Prabodhanm Weekly

Pages

Search

2009 അറുപതാം വാര്‍ഷികപ്പതിപ്പ്‌

നവ സംവേദനവും ഭാവനയുടെ വീണ്ടെടുപ്പും

ശിഹാബുദ്ദീന്‍ ആരാമ്പ്രം

സമൂഹത്തിന്റെ പുരോഗതിയില്‍ സാഹിത്യ-സാംസ്‌കാരിക മേഖലക്കുള്ള പങ്ക് ചെറുതല്ല. ഭാഷയും ഭാവനയും ഒരുക്കുന്ന പരിസരത്തെ അവഗണിക്കാവുന്ന വൈജ്ഞാനിക-രാഷ്ട്രീയ സാഹചര്യങ്ങളല്ല ലോകത്തെ ഒരു ജനതയും ഇന്ന് അഭിമുഖീകരിക്കുന്നത്. അതിനാല്‍ കാലത്തെയും ജനതയെയും അറിയാന്‍ എഴുത്തുകാരന്‍ സൃഷ്ടിക്കുന്ന ഭാവരചനകളുമായുള്ള സംവാദം അനിവാര്യമാണ്. ജനതയുടെ സ്വത്വം അടയാളപ്പെടുത്തപ്പെട്ട രേഖകളാണ് സാഹിത്യ കൃതികള്‍. അവ വ്യക്തിയുടെ ആത്മീയവും ഭൗതികവുമായ ജീവിതസ്പന്ദനങ്ങളില്‍ നടത്തുന്ന ഇടപെടലുകള്‍ മാറ്റത്തിന് നാന്ദികുറിക്കുന്നു. ഓരോ ജനതയുടെയും സാംസ്‌കാരിക പരിസരത്തെ ഉള്‍ക്കൊണ്ട കൃതികള്‍ക്ക് മാത്രമേ അതിന് സാധ്യമാവൂ. അത്തരം അവബോധത്തില്‍നിന്നാണ് വിശ്വാസത്തിന് ഊര്‍ജം പകരാന്‍ സഹായകമായ ഭാവനയെപ്പറ്റിയുള്ള ചിന്ത രൂപപ്പെട്ടത്. ഇമാം ശാഫിഈയെ പോലുള്ള ജ്ഞാന ശില്‍പികളും ഇബ്‌നു തൈമിയ്യയെ പോലുള്ള പരിഷ്‌കര്‍ത്താക്കളുമെല്ലാം ഭാവരചനകള്‍ക്ക് വിശ്വാസികള്‍ക്കിടയിലുള്ള ഇടം നിര്‍ണയിക്കാന്‍ ശ്രമിച്ചവരാണ്.
എഴുത്തുകാരന്‍ ആവിഷ്‌കരിക്കുന്ന അനുഭവങ്ങളെ അവരുടെ സാക്ഷ്യമായാണ് ഇമാം ശാഫിഈ വിലയിരുത്തിയത്. ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും അടയാളങ്ങളുള്ള അത്തരം സാക്ഷ്യങ്ങളില്‍ സമൂഹത്തിന്റെ നന്മക്കുവേണ്ടിയുള്ള മുദ്രകള്‍ പതിഞ്ഞിരിക്കും. വായനക്കാരന്റെ ഇടപെടലുകളിലൂടെയാണ് അവ കൈമാറ്റം ചെയ്യപ്പെടുക. എഴുത്തുകാരന്റെ സാക്ഷ്യമാണ് സാഹിത്യ സൃഷ്ടികള്‍ എന്ന ഇമാം ശാഫിഈയുടെ പ്രയോഗം തന്നെ കാലത്തോടുള്ള അവയുടെ പൊക്കിള്‍ക്കൊടി ബന്ധത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പലരാലും പരിഗണിക്കപ്പെടാതെ പോയ ചരിത്രത്തിന്റെ ദൃശ്യങ്ങളില്‍നിന്ന് ആവിഷ്‌കരിക്കുന്ന ഭാവശില്‍പങ്ങള്‍ സാഹിത്യത്തിന്റെയും ചരിത്രത്തിന്റെയും അതിരടയാളങ്ങളാണ്. ലോകത്തെ ഏതു ഭാഷയിലുമെന്ന പോലെ മലയാളത്തിലും അത്തരം കൃതികള്‍ കാണാം. സച്ചിദാനന്ദന്റെ 'സാക്ഷ്യങ്ങള്‍', കെ.എസ്.കെ തളിക്കുളത്തിന്റെ 'ഒരു പ്രതിക്രിയ', ഉറൂബിന്റെ 'സുന്ദരികളും സുന്ദരന്മാരും', സി.വി കുഞ്ഞുരാമന്റെ 'സോമനാഥന്‍' തുടങ്ങിയ രചനകള്‍ ഈ വിശകലനത്തിന്റെ ചൈതന്യവുമായി കണ്ണിചേര്‍ന്നിരിക്കുന്നത് കാണാം. 2002-ല്‍ ഗുജറാത്തില്‍ അരങ്ങേറിയ ക്രൂരമായ നരമേധമാണ് സച്ചിദാനന്ദന്‍ അവതരിപ്പിക്കുന്നത്:
ഉണ്ണീ, നിന്റെ വരവ്
ഇങ്ങനെയായിരിക്കുമെന്ന്
ഞാന്‍ തീരെ കരുതിയിരുന്നില്ല.
...................
പെട്ടെന്നായിരുന്നു എല്ലാം അവസാനിച്ചത്
കൊടിയും പന്തവുമായി അവര്‍ വന്നു
വാളും ത്രിശൂലവുമായി അവര്‍ വന്നു
അവരെന്റെ കൈകാലുകള്‍ കെട്ടിയിട്ടു
വാള്‍കൊണ്ട് അടിവയര്‍ നെടുകെ പിളര്‍ന്നു
അവര്‍ നിന്നെ വലിച്ച് പുറത്തിട്ടപ്പോള്‍
നീ പൊക്കിള്‍ക്കൊടിയില്‍ മുറുകെപ്പിടിച്ചുവോ?
പുഴയും നിലാവും കിനാക്കണ്ടിരുന്ന കുഞ്ഞിക്കണ്ണുകള്‍
ഒന്നുകൂടി ഇറുക്കിയടച്ചുവോ?
ആളിക്കത്തുന്ന വീട്ടിലേക്ക് അവര്‍ നിന്നെ
വലിച്ചെറിഞ്ഞപ്പോള്‍ മാലാഖമാര്‍ക്കു മാത്രം
കേള്‍ക്കാവുന്ന നേരിയ ശബ്ദത്തില്‍
നീ അമ്മയോട് വിടചോദിച്ചുവോ?
തീ നിന്നെ സ്വര്‍ണ വിരലുകള്‍ക്കൊണ്ട് തലോടിയോ?
ജ്വാലകളുടെ തൊട്ടിലില്‍ കാറ്റു നിന്നെ താരാട്ടിയോ
ജനിക്കാതെ തന്നെ നീ ജീവിതത്തിന്റെ
മുഴുവന്‍ നോവും ഒരു ഞൊടിയിലറിഞ്ഞുവോ?
2002-ല്‍ ഗുജറാത്തില്‍ നടന്ന വര്‍ഗീയാക്രമണങ്ങളില്‍ നിന്നുള്ള രംഗമാണിത്. ഗര്‍ഭിണികളുടെ വയര്‍ പിളര്‍ത്തി ചോരക്കുഞ്ഞുങ്ങളെ തീകുണ്ഡത്തിലേക്ക് വലിച്ചെറിഞ്ഞ കഥ ഭാവനയല്ല, പച്ചയായ സത്യമാണ്. വായനക്കാരുടെ കോടതിയില്‍ മുഴങ്ങിയ സാക്ഷ്യമൊഴി. പ്രസവിക്കും മുമ്പേ അഗ്നിനാളങ്ങള്‍ വിഴുങ്ങിയ കുഞ്ഞിനെ ഓര്‍ത്ത് വിലപിക്കുന്ന ഒരമ്മയുടെ വാക്കുകള്‍ കവി മുരടോടെ പിഴുതെടുത്ത് വെച്ചിരിക്കുകയാണ്. മനുഷ്യജീവിതത്തിലെ കൊടും ക്രൂരതയെപ്പറ്റിയുള്ള സൂക്ഷ്മമായ നിരീക്ഷണത്തില്‍നിന്നാണ് കവിയുടെ സാക്ഷ്യമൊഴി. കവിത പാടാനുള്ള ഉപാധിയായിട്ടല്ല ഈ കവിതക്ക് വേണ്ടി സച്ചിദാനന്ദന്‍ ഭാവനയെ സമീപിച്ചത്. ഉന്മൂലനാശത്തിന്റെ വഴിത്താരയിലുള്ള ഒരു ജനതയുടെ അതിജീവനത്തിന് ഭാവനയുടെ ഒരിറ്റ് അമൃത് പകരുകയാണ്.
വിശ്വാസികളോട് ശത്രുത പുലര്‍ത്താത്തവരും അമിതമായി കളവ് പറയാത്തവരുമായ എഴുത്തുകാരുടെ രചനയെയാണ് സ്വീകാര്യമായ സാക്ഷ്യമൊഴിയായി ഇമാം ശാഫിഈ എണ്ണിയത്. ആ പട്ടികയില്‍ സച്ചിദാനന്ദന്റെ സാക്ഷ്യങ്ങളും ഉള്‍പ്പെടും. എന്നാല്‍ സ്വകാര്യ താല്‍പര്യങ്ങള്‍ക്കു വേണ്ടി കോപിക്കുകയും വിശ്വാസികളെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നവരുടെ സാക്ഷ്യത്തെ അദ്ദേഹം അംഗീകരിക്കുന്നില്ല. ദാനം നല്‍കാത്തതിന്റെ പേരില്‍ ആക്ഷേപിക്കുന്ന യാചകരോടാണ് അവരെ അദ്ദേഹം ഉപമിച്ചത്.
ജാതിവ്യവസ്ഥയുടെ ഫലമായി അയിത്തവും നിന്ദയും ദാരിദ്ര്യവും അവഗണനയും നിമിത്തം കീഴാള ജനവിഭാഗം ഇസ്‌ലാം സ്വീകരിച്ചത് നമ്മുടെ മധ്യകാല ചരിത്രമാണ്. അത്തരം സന്ദര്‍ഭത്തിന്റെ ഹൃദയസ്പര്‍ശിയായ സാക്ഷ്യമൊഴി അവതരിപ്പിക്കുകയാണ് 'ഒരു പ്രതിക്രിയ' എന്ന കവിതയിലൂടെ കെ.എസ്.കെ തളിക്കുളം (1903-1980). വൃത്തിയുള്ള വസ്ത്രം ധരിക്കാനും മാന്യമായി ജീവിക്കാനുമുള്ള അവകാശം നിഷേധിക്കപ്പെട്ടവരുടെ ജീവിതത്തിന്റെ പാര്‍ശ്വവീക്ഷണമാണ് കവിതയില്‍:
''പുലയര്‍ വെളുത്ത മുണ്ടുടുത്തു നടക്കയോ
അത്രയോ, ചെറുമികള്‍ക്കുരസ്സു മറക്കാമോ''
വെളുത്ത മുണ്ടുടുക്കാനും മാറ് മറക്കാനും കഴിയാതിരുന്ന ചെറുകണ്ടന്റെയും കുടുംബത്തിന്റെയും വേദനയും പീഡാനുഭവങ്ങളും സാക്ഷ്യപ്പെടുത്തുകയാണ് കെ.എസ്.കെ തളിക്കുളം. ജോലികഴിഞ്ഞ് വെടിപ്പുള്ള വസ്ത്രംധരിച്ച് പുറത്തിറങ്ങിയ കീഴാള ദമ്പതിമാരെ തമ്പ്രാന്റെ കല്‍പന പ്രകാരം കാര്യസ്ഥന്മാര്‍ കെട്ടിയിട്ട് മര്‍ദിച്ച് അവശരാക്കി. പതിമൂന്ന് മാസത്തിനു ശേഷം അതേ ദമ്പതിമാര്‍ തമ്പ്രാന്റെ മനക്കല്‍ തിരിച്ചുവന്ന് തങ്ങളെ മര്‍ദിച്ച കാര്യസ്ഥനോട് പകരം ചോദിക്കുന്നതാണ് കവിതയിലെ കഥ. എന്നാല്‍ തിരിച്ചുവന്നത് കീഴാള ദമ്പതിമാരായിരുന്നില്ല; മുഹമ്മദീയരായിരുന്നു.
''നോക്കുവിന്‍, മുഹമ്മദ,നൊരുവന്‍ തന്‍ ഭാര്യയാം
മൈക്കണ്ണാള്‍ മണിയൊത്തു പടിക്കലെത്തീടുന്നു.
കൊമ്പന്‍ മീശയും വട്ടത്തൊപ്പിയും കാണുന്നോര്‍ക്കു
വെമ്പലുണ്ടാക്കും നീണ്ട കത്തിയു-മതാണവന്‍.
അവളോ, വെള്ളമുണ്ടു തലയില്‍ കൂടിയിട്ടും
ചുവന്ന കരയണിപ്പട്ടു കുപ്പായമിട്ടും
ചെമ്പട്ടൊന്നുടുത്തും തന്‍ കോമള മുഖേന്ദുവെ
വമ്പെഴും ശീലകുടക്കാറില്‍ ചെറ്റൊളിപ്പിച്ചും''
വിശ്വാസമാറ്റത്തോടൊപ്പം ദമ്പതിമാരുടെ ഭൗതികജീവിതത്തില്‍ വന്ന പരിവര്‍ത്തനവും കവി ആവിഷ്‌കരിച്ചിരിക്കുന്നു. മനക്കലെ തമ്പ്രാന്റെ കാര്യസ്ഥന്മാര്‍ അകാരണമായി കെട്ടിയിട്ടടിച്ചപ്പോള്‍ വിലപിക്കാന്‍ മാത്രം കഴിഞ്ഞവര്‍, അതേ മനക്കല്‍ തിരിച്ചെത്തുന്നത് പുതിയ വീര്യവുമായിട്ടാണ്. നേരത്തെ മനക്കലെ തമ്പുരാനായിരുന്നു അവരുടെ തമ്പ്രാന്‍. ആ തമ്പുരാന്‍ വെളുത്ത വസ്ത്രം ധരിക്കാനോ മാറ് മറക്കാനോ അനുവാദം നല്‍കിയില്ല. 'മരക്കൊമ്പത്തിരിക്കുന്ന കഴുകനെ' പോലെയും 'കൂട്ടില്‍പെട്ട പുലിയെ'പ്പോലെയും പാവങ്ങളെ കടിച്ചുകീറാന്‍ വിറയലോടെ നടക്കുകയായിരുന്നു. ഭീതിയുടെ ആ ലോകത്തോട് അവര്‍ വിടപറഞ്ഞത്, 'പാരിനും സ്വര്‍ഗത്തിനും നാഥനും, ഏകനുമായവനെ തമ്പുരാനാക്കി' തെരഞ്ഞെടുത്തുകൊണ്ടാണെന്നാണ് കവിഭാഷ്യം. 'കാരുണ്യക്കാതലാകും നബിതന്‍ മതസ്ഥനെ'ന്ന വിശേഷണവും കാണാം.
മലബാറിലെ പിന്നാക്ക ജനവിഭാഗത്തിന്റെ ഇസ്‌ലാമാശ്ലേഷത്തിന് പിന്നിലെ വില്ലനെ തെരഞ്ഞുകൊണ്ടിരിക്കുമ്പോഴും കെ.എസ്.കെ തളിക്കുളത്തിന്റെ ഈ സാക്ഷ്യം നമ്മുടെ ചരിത്രത്തിന്റെ മറുവശം വിശദീകരിക്കുന്നത് അധികമാരും കാണുന്നില്ല. പീഡനങ്ങളില്‍നിന്ന് ഓടിമറയാന്‍ ശ്രമിക്കുന്ന കീഴാളരുടെ നവോത്ഥാനത്തിനു വേണ്ടി മുമ്പേ നടന്നവരില്‍ ചെറുകണ്ടനെ പോലുള്ളവരുടെ സ്ഥാനം അടയാളപ്പെടുത്തുകയാണ് ഈ കവിത. മലബാറിലെ ബ്രിട്ടീഷ് വിരുദ്ധ സമരത്തെയും അതിന് നേതൃത്വം നല്‍കിയ മാപ്പിളമാരെയും ദുരവസ്ഥയിലൂടെ ഭര്‍ത്സിച്ച കുമാരനാശാന് കെ.എസ്.കെ തളിക്കുളം ഉയര്‍ത്തിയ വസ്തുതയെ അവഗണിക്കാന്‍ കഴിഞ്ഞില്ല:
''എത്രയോ ദൂരം വഴിതെറ്റിനില്‍ക്കേണ്ടോ-
രേഴച്ചെറുമന്‍ പോയ് തൊപ്പിയിട്ടാല്‍
ചിത്രമവനെത്തിച്ചാരത്തിരുന്നിടാം
ചെറ്റും പേടിക്കേണ്ട നമ്പൂരാരേ!''
ഹൃദയങ്ങളെ ഇണക്കാന്‍ സഹായകമായ ഭാവനയെ, ശരീഅത്ത് അനുവദിച്ച യുദ്ധത്തിന്റെയും സമാധാനത്തിന്റെയും സ്ഥാനത്താണ് ഇമാം ഇബ്‌നു തൈമിയ്യ കാണുന്നത്. സത്യത്തിനും നീതിക്കും വേണ്ടി മനസ്സുകളെ ഇണക്കാനുള്ള സര്‍ഗാത്മക സന്ദര്‍ഭങ്ങളാണ് ഓരോ കൃതിയും അനുവാചകന് കൈമാറേണ്ടതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. സമൂഹത്തില്‍ സമാധാനവും സാഹോദര്യവും പുലരണമെങ്കില്‍ സാഹിത്യകൃതികളിലും അതിനുള്ള പശ്ചാത്തലം ഒരുങ്ങണം. അതിന് സഹായകമായ സാക്ഷ്യങ്ങള്‍ ജനജീവിതത്തില്‍നിന്ന് കണ്ടെടുക്കാന്‍ എഴുത്തുകാരന്‍ വൈമനസ്യം കാട്ടരുത്. മനസ്സിലെ മുറിവുണക്കാനും ചേരിതിരിഞ്ഞവരില്‍ മഞ്ഞുരുക്കം സൃഷ്ടിക്കാനും അവ സഹായിക്കും. ഉറൂബിന്റെ 'സുന്ദരികളും സുന്ദരന്മാരും' അത്തരം കൃതികളിലൊന്നാണ്. വിശ്വാസികളെയോ വിശ്വാസത്തെയോ കേന്ദ്രസ്ഥാനത്ത് പരിഗണിക്കുന്നില്ലെങ്കിലും അവയുമായി കണ്ണിചേര്‍ക്കപ്പെട്ട ചില ഘടകങ്ങളെ നോവല്‍ ഉള്‍ക്കൊള്ളുന്നു. വഞ്ചിക്കപ്പെട്ട ജനതയുടെ പ്രതിഷേധ വീര്യം ആവിഷ്‌കരിക്കാനാണ് മലബാറിലെ ബ്രിട്ടീഷ് വിരുദ്ധ സമരം പശ്ചാത്തലമായി വരുന്ന രചനയിലൂടെ ഉറൂബ് ശ്രമിക്കുന്നത്. സ്വാതന്ത്ര്യത്തോടുള്ള അഭിവാഞ്ഛയില്‍ പൊട്ടിപ്പുറപ്പെട്ട സമരം അടിച്ചമര്‍ത്തുന്നതില്‍, വിദേശ ഭരണാധികാരികള്‍ക്കേറ്റ പരാജയം മറച്ചുവെക്കാന്‍ ബ്രാഹ്മണരെയും നായന്മാരെയും മതത്തിന്റെ പേരില്‍ ഇളക്കിവിടേണ്ടിവന്നു. മലബാര്‍ സമരം ഹിന്ദുവിരുദ്ധ കലാപമായി അറിയപ്പെടാന്‍ പിന്നീട് താമസമുണ്ടായില്ല. മുന്നൂറ്റി ചില്ലാനം ഹിന്ദു സ്ത്രീകളില്‍നിന്നായി അറുനൂറില്‍പരം മുലകള്‍ ചെത്തിയെടുത്തു എന്ന കഥ പ്രചരിച്ചിരുന്നതായി നോവലിലുണ്ട്. ബ്രിട്ടീഷുകാരുടെ കുതന്ത്രങ്ങള്‍ അതിവേഗത്തില്‍ ഫലം കണ്ടു. അത്തരം കഥകളില്‍ ആകൃഷ്ടനായി കുമാരനാശാന്‍ ദുരവസ്ഥ രചിച്ചത് ഉദാഹരണം. പിന്നീട് സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ ബ്രിട്ടീഷുകാര്‍ക്ക് വലിയ തടസ്സങ്ങളൊന്നുമുണ്ടായില്ല.
കലാപത്തിന്റെ കനലുകളും വിഭാഗീയമായ അകല്‍ച്ചയും തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ സമരഭൂമിയില്‍നിന്നുതന്നെ അതിനെ പ്രതിരോധിക്കുന്ന കൃതികളുണ്ടായി. അതിലൊന്നാണ് മുകളില്‍ പരാമര്‍ശിച്ച സുന്ദരികളും സുന്ദരന്മാരും. കള്ളക്കഥകള്‍ക്കപ്പുറത്തെ സമരക്കാരുടെ ജീവിതത്തിലേക്കുള്ള ഒരു എത്തിനോട്ടം കൂടിയാണിത്. സ്ഥലത്തെ ജന്മിയുടെ വീട് സമരക്കാര്‍ ആക്രമിച്ച രംഗം: ലഹളക്കാര്‍ വന്നു. പണവും നെല്ലും ചോദിച്ചു. നമ്പൂതിരിയെ കൊല്ലണമെന്ന് അവര്‍ക്കുണ്ടായിരുന്നില്ല. കൊല്ലുന്നത് ആദായകരമല്ല. കൊടുക്കാമെന്ന് പറഞ്ഞ് അവരെ പത്തായപ്പുര കോലായിലിരുത്തി. എന്നിട്ട് പിന്നില്‍കൂടി പോലീസിലേക്ക് ആളെയും അയച്ചു. സമരക്കാരുടെ അനുകൂലികള്‍ നമ്പൂതിരിയുടെ സൂത്രം അറിഞ്ഞ് ക്ഷുഭിതരായി. അവര്‍ പോലീസിനെ വിളിക്കാന്‍ പോയ കാര്യസ്ഥനെ പിടിച്ചു. രഹസ്യം പുറത്തായി. നമ്പൂതിരി തങ്ങളെ ചതിക്കുകയാണെന്നറിഞ്ഞപ്പോള്‍ സമരക്കാര്‍ ലഹളക്കാരായി. അസംഘിടതമെങ്കിലും ആവേശകരമായ ബഹുജന പ്രതിഷേധം അങ്ങനെ കലാപമായി മാറി.
കെ.എസ്.കെ തളിക്കുളം അവതരിപ്പിച്ച നമ്പൂതിരിയുടെ കാര്യസ്ഥനോട് പ്രതികാരം ചെയ്യുന്ന കീഴാള ദമ്പതിമാരുടെ മറ്റൊരു തരത്തിലുള്ള ചിത്രമാണ് ഉറൂബ് അവതരിപ്പിച്ചത്. ജന്മിയുടെ വീട്ടിലെത്തിയ ലഹളക്കാര്‍ പണവും നെല്ലും ചോദിച്ചത് കുടിയാന്മാരായ തങ്ങള്‍ ജോലി ചെയ്യുന്ന ഭൂമിയില്‍നിന്നുള്ള വരുമാനത്തിന്റെ വിഹിതമാണ്. കൃഷിഭൂമിയില്‍നിന്നുള്ള വിഹിതത്തിന് ബ്രിട്ടീഷുകാരേക്കാള്‍ കുടിയാന് അവകാശമുണ്ടെന്ന ബോധമായിരിക്കാം സമരക്കാരെ നെല്ലും പണവും ചോദിക്കാന്‍ പ്രേരിപ്പിച്ചത്. എന്നാല്‍ കുടിയാനേക്കാള്‍ കൃഷിഭൂമിയുടെ വിഹിതം വിദേശ മേലാളന്മാര്‍ക്കാണെന്നും അവരാല്‍ ശിക്ഷിക്കപ്പെടേണ്ടവരാണ് കുടിയാന്മാരെന്നുമുള്ള ജന്മിയുടെ നിലപാട് സമരക്കാരെ ക്ഷുഭിതരാക്കി. അതായിരുന്നു കലാപത്തിന് നിമിത്തം. ചോദിച്ചത് തരാമെന്നേറ്റ് പത്തായപ്പുരയിലിരുത്തി പോലീസിലേക്ക് ആളയച്ചതിലൂടെ എല്ലാ ജന്മിമാരും അത്തരക്കാരാണെന്ന ധാരണ സമരക്കാരില്‍ ജനിപ്പിച്ചതിന്റെ ഭവിഷ്യത്തും നോവലില്‍നിന്ന് വായിച്ചെടുക്കാം. സുലൈമാനായി മാറിയ ഇരുമ്പന്‍ ഗോവിന്ദന്‍ നായര്‍ ആരുമാരുമില്ലാത്ത ഒരു സ്ത്രീയെ കൂട്ടിവരാന്‍ അനുവദിക്കണമെന്ന് കേണപേക്ഷിച്ചിട്ടും സ്വീകരിക്കാതിരിക്കാന്‍ മാത്രം, പോലീസിലേക്ക് ആളയച്ച ജന്മിയുടെ പ്രവര്‍ത്തനം അവര്‍ക്ക് വലിയ പാഠങ്ങള്‍ നല്‍കിയതായി കരുതാം. കെ.എസ്.കെ തളിക്കുളം പീഡനാനന്തരമുള്ള പ്രതികാരത്തിന്റെ കഥയാണ് പറഞ്ഞതെങ്കില്‍ ഉറപ്പായ പീഡനത്തിനെതിരെ കഠിനസമരത്തിലൂടെ സ്വാതന്ത്ര്യം പിടിച്ചുവാങ്ങുന്ന കഥയാണ് ഉറൂബ് അവതരിപ്പിച്ചത്.
ഊഹങ്ങളും കള്ളക്കഥകളും കലാപത്തിന്റെ പിന്നിലൂടെ പത്തിവിടര്‍ത്തി ആടുമ്പോഴും മുറിച്ചു മാറ്റാനാവാത്ത മനുഷ്യബന്ധങ്ങളും സൗഹൃദങ്ങളും തളിരിട്ടുകൊണ്ടിരിക്കുന്നതിന് ഉറൂബ് സാക്ഷി. കലാപകാലത്ത് മുസ്‌ലിംവീടുകളിലെ ആണ്‍തരികളെ പോലീസ് പിടികൂടി അന്തമാനില്‍ അയച്ചുകൊണ്ടിരുന്നു. അന്നൊരിക്കല്‍ ഭാര്‍ഗവിയമ്മ അയല്‍പക്കത്തെ മുസ്‌ലിം യുവാവിനെ അവന്റെ ഉമ്മയുടെ അഭ്യര്‍ഥന കേട്ട് പോലീസ് ഭീഷണി തീരും വരെ അഭയം നല്‍കി. രാമന്‍ മാസ്റ്ററെയും കുടുംബത്തെയും അവരുടെ ബന്ധുക്കള്‍ കുടിയിറക്കിവിട്ടപ്പോള്‍ മൊയ്തീന്‍ ഹാജിയാണ് അഭയം നല്‍കുന്നത്. അവിടെനിന്ന് കൂടി അവരെ ഇറക്കിവിടാന്‍ അധികം വാടക നല്‍കാമെന്ന വാഗ്ദാനവുമായി രാമന്‍ മാസ്റ്ററുടെ ബന്ധു മൊയ്തീന്‍ ഹാജിയെ സമീപിച്ചു. എന്നാല്‍ ഉയര്‍ന്ന വാടകയേക്കാള്‍ മനുഷ്യ സാഹോദര്യത്തെയാണ് ഹാജി ഉയര്‍ത്തിപ്പിടിച്ചത്.
അനുരഞ്ജനത്തിന്റെ സന്ദര്‍ഭങ്ങള്‍ ഒരുക്കുന്ന കഥാപാത്രമാണ് ഇരുമ്പന്‍ ഗോവിന്ദന്‍ നായര്‍ എന്ന സുലൈമാന്‍. മനുഷ്യബന്ധങ്ങളെ സ്പര്‍ശിക്കുന്ന ഭാവതലങ്ങളിലൂടെയാണ് ഉറൂബ് അദ്ദേഹത്തെ അവതരിപ്പിക്കുന്നത്. മലബാറിലെ സ്വാതന്ത്ര്യ സമര പ്രവര്‍ത്തനങ്ങളെ ബ്രിട്ടീഷ് ഗവണ്‍മെന്റും അനുകൂലികളും ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ച കാലത്ത് ഇരുമ്പന്‍ ഗോവിന്ദന്‍ നായര്‍ സുലൈമാനായി. അതൊരു നിര്‍ബന്ധിത മതപരിവര്‍ത്തനം കൂടിയായിരുന്നു. എങ്കിലും അന്തരീക്ഷം സാധാരണ സ്ഥിതിയിലായപ്പോള്‍ പോലും സുലൈമാന്‍ പഴയ മതത്തിലേക്ക് തിരിച്ചുപോയില്ല. ആ സംഭവങ്ങള്‍ അനുസ്മരിച്ച് ദുഃഖത്തോടെ അദ്ദേഹം പറഞ്ഞത്, 'അന്നെല്ലാര്‍ക്കും ഭ്രാന്തായിരുന്നു, ഭ്രാന്ത്!... ഭ്രാന്തന്മാരോട് എന്തു പറയാന്‍' എന്നാണ്.
വിഭാഗീയമായി അകന്നുനില്‍ക്കുന്ന ജനവിഭാഗത്തെ അനുരഞ്ജനത്തിന് പ്രേരിപ്പിക്കുന്ന രചനയാണ് ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരും. കുമാരനാശാന്റെ ദുരവസ്ഥയും വയലാറിന്റെ ആയിശയും പ്രതിനിധീകരിക്കുന്ന സാമൂഹിക സാംസ്‌കാരിക വ്യാകരണത്തെ ലംഘിക്കാനും സാഹോദര്യത്തെയും സഹകരണ മൂല്യങ്ങളെയും ഉയര്‍ത്തിപ്പിടിക്കാനും നോവല്‍ പ്രേരണ നല്‍കുന്നുണ്ട്. ആശാനും വയലാറുമെല്ലാം അരാജകവാദികളെ ഉദ്ദീപിപ്പിക്കുമ്പോള്‍ സംഘര്‍ഷവല്‍ക്കരിക്കപ്പെട്ട ചരിത്രഭൂമിയിലിരുന്ന് സത്യത്തിന്റെ പന്തം ഉയര്‍ത്തുകയാണ് ഉറൂബ്. ജന്മി-കുടിയാന്‍ ബന്ധത്തിലുണ്ടായ വിള്ളലുകളാണ് മലബാര്‍ കലാപത്തിന് വിത്ത് പാകിയതെന്ന് ചരിത്രകാരന്മാര്‍ അന്വേഷിച്ചറിയുന്നതിന് മുമ്പേ ഉറൂബ് അനുഭവിച്ചറിഞ്ഞിരുന്നുവെന്ന് നോവല്‍ സാക്ഷ്യപ്പെടുത്തുന്നു.
ഇബ്‌നു തൈമിയ്യയുടെ വിശകലനത്തിന്റെ ആന്തരാര്‍ഥം പ്രതിഫലിപ്പിക്കുന്ന മറ്റൊരു കൃതിയാണ് സി.വി കുഞ്ഞുരാമന്റെ ലഘുനോവലായ സോമനാഥന്‍. മഹ്മൂദ് ഗസ്‌നി സോമനാഥ ക്ഷേത്രം ആക്രമിച്ചതായി പറയപ്പെടുന്ന കഥയുടെ പശ്ചാത്തലമാണ് നോവലിന്. ബ്രാഹ്മണ പൗരോഹിത്യം സ്ത്രീസമൂഹത്തിന് മേല്‍ നടത്തുന്ന പീഡനവും മഹ്മൂദ് ഗസ്‌നിയുടെ സേവന പ്രവര്‍ത്തനങ്ങളുടെ അറിയപ്പെടാത്ത മുഖവുമാണ് നോവലില്‍. മരണാസന്നനായ ഭര്‍ത്താവിനെ ശുശ്രൂഷിച്ച് കഴിയുന്ന പതിവ്രതയായ കേന്ദ്ര കഥാപാത്രത്തെ രണ്ടു തവണ അപകടത്തില്‍നിന്ന് രക്ഷപ്പെടുത്തുന്നത് മഹ്മൂദ് ഗസ്‌നിയാണ്. ചെന്നായയുടെ പിടിയില്‍നിന്ന് അവരുടെ കുഞ്ഞിനെ രക്ഷിക്കുന്ന കഥയാണ് നോവലിന്റെ തുടക്കം. എന്നാല്‍ രക്ഷകന്‍ അന്യമതക്കാരനാണെന്ന അറിവ് സൃഷ്ടിച്ച വെറുപ്പ് അവള്‍ മറച്ചുവെക്കുന്നില്ല. അതിന് തിരിച്ച് നീരസം കാണിക്കാതെ മതങ്ങള്‍ ഭിന്നമാണെങ്കിലും പരോപകാരത്തില്‍ വിയോജിക്കുന്നവയല്ലെന്ന് ധരിപ്പിക്കാന്‍ ഗസ്‌നിക്ക് കഴിഞ്ഞു.
ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യ ചിതയില്‍ ചാടി മരിക്കണമെന്നാണ് ആദ്യകാല ഹിന്ദുമതാചാരം. എന്നാല്‍ സുന്ദരിമാരായ വിധവകളെ അഗ്നിക്കിരയാക്കാതെ സൂത്രത്തില്‍ രക്ഷിച്ച് സോമനാഥ ക്ഷേത്രത്തിന്റെ ഉള്ളറകളില്‍ പാര്‍പ്പിക്കുന്ന പൂജാരിമാരുടെ നിഗൂഢലോകം കൂടി സി.വി ഈ നോവലില്‍ അനാവരണം ചെയ്യുന്നു. സതി അനുഷ്ഠിക്കാന്‍ ഒരുക്കുന്ന അഗ്നികുണ്ഡത്തില്‍നിന്ന് ആ വിധവകള്‍ രക്ഷപ്പെടുമെങ്കിലും പുറംലോകത്ത് അവര്‍ മരിച്ചവരാണ്. ക്ഷേത്രത്തിന്റെ ഉള്ളറകളില്‍ പൂജാരിമാരുടെ പീഡനത്തിന് വിധേയരായി കഴിയലാണ് അതിന്റെ ഫലം. ഭര്‍ത്താവിന്റെ മരണത്തോടെ കേന്ദ്ര കഥാപാത്രവും അതിന്നിരയാവുന്നു. അവരെ അനുമരണത്തില്‍നിന്ന് മോചിപ്പിച്ച് സോമനാഥ ക്ഷേത്രത്തിലെ പ്രധാന പുരോഹിതന്‍ ബലാല്‍ക്കാരം സമീപിക്കുന്നതും, അതില്‍നിന്ന് രക്ഷപ്രാപിക്കാന്‍ അവര്‍ നടത്തുന്ന ശ്രമങ്ങളും ക്ഷേത്രത്തിലെ രഹസ്യ അറകളും സമ്പദ്കൂമ്പാരവുമെല്ലാം നോവലില്‍ പ്രതിപാദിച്ചിട്ടുണ്ട്. പ്രധാന പുരോഹിതന്‍ കാമാന്ധതയുമായി വിറളിപിടിച്ച് നടക്കുമ്പോഴായിരുന്നു മഹ്മൂദ് ഗസ്‌നിയും സൈന്യവും കോട്ടയും ക്ഷേത്രവും കീഴടക്കിയത്. ക്ഷേത്രത്തിന്റെ രഹസ്യ അറയില്‍ പ്രവേശിച്ച ഗസ്‌നി, താന്‍ മുമ്പ് ചെന്നായയില്‍നിന്ന് രക്ഷിച്ച കുഞ്ഞിന്റെ അമ്മയെയും അവരുടെ മുമ്പില്‍ മുട്ടുകുത്തിയിരിക്കുന്ന പൂജാരിയെയും കണ്ട് അത്ഭുതപ്പെട്ടു. വലിയൊരു വിപത്തില്‍നിന്ന് തന്നെ രക്ഷിക്കാന്‍ വീണ്ടുമെത്തിയ അശ്വാരൂഢനായ പരദേശിയെ കണ്ട് ആ മാതാവും ആശ്ചര്യപ്പെടാതിരുന്നില്ല. അവര്‍ ഗസ്‌നിയുടെ കരങ്ങളില്‍ വീണ് തേങ്ങി: ''നിങ്ങള്‍ എന്നെ പാപത്തില്‍നിന്നും മരണത്തില്‍നിന്നും രക്ഷിച്ചു.''
മൂലഗ്രന്ഥകാരനെയോ ഗ്രന്ഥത്തെയോ പരാമര്‍ശിക്കുന്നില്ലെങ്കിലും ഇംഗ്ലീഷില്‍നിന്നുള്ള വിവര്‍ത്തനമാണിതെന്ന് സി.വി കുഞ്ഞുരാമന്‍ മുഖവുരയില്‍ സൂചിപ്പിക്കുന്നു. സമ്പത്ത് കവര്‍ന്നെടുക്കാനെത്തിയ വിദേശ ഭരണാധികാരി സാധാരണ ജനതയുടെ ജീവിതത്തിലേക്ക് ഒരെത്തിനോട്ടം നടത്തിയ കഥകൂടിയാണിത്. ശത്രുക്കളായി മുദ്രയടിക്കപ്പെട്ടവര്‍ യഥാര്‍ഥ ലോകത്ത് മനുഷ്യന്റെ വേദനയില്‍ സഹതപിക്കുന്നവരും മനുഷ്യത്വം ഉയര്‍ത്തിപ്പിടിക്കുന്നവരുമാണെന്ന് സി.വി കുഞ്ഞുരാമന്‍ അടയാളപ്പെടുത്തുന്നു. സതി അനുഷ്ഠാനത്തെയും ബ്രാഹ്മണ പുരോഹിതന്മാരുടെ സ്ത്രീ പീഡനത്തെയും വിമര്‍ശിക്കുക മാത്രമായിരുന്നു ഉദ്ദേശ്യമെങ്കില്‍, ഗസ്‌നിയുടെ സോമനാഥക്ഷേത്രകഥയുടെ പശ്ചാത്തലം തന്നെ വേണമെന്നില്ലല്ലോ? ജനങ്ങള്‍ക്കിടയില്‍ സൗഹൃദം വളര്‍ത്താന്‍ സഹായകമായ ഭാവനയെപ്പറ്റിയുള്ള ഇബ്‌നു തൈമിയ്യയുടെ വീക്ഷണവുമായി അടുത്തുനില്‍ക്കുന്ന രചനയാണ് സോമനാഥന്‍ എന്നതില്‍ പക്ഷാന്തരം ഉണ്ടാവാന്‍ ഇടയില്ല. ശത്രുക്കളെ പിന്തിരിപ്പിക്കാനും തെറ്റായ പ്രവര്‍ത്തനത്തില്‍നിന്ന് അകറ്റാനും അസത്യ കഥനത്തെ പോലും ആശ്രയിക്കാമെന്ന പ്ലാറ്റോയുടെ നിരീക്ഷണവും ഈ നോവലിനെ പിന്തുണക്കുന്നുണ്ട്.
മഹ്മൂദ് ഗസ്‌നി സോമനാഥ ക്ഷേത്രം ആക്രമിച്ച കഥ തുര്‍ക്കോ-പേര്‍ഷ്യന്‍ കൃതികളിലാണ് പ്രതിപാദിക്കുന്നത്. അവ പ്രചരിപ്പിച്ച കൊളോണിയല്‍ ചരിത്രകാരന്മാര്‍ അതിലെ വൈരുധ്യങ്ങളെ അവഗണിക്കുകയായിരുന്നു. അതേകാലത്ത് ഗുജറാത്തിലെ പുരാലിഖിതങ്ങളില്‍ വന്ന തെളിവുകള്‍ അവര്‍ അന്വേഷിച്ചതുമില്ല. എന്നാല്‍ സോമനാഥ ക്ഷേത്ര ധ്വംസനത്തെപ്പറ്റി സൂക്ഷ്മമായി അന്വേഷിച്ച റൊമില ഥാപ്പര്‍, ആക്രമണം പൂര്‍ണമായി തള്ളിക്കളയുന്നില്ലെങ്കിലും ഇന്ത്യന്‍ രേഖകളിലൊന്നും അത് വിസ്തരിച്ചിട്ടില്ലെന്ന് പ്രസ്താവിച്ചിരിക്കുന്നു. പത്താം നൂറ്റാണ്ട് മുതല്‍ പതിനഞ്ചാം നൂറ്റാണ്ട് വരെയുള്ള അനേകം പുരാലിഖിതങ്ങള്‍ കണ്ടെടുത്തിട്ടും വളരെ കുറഞ്ഞ രേഖകളില്‍ ചെറിയ സൂചനകള്‍ മാത്രമേ വന്നിട്ടുള്ളൂവെന്നാണ് അവര്‍ പരാമര്‍ശിക്കുന്നത്. സോമനാഥ ക്ഷേത്രത്തിന്റെ തകര്‍ച്ചയെപ്പറ്റി ജൈന സംസ്‌കൃത പണ്ഡിതന്മാരുടെ കണ്ടെത്തലുകളും അവര്‍ പുറത്തെടുത്തിട്ടുണ്ട്. ഗുണമേന്മയുള്ള നിര്‍മാണ വസ്തുക്കളുടെ അഭാവം, കടല്‍ പാറ്റലിന്റെ ഫലമായുണ്ടായ കേടുപാടുകള്‍, അറ്റകുറ്റപ്പണിയിലെ വീഴ്ച എന്നിവയാണ് അവ. ഹിന്ദു-മുസ്‌ലിം ബന്ധത്തിന്റെ ഗതി നിര്‍ണയിച്ച പ്രധാന സംഭവമായി കൊളോണിയല്‍ ശക്തികള്‍ ആ കഥയെ അവതരിപ്പിക്കാറുണ്ട്. പതിനെട്ടാം നൂറ്റാണ്ട് മുതല്‍ അവരത് ദുരുപയോഗപ്പെടുത്തുന്നത് വരെയും ക്ഷേത്രധ്വംസന കഥ ഇന്ത്യയില്‍ വലിയ വിവാദം സൃഷ്ടിച്ചിരുന്നില്ല. ആ വസ്തുതകൂടി ചേര്‍ത്തുവെക്കുമ്പോഴാണ് കൊളോണിയല്‍ ചരിത്രകാരന്മാര്‍ പൊരിച്ചെടുത്ത സോമനാഥ വിവാദം ആര്‍ക്കു വേണ്ടിയായിരുന്നു എന്ന് ബോധ്യപ്പെടുക. പില്‍ക്കാലത്ത് അത്തരം വിവാദങ്ങള്‍ അനന്തരമെടുത്ത് വികസിച്ചുവന്ന സംഘ്പരിവാര്‍ ശക്തികളുടെ ആദ്യകാല ഊര്‍ജസ്രോതസ്സായിരുന്നു കെ.എം മുന്‍ഷി. അദ്ദേഹം പോലും സംഘ്പരിവാര്‍ പാളയത്തില്‍ എത്തുന്നതിനു മുമ്പ്, ബ്രിട്ടീഷുകാര്‍ വെവ്വേറെ നിയോജകമണ്ഡലങ്ങള്‍ ഏര്‍പ്പെടുത്തുന്നതു വരെ ഹിന്ദുക്കളും മുസ്‌ലിംകളും സ്വരച്ചേര്‍ച്ചയോടെ ജീവിച്ചിരുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
സാഹിത്യകൃതികള്‍ എഴുത്തുകാരന്റെ സാക്ഷ്യമാണെന്ന ഇമാം ശാഫിഈയുടെ വിലയിരുത്തലും മനസ്സിനെ ഇണക്കാനുള്ളതാണെന്ന ഇബ്‌നു തൈമിയ്യയുടെ നിരീക്ഷണവും ബഹുസ്വര സമൂഹത്തിന്റെ സ്പന്ദനങ്ങളെയാണ് ഉള്‍ക്കൊള്ളുന്നത്. പാത്ര ചിത്രീകരണത്തിലൂടെയോ പശ്ചാത്തല വിവരണത്തിലൂടെയോ വിവിധ ജനവിഭാഗങ്ങളുടെ സാമൂഹികവും സാംസ്‌കാരികവുമായ പ്രതിനിധീകരണങ്ങള്‍ക്ക് വഴിയൊരുക്കുന്ന സൗന്ദര്യശാസ്ത്ര ചിന്തയാണ് ഉപരിസൂചിത വിശകലനത്തില്‍. മുകളില്‍ പരാമര്‍ശിച്ച കൃതികളുടെ സൂക്ഷ്മമായ പഠനം മുന്നോട്ടുവെക്കുന്നതും മറ്റൊന്നല്ല. സാഹോദര്യബോധം പ്രതിഫലിക്കുന്ന വീക്ഷണമാണ് ഇമാം ശാഫിഈയുടെയും ഇബ്‌നു തൈമിയ്യയുടെയും വിശകലനത്തില്‍. അതിലൂടെ പങ്കുവെക്കപ്പെടുന്ന പൊതുബോധമാണ് നമ്മുടെ ഭാഷയിലെ ഏതാനും എഴുത്തുകാര്‍ ആവിഷ്‌കരിച്ചത്. പൊതുസമൂഹം ഉയര്‍ത്തിപ്പിടിക്കേണ്ട സഹവര്‍ത്തിത്വത്തിന് ഈ വിശകലനം വഴി അവര്‍ പ്രചോദനം നല്‍കുകയാണ്. സാഹോദര്യബോധത്തെ മനുഷ്യനെന്ന ബിന്ദുവില്‍ കേന്ദ്രീകരിച്ച് കാണാന്‍ ഇമാം ശാഫിഈയും ഇബ്‌നു തൈമിയ്യയും പ്രദര്‍ശിപ്പിച്ച മനോഭാവത്തില്‍നിന്ന് സി.വി കുഞ്ഞുരാമനും ഉറൂബും കെ.എസ്.കെ തളിക്കുളവും സച്ചിദാനന്ദനും ഏറെയൊന്നും അകലത്തിലല്ല. സമത്വത്തെപ്പറ്റിയുള്ള ദര്‍ശനമാണ് ആദ്യ വിഭാഗത്തെ പ്രചോദിപ്പിച്ചതെങ്കില്‍ നീതിനിര്‍വഹണത്തിന്റെ അഭാവത്തില്‍ വളര്‍ന്ന പീഡാനുഭവങ്ങളാണ് രണ്ടാമത്തെ വിഭാഗത്തെ സ്വാധീനിച്ചത്. മനുഷ്യാവകാശത്തെ അറിഞ്ഞ് അംഗീകരിക്കുന്നതില്‍ വിശ്വാസം പകരുന്ന ഉദാരഭാവമാണ് ഭാവനയുമായി അതിനെ അടുപ്പിച്ചുനിര്‍ത്താന്‍ ശക്തിപകരുന്നത്.
കൃതിയുടെ സ്വീകാര്യതക്ക് എഴുത്തുകാരന്റെ വിശ്വാസ സ്വീകരണം ഒരു ഉപാധിയായി ഇമാം ശാഫിഈ കാണുന്നില്ല. വിശ്വാസികളെയും വിശ്വാസത്തെയും ശത്രുക്കളായി ഗണിക്കാത്തവരുടെ കൃതികളെയാണ് പരിഗണിക്കുന്നത്, എഴുത്തുകാരന്‍ വിശ്വാസിയാവട്ടെ അല്ലാതിരിക്കട്ടെ. വിശ്വാസികളുടെ പേരോ വേഷമോ സ്വീകരിക്കുന്നത് കൃതിയുടെ മൂല്യനിര്‍ണയത്തിന് അംഗീകാരമാവാത്തതു പോലെ മറ്റൊരാള്‍ അവ സ്വീകരിക്കാത്തതിന്റെ പേരില്‍ അവരുടെ രചനകളെ തിരസ്‌കരിക്കാനും മുതിര്‍ന്നിട്ടില്ല. വിശ്വാസികളോട് ശത്രുത പുലര്‍ത്താത്തവരുടെയും അമിതമായി കളവ് പറയാത്തവരുടെയും രചനകളെ മാത്രമേ പരിഗണിക്കാവൂ എന്നാണ് അദ്ദേഹം ഊന്നിപ്പറഞ്ഞത്.
ശരീഅത്തിന്റെ പിന്തുണയുള്ള അനുരഞ്ജന പ്രവര്‍ത്തനം പോലെയാണ് ഹൃദയങ്ങളെ ഇണക്കാനുള്ള സാഹിത്യ പ്രവര്‍ത്തനമെന്ന ഇബ്‌നു തൈമിയ്യയുടെ പ്രസ്താവന സമകാലിക ലോകം കൊതിക്കുന്ന സൗന്ദര്യശാസ്ത്രത്തിലേക്കുള്ള കവാടമാണ്. കലാപ കലുഷിതമായ അന്തരീക്ഷം രൂപപ്പെടുമ്പോഴും ദുര്‍ബലരും പീഡിതരുമായ ജനതയെ ഇല്ലായ്മ ചെയ്യാനുള്ള അരങ്ങൊരുങ്ങുമ്പോഴും എഴുത്തുകാരനില്‍ വന്നുചേരുന്ന വര്‍ധിച്ച ഉത്തരവാദിത്വത്തെപ്പറ്റിയാണ് അദ്ദേഹം ആലോചിച്ചത്. സത്യത്തിന് സാക്ഷിനില്‍ക്കുന്നതും ജനങ്ങളില്‍ സൗഹൃദം വളര്‍ത്തുന്നതും സൗന്ദര്യമായി വ്യവഹരിക്കാന്‍ വിശ്വാസം നല്‍കുന്ന പ്രചോദനത്തെ ഇമാം ശാഫിഈയും ഇബ്‌നു തൈമിയ്യയും ആവര്‍ത്തിക്കുകയായിരുന്നു.
വിശ്വാസികളെ ഇല്ലാതാക്കുന്നതിന്റെ സാക്ഷ്യമൊഴി നല്‍കുന്ന സച്ചിദാനന്ദനും ജീവിക്കാന്‍ വിശ്വാസം സ്വീകരിക്കുന്നത് ആവിഷ്‌കരിക്കുന്ന കെ.എസ്.കെ തളിക്കുളവും വെല്ലുവിളിക്കപ്പെടുന്ന ജീവിതത്തെയും സ്വീകരിക്കപ്പെടേണ്ട വിശ്വാസത്തെയും മുഖാമുഖം നിര്‍ത്തുകയാണ്. നിര്‍ണായകമായ അത്തരം സന്ദര്‍ഭങ്ങളെ തരണം ചെയ്യാനുള്ള ഇന്ധനമാണ് സി.വി കുഞ്ഞുരാമനും ഉറൂബും അന്വേഷിച്ചത്. തെറ്റുധാരണകളും തെറ്റായ കഥകളും സാമൂഹിക ജീവിതത്തിന്റെ അടിത്തറയായി വര്‍ത്തിക്കുന്നത് സത്യത്തിന് സാക്ഷികള്‍ ഇല്ലാതാവുമ്പോഴാണെന്ന് മുകളില്‍ പരാമര്‍ശിച്ച രചനകള്‍ അടിവരയിടുന്നു. അതിനാല്‍ സത്യം പുറത്തെടുക്കാനും നന്മക്കു വേണ്ടി അതിനെ സമൂഹമധ്യത്തില്‍ അവതരിപ്പിക്കാനും എഴുത്തുകാരനല്ലാതെ സാധ്യമല്ല. ജനതയുടെ സുരക്ഷിതമായ അതിജീവനം കിനാവ് കാണുന്ന സാഹിത്യകാരന്‍ സമൂഹത്തെ വിനോദത്തിന് വേണ്ടി ആനന്ദിപ്പിക്കുന്നവന്‍ മാത്രമല്ല, സാമൂഹികജീവിതത്തിന്റെയും സംസ്‌കാര മുദ്രകളുടെയും കാവല്‍ക്കാരന്‍ കൂടിയാണ്.
ശിഹാബുദ്ദീന്‍ ആരാമ്പ്രം
9446782061

Comments

Other Post