Prabodhanm Weekly

Pages

Search

2009 അറുപതാം വാര്‍ഷികപ്പതിപ്പ്‌

മാധ്യമങ്ങളിലെ സ്ത്രീ

എച്ച്. നുസ്‌റത്ത് തിരുവനന്തപുരം

സ്ത്രീ ശാക്തീകരണ ചിന്ത വ്യാപകമായിക്കൊണ്ടിരിക്കുന്ന കാലമാണിത്. വനിതാ ദിനാചരണവും വര്‍ഷാചരണവും ദശകാചരണവും പിന്നിട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ 50 ശതമാനം വനിതാസംവരണം ഏര്‍പ്പെടുത്തുന്നതില്‍ എത്തിനില്‍ക്കുന്നു ശാക്തീകരണപ്രക്രിയ. പെണ്‍കരങ്ങള്‍ക്ക് കരുത്തുണ്ട് ഉദ്യോഗവും ഭരണവും കൈയാളാനെന്ന് അംഗീകരിക്കപ്പെട്ടു തുടങ്ങിയിരിക്കുന്നു. അിമാനം കൊള്ളേണ്ട നിമിഷങ്ങള്‍. പക്ഷേ ആശങ്കകള്‍ കൈയടക്കുകയാണ്.
വീടിന്റെ ചുമരുകള്‍ ഭേദിച്ച് ബഹിരാകാശം വരെ ഉയര്‍ന്നെത്തിയിരിക്കുന്നു ആധുനിക വനിത. എന്നാല്‍ സ്ത്രീസ്വത്വം തിരിച്ചറിയുന്നതിലും അവള്‍ വ്യാപരിക്കുന്ന ഇടങ്ങളില്‍ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിലും സംഭവിച്ച പരാജയം വലിയൊരു ചോദ്യചിഹ്നമാണ്. വസ്തുവായും ഇരയായും ഉല്‍പന്നമായും വിപണന വസ്തുക്കള്‍ക്ക് പശ്ചാത്തലമൊരുക്കുന്ന ശരീരമായും ഒരു വിപണി തന്നെയായും അവള്‍ അരങ്ങു നിറഞ്ഞുനില്‍ക്കുന്നു. പെണ്‍കരങ്ങള്‍ക്ക് കരുത്തും പെണ്ണിടങ്ങള്‍ക്ക് വ്യാപ്തിയും ഏറിയെന്ന് പെരുമ പറയുമ്പോഴും പെണ്ണുടലുകള്‍ മാത്രമായി നിര്‍വ്യക്തീകരിക്കപ്പെടുന്ന ദുരവസ്ഥ!
ഈ സാഹചര്യം സൃഷ്ടിച്ചതില്‍ പ്രധാനമായും പ്രതിസ്ഥാനത്ത് വരുന്നത് കമ്പോള താല്‍പര്യങ്ങളാല്‍ നയിക്കപ്പെടുന്ന മാധ്യമങ്ങളാണ്. ജനജീവിതത്തെ ശക്തമായി സ്വാധീനിക്കുകയും പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന മാധ്യമങ്ങള്‍ക്ക് ഉല്‍കൃഷ്ടമായ സമൂഹ സൃഷ്ടിപ്പിലും ഉത്തമമൂല്യങ്ങളുടെ സംരക്ഷണത്തിലും നിര്‍ണായക പങ്കാളിത്തം വഹിക്കാന്‍ കഴിയും. എന്നാല്‍ വിപണി മേധാവിത്തം അരങ്ങുവാഴുന്ന പുതിയ ലോകത്ത് മാധ്യമധര്‍മവും വിപണി താല്‍പര്യങ്ങളിലേക്ക് ചുരുങ്ങുകയാണ്. കമ്പോളം പിടിച്ചെടുക്കുകയെന്നത് ഏക ലക്ഷ്യമായി കണ്ടപ്പോള്‍ ഏറ്റവും വലിയ മാനഹാനി സംഭവിച്ചത് സ്ത്രീത്വത്തിനാണ്. സ്ത്രീ ശരീരത്തിന്റെ സകല സാധ്യതകളും അവര്‍ ആരാഞ്ഞു. സ്ത്രീനഗ്‌നതയെ ആഘോഷപൂര്‍വം അവതരിപ്പിച്ച്, ആവോളം അസ്വദിപ്പിച്ച് പെരുകുന്ന പ്രേക്ഷക ലക്ഷങ്ങളുടെയും അനുവാചക ലക്ഷങ്ങളുടെയും കണക്കുകളില്‍ അഭിരമിക്കുകയാണവര്‍.
കബളിപ്പിക്കലിന്റെ കലയായി രൂപാന്തരപ്പെട്ട പരസ്യങ്ങളുടെ കമ്പോളം വ്യക്തികളുടെ അഭിരുചിമുതല്‍ ഭരണകൂടങ്ങളുടെ നയനിലപാടുകള്‍ വരെ രൂപപ്പെടുത്തുന്നതില്‍ പങ്കുവഹിക്കുന്നു. മനം കവരുന്ന പരസ്യങ്ങള്‍ക്ക് നയനസുഖം പകരുന്നതാവട്ടെ ഉടുത്തും ഉടുക്കാതെയും തുറന്നു വെക്കപ്പെട്ട സ്ത്രീ ശരീരം. മാധ്യമങ്ങള്‍ അവതരിപ്പിക്കുന്ന സ്ത്രീയുടെ ആസ്തി ആകാരവടിവാണ്. സ്ത്രീത്വത്തിന്റെ മാനദണ്ഡം സൗന്ദര്യമാണെന്നും അതില്ലാഞ്ഞാല്‍ ഉണ്ടാക്കിയെടുക്കണമെന്നും എപ്പോഴും സുന്ദരിയായിരിക്കലാണ് സ്ത്രീധര്‍മമെന്നും മാധ്യമങ്ങള്‍ ഓര്‍മപ്പെടുത്തുന്നു. സ്ത്രീയെന്നാല്‍ ഒരു ശരീരം മാത്രമാണെന്ന ധാരണ രൂഢമൂലമാക്കുന്നതിലും, അവളുടെ നൈസര്‍ഗിക ഭാവങ്ങളും വ്യക്തിത്വവും സമൂഹമനസ്സില്‍നിന്ന് കുടിയിറക്കുന്നതിലും വിജയം കണ്ടിരിക്കുന്നു മാധ്യമങ്ങള്‍. സ്ത്രീത്വത്തിന്റെ തികവും കരുത്തുമായി വിശ്വസുന്ദരിയും പ്രപഞ്ചസുന്ദരിയും അവതരിപ്പിക്കപ്പെടുന്നു.
സ്ത്രീ സ്വാതന്ത്ര്യത്തെ സ്ത്രീ-പുരുഷന്മാര്‍ തമ്മിലെ ശാരീരിക ഇടപെടലുകളിലെ സ്വാതന്ത്ര്യമായി വ്യാഖ്യാനിക്കുന്നു മാധ്യമങ്ങള്‍. കണ്ണീരിന്റെയും ദുര്‍ബലതയുടെയും ആശ്രിതത്വത്തിന്റെയും പര്യായമായി കഥകളിലും കവിതകളിലും സിനിമയിലും സീരിയലുകളിലും നിറഞ്ഞുനിന്ന സ്ത്രീ ബിംബത്തിന് കരുത്തിന്റെ പരിവേഷം പകരുമ്പോഴാകട്ടെ ക്ഷിപ്രകോപിയും പോരുകാരിയും ആണിന്റെ ചെകിട്ടത്തടിക്കാന്‍ പോന്നവളും!?
വനിതാ പ്രസിദ്ധീകരണങ്ങളുടെയും പരിപാടികളുടെയും ഉള്ളടക്കവും ബഹുവിശേഷം തന്നെ. സൗന്ദര്യ സംരക്ഷണം, കേശാലങ്കാരം, വേഷാലങ്കാരം, ഭവനാലങ്കാരം, വന്‍ പരസ്യങ്ങള്‍, പരസ്യത്തിന് പശ്ചാത്തലമൊരുക്കാന്‍ കാമ്പില്ലാത്ത ലേഖനങ്ങള്‍ (ഉദാ. കിടപ്പുമുറിയില്‍ ആര് മുന്‍കൈയെടുക്കണം?), സിനിമാതാരങ്ങളുടെ വീട്ടുവിശേഷം, ആരോഗ്യ പംക്തി, പൈങ്കിളിക്കഥകള്‍, നോവലുകള്‍, വനിതാരത്‌നം, പാചകറാണി, ആട്ടം, പാട്ട്, ചാട്ടം .............. മാധ്യമങ്ങള്‍ പറയുന്നതനുസരിച്ച് സ്ത്രീക്ക് ബുദ്ധിയും ചിന്തയുമില്ല, ശരീരവും വികാരങ്ങളുമേയുള്ളൂ!
സ്ത്രീവാര്‍ത്തകളുടെ പ്രതിപാദനത്തിലും കാണാം വ്യക്തിത്വത്തെ തമസ്‌കരിക്കുകയും ശരീര കേന്ദ്രിതമാക്കുകയും ചെയ്യുന്ന മായാജാലം. പ്രാദേശിക പേജില്‍നിന്നും ചരമകോളത്തില്‍നിന്നും രക്ഷപ്പെട്ട് മുന്‍പേജില്‍ സ്ത്രീ സ്ഥാനം പിടിക്കുന്നത് കൊലപാതകത്തിനും പീഡനത്തിനും ഇരയാക്കപ്പെടുമ്പോഴാണ്. പൈങ്കിളിവല്‍ക്കരിക്കപ്പെട്ട ആഖ്യാനശൈലിയിലൂടെ വായനക്കാരന് ആനന്ദം പകര്‍ന്ന് ആഘോഷിക്കുന്നു മാധ്യമങ്ങള്‍. രാഷ്ട്രീയ-സാമൂഹിക-കായിക രംഗങ്ങളിലെ സ്ത്രീ നേട്ടങ്ങളുടെ വാര്‍ത്തകളില്‍ പോലും നിറയുന്നത് അവളുടെ ബുദ്ധിപരതയോ സക്രിയതയോ ഇഛാശക്തിയോ അല്ല ; ശരീരവും അലങ്കാരങ്ങളുമാണ്. കായിക നേട്ടങ്ങളുടെ സ്ത്രീചിത്രങ്ങള്‍ പരതിയാല്‍ മനസ്സിലാകും നേട്ടങ്ങളിലേക്കോ നേരല്ലാത്ത ആങ്കിളുകളിലേക്കോ ക്യാമറ തിരിഞ്ഞതെന്ന്. 'ചിലങ്ക നാദങ്ങളും' 'വളകിലുക്കങ്ങളും' 'വര്‍ണസാരിയും' 'സുന്ദരിമാരും' തുടങ്ങിയ പ്രയോഗങ്ങള്‍ രാഷ്ട്രീയ വാര്‍ത്തകളില്‍ പോലും ഇടം നേടുമ്പോള്‍ നിര്‍വ്യക്തീകരണത്തിന്റെ വ്യാപ്തിയെത്രയെന്ന് ചിന്തിക്കുക.
ആത്മബോധം മാധ്യമങ്ങള്‍ക്ക് പണയപ്പെടുത്തിക്കഴിഞ്ഞ പെണ്ണിന് ഇതൊക്കെ ചിന്തിക്കാന്‍ എവിടെയാണ് നേരം? സൗന്ദര്യം സംബന്ധിച്ച മാധ്യമപാഠങ്ങളും ആത്മവിശ്വാസം പകരുന്ന വസ്ത്രധാരണവും..... അങ്ങനെയങ്ങനെ ചിന്തിച്ച് ആത്മസംഘര്‍ഷത്തിന്റെ സമ്മര്‍ദം പേറുകയല്ലേ അവള്‍. ചായങ്ങളും ചമയങ്ങളുമില്ലാതെ സമൂഹത്തെ അഭിമുഖീകരിക്കാന്‍ അവള്‍ക്ക് വയ്യെന്ന് വന്നിരിക്കുന്നു. സത്യനിഷ്ഠമായ ആശയാദര്‍ശവും തെളിഞ്ഞ ചിന്തയും പ്രദാനം ചെയ്യുന്ന വ്യക്തിത്വം ഒരു സൗന്ദര്യസംവര്‍ധക വസ്തുവിനും നല്‍കാനാവില്ലെന്ന് എപ്പോഴാണവള്‍ തിരിച്ചറിയുക?
ശരീര കേന്ദ്രീകൃതമായ ഈ സംസ്‌കാരം വളര്‍ത്തിയെടുത്തതിന്റെ അനന്തര ഫലം തന്നെയാണ് പീഡനത്തിന്റെയും വാണിഭത്തിന്റെയും വിളയാട്ടം. ഇത്തരം അധാര്‍മികതകള്‍ക്കെതിരെ ബോധവല്‍ക്കരണമെന്നോണം അവതരിപ്പിക്കുന്ന പരിപാടികള്‍ പോലും അധാര്‍മികതയുടെ പരിശീലന കളരിയായി മാറുന്നു എന്നതാണ് പരിതാപകരം. സ്ത്രീയുടെ സുരക്ഷിതത്വത്തിന് ഭീഷണി ഉയര്‍ത്തുന്ന സകല സാഹചര്യങ്ങളെയും നിര്‍ലോഭം പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കെ പീഡനത്തിന്റെ പേരില്‍ രോഷം കൊണ്ടിട്ടെന്ത് കാര്യം?
ലോകമെമ്പാടുമുള്ള സ്ത്രീകള്‍ക്കിടയില്‍ കാണുന്ന ശാരീരിക-ആത്മീയ-സാംസ്‌കാരിക-ബൗദ്ധിക-സാമ്പത്തിക വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാതെ വാര്‍പ്പുമാതൃകയായി കണ്ടു രസിക്കാനുള്ള വസ്തു മാത്രമായി സ്ത്രീയെ അവതരിപ്പിച്ചപ്പോള്‍ സൗന്ദര്യസങ്കല്‍പം തന്നെ വികലമാക്കപ്പെട്ടു. സ്ത്രീയുടെ വ്യക്തിത്വം അവഗണിക്കപ്പെട്ടു.
വ്യക്തിത്വം അളക്കേണ്ടത് ശരീരവടിവുകളാലല്ല. ശാരീരിക-ആത്മീയ-മാനസിക-വൈകാരിക-ബൗദ്ധിക മേഖലകളിലെ സിദ്ധികളുടെയും നേട്ടങ്ങളുടെയും ആകത്തുകയാണ് വ്യക്തിത്വം. സ്ത്രീയുടെ ബഹുമുഖ വ്യക്തിത്വം അവഗണിച്ചപ്പോള്‍ അവള്‍ നിന്ദ്യതക്കും നിര്‍വ്യക്തീകരണത്തിനും പാത്രമാവുകയായിരുന്നു. ഉദ്യോഗവും ജനപ്രാതിനിധ്യവും സംവരണം ചെയ്തു പരിഹരിക്കാവുന്നതല്ല ഈ പാതകം.
അശ്ലീലത്തെ കുറ്റകരവും ശിക്ഷാര്‍ഹവുമാക്കുന്ന ഐ.പി.സി 292-294 വകുപ്പുകളും 1986-ല്‍ കൊണ്ടുവന്ന് 1987 ഒക്‌ടോബര്‍ 2-ന് പ്രാബല്യത്തില്‍ വന്ന സ്ത്രീകളെ നിന്ദ്യമായി ചിത്രീകരിക്കല്‍ നിരോധന നിയമവും - The Indecent Representation of Women (Prohibition Act 1986) ഏടുകളില്‍ സുഖസുഷുപ്തി കൊള്ളുന്നു. മാധ്യമങ്ങളിലെ സ്ത്രീവിരുദ്ധ നിലപാടുകളെ പ്രതിരോധിക്കാനായി വനിതാ കമീഷന്‍ 2007 നവംബറില്‍ രൂപം നല്‍കിയ മീഡിയാ മോണിറ്ററിംഗ് സെല്ലും ഫലപ്രാപ്തിയിലെത്തിയില്ല.
സ്ത്രീത്വത്തെ സംബന്ധിച്ച യാഥാര്‍ഥ്യനിഷ്ഠമായ ധാരണകളാണ് മാധ്യമങ്ങള്‍ സമൂഹത്തിന് പകരേണ്ടത്. അര്‍ഹിക്കുന്ന ആദരവും ശാക്തീകരണത്തിന്റെ സദ്ഫലങ്ങളും സമൂഹത്തിനൊന്നാകെയും സ്ത്രീലോകത്തിന് വിശേഷിച്ചും അനുഭവവേദ്യമാകാന്‍ ധാര്‍മികതയിലൂന്നിയ ഒരു വനിതാനയം മാധ്യമങ്ങള്‍ സ്വീകരിക്കണം.
എച്ച്. നുസ്‌റത്ത് 9846961247

Comments

Other Post