേഖനങ്ങളുണ്ട്. പ്രഥമലക്കത്തിലെ പ്രസ്താവന കേരള മുസ്‌ലിം നവോത്ഥാനത്തിനു വിദ്യാഭ്യാസ-നവോത്ഥാന-സംസ്‌കരണ പരിപാടികളുടെ ആവശ്യകതയും നിലവിലുള്ളതിന്റെ അപര്യാപ്തതയും ചൂണ്ടിക്കാട്ടി ആധുനിക മാധ്യമങ്ങള്‍ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത വിശദീകരിക്കുന്നു: ''എന്നാല്‍ കേരള മുസ്‌ലിംകളുടെ ഉയര്‍ച്ചയെ ഉദ്ദേശിച്ചുകൊണ്ട് അല്‍അമീന്‍, യുവലോകം, ഐക്യം തുടങ്ങിയുള്ള പത്രങ്ങളും ചുരുക്കം ചില മാസികകളും നടത്തിവരുന്നതിനാല്‍ സമുദായത്തിനു നിരവധി നന്മകള്‍ സിദ്ധിക്കുകയും സിദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ടെന്നുള്ളതിനെ ഈ അവസരത്തില്‍ ഞങ്ങള്‍ വിസ്മരിക്കുന്നില്ല. പക്ഷേ കേരള മുസ്‌ലിം പുരുഷന്മാരില്‍ ഒരു വലിയ വിഭാഗവും വിശേഷിച്ചു സ്ത്രീകളും മലയാളം നിശ്ചയമില്ലാത്തവരാകയാല്‍ മേല്‍പറഞ്ഞ പത്രങ്ങള്‍ വഴിയായി മതസംബന്ധമായോ സാമുദായികമായോ മറ്റോ ഉള്ള വിവരങ്ങള്‍ വായിച്ചറിയുവാന്‍ അവര്‍ക്കു സാധിക്കുന്നില്ല. അറബിമലയാള ലിപിയില്‍ മതസംബന്ധമായ കാര്യങ്ങളെ പ്രതിപാദിച്ചുകൊണ്ടുള്ള വല്ല പ്രസിദ്ധീകരണങ്ങളും ഉണ്ടാകുന്ന പക്ഷം മേല്‍പറഞ്ഞ രണ്ടുതരക്കാര്‍ക്കും (മലയാള ലിപി നിശ്ചയമില്ലാത്ത പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും) അതു വായിച്ചു മനസ്സിലാക്കാന്‍ കഴിയുന്നതാണ്. ഖുര്‍ആന്‍ വാക്യങ്ങളും നബിവാക്യങ്ങളും മറ്റും അവയുടെ ശരിയായ രൂപത്തില്‍ തന്നെ എഴുതി പ്രസിദ്ധപ്പെടുത്തുവാന്‍ അറബിമലയാള ലിപി വളരെ സഹായിക്കുന്നതാണ്. ഇതുകൊണ്ടെല്ലാമാണ് അല്‍ഹിദായ അറബിമലയാള ലിപിയില്‍ പ്രസിദ്ധപ്പെടുത്തുവാന്‍ ഞങ്ങള്‍ തുനിഞ്ഞിട്ടുള്ളത്.''
കേരളത്തിലെ ആദ്യത്തെ മുസ്‌ലിം വനിതാ മാസികയാണ് നിസാഉല്‍ ഇസ്‌ലാം (മുസ്‌ലിം വനിത). അതിന്റെ പത്രാധിപര്‍ കെ.സി കോമുക്കുട്ടി മൗലവി. ഇരിമ്പിളിയം ഹൈദരിയ്യാ പ്രസ്സില്‍നിന്നാണ് അച്ചടിച്ചിരുന്നത്. 1929 സെപ്റ്റംബര്‍ (1348 റബീഉല്‍ അവ്വല്‍) പ്രഥമലക്കം പുറത്തിറങ്ങി.
1935 ഫെബ്രുവരിയില്‍ കേരള ജംഇയ്യത്തുല്‍ ഉലമായുടെ ആഭിമുഖ്യത്തില്‍ കെ.എം മൗലവിയുടെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയ അറബിമലയാളം മാസികയാണ് അല്‍മുര്‍ശിദ്. ചാലിലകത്ത് അലിഹസന്‍ മൗലവിയാണ് പബ്ലിഷര്‍. ആദ്യപത്രാധിപക്കുറിപ്പ് ഇങ്ങനെ വായിക്കാം: ''അല്‍മുര്‍ശിദ് മലയാള ഭാഷയിലും ലിപിയിലും പുറപ്പെടുവിക്കാതെ അറബിമലയാളത്തില്‍ തന്നെ പുറപ്പെടുവിക്കുവാന്‍ പലകാരണങ്ങളുമുണ്ട്. ഒന്നാമതായി കേരള മുസ്‌ലിംകളില്‍ മലയാളം എഴുതാനും വായിക്കാനും അറിയുന്നവരെ അപേക്ഷിച്ചു അറബിമലയാളം അറിയുന്നവരുടെ എണ്ണം വളരെ അധികമാണ്. വിശേഷിച്ചും പുരുഷന്മാരെ പോലെ തന്നെ മുസ്‌ലിം സ്ത്രീകള്‍ക്കും അറബിമലയാളം വായിക്കുവാന്‍ സാധിക്കും. രണ്ടാമതായി ആയത്തുകളെയും ഹദീസുകളെയും ഉദ്ധരിക്കണമെങ്കില്‍ അറബിമലയാളത്തില്‍ ആയിരുന്നാലേ സാധിക്കുകയുള്ളൂ.'' പ്രഗത്ഭ പണ്ഡിതന്മാരുടെ ഒരു നിരതന്നെ അല്‍മുര്‍ശിദില്‍ എഴുതിയിരുന്നു.
എം.സി.സി അഹ്മദ് മൗലവിയുടെ സ്വഹീഹുല്‍ ബുഖാരി പരിഭാഷയും വ്യാഖ്യാനവും ഒന്നാം ലക്കം മുതല്‍ ആരംഭിച്ചിരുന്നു. അദ്ദേഹം തന്നെ എഴുതിയിരുന്ന അവ്വലുല്‍ മുസ്‌ലിമീന്‍, അത്തറാവീഹ് എന്നീ തുടര്‍ ലേഖനങ്ങള്‍ അനര്‍ഘങ്ങളാണ്. ആധുനിക മുസ്‌ലിം ലോകത്തെ പ്രഗത്ഭ പണ്ഡിതന്‍ അമീര്‍ ശകീബ് അര്‍സലാന്റെ പ്രസിദ്ധ ഗ്രന്ഥം 'ലിമാദാ തഅഖ്ഖറല്‍ മുസ്‌ലിമൂന്‍' 'മുസ്‌ലിംകള്‍ എന്തുകൊണ്ട് അധഃപതിച്ചു' എന്ന പേരില്‍ കെ.എം മൗലവിയും ആധുനിക ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ പ്രമുഖനായ ശൈഖ് ത്വന്‍താവി ജൗഹരിയുടെ 'അല്‍ ഖുര്‍ആന്‍ വ ഉലൂമുല്‍ അസ്വരിയ്യ' എന്ന ഗ്രന്ഥം 'ഖുര്‍ആനും ആധുനിക ശാസ്ത്രങ്ങളും' എന്ന പേരില്‍ പി.വി മുഹമ്മദ് മൗലവിയും വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്. സയ്യിദ് സുലൈമാന്‍ നദ്‌വിയുടെ മആരിഫ്, ഡോക്ടര്‍ മുസ്ത്വഫസ്സിബാഇയുടെ അല്‍ ഫത്ഹ്, മൗലാനാ അബുല്‍ കലാം ആസാദിന്റെ തര്‍ജുമാനുല്‍ ഖുര്‍ആന്‍ തുടങ്ങിയവയില്‍നിന്ന് നിരവധി ലേഖനങ്ങള്‍ അല്‍ മുര്‍ശിദില്‍ മൊഴിമാറ്റം നടത്തി പ്രസിദ്ധീകൃതമായിട്ടുണ്ട്.
ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ രചിച്ച കേരളത്തിന്റെ ആധികാരിക ചരിത്ര ഗ്രന്ഥമായ തുഹ്ഫതുല്‍ മുജാഹിദീന്‍ ആദ്യമായി അച്ചടിക്കപ്പെട്ടത് അല്‍ മുര്‍ശിദിന്റെ താളുകളിലാണ്.
1939 ഏപ്രില്‍ ലക്കത്തോടു കൂടി നാലുവര്‍ഷം പൂര്‍ത്തിയാക്കിയ അല്‍ മുര്‍ശിദ് രംഗത്തു നിന്നുമാറി. പിന്നെ 1949-ല്‍ അല്‍ മുര്‍ശിദ് കെ.എം മൗലവിയുടെ നേതൃത്വത്തില്‍ ആരംഭിച്ചുവെങ്കിലും ഒരുവര്‍ഷം മാത്രമേ അത് നിലനിന്നുള്ളൂ. അബ്ദുല്ലാഹിന്നൂറാനി, അബൂലൈല പി.വി മുഹമ്മദ് മൗലവി, അബൂസല്‍മ കെ.കെ ജമാലുദ്ദീന്‍ മൗലവി, ഫലഖി മുഹമ്മദ് മൗലവി, കൊച്ചന്നൂര്‍ അലി മൗലവി തുടങ്ങി കേരളത്തിലെ പ്രതിഭാധനരായ അറബിക്കവികളുടെ പല കവിതകളും വെളിച്ചം കണ്ടതും അല്‍മുര്‍ശിദ് മാസികയിലൂടെയാണ്.
1954 ഫെബ്രുവരി (ഹി. 1373 ജമാദുല്‍ ഊലായില്‍ തിരൂരങ്ങാടിയില്‍നിന്നും ഇ.കെ മൗലവിയുടെ മുഖ്യപത്രാധിപത്യത്തില്‍ പ്രസിദ്ധീകരണമാരംഭിച്ച അറബി മലയാള മാസികയാണ് അല്‍ ഇത്തിഹാദ്. 1956 സെപ്റ്റംബറില്‍ പുസ്തകം 3, ലക്കം ഏഴോടുകൂടി മാസിക നിലച്ചുപോയി. കേരള ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ പ്രയാണത്തില്‍ ഊര്‍ജം പകരുകയായിരുന്നു അല്‍ ഇത്തിഹാദിന്റെ മുഖ്യലക്ഷ്യം.
മുസ്‌ലിം ഐക്യത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ലേഖനങ്ങള്‍ ഓരോ ലക്കത്തിലും ഉള്‍ക്കൊള്ളിച്ചിരുന്നു. പുസ്തകം 1, ലക്കം 10-ല്‍ 'മുസ്‌ലിം നേതാക്കള്‍ ഉണരണം' എന്ന പത്രാധിപക്കുറിപ്പില്‍ കക്ഷിവഴക്കുകളെ പരാമര്‍ശിച്ച് ഇങ്ങനെ എഴുതുന്നു: ''ആത്മഹത്യാപരമായ ഈ കക്ഷിത്വവും മത്സരവും മൂലം മുസ്‌ലിം സമുദായത്തിന്റെ ശക്തി ദിനംപ്രതി ക്ഷയിച്ചുവരികയും ചെയ്യുന്നു. ഈ വസ്തുത ഈ കക്ഷികളാരും തന്നെ ഗൗനിക്കുന്നില്ല. ഓരോ കക്ഷിയും തങ്ങളാണ് ഹഖിന്റെ അഹ്‌ലുകാരെന്ന് കരുതിയായിരിക്കും പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ പ്രവര്‍ത്തന രീതിയില്‍ വന്നിട്ടുള്ള ഭയങ്കരമായ അബദ്ധം മൂലം പൊതുവെ സമുദായത്തിന്റെ ശക്തി നശിക്കുകയും അങ്ങനെ ഓരോ കക്ഷിയെയും ആ ക്ഷയം ബാധിക്കുകയുമാണ് ചെയ്യുന്നതെന്ന് അവര്‍ അറിയുന്നില്ല. ഒരുപൊതു ശത്രു അവരെ- എല്ലാ കക്ഷിയെയും- തുറിച്ചുനോക്കിക്കൊണ്ട് തക്കം പാര്‍ത്തിരിക്കുന്ന വിവരം അവര്‍ മനസ്സിലാക്കാത്തതാണ് വ്യസനം. തറവാട്ടിലെ അംഗങ്ങള്‍ തറവാട് ഭാഗിക്കുവാന്‍ ഒരുങ്ങിയിരിക്കുകയാണ്. ഉയര്‍ന്ന മുറികള്‍ ഞങ്ങള്‍ക്ക് കിട്ടണമെന്ന് വാദിച്ച് ബഹളം കൂട്ടുന്നു. ഓരോ അംഗവും തന്റെ വാദം സ്ഥാപിക്കാന്‍ വെമ്പല്‍ കൊള്ളുന്നു. എന്നാല്‍ തറവാടിന് തീപിടിക്കുകയാണ്. അതവര്‍ അറിയുന്നില്ല. അറിഞ്ഞാലും അതിനെപ്പറ്റി ഗൗനിക്കുന്നില്ല. ഇതാണ് ഇന്നത്തെ മുസ്‌ലിം സമുദായത്തിന്റെ നില. ഇതിനൊരു പരിഹാരം കാണാത്ത പക്ഷം സമുദായം നശിക്കും (അല്ലാഹു രക്ഷിക്കട്ടെ).''
1929 ഡിസംബറില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ആഭിമുഖ്യത്തില്‍ സ്ഥാപക നേതാവായ പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാരുടെ പത്രാധിപത്യത്തില്‍ കോഴിക്കോട്ടുനിന്ന് അല്‍ബയാന്‍ പത്രം പ്രസിദ്ധീകരിച്ചു. അഞ്ചു ലക്കങ്ങള്‍ മാത്രമേ പ്രസ്തുത മാസിക പുറത്തിറങ്ങിയുള്ളൂ. തിരൂരങ്ങാടിയില്‍ കാരക്കല്‍ അബ്ദുല്ല എന്ന വ്യക്തി നടത്തിയിരുന്ന മള്ഹറുല്‍ മുഹിമ്മാത്ത് ലിത്തോ പ്രസ്സില്‍നിന്നായിരുന്നു അതിന്റെ മുദ്രണം.
നീണ്ട ഇടവേളക്കുശേഷം 1950 ഒക്‌ടോബര്‍ മാസത്തില്‍ സമസ്തയുടെ ആഭിമുഖ്യത്തില്‍ അല്‍ബയാന്‍ പുനഃപ്രസിദ്ധീകരിക്കുകയുണ്ടായി. ഏതാണ്ട് പത്ത് വര്‍ഷത്തോളം മുടക്കം കൂടാതെ അതു നിലനിന്നു. അബ്ദുല്‍ബാരി മുസ്‌ലിയാര്‍, പറവണ്ണ കെ.പി.എ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, അബുല്‍കമാല്‍ കാടേരി മുഹമ്മദ് മൗലവി, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ മുതലായവര്‍ വ്യത്യസ്ത കാലങ്ങളില്‍ അല്‍ ബയാന്റെ പത്രാധിപത്യം വഹിച്ചു പോന്നു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായെ പരിചയപ്പെടുത്തിയ ശേഷം ആമുഖ ലേഖനത്തില്‍ പറയുന്നു: ''പ്രസ്തുത സംഘത്തില്‍പെട്ട ആലിമീങ്ങള്‍ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ എതിരില്‍ പുറപ്പെട്ട എല്ലാ നൂതന സംഘങ്ങളോടും അവരുടെ നാവ് കൊണ്ട് പോരാടിക്കൊണ്ടിരിക്കവെ ശത്രുസംഘം പല ദുഷിച്ച പ്രസിദ്ധീകരണങ്ങളും പുറത്തിറക്കി വിശ്വാസപരമായി അശ്അരീ ത്വരീഖതും അനുഷ്ഠാനപരമായി ശാഫിഈ മദ്ഹബും അനുസരിച്ച് ജീവിച്ചുപോരുന്ന കേരള മുസ്‌ലിംകളെ വഴിതെറ്റിച്ചുകൊണ്ട് അവരുടെ പുതിയ മതം പ്രചരിപ്പിക്കുവാന്‍ തുടങ്ങി. തന്നിമിത്തം നാവ്‌കൊണ്ട് മാത്രമുള്ള ജിഹാദ് ശത്രുപക്ഷത്തെ വിജയിക്കാന്‍ ഉപയുക്തമല്ലെന്നും തൂലികാ സമരത്തിനായി ഒരു പ്രസിദ്ധീകരണം അത്യന്താപേക്ഷിതമാണെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഗ്രഹിക്കുകയും അങ്ങനെ അതിന്റെ 16-ാം വാര്‍ഷിക യോഗത്തില്‍ വെച്ച് മൗലാനാ മര്‍ഹൂം പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ (നവ്വറല്ലാഹു മര്‍ഖദ) അവര്‍കളാല്‍ നടത്തപ്പെട്ടിരുന്ന അല്‍ബയാന്‍ മാസികയുടെ പേരില്‍ ഒരു മാസിക പുറപ്പെടുവിക്കാന്‍ തീര്‍ച്ചപ്പെടുത്തുകയും അതിന്റെ നടത്തിപ്പിന് ഒരു കമ്മിറ്റിയെ ഭരമേല്‍പിക്കുകയും ചെയ്തു.''
1960 മാര്‍ച്ചില്‍ സമസ്ത പണ്ഡിതനും ഖുര്‍ആന്‍ പരിഭാഷകനുമായ കെ.വി മുഹമ്മദ് മുസ്‌ലിയാരുടെ (കൂറ്റനാട്) പത്രാധിപത്യത്തില്‍ പരപ്പനങ്ങാടിയില്‍നിന്ന് അല്‍ബുര്‍ഹാന്‍ അറബി മലയാള മാസിക പ്രസിദ്ധീകരണമാരംഭിച്ചു. മൂന്ന് വര്‍ഷം മാത്രമേ പ്രസ്തുത പത്രം നിലനിന്നുള്ളൂ.
സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ മുഖപത്രമായ അല്‍മുഅല്ലിം 1958-ല്‍ പരപ്പനങ്ങാടിയില്‍നിന്നും ബുള്ളറ്റ് രൂപത്തില്‍ പ്രസിദ്ധീകരണമാരംഭിച്ചു. ടി.കെ അബ്ദുല്ല മൗലവി (മാട്ടൂല്‍) ആയിരുന്നു പത്രാധിപര്‍. 1962 മുതല്‍ ത്രൈമാസികയായി. പിന്നീട് പ്രസിദ്ധീകരണം നിലച്ചു.
1977-ല്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ മുഖപത്രമായി അല്‍മുഅല്ലിം പുനഃപ്രസാധനം ചെയ്തു. കോഴിക്കോട് വലിയ ഖാദി ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍, കെ.വി മുഹമ്മദ് മുസ്‌ലിയാര്‍ (കൂറ്റനാട്) അമാനത്ത് കോയണ്ണി മുസ്‌ലിയാര്‍, കെ.കെ അബൂബക്കര്‍ ഹസ്രത്ത്, കെ.ടി മാനു മുസ്‌ലിയാര്‍, ഇബ്‌റാഹീം പുത്തൂര്‍ ഫൈസി തുടങ്ങിയവര്‍ പത്രാധിപന്മാരായിരുന്നിട്ടുണ്ട്. ആദ്യകാലത്ത് പകുതി അറബിലേഖനങ്ങളും ബാക്കി അറബിമലയാള ലേഖനങ്ങളുമായിരുന്നു. പിന്നീട് മലയാളവും ഉള്‍പ്പെടുത്തി. 1994 മുതല്‍ അറബി ഒഴിവാക്കി. അല്‍പകാലത്തിനുശേഷം അറബിമലയാളവും ഒഴിവാക്കി. ഇപ്പോള്‍ മലയാള ഭാഷയില്‍ അല്‍മുഅല്ലിം പ്രസിദ്ധീകരണം തുടരുന്നു.
മലയാള പത്രപ്രവര്‍ത്തനം
മലയാള ഭാഷയിലെ ആദ്യകാല മാസികകള്‍ ഭൂരിഭാഗവും ക്രിസ്തുമതപ്രചാരണാര്‍ഥം വിദേശീയരും നാട്ടുകാരുമായ മിഷനറിമാര്‍ ആരംഭിച്ചതാണ്. ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ രാജ്യസമാചാരം (1847 ജൂണ്‍), റവ. എഫ്. മുള്ളറുടെ പശ്ചിമോദയം (1847 ഒക്‌ടോബര്‍), ഗീവര്‍ഗീസ് കത്തനാരുടെ ജ്ഞാനി നിക്ഷേപം (1848 ഒക്‌ടോബര്‍), റിച്ചാര്‍ഡ് കോളിന്‍സിന്റെ വിദ്യാസംഗ്രഹം (1864 ജൂലൈ), ലോറന്‍സ് പുത്തൂരിന്റെ കേരളോപകാരി (1874 മാര്‍ച്ച്) എന്നീ മാസികകള്‍ ഇതിനു ഉദാഹരണമാണ്. ക്രൈസ്തവദര്‍ശനത്തില്‍ തല്‍പരരായിരുന്നവരെയും നവക്രിസ്ത്യാനികളെയുമാണ് ഇവ ലക്ഷ്യം വെച്ചിരുന്നത്.
ഇസ്‌ലാം മതത്തിന്റെയും തദ്വാരാ മുസ്‌ലിംകളുടെയും ഉന്നമനവും അഭിവൃദ്ധിയും ലക്ഷ്യമാക്കി ആരംഭിച്ച ഒന്നാമത്തെ ആനുകാലികം ഏതാണെന്നതിനെക്കുറിച്ചുള്ള അന്വേഷണം കേരള ദീപകം എന്ന പ്രസിദ്ധീകരണത്തിലാണ് എത്തിച്ചേരുക. ഇക്കാര്യത്തില്‍ കേരള മുസ്‌ലിംകള്‍ കടപ്പെട്ടിരിക്കുന്നത് കൊച്ചി കല്‍വത്തി സ്വദേശിയും പണ്ഡിതനുമായിരുന്ന ഖാദിര്‍ശാഹ് ഹാജി ബാപ്പു സാഹിബിനോടാണ്. അദ്ദേഹം കേരളത്തിലെ ആദ്യകാല പരിഷ്‌കര്‍ത്താവും പ്രസിദ്ധ അറബി സാഹിത്യകാരനുമായിരുന്ന മൗലാനാ അബ്ദുല്‍കരീം ബട്കലി(കൊച്ചി)യുടെ ശിഷ്യനും, പുരോഗമനേഛുവായ പണ്ഡിതനുമായിരുന്നു. 1876-ല്‍ അദ്ദേഹം കൊച്ചിയില്‍നിന്നാരംഭിച്ച പ്രതിമാസ പ്രസിദ്ധീകരണമാണിത്. ഈ തുടക്കക്കാരനെ കുറിച്ചും കേരള ദീപികത്തെ സംബന്ധിച്ചും ഏറെയൊന്നും വിവരങ്ങള്‍ ലഭ്യമല്ല. എറണാകുളത്തുനിന്ന് 1876-ല്‍ പ്രസിദ്ധീകരണമാരംഭിച്ച സത്യനാദകാഹളം എന്ന ക്രൈസ്തവ വൃത്താന്ത പത്രികയാണ് കേരള ദീപകത്തെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നത്. 1878 ജൂലൈ ലക്കം സത്യനാദത്തില്‍ ദീപകത്തിന്റെ എട്ടാം ലക്കത്തിലെ വിഷയാരംഭത്തില്‍ തന്നെ ഇരുഭാഗത്തുനിന്നും ഇതുവരെ അതിരുകടന്ന അനവധി പ്രതിവാദങ്ങള്‍ നടത്തിയിരുന്നു എന്ന ദീപകത്തിലെ ഒരു പ്രസ്താവന ഉദ്ധരിച്ചിരിക്കുന്നതിനാല്‍ ഇതിനും എട്ടു ലക്കങ്ങള്‍ മുമ്പേ കേരള ദീപകം പ്രചാരത്തിലുണ്ടായിരുന്നുവെന്ന് വ്യക്തമാണ്. എന്നാല്‍ ഈ ആനുകാലികം അക്കാലത്ത് പ്രതിപക്ഷ പത്രികയോ മാസികയോ ഏതാണെന്ന് നിശ്ചയിക്കാന്‍ പറ്റാത്തതിനാല്‍ കാലനിര്‍ണയത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റുന്നു. 1878 സെപ്റ്റംബര്‍ ലക്കം സത്യനാദത്തില്‍ 'കേരള ദീപകം എന്ന നിങ്ങളുടെ സഹജീവി വീണ്ടും ജീവിച്ചുവരുമെന്ന് ഒരു ശ്രുതിയുണ്ട്' എന്ന് രേഖപ്പെടുത്തിക്കാണുന്നതില്‍നിന്ന് ഇത് കുറച്ചു കാലം മുടങ്ങുകയുണ്ടായെന്നും മനസ്സിലാകുന്നു.
മുമ്പ് പ്രസ്താവിച്ച ഖാദിര്‍ ശാഹ് ഹാജി ബാപ്പു സാഹിബ് പ്രധാന പത്രാധിപരും മക്തി തങ്ങള്‍ സഹപത്രാധിപരുമായി 1888-ല്‍ കൊച്ചിയില്‍നിന്ന് സത്യപ്രകാശം വാരിക പ്രസിദ്ധീകരിച്ചു. ഒമ്പതുമാസക്കാലം മാത്രമാണത് നടന്നത്. ജനാബ് ആദംജി ഭീംജി സേഠ് കൊച്ചിയില്‍ സ്ഥാപിച്ചിരുന്ന ഭാരത് കേസരി അച്ചുകൂടത്തില്‍നിന്നാണ് അത് മുദ്രണം ചെയ്തിരുന്നത്. 1908-ല്‍ ബാപ്പു സാഹിബ് അന്തരിച്ചു. സത്യപ്രകാശം വാരികയുടെ അസ്തമനാനന്തരം മക്തി തങ്ങള്‍ കോഴിക്കോട്ടു നിന്നും കൊച്ചിയില്‍നിന്നുമായി പരോപകാരി മാസിക നടത്തി. പ്രസ്തുത മാസിക മൂന്ന് വര്‍ഷത്തോളം നിലനിന്നു. ക്രൈസ്തവ പാതിരിമാരുടെ ഇസ്‌ലാം മതവിമര്‍ശനങ്ങള്‍ക്ക് പരോപകാരിയില്‍ തങ്ങള്‍ യുക്തിപൂര്‍വകമായ മറുപടികള്‍ എഴുതിയിരുന്നു. പരോപകാരിയുടെ പ്രസിദ്ധീകരണം നിമിത്തം തങ്ങള്‍ ദുര്‍വഹമായ കടബാധ്യതക്ക് വിധേയനായി. അവസാനം സ്വവസതിപോലും വില്‍ക്കേണ്ടിവന്നു. അത് താങ്ങാനാവാതെ ദുഃഖത്തോടെ അദ്ദേഹം രേഖപ്പെടുത്തിയത് ഇങ്ങനെയാണ്:
''പരോപകാരം മാസികമൂലം സ്വന്തം ഭവനം കടപ്പെട്ടതില്‍ പിന്നെ ഇന്നുവരെ പൂച്ച തന്റെ കുഞ്ഞുങ്ങളെ കൊണ്ടലയുന്നതു പോലെ സംസാരം കൊണ്ടലഞ്ഞും! ദിനം നവീന ആഹാരം നവീനത എന്ന കണക്കെ അന്നന്നത്തെ ചെലവ് അന്വേഷിച്ചുവരുന്നു. ക്രിസ്തു പറഞ്ഞതു പോലെ, തലവെപ്പാന്‍ സ്ഥലമില്ലാതെ കഴിക്കുന്നു. വാടകക്ക് വീടോ സ്ഥലമോ കൊടുക്കാന്‍ പോലും ഇസ്‌ലാം ജനം ഭയപ്പെടുന്നു'' (മക്തി മനഃക്ലേശം).
കേരള മുസ്‌ലിംകളില്‍ സാഹിത്യാഭിരുചി വളര്‍ത്തുന്നതിനുവേണ്ടി അശ്രാന്ത പരിശ്രമം നടത്തിയ മക്തി തങ്ങള്‍ 1912-ല്‍ അന്തരിച്ചു.
മുസ്‌ലിം
വക്കം മൗലവിയുടെ നവോത്ഥാന യത്‌നങ്ങളുടെ ദീപശിഖയായി വര്‍ത്തിച്ച മുസ്‌ലിം മാസികയാണ് അദ്ദേഹത്തിന്റെ രണ്ടാമത്തെ പ്രസിദ്ധീകരണം (1906 ജനുവരി). സാമ്പത്തികമായി സ്വദേശാഭിമാനി പോലെ മുസ്‌ലിമും നഷ്ടക്കച്ചവടമായിരുന്നു. അതിന്റെ ഒമ്പത് ലക്കങ്ങള്‍ മാത്രമേ ഇറക്കാന്‍ കഴിഞ്ഞുള്ളൂ. പക്ഷേ ഈ ഒമ്പത് ലക്കങ്ങളിലൂടെ ആ മാസിക തൊടുത്തുവിട്ട പരിവര്‍ത്തനത്തിന്റെ അലകള്‍ കേരളത്തിന്റെ അന്തരീക്ഷത്തില്‍ ഇനിയും നിലച്ചിട്ടില്ല. മുസ്‌ലിം മാസികയുടെ ആദര്‍ശലക്ഷ്യങ്ങള്‍ ആവിഷ്‌കരിക്കുന്ന പ്രഥമ മുഖപ്രസംഗത്തില്‍നിന്ന് ചില ഭാഗങ്ങള്‍:
''തിരുവിതാംകൂറില്‍തന്നെ 1,90,568 മുഹമ്മദീയ മതക്കാരുണ്ട്. ഇവര്‍ ആകെക്കൂടിയുള്ള ജനസംഖ്യയില്‍ നൂറിനു ആറരവീതമേ ആകുന്നുള്ളൂ. ഈതുക സാധാരണയില്‍ കുറവാണെന്ന് പറഞ്ഞു കാണുന്നു. സ്ത്രീപുരുഷന്മാരുടെ കണക്കു നോക്കുമ്പോള്‍ മുസല്‍മാന്മാരില്‍ പതിനഞ്ച് പുരുഷന് ഒരു സ്ത്രീവീതമാണ് അക്ഷരജ്ഞാനമുള്ളവരെന്നും വെളിവാകുന്നതാണ്. മുസല്‍മാന്മാരില്‍ ആയിരം ആണുങ്ങളില്‍ എണ്‍പത്തിനാലുപേര്‍ വീതം അക്ഷരജ്ഞാനമുള്ളവരായുണ്ട്. സ്ത്രീകളാകട്ടെ, നൂറിന് ഒരാള്‍വീതമേ അക്ഷരജ്ഞാനമുള്ളവരായുള്ളൂ.
''കൃഷി, കച്ചവടം, ചില്ലറ കൈത്തൊഴില്‍ എന്നീ വേലകളിലാണ് മുസല്‍മാന്മാര്‍ കാലക്ഷേപം ചെയ്തുപോന്നത്. ഇവ നടത്തുന്നത് പാരമ്പര്യത്തില്‍ കിട്ടുന്ന അറിവു കൊണ്ടല്ലാതെ അതത് തൊഴിലിലുള്ള വിശേഷ വിദ്യാഭ്യാസം കൊണ്ടല്ല. പഠിത്തംകൂടാതെ നടന്നുവരുന്ന ഈ തൊഴിലുകളിലും മുസല്‍മാന്മാര്‍ താഴോട്ട് പോകുന്നു എന്നു ശങ്കിക്കാന്‍ വഴികാണുന്നുണ്ട്. ഈ സമുദായത്തിന്റെ ഇടയിലുള്ള മതാചാരങ്ങളുടെയും നടപടികളുടെയും സംഗതിയിലും പല കുറവുകളും കുഴക്കുകളും ഉണ്ടായിട്ടുണ്ട്. ഈ വിഷയങ്ങളില്‍ മുസല്‍മാന്മാര്‍ ശരിയായ അറിവും വഴിയും മനസ്സിലാക്കേണ്ടത് ആവശ്യമെന്നു കണ്ടിരിക്കുന്നു. മുഹമ്മദീയരുടെ ഇടയില്‍ കാലോചിത വിദ്യാഭ്യാസത്തിനു അഭിവൃദ്ധിയുണ്ടാകാത്തത് മതസംബന്ധമായ തടസ്സത്താലാണെന്ന് ചിലര്‍ക്കു ഒരു പക്ഷമുണ്ട്. ഇത് തീരെ അടിസ്ഥാനമില്ലാത്തതാകുന്നു.
''പബ്ലിക്കു പള്ളിക്കൂടങ്ങളില്‍ ചേര്‍ന്നു പഠിക്കാന്‍ കുട്ടികളെ അയക്കുന്നതിന് ഈ ജനങ്ങള്‍ക്കു വേണ്ടുവോളം ഉത്സാഹമുണ്ടായിട്ടുമില്ല. പള്ളിക്കൂടങ്ങളെപോലെത്തന്നെ അറിവിനെ പ്രചരിപ്പിക്കുന്ന വിഷയത്തില്‍ പത്രികകളും വളരെ ശക്തിയുള്ള യന്ത്രങ്ങളാകുന്നു. മേല്‍പ്പറഞ്ഞ പല കാര്യങ്ങളിലും മുസല്‍മാന്മാര്‍ക്ക് ഉണര്‍വ് വരുത്താന്‍ ഒരു പ്രത്യേക പത്രിക ഉണ്ടായിരിക്കുന്നത് അനാവശ്യമെന്ന് വരുന്നതല്ലല്ലോ. മലയാള ഭാഷ സംസാരിക്കുന്ന തിരുവിതാംകൂറിലെ മുസല്‍മാന്മാര്‍ക്ക് മാത്രമല്ല. കൊച്ചി, മലബാര്‍ മുതലായ രാജ്യങ്ങളിലെ മുസല്‍മാന്മാര്‍ക്കും ഈ പത്രിക പ്രത്യേകം ഉപകാരപ്പെടത്തക്കവണ്ണം നടത്തുന്നതിനാകുന്നു ഇതിന്റെ ഭാരവാഹികള്‍ കരുതുന്നത്.''
നൂറ് വര്‍ഷങ്ങള്‍ക്കു മുമ്പ് മുസ്‌ലിം സമുദായത്തിന്റെ പ്രശ്‌നങ്ങളിലേക്ക് ആഴ്ന്നിറങ്ങിക്കൊണ്ടുള്ള ഈ മുഖക്കുറിപ്പ് ഇന്ന് വായിക്കുമ്പോള്‍ പോലും നാം അത്ഭുതപ്പെട്ടുപോകും.
സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ അറബി ഭാഷ കൂടി ഉള്‍പ്പെടുത്തുക, അറബി ബോധന സമ്പ്രദായം നവീകരിക്കുക, കലാശാസ്ത്രാദി വിഷയങ്ങളില്‍ ഊന്നിയുള്ള വിദ്യാഭ്യാസത്തിനു പ്രാധാന്യം നല്‍കുക, സ്ത്രീ വിദ്യാഭ്യാസം പരിപോഷിപ്പിക്കുക, ഇംഗ്ലീഷ് ഭാഷാഭ്യാസനവും ഉപരിപഠനവും നിര്‍ബന്ധമാക്കുക, ഇസ്‌ലാമികജ്ഞാനം അടിസ്ഥാനപരമായും യാഥാര്‍ഥ്യങ്ങളുടെ വെളിച്ചത്തില്‍ ആര്‍ജിക്കാനുള്ള സാഹചര്യമുണ്ടാക്കുക തുടങ്ങിയ വിഷയങ്ങള്‍ സമുദായത്തിന്റെയും സര്‍ക്കാറിന്റെയും ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് മുസ്‌ലിമിനു സാധിച്ചിട്ടുണ്ട്.
ദീപിക
ജീവിത സായാഹ്നത്തില്‍ വക്കം മൗലവി പ്രസിദ്ധപ്പെടുത്തിയ മറ്റൊരു മാസികയാണ് ദീപിക. 1931-ല്‍ പ്രഥമലക്കം പുറത്തിറങ്ങി. വളരെ ഹൃദ്യവും ശക്തവുമായ ഭാഷയില്‍ ഒന്നാം ലക്കം മുതല്‍ ഖുര്‍ആന്‍ ഭാഷ്യം ചേര്‍ത്തിരുന്നു. മൗലവി തന്നെയാണ് വിവര്‍ത്തനം നിര്‍വഹിച്ചിരുന്നത്. സമകാലികസംഭവങ്ങളോട് പ്രതികരിച്ചുകൊണ്ടുള്ള വര്‍ത്തമാനക്കുറിപ്പുകള്‍ മിക്ക ലക്കങ്ങളിലുമുണ്ട്. വര്‍ത്തമാനക്കുറിപ്പുകളുടെ വിഷയവൈവിധ്യം മനസ്സിലാക്കാന്‍ പ്രഥമലക്കം കുറിപ്പുകള്‍ നോക്കാം. ഫ്രഞ്ച് ഗവണ്‍മെന്റും ബര്‍ബറി മുസ്‌ലിംകളും, ഖുര്‍ആന്റെ ഇംഗ്ലീഷ് തര്‍ജമകള്‍, ലണ്ടനിലെ ഇന്ത്യന്‍ ആശുപത്രി, സര്‍ സി.വി രാമന്‍, ഗ്രീസും തുര്‍ക്കിയും, ലണ്ടനില്‍ മറ്റൊരു മുസ്‌ലിം പള്ളി, അറബിയില്‍ കമ്പിയില്ലാക്കമ്പി, ഇന്ത്യയില്‍ ഒരു ചീനപ്പത്രം, സാഹിത്യപരിഷത്ത് എന്നിങ്ങനെ പോകുന്നു വാര്‍ത്തകള്‍. മറ്റൊരു വിഭവമാണ് ഉദ്ധരണപംക്തി. വിവിധ ഭാഷകളിലുള്ള സഹജീവികളില്‍ വന്ന പ്രസക്തമായ വാര്‍ത്തകളും വിശേഷങ്ങളും ഉദ്ധരിക്കുകയാണ് ഈ പംക്തിയില്‍. പ്രസിദ്ധ അമേരിക്കന്‍ പണ്ഡിതനായ മിസ്റ്റര്‍ ലൂതറാപ് സ്റ്റൊഡാര്‍ഡ് (Lothrap stoddard) എഴുതിയ The new world of Islam എന്ന ഗ്രന്ഥം കര്‍ത്താവിന്റെ അനുമതിപത്രത്തോടെ ഒന്നാം ലക്കം മുതല്‍ വിവര്‍ത്തനം ചെയ്തു ചേര്‍ത്തിട്ടുണ്ട്. അങ്ങനെ വിഷയവൈവിധ്യങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഓരോ ലക്കവും. പന്ത്രണ്ട് ലക്കങ്ങള്‍ പൂര്‍ത്തിയാക്കി ദീപിക രംഗത്തുനിന്ന് പിന്‍വാങ്ങി. തിരുവനന്തപുരത്തെ വക്കം മൗലവി ട്രസ്റ്റ് ദീപിക ഒറ്റ വാള്യത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മലബാര്‍ ഇസ്‌ലാം
1910 നവംബര്‍ മാസത്തിലാണ് അബൂ മുഹമ്മദിന്റെ ഉടമസ്ഥതയില്‍ മലബാര്‍ ഇസ്‌ലാം കൊച്ചിയില്‍നിന്ന് പ്രസിദ്ധീകരണമാരംഭിച്ചത്. 1913-ല്‍ സയ്യിദ് സനാഉല്ലാ മക്തി തങ്ങളുടെ ശിഷ്യനും പ്രസിദ്ധ പണ്ഡിതനുമായിരുന്ന അടിമ മുസ്‌ലിയാരുടെ പുത്രന്‍ സി.വി അബ്ദുര്‍റഹ്മാന്‍ ഹൈദ്രോസ് സാഹിബ് മലബാര്‍ ഇസ്‌ലാം വാരിക ഒരു പ്രത്യേക വീക്ഷണത്തോടെ നടത്തിത്തുടങ്ങി. സമുദായത്തിന്റെ പൊതു പ്രശ്‌നങ്ങളിലും രാജ്യകാര്യങ്ങളിലും സര്‍ക്കാറിനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ഖിലാഫത്ത് പ്രസ്ഥാനത്തിനു വലിയ പ്രാധാന്യം നല്‍കുകയും ചെയ്തു. പഴയ കൊച്ചിയിലെ ആദ്യത്തെ മുസ്‌ലിം പത്രമായ മലബാര്‍ ഇസ്‌ലാം 1925 വരെ നടന്നു. മലബാര്‍ ഇസ്‌ലാമിന്റെ ധീരമായ സമീപനവും ശൈലിയും ജനങ്ങളില്‍ വമ്പിച്ച പ്രതീക്ഷകളുണര്‍ത്തി. പലരും പ്രസിദ്ധീകരിക്കാന്‍ ഭയപ്പെട്ടിരുന്ന വാര്‍ത്തകള്‍ നിര്‍ഭയം പുറത്തുകൊണ്ടുവന്നിരുന്നത് അക്കാലത്ത് മലബാര്‍ ഇസ്‌ലാമാണ്. യുദ്ധവാര്‍ത്തകള്‍, ഖിലാഫത്ത് വിവരങ്ങള്‍, ദേശീയ സമരസംഭവങ്ങള്‍ മുതലായവ ചൂടാറാതെ ഒന്നാംപേജില്‍ തന്നെ അച്ചടിച്ചിറക്കിയിരുന്ന മലബാര്‍ ഇസ്‌ലാം കൊതിയോടെ വായിക്കാന്‍ ജനങ്ങള്‍ തടിച്ചുകൂടാറുണ്ടായിരുന്നു. ഗാന്ധിജി, ജിന്ന, ശൗക്കത്തലി തുടങ്ങിയ പലരുടെയും പല കത്തുകളും മലബാര്‍ ഇസ്‌ലാം പത്രാധിപര്‍ക്കു വരാറുള്ളത് പൊതുജന താല്‍പര്യം പരിഗണിച്ച് സി.വി ഹൈദ്രോസ് സാഹിബ് വാരികയില്‍ പ്രസിദ്ധീകരിച്ചിരുന്നു. 1921-ലെ കാര്‍ഷിക സമരത്തിന്റെ യഥാര്‍ഥ വാര്‍ത്തകള്‍ ചേര്‍ത്ത പതിപ്പുകളും മലബാര്‍ ഇസ്‌ലാം ഇറക്കിയിരുന്നു. സത്യസന്ധമായ വാര്‍ത്തകള്‍ രഹസ്യമായി ശേഖരിക്കുന്നതിന് വിശ്വസ്തരായ ലേഖകന്മാര്‍ മലബാര്‍ ഇസ്‌ലാമിന് ഉണ്ടായിരുന്നതായി അതിന്റെ പഴയ ലക്കങ്ങള്‍ വ്യക്തമാക്കുന്നു.
പൊതുവെ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരെയുള്ള ഇതര പത്രങ്ങളുടെ ദുഷ്പ്രചാരണങ്ങള്‍ക്ക് മറുപടി പറയുന്നതില്‍ മലബാര്‍ ഇസ്‌ലാം ഏറക്കുറെ വിജയിച്ചിരുന്നു. കുമാരനാശാന്റെ 'ദുരവസ്ഥ'യില്‍ മാപ്പിളമാരെ അവഹേളിച്ചതിന് പദ്യരൂപത്തില്‍ തന്നെ അദ്ദേഹം പ്രസ്തുത വാരികയിലൂടെ മറുപടി എഴുതിയിരുന്നു.
1885-ല്‍ കൊച്ചിയില്‍ ജനിച്ച ഹൈദ്രോസ് സാഹിബ് 1947 ഡിസംബര്‍ 22-ന് കൊച്ചിയിലെ വസതിയില്‍ വെച്ച് അന്തരിച്ചു.
മുസ്‌ലിം വൃത്താന്തം
1917-'18 വര്‍ഷങ്ങളില്‍ എ.എം അബ്ദുല്‍ ഖാദിര്‍ മൗലവി (അസ്ഹരി)യുടെ പത്രാധിപത്യത്തില്‍ ആലപ്പുഴയില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ദൈ്വവാരികയായിരുന്നു മുസ്‌ലിം വൃത്താന്തം.
അല്‍ മനാറും
ഖിലാഫത്ത് പത്രികയും
മര്‍ഹൂം വക്കം എം. മുഹമ്മദ് കുഞ്ഞ് മൗലവി (മുഹമ്മദ്കുഞ്ഞു കാക്ക എന്ന പേരില്‍ പ്രസിദ്ധന്‍)യുടെ പത്രാധിപത്യത്തില്‍ വര്‍ക്കലയില്‍നിന്ന് ഇസ്‌ലാഹി ആദര്‍ശ പ്രചാരണത്തിനായി അല്‍മനാര്‍ എന്ന ഒരു മാസിക 1921-ല്‍ പ്രസിദ്ധീകരിച്ചു. ആറു ലക്കങ്ങള്‍ക്കുശേഷം പ്രസ്തുത മാസിക നിലച്ചു. തുടര്‍ന്ന് അദ്ദേഹം ഖിലാഫത്ത് പത്രിക എന്ന പേരില്‍ മറ്റൊരു മാസികയും നടത്തി. ഈ രണ്ട് പ്രസിദ്ധീകരണങ്ങളും ഇസ്‌ലാഹി ആദര്‍ശങ്ങള്‍ക്കു പുറമെ ഖിലാഫത്താദര്‍ശത്തിനും മുന്തിയ പരിഗണന നല്‍കിയിരുന്നു.
മുഹമ്മദീയ ദര്‍പ്പണവും മുസ്‌ലിം മഹിളയും
പ്രസിദ്ധ ദേശീയ നേതാവും ആദ്യകാല എഴുത്തുകാരനും മുനമ്പം സ്വദേശിയുമായിരുന്ന പി.കെ മൂസക്കുട്ടി സാഹിബ് നടത്തിയിരുന്ന മാസികയാണ് മുഹമ്മദീയ ദര്‍പ്പണം. മുസ്‌ലിംകള്‍ക്കിടയില്‍ മതപരവും ആധുനികവുമായ വിദ്യാഭ്യാസ പ്രചാരണത്തിനും അനാചാരങ്ങള്‍ക്കെതിരെയുള്ള മാസിക പടപൊരുതി. ഒരു വര്‍ഷം മാത്രമാണ് പ്രസ്തുത പത്രം നടന്നത്. പിന്നീട് അദ്ദേഹം മുസ്‌ലിം സ്ത്രീകളുടെ സമുദ്ധാരണത്തിനായി മുസ്‌ലിം മഹിള എന്ന പേരില്‍ ഒരു മാസികയും എറണാകുളത്തുനിന്ന് പ്രസിദ്ധീകരിക്കുകയുണ്ടായി. ഒരുവര്‍ഷം മാത്രമേ പ്രസ്തുത മാസിക നടന്നുള്ളൂ.
ചന്ദ്രിക
ഏഴു പതിറ്റാണ്ട് പിന്നിട്ട കേരളത്തിലെ ഏക മുസ്‌ലിം പ്രസിദ്ധീകരണം ചന്ദ്രികയാണ്. തലശ്ശേരിയില്‍നിന്ന് സ്വതന്ത്ര വാരികയായി 1932-ലാണ് ചന്ദ്രിക ആരംഭിക്കുന്നത്. അന്ന് മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തനം വ്യവസ്ഥാപിതമായി മലബാറില്‍ തുടങ്ങുന്നേയുള്ളൂ. മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ അല്‍ അമീനിലെ ചില വീക്ഷണങ്ങളോട് വിയോജിപ്പുള്ള യുവാക്കളുടെ സംഘത്തിനായിരുന്നു ഇതിന്റെ മുന്‍കൈ.
1934-ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ സത്താര്‍ സേട്ട് സാഹിബ്, മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബിനെതിരെ വിജയം വരിച്ചതോടെ അബ്ദുര്‍റഹ്മാന്‍ അനുകൂലികള്‍ ചന്ദ്രികയുമായി അകന്നു.
സ്വതന്ത്ര വാരിക എന്നതില്‍നിന്ന് ആശയപരമായി ഉറച്ച നിലപാടുള്ള പ്രസിദ്ധീകരണമായി ചന്ദ്രിക രൂപഭേദം പ്രാപിച്ചു. കെ.എം സീതി സാഹിബിന്റെ നേതൃത്വത്തില്‍ കെ.കെ മുഹമ്മദ് ശാഫി സാഹിബ് പത്രാധിപരായി പുതിയ ചന്ദ്രിക നിലവില്‍വന്നു. തിങ്കളാഴ്ച തോറും ഇറങ്ങുന്ന പ്രതിവാര പത്രം. 1934 മാര്‍ച്ച് 26-ന് ഒരു പെരുന്നാള്‍ സുദിനത്തിലാണ് പ്രകാശനം നടന്നത്.
പ്രഥമ മാനേജിംഗ് ഡയറക്ടര്‍ സി.പി മമ്മുക്കേയി ആയിരുന്നു. സത്താര്‍ സേട്ട് സാഹിബ്, കെ.എം സീതി സാഹിബ്, ടി.എം മൂസ സാഹിബ്, പി. കുഞ്ഞുമുഹമ്മദ് സാഹിബ് എന്നിവര്‍ ഡയറക്ടര്‍മാരും.
1938-ല്‍ ചന്ദ്രിക ദിനപത്രമായി. 1941 ഒക്‌ടോബറില്‍ ദിനപത്രം നിലച്ചു. ശാഫി സാഹിബ് പിരിഞ്ഞുപോയി. വി.സിയുടെ പേരില്‍ വാരികക്കു ഡിക്ലറേഷന്‍ വാങ്ങി. 1946 വരെ ആഴ്ചപ്പതിപ്പായി തുടര്‍ന്നു. മാനേജിംഗ് ഡയറക്ടര്‍ എ.കെ കുഞ്ഞിമായിന്‍ ഹാജി, സത്താര്‍ സേട്ട് സാഹിബ്, സീതി സാഹിബ് തുടങ്ങിയവര്‍ നാടാകെ നടന്ന് ഷെയര്‍ പിരിച്ചു. 1946-ല്‍ ജന്മദേശമായ തലശ്ശേരിയില്‍നിന്നും ചന്ദ്രിക ഉയര്‍ച്ചയുടെ പടവുകള്‍ കടന്ന് കോഴിക്കോട്ടേക്ക് വന്നു. കിഴക്കേ നടക്കാവിലായിരുന്നു ആദ്യ താവളം. പൊന്നാനിയിലെ പ്രഫ. കെ.വി അബ്ദുര്‍റഹ്മാന്‍ സാഹിബ് പത്രാധിപരും പില്‍ക്കാലത്ത് കോളേജിയേറ്റ് എജുക്കേഷന്‍ ജോയന്റ് ഡയറക്ടറായി റിട്ടയര്‍ ചെയ്ത പ്രഫ. കെ. കുഞ്ഞിപ്പക്കി സാഹിബ് മാനേജറുമായാണ് കോഴിക്കോട്ടെ അരങ്ങേറ്റം. കെ.വി ഫാറൂഖ് കോളേജില്‍ അധ്യാപകനായി പോയപ്പോള്‍ സി.എച്ച് മുഹമ്മദ് കോയ പത്രാധിപരായി. 1950-ല്‍ തന്നെ മലയാളത്തിലെ കിടയറ്റ സാഹിത്യ പ്രസിദ്ധീകരണമായി ചന്ദ്രിക വാരികയും പ്രസിദ്ധീകരിച്ചു തുടങ്ങി.
മലയാളത്തിലെ സ്‌പോര്‍ട്‌സ് സാഹിത്യത്തിന്റെ പിതാവായി അറിയപ്പെടുന്ന മുഷ്താഖ് (മലയാളത്തിലെ പ്രമുഖ കഥാകൃത്തുക്കളില്‍ ഒരാളായ പി.എ മുഹമ്മദ് കോയ), പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനായ ഡോ. എന്‍.എ കരീം, അറബിക്കവിയായിരുന്ന പിവി. മുഹമ്മദ് മൗലവി, പത്രപ്രവര്‍ത്തക ഗുരുവായ വി. അബ്ദുല്‍ഖയ്യൂം, ഡോ. സി.എം കുട്ടി തുടങ്ങിയവര്‍ തലമുതിര്‍ന്ന പത്രപ്രവര്‍ത്തകരായിരുന്നു. എം. അലിക്കുഞ്ഞി, എ.എം കുഞ്ഞിബാവ തുടങ്ങി കെ.പി കുഞ്ഞിമൂസയും കാനേഷ് പൂനൂരും വരെയുള്ള ഒരു നിര ചന്ദ്രിക ഡസ്‌കിലുണ്ടായിരുന്നു.
മലയാളത്തിലെ ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരുടെയെല്ലാം പ്രഥമ വേദി ചന്ദ്രികയായിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെയും എം. മുകുന്ദന്റെയും മാധവിക്കുട്ടിയുടെയും നോവലുകള്‍ ഒരേസമയം പ്രസിദ്ധീകരിച്ച് വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു ഭൂതകാലം ചന്ദ്രിക ആഴ്ചപ്പതിപ്പിനുണ്ട്. ഖുര്‍ആന്‍ പംക്തിയോടെയായിരുന്നു തുടക്കം.
മുസ്‌ലിം സംസ്‌കാരവും പാരമ്പര്യവും ആചാര കലകളും നശിക്കാതെ നിലനിര്‍ത്തിയതില്‍ ചന്ദ്രികയുടെ പങ്ക് അനിഷേധ്യമാണ്. ടി. ഉബൈദും പുന്നയൂര്‍കുളം ബാപ്പുവും മുനീറും ഒ. ആബു സാഹിബും മെഹറുമെല്ലാം മാപ്പിളപ്പാട്ടിന്റെ മാധുര്യം മലയാളിക്കു നുകരാന്‍ പാകപ്പെടുത്തിയത് ചന്ദ്രിക വാരാന്തപ്പതിപ്പിലൂടെയാണ്. മഹാകവി ജി. ശങ്കരക്കുറുപ്പ്, എസ്.കെ പൊറ്റക്കാട്, എം.ടി, എന്‍.പി, ടി. പത്മനാഭന്‍ തുടങ്ങി എത്രയോ പ്രസിദ്ധരായ എഴുത്തുകാരുടെ ആദ്യകാല കൃതികള്‍ പലതും വെളിച്ചം കണ്ടത് ചന്ദ്രികയിലൂടെയായിരുന്നു. യു.എ ഖാദര്‍, വി.പി മുഹമ്മദ്, സി. രാധാകൃഷ്ണന്‍, എ.പി.പി, പുനത്തില്‍ കുഞ്ഞബ്ദുല്ല, ഐ.വി ശശി, പി. സുരേന്ദ്രന്‍ തുടങ്ങി എത്രയോ പേര്‍ക്ക് ആദ്യം പ്രതിഫലം നല്‍കിയതും ചന്ദ്രികയായിരുന്നു. ഏറെ ശ്രദ്ധേയമായിരുന്ന ആഴ്ചപ്പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങുന്നില്ല.
1996 ജനുവരി മുതല്‍ ചന്ദ്രിക കുടുംബത്തില്‍നിന്ന് ഒരു മഹിളാ മാസിക - മഹിളാ ചന്ദ്രിക കൂടെ പുറത്തിറങ്ങുന്നുണ്ട്. കുട്ടികള്‍ക്കുവേണ്ടി ഇടക്കാലത്ത് ബാലചന്ദ്രിക പ്രസിദ്ധീകരിച്ചിരുന്നുവെങ്കിലും അതു വളരെ പെട്ടെന്ന് തന്നെ നിലച്ചുപോയി.
പ്രസിദ്ധ സമുദായാഭിമാനിയും വ്യാപാരിയുമായിരുന്ന സി.കെ ബാവ സാഹിബ് 1920-'21 കാലത്ത് എറണാകുളത്തുനിന്ന് മുഹമ്മദലി എന്ന നാമത്തില്‍ ഒരു മാസിക പ്രസിദ്ധീകരിച്ചിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഉജ്ജ്വലതാരമായ മൗലാനാ മുഹമ്മദലിയോടുള്ള സ്‌നേഹപ്രകടനമായിരുന്നു പ്രസ്തുത നാമം.
മറ്റൊരു പ്രസിദ്ധീകരണമായിരുന്നു 1922 - ഹി. 1341-ല്‍ കൊല്ലത്തുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന ഇസ്‌ലാം ദീപം മലയാള മാസിക. പി.കെ യൂനുസ് മൗലവി, സയ്യിദ് ബാവ എന്നിവരായിരുന്നു പത്രാധിപ സമിതിയംഗങ്ങള്‍. രണ്ടുവര്‍ഷമേ പ്രസ്തുത മാസിക നിലനിന്നുള്ളൂ.
ആലപ്പുഴയിലെ ഖിലാഫത്ത്-കോണ്‍ഗ്രസ് നേതാവായിരുന്ന എ. അബൂബക്കര്‍ മൗലവിയുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന മാസികയാണ് ഇസ്‌ലാം ദൂതന്‍. 1922(ഹി. 1341)ല്‍ പ്രഥമലക്കം പുറത്തിറങ്ങി. ഒരുവര്‍ഷം മാത്രമാണ് പ്രസ്തുത മാസിക നിലനിന്നത്.
കൊടുങ്ങല്ലൂര്‍ സ്വദേശിയും കെ.എം സീതി സാഹിബിന്റെ മാതുലനുമായ പി.എ അഹ്മദ് കണ്ണ് സാഹിബിന്റെ പത്രാധിപത്യത്തില്‍ നടന്നിരുന്ന മാസികയാണ് മുസ്‌ലിം ഐക്യം. ഹി. 1342(ക്രി. 1923)ലാണ് പ്രഥമ ലക്കം പുറത്തിറങ്ങിയത്. ഒരുവര്‍ഷം മാത്രമാണ് ഇത് നിലനിന്നത്. പിന്നീട് കെ.എം സീതി സാഹിബ്, എ. മുഹമ്മദ് കണ്ണ് സാഹിബ്(വര്‍ക്കല) എന്നിവരുടെ പത്രാധിപത്യത്തിനു കീഴില്‍ എറണാകുളത്തു നിന്ന് ഐക്യം വാരികയും രണ്ടു വര്‍ഷത്തോളം നടന്നു.
കൊടുങ്ങല്ലൂരില്‍നിന്ന് എന്‍.എ അബ്ദുര്‍റഹ്മാന്റെ പത്രാധിപത്യത്തില്‍ നവലോകം മാസികയുടെ ആറു ലക്കങ്ങള്‍ മാത്രം പുറത്തിറങ്ങി.
1923 നവംബറില്‍ കെ.എ അഹ്മദിന്റെ പത്രാധിപത്യത്തില്‍ കോഴിക്കോട് നിന്ന് ഹിദായത്ത് മാസിക രണ്ടുവര്‍ഷം നടന്നു. മലബാര്‍ കലാപം നിമിത്തം കഠിനപരീക്ഷണങ്ങള്‍ക്കു വിധേയരായ മാപ്പിളമാരുടെ വേദനകള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിന് ഹിദായത്ത് ചെയ്ത സേവനങ്ങള്‍ വിസ്മരിക്കാവതല്ല.
1924-ല്‍ കരുനാഗപ്പള്ളിയില്‍നിന്ന് പ്രസിദ്ധീകരണം തുടങ്ങിയ മാസികയാണ് ശംസുല്‍ ഇസ്‌ലാം. മത പ്രചാരണമായിരുന്നു മുഖ്യലക്ഷ്യം. പത്രാധിപര്‍ ബദ്‌റുദ്ദീന്‍. പ്രസ്തുത മാസികയും കഷ്ടിച്ചു ഒരുവര്‍ഷം പൂര്‍ത്തിയാക്കി. അതേവര്‍ഷം കൊല്ലത്തുനിന്ന് എം. അബ്ദുര്‍റഹ്മാന്‍കുട്ടി എഡിറ്ററായി ആരംഭിച്ച കേരള ചന്ദ്രിക ഒരുവര്‍ഷം പൂര്‍ത്തിയാക്കി നിലച്ചുപോയി.
1924-'25-ല്‍ ആലപ്പുഴയില്‍നിന്ന് എ.എം മുഹമ്മദ് ശാഫിയുടെ പത്രാധിപത്യത്തില്‍ സാരസന്‍ എന്ന പേരില്‍ ഒരു മാസിക പ്രസിദ്ധീകരണമാരംഭിച്ചു. മുസ്‌ലിം വികാരങ്ങളെ തട്ടിയുണര്‍ത്തിയ ശക്തമായ ലേഖനങ്ങളായിരുന്നു സാരസന്റെ പ്രത്യേകത.
1925-ല്‍ കൊല്ലത്തുനിന്ന് സയ്യിദ് എം. ബാവ സാഹിബിന്റെ പത്രാധിപത്യത്തില്‍ മുനീറുല്‍ ഇസ്‌ലാം മാസിക ഒരുവര്‍ഷം നടന്നു. പിന്നീട് അദ്ദേഹം കൊല്ലത്തുനിന്ന് 1927-ല്‍ മുസല്‍മാന്‍ എന്ന പേരില്‍ ഒരു മാസിക നടത്തിയിരുന്നു. അഞ്ചു ലക്കവും പുറത്തിറങ്ങി അതും അന്ത്യശ്വാസം വലിച്ചു.
1926-ല്‍ തലശ്ശേരിയില്‍നിന്ന് നാറന്‍ജീല്‍സ്താന്‍ എന്ന ഉര്‍ദു മാസിക പുറത്തിറങ്ങി. യു.കെ കുഞ്ഞഹമ്മദ് മൗലവി, മൂസാ നാസിഹ് എന്നിവരായിരുന്നു അതിന്റെ പ്രവര്‍ത്തകര്‍. അഞ്ചുലക്കങ്ങള്‍ മാത്രമാണ് പുറത്തുവന്നത്.
1926-ല്‍ പാറാല്‍ ഹുസൈന്‍ മൗലവിയുടെ പത്രാധിപത്യത്തില്‍ കോഴിക്കോട്ടു നിന്ന് മലബാരി വാരിക പുറത്തിറങ്ങി. പിന്നീട് താനൂരിലേക്ക് താമസം മാറ്റിയ അദ്ദേഹം മലബാരി ദിനപ്പത്രമാക്കി മാറ്റിയെങ്കിലും പെട്ടെന്ന് തന്നെ അസ്തമിച്ചുപോയി. 1953-ല്‍ മലബാരി മാസികയായി അബ്ദുര്‍റഹ്മാന്‍ നഗറില്‍നിന്ന് പുനഃപ്രസിദ്ധീകരിച്ചെങ്കിലും ഏറെക്കാലം നിലനിന്നില്ല. എട്ടു ലക്കങ്ങളോടുകൂടി അതും അവസാനിച്ചു.
ചേന്ദമംഗല്ലൂര്‍ സ്വദേശി കെ. മുഹമ്മദിന്റെ നേതൃത്വത്തില്‍ കോഴിക്കോട്ട് നിന്ന് 1925-ല്‍ യുവലോകം മാസിക പ്രസിദ്ധപ്പെടുത്തി. 1926-ല്‍ ആ പ്രസിദ്ധീകരണം കെ.സി കോമുക്കുട്ടി മൗലവി ഏറ്റെടുത്തു. അദ്ദേഹം യുവലോകം വാരികയായി ഒമ്പത് വര്‍ഷം നടത്തി. ഇടക്കിടെ മുടങ്ങിയിരുന്നെങ്കിലും വീണ്ടും അതു പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നു.
വക്കം മൗലവിയുടെ ശിഷ്യനും പ്രസിദ്ധ സാഹിത്യകാരനുമായിരുന്ന എം. അഹ്മദ് കണ്ണിന്റെ പത്രാധിപത്യത്തില്‍ തിരുവനന്തപുരത്തുനിന്ന് മുസ്‌ലിം മിത്രം എന്ന പേരില്‍ ഒരു മാസിക പ്രസിദ്ധപ്പെടുത്തിയിരുന്നു. പ്രസ്തുത മാസിക ഒരുവര്‍ഷം മാത്രമാണ് പ്രസിദ്ധീകരണരംഗത്തുണ്ടായത്.
ഒ. മാഹീനലി സാഹിബും എന്‍. മൊയ്തുവും തലശ്ശേരിയില്‍നിന്ന് 1929-ല്‍ യുവജനമിത്രം മാസിക ആരംഭിച്ചു. നാലു ലക്കം മാത്രം പുറത്തിറങ്ങി. 1934-ല്‍ ഇരുവരും ചേര്‍ന്നിറക്കിയ യുവകേസരി മാസികയും നാലോ അഞ്ചോ ലക്കത്തിലധികം മുന്നോട്ടു പോയില്ല. പിന്നീട് 1945ല്‍ സര്‍വേന്ത്യാ മുസ്‌ലിം ലീഗിന്റെ ആശയ പ്രചാരണത്തിനായി മുജാഹിദ് മാസിക ആരംഭിച്ചുവെങ്കിലും അതും അധികകാലം നിലനിന്നില്ല. എറണാകുളത്തുനിന്ന് പി.എ നൈനാന്‍ കുട്ടി സാഹിബിന്റെ പത്രാധിപത്യത്തില്‍ മുജാഹിദ് എന്ന പേരില്‍ ഒരു വാരിക പ്രസിദ്ധപ്പെടുത്തിയിരുന്നു. ഇസ്‌ലാഹി പ്രസ്ഥാനത്തിനും മുസ്‌ലിം ലീഗിനും വാരിക ശക്തമായ പിന്തുണ നല്‍കിയിരുന്നു.
മുസ്‌ലിം സഹകാരി എന്നൊരു മാസിക 1930-ല്‍ കോഴിക്കോട്ടുനിന്ന് ഇമ്പിച്ചി മുഹമ്മദിന്റെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയിരുന്നു. ഇതേ പേരില്‍ മറ്റൊരു മാസിക എറണാകുളത്തുനിന്ന് പി.എം ഇസ്മാഈലിന്റെ പത്രാധിപത്യത്തിലും പ്രസിദ്ധീകരിച്ചിരുന്നു. ഒരു വര്‍ഷമേ അതിനു ആയുസ്സുണ്ടായിരുന്നുള്ളൂ.
1926-ല്‍ കൊച്ചിയില്‍നിന്ന് പരേതനായ പി.എ സൈനുദ്ദീന്‍ നൈനയുടെ നേതൃത്വത്തില്‍ ആരംഭിച്ച വാരികയാണ് ഉജ്ജീവനം. പ്രമുഖ സാഹിത്യകാരനായിരുന്ന വൈക്കം മുഹമ്മദ് ബഷീറായിരുന്നു പത്രാധിപര്‍. വാരിക ദീര്‍ഘകാലം നിലനിന്നില്ല.
കോട്ടയം സ്വദേശിയായിരുന്ന പി.എം അബ്ദുല്‍ഖാദിര്‍ മൗലവിയുടെ പത്രാധിപത്യത്തില്‍ 1930-കളില്‍ ഇസ്‌ലാമിക പ്രചാരണം ലക്ഷ്യമാക്കി ആരംഭിച്ചിരുന്ന മാസികയാണ് ഇശാഅത്ത്. കോട്ടയം കാപിറ്റല്‍ പ്രസ്സില്‍നിന്നാണ് ആദ്യകാലത്ത് മാസിക അച്ചടിച്ചിരുന്നത്. മൗലവി ആലപ്പുഴയിലേക്ക് താമസം മാറ്റിയപ്പോള്‍ പ്രസിദ്ധീകരണകേന്ദ്രം ആലപ്പുഴയായി.
യൂറോപ്പിലും മറ്റും ഇസ്‌ലാമിലേക്ക് കടന്നുവന്ന പ്രമുഖരെ ഇശാഅത്തിലൂടെ മൗലവി കേരളീയര്‍ക്കു പരിചയപ്പെടുത്തി. 1937-ല്‍ മൗലാനാ അബുല്‍ അഅ്‌ലാ മൗദൂദി എഴുതിയിരുന്ന 'മുസ്‌ലിംകളും നിലവിലുള്ള രാഷ്ട്രീയ വടംവലികളും' എന്ന ലേഖന പരമ്പര ചെറുതുരുത്തിയിലെ ബി. മുഹമ്മദ് ഫദ്‌ലുല്ല വിവര്‍ത്തനം ചെയ്ത് ഇശാഅത്തില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിക്കുകയുണ്ടായി.
ശുദ്ധമായ ഭാഷയും ഇശാഅത്തിന്റെ മുഖമുദ്രയായിരുന്നു.
1930-കളില്‍ തന്നെ ഡോ. കമാല്‍ പാഷ തയ്യാലിന്റെ പത്രാധിപത്യത്തില്‍ കൊച്ചിയില്‍നിന്ന് പ്രകാശം വാരിക പ്രസിദ്ധീകരിച്ചിരുന്നു. വക്കം എം. അബ്ദുല്‍ഖാദിര്‍ സാഹിബായിരുന്നു സഹപത്രാധിപര്‍.
1930-'31 വര്‍ഷങ്ങളില്‍ കൊല്ലം ചവറയില്‍നിന്ന് പി.എ മുഹമ്മദ് കുഞ്ഞിന്റെ പത്രാധിപത്യത്തില്‍ മുസ്‌ലിംലോകം എന്ന ഒരു മാസിക പ്രസിദ്ധീകരിച്ചിരുന്നു. നാല് മാസം കഴിഞ്ഞ് അത് മുടങ്ങിയപ്പോള്‍ അദ്ദേഹം ജാമിഅ ദൈ്വവാരിക നടത്തി. അതിനും അല്‍പായുസ്സേ ഉണ്ടായിരുന്നുള്ളൂ.
1933-ല്‍ എം.സി.സി ഹസന്‍ മൗലവിയുടെ നേതൃത്വത്തില്‍ കോഴിക്കോട്ടുനിന്ന് മാര്‍ഗദര്‍ശകന്‍ എന്ന മാസിക ആറുമാസക്കാലം പ്രസിദ്ധീകരിച്ചു.
1939-ല്‍ പി. മുഹമ്മദ് സ്വാലിഹ് മൗലവി(വളപട്ടണം) പുലരി മാസിക ആരംഭിച്ചു. അത് മൂന്ന് ലക്കങ്ങള്‍ മാത്രമാണ് മുദ്രണം ചെയ്യപ്പെട്ടത്.
1941 മെയ് മാസത്തില്‍ കെ. അബൂബക്കര്‍ സാഹിബിന്റെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയ കനപ്പെട്ട ഒരു പ്രസിദ്ധീകരണമായിരുന്ന മാപ്പിള റിവ്യൂ. മതം, ചരിത്രം, സാമൂഹിക-സാംസ്‌കാരിക പ്രശ്‌നങ്ങള്‍, ചെറുകഥ, കവിത തുടങ്ങിയ വിവിധ മേഖലകള്‍ സ്പര്‍ശിക്കുന്ന രചനകള്‍ ഓരോ ലക്കത്തിലും ഉള്‍ക്കൊള്ളിച്ചിരുന്നു. വക്കം മൗലവിയുടെ പുത്രനും പ്രശസ്ത സാഹിത്യകാരനുമായിരുന്നു വക്കം എം. അബ്ദുല്‍ഖാദിര്‍ രണ്ടുവര്‍ഷത്തോളം മാപ്പിള റിവ്യുവിന്റെ എഡിറ്ററായിരുന്നു. അഞ്ചാം വര്‍ഷം ഒമ്പത് ലക്കങ്ങള്‍ പുറത്തിറക്കി 1946 ല്‍ റിവ്യൂ നിര്‍ത്തി.
പൗരശക്തി ദിനപത്രം 1938-ല്‍ ആരംഭിച്ചു. കെ. അബൂബക്കര്‍ മാനേജിംഗ് എഡിറ്ററായി കോഴിക്കോട്ടെ മുസ്‌ലിം പ്രമുഖരാല്‍ സ്ഥാപിക്കപ്പെട്ട യുനൈറ്റഡ് പബ്ലിഷിംഗ് കമ്പനിയായിരുന്നു പത്രയുടമ. 1952 വരെ പത്രം പ്രസിദ്ധീകരണം തുടര്‍ന്നു.
1942-ല്‍ മലപ്പുറത്തുനിന്ന് പുന്നയൂര്‍കുളം എന്‍. ബാപ്പു എഡിറ്ററായി മിത്രം മാസിക രണ്ടു വര്‍ഷം നടന്നു. 1945-ല്‍ വി. ബാപ്പു സാഹിബിന്റെ പത്രാധിപത്യത്തില്‍ തൃശൂരില്‍നിന്ന് പുറത്തിറങ്ങിയിരുന്ന, മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയാദര്‍ശത്തോട് പ്രതിബദ്ധത പുലര്‍ത്തിയിരുന്ന പൗരകാഹളധ്വനി അധികകാലം നിലനിന്നില്ല.
ആലപ്പുഴയില്‍നിന്ന് പി.കെ കുഞ്ഞുസാഹിബ് എഡിറ്ററായി പ്രസിദ്ധീകരിച്ചിരുന്ന സ്വരാജ് രാഷ്ട്രീയ വാരിക, 1945ല്‍ കായംകുളത്തുനിന്ന് പി.കെ കുഞ്ഞുസാഹിബിന്റെ പത്രാധിപത്യത്തില്‍ തന്നെ പ്രസിദ്ധീകരണം നടന്നിരുന്ന മലയാളം വൃത്താന്തം വാരിക, 1945-ല്‍ പ്രശസ്ത ചരിത്രകാരനായ പി.എ സെയ്തുമുഹമ്മദ് സി.കെ അബൂബക്കറുമായി ചേര്‍ന്ന് നടത്തിയിരുന്ന യുവകേരളം വാരിക, 1955-ല്‍ സെയ്തുമുഹമ്മദ് സാഹിബ് പ്രസിദ്ധീകരിച്ചിരുന്ന സര്‍ഗം ഡൈജസ്റ്റ് മാസിക, 1946-ല്‍ പുന്നയൂര്‍കുളം കുഞ്ഞാലിക്കുട്ടി പ്രസിദ്ധീകരിച്ചിരുന്ന ആസാദ് മാസിക തുടങ്ങിയവ ഇത്തരുണത്തില്‍ സ്മരണീയമാണ്.
1946 ഏപ്രിലില്‍ ഇടവാ സി.എം പ്രസ്സില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന വിജ്ഞാനപ്രദമായ മാസികയായിരുന്നു യുവകേസരി. ജമാലുദ്ദീന്‍ അഫ്ഗാനിയുടെ അല്‍ഉര്‍വതുല്‍ വുസ്ഖാ, മൗലാനാ ആസാദിന്റെ ഹിലാല്‍ എന്നീ മാസികകളില്‍നിന്നുള്ള പല ലേഖനങ്ങളും യുവകേസരി വിവര്‍ത്തനം ചെയ്തുപോന്നിരുന്നു. ഇസ്‌ലാമിലെ വിദ്യാഭ്യാസ ദര്‍ശനത്തെ കുറിച്ച ഡോക്ടര്‍ ഹമീദുല്ലയുടെ ഗ്രന്ഥത്തിന്റെ വിവര്‍ത്തനം, മുഹമ്മദ് അബ്ദുല്ലയുടെ രിസാലതുത്തൗഹീദ്, റശീദ് രിദായുടെ വഹ്‌യു മുഹമ്മദി, ഡോ. ഫരീദ് വജ്ദിയുടെ അല്‍മദനിയ്യതു വല്‍ ഇസ്‌ലാം, ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യയുടെ ഖിലാഫുല്‍ ഉമ്മതി ഫില്‍ ഇബാദാത്ത് (ആരാധനകളില്‍ സമുദായത്തിലുള്ള അഭിപ്രായവ്യത്യാസം) എന്നീ ഗ്രന്ഥങ്ങളില്‍നിന്ന് പല ഭാഗങ്ങളും മൊഴിമാറ്റം നടത്തി യുവകേസരി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുസ്‌ലിംലീഗിനോട് അനുഭാവം പുലര്‍ത്തിയിരുന്ന പ്രസ്തുത മാസികയില്‍ ടി.പി മഹ്മൂദ് സാഹിബ് (ഇടവ) മുസ്‌ലിംലീഗ് ചരിത്രം എഴുതിയിരുന്നു. അഞ്ചുവര്‍ഷത്തിനുശേഷം വിലപ്പെട്ട ആ മാസിക നിലച്ചുപോയി.
1946 സി.എം പ്രസ്സ് ഇടവയില്‍നിന്ന് എം. ഹലീമാ ബീവിയുടെ പത്രാധിപത്യത്തില്‍ മുസ്‌ലിം വനിത മാസിക ആരംഭിച്ചു. മുസ്‌ലിം സ്ത്രീകളുടെ സമുദ്ധാരണത്തിനായി കഠിന പ്രയത്‌നം നടത്തിയ കേരളത്തിലെ ആദ്യത്തെ മുസ്‌ലിം പത്രപ്രവര്‍ത്തകയാണ് ഹലീമാ ബീവി. പിന്നീട് വനിത എന്ന പേരില്‍ തിരുവല്ലയില്‍നിന്ന് ഒരു മാസിക കുറേവര്‍ഷം അവര്‍ നടത്തി. 1945-'48 വര്‍ഷങ്ങളില്‍ അവരുടെ പത്രാധിപത്യത്തില്‍ തിരുവല്ലയില്‍നിന്ന് ഭാരതചന്ദ്രിക വാരിക പ്രസിദ്ധപ്പെടുത്തിയിരുന്നു. വൈക്കം മുഹമ്മദ് ബഷീര്‍ ഒന്നര വര്‍ഷത്തോളം ഭാരതചന്ദ്രികയില്‍ ജോലി നോക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പല കഥകളും ലേഖനങ്ങളും പ്രസ്തുത വാരികയില്‍ അച്ചടിച്ചു വന്നിട്ടുണ്ട്.
എറണാകുളത്തുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന മറ്റൊരു ദിനപത്രമാണ് കൊച്ചിന്‍ മെയില്‍. ആറു മാസക്കാലം ഇ.കെ മൗലവി കൊച്ചിന്‍ മെയിലില്‍ എഡിറ്ററായി ജോലി ചെയ്തിട്ടുണ്ട്.
1944 ഒക്‌ടോബറില്‍ തങ്ങള്‍ കുഞ്ഞു മുസ്‌ലിയാര്‍ സ്ഥാപിച്ച വിജ്ഞാന പോഷിണി പ്രസ്സില്‍നിന്ന് പ്രഭാതം വാരികയായി പ്രസിദ്ധീകരണമാരംഭിച്ചു. എഡിറ്ററും പബ്ലിഷറും പ്രിന്ററും മുസ്‌ലിയാര്‍ തന്നെയായിരുന്നു. കേരളത്തിലെ പ്രമുഖരായ എഴുത്തുകാരെല്ലാം പ്രഭാതത്തില്‍ അണിനിരന്നിരുന്നു. അധികം കഴിയുന്നതിനു മുമ്പ് പ്രഭാതം ദിനപത്രമായി മാറിയെങ്കിലും കഷ്ടിച്ച് പതിനഞ്ച് കൊല്ലക്കാലമേ അതിന് നിലനില്‍ക്കാന്‍ കഴിഞ്ഞുള്ളൂ.
എ.ഐ ഖാലിദിന്റെ പത്രാധിപത്യത്തില്‍ 1946-ല്‍ തൃശൂരില്‍നിന്ന് പുറത്തിറങ്ങിയ അമീനും 1948-ല്‍ തൃശൂരില്‍നിന്നുതന്നെ കെ.കെ അബുവിന്റെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയ കേരളപ്രഭയും മുസ്‌ലിം പത്രപ്രവര്‍ത്തന ചരിത്രത്തില്‍ ഓര്‍ക്കേണ്ടതാണ്.
അന്‍സാരി
സി.എന്‍ അഹ്മദ് മൗലവിയുടെ പത്രാധിപത്യത്തില്‍ 1949 ഡിസംബര്‍ ഒന്നിന് മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടില്‍ പ്രസിദ്ധീകരിച്ചിരുന്ന മാസികയാണ് അന്‍സാരി. തുടര്‍ന്ന് 1953-ല്‍ പെരുമ്പാവൂരില്‍നിന്ന് മജീദ് മരക്കാര്‍ സാഹിബ് പ്രസാധകനും സി.എന്‍ പത്രാധിപരുമായി അന്‍സാരി ആരംഭിച്ചുവെങ്കിലും അഞ്ചാം ലക്കത്തോടുകൂടി പ്രസാധകനും പത്രാധിപരും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെതുടര്‍ന്ന് സി.എന്‍ രാജിവെക്കുകയും തുടര്‍ന്ന് വക്കം മൗലവിയുടെ ശിഷ്യനും പ്രസിദ്ധ പത്രപ്രവര്‍ത്തകയായ ഹലീമാ ബീവിയുടെ ഭര്‍ത്താവുമായ കെ.എം മുഹമ്മദ് മൗലവിയുടെ പത്രാധിപത്യത്തില്‍ ഒമ്പത് വര്‍ഷക്കാലം വളരെ ഗംഭീരമായ നിലയില്‍ അന്‍സാരി പ്രസിദ്ധീകരിക്കുകയുണ്ടായി. ഓരോ വര്‍ഷത്തിലും നൂറുകണക്കിന് പേജുകളോടെ നബിദിന സ്‌പെഷലും വാര്‍ഷികപ്പതിപ്പുമെല്ലാം അന്‍സാരിയുടെ പ്രത്യേകതയായിരുന്നു. സര്‍ഗാത്മക രചനക്ക് മാസിക നല്ലപ്രോത്സാഹനം നല്‍കിയിരുന്നു. ഒന്നാം പുസ്തകത്തില്‍ മൗലാനാ അബുസ്സ്വബാഹ് അഹ്മദലി സാഹിബ് (പ്രിന്‍സിപ്പല്‍, റൗദത്തുല്‍ ഉലൂം അറബിക്കോളേജ് ഫറോക്ക്) എഴുതിയിരുന്ന ഇസ്‌ലാമിലെ നമസ്‌കാരമെന്ന പരമ്പരയില്‍ ജമാഅത്ത് നമസ്‌കാരത്തിലെ സാമുദായികവും സാമ്പത്തികവും രാഷ്ട്രീയവും വിജ്ഞാനപരവുമായ ആന്തരാര്‍ഥങ്ങള്‍ വിശദീകരിച്ചുകൊണ്ട് എഴുതുന്നു:
''രാഷ്ട്രീയമായി നോക്കുകയാണെങ്കില്‍ അത് മാതൃകായോഗ്യമായ ഒരു ഗ്രാമപഞ്ചായത്താണ്. പ്രായപൂര്‍ത്തി എത്തിയിട്ടുള്ള എല്ലാവര്‍ക്കും ഇതില്‍ സമാവകാശമാണുള്ളത്. അതുകൊണ്ട് ഓരോ ഗ്രാമക്കാരനും തങ്ങളുടെ ഗ്രാമത്തിന്റെ സാമ്പത്തികവും ഭരണഘടനാ പരവുമായ നില നന്നാക്കിത്തീര്‍ക്കാന്‍ ആവശ്യമായ തീരുമാനങ്ങള്‍ ചെയ്യാനും അത് നടപ്പില്‍ വരുത്താനും അവസരം ലഭിക്കുന്നതാണ്. ഈ ഗ്രാമപഞ്ചായത്തിന്റെ അധ്യക്ഷ സ്ഥാനമാണ് ജമാഅത്തിന്റെ ഇമാം വഹിക്കുന്നത്....... ഇതുകൊണ്ട് പ്രജായത്ത ഭരണസമ്പ്രദായം പഠിക്കുവാന്‍ ഓരോ മുസ്‌ലിം പൗരനും അവസരം ലഭിക്കുന്നു.
''മറ്റൊരു വിധത്തില്‍ നോക്കുകയാണെങ്കില്‍ ജമാഅത്ത് നമസ്‌കാരം ഒരു പട്ടാള പരിശീലനമാണ്. ഒരു പട്ടാള ഓഫീസറുടെ മുമ്പില്‍ അദ്ദേഹത്തിന്റെ കീഴിലുള്ള ഭടന്മാര്‍ അണിനിരന്നു നില്‍ക്കുന്നതു പോലെയാണ് ഇമാമിന്റെ പിന്നില്‍ അദ്ദേഹത്തിന്റെ അനുയായികള്‍ അണിനിരന്നു നില്‍ക്കുന്നത്. അദ്ദേഹം കുനിഞ്ഞുനില്‍ക്കുമ്പോള്‍ അവരും കുനിഞ്ഞു നില്‍ക്കുന്നു; അദ്ദേഹം ഇരിക്കുകയും എഴുന്നേല്‍ക്കുകയും ചെയ്യുമ്പോള്‍ അവരും ഇരിക്കുകയും എഴുന്നേല്‍ക്കുകയും ചെയ്യുന്നു'' (അന്‍സാരി പു. 1, ലക്കം 7, 1950 സെപ്റ്റംബര്‍).
മജീദ് മരക്കാര്‍ സാഹിബുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് അന്‍സാരിയില്‍നിന്ന് പിരിഞ്ഞുപോന്ന സി.എന്‍ അഹ്മദ് മൗലവി പി.പി ഉമ്മര്‍ കോയയുടെ പ്രസാധകത്വത്തിലും തന്റെ പത്രാധിപത്യത്തിലുമായി കോഴിക്കോട്ടുനിന്ന് 1955 ആദ്യത്തില്‍ ന്യൂ അന്‍സാരി മാസിക ആരംഭിച്ചു. രണ്ടുവര്‍ഷം പൂര്‍ത്തിയാക്കി 1957 ഫെബ്രുവരിയില്‍ ന്യൂ അന്‍സാരിയും ചരിത്രത്തിന്റെ ഭാഗമായി.
1947-ല്‍ എടവനക്കാട്ടുനിന്ന് എ. സൈദുമുഹമ്മദിന്റെ പത്രാധിപത്യത്തില്‍ തുടങ്ങിയ നവോദയ, 1949-ല്‍ ഇടവയിലെ സി.എം പ്രസ്സില്‍നിന്ന് ടി.എ മജീദ് സാഹിബിന്റെ പത്രാധിപത്യത്തില്‍ ഇറങ്ങിയ ഹിലാല്‍, 1950 നവംബറില്‍ എന്‍. അഹ്മദ് ഹാജി(എലത്തൂര്‍)യുടെ നേതൃത്വത്തില്‍ പുറത്തിറങ്ങിയ ഹിദായത്തുല്‍ മുഅ്മിനീന്‍, കൊടുങ്ങല്ലൂര്‍ സ്വദേശിയായ കുഞ്ഞുമുഹമ്മദ് ആഫ്താബ് 1950, 1954, 1957 എന്നീ വര്‍ഷങ്ങളില്‍ ആരംഭിച്ച അല്‍ ജിഹാദ്, കാഹളം, മുസ്‌ലിം, 1949-ല്‍ കൊല്ലത്തുനിന്ന് വാരികയായി പ്രസിദ്ധീകരിച്ചിരുന്ന അല്‍ജിഹാദ് എന്നീ പ്രസിദ്ധീകരണങ്ങളും ശ്രദ്ധേയങ്ങളാണ്.
കേരള മുസ്‌ലിം ചിന്താരംഗത്ത് ശ്രദ്ധേയമായ സംഭാവനകള്‍ അര്‍പ്പിച്ച ഒരു പ്രസിദ്ധീകരണമാണ് 1951-ല്‍ പെരുമ്പാവൂരില്‍നിന്ന് പി.എം സാദിഖ് മൗലവിയുടെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന അല്‍ഫാറൂഖ് മാസിക. കഥകള്‍, കവിതകള്‍, പഠനങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ഉള്ളടക്കങ്ങളാല്‍ സമ്പന്നമായിരുന്നു ഓരോ ലക്കവും. കേരള മുസ്‌ലിം സാഹിത്യ ശ്രമങ്ങളെക്കുറിച്ച് അദ്ദേഹം നടത്തിയിരുന്ന പഠനം ഒരു ആധികാരിക രേഖയാണ്. ആദ്യകാലത്ത് ജമാഅത്തെ ഇസ്‌ലാമിയോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന മൗലവി പില്‍ക്കാലത്ത് പ്രസ്ഥാനവുമായി അകന്നു. ഏഴുവര്‍ഷം പൂര്‍ത്തിയാക്കി അല്‍ഫാറൂഖ് അസ്തമിച്ചു. 1972-ല്‍ അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്ന വാരികയാണ് പ്രധാനം. മുസ്‌ലിംലീഗും എം.ഇ.എസ്സുമായുണ്ടായ അഭിപ്രായവ്യത്യാസത്തില്‍ അദ്ദേഹം എം.ഇ.എസ് പക്ഷത്ത് ഉറച്ചുനിന്നു.
അല്‍ മനാര്‍
കേരള ജംഇയ്യത്തുല്‍ ഉലമായുടെ മുഖപത്രം. പ്രഥമ പത്രാധിപര്‍ പി.കെ മൂസ മൗലവിയും പ്രസാധകന്‍ ബി.വി അബ്ദുല്ലക്കോയയുമായിരുന്നു. 1950 ഏപ്രില്‍ 5 (1369 ജമാദുല്‍ ആഖിര്‍) മാസത്തില്‍ പ്രഥമലക്കം പുറത്തിറങ്ങി. പ്രഥമലക്കം മുതല്‍ പരിശുദ്ധ ഖുര്‍ആന്‍ പി.കെ മൂസ മൗലവിയും ഹദീസ് ശരീഫ എ.കെ അബ്ദുല്ലത്വീഫ് മൗലവിയും ചരിത്രം ഇ.കെ മൗലവിയും, സംസ്‌കരണം കെ.കെ.എം ജമാലുദ്ദീന്‍ മൗലവിയും ആരോഗ്യരംഗം എം. കുഞ്ഞോയി വൈദ്യരും കൈകാര്യം ചെയ്തു. ചോദ്യോത്തര പംക്തി കെ.എം മൗലവി. മുഹമ്മദ് അസദിന്റെ ഇസ്‌ലാം വഴിത്തിരിവില്‍, ഇസ്‌ലാമിലെ കര്‍മശാസ്ത്ര ചരിത്രം (മുഹമ്മദ് അമാനി), അനുഷ്ഠാനമുറകള്‍ തുടങ്ങിയ സ്ഥിരം പംക്തികളും കേരള നദ്‌വതുല്‍ മുജാഹിദീനുമായി ബന്ധപ്പെട്ട സംഘടനാ വാര്‍ത്തകളും ഓരോ ലക്കത്തിലും ഉള്‍ക്കൊള്ളിച്ചിരുന്നു.
എ.കെ അബ്ദുല്ലത്വീഫ് മൗലവി, കെ.പി മുഹമ്മദ് മൗലവി തുടങ്ങിയവര്‍ അല്‍മനാറിന്റെ പത്രാധിപത്യം വഹിച്ചിട്ടുണ്ട്. ഇപ്പോള്‍ എ.പി അബ്ദുല്‍ഖാദിര്‍ മൗലവിയാണ് പത്രാധിപര്‍.
1960 സെപ്റ്റംബര്‍ (1380 റബീഉല്‍ അവ്വല്‍) പുറത്തിറങ്ങിയ റബീഉല്‍ അവ്വല്‍ വിശേഷാല്‍ പ്രതിയില്‍ 'മുസ്‌ലിമിന്റെ വേഷഭൂഷണം' എന്ന മുഹമ്മദ് അമാനിയുടെ ലേഖനത്തില്‍നിന്ന്: ''വസ്ത്രത്തിലാണോ മതം, മുടിയിലാണോ ഇസ്‌ലാം എന്നൊക്കെ ചോദിക്കുന്നവരോട് 'അല്ല' എന്ന് വേണമെങ്കില്‍ ഉത്തരം പറയാം. പക്ഷേ വസ്ത്രത്തിലുമുണ്ട്, മുടിയിലുമുണ്ട് ഇസ്‌ലാം എന്നുകൂടി പറയേണ്ടതുണ്ട്. അല്ല അതിനേക്കാള്‍ താഴെക്കിടയിലുള്ള നിത്യനടപടിയിലുമുണ്ട് ഇസ്‌ലാം. അഥവാ അവയും ഇസ്‌ലാമിലെ നിയമനിര്‍ദേശങ്ങള്‍ക്കു യോജിച്ച നിലയില്‍ കയ്യാളുവാന്‍ പാടുള്ളൂ.''
'സുഊദി അറേബ്യയിലെ പോലീസ്' എന്ന കെ.പി മുഹമ്മദ് ബിന്‍ അഹ്മദ് എഴുതിയ ലേഖനത്തില്‍ നിന്നൊരു ഭാഗം: ''രാജ്യഭരണത്തിനു മതത്തില്‍ സ്ഥാനമില്ല. മതം പള്ളിയില്‍ മാത്രം ഒതുങ്ങിനില്‍ക്കേണ്ടതാണ്, രാഷ്ട്രീയത്തിലും ഭരണത്തിലും മതത്തെ കൂട്ടിക്കുഴച്ചാല്‍ അത് അനര്‍ഥമാണ്, നാശമാണ്, പുരോഗതിയും അഭിവൃദ്ധിയും നിലച്ചുപോകും എന്നെല്ലാം തട്ടിമൂളിക്കുന്ന ചിലരുണ്ട്. ഇവരുടെ മുമ്പില്‍ ഈ ഗവണ്‍മെന്റ് ഒരു ചോദ്യചിഹ്നമാണ്.''
1952-ല്‍ വളപട്ടണം പി. അബ്ദുല്ലാസാഹിബിന്റെ നേതൃത്വത്തില്‍ നടത്തിയിരുന്ന ഒരു വ്യത്യസ്ത മാസികയാണ് ചിന്തകന്‍. കേരളത്തിലെ വിവിധ കക്ഷി ഉലമാക്കളുടെ വാദപ്രതിവാദങ്ങള്‍, വിമര്‍ശനങ്ങള്‍, ചോദ്യോത്തരങ്ങള്‍, പ്രസിദ്ധ സാഹിത്യകാരന്മാരുടെ വിജ്ഞാനപ്രദമായ കവിതകള്‍, മാപ്പിളപ്പാട്ടുകള്‍ തുടങ്ങിയവയെല്ലാം ഓരോ ലക്കത്തിലുമുണ്ടായിരുന്നു. മുസ്‌ലിംകളില്‍ പരസ്പരധാരണയും സഹിഷ്ണുതയും പ്രതിപക്ഷ ബഹുമാനവുമുണ്ടാക്കുകയായിരുന്നു മാസികയുടെ പ്രഖ്യാപിത ലക്ഷ്യം. 1959-ല്‍ മാസിക അസ്തമിച്ചു.
1953-ല്‍ പൊന്നാനിയില്‍നിന്ന് പുറത്തിറങ്ങിയ വി.കെ.എം മൗലവിയുടെ ഹിക്മത്ത്, അതേ പേരില്‍ സമസ്ത പിളര്‍ന്നപ്പോള്‍ നാട്ടിക വി. മൂസ മൗലവി പ്രസിദ്ധീകരിച്ചിരുന്ന ഹിക്മത്ത്, 1954-ല്‍ എ.എം ഖാദര്‍ പത്രാധിപരായ മുസ്‌ലിം റിവ്യു, കണിയാപുരം എം. മുഹമ്മദ് ഖാസിം നടത്തിയിരുന്ന ഇസ്‌ലാമിക് കള്‍ച്ചര്‍, അല്‍ഹാജ് ഡോ. ശൈഖ് മദനി ഐ.എം.ബിയുടെ പത്രാധിപത്യത്തില്‍ ആലപ്പുഴയില്‍നിന്ന് പ്രസിദ്ധപ്പെടുത്തിയിരുന്ന അല്‍ജലാല്‍, 1954-ല്‍ എം.വി മുഹമ്മദ് എഡിറ്ററായി തലശ്ശേരിയില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ആരോഗ്യബന്ധു മാസിക എന്നിവ വളരെ പെട്ടെന്ന് ചരിത്രത്തിന്റെ ഭാഗമായിത്തീര്‍ന്നവയാണ്.
1955-ല്‍ കെ.എച്ച് സുലൈമാന്റെ പത്രാധിപത്യത്തില്‍ ഇറങ്ങിയ ജമാഅത്ത് ടൈംസ് ഒരു വര്‍ഷവും പറവണ്ണ കെ.പി.എ മൊയ്തീന്‍ കുട്ടി മുസ്‌ലിയാരുടെ പത്രാധിപത്യത്തില്‍ ഇറങ്ങിയ നൂറുല്‍ ഇസ്‌ലാം രണ്ടുവര്‍ഷവും കാഞ്ഞിരപ്പള്ളി നൂറുല്‍ ഹുദാ അറബിക് കോളേജില്‍നിന്ന് ഇറങ്ങിയിരുന്ന നൂറുല്‍ ഹുദാ മാസിക ഒരു വര്‍ഷവും നിലനിന്നപ്പോള്‍ അഴീക്കോട് ഇര്‍ശാദ് അറബിക് കോളേജില്‍നിന്ന് അബ്ദുല്ല ബാഖവി(എടപ്പാള്‍)യുടെ നേതൃത്വത്തില്‍ ഇറങ്ങിയിരുന്ന ഇര്‍ശാദ് മാസിക എട്ട് വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു.
അബ്ദുര്‍റഹ്മാന്‍ മഖ്ദൂമിയുടെ നേതൃത്വത്തില്‍ പൊന്നാനിയില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ദീന്‍ദുന്‍യാ, ചാവക്കാട്ടുനിന്ന് പുറത്തിറങ്ങിയിരുന്ന മനുഷ്യനാട്, 1955-ല്‍ പി.പി ഉമ്മര്‍ കോയയുടെ നേതൃത്വത്തില്‍ പുറത്തിറങ്ങിയ ഭാരതഭൂമി വാരിക, 1956-ല്‍ ടി.കെ അബ്ദുല്ല മൗലവി പരപ്പനങ്ങാടിയില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന അല്‍ബയാന്‍ മാസിക, എസ്.എം മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ടിരുന്ന അമീന്‍ വാരിക, പി.എം.എ തങ്ങള്‍ കല്‍പറ്റയില്‍നിന്ന് ആരംഭിച്ച യുവാവ് മാസിക, 1958-ല്‍ എന്‍.വി അബ്ദുസ്സലാം മൗലവിയുടെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയ മിശ്കാതുല്‍ ഹുദാ മാസിക, 1962-ല്‍ ജനാബ് കെ. മീരാന്‍ റാവുത്തറു(റിട്ട. തഹസില്‍ദാര്‍, കൊട്ടാരക്കര)ടെ പത്രാധിപത്യത്തില്‍ തിരുവനന്തപുരത്തുനിന്ന് പ്രസിദ്ധീകരിച്ച അല്‍ഹിദായ, 1958-ല്‍ മുസ്‌ലിംലീഗ് നേതാവായിരുന്ന ഒ.കെ മുഹമ്മദ് കുഞ്ഞ് സാഹിബിന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന നവപ്രഭ മാസിക തുടങ്ങിയവയും ഇത്തരുണത്തില്‍ സ്മരണീയമാണ്.
1958-ല്‍ എ.എം ശുകൂര്‍ സാഹിബിന്റെ പത്രാധിപത്യത്തില്‍ ആലപ്പുഴയില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന സന്ദേശം മാസിക, എം.എ റസാഖിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം കരമനയില്‍നിന്ന് 1978-ല്‍ പ്രസിദ്ധീകരണമാരംഭിച്ച ഇസ്‌ലാമിക സന്ദേശം, ഹാജി എം. മുഹമ്മദ് കോയയുടെ നേതൃത്വത്തില്‍ പുറത്തിറങ്ങിയിരുന്ന ഇസ്‌ലാമിക വീക്ഷണം, സെയ്തുമുഹമ്മദ് നിസാമിയുടെ നേതൃത്വത്തില്‍ പുറത്തിറങ്ങിയിരുന്ന ഇസ്‌ലാമിക് ഫൈറ്റര്‍, 1964-ല്‍ സുന്നി യുവജനസംഘത്തിന്റെ മുഖപത്രമായി പ്രസിദ്ധീകരണമാരംഭിച്ച സുന്നിടൈംസ്, അഖില കേരള ജംഇയ്യത്തുല്‍ ഉലമായുടെ പത്രമായിരുന്ന, 1966ല്‍ യു.കെ ആറ്റക്കോയ തങ്ങളുടെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ച ജംഇയ്യത്ത്, 1972-ല്‍ കെ.എം മുഹമ്മദ് കോയയുടെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന അല്‍ജലാല്‍, സുബുലുസ്സലാം, 1976-ല്‍ ലീഗിലെ പിളര്‍പ്പിനെ തുടര്‍ന്ന് അഖിലേന്ത്യാ മുസ്‌ലിംലീഗിന്റെ മുഖപത്രമായി പ്രസിദ്ധീകരണമാരംഭിച്ച ലീഗ് ടൈംസ്, 1979-ല്‍ പി.എം.എ നാസറിന്റെ പത്രാധിപത്യത്തില്‍ ഇറങ്ങിയിരുന്ന സ്ഥിരത, ചേകനൂര്‍ മൗലവിയുടെ നിരീക്ഷണം, അല്‍ ബുര്‍ഹാന്‍ മാസികകള്‍, എം.എസ്.എമ്മിന്റെ മുഖപത്രമായി 1984-ല്‍ ആരംഭിച്ച ഇഖ്‌റഅ് മാസിക, തൃശൂര്‍ കൊക്കാലയില്‍നിന്ന് 1981-ല്‍ ആരംഭിച്ച ടിറ്റ് ഫോര്‍ ടാറ്റ്, വി.വി.എ ശുകൂറിന്റെ പത്രാധിപത്യത്തില്‍ 1980-ല്‍ ആരംഭിച്ച യുവസരണി മാസിക, എം.എസ്.എസിന്റെ മുഖപത്രമായി 1981-ല്‍ ആരംഭിച്ച ഹിജ്‌റ മാസിക, ഇസ്ഹാഖലി കല്ലിക്കണ്ടി 1981-ല്‍ പുറത്തിറക്കിയ ബിസ്മി മാസിക, സിമിയുടെ മുഖപത്രമായി 1981-ല്‍ ആരംഭിച്ച വിവേകം, പ്രഫ. വി. മുഹമ്മദ് സാഹിബിന്റെ നേതൃത്വത്തില്‍ 1984-ല്‍ തുടങ്ങിയ ശാസ്ത്രവിചാരം മാസിക, കെ.ടി സഈദലി ബാഖവിയുടെ നേതൃത്വത്തില്‍ ഒളവട്ടൂരില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന അല്‍ഫത്ഹ് മാസിക, 1963 മുതല്‍ പി.പി കമ്മു മലപ്പുറത്തു നിന്ന് പ്രസിദ്ധീകരിച്ചിരുന്ന മാപ്പിളനാട്, 1965-ല്‍ എം.കെ മുഹമ്മദ് സാലിം മൗലവി മലപ്പുറത്തുനിന്ന് പുറത്തിറക്കിയിരുന്ന അല്‍ജിഹാദ്, 1976-ല്‍ ഉമ്മത്തൂര്‍ കോളേജില്‍നിന്ന് ആരംഭിച്ച സ്വൗതുല്‍ ഉമ്മ, കാസര്‍കോട് സഅദിയ അറബിക് കോളേജില്‍നിന്ന് 1987-ല്‍ പുറത്തിറങ്ങിയിരുന്ന അദ്ദഅ്‌വ മാസിക, തൊടിയൂര്‍ ദാറുര്‍റഹ്മ അനാഥാലയത്തില്‍നിന്നു പുറപ്പെട്ടിരുന്ന റഹ്മത്ത് മാസിക, കരുവാരകുണ്ട് ദാറുന്നജാതില്‍നിന്ന് കെ.ടി മാനു മുസ്‌ലിയാരുടെ നേതൃത്വത്തില്‍ 1984-ല്‍ പുറത്തിറങ്ങിയിരുന്ന ഫിര്‍ദൗസ് മാസിക, മുസ്തഫല്‍ ഫൈസിയുടെ നേതൃത്വത്തില്‍ തിരൂരില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന അല്‍മുബാറക് വാരിക, 1981 ജൂണില്‍ കുറ്റിപ്പുറത്ത്‌നിന്ന് എ.എം അശ്‌റഫിന്റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന സുറുമ മാസിക തുടങ്ങിയവയെല്ലാം രംഗത്തുനിന്ന് മറഞ്ഞവയാണ്.
1950-നുശേഷം വക്കം അബ്ദുല്‍ഖാദിര്‍, വിജ്ഞാനം, സുബോധിനി, തൂലിക എന്നീ മൂന്ന് മാസികകള്‍ നടത്തിയിരുന്നുവെങ്കിലും അവക്കൊന്നും അധികകാലം നിലനില്‍ക്കാന്‍ കഴിഞ്ഞില്ല.
കേരള സില്‍സില നൂരിയ്യയുടെ മുഖപത്രമായ അല്‍ഇര്‍ഫാന്‍, അബുല്‍ജലാല്‍ മൗലവിയുടെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വേണ്ടിയുള്ള മാസികയായ സന്മാര്‍ഗം, കെ. ഉമര്‍ മൗലവിയുടെ സല്‍സബീല്‍, പി.വി.സി ഉമര്‍ തലശ്ശേരിയില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന സലാമത്ത്, ടി.എം ശാഫി കൊച്ചിയില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ഹിമ്മത്ത്, ഡോ. സി.കെ കരീമിന്റെ ചരിത്രം, ബാലമാസികകളായ ബാലകൗതുകം, ബാലചന്ദ്രിക, താലോലം, കെ.പി അബൂബക്കറി(തൃശൂര്‍)ന്റെ വിജയദീപം, ടി.എ അഹ്മദ് കബീറിന്റെ സര്‍ഗധാര, പി.എ. സെയ്തുമുഹമ്മദിന്റെ സര്‍ഗം. പി.കെ മുഹമ്മദ് കുഞ്ഞിയുടെ സൂക്തം എന്നിവയും ചരിത്രത്തില്‍ വിസ്മരിക്കാവതല്ല.
ഡോ. എ. മുബാറകിന്റെ ഹഖീഖത്തും ആലുവ ജാമിഅ ഹസനിയ്യയുടെ ഇംദാദും അല്‍ഖാഇദയും എം.എസ്.എമ്മിന്റെ സര്‍ഗവിചാരവും മറ്റും അല്‍പായുസ്സുകളായ മാസികകളാണ്.
അറബ് പ്രസിദ്ധീകരണങ്ങള്‍
കേരളത്തില്‍നിന്ന് പുറത്തിറങ്ങിയിരുന്ന അറബി ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ സ്ഥിതി വളരെ ശോചനീയമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ അറബി അറിയുന്നവര്‍ കേരളീയരാണെന്ന പൊള്ളയായ വാദം നാം ഉയര്‍ത്താറുണ്ടെങ്കിലും കേരളീയര്‍ അറബി ഭാഷ കൊണ്ട് ജീവിക്കുന്നവരും, മറ്റുള്ളവര്‍ അറബിഭാഷക്കു വേണ്ടി ജീവിക്കുന്നവരുമാണെന്നതാണ് വസ്തുത. 1963-ല്‍ ആധുനിക അച്ചടി സൗകര്യങ്ങളില്ലാത്ത കാലത്ത് പ്രസിദ്ധീകരണമാരംഭിച്ച അല്‍ ബുശ്‌റ അറബി മാസിക ഏതാണ്ട് പത്തു വര്‍ഷം നിലനിന്നിരുന്നു. എന്നാല്‍ ആധുനിക സൗകര്യങ്ങളുള്ള ഇടക്കാലത്ത് പ്രസിദ്ധീകരണമാരംഭിച്ച എല്ലാ മാസികകളും അല്‍പായുസ്സുകളായിരുന്നു.
മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയില്‍നിന്ന് പുറത്തിറങ്ങിയിരുന്ന അസ്സഖാഫ ഏതാണ്ട് മുപ്പത് ലക്കങ്ങള്‍ പുറത്തിറക്കിയെങ്കില്‍ എടവണ്ണ ജാമിഅ നദ്‌വിയ്യയുടെ അസ്സ്വലാഹ് ആറു ലക്കവും ശാന്തപുരം ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് പുറത്തിറക്കിയ അല്‍ജാമിഅ അഞ്ചു ലക്കവും കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് ആരംഭിച്ച കാലികൂത്ത് മൂന്ന് ലക്കവും മുട്ടില്‍ കോളേജില്‍നിന്നിറങ്ങിയ അല്‍ റൈഹാന്‍ രണ്ടു ലക്കവും കേരള അറബി പ്രചാരസഭയുടെ അല്‍ഹാദി മൂന്ന് ലക്കവും പുറത്തിറങ്ങി രംഗംവിട്ടവയാണ്. ആലുവ അസ്ഹറുല്‍ ഉലൂം അറബിക് കോളേജില്‍നിന്നിറങ്ങുന്ന അത്തളാമുന്‍, പറപ്പൂര്‍ സുബുലുല്‍ ഹുദാ അറബിക്കോളേജിന്റെ അന്നഹ്‌ള എന്നിവയാണ് മുടങ്ങാതെ നിലനില്‍ക്കുന്നത്.
ദി മെസ്സേജ്, മിനാറത്, എക്‌സാക്ട്, മീന്‍ടൈം തുടങ്ങിയ ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളും മുടങ്ങിയവയില്‍ ഉള്‍പ്പെടുന്നു. അല്‍ഹാര്‍മണിയാണ് മറ്റൊരു ഇംഗ്ലീഷ് പ്രസിദ്ധീകരണം. നാറജീലിസ്ഥാന്‍, ഉര്‍ദു ആവാസ് എന്നീ ഉര്‍ദു പത്രങ്ങളും കേരളത്തില്‍നിന്ന് പുറത്തിറങ്ങിയിരുന്നു.
അബ്ദുര്‍റഹ്മാന്‍ മങ്ങാട്
9946070567

Comments

Other Post