Prabodhanm Weekly

Pages

Search

2009 അറുപതാം വാര്‍ഷികപ്പതിപ്പ്‌

ജനകീയ സമരങ്ങളും മാധ്യമങ്ങളും

സി. ആര്‍ നീലകണ്ഠന്‍

ജനകീയ സമരങ്ങളെ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ എങ്ങനെയാണ് കാണുന്നത്? എന്താണിക്കാലത്തെ ജനകീയ സമരങ്ങളുടെ സ്വഭാവമെന്നും പുതിയ കാലത്തെ മാധ്യമ പ്രവര്‍ത്തനരീതികളെന്തെന്നും വിലയിരുത്താതെ ഇതിന് ഒറ്റവാക്കില്‍ ഉത്തരം പറയാനാവില്ല. പരമ്പരാഗത അര്‍ഥത്തില്‍ നോക്കിയാല്‍ മാധ്യമങ്ങള്‍ പൊതുവെ മൂലധനാധിഷ്ഠിതമാണ്. മുതലാളിയുടെ താല്‍പര്യങ്ങള്‍ അതില്‍ പ്രതിഫലിക്കുമെന്ന് നിസ്സംശയം പറയാം. അതിലേറെ കമ്പോള താല്‍പര്യങ്ങളുമുണ്ടാകും. പത്രങ്ങളും ടി.വി ചാനലുകളും നിലനില്‍ക്കുന്നത് പരസ്യങ്ങളുടെ ബലത്തിലാണ്. പരസ്യക്കമ്പനികളുടെ താല്‍പര്യങ്ങള്‍ അവഗണിക്കാനാവില്ല. അവ മിക്കവാറും കോര്‍പറേറ്റ് താല്‍പര്യക്കാരുമായിരിക്കും. വ്യക്തമായും സമ്പന്ന സവര്‍ണ താല്‍പര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൂടുതലുണ്ടാകും. മാധ്യമരംഗത്ത് പ്രവര്‍ത്തിക്കാനെത്തുന്നവരില്‍ വലിയൊരു പങ്കും ഈ വിഭാഗത്തില്‍ പെട്ടവരായിരിക്കുമെന്നതും നിഷേധിക്കാനാവില്ല. കേരളത്തെ സംബന്ധിച്ചേടത്തോളം പ്രധാന മുഖ്യധാരാ മാധ്യമങ്ങള്‍ മിക്കപ്പോഴും 'ഇടതുപക്ഷ വിരുദ്ധര്‍'ആയിരിക്കുന്നത് ഇതുകൊണ്ടാണെന്നായിരുന്നു വിശദീകരണം. 1960-'70കള്‍ വരെ ഈ കാഴ്ചപ്പാട് പൊതുവെ ശരിയായിരുന്നുതാനും.
പക്ഷേ 1980-കളുടെ അവസാനം മുതല്‍ കേരളീയ സമൂഹത്തിലും ഇവിടത്തെ സമരരൂപങ്ങളിലും മാധ്യമങ്ങളുടെ ഘടനയിലും പ്രവര്‍ത്തനങ്ങളിലും കാര്യമായ വ്യത്യാസമുണ്ടായി എന്നത് കാണാതിരിക്കാനാവില്ല. ഇത് പരിശോധിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്. പുതിയ കാലത്തെ ജനകീയ സമരങ്ങള്‍ എങ്ങനെയാണ് തുടങ്ങുന്നത്? ആരാണവ നടത്തുന്നത്? സമൂഹത്തെ അതെങ്ങനെ ബാധിക്കുന്നു? ശക്തമായ സമരങ്ങള്‍ നടത്തിയിരുന്ന ഇടതുപക്ഷ പ്രസ്ഥാനത്തിന് വ്യക്തമായ മേല്‍ക്കൈ ഉള്ള സംസ്ഥാനമാണ് കേരളം. സാമൂഹിക നീതിക്കു വേണ്ടി നവോത്ഥാന പ്രസ്ഥാനം തുടങ്ങിവെച്ച സമരങ്ങളുടെ അടിത്തറയില്‍ വളര്‍ന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ അത് തുടരുമെന്നാണ് നാം പ്രതീക്ഷിച്ചതും. ഭൂപരിഷ്‌കരണം, പൊതുവിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ചില മുന്നേറ്റങ്ങളുണ്ടാവുകയും ചെയ്തു. പക്ഷേ '70-കള്‍ക്കു ശേഷം അവരുടെ നിലപാടുകളില്‍ കാര്യമായ വ്യത്യാസമുണ്ടായി. കേവലം രണ്ട് വിരുദ്ധ മുന്നണികളായി മുഖ്യധാരാ രാഷ്ട്രീയം മാറി. ഓരോ തെരഞ്ഞെടുപ്പിലും പരസ്പരം അധികാര കൈമാറ്റമെന്നത് ഒരു യാന്ത്രിക പ്രക്രിയയായി. ക്രമേണ ഇരുമുന്നണികളും തമ്മില്‍ കാര്യമായ വ്യത്യാസമില്ലെന്ന ധാരണ സമൂഹത്തിനുണ്ടായി. മന്ദഗതിയിലാണെങ്കിലും സമൂഹം അരാഷ്ട്രീയവത്കരിക്കപ്പെടുകയായിരുന്നു. സമൂഹത്തില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ ഉണ്ടാകരുതെന്നും 'സ്റ്റാറ്റസ് കോ' തുടരണമെന്നും ഇരു മുന്നണികളും ആഗ്രഹിച്ചു. ഇവിടെ അതിശക്തമായി വളര്‍ന്നുവന്ന മധ്യവര്‍ഗവും കേരള വികസന മാതൃകയെന്ന പേരില്‍ നിലനിന്ന മധ്യവര്‍ഗാധിഷ്ഠിത സാമൂഹിക സുരക്ഷാ സേവന പദ്ധതികളും വിദേശത്തുനിന്നും നാണ്യവിളകളും മനുഷ്യ വിഭവങ്ങളും കയറ്റി അയച്ചുകിട്ടുന്ന വരുമാനങ്ങളും കേരളീയ സമൂഹത്തെ 'മണ്ണില്‍ വേരില്ലാത്ത'വരാക്കി മാറ്റി.
പിന്നീട് ഇവിടെ 'ശക്തമായ സമരങ്ങള്‍' എന്ന പേരില്‍ നടന്നുവന്നതെല്ലാം സംഘടിത പ്രസ്ഥാനങ്ങള്‍ തങ്ങളുടെ അവസ്ഥ മെച്ചപ്പെടുത്താന്‍ വേണ്ടി നടത്തിയവയായിരുന്നു. ട്രേഡ് യൂനിയനുകളും സര്‍വീസ് സംഘടനകളും മാത്രമല്ല, സമൂഹത്തില്‍ ആധിപത്യം നേടിയ മത സാമുദായിക പ്രസ്ഥാനങ്ങളും ഇതില്‍ പെടുന്നു. കേരള വികസന മാതൃകയെന്നു വിശേഷിപ്പിക്കപ്പെട്ട പൊതു സംവിധാനങ്ങള്‍-ആരോഗ്യം, വിദ്യാഭ്യാസം, പൊതുവിതരണം മുതലായവ- തകരുകയും എല്ലാ മേഖലയിലും കമ്പോളം ആധിപത്യം നേടുകയും ചെയ്തു. മണ്ണും കാടും കടലും കടലോരവും നദികളും ജീവിതവും ജീവികളും നിലനിര്‍ത്താനാവശ്യമായ ജൈവ ഘടകങ്ങളായല്ല, മറിച്ച് ഏറ്റവും വേഗത്തില്‍ ലാഭവും വരുമാനവുമുണ്ടാക്കാനുള്ള കമ്പോള വിഭവങ്ങളായാണ് 'മുഖ്യധാര' കണ്ടത്. ഇവരെ പ്രതിനിധീകരിക്കുന്നവരായിരുന്നു പ്രധാന രാഷ്ട്രീയ കക്ഷികളും മാധ്യമങ്ങളും. ഭൂമി, വെള്ളം, കടല്‍, പാടം, വനം മുതലായവയെ ആശ്രയിച്ചു ജീവിക്കുന്നവര്‍ സമൂഹത്തിന്റെ പാര്‍ശ്വങ്ങളിലേക്കെറിയപ്പെട്ടു. 'അതിജീവിക്കാന്‍ ശേഷിയില്ലാത്തവര്‍ നിലനില്‍ക്കില്ല' എന്ന സാമൂഹിക ഡാര്‍വിനിസമാണ് സമൂഹത്തിന്റെ പ്രത്യയശാസ്ത്രമെന്നു വന്നു. ജീവിതത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങള്‍ ഉന്നയിച്ചു സമരം നടത്താന്‍ മുന്നോട്ടുവന്നവര്‍ സ്വാഭാവികമായും ഒറ്റപ്പെട്ടു. ദലിത്, ആദിവാസി, സ്ത്രീ, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളിലൂന്നിയായിരുന്നു ഈ സമരങ്ങള്‍. സമൂഹവും മാധ്യമങ്ങളും ഇവരെ മിക്കപ്പോഴും അവഗണിച്ചു. പരമാവധി ഒരു 'പ്രാദേശിക' (താല്‍ക്കാലിക) പ്രശ്‌നം മാത്രമായി കാണുകയും ചെയ്തു (ഒരുതരം ഉത്തരാധുനിക സാമൂഹിക പ്രശ്‌നങ്ങളായി മാത്രം കണ്ടു).
എന്നാല്‍ ഇത്തരം പ്രശ്‌നങ്ങളുടെ ശക്തി വര്‍ധിക്കുകയും ഒരു പരിധിവരെ മധ്യവര്‍ഗത്തിലെ ഒരു വിഭാഗത്തെ കൂടിഇത് ബാധിക്കാന്‍ തുടങ്ങുകയും ചെയ്ത കാലമായിരുന്നു 1980-കളുടെ അവസാനം. അന്തര്‍ദേശീയമായിത്തന്നെ ഇടതുപക്ഷവും കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവും നേരിട്ട തിരിച്ചടികള്‍ മുതല്‍ കേരളത്തിന്റെ നിരവധി പ്രതിസന്ധികള്‍ വരെ ഇതിനു കാരണമായി. കമ്പോളവത്കരിക്കപ്പെട്ട സേവന സംവിധാനങ്ങളും ഊഹക്കമ്പോളത്തിലെ ഉല്‍പന്നമായി മാറിയ പ്രകൃതിവിഭവങ്ങളും ഈ പ്രതിസന്ധിയുടെ ഭാഗങ്ങളായിരുന്നു. ഇത്തരം ഒരു പ്രശ്‌നത്തെയും അഭിമുഖീകരിക്കാന്‍ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തയാറായില്ല. അവരുടെ സമരങ്ങള്‍ കേവലം അനുഷ്ഠാനപരമായി തുടര്‍ന്നു. ആഗോളീകരണ നയങ്ങള്‍ക്കെതിരെ ധര്‍ണയും മാര്‍ച്ചും ചങ്ങല പിടിക്കലുമായി അവര്‍ 'മുന്നോട്ടു' പോയി. ശുദ്ധജലക്ഷാമം, ഭൂരഹിതരുടെയും കര്‍ഷകരുടെയും പ്രശ്‌നങ്ങള്‍ തുടങ്ങിയവയൊന്നും ഒരു മുന്നണിക്കും പ്രശ്‌നമായി വന്നില്ല. ഇവര്‍ നടത്തുന്ന സമരാഭാസങ്ങളും ഹര്‍ത്താലുകളും തങ്ങളുടെ ദൈനംദിന ജീവിതത്തില്‍ യാതൊരു മാറ്റങ്ങളുമുണ്ടാക്കില്ലെന്ന സത്യം ദുരന്തബാധിതര്‍ പതുക്കെ തിരിച്ചറിയുകയായിരുന്നു. മുന്നണികള്‍ക്കകത്തും പാര്‍ട്ടികള്‍ക്കകത്തും നടക്കുന്ന വൃത്തികെട്ട അധികാരപോരാട്ടങ്ങള്‍ (തെറിവിളിയും മുണ്ടുരിയലും കൈയാങ്കളിയും വരെ) മാത്രമായി രാഷ്ട്രീയ പ്രവര്‍ത്തനം. അഴിമതി നിത്യ ജീവിതത്തില്‍ ഒഴിവാക്കാനാവില്ലെന്ന അവസ്ഥയായി. കക്ഷിഭേദമന്യേ നേതാക്കളുടെ ജീവിതശൈലികളും സമീപനങ്ങളും ഒന്നാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു. ഇവരുടെ സമരങ്ങളില്‍ 'പാര്‍ട്ടിത്തൊഴിലാളികള്‍' മാത്രം പങ്കെടുത്തു. ഏതെങ്കിലുമൊരു കക്ഷി നടത്തുന്ന 'കര്‍ഷകസമര'ങ്ങളില്‍ ഒരു കക്ഷിയുടെയും ഭാഗമാകാത്ത ഒരു കര്‍ഷകനും പങ്കെടുക്കാറില്ല. ഈ അരാഷ്ട്രീയവത്കരണം പാര്‍ട്ടികളുടെ ഘടനയെയും ബാധിച്ചു. 'ഉരുക്കു പോലുറച്ച സംഘടന'യെന്നവകാശപ്പെട്ട കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പോലും ഇന്ന് തകര്‍ന്നടിഞ്ഞ ജനക്കൂട്ടമായി മാറിയിരിക്കുന്നു. അതിവിപ്ലവക്കാരെന്ന് അവകാശപ്പെടുന്നവര്‍ക്കു പോലും ജനങ്ങളുമായി സംവദിക്കാന്‍ ഒന്നുമില്ലാതായി. എല്ലാം അനുഷ്ഠാനമായി.
പക്ഷേ ദുരന്തങ്ങള്‍ക്കിരകളാകുന്നവര്‍ക്ക് പിന്തിരിഞ്ഞുനില്‍ക്കാനാവില്ല. നാടിന്റെ പല ഭാഗത്തും അവര്‍ തങ്ങളുടെ ജീവിതപ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സമരങ്ങളുയര്‍ത്തിക്കൊണ്ടുവന്നു. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ബാധിതര്‍, കേരളത്തിന്റെ പല ഭാഗത്തും പാടം നികത്തലും കുഴിക്കലും കുന്നിടിക്കലും പാറപൊട്ടിക്കലും മറ്റും മൂലം ദുരിതമനുഭവിക്കുന്നവര്‍, നദിയിലെ മണല്‍ വാരലിനെതിരെ പോരാടുന്നവര്‍, പ്ലാച്ചിമട പോലെ ജീവജലം നഷ്ടപ്പെട്ടവര്‍, ഏലൂരും ചാലിയാറും പോലെ ജലം മലിനീകരിക്കപ്പെട്ടവര്‍ തുടങ്ങി നൂറുകണക്കിന് 'ചെറിയ' സമരങ്ങള്‍ ഉയര്‍ന്നുവന്നു. ഇതോടൊപ്പം തന്നെ ആദിവാസികളും (പിന്നീട്) ദലിതരും തങ്ങളുടെ മണ്ണിലെ അവകാശത്തിനായി സമര രംഗത്തെത്തി. 1970-കളില്‍തന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പോലും മിച്ചഭൂമി സമരം അവസാനിപ്പിച്ചിരുന്നല്ലോ. പുത്തന്‍ മൂലധനശക്തികള്‍ മുന്നോട്ടുവെക്കുന്ന നിരവധി വന്‍കിട വികസന പദ്ധതികള്‍ തങ്ങളുടെ മണ്ണും ജീവിതവും കവര്‍ന്നെടുക്കുമെന്നു മനസ്സിലായ നിരവധി വിഭാഗങ്ങളും (എക്‌സ്പ്രസ് ഹൈവേ, കരിമണല്‍ ഖനനം, ജലവൈദ്യുത പദ്ധതികള്‍ മുതലായവക്കെതിരെ) സമരരംഗത്ത് വന്നു. നഗരമാലിന്യമടക്കമുള്ള പ്രശ്‌നങ്ങളില്‍ മധ്യ വര്‍ഗക്കാരിലൊരു വിഭാഗം തന്നെയും സമരരംഗത്തെത്തി.
മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ മിക്കപ്പോഴും ഈ സമരത്തെ എതിര്‍ത്തു (ഭരണത്തിലാണെങ്കില്‍ ഉറപ്പായും). പലപ്പോഴും അവരതിനെ അവഗണിച്ചു. ഇത്തരം 'ചെറിയ സമരങ്ങള്‍' മൂലം 'വലിയ സമരങ്ങള്‍ക്കു വേണ്ടിയുള്ള ഐക്യം' തകര്‍ക്കപ്പെടുമെന്നാണ് ഇടതുപക്ഷം (തീവ്ര വിഭാഗമടക്കം) പ്രചരിപ്പിച്ചത്. തുടക്കത്തില്‍ മുഖ്യധാരാ മാധ്യമങ്ങളും ഏതാണ്ടിതേ നിലപാടാണ് സ്വീകരിച്ചത്. 2001-2002 കാലഘട്ടം വരെ ഇത്തരം 'ചെറിയ സമരങ്ങള്‍' പരമാവധി ഒരു പത്രത്തിന്റെ പ്രാദേശിക പേജില്‍ മാത്രം ഒതുക്കി. ഇപ്പോള്‍ ആഗോളതലത്തില്‍ അറിയപ്പെടുന്ന പ്ലാച്ചിമട സമരത്തിന്റെ അനുഭവം നമ്മുടെ മുന്നിലുണ്ട്. ആ സമരം ആരംഭിച്ച് മാസങ്ങള്‍ക്കു ശേഷമാണ് മുഖ്യധാരാ മാധ്യമങ്ങളുടെ കണ്ണില്‍ അതൊരു സംസ്ഥാന വിഷയമായി വരുന്നത്. എന്നാല്‍ കോണ്‍ഗ്രസ്സിലേയോ സി.പി.എമ്മിലെയോ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ പോലുള്ള വിഷയങ്ങള്‍ എല്ലാ മാധ്യമങ്ങളുടെയും പ്രധാന ചര്‍ച്ചാ വിഷയമാകുന്നു.
എന്നാല്‍ ഈയവസ്ഥ അധികകാലം തുടര്‍ന്നില്ല. കഴിഞ്ഞ അഞ്ചാറു വര്‍ഷങ്ങള്‍ക്കിടയില്‍ ജനകീയ സമരങ്ങളോടുള്ള മാധ്യമ നിലപാടുകളില്‍ കാര്യമായ വ്യത്യാസമുണ്ടായി. നിരവധി ഘടകങ്ങള്‍ ഇതിനു സഹായകരമായി പ്രവര്‍ത്തിച്ചുവെന്നു കാണാന്‍ കഴിയും. മാധ്യമങ്ങളുടെ എണ്ണത്തിലുണ്ടായ വര്‍ധനവും അവയുടെ സാങ്കേതികശേഷിയിലുണ്ടായ വളര്‍ച്ചയും പരസ്പര മത്സരങ്ങളും ഇതിലൊരു പ്രധാന ഘടകമാണ്. ഇപ്പോള്‍ ന്യൂസ് ചാനല്‍ എന്നു പറയാന്‍ കഴിയുന്ന പത്ത് ഉപഗ്രഹ ചാനലുകളെങ്കിലും മലയാളത്തിലുണ്ട്. ഇവര്‍ക്കെല്ലാം എന്നും 'പുതിയ' വാര്‍ത്തകള്‍ (വ്യത്യസ്ത വാര്‍ത്തകള്‍) വേണം. അത് ഇല്ലാതെ 'കാഴ്ചക്കാരുടെ കമ്പോള'ത്തില്‍ പിടിച്ചുനില്‍ക്കാനാവില്ല. പത്രം പോലെയല്ല (ഒന്നു വാങ്ങിയാല്‍ പിന്നെ അത് മാറ്റാനാവില്ലല്ലോ). വിരല്‍ത്തുമ്പില്‍ ചാനലുകള്‍ മാറ്റാം. പത്രത്തിലേതു പോലെ 'പ്രാദേശിക എഡിഷനുകളോ' പേജുകളോ ഇല്ല. സംപ്രേഷണം ചെയ്താല്‍ ലോകം മുഴുവനെത്തും. അതുകൊണ്ടുതന്നെ ഇത്തരം സമരങ്ങളും പ്രശ്‌നങ്ങളും 'കേവലം പ്രാദേശികം' അല്ലാതായി. മത്സരത്തില്‍ പിടിച്ചുനില്‍ക്കാന്‍ ചാനലുകള്‍ പുതിയ റിപ്പോര്‍ട്ടര്‍മാരെ ഒരുപാട് രംഗത്തുകൊണ്ടുവന്നു. ഇവരില്‍ പലരും പുത്തന്‍ വിഷയങ്ങളുമായി ബന്ധമുള്ളവരാണ്. ഇതിനെല്ലാം പുറമെ 'മാനേജ്‌മെന്റ് താല്‍പര്യങ്ങള്‍' പരിരക്ഷിച്ചുകൊണ്ട് മാത്രം പ്രവര്‍ത്തിക്കാന്‍ കഴിയാത്തവയായി ചാനലുകള്‍ മാറി. ഏറ്റവുമാദ്യം ആരാണ് ഫ്‌ളാഷ് കൊടുക്കുന്നത് എന്നതിലാണ് മത്സരം എന്നതിനാല്‍ കൂടുതല്‍ ചിന്തിക്കാനൊന്നും സമയം കിട്ടാറില്ല (പത്രങ്ങളിലാണെങ്കില്‍ ഒരു ദിവസം മുഴുവനും ന്യൂസ് എഡിറ്ററുടെ മുന്നിലുണ്ട്, ഒരു വാര്‍ത്ത കൊടുക്കണമോ എന്നു തീരുമാനിക്കാന്‍). വളരെ വ്യത്യസ്ത രീതിയിലുള്ള മാധ്യമങ്ങള്‍ രംഗത്തുവന്നതും ഈ മാറ്റത്തിനു കാരണമായി. പ്രാദേശിക ചാനലുകളും അവയുടെ ശൃംഖലകളും രൂപപ്പെട്ടതോടെ തന്നെ ഈ വിഷയങ്ങളും സമരങ്ങളും സംസ്ഥാനതലത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി. പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും പുറമെ റേഡിയോ (എഫ്.എം) എന്ന മാധ്യമവും (പലരുടെയും പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി) ശക്തിപ്പെടുകയായിരുന്നു. യാത്ര ചെയ്യുമ്പോഴും മറ്റു ജോലികള്‍ ചെയ്യുമ്പോഴും ഇപ്പോള്‍ മൊബൈല്‍ ഫോണിലും ശ്രദ്ധിക്കാവുന്ന ഒന്നായി എഫ്.എം മാറി. അവര്‍ക്കും മത്സരവും പരസ്യവും പ്രധാനമായി. കേന്ദ്ര സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ആകാശവാണിയുടെ നിലയങ്ങള്‍ പോലും ഇത്തരം ജനകീയ പ്രശ്‌നങ്ങള്‍ക്ക് 'ഇടം' നല്‍കിത്തുടങ്ങി. കൊച്ചി എഫ്.എം നിലയമാണിതിന് തുടക്കം കുറിച്ചത്. ഇപ്പോള്‍ ആകാശവാണിയുടെ മിക്ക നിലയങ്ങളും പല പേരുകളിലായി ഇത്തരം ജനകീയ സമരങ്ങളെ പരിഗണിക്കുന്നുണ്ട്.
അനൗപചാരിക മാധ്യമങ്ങളെന്ന രീതിയില്‍ അവഗണിച്ചിരുന്ന വെബ് പത്രങ്ങളും ബ്ലോഗുകളും ഇപ്പോള്‍ ശക്തമായ പ്രചാരണോപാധികളായിരിക്കുന്നു. വളരെ കുറഞ്ഞ ചെലവില്‍ ഒരു വലിയ സമൂഹത്തിനു മുന്നില്‍ പ്രശ്‌നങ്ങളെ കാണിക്കാമെന്നായിരിക്കുന്നു. ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളുടെ സ്വാധീനം പത്രങ്ങളിലും മാസിക-വാരികകളിലും കാണാം. കേവലം ഒരു 'വാര്‍ത്ത അറിയാന്‍' ഇന്ന് പത്രം വായിക്കുന്നവര്‍ കുറവാണ്. ചാനലുകളില്‍നിന്ന് കിട്ടിയതിനപ്പുറമുള്ള 'വിശദാംശങ്ങള്‍' അവര്‍ പത്രങ്ങളില്‍ പ്രതീക്ഷിക്കുന്നു. അതുകൊണ്ടുതന്നെ ചാനലില്‍ കണ്ട ഒരു 'പ്രാദേശിക പ്രശ്‌നം' ഇപ്പോള്‍ പത്രങ്ങള്‍ക്ക് അവഗണിക്കാന്‍ കഴിയില്ല. ജനകീയ സമരങ്ങളോട് കൃത്യമായ അനുഭാവം പുലര്‍ത്തുന്ന മാധ്യമം പോലുള്ള പത്രങ്ങളുടെ ആവിര്‍ഭാവവും മറ്റു മാധ്യമങ്ങളെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. പ്ലാച്ചിമടയടക്കമുള്ള ജനകീയ സമരങ്ങളുടെ വിവരങ്ങള്‍ ഒരു ഘട്ടത്തില്‍ മാധ്യമം പത്രത്തിന്റെ മാത്രം സംസ്ഥാന പേജില്‍ വന്നിരുന്നുള്ളൂ. എന്നാല്‍ ആ സമരത്തിന്റെ മാനങ്ങള്‍ വളര്‍ന്നപ്പോള്‍ മറ്റു പല പത്രങ്ങളും അതേറ്റെടുത്തു. ഇപ്പോള്‍ ചെങ്ങറ പോലുള്ള സമരങ്ങളുടെ കാലത്ത് ഏതാണ്ടെല്ലാ പത്രമാധ്യമങ്ങളുടെയും ഒരു പ്രധാന വിഷയമായി അത് മാറിയിരിക്കുന്നു. ഇന്ന് കേരളത്തിന്റെ പല ഭാഗത്തായി ഒട്ടനവധി വാരികകളും മാസികകളും മുളച്ചുപൊന്തിയിരിക്കുന്നു. ജനകീയ സമരങ്ങള്‍ക്ക് ഇവരെല്ലാം പ്രാധാന്യം നല്‍കുന്നു. ഇക്കാര്യത്തിലും മാധ്യമം ആഴ്ചപ്പതിപ്പ് തന്നെയാണ് തുടക്കമിട്ടത്.
സമൂഹത്തിലുണ്ടായ ചില മാറ്റങ്ങളും നാം തിരിച്ചറിയണം. പ്ലാച്ചിമട സമരം തുടങ്ങുന്ന കാലത്ത് കേരളത്തില്‍ കുടിവെള്ളം ഒരു സജീവ പ്രശ്‌നമായിരുന്നില്ല. എന്നാല്‍ 2004-ലെ കടുത്ത വരള്‍ച്ചയോടെ അതിനൊരു സംസ്ഥാന മാനം കൈവന്നു. അല്‍പകാലം മുമ്പുവരെ കോളക്കമ്പനി ഒരു വികസനമാണെന്നു കരുതിയിരുന്നവര്‍ തന്നെ 'വെള്ളം വില്‍പനയുടെ നൈതികത' എന്ന പ്രശ്‌നം ഉന്നയിക്കാന്‍ തുടങ്ങി. ലാലൂര്‍ എന്ന തൃശൂര്‍ നഗരത്തിലെ മാലിന്യ ശേഖരണ കേന്ദ്രം ആദ്യമൊക്കെ പ്രാദേശിക പ്രശ്‌നമായിരുന്നു. ഇന്ന് കേരളത്തിലെ എല്ലാ നഗരങ്ങളിലും മിക്ക പട്ടണങ്ങളിലും പല ഗ്രാമങ്ങളിലും മാലിന്യം ഒരു വലിയ പ്രശ്‌നമായി വളര്‍ന്നിരിക്കുന്നു. കുടിയിറക്കലിനെതിരെ കേരളത്തില്‍ മുമ്പും പല സമരങ്ങളും നടന്നിട്ടുണ്ട്. എന്നാല്‍ മൂലമ്പിള്ളിയിലെ കുടിയിറക്കലോടെ അതിനൊരു സംസ്ഥാന ശ്രദ്ധ കിട്ടി. കേരളത്തിലെ ഇടത്തരക്കാരനു പോലും സ്വന്തമായി ഭൂമി വാങ്ങി വീടുവെക്കാന്‍ കഴിയാത്ത ഒരവസ്ഥ ഇന്ന് കേരളത്തിലുണ്ട്. അതുകൊണ്ടാണ് കുറേപ്പേരെ കുടിയിറക്കുമ്പോള്‍ അത് തനിക്കും വേദനയുണ്ടാക്കുന്നത്. മുമ്പൊക്കെ ഇത്തരം സമരങ്ങളെ മുഖ്യധാരാ കക്ഷികള്‍ നേരിട്ടിരുന്നത്, തങ്ങളുടെ ഇടപെടലിലൂടെ ജനങ്ങളെ ഭിന്നിപ്പിച്ചുകൊണ്ടാണ്. ഏതു പ്രശ്‌നത്തെയും മുന്നണികള്‍ തമ്മിലോ പാര്‍ട്ടികളോ ഗ്രൂപ്പുകളോ തമ്മിലോ ഉള്ള ഒരു 'തര്‍ക്ക'മാക്കി മാറ്റാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ സമരരംഗത്തു നില്‍ക്കുന്നവരെങ്കിലും മുന്നണികള്‍ക്കും പാര്‍ട്ടികള്‍ക്കും അതീതരായാണ് സമരം നടത്തുന്നതെന്ന ബോധത്തിലാണിന്നുള്ളത്. മറിച്ച് ചില പ്രവണതകളും കാണാം. എത്ര തന്നെ അവഗണിച്ചാലും ഇത്തരം സമരങ്ങള്‍ മുഖ്യധാരാ മുന്നണികളുടെ നിലപാടുകളെത്തന്നെ സ്വാധീനിക്കാന്‍ തക്ക ശേഷി കൈവരിക്കുന്നുമുണ്ട്. പ്രതിപക്ഷത്തായിരിക്കുമ്പോഴെങ്കിലും ഇത്തരം സമരങ്ങളോടൊപ്പം നില്‍ക്കാന്‍ പല കക്ഷികളും നേതാക്കളും നിര്‍ബന്ധിതരാകുന്നു. എക്‌സ്പ്രസ് ഹൈവേ, കരിമണല്‍ ഖനനം, പാത്രക്കടവ്, അതിരപ്പള്ളി തുടങ്ങി നിരവധി 'വികസന' പദ്ധതികള്‍ ഉപേക്ഷിക്കാന്‍ ഭരണകൂടങ്ങള്‍ തയാറായത് ഇത്തരം ജനകീയ സമരങ്ങളുടെ ഫലമായാണ്. ഇത് അവഗണിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയില്ല. പല തെരഞ്ഞെടുപ്പുകളിലും ഈ സമരശക്തികള്‍ പ്രാദേശികമായി സ്വാധീനം ചെലുത്താന്‍ കഴിവുള്ളവരാണെന്നും കണ്ടുവരുന്നു. 'മൂന്നാര്‍ ഓപറേഷന്‍' കേരളം മുഴുവന്‍ ആവേശത്തോടെ ചര്‍ച്ച ചെയ്യാന്‍ കാരണം മാധ്യമ ഇടപെടലാണെന്ന് വിശദീകരിക്കേണ്ട കാര്യമില്ല. കേരളത്തിലെ ഭൂമിയുടെ ഉടമസ്ഥതയും വിനിയോഗവും അതിലെ അഴിമതികളും മാഫിയാ ഇടപെടലുകളും വ്യാപകമായി ചര്‍ച്ചചെയ്യപ്പെട്ട കാലത്താണല്ലോ മൂന്നാര്‍ ഓപറേഷന്‍ നടന്നത്. ഇതോടെ മാധ്യമങ്ങള്‍ക്കും കാര്യങ്ങള്‍ എളുപ്പമായി.
ജനപക്ഷ സമരങ്ങളിലൂടെ ഒട്ടനവധി വ്യക്തികള്‍ കേരളീയ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിയതിനും മാധ്യമങ്ങളാണ് കാരണമായത്. സി.കെ ജാനു, മയിലമ്മ, പൊക്കുടന്‍, ളാഹാ ഗോപാലന്‍ തുടങ്ങി നിരവധി പേര്‍ ഇത്തരത്തിലുണ്ട്. ഈ ലേഖകനടക്കം നിരവധി സാമൂഹിക പ്രവര്‍ത്തകര്‍ക്ക് മാധ്യമങ്ങള്‍ നല്‍കുന്ന പ്രാധാന്യവും ജനകീയ സമരങ്ങളുടെ ഫലമായാണ്. മുഖ്യധാരയില്‍പെട്ട ചില വ്യക്തികള്‍ക്ക് മുമ്പൊരാള്‍ക്കും കിട്ടാത്തത്ര സാമൂഹിക ശ്രദ്ധ ലഭിക്കുന്നതിനും ഇത്തരം സമരങ്ങള്‍ കാരണമായിട്ടുണ്ട്. നമുക്കെല്ലാമറിയാവുന്നതുപോലെ വി.എസ് അച്യുതാനന്ദന്‍ കേരളത്തിലെ ഏറ്റവും ജനപ്രിയ നേതാവായത് ഇതിന്റെ ഫലമായാണ്. നാട്ടില്‍ നടക്കുന്ന ജനകീയ സമരങ്ങളുടെ യഥാര്‍ഥ രാഷ്ട്രീയം തിരിച്ചറിയാനും അതില്‍ ഇടപെടാനും വി.എസ് തയാറായി എന്നതുതന്നെയാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്. എം.പി വീരേന്ദ്രകുമാറും പി.സി ജോര്‍ജും പോലെ നിരവധി രാഷ്ട്രീയ നേതാക്കളും ഇത്തരം ജനകീയ സമരങ്ങളില്‍ ശക്തമായി ഇടപെടുക വഴി സമൂഹത്തിലും മാധ്യമങ്ങളിലും ഇടം നേടിയവരാണ്.
ഇതൊക്കെ പറയുമ്പോള്‍ മാധ്യമങ്ങളെല്ലാം ജനകീയ സമരങ്ങളുടെ വക്താക്കളായി മാറിയെന്നൊന്നും പറയാനാവില്ല. ചില നിര്‍ബന്ധിത സാഹചര്യങ്ങളില്‍ അവര്‍ ഇത്തരം നിലപാടുകള്‍ എടുത്തുവെന്നേയുള്ളൂ. ഇത്തരം സമരങ്ങളുടെ രാഷ്ട്രീയ-സാമൂഹിക മാനങ്ങള്‍ തിരിച്ചറിഞ്ഞ് അതിനെ പിന്താങ്ങുന്നവര്‍ ഇന്നും വളരെ കുറവുതന്നെയാണ്. കെ. മുരളീധരന്റെ കോണ്‍ഗ്രസ് പ്രവേശം പോലുള്ള അപ്രധാന വിഷയങ്ങള്‍ ഇപ്പോഴും മുഖ്യധാരകളുടെ മുഖ്യ വിഷയങ്ങളാണ്. അവക്കുതന്നെയാണ് മേല്‍ക്കൈ. എങ്കിലും സമൂഹത്തിലെ പാര്‍ശ്വവത്കൃതര്‍ക്കു കൂടി ഇടം നല്‍കി ഒരു ജനാധിപത്യവല്‍ക്കരണ പ്രക്രിയയിലേക്ക് തിരിയാന്‍ മാധ്യമങ്ങള്‍ തയാറാകുന്നുവെന്നതുതന്നെ നല്ല ലക്ഷണമാണ്.
സി.ആര്‍ നീലകണ്ഠന്‍ 9446496332
crneelakandan@gmail.com

Comments

Other Post