Prabodhanm Weekly

Pages

Search

2009 അറുപതാം വാര്‍ഷികപ്പതിപ്പ്‌

അറബി മലയാളത്തില്‍ നിന്ന് മലയാള ഇസ്‌ലാമിലേക്ക്

ജമീല്‍ അഹ്മദ്‌

മുഹമ്മദുര്‍റസൂലുല്ലാഹിയുടെ കാലംതൊട്ടേ ഇസ്‌ലാം കേരളക്കരയില്‍ ചെറിയ അളവിലെങ്കിലും എത്തിയിട്ടുണ്ടാകുമെന്നതിന് ചരിത്രമെഴുത്തുകാരെ ബോധ്യപ്പെടുത്തേണ്ട തെളിവുകളേ ഇനി ലഭ്യമാകേണ്ടതുള്ളു. അതിനുള്ള സാധ്യതകള്‍ ഒട്ടേറെയുണ്ട്. യമനില്‍നിന്നും ഒമാനില്‍നിന്നും പ്രത്യേകമായും അറേബ്യയില്‍നിന്ന് പൊതുവായും ധാരാളം അറബികള്‍ പ്രവാചകതിരുമേനിയുടെ ജനനത്തിനു മുമ്പേ വ്യാപാരാവശ്യാര്‍ഥം കേരളത്തിലെത്തിയിട്ടുണ്ടെന്നതിനാകട്ടെ തെളിവുകള്‍ ധാരാളമുണ്ടുതാനും. കേരളത്തില്‍നിന്നുള്ള ആദ്യ വ്യക്തി, അത് ചേരമാന്‍ പെരുമാളെന്ന രാജാവോ മറ്റേതെങ്കിലുമൊരധഃകൃതനോ ആകട്ടെ, ഇസ്‌ലാം സ്വീകരിച്ചതുമുതല്‍ തന്നെ ഇസ്‌ലാം കേരളത്തിന്റെ സാംസ്‌കാരിക ഭൂമികയില്‍ അടയാളപ്പെടുത്തപ്പെട്ടു.
മുസ്‌ലിംകള്‍ ഒരു സമുദായമെന്ന നിലയ്ക്ക് അറേബ്യയുടെ അതിരുകള്‍ക്കപ്പുറത്ത് പ്രകടമായത് രണ്ടുവിധത്തിലാണ്: ഒന്ന്, പലായകരായോ പടയാളരായോ അറേബ്യയില്‍നിന്ന് കടന്നുവന്നവരായി. അല്ലെങ്കില്‍ പാരമ്പര്യ വിശ്വാസങ്ങള്‍ ഊരിക്കളഞ്ഞ് ആ കടന്നുവന്നവരുടെ മാര്‍ഗം പിന്തുടര്‍ന്ന് ഇസ്‌ലാമിന്റെ വര്‍ണം പുണര്‍ന്നവരായി. ഇന്ത്യാ ഉപഭൂഖണ്ഡത്തെ മൊത്തമായെടുക്കുമ്പോള്‍ ഉത്തരേന്ത്യന്‍ സംസ്‌കാരത്തിലെ ഇസ്‌ലാം ഒന്നാമത്തേതിനും കേരളീയ സംസ്‌കാരത്തിലെ ഇസ്‌ലാം രണ്ടാമത്തേതിനും ഉദാഹരണമാണ്. അതുകൊണ്ടുതന്നെ ഈ രണ്ടു ഇന്ത്യന്‍ മുസ്‌ലിം വിഭാഗങ്ങളും ഇസ്‌ലാമിക ജീവിതത്തിലും ആദര്‍ശത്തിലും പ്രകടമായ വ്യത്യാസം ഇന്നും പുലര്‍ത്തുന്നതു കാണാം. കടന്നുവന്നവരെന്ന നിലയില്‍ ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍ ആതിഥേയരില്‍നിന്ന് വ്യത്യസ്തമാകാനും സ്വന്തം സ്വത്വവും അസ്തിത്വവും കലര്‍പ്പില്ലാതെ നിലനിര്‍ത്താനും പരിശ്രമിച്ചുകൊണ്ടിരുന്നു. സ്വീകരിച്ച പുതിയ വിശ്വാസത്തെ സ്വന്തം മണ്ണിലും പാരമ്പര്യത്തിലും വേരാഴ്ത്തി പടരാനാണ് കേരളീയ മുസ്‌ലിം സമുദായം ശ്രമിച്ചത്. പ്രാദേശിക വേഷം, ഭാഷ, ഭക്ഷണം എന്നിവയിലെല്ലാം ഇങ്ങനെ തനിമ പാലിക്കുമ്പോഴും കേരളീയമായ ഒട്ടേറെ ഘടകങ്ങള്‍ മാപ്പിള സംസ്‌കാരത്തിന്റെ ആന്തരചൈതന്യമായി വര്‍ത്തിക്കുന്നതു കാണാം.
ഇതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണം ഭാഷതന്നെയാണ്. ഉത്തരേന്ത്യയില്‍ തനതായ പുതിയ ഒരു ഭാഷ മുസ്‌ലിംകള്‍ രൂപപ്പെടുത്തിയപ്പോള്‍ കേരളത്തില്‍ അറബിലിപിയെ മലയാള ആത്മാവിനോട് ചേര്‍ത്ത് അറബിമലയാളം എന്ന ലേഖനവ്യവസ്ഥമാത്രം ആവിഷ്‌കരിക്കപ്പെടുകയാണുണ്ടായത്. ഉര്‍ദുവിന് മുസ്‌ലിംകളുടെ ഭാഷ എന്ന അമിതഭാരം ചുമക്കേണ്ടിവന്നതിനു കാരണവും അത് എഴുത്തിലും ആത്മാവിലും പ്രാദേശിക ഭാഷകളെ സ്വീകരിക്കാന്‍ വിസമ്മതിച്ചതാണ്്. അറബിമലയാളമാകട്ടെ ഒരു പുതിയ ഭാഷയോ ഭാഷാഭേദമോ ആയിരുന്നില്ല. മലയാളത്തിന്റെ അറബിയിലുള്ള ലിപിമാത്രമായിരുന്നു. മാതൃഭാഷയായ മലയാളത്തെ കേരളമുസ്‌ലിംകളുടെ ആദിപിതാമഹന്മാര്‍ തിരസ്‌കരിക്കാന്‍ തയാറായിരുന്നില്ല എന്ന് സൂചിപ്പിക്കാനാണിത് പറയുന്നത്. കേരളത്തില്‍ തന്നെ പലകാലങ്ങളില്‍ കുടിയേറിയ ലബ്ബ, റാവുത്തര്‍, കച്ചിമേമന്‍ തുടങ്ങിയ മുസ്‌ലിം വിഭാഗങ്ങള്‍ ഇന്നും മലയാളത്തെ മാതൃഭാഷയായി അംഗീകരിച്ചിട്ടില്ല എന്ന് മനസ്സിലാക്കുമ്പോഴേ മാപ്പിള പൂര്‍വികരുടെ ഈ ഭാഷാബോധത്തെക്കുറിച്ച ഉള്‍ക്കാഴ്ച ലഭിക്കുകയുള്ളൂ. മാത്രമല്ല മരുമക്കത്തായത്തില്‍ തുടങ്ങി ആരാധനാകാര്യങ്ങളിലെ ചില പ്രത്യേകതകളില്‍ വരെ ഈ സ്വാംശീകരണത്തിന്റെ വിവിധ അളവുകള്‍ മാപ്പിള സംസ്‌കാരത്തില്‍ കണ്ടെത്താന്‍ കഴിയും.
ഇസ്‌ലാം സ്വീകരിച്ചെത്തിയവരെ അറബി പഠിപ്പിക്കുകയാണ് മുസ്‌ലിംകള്‍ ആദ്യം ചെയ്തത്. അങ്ങനെ പുതിയ മതത്തോടൊപ്പം പുതിയൊരു ഭാഷയെയും സ്വീകരിച്ചുകൊണ്ടാണ് ആദ്യകാല മലയാളി മുസ്‌ലിംകള്‍ ഇസ്‌ലാംമതത്തെ പുണര്‍ന്നത്. ഇസ്‌ലാമിക പ്രബോധനത്തിനോ പഠനത്തിനോ മലയാളലിപി മുസ്‌ലിം പണ്ഡിതര്‍ക്ക് ആവശ്യമേ അല്ലായിരുന്നു. അതുകൊണ്ടുതന്നെ മലയാള ഭാഷാസൂത്രണശ്രമങ്ങളില്‍ മുസ്‌ലിംകളുടെ പങ്ക് ചരിത്രപരമായിത്തന്നെ വട്ടപ്പൂജ്യമായി. പോര്‍ച്ചുഗീസുകാരുടെ കാലത്ത് ദാര്‍ശനിക മാനമുള്ള ധാരാളം ഇസ്‌ലാമിക കൃതികള്‍ കേരളത്തിലുണ്ടായെങ്കിലും അതെല്ലാം അറബിയിലായിരുന്നു. രണ്ടു പ്രധാന നിഗമനങ്ങള്‍ ഈ വസ്തുതയില്‍നിന്ന് സ്വരൂപിക്കാം: ഒന്ന്, അന്ന് മുസ്‌ലിംകള്‍ക്ക് പൊതുവെ അറബിഭാഷ അറിയാമായിരുന്നു. രണ്ട്: മുസ്‌ലിംകളല്ലാത്തവര്‍ ഇത് വായിക്കണമെന്ന യാതൊരു നിര്‍ബന്ധവും എഴുത്തുകാര്‍ക്കില്ലായിരുന്നു. കേരളത്തില്‍ ആദ്യകാലങ്ങളില്‍ പള്ളികളിലെ ജുമുഅ ഖുത്വ്ബ അറബിയില്‍തന്നെയായിരുന്നു എന്ന വാദത്തിന് ഈ നിഗമനങ്ങള്‍ പിന്‍ബലം നല്‍കുന്നുണ്ട്. ഇങ്ങനെ മാതൃഭാഷയെ തനതായ ലിപിയിലും അറബിഭാഷയെ അതിന്റെ ക്ലാസ്സിക്കല്‍ സൗന്ദര്യത്തിലും ഏറ്റെടുത്ത മാപ്പിളമാര്‍ എന്നുതൊട്ടാണ് ഭാഷാവിരോധികളും സാംസ്‌കാരികമായി പിന്നാക്കം നില്‍ക്കുന്നവരുമായത്? മാപ്പിളമാരുടെ ചരിത്രത്തെ പുതിയൊരു രീതിയില്‍ അവലോകനം ചെയ്തുകൊണ്ട് ഈ ചോദ്യത്തിന് സമാധാനം കണ്ടെത്താന്‍ ശ്രമിക്കുകയാണ് ഈ ലേഖനം.
അറബിമലയാളവും ഇസ്‌ലാമും
മുമ്പ് പറഞ്ഞതുപോലെ മലയാളഭാഷ എഴുതിവെക്കാന്‍വേണ്ടി കൃത്രിമമായി സൃഷ്ടിക്കപ്പെട്ട ഒരു ലിപിയാണ് അറബിമലയാളം. മാപ്പിള മലയാളം എന്ന മുസ്‌ലിം ഭാഷാഭേദവും അറബിമലയാളവും തമ്മില്‍ നേരിട്ട് ബന്ധമില്ല. മാപ്പിള മലയാളത്തെ അറബിമലയാളം എന്നും തിരിച്ചും പ്രയോഗിച്ച് അനാവശ്യമായ ചില ആശയക്കുഴപ്പങ്ങള്‍ ഈ ഗവേഷണമേഖലയില്‍ ചിലര്‍ സൃഷ്ടിച്ചിട്ടുണ്ട്. മലയാള ഭാഷയുടെ സൗന്ദര്യസൂചകമായ ഒരു ഭാഷാഭേദം മാത്രമാണ് മാപ്പിളമലയാളം. അതില്‍ ധാരാളം അറബിവാക്കുകളുണ്ടെന്നതുകൊണ്ട് അത് അറബിമലയാളമാകുകയില്ല. കാരണം സംസ്‌കൃതവാക്കുകളും അതില്‍ ധാരാളമുണ്ടല്ലോ.
ഇസ്‌ലാം കേരളത്തിലെത്തുന്നതിനുമുമ്പേ അറബികള്‍ ഇവിടെയുണ്ടായിരുന്നെങ്കില്‍ അറബിമലയാളവും ഉണ്ടായിരിക്കണം. അതുകൊണ്ടുതന്നെ അറബിമലയാളത്തിന് ഇസ്‌ലാമികമായ പവിത്രതയുടെ പുകമറ സൃഷ്ടിക്കപ്പെട്ടത് മാലികുബ്‌നുദീനാറുടെ നേതൃത്വത്തില്‍ കേരളത്തിലെ ഇസ്‌ലാമിക പ്രബോധനവും സംസ്ഥാപനവും കഴിഞ്ഞ് നൂറ്റാണ്ടുകള്‍ക്ക് ശേഷമായിരിക്കും. പോര്‍ച്ചുഗീസ് അധിനിവേശത്തിനെതിരെയുള്ള കുഞ്ഞാലി മരയ്ക്കാര്‍മാരുടെ വീരോചിതമായ ചെറുത്തുനില്‍പ്പുകള്‍ പരാജയപ്പെട്ടശേഷമാണ് മുസ്‌ലിംകള്‍ കേരളത്തില്‍ ഒരു സാമുദായിക സ്വത്വം അണിയുന്നത്. പോര്‍ച്ചുഗീസ് - മാപ്പിള പോരാട്ടങ്ങളുടെ ഒട്ടേറെ ഫലങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു അത്. അന്ന് തീരപ്രദേശങ്ങളില്‍നിന്ന് കൂട്ടത്തോടെ തുരത്തപ്പെട്ട മാപ്പിളമാര്‍ മലബാറിന്റെ കിഴക്കന്‍ മലനിരകളിലും താഴ്‌വരകളിലും വടക്കന്‍ തീരപ്രദേശങ്ങളിലും കച്ചവടവും കൃഷിയും മത്സ്യബന്ധനവും ഉപജീവനമാര്‍ഗമാക്കി സ്ഥിരതാമസമാക്കുകയാണുണ്ടായത്. നിലവിലുള്ള ഹൈന്ദവ സാമൂഹിക- ജാതി ഘടനയില്‍ സ്വന്തമായ അസ്തിത്വം സ്വരൂപിച്ചാല്‍ മാത്രമേ സാംസ്‌കാരികവും ഭൗതികവുമായ അതിജീവനം സാധ്യമാകൂ എന്ന് മനസ്സിലാക്കിയ മാപ്പിളമാര്‍ പള്ളി, മദ്‌റസ, മഹല്ല് തുടങ്ങിയ സ്ഥാപനങ്ങള്‍ വ്യാപകമായി സ്ഥാപിക്കുകയും സ്വന്തമായ രാഷ്ട്രീയ പ്രതിനിധാനങ്ങള്‍ക്ക് ശ്രമിക്കുകയും ചെയ്തു. തുഹ്ഫത്തുല്‍ മുജാഹിദീന്‍, മുഹ്‌യിദ്ദീന്‍ മാല പോലുള്ള കൃതികളുടെ ചരിത്രപരമായ അനിവാര്യതയും ഇതായിരുന്നു. പോര്‍ച്ചുഗീസുകാര്‍ക്കുശേഷം മലബാറിന്റെ രാഷ്ട്രീയാധികാരം കൈവശപ്പെടുത്തിയ വിദേശ ശക്തിയായ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയോട് പോരാടുന്നതുകൂടി തങ്ങളുടെ മതപരവും സാമുദായികവുമായ ബാധ്യതയാണ് എന്ന് മാപ്പിളമാര്‍ സ്വയം മനസ്സിലാക്കിയതിനു പിന്നിലും ഇത്തരം കൃതികളുടെ സാംസ്‌കാരികമായ ചലനങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
അറബിമലയാളത്തിനുമേല്‍ ചുമത്തപ്പെട്ട ആ മതവത്കരണത്തിന്റെ പ്രധാന ഊന്നല്‍ മലയാളവിരുദ്ധതയായിരുന്നു. അറബിമലയാളലിപി ഉണ്ടാകുമ്പോള്‍ മലയാളത്തിന് സ്വന്തമായി ഒരു ലിപി പോലുമില്ലായിരുന്നു. വട്ടെഴുത്തും കോലെഴുത്തുമായിരുന്നു അന്ന് മലയാളമെഴുതാനുപയോഗിച്ചിരുന്ന പ്രധാന ലിപികള്‍. മലയാളത്തിലെ ആദ്യത്തെ കണ്ടെടുക്കപ്പെട്ട ഗദ്യമായ വാഴപ്പിള്ളി ശാസനത്തിലെ (എ.ഡി 820 - 850) ലിപി വട്ടെഴുത്താണ്. അതാകട്ടെ തമിഴിന്റെ ലിപിയാണ്. മാത്രമല്ല അറബികളാണ് കേരളത്തില്‍ കടലാസ് കൊണ്ടുവരുന്നത്. താളിയോലകളിലും കല്ലുകളിലും എഴുതിയിരുന്ന മലയാള മൊഴി കടലാസിലേക്ക് പകര്‍ത്താന്‍ പഠിപ്പിച്ചതിനോടൊപ്പം അറബികള്‍ തങ്ങളുടെ ലിപിയിലൂടെ മലയാളം എഴുതുവാന്‍ തുടങ്ങുകയും ചെയ്തു. അതുകൊണ്ടാണ് ‘മലയാളം അറബി’ കേരളത്തില്‍ ഉണ്ടാവാതിരുന്നത്. മലയാളം പകര്‍ത്തിവെക്കേണ്ട ആവശ്യം മലയാളികള്‍ക്കല്ല, അറബികള്‍ക്കാണുണ്ടായിരുന്നതെന്നര്‍ഥം. അറബിമലയാളം മലയാളവിരുദ്ധമായത് നേരത്തേ പറഞ്ഞ പോര്‍ച്ചുഗീസാനന്തര സാംസ്‌കാരിക- മതബോധത്തിനു ശേഷമാണ്. ബ്രിട്ടീഷുകാരുടെ ഭാഷയായതുകൊണ്ട് ഇംഗ്ലീഷും സാമൂതിരിയുടെയും നായന്മാരുടെയും ഭാഷയായതുകൊണ്ട് മലയാളവും മുസ്‌ലിംകള്‍ക്ക് വിലക്കപ്പെട്ടു, അങ്ങനെ ഫത്‌വയുമുണ്ടായി.
1766 -ല്‍ മൈസൂര്‍ സുല്‍ത്താന്‍ ഹൈദറലി ഖാന്‍ കണ്ണൂരിലെ ആലിരാജാവിന്റെ സഹായത്തോടെ മലബാര്‍ ആക്രമിക്കുമ്പോള്‍ മലബാറിലെ, പ്രത്യേകിച്ച് തെക്കന്‍ മലബാറിലെ മുസ്‌ലിംകളുടെ സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക രംഗങ്ങളിലെ പങ്കാളിത്തം ഏറക്കുറെ ശൂന്യമായിരുന്നു. പാലക്കാടു വഴി ടിപ്പുസുല്‍ത്താന്റെ മലബാറിലേക്കുള്ള രണ്ടാംവരവ് ഏറനാട്ടിലെ മാപ്പിളമാര്‍ രക്ഷകന്റെ വരവുപോലെയാണ് കണ്ടത്. കാല്‍നൂറ്റാണ്ടിലധികം ആയുസ്സില്ലാത്ത ആ സാമ്രാജ്യത്തിന്റെ പതനത്തിന്ന് പ്രധാന കാരണക്കാരായ ബ്രിട്ടീഷ് ശക്തികളെ ആജീവനാന്ത ശത്രുക്കളായി മാപ്പിളമാര്‍ കണക്കാക്കി. ആ വെറുപ്പിന്റെ ഉച്ചകോടിയാണ് ഖിലാഫത്ത് പ്രസ്ഥാന പോരാട്ടങ്ങളുടെ ഭാഗമായി ഏറനാട്ടിലുണ്ടായത്. മാപ്പിള എന്ന സാമുദായിക വിഭാഗത്തിന്റെ സ്വത്വം രൂപപ്പെടാനുള്ള ചരിത്രപരമായ സാഹചര്യങ്ങള്‍ ഇത്രയുമാണ്. മുസ്‌ലിംകള്‍ പോലുമല്ലാത്ത തങ്ങളുടെ പൂര്‍വികര്‍ മുമ്പ് സൃഷ്ടിച്ച അറബിമലയാള ലിപിവ്യവസ്ഥയ്ക്കുമേല്‍ മതപരമായ വിശ്വാസങ്ങളും ധാരണകളും പണ്ഡിതന്മാര്‍ ആരോപിക്കാനും അതിന് ഭാഷാപരമായ ചെറുത്തുനില്‍പ്പിന്റെ സാംസ്‌കാരിക നിറം നല്‍കാനും ഇടയായ ചരിത്രപശ്ചാത്തലവും ഇതുതന്നെ.
മാപ്പിളമാര്‍ ഭൂരിപക്ഷമായത്
മൈസൂര്‍ സുല്‍ത്താന്മാരുടെ വരവ് മലബാറിലെ മുസ്‌ലിം സാമുദായിക ഘടനയിലും മാറ്റമുണ്ടാക്കി. പോര്‍ച്ചുഗീസുകാരുടെ അന്തിമ വിജയത്തോടെ മുസ്‌ലിംകള്‍ നഗരങ്ങളില്‍നിന്ന് പിന്‍വാങ്ങിയ ശേഷം ഇസ്‌ലാമിലേക്കുള്ള മതംമാറ്റം ഏറക്കുറെ നിലച്ചുപോയിരുന്നു. മുസ്‌ലികള്‍ അന്ന് താരതമ്യേന ജനസംഖ്യയില്‍ കുറവും അറബി മനസ്സിലാകുന്നവിധം ആ ഭാഷയില്‍ പാരമ്പര്യംകൊണ്ടും പഠനംകൊണ്ടും കഴിവുള്ളവരുമായിരുന്നു. അറബിമലയാളമായും അറബിയായും സ്വന്തമായ ഭാഷയും എഴുത്തും ഉള്ളവരായിരുന്നു. എന്നാല്‍ 1770-നുശേഷം മൈസൂര്‍ സുല്‍ത്താന്‍ മലബാറില്‍ അടിമവ്യാപാരം നിരോധിച്ചപ്പോള്‍ പുലയന്‍, പറയന്‍, ചെറുമന്‍ തുടങ്ങിയ അടിമസമുദായങ്ങളില്‍നിന്ന് ഇസ്‌ലാമിലേക്ക് കുത്തൊഴുക്കുണ്ടായി. സമഭാവത്തോടെ മനുഷ്യനെ കാണാന്‍ പഠിപ്പിക്കുന്ന സവിശേഷമായ ഇസ്‌ലാമിക ബോധം കാരണം, തലമുറകളായി അനുഭവിക്കുന്ന നിന്ദ്യതയില്‍നിന്നുള്ള തണല്‍ അടിമവര്‍ഗത്തിന് മാപ്പിളമാര്‍ നല്‍കി. ഉമര്‍ ഖാദിയെപ്പോലുള്ള സ്വൂഫി പണ്ഡിതരുടെ ചിന്താപരമായ നേതൃത്വവും ഇത്തരം മതംമാറ്റങ്ങള്‍ക്ക് ആക്കം കൂട്ടി.
1831 മുതല്‍ 1851 കാലയളവില്‍ ഇങ്ങനെ മാപ്പിളമാരുടെ ജനസംഖ്യ ഇരട്ടിയിലധികമായതായി ബ്രിട്ടീഷ് രേഖകളിലുണ്ട്. അതേകാലത്ത് മലബാറില്‍ പള്ളികളുടെ എണ്ണം 637 ല്‍നിന്ന് 1,058 ആയി വര്‍ധിച്ചു. 1871 മുതല്‍ 1881 വരെയുള്ള സെന്‍സസ് റിപ്പോര്‍ട്ടില്‍ മാപ്പിളമാരുടെ ജനസംഖ്യയില്‍ 50,0000 ലധികം വര്‍ധനവുണ്ടായതായി രേഖപ്പെടുത്തുന്നുണ്ട്. 1882 -ല്‍ കല്‍ക്കത്തയില്‍ നടന്ന ഒരു ക്രിസ്ത്യന്‍ മിഷനറി സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ട റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറയുന്നു: 'ഇത് ഇങ്ങനെ അനുവദിച്ചാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഏറനാട്ടിലെ പടിഞ്ഞാറന്‍ തീരദേശങ്ങളിലെ മുഴുവന്‍ കീഴ്ജാതിക്കാരും മുഹമ്മദീയരായി മാറുകതന്നെ ചെയ്യും.' ഈ പ്രവചനം പൂര്‍ണമായും പുലര്‍ന്നില്ല, പക്ഷേ 1871 നുമുമ്പ് മലബാറില്‍ ന്യൂനപക്ഷമായിരുന്ന മുസ്‌ലിം മാപ്പിളമാര്‍ ഏറനാടന്‍ പ്രദേശങ്ങളിലുണ്ടായ കൂട്ട മതംമാറ്റം കാരണമായി മൊത്തം ജനസംഖ്യയുടെ 63.9 ശതമാനമായി മാറിയെന്നത് ചരിത്രവസ്തുതയാണ് (മില്ലര്‍ 120-122).
1750 മുതല്‍ 1800 വരെയുള്ള അരനൂറ്റാണ്ടുകൊണ്ടു മാപ്പിളസമുദായത്തിന്റെ എണ്ണത്തിലുണ്ടായ ഈ വലിയ മാറ്റം ബാഹ്യവും ആന്തരികവുമായ ഒട്ടേറെ സ്വാധീനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. അറബിമലയാളത്തെയും മാപ്പിളമാരെയും കുറിച്ചുള്ള പഠനങ്ങളെല്ലാം തന്നെ, ഒരു സമുദായം എന്ന നിലക്ക് അവരിലുണ്ടായ ഇത്തരം ചരിത്രപരമായ കയറ്റിറക്കങ്ങളെ കണക്കിലെടുക്കാതെയാണ്. മാപ്പിളമാരെ കേരളചരിത്രത്തിലെ പ്രധാന സംഭവങ്ങളെ മുന്‍നിര്‍ത്തി നാലു ഘട്ടങ്ങളിലാക്കി വേറെ വേറെ പരിഗണിച്ചാല്‍ മാത്രമേ അവരുടെ സാമുദായികമായ ചരിത്രത്തിലെ സംവാദങ്ങള്‍ക്ക് ഫലപ്രദമായ തെളിച്ചമുണ്ടാവുകയുള്ളൂ. ആ ഘട്ടങ്ങള്‍ ഇങ്ങനെയാണ്:
1. കേരളത്തിലേക്കുള്ള ഇസ്‌ലാമിന്റെ വരവുമുതല്‍ പോര്‍ച്ചുഗീസുകാര്‍ പോകുന്നതു വരെ
2. കുഞ്ഞാലി മരയ്ക്കാര്‍മാരുടെ തകര്‍ച്ചക്കു ശേഷം മൈസൂര്‍ സുല്‍ത്താന്മാരുടെ പിന്മാറ്റം വരെ
3. ബ്രിട്ടീഷ് ഭരണം മുതല്‍ ഖിലാഫത്ത് പ്രക്ഷോഭം വരെ
4. ഖിലാഫത്തിനുശേഷം
ഈ വിഭജനത്തെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കേണ്ടതുണ്ട്. വിപുലമായ ഗവേഷണങ്ങളും സംവാദങ്ങളും ഈ വിഷയത്തില്‍ സാധ്യവുമാണ്. ഇപ്പോള്‍ ഈ ലേഖനത്തിന്റെ ആവശ്യത്തിനുള്ള ചില നിഗമനങ്ങള്‍ മാത്രം അവതരിപ്പിക്കുന്നു. അറബിമലയാളത്തിന്റെയും മലയാള ഭാഷയുടെയും മാപ്പിളസമുദായത്തിലുള്ള ചരിത്രപരമായ സ്ഥാനത്തെ നിര്‍ണയിക്കുന്നതിന് ഇത്തരമൊരു അന്വേഷണം ഇതിനുമുമ്പുണ്ടായതായി ഈ ലേഖകന്‍ കണ്ടിട്ടില്ലെന്നതാണ് താഴെ നല്‍കുന്ന ഈ നിഗമനങ്ങളുടെ പ്രസക്തിയും പരിമിതിയും.
1 - കേരളത്തില്‍ വ്യവഹാരത്തിലുള്ള ഒരു ഭാഷയിലും എഴുത്തും വായനയും അഭ്യസിക്കാത്ത അടിമവര്‍ഗമായിരുന്നു മൂന്നാം ഘട്ടത്തില്‍ ഇസ്‌ലാം സ്വീകരിച്ചവരില്‍ ഭൂരിപക്ഷവും. ഖുര്‍ആന്‍ പാരായണം നിര്‍ബന്ധമാണെന്ന ബോധമുള്ളതിനാല്‍ അറബി പഠിപ്പിക്കാനുള്ള സംവിധാനങ്ങള്‍ ഓത്തു പഠിപ്പിക്കാനുള്ളതായി പരിമിതപ്പെട്ടു. ആദ്യകാല മദ്‌റസകളില്‍ മറ്റു ദീനീകാര്യങ്ങളെല്ലാം വാചികമായി ചൊല്ലിപ്പഠിപ്പിക്കുകയായിരുന്നു. അറബിമലയാളത്തിലുള്ള പാഠപുസ്തകങ്ങള്‍ വന്നത് മദ്‌റസാ വിദ്യാഭ്യാസം സ്ഥാപനവത്കരിക്കപ്പെട്ടതിനു ശേഷം മാത്രമാണ്. പ്രാകൃതമായ രീതിയില്‍ ഓത്തുപഠിപ്പിക്കാനുള്ള ഈ ശ്രമങ്ങളില്‍നിന്ന് കൊഴിഞ്ഞുപോയ തലമുറകളായിത്തീര്‍ന്നു മാപ്പിളമാര്‍. ഇങ്ങനെ മലബാറിലെ മുസ്‌ലിംകള്‍ക്കിടയിലുണ്ടായിരുന്ന അറബിയുടെ അടിസ്ഥാനവും അറബിമലയാളത്തിന്റെ സ്ഥാനവും തകര്‍ന്നു.
2. - മുസ്‌ലിംകളുടെ ജനസംഖ്യ പെട്ടെന്ന് വര്‍ധിച്ചപ്പോള്‍ ഇസ്‌ലാമിന്റെ തനതു വഴക്കങ്ങളില്‍നിന്ന് ഭിന്നമായ ധാരാളം അനാചാരങ്ങളും ഹിന്ദുമതത്തിലെ അധഃസ്ഥിത ജാതിക്കാര്‍ പാരമ്പര്യമായി പുലര്‍ത്തിപ്പോന്ന വിശ്വാസാചാരങ്ങളില്‍ പലതും മുസ്‌ലിം സാമുദായിക ജീവിതത്തിലും കലര്‍ന്നു. ആധുനികകാലത്തെ മത നവോത്ഥാന ശ്രമങ്ങളിലൂടെയും ഇസ്‌ലാമിന്റെ അടിസ്ഥാനഗ്രന്ഥങ്ങള്‍ മുന്‍നിര്‍ത്തിയുള്ള മതവിദ്യാഭ്യാസത്തിലൂടെയും മാപ്പിളമാരുടെ സാംസ്‌കാരികാവസ്ഥ മാറുന്നതുവരെ ഇത്തരം ആചാരങ്ങള്‍ ഇവിടെ നിലനിന്നിരുന്നു. മുമ്പ് ഇസ്‌ലാമിക കാര്യങ്ങള്‍ പഠിപ്പിക്കാനുള്ള സംവിധാനങ്ങളെല്ലാം പെട്ടെന്നു കടന്നുവന്ന അംഗങ്ങളുടെ ബാഹുല്യത്താല്‍ കുത്തഴിഞ്ഞുപോയി. പഠിപ്പിക്കാനുള്ള അധ്യാപകരുടെ എണ്ണം പരിമിതമായതിനാല്‍ പുരോഹിതസ്വഭാവമുള്ള പണ്ഡിതര്‍ മതകാര്യങ്ങളുടെ നേതൃസ്ഥാനത്ത് അവരോധിക്കപ്പെട്ടു. മലയാളം വായിക്കാനും എഴുതാനുമറിയാത്ത ബഹുഭൂരിപക്ഷം വരുന്ന സാമാന്യ ജനത്തിന് വാചികമായ വിദ്യാഭ്യാസം മാത്രമേ ലഭ്യമായുള്ളൂ. വഅ്‌ളുകളും ഉറുദികളും കൊണ്ട് മാത്രം ഇസ്‌ലാമിനെ മനസ്സിലാക്കാനേ അവര്‍ക്ക് കഴിഞ്ഞുള്ളൂ. അറബിയിലും അറബിമലയാളത്തിലും എഴുതപ്പെട്ട കനപ്പെട്ട ഗ്രന്ഥങ്ങള്‍ പള്ളിദര്‍സുകളിലെ പാഠപുസ്തകങ്ങളായി ചുരുങ്ങി. മലയാളവും അറബിമലയാളവും എത്തിപ്പിടിക്കാനാവാത്ത പിന്നാക്കക്കാരായി മാപ്പിളസമുദായം മാറി.
3. - ഇസ്‌ലാമിന്റെ ദാര്‍ശനികൗന്നത്യത്തെക്കുറിച്ച് യാതൊരു മുന്‍ധാരണകളുമില്ലാത്ത ഒട്ടെറെ പേര്‍ ഒന്നിച്ച് ഇസ്‌ലാം സ്വീകരിച്ചത് വൈജ്ഞാനികരംഗത്തും പ്രതിസന്ധികളുണ്ടാക്കി. മലബാറിലെ ഇസ്‌ലാമിക ചിന്താലോകത്ത് ദാര്‍ശനിക സ്വഭാവം ഏറക്കുറെ നിലയ്ക്കുകയും ഫിഖ്ഹ് (മതാനുഷ്ഠാന നിയമങ്ങള്‍) കാര്യങ്ങള്‍ വിശദീകരിക്കുകയും പഠിക്കുകയും ചെയ്യുന്ന കേന്ദ്രങ്ങളായി മതസ്ഥാപനങ്ങള്‍ പരിമിതപ്പെടുകയും ചെയ്തു. കപ്പപ്പാട്ട്, തുഹ്ഫത്തുല്‍ മുജാഹിദീന്‍, ഫത്ഹുല്‍ മുബീന്‍, തഹ്‌രീള് തുടങ്ങിയ ദാര്‍ശനിക, വൈജ്ഞാനിക മേഖലയിലെ ഗ്രന്ഥരചനകള്‍ക്കുപകരം ഫിഖ്ഹ് ഗ്രന്ഥങ്ങള്‍ കീറിമുറിച്ച് വിധിപറയാനുള്ള പഠനപ്രവര്‍ത്തനങ്ങളായി ഇസ്‌ലാമിക വിദ്യാസമ്പ്രദായങ്ങള്‍ മാറി. അറബിയിലും അറബിമലയാളത്തിലുമുള്ള കനപ്പെട്ട രചനകള്‍ തുലോം കുറഞ്ഞു. പണ്ടുകാലത്ത് എഴുതപ്പെട്ട ഗ്രന്ഥങ്ങള്‍ പകര്‍ത്തിയെഴുതാനുള്ള ലിപിയായിമാത്രം അറബിമലയാളം നിലനിന്നു.
4. - മലബാറില്‍, പ്രത്യേകിച്ച് തീരപ്രദേശങ്ങളില്‍ ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തനങ്ങള്‍ ശക്തിപ്രാപിക്കുകയും ഇസ്‌ലാമിനെയും ഹൈന്ദവതയെയും നേരിട്ട് വിമര്‍ശിച്ചുകൊണ്ടുള്ള പ്രബോധനപ്രവര്‍ത്തനങ്ങള്‍ അച്ചടിയുടെ സഹായത്തോടെ അവര്‍ വ്യാപകമാക്കുകയും ചെയ്തു. ബൈബിളിന്റെ വിവര്‍ത്തനം സാധാരണക്കാര്‍ക്കുകൂടി മനസ്സിലാകുന്ന രൂപത്തില്‍ മാറ്റിയെഴുതാനുള്ള ശ്രമങ്ങളാരംഭിച്ചു. കീഴ്ജാതി വിഭാഗങ്ങളെക്കൂടി പൊതു വിദ്യാഭ്യാസമേഖലയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ഗവണ്‍മെന്റിന്റെ സഹായത്തോടെ നടപ്പാക്കി. അതിനുള്ള പാഠപുസ്തകങ്ങളും മിഷനറിമാര്‍തന്നെയാണ് അച്ചടിച്ചത്.
ചുരുക്കത്തില്‍, മാപ്പിള സമുദായത്തിന്റെ ചരിത്രത്തിലെ പരിവര്‍ത്തനത്തിന്റെ മൂന്നാംഘട്ടമാണ് അവരെ സാംസ്‌കാരികമായി പിന്നിലാക്കിയത്. അതിന്റെ കാരണമോ പെട്ടെന്ന് കടന്നുവന്ന പുതു വിശ്വാസികളുടെ ബാഹുല്യവും. മുഹമ്മദ് നബിയുടെ മരണശേഷവും ഇസ്‌ലാമിക സമൂഹത്തിന്റെ എണ്ണത്തിലുണ്ടായ വലിയ വളര്‍ച്ച ഇസ്‌ലാമിക സമൂഹത്തിന്റെ ആദ്യകാല കെട്ടുറപ്പിനെയും മതപരമായ സ്ഥിരതയെയും പ്രതിലോമകരമായി ബാധിച്ചുവെന്ന് ധാരാളം ചരിത്രകാരന്മാര്‍ വിലയിരുത്തിയിട്ടുണ്ട്. അത്തരമൊരവസ്ഥയാണ് മാപ്പിള ചരിത്രത്തില്‍ പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലുണ്ടായത്. ആ കാലത്തുണ്ടായ അപചയത്തെ നേരിടാന്‍ വീണ്ടും അമ്പതുകൊല്ലംകൂടി മുസ്‌ലിം സമുദായം കാത്തിരിക്കേണ്ടിവന്നു. മലയാള ഭാഷയെ സാമുദായികമായി വീണ്ടെടുക്കാനുള്ള ശ്രമങ്ങളാണ് അതില്‍ പ്രധാനം. മാതൃഭാഷയെ അവഗണിച്ചുകൊണ്ട് ഒരു ബഹുജന സമൂഹത്തിന് കൂടുതല്‍ മുന്നോട്ടുപോകാനാവില്ലെന്ന് മാപ്പിളമാരെ ബോധ്യപ്പെടുത്താന്‍ പ്രധാന നിമിത്തമായത് മിഷനറിമാരുടെ ഇസ്‌ലാം വിമര്‍ശനഗ്രന്ഥങ്ങളുടെ പ്രചാരണവും വെല്ലുവിളിയുമായിരുന്നു.
മിഷനറിമാരും മലയാളവും
പൊതുവായ ആശയവിനിമയത്തിന് കെല്‍പ്പുള്ളതും പ്രയോഗക്ഷമവുമായ ഗദ്യരൂപം ഇല്ലാത്ത മലയാളത്തിന്റെ ഭാഷാപ്രതിസന്ധി രൂക്ഷമായ കാലത്താണ് പോര്‍ച്ചുഗീസ് മിഷനറിമാര്‍ കേരളത്തില്‍ ക്രിസ്തുമത പ്രചാരണം ആരംഭിക്കുന്നത്. മലയാളികള്‍ അന്നുവരെ കേട്ടിട്ടില്ലാത്ത ക്രിസ്തുമത സിദ്ധാന്തങ്ങളും സാങ്കേതിക സംജ്ഞകളും പുതുവിശ്വാസികളെയും അന്യമതക്കാരെയും പഠിപ്പിക്കുന്നതിന്, വേണ്ടത്ര പദസമ്പത്തും വാക്യഘടനയുമില്ലാത്ത ദ്രാവിഡഭാഷയില്‍ സംസ്‌കൃതം, പോര്‍ച്ചുഗീസ്, സുറിയാനി, അറബി, തമിഴ് തുടങ്ങിയ ഭാഷകളില്‍നിന്ന് പുതിയ പദങ്ങളുണ്ടാക്കി, അവക്ക് യോജിച്ച അര്‍ഥം നല്‍കി, പാശ്ചാത്യഭാഷാമാതൃകയിലെ വാക്യരീതികളുപയോഗിച്ച് ആദ്യമായി മലയാള ഭാഷാസൂത്രണം നടത്തിയത് പോര്‍ച്ചുഗീസുകാരാണ്. ആ ശ്രമങ്ങളാണ് മലയാളത്തിലെ ആധുനിക ഗദ്യഭാഷയെപ്പോലും സൃഷ്ടിച്ചതെന്ന് പറയാം.
ആദ്യകാലങ്ങളില്‍ ക്രിസ്ത്യന്‍ മിഷനറിമാരും പുതുവിശ്വാസികളില്‍ മതപരമായ വിദേശഭാഷകള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു. 1540 -ല്‍ ഫ്രയര്‍ വിന്‍സെന്റ് ലാഹോസ് എന്ന ഫ്രാന്‍സിസ്‌കന്‍ സന്യാസ വൈദികന്‍ കൊടുങ്ങല്ലൂരില്‍ സ്ഥാപിച്ച വൈദിക വിദ്യാലയത്തിലും 1662 -ല്‍ അമ്പഴക്കാട്ട് ജെസ്യൂട്ട് പാതിരിമാര്‍ സ്ഥാപിച്ച സെമിനാരിയിലും ലത്തീന്‍ ആരാധനാ- ഭരണ ക്രമങ്ങളോടൊപ്പം ലത്തീന്‍ ഭാഷയും നിര്‍ബന്ധപൂര്‍വം പഠിപ്പിച്ചിരുന്നു. പതിനേഴാം നൂറ്റാണ്ടുവരെ കേരള ക്രൈസ്തവരുടെ വേദഗ്രന്ഥങ്ങളും പ്രാര്‍ഥനയും കല്‍ദായാ സുറിയാനി ഭാഷയിലായിരുന്നു. അറബിമലയാളത്തെപ്പോലെ അവര്‍ റോമന്‍, ലത്തീന്‍ ലിപികളില്‍ മലയാളം എഴുതുകയും ചെയ്തു. എന്നാല്‍ മതപ്രബോധനത്തിന് മലയാള ഭാഷയെ ആശ്രയിക്കാതെ നിവൃത്തിയില്ലെന്ന് ബോധ്യമായതിനാല്‍ 1585 -ല്‍ ഗോവയില്‍ നടന്ന സൂനഹദോസില്‍ വെച്ച് വേദപുസ്തകം മലയാളത്തില്‍ ഭാഷാന്തരം ചെയ്യണമെന്ന് തീരുമാനമുണ്ടായി. കല്‍ക്കത്താ കോളേജിലെ വൈസ് പ്രിന്‍സിപ്പലായിരുന്ന ഡോ. ക്ലോഡിനസ് ബുക്കാനന്റെ നേത്യത്വത്തില്‍ ആദ്യത്തെ ബൈബിള്‍ മലയാള വിവര്‍ത്തനം 1811-ല്‍ ബോംബെയില്‍ അച്ചടിച്ചു. 1841-ല്‍ പുറത്തിറങ്ങിയ, ബെഞ്ചമിന്‍ ബെയ്‌ലിയുടെ പരിഷ്‌കൃതവും സമ്പൂര്‍ണവുമായ ബൈബിള്‍ അച്ചടിക്കാന്‍ ഇരുപത് വര്‍ഷം മുമ്പേ കേരളത്തിലെ ആദ്യത്തെ മലയാളം അച്ചുകൂടവും കോട്ടയത്ത് സ്ഥാപിക്കപ്പെട്ടിരുന്നു. ഇത് മിഷനറിമാരുടെ ഭാഗത്തുനിന്ന് മലയാള ഭാഷാസൂത്രണത്തിനുണ്ടായ ശ്രമങ്ങള്‍ക്ക് ഉദാഹരണങ്ങള്‍ മാത്രമാണ്. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനെപ്പോലുള്ള മിഷനറിമാരാണ് മലയാളത്തിലെ ഏതാണ്ടെല്ലാ ഭാഷാ പഠനമേഖലകളിലും തുടക്കവും വ്യവസ്ഥയുമുണ്ടാക്കിയത്.
അക്കാലത്ത് മലയാളക്കരയില്‍ മുസ്‌ലിംകള്‍ക്ക് ഇസ്‌ലാം പഠിപ്പിക്കാന്‍ ഉണ്ടായിരുന്ന വ്യവസ്ഥാപിതമായ സംവിധാനം പള്ളിദര്‍സുകളായിരുന്നു. ഈ പള്ളിദര്‍സുകളിലുണ്ടായിരുന്ന മതപഠനത്തിന്റെ സിലബസ്സില്‍ ശാസ്ത്ര വിഷയങ്ങളടക്കമുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. പക്ഷേ അതില്‍ മലയാളഭാഷയും സാഹിത്യവും മാത്രം ഉണ്ടായിരുന്നില്ല. എന്തുകൊണ്ട് ഉണ്ടായിരുന്നില്ല എന്നത് അന്വേഷിക്കേണ്ടതുണ്ട്. ക്രിസ്ത്യാനികളുടെ മതപ്രബോധനശ്രമങ്ങളോടൊപ്പം മലയാളഭാഷാ പരിഷ്‌കരണ ശ്രമങ്ങളും ഉണ്ടായിരുന്നുവെങ്കില്‍ മതപ്രബോധനത്തിന്റെയും ഭാഷാ പരിഷ്‌കരണത്തിന്റെയും മേഖലകള്‍ ഒരുപോലെ മാപ്പിള സമൂഹം അവഗണിച്ചുവെന്നാണ് മനസ്സിലാക്കേണ്ടത്. ബൈബിള്‍ മലയാളത്തിലാക്കിയതിനോടൊപ്പം മലയാളം വായിക്കാനുള്ള സമൂഹത്തെയും പണിതെടുക്കാനാണ് മിഷനറിമാര്‍ മലയാള ഭാഷാ പരിഷ്‌കരണ ശ്രമങ്ങള്‍ നടത്തിയത്. കുടിപ്പള്ളക്കൂടങ്ങളടക്കമുള്ള കേരളീയ പാരമ്പര്യ വിദ്യാകേന്ദ്രങ്ങള്‍ കീഴ്ജാതിക്കാര്‍ക്ക് അപ്രാപ്യമായിരുന്നു. ആധുനിക പാശ്ചാത്യ മാതൃകയില്‍ സ്‌കൂള്‍ വിദ്യാഭ്യാസം ആരംഭിക്കാന്‍ മിഷനറിമാരും ബ്രിട്ടീഷ് ഗവണ്‍മെന്റും മുന്‍കൈയെടുത്തതിന്റെ പിന്നിലുള്ള പല ലക്ഷ്യങ്ങളിലൊന്ന് ക്രിസ്തുമത പ്രചാരണമായിരുന്നു. ബൈബിള്‍ വായിച്ചറിയേണ്ടത് കീഴ്ജാതിക്കാരാണെന്നും അവര്‍ക്കറിയാമായിരുന്നു. ഖുര്‍ആന്‍ മലയാളത്തിലാക്കുന്നത് ചിന്തിക്കാനേ വയ്യാത്ത അന്നത്തെ മുസ്‌ലിം പണ്ഡിതന്മാര്‍ക്ക് അത് വായിക്കാനുള്ള ഒരു സമൂഹത്തെ മുസ്‌ലിംകള്‍ക്കിടയിലും പുറത്തും സൃഷ്ടിക്കേണ്ടിയിരുന്നില്ല. ഈ ദുരവസ്ഥയില്‍ മറിച്ചുചിന്തിക്കാന്‍ മക്തി തങ്ങളുടെ കാലംവരെ മുസ്‌ലിം കേരളത്തിന് കാത്തിരിക്കേണ്ടിവന്നു.
മലയാള ഇസ്‌ലാമിലേക്ക്
ഭാഷയുടെ പിന്തുണയില്ലാതെ ഒരു സാമൂഹിക പരിശ്രമങ്ങളും സാധ്യമല്ല. എല്ലാ സാമൂഹിക മുന്നേറ്റങ്ങളും ഭാഷയുടെക്കൂടി മുന്നേറ്റമായല്ലാതെ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുമില്ല. നിലനില്‍ക്കുന്ന സാമൂഹിക ഘടനയെ പൊളിച്ചെഴുതുന്ന നവോത്ഥാന നായകരും പരിഷ്‌കര്‍ത്താക്കളും നിലനില്‍ക്കുന്ന ഭാഷയുടെ ഘടനയെയും ലിപിവ്യവസ്ഥയെയും കൂടിയാണ് പൊളിച്ചെഴുതുന്നത്. അതുകൊണ്ടാണ് ഭക്തിസാഹിത്യത്തിലൂടെ മലയാള സംസ്‌കാരത്തെ ജ്ഞാനസ്‌നാനം ചെയ്യിച്ച തുഞ്ചത്തെഴുത്തഛന്‍ ഭാഷയുടെകൂടി പിതാവായത്. ആധുനിക മലയാള അക്ഷരമാലപോലും എഴുത്തഛന്‍ ചിട്ടപ്പെടുത്തിയതാണെന്നുവരെ ചരിത്രകാരന്മാര്‍ തെറ്റിദ്ധരിക്കാന്‍മാത്രം സാമൂഹിക പരിഷ്‌കരണവും ഭാഷയും തമ്മില്‍ ബന്ധമുണ്ട്. പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതിമുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ പകുതിവരെയുള്ള മാപ്പിള സമുദായത്തിന്റെ മാറ്റങ്ങളുടെ ചരിത്രവും ഇത്തരം ഭാഷാപരമായ വിപ്ലവങ്ങളെക്കൂടി അടയാളപ്പെടുത്തുന്നുണ്ട്. അതിന് തുടക്കമിട്ട ചിന്തകനും പ്രബോധകനുമായ മക്തി തങ്ങളുടെ മലയാള ഭാഷാസൂത്രണ ശ്രമങ്ങളെ മറന്നുകൊണ്ട് മാപ്പിളമാരുടെ സാംസ്‌കാരികവും സാമുദായികവുമായ മഹത്വങ്ങളെ വിലയിരുത്താനാകില്ല.
‘മലയാള ഇസ്‌ലാം’എന്നാണ് മാപ്പിളമാര്‍ വീണ്ടെടുക്കേണ്ട ഭാഷാ സംസ്‌കാരത്തെക്കുറിച്ച് 'മക്തി മനഃക്ലേശം' എന്ന കൃതിയില്‍ അദ്ദേഹം ഒറ്റവാക്കില്‍ പറയുന്നത്. മലയാള ഭാഷയുടെ ആധുനിക സ്വഭാവം ആസൂത്രണംചെയ്യുന്നതില്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ സമകാലികനായിരുന്നു മക്തി തങ്ങള്‍. 1814-ല്‍ ജര്‍മനിയില്‍ ജനിച്ച ഗുണ്ടര്‍ട്ട് 1836 മുതല്‍ 1859 വരെയാണ് ദക്ഷിണേന്ത്യയില്‍ മിഷനറി പ്രവര്‍ത്തനങ്ങള്‍ക്കായെത്തുന്നത്. ഇതില്‍ ഇരുപത് വര്‍ഷം മാത്രമാണ് അദ്ദേഹം തലശ്ശേരിയില്‍ താമസിക്കുന്നത്. അക്കാലത്താണ് വ്യാകരണവും (1851) നിഘണ്ടുവും (1872) രചിക്കുന്നത്. സയ്യിദ് സനാഉല്ലാ മക്തി തങ്ങള്‍ 1847-ല്‍ ജനിച്ചു. 1912 -ല്‍ മരണപ്പെടുന്നതുവരെ മാപ്പിളമാര്‍ക്കിടയില്‍ ദീനിനെ കള്ളപ്രചാരണങ്ങള്‍കൊണ്ട് നിറംകെടുത്തുന്ന ബ്രിട്ടീഷനുകൂല ക്രിസ്ത്യന്‍ മിഷനറിമാര്‍ക്കെതിരെ പ്രസംഗിച്ചും പുസ്തകമെഴുതിയും കേരളത്തിലങ്ങോളമിങ്ങോളം ഓടിനടന്നു. അതിനിടയില്‍, ഏറക്കുറെ മലയാളത്തിലെ ആധുനിക ഗദ്യമാതൃകകളുടെ ആദ്യാങ്കുരങ്ങള്‍ പുറത്തിറങ്ങിക്കൊണ്ടിരിക്കുന്ന കാലത്ത് മുസ്‌ലിം മാപ്പിളമാരുടെ ഭാഷാബോധത്തിലും സാമുദായികമായ പിന്നാക്കാവസ്ഥയിലും മനംനൊന്ത് അദ്ദേഹം എഴുതുകയും പ്രസംഗിക്കുകയും ചെയ്ത കാര്യങ്ങള്‍ വിശകലനം ചെയ്താല്‍ ഇന്ന് മുസ്‌ലിം സമുദായം എത്തിനില്‍ക്കുന്ന സകല മേന്മകളുടെയും പ്രചോദകരെ കണ്ടെത്താം.
അത്തരമൊരു പിന്നാക്കാവസ്ഥയേ മാപ്പിളമാര്‍ക്കില്ലായിരുന്നു എന്ന രീതിയില്‍ ഇന്ന് പ്രചരിപ്പിക്കുന്ന 'ഗവേഷണങ്ങള്‍' ചില കേന്ദ്രങ്ങളുടെ അതിഭാവനയാണെന്ന് മനസ്സിലാക്കാന്‍ രണ്ട് യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊള്ളേണ്ടതുണ്ട്. 
ഒന്ന്, തെളിവുകളോടെയും ഇല്ലാതെയും പതിമൂന്ന് നൂറ്റാണ്ടുകള്‍ കേരള ചരിത്രത്തില്‍ നീണ്ടുകിടക്കുന്ന മാപ്പിളമാരുടെ ചരിത്രം രേഖീയമായ ഒരൊറ്റ വരയിലൊതുക്കാവുന്നതാണെന്ന് കരുതുന്നത് തെറ്റാണ്. മാപ്പിളമാരുടെ ചരിത്രത്തിലെ കയറ്റിറക്കങ്ങളെ പരിഗണിക്കാതെ, അവര്‍ ഒരറബിമലയാളത്തിന്റെ പേരില്‍ സാംസ്‌കാരികമായും സാമുദായികമായും എല്ലാകാലത്തും പരിപൂര്‍ണരായിരുന്നുവെന്നും ആധുനിക ഇസ്‌ലാമിക നവോത്ഥാന പ്രസ്ഥാനങ്ങളാണ് അവരെ ആ ശ്രേഷ്ഠമായ പാരമ്പര്യത്തിന്റെ സ്വര്‍ഗത്തില്‍നിന്ന് ആധുനികതയുടെ നരകത്തിലേക്ക് തള്ളിയിട്ടതെന്നും വാദിക്കുന്നത് ചരിത്രപരമായ വങ്കത്തമാണ്.
രണ്ട്, മാപ്പിള സമുദായത്തിന്റെ ചരിത്രത്തിലെ മൂന്നാം ഘട്ടമായ പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതിക്കുശേഷമുള്ള ഏറനാട്ടിലെ മുസ്‌ലിംകളുടെ ദയനീയമായ പിന്നാക്കാവസ്ഥയെക്കുറിച്ച് വിശദമാക്കുന്ന മക്തി തങ്ങള്‍ മുതലുള്ള സാമുദായിക പരിഷ്‌കര്‍ത്താക്കളുടെ അനുഭവങ്ങളെ മുഴുവന്‍ അഗണ്യകോടിയില്‍ തള്ളിയാണ് ഈ 'ഗവേഷണങ്ങള്‍' മുന്നോട്ടുപോകുന്നത്. ഇങ്ങനെ നൂറ്റാണ്ടുകള്‍ക്കുമുമ്പുതൊട്ട് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്റെ കാലം വരെയുണ്ടായ അറബി, അറബിമലയാള കൃതികളെ മാത്രം മുന്‍നിര്‍ത്തി മാപ്പിളസമൂഹത്തിന്റെ കേമത്തങ്ങളെ വിലയിരുത്തുന്നത് സ്വയംവഞ്ചനയും ഒരു സമുദായത്തിന്റെ നേതാക്കള്‍ കഷ്ടപ്പെട്ട് നേടിയെടുത്ത എല്ലാ പരിവര്‍ത്തനങ്ങളുടെയും ഫലവൃക്ഷത്തിന്റെ കൊമ്പിലിരുന്ന് അതിന്റെ കടവെട്ടുന്നതിനു തുല്യവുമാണ്.
അറബിമലയാളലിപിയില്‍നിന്ന് മാപ്പിളമാരുടെ മലയാളത്തെ രക്ഷപ്പെടുത്തുന്നതിന് മക്തി തങ്ങള്‍ മലയാള ഇസ്‌ലാം ആവിഷ്‌കരിക്കുന്നതിനുപിന്നിലുള്ള ദീനിയായ നിയ്യത്തുകള്‍ അദ്ദേഹം നെഞ്ചില്‍ കൈവച്ച് പറയുന്നുണ്ട്. 'കഠോരകുഠാരം'’മലയാളലിപിയില്‍ അച്ചടിക്കുന്നതിലുള്ള ഇസ്‌ലാമികമായ ഈ സത്യസാക്ഷ്യത്തെ മുന്നോട്ടുകൊണ്ടുപോവുകയായിരുന്നു ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി, വക്കം മൗലവി തൊട്ടുള്ള അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍. അറബിമലയാളത്തിന് ലിപിപരിഷ്‌കരണം വരുത്തിയ ഭാഷാചിന്തകനായിരുന്നു ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി. അറബിമലയാളത്തെ തീര്‍ത്തും നിഷേധിച്ചുകൊണ്ടല്ല, അറബി വായിക്കാനറിയാത്ത അന്നത്തെ ആയിരക്കണക്കിന് മുസ്‌ലിംകള്‍ക്കും ഇതര മതസ്ഥര്‍ക്കും കൂടി പ്രയോജനത്തിനും പ്രബോധനത്തിനുമുള്ള പൊതുഭാഷ സ്വരൂപിക്കാനായിരുന്നു മലയാള ലിപിയില്‍ പുസ്തകവും പത്രവും പ്രസിദ്ധീകരിക്കാന്‍ അവര്‍ മുന്നോട്ടുവന്നത്. ഇയൊരു ഇസ്‌ലാമികമായ നിയ്യത്തിന്റെ പിന്തുടര്‍ച്ചയായിരുന്നു ആധുനിക ഇസ്‌ലാമിക നവജാഗരണ പ്രസ്ഥാനങ്ങള്‍ ഏറ്റെടുത്തത്.
ഉപസംഹാരം
മാപ്പിളമാര്‍ ചരിത്രത്തിന്റെ ഒരു ഘട്ടത്തില്‍ അറബിമലയാളം എന്ന ലിപിവ്യവസ്ഥ പുണര്‍ന്നത് മലയാളഭാഷയെ ഏറ്റവും ക്രിയാത്മകമായി ഉള്‍ക്കൊള്ളാനായിരുന്നു. സാമ്രാജ്യത്വത്തോടും സാംസ്‌കാരികശത്രുക്കളോടുമുള്ള അവരുടെ ചെറുത്തുനില്‍പ്പിന്റെ ഭാഗമായി ആ എഴുത്തുരീതിക്ക് പ്രതിരോധത്തിന്റെ നിറം ലഭിച്ചത് മറ്റൊരു ചരിത്രഘട്ടത്തിന്റെ സൃഷ്ടിയാണ്. ആ പ്രതിരോധം മുസ്‌ലിം സമുദായത്തിനു പുറത്തേക്കും വ്യാപിപ്പിക്കാനാണ് മലയാള ഇസ്‌ലാം എന്ന ചിന്ത മക്തി തങ്ങള്‍ ഉയര്‍ത്തിയത്. മാപ്പിള പ്രതിരോധത്തിന്റെ കരുത്ത് ആധുനികകാലത്ത് ഇതര സമുദായങ്ങള്‍ക്ക് പാഠപുസ്തകമാകുന്നതിനുവേണ്ടി ആ ലിപിയേക്കാള്‍ ശക്തമായ മറ്റൊന്ന് മാനകമലയാളത്തിലുണ്ടാകുമ്പോള്‍ അതിന്റെ കൂടെ നില്‍ക്കുന്നതാണ് ചിന്തിക്കുന്ന സമുദായത്തിന് ഗുണകരം. അത്രയേ മക്തി തങ്ങളുടെ നേതൃത്വത്തിലുള്ള സാമുദായിക പരിഷ്‌കര്‍ത്താക്കളും ചിന്തിച്ചുള്ളൂ. ഇന്നും അറബിമലയാളത്തെ ഇസ്‌ലാമിക പരിവേഷംനല്‍കി നിലനിര്‍ത്താന്‍ ശ്രമിക്കുന്നവര്‍ ആ ചിന്തകള്‍ക്ക് പുറംതിരിഞ്ഞു നില്‍ക്കുകയാണ് ചെയ്യുന്നത്.
ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍ സ്വന്തമായി നിര്‍മിച്ച ഭാഷയാണ് തലമുറകളോളം അവരെ പൊതുസമൂഹത്തില്‍നിന്നും പുരോഗതിയില്‍നിന്നും അകറ്റിനിര്‍ത്തിയത് എന്ന് വാദിക്കുന്നത് ഒരു പരിധിവരെ അതിവാദംതന്നെയാണ്. എങ്കിലും മറ്റൊരു സമുദായത്തിന് കയറിവരാനും മുസ്‌ലിം സമുദായത്തിന് ഇറങ്ങിപ്പോകാനും സ്വാതന്ത്ര്യമില്ലാത്ത സാമുദായിക ഭാഷകള്‍ നിലനില്‍ക്കുന്നേടത്തോളം ആ സമുദായം ഒറ്റപ്പെട്ടവരായി തുടരും. മക്തി തങ്ങളുടെ നേതൃത്വത്തില്‍ ക്രിസ്തുമത കള്ള പ്രചാരണങ്ങളെ ചെറുക്കാന്‍ മാനകമലയാളത്തില്‍ മലയാള ലിപിയിലുള്ള ശ്രമങ്ങളില്ലായിരുന്നുവെങ്കില്‍ ഇന്നത്തെ ഉത്തരേന്ത്യന്‍ ഉര്‍ദു മുസ്‌ലിംകളെപ്പോലെ കേരളമുസ്‌ലിംകളും ചരിത്രത്തിന്റെ ഓരങ്ങളില്‍ വഴിവാണിഭക്കാരും റിക്ഷാവണ്ടിക്കാരുമായി അവസാനിക്കുമായിരുന്നു എന്ന നിരീക്ഷണം പക്ഷേ, അത്രയും അതിവാദമല്ലതന്നെ.
ജമീല്‍ അഹ്മദ് 9895437056 jameelahmednk@gmail.com
സഹായക ഗ്രന്ഥങ്ങള്‍
1. Miller, Roland E -Mappila Muslims of Kerala, A Study in Islamic Trends. (1976) Orient Longman.
2. മക്തി തങ്ങള്‍, സയ്യിദ് സനാഉല്ലാ- മക്തി തങ്ങളുടെ സമ്പൂര്‍ണ കൃതികള്‍ (സമ്പാ- കെ.കെ മുഹമ്മദ് അബ്ദുല്‍ കരീം. 2006), വചനം ബുക്‌സ്, കോഴിക്കോട്.
3. മുഹമ്മദ് കുഞ്ഞി, പി.കെ- മുസ്‌ലിമീങ്ങളും കേരള സംസ്‌കാരവും (1982), കേരള സാഹിത്യ അക്കാദമി, തൃശൂര്‍.
4. റോസി തമ്പി, ഡോ. ബൈബിളും മലയാളവും (1996), ഡി. സി ബുക്‌സ് കോട്ടയം.
5. ജലീല്‍ കെ എ, പ്രൊഫ.- ലിപികളും മാനവ സംസ്‌കാരവും (2006), കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്.
6. മൊയ്തു മൗലവി, കെ- ഓര്‍മക്കുറിപ്പുകള്‍ (1996), ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ്, കോഴിക്കോട്.

Comments

Other Post